ഖുര്‍ആനിലെ പദകൗതുകങ്ങള്‍: اَلجِسْم ................... اَلْجَسَد الذَّنُوب ................... الذُّنُوب
ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി
അക്ഷരങ്ങളിലും അര്‍ഥത്തിലും ഏതാണ്ട് ഒരുപോലെയുള്ള രണ്ടു ഖുര്‍ആനിക പദങ്ങളാണ് الجِسْم ............. الجَسَد എന്നിവ. എങ്കിലും ഖുര്‍ആനില്‍ ഇവ തമ്മിലുള്ള അന്തരമെന്ത്? മനുഷ്യശരീരത്തിന് എപ്പോഴാണ് 'ജിസ്മ്' എന്നു പ്രയോഗിക്കുക, ജസദ് എന്ന് പ്രയോഗിക്കുക?
الجِسْمْ (ജീവനുള്ള ശരീരം)
ഖുര്‍ആനില്‍ രണ്ടിടത്ത് 'ജിസ്മ്' പ്രയോഗിച്ചിരിക്കുന്നു. ഇസ്റാഈല്‍ സന്തതികളുടെ രാജാവാകാനുള്ള യോഗ്യത വിവരിക്കവെ ത്വാലൂത്തിനെ പറ്റി ഖുര്‍ആന്‍ പറയുന്നു:
إِنَّ ٱللَّهَ ٱصْطَفَىٰهُ عَلَيْكُمْ وَزَادَهُۥ بَسْطَةً فِى ٱلْعِلْمِ وَٱلْجِسْمِ
'തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തെ നിങ്ങളുടെ മേല്‍ സവിശേഷം തെരഞ്ഞെടുക്കുകയും അദ്ദേഹത്തിന് വിജ്ഞാനത്തിലും ശരീരത്തിലും വിശാലത നല്‍കുകയും ചെയ്തിരിക്കുന്നു' (ബഖറ: 247).
ഹൃദയങ്ങളെ അഗണ്യമാക്കി ശരീരങ്ങള്‍ക്കും, ഉള്ളടക്കവും ആശയവും അവഗണിച്ച് രൂപങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്ന കപടവിശ്വാസികളെ പറ്റി ഖുര്‍ആന്‍ പറയുന്നു:
وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ وَإِن يَقُولُوا۟ تَسْمَعْ لِقَوْلِهِمْ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ
'നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്കു കേട്ടിരുന്നുപോകും' (മുനാഫിഖൂന്‍: 4).
മുകളിലെ രണ്ടു സൂക്തങ്ങളിലും 'ജിസ്മ്', 'അജ്സാം' എന്നീ പദങ്ങള്‍ ജീവനുള്ള ശരീരത്തെയാണ് വിവക്ഷിക്കുന്നതെന്ന് വ്യക്തം. ത്വാലൂത്ത് ജീവനുള്ള രാജാവാണ്. കപടവിശ്വാസികള്‍ സംസാരിക്കുന്നവരും ജീവിച്ചിരിക്കുന്നവരുമാണ്.
الجَسَد (ജീവനില്ലാത്ത ശരീരം)
'ജസദ്' എന്ന പദം ഖുര്‍ആനില്‍ നാലു തവണ പ്രയോഗിച്ചിരിക്കുന്നു. മൂസാ നബിയുടെ അഭാവത്തില്‍ സാമിരി ഇസ്റാഈല്‍ സന്തതികള്‍ക്കായി നിര്‍മിക്കുകയും ഇബാദത്ത് ചെയ്യാനായി ക്ഷണിക്കുകയും ചെയ്ത പശുക്കുട്ടിയുടെ പ്രതിമയെക്കുറിച്ചാണ് ഒരു പരാമര്‍ശം:
وَٱتَّخَذَ قَوْمُ مُوسَىٰ مِنۢ بَعْدِهِۦ مِنْ حُلِيِّهِمْ عِجْلًا جَسَدًا لَّهُۥ خُوَارٌ
'മൂസായുടെ ജനത അദ്ദേഹം പോയതിനുശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ ശരീരത്തെ ദൈവമായി സ്വീകരിച്ചു' (അഅ്റാഫ്: 148).
