ലൗ ജിഹാദും മതംമാറ്റ നിരോധവും

‌‌

മുസ്‌ലിം യുവാക്കള്‍ എത്ര ഭാഗ്യവാന്മാര്‍! ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെല്ലാം എത്ര വേഗത്തിലാണ് അവരുടെ പ്രണയത്തില്‍ വീഴുന്നത്! പെണ്‍ചുണ്ടുകളില്‍ വിടരുന്ന ഗാനശകലം ഇപ്രകാരമാണെന്ന് തോന്നുന്നു:

യമനിലെ ചോലയില്‍ ആടുമേക്കാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ?

സകലമാന ആര്‍.എസ്.എസ്സുകാരും മതമെത്രാന്മാരും സന്യാസിമാരും പിടിച്ചു കെട്ടിയിട്ടും മുസ്‌ലിംകള്‍ മതി എന്ന് തീരുമാനിച്ച് അവരോടൊപ്പം ഒളിച്ചോടാന്‍ മാത്രം എന്ത് മാസ്മരികതയാണ് മുസ്‌ലിം ചെറുപ്പക്കാര്‍ക്കുള്ളത്? കാലത്തിന്റെ ഓരോ ലീലാവിലാസം എന്നല്ലാതെ മറ്റെന്തു പറയാന്‍! ലൗ ജിഹാദിനെക്കുറിച്ച പ്രോപ്പഗണ്ട കേള്‍ക്കുമ്പോള്‍ ഇങ്ങനെയാണ് തോന്നുക.

പ്രണയം എന്നത് മനുഷ്യപ്രകൃതിയില്‍ നിലീനമായ ഒരു വികാരമാണ്. മനുഷ്യാരംഭം മുതല്‍ അത് തുടര്‍ന്നുവരുന്നു. മതമോ ജാതിയോ ഒന്നും അതിനു മുന്നില്‍ വിലങ്ങുകളല്ല. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയുമെല്ലാം ചിലപ്പോള്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ചു പ്രേമിച്ചുപോകും. ഇത് സാമൂഹിക ജീവിതത്തില്‍ ചില പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നത് ശരിയാണ്. അതിനാല്‍ അവയെ മറികടക്കാന്‍ ഓരോരുത്തരും അവരുടേതായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തും. വ്യക്തി സ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും അതിയായ പ്രാധാന്യം കല്‍പിക്കുന്ന ഇക്കാലത്ത് പ്രണയത്തെ അതിന്റെ വഴിക്ക് വിടുക എന്ന നയമാണ് സ്വീകരിക്കാറ്. അതുകൊണ്ടുതന്നെ തീവ്ര ഹിന്ദുത്വ വക്താക്കളില്‍ ചിലരുടെ ഭാര്യമാര്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളുമാകുന്നതും മുസ്‌ലിം-ക്രൈസ്തവ പുരുഷന്മാര്‍ ഹിന്ദുക്കളെ വിവാഹം ചെയ്യുന്നതും അസാധാരണ സംഭവമൊന്നുമല്ല. സമകാലീന രാഷ്ട്രീയ നേതാക്കളില്‍തന്നെ ഇങ്ങനെ അന്യമതസ്ഥരെ വിവാഹം ചെയ്ത നിരവധി പേരെ കാണാം.

പ്രണയത്തിന്റെ തലയില്‍ 'ജിഹാദ്' എന്ന തൊപ്പി വെച്ച് 'ലൗ ജിഹാദ്' എന്ന പ്രയോഗമുണ്ടാക്കിയത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ്. മുസ്‌ലിം ചെറുപ്പക്കാര്‍ പ്രണയം നടിച്ച് ഹൈന്ദവ-ക്രൈസ്തവ പെണ്‍കുട്ടികളെ വലവീശിപ്പിടിക്കുകയും മതംമാറ്റി യമനിലേക്ക് കൊണ്ടുപോവുകയുമാണെന്നാണ് അവരുടെ പ്രചാരണം. ഇങ്ങനെ ആയിരക്കണക്കില്‍ പെണ്‍കുട്ടികള്‍ ഈ കെണിയില്‍ കുടുങ്ങി നരകയാതന സഹിക്കുന്നുണ്ടെന്നും അവരുടെ മീഡിയകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നു. നിജഃസ്ഥിതി അറിയാന്‍ പോലീസും കോടതിയുമെല്ലാം പ്രശ്‌നത്തിലിടപെട്ട് അരിച്ചുപെറുക്കുകയും സംഭവം പൊയ്‌വെടിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടും അടിസ്ഥാനരഹിതമായ ഈ ആരോപണം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. കാരണം, സാമുദായിക വൈരവും മതധ്രുവീകരണവും സൃഷ്ടിക്കാന്‍ ഏറ്റവും ഫലപ്രദമായ ഒരായുധമായാണ് ഇതിനെയവര്‍ കാണുന്നത്.

