പ്രവാചക വചനങ്ങളുടെ പ്രാമാണികത- പുനര്‍വായനയുടെ ആവശ്യകത

വി.കെ അലി‌‌
img

ത്തപ്പനമുകളിലിരുന്ന് പരാഗണം നടത്തിക്കൊണ്ടിരിക്കുന്ന കുറേ ആളുകളുടെ സമീപത്തുകൂടി നബിതിരുമേനി നടന്നുപോയി. ഇവരെന്താണ് ചെയ്യുന്നതെന്ന് കൂടെയുണ്ടായിരുന്ന ത്വല്‍ഹയോട് ചോദിച്ചു. ആണ്‍കുലയും പെണ്‍കുലയും തമ്മില്‍ കലര്‍ത്തുകയാണെന്നദ്ദേഹം വിശദീകരിച്ചു. അപ്പോള്‍ തിരുമേനി പറഞ്ഞു: ''അതുകൊണ്ടൊന്നും പ്രയോജനമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.'' ഈ വിവരം ജനങ്ങളറിഞ്ഞപ്പോള്‍ അവരത് ഉപേക്ഷിച്ചു. എന്നാല്‍ ആ വര്‍ഷം വിളവ് വല്ലാതെ കുറഞ്ഞു. തിരുമേനിയോടവര്‍ സങ്കടം പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ''നിങ്ങള്‍ക്കത് പ്രയോജനപ്പെടുന്നുവെങ്കില്‍ തുടര്‍ന്നുകൊള്ളുക. എനിക്ക് തോന്നിയ ഒരുകാര്യം പറഞ്ഞുവെന്നേയുള്ളൂ. നിങ്ങളുടെ ദീനുമായി ബന്ധപ്പെട്ട വല്ലതും ഞാന്‍ നിങ്ങളോട് കല്‍പിച്ചാല്‍ നിങ്ങളത് സ്വീകരിക്കുക. എന്തെങ്കിലും സ്വാഭിപ്രായം നിങ്ങളോട് പറഞ്ഞാല്‍, ഞാനും ഒരു മനുഷ്യനാണല്ലോ'' (അത് ശരിയാകാനും തെറ്റാകാനും സാധ്യതയുണ്ട്). ഈ സംഭവം ആഇശ, അനസ്, റാഫിഉബ്‌നു ഖദീജ്, ത്വല്‍ഹ എന്നിവരില്‍നിന്ന് സ്വഹീഹ് മുസ്‌ലിമടക്കമുള്ള പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. ചില നിവേദനങ്ങളില്‍ ''നിങ്ങളുടെ ലൗകിക കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തന്നെയാണ് കൂടുതലറിയുക'' എന്നും നബി(സ) പ്രസ്താവിച്ചതായി കാണാം. എന്നാല്‍ ഈ ഒരു ഹദീസ് പൊക്കിപ്പിടിച്ച് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ഭരണപരവുമായ മേഖലകളില്‍ നിന്നെല്ലാം ഇസ്‌ലാമിക ശാസനകളെ അകറ്റിനിര്‍ത്താനും ആത്മീയ-സദാചാര മൂല്യങ്ങളില്‍ അതിനെ പരിമിതപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ചില വിഭാഗങ്ങള്‍ നടത്തുകയുണ്ടായി. ഖുര്‍ആന്റെയും സുന്നത്തിന്റെയും താളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന നിയമ വ്യവസ്ഥകളുടെ വമ്പിച്ചൊരു ശേഖരമാണ് അതുമുഖേന അവര്‍ തള്ളിപ്പറഞ്ഞത്. ഈ നിലപാടില്‍ ക്ഷുഭിതനായി പ്രസിദ്ധ പണ്ഡിതനും ഹദീസ് വിദഗ്ധനുമായ അഹ്മദ് മുഹമ്മദ് ശാകിര്‍ എഴുതി: 'ഈജിപ്തിലെ മതനിഷേധികളും യൂറോപ്പിന് ദാസ്യവേല ചെയ്യുന്നവരും ഓറിയന്റലിസ്റ്റുകളുടെ പിണിയാളുകളുമായ ഒരു വിഭാഗം ഈ ഹദീസ് കൊട്ടിഘോഷിച്ച് നടക്കുകയാണ്. പ്രവാചക ചര്യയെ പിന്തുടരുന്നവരും ശരീഅത്തിന്റെ സേവകരുമായവര്‍ക്കെതിരെ പ്രയോഗിക്കാനുള്ള ഒരായുധമായി അവരത് കാണുന്നു. പ്രവാചകചര്യയില്‍ പെട്ട വല്ലതും നിരാകരിക്കുകയോ ശരീഅത്തിന്റെ സാമൂഹിക നിയമങ്ങളില്‍നിന്ന് വല്ലതും തള്ളിക്കളയുകയോ ചെയ്യണമെങ്കില്‍ 'അത് ദുനിയാ കാര്യമാണെന്ന്' പറഞ്ഞ് അനസി(റ)ല്‍നിന്നുള്ള നിവേദനത്തെ അവര്‍ പൊക്കിപ്പിടിക്കും. യഥാര്‍ഥത്തില്‍ അവര്‍ക്ക് ദീനിലോ ദിവ്യത്വത്തിലോ പ്രവാചകത്വത്തിലോ വിശ്വാസമില്ല. ഉള്ളിന്റെ ഉള്ളില്‍ ഖുര്‍ആന്‍ പോലും അവര്‍ അംഗീകരിക്കുന്നില്ല.'
മനുഷ്യര്‍ അവരുടെ അനുഭവജ്ഞാനങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ കണ്ടെത്തുന്ന തൊഴില്‍ സംബന്ധവും കാര്‍ഷികവുമായ രീതികള്‍ അവലംബിക്കാന്‍ ഇസ്‌ലാം ഒരിക്കലും തടസ്സമല്ലെന്നും ഇസ്‌ലാമിക ശരീഅത്ത് നിര്‍ണയിക്കുന്ന അതിര്‍വരമ്പുകള്‍ അവയില്‍ പാലിക്കണമെന്നേയുള്ളുവെന്നും മാത്രമേ പ്രസ്തുത ഹദീസ് വ്യക്തമാക്കുന്നുള്ളൂ. ഖുര്‍ആനിലെയും സുന്നത്തിലെയും ബഹുഭൂരിഭാഗം നിര്‍ദേശങ്ങളും ലൗകിക ജീവിത മേഖലകളുമായി ബന്ധപ്പെട്ടവയാണെന്നിരിക്കെ, ഈ ഒരൊറ്റ ഹദീസ് കൊണ്ട് അവയെല്ലാം കാറ്റില്‍ പറത്താമെന്ന് സങ്കല്‍പിക്കുന്നത് പരമാബദ്ധമാണ്.
