ശൂറ: ഖിലാഫത്ത് റാശിദയുടെ കാലത്ത്

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌‌
img

വിശുദ്ധ ഖുര്‍ആന്‍ അനുശാസിച്ച ശൂറാ സംവിധാനത്തിന്റെ സൗന്ദര്യം പ്രകടമായി കാണാനാവുക ഖിലാഫത്ത് റാശിദയുടെ കാലഘട്ടത്തിലാണ്. ഇസ്‌ലാം ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നു എന്ന് ഈ കാലഘട്ടത്തിലെ ചരിത്രം പഠിച്ചാല്‍ ബോധ്യപ്പെടും.

ശൂറാ സംവിധാനം അബൂബക്ര്‍ സ്വിദ്ദീഖിന്റെ കാലത്ത് 
അബൂബക്ര്‍ സ്വിദ്ദീഖി(റ)ന്റെ തെരഞ്ഞെടുപ്പ് തന്നെ ശൂറയുടെ അടിസ്ഥാനത്തിലായിരുന്നു. ആഇശ(റ) പറയുന്നു : ''പ്രവാചകന്റെ മരണശേഷം അന്‍സ്വാറുകള്‍, സഖീഫതു ബനീ സാഇദയിലെ  സഅ്ദു ബ്‌നു ഉബാദയുടെ വീട്ടില്‍ സമ്മേളിച്ചു. അവര്‍ പറഞ്ഞു: 'ഒരു അമീര്‍ ഞങ്ങളില്‍നിന്നും, ഒരു അമീര്‍ നിങ്ങളില്‍നിന്നും.' ഇതറിഞ്ഞ അബൂബക്ര്‍, ഉമര്‍, അബൂഉബൈദ എന്നിവര്‍ അവിടെ ചെന്നു. ഉമറി(റ)ന്റെ ആമുഖത്തിനു ശേഷം അബൂബക്ര്‍ സ്വിദ്ദീഖ് (റ) പറഞ്ഞു: 'ഞങ്ങള്‍ നേതാക്കളാണ്. നിങ്ങള്‍ സഹായികളാണ്.' അപ്പോള്‍ അല്‍ ഹുബാബു ബ്‌നുല്‍ മുന്‍ദിര്‍ പറഞ്ഞു:' അല്ല. ഞങ്ങള്‍ക്കത് സമ്മതമല്ല. ഒരു അമീര്‍ ഞങ്ങളില്‍നിന്നും, ഒരു അമീര്‍ നിങ്ങളില്‍നിന്നും' അപ്പോള്‍ അബൂബക്ര്‍ (റ) പറഞ്ഞു: 'അങ്ങനെയല്ല. ഞങ്ങള്‍(ഖുറൈശികള്‍) ഉമാറാക്കളും നിങ്ങള്‍(അന്‍സ്വാറുകള്‍) സഹായികളും. ഖുറൈശികള്‍ അറബികളിലെ ശ്രേഷ്ഠരാണ്. ഉയര്‍ന്ന കുടുംബ മഹിമയുള്ളവരാണ്. അതിനാല്‍ നിങ്ങള്‍ ഉമറിനെയോ അബൂഉബൈദഃ ബ്‌നുല്‍ ജര്‍റാഹിനെയോ  നേതാവായി അംഗീകരിക്കുക.' ഉടനെ ഉമര്‍(റ) പറഞ്ഞു: 'ഞങ്ങളെല്ലാം താങ്കളെയാണ് നേതാവായി അനുസരണ പ്രതിജ്ഞ ചെയ്യുന്നത്. താങ്കള്‍ ഞങ്ങളുടെ നേതാവാണ്. ഞങ്ങളിലെ മഹോന്നതനാണ്. ഞങ്ങളേക്കാള്‍ അല്ലാഹുവിന്റെ റസൂലിന് ഏറെ ഇഷ്ടപ്പെട്ടവനുമാണ്.' അപ്രകാരം ഉമര്‍ (റ) അദ്ദേഹത്തിന്റെ കൈപിടിച്ച് ബൈഅത്ത് ചെയ്തു. പിന്നീട് ജനങ്ങളെല്ലാം അനുസരണ പ്രതിജ്ഞ ചെയ്തു'' (ബുഖാരി, മുസ്‌ലിം). ഖലീഫയായ ശേഷവും എല്ലാ തീരുമാനങ്ങളും കൂടിയാലോചനയുടെ അടിസ്ഥാനത്തിലായിരുന്നു അബൂബക്ര്‍ സ്വിദ്ദീഖ് (റ) കൈക്കൊണ്ടിരുന്നത്.  പ്രഗത്ഭ താബിഈ പണ്ഡിതന്‍ മയ്മൂനുബ്‌നു മഹ്‌റാന്‍ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു: ''തന്റെ മുമ്പാകെ എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ അബൂബക്ര്‍ സ്വിദ്ദീഖ് (റ) ആദ്യം അല്ലാഹുവിന്റെ  ഗ്രന്ഥത്തിലുാേ എന്ന് പരിശോധിക്കും. അതിലുണ്ടെങ്കില്‍ അതനുസരിച്ച് വിധിക്കും. ഇല്ലെങ്കില്‍ അല്ലാഹുവിന്റെ റസൂലിന്റെ ചര്യയിലുണ്ടോ എന്നന്വേഷിക്കും. ഉണ്ടെങ്കില്‍ അപ്രകാരം വിധിക്കും. ഇല്ലെങ്കില്‍ മുസ്‌ലിംകളോട് ചോദിക്കും: 'എന്റെ മുന്നില്‍ ഒരു പ്രശ്‌നം വന്നിരിക്കുന്നു. നിങ്ങളില്‍ ആരെങ്കിലും ഈ വിഷയത്തില്‍ അല്ലാഹുവിന്റെ റസൂലില്‍നിന്ന് വല്ല വിധിയും അറിഞ്ഞിട്ടുണ്ടോ?' അപ്പോള്‍ പല സ്വഹാബികളും തങ്ങള്‍ ആ വിഷയത്തില്‍ കേട്ട വിധി അദ്ദേഹത്തെ അറിയിക്കും. അപ്പോള്‍ അബൂബക്ര്‍ (റ) പറയും: 'നമ്മുടെ കൂട്ടത്തില്‍  നമ്മുടെ പ്രവാചകനെ പഠിച്ചവരെയുണ്ടാക്കിയ അല്ലാഹുവിന് സ്തുതി.' ഇനി അല്ലാഹുവിന്റെ റസൂലിന്റെ ചര്യയിലും ആ വിഷയത്തിലെ വിധി കണ്ടില്ലെങ്കില്‍ ആളുകളെ വിളിച്ചുകൂട്ടി കൂടിയാലോചിച്ച് അഭിപ്രായ ഏകീകരണത്തിലെത്തിയാല്‍ അതനുസരിച്ച് വിധിക്കും'' (സുനനുദ്ദാരിമി :ഹദീസ് നമ്പര്‍:161).
