മൗലാനാ മൗദൂദി: സുന്നത്തിന്റെ സംരക്ഷകന്‍

അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍‌‌
img

ധുനികയുഗം ഇസ്‌ലാമിനെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ സമര്‍ഥമായി ചെറുക്കുകയും ഇസ്‌ലാമിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത നവോത്ഥാനത്തിന്റെ ധൈഷണികാചാര്യനായിരുന്നു മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി. ഓറിയന്റലിസ്റ്റുകളും മോഡേണിസ്റ്റുകളും സുന്നത്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെ യുക്തമായി ഖണ്ഡിച്ചുകൊണ്ട് ഹദീസ്‌സംരക്ഷണത്തിനായി മൗദൂദി ചെയ്ത സേവനങ്ങള്‍ മറ്റൊരു പണ്ഡിതന്നും സാധിച്ചിട്ടില്ലാത്തത്ര മഹത്തരമാണ്. ഇതിനായി അദ്ദേഹം രചിച്ച പ്രാമാണികകൃതിയാണ് സുന്നത്ത് കീ ആയീനി ഹൈസിയത് (നബിചര്യയുടെ നിയമപരമായ പ്രാമാണികത). നബിചര്യയുടെ നിയമപരമായ പ്രാമാണികത ചോദ്യം ചെയ്യുന്നവര്‍ക്ക് യുക്തിയുക്തം മറുപടി പറയുന്നു ഈ ബൃഹദ്ഗ്രന്ഥം. തഫ്ഹീമുല്‍ ഖുര്‍ആനില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ കൊടുത്ത വിശദീകരണക്കുറിപ്പുകളിലും ഈ വിഷയം അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
ഇസ്‌ലാമിക ചരിത്രത്തില്‍ മുമ്പും സുന്നത്ത് നിഷേധം ഉണ്ടായിട്ടുണ്ട്. ഹിജ്‌റ രണ്ടാം ശതകത്തില്‍ ഖവാരിജുകളും മുഅ്തസിലികളും ഈ വാദം ഉന്നയിച്ചിരുന്നു. അക്കാലത്തെ പണ്ഡിതന്മാര്‍ ഈ വാദങ്ങളെ ഖണ്ഡിക്കുകയും സുന്നത്ത് നിഷേധ പ്രവണത ചെറുക്കുകയും ചെയ്തു.

സുന്നത്ത് നിഷേധം സമകാലിക യുഗത്തില്‍
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇറാഖിലാണ് ഈ വാദഗതി പ്രത്യക്ഷപ്പെടുന്നത്. അത് വളരെവേഗം ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്ക് കടന്നുവരികയും സര്‍ സയ്യിദ് അഹ്മദ്ഖാന്‍, മൗലവി ചിറാഗ് അലി തുടങ്ങിയവര്‍ ഇതിന്റെ സ്വാധീനവലയത്തില്‍ പെടുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടില്‍ ഇതിനെ ഒരു പ്രസ്ഥാനമാക്കിമാറ്റിയ ആളാണ് ഗുലാം അഹ്മദ് പര്‍വേസ്. ആധുനിക സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ മറ്റൊരു പതിപ്പാണ് അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഇസ്‌ലാം. തന്റെ വാദങ്ങള്‍ സമര്‍ഥിച്ചുകൊണ്ട് അദ്ദേഹം ചില ഗ്രന്ഥങ്ങള്‍ രചിക്കുകയും തുലൂഎ ഇസ്‌ലാം (ഇസ്‌ലാമിന്റെ ഉദയം) എന്ന മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനമാണ് മആരിഫുല്‍ ഖുര്‍ആന്‍. തന്റെ ആശയങ്ങള്‍ വിശദീകരിക്കുന്ന ബൃഹദ്കൃതിയാണ് നിസാമെ റുബൂബിയത്ത് (ദൈവത്തിന്റെ ലോകപരിപാലന വ്യവസ്ഥ).
പാകിസ്താനിലെ അയ്യൂബ്ഖാന്‍ ഗവണ്‍മെന്റ് പര്‍വീസിയന്‍ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുത്തു. ഗുലാം അഹ്മദാകട്ടെ അയ്യൂബ്ഖാനെ 'മര്‍കസെ മില്ലത്ത്' (സമുദായത്തിന്റെ കേന്ദ്രം) എന്ന് വിശേഷിപ്പിച്ചു.
