എല്ലാ കാഫിറും 'കാഫിറ'ല്ല
ഡോ. യൂസുഫുല്‍ ഖറദാവി
ചോദ്യം: കുഫ്‌റിന്റെയും കാഫിറിന്റെയും വിവക്ഷയെന്താണ്? അമേരിക്കക്കാരെ കാഫിറുകളായി ഗണിക്കാമോ? വ്യക്തികള്‍ എന്ന നിലക്കും സമൂഹം എന്ന നിലക്കും ഈ വിഭാഗത്തോട് നാമെങ്ങനെ ഇടപെടും? കാഫിറുകളുമായുള്ള നമ്മുടെ ബന്ധം സമരത്തിന്റെയും സംഘട്ടനത്തിന്റെയും ആയിരിക്കണമോ? അവരുടെ രാജ്യങ്ങള്‍ക്കും സിവിലിയന്മാര്‍ക്കും എതിരെ ഭീകര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാമോ? ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാമോ? മുസ്‌ലിം സമുദായത്തിനകത്തെ സംഘടനകളെയും വ്യക്തികളെയും വ്യത്യസ്താഭിപ്രായങ്ങള്‍ പുലര്‍ത്തുന്നതിന്റെ പേരില്‍ കാഫിറാക്കാമോ?
1. കുഫ്‌റിനു വ്യത്യസ്ത അര്‍ഥങ്ങളുണ്ട്.
ഒന്ന്, നിരീശ്വരത്വം അഥവാ ദൈവാസ്തിക്യനിഷേധം. പ്രവാചകത്വം, പാരത്രിക ജീവിതം എന്നിവ നിഷേധിക്കുന്നവരും. ഇന്ദ്രിയഗോചരമല്ലാത്തതിലൊന്നും വിശ്വസിക്കാത്ത പദാര്‍ഥവാദികളും ഈ വിഭാഗത്തില്‍ പെടുന്നു. ദൈവമില്ല, ജീവിതം കേവല ഭൗതികമാണ് എന്നാണവര്‍ പറയുന്നത്. ഈ പ്രപഞ്ചത്തിന് ഒരു നാഥനുണ്ടെന്നും മനുഷ്യന് ആത്മാവ് ഉണ്ടെന്നും അവര്‍ നിഷേധിക്കുന്നു. അല്ലാഹുവാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നത് ശരിയല്ലെന്നും മനുഷ്യനാണ് ദൈവത്തെ സൃഷ്ടിച്ചതെന്നും അവര്‍ വാദിക്കുന്നു. അഥവാ ദിവ്യത്വം എന്ന ആശയം മനുഷ്യന്‍ കെട്ടിച്ചമച്ച ഒരു ചിന്താഗതിയാണ് എന്നാണ് അവരുടെ കാഴ്ചപ്പാട്. ഇവരെ ഭൗതികവാദികളെന്ന് വിളിക്കുന്നു. അവരുടെ വാദം ഖുര്‍ആന്‍ ഉദ്ധരിക്കുന്നു:
وَقَالُوا۟ مَا هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَآ إِلَّا ٱلدَّهْرُ
(ജീവിതം എന്നത് ഈ ലോകത്ത് മാത്രം, നാം മരിക്കുന്നു, ജീവിക്കുന്നു. കാലമാണ് നമ്മെ നശിപ്പിക്കുന്നത് - അല്‍ ജാസിയ: 24).