ഖുര്‍ആനും സുന്നത്തും കഴിഞ്ഞാല്‍ കൂടിയാലോചനക്കും ജനാഭിപ്രായങ്ങള്‍ക്കുമാണ് അബൂബക്ര്‍ സ്വിദ്ദീഖ് (റ) പ്രാമുഖ്യം കൊടുത്തിരുന്നതെന്ന് ഇതില്‍നിന്ന് മനസ്സിലാവും.
അദ്ദേഹം ഭരണം ഏറ്റെടുത്ത ഉടനെയുണ്ടായ മുര്‍തദ്ദുകളുമായുള്ള യുദ്ധത്തിന്റെ കാര്യത്തില്‍ സ്വഹാബികളുമായി ചര്‍ച്ച നടത്തി യുദ്ധം ചെയ്യാന്‍  തീരുമാനിക്കുകയും ആ തീരുമാനത്തില്‍ വിശ്വാസികളെ സംതൃപ്തരാക്കുകയും ചെയ്തു.
സിറിയന്‍ യുദ്ധകാര്യങ്ങളിലും അദ്ദേഹം ആളുകളോട് ചര്‍ച്ച നടത്തി. മുര്‍തദ്ദുകളുമായുള്ള യുദ്ധത്തിനായി ഖാലിദു ബ്‌നു വലീദിനെ നിയോഗിക്കുമ്പോള്‍ അദ്ദേഹം ഉപദേശിച്ചു: 'താങ്കളോടൊപ്പമുള്ള മഹാന്മാരായ സ്വഹാബികളോട് കൂടിയാലോചിക്കുക. അല്ലാഹു അവരുടെ അഭിപ്രായങ്ങളിലൂടെ താങ്കളെ സത്യത്തിലെത്തിക്കും.'

തനിക്കു ശേഷം ഖലീഫയാകേണ്ടത് ഉമര്‍(റ)  ആണെന്ന് അദ്ദേഹത്തിന് ശക്തമായ അഭിപ്രായമുണ്ടായിരുന്നെങ്കിലും ജനങ്ങളുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് അതില്‍ തീരുമാനമെടുത്തത്.

ഇബ്‌നു കസീര്‍ എഴുതി: ''ഹിജ്‌റ 13 ജുമാദുല്‍ ആഖിറ മാസത്തില്‍ ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ് (റ)രോഗിയായി. പിന്നീട് രോഗം അതികഠിനമായപ്പോള്‍ ആളുകളെയെല്ലാം വിളിച്ചുകൂട്ടി അദ്ദേഹം പറഞ്ഞു: ' നിങ്ങള്‍ക്കറിയാവുന്നതു പോലെ ഞാനിപ്പോള്‍ രോഗിയാണ്. എന്റെ മരണത്തോടെയാണ് ഇതവസാനിക്കുക എന്നെനിക്ക് തോന്നുന്നു. എന്നോടുള്ള നിങ്ങളുടെ ബൈഅത്തിനെ അല്ലാഹു സ്വതന്ത്രമാക്കിയിരിക്കുന്നു. അധികാരമിപ്പോള്‍ നിങ്ങളിലേക്കു തന്നെ തിരിച്ചെത്തിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഒരാളെ നിങ്ങളുടെ നേതാവാക്കുക. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ അമീറിനെ തെരഞ്ഞെടുക്കുക. എനിക്കു ശേഷം നിങ്ങള്‍ ഭിന്നിക്കാതിരിക്കാന്‍ അതാണേറ്റവും ഉത്തമം'' (അല്‍ ബിദായ വന്നിഹായ:7/18).
പിന്നീട് ഉസ്മാനു ബ്‌നു അഫ്ഫാന്‍, അബ്ദുര്‍റഹ്‌മാനു ബ്‌നു ഔഫ്, ഉസൈദു ബ്‌നു ഹുദൈര്‍, സഈദ് ബ്‌നു സൈദ്, ത്വല്‍ഹതു ബ്‌നു ഉബൈദുല്ല തുടങ്ങിയ സ്വഹാബികളോട് ഒറ്റക്കും കൂട്ടായും ഉമറി(റ)നെ ഖലീഫയാക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞു. ശേഷമാണ് ഉമറി(റ)നെ ഖലീഫയായി നിശ്ചയിച്ചുകൊണ്ടുള്ള കരാര്‍പത്രം എഴുതുന്നത്.

ശൂറാ ഉമറിന്റെ ഭരണകാലത്ത് 
ഉമറിന്റെ ഖിലാഫത്ത് കാലത്തും (ക്രി.വ. 634-644) പ്രധാന വിഷയങ്ങളിലെല്ലാം പണ്ഡിതന്മാരോടും മറ്റും ചര്‍ച്ച നടത്താറുണ്ടായിരുന്നു.  പണ്ഡിതന്മാര്‍ മദീന വിട്ട് പോകരുതെന്ന് അദ്ദേഹം പ്രത്യേകം നിര്‍ദേശിച്ചിരുന്നു. നഹാവന്ദ് യുദ്ധത്തെ കുറിച്ച് നടന്ന ശൂറ ഇതിന് ഉദാഹരമാണ്. പേര്‍ഷ്യക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെ യുദ്ധസന്നാഹങ്ങള്‍ ഒരുക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. ഉമര്‍(റ) വിശ്വാസികളെയെല്ലാം പള്ളിയില്‍ ഒരുമിച്ചുകൂട്ടി പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. തങ്ങളുടെ അഭിപ്രായങ്ങള്‍ എല്ലാവരും തുറന്നുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോള്‍ ത്വല്‍ഹത് ബ്‌നു ഉബൈദുല്ലാ എഴുന്നേറ്റ് മുസ്‌ലിംകളെല്ലാം ഖലീഫ എന്ത് തീരുമാനമെടുത്താലും അനുസരിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഉസ്മാന്‍(റ) എഴുന്നേറ്റ് യമനില്‍ നിന്നും സിറിയയില്‍നിന്നും സൈന്യത്തെ പിന്‍വലിച്ച് പേര്‍ഷ്യക്കെതിരെ പടനയിക്കണമെന്നും ഖലീഫ ഹിജാസിന്റെ പൊതുകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടു. ഈ വീക്ഷണത്തെ നിരൂപണം ചെയ്ത അലി (റ) സിറിയയില്‍നിന്നും ശാമില്‍നിന്നും സൈന്യം പിന്മാറിയാല്‍ അത് ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് അവിടങ്ങളില്‍ വിപ്ലവങ്ങള്‍ക്ക് തിരികൊളുത്താന്‍ സഹായകമാവുമെന്ന്  നിരീക്ഷിച്ചു. അതിനാല്‍ സൈന്യത്തിന്റെ മൂന്നിലൊന്ന് പേര്‍ഷ്യക്കെതിരെ പുറപ്പെടുകയും മൂന്നില്‍ രണ്ട് ഇസ്‌ലാമിക രാഷ്ട്രത്തിലെ പ്രധാന പട്ടണങ്ങളില്‍ തന്നെ നിലയുറപ്പിക്കുകയും വേണം. കാര്യങ്ങള്‍ നിയന്ത്രിച്ചും ആവശ്യമായ സൈനിക സന്നാഹങ്ങള്‍ അയച്ചും ഖലീഫ തലസ്ഥാനത്തു തന്നെ നില്‍ക്കണം. ഇതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മുസ്‌ലിംകളെല്ലാം ഈ തീരുമാനത്തില്‍ സംതൃപ്തരായി. ഉമര്‍ (റ) ഇപ്രകാരം നടപടികള്‍ സ്വീകരിച്ചു.