'വിശുദ്ധ ഖുര്‍ആന്ന് പ്രവാചകന്‍ നല്‍കിയ വ്യാഖ്യാനവും അദ്ദേഹത്തിന്റെ വചനങ്ങളും അദ്ദേഹം ജീവിച്ചിരുന്ന സമൂഹത്തിന് മാത്രമേ ബാധകമാകൂ. ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനത്തിന് ഖുര്‍ആന്‍ മാത്രം മതി. ഹദീസ് ശേഖരങ്ങള്‍ അനാവശ്യവും അധികപ്പറ്റുമാണ്' ഇതായിരുന്നു 'മുന്‍കിറുല്‍ ഹദീസു' (ഹദീസ് നിഷേധ പ്രസ്ഥാനം)കാരുടെ വാദം.
പാശ്ചാത്യ ചിന്താഗതിക്കാരായ പലരേയും ഈ ആശയം വളരെ വേഗം സ്വാധീനിച്ചു. പടിഞ്ഞാറ് അഭികാമ്യമായി കരുതുന്നതും സുന്നത്തില്‍ നിഷിദ്ധവുമായ പല കാര്യങ്ങളും ഇസ്‌ലാമിന്റെ പേരില്‍ അവര്‍ അനുവദിച്ചു. മറുഭാഗത്ത് ഇസ്‌ലാമിലെ പല അനുവാദങ്ങളും അവര്‍ നിഷിദ്ധമാക്കി. സ്വകാര്യസ്വത്തുടമാവകാശം നിഷിദ്ധമായിരിക്കെ പിന്തുടര്‍ച്ചാവകാശം, വസ്വിയത്ത് എന്നിവക്ക് പ്രസക്തിയില്ല എന്ന വാദം വിശുദ്ധ ഖുര്‍ആന്ന് പോലും എതിരായിരുന്നു. പ്രസ്തുത പദ്ധതികള്‍ ആ കാലഘട്ടത്തിലേക്കുള്ളതാണ്. അതായത്, പൂര്‍ണമായ ഇസ്‌ലാമിക വ്യവസ്ഥ (നിളാമെ റുബൂബിയത്ത്) നടപ്പാവും വരെ മാത്രം എന്നായിരുന്നു ഗുലാം അഹ്മദ് സിദ്ധാന്തിച്ചത്. അദ്ദേഹം എഴുതി:
''ഇനി സ്വകാര്യ ഉടമാവകാശത്തിന്റെ പരിശുദ്ധി പരിശോധിക്കുക. ഈ സങ്കല്‍പം പാശ്ചാത്യദാര്‍ശനികന്മാരും സാമ്പത്തിക മാര്‍ഗദര്‍ശകരും സൃഷ്ടിച്ചതാണ്. അതാണ് മുതലാളിത്ത വ്യവസ്ഥയുടെ അടിസ്ഥാനവും. ബോഡിന്‍, ഹോബ്‌സ്, വോള്‍ട്ടയര്‍, ഹ്യൂ തുടങ്ങിയവര്‍ ആ കൂട്ടത്തില്‍ പെടുന്നു. സ്വകാര്യ ഉടമാവകാശത്തെ ഇക്കൂട്ടര്‍ മനുഷ്യന്റെ പ്രകൃതിപരമായ അവകാശങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. അതിന്റെ സംരക്ഷണം ഗവണ്‍മെന്റിന്റെ കര്‍ത്തവ്യമത്രെ.''
''എന്നാല്‍ ഖുര്‍ആന്‍ നോക്കുക. പ്രവാചകന്മാരുടെ ജീവിതശൈലിയെ മാനവരാശിയുടെ വഴികാട്ടിയായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഏതെങ്കിലുമൊരു പ്രവാചകന്റെ സ്വകാര്യസ്വത്തിനെപ്പറ്റി ഖുര്‍ആന്‍ പറയുന്നില്ല. അന്ത്യപ്രവാചകനെ സംബന്ധിച്ചാകട്ടെ എല്ലാവര്‍ക്കും സുസമ്മതമായ ഒരു യാഥാര്‍ഥ്യമുണ്ട്. നിത്യവൃത്തിക്കുള്ള വകയല്ലാതെ യാതൊരു സ്വകാര്യസ്വത്തും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഖുര്‍ആന്റെ തത്വവുമായി യോജിക്കുന്നതും അതിനാല്‍ തന്നെ സ്വകാര്യവുമായ ഒരു വചനം പ്രവാചകനില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.'' ''ഞങ്ങള്‍ (പ്രവാചകന്മാര്‍) വിട്ടേച്ചുപോകുന്ന സ്വത്തിന് പിന്തുടര്‍ച്ചാവകാശിയില്ല. അത് മുഴുവന്‍ സ്വദഖ അഥവാ പൊതുസ്വത്ത് ആകുന്നു'' (ബുഖാരി). ഈ തത്ത്വമനുസരിച്ച് (നബിയുടെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിരുന്ന) ഫദക് തോട്ടം പിന്തുടര്‍ച്ചാവകാശികള്‍ക്ക് നല്‍കാതെ സമുദായത്തിന്റെ പൊതുസ്വത്തായി നിലനിര്‍ത്തുകയാണുണ്ടായത്.''
