മൗദൂദിയും ദൈവിക പരമാധികാര സങ്കല്‍പവും
ഡോ. മുഹമ്മദ് അമാറ
ദേശീയ തലത്തിലും ലോകതലത്തിലും നിലനില്‍ക്കുന്ന നാഗരികാവസ്ഥകളെ 'ജാഹിലിയ്യത്ത്', 'കുഫ്ര്‍' എന്നീ മുദ്രകള്‍ ചാര്‍ത്തി അപലപിക്കുമ്പോള്‍ പ്രസ്തുത സമകാലിക നാഗരികതക്ക് മൗദൂദി കാണുന്ന ഇസ്‌ലാമിക ബദലാണ് 'ദൈവിക പരമാധികാര' (അല്‍ ഹാകിമിയ്യത്തുല്‍ ഇലാഹിയ്യ)ത്തില്‍ അധിഷ്ഠിതമായ നാഗരികത. ഈ 'ഇസ്‌ലാമിക ബദലി'ന്റെ പ്രകടവും അടിസ്ഥാനപരവുമായ അടയാളങ്ങളെ എടുത്ത് കാണിക്കുന്നതില്‍ കേന്ദ്രീകരിക്കുന്നതാണ് തദ്‌സംബന്ധമായ അദ്ദേഹത്തിന്റെ വിചാരധാരയുടെ ഉപലബ്ധി. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും അദ്ദേഹം കടക്കുന്നില്ല.
അദ്ദേഹത്തിന്റെ ചിന്തയെ പിന്തുടര്‍ന്നുകൊണ്ട് ഈ 'പുതിയ ഇസ്‌ലാമിക ബദലി'ന് ആവിഷ്‌കാരം നല്‍കുന്ന നിയമങ്ങള്‍ നമുക്ക് നിര്‍ണയിക്കാവുന്നതാണ്. അതിനെ നാലു നിയമങ്ങളില്‍ കേന്ദ്രീകരിക്കാം:
ഒന്ന്: ആദിമ ഉറവിടങ്ങളായ ഖുര്‍ആനിലും നബിചര്യയിലും പ്രതിനിധാനം ചെയ്യുംവിധം ഇസ്‌ലാമിന്റെ പുനരുജ്ജീവനം. ജീവിതത്തിന്റെയും മൂല്യങ്ങളുടെയും ചിന്തകളുടെയും സമസ്ത ശാഖകളെയും ഉള്‍ക്കൊള്ളുന്ന അതിന്റെ സമഗ്രതയിലുള്ള പ്രതിനിധാനമാണ് വിവക്ഷ. സര്‍വാത്മനാ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള ഇസ്‌ലാമിക പ്രതിബദ്ധത. രണാങ്കണത്തില്‍ സര്‍വസൈന്യാധിപന്റെ കല്‍പനയോട് പട്ടാളക്കാരന്‍ പുലര്‍ത്തുന്ന അനുസരണം.
രണ്ട്: പ്രാചീന ഇസ്‌ലാമിക സംസ്‌കാരത്തോടുള്ള, അതിന്റെ ദേശീയവും നാഗരികവുമായ വശങ്ങളോടുള്ള പ്രതിബദ്ധതാരാഹിത്യം. അവയോടുള്ള വിമര്‍ശനാത്മകവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടു കൂടിയതുമായ സമീപനം. അടിച്ചേല്‍പിക്കുന്നതിന് വഴങ്ങാതെയും പ്രതിബദ്ധത പുലര്‍ത്താതെയും അവയുടെ സൃഷ്ട്യുന്മുഖതയെയും സര്‍ഗശക്തിയെയും അവലംബിച്ച് ഖുര്‍ആനും പ്രവാചകചര്യയുമടക്കം ഇസ്‌ലാമിക സ്രോതസ്സുകളെ ഗ്രഹിച്ചെടുക്കുകയും സ്വതന്ത്ര ഗവേഷണങ്ങ(ഇജ്തിഹാദ്)ളിലൂടെ നമ്മുടെ കാലഘട്ടത്തിലെ സംഭവ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുംവിധം അവയെ പ്രയോജനപ്പെടുത്തുകയുമാകാം; അധഃപതന കാലത്തെ പില്‍ക്കാല പണ്ഡിതന്മാരുടെ സംഭാവനകളില്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ടു വേണം ഈ പ്രക്രിയ.