ഇതുപോലെ, ശാമില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചപ്പോഴും  ധാരാളം ചര്‍ച്ചകള്‍  നടന്നതായി ചരിത്രത്തില്‍ കാണാം. ഉമര്‍(റ) ശാമിലേക്ക് പുറപ്പെട്ട് സര്‍ഗിലെത്തിയപ്പോള്‍ സിറിയയില്‍ പ്ലേഗ് രോഗം പടര്‍ന്നിട്ടുണ്ടെന്ന വിവരം ലഭിച്ചു. അദ്ദേഹം ആദ്യകാല മുഹാജിറുകളോട് കൂടിയാലോചിച്ചു; പിന്നെ അന്‍സ്വാറുകളോടും. വിഭിന്ന വീക്ഷണങ്ങളായിരുന്നു എല്ലാവര്‍ക്കും. പിന്നെ ഖുറൈശികളിലെ മഹോന്നത വ്യക്തിത്വങ്ങളോട്  അഭിപ്രായം ആരാഞ്ഞു. അവരെല്ലാം ശാമിലേക്ക് പോകാതെ മടങ്ങണമെന്ന് പറഞ്ഞു. അപ്പോള്‍ ഉമര്‍(റ) ജനങ്ങളോട് വിളിച്ചു പറഞ്ഞു: 'ഞാന്‍ മടങ്ങുകയാണ്.' അപ്രകാരം എല്ലാവരും മടങ്ങാനൊരുങ്ങി. അപ്പോള്‍ അബൂഉബൈദ (റ) ചോദിച്ചു: 'അല്ലാഹുവിന്റെ ഖദ്‌റില്‍നിന്ന് ഓടിപ്പോവുകയോ?' ഉമര്‍ (റ) പ്രതിവചിച്ചു: 'ഓ! അബൂ ഉബൈദ! താങ്കളാണോ ഇപ്രകാരം ചോദിക്കുന്നത്? അതേ, അല്ലാഹുവിന്റെ ഒരു ഖദ്‌റില്‍നിന്ന് മറ്റൊരു ഖദ്‌റിലേക്കാണ് നാം ഓടിപ്പോവുന്നത്.! താങ്കളൊന്ന് ആലോചിക്കുക. താങ്കള്‍ക്ക് കുറേ ഒട്ടകങ്ങളുണ്ടെന്ന് സങ്കല്‍പ്പിക്കുക. അവയൊരു താഴ്‌വരയിലിറങ്ങി. അവിടെ രണ്ട് പ്രദേശങ്ങളുണ്ട്. ഒന്ന് സുഭിക്ഷ വിഭവങ്ങളുള്ളത്. മറ്റേത് വരണ്ടതും. രണ്ടിടത്ത് മേയാന്‍ വിട്ടാലും അല്ലാഹുവിന്റെ ഖദ്ര്‍ തന്നെയാണല്ലോ?' പിന്നീട് അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് (റ) വന്ന്  ഖുറൈശീപ്രമുഖരുടെ വീക്ഷണത്തെ പിന്തുണക്കുന്ന ശരിയായ ഹദീസുണ്ടെന്ന് പറഞ്ഞു (ബുഖാരി, മുസ്‌ലിം).

ഖലീഫയുടെ ഇറാഖിലേക്കുള്ള യാത്ര സംബന്ധിച്ചും ഇത്തരം ചര്‍ച്ചകള്‍ നടക്കുകയുായി. ഇബ്‌നു കസീറിന്റെ അല്‍ ബിദായ വന്നിഹായയില്‍ ഇപ്രകാരം കാണാം: ഉമര്‍ (റ) ഹി.14 മുഹര്‍റം ഒന്നാം തീയതി ഒരു സൈന്യത്തോടൊപ്പം മദീനയില്‍നിന്നും പുറപ്പെട്ടു. സ്വിറാര്‍ എന്ന  ഒരു തടാകത്തിനടുത്ത് ഇറങ്ങി. അവിടെ മുഴുവന്‍ സൈന്യത്തെയും ഒരുമിച്ചുകൂട്ടി. മദീനയുടെ ചുമതല അലി(റ)യെ ഏല്‍പ്പിച്ച് ഇറാഖിനെതിരെ സ്വന്തം നേതൃത്വത്തില്‍ പടനയിക്കുകയായിരുന്നു ലക്ഷ്യം. ഉസ്മാന്‍(റ) അടക്കമുള്ള സ്വഹാബികളെയെല്ലാം ഇതിനായി തന്റെ കൂടെ അണിനിരത്തി. പിന്നെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. തന്റെ തീരുമാനത്തെ കുറിച്ച് അവരോട് അഭിപ്രായം ആരാഞ്ഞു. അലി(റ)യെ മദീനയില്‍ നിന്നും വരുത്തി. എല്ലാവരും ഇറാഖിലേക്ക് പോകാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ  ശരിവെച്ചു. പക്ഷേ, അബ്ദുര്‍റഹ്‌മാനു ബ്‌നു ഔഫ് (റ) ഇതംഗീകരിച്ചില്ല. അദ്ദേഹം പറഞ്ഞു: 'താങ്കള്‍ പരാജയപ്പെട്ടാല്‍ മറ്റിടങ്ങളിലെ മുസ്‌ലിംകളും ദുര്‍ബലരാകും എന്ന് ഞാന്‍ ഭയപ്പെടുന്നു. പകരം മറ്റൊരാളെ അയച്ച് താങ്കള്‍ മദീനയിലേക്കു തന്നെ മടങ്ങണം.' ഈ അഭിപ്രായത്തെക്കുറിച്ച് ഉമര്‍(റ) ആളുകളോട് ആരാഞ്ഞു. അവരെല്ലാം അത് ശരിവെച്ചു. അപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: 'അപ്പോള്‍ ഇറാഖിലേക്ക് പട നയിക്കാന്‍  ആരെയാണ് താങ്കള്‍ കാണുന്നത്?' അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് (റ) പറഞ്ഞു: 'ഞാനൊരാളെ കണ്ടെത്തിയിട്ടുണ്ട്.' 'ആരാണത്?' 'ബിര്‍സാനയിലെ സിംഹം സഅ്ദു ബ്‌നു മാലിക് അസ്സഹ്‌രി.' ഉമറിന് ഈ അഭിപ്രായം നന്നായി തോന്നി. സഅ് ദിനെ വിളിച്ചുവരുത്തി ഇറാഖിലേക്കുള്ള സൈന്യത്തിന്റെ നായകനാക്കി. അദ്ദേഹത്തെ ഉപദേശിച്ചുകൊണ്ട് പറഞ്ഞു: 'സഅ്‌ദേ.. അല്ലാഹുവിന്റെ റസൂലിന്റെ അമ്മാവനാണ് എന്ന സംസാരത്തിലൊന്നും താങ്കള്‍ വീണുപോകരുത്. അല്ലാഹു തിന്മയെ തിന്മ കൊണ്ട് നീക്കുകയില്ല. തിന്മയെ നന്മ കൊണ്ടേ നീക്കൂ.. തീര്‍ച്ചയായും അല്ലാഹുവുമായുള്ള ബന്ധം അവനെ അനുസരിക്കുന്നതിലൂടെ മാത്രമേ നേടാനാവൂ. മനുഷ്യരുടെ കുടുംബം എത്ര ഉന്നതമായാലും നീചമായാലും അല്ലാഹുവിന്റെ അടുക്കല്‍ തുല്യമാണ്.'