എന്നാലിതിന് ആത്യന്തികമായ മറ്റൊരു മറുവശമുണ്ട്. നബി(സ) പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അപ്പടി അനുകരിക്കേണ്ടതാണെന്നും അവയിലൊരു ത്യാജ്യഗ്രാഹ്യ വിവേചനം പാടില്ലെന്നുമുള്ളതാണ് പ്രസ്തുത വശം. നബി(സ) പറയുന്നതെല്ലാം 'വഹ്‌യി'ന്റെ അടിസ്ഥാനത്തിലാണെന്നും അവ ശരീഅത്തിന്റെ ഘടകമാണെന്നും അതിന്നെതിര്‍ പ്രവര്‍ത്തിക്കാവതല്ലെന്നും ഈ വിഭാഗം വാദിക്കുന്നു. 'പ്രവാചകന്‍ നല്‍കുന്നത് സ്വീകരിക്കുക, നിരോധിക്കുന്നത് വര്‍ജിക്കുക, ആര്‍ പ്രവാചകനെ അനുസരിക്കുന്നുവോ അവര്‍ അല്ലാഹുവെയാണ് അനുസരിക്കുന്നത്, അദ്ദേഹം സ്വന്തം ഇഛയാല്‍ ഒന്നും പറയുകയില്ല, അവയെല്ലാം ദിവ്യബോധനമാണ്' എന്നീ ഖുര്‍ആനിക സൂക്തങ്ങള്‍ അവര്‍ തെളിവായുദ്ധരിക്കുകയും ചെയ്യും. എന്നാല്‍ നബിതിരുമേനിയുടെ തന്നെ വിശദീകരണ പ്രകാരം, അദ്ദേഹം പറയുന്നതെല്ലാം അപ്പടി ദൈവികമല്ലെന്നും അല്ലാഹുവില്‍നിന്ന് തനിക്ക് ലഭിച്ച കാര്യങ്ങള്‍ പറയുമ്പോള്‍ മാത്രമേ അപ്പടി അംഗീകരിക്കേണ്ടതുള്ളൂവെന്നും മനസ്സിലാക്കാം. സ്വഹാബത്തും ഇത് മനസ്സിലാക്കിയിരുന്നുവെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ നബിയുടെ വാക്കുകളോ പ്രവൃത്തികളോ ഇതില്‍ ഏത് ഗണത്തില്‍ പെട്ടതാണെന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. നബി(സ)യോടു തന്നെ ചോദിച്ചു സംശയങ്ങള്‍ തീര്‍ക്കുക എന്നതും അവരുടെ പതിവ് ആയിരുന്നു! ചില ഉദാഹരണങ്ങള്‍ കാണുക:
1. ബദ്ര്‍ യുദ്ധവേളയില്‍ മുസ്‌ലിം സൈന്യം ക്യാമ്പ് ചെയ്യുന്നതിന് ആദ്യം തെരഞ്ഞെടുത്ത സ്ഥലം നബി(സ)യുടെ നിര്‍ദേശമനുസരിച്ചുള്ളതായിരുന്നു. എന്നാല്‍ ഹബ്ബാബുബ്‌നുല്‍ മുന്‍ദിര്‍ എന്ന സ്വഹാബിയുടെ അഭിപ്രായത്തില്‍ അതിനേക്കാള്‍ തന്ത്രപരമായ സ്ഥലം മറ്റൊന്നായിരുന്നു. പക്ഷേ, നബി(സ)യുടെ നിര്‍ദ്ദേശത്തിന്നെതിര്‍ പറയാന്‍ അദ്ദേഹം ഭയന്നു. അല്ലാഹുവിന്റെ കല്‍പനപ്രകാരമാണെങ്കിലോ എന്നായിരുന്നു ആശങ്ക. അതിനാലദ്ദേഹം ചോദിച്ചു: ''അല്ലാഹുവിന്റെ പ്രവാചകരെ! ഈ സ്ഥലം അല്ലാഹു നിര്‍ദേശിച്ച താവളമാണോ? എങ്കില്‍പിന്നെ, മുന്നോട്ടോ പിന്നോട്ടോ പോകാന്‍ പറ്റില്ല. അതല്ല, അത് സ്വന്തം തീരുമാനവും യുദ്ധതന്ത്രവുമാണെങ്കില്‍ ഇതിനേക്കാള്‍ അനുയോജ്യമായ സ്ഥലം വേറെയാണ്.'' അത് ദിവ്യബോധനപ്രകാരമല്ലെന്നും സ്വന്തം അഭിപ്രായമാണെന്നും തിരുമേനി വ്യക്തമാക്കുകയും അദ്ദേഹം നിര്‍ദേശിച്ച സ്ഥലത്തേക്ക് മാറുകയും ചെയ്തു (അല്‍ ഇസ്വാബ: വാ:1, പേ:42).
2. ബരീറ എന്ന അടിമസ്ത്രീയെ അവരുടെ ഉടമ മോചിപ്പിച്ചപ്പോള്‍ അവര്‍ അടിമയായ മുഗീഫിന്റെ ഭാര്യയായിരുന്നു. സ്വതന്ത്രയായപ്പോള്‍ ഈ വിവാഹബന്ധം നിലനിര്‍ത്തണമോ അതോ അവസാനിപ്പിക്കണമോ എന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ബരീറ തന്റെ ഭര്‍ത്താവുമായുള്ള ബന്ധം വിഛേദിച്ചു. അദ്ദേഹത്തിന്നാണെങ്കില്‍ ബരീറയോട് അതിരറ്റ സ്‌നേഹമായിരുന്നു. പക്ഷേ, ബരീറക്ക് അദ്ദേഹത്തെ ഒട്ടും ഇഷ്ടമായിരുന്നില്ല. മുഗീഥ് നബി(സ)യെ കണ്ട് തന്റെ സങ്കടം പറയുകയും താനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ബരീറയോട് സംസാരിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. റസൂല്‍(സ) ബരീറയോട് അപ്രകാരം ചെയ്യാനുപദേശിച്ചു. അപ്പോള്‍ അവര്‍ ചോദിച്ചു: ''പ്രവാചകരേ, ഇത് അങ്ങയുടെ ശാസനയോ അതോ ശിപാര്‍ശയോ?'' 'ശിപാര്‍ശ'യാണെന്ന് തിരുമേനി വ്യക്തമാക്കിയപ്പോള്‍ അവരത് അംഗീകരിക്കുകയുണ്ടായില്ല. ഇതിന്റെ പേരില്‍ പ്രവാചകനോ മുസ്‌ലിം സമൂഹമോ ബരീറയെ ആക്ഷേപിച്ചതായി കാണുന്നില്ല.