ഇസ്‌ലാമിന്റെ പ്രചരണത്തിന് ഇത്തരം വളഞ്ഞ വഴികളൊന്നും അവലംബിക്കേണ്ടതില്ല. ഇസ്‌ലാമികാദര്‍ശങ്ങളുടെ സ്വയം മേന്മയും യുക്തിഭദ്രതയും ഔന്നത്യവും ജനമനസ്സുകളെ ഹഠാദാകര്‍ഷിക്കാനുള്ള അനിതരസാധാരണമായ കഴിവ് അതിന് പ്രദാനം നല്‍കിയിട്ടുണ്ട്. ലോകത്തെ ഇസ്‌ലാംവിരുദ്ധ ശക്തികളെല്ലാം ഒന്നിച്ചെതിര്‍ക്കുമ്പോഴും അതിന്റെ ആകര്‍ഷണീയത വര്‍ധിക്കുകയാണ്. ഈ ആഗോള സാഹചര്യത്തില്‍ ഇസ്‌ലാം പ്രകടിപ്പിക്കുന്ന അതിജീവന ശക്തി അതാണ് വ്യക്തമാക്കുന്നത്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഏറ്റവുമധികം പ്രചരിക്കുന്ന മതം ഇസ്‌ലാമാണല്ലോ.

ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ ഏറ്റവുമേറെ ഭയക്കുന്നത് ഇസ്‌ലാമിനെയാണ്. അവരുടെ സങ്കല്‍പത്തിലുള്ള ബ്രാഹ്‌മണ്യ മേധാവിത്തം നടപ്പിലാക്കാന്‍ ഏറ്റവും വലിയ പ്രതിബന്ധം ഇസ്‌ലാമും മുസ്‌ലിംകളുമാണെന്നവര്‍ വിശ്വസിക്കുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥ മനുസ്മൃതി മുന്നോട്ടുവെക്കുന്ന ജീവിത വ്യവസ്ഥയുടെ നട്ടെല്ലാണെന്നും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമാണ് സവര്‍ണ ഭരണകൂടത്തിന്റെ സവിശേഷതയെന്നും അവര്‍ക്കറിയാം. അതാകട്ടെ, പിന്നാക്ക ജനസമൂഹങ്ങള്‍ക്ക്  ഇസ്‌ലാമിലേക്ക് കൂട്ടംകൂട്ടമായി ചേക്കേറാന്‍ പ്രചോദകമാകുമെന്ന് അവര്‍ ആശങ്കിക്കുന്നു.

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും സാമുദായിക ധ്രുവീകരണം സാധ്യമാക്കുകയുമാണ് ഇതിനുള്ള പ്രതിവിധിയെന്ന് ഹിന്ദുത്വ ശക്തികള്‍ ധരിക്കുന്നു. 'ലൗ ജിഹാദി'ന്റെ അപകടകാരിത പറഞ്ഞും മതപരിവര്‍ത്തനം ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കുമെന്ന് ഭയപ്പെടുത്തിയും ഇതിന്നായവര്‍ ഭഗീരഥ യത്‌നം നടത്തുകയാണ്. അതിനാല്‍ മതപരിവര്‍ത്തന നിരോധ നിയമങ്ങള്‍ പല സംസ്ഥാനങ്ങളിലും അവര്‍ നടപ്പാക്കി. ക്രൈസ്തവരെ കൂടി തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ഇപ്പോഴവര്‍ ശ്രമിക്കുന്നത്. മതപരിവര്‍ത്തന വിഷയത്തില്‍ മുസ്‌ലിംകളെപ്പോലെ ക്രൈസ്തവരും 'കൂട്ടുപ്രതികളാ'ണെങ്കിലും 'ലൗ ജിഹാദി'ന്റെ കൂടെനിന്നാല്‍ സ്വന്തം സ്ഥാപനങ്ങളും വിദേശ ഫണ്ടുകളും സംരക്ഷിക്കാനും ലൈംഗിക- കൊലപാതക കേസുകളില്‍നിന്ന് രക്ഷപ്പെടാനും സാധിക്കുമെന്ന മിഥ്യാധാരണയാണ് ഇവരില്‍ ചിലര്‍ക്കുള്ളത്.

ഹിന്ദുത്വ ശക്തികള്‍ അവസാനം തേടിവരിക തങ്ങളെയായിരിക്കുമെന്നും കന്യാസ്ത്രീകളുടെ നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങള്‍ ഒരു സൂചന മാത്രമാണെന്നും ഇക്കൂട്ടര്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല. ഹിന്ദുത്വ ശക്തികള്‍ക്ക് വേണ്ടത് ഇസ്‌ലാമും ക്രിസ്തുമതവും കമ്യൂണിസവുമില്ലാത്ത ഒരിന്ത്യയാണ്. ഗോള്‍വാള്‍ക്കര്‍ അതാണല്ലോ സ്വപ്‌നം കണ്ടത്; അവരെ പഠിപ്പിച്ചതും.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top