മഹ്ദിയുടെ ആഗമനം

ഡോ. മുഹമ്മദുബ്‌നു അബ്ദിര്‍റഹ്‌മാന്‍ അല്‍ അരീഫി‌‌
img

ലോകാവസാനത്തോടനുബന്ധിച്ച് അക്രമങ്ങളും കുഴപ്പങ്ങളും വര്‍ധിക്കുകയും ശക്തര്‍ ദുര്‍ബലരെ അടിച്ചമര്‍ത്തുകയും അവരുടെ അവകാശങ്ങള്‍ അന്യായമായി അനുഭവിച്ചു തുടങ്ങുകയും ചെയ്യുമ്പോള്‍ സത്യവിശ്വാസികള്‍ പുതിയൊരു പ്രഭാതം പ്രതീക്ഷിക്കും. ആ പ്രഭാതം വന്നണയുന്നതോടെ ഭൂമിയെ ആവരണം ചെയ്ത അന്ധകാരം നീങ്ങും. അഥവാ, മുഹമ്മദുബ്‌നു അബ്ദില്ലാഹില്‍ ഹസനില്‍ അലവി അല്‍ മഹ്ദിയുടെ ആഗമനത്തിനു വഴിയൊരുങ്ങും.

മഹ്ദി എന്ന വാക്ക് കേള്‍ക്കുന്നതോടെ നമ്മുടെ മനസ്സിലേക്ക് പലതരം ചോദ്യങ്ങള്‍ വരുന്നു. ആരാണ് മഹ്ദി? അദ്ദേഹത്തിന്റെ ആഗമനത്തിന്റെ പശ്ചാത്തലമെന്ത്? എവിടെയാണ് പ്രത്യക്ഷപ്പെടുക? അദ്ദേഹം ഇപ്പോള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ എന്തു ചെയ്യുന്നു? ആരാണ് അദ്ദേഹത്തിന്റെ അനുയായികള്‍?

പേര്, വംശാവലി
മുഹമ്മദുബ്‌നു അബ്ദില്ലാഹില്‍ ഹസനില്‍ അലവി എന്നാണ് മഹ്ദിയുടെ മുഴുവന്‍ പേര്. നബി പുത്രി ഫാത്വിമ(റ)യുടെ മകന്‍ ഹസനു ബ്‌നു അലി(റ)യുടെ സന്താനപരമ്പരയിലാണ് മഹ്ദി ജാതനാവുക.
ഇബ്‌നു മസ്ഊദി(ല്‍)നിന്ന് നിവേദനം:
لو لم يبق من الدنيا إلا يوم لطوّل اللّه ذلك اليوم حتى يبعث فيه رجل مني أو من أهل بيتي، يواطئ اسمه اسمي واسم أبيه اسم أبي

'ഇഹലോകത്തിന് ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും അല്ലാഹു ആ ദിവസത്തെ നീട്ടി എന്നില്‍നിന്ന്, അഥവാ എന്റെ കുടുംബത്തില്‍നിന്ന് ഒരാളെ നിയോഗിക്കും. അദ്ദേഹത്തിന്റെ പേര് എന്റെ പേരിനോടും അദ്ദേഹത്തിന്റെ പിതാവിന്റെ പേര് എന്റെ പിതാവിന്റെ പേരിനോടും യോജിച്ചു വരും.'1

പ്രത്യക്ഷപ്പെടാനുള്ള കാരണം
ഇഹലോകത്തിന്റെ അവസാനകാലമാകുമ്പോള്‍ മനുഷ്യര്‍ അത്യന്തം ദുഷിക്കും. നിഷിദ്ധങ്ങള്‍ വര്‍ധിക്കും. അക്രമങ്ങള്‍ വര്‍ധിക്കും. നീതി കുറയും. ഇത്തരമൊരു ദശാസന്ധിയില്‍ മനുഷ്യരുടെ നന്മക്കായി അല്ലാഹു സുകൃതവാനായ ഒരാളെ നിയോഗിക്കും. അഹ്‌ലുസ്സുന്നയുടെ വിശ്വാസമനുസരിച്ച് ഇദ്ദേഹം 'മഹ്ദി' എന്നാണ് അറിയപ്പെടുക. അദ്ദേഹത്തിന് അനുയായികളുണ്ടാവും. പല യുദ്ധങ്ങളിലും സത്യവിശ്വാസികളെ നയിക്കുക അദ്ദേഹമായിരിക്കും. നീതിമാനായ ഭരണാധികാരിയായി അദ്ദേഹം നായകസ്ഥാനമേല്‍ക്കും.

വിശേഷണം
അബൂസഈദില്‍ ഖുദ്‌രി(റ)യില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു:

المهدي مني أجلى الجبهة أقنى الأنف يملأ الأرض قسطا وعدلا كما ملئت جورا وظلما يملك سبع سنين

'മഹ്ദി എന്നില്‍നിന്നുള്ളവനായിരിക്കും. എന്റെ വംശത്തില്‍നിന്നുള്ളവനായിരിക്കും. നെറ്റിത്തടം വിശാലമായിരിക്കും. മൂക്കിന്റെ നടുഭാഗം ഉയര്‍ന്നിരിക്കും. അക്രമവും അനീതിയും നിറഞ്ഞ ഭൂമിയില്‍ അദ്ദേഹം നീതി നിറക്കും. ഏഴുവര്‍ഷക്കാലം അദ്ദേഹം ഭൂമിയില്‍ ഭരിക്കുന്നതായിരിക്കും.'2

നബി(സ)യുടെ പേരുള്ള മഹ്ദിയുടെ പിതാവിന് നബി(സ)യുടെ പിതാവിന്റെ പേരായിരിക്കും. അതായത്, അലി(റ)യുടെ മകന്‍ ഹസന്റെ സന്താനപരമ്പരയില്‍പെട്ട അബ്ദുല്ലയുടെ മകനായാണ് മഹ്ദി എന്ന വിശേഷണമുള്ള മുഹമ്മദ് പ്രത്യക്ഷപ്പെടുക.

ഹസന്റെ സന്താനപരമ്പരയില്‍നിന്ന് വരാനുള്ള യുക്തി
പിതാവ് അലി(റ)യുടെ രക്തസാക്ഷ്യത്തിനുശേഷം ഹസന്‍(റ) അധികാരമേറ്റതോടെ മുസ്‌ലിംകള്‍ക്ക് രണ്ട് അമീറുമാരുണ്ടായി. ഇറാഖിലും ഹിജാസിലും മറ്റും ഹസന്‍(റ). ശാമിലും പരിസര നാടുകളിലും മുആവിയ(റ). ആറുമാസക്കാലം അധികാരത്തിലിരുന്ന ഹസന്‍(റ) ഭൗതികമായ യാതൊന്നും പകരം പ്രതീക്ഷിക്കാതെ മുആവിയ(റ)ക്കുവേണ്ടി സ്ഥാനമൊഴിഞ്ഞു. മുസ്‌ലിംകളുടെ ആഭ്യന്തര സുരക്ഷിതത്വമോര്‍ത്തും രക്തം ചിന്തുന്നത് ഒഴിവാക്കാനും വേണ്ടിയുള്ള വിട്ടുവീഴ്ചയുടെ ഭാഗമായിരുന്നു ഇത്. അല്ലാഹുവിനുവേണ്ടി ആരെങ്കിലും വല്ലതും വിട്ടുകൊടുത്താല്‍ അദ്ദേഹത്തിന്, അഥവാ അദ്ദേഹത്തിന്റെ സന്തതികള്‍ക്ക് അല്ലാഹു കൂടുതലായി നല്‍കുന്നതായിരിക്കും.3

ഭരണകാലം
ഇമാം മഹ്ദി ലോക മുസ്‌ലിംകളെ ഏഴുവര്‍ഷക്കാലം ഭരിക്കുന്നതായിരിക്കും. അക്രമവും അനീതിയും നിറഞ്ഞ ഭൂമിയില്‍ അദ്ദേഹം നീതി സ്ഥാപിക്കുന്നതായിരിക്കും.
അദ്ദേഹത്തിന്റെ ഭരണകാലം മഹത്തായ അനുഗ്രഹങ്ങളുടെ കാലമായിരിക്കും. ഭൂമി സസ്യസമൃദ്ധമായിരിക്കും. ആകാശം സമൃദ്ധമായി മഴവര്‍ഷിക്കും. സമ്പത്ത് വര്‍ധിക്കും (ഹദീസുകള്‍ വഴിയെ).