ബഹുദൈവത്വ വിശ്വാസമാണ് മറ്റൊരു കുഫ്ര്‍. ഏകദൈവത്വം അവര്‍ അംഗീകരിക്കുന്നില്ല. ബഹുദൈവത്വമാണ് അവര്‍ സ്വീകരിക്കുന്നത്. ദൈവത്തിനു പുറമെ സൂര്യ-ചന്ദ്രാദി ഗോളങ്ങളെയും പശു പോലുള്ള മൃഗങ്ങളെയും ചില വൃക്ഷങ്ങള്‍, ജിന്നുകള്‍, മനുഷ്യര്‍, ബിംബങ്ങള്‍, ശിലകള്‍-എന്നിവയെയെല്ലാം അവര്‍ ദൈവങ്ങളാക്കിവെക്കുന്നു. മിക്ക സമുദായങ്ങളിലും ഇത് വ്യാപകമാണ്. ഇതില്‍നിന്ന് മോചിപ്പിക്കുന്നതിനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. എല്ലാ പ്രവാചകന്മാരുടെയും ആദ്യത്തെ ആഹ്വാനം
يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ
(എന്റെ സമുദായമേ! നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. അവനല്ലാതെ നിങ്ങള്‍ക്ക് മറ്റൊരു ദൈവമില്ല -അല്‍അഅ്‌റാഫ്: 59) എന്നായിരുന്നു. ജാഹിലിയ്യാകാലത്തെ അറബികള്‍ മുഹമ്മദ് നബി പഠിപ്പിച്ച ഏകദൈവത്വത്തില്‍ വിശ്വസിക്കുന്നതുവരെ ഈ ശിര്‍ക്കില്‍ ആയിരുന്നു.
ഇസ്‌ലാം മതവും മുഹമ്മദ് നബിയുടെ പ്രവാചകത്വവും നിഷേധിക്കുക എന്ന അര്‍ഥത്തിലുള്ള കുഫ്ര്‍ മറ്റൊന്നാണ്. മുഹമ്മദ് നബി ദൈവിക പ്രവാചകനാണെന്ന് വിശ്വസിക്കാതിരിക്കുക, വിശുദ്ധ ഖുര്‍ആന്‍ ദൈവം അദ്ദേഹത്തിന് നല്‍കിയ വേദഗ്രന്ഥമാണെന്ന് അംഗീകരിക്കാതിരിക്കുക, മുഹമ്മദീയ പ്രവാചകത്വവും ഖുര്‍ആനും ഇസ്‌ലാമും നിഷേധിക്കുക എന്നതാണത്. അത്തരക്കാര്‍ ജൂതന്മാരോ ക്രിസ്ത്യാനികളോ ആയേക്കാം. അവരുടെ കുഫ്ര്‍ അവര്‍ ബിംബാരാധകരായ ബഹുദൈവ വിശ്വാസികളോ ദൈവത്തെ അംഗീകരിക്കാത്ത നിരീശ്വരവാദികളോ ആണെന്ന അര്‍ഥത്തിലല്ല, മുഹമ്മദ് നബിയെ നിഷേധിക്കുന്നവര്‍ എന്ന നിലയില്‍ മാത്രമാണ്. അവരെയാണ് ഖുര്‍ആന്‍ വേദക്കാരില്‍പെട്ട നിഷേധികള്‍ എന്ന് വിശേഷിപ്പിച്ചത്:
لَمْ يَكُنِ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ وَٱلْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ ٱلْبَيِّنَةُ
(വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും പെട്ട കാഫിറുകള്‍ (അവിശ്വാസികള്‍) വ്യക്തമായ അമാനുഷ ദൃഷ്ടാന്തം വന്നെത്തുന്നതുവരെ സ്വന്തം നിലയില്‍ നിന്ന് വിരമിക്കുകയില്ല - അല്‍ബയ്യിന: 1).
എല്ലാ മതക്കാരും അവരുടെ മതത്തെ നിഷേധിക്കുന്നവരെ അവിശ്വാസിയായി പരിഗണിക്കും. ഇതവരുടെ അവകാശമാണ്. ഇസ്‌ലാമിനെ ദൈവിക മതമായി ഇന്നേവരെ വത്തിക്കാന്‍ അംഗീകരിച്ചിട്ടില്ല. കൈറോവില്‍ ചേര്‍ന്ന ഇസ്‌ലാം-ക്രൈസ്തവ സംവാദ സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ ഇസ്‌ലാമിനെ ദൈവിക മതമായും അതിന്റെ മൂല്യങ്ങളെ ദൈവിക മൂല്യങ്ങളായും അംഗീകരിക്കാന്‍ വിസമ്മതിക്കുകയുായി.