3. ജാബിര്‍(റ)ന്റെ പിതാവ് അബ്ദുല്ലാഹിബ്‌നു അംറുബ്‌നു ഹറാം നിര്യാതനായി. വലിയ കടബാധ്യത ബാക്കിവെച്ചാണദ്ദേഹം മരിച്ചത്. പിതാവിന്റെ കടക്കാരോട് സംസാരിച്ച് കടബാധ്യതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെടണമെന്ന് ജാബിര്‍ നബി(സ)യോടപേക്ഷിച്ചു. നബി(സ) അവരോട് അപ്രകാരം ആവശ്യപ്പെട്ടു. എന്നാല്‍ അവരത് അംഗീകരിച്ചില്ല. ജാബിര്‍ പറഞ്ഞു: ''നബി(സ) അവരോട് സംസാരിച്ചപ്പോള്‍ അവര്‍ക്കെന്നോട് ദേഷ്യമായി. പക്ഷേ, നബിയുടെ നിര്‍ദേശം സ്വീകരിക്കാത്തതിന്റെ പേരില്‍ ആരും അവരെ ആക്ഷേപിച്ചില്ല.''
ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ പ്രവാചക ചരിത്രത്തില്‍ കാണാം. നബിയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അവയുടെ സ്വഭാവം പരിഗണിച്ച് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുക സ്വഹാബികളുടെ പതിവായിരുന്നുവെന്ന് അവയെല്ലാം വ്യക്തമാക്കുന്നു. ഹജ്ജ് കര്‍മങ്ങളില്‍ നബി(സ) ചെയ്ത ചില പ്രവര്‍ത്തനങ്ങള്‍ 'സുന്നത്ത്' (പ്രത്യേക പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മമായി എക്കാലത്തും സ്വീകരിക്കേണ്ടവ) അല്ലെന്നും അന്നത്തെ സാഹചര്യത്തില്‍ അപ്രകാരം ചെയ്തുവെന്നേയുള്ളുവെന്നും ഇബ്‌നു അബ്ബാസ് വിശദീകരിച്ചിട്ടുണ്ട്. ഇമാം അഹ്മദിന്റെ മുസ്‌നദില്‍ അബൂ ത്വുഫൈലില്‍നിന്ന് വന്ന റിപ്പോര്‍ട്ട് കാണുക. അദ്ദേഹം പറഞ്ഞു: റസൂല്‍ ത്വവാഫ് വേളയില്‍ കഅ്ബയുടെ ചുറ്റും 'റംല്' (ധൃതിപ്പെട്ട്) നടന്നുവെന്നും അത് 'സുന്നത്ത്' ആണെന്നും ആളുകള്‍ പറയുന്നത് ശരിയാണോ എന്ന് ഞാന്‍ ഇബ്‌നു അബ്ബാസിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ''അവര്‍ പറഞ്ഞതില്‍ ശരിയും തെറ്റുമുണ്ട്.'' ഞാന്‍ ചോദിച്ചു: ''ഏതാണ് ശരി? ഏതാണ് തെറ്റ്?'' അദ്ദേഹം പറഞ്ഞു: ''നബി(സ) കഅ്ബക്ക് ചുറ്റും 'റംല്' നടന്നു എന്നത് ശരിയാണ്. എന്നാല്‍ അത് സുന്നത്താണെന്ന് പറഞ്ഞത് തെറ്റും.'' ഖുറൈശികള്‍ ഹുദൈബിയാ വേളയില്‍ പറഞ്ഞു: ''മുഹമ്മദിനെയും അനുയായികളെയും വെറുതെ വിടുക. അവര്‍ രോഗഗ്രസ്തരായിത്തീര്‍ന്നിരിക്കുന്നു.'' തുടര്‍ന്നവര്‍ നബിയുമായി സന്ധിയിലായി. അടുത്തകൊല്ലം വന്ന് മക്കയില്‍ മൂന്നു ദിവസം താമസിച്ച് ഉംറ ചെയ്തു മടങ്ങുക എന്നതായിരുന്നു ധാരണ. അടുത്തകൊല്ലം നബി വരികയും മുശ്‌രിക്കുകളെ കണ്ടപ്പോള്‍ മൂന്ന് തവണ റംല് നടത്തം നടക്കാന്‍ അനുയായികളോട് കല്‍പിക്കുകയും ചെയ്തു. (മുസ്‌ലിംകള്‍ രോഗാതുരര്‍ അല്ലെന്നും അവരുടെ ശാരീരിക ശക്തി കുറഞ്ഞിട്ടില്ലെന്നും തെളിയിക്കുന്നതിന് സ്വീകരിച്ച ഒരു തന്ത്രമായിരുന്നു അത്). അതൊരു സ്ഥിരം സുന്നത്തല്ല. നബി(സ) സ്വഫാ-മര്‍വാക്കിടയില്‍ വാഹനപ്പുറത്തിരുന്നാണ് ത്വവാഫ് ചെയ്തതെന്നും അത് സുന്നത്താണെന്നും ആളുകള്‍ പറയുന്നുവല്ലോ എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. അവര്‍ പറഞ്ഞതില്‍ തെറ്റും ശരിയുമുണ്ടെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. എന്താണ് തെറ്റും ശരിയുമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം വിശദീകരിച്ചു. സ്വഫാ-മര്‍വാക്കിടയില്‍ തിരുമേനി വാഹനപ്പുറത്ത് 'സഅ്‌യ്' നടത്തി എന്നവര്‍ പറഞ്ഞത് ശരിയാണ്. അത് 'സുന്നത്ത്' ആണെന്ന് പറയുന്നത് തെറ്റുമാണ്. ജനങ്ങള്‍ തിരുമേനിയെ തൊട്ടുരുമ്മി നടക്കുകയും വിട്ടുപോവാതെ പിന്തുടരുകയും ചെയ്തപ്പോള്‍ അദ്ദേഹം വാഹനപ്പുറത്ത് കയറി. തന്റെ വാക്കുകള്‍ അവര്‍ക്ക് കൂടുതല്‍ കേള്‍ക്കാനും അവരുടെ കൈകള്‍ അദ്ദേഹത്തെ മുട്ടാതിരിക്കാനും വേണ്ടിയായിരുന്നു അത്... നബിയുടെ ഹജ്ജ് അനുഷ്ഠാന കര്‍മങ്ങളില്‍ പോലും പിന്തുടരേണ്ടവയും അല്ലാത്തവയുമുണ്ടെന്ന് ഇബ്‌നു അബ്ബാസിന്റെ ഈ വിശദീകരണവും വ്യക്തമാക്കുന്നു.
