ശൂറ; ഖുര്‍ആനിലും സുന്നത്തിലും

കെ.എം അശ്‌റഫ്‌‌
img

പേര്‍ഷ്യന്‍ മണ്ണില്‍ മുസ്ലിം സൈന്യംമുന്നേറിക്കൊണ്ടിരുന്ന നാളുകളിലൊരിക്കല്‍ പേര്‍ഷ്യന്‍ സൈന്യാധിപനും മുസ്‌ലിം സേനാ നായകനും തമ്മിലൊരു കൂടിക്കാഴ്ച നടന്നു. യുദ്ധകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പേര്‍ഷ്യന്‍ സേനാധിപന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. തന്റെ കൂട്ടുകാരോട് ആലോചിച്ചു മറുപടിപറയാമെന്ന് മുസ്‌ലിം സൈന്യാധിപന്‍ പ്രതിവചിച്ചു. അത്ഭുതത്തോടെ പേര്‍ഷ്യന്‍ സേനാപതി: താങ്കള്‍ അവരുടെ നേതാവല്ലേ. 'അതെ' മുസ്‌ലിം നായകന്‍. പേര്‍ഷ്യന്‍ സേനാപതി: കൂടിയാലോചിക്കുന്നവര്‍ ഞങ്ങളുടെ  നേതാവായി വരാറില്ല. ഇത് കേട്ട മുസ്‌ലിം സേനാപതിയുടെ മറുപടി ഇപ്രകാരമായിരുന്നു: അതുകൊണ്ടാണ് ഞങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളെ പരാജയപ്പെടുത്തുന്നത്. ഞങ്ങളാകട്ടെ, കൂടിയാലോചിക്കത്തവരെ  നേതാവായി തിരഞ്ഞെടുക്കാറുമില്ല.1

മനുഷ്യ നാഗരികതക്ക് ഇസ്ലാം സമര്‍പ്പിച്ച മഹിതമായ മൂല്യങ്ങളിലൊന്നാണ് കൂടിയാലോചന അഥവാ ശൂറ. തീരുമാനമെടുക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ മനുഷ്യ ധിഷണ അനുഭവിക്കുന്ന പരിമിതികളെ മറികടക്കാനുള്ള ഉപായവും കൂടിയാലോചന തന്നെ. ബുദ്ധി എത്ര തന്നെ പക്വത പ്രാപിച്ചാലും കാര്യങ്ങളെ വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള ശേഷി നേടിയാലും എല്ലായ്‌പ്പോഴും ശരിയുടെ വഴിയില്‍ എത്തിച്ചേരണമെന്നില്ല. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ മാനസിക പിരിമുറുക്കങ്ങള്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം, സ്വേച്ഛകളുടെ സ്വാധീനം തുടങ്ങിയവ തെറ്റായ തീരുമാനങ്ങളിലേക്കെത്തിക്കാനിടയുണ്ട്. ഇത്തരം വേളകളില്‍ ചിന്താപരമായ താങ്ങ് നല്‍കുന്ന, ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടെടുക്കുന്ന മറ്റു ധിഷണകളുടെ പിന്തുണ മനുഷ്യ പ്രകൃതിയുടെ തേട്ടമാണ്. 

ഇസ്ലാമിക വ്യവസ്ഥയുടെ ആണിക്കല്ലാണ് ശൂറ. കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി ഒന്നിലധികം ആളുകള്‍ ഒത്തു ചേരുന്ന ഏതൊരു കൂട്ടായ്മയിലും കൂടിയാലോചന അനിവാര്യമാണെന്നാണ് ഇസ്ലാമിന്റെ നിലപാട്. നേട്ടങ്ങള്‍ പങ്കിട്ടെടുത്തും കോട്ടങ്ങള്‍ വിഭജിച്ച് ലഘൂകരിച്ചും സംഘടിത ശ്രമങ്ങളെ മുന്നോട്ട് നയിക്കലാണ് ശൂറയുടെ ധര്‍മം. ഒരേ ഭൂമികയില്‍ പണിയെടുക്കുന്ന എല്ലാവരുടെയും പങ്കാളിത്തം കൂടിയാലോചന ഉറപ്പ് വരുത്തുന്നു. ഏകാധിപത്യത്തിന്റെ എല്ലാ ദൂഷ്യങ്ങളെയും മറികടക്കാന്‍ ശൂറാ സംവിധാനത്തിന് സാധിക്കുന്നത് അതിലെ സാമൂഹികബോധം ഉയര്‍ന്നു നില്‍ക്കുന്നതു കൊണ്ടാണ്. നാഗരികതയുടെ സംവിധാനത്തില്‍ ഇസ്ലാം പഠിപ്പിച്ച പ്രധാനപാഠങ്ങളിലൊന്നായ ശൂറ  മുസ്‌ലിം സമാജത്തിന്റെ അനിവാര്യ വിശേഷണമായാണ്  ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു:  
وَأَمْرُهُمْ شُورَىٰ بَيْنَهُمْ
(അവരുടെ കാര്യങ്ങള്‍ തങ്ങള്‍ക്കിടയിലുള്ള കൂടിയാലോചനയിലൂടെയായിരിക്കും - അശ്ശൂറ: 38).

ഇസ്ലാമിക നാഗരികതയുടെ ഉത്ഥാനപതനങ്ങള്‍ ഈ മഹത്തായ മൂല്യത്തിന്റെ സംരക്ഷണവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. കൂടിയാലോചനക്ക് പകരം ഏകാധിപത്യവും വ്യക്തികേന്ദ്രീകൃത പ്രവണതകളും വ്യാപിച്ചപ്പോഴാണ് ഇസ്ലാമിക നാഗരികത ക്ഷയിക്കാന്‍ തുടങ്ങിയത്. പാശ്ചാത്യര്‍ക്ക് യവന നാഗരികതയുടെ പാരമ്പര്യമായി കിട്ടിയതാണ് ജനാധിപത്യ ബോധം. ഇസ്ലാമിക നാഗരികതയുടെ സംവിധാനത്തിലും രാഷ്ട്ര ഭരണത്തിലും ഒരു ആരാധന കര്‍മത്തിന്റെ വിശുദ്ധിയോടെ നിര്‍വഹിക്കപ്പെടേണ്ട ധര്‍മമാണ് ശൂറ.

ഭാഷാപഗ്രഥനം
ശൂറ എന്ന പദത്തിന്റെ  മൂലധാതു മുഖ്യമായും രണ്ട് ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഏതെങ്കിലും ഒരു കാര്യത്തെ കുറിച്ച് ആംഗ്യരൂപേണയോ മറ്റേതെങ്കിലും വിധത്തിലോ  സൂചന നല്‍കുക എന്നതാണ് ഒന്നാമത്തെ ആശയം. സൂചികകള്‍ക്ക് / അടയാളങ്ങള്‍ക്ക് ഇശാറാത്ത് എന്നുപറയാറുണ്ട്. ഒരു വികാരമോ / വസ്തുവോ മറ നീക്കി പുറത്തുവരുക, ഒരു വസ്തുവിനെ പുറത്തെടുക്കുക എന്നതാണ് രണ്ടാമത്തെ ആശയം. തേനീച്ചയുടെ അറകളില്‍ നിന്നും  തേന്‍ പുറത്തെടുക്കുന്നതിന് 'ശൗര്‍' എന്നാണ് ഭാഷാ പ്രയോഗം.  വില്‍പനക്കെത്തുന്ന കാലികളുടെ ശക്തി പുറത്തെടുക്കുന്നതിനും ആലങ്കാരികമായി ഇതേ പ്രയോഗം ഭാഷയിലുണ്ട്. 

ഇമാം റാഗിബുല്‍ ഇസ്ഫഹാനി സാങ്കേതികമായി ശൂറയെ നിര്‍വചിക്കുന്നതിങ്ങനെ: 'പലരോടുമുള്ള കൂടിയാലോചനയിലൂടെ ഒരഭിപ്രായം രൂപപ്പെടുത്തുക / പുറത്തു കൊണ്ടുവരുക.'2

'സത്യത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നിലപാടിലേക്ക് എത്തിച്ചേരാല്‍ പരിചയസമ്പത്തുള്ളവരോട് അഭിപ്രായം തേടുക' എന്നാണ് മതമീമാംസകര്‍ ശൂറയെ നിര്‍വചിച്ചിട്ടുള്ളത്.