മൂന്ന്: ഇതര നാഗരികതകള്‍ സംഭാവന ചെയ്ത കണ്ടുപിടിത്തങ്ങളില്‍നിന്നും ശാസ്ത്ര നേട്ടങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊള്ളുക. പാശ്ചാത്യ നാഗരികത അതിന്റെ മുന്‍പന്തിയില്‍ വരുന്നു; ആ സംഭാവനകള്‍ പ്രകൃതിശാസ്ത്ര മേഖലകളിലുള്ളതാകട്ടെ, രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക സംഘാടക രൂപങ്ങളിലുള്ളതോ സമ്പര്‍ക്കോപാധികളിലുള്ളതോ ആകട്ടെ. ഈ മേഖലകളില്‍ നൈപുണ്യം നേടുന്നതിന് ആത്മാര്‍ഥ ശ്രമങ്ങള്‍ വിനിയോഗിക്കണം.
നാല്: മതവിരുദ്ധ ഭൗതിക സ്വഭാവത്തോടുകൂടിയ നാഗരിക ദര്‍ശനവുമായി ഗാഢബന്ധമുള്ള പാശ്ചാത്യ നാഗരികതയുടെ സംസ്‌കാരത്തോടുള്ള പോരാട്ടം. പാശ്ചാത്യവല്‍ക്കരണ ചിന്താപ്രവണതയെ മുസ്‌ലിം ധിഷണകളില്‍നിന്ന് പാടേ പിഴുതെറിയുക. ആ സംസ്‌കാരം പുണര്‍ന്നു നില്‍ക്കുന്ന ചിന്താഗതികളും കര്‍മപദ്ധതികളും പ്രസ്ഥാനങ്ങളും, പാശ്ചാത്യരുടെ മൂല്യമണ്ഡലങ്ങളില്‍നിന്നും സദാചാര കാഴ്ചപ്പാടുകളില്‍നിന്നും ഉറന്നുവരുന്ന ജീവിത ശൈലികളും രീതികളുമെല്ലാം ഇതില്‍പെടും.
''........മുസ്‌ലിംകളുടെ പ്രാക്തന ദേശീയ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പുനരുജ്ജീവനമല്ല നമ്മുടെ ലക്ഷ്യം; ഇസ്‌ലാമിന്റെ നവജാഗരണവും അതിന്റെ വ്യവസ്ഥയുടെ പുനരാവിഷ്‌കാരവുമാണ്. ലൗകിക ജീവിതത്തിന്റെ നാനാ മേഖലകളില്‍ ആധുനിക ശാസ്ത്രം സംഭാവന ചെയ്ത പുതിയ കണ്ടുപിടിത്തങ്ങളോടും മാധ്യമങ്ങളോടും ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ല. പാശ്ചാത്യ ദര്‍ശനം ജീവിതത്തിനും സദാചാര സിദ്ധാന്തങ്ങള്‍ക്കും സമര്‍പ്പിക്കുന്ന നാഗരിക-സാംസ്‌കാരിക വ്യവസ്ഥയോടാണ് ഞങ്ങളുടെ പോരാട്ടം..... ജീവിതത്തിന്റെ ഏതെങ്കിലും വശത്തിന്, അല്ലെങ്കില്‍ ചില വശങ്ങള്‍ക്കു മാത്രം ഇസ്‌ലാമിക വര്‍ണം നല്‍കി തൃപ്തിയടയാന്‍ ഞങ്ങള്‍ക്കാകില്ല. ജീവിതത്തിന്റെ സര്‍വ മേഖലകളിലും ഇസ്‌ലാമിന് മേധാവിത്തം നേടിക്കൊടുക്കണമെന്ന് ഞങ്ങള്‍ക്ക് കഠിന വാശിയുണ്ട്. വ്യക്തിസത്തയിലും കുടുംബാന്തരീക്ഷത്തിലും കലാ-സാഹിത്യ-ശാസ്ത്ര മണ്ഡലങ്ങളിലും വിദ്യാഭ്യാസ ശിക്ഷണ സ്ഥാപനങ്ങളിലും നിയമ കോടതികളിലും രാഷ്ട്രീയ മേഖലകളിലും സര്‍ക്കാര്‍ കാര്യാലയങ്ങളിലും സാമ്പത്തികോല്‍പാദന വേദികളിലുമെല്ലാമുള്ള മേധാവിത്തം!''1
ഉദ്ദിഷ്ട 'ഇസ്‌ലാമിക ബദലി'ന്റെ അടയാളങ്ങള്‍ നിര്‍ണയിക്കുന്ന ഉപര്യുക്ത നിയമങ്ങളുടെ ചൈതന്യം, പുതിയ ഇസ്‌ലാമിക നാഗരികതയും സംസ്‌കാരവും, അതില്‍ പ്രവേശമനുവദിക്കാനും അതില്‍നിന്ന് പുറത്താക്കാനുമുള്ള മാനദണ്ഡം- ഇതൊക്കെയും മൗദൂദിയുടെ അടുക്കല്‍ ദൈവിക പരമാധികാരമാണ്.