എവിടെനിന്ന്, എപ്പോള്‍ പുറപ്പെടും?
മുഹമ്മദുബ്‌നു അബ്ദില്ലാഹില്‍ ഹസനില്‍ അലവി പൗരസ്ത്യദേശത്തുനിന്നാണ് പുറപ്പെടുക. അദ്ദേഹം ഒറ്റക്കായിരിക്കില്ല. ഹദീസില്‍നിന്ന് വ്യക്തമാകുന്നതുപോലെ പൗരസ്ത്യദേശത്തുനിന്നുള്ള ഒരുപറ്റമാളുകള്‍ അദ്ദേഹത്തിന് ശക്തിപകര്‍ന്നുകൊണ്ട് കൂടെ ഉണ്ടായിരിക്കും.

ലോകാവസാനത്തോടനുബന്ധിച്ച് ഭരണാധികാരികളുടെ മൂന്ന് മക്കള്‍ കഅ്ബയിലെ നിധിയെ ചൊല്ലി സംഘര്‍ഷത്തിലേര്‍പ്പെടും. അധികാരത്തിനായി മത്സരിക്കും. പക്ഷേ, അവരിലാര്‍ക്കും അത് ലഭിക്കില്ല.

ഈ വേളയില്‍ മക്കയിലായിരിക്കും മഹ്ദി പ്രത്യക്ഷപ്പെടുക. ജനങ്ങള്‍ക്കിടയില്‍ വാര്‍ത്ത പ്രചരിക്കും. അങ്ങനെ ജനങ്ങള്‍ കഅ്ബയുടെ അടുത്തുചെന്ന് അദ്ദേഹത്തിന് അനുസരണപ്രതിജ്ഞ ചെയ്യും.
നബി(സ)യില്‍നിന്ന് സൗബാന്‍(റ) നിവേദനം ചെയ്യുന്നു:

يقتتل عند كنزكم ثلاثة كلهم ابن خليفة ، ثم لا يصل إلى واحد منهم..... ثم تطلع الرّايات السّود من قبل المشرق ، فيقتلونكم قتلا لم يقتله قوم  - فإذا رأيتموه فبايعوه ولو حبوا على الثلج
'നിങ്ങളുടെ നിധിയുടെ അടുത്ത് വെച്ച് മൂന്നു പേര്‍ പോരാട്ടത്തിലേര്‍പ്പെടും. അവരെല്ലാവരും ഖലീഫയുടെ മക്കളായിരിക്കും. നിധി അവരിലാര്‍ക്കും ലഭിക്കുകയില്ല.... പിന്നീട് പൗരസ്ത്യ നാടുകളുടെ ഭാഗത്തുനിന്ന് കറുത്ത പതാകകള്‍ പ്രത്യക്ഷപ്പെടും. അവര്‍ മറ്റാരും നടത്താത്തവിധം നിങ്ങളോട് യുദ്ധം ചെയ്യും. ഈ രംഗത്തിന് നിങ്ങള്‍ സാക്ഷിയായാല്‍ നിങ്ങള്‍ അദ്ദേഹത്തിന് -മഹ്ദിക്ക്- അനുസരണ പ്രതിജ്ഞ ചെയ്യുക; മഞ്ഞിലൂടെ ഇഴഞ്ഞുപോയെങ്കിലും.'4

'എല്ലാവരും ഖലീഫയുടെ മക്കളായിരിക്കും' എന്നതിന്റെ വിവക്ഷ അവര്‍ മൂന്നു പേരുണ്ടായിരിക്കും എന്നാണ്. മൂവര്‍ക്കും അനുയായികളുണ്ടായിരിക്കും. മൂവരുടെയും പിതാവ് രാജാവായിരിക്കും. പിതാവിന്റെ രാജാധിപത്യം തനിക്ക് കിട്ടണമെന്ന്  മൂന്നുമക്കളില്‍ ഓരോരുത്തരും ആവശ്യപ്പെടും.

'നിങ്ങളുടെ നിധി' എന്നതിന്റെ വിവക്ഷ കഅ്ബയുടെ താഴെയുള്ള നിധി എന്നാണെന്നും, അധികാരവും ഭരണവുമാണെന്നും, യൂഫ്രട്ടീസ് നദിയില്‍ പ്രത്യക്ഷപ്പെടാനിരിക്കുന്ന സ്വര്‍ണ മലയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതന്മാരില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (യൂഫ്രട്ടീസ് നദിയില്‍ സ്വര്‍ണമല പ്രത്യക്ഷപ്പെടുക എന്നത് ലോകാവസാനത്തിന്റെ ചെറിയ അടയാളങ്ങളിലൊന്നാണ്).

ഇബ്‌നു കസീര്‍ എഴുതുന്നു: 'പൗരസ്ത്യ ദേശത്തുനിന്നുള്ള ഏതാനും ജനങ്ങള്‍ അദ്ദേഹത്തെ സഹായിക്കുകയും അദ്ദേഹത്തിന്റെ അധികാരം സ്ഥാപിക്കുകയും ചെയ്യും. അവരുടെ പതാകകള്‍ കറുത്തതായിരിക്കും. നബി(സ)യുടെ പതാക 'അല്‍ ഉഖാബ്' എന്നു പേരുള്ള കറുത്ത കൊടിയായിരുന്നു.5

അബൂസഈദില്‍ ഖുദ്‌രി(റ)യില്‍നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു:
يخرج في آخر أمتي المهدي، يسقيه الله الغيث، وتخرج الأرض نباتها، و يعطي المال صحاحاً، و تكثر الماشية، و تعظم الأمة، يعيش سبعاً، أو ثمانياً
'എന്റെ സമുദായത്തിന്റെ അവസാന കാലത്ത് മഹ്ദി പുറപ്പെടും. അദ്ദേഹത്തിനായി അല്ലാഹു പ്രയോജനപ്രദമായ മഴ വര്‍ഷിക്കും. അതുവഴി ഭൂമി അതിന്റെ സസ്യങ്ങളെ ഉല്‍പ്പാദിപ്പിക്കും. സമ്പത്ത് ജനങ്ങള്‍ക്കിടയില്‍ സമമായി ഭാഗിക്കപ്പെടും. കന്നുകാലികള്‍ വര്‍ധിക്കും. സമുദായം വലുതാവും. അദ്ദേഹം ഏഴോ എട്ടോ വര്‍ഷം ജീവിക്കും.'6
ഇമാം ഇബ്‌നുബാസ് എഴുതുന്നു: 'മഹ്ദിയുടെ ആഗമനം ജ്ഞാതമാണ്. ഈ വിഷയകമായ ഹദീസുകള്‍ ധാരാളമുണ്ട്. അവ അനിഷേധ്യവും പരസ്പരം ബലപ്പെടുത്തുന്നവയുമാണ്. അവയുടെ പരമ്പരകളും വ്യത്യസ്ത നിവേദനങ്ങളും റിപ്പോര്‍ട്ടര്‍മാരും പദങ്ങളുമെല്ലാം മഹ്ദി എന്ന പ്രതീക്ഷിത വ്യക്തിയും അദ്ദേഹത്തിന്റെ പുറപ്പാടും സത്യമാണ്. അലി(റ)യുടെ മകന്‍ ഹസന്റെ സന്താനപരമ്പരയിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ലോകാവസാന കാലത്ത് മുസ്‌ലിം സമുദായത്തിന് അനുഗ്രഹമായാണ് നിയോഗിതനാവുക. അദ്ദേഹം സത്യവും നീതിയും സ്ഥാപിക്കും. അക്രമവും അനീതിയും തടയും. അല്ലാഹു അദ്ദേഹത്തിലൂടെ നന്മയുടെ പതാക വിടര്‍ത്തും.'7

മഹ്ദിയുടെ ആഗമനം വിവരിക്കുന്ന കൂടുതല്‍ ഹദീസുകള്‍
ഈ വിഷയകമായ ഹദീസുകള്‍ രണ്ടുതരമാണ്.