നാടന്‍ കഴുതയുടെ മാംസം ഖൈബര്‍ യുദ്ധവേളയില്‍ നബി(സ) നിഷിദ്ധമാക്കുകയുണ്ടായി. കഴുതയെ കൂടുതലായി അറുത്തുതിന്നാല്‍ വാഹനമുപയോഗത്തിന് കഴുതകളില്ലാതാകുമെന്നതിനാല്‍ സാന്ദര്‍ഭികമായി നല്‍കിയ ഒരു കല്‍പനയായിരുന്നു അതെന്നും പ്രസ്തുത നിരോധം എക്കാലത്തേക്കും ബാധകമല്ലെന്നും ഇബ്‌നു അബ്ബാസിന് അഭിപ്രായമുണ്ട്. ഖൈബറിലെ നിരോധം താല്‍ക്കാലികമായിരുന്നുവെന്നും ദൈവദൂതന്‍ എന്ന നിലക്കുള്ള ശാശ്വത നിരോധമായിരുന്നില്ല അതെന്നുമാണ് അദ്ദേഹം മനസ്സിലാക്കുന്നത്.
ഇതുപോലെ പ്രവാചകന്റെ പല നിലപാടുകളെക്കുറിച്ചും അവ ദൈവദൂതന്‍ എന്ന നിലക്കുള്ള 'മതകല്‍പന'യാണോ അതോ വ്യക്തിപരമായ അഭിപ്രായമാണോ എന്നും സ്വഹാബികള്‍ അന്വേഷിക്കുകയും വ്യക്തിപരമാണെന്നറിയുമ്പോള്‍ എതിരഭിപ്രായങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്. 'അഹ്‌സാബ്' യുദ്ധവേളയില്‍ ഖുറൈശികളോടൊപ്പം മദീന ആക്രമിക്കാന്‍ വന്ന 'ഗത്വ്ഫാന്‍' ഗോത്രത്തെ പിന്തിരിപ്പിക്കാന്‍ മദീനയുടെ കാര്‍ഷിക വരുമാനത്തിന്റെ മൂന്നില്‍ രണ്ടുഭാഗം നല്‍കാമെന്ന നബി(സ)യുടെ നിര്‍ദ്ദേശം സഅ്ദുബ്‌നു മുആദും സഅ്ദുബ്‌നു ഉബാദയും നിരാകരിച്ചത് ഒരുദാഹരണമാണ്.
നബി(സ)ക്ക് ദൈവദൂതന്‍ എന്ന ഒരൊറ്റ നിലപാട് മാത്രമല്ല ഉള്ളത്. കുടുംബനാഥന്‍, രാഷ്ട്രീയ നേതാവ്, മധ്യസ്ഥന്‍, മാര്‍ഗദര്‍ശി എന്നീ നിലകളെല്ലാം തിരുമേനിക്കുണ്ട്. കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടുമൊപ്പമിരുന്ന് തമാശപറയുകയും അവരുടെ വര്‍ത്തമാനങ്ങളില്‍ ഭാഗഭാക്കാവുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവാണ്. അപ്പോഴെല്ലാം തിരുമേനി പറയുന്ന മുഴുവന്‍ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും പ്രാമാണികതയുടെ സ്വഭാവമില്ല. ഇക്കാര്യം സൂക്ഷ്മദൃക്കുകളായ പല പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്. മാലിക്കീ മദ്ഹബുകാരനും ഹിജ്‌റ ഏഴാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനുമായ ശിഹാബുദ്ദീന്‍ അല്‍ഖറാഫി അദ്ദേഹത്തിന്റെ ´h™¯dG എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ഇവ്വിഷയകമായി പ്രതിപാദിക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ഇമാം(നായകന്‍) എന്ന നിലക്കോ അവരുടെ ന്യായാധിപന്‍(ജഡ്ജ്) എന്ന നിലക്കോ തിരുമേനി പറയുന്ന എല്ലാ കാര്യങ്ങളും ലോകാവസാനം വരെ പിന്തുടരേണ്ട ദൈവിക നിയമങ്ങള്‍ എന്ന രൂപത്തിലുള്ളവയല്ലെന്നും സന്ദര്‍ഭോചിതമായ മാറ്റങ്ങള്‍ അവയില്‍ വരുത്താമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഉദാഹരണമായി, 'തരിശായി കിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കുന്നവര്‍ക്കാണ് അതിന്റെ ഉടമാവകാശം' എന്ന നബിവചനം നോക്കുക. ഇതിന്റെ താല്‍പര്യം, തരിശായി കിടക്കുന്ന ഏതു ഭൂമിയും ഏതൊരാള്‍ക്കും എത്ര അളവിലും കൃഷിചെയ്ത് സ്വന്തമാക്കാമെന്നതാണ് ലോകാവസാനം വരെയുള്ള ഇസ്‌ലാമിക നിയമമെന്നല്ല. അങ്ങനെയാണ് ഇമാം മാലിക്കും ശാഫിഈയും മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ അബൂഹനീഫയുടെ അഭിപ്രായത്തില്‍ ഇതിന്റെ സാധുത ഭരണകൂടത്തിന്റെ അനുവാദപ്രകാരമാണ്. പൊതുതാല്‍പര്യം മാനിച്ച് ഭരണാധികാരിക്ക് അംഗീകാരം നല്‍കുകയും നല്‍കാതിരിക്കുകയും ചെയ്യാം. പ്രവാചകന്‍ ഭരണാധികാരി എന്ന നിലക്ക് നല്‍കിയ നിര്‍ദേശമാണിത്. എക്കാലത്തും നടപ്പാക്കേണ്ട ശാശ്വത നിയമമല്ല.
അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് നബി(സ)യുടെ സമീപം വന്ന് ആവലാതിപ്പെട്ടു. ''അബൂസുഫ്‌യാന്‍ വലിയ പിശുക്കനാണ്. എനിക്കും കുട്ടികള്‍ക്കും ആവശ്യത്തിനു വേണ്ടത് നല്‍കുന്നില്ല. അദ്ദേഹമറിയാതെ ആവശ്യത്തിനുള്ളത് എടുക്കാമോ?'' നബി(സ) പറഞ്ഞു: ''നിനക്കും നിന്റെ കുട്ടികള്‍ക്കും വേണ്ടത് മിതമായ തോതില്‍ എടുത്തുകൊള്ളുക.'' ഒരാള്‍ക്ക് ലഭിക്കേണ്ട അവകാശം കിട്ടിയില്ലെങ്കില്‍ അത് എങ്ങനെയെങ്കിലും വസൂലാക്കാമെന്ന ഒരു പൊതുനിയമം ഇതില്‍നിന്ന് നിര്‍ധാരണം ചെയ്യാമോ? അതോ ഒരു പ്രത്യേക സംഭവത്തില്‍ തിരുമേനി നല്‍കിയ അനുവാദമായിരുന്നോ അത്? ഇത് ഒരു പ്രത്യേക വിഷയത്തില്‍ നബി(സ) എടുത്ത തീരുമാനമായിരുന്നു. അല്ലെങ്കില്‍, അബൂസുഫ്‌യാന്റെ പക്ഷം കേള്‍ക്കുകയോ തെളിവുകള്‍ ആവശ്യപ്പെടുകയോ ഒന്നും ചെയ്തതായി കാണുന്നില്ല.
യുദ്ധത്തില്‍ ഒരു ശത്രുവിനെ കൊന്നാല്‍ അയാളുടെ ശരീരത്തിലുള്ള യുദ്ധസാമഗ്രികള്‍(സലബ്) കൊന്നവനവകാശപ്പെട്ടതാണെന്ന് പറയുന്ന ഒരു ഹദീസുണ്ട്. ഇത് എക്കാലത്തുമുള്ള 'ശര്‍ഈ' വിധിയാണെന്ന് ചിലര്‍ മനസ്സിലാക്കുന്നു. ഇത് സൈനികരുടെ ആവേശം വര്‍ധിപ്പിക്കുന്നതിന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഇമാം നല്‍കിയ ഓഫറാണെന്നും അത് സന്ദര്‍ഭോചിതം വേണ്ടെന്നും വേണമെന്നും വെക്കാമെന്നും ഇമാം അബൂഹനീഫയെപ്പോലുള്ളവര്‍ പറയുന്നു. ഇത്തരം ഉദാഹരണങ്ങളിലൂടെ പ്രവാചക നടപടികളിലെ അവസ്ഥാന്തരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. പ്രവാചകചര്യയെ പ്രാമാണികമെന്നും അല്ലാത്തതെന്നും വിഭജിച്ച് വിശദമായി ചര്‍ച്ച ചെയ്ത പണ്ഡിതരില്‍ ശൈഖ് റശീദ് രിദാ, ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി, ത്വാഹിര്‍ ഇബ്‌നു ആശൂര്‍, ശൈഖ് ശല്‍തൂത് എന്നീ പ്രഗത്ഭമതികളായ പണ്ഡിത ശ്രേഷ്ഠരെ കാണാം. ഇതില്‍ ശൈഖ് ശല്‍തൂതിന്റെ വിശകലനം കുറേക്കൂടി ശാസ്ത്രീയവും യുക്തിസഹവുമാണ്. അദ്ദേഹം പറയുന്നു: നബി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നതും ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെടുന്നതുമായ വാക്കുകള്‍, പ്രവൃത്തികള്‍, മൗനാനുവാദങ്ങള്‍ എന്നിവ പലതരത്തിലുണ്ട്. 1. സാധാരണ മനുഷ്യാവശ്യങ്ങളുടെ നിര്‍വഹണം. തിന്നുക, കുടിക്കുക, ഉറങ്ങുക, നടക്കുക, സന്ദര്‍ശനം നടത്തുക, രണ്ടാളുകള്‍ക്കിടയില്‍ സാധാരണ രീതികളില്‍ അനുരഞ്ജനമുണ്ടാക്കുക, ക്രയവിക്രയത്തില്‍ വിലപേശുക എന്നിവ അതിന്റെ ഉദാഹരണങ്ങളാണ്. 2. സ്വന്തം അനുഭവത്തിന്റെയും നാട്ടുനടപ്പിന്റെയും ഭാഗമായി പറയുന്ന കാര്യങ്ങള്‍. കൃഷിയും ചികിത്സയുമായി ബന്ധപ്പെട്ടുവന്ന റിപ്പോര്‍ട്ടുകളും വസ്ത്രത്തിന്റെ നീളവും കുറവും പറയുന്ന ഹദീസുകളും ഉദാഹരണം. 3. പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് സ്വീകരിക്കപ്പെടുന്ന ആസൂത്രണങ്ങള്‍. യുദ്ധമേഖലയില്‍ സൈന്യത്തെ വിന്യസിക്കുക, പട്ടാളക്കാരുടെ അണികള്‍ നിര്‍ണയിക്കുക, മുന്നേറ്റവും പിന്‍മാറ്റവും തീരുമാനിക്കുക പോലുള്ള സാഹചര്യങ്ങളുടെ താല്‍പര്യങ്ങളനുസരിച്ച് ചെയ്യുന്ന കാര്യങ്ങള്‍- ഇപ്പറഞ്ഞ കാര്യങ്ങളൊന്നും മതപരമായി പിന്തുടരേണ്ട ഇനങ്ങളില്‍ പെട്ടവയല്ല. ഇവയെല്ലാം കേവലം മനുഷ്യസഹജമായ പ്രവര്‍ത്തനങ്ങളാണ്. നബി(സ) ചെയ്തു എന്നതുകൊണ്ട് അവക്ക് പ്രാമാണികതയില്ല. (427-431 ¿e ‡©j™¡Th I~DzY ½î¡SÕG)
തന്റെ ഗുരുനാഥന്റെ അഭിപ്രായത്തെ നിരൂപണം ചെയ്തുകൊണ്ട് ശൈഖ് യൂസുഫുല്‍ ഖറദാവി എഴുതുന്നു: തിന്നുക, കുടിക്കുക, ഉറങ്ങുക, നടക്കുക, ഇരിക്കുക, പരസ്പരം സന്ദര്‍ശിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെയെല്ലാം സാധാരണ മനുഷ്യസഹജമായ പ്രവര്‍ത്തനങ്ങളായി കാണാവതല്ല. അവയില്‍ നബിയുടെ പ്രവര്‍ത്തനത്തിലൂടെ സ്ഥിരപ്പെട്ടതും പ്രസ്താവനകളിലൂടെ സ്ഥിരപ്പെട്ടതും വേര്‍തിരിച്ചു കാണണം. പ്രവര്‍ത്തനത്തിലൂടെ സ്ഥിരപ്പെട്ടതാണെങ്കില്‍ അത് നിര്‍ബന്ധമോ പുണ്യമോ(മുസ്തഹബ്) ആണെന്ന് വരുന്നില്ല. അങ്ങനെയും ചെയ്യാമെന്നു മാത്രം. കൈകൊണ്ട് ഭക്ഷിക്കുക തുടങ്ങിയവ ഉദാഹരണം. എന്നാല്‍ നബി(സ) അപ്രകാരമാണ് ചെയ്തത് എന്ന വികാരത്തില്‍ തിരുമേനിയെ അനുകരിച്ച് ആരെങ്കിലും അത് ചെയ്യുന്നുവെങ്കില്‍ അത് സുകൃതമാണ്. അവര്‍ക്കതിന്റെ പുണ്യമുണ്ടാകും... ഇബ്‌നു ഉമറിന്റെ നിലപാട് പോലെ.
എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ നബി(സ)യുടെ പ്രസ്താവനകള്‍ ചിലപ്പോള്‍ വെറും നിര്‍ദേശങ്ങളാകും. (നിദാന ശാസ്ത്രപണ്ഡിതന്മാര്‍ അത് ഉണര്‍ത്തിയിട്ടുണ്ട്). ചിലപ്പോള്‍ പുണ്യകര്‍മമാകും. ചിലപ്പോള്‍ അനഭിലഷണീയം(കറാഹത്) ആകും. ചിലപ്പോള്‍ നിര്‍ബന്ധമോ നിഷിദ്ധമോ ആകും. മറ്റു തെളിവുകളാണ് അവയെ നിര്‍ണയിക്കുന്നത്. ആവര്‍ത്തിച്ച് ആജ്ഞാപിക്കുക, ഭീഷണിയുടെ സ്വരത്തില്‍ നിരോധിക്കുക പോലെ. ഇടതുകൈകൊണ്ട് ഭക്ഷണം കഴിക്കുക, പട്ടുവസ്ത്രം ധരിക്കുക, വെള്ളിയുടെയും സ്വര്‍ണത്തിന്റെയും പാത്രത്തില്‍ ആഹരിക്കുക തുടങ്ങി നബി നിരോധിച്ച കാര്യങ്ങള്‍ അവക്കുദാഹരണമാണ്.
അനുഭവത്തിന്റെയും സാധാരണ പതിവിന്റെയും ഇനത്തില്‍ പെട്ടതാണെന്ന് പറയുന്ന കാര്യങ്ങളുടെ അവസ്ഥയും ഇതുതന്നെ. ചികിത്സ, വസ്ത്രത്തിന്റെ നീളവും കുറവും തുടങ്ങിയ കാര്യങ്ങളില്‍ ചിലത് എല്ലാവരും എക്കാലത്തും അനുഷ്ഠിക്കേണ്ടതായിക്കൊള്ളണമെന്നില്ല. ഇബ്‌നുല്‍ ഖയ്യിം 'സാദുല്‍ മആദില്‍' ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിലതിന് പ്രാമാണികതയുണ്ട്. ഉദാ: 'അല്ലാഹുവിന്റെ ദാസന്മാരെ! നിങ്ങള്‍ ചികിത്സിക്കുക. അല്ലാഹു എല്ലാ രോഗത്തിനും ഔഷധം നിശ്ചയിച്ചിട്ടുണ്ട്. ഒരു രോഗമൊഴികെ. അഥവാ, വാര്‍ധക്യം' (അഹ്മദ്, ഇബ്‌നു ഹിബ്ബാന്‍). 'നിങ്ങള്‍ ചികിത്സിക്കുക. നിഷിദ്ധമായ വസ്തുക്കള്‍ കൊണ്ട് ചികിത്സിക്കരുത്' (അബൂദാവൂദ്).
വസ്ത്രത്തിന്റെ വിഷയവും അപ്രകാരം തന്നെ. പുരുഷന്മാര്‍ പട്ടുവസ്ത്രം- അതുപോലെ സ്വര്‍ണവും- ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടിട്ടുണ്ട്. വസ്ത്രം വലിച്ചിഴക്കുന്നതിനെതിരിലും ശക്തമായ താക്കീതുകള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളുണ്ട്. ചിലത് 'അഹങ്കാരത്തോടെ' എന്ന ഉപാധിയോടെയാണെങ്കില്‍ ചിലതില്‍ ഉപാധികളില്ല. ഉപാധികളില്ലാത്തതിനെ ഉപാധിയുളളതുമായി ബന്ധപ്പെടുത്തി മനസ്സിലാക്കണം. അതിനാല്‍ പ്രവാചകനെ പിന്തുടര്‍ന്ന് വസ്ത്രത്തിന്റെ നീളം കുറക്കുന്നവന് പ്രതിഫലം ലഭിക്കും.