മൗദൂദിയെ മനസ്സിലാക്കാനുള്ള താക്കോലാണ് ഈ 'പരമാധികാര സങ്കല്‍പം.' പ്രസ്തുത പരമാധികാര സങ്കല്‍പം മനസ്സിലാക്കാതെ ആധുനിക ഇസ്‌ലാമിക നവോത്ഥാന നായകരായ മുന്‍ഗാമികളില്‍നിന്ന് മൗദൂദിയെ വേറിട്ടുനിര്‍ത്തുന്ന 'നവത്വം' നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. എങ്കില്‍ മാത്രമേ പരിധിവിട്ട് എതിര്‍ക്കുകയും പരിധി കവിഞ്ഞ പക്ഷപാതത്തോടെ അനുകൂലിക്കുകയും ചെയ്യുന്നവരില്‍നിന്ന് ഭിന്നമായി അദ്ദേഹത്തോടു നീതി പുലര്‍ത്താന്‍ സാധിക്കുകയുള്ളൂ. വൈജ്ഞാനികാടിസ്ഥാനത്തില്‍ അദ്ദേഹം വിശദീകരിക്കുകയും അതേസമയം തന്നെ വിമര്‍ശിക്കുകയും ചെയ്ത രൂപത്തില്‍ പരമാധികാരത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ സങ്കല്‍പം അവതരിപ്പിക്കേണ്ടത് അതിനാവശ്യമത്രെ. 'വാക്ക്' കൊണ്ടും ആ വാക്കിനെ ജീവിതത്തില്‍ സാക്ഷാല്‍ക്കരിക്കാനായി 'പ്രവൃത്തി' കൊണ്ടും അദ്ദേഹം പോരാട്ടം നടത്തിയ മിക്ക രംഗങ്ങളിലും ഏറ്റവുമധികം അദ്ദേഹം എഴുതിയതിന്റെ പൊരുള്‍ മനസ്സിലാക്കാനുള്ള താക്കോലാണ് 'പരമാധികാരം'.!
* പാശ്ചാത്യ നാഗരികതയെയും നമ്മുടെ ഇസ്‌ലാമിക നാഗരികതയെയും 'ജാഹിലിയ്യത്ത്' എന്ന് അദ്ദേഹം വിധിക്കാനും ഇക്കാലത്തെ ആധുനിക ഇസ്‌ലാമിക സാഹിത്യങ്ങളില്‍ അത്തരമൊരു സാങ്കേതിക പ്രയോഗത്തിന്റെ പ്രണേതാവാകാനുമുള്ള കാരണം മുന്‍ചൊന്ന നാഗരികതകളും ആ നാഗരിക സമൂഹങ്ങളും ദൈവിക പരമാധികാരത്തില്‍നിന്ന് പുറത്തുപോയതാണ്.
* മുസ്‌ലിം സമൂഹങ്ങള്‍ കുഫ്ര്‍ മുദ്ര ചാര്‍ത്തപ്പെടുന്നതിനുള്ള അദ്ദേഹത്തിന്റെ ന്യായീകരണം ആ സമൂഹങ്ങള്‍ ദൈവിക പരമാധികാരത്തില്‍നിന്ന് പുറത്തുപോയതാണ്.
* 'ദേശീയത്വ'ത്തെയും 'ജനാധിപത്യ'ത്തെയും ബഹുദൈവത്വത്തിന് തുല്യവും സത്യവിശ്വാസത്തിനു വിരുദ്ധവുമായി അദ്ദേഹം കാണാന്‍ കാരണം ദൈവത്തിന്റെ പരമാധികാര സ്ഥാനത്ത് 'ബഹുജന'ത്തെയും 'രാഷ്ട്ര'ത്തെയും പ്രതിഷ്ഠിച്ചതാണ്.