''അപ്പോള്‍ ഒരു ചോദ്യമുത്ഭവിക്കുന്നു. ഇസ്‌ലാമില്‍ സ്വകാര്യ ഉടമാവകാശമില്ലെങ്കില്‍ പിന്തുടര്‍ച്ചാവകാശനിയമം ഖുര്‍ആനില്‍ വിവരിച്ചതെന്തിനാണ്? അതിന്റെ മറുപടി ഇതത്രെ: 'ഖുര്‍ആന്‍ മനുഷ്യസമൂഹത്തിന് നിര്‍ണയിച്ചു കൊടുത്ത പ്രോഗ്രാം അന്തിമലക്ഷ്യത്തിലെത്തുന്നത് ക്രമപ്രവൃദ്ധമായിട്ടായിരിക്കും. അതിനാല്‍ ആ പ്രോഗ്രാമിന്റെ അന്തിമഘട്ടത്തിലെ നിയമങ്ങളും തത്ത്വങ്ങളും നിര്‍ണയിച്ചപ്പോള്‍ തന്നെ ഇടക്കാലഘട്ടത്തിന് വേണ്ട നിയമങ്ങളും നിശ്ചയിച്ചുകൊടുത്തു. പിന്തുടര്‍ച്ചാവകാശം, കടം, ക്രയവിക്രയം, ദാനധര്‍മങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച വിധികള്‍ ഇടക്കാലഘട്ടത്തിനുള്ളവയത്രെ. ഈഘട്ടം തരണം ചെയ്തുവേണം സമൂഹത്തിന് അന്തിമ ലക്ഷ്യത്തിലെത്താന്‍'' (നിസാമെ റുബൂബിയത്ത്, മുഖവുര. പേജ്: 24,25).
ഗുലാം അഹ്മദ് പര്‍വേസ് തുടര്‍ന്നെഴുതുന്നു: ''പൊതുവേ പറയും പ്രകാരം നമ്മുടെ വശമുള്ള റിപ്പോര്‍ട്ട്കൃതികളും (ഹദീസ് ഗ്രന്ഥങ്ങള്‍) നബിചരിത്രഗ്രന്ഥങ്ങളും പറയുന്നതാണ് ശരിയെന്ന് ആദ്യമായി അംഗീകരിക്കുകയും അനന്തരം അതിനൊപ്പിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയും ചെയ്യുകയെന്നത് പ്രത്യക്ഷത്തില്‍ തന്നെ തെറ്റായിരിക്കും. എന്തുകൊണ്ടെന്നാല്‍ ചരിത്രം ഏത് നിലക്കും അനുമാനാധിഷ്ഠിതമാകുന്നു. ഖുര്‍ആനാകട്ടെ ദൃഢവിശ്വാസയോഗ്യവും. അനുമാനാധിഷ്ഠിതമായതിനെ വിശ്വാസയോഗ്യമായതിന്റെ വെളിച്ചത്തിലാണ് പരിശോധിക്കേണ്ടത്. മറിച്ച്, സുദൃഢവും വിശ്വസ്തവുമായ ഒന്നിനെ അവാസ്തവമാവാന്‍ സാധ്യതയുള്ള ഒന്നിന്റെ പിന്‍ഗാമിയാക്കുകയല്ല വേണ്ടത്.''