(51,52 ¢U Éhƒ¡V™²dG - IQƒ¡Ê×Gh ‡a™©ÙG Q~¡Ÿe ‡¾¡dG)
പ്രമുഖ ടുണീഷ്യന്‍ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ശൈഖ് ഇബ്‌നു ആശൂര്‍ എഴുതുന്നതിങ്ങനെ: 'റസൂല്‍ തിരുമേനി തന്റെ ഗാര്‍ഹിക ജീവിതത്തിലും നിത്യജീവിതത്തിലും ചെയ്യുന്ന കുറെകാര്യങ്ങള്‍, സമുദായം പിന്തുടരണമെന്നോ അവക്ക് നിയമസ്വഭാവമുണ്ടെന്നോ ഉദ്ദേശിക്കാത്തവയാണ്. നബിതിരുമേനി സ്വന്തം പ്രകൃതമനുസരിച്ച് ചെയ്യുന്ന പല കാര്യങ്ങളും സമുദായത്തോട് അപ്രകാരം ചെയ്യാന്‍ ആവശ്യപ്പെടാത്തതാണ്. ഓരോരുത്തര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. ഭക്ഷണരീതികള്‍, വസ്ത്രരീതികള്‍, ഉറക്കം, നടത്തം, വാഹനോപയോഗം തുടങ്ങിയവപോലെ... സുജൂദിലേക്ക് കുനിയുമ്പോള്‍ രണ്ടു കാലുകള്‍ക്കും മുമ്പേ രണ്ടു കൈകള്‍ കുത്തുന്നത് ഇതിന്നുദാഹരണമാണ്.' സുബ്ഹ് നമസ്‌കാരത്തിന്റെ സുന്നത്തിനുശേഷം വലതുവശത്തേക്ക് ചെരിഞ്ഞ് നബി(സ) കിടക്കാറുണ്ടായിരുന്നു എന്ന ഹദീസും ഈ ഗണത്തിലാണ് ഇബ്‌നു ആശൂര്‍ എണ്ണുന്നത്.
ഡോ. യൂസുഫുല്‍ ഖറദാവിയുടെ അഭിപ്രായത്തില്‍, പ്രവാചകനില്‍ നിന്നുദ്ധരിക്കപ്പെടുന്ന ഗണ്യമായൊരുഭാഗം ചികിത്സാരീതിയും ഔഷധവസ്തുക്കളുമെല്ലാം ഇക്കൂട്ടത്തില്‍ പെട്ടതാണ്. നാട്ടറിവിന്റെയും അനുഭവജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ തിരുമേനി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍. അവ ദൈവ പ്രോക്തമോ മതപരമായി പിന്തുടേരണ്ടതോ അല്ല. അതിനാല്‍ തന്നെ അവയില്‍ ശാസ്ത്ര വിരുദ്ധതയും യുക്തിഭംഗവുമൊക്കെ ഉണ്ടായേക്കാം. നിരവധി ഉദാഹരണങ്ങള്‍ നിരത്തി ഇക്കാര്യം അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. ഭക്ഷണത്തില്‍ ഈച്ച വീണാല്‍ അതിനെ മുക്കി പുറത്തെടുത്ത് കളയണമെന്നും 'മദീനയിലെ ഏഴുകാരക്ക പ്രാതലായി കഴിച്ചാല്‍ അതേ ദിവസം വിഷമോ സിഹ്‌റോ ബാധിക്കുകയില്ല' എന്നും 'പശുവിന്റെ പാല്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക, അത് ഔഷധമാണ്. അതിന്റെ വെണ്ണയില്‍ രോഗശമനമുണ്ട്. എന്നാല്‍ അതിന്റെ മാംസം ഉപേക്ഷിക്കുക. പ്രസ്തുത മാംസം രോഗകാരണമാകും' എന്നെല്ലാമുള്ള ഹദീസുകള്‍ അദ്ദേഹം വിശകലനം ചെയ്യുന്നു. ഈ ഹദീസുകള്‍ നിയമസ്വഭാവമുള്ളതും മതപരവുമാണോ? സ്വന്തം ഹിതമനുസരിച്ച് പറഞ്ഞ ഇനത്തില്‍ പെട്ടതല്ലോ? നിയമ സ്വഭാവമുണ്ടെങ്കില്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ എപ്പോഴും വസ്തുതകള്‍ക്ക് യോജിച്ചു കാണണം. എന്നാല്‍ മാട്ടിറച്ചി ഇന്ന് ലോകം മുഴുവന്‍ തിന്നുന്നു. മുസ്‌ലിം ലോകവും മുസ്‌ലിം സമൂഹവും നൂറ്റാണ്ടുകളായി അതാഹരിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു രോഗവും അവര്‍ക്ക് കണ്ടെത്താനായിട്ടില്ല. നബി(സ) തന്നെ മാടിനെ ഉദ്ഹിയ്യത്തായി അറുത്തിട്ടുണ്ട്. ഹജ്ജ് വേളയില്‍ അതിനെ അറുക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഏതായാലും വൈദ്യശാസ്ത്രം പഠിപ്പിക്കാനല്ല പ്രവാചകന്‍ നിയുക്തനായത്. തിരുമേനിയുടെ ഇത്തരം പ്രസ്താവനകള്‍ മുസ്‌ലിം സമുദായം കാലാകാലങ്ങളില്‍ നിരുപാധികം സ്വീകരിച്ചിട്ടുമില്ല. പരിഗണനീയരായ പണ്ഡിതന്മാര്‍ അങ്ങനെ പറഞ്ഞിട്ടുമില്ല.
p. 80-87 - IQƒ¡Ê×Gh ‡a™©»¸d GQ~¡Ÿe ‡¾¡dG
ഇക്കാര്യം നേരത്തെ ഇബ്‌നു ഖല്‍ദൂന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ 'മുഖദ്ദിമ'യില്‍ അദ്ദേഹം എഴുതി: ŠƒÇY™¡ždG Åa ºÄ²¾ÙG ശര്‍ഈ വിഷയങ്ങളായി ഉദ്ധരിക്കപ്പെടുന്ന ചികിത്സാരീതി ഈ ഇനത്തില്‍ പെട്ടതാണ്. (അഥവാ, പ്രവാചക ദൗത്യത്തിന്റെ ഭാഗമല്ല) അതും വഹ്‌യുമായി ബന്ധമില്ല. അറബികളില്‍ നടന്നുവന്നിരുന്ന ചില നടപ്പു രീതികള്‍ മാത്രമാണവ. പ്രവാചകനില്‍നിന്ന് അത്തരം കാര്യങ്ങള്‍ ഉദ്ധരിക്കപ്പെടുന്നത്, നാട്ടുനടപ്പും പൊതുസമ്പ്രദായവും എന്ന നിലക്കാണ്. മതപരമായി അനുഷ്ഠിക്കേണ്ട പ്രവൃത്തി എന്ന നിലക്കല്ല. തിരുമേനി നിയുക്തനായത് നമ്മെ മതവിധികള്‍ പഠിപ്പിക്കാനാണ്. ചികിത്സാരീതികളോ മറ്റു സമ്പ്രദായങ്ങളോ പഠിപ്പിക്കാനല്ല (വാ: 3 പേ: 1243, 1244).