(എ) മഹ്ദിയുടെ ആഗമനം വ്യക്തമായി എടുത്തുപറയുന്നവ.
(ബി) മഹ്ദിയുടെ വിശേഷണങ്ങള്‍ മാത്രം എടുത്തു പറയുന്നവ.
മഹ്ദി വിഷയകമായ ഹദീസുകള്‍ അമ്പതെണ്ണമുണ്ട്. ഇവയില്‍ സ്വഹീഹും ഹസനും ചെറിയ തരത്തില്‍ ദുര്‍ബലതയുള്ളവയുമുണ്ട്. സ്വഹാബികളില്‍നിന്നും മറ്റുമായി ഇരുപത്തിയെട്ട് പ്രസ്താവനകളുമുണ്ട്. സഫാറയിനി8, സ്വിദ്ദീഖ് ഹസന്‍ ഖാന്‍9 ഹാഫിള് ആബുരി10 എന്നിവര്‍ ഈ വിഷയകമായ ഹദീസുകള്‍ അനിഷേധ്യമായ അനേകം പരമ്പരകളിലൂടെ ഉദ്ധരിച്ചുവന്നതാണെന്ന് രേഖപ്പെടുത്തുന്നു.
അബൂസഈദില്‍(റ)നിന്നു തന്നെ നിവേദനം. നബി(സ) പറഞ്ഞു:

أبشركم ‏ ‏بالمهدي ‏ ‏يبعث على اختلاف من الناس وزلازل فيملأ الأرض قسطا وعدلا كما ملئت ‏ ‏جورا ‏ ‏وظلما ‏ ‏يرضي عنه ساكن السماء وساكن الأرض يقسم المال صحاحا
ويملأ الله قلوب أمة محمد عدله, حتى يأمر منادياً فينادي، فيقول: من له في مال حاجة؟ فما يقوم من الناس إلا رجل، فيقول: ائت السدان فقل له: إن المهدي يأمرك أن تعطيني مالاً، فيقول له: أحث, حتى إذا حجزه وأبرزه ندم, فيقول: كنت أجشع أمة محمد نفساً، أو عجز عني ما وسعهم؟ قال: فيرده، فلا يقبل منه، فيقال له: إنا لا نأخذ شيئاً أعطيناه، فيكون كذلك سبع سنين أو ثمان سنين أو تسع سنين، ثم لا خير في العيش بعده، أوقال: لا خير في الحياة بعده
''ഞാന്‍ നിങ്ങള്‍ക്ക് മഹ്ദിയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും ഭൂകമ്പങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ഘട്ടത്തിലാണ് അദ്ദേഹം നിയോഗിക്കപ്പെടുക. അങ്ങനെ അദ്ദേഹം ഭൂമിയില്‍ അക്രമവും അനീതിയും നിറഞ്ഞതുപോലെ അതില്‍ നീതി സ്ഥാപിക്കും. ആകാശഭൂമികളിലെ നിവാസികള്‍ അദ്ദേഹത്തെപ്പറ്റി തൃപ്തരാവും. അദ്ദേഹം സമ്പത്ത് തുല്യമായി വീതിക്കും.'' അപ്പോള്‍ ഒരാള്‍ ചോദിച്ചു: ''സ്വിഹാഹന്‍ എന്നാല്‍ എന്താണ്?'' നബി(സ) പറഞ്ഞു: 
بالسّوية بين الناس
'' -ജനങ്ങള്‍ക്കിടയില്‍ തുല്യമായി.'' ''അല്ലാഹു മുഹമ്മദീയ സമുദായത്തിന്റെ ഹൃദയങ്ങളില്‍ അദ്ദേഹത്തിന്റെ നീതി നിറക്കും. അങ്ങനെ അദ്ദേഹം ഒരു വിളിയാളനോട് വിളിച്ചുപറയാന്‍ ചുമതലപ്പെടുത്തും; ആര്‍ക്കെങ്കിലും സമ്പത്ത് ആവശ്യമുണ്ടോ? അപ്പോള്‍ ജനങ്ങളില്‍നിന്ന് ഒരാള്‍ മാത്രമേ എഴുന്നേറ്റു നില്‍ക്കുകയുള്ളൂ. അപ്പോള്‍ മഹ്ദി പറയും: 'സമ്പത്തിന്റെ സൂക്ഷിപ്പുകാരനെ സമീപിക്കൂ! എന്നിട്ട്, എനിക്ക് സമ്പത്ത് തരാന്‍ മഹ്ദി നിങ്ങളോട് കല്‍പിച്ചിരിക്കുന്നു എന്ന് പറയുക. അപ്പോള്‍ സൂക്ഷിപ്പുകാരന്‍ അയാളോട് പറയും; 'നീ കോരിയെടുത്തോളൂ.' അങ്ങനെ അയാള്‍ സ്വന്തമാക്കുമ്പോള്‍ അയാള്‍ ദുഃഖിക്കുന്നു. അയാള്‍ പറയും; 'ഞാന്‍ മുഹമ്മദ് നബി(സ)യുടെ സമുദായത്തിലെ അതിമോഹിയായിരുന്നു. അഥവാ മറ്റുള്ളവര്‍ക്ക് വിശാലമായി തോന്നിയത് എനിക്ക് അങ്ങനെ കാണാന്‍ കഴിയാതെയായി.' അങ്ങനെ അയാള്‍ വാങ്ങിയത് സൂക്ഷിപ്പുകാരന് തിരിച്ചുനല്‍കും. പക്ഷേ, അയാള്‍ അത് തിരികെ സ്വീകരിക്കുകയില്ല. 'ഞങ്ങള്‍ നല്‍കിയത് തിരിച്ചു വാങ്ങാറില്ല' എന്ന് അയാളോട് പറയും. അങ്ങനെ ഏഴോ എട്ടോ ഒമ്പതോ വര്‍ഷം കടന്നുപോവും- പിന്നെ അതിനുശേഷം ജീവിക്കുന്നതില്‍ ഒരു നന്മയുമില്ല.''11

നബി(സ)യില്‍നിന്ന് അലി(റ) ഉദ്ധരിക്കുന്നു:
المهدي منا أهل البيت يصلحه الله في ليلة
'മഹ്ദി അഹ്‌ലുബൈത്തില്‍ പെട്ടവനായിരിക്കും. അല്ലാഹു ഒരു രാത്രികൊണ്ട് അദ്ദേഹത്തെ അധികാരമേല്‍ക്കാനായി തയാറാക്കും.'12

ഹദീസുകളില്‍ പറഞ്ഞ മഹ്ദി താനാണെന്ന് മഹ്ദിക്ക് നേരത്തേ അറിയാന്‍ കഴിയില്ല. ജനങ്ങള്‍ അദ്ദേഹത്തെ സമീപിച്ച് അനുസരണപ്രതിജ്ഞ ചെയ്യുകയും അദ്ദേഹത്തിന്റെ ചുറ്റും സമ്മേളിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ താനാണ് മഹ്ദി എന്ന് അദ്ദേഹം അറിയുകയുള്ളൂ. ഇഷ്ടപ്പെടാതെയാവും ഖിലാഫത്ത് അദ്ദേഹം ഏല്‍ക്കേണ്ടിവരിക.
നബി(സ)യില്‍നിന്ന് ഉമ്മുസലമ ഉദ്ധരിക്കുന്നു:
المهدي من عترتي من ولد فاطمة
'മഹ്ദി എന്റെ കുടുംബത്തില്‍നിന്ന് അഥവാ ഫാത്വിമയുടെ മക്കളില്‍നിന്നാണ്, ഹസന്റെ സന്താനപരമ്പരയില്‍നിന്നാണ് ജാതനാവുക'.13