''നമ്മുടെ ചരിത്രം (ഹദീസ്ഗ്രന്ഥവും പ്രവാചകചരിത്രവും ഉള്‍പ്പെടെ) ക്രോഡീകൃതമായത് ഈ സമൂഹം ഖുര്‍ആനിക ലൈനില്‍നിന്നും പ്രവാചകമാര്‍ഗത്തില്‍നിന്നും വ്യതിചലിച്ച് സ്വാര്‍ഥപൂജകരെ അനുഗമിച്ചിരുന്ന ഒരു ഘട്ടത്തിലായിരുന്നു. അഥവാ ഖിലാഫത്തിന്റെ സ്ഥാനം മുലൂകിയത്ത് (രാജവാഴ്ച) പിടിച്ചുപറ്റിയ സന്ദര്‍ഭത്തില്‍. ഓരോ ജീവിതശാഖയുടെ മേലും അധികാരപ്രമത്തര്‍ വാഴ്ചനടത്തുന്ന അവസരത്തില്‍. രാജാധികാരവും മുതലാളിത്തവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇങ്ങനെയുള്ള പരിതാവസ്ഥയില്‍ ക്രോഡീകരിക്കപ്പെട്ട ചരിത്രത്തില്‍നിന്ന് പ്രവാചകപുംഗുവന്റെ ശരിയായ ഇസ്‌ലാമിക ജീവിത ചിത്രം എങ്ങനെ ലഭിക്കാനാണ്?'' (Ibid പേജ്: 44).
ഗുലാം അഹ്മദിന്റെ ഈ ചിന്താരീതി അഭ്യസ്തവിദ്യരെയും ബുദ്ധിജീവികളെയും ഏറെ ആകര്‍ഷിച്ചു. മതപണ്ഡിതന്മാര്‍ അദ്ദേഹത്തെയും അനുയായികളെയും മതഭ്രഷ്ടരെന്ന് ഫത്‌വ പുറത്തിറക്കി.
തികച്ചും അപകടകരമായ ഈ ആശയം ഇസ്‌ലാമിന്റെ അടിത്തറ തകര്‍ക്കുമെന്ന തിരിച്ചറിവാണ് മൗലാനാ മൗദൂദിയെ ഈ വെല്ലുവിളി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. മുസ്‌ലിം സമൂഹത്തിന്റെ നിലനില്‍പിനും മാര്‍ഗദര്‍ശനത്തിനുമുള്ള രണ്ടാമത്തെ അടിസ്ഥാനം നബിചര്യയാണെന്നും ഖുര്‍ആനും സുന്നത്തും ആത്മാവും ശരീരവും പോലെയാണെന്നും പ്രമാണങ്ങളുടെ പിന്‍ബലത്തോടെ അദ്ദേഹം സമര്‍ഥിച്ചു. ഖുര്‍ആന്‍ തത്ത്വങ്ങള്‍ നല്‍കുന്നു. അവയെ വിശദീകരിക്കുന്നതും പ്രായോഗികരൂപം നല്‍കുന്നതും സുന്നത്താണ്. ഖുര്‍ആന്‍ പിന്‍പറ്റുകയെന്നാല്‍ നബിചര്യയെ പിന്‍പറ്റുകയെന്നതുകൂടിയാണ്. കാരണം, അല്ലാഹുവിനെ അനുസരിക്കാന്‍ കല്‍പിക്കുന്നതോടൊപ്പംതന്നെ നബിതിരുമേനിയെ അനുധാവനം ചെയ്യാനും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു.

നബിചര്യയുടെ പ്രാമാണികത
1961 സെപ്റ്റംബറില്‍ മൗലാനാ മൗദൂദി തര്‍ജുമാനുല്‍ ഖുര്‍ആന്റെ ഒരു വിശേഷാല്‍ പതിപ്പ്, മന്‍സബെ രിസാലത്ത് നമ്പര്‍ (പ്രവാചകത്വ പദവി സ്‌പെഷ്യല്‍) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. അച്ചടിച്ച ഇരുപതിനായിരം കോപ്പികള്‍ തികയാതെ വന്നപ്പോള്‍ അത് പിന്നീട് സുന്നത്ത് കീ ആയീനി ഹൈസിയത് എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. നബിചര്യയുടെ നിയമപരമായ പ്രാമാണികത ചോദ്യംചെയ്യുന്നവര്‍ക്ക് യുക്തിപൂര്‍വകമായ മറുപടിയാണ് ഈ ഗ്രന്ഥം.