റോമക്കാരുമായുള്ള യുദ്ധത്തിനു മുമ്പും ഉമര്‍(റ) സ്വഹാബികളുമായി കൂടിയാലോചിക്കുകയുണ്ടായി. മുസ്‌ലിംകള്‍ ബൈതുല്‍ മഖ്ദിസ് ഉപരോധിച്ചപ്പോള്‍ പട്ടണവാസികള്‍ അബൂഉബൈദതുബ്‌നുല്‍ ജര്‍റാഹിന്റെ അടുക്കല്‍ പ്രദേശവാസികളുടെ നേതാവ് സ്വഫര്‍ വന്‍യൂസിന്റെ നേതൃത്വത്തില്‍ ഒരു സംഘം വന്നു. സന്ധിയായിരുന്നു അവരുടെ ആവശ്യം. അദ്ദേഹം അവരെ സ്വാഗതം ചെയ്തു. അവരോട് അനുനയത്തിലും സൗമ്യതയിലും പെരുമാറി. അവരോട് പറഞ്ഞു: 'കീഴടങ്ങലാണ് നിങ്ങള്‍ക്കുത്തമം.' അവരതിന് സന്നദ്ധരായി. പക്ഷേ, ഖലീഫ ഉമര്‍ (റ)നേരിട്ട് വന്നാലല്ലാതെ ബൈതുല്‍ മഖ്ദിസ് കൈമാറില്ല എന്ന് നിബന്ധന വെച്ചു. അദ്ദേഹം സമ്മതിച്ചു. സൈന്യത്തോട് യുദ്ധം നിര്‍ത്താന്‍ കല്‍പ്പിച്ചു. സമാധാന കരാറുണ്ടായി. പിന്നെ അബൂഉബൈദഃ, ഉമറിന്  സൈന്യത്തിന്റെ അവസ്ഥ വിവരിച്ചും ബൈതുല്‍ മഖ്ദിസിലേക്ക് വരാനും എഴുതി. ചതിയുടെ എല്ലാ പഴുതുകളും അടച്ചിട്ടുണ്ടെന്നും യാതൊന്നും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം കത്തില്‍  വ്യക്തമാക്കി. എഴുത്ത് അവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു: 'മുന്നോട്ടു വരാനാണ് തീരുമാനമെങ്കില്‍ അപ്രകാരം ചെയ്യുക. പരിണതി പ്രതിഫലാര്‍ഹവും നന്മയുമായിരിക്കും. താങ്കള്‍ക്ക് അല്ലാഹു വിവേകം നല്‍കുമാറാകട്ടെ! താങ്കളുടെ എല്ലാ കാര്യങ്ങളും എളുപ്പമാക്കട്ടെ! താങ്കള്‍ക്ക് അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ!' ഈ എഴുത്ത് ഉമറിന് ലഭിച്ചപ്പോള്‍ പരിചയസമ്പന്നരും പ്രഗത്ഭരുമായ പണ്ഡിതന്മാരെ ഒരുമിച്ചുകൂട്ടി കാര്യം ചര്‍ച്ച ചെയ്തു. ശത്രുക്കള്‍ ദുര്‍ബലരായതിനാല്‍ ഖലീഫ അങ്ങോട്ട് പോകേണ്ടതില്ല എന്നായിരുന്നു ഉസ്മാന്റെ(റ) അഭിപ്രായം. ശത്രുക്കളുടെ ആവശ്യം നിരസിച്ച് അവരെ കൂടുതല്‍ പ്രകോപിതരാക്കിയാല്‍ മറ്റിടങ്ങളില്‍നിന്ന് സൈന്യത്തെ ശേഖരിച്ച് മുസ്‌ലിംകള്‍ക്ക് വിപത്തുകളേല്‍പ്പിക്കാന്‍ ഇടയുണ്ടെന്നായിരുന്നു അലി(റ)യുടെ അഭിപ്രായം. അവസാനം ഖലീഫ ഉമര്‍(റ), അലി(റ)യുടെ വീക്ഷണം സ്വീകരിച്ച് നാട്ടില്‍ പ്രതിനിധിയെ നിര്‍ത്തി ബൈതുല്‍ മഖ്ദിസിലേക്ക് യാത്രയായി.

ഉസ്മാന്റെ തെരഞ്ഞെടുപ്പ് 
ഉസ്മാനു ബ്‌നു അഫ്ഫാന്റെ തെരഞ്ഞെടുപ്പിലാണ് ശൂറയുടെ കാതല്‍ നമുക്ക് കാണാനാവുക. സ്വഹാബികളില്‍ ആറാളുകള്‍ കൂടിയാലോചിച്ച് അവരിലൊരാളെ ഖലീഫയാക്കണമെന്നായിരുന്നു ഖലീഫ ഉമര്‍(റ) മരണപ്പെടുന്നതിനു മുമ്പ് നിര്‍ദേശിച്ചിരുന്നത്. ഉസ്മാനു ബ്‌നു അഫ്ഫാന്‍, അലിയ്യു ബ്‌നു അബീത്വാലിബ്, ത്വല്‍ഹതു ബ്‌നു ഉബൈദുല്ല, സുബൈറു ബ്‌നുല്‍ അവ്വാം, സഅ്ദു ബ്‌നു അബീ വഖ്ഖാസ്വ്, അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് (റ) എന്നിവരായിരുന്നു അവര്‍.