* 'സെക്യുലരിസ'ത്തിനു മേല്‍ തന്റെ രോഷം മുഴുവന്‍ അദ്ദേഹം ചൊരിഞ്ഞത് രാഷ്ട്രത്തിലും സമൂഹത്തിന്റെ നടത്തിപ്പിലും നാഗരിക നിര്‍മാണത്തിലും ദൈവിക പരമാധികാരത്തെ അത് നിരാകരിച്ചതുകൊണ്ടാണ്.
* ഇസ്‌ലാമിക പ്രബോധനത്തിന്റെ ഏറ്റവും വലിയ സംരക്ഷണത്തിനും പ്രബോധകരുടെ സ്വാതന്ത്ര്യത്തിനും ഏറ്റവും വലിയ ഉപാധിയായി കണ്ട ജിഹാദിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഭൂമുഖത്തെ സര്‍വ ഭരണവ്യവസ്ഥകളെയും റദ്ദു ചെയ്ത് 'മനുഷ്യന്റെ ഭരണ'ത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിച്ച് തദ് സ്ഥാനത്ത് 'ദൈവിക പരമാധികാരം' പ്രതിഷ്ഠിക്കാനുള്ള യുദ്ധം എന്നാണ്. ജിഹാദിന്റെ പരിധിയെയും അതിന്റെ പശ്ചാത്തല കാരണങ്ങളെയും കുറിച്ച മൗദൂദിയുടെ വിഭാവനയും അദ്ദേഹത്തിന്റെ ദൈവിക പരമാധികാര സങ്കല്‍പവുമായാണ് ബന്ധപ്പെട്ടു നില്‍ക്കുന്നത്.
അതിനാല്‍ മൗദൂദിചിന്തയിലെ പരമാധികാരത്തെ കുറിച്ചുള്ള ഈ ചര്‍ച്ചയാണ് എല്ലാ ചര്‍ച്ചകളുടെയും കാമ്പ്. അദ്ദേഹത്തോട് ആരാധന പുലര്‍ത്തുന്നവരുടെ ആരാധനയുടെ സ്രോതസ്സും ആത്യന്തികവാദികളുടെ ആത്യന്തികതയുടെ പ്രചോദനകേന്ദ്രവും പ്രതിയോഗികളുടെ, അല്ലെങ്കില്‍ സമകാലിക ഇസ്‌ലാമിക നവജാഗരണത്തിന്റെ അണികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ധൈഷണിക സ്വാധീനത്തിന്റെ അളവില്‍ ചകിതരാകുന്നവരുടെ രോഷത്തിന്റെ ഉറവിടവുമെല്ലാം ഈയൊരു സങ്കല്‍പമാണ്. അതിനാല്‍ ഈ ചര്‍ച്ചക്ക് അതിന്റേതായ പ്രാധാന്യവും ഗൗരവവുമുണ്ട്.
'പരമാധികാര സങ്കല്‍പം' (അല്‍ഹാകിമിയ്യഃ) നമ്മുടെ ചരിത്രത്തിലും പൈതൃകത്തിലും ആദ്യമായി ഉയര്‍ന്നുവന്നത് പഴയ 'ഖവാരിജുകളു'ടെ കൈയാലെയാണ്.