2. മുകളില്‍ പറഞ്ഞ മൂന്ന് അര്‍ഥങ്ങളില്‍ കുഫ്‌റിനെ മനസ്സിലാക്കിയാല്‍ പാശ്ചാത്യര്‍, വിശിഷ്യാ അമേരിക്ക (യു.എസ്) ഇതില്‍ ഏത് ഗണത്തില്‍പെടുമെന്ന് തീരുമാനിക്കാം. നിരീശ്വരര്‍ എന്ന വിവക്ഷയില്‍ ഇവര്‍ കാഫിറുകളല്ല; അവരുടെ കൂട്ടത്തില്‍ നിരീശ്വരവാദികളും ഒരു മതത്തിലും വിശ്വസിക്കാത്തവരും ഉങ്കെിലും. ബിംബാരാധകര്‍ എന്ന വിവക്ഷ പ്രകാരവും അവര്‍ കാഫിറുകളല്ല. എന്നാലവര്‍ മുഹമ്മദ് നബിയുടെ ദീനിനെ നിഷേധിക്കുന്നവരാണ്. അത് അവര്‍പോലും നിഷേധിക്കാത്ത യാഥാര്‍ഥ്യമാണ്.
അല്ലാഹു പറയുന്നു:
وَلَوْ ءَامَنَ أَهْلُ ٱلْكِتَٰبِ لَكَانَ خَيْرًا لَّهُم مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَٰسِقُونَ
(വേദക്കാര്‍ വിശ്വസിക്കുകയാണെങ്കില്‍ അതാകുമായിരുന്നു അവര്‍ക്ക് ഗുണകരം. അവരുടെ കൂട്ടത്തില്‍ വിശ്വാസികളുണ്ട്. പക്ഷേ, അധിക പേരും അധര്‍മികളാണ് -ആലു ഇംറാന്‍: 110).
വലിയൊരു ഭാഗം മുസ്‌ലിംകളും അമേരിക്കയും തമ്മില്‍ നടക്കുന്ന തര്‍ക്കം കുഫ്‌റിന്റെ പേരിലല്ല. അക്രമത്തിന്റെ പേരിലാണ്. മുസ്‌ലിംകള്‍ അമേരിക്കക്കാരെ കാണുന്നത് മര്‍ദകരും സിയണിസ്റ്റുകളുമായി പക്ഷം ചേരുന്നവരും ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു നടക്കുന്നവരുമെന്ന നിലക്കാണ്. അവര്‍ സ്വയം പേരിട്ട് വിളിക്കുന്ന ഭീകരവാദത്തെ പ്രതിരോധിക്കുക എന്ന പേരിലാണിതെല്ലാം. നിയമാനുസൃതമായ എല്ലാ ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളെയും അതിലവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നിട്ടവര്‍ പറയുന്നു: ആര്‍ ഞങ്ങളോടൊപ്പമല്ലയോ അവര്‍ ഭീകരതക്കൊപ്പമാണ്.
3. മുസ്‌ലിംകള്‍ അവരുടെ മതത്തെ നിഷേധിക്കുന്ന അവിശ്വാസികളുമായി എങ്ങനെ സഹവര്‍ത്തിക്കണം? അവര്‍ക്കിടയിലെ ബന്ധം സംഘട്ടനത്തിന്റെയോ സൗഹാര്‍ദത്തിന്റെയോ? സമാധാനത്തിന്റെയോ സമരത്തിന്റെയോ? പക്ഷപാതിത്വത്തിന്റെയോ സഹിഷ്ണുതയുടെയോ?