ജാബിര്‍(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
ينزل عيسى بن مريم، فيقول أميرهم المهدي: تعال صل بنا، فيقول: لا، إن بعضهم أمير بعض، تكرمة الله لهذه الأمة
അന്ത്യനാളിനോടനുബന്ധിച്ച് മര്‍യമിന്റെ മകന്‍ ഈസാ (ആകാശലോകത്തുനിന്ന്) ഇറങ്ങിവരും. അപ്പോള്‍ മുസ്‌ലിംകളുടെ നേതാവ് മഹ്ദി പറയും.
'താങ്കള്‍ വരൂ, ഞങ്ങള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കൂ!' അപ്പോള്‍ മഹ്ദി പറയും: 'ഇല്ല, നിങ്ങള്‍ക്ക് നിങ്ങളില്‍നിന്നുതന്നെയാണ് നേതാവ്. അത് ഈ സമുദായത്തിന് അല്ലാഹുവിന്റെ വകയായുള്ള ആദരവാണ്.'14

മഹ്ദി പ്രത്യക്ഷപ്പെട്ടതിനു ശേഷമായിരിക്കും ദജ്ജാല്‍ പുറപ്പെടുക എന്നും ദജ്ജാലിനെ വധിക്കാനായി ഈസാ നബി അവതരിക്കുമെന്നും സത്യവിശ്വാസികളുടെ നായകനാവുന്ന മഹ്ദിയുടെ പിന്നില്‍ അണിനിരന്ന് ഈസാ നബിയും സത്യവിശ്വാസികളും നമസ്‌കരിക്കുമെന്നും ഈ ഹദീസില്‍നിന്ന് മനസ്സിലാക്കാം.
നബി(സ)യില്‍നിന്ന് അബൂസഈദില്‍ ഖുദ്‌രി ഉദ്ധരിക്കുന്നു:
منا الذي يصلي عيسى بن مريم خلفه 

'മര്‍യമിന്റെ മകന്‍ ഈസാ പിന്നില്‍നിന്ന് നമസ്‌കരിക്കുന്നയാള്‍ നമ്മില്‍നിന്നുള്ളവനായിരിക്കും' (നബി(സ)യുടെ മകള്‍ ഫാത്വിമയുടെ മകന്‍ ഹസന്റെ തലമുറയില്‍നിന്നായിരിക്കും)15
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണുള്ളത്:

لا تذهب - لا تنقضي - الدنيا حتى يملك العرب رجل من أهل بيتي , يواطئ اسمه اسمي
'എന്റെ കുടുംബത്തില്‍നിന്ന് എന്റെ പേരിനോട് യോജിക്കുന്ന ഒരാള്‍ അറബികളുടെ ഭരണാധികാരിയാവുന്നതുവരെ ഈ ലോകം അവസാനിക്കുകയില്ല.'17
ഇമാം മഹ്ദി അറബികളുടെ മാത്രമല്ല മൊത്തം മുസ്‌ലിംകളുടെ നേതാവായിരിക്കും. അറബികളെ എടുത്തുപറയാന്‍ കാരണം അദ്ദേഹം പ്രത്യക്ഷപ്പെടുക മക്കയിലും മദീനയിലും ആയിരിക്കുമെന്നും ആദ്യം പിന്‍പറ്റുക അറബികളും തുടര്‍ന്ന് പിന്‍പറ്റുക മറ്റുള്ളവരും ആയിരിക്കും എന്നതിനാലാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍, അറബി ഭാഷ അറിയുന്നവര്‍ എന്ന നിലയിലും മുസ്‌ലിംകളെ അറബികള്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.18
സിര്‍റുബ്‌നു അബ്ദില്ല(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
لاَ تَقُوم السَّاعَة حَتى يَلي رَجُلٌ منْ أهْلِ بَيْتِي ، يُواطئ اسْمُه اسْمي
'എന്റെ കുടുംബത്തില്‍നിന്ന്, എന്റെ പേരിനോട് യോജിക്കുന്ന പേരുള്ള ഒരാള്‍ അധികാരമേല്‍ക്കുന്നതുവരെ ലോകം അവസാനിക്കുകയില്ല.'19
അലി(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
لو لم يبق من الدهر إلا يوم لبعث الله رجلا من أهل بيتي يملاها عدلا كما ملئت جورا
'കാലത്തില്‍നിന്ന് ഒരു ദിവസം മാത്രം ബാക്കിയായാലും അല്ലാഹു എന്റെ കുടുംബത്തില്‍നിന്ന് ഒരാളെ നിയോഗിക്കും. അക്രമം നിറഞ്ഞതുപോലെ (അതിനു പകരമായി) അദ്ദേഹം നീതി നിറക്കുന്നതായിരിക്കും.'

മുകളിലെ ഹദീസുകളെല്ലാം മഹ്ദി എന്ന പേരില്‍ നിയോഗിതനാകാനിരിക്കുന്ന പ്രതീക്ഷിത വ്യക്തിത്വത്തിന്റെ പേര് മുഹമ്മദുബ്‌നു അബ്ദില്ല എന്നായിരിക്കുമെന്നും അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍ എന്തൊക്കെയാണെന്നും വിശദീകരിക്കുന്നവയാണ്.

മഹ്ദിയെക്കുറിച്ച പരോക്ഷ പരാമര്‍ശമുള്ള ഹദീസുകള്‍
ജാബിര്‍(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
يوشك أن أهل العراق لا يجبى إليهم قفيز ولا درهم . قلنا: من أين ذاك قال من قبل العجم يمنعون ذاك
'ഇറാഖുകാര്‍ക്ക് ഖഫീസോ ദിര്‍ഹമോ വരാത്ത അവസ്ഥയുണ്ടാകും.' ഞങ്ങള്‍ ചോദിച്ചു: 'എവിടെനിന്ന്?' നബി(സ): 'അനറബികളുടെ ഭാഗത്തുനിന്ന്. അവര്‍ അവര്‍ക്കത് തടയുന്നതായിരിക്കും' (ഖഫീസ്: ടണ്‍, കിലോ പോലെ ഇറാഖിലെ തൂക്കം. ദിര്‍ഹം: വെള്ളി നാണയം). അറബി സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുന്ന അനറബികള്‍ക്കുപയോഗിക്കുന്ന വാക്കാണ് അജം എന്നത്. അത് പിന്നീട് പേര്‍ഷ്യക്കാര്‍ക്ക് ഉപയോഗിച്ചുപോന്നു.
പിന്നീട് നബി(സ) പറഞ്ഞു:
يوشك أهل الشام أن لا يجبى إليهم دينار ولا مدي ، قلنا: من أين ذاك؟ قال: من قبل الروم
'ശാമുകാര്‍ക്ക് ദീനാറോ മുദ്‌യോ വരാത്ത അവസ്ഥയുണ്ടാകും.' ഞങ്ങള്‍ ചോദിച്ചു: 'എവിടെനിന്ന്?' നബി(സ) പറഞ്ഞു: 'റോമാക്കാരുടെ ഭാഗത്തുനിന്ന്' (ദീനാര്‍ സ്വര്‍ണനാണയം. മുദ്‌യ്: ശാമുകാരുടെ ഒരു അളവ്). ഇത്രയും പറഞ്ഞ ശേഷം നബി(സ) കുറച്ചുനേരം മൗനിയായി, എന്നിട്ട് പറഞ്ഞു:

يكون في آخر أمتي خليفة يحثي المال حثيا لا يعده عدّا
'എന്റെ ഉമ്മത്തിന്റെ അവസാനകാലത്ത് ഒരു ഖലീഫയുണ്ടാകും. അദ്ദേഹം സമ്പത്ത് എണ്ണാതെ വാരിയാണ് കൊടുക്കുക.' നിവേദകരിലൊരാളായ ജരീരി പറയുന്നു:
قلت لأبي نضرة وأبي العلاء : أتريان أنه عمر بن عبد العزيز؟ فقالا: لا
ഞാന്‍ അബൂനദ്‌റയോടും അബുല്‍ അലാഇനോടും ചോദിച്ചു. 'ആ ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസാണോ? അവര്‍: 'അല്ല'21

മുകളില്‍ നാം ഉദ്ധരിച്ച എല്ലാ ഹദീസുകളിലും വന്ന പരാമര്‍ശമനുസരിച്ച് ഏറ്റവും ഒടുവിലുദ്ധരിച്ച ഹദീസും മഹ്ദിയെക്കുറിച്ചാണെന്നു മനസ്സിലാക്കാം. മഹ്ദിയുടെ കാലത്ത് ഇസ്‌ലാമിക ദിഗ്വിജയങ്ങള്‍ വര്‍ധിക്കുന്നതിനാലും അതുവഴി സമരാര്‍ജിത സമ്പത്തുക്കള്‍ പെരുകുന്നതിനാലും അവയത്രയും ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനാലും മഹ്ദിയുടെ ഭരണകാലത്ത് സമ്പദ്‌സമൃദ്ധിയുണ്ടാവും.
നബിപത്‌നി ആഇശ(റ)യില്‍നിന്ന് നിവേദനം:
عبث رسول الله صلى الله عليه وسلم في منامه. فقلنا: يا رسول الله! صنعت شيئا في منامك لم تكن تفعله. فقال العجب إن ناسا من أمتي يؤمون لرجل من قريش. قد لجأ بالبيت. حتى إذا كانوا بالبيداء خسف بهم فقلنا: يارسول الله! إن الطريق قد يجمع الناس. قال نعم. فيهم المستبصر والمجبور وابن السبيل. يهلكون مهلكا واحدا. ويصدرون مصادر شتى
ഒരിക്കല്‍ നബി(സ) ഉറക്കത്തില്‍ ഇളകി. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ ഉറക്കത്തില്‍ സാധാരണ ചെയ്യാത്ത ചിലത് ചെയ്തു.' അപ്പോള്‍ തിരുമേനി പ്രതിവചിച്ചു: 'അത്ഭുതം! എന്റെ സമുദായത്തിലെ ചിലര്‍ കഅ്ബയില്‍ അഭയം തേടിയ ഖുറൈശികളിലെ ഒരാളെ ഉദ്ദേശിച്ചു പോവും. അങ്ങനെ മരുഭൂമിയിലെത്തുമ്പോള്‍ അവര്‍ ഭൂമിയില്‍ ആണ്ടുപോവും.' അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ! വഴി ആളുകളെ ഒരുമിച്ചുകൂട്ടും.' അപ്പോള്‍ നബി(സ) പ്രതിവചിച്ചു: 'അതേ, അവരില്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് ഉള്‍ക്കാഴ്ചയോടെ പോകുന്നവരും നിര്‍ബന്ധിതമായി പോകുന്നവരും വഴിപോക്കരുമുണ്ട്. അവരെല്ലാവരും ഒന്നിച്ച് നശിക്കും. അങ്ങനെ അല്ലാഹു അവരെ അവരുടെ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച് ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതായിരിക്കും.'22  സൈന്യം മുഴുവനായും ഭൂമിയിലേക്ക് ആഴ്ത്തപ്പെടും. പക്ഷേ അന്ത്യനാളില്‍ അവര്‍ വ്യത്യസ്തമായ അവസ്ഥയിലാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക. ഉദ്ദേശ്യങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും അനുസൃതമായി ഒരോരുത്തരും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കപ്പെടും.
അബൂഹുറൈറ(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
يبايَعُ لِرَجلٍ بينَ الرُّكنِ والمقامِ، ولن يَستَحلَّ البيتَ إلَّا أَهْلُهُ ، فإذا استحلُّوهُ ، فلا تسأَلْ عن هلَكَةِ العرَبِ؟ ثمَّ تأتي الحبَشةُ فيُخرِّبونَهُ خرابًا لا يُعمَرُ بعدَهُ أبدًا، وَهُمُ الَّذينَ يستخرِجونَ كنزَهُ
'റുക്‌നിനും മഖാമു ഇബ്‌റാഹീമിനുമിടയില്‍ വെച്ച് ഒരാള്‍ക്ക് അനുസരണ പ്രതിജ്ഞ ചെയ്യപ്പെടുന്നതായിരിക്കും. കഅ്ബയുടെ പവിത്രതയെ അതിന്റെ ആളുകളല്ലാതെ അനാദരിക്കുകയില്ല. അങ്ങനെ അവര്‍ അതിനെ അനാദരിച്ചാല്‍ അറബികളുടെ നാശത്തെക്കുറിച്ച് നീ ചോദിക്കേണ്ടതില്ല. അഥവാ അവര്‍ നശിച്ചിരിക്കും. പിന്നെ അബ്‌സീനിയക്കാര്‍ വരും, അങ്ങനെ അവര്‍ അതിനെ തകര്‍ത്തുകളയും. അതിനുശേഷം കഅ്ബ പരിപാലിക്കപ്പെടുകയില്ല. അവര്‍ അതിലെ നിധി പുറത്തെടുക്കും.'23
അബൂഹുറൈറ(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു;
‏كيف أنتم إذا نزل ‏ ‏إبن مريم ‏ ‏فيكم وإمامكم منكم
'ഈസബ്‌നു മര്‍യം നിങ്ങളില്‍ അവതരിക്കുകയും നിങ്ങളില്‍നിന്നു തന്നെയുള്ള ഒരു ഇമാം നിങ്ങള്‍ക്കുണ്ടാവുകയും ചെയ്താല്‍ നിങ്ങള്‍ എങ്ങനെയുണ്ടാവും?24
മുകളില്‍ ജാബിറി(റ)ന്റെ ഹദീസില്‍ സൂചിപ്പിച്ച പോലെ, ഇവിടെ പറഞ്ഞ ഇമാം എന്നതിന്റെ വിവക്ഷ മുഹമ്മദുബ്‌നു അബ്ദില്ല എന്ന മഹ്ദിയാണ്.
നബി(സ)യില്‍നിന്ന് ജാബിറുബ്‌നു അബ്ദില്ല ഉദ്ധരിക്കുന്നു:
لا تزال طائفة من أمتي يقاتلون على الحق ظاهرين إلى يوم القيامة، قال: فينزل عيسى ابن مريم فيقول أميرهم: تعال صل لنا، فيقول: لا، إن بعضكم على بعض أمراء تكرمة الله هذه الأمة
''എന്റെ സമുദായത്തിലെ ഒരു വിഭാഗം സത്യത്തിനുവേണ്ടി പോരാടി ജേതാക്കളായിക്കൊണ്ടേയിരിക്കും, അന്ത്യനാള്‍വരെ. അങ്ങനെയിരിക്കെ മര്‍യമിന്റെ മകന്‍ ഈസാ അവതരിക്കും. അപ്പോള്‍ അവരുടെ നേതാവ് -മഹ്ദി- ഈസാ(അ)യോട് പറയും: 'താങ്കള്‍ വന്ന് ഞങ്ങള്‍ക്കു വേണ്ടി നമസ്‌കാരത്തിനു നേതൃത്വം നല്‍കിയാലും.' അപ്പോള്‍ ഈസാ(അ) പറയും: 'ഇല്ല, നിങ്ങള്‍ ചിലര്‍ക്ക് നേതാക്കളാണ്. അത് അല്ലാഹു ഈ സമുദായത്തിന് ചെയ്ത ആദരവാണ്''25 (ഈസാ നബി, മുഹമ്മദ് നബിയുടെ സമുദായത്തിലെ ഒരു ഇമാമിനെ പിന്തുടര്‍ന്ന് നമസ്‌കരിക്കുക എന്നത് മുസ്‌ലിം സമുദായത്തിന് അല്ലാഹു നല്‍കിയ സവിശേഷ ആദരവാണെന്നു സാരം).