ഉമര്‍ (റ) ഇതും കൂടി ഉണര്‍ത്തി: 'തന്റെ മകന്‍ അബ്ദുല്ലയും നിങ്ങളോടൊപ്പമുണ്ടാകും. പക്ഷേ, അവന്  അധികാരമൊന്നും നല്‍കരുത്. നിങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമേ അവന്റെ ചുമതലയുള്ളൂ.' ഇവരില്‍ സഅ്ദ് (റ) തനിക്കുള്ള അധികാരം അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫിന് നല്‍കി. സുബൈര്‍ (റ) അലി(റ)ക്കും നല്‍കി. ത്വല്‍ഹ (റ) ഉസ്മാനും(റ). അപ്പോള്‍ അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് (റ) പറഞ്ഞു: 'ഞാനെന്റെ അവകാശം വേന്നെു വെക്കുന്നു. നിങ്ങളില്‍ ആരാണ് ഇതിനേറെ യോഗ്യന്‍ എന്ന് ഞാന്‍ ആളുകളോട് കൂടിയാലോചിക്കട്ടെ.'  പിന്നെ, അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് ഇരുവരെക്കുറിച്ചും ജനങ്ങളോട് കൂടിയാലോചിച്ചു. നേതാക്കന്മാരുടെയും സാധാരണക്കാരുടെയും അഭിപ്രായങ്ങള്‍ കേട്ടു. അതിനായി ഒറ്റക്കും കൂട്ടായും, രഹസ്യമായും പരസ്യമായും ആളുകളോട് സംഭാഷണം നടത്തി. കൂടാരങ്ങളിലുണ്ടായിരുന്ന ഹിജാബ് ധരിച്ച സ്ത്രീകളോടു പോലും അദ്ദേഹം അഭിപ്രായം തേടി. മദ്‌റസകളിലെ കുട്ടികളോടും യാത്രക്കാരോടും ഗ്രാമീണരോടും മൂന്ന് ദിവസം നിരന്തരം മുശാവറ നടത്തി. ഉസ്മാനുബ്‌നു അഫ്ഫാന്നായിരുന്നു എല്ലാവരും മുന്‍ഗണന നല്‍കിയത്. അമ്മാര്‍(റ), മിഖ്ദാദ് (റ) എന്നിവര്‍ മാത്രമാണ് അലിയ്യു ബ്‌നു അബീത്വാലിബിനെ (റ) അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫ് പള്ളിയില്‍ വന്ന് ഉസ്മാനെ ഖലീഫയായി പ്രഖ്യാപിച്ചു. ജനങ്ങള്‍ ഒന്നടങ്കം അതിനെ അംഗീകരിക്കുകയും ചെയ്തു (അല്‍ ബിദായഃ വന്നിഹായഃ).

ശൂറാ ഉസ്മാന്റെ ഭരണകാലത്ത് 
ഉസ്മാനു ബ്‌നു അഫ്ഫാന്റെ(റ) ഭരണകാലത്തും (ക്രി.വ: 644-656) പല വിഷയങ്ങളിലും കൂടിയാലോചനകള്‍ നടന്നിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇതില്‍ പ്രധാനം. ഇമാം ബുഖാരി നിവേദനം ചെയ്യുന്നു: ഇബ്‌നു ശിഹാബില്‍നിന്നും നിവേദനം: അനസുബ്‌നു മാലിക് അദ്ദേഹത്തോട് പറഞ്ഞു: ഹുദൈഫതുബ്‌നുല്‍ യമാന്‍ അര്‍മീനിയ, അദ്‌റിബീജാന്‍ എന്നീ പ്രദേശങ്ങള്‍ ജയിച്ചടക്കുന്നതിനിടയില്‍ ഉസ്മാന്റെ അടുക്കല്‍ വന്ന് ഇപ്രകാരം പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍! ജൂത-ക്രിസ്ത്യാനികളെപ്പോലെ നമ്മുടെ സമൂഹം വിശുദ്ധ ഖുര്‍ആനില്‍ പാരായണത്തിന്റെ കാര്യത്തില്‍ ഭിന്നിക്കുന്നതിന്റെ മുമ്പ് അതിനുള്ള പരിഹാരം അടിയന്തരമായി കാണേണ്ടിയിരിക്കുന്നു.' ഉസ്മാന്‍ (റ) ഉടന്‍, ഉമറിന്റെ മകളും നബിപത്‌നിയുമായ ഹഫ്‌സ്വയുടെ അടുത്തേക്ക് ആളെ അയച്ച്, തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയില്‍  മുസ്വ്ഹഫ് വരുത്തിച്ചു. തുടര്‍ന്ന് സൈദുബ്‌നു സാബിത്ത്, അബ്ദുല്ലാഹിബ്‌നു സുബൈര്‍, സഈദുബ്‌നുല്‍ ആസ്വ്, അബ്ദുര്‍റഹ്‌മാനുബ്‌നു ഹാരിസ് ബ്‌നു ഹിശാം എന്നിവര്‍ അതിന്റെ വിവിധ പകര്‍പ്പുകളുണ്ടാക്കി.
അലി (റ) പറഞ്ഞതായി ഇബ്‌നു അബീദാവൂദ് നിവേദനം ചെയ്യുന്നു: 'ജനങ്ങളേ...! ഉസ്മാന്റെ കാര്യത്തില്‍ നിങ്ങള്‍ പരിധി ലംഘിക്കരുത്. അദ്ദേഹത്തെക്കുറിച്ച് നല്ലതല്ലാതെ സംസാരിക്കരുത്. ഞങ്ങളുടെയെല്ലാം അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് മുസ്വ്ഹഫിന്റെ കാര്യത്തില്‍ അദ്ദേഹം തീരുമാനം കൈക്കൊള്ളുന്നത്.' അദ്ദേഹം ചോദിച്ചു:

 'ആളുകളുടെ വൈരുധ്യങ്ങളുള്ള പാരായണങ്ങളെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? വിശ്വാസികളില്‍ ചിലര്‍ ഇപ്രകാരം പറയുന്നതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്; എന്റെ പാരായണമാണ് നിന്റെ പാരായണത്തേക്കാള്‍ ഉത്തമം. ഇത് കുഫ്‌റിലേക്കാണ് ആളുകളെ എത്തിക്കുക.' ഞങ്ങള്‍ ചോദിച്ചു: 'താങ്കളെന്താണിതിന് പരിഹാരമായി കാണുന്നത്?' അദ്ദേഹം പറഞ്ഞു: 'ജനങ്ങളെയെല്ലാം ഒരേയൊരു മുസ്വ്ഹഫിലേക്ക് കൊണ്ടുവരണം. അങ്ങനെ ഭിന്നിപ്പോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ലാതെ എല്ലാ പാരായണങ്ങളെയും ഏകീകരിക്കേണ്ടതുണ്ട്.' ഞങ്ങള്‍ പറഞ്ഞു: 'താങ്കളുടെ അഭിപ്രായം വളരെ നല്ലതാണ്.' നിവേദകന്‍ പറയുന്നു: അപ്പോള്‍ അലി (റ) പറഞ്ഞു: 'അല്ലാഹുവാണ! ഞാനാണ് അധികാരത്തിലിരുന്നതെങ്കില്‍ അദ്ദേഹം ചെയ്തതു തന്നെയാണ് ഞാനും ചെയ്യുക' (മനാഹിലുല്‍ ഇര്‍ഫാന്‍: 1/255-257).