കാഫിറുകള്‍ എന്ന പദംകൊ് ഖുര്‍ആന്‍ എതിരാളികളെ അഭിസംബോധന ചെയ്തിട്ടില്ലെന്ന് ആദ്യമേ വ്യക്തമാക്കാന്‍ ഞാനുദ്ദേശിക്കുന്നു. മക്കയിലെ ബഹുദൈവ വിശ്വാസികളെ 'മനുഷ്യരേ' എന്നും ജൂത-ക്രൈസ്തവ വിഭാഗങ്ങളെ 'വേദക്കാരേ' എന്നുമായിരുന്നു ഖുര്‍ആന്‍ വിളിച്ചിരുന്നത്. ഒരിക്കല്‍ മാത്രമാണ് ബഹുദൈവ വിശ്വാസികളെ കാഫിറുകളെന്ന് അഭിസംബോധന ചെയ്തത്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്ന വിഷയിത്തില്‍ നീക്കുപോക്കിന് തയാറാകാന്‍ പ്രവാചകരെ അവര്‍ ക്ഷണിച്ച സന്ദര്‍ഭത്തില്‍ പറഞ്ഞു:
قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ ﴿١﴾ لَآ أَعْبُدُ مَا تَعْبُدُونَ ﴿٢﴾ وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ﴿٣﴾ وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ ﴿٤﴾ وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ﴿٥﴾ لَكُمْ دِينُكُمْ وَلِىَ دِينِ ﴿٦﴾
(കാഫിറുകളേ, നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുകയില്ല. നിങ്ങള്‍ ആരാധിച്ചതിനെ ഞാനും ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുകയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം - അല്‍ കാഫിറൂന്‍: 1-6).
ഇപ്രകാരം ഏകദൈവത്വത്തെ മുറുകെ പിടിക്കുകയും ബഹുദൈവത്വത്തെ ശക്തിയായി നിരാകരിക്കുകയും ചെയ്യുന്ന നിലപാട് തുടക്കത്തിലും അങ്ങേയറ്റത്തെ വിട്ടുവീഴ്ചയുടെ നിലപാട് ഒടുക്കത്തിലും.
ഞാന്‍ വ്യക്തിപരമായി എന്റെ ഗ്രന്ഥങ്ങളിലോ പ്രഭാഷണങ്ങളിലോ കാഫിറുകള്‍ എന്ന പദം പ്രയോഗിക്കാറില്ല. അതിനു പകരം അമുസ്‌ലിംകള്‍ എന്നാണ് ഉപയോഗിക്കുന്നത്. ഏറ്റവും നല്ല രീതിയിലുള്ള സംവാദം എന്നതില്‍ പെട്ടതാണിത്. മുസ്‌ലിംകള്‍ക്ക് ഇതര മതസ്ഥരുമായുള്ള ബന്ധം സംവാദത്തിന്റെയും സഹിഷ്ണുതയുടെയും സമാധാനത്തിന്റെയുമാണ്. ഇതര വിഭാഗത്തോട് സംവദിക്കാന്‍ മുസ്‌ലിംകള്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു.
ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ وَجَٰدِلْهُم بِٱلَّتِى هِىَ أَحْسَنُ
(നീ നിന്റെ റബ്ബിന്റെ മാര്‍ഗത്തിലേക്ക് യുക്തിജ്ഞതയോടെയും സദുപദേശത്തോടെയും ക്ഷണിക്കുക. ഏറ്റവും ഉത്തമമായ രീതിയില്‍ അവരുമായി സംവദിക്കുക - അന്നഹ്ല്‍: 125).
മറ്റുള്ളവരോട് സഹിഷ്ണുതയോടെ പെരുമാറാന്‍ കല്‍പിക്കപ്പെട്ടതുപോലെ ഇസ്‌ലാം വേദക്കാരുമായി കൂടുതല്‍ സഹിഷ്ണുത കാണിക്കുന്നു എന്നത് സുവിദിതമാണ്. അവരുമായി വൈവാഹിക ബന്ധത്തിലേര്‍പ്പെടാന്‍ അതനുവദിച്ചിരിക്കുന്നു. ക്രിസ്ത്യാനികള്‍ മറ്റുള്ളവരേക്കാള്‍ മുസ്‌ലിംകളോട് സ്‌നേഹബന്ധം പുലര്‍ത്തുന്നവരാണ് എന്ന് ഖുര്‍ആന്‍തന്നെ പ്രസ്താവിച്ചിട്ടു്.