ഈസാ നബി (അ) മഹ്ദിയുടെ പിന്നില്‍ മഅ്മൂമായി നമസ്‌കരിച്ചു എന്നതുകൊണ്ട് ഈസായേക്കാള്‍ ശ്രേഷ്ഠനാണ് മഹ്ദി എന്ന് മനസ്സിലാക്കേണ്ടതില്ല. നബി(സ) മരണാസന്ന രോഗിയായിരിക്കെ അബൂബക്‌റി(റ)ന്റെ മഅ്മൂമായി നമസ്‌കരിച്ചിട്ടുണ്ടല്ലോ. (തിര്‍മിദി). നബി(സ) അബ്ദുര്‍റഹ്‌മാനുബ്‌നു ഔഫിന്റെ പിന്നിലും മഅ്മൂമായി നമസ്‌കരിച്ചിട്ടുണ്ട്. (ശാഫിഈ, മുസ്‌ലിം).

ഈസാ നബി മുഹമ്മദ് നബി(സ) യുടെ സമുദായത്തിലെ ഒരാളുടെ പിന്നില്‍ വെച്ച് നമസ്‌കരിക്കുന്നത് മുഹമ്മദ് നബിയുടെ അനുയായിയും മുഹമ്മദ് നബിയുടെ ശരീഅത്തിന്റെ പ്രയോക്താവുമായിട്ടാണെന്ന് വ്യക്തമാക്കുന്നു- നമസ്‌കാരാനന്തരം മഹ്ദി ഈസായോടൊപ്പം ചേര്‍ന്ന് ശത്രുക്കള്‍ക്കെതിരെ പോരാടുന്നുമുണ്ട്.
ജാബിറുബ്‌നു സമുറ(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
إِنَّ هَذَا الْأَمْرَ لَا يَنْقَضِي حَتَّى يَمْضِيَ فِيهِمْ اثْنَا عَشَرَ خَلِيفَةً
'തീര്‍ച്ചയായും ഇക്കാര്യം - ഇസ്‌ലാമിന്റെ അധികാരം- പന്ത്രണ്ടു ഖലീഫമാര്‍ കടന്നുപോവുന്നതുവരെ അവസാനിക്കുകയില്ല.' അനന്തരം നബി(സ) എന്തോ പറഞ്ഞു. അത് എനിക്ക് അവ്യക്തമായിരുന്നു. അപ്പോള്‍ ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു: 'എന്താണ് നബി(സ) പറഞ്ഞത്?' പിതാവ്: '
كلهم من قريش
 - അവരെല്ലാവരും ഖുറൈശികളായിരിക്കും.'26
ഇബ്‌നു കസീര്‍ എഴുതുന്നു:
'നീതിമാന്മാരായ പന്ത്രണ്ട് ഖലീഫമാര്‍ ഉണ്ടാവും. അവര്‍ ശീഈകളായിരിക്കില്ല. ഇവിടെ നബി(സ) പറഞ്ഞത് ഖുറൈശികളില്‍നിന്നുള്ള ഖലീഫമാരെക്കുറിച്ചാണ്. അവര്‍ അധികാരമേല്‍ക്കും. നീതി നടപ്പില്‍ വരുത്തും.'27
നബിപത്‌നി ഹഫ്‌സ്വ (റ) ഉദ്ധരിക്കുന്നു:

لَيَؤُمَّنَّ هَذا البَيْتَ جَيْشٌ يَغْزُونَهُ حَتَّى إِذا كانُوا بِبَيْداءَ مِنَ الأَرْضِ يُخْسَفُ بِأَوْسَطِهِم، وَيُنادِي أَوَّلُهُمْ آخِرَهُمْ، ثُمَّ يُخْسَفُ بِهِم، فَلا يَبْقى إِلَّا الشَّرِيدُ الَّذِي يُخْبِرُ عَنْهُم
'ഈ ഭവനത്തെ -കഅ്ബയെ- ഒരു സൈന്യം യുദ്ധോദ്ദേശ്യത്തോടെ സമീപിക്കും. മരുഭൂമിയിലെത്തുമ്പോള്‍ അവരിലെ മധ്യത്തിലുള്ളവരെ ഭൂമി വിഴുങ്ങും. അവരിലെ ഒന്നാമത്തെയാള്‍ അവസാനത്തെയാളെ വിളിക്കും. പിന്നീട് അവരും ഭൂമിയില്‍ ആഴ്ത്തപ്പെടും. ഒരാള്‍ മാത്രം രക്ഷപ്പെടും. ഭൂമിയിലേക്ക് ആഴ്ത്തപ്പെട്ട സൈന്യത്തെപ്പറ്റി അയാളായിരിക്കും ജനങ്ങളെ അറിയിക്കുക'28
നബിപത്‌നി ഉമ്മുസലമ(റ)യില്‍നിന്ന്:

يكون اختلاف عند موت خليفة فيخرج رجل من أهل المدينة هاربا إلى مكة فيأتيه ناس من أهل مكة فيخرجونه وهو كاره فيبايعونه بين الركن والمقام ويبعث إليه بعث من أهل الشام فيخسف بهم بالبيداء بين مكة والمدينة فإذا رأى الناس ذلك أتاه أبدال الشام وعصائب أهل العراق فيبايعونه بين الركن والمقام ثم ينشأ رجل من قريش أخواله كلب فيبعث إليهم بعثا فيظهرون عليهم وذلك بعث كلب والخيبة لمن لم يشهد غنيمة كلب فيقسم المال ويعمل في الناس بسنة نبيهم. ويلقي الإسلام بجرانه في الأرض فيلبث سبع سنين. ثم يتوفى ويصلي عليه المسلمون. وفى رواية: تسع سنين