فَأَخْرَجَ لَهُمْ عِجْلًا جَسَدًا لَّهُۥ خُوَارٌ فَقَالُوا۟ هَٰذَآ إِلَٰهُكُمْ وَإِلَٰهُ مُوسَىٰ فَنَسِىَ ﴿٨٨﴾ أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًا
'എന്നിട്ട് അവര്‍ക്ക് -ഇസ്റാഈല്യര്‍ക്ക്- അവന് സാമിരി- ലോഹം കൊണ്ട് മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ ശരീരരൂപം ഉണ്ടാക്കിക്കൊടുത്തു. അപ്പോള്‍ അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്. എന്നാല്‍ അത് ഒരു വാക്ക് പോലും അവരോട് മറുപടി പറയുന്നില്ല എന്നവര്‍ കാണുന്നില്ലേ?' (ത്വാഹാ: 88, 89).
സുലൈമാന്‍ നബിയുടെ ചാപ്പിള്ളയായി ജനിച്ച മകനെ സൂചിപ്പിക്കാനാണ് മറ്റൊരിടത്ത് 'ജസദ്' എന്ന് സൂചിപ്പിച്ചത്:
وَلَقَدْ فَتَنَّا سُلَيْمَٰنَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِۦ جَسَدًا ثُمَّ أَنَابَ
'സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സിംഹാസനത്തിന്മേല് നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി' (സ്വാദ് 34).
ഇതു സംബന്ധമായി ബുഖാരി അബൂഹുറൈറയില്‍നിന്ന് ഉദ്ധരിക്കുന്നു:
عَنِ النَّبِيِّ صلى الله عليه وسلم قَالَ : قَالَ سُلَيْمَانُ بْنُ دَاوُدَ : لأَطُوفَنَّ اللَّيْلَةَ عَلَى سَبْعِينَ امْرَأَةً تَحْمِلُ كُلُّ امْرَأَةٍ فَارِسًا يُجَاهِدُ فِي سَبِيلِ اللَّهِ، فَقَالَ لَهُ صَاحِبُهُ إِنْ شَاءَ اللَّهُ. فَلَمْ يَقُلْ، وَلَمْ تَحْمِلْ شَيْئًا إِلاَّ وَاحِدًا سَاقِطًا إِحْدَى شِقَّيْهِ ”. فَقَالَ النَّبِيُّ صلى الله عليه وسلم: لَوْ قَالَهَا لَجَاهَدُوا فِي سَبِيلِ اللَّهِ.
നബി(സ)യില്നിന്ന്: ''ദാവൂദിന്റെ മകന് സുലൈമാന്‍ പറഞ്ഞു: 'ഇന്നു രാത്രി ഞാന്‍ എഴുപതു ഭാര്യമാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടും. ഓരോ ഭാര്യയും അല്ലാഹുവിന്റെ മാര്‍ഗത്തിലെ ഓരോ പോരാളിയെ ഗര്‍ഭം ചുമക്കും.' അപ്പോള്‍ അദ്ദേഹത്തിന്റെ കൂട്ടുകാരന് പറഞ്ഞു: 'അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍.' പക്ഷേ സുലൈമാന്‍ നബി അതു പറഞ്ഞില്ല (അഥവാ പറയാന്‍ മറന്നുപോയി). തല്‍ഫലമായി ഒരു ഭാര്യയല്ലാതെ ഗര്ഭിണിയായില്ല. അതു തന്നെയും ഒരുവശം ചാപ്പിള്ളയായ കുഞ്ഞായിരുന്നു.'' ഇതേപ്പറ്റി നബി(സ) പറഞ്ഞു: 'അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ ജനിക്കാമായിരുന്ന മക്കളെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്തേനെ.'1
'ഇന്‍ശാ അല്ലാഹ്!' (അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍) എന്നു പറയേണ്ടതിന്റെ പ്രാധാന്യമാണ് ഇവിടെ പ്രതിപാദ്യം.