ദിവ്യവെളിപാടുകള്‍ പ്രത്യക്ഷം, പരോക്ഷം എന്നിങ്ങനെ രണ്ട് തരമുണ്ടെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. അല്ലാഹുവില്‍നിന്ന് നേരിട്ട് ലഭിക്കുന്നതാണ് പ്രത്യക്ഷ വെളിപാട്. സുന്നത്താകട്ടെ പരോക്ഷമാണ്. അതായത്, ദൈവത്തിന്റെ ആശയങ്ങള്‍ പ്രവാചകന്റെ ഭാഷയില്‍ വെളിപ്പെടുന്നത്. അവ പ്രവാചകന്റെ സ്വന്തം ആശയങ്ങളല്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (അന്നജ്മ്: 3,4).
നബിതിരുമേനിയുടെ നിയമനിര്‍മാണാവകാശം ഖുര്‍ആന്റെ വെളിച്ചത്തില്‍തന്നെ അദ്ദേഹം സമര്‍ഥിച്ചു: ''ഖുര്‍ആന്‍ നബി(സ)യെ വിശേഷിപ്പിക്കുന്നതിങ്ങനെ: 'നല്ലതിനെ അനുവദനീയവും ചീത്ത വസ്തുക്കളെ നിഷിദ്ധവും ആക്കുന്നവനാണദ്ദേഹം' (അല്‍ അഅ്‌റാഫ്: 157). അതിനാല്‍ നബിതിരുമേനിക്ക് നിയമനിര്‍മാണാധികാരമുണ്ടെന്ന് സുതരാം വ്യക്തമാകുന്നു. അല്ലാഹു നബിതിരുമേനിയെ നിയോഗിച്ചത് അധ്യാപകനും ശിക്ഷകനും ആചാര്യനും നേതാവും ദൈവികവചനങ്ങളുടെ വ്യാഖ്യാതാവും നിയമനിര്‍മാതാവും ന്യായാധിപനും ഭരണകര്‍ത്താവുമെല്ലാമായാണ്. ആ നിലകളിലെല്ലാം പ്രവാചകന്‍ പ്രവര്‍ത്തിച്ചു മാതൃക കാണിച്ചിട്ടുമുണ്ടെന്നതിന് ചരിത്രം സാക്ഷിയുമാണ്. ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പക്ഷാന്തരമില്ല. ആകയാല്‍ പ്രവാചകന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെല്ലാം ഇസ്‌ലാമില്‍ ഖുര്‍ആന്റെ ശേഷം രണ്ടാമത്തെ നിയമപ്രമാണമത്രെ'' (സുന്നത്ത് കീ ആയീനി ഹൈസിയത് പേജ്: 234).

അനുഷ്ഠാന കര്‍മങ്ങളും നബിചര്യയും
കര്‍മശാസ്ത്രകാര്യങ്ങളില്‍ വിശുദ്ധ ഖുര്‍ആനിലെ തത്ത്വങ്ങള്‍ക്ക് വിശദീകരണവും പ്രായോഗിക രൂപവും നല്‍കുന്നത് സുന്നത്താണെന്നും അതിന്റെ അഭാവത്തില്‍ അനുഷ്ഠാനങ്ങള്‍ അപൂര്‍ണമോ പലപ്പോഴും അസാധ്യമോ ആവുമെന്നും മൗലാനാ മൗദൂദി സലക്ഷ്യം തെളിയിക്കുന്നു. ഇത്തരം തെളിവുകളുടെ വെളിച്ചത്തില്‍ ഹദീസ് നിഷേധികളെ അദ്ദേഹം കണക്കിന് കളിയാക്കുന്നു. നമസ്‌കാര സമയം നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട സൂക്തത്തെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം തഫ്ഹീമുല്‍ ഖുര്‍ആനില്‍ എഴുതി:
''വിശുദ്ധഖുര്‍ആന്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി, ലോക മുസ്‌ലിംകള്‍ ഇന്ന് പാലിച്ചുവരുന്ന നമസ്‌കാരത്തിന്റെ അഞ്ചുസമയങ്ങളും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ സൂക്തങ്ങള്‍ വായിച്ചത് കൊണ്ടുമാത്രം നമുക്ക് നമസ്‌കാരസമയങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയില്ല, ഖുര്‍ആന്‍ പഠിപ്പിക്കുവാന്‍ അല്ലാഹു നിയോഗിച്ചയച്ച മുഹമ്മദ് നബി(സ) തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അതിലേക്ക് മാര്‍ഗദര്‍ശനം ചെയ്തിട്ടില്ലായിരുന്നെങ്കില്‍.''