'ഒരു ഖലീഫ മരിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. അതിനിടെ മദീനയില്‍നിന്ന് ഒരാള്‍ മക്കയിലേക്ക് ഓടി രക്ഷപ്പെടും. അപ്പോള്‍ മക്കയിലെ ഏതാനും പേര്‍ അദ്ദേഹത്തെ അദ്ദേഹത്തിന് ഇഷ്ടമില്ലാതെ അവിടെനിന്ന് പുറത്തുകൊണ്ടുവന്ന് റുക്‌നിനും മഖാമിനും ഇടയില്‍വെച്ച് അനുസരണ പ്രതിജ്ഞ ചെയ്യും. ശാമില്‍നിന്ന് ഒരു സംഘം അദ്ദേഹത്തെ നേരിടാനായി അയക്കപ്പെടും. അവര്‍ മക്കയുടെയും മദീനയുടെയും ഇടയിലെ മരുഭൂമിയില്‍വെച്ച് ആഴ്ത്തപ്പെടും. ജനങ്ങള്‍ അതുകാണുമ്പോള്‍ ശാമിലെ ഭക്തന്മാരായ ജനങ്ങളും നല്ല മനുഷ്യരും റുക്‌നിനും മഖാമിനും ഇടയില്‍വെച്ച് അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ ചെയ്യുന്നതായിരിക്കും. പിന്നീട് ഖുറൈശികളില്‍നിന്ന് ഒരാള്‍ വളര്‍ന്നുവരും. അദ്ദേഹത്തിന്റെ അമ്മാവന്മാര്‍ കല്‍ബ് ഗോത്രജരായിരിക്കും. അദ്ദേഹം അവരിലേക്ക് ഒരു സംഘത്തെ നിയോഗിക്കും. അങ്ങനെ അവര്‍ അവരെ ജയിക്കും. കല്‍ബ് ഗോത്രത്തിന്റെ സമരാര്‍ജിത സമ്പത്തുക്കള്‍ക്ക് സാക്ഷിയാകാത്തവന് പരാജയം- അങ്ങനെ അദ്ദേഹം സമ്പത്ത് വിഭജിക്കും- നബി(സ)യുടെ സുന്നത്തനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും. അതോടെ ഇസ്‌ലാം ഭൂമിയില്‍ സ്ഥിരപ്രതിഷ്ഠ നേടും. അനന്തരം അദ്ദേഹം ഏഴുവര്‍ഷക്കാലം ഭൂമിയിലുണ്ടാവും. പിന്നീട് അദ്ദേഹം ചരമഗതിയടയും. മുസ്‌ലിംകള്‍ അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കും. മറ്റൊരു റിപ്പോര്‍ട്ടനുസരിച്ച് ഒമ്പതുവര്‍ഷം.'29
മുകളിലുദ്ധരിച്ചതും സമാനവുമായ ഹദീസുകളിലൂടെ മഹ്ദിയുടെ ആഗമനം ഇസ്‌ലാമില്‍ ഒരു സ്ഥാപിത യാഥാര്‍ഥ്യമാണ്. മുപ്പത് സ്വഹാബികള്‍ അത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പ്രമുഖ ഹദീസ് പണ്ഡിതന്മാരും രചയിതാക്കളും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ അവ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസമനുസരിച്ച് ഇമാം മഹ്ദിയുടെ ആഗമനമുണ്ടാവുമെന്നത് ഏകോപിതാഭിപ്രായമാണ്. ഇമാം സഫ്ഫാറീനി,30 ശൗകാനി,31 മുഹമ്മദ് സ്വിദ്ദീഖ് ഖാന്‍32 എന്നിവര്‍ മഹ്ദി വിഷയകമായ ഹദീസുകള്‍ മുതവാതിറാണെന്ന അഭിപ്രായക്കാരാണ്.

മഹ്ദിവാദം നൂറ്റാണ്ടുകളിലൂടെ
ഗതകാല ഇസ്‌ലാമിക ചരിത്രത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും അക്രമങ്ങളുമെല്ലാം ഉണ്ടായ പല ഘട്ടങ്ങളിലും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് അനീതിയും അക്രമവും ഉണ്ടായപ്പോഴും ചിലയാളുകള്‍ തങ്ങളാണ് മഹ്ദി എന്നു വാദിച്ചുകൊണ്ട് രംഗത്തുവരികയുണ്ടായി. ജനങ്ങള്‍ അങ്ങനെ ധരിച്ചുവശായ സന്ദര്‍ഭങ്ങളുമുണ്ടായി.
ഇങ്ങനെ അവകാശവാദമുന്നയിച്ച ചിലരെ പരിചയപ്പെടാം:
1. റാഫിദികളുടെ വാദമനുസരിച്ച് തങ്ങളുടെ അവസാനത്തെ നേതാവ് മുഹമ്മദുബ്‌നുല്‍ ഹസന്‍ അല്‍ അസ്‌കരി അവര്‍ പ്രതീക്ഷിക്കുന്ന മഹ്ദിയാണ്. ശീഈ വിശ്വാസമനുസരിച്ച് അലി(റ)യുടെ മകന്‍ ഹുസൈന്റെ പരമ്പരയില്‍നിന്നാണ് അദ്ദേഹം ജാതനാവുക, അഹ്‌ലുസ്സുന്നയുടെ വിശ്വാസമനുസരിച്ച അലി(റ)യുടെ മകന്‍ ഹസന്റെ സന്താനപരമ്പരയില്‍നിന്നല്ല.