നബിമാരെല്ലാവരും ചലിക്കുന്ന ശരീരങ്ങളാണെന്നും ജൈവസഹജമായ വികാരവിചാരങ്ങളുള്ളവരാണെന്നും സ്ഥാപിക്കാനായി ഇടപെട്ടപ്പോള്‍ 'ജസദ്' എന്ന് പ്രയോഗിച്ചിരിക്കുന്നു:
وَمَآ أَرْسَلْنَا قَبْلَكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ﴿٧﴾ وَمَا جَعَلْنَٰهُمْ جَسَدًا لَّا يَأْكُلُونَ ٱلطَّعَامَ وَمَا كَانُوا۟ خَٰلِدِينَ ﴿٨﴾
'നിനക്കു മുമ്പ് മനുഷ്യരെയല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ചുനോക്കുക. അവരെ (നബിമാരെ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരുന്നുമില്ല' (അമ്പിയാഅ്: 7,8).
ഇവിടെ 'ജസദ്' എന്നതിന്റെ വിവക്ഷ നിര്‍ജീവ വസ്തുവാണ്. ജീവിച്ചിരിക്കുന്ന, ചലനാത്മകമായ മുഹമ്മദ് നബിയുടെ വ്യക്തിത്വം 'ജസദ്' അല്ലെന്ന് ഉണര്‍ത്തുകയാണ്. ചുരുക്കത്തില്‍ 'ജസദ്' എന്നത് ജീവനില്ലാത്ത പ്രതിമക്കോ, മരണം സംഭവിച്ചുകഴിഞ്ഞ മനുഷ്യന്റെ മൃതദേഹത്തിനോ ആണ് ഉപയോഗിക്കുക.
** ** **
الذَّنُوب .................. الذُّنُوب
ذنَب എന്ന പദത്തില്‍നിന്ന് നിഷ്പന്നമായ സമാനമായ പദങ്ങളാണ് ذُنُوب ، ذَنُوب എന്നിവ. ഇമാം റാഗിബ് 'മുഫ്റദാത്തി'ല്‍ എഴുതുന്നു:
ذَنَب الدّابّة وغيرِهَا معروف ويُعبّر به عن المتأخّر والرَّذْل. يُقال: هم اَذْناب القوم.
''മൃഗങ്ങളുടെയും മറ്റു 'ദനബ്' (വാല്) എന്നത് സുജ്ഞാതമാണ്. 'ദനബ്' എന്ന പദം പിന്നാക്കത്തെയും അധമത്വത്തെയും ഹീനത്വത്തെയും സൂചിപ്പിക്കുന്നു. 'അദ്നാബുല് ഖൗം' എന്നാല്‍ 'ഒരു ജനതയുടെ അനുഗാമികള്‍' (أَتْبَاعْ) എന്നര്‍ഥം.
ذَنُوب എന്നാല്‍ നീണ്ട വാലുള്ള കുതിര നീണ്ട ബക്കറ്റ് എന്നര്‍ഥം. വിഹിതം എന്ന അര്‍ഥത്തില്‍ ആലങ്കാരികമായി ذَنُوب ഉപയോഗിക്കാറുണ്ട്. ذَنْبْ എന്നാല്‍ ഒരു വസ്തുവിന്റെ വാലു പിടിക്കുക എന്നാണ് അടിസ്ഥാനാശയം. വസ്തുവിന്റെ വാല് എന്നതു പരിഗണിച്ച്, ദുരന്താന്ത്യമുള്ള എല്ലാ പ്രവൃത്തിക്കും ذَنْبْ (പാപം) എന്ന് പ്രയോഗിക്കും.