''ഇവിടെ ഹദീസ്‌നിഷേധികളുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് അല്‍പം ചിന്തിക്കേണ്ടതുണ്ട്. അവര്‍ നമസ്‌കാര നിര്‍വഹണത്തെ പരിഹസിക്കുന്നു. ''ഇന്ന് മുസ്‌ലിംകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന നമസ്‌കാരം ഖുര്‍ആന്‍ കല്‍പിച്ച സംഗതിയേയല്ല. ഖുര്‍ആന്‍ 'ഇഖാമതുസ്വലാത്ത്' കല്‍പിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ടുദ്ദേശ്യം നമസ്‌കരിക്കലല്ല. മറിച്ച് റുബൂബിയത്ത് വ്യവസ്ഥിതി സ്ഥാപിക്കലാണ് എന്നവര്‍ പറയുന്നു. അവരോട് ചോദിച്ചുനോക്കുക. സൂര്യോദയത്തിന് മുമ്പോ അല്ലെങ്കില്‍ മധ്യാഹ്നത്തിന് ശേഷം കുറെ രാച്ചെല്ലുന്നത് വരെയോ സ്ഥാപിക്കപ്പെടുന്ന ആ റുബൂബിയത്ത് എത്ര വിചിത്രമായിരിക്കും? വെള്ളിയാഴ്ച പ്രത്യേകമായി സ്ഥാപിക്കാനാവശ്യപ്പെട്ട ആ വ്യവസ്ഥിതി എങ്ങനെയുള്ളതായിരിക്കും? ഇതെന്തുതരം റുബൂബിയത്താണ്, അത് സ്ഥാപിക്കാനൊരുങ്ങുന്നവന്‍ ആദ്യം മുഖവും കൈകള്‍ മുട്ടോളവും കാലുകള്‍ ഞെരിയാണിയോളവും കഴുകുകയും തല തടവുകയും ചെയ്ത ശേഷം സ്ഥാപിക്കേണ്ടതും അല്ലാത്തപക്ഷം സ്ഥാപിക്കാന്‍ കഴിയാത്തതും? അതേപോലെ ജനാബത്തുള്ളവന് കുളിക്കാതെ സ്ഥാപിക്കാനാവാത്തത് എന്ത് സവിശേഷ റുബൂബിയത്ത് വ്യവസ്ഥിതിയാണ്? സ്ത്രീസംസര്‍ഗത്തിന് ശേഷം വെള്ളംകിട്ടാതെവന്ന മനുഷ്യന് ഈ വ്യവസ്ഥിതി സ്ഥാപിക്കണമെങ്കില്‍ ശുദ്ധമായ മണ്ണുകൊണ്ട് മുഖവും കൈകളും തടവണമെന്നതിന്റെ അര്‍ഥമെന്താണ്?''
''ഇനിയും യാത്രക്കാരനാണെങ്കില്‍ അത് മുഴുവന്‍ സ്ഥാപിക്കാതെ പകുതി മാത്രം സ്ഥാപിച്ചാല്‍ മതിയെന്ന് പറയുന്ന ഈ റുബൂബിയത്ത് അതിശയകരമല്ലോ? നോക്കൂ എന്തൊരുതമാശയാണിത്! യുദ്ധവേളയില്‍ സൈന്യത്തിലെ പകുതി ഭടന്മാര്‍ ആയുധമണിഞ്ഞ് ഇമാമിന്റെ പിന്നില്‍നിന്ന് റുബൂബിയത്ത് സ്ഥാപിക്കുക, പകുതി ഭടന്മാര്‍ ജാഗ്രതയോടെ ശത്രുക്കളെ നേരിടുകയും ചെയ്യുക. അനന്തരം ഒന്നാം വിഭാഗം ഇമാമിന്റെ പിന്നില്‍ റുബൂബിയത്ത് വ്യവസ്ഥ സ്ഥാപിച്ചുകൊണ്ട് ഒരു സുജൂദ് ചെയ്തശേഷം എഴുന്നേറ്റ് ശത്രുക്കളെ നേരിടാന്‍ പോവുകയും രണ്ടാം വിഭാഗം തല്‍സ്ഥാനത്ത് വന്ന് ഇമാമിന്റെ പിന്നില്‍ റുബൂബിയത്ത് സ്ഥാപിക്കുകയും ചെയ്യുക! (നമസ്‌കാരവുമായി ബന്ധപ്പെട്ട ഈ കാര്യങ്ങളെല്ലാം ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞതാണ്.)''
''ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ നമസ്‌കാരം നിര്‍വഹിച്ചു നിലനിര്‍ത്തുക എന്നത് തന്നെയാണ് ഇഖാമത്തുസ്സ്വലാത്തിന്റെ വിവക്ഷയെന്ന് വിശുദ്ധഖുര്‍ആനിലെ ഈ സൂക്തങ്ങളൊക്കെയും വ്യക്തമായി വിളിച്ചോതുന്നു. എന്നാല്‍ ഹദീസ് നിഷേധികള്‍ സ്വയം മാറുന്നതിന് പകരം ഖുര്‍ആനെ മാറ്റാനാണ് ശഠിക്കുന്നത്. അല്ലാഹുവിനെ ഒട്ടും ഭയമില്ലാത്ത ഒരാള്‍ക്കല്ലാതെ അവന്റെ വചനങ്ങളെ ഇക്കൂട്ടര്‍ പരിഹസിക്കുന്നത് പോലെ പരിഹസിക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. അല്ലെങ്കില്‍ ഖുര്‍ആന്‍കൊണ്ട് ഈവിധം കളിക്കാന്‍ കഴിയുക, അത് അല്ലാഹുവിന്റെ വചനമാണെന്ന് മനസ്സുകൊണ്ട് അംഗീകരിക്കാതെ കേവലം വഞ്ചനാപരമായി ഖുര്‍ആന്‍ ഖുര്‍ആന്‍ എന്ന് വിളിച്ചുകൂവി മുസ്‌ലിംകളെ വഴിപിഴപ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ്'' (മൂന്നാംവാള്യം-അര്‍റൂം 24-ാം വ്യാഖ്യാനക്കുറിപ്പ്).
സുന്നത്ത്‌നിഷേധികളായ പര്‍വേസിയന്‍ ചിന്താഗതിക്കാര്‍ക്ക് അതിശക്തമായ പ്രഹരമാണ് മൗലാനാ മൗദൂദി ഈ വരികളിലൂടെ ഏല്‍പിച്ചത്.
മൗലാനാ മൗദൂദി വീണ്ടും: ''പ്രവാചകചര്യക്ക് മതത്തില്‍ നിയമപ്രാമാണികതയും മതപരമായ വിധിവിലക്കുകളില്‍ സ്വാധീനവും ഇല്ലെങ്കില്‍ തന്നില്‍നിന്നെന്ന വ്യാജേന കള്ളറിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കുന്നവര്‍ക്ക് കടുത്ത ദൈവികശിക്ഷയുണ്ടെന്ന് അദ്ദേഹം താക്കീത് ചെയ്തതിന്റെ പൊരുളെന്താണ്? രാജാക്കന്മാരെയും പ്രഭുക്കന്മാരെയും സംബന്ധിച്ച എത്രയെത്ര കള്ളങ്ങളാണ് നാം ചരിത്ര താളുകളില്‍ കാണുന്നത്! എന്നാല്‍ അവയൊന്നും മതവിധികളെ സ്വാധീനിക്കുന്നില്ല. പ്രവാചകചര്യയുടെ നിലപാടും അത്തരത്തിലായിരുന്നുവെങ്കില്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പേരില്‍ കടുത്ത ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്തത് എന്തിനായിരിക്കും?'' (സുന്നത്ത് കീ ആയീനി ഹൈസിയത്, പേജ്: 334).
പ്രവാചകന്റെ പേരില്‍ കള്ളറിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുമ്പോള്‍ തദടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ അനുവദനീയമെന്നോ നിഷിദ്ധമെന്നോ വരാനിടയുണ്ട്. അതാണ് കള്ളറിപ്പോര്‍ട്ടുദ്ധരിക്കുന്നതിനെ മതം കര്‍ശനമായി തടഞ്ഞത്. പ്രവാചകചര്യക്ക് നിയമപ്രാമാണികതയില്ലായിരുന്നുവെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് ചുരുക്കം.