ശൂറാ അലി(റ)യുടെ ഭരണകാലത്ത് 
അലിയ്യു ബ്‌നു അബീത്വാലിബ് (റ) തന്റെ ഭരണ കാലത്ത് (ക്രി.വ: 656-661) ശൂറാ സമ്പ്രദായത്തില്‍ നിന്നും പിന്തിരിഞ്ഞിരുന്നു എന്ന ഒരു ആരോപണമുണ്ട്. യഥാര്‍ഥത്തില്‍ ഇത്  ഓറിയന്റലിസ്റ്റുകളുടെ വെറും ജല്‍പ്പനമാണ്.
ശൂറയേക്കാള്‍ അദ്ദേഹം ഖുര്‍ആന് പ്രാധാന്യം നല്‍കിയിരുന്നതാണ് ഈ തെറ്റിദ്ധാരണക്കിടയാക്കിയത്. ത്വല്‍ഹ(റ), സുബൈര്‍ (റ) എന്നിവര്‍  തങ്ങളോട് കൂടിയാലോചിച്ചില്ല എന്ന് വിമര്‍ശിച്ചപ്പോള്‍ അലി (റ) പറഞ്ഞു: 'ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക് നോക്കി. അതിലുള്ള നിയമം വിധിച്ചു. പ്രവാചകന്റെ (സ) ചര്യയിലേക്ക് നോക്കി. അതനുസരിച്ചു. ആ വിഷയത്തില്‍ നിങ്ങളിരുവരുടെയോ മറ്റുള്ളവരുടെയോ അഭിപ്രായം ഞാന്‍ സ്വീകരിച്ചില്ല എന്നത് നേര്. ഖുര്‍ആനിലോ സുന്നത്തിലോ ഇല്ലാത്ത ഒരു വിഷയത്തിലായിരുന്നെങ്കില്‍ നിങ്ങളിരുവരുടെയോ മറ്റുള്ളവരുടെയോ അഭിപ്രായം സ്വീകരിക്കുന്നതില്‍ എനിക്ക് ഒരു അനിഷ്ടവും ഉണ്ടാകുമായിരുന്നില്ല' (നഹ്ജുല്‍ ബലാഗ: പേജ്: 205).
അലി(റ)യുടെ കാലത്ത് ശൂറ കുറഞ്ഞുപോയതിന് മറ്റൊരു കാരണം ഇമാം മാവര്‍ദി ചൂണ്ടിക്കാണിക്കുന്നുണ്ട്: 'അദ്ദേഹത്തിന്റെ കാലമായപ്പോഴേക്കും ശൂറ നടത്താന്‍ പര്യാപ്തരായവര്‍ വളരെ വിരളമായിരുന്നു' (അദബുല്‍ ഖാദി: 1/259).
അലി(റ) വേറിട്ടൊരു രീതിയിലാണ് ശൂറ നടത്തിയിരുന്നത്. കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിച്ച് അവരുടെ അഭിപ്രായം തേടുന്ന രീതിയായിരുന്നു അത്. പ്രവാചകന്‍ (സ) ഈ രീതി സ്വീകരിച്ചിരുന്നു. അലിയുടെ കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഈ മാറ്റത്തിന് നിര്‍ബന്ധിച്ചത്. ഭയാനകമായ  ശൈഥില്യവും സങ്കീര്‍ണതകളും വാഴുകയായിരുന്നു അപ്പോള്‍. സാമൂഹിക നന്മകള്‍ക്കായി പല കാര്യങ്ങളിലും അഭിപ്രായത്യാഗം ചെയ്യാന്‍ പോലും അദ്ദേഹം തയാറായി. മാലികുല്‍ അശ്തരിന്റെ അഭിപ്രായം മാനിച്ച് അബൂമൂസല്‍ അശ്അരിയെ ഗവര്‍ണര്‍ സ്ഥാനത്ത് നിലനിര്‍ത്തിയത് ഇതിനുദാഹരണമാണ് (താരീഖുല്‍ യഅ്ഖൂബി 2/179).
അതുപോലെ ഖൈസു ബ്‌നു സഅ്ദിനെ തന്റെ സ്വന്തം അഭിപ്രായത്തിന് വിരുദ്ധമായി ഈജിപ്തിലെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് അദ്ദേഹം മാറ്റുകയുണ്ടായി. (ഇബ്‌നുല്‍ അസീര്‍, അല്‍ കാമില്‍ 3/271). നസ്വ്‌റുബ്‌നു മസാഹിം പറയുന്നു: 'മുആവിയയെ നേരിടാനായി സിറിയയിലേക്ക് പോകാന്‍ അലി(റ) തീരുമാനിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന മുഹാജിറുകളെയും അന്‍സ്വാറുകളെയും അദ്ദേഹം വിളിച്ചു. അല്ലാഹുവിനെ പ്രകീര്‍ത്തിച്ച് വാഴ്ത്തിയശേഷം അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ അഭിപ്രായ സുബദ്ധതയുള്ളവരാണ്. നന്നായി കാര്യങ്ങള്‍ തീരുമാനിക്കാനറിയുന്നവരാണ്. സത്യത്തിനായി സംസാരിക്കുന്നവരാണ്. കര്‍മത്തിലും കാര്യത്തിലും അനുഗൃഹീതരാണ്. നമ്മുടെയും നിങ്ങളുടെയും ശത്രുവിനടുത്തേക്ക് പോകാന്‍ നാം ഉദ്ദേശിക്കുന്നു. നിങ്ങളുടെ അഭിപ്രായം പറയുക' (വഖ്അതു സ്വിഫ്ഫീന്‍: പേജ്: 92). അപ്പോള്‍ ഒരാള്‍ക്കു പിറകെ മറ്റൊരാള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. മുആവിയക്ക് എതിരെ പോരാടണം എന്നു തന്നെയായിരുന്നു എല്ലാവരുടെയും വീക്ഷണം (വഖ്അതു സ്വിഫ്ഫീന്‍, പേജ്: 92). ഖവാരിജുകളെ ഒന്നടങ്കം ഇല്ലാതാക്കിയ നഹര്‍വാന്‍ യുദ്ധവും സ്വഹാബികളുമായി കൂടിയാലോചിച്ച ശേഷമാണ് അദ്ദേഹം നടത്തിയത് (അല്‍ കാമില്‍: 3/342, 343).