ദൈവദൂതന്‍ എന്നതു പോലെത്തന്നെ പ്രവാചകന്‍ ഒരു മനുഷ്യനുമാണ്. മനുഷ്യസഹജമായ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍ തിരുമേനിയില്‍ പ്രകടമാകും. തന്റേതായ ഇഷ്ടാനിഷ്ടങ്ങളും കാണും. അവക്കൊന്നും മതവിധികളുടെ നിലപാടില്ല. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ചിലത് പറയും. ചിലത് തിരുത്തും. അതൊന്നും 'വഹ്‌യ്' അല്ല. 'പകര്‍ച്ചവ്യാധിയെന്നൊന്നില്ല' എന്നും രോഗം പകരുന്നതാണെങ്കില്‍ 'ആദ്യത്തേതിന് രോഗം പകര്‍ത്തിയതാരാണെന്നും ചോദിക്കുന്ന പ്രവാചകന്‍ തന്നെ 'സിംഹത്തില്‍നിന്ന് ഓടുന്നത് പോലെ കുഷ്ഠരോഗിയില്‍ നിന്നകന്നുനില്‍ക്കുക'യെന്നും 'രോഗമുള്ളതിനെ രോഗമില്ലാത്തതിന്റെ കൂടെ നിര്‍ത്തരുതെ'ന്നും 'ഒരു നാട്ടില്‍ പ്ലേഗ് പടര്‍ന്നിട്ടുണ്ടെന്ന് കേട്ടാല്‍ അങ്ങോട്ടു പോകരു'തെന്നും നിര്‍ദേശിക്കുന്നു. ഇവയെല്ലാം സന്ദര്‍ഭോചിതമായ ചില പരാമര്‍ശങ്ങളാകാനേ തരമുള്ളൂ. ഈത്തപ്പനയുടെ പരാഗണത്തെക്കുറിച്ച് നബി(സ) തന്നെ വ്യക്തമാക്കിയതുപോലെ 'അതെന്റെ ഒരു അനുമാനം മാത്രമായിരുന്നു' (ƒ¾X ‰¾¾X ƒäEG) എന്ന് മനസ്സിലാക്കുന്നതാണുത്തമം. അങ്ങനെയാകുമ്പോള്‍ പല പണ്ഡിതരും പറഞ്ഞതുപോലെ ആദ്യ പ്രസ്താവനയെ രണ്ടാമത്തേത് 'നസ്ഖ്' (ദുര്‍ബലപ്പെടുത്തി) ചെയ്തുവെന്ന മുട്ടുശാന്തി ഒഴിവാക്കാം.
യുദ്ധമുതലായി ലഭിച്ച ഖൈബറിലെ ഭൂമി നബി(സ) പട്ടാളക്കാര്‍ക്കിടയില്‍ വീതിച്ചപ്പോള്‍ പലരും ധരിച്ചത് അതവരുടെ അവകാശമാണെന്നാണ്. ഈ നടപടിക്രമം ഒരു പതിവായി മാറി. എന്നാല്‍ ഇറാഖില്‍നിന്ന് ധാരാളമായി ഭൂപ്രദേശങ്ങള്‍ മുസ്‌ലിംകള്‍ക്ക് കൈവന്നപ്പോള്‍ പ്രസ്തുത ഭൂമിയെ ഖലീഫ ഉമര്‍ പൊതുമുതലില്‍ ലയിപ്പിക്കുകയാണ് ചെയ്തത്. താന്‍ സ്വീകരിച്ച രീതി പ്രവാചകവിധിക്കെതിരല്ലെന്നും ഒരു ഭരണാധികാരി എന്ന നിലക്ക് അക്കാലത്ത് സ്വീകരിക്കേണ്ട യുക്തമായ നടപടി സ്വീകരിക്കുകയാണ് നബി ചെയ്തതെന്നും ഉമര്‍(റ) മനസ്സിലാക്കി. ഇതേ രീതി തുടര്‍ന്നാല്‍ കുത്തക മുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും ഒരു പുതിയ വിഭാഗം ഉടലെടുക്കുമെന്നും സാമ്പത്തികമായ കടുത്ത അസമത്വങ്ങള്‍ക്ക് അത് കാരണമാകുമെന്നും അദ്ദേഹം ചിന്തിച്ചു. നബിയുടേത് ഒരു മതവിധിയാണെന്ന് ധരിച്ചിരുന്നുവെങ്കില്‍ ഒരിക്കലും അതിന്നദ്ദേഹം മുതിരുമായിരുന്നില്ല.
ഹനഫി മദ്ഹബിലും തത്തുല്യമായ നിരീക്ഷണങ്ങള്‍ കാണാം. 'അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ വ്യഭിചരിച്ചാല്‍ നൂറടിയും ഒരുകൊല്ലം നാടുകടത്തലു'മാണ് ശിക്ഷയെന്ന് പറയുന്ന നബിവചനം അവര്‍ മനസ്സിലാക്കുന്നത്, ഈ കുറ്റത്തിന്റെ ശിക്ഷ ഖുര്‍ആന്‍ പറഞ്ഞതു പോലെ നൂറടിയാണ്. നാടുകടത്തണമോ വേണ്ടയോ എന്ന് ന്യായാധിപന് ഔചിത്യമനുസരിച്ച് തീരുമാനിക്കാം എന്നാണ്. പ്രവാചകന്റെ ഈ മൊഴി എല്ലാ സാഹചര്യത്തിലും പിന്തുടരേണ്ട കല്‍പനയല്ല എന്നര്‍ഥം.
ചുരുക്കത്തില്‍ നബി(സ)യുടെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വ്യത്യസ്ത സ്വഭാവമുണ്ടായിരുന്നുവെന്ന് സ്വഹാബതിന്റെ കാലം മുതലേ തിരിച്ചറിഞ്ഞിട്ടുണ്ട്. പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാര്‍ അതെക്കുറിച്ച് ബോധവാന്മാരായിരുന്നു. എന്നാല്‍ അവ വിവേചിച്ച് മനസ്സിലാക്കുന്നതില്‍ ആശയക്കുഴപ്പങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സൂക്ഷ്മമായ പഠനവും വിലയിരുത്തലും ഈ വിഷയകമായി ഇനിയും നടക്കേണ്ടിയിരിക്കുന്നു. ഒട്ടേറെ ഹദീസുകളെക്കുറിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് അതുവഴി പരിഹാരമാകും. അതേസമയം സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ അപകടത്തില്‍ ചാടാനും നല്ല സാധ്യതയുണ്ട്.

© Bodhanam Quarterly. All Rights Reserved

Back to Top