അബൂസുഫ്‌യാന്റെ മകന്‍ മുആവിയക്കെതിരെ അബൂത്വാലിബിന്റെ മകന്‍ അലിക്കു പിന്നില്‍ പൊരുതിയ ഒരു കൂട്ടം 'ഖാരിഉകളി' (ഖുര്‍ആന്‍ പാരായകര്‍)ലൂടെ വളര്‍ന്നുവന്ന കക്ഷി. തനിക്കും മുആവിയക്കുമിടയിലുണ്ടായ തര്‍ക്കത്തില്‍ അലി മാധ്യസ്ഥം സ്വീകരിച്ചതോടെ- അല്ലെങ്കില്‍ അതിനദ്ദേഹം നിര്‍ബന്ധിതനായതോടെ- അദ്ദേഹത്തിന്റെ നേതൃത്വത്തെ തള്ളിക്കളഞ്ഞ് അവര്‍ വിഘടിച്ചുപോയി. മുആവിയയും അദ്ദേഹത്തിന്റെ പിണിയാളുകളുമായുള്ള തര്‍ക്കത്തില്‍ നേരത്തേതന്നെ ഖുര്‍ആന്റെ വിധിയുണ്ടെന്നതായിരുന്നു അവരുടെ ന്യായം. 'കലാപകാരികളാ'(അല്‍ഫിഅത്തുല്‍ ബാഗിയ')ണ് അവര്‍. അവരെ കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ വിധിപറഞ്ഞിട്ടുള്ളതാണ്: ''വിശ്വാസികളില്‍ രണ്ടു വിഭാഗം സംഘട്ടനത്തില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കാന്‍ നിങ്ങള്‍ ശ്രമിക്കുക. എന്നിട്ടും അവരിലൊരു കൂട്ടര്‍ മറ്റേ കൂട്ടരെ അതിക്രമിക്കുകയാണെങ്കില്‍ ദൈവകല്‍പനയിലേക്ക് മടങ്ങുംവരെ അതിക്രമികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. ഇനി അവര്‍ മടങ്ങുകയാണെങ്കില്‍ നീതിപൂര്‍വം അവര്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കുക. നീതി പാലിക്കുക. അല്ലാഹു നീതിപാലകരെ ഇഷ്ടപ്പെടുന്നു'' (അല്‍ ഹുജുറാത്ത് 9). ഖുര്‍ആന്‍ വിധി നല്‍കിയ ഒരു വിഷയത്തില്‍ പിന്നെ ആളുകളെ മാധ്യസ്ഥരാക്കുന്നത് അനുവദനീയമല്ല. എന്തെന്നാല്‍ അല്ലാഹു വിധിച്ചതില്‍ മനുഷ്യന് അധികാരമില്ല. അല്ലാഹുവിനു മാത്രമാണ് വിധിക്കാനും ഭരിക്കാനും പരമാധികാരമെന്നതിനാല്‍, ഇമാം അലിയുടെ പാളയത്തില്‍ ഖവാരിജുകള്‍ ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചു: 'ലാ ഹുക്മ ഇല്ലാ ലില്ലാഹ്' (അല്ലാഹുവിനല്ലാതെ അധികാരമില്ല). അവര്‍ മനസ്സിലാക്കിയ ഈ തത്ത്വത്തിന് പ്രതിരോധം ചമച്ചുകൊണ്ട് ഈ ശബ്ദം അവര്‍ ആവര്‍ത്തിച്ചു മുഴക്കിക്കൊണ്ടേ ഇരുന്നു. അങ്ങനെ അവര്‍ക്ക് 'മുഹക്കിമഃ' എന്ന പേര് ലഭിച്ചു.
എന്നാല്‍ നാലാം ഖലീഫ അലിയ്യുബ്‌നു അബീത്വാലിബ് അവരുടെ ഈ കല്‍പിത വിവക്ഷയെയും മുദ്രാവാക്യത്തെയും നേരിട്ടത് അതിന് തക്കവിധത്തില്‍ തന്നെയാണ്. നമ്മുടെ അഭിപ്രായത്തില്‍ ഏറ്റവും സൂക്ഷ്മമായ പ്രതികരണമായിരുന്നു അത്. 