ذَنْبْ എന്നതിന്റെ ബഹുവചനം ذُنُوب (പാപങ്ങള്‍) എന്നാണ്'' (അല്‍ മുഫ്റദാത്തു ഫീ ഗരീബില്‍ ഖുര്‍ആന്‍, പേ: 181). ഖുര്‍ആനില്‍ ഒരു സൂക്തത്തില്‍ രണ്ടു തവണ ذَنُوب വന്നിരിക്കുന്നു:
فَإِنَّ لِلَّذِينَ ظَلَمُوا۟ ذَنُوبًا مِّثْلَ ذَنُوبِ أَصْحَٰبِهِمْ فَلَا يَسْتَعْجِلُونِ
'തീര്‍ച്ചയായും അക്രമം ചെയ്തവര്‍ക്ക് (പൂര്‍വികരായ) തങ്ങളുടെ കൂട്ടാളികള്‍ക്ക് ലഭിച്ച വിഹിതം പോലെയുള്ള വിഹിതം തന്നെയുണ്ട്. അതിനാല്‍ എന്നോട് അവര്‍ ധൃതി കൂട്ടാതിരിക്കട്ടെ' (ദാരിയാത്ത്: 59). അതായത്, മക്കയിലെ അക്രമികളായ ശത്രുക്കള്‍ക്ക്, ഇതര അക്രമികളായ ജനതയുടെ അതേ ഉത്തരവാദിത്വവും അവര്‍ക്കു ലഭിച്ച ശിക്ഷാവിഹിതവും ലഭിക്കുക തന്നെ ചെയ്യുമെന്ന് സാരം.
ചുരുക്കത്തില്‍, വസ്തുവിനു പിന്നില്‍ വാല് എന്ന പോലെ, ഉത്തരവാദിത്വത്തിലും തുടര്‍ച്ചയിലും വ്യക്തിയുടെ സ്വാഭാവിക വിഹിതം എന്ന അര്‍ഥത്തില്‍ വലിയ വാലു(പിടി)യുള്ള ബക്കറ്റാണ് ذَنُوبഎന്നു പറയാം.
എന്നാല്‍ ذُنُوب എന്ന് ഉകാരത്തോടെയുള്ള പദം ذَنْبْ (പാപം) എന്നതിന്റെ ബഹുവചനമാണ്. ഇരുപത്തിയാറു തവണ മേല്‍പദം ഖുര്‍ആനില്‍ വന്നിട്ടുണ്ട്. ഉദാ:
كَدَأْبِ ءَالِ فِرْعَوْنَ وَٱلَّذِينَ مِن قَبْلِهِمْ كَفَرُوا۟ بِـَٔايَٰتِ ٱللَّهِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ إِنَّ ٱللَّهَ قَوِىٌّ شَدِيدُ ٱلْعِقَابِ
'ഫിര്‍ഔന്റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലത്തന്നെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും, അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടുകയും ചെയ്തു. തീര്‍ച്ചയായും അല്ലാഹു ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു' (അന്‍ഫാല്‍: 52).
ذَنْبْ (പാപം) എന്നതിന്റെ ബഹുവചനമായ ذُنُوب (പാപങ്ങള്‍) എന്ന പദവും ذَنْبْ (വാല്) എന്ന അര്‍ഥമുള്ള ഏകവചനമായ ذَنُوب എന്ന പദവും തമ്മില്‍ ആശയപരമായ ബന്ധമുണ്ട്. മനുഷ്യന് തെറ്റു ചെയ്യുമ്പോള്‍ വസ്തുക്കളുടെ വാലു പിടിക്കും പോലെയാണ്, വിലകുറഞ്ഞ ചിന്തകളും പ്രവൃത്തികളും വാക്കുകളും സ്വീകരിക്കുന്നതുപോലെയാണ്. കുറ്റവാളികളെ വിചാരണ ചെയ്യാനായി അവര്‍ ചെയ്ത പാപങ്ങളെ വലിയ ബക്കറ്റില്‍(ذَنُوب) കോരിയെടുത്തു കൊണ്ടുവന്നതുപോലുള്ള പ്രതീതി മേല്‍ രണ്ടുപദങ്ങളും (ذُنُوب ، ذَنُوب) കേള്‍ക്കുന്ന മാത്രയില്‍ ശ്രോതാവില്‍ സംജാതമാവുന്നു.