മഹ്ദിയെക്കുറിച്ച ശീഈ വിശ്വാസങ്ങള്‍
A. മഹ്ദി (മുഹമ്മദു ബ്‌നുല്‍ അസ്‌കരി) ഹി. 260 മുതല്‍ സാമര്‍റാഇലെ ഒരു തുരങ്കത്തിനുള്ളില്‍ കഴിയുകയാണ്.
B. അഞ്ചാം വയസ്സില്‍ തുരങ്കത്തില്‍ കടന്ന അദ്ദേഹം ഇന്നും അവിടെ ജീവിച്ചിരിക്കുന്നു; മരിച്ചിട്ടില്ല. ലോകാവസാനത്തോടനുബന്ധിച്ച് അദ്ദേഹം പുറത്തുവരും.
C. അദ്ദേഹം ജനവാസകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ അവസ്ഥകള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. പക്ഷേ അദ്ദേഹം ജനങ്ങള്‍ക്ക് ദൃശ്യനല്ല.
മുകളില്‍ പറഞ്ഞ മൂന്നു കാര്യങ്ങളും പ്രമാണപരമായോ ബുദ്ധിപരമായോ ശരിയല്ല. മനുഷ്യരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ചുവരുന്ന നടപടിക്രമത്തിന് വിരുദ്ധമാണ്. അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായ നബിമാരും ദൂതന്മാരും മരിച്ചുപോവുക, റാഫിദികളുടെ മഹ്ദി മാത്രം ആയിരം വര്‍ഷം കഴിഞ്ഞും ജീവിച്ചിരിക്കുക എന്നത് എങ്ങനെയാണ് വിശ്വസിക്കുക?
ജീവിച്ചിരിക്കുന്നു എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാലും തിന്മകള്‍ നിറഞ്ഞ ലോകത്തു വന്ന് അവക്കെതിരെ അദ്ദേഹം പ്രവര്‍ത്തിക്കാത്തതെന്ത്? ഹദീസുകളില്‍ വന്ന മഹ്ദി - അഹ്‌ലുസ്സുന്ന വിശ്വസിക്കുന്ന മുഹമ്മദുബ്‌നു അബ്ദില്ല- പൗരസ്ത്യ നാടുകളില്‍നിന്നാണ് പ്രത്യക്ഷനാവുക. റാഫിദികളെന്ന വിഡ്ഢികള്‍ വാദിക്കുന്നതുപോലെ, ഇപ്പോള്‍ അദ്ദേഹം ഉണ്ടെന്ന് അവര്‍ വാദിക്കുന്ന സാമര്‍റാഇലെ തുരങ്കത്തില്‍നിന്നല്ല. ലോകാവസാനത്തോടനുബന്ധിച്ച് അദ്ദേഹം പ്രത്യക്ഷപ്പെടുമെന്നാണ് അവരുടെ വിശ്വാസം. ഇത് ഒരുതരം പിച്ചുംപേയും പറച്ചിലും പിശാചുക്കളില്‍നിന്നുള്ള ദുര്‍ബോധനങ്ങളുമാണ്. എന്തുകൊണ്ടെന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും ഒരു തെളിവുമില്ല. ഖുര്‍ആനോ സുന്നത്തോ ബുദ്ധിയോ മറ്റെന്തെങ്കിലുമോ അതിനെ സാധൂകരിക്കുന്നില്ല.33
2. അലി(റ)യാണ് പ്രതീക്ഷിത മഹ്ദിയെന്നും അദ്ദേഹം ദുന്‍യാവിലേക്ക് തിരിച്ചുവരുമെന്നും അബ്ദുല്ലാഹിബ്‌നു സബഅ് വാദിച്ചിരുന്നു.
3. ഹി. 81-ല്‍ നിര്യാതനായ മുഹമ്മദുബ്‌നുല്‍ ഹനഫിയ്യയാണ് പ്രതീക്ഷിത മഹ്ദി എന്ന് മുഖ്താറുബ്‌നു ഉബൈദിസ്സഖഫി വാദിച്ചിരുന്നു. അലി(റ)യുടെ മകന്‍ മുഹമ്മദാണ് മുഹമ്മദുബ്‌നുല്‍ ഹനഫിയ്യ. മുഹമ്മദിന്റെ മാതാവ് ഹനീഫ ഗോത്രത്തിലെ ജഅ്ഫറിന്റെ മകള്‍ ഖൗലയിലേക്ക് ചേര്‍ത്താണ് ഇബ്‌നുല്‍ ഹനഫിയ്യ എന്ന് മുഹമ്മദുബ്‌നുല്‍ ഹനഫിയ്യയെ വിളിക്കുന്നത്.
4. അലി(റ)യുടെ വിമോചിത അടിമ കൈസാനിന്റെ അനുയായികളായ ശീഇകളായ കൈസാനി വിഭാഗം. ഇവരുടെ വിശ്വാസമനുസരിച്ച് മുഹമ്മദുബ്‌നുല്‍ ഹനഫിയ്യ എന്ന അവരുടെ ഇമാം സര്‍വജ്ഞനാണ്. ജഅ്ഫറുബ്‌നു അബീത്വാലിബിന്റെ മകന്‍ അബ്ദുല്ലയുടെ മകന്‍ മുആവിയയുടെ മകന്‍ അബ്ദുല്ലയാണ് മഹ്ദി എന്ന് ഇവര്‍ വിശ്വസിക്കുന്നു.
5. ഹി. 145-ല്‍ നിര്യാതനായ 'ദുന്നഫ്‌സിസ്സകിയ്യഃ' എന്ന വിളിപ്പേരുള്ള മുഹമ്മദുബ്‌നു അബ്ദില്ലാഹിബ്‌നില്‍ ഹസനു ബ്‌നു അലിയ്യിബ്‌നി അബീത്വാലിബ് മഹ്ദിയായിരുന്നു എന്ന് ചിലര്‍ വിശ്വസിക്കുകയുണ്ടായി. ധാരാളമായി നമസ്‌കരിക്കുകയും നോമ്പുനോല്‍ക്കുകയും ചെയ്തിരുന്നതിനാല്‍ അദ്ദേഹമാണ് മഹ്ദി എന്ന് ചിലര്‍ ധരിച്ചുവശാവുകയായിരുന്നു. അദ്ദേഹത്തിന് ഒരു പ്രസ്ഥാനവും അനുയായികളും ഉണ്ടായിരുന്നു. സാമൂഹിക സ്ഥിതിഗതികള്‍ മാറ്റിയെടുക്കാന്‍ അദ്ദേഹം ശ്രമങ്ങള്‍ നടത്തുകയുണ്ടായി. അദ്ദേഹത്തെ നേരിടാനായി അന്നത്തെ ഭരണാധികാരികളായ അബ്ബാസികള്‍ പതിനായിരം പേരടങ്ങുന്ന സേനയെ അയച്ചു. അബ്ബാസി ഖലീഫ മന്‍സ്വൂറിന്റെ ഭരണകാലത്ത് അക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലായിരുന്നു പോരാട്ടം.
6. ഹി. 325-ല്‍ മരിച്ച ഉബൈദുല്ലാഹിബ്‌നു മൈമൂന്‍ അല്‍ഖദ്ദാഹ് താനാണ് മഹ്ദി എന്നു വാദിച്ചിരുന്നു. ഇയാളുടെ പ്രപിതാമഹന്‍ യഹൂദിയായിരുന്നു. മുസ്‌ലിംകളെ അരുംകൊല നടത്തുകയും ഹി. 317-ല്‍ ഹജറുല്‍ അസ്‌വദ് മോഷ്ടിച്ചുകൊണ്ടുപോവുകയും ചെയ്ത ഖറാമിത്വ വിഭാഗത്തിന്റെ മുഖ്യ തലവനാണിയാള്‍. യഹൂദികളേക്കാളും ക്രൈസ്തവരേക്കാളും മുസ്‌ലിംകളോട് കൊടിയ പകയുള്ളവരായിരുന്നു ഖറാമിത്വകള്‍.
ഇദ്ദേഹത്തിന്റെ മക്കള്‍ക്ക് ഈജിപ്ത്, ഹിജാസ്, ശാം എന്നിവിടങ്ങളില്‍ അധികാരം ലഭിച്ചു. തങ്ങള്‍ ഫാത്വിമയുടെ സന്താനപരമ്പരകളില്‍ പെട്ടവരാണെന്ന് വ്യാജമായി അവകാശപ്പെട്ട ഇവര്‍ ഫാത്വിമികള്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇവരുടെ ഭരണകാലത്ത് ശാഫിഈ വിധിന്യായ രീതി എടുത്തു കളഞ്ഞു. ഖബ്‌റുകള്‍ കെട്ടിപ്പൊക്കുന്ന രീതികള്‍ സ്വീകരിച്ചു. യഥാര്‍ഥത്തില്‍ മതനിഷേധികളായിരുന്ന ഇവര്‍ പുറമേക്ക് ഇസ്‌ലാം ഭാവിച്ച അഗ്നിയാരാധക വിഭാഗത്തിന്റെയും നക്ഷത്രാരാധകരായ സ്വാബിഉകളുടെയും സങ്കര വിശ്വാസക്കാരായിരുന്നു എന്നതാണ് വാസ്തവം.
ഇബ്‌നു കസീര്‍ എഴുതുന്നു: 'ഫാത്വിമികളുടെ ഭരണം 280 വര്‍ഷം നീണ്ടുനിന്നു. ഉബൈദുല്ലാഹില്‍ ഖദ്ദാഹ് താനാണ് മഹ്ദി എന്നു വാദിക്കുകയും മഹ്ദിയ്യ നഗരം സ്ഥാപിക്കുകയും ചെയ്തു.
7. മഹ്ദി വാദമുന്നയിച്ച മറ്റൊരാള്‍ ഇബ്‌നു തൂമര്‍ത്ത് എന്ന് പ്രസിദ്ധനായ മുഹമ്മദുബ്‌നു അബ്ദില്ലാഹില്‍ ബര്‍ബരിയാണ്. ഹി. 514-ലാണ് ഇയാള്‍ മഹ്ദിയായി രംഗപ്രവേശം ചെയ്തത്. അലി(റ)യുടെ സന്താനപരമ്പരയാണ് തന്റേതെന്നായിരുന്നു അയാളുടെ അവകാശവാദം. കൊടിയ അതിക്രമങ്ങളിലൂടെ അധികാരത്തിലെത്തിയ ഇബ്‌നു തൂമര്‍ത്ത് കള്ളമായും കുതന്ത്രങ്ങളിലൂടെയും കറാമത്തുകള്‍ അവകാശപ്പെട്ടിരുന്നു. ഒരു സംഭവം ഇങ്ങനെ: അയാള്‍ ഒരിക്കല്‍ ഏതാനും പേരെ ഖബ്‌റുകളില്‍ ഒളിപ്പിച്ചിരുത്തിയ ശേഷം നിങ്ങള്‍ക്ക് ഒരു അത്ഭുതം കാണിച്ചുതരാം എന്നു പറഞ്ഞ് കുറച്ചു പേരെ കൊണ്ടുവന്ന് ഖബ്‌റിനകത്ത് വെച്ച് 'മരിച്ചവരേ! ജീവിക്കൂ' എന്നു പറഞ്ഞു. ഖബ്‌റുകള്‍ക്കകത്തുണ്ടായിരുന്നവര്‍ 'നിങ്ങളാണ് മഹ്ദി' എന്നു പറഞ്ഞുകൊണ്ട് പുറത്തേക്ക് വന്നു. തന്ത്രം പൊളിയുമെന്ന് ഭയന്ന അയാള്‍ ഖബ്‌റുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കല്‍പിച്ചു. ഖബ്‌റുകള്‍ക്കുള്ളില്‍