ഖരീതുബ്‌നു റാശിദുമായി നടന്ന പോരാട്ടത്തിലും അലി (റ) ശൂറയെ പ്രയോജനപ്പെടുത്തി. തനിക്കെതിരെ പുറപ്പെട്ട ഖരീത്, അഹ്‌വാസ് പട്ടണത്തില്‍ ആളുകളെ സംഘടിപ്പിച്ച് യുദ്ധത്തിന് സന്നാഹങ്ങളൊരുക്കി. ഇതറിഞ്ഞ ഖലീഫ, മഅ്ഖലു ബ്‌നു ഖൈസിന്റെ നേതൃത്വത്തിലുള്ള സേനയെ ഖരീതിനെ നേരിടാനായി അയച്ചു.  മഅ്ഖല്‍ ഖരീതിനെ പരാജയപ്പെടുത്തി. പിന്നെ ഖരീത് സമുദ്രത്തിലെ ഒരു ദ്വീപില്‍ ഒളിച്ചു. മഅ്ഖല്‍ അമീറുല്‍ മുഅമിനീന് വിജയത്തെക്കുറിച്ച് എഴുതി. മഅ്ഖലിനെ എന്തു ചെയ്യണമെന്നും അന്വേഷിച്ചു. എഴുത്ത് വായിച്ച അലി (റ) വിഷയം അനുയായികളോട് കൂടിയാലോചിച്ചു. അക്രമിയായ ഖരീതിനെ പിന്തുടരാന്‍ മഅ്ഖലിനോട് ആവശ്യപ്പെടണമെന്നും അവനെ പിടികൂടുകയാണെങ്കില്‍ നാടുകടത്തുകയോ കൊല്ലുകയോ ചെയ്യണമെന്നും അവരെല്ലാവരും അഭിപ്രായപ്പെട്ടു. അലി (റ) ശൂറയുടെ അഭിപ്രായം സ്വീകരിച്ച് മഅ്ഖലിനോട് അപ്രകാരം കല്‍പ്പിച്ചു. അങ്ങനെയാണ് നുഅ്മാനുബ്‌നു സ്വഹ്ബാന്‍ മഅ്ഖലിനെ കൊലപ്പെടുത്തിയത് (അല്‍ കാമില്‍: 3/368).
അധികാര സ്ഥാനങ്ങള്‍ ഏല്‍പ്പിക്കാന്‍ ഏറ്റവും യോഗ്യര്‍ ആരാണ് എന്നറിയാനും അലി (റ) ജനങ്ങളുമായി കൂടിയാലോചിച്ചിരുന്നു. ഇബ്‌നുല്‍ അസീര്‍ എഴുതി: ''ഇബ്‌നുല്‍ ഹദ്‌റമി കൊല്ലപ്പെട്ടപ്പോള്‍ ഇസ്‌ലാമിക രാജ്യത്തിന്റെ പല ഭാഗങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു. നാട്ടുകാരെല്ലാം അവരുടെ ഗവര്‍ണര്‍മാരെ പുറത്താക്കി. അലി (റ) പ്രശ്‌നം ജനങ്ങളുമായി ചര്‍ച്ച ചെയ്തു. ജാരിയതുബ്‌നു ഖുദാമ പറഞ്ഞു: 'അഭിപ്രായ സുബദ്ധതയും ശക്തമായ രാഷ്ട്രീയ നിലപാടും അധികാരമേല്‍പ്പിക്കാന്‍ പൂര്‍ണ യോഗ്യനുമായ ഒരാളെക്കുറിച്ച് ഞാന്‍ അങ്ങയെ അറിയിക്കട്ടെ?' അലി (റ) ചോദിച്ചു: 'ആരാണയാള്‍?' 'സിയാദ്.' ഉടനെ അദ്ദേഹം സിയാദിനെ ഗവര്‍ണറാക്കാന്‍ ഉത്തരവിട്ടു'' (അല്‍ കാമില്‍: 3/381382).

ശൂറ ഉമറുബ്‌നു അബ്ദുല്‍ അസീസി(റ)ന്റെ ഭരണകാലത്ത് 
അഞ്ചാം ഖലീഫ എന്ന പേരില്‍ അറിയപ്പെട്ട ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ ഭരണകാലത്തും (ക്രി.വ: 717-720) ഇസ്‌ലാമിക ശരീഅത്തിന്റെ അടിത്തറയായ ശൂറയുടെ കാര്യത്തില്‍ ഉദാത്ത മാതൃകകള്‍ കാണാം. ഭരണമേറ്റെടുത്ത ഉടനെത്തന്നെ ഇക്കാര്യം ജനങ്ങളെ ഉണര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: 'മനുഷ്യരേ, ഈ അധികാരം ഞാനേറ്റെടുക്കേണ്ടി വന്നത് എന്റെ സ്വന്തം തീരുമാനപ്രകാരമല്ല. ഞാനാരോടും ഇത് തേടിയിട്ടില്ല. മുസ്‌ലിംകള്‍ പരസ്പരം കൂടിയാലോചിച്ചിട്ടുമില്ല. അതിനാല്‍ നിങ്ങളുടെ നേതാവിനെ നിങ്ങള്‍ തന്നെ തെരഞ്ഞെടുക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഞാനിതാ ഈ സ്ഥാനത്തു നിന്ന് ഒഴിയുന്നു.' അപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം വിളിച്ചു പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍...! താങ്കളെ ഞങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നു. ഞങ്ങള്‍ പൂര്‍ണ തൃപ്തരാണ്. ശുഭാപ്തിവിശ്വാസത്തോടെയും അനുഗ്രഹങ്ങളോടെയും ഇതേറ്റെടുക്കുക.'