'ലാ ഹുക്മ ഇല്ലാ ലില്ലാഹ്' എന്ന മുദ്രാവാക്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്, 'വാക്ക് സത്യമെങ്കിലും ഉദ്ദേശ്യം വ്യാജം' (കലിമത്തു ഹഖിന്‍ ഉരീദ ബിഹല്‍ ബാത്വില്‍) എന്നായിരുന്നു. ''അതേ, അല്ലാഹുവിനല്ലാതെ അധികാരമില്ല എന്നത് ശരിതന്നെ. പക്ഷേ, ഇക്കൂട്ടരുടെ ഉദ്ദേശ്യം അല്ലാഹുവിനല്ലാതെ ഭരണനേതൃത്വമില്ലെന്നാണ്. മനുഷ്യര്‍ക്ക് ഒരു അമീര്‍, ഭരണാധികാരി കൂടാതെ വയ്യ; സുധര്‍മിയാകട്ടെ, അധര്‍മിയാകട്ടെ.''2 അപ്പോള്‍ അല്ലാഹുവിന്റെ പരമാധികാരമെന്നാല്‍, അല്ലാഹുവിന്റെ പ്രാതിനിധ്യ മേഖലയിലെ (ഖിലാഫത്ത്) അധികാരത്തില്‍നിന്നും ഭരണനിര്‍വഹണത്തില്‍നിന്നും രാഷ്ട്രനിര്‍മാണത്തില്‍നിന്നും സമൂഹ രൂപീകരണ പ്രക്രിയയില്‍നിന്നും നഗരവികസന പ്രവര്‍ത്തനങ്ങളില്‍നിന്നും മനുഷ്യനെ പിഴുതുമാറ്റുക എന്നല്ല അതിന്റെ അര്‍ഥം. മറിച്ച്, ഈ മേഖലകളിലുള്ള മനുഷ്യന്റെ ഭരണം ദൈവിക പദ്ധതിയോട് പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ടുള്ളതാണെങ്കില്‍, ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയായിക്കൊണ്ട് അവന്റെ ഭരണനിര്‍വഹണമായാണ് അത് എണ്ണപ്പെടുക. ''നിന്റെ വിധാതാവ് മാലാഖമാരോട് പറഞ്ഞ സന്ദര്‍ഭം; ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിയമിക്കാന്‍ പോവുകയാണ്. അവര്‍ ചോദിച്ചു: അവിടെ കുഴപ്പം സൃഷ്ടിക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നിശ്ചയിക്കാന്‍ പോവുകയാണോ? നിനക്ക് സ്തുതികീര്‍ത്തനങ്ങള്‍ ചൊല്ലാന്‍ ഞങ്ങളിവിടെ ഉണ്ടല്ലോ. അവന്‍ പറഞ്ഞു: നിങ്ങള്‍ക്കറിയാത്തത് ഞാന്‍ അറിയുന്നു'' (അല്‍ബഖറ 30).
നൂറ്റാണ്ടുകള്‍ കടന്നുപോയി. അതിനിടെ മുസ്‌ലിംകളുടെ അനുഭവമണ്ഡലത്തില്‍നിന്നും രാഷ്ട്രീയ ചര്‍ച്ചകളില്‍നിന്നും ദൈവിക പരമാധികാര(ഹാകിമിയ്യ)ത്തിന്റെ മുദ്രാവാക്യം മറഞ്ഞുപോയി. അങ്ങനെ മൗദൂദി വന്ന് അതിനെ നിദ്രാവസ്ഥയില്‍നിന്ന് തട്ടിയുണര്‍ത്തി. എല്ലാ വെളിച്ചവും അതിന്മേല്‍ കേന്ദ്രീകരിച്ചു. അദ്ദേഹമതിനെ ജനങ്ങള്‍ക്കിടയില്‍ താന്‍ ഇറങ്ങിത്തിരിച്ച ചിന്താപദ്ധതിയുടെ അച്ചുതണ്ടാക്കി മാറ്റി. അതാകട്ടെ, പണ്ടത്തെ ഖാരിജി മദ്ഹബിന്റെ അടിസ്ഥാനത്തിലോ അവരോട് അനുഭാവം പ്രകടിപ്പിച്ചോ ആയിരുന്നുമില്ല. എന്നാലോ, ഈ മുദ്രാവാക്യം പഴയ ഇസ്‌ലാമിക അനുഭവ മണ്ഡലത്തില്‍ സൃഷ്ടിച്ചുവിട്ട അതേ ദുരൂഹതയും ആശയക്കുഴപ്പവും തെറ്റിദ്ധാരണകളും സൃഷ്ടിച്ചുവിടുകയും ചെയ്തു. അത് തുടരുകയും ചെയ്യുന്നു. ഈ ദുരൂഹതക്കും സംശയങ്ങള്‍ക്കും മൗദൂദിയുടെ വൈകാരിക വാചാടോപ ശൈലി സഹായകമാവുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ഇത് ജനങ്ങളില്‍ വൈകാരികോര്‍ജം പകരാനായിരിക്കും. അപ്പോള്‍ വിഷയത്തിന്റെ ചില വശങ്ങള്‍ അവഗണിച്ചു മറ്റ് ചില വശങ്ങളില്‍ അദ്ദേഹം ഊന്നുന്നു. മറന്നുകൊണ്ടോ അശ്രദ്ധയാലോ അല്ല ചില വശങ്ങള്‍ അദ്ദേഹം മാറ്റിവെക്കുന്നത്; ഒരു സവിശേഷ ചരിത്രഘട്ടത്തില്‍, അല്ലെങ്കില്‍ രാഷ്ട്രീയ സന്ദര്‍ഭത്തിലോ നിര്‍ണിത ധൈഷണിക പ്രതിസന്ധിയാലോ നേരിടേണ്ട അടിസ്ഥാന ശത്രുവിന്റെയും കൂടുതല്‍ മാരകമായ വിപത്തിന്റെയും പ്രകൃതം തിരിച്ചറിഞ്ഞതുകൊണ്ടാണത്. അതാകട്ടെ മൗദൂദിയുടെ അവതരണ ശൈലിയുടെ സ്ഥിരമായ പൊതുസ്വഭാവമൊട്ടല്ല താനും. അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങളും നിബന്ധങ്ങളും 'പോരാളിയുടെ വൈകാരികോര്‍ജ'ത്താല്‍ നിര്‍ഭരമാണെങ്കില്‍ മറ്റു ചില രചനകള്‍ 'പണ്ഡിതോചിതമായ സൂക്ഷ്മത'യില്‍ വേര്‍തിരിഞ്ഞുനില്‍ക്കുന്നവയാണ്. ഈ വസ്തുത, അദ്ദേഹത്തിന്റെ ചിന്തകളെ ഭാഗികമായി പിന്തുടര്‍ന്നവരില്‍ ചിലര്‍ക്ക് പരമാധികാര സങ്കല്‍പത്തില്‍ അദ്ദേഹം പോയതിനുമപ്പുറത്തേക്ക് പോകാന്‍ സൗകര്യമൊരുക്കി. അദ്ദേഹത്തിന്റെ അനുകൂലികളും പ്രതികൂലികളും ഒരുപോലെ ഈ വിഷയത്തില്‍ പക്ഷപാത ബുദ്ധിയോടുകൂടി അദ്ദേഹത്തില്‍ ആത്യന്തികത ആരോപിക്കുകയായിരുന്നു. ദൈവിക പരമാധികാര (അല്‍ ഹാകിമിയ്യത്തുല്‍ ഇലാഹിയ്യഃ) എന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ രചനകളാണ് ഇതില്‍ പ്രഥമ സ്ഥാനത്ത് വരുന്നത്. അതിനാല്‍, അദ്ദേഹത്തിന്റെ ചിന്തയുടെ അച്ചുതണ്ടായ, 'ഇസ് ലാമിസ്റ്റുകള്‍'ക്കിടയിലും 'മുസ്‌ലിംകളി'ലെതന്നെ 'ഇസ്‌ലാമിസ്റ്റുകളല്ലാത്തവര്‍'ക്കിടയിലും ഏറെ വിവാദമുയര്‍ത്തിയ ഈ വിഷയത്തില്‍ മൗദൂദിയുടെ യഥാര്‍ഥ നിലപാട് എന്താണെന്നതില്‍ വ്യക്തത വരുത്തേണ്ടത് വളരെ പ്രധാനമാണ്.
മൗദൂദിയുടെ അടിസ്ഥാന ധൈഷണിക സംഭാവനകളെ കുറിച്ചുള്ള- അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകളൊക്കെയും അതില്‍പെടും- കൂലങ്കഷമായ വിമര്‍ശന നിരീക്ഷണ ഫലമാണ് മൗദൂദിയെ കുറിച്ചുള്ള നമ്മുടെ ഈ പഠനം. അതിന്റെ സവിശേഷതയും അതാണ്. അതിനാല്‍ പരമാധികാരത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ എഴുത്തുകളെ രണ്ട് തരം ആവിഷ്‌കാര രൂപങ്ങളായി നമുക്ക് വേര്‍തിരിക്കാന്‍ സാധിക്കും:
എ. ആശയക്കുഴപ്പവും ദുരൂഹതയും സൃഷ്ടിക്കുന്ന പൊതുവായ അവതരണ ശൈലി.
ബി. പരമാധികാര സങ്കല്‍പത്തെ കുറിച്ച അവ്യക്തതയും സംശയവും നിരാകരിക്കുന്ന, അദ്ദേഹത്തിന്റെ ചിന്തയെ കൃത്യപ്പെടുത്തുന്ന സൂക്ഷ്മവും ഭദ്രവുമായ ആവിഷ്‌കാര രീതികള്‍.
വിവ: വി.എ കബീര്‍
(തുടരും)
1. واقع المسلمين وسبيل النهوض بهم ص : 180-181