മൗലാനാ മൗദൂദിയുടെ പ്രവര്‍ത്തനഫലമായി സുന്നത്ത് നിഷേധികളെ തടയിടാന്‍ വലിയൊരു പരിധിവരെ സാധിച്ചു. ഉദാഹരണമായി, പാകിസ്താനിലെ പഞ്ചാബ് ഹൈക്കോടതി, സുന്നത്തിന്റെ പ്രാമാണികതയെ നിരാകരിക്കുന്ന ഒരു വിധി പുറപ്പെടുവിച്ചപ്പോള്‍ മൗലാനാ അതിനെ ശക്തമായി എതിര്‍ത്തുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചു. അത് അക്കാദമികകേന്ദ്രങ്ങളില്‍ ചര്‍ച്ചാവിഷയമാവുകയും കോടതിക്ക് വിധി തിരുത്തേണ്ടിവരുകയും ചെയ്തു. 1956, 1963, 1973 വര്‍ഷങ്ങളില്‍ ഭേദഗതി ചെയ്യപ്പെട്ട പാകിസതാന്‍ ഭരണഘടനയില്‍ സുന്നത്തിനെ ആധികാരിക സ്രോതസ്സായി ഉള്‍പ്പെടുത്തിയതില്‍ മൗലാനാ മൗദൂദിയുടെ ശ്രമങ്ങള്‍ക്ക് അനല്‍പമായ പങ്കുണ്ട്.

സുന്നത്തിന്റെ പ്രായോഗികത
മറുവശത്ത് ഹദീസ് വിമര്‍ശനത്തിന്റെ വാതായനങ്ങള്‍ അദ്ദേഹം തുറന്നിട്ടു. ഹദീസുകളുടെ ശക്തിദൗര്‍ബല്യങ്ങള്‍ നിശ്ചയിക്കാന്‍ പൂര്‍വകാല പണ്ഡിതന്മാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രത്യേകിച്ചും അതിന്റെ ആശയം (ദിറായ) പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം സമര്‍ഥിച്ചു. ഉള്ളടക്കം ഖുര്‍ആനികാശയത്തിനും ഇസ്‌ലാമിന്റെ ചൈതന്യത്തിനും നിരക്കാത്തതാണെങ്കില്‍ ഉദ്ധരിച്ചവരുടെ പരമ്പര (സനദ്) മാത്രം നോക്കി സ്വഹീഹില്‍ ഉള്‍പ്പെടുത്തരുതെന്ന് അദ്ദേഹം പറയുന്നു. ഖുര്‍ആനിലും ഹദീസിലും അഗാധജ്ഞാനവും അനന്യസാധാരണമായ ഗ്രഹണ ശേഷിയുമുള്ളവര്‍ക്ക് മാത്രമേ ഹദീസിന്റെ ദിറായ പരിശോധിച്ച് പ്രബലമാണോ അല്ലേ എന്ന് തീര്‍ച്ചപ്പെടുത്താന്‍ അവകാശമുള്ളൂ എന്നദ്ദേഹം ശഠിക്കുന്നു.
സുന്നത്തിന്റെ പ്രയോഗവത്കരണമാണ് മൗദൂദിയുടെ മറ്റൊരു പ്രധാന സംഭാവന. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തില്‍ പ്രവാചകനിര്‍ദേശങ്ങള്‍ എങ്ങനെ പ്രായോഗികമാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. മതം എന്നത് ആരാധനകളും ആചാരങ്ങളും മാത്രം ഉള്‍ക്കൊള്ളുന്ന സ്വകാര്യ ഇടപാടാണെന്നും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക കാര്യങ്ങളില്‍ മതത്തിന് യാതൊരു പ്രവേശനവുമില്ലെന്നുമുള്ള പാശ്ചാത്യ വീക്ഷണം മുസ്‌ലിം ജനസാമാന്യത്തില്‍ മാത്രമല്ല, പണ്ഡിതന്മാരില്‍ പോലും സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടത്തിലാണ് മൗലാനാ മൗദൂദിയുടെ വിപ്ലവകരമായ നിലപാട് ചര്‍ച്ചചെയ്യപ്പെട്ടത്. ദീനും ദുന്‍യാവും വേര്‍തിരിക്കുന്ന പാശ്ചാത്യ ചിന്താഗതിക്കെതിരെ പോരാടിക്കൊണ്ടാണ് മൗലാനാ മൗദൂദി സുന്നത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഉയര്‍ത്തിപ്പിടിച്ചത്.

© Bodhanam Quarterly. All Rights Reserved

Back to Top