ഏതൊരു പദത്തിന്റെയും സാങ്കേതിക വിവക്ഷ അതിന്റെ ഭാഷാപരമായ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കും. ശൂറ എന്ന പദവും ഇതില്‍ നിന്ന് ഭിന്നമല്ല. എന്നിരുന്നാലും ശൂറ എന്ന ആശയം സവിശേഷമായി പരിശോധിക്കുമ്പോള്‍ ഈ പദം രൂപപ്പെട്ട ഭാഷാതലം പരാമര്‍ശിക്കാതെ തരമില്ല, അത്രമേല്‍ മനോഹരവും കോര്‍വയൊത്തതും ആശയസമ്പുഷ്ഠവുമാണത്. തേനീച്ചകള്‍ മധുശേഖരിക്കുക ഒരേ ഗണത്തില്‍ പെട്ട ഏതെങ്കിലും പൂക്കളില്‍ നിന്നല്ല. ബഹുവിധ വര്‍ണങ്ങളും ഗന്ധങ്ങളുമുള്ള, തരാതരം ആകാരങ്ങളും വര്‍ണങ്ങളും രുചികളുമുള്ള പലതരം പൂക്കളില്‍ നിന്നാണ്. അവസാനത്തില്‍ വിവിധ തരം മധുവെല്ലാം കൂടിച്ചേര്‍ന്ന് ആസ്വാദ്യകരമായ മധുരത്തേന്‍ രൂപപ്പെടുന്നു. ഈ തേന്‍ പുറത്തെടുക്കുന്ന പ്രകിയയാണ്, ഭാഷയില്‍ 'ശൂറ'യെ രൂപപ്പെടുത്തിയ ശൗര്‍ എന്ന മൂലപദം. സാങ്കേതിക വിവക്ഷയിലെ ശൂറ സമരസപ്പെടുന്നത് ഈ 'തേനൂറ്റല്‍' പ്രക്രിയയോടാണ്. ഭിന്നമായ ചിന്താശേഷികളും ബഹുത്വ പൂര്‍ണമായ അനുഭവസമ്പത്തുമുള്ള പലരില്‍ നിന്നും അഭിപ്രായം സ്വരൂപിച്ച് സത്യത്തോട് ഏറ്റം ചേര്‍ന്നുനില്‍ക്കുന്ന നിലപാടിലേക്ക് എത്തിച്ചേരലാണ് ദീന്‍ പഠിപ്പിക്കുന്ന ശൂറ.

ഖുര്‍ആനില്‍
ശൂറയാണ് കൂടിയാലോചനയെ കുറിക്കുന്ന ഇസ്‌ലാമിക സാങ്കേതിക പദം. എന്നാല്‍ പരസ്പരമുള്ള ചിന്താപരമായ കൊടുക്കല്‍ വാങ്ങലുകള്‍ക്കുള്ള ഇസ്‌ലാമിലെ ഏക വഴിയല്ലിത്. ശൂറയുടെ അന്തഃസത്ത പ്രതിഫലിപ്പിക്കുന്ന മറ്റു നിരവധി പ്രയോഗങ്ങള്‍ ഖുര്‍ആനിലും തിരുസുന്നത്തിലും കാണാം. ഉദാഹരണമെന്നോണം പ്രധാനപ്പെട്ട ചില പ്രയോഗങ്ങള്‍ ചുവടെ കൊടുക്കുന്നു.

1.    التّراضي'പരസ്പര തൃപ്തി' :
ഭദ്രമായ കുടുംബ ബന്ധങ്ങളും സുരക്ഷിതമായ സാമ്പത്തിക ഇടപാടുകളും രൂപപ്പെടുന്ന അടിസ്ഥാനങ്ങളെ കുറിച്ച് പറയുന്നിടത്താണ് വിശുദ്ധ ഖുര്‍ആന്‍ ഏറെയും ഇങ്ങനെയൊരു പദപ്രയോഗം നടത്തിയിട്ടുള്ളത്. ഉഭയകക്ഷികള്‍ പരസ്പരം ആലോചിച്ച് ഒരഭിപ്രായത്തിലെത്തുമ്പോഴാണല്ലോ പരസ്പര തൃപ്തി രൂപപ്പെടുക.
ദാമ്പത്യ ജീവിതത്തിലെ ഈ അഭിപ്രായപൊരുത്തത്തെ ഖുര്‍ആന്‍ ഇങ്ങനെ വിശദമാക്കുന്നു:
وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَاجَهُنَّ إِذَا تَرَاضَوْا بَيْنَهُم بِالْمَعْرُوفِۗ ذَٰلِكَ يُوعَظُ بِهِ مَن كَانَ مِنكُمْ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِۗ ذَٰلِكُمْ أَزْكَىٰ لَكُمْ وَأَطْهَرُۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

(സ്ത്രീകളെ ത്വലാഖ് ചെയ്യുകയും അവര്‍ ഇദ്ദ പൂര്‍ത്തിയാക്കുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ അവര്‍ തെരഞ്ഞെടുക്കുന്ന ഭര്‍ത്താക്കന്മാരെ വിവാഹം ചെയ്യുന്നത് നിങ്ങള്‍ മുടക്കരുത്; അംഗീകൃത രീതിയില്‍ വിവാഹിതരാകുന്നതിന് അവര്‍ പരസ്പരം തൃപ്തിപ്പെടുന്നുവെങ്കില്‍. ഒരിക്കലും അപ്രകാരം ചെയ്യരുതെന്ന് നിങ്ങള്‍ ഉപദേശിക്കപ്പെടുന്നു. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അതില്‍നിന്ന് അകന്നുനില്‍ക്കുക എന്നതുതന്നെയാകുന്നു ഏറ്റവും ശ്രേഷ്ഠവും പരിശുദ്ധവുമായ മാര്‍ഗം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നില്ല - അല്‍ബഖറ: 232).
فَآتُوهُنَّ أُجُورَهُنَّ فَرِيضَةًۚ وَلَا جُنَاحَ عَلَيْكُمْ فِيمَا تَرَاضَيْتُم بِهِ مِن بَعْدِ الْفَرِيضَةِۚ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
(വിവാഹമൂല്യം തീരുമാനിച്ചശേഷം നിങ്ങള്‍ പരസ്പരസംതൃപ്തിയോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ് - നിസാഅ്: 24).

2. نصيحة ، تَناصح
പരസ്പരമുള്ള ഗുണകാംക്ഷയെന്നര്‍ഥം. വിശ്രുതമായ ഒരു ഹദീസില്‍ ഇങ്ങനെ വന്നിരിക്കുന്നു: 'ദീന്‍ എന്നാല്‍ ഗുണകാംക്ഷയാണ്, അല്ലാഹുവിനോടും അവന്റെ ദൂതനോടും നേതൃതത്തോടും മുഴുസമൂഹത്തോടും. അല്ലാഹു ഇഷ്ടപ്പെടുന്ന മൂന്ന് കാര്യങ്ങള്‍ എന്ന് പറഞ്ഞു കൊണ്ട് മുസ്‌ലിം സമൂഹത്തിന്റെ വിജയനിദാനങ്ങള്‍ വിവരിക്കുന്ന ഒരു പ്രവാചക വചനത്തില്‍ കാര്യമായി പറയുന്ന ഒരു മാനദണ്ഡം നേതൃത്വത്തോട് ഗുണകാംക്ഷയുണ്ടാവുകയെന്നതാണ്.

3. : التوَاصي 
പരസ്പരമുള്ള വസ്വിയ്യത്താണ് ഉദ്ദേശ്യം: ഖുര്‍ആന്‍ പറയുന്നു:
وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾
(കാലമാണ, മനുഷ്യന്‍ മഹാ നഷ്ടത്തിലാകുന്നു. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും പരസ്പരം സത്യമുദ്ബോധിപ്പിക്കുകയും ക്ഷമയുപദേശിക്കുകയും ചെയ്ത ജനങ്ങളൊഴിച്ച് - അസ്ര്‍: 1-3).

4. :استفتاء
വിധി തേടുക. അറിവുള്ളവരോട് കൂടിയാലോചിച്ച് ഉചിതമായ പരിഹാരം കണ്ടെത്തുകയാണ് ഇവിടെ ഉദ്ദേശ്യം. സബഅ് രാജ്ഞിയെ കുറിച്ച വര്‍ത്തമാനത്തില്‍ ഖുര്‍ആന്‍ പറയുന്നു:
قَالَتْ يَا أَيُّهَا الْمَلَأُ أَفْتُونِي فِي أَمْرِي مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ
(രാജ്ഞി പറഞ്ഞു: 'അല്ലയോ നാട്ടുമുഖ്യന്മാരേ, ഈ പ്രശ്നത്തില്‍ എന്നെ ഉപദേശിക്കുവിന്‍. ഞാന്‍ നിങ്ങള്‍ സന്നിഹിതരായിട്ടല്ലാതെ ഒരു കാര്യവും തീരുമാനിക്കാറില്ലല്ലോ' - നംല്: 32).
ശൂറ എന്ന മൂല പദം പരാമര്‍ശിക്കുന്ന മൂന്ന് സുക്തങ്ങളാണ് ഖുര്‍ആനിലുള്ളത്. ഈ സൂക്തങ്ങളോരോന്നും ശൂറയുടെ വ്യത്യസ്ത തലങ്ങളെ പ്രകാശിപ്പിക്കുന്നവയാണ് ഇവ ഓരോന്നായി നമുക്ക് പരിശോധിക്കാം.

സൂക്തം : ആലുഇംറാന്‍ (159)
(ഇസ്‌ലാമിക നാഗരികതയില്‍ ശൂറയുടെ
പ്രാധാന്യം)
فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ
(പ്രവാചകാ) നീ വളരെ സൗമ്യശീലനായത് അല്ലാഹുവിങ്കല്‍നിന്നുള്ള മഹത്തായ അനുഗ്രഹമാകുന്നു. നീ കഠിന ഹൃദയനായ പരുഷസ്വഭാവിയായിരുന്നുവെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരെല്ലാം പിരിഞ്ഞുപോയതുതന്നെ. അവരുടെ തെറ്റുകള്‍ പൊറുക്കുക. അവരുടെ പാപമുക്തിക്കായി പ്രാര്‍ഥിക്കുക. കാര്യങ്ങളില്‍, അവരോടും കൂടിയാലോചിക്കുക. എന്നിട്ട് തീരുമാനമെടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അല്ലാഹുവോ അവനെ ഭരമേല്‍പിച്ചു പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നു - ആലു ഇംറാന്‍: 159).
ശൂറയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്ന പ്രധാനപ്പെട്ട ചില  വസ്തുതകള്‍ ഈ സൂക്തം അനാവരണം ചെയ്യുന്നുണ്ട്.

1. ഉഹുദ് യുദ്ധത്തില്‍ ഇസ്‌ലാമിക സമാജത്തിനേറ്റ പരാജയത്തെ വിശകലനം ചെയ്യുന്ന സൂക്തങ്ങളിലൊന്നാണിത്. യുദ്ധാരംഭത്തില്‍ ശത്രുക്കളെ എങ്ങനെ എവിടെ നേരിടണമെന്ന കാര്യത്തില്‍ തിരുമേനി(സ) സ്വഹാബികളോട് കൂടിയാലോചിച്ചിരുന്നു. ചെറുപ്പക്കാരടങ്ങിയ ഭൂരിപക്ഷം മദീനയിലെ ഉഹുദ് മലയുടെ താഴ്‌വരയില്‍  ശത്രുക്കളെ നേരിടണമെന്ന അഭിപ്രായക്കാരായിരുന്നു. നബി(സ) അടക്കമുള്ള പരിചയസമ്പത്തുള്ളവരുടെ അഭിപ്രായം നേരെ തിരിച്ചും. ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ യുദ്ധക്കളത്തിന് നിര്‍ണായകമായ പങ്കുണ്ടായിരിക്കെ, തിരുമേനി(സ) ഭൂരിപക്ഷാഭിപ്രായം മാനിച്ച് മദീനക്ക് പുറത്ത് ഉഹുദിന്റെ താഴ്‌വരയില്‍ ശത്രുക്കളെ നേരിടാനാണുറച്ചത്. ഒരു വേള, ഈ സ്ഥല നിര്‍ണയത്തിന് ഉഹുദിലെ പരാജയത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. കൂടിയാലോചനയുടെ ഫലമായുണ്ടായ തീരുമാനം പിഴവായിരുന്നിട്ടും പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കാന്‍ കാരണമായിട്ടും യുദ്ധത്തെ വിശകലനം ചെയ്യുന്ന ആയത്തുകള്‍ക്കിടയില്‍ വീണ്ടും 'കാര്യങ്ങളില്‍ കൂടിയാലോചിക്കണമെന്ന' നിര്‍ദേശമാണ് അല്ലാഹു നബിക്ക് നല്‍കിയത്. ശൂറ ഇസ്‌ലാമിക സമൂഹത്തില്‍ എത്രമേല്‍ പ്രധാനമാണെന്നതിന്റെ മികച്ച ഉദാഹരണമാണിത്. ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍ത്വുബി ഇബ്‌നു അത്വിയ്യയെ ഉദ്ധരിച്ചു കൊണ്ട് പറയുന്നത് കാണുക: 'ശരീഅത്തിന്റെ അടിസ്ഥാനങ്ങളില്‍പെട്ടതും, ഇളവ് നല്‍കപ്പെടാന്‍ പാടില്ലാത്ത വിധിയുമാണ് ശൂറ. വിജ്ഞരോടും പണ്ഡിതരോടും കൂടിയാലോചന നടത്താത്തവരെ (ഭരണാധികാരികളെ) സ്ഥാനങ്ങളില്‍ നീന്ന് നീക്കം ചെയ്യല്‍ അനിവാര്യമാണ്. ഇതിലൊരു ഭിന്നതയും പണ്ഡിതര്‍ക്കിടയിലില്ല.'

2. ദിവ്യവെളിപാടിന്റെ പിന്‍ബലമാണ് പ്രവാചകന്മാരെ ഇതര മനുഷ്യരില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്. ദൈവികമായ വെളിപാട് ലഭിക്കുന്നവര്‍ മറ്റു മനുഷ്യരുമായി കൂടിയാലോചിക്കേണ്ടതിന്റെ ആവശ്യകതയില്‍ നമുക്ക് സന്ദേഹം ഉണ്ടാകാം. എന്നാല്‍ പ്രാധാന്യമുള്ള വിഷയങ്ങളില്‍  കുടിയാലോചിക്കാനുള്ള നിര്‍ദേശമാണ് അല്ലാഹു ഈ സൂക്തത്തിലൂടെ നല്‍കുന്നത്.   

ഈ സൂക്തത്തിലെ കൂടിയാലോചനയുടെ നിര്‍ദേശം പ്രത്യക്ഷത്തില്‍ പ്രവാചകന്‍ (സ)യോടുള്ള സംബോധനയാണ്. എങ്കിലും ഭരണാധികാരികളോടുള്ള പൊതു നിര്‍ദേശമായിട്ടാണ് ഖുര്‍ആന്‍ വ്യാഖ്യാതക്കള്‍ ഈ സൂക്തത്തെ വിശദീകരിച്ചിട്ടുള്ളത്. ഭരണാധികാരിയുടെ ബാധ്യതയായി ശൂറയെ വ്യാഖ്യാനിക്കുമ്പോള്‍ തന്നെ ഈ സൂക്തത്തിന്റെ പ്രഥമ സംബോധിതനെന്ന നിലക്ക് പ്രവാചകന്‍ (സ)ക്ക് ഈ നിര്‍ദേശം നല്‍കപ്പെട്ടതിന്റെ സാംഗത്യം ശൂറയുടെ പ്രാധാന്യത്തെ വിളിച്ചോതുന്നുണ്ട്. ഒരു കൂടിയാലോചനയുടെയും ആവശ്യമില്ലാത്ത വിധം തീരുമാനമെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ വഹ്‌യ് ലഭിക്കുന്ന വ്യക്തിയാണല്ലോ പ്രവാചകന്‍ (സ) എന്നിരിക്കെ തിരുമേനിയോട് ശൂറ കൂടാന്‍ കല്‍പിച്ചത് ചിന്തനീയമാണ്.

ഇമാം ഖുര്‍ത്വുബി പറയുന്നു: 'വഹ്‌യിന്റെ സാധ്യത നിലനില്‍ക്കെ കാര്യങ്ങളില്‍ ഇജ്തിഹാദ് ചെയ്യാനും അഭിപ്രായങ്ങളാരായാനും പ്രവാചകന് അനുവാദമുണ്ടെന്നതിന് ഈ ആയത്ത് തെളിവാണ്.

ഇമാം ഹസനുല്‍ ബസ്വ്‌രിയും ദഹ്ഹാക്കും പറയുന്നു. പ്രവാചകനോട് ശൂറ നടത്താന്‍ അല്ലാഹു കല്‍പിച്ചത് സ്വഹാബികളെ  ശൂറയുടെ പ്രാധാന്യം പഠിപ്പിക്കാനും പ്രവാചകനു ശേഷം ഉമ്മത്തുമുസ്‌ലിമഃ അത് മാതൃകയായി സ്വീകരിച്ചു അനുധാവനം ചെയ്യാനും വേണ്ടിയാണ്. (തഫ്‌സീര്‍ ഖുര്‍ത്വുബി)

ഇമാം ത്വബരി പ്രകൃത സൂക്തത്തെ ഇങ്ങനെ വ്യഖ്യാനിക്കുന്നു: തങ്ങള്‍ക്കിടയിലുണ്ടാകുന്ന പുതു പ്രശ്‌നങ്ങളില്‍ ഉമ്മത്ത് പരസ്പരം കൂടിയാലോചിക്കണം എന്ന മാതൃക പരിചയപ്പെടുത്തുന്നതിനാണ്, തന്റെ പ്രവാചകനോട് അല്ലാഹു കൂടിയാലോചന നടത്താന്‍ കല്‍പിച്ചത്.'3

ഇമാം ഖുര്‍ത്വുബി ഇബ്‌നു ഖുവൈസില്‍ നിന്നുദ്ധരിക്കുന്നു: തങ്ങള്‍ക്കറിവില്ലാത്ത കാര്യങ്ങളില്‍ പണ്ഡിതരോട് കൂടിയാലോചിക്കല്‍ ഭരണാധികാരികള്‍ക്ക് നിര്‍ബന്ധമായ കാര്യമാണ്. ദീനി കാര്യങ്ങളിലെ സന്ദേഹങ്ങളില്‍ കൃത്യത വരുത്തല്‍, യുദ്ധസന്ദര്‍ഭങ്ങളില്‍, പ്രജകളുടെ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, രാജ്യത്തിന്റെ ക്ഷേമവും പുരോഗതിയുമായി ബന്ധമുള്ള കാര്യങ്ങളില്‍ മന്ത്രിമാര്‍, തൊഴിലാളികള്‍, എഴുത്തുകാര്‍ തുടങ്ങിയവരോടും അഭിപ്രായമാരായണം.'4
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നുതൈമിയഃ പറയുന്നു: 'തന്റെ പ്രവാചകനോടു പോലും  അല്ലാഹു കൂടിയാലോചന കല്‍പിച്ചിരിക്കെ, ഭരണാധികാരി കൂടിയാലോചന ബാധ്യതയില്‍ നിന്ന് ഒഴിവാകുകയില്ല.'5

സൂക്തം: അല്‍ ബഖറ (233)
(ശൂറയുടെ മേഖലകള്‍)
(فَإِنْ أَرَادَا فِصَالًا عَنْ تَرَاضٍ مِنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا)
ഇരുകൂട്ടരും കൂടിയാലോചിച്ച് ഉഭയസമ്മതത്തോടെ മുലകുടി മാറ്റാന്‍ നിശ്ചയിച്ചാല്‍, അപ്രകാരം പ്രവര്‍ത്തിക്കുന്നതില്‍ കുറ്റമൊന്നുമില്ല - അല്‍ബഖറ: 233).
മനുഷ്യജീവിതത്തിന്റെ  ഏതൊക്കെ അടരുകളിലാണ് ശൂറ പ്രാവര്‍ത്തികമാക്കേണ്ടത്? പലപ്പോഴും ഈ ചോദ്യത്തിന് മുസ്‌ലിം സമൂഹം നല്‍കുന്ന ഉത്തരം സാമൂഹിക - രാഷ്ട്രീയ മണ്ഡലങ്ങളെന്നായിരിക്കും. ശൂറയെ കുറിച്ച ചര്‍ച്ചകള്‍ ഈയൊരു പരിസരത്തുനിന്നാണ് ഉമ്മത്തിലധികപേരും  കേട്ടിട്ടുള്ളത്. ഇതിനൊരു തിരുത്താണ് ഈ സൂക്തം. കുടുംബ ജീവിതത്തിലെ സ്വകാര്യതകളില്‍പെട്ട 'മുലകുടി' പ്രശ്‌നത്തെ ശൂറയുടെ വെളിച്ചത്തില്‍ പരിഹരിക്കുന്ന രീതിയാണല്ലോ ആയത്തിന്റെ ഉള്ളടക്കം.
ഒന്നിലധികം പേര്‍ ഒത്തുചേരുന്ന മനുഷ്യ ജീവിതത്തിലെ ഏതൊരു കാര്യവും / സംരഭവും ശൂറ യെ അനിവാര്യമാക്കുന്നുവെന്നാണ് ഇസ്‌ലാമിന്റെ പാഠം. അവിടെ സാമൂഹികമെന്നോ സാമ്പത്തികമെന്നോ കുടുംബപരമെന്നോ വേര്‍തിരിവുകളില്ല.
യഥാര്‍ഥത്തില്‍, ശൂറക്ക് രണ്ടു തലങ്ങളുണ്ട്. ഭരണകൂടം പ്രജകളുടെ ക്ഷേമത്തിനും പൊതുനന്മകള്‍ക്കുമായി കൂടിയാലോചന  നടത്തലാണ് ഒന്നാമത്തെ തലം. ഇസ്‌ലാമിക സമൂഹത്തിലെ ഓരോ വ്യക്തിയും അവനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടത്തേണ്ട കൂടിയാലോചനയാണ് രണ്ടാമത്തേത്. ശഹീദ് സയ്യിദ് ഖുത്വ്ബ് എഴുതുന്നു: 'ഈ പ്രയോഗം (അംറുഹും ശൂറാ ബയ്‌നഹും)  അവരുടെ മുഴുകാര്യങ്ങളെയും (വിശ്വാസികളുടെ) ശൂറയുടെ വരുതിയിലാക്കുന്നു. ജീവിതം മുഴുവന്‍ അതിന്റെ വര്‍ണമണിയണം. നാം നേരത്തെ വ്യക്തമാക്കിയതുപോലെ ഈ നസ്സ്വ് ഒരു മക്കീ സൂക്തമാണ്, ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമാവുന്നതിന് മുമ്പ് അവതരിച്ചത്. അതിനാല്‍ വിശ്വാസിയുടെ ജീവിതത്തില്‍  ശൂറയെന്ന സ്വഭാവം രാഷ്ട്രത്തേക്കാളും സമ്പുര്‍ണവും വിശാലാര്‍ഥവുമുള്ളതാണ്. ഒരു രാഷ്ട്ര ഘടന സ്ഥാപിക്കപ്പെട്ടില്ലങ്കില്‍ പോലും ഇസ്‌ലാമിക സമാജത്തിന്റെ എല്ലാ അവസ്ഥകകളിലുമുണ്ടാവേണ്ട സവിശേഷ മുദ്രയാണത്.6

സാമൂഹിക കാര്യങ്ങളില്‍ മാത്രമല്ല, ആരാധനാ കര്‍മമായ നമസ്‌കാരത്തിലേക്ക് ക്ഷണിക്കാനുള്ള രീതി എന്താവണം? ബദ്‌റിലെ ബന്ദികളെ എന്ത് ചെയ്യണം? എന്നു തുടങ്ങി ദിവ്യബോധനം ലഭിക്കാത്ത ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരുമേനി കൂടിയാലോചനകള്‍ നടത്തിയിരുന്നു. പ്രവാചകന്റെ തീര്‍ത്തും സ്വകാര്യമെന്നു വ്യാഖ്യാനിക്കാവുന്ന കുടുംബ വിഷയങ്ങളില്‍ പോലും. ഇതിന്റെ മികച്ച ഉദാഹരണമാണ് മുനാഫിഖുകളും പ്രവാചക വിരോധികളും ചേര്‍ന്ന് തിരുപത്‌നി മഹതി ആഇശക്കെതിരെ അപവാദ പ്രചരണം നടത്തിയപ്പോള്‍ അവ്വിഷയകമായി തിരുദൂതര്‍ അനുചരന്മാരോട് കൂടിയാലോചന നടത്തിയത്.
(حديث : " ما تشيرون عليّ في قوم يسبّون أهلي. "
 أخرجه البخاري ( الفتح 13 / 340 - ط السلفية )

സൂക്തം: അശ്ശൂറാ: 38 (ശൂറയുടെ വിധി)
وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلَاةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣٨﴾
(വിധാതാവിന്റെ ശാസനകള്‍ അനുസരിക്കുന്നവരും  നമസ്‌കാരം നിലനിര്‍ത്തുന്നവരും കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് നടത്തുന്നവരും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരും - അശ്ശൂറ: 38).

സത്യവിശ്വാസികളുടെ മുഖ്യമായ  സ്വഭാവഗുണങ്ങള്‍  വിവരിക്കുന്ന സൂക്തങ്ങളാണ് സൂറത്തുശ്ശൂറയിലെ മുപ്പത്തിയാറു മുതലുള്ള ആയത്തുകള്‍. ശൂറയെ സംബന്ധിച്ച ഖുര്‍ആനിലെ മൂന്നാമത്തെ പരാമര്‍ശം ഈ ആയത്തുകള്‍ക്കിടയിലാണ്. കൂടിയാലോചനയെ സംബന്ധിച്ച പ്രധാനപ്പെട്ട ചില വസ്തുതകള്‍ ഈ ആയത്തുകളില്‍ നിന്നു വായിച്ചെടുക്കാന്‍ കഴിയും.

1. വിശ്വാസി സമാജത്തിന്റെ സഹജമായ ഗുണമാണ് ശൂറ. സ്ഥിരതയെയും, സ്ഥായി ഭാവത്തെയും സൂചിപ്പിക്കുന്ന നാമ വാചക(ജുംല ഇസ്മിയ്യഃ)ത്തിലൂടെ ശൂറയെ കുറിച്ച് പറയുകവഴി ശൂറയുടെ അനിവാര്യതയും നൈരന്തര്യവും ഈ സൂക്തം അനാവരണം ചെയ്യുന്നുണ്ട്. സയ്യിദ് ഖുത്വുബ് നിരീക്ഷിക്കുന്നത് കാണുക: 'രാഷ്ട്രീയമായ വ്യവസ്ഥ എന്നതിലുപരി, ആഴമുള്ള മനങ്ങളോടുകൂടിയാണ് ശൂറ വിശ്വാസിയുടെ ജീവിതത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. മുസ്ലിം സമാജത്തിന്റെ അടിസ്ഥാന സ്വഭാവമാണത്. സമൂഹത്തില്‍ നിന്ന് തുടങ്ങി പിന്നീടത് രാഷ്ട്രത്തോളം വളരുകയാണു ചെയ്യുക.'7
2. നമസ്‌കാരത്തിന്റെയും സകാത്തിന്റെയും മധ്യേ ശൂറയെ പരാമര്‍ശിക്കുക വഴി ഒരിക്കലും ഒഴിവാക്കാനാവാത്തതും ആരാധനാ തുല്യമായ വിശുദ്ധിയോടും കണിശതയോടും നിര്‍വഹിക്കപ്പെടേണ്ട ധര്‍മമാണ് ശൂറ എന്നു വരുന്നു.
3. ശൂറ നിര്‍ബന്ധമാണോ (വാജിബ്) അതോ അഭിലഷണീയമാണോ (മുസ്തഹബ്ബ്) എന്നൊരു തര്‍ക്കം കര്‍മശാസ്ത്രകാരന്‍മാര്‍ക്ക് ഇടയിലുണ്ട്.  ഇമാം നവവി, ഇബ്‌നു അത്വിയ്യ, ഇബ്‌നു ഖുവൈസ്, ഇമാം റാസി തുടങ്ങിയവര്‍ 'ശൂറ' നിര്‍ബന്ധമാണെന്ന വീക്ഷണക്കാരാണ്. സൂറ ആലുഇംറാനിലെ (159) 'ശാവിര്‍ഹും' എന്ന കല്‍പനാ സ്വരത്തിലുള്ള പ്രയോഗമാണ് തെളിവ്. കല്‍പന ക്രിയകള്‍ അവ നിര്‍ബന്ധത്തിനല്ലായെന്ന് ധ്വനിപ്പിക്കുന്ന ഖരീനത്തുകളുടെ (സൂചകങ്ങളുടെ) അഭാവത്തില്‍ 'വാജിബിനെ' കുറിക്കും എന്നാണ് ഉസ്വൂലുല്‍ ഫിഖ്ഹിലെ തത്വം.8

ശൂറ നിര്‍ബന്ധമല്ല, അഭിലഷണീയമായ കാര്യം മാത്രം എന്ന് വാദിക്കുന്നവരുടെ തെളിവുകള്‍ പറ്റെ ദുര്‍ബലമാണ്. ഇമാം അബൂബക്ര്‍ അല്‍ ജസ്‌സ്വാസ്വ് എഴുതുന്നു:  സ്വഹാബികളെ പരിഗണിക്കുന്നുണ്ടെന്ന തോന്നലുളവാക്കാനും അവരില്‍ മനഃസംതൃപ്തി ജനിപ്പിക്കാനുമാണ് നബി (സ) അനുചരരോട് കൂടിയാലോചിച്ചതെന്ന (ശൂറ അഭിലഷണീയം മാത്രം എന്നു പറയുന്നവരുടെ) വാദം ശരിയല്ല. തങ്ങളുടെ പരമാവധി ശ്രമം ചെലവഴിച്ച് പറഞ്ഞ അഭിപ്രായങ്ങള്‍ പരിഗണനീയമല്ലെന്നും നടപ്പില്‍ വരുത്താനുള്ളതല്ലെന്നും സ്വഹാബികള്‍ക്ക് അറിയാമായിരുന്നുവെങ്കില്‍ അത് അവരില്‍ മനഃസംതൃപ്തിക്ക് പകരം ഒറ്റപ്പെടുത്തലായും തങ്ങള്‍ പരിഗണനീയരല്ലായെന്ന ചിന്തയുമാണ് സൃഷ്ടിക്കുക.9 അറബികളിലെ പ്രമുഖരോട് കൂടിയാലോചിക്കാതിരിക്കുന്നത് അവര്‍ക്ക് മനഃപ്രയാസമുണ്ടാക്കുമെന്നും അതിനാലാണ് പ്രവാചകനോട് സ്വഹാബികളോട് കൂടിയാലോചിക്കാന്‍ അല്ലാഹു ആവശ്യപ്പെട്ടതെന്ന ഇക്കൂട്ടരുടെ വിശദീകരണവും ബാലിശമാണ്. കാരണം ഒരു കാര്യത്തിലും മറുത്തൊരു ന്യായവും ഉന്നയിക്കാതെ പ്രവാചകനെ സര്‍വ്വാത്മനാ അനുധാവനം ചെയ്യുന്നവരായിരുന്നല്ലോ സ്വഹാബികള്‍.

ശൂറ പ്രവാചക ചര്യയില്‍
ما رأيت أحداً اكثر مشورة لأصحابه من رسول الله صلى الله عليه وسلم 10
അനുചരരോട് പ്രവാചകനോളം കൂടിയാലോചിച്ച മറ്റൊരാളെയും താന്‍ കണ്ടിട്ടില്ലായെന്ന് അബൂഹുറയ്‌റ(റ). ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ശരിയായ തീരുമാനങ്ങളിലേക്കെത്താനാവശ്യമായ  ദിവ്യബോധനം ഉള്ളതോടൊപ്പം തിരുമേനി (സ) സ്വജീവിതത്തില്‍ ശൂറ നടപ്പില്‍ വരുത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ പ്രവാചക ചര്യയില്‍ കണ്ടെത്താന്‍ കഴിയും. ഇത് മുഖേന ഉമ്മത്ത് മുസ്‌ലിമ അനുധാവനം ചെയ്യേണ്ട മാതൃകയായി ശൂറയെ സമര്‍പിക്കുകയായിരുന്നു പ്രവാചകന്‍.
لما نزلَت وَشَاوِرْهُمْ فِي الْأَمْرِ قال رسولُ اللَّهِ صلَّى اللَّهُ عليهِ وسلَّمَ أما إنَّ اللَّهَ ورسولَهُ لغنِيَّانِ عنها ولكن جعلها اللَّهُ رحمةً لأمَّتي فمنِ استشارَ منهُم لم يُعدَمْ رُشدًا ومن تركَها لَم يُعدَمْ غَيًّا 11
അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍ നിന്നും നിവേദനം: 'താങ്കള്‍ അവരോട കാര്യങ്ങളില്‍ കൂടിയാലോചിക്കുക'  (شَاوِرْهُم فى الأمر) എന്ന ആയത്തിറങ്ങിയപ്പോള്‍ റസൂല്‍ (സ) ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും അല്ലാഹുവും അവന്റെ റസൂലും ശൂറയില്‍നിന്നു ധന്യരാണ്. എന്നാല്‍ അല്ലാഹു  ശൂറയെ എന്റെ ഉമ്മത്തിന് കാരുണ്യമായി നിശ്ചയിച്ചിരിക്കുന്നു. അവരില്‍ നിന്ന് ആര് കൂടിയാലോചിക്കുന്നുവോ അവന് വിവേകം നഷ്ടമാവില്ല, ആര് അതുപേക്ഷിക്കുന്നുവോ അവന്‍ പിഴയ്ക്കാതിരിക്കുകയുമില്ല. 
ഇമാം റാസി: ഹസനെയും സുഫ്‌യാനുബ്‌നു ഉയയ്‌നയെയും ഉദ്ധരിച്ചെഴുതുന്നു: 'കൂടിയാലോചന യില്‍ മറ്റുളളവര്‍ക്ക് നബി തിരുമേനി മാതൃകയാവാന്‍ വേണ്ടിയാണ് അല്ലാഹു തന്റെ ദൂതനോട് ശൂറ നടത്താന്‍ കല്‍പ്പിച്ചത്.12
ശൂറയുമായി ബന്ധപ്പെട്ട തിരുദൂതരുടെ വാചികമായ ചില നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക:
1. لما نزلَت وَشَاوِرْهُمْ فِي الْأَمْرِ قال رسولُ اللَّهِ صلَّى اللَّهُ عليهِ وسلَّمَ أما إنَّ اللَّهَ ورسولَهُ لغنِيَّانِ عنها ولكن جعلها اللَّهُ رحمةً لأمَّتي فمنِ استشارَ منهُم لم يُعدَمْ رُشدًا ومن تركَها لَم يُعدَمْ غَيًّا 11
'നിങ്ങളിലാരെങ്കിലും തന്റെ സഹോദരനോട് അഭിപ്രായമാരാഞ്ഞാല്‍ അയാള്‍ അഭിപ്രായം പറയട്ടെ.'
2.  وقال صلى الله عليه وسلم: “المستشار مؤتمن” 14
 'കൂടിയാലോചന നടത്തുന്നവന്‍ നിര്‍ഭയനാണ്.'
3. وقال صلى الله عليه وسلم: “من استشاره أخوه المسلم فأشار عليه بغير رشد فقد خانه” 15
മുസ്‌ലിമായ സഹോദരന്‍ കൂടിയാലോചന നടത്തുമ്പോള്‍ വിവേകപൂര്‍വമല്ലാത്ത അഭിപ്രായം പറയുന്നത് അവനെ വഞ്ചിക്കലാണ്. 
4. وروي عنه صلى الله عليه وسلم أنه قال: “ما شقي قط عبد بمشورة وما سعد باستغناء رأي، وما خاب من استخار ولا ندم من استشار” 16

കൂടിയലോചിച്ചതിന്റെ പേരില്‍ ഒരടിമയും ദൗര്‍ഭാഗ്യവാനാകേണ്ടി വന്നിട്ടില്ല, സ്വാഭിപ്രായം മാത്രം പരിഗണിച്ചവന്‍ ഭാഗ്യവാനുമായിട്ടില്ല. നന്മ തേടിയവന്‍ പരാജയയപ്പെടുകയോ, ശൂറ നടത്തിയവന്‍ ഖേദിക്കേണ്ടിവരികയോ ഇല്ല.
وروي عنه صلى الله عليه وسلم أنه قال: “إذا كان أمراؤكم خياركم وأغنياؤكم سمحاءكم وأمركم شورى بينكم فظهر الأرض خير لكم من بطنها، وإذا كان أمراؤكم شراركم، وأغنياؤكم بخلاءكم، وأموركم إلى نسائكم فبطن الأرض خير لكم من ظهرها” 17
നിങ്ങളുടെ നേതാക്കന്മാര്‍ ഉത്തമാരാവുകയും സമ്പന്നര്‍ ഉദാരമതികളാവുകയും കാര്യങ്ങള്‍ ശൂറയിലൂടെ തീരുമാനിക്കപ്പെടുകയും ചെയ്യുന്നുവെങ്കില്‍ ഭൂഗര്‍ഭത്തേക്കാള്‍ അതിന്റെ ഉപരിതലമാണ് ഏറ്റവും ഉത്തമം. അതല്ല, നിങ്ങളുടെ നേതാക്കന്മാര്‍ നിങ്ങളില്‍ ഏറ്റവും ഉപദ്രവകാരികളാവുകയും സമ്പന്നര്‍ പിശുക്കരാവുകയും, കാര്യങ്ങള്‍ സ്ത്രീകളുടെ കൈകളിലാവുകയും ചെയ്യുന്നുവെങ്കില്‍ ഭൂമിയുടെ ഉള്ളറയായിരിക്കും അതിന്റെ ഉപരിതലത്തേക്കാള്‍  ഏറ്റവും ഉത്തമം.
നബി(സ)യുടെ ജീവിതത്തിലെ സുപ്രധാനമായ കൂടിയാലോചനാ സന്ദര്‍ഭങ്ങളില്‍ ചിലത് ചുവടെ കുറിക്കുന്നു.
1.    ബദ്ര്‍ യുദ്ധത്തിന്റെ മുന്നോടിയായി ശത്രുക്കളെ നേരിടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ആലോചനകള്‍.18
2.    ബദ്‌റിലെ യുദ്ധത്തടവുകാരുടെ വിമോചനരീതിയെക്കുറിച്ച ചര്‍ച്ചകള്‍.19
3.    നമസ്‌കാരത്തിലേക്ക് ക്ഷണിക്കാന്‍ ഏതുരീതി സ്വീകരിക്കണം എന്ന വിഷയം.20
4.    ഉഹുദ് യുദ്ധക്കളം നിര്‍ണയിക്കുന്നത് സംബന്ധിച്ച് നടന്ന കൂടിയാലോചന.21
5.    പ്രവാചകനെ നിരന്തരമായി ഉപദ്രവിച്ച കപട വിശ്വാസികളുടെ കാര്യത്തില്‍ എന്തുനടപടി സ്വീകരിക്കണമെന്ന വിഷയം.22
5. ഹുദൈബിയാ സന്ധിയെ തുടര്‍ന്ന് ഇഹ്‌റാമില്‍ നിന്ന് വിരമിക്കാനുള്ള പ്രവാചക കല്‍പനക്കു മുന്നില്‍ വിമുഖരായി നിന്ന സ്വഹാബികളുടെ വിഷയത്തില്‍ ഇനിയെന്ത് വേണമെന്ന് തിരുദൂതര്‍ കൂടിയാലോചിച്ചത് ഉമ്മുസലമ:യോടാണ്.23 ( നൂറുല്‍ യഖീന്‍: മുഹമ്മദുല്‍ ഖുദ്‌രി, പേജ്: 180).

ശൂറയുടെ ഉപാധികള്‍
ശൂറ നിരുപാധികമായ ഒന്നാണോ? ശൂറയുടെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ ഏതൊക്കെയാണ്? കൂടിയാലോചന ബാധകമല്ലാത്ത വിഷയങ്ങള്‍ ഇസ്‌ലാമികസമൂഹത്തില്‍ ഉണ്ടോ? ഇത്തരമൊരു അന്വേഷണമാന് ചുവടെ.
തീര്‍ച്ചയായും, ശൂറയുടെ പരിധിയില്‍ വരാത്ത, വരാന്‍ പാടില്ലാത്ത കൂടിയാലോചനയിലൂടെ തിരുത്താന്‍ പാടില്ലാത്ത നിയമങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിലുണ്ട്. 

ഇസ്‌ലാമിലെ ശൂറ നിരുപാധികമല്ല. ശൂറയുടെ ഉപാധികള്‍ പ്രധാനമായും രണ്ടെണ്ണമാണ്.
1. ഇസ്‌ലാമിക സമാജത്തിന് പൊതുവായി ബാധകമാകുന്നതും വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും വ്യാഖ്യാന ക്ഷമമല്ലാത്ത സ്വഭാവത്തില്‍  ഖണ്ഡിതമായ പ്രമാണങ്ങള്‍ വന്നിട്ടുള്ളതുമായ വിഷയങ്ങളില്‍ കൂടിയാലോചന അനുവദനീയമല്ല.
2.    കൂടിയാലോചനയിലൂടെ ഖണ്ഡിത പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങള്‍ രൂപപ്പെടാവതല്ല.
ശൂറഅനുവദനീയമാകുന്ന   മേഖലകള്‍ സയ്യിദ് റശീദ് റിദ വിവരിക്കുന്നത് കാണുക: 
1. അല്ലാഹുവില്‍ നിന്നോ പ്രവാചകനില്‍ നിന്നോ പ്രമാണങ്ങള്‍ വന്നിട്ടില്ലാത്ത വിഷയങ്ങള്‍
2.    ഇസ്‌ലാമിക പണ്ഡിതന്മാരുടെ ഇജ്മാഅ് (ഏകോപിച്ച അഭിപ്രായം) രേഖപ്പെടുത്തി യിട്ടില്ലാത്ത കാര്യങ്ങള്‍
3.    മുസ്‌ലിം സമൂഹത്തിന്റെ പൊതുനന്മ (അല്‍ മസ്വ്‌ലഹത്തുല്‍ ആമ്മഃ)യില്‍ അധിഷ്ഠിതമായതും ഖണ്ഡിതമായ പ്രമാണങ്ങള്‍ വന്നിട്ടില്ലാത്തതും വ്യത്യസ്തമായ ആഖ്യാനങ്ങള്‍ക്ക് നിയമപരമായ (ശര്‍ഈ) സാധുതയും പ്രമാണങ്ങളുള്ളതുമായ വിഷയങ്ങളില്‍ ശൂറ അനുവദനീയമാണ്. വിശേഷിച്ചും രാഷ്ട്രസംബന്ധവും യുദ്ധ കാര്യങ്ങളുമായി ബന്ധപ്പെട്ടവ.
4. സ്ഥലകാലങ്ങള്‍ക്ക് മാറ്റവിധേയമാകുന്ന വിഷയങ്ങളില്‍ പ്രമാണങ്ങളെ പ്രായോഗികവല്‍ക്കരിക്കുന്നതില്‍ ശൂറ അനുവദനീയമാണ്.24
സയ്യിദ് റശീദ് രിദ അഭിപ്രായങ്ങളുമായി യോജിക്കുന്ന ശഹീദ് അബ്ദുല്‍ ഖാദിര്‍ ഔദഃ ഇപ്രകാരം കൂട്ടിച്ചേര്‍ക്കുന്നു: 'ശൂറ നിരുപാധികമായ ഒരു പ്രക്രിയയല്ല. മറിച്ച് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വെച്ചിട്ടുള്ള പരിധികള്‍ ലംഘിക്കാത്തതായിരിക്കണമെന്ന ഉപാധിയുണ്ടതിന്. അതുകൊണ്ടുതന്നെ ഇസ്ലാമിക ശരീഅത്തുമായി യോജിച്ചു വരുന്നതും  ശരീഅത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്നതുമാവണം കൂടിയാലോചനകള്‍. ചുരുക്കത്തില്‍ ഖണ്ഡിത പ്രമാണങ്ങള്‍ വന്നിട്ടില്ലാത്ത വിഷയങ്ങളിലേ ഇസ്‌ലാമില്‍ കൂടിയാലോചന സാധുവാകുകയുള്ളു. ശൂറയു മായി ബന്ധപ്പെട്ട് അവതരിച്ച സൂക്തങ്ങളിലെ രണ്ട് പ്രയോഗങ്ങള്‍  ശ്രദ്ധേയമാണ്. ഒന്നാമത്തേത് 'അവരുടെകാര്യങ്ങള്‍' (وأمرهم شورى بينهم) എന്ന പ്രയോഗം. ജീവതത്തിന്റെ എല്ലാ വിഷയങ്ങളിലും ശൂറ നിര്‍ബന്ധമാണെന്നാണ് ഇവിടെ ഉദ്ദേശ്യം. രണ്ടാമത്തെ സൂക്തത്തിലെ പ്രയോഗമായ 'ഫില്‍ അംറ്' (في الأمر)  എന്ന് സവിശേഷമാക്കി പറഞ്ഞത് ശൂറയുടെ ഉപാധികളെ കുറിച്ച് സൂചിപ്പിക്കാനാണ്.

ആരോടാണ് കൂടിയാലോചന നടത്തേണ്ടത്?
ശൂറ സമിതിയിലെ അംഗങ്ങളുടെ യോഗ്യതകള്‍ എന്തെല്ലാം? ഇവ്വിഷയകമായ മറ്റു ചര്‍ച്ചകള്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. അവയെ ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്.

ശൂറ എന്നത് ഇജ്തിഹാദിന്റെ ഒരു ഭാഗമാണ്. ഇജ്തിഹാദ് അനുവദനിയമാകുന്ന വിഷയങ്ങളിലേ ശൂറ അനുവദനീയമാകൂ. അതിനാല്‍ ഇജ്തിഹാദിനു വേണ്ടുന്ന ജാഗ്രതയും ശ്രദ്ധയും ശൂറ താല്‍പര്യപ്പെടുന്നുണ്ട്. എന്നാല്‍ ഇജ്തിഹാദില്‍ നിന്ന് വേറിട്ട ഒരു തലം ശൂറക്കുണ്ട്. ഒന്നിലധികം പേര്‍ക്ക് പങ്കാളിത്തമുള്ള ഏതൊരു കൂട്ടുസംരംഭവും കൂടിയാലോചനയെ അനിവാര്യമാക്കുന്നു. പക്ഷെ, എല്ലാ കൂടിയാലോചനകളും ഇജ്തിഹാദിന്റെ പരിധിയില്‍ വരുന്നതാകണമെന്നില്ല. ഭൗതികജ്ഞാനവുമായി ബന്ധപ്പെട്ട, ദീനീ അടിത്തറയില്‍ പരിഹാരം കാണേണ്ടതില്ലാത്ത കാര്യങ്ങളില്‍ ബന്ധപ്പെട്ട കക്ഷികളോടും പ്രസ്തുത വിഷയങ്ങളില്‍ അറിവും അനുഭവമുള്ളവരോടും കൂടിയാലോചിക്കുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു:
فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
 (നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍, അറിവുള്ളവരോടു ചോദിച്ചുനോക്കുക- നഹ്ല്‍: 43). 

ശൂറാ അംഗങ്ങളുടെ രണ്ടുതരം യോഗ്യതകളെക്കുറിച്ച് പണ്ഡിതര്‍ പറയുന്നു.
1.    പൊതു യോഗ്യതകള്‍:
a) ബുദ്ധിപരമായ മികവ്, ചിന്താശേഷി, അനുഭവ സമ്പത്ത്.
b) മതനിഷ്ഠയും ദൈവഭക്തിയും.
ഉമറുബ്‌നുല്‍ ഖത്താബ് (റ) പറയുന്നു: അല്ലാഹുവിനെ ഭയക്കുന്നവനോടാണ് നീ കാര്യങ്ങള്‍ കൂടിയാലോചിക്കേണ്ടത്. സത്യസന്ധതയും, തഖ്‌വയും ദൈവഭയവുമുള്ളവരായിരിക്കണം കൂടിയാലോചനസഭയിലുണ്ടാവേണ്ടതെന്ന് സുഫ്‌യാനുസ്സൗരി.
c. ഗുണകാംക്ഷ.
d. വൈകാരിക സന്തുലിതത്വം.
'വിശപ്പു ശമിക്കുന്നതുവരെ വിശക്കുന്നവരോടും ദാഹം തീരുന്നതുവരെ ദാഹാര്‍ത്തനോടും അഭിപ്രായം തേടരുത്. (അഹ്‌നഫ്)
f. കൂടിയാലോചിക്കുന്ന വിഷയത്തില്‍ വ്യക്തിപരമായ താല്പര്യങ്ങള്‍ ഉണ്ടാവാതിരിക്കുക.
g. രഹസ്യം സൂക്ഷിക്കുന്നവനാകുക.
വൈജ്ഞാനിക യോഗ്യതകള്‍:
a.    വിശുദ്ധ ഖുര്‍ആനിലുള്ള അവഗാഹം.  (അവതരണ പശ്ചാത്തലം, കര്‍മപരമായ ആയത്തുകള്‍, നാസിഖ് മന്‍സൂഖ്, നിരുപാധികമായതും സ്വാപാധികവുമായ വിധികള്‍, മക്കീ-മദനീ വേര്‍തിരുവകള്‍ തുടങ്ങി സൂക്തങ്ങളുമായി ബന്ധപ്പെട്ട ഗ്രാഹ്യമുണ്ടാവുക.
b. പ്രവാചക ചര്യ (സുന്നത്ത്) യിലുള്ള അറിവ് (വിധികളുമായി ബന്ധപ്പെട്ട ഹദീസുകള്‍ അറിയുക, സ്വഹീഹും ദഈഫും വേര്‍തിരിച്ച് മനസ്സിലാക്കുക, താരതമ്യത്തിലൂടെ ഹദീസുകളുടെ ബലാബലം പരിശോധിക്കുക തുടങ്ങിയ ഹദീസ് വിജ്ഞാനീയങ്ങളില്‍ ഗ്രാഹ്യമുണ്ടാവുകയെന്നര്‍ഥം.
c. കര്‍മശാസ്ത്ര വിധികളിലെ 'ഇജ്മാഅ്' ഉള്ള വിഷയങ്ങളെ കുറിച്ചും ഭിന്നാഭിപ്രായങ്ങളെ പറ്റിയും ധാരണയുണ്ടാവുക.
d. കര്‍മശാസ്ത്ര-ഗവേഷണ പാടവം ഉണ്ടാവുക.
e. ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചും കര്‍മശാസ്ത്ര തത്വങ്ങളെ കുറിച്ചും ബോധവാനാവുക.
f. ജീവിക്കുന്ന കാലത്തെ കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും തികഞ്ഞ ബോധ്യമുണ്ടായിരിക്കുക.

മുകളില്‍ സൂചിപിച്ച യോഗ്യതകള്‍ ഉള്ള ആരുമായും കൂടിയാലോചന നടത്താവുന്നതാണ്. അതില്‍ ലിംഗ ഭേദമോ, പ്രായപരിധിയോ ഇല്ല. ഹുദൈബിയാസന്ധി വേളയില്‍ പ്രവാചകന്‍ (സ) പത്‌നി ഉമ്മുസലമ(റ)യോട് കൂടി യാലോചിച്ചതും സ്വഹാബികളില്‍ പ്രായം കുറഞ്ഞയാളുമായ ഉസാമത് ബിന്‍ സയ്ദ്(റ) നോട് തിരുമേനി(സ) യുദ്ധകാര്യങ്ങള്‍ ആലോചിച്ചതും ഇതിന്റെ തെളിവാണ്. ഖുലഫാഉറാശിദുകളുടെ കൂടിയാലോചനാ സമിതികളില്‍  അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) പോലെയുള്ള ഇളംമുറക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു.

ശൂറയും ജനാധിപത്യവും 
മനുഷ്യ ധിഷണ എത്തിച്ചേര്‍ന്ന ഏറ്റവും പുരോഗമനാത്മകമായ സാമൂഹിക ചിന്തയുടെ 'ഉയര്‍ന്ന രൂപ'മെന്നാണ് പാശ്ചാത്യ ധിഷണ  ജനാധിപത്യത്തെ  പരിചയപ്പെടുത്താറുള്ളത്. എന്നാല്‍ ഏകാധിപത്യത്തിന്റെ എല്ലാ വൈകൃതങ്ങളും തോതില്‍ വ്യത്യാസമുണ്ടങ്കിലും ജനാധിപത്യത്തിലും നിഴലിക്കുന്നതാണ് അനുഭവം. ജനാധിപത്യത്തിന് വകഭേദങ്ങള്‍ ഉണ്ടാവാനുള്ള കാരണമതാണ്. ഇവിടെയാണ് ഇസ് ലാമിക ശൂറ വ്യതിരിക്തമാവുന്നത്. നൂറില്‍ അമ്പത്തിയൊന്ന് പേര്‍ ചേര്‍ന്നു തീരുമാനിച്ചതെന്തായാലും ശരി എന്നതല്ല സത്യത്തിന്റെ മാനദണ്ഡം. ദൈവിക പ്രമാണങ്ങളെ അടിസ്ഥാനമാക്കുകയെന്നതാണ് ശരിതെറ്റുകളെ തീരുമാനിക്കാനുള്ള മാനദണ്ഡം. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനം. ഈ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണമാണ് ശൂറയുടെ കാതല്‍.
ശൂറയും ജനാധിപത്യവും വേര്‍തിരിയുന്ന അതിര്‍വരമ്പുകള്‍ ഇങ്ങനെ സംക്ഷേപിക്കാം.

a. ദൈവിക ബോധനങ്ങള്‍ (ഖുര്‍ആനും സുന്നത്തും) ആണ് ശൂറയുടെ അടിത്തറ. ശരിതെറ്റുകള്‍ തീരുമാനിക്കപ്പെടുക ദൈവിക പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്. ജനാധിപത്യമാകട്ടെ മനുഷ്യ നിര്‍മിതമായ ആശയമാണ്. ശരിതെറ്റുകള്‍ തീരുമാനിക്കപ്പെടുന്നത് പിന്താങ്ങുന്നവരുടെ സംഖ്യാബലത്തിലാണ്. ഏതൊരു അധര്‍മവും കണക്കിലെ കളികളില്‍ നിയമമായും അനുവദനീയമായും മാറാം. ഭൂരിപക്ഷത്തിന്റെ ഇച്ഛയും താല്പര്യങ്ങളുമാണ് ജനാധിപത്യത്തിന്റെ അടിത്തറ.

b. ദൈവഭക്തിയും പ്രമാണങ്ങളിലെ പാണ്ഡിത്യവുമാണ് കൂടിയാലോചന സമിതിയിലെ അംഗങ്ങളുടെ യോഗ്യത. ശൂറയിലൂടെ പൊതുനന്മയും ക്ഷേമവും ഉറപ്പു വരുത്തുന്ന ഏറ്റവും ശരിയായ അഭിപ്രായത്തിലേക്ക്  എത്തിച്ചേരുകയാണുണ്ടാവുക. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കും സ്വേച്ഛകള്‍ക്കും ശൂറയിലിടമില്ല. എന്നാല്‍ ജനാധിപത്യത്തില്‍ പ്രത്യേകിച്ച് യോഗ്യതകളോ കഴിവുകളോ ഇല്ലാതെ ഏതു കുതന്ത്രം മുഖേനയും ജനാധിപത്യ സമിതികളില്‍ അംഗമാകാം. ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കലാണ് ജനാധിപത്യത്തില്‍ പ്രധാനം.

c. ദൈവിക ദര്‍ശനത്തിന്റെ പ്രായോഗികത കൂടിയാലോചനയിലൂടെ ഉറപ്പു വരുത്തലാണ് ശൂറയുടെ ദൗത്യം. മഹിതമായ ഒരാദര്‍ശത്തിന്റെ പിന്‍ബലത്തിലും ചിട്ടവട്ടങ്ങള്‍ക്കുള്ളിലുമാണ് ശൂറ നിലനില്‍ക്കുന്നത്. ആധുനിക ജനാധിപത്യം തീരുമാനങ്ങള്‍ എടുക്കാനുള്ളഒരു രീതിശാസ്ത്രം (Methodolology) മാത്രമാണ്, നിയതമായ ഒരു ആദര്‍ശാടിത്തറ അതിനില്ല. ഭൂരിപക്ഷത്തിന്റെ താല്പര്യമാണ് ജനാധിപത്യത്തിന്റെ ആദര്‍ശം. അതാകട്ടെ ആള്‍ക്കൂട്ടത്തിന്റെ ഹിതം മാറുന്നതനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. ജനാധിപത്യത്തിന് ഏതെങ്കിലുമൊരു താത്വിക അടിത്തറയുണ്ടങ്കില്‍ 'അധികാരവും ശക്തിയും ഭൂരിപക്ഷത്തിന് എന്നതുമാത്രമാണ്.
d. പ്രമാണങ്ങള്‍ വന്നിട്ടില്ലാത്തതോ വ്യാഖ്യാന ഭേദങ്ങള്‍ക്ക് നിയമപരമായ സാധുതയുള്ള പ്രമാണങ്ങളുള്ളതോ ആയ വിഷയങ്ങളാണ് ശൂറയുടെ പരിധിയില്‍ വരുക. ഖണ്ഡിതമായ പ്രമാണങ്ങളുള്ള വിഷയങ്ങള്‍ കൂടിയാലോചനയുടെ വൃത്തത്തില്‍ നിന്നും പുറത്താണ്. മയ്മൂന്‍ ബിന്‍ മഹ്‌റാന്‍ പറയുന്നു: തന്റെ മുന്നില്‍ ഒരു പ്രശ്‌നം വന്നെത്തിയാല്‍  അബൂബക്ര്‍ സിദ്ദീഖ് (റ)  പ്രസ്തുത വിഷയത്തിന്റെ വിധി ഖുര്‍ആനില്‍ പരതും. ഖുര്‍ആനില്‍ വിധി കണ്ടെത്തിയാല്‍ അതനുസരിച്ച് വിധിക്കും. ഇല്ലെങ്കില്‍ പ്രവാചക ചര്യയില്‍ അന്വേഷിക്കും. അതില്‍നിന്നും വിധി ലഭിച്ചില്ലങ്കില്‍ ജനങ്ങളില്‍ പ്രധാനികളെ വിളിച്ചു കൂട്ടി അവരോട് കൂടിയാലോചിക്കും. ഉമര്‍ (റ) ഇപ്രകാരം തന്നെയാണ് ചെയ്തിരുന്നത്.25

ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: കൂഫയിലെ ഗവര്‍ണറായി ശുറൈഹിനെ നിശ്ചയിച്ചപ്പോള്‍ ഉമര്‍(റ) ഇങ്ങനെ എഴുതി. '...ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍നിന്നും വിധി ലഭ്യമല്ലാത്തപ്പോള്‍ താങ്കള്‍ ഇജ്തിഹാദ് നടത്തുകയും അറിവും യോഗ്യതയുമുള്ളവരോട് കൂടിയാലോചിക്കുകയും ചെയ്യുക.26

ജനാധിപത്യത്തിലെ കൂടിയാലോചനകള്‍ക്ക് ഇത്തരം പരിധികളില്ല. ഭൂമിക്ക് മുകളിലെ ഏതൊരു വിഷയവും അംഗബലത്തില്‍ തിരുത്താം, നടപ്പില്‍ വരുത്താം.
നടേ സൂചിപ്പിച്ച ദൗര്‍ബല്യങ്ങള്‍ക്കു പുറമെ ക്രിയാത്മകമായ ചില വശങ്ങള്‍ ജനാധിപത്യത്തിനുണ്ട്. ഏകാധിപത്യത്തിനു പകരം ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നുവെന്നതാണ് അതില്‍ പ്രധാനം. ഇതാകട്ടെ ശൂറയുടെ അന്തസത്തയുമായി ചേര്‍ന്നു നില്‍ക്കുന്നു. ഇമാം അബുല്‍ അഅ്‌ലാ മൗദൂദി (റ) വിവരിക്കുന്നത് കാണുക: 'ജനങ്ങളുടെ ഹാകിമിയ്യ(അധീശാധിപത്യ)ത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ ഖിലാഫത്ത് (പ്രാതിനിധ്യം) നെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യ(ങീിമൃരവ്യ)ത്തോടും നാടുവാഴി മേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്- ആധുനിക കാലത്തെ ഏറ്റവും വലിയ ഒരു ജനാധിപത്യവാദിക്കുണ്ടാവുന്നത്ര അമര്‍ഷം. സാമൂഹിക ജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യ നിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട് -ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചിടത്തോളം നമുക്ക് എതിരഭിപ്രായമില്ല. പ്രജകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പ്രക്ഷോഭ സ്വാതന്ത്ര്യവുമില്ലാത്തതോ, ജനനത്തെയും ജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേകാവകാശങ്ങളും പ്രത്യേക പ്രതിബന്ധങ്ങളുമുള്ളതോ ആയ ഒരു ജീവിത വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തായ ഇവ്വിധ വിഷയങ്ങളിലൊന്നും നാം വിഭാവനം ചെയ്യുന്ന ജനപ്രാതിനിധ്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല. ഇവയൊന്നുംതന്നെ പാശ്ചാത്യര്‍ നമ്മെ അഭ്യസിപ്പിച്ചതുമല്ല. പടിഞ്ഞാറന്‍ ജനായത്തവാദികള്‍ ജന്മമെടുക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ നമുക്കതറിയാം. അതിന്റെ ഏറ്റവും നല്ല മാതൃക ലോകത്ത് നാം പ്രായോഗികമായി കാട്ടിക്കൊടുത്തിട്ടുള്ളതുമാണ്. വാസ്തവത്തില്‍ ഈ പുത്തന്‍ ജനാധിപത്യത്തില്‍ നമുക്ക് പറ്റാത്തത് ഒന്നുമാത്രമാകുന്നു: അത് ജനങ്ങളുടെ സ്വേച്ഛാപ്രഭുത്വത്തെ ആവിഷ്‌കരിച്ചുവെന്നത്.'27

നിയമനിര്‍മാണത്തിനുള്ള പരമാധികാരം ജനങ്ങള്‍ക്ക് മാത്രം എന്ന താത്വിക വശം മാറ്റിവെച്ച് ഒരു വിഷയത്തില്‍ ജനഹിതം അറിയാനുള്ള മാധ്യമമായി / ഉപകരണമായി ആധുനിക ജനാധിപത്യ രീതി മാറിയിട്ടുണ്ട്. ഏതൊരു ദര്‍ശനവും അതിന്റെ ജനഹിതത്തെ പ്രസ്തുത ഉപകരണമുപയോഗിച്ച് അളക്കാന്‍ കഴിയും. അതിനാല്‍ ഒരു രീതി ശാസ്ത്രമെന്ന അര്‍ഥത്തില്‍ ഡെമോക്രസി എന്ന പദം മുസ്‌ലിം സമൂഹത്തിന് അസ്പൃശ്യമാവേണ്ടതില്ലന്നാണ് റാശിദ് ഗനൂശി, മുഹമ്മദ് ഇമാറ പോലുള്ള മുസ്‌ലിം ചിന്തകര്‍ വാദിക്കുന്നത്.28

കുറിപ്പുകള്‍
1. أبوبكر طرطوشى ، سراج الملوك
2. المفردات فى غريب القرآن ، ص: 273
3. الطّبري ص: 94/4
4. الجامع لأحكام القرآن ، ص: 1246-1245/2
5. السياسة الشرعيّة ، ص: 169
6. في ظلال القرآن
7. في ظلال القرآن
8. عبد الكريم زيدان ، الوجيز أصول الفقه ص: 24
9. أحكام القرآن ص: 49/2
10. أحمد 2/299 من حديث أبي هريرة
11. الراوي : عبدالله بن عباس | المحدث : السيوطي | المصدر : الدر المنثور الصفحة أو الرقم: 4/89 | خلاصة حكم المحدث : إسناده حسن
12. تفسير الرّازي 66/9
13. ابن ماجه – كتاب: الأدب، باب: المستشار مؤتمن ح رقم 3747 ج2 ص1233 بإسناد ضعيف
14. ابن ماجه – ك الأدب – ح 3745-3746، وأحمد 5/274 عن ابن مسعود، والدارمي ج2 ص219، مجمع الزوائد: ج8 ص99، ورواية أبي مسعود عند ابن ماجه بإسناد صحيح
15. أحمد 2/321، 365
16. رواه الطبراني في الأوسط والصغير بإسناد ضعيف، انظر: مجمع الزوائد، ج8 ص99
17. الترمذي – ك الفتن ح2368 ج3 ص361، وقال: هذا حديث غريب
18. سيرة ابن هشام 2/177، ط1، مكتبة الإيمان بالقاهرة، 1416هـ/1995م
19. صحيح مسلم بشرح النووي 12/70 كتاب الجهاد والسير – باب الإمداد بالملائكة في غزوة بدر، الحديث رقم 1763
20. (1) حديث ابن عمر : “ كان المسلمون حين قدموا المدينة. . “ أخرجه البخاري ( الفتح 2 / 77 - ط السلفية
21. سيرة ابن هشام 3/16، ط1، مكتبة الإيمان بالقاهرة، 1416هـ/1995م
22. فتح الباري بشرح صحيح البخاري: كتاب الاعتصام، باب: وأمرهم شورى بينهم 13/417 دار الحديث بالقاهرة، ط1، 1419هـ/1998م
23. نوراليقين ، محمّد الخضري ، ص: 180
24. مجلة المنار: مج 23/10/750-751. وانظر الخلافة: رشيد رضا، ص 38
25. المدخل لدراسة السنة النبوية : 44
26. السيوطي، مفتاح الجنة في الاحتجاج بالسنة
27. മതേതരത്വം, ദേശീയത്വം, ജനാധിപത്യം
ഒരു താത്വിക വിശകലനം, പേജ്: 23
28. راشد الغنوشي , الحريات العامة في الدولة الاسلامية،  ص:109، بيرت،مركز دراسات الوحدة العربية

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top