ഇപ്രകാരം ഉമയ്യാ ഭരണത്തെ രാജാധിപത്യത്തില്‍നിന്നും ജനാധിപത്യത്തിലേക്ക് നയിക്കുകയായിരുന്നു അദ്ദേഹം. തന്റെ സ്ഥാനാരോഹണ  പ്രഭാഷണം കേട്ടവരില്‍നിന്ന് മാത്രമല്ല അദ്ദേഹം ബൈഅത്ത് വാങ്ങിയത്. ഇതര നഗര-ഗ്രാമീണ വാസികളുടെയും അംഗീകാരം തനിക്കുണ്ടെന്ന് അദ്ദേഹം ഉറപ്പു വരുത്തി. സ്ഥാനമേറ്റെടുത്ത ഉടനെയുണ്ടായ തന്റെ ആദ്യ പ്രഭാഷണത്തില്‍ തന്നെ അദ്ദേഹം പറഞ്ഞു: ' നിങ്ങള്‍ക്കു ചുറ്റുമുള്ള അങ്ങാടികളിലേയും പട്ടണങ്ങളിലെയും ആളുകളും നിങ്ങളെപ്പോലെ ഞാന്‍ ഖലീഫയാകുന്നതില്‍ തൃപ്തിയുള്ളവരാണെങ്കില്‍ മാത്രമേ ഞാന്‍ ഈ സ്ഥാനം ഏറ്റെടുക്കുകയുള്ളൂ...' മിമ്പറില്‍നിന്നിറങ്ങിയ അഞ്ചാം ഖലീഫ മുഴുവന്‍ നഗരങ്ങളിലേക്കും കത്തെഴുതി, അവരുടെ ഇംഗിതം അന്വേഷിച്ചു. എല്ലാവരും അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ നല്‍കി. അതിനു ശേഷമാണ് അദ്ദേഹം അധികാരത്തിലേറിയത്.
പണ്ഡിതന്മാരോട് കാര്യങ്ങള്‍ കൂടിയാലോചിക്കുകയും അധിക വിഷയങ്ങളിലും അവരുടെ ഉപദേശം തേടുകയും ചെയ്തു.
സാലിമുബ്‌നു അബ്ദുല്ല, മുഹമ്മദുബ്‌നു കഅ്ബ്, റജാഅ് ബ്‌നു ഹയാത്ത് തുടങ്ങിയ പ്രമുഖ പണ്ഡിതരെല്ലാം അദ്ദേഹത്തിന്റെ കൂടിയാലോചനാ സമിതിയില്‍ ഉണ്ടായിരുന്നു. അദ്ദേഹം അവരോട് പറയും: 'ഭരണകാര്യത്തില്‍ ഞാന്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഉപദേശം എനിക്ക് അനിവാര്യമാണ്.' ബുദ്ധിയും വിവേകവുമുള്ള എല്ലാവരോടും ഖലീഫ അഭിപ്രായം ആരാഞ്ഞിരുന്നു. അദ്ദേഹം പറയാറുണ്ടായിരുന്നു: 'കൂടിയാലോചനയും ചര്‍ച്ചകളും കാരുണ്യത്തിന്റെ കവാടവും അനുഗ്രഹത്തിന്റെ താക്കോലുമാണ്. ഇവയുണ്ടെങ്കില്‍ ഒരു അഭിപ്രായവും പാഴാവുകയില്ല. ഒരു തീരുമാനവും നഷ്ടപ്പെടുകയുമില്ല.' വലീദു ബ്‌നു അബ്ദുല്‍ മലികിന് മദീനയുടെ ചുമതല ഏല്‍പ്പിക്കുമ്പോള്‍ അദ്ദേഹത്തില്‍നിന്ന് വാങ്ങിയ കരാര്‍ ഒരു സാഹചര്യത്തിലും ശൂറയെ കൈയൊഴിയുകയില്ല എന്നതായിരുന്നു. തന്റെ ഭരണത്തിന്റെ അടിത്തറ കൂടിയാലോചനയായിരിക്കും എന്ന് ഉമറുബ്‌നു അബ്ദുല്‍ അസീസ് (റ) പ്രഖ്യാപിച്ചു. അതിനായി പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും സദസ്സ്തന്നെ എപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു.
 തന്നോട് കൂടുതല്‍ അടുത്ത് ബന്ധപ്പെടുന്നവരെ  സംസ്‌കരിക്കാനും ഉമറു ബ്‌നു അബ്ദുല്‍ അസീസ് ആഗ്രഹിച്ചു. തന്റെ സദസ്സിലേക്ക് പണ്ഡിതന്മാരെയും സാദാത്തുക്കളെയും അദ്ദേഹം ക്ഷണിച്ചുവരുത്തി. ഭൗതികഭ്രമമുള്ളവരെയും സ്വാര്‍ഥ താല്‍പ്പര്യക്കാരെയും അകറ്റിനിര്‍ത്തി. തന്നിലുള്ള പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ എല്ലാവരോടും  ആവശ്യപ്പെട്ടു. സുഗമമായി ഭരണം നടത്താന്‍ ഇത്  സഹായിച്ചു. തന്റെ തീരുമാനങ്ങളെയും നയനിലപാടുകളെയും ശരിയായ പാതയിലൂടെ കൊണ്ടുപോകാനായി. ഖലീഫയുടെ ഏതു പ്രതിസന്ധികളും  തങ്ങളുടേതു കൂടിയാണ് എന്ന് ഓരോ ഉദ്യോഗസ്ഥനും മനസ്സിലാക്കി. കേവലം രണ്ടു വര്‍ഷക്കാലം (ഹി. 99-101) മാത്രമാണ് ഭരണം നടത്തിയതെങ്കിലും ഇസ്‌ലാമിക രാജ്യത്ത് ധാരാളം പുരോഗതി നേടിയെടുക്കാന്‍ ഇതിലൂടെ സാധ്യമായി.
   ഈ ചരിത്ര വായനയില്‍നിന്നും ഇസ്‌ലാമിക ശരീഅത്ത് വളരെ പ്രാധാന്യം നല്‍കിയ ശൂറാ സമ്പ്രദായത്തെ എത്ര ഗൗരവത്തോടെയാണ്  ആദ്യ കാല ഖലീഫമാര്‍ കൈകാര്യം ചെയ്തതെന്ന്  ബോധ്യപ്പെടും. ഇപ്രകാരം ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും കൂടിയാലോചനകളും ചര്‍ച്ചയും അനിവാര്യമാണെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. നബി(സ)യാണ് ഇതിന് ഉദാത്ത മാതൃക. അബൂ ഹുറൈറ (റ) പറയുന്നു: 'നബി(സ)യേക്കാള്‍  അനുയായികളോട് കൂടിയാലോചന നടത്തുന്ന മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല' (ബൈഹഖി). തിരുമേനി(സ)യുടെ ജീവിതം മാതൃകയാക്കിയ സച്ചരിതരായ ഖലീഫമാരില്‍ ഇത് കൂടുതല്‍ പ്രകടമാവുക സ്വാഭാവികം.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top