തിരുമേനി പറഞ്ഞു: 'ജനങ്ങളില്‍ ഈസബ്‌നു മര്‍യമിനോട് ഇഹത്തിലും പരത്തിലും ഏറെ അടുപ്പമുള്ളവന്‍ ഞാനാണ്' - ബുഖാരി, മുസ്‌ലിം.
എതിരാളികളോട് മുസ്‌ലിംകള്‍ കൂടുതല്‍ ഹൃദയവിശാലതയും വിട്ടുവീഴ്ചയും കാണിക്കാന്‍ ആദര്‍ശപരവും ചിന്താപരവും സദാചാരപരവുമായ പല കാരണങ്ങളുമു്.
1. ജനങ്ങള്‍ക്കിടയിലെ മതപരമായ വൈവി ധ്യം ദൈവത്തിന്റെ ഇഛയും യുക്തിയുമനുസരിച്ചാണുാകുന്നത് എന്ന വിശ്വാസം.
وَلَوْ شَآءَ رَبُّكَ لَءَامَنَ مَن فِى ٱلْأَرْضِ كُلُّهُمْ جَمِيعًا أَفَأَنتَ تُكْرِهُ ٱلنَّاسَ حَتَّىٰ يَكُونُوا۟ مُؤْمِنِينَ
(നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ള സകലരും ഒന്നടങ്കം വിശ്വാസികളാകുമായിരുന്നു. വിശ്വാസികളാകാന്‍ ജനങ്ങളെ നിര്‍ബന്ധിക്കാന്‍ നിനക്ക് കഴിയുമോ? - യൂനുസ്: 99).
2. കാഫിറുകളെ വിചാരണ ചെയ്യുന്നതും അവര്‍ക്ക് പ്രതിഫലം നല്‍കുന്നതും അവരുടെ സ്രഷ്ടാവ് തന്നെയാണ്, മനുഷ്യരല്ല. അത് പരലോകത്താണ് നടക്കുക, ഈലോകത്തല്ല. അതുകൊാണ് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത്:
وَإِن جَٰدَلُوكَ فَقُلِ ٱللَّهُ أَعْلَمُ بِمَا تَعْمَلُونَ ﴿٦٨﴾ ٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ ﴿٦٩﴾
(അവര്‍ നിന്നോട് തര്‍ക്കിച്ചാല്‍ നീ പറയുക: അല്ലാഹുവിനാണ് നിങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ അറിയുക. അന്ത്യനാളില്‍ നിങ്ങള്‍ ഭിന്നിക്കുന്ന വിഷയത്തില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കും - അല്‍ഹജ്ജ്: 68,69).
ٱللَّهُ رَبُّنَا وَرَبُّكُمْ لَنَآ أَعْمَٰلُنَا وَلَكُمْ أَعْمَٰلُكُمْ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ ٱللَّهُ يَجْمَعُ بَيْنَنَا وَإِلَيْهِ ٱلْمَصِيرُ
(അല്ലാഹുവാണ് ഞങ്ങളുടെ നാഥനും നിങ്ങളുടെ നാഥനും. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ തര്‍ക്കിക്കേതില്ല. അല്ലാഹു നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. അവനിലേക്കാണ് മടക്കം - അശ്ശൂറാ: 15).
3. ഇസ്‌ലാം മനുഷ്യരെ ആദരിക്കുകയും ഒരു മനുഷ്യന്‍ എന്ന നിലക്ക് അവന്റെ മാന്യത അംഗീകരിക്കുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞു:
وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ
(നിശ്ചയം, ആദം മക്കളെ നാം ആദരിച്ചിരിക്കുന്നു -അല്‍ ഇസ്രാഅ്: 70).
ഖൈസുബ്‌നു സഅ്ദ്, സഹ്‌ലുബ്‌നു ഹനീഫ് എന്നിവരില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ''തിരുമേനിയുടെ അടുത്തുകൂടെ ഒരു മൃതശരീരവുമായി ആളുകള്‍ പോയി. അതു ക നബി എഴുന്നേറ്റുനിന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: അത് ഒരു ജൂതന്റെ മൃതദേഹമാണ് പ്രവാചകരേ. അപ്പോള്‍ തിരുമേനി ചോദിച്ചു: അതും ഒരു മനുഷ്യജീവിയല്ലേ.'' എത്ര ഉജ്ജ്വലമാണീ നിലപാട്!
4. വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിലുള്ള ബന്ധം രു സൂക്തങ്ങളില്‍ നിര്‍ണയിച്ചിട്ടു്. ഈ വിഷയകമായ നിയമാവലിയായി അവ പരിഗണക്കപ്പെടുന്നു.
لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ﴿٨﴾ إِنَّمَا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ قَٰتَلُوكُمْ فِى ٱلدِّينِ وَأَخْرَجُوكُم مِّن دِيَٰرِكُمْ وَظَٰهَرُوا۟ عَلَىٰٓ إِخْرَاجِكُمْ أَن تَوَلَّوْهُمْ وَمَن يَتَوَلَّهُمْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ ﴿٩﴾
(മതത്തിന്റെ പേരില്‍ നിങ്ങളുമായി യുദ്ധം ചെയ്യാത്തവരും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കാത്തവരുമായി, നിങ്ങളവര്‍ക്ക് പുണ്യം ചെയ്യുന്നതും അവരോട് നീതിയില്‍ വര്‍ത്തിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നിശ്ചയം, അല്ലാഹു നീതി ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് ഇറക്കിവിടുകയും നിങ്ങളെ ഇറക്കിവിടാന്‍ സഹായിക്കുകയും ചെയ്യുന്നവരോട് സൗഹാര്‍ദം പുലര്‍ത്തുന്നത് മാത്രമാണ് അല്ലാഹു വിലക്കുന്നത്. അത്തരക്കാരോട് ആര്‍ സൗഹാര്‍ദം പുലര്‍ത്തുന്നുവോ അവരത്രെ അക്രമികള്‍ -അല്‍ മുംതഹിന: 8,9).
സമാധാനപ്രിയരായ അമുസ്‌ലിംകളോട് മുസ്‌ലിംകളുടെ ഭാഗത്തു നിന്ന് പുണ്യവും നീതിയും ഉാകും. പുണ്യം എന്നാല്‍ സുകൃതം, അത് കേവലനീതിക്ക് ഉപരിയാണ്. പുണ്യം എന്നത് നിര്‍ബന്ധമായതിനപ്പുറം ചെയ്യുന്നതാണ്. നീതി എന്നത് നിങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കലാണ്. അല്‍ബിറ് (البر) നിങ്ങളുടെ ചില അവകാശങ്ങള്‍ വിട്ടുകൊടുക്കലാണ്. അമുസ്‌ലിംകളോട് ഇടപാടുകളില്‍ 'ബിര്‍റ്' ചെയ്യണമെന്നാണ് ഖുര്‍ആന്റെ പ്രയോഗം. അല്ലാഹുവിന്റെ അവകാശങ്ങളുടെ തൊട്ടടുത്ത് നില്‍ക്കുന്ന മാതാപിതാക്കളുടെ അവകാശനിര്‍വഹണത്തെക്കുറിച്ച് മുസ്‌ലിംകള്‍ പ്രയോഗിക്കുന്ന പദമാണത്. അതിനാല്‍ നാമും അവരുമായുള്ള ബന്ധം എപ്പോഴും യുദ്ധത്തിന്റെയും സംഘട്ടനത്തിന്റെയും ആവേതില്ല; അവര്‍ നിങ്ങളോട് മതകാര്യങ്ങളില്‍ സംഘട്ടനത്തിന് വരികയോ നമ്മുടെ ഭവനങ്ങളില്‍നിന്ന് പുറത്താക്കുകയോ ചെയ്യുന്നില്ലെങ്കില്‍. അല്ലാഹു പറയുന്നു:
فَإِنِ ٱعْتَزَلُوكُمْ فَلَمْ يُقَٰتِلُوكُمْ وَأَلْقَوْا۟ إِلَيْكُمُ ٱلسَّلَمَ فَمَا جَعَلَ ٱللَّهُ لَكُمْ عَلَيْهِمْ سَبِيلًا
(അവര്‍ നിങ്ങളെ വിടുകയും നിങ്ങളോട് സമരം ചെയ്യാതിരിക്കുകയും സമാധാനത്തില്‍ വര്‍ത്തിക്കാന്‍ സന്നദ്ധമാവുകയും ചെയ്താല്‍ അവരോട് മറ്റൊരു രീതി സ്വീകരിക്കാന്‍ അല്ലാഹു നിങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടില്ല -അന്നിസാഅ്: 90).
സംഘട്ടനത്തിന് വരികയും സ്വന്തം ഭൂമിയും ആദരണീയ വസ്തുക്കളും (ഹുറുമാത്ത്) കൈയേറാന്‍ ശ്രമിക്കുകയും ചെയ്യുന്നവരോട് മാത്രമേ മുസ്‌ലിംകള്‍ ഏറ്റുമുട്ടുകയുള്ളൂ. ഖുര്‍ആന്‍ പറഞ്ഞു:
وَقَٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَٰتِلُونَكُمْ وَلَا تَعْتَدُوٓا۟ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ
(നിങ്ങളോട് സമരം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും സമരം ചെയ്യുക. അതിര്‍ലംഘിക്കരുത്. അതിര്‍ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല - അല്‍ബഖറ: 190).
ഇസ്‌ലാമില്‍ യുദ്ധത്തിന് അതിന്റേതായ നിയമങ്ങളും വ്യവസ്ഥകളും ധാര്‍മികതയുമുണ്ട്. ഇങ്ങോട്ട് അക്രമിക്കാന്‍ വരുന്നവരോടല്ലാതെ അങ്ങോട്ടക്രമിക്കുകയില്ല. നബി(സ) ഒരു യുദ്ധത്തില്‍ വധിക്കപ്പെട്ട സ്ത്രീയെ കപ്പോള്‍ അതിനെ അപലപിച്ചു പറഞ്ഞു: 'ഇവരെ കൊല്ലാന്‍ പാടുണ്ടായിരുന്നില്ല.' സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും കൊല്ലുന്നത് തിരുമേനി വിരോധിക്കുകയും ചെയ്തു. ഖുലഫാഉര്‍റാശിദുകളായ അബൂബക്‌റും ഉമറും മഠങ്ങളില്‍ കഴിയുന്ന പുരോഹിതരെയും കര്‍ഷകര്‍, കച്ചവടക്കാര്‍ പോലുള്ള സിവിലിയന്മാരെയും കൊല്ലുന്നത് വിലക്കുകയുായി.
5. നിരപരാധികളായ സിവിലിയന്മാരെ കൊന്നുകൊ്; അതെത്ര ഉദാത്തമായ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനു വേിയാണെങ്കിലും- ഭീകര പ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിംകളുടെ അവകാശങ്ങള്‍ വീടെുക്കാന്‍ സാധിക്കുകയില്ല. മറിച്ച്, ജനങ്ങളെ മുസ്‌ലിംകള്‍ക്കെതിരില്‍ ഇളക്കിവിടാനേ അതുപകരിക്കൂ. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്ന തത്ത്വം ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഉദാത്തമായ ലക്ഷ്യത്തിലേക്ക് വൃത്തിയുള്ള മാര്‍ഗത്തിലൂടെ പോവുക എന്നതാണിഷ്ടപ്പെടുന്നത്.
ഇരുപതിലേറെ വര്‍ഷങ്ങള്‍ മുമ്പ് ഞാന്‍ നല്‍കിയ ഒരു ഫത്‌വയില്‍ വിമാനം തട്ടിക്കൊണ്ടുപോകുന്നത് നിഷിദ്ധമാണെന്ന് പറഞ്ഞിരുന്നു; തികച്ചും ന്യായമായ ഒരു പ്രശ്‌നത്തെ പിന്തുണക്കാനാണെങ്കില്‍ പോലും. കാരണം ഒരു തെറ്റും ചെയ്യാത്ത നിരപരാധികളെ ഭയപ്പെടുത്താനും ഒരു വിഭാഗത്തിന്റെ കുറ്റകൃത്യങ്ങളുടെ പേരില്‍ മറ്റുള്ളവരെ ശിക്ഷിക്കാനും മാത്രമേ അതുപകരിക്കൂ. ഒരു ശരീരവും മറ്റൊരാളുടെ കുറ്റം പേറുകയില്ല. എന്നാല്‍ ന്യൂയോര്‍ക്കില്‍ സംഭവിച്ചതും പൊട്ടിത്തെറിയും ഇസ്രയേലിനെതിരില്‍ നടക്കുന്ന ചാവേര്‍ ആക്രമണങ്ങളും ഇവിടെ പ്രത്യേകം തിരിച്ചറിയണം. ഇസ്രയേല്‍ സമുദായം മുഴുവന്‍ സൈനിക സമൂഹമാണ്. ആണും പെണ്ണുമെല്ലാം സൈനിക പരിശീലനം നേടിയവര്‍. ഇവിടെ ഫലസ്ത്വീനികള്‍ അധിനിവേശ ശക്തികളെയാണ് നേരിടുന്നത്. ജന്മനാടിനെ പ്രതിരോധിക്കാനുള്ള അവകാശം നിയമാനുസൃതമാണ്.
6. മുസ്‌ലിംകളില്‍പെട്ട വ്യക്തികളെയും സമൂഹങ്ങളെയും കാഫിറാക്കുക എന്നത് വളരെ അപകടകരമായ ഒരു പ്രശ്‌നമാണ്. കാഫിറാക്കുന്നതിനെതിരെ പ്രവാചകന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖണ്ഡിതമായ തെളിവുകളില്ലാതെ ഒരു മുസ്‌ലിമില്‍ കുഫ്ര്‍ ആരോപിക്കാവതല്ല. കാരണം അയാളുടെ ഇസ്‌ലാം സ്ഥിരപ്പെട്ടതാണ്. സംശയം കൊണ്ടോ സാധ്യത കൊണ്ടോ അത് നീങ്ങിപ്പോകില്ല. അതിനാല്‍ ഒരു മുസ്‌ലിമിനെ കാഫിറെന്നോ മുര്‍തദ്ദെന്നോ വിധിക്കുക എന്നത് കോടതിയുടെ അധികാരമാണ്. വ്യക്തികള്‍ അതേറ്റെടുത്ത് മുഫ്തിയും ഖാദിയുമായി ചമഞ്ഞ് നിയമം നടപ്പാക്കരുത്.
ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിംകള്‍ നമ്മുടെ കാലഘട്ടത്തിന്റെ ഭാഷയില്‍ രാഷ്ട്രത്തിലെ പൗരന്മാരാണ്. നമ്മുടെ മേലുള്ള അവകാശങ്ങളും ബാധ്യതകളും അവര്‍ക്കുമു്. അന്യായമായി അവരോട് അനീതി കാണിക്കാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നവര്‍ ഇഹത്തിലും പരത്തിലും ശിക്ഷാര്‍ഹരായിരിക്കും.
വിവ: വി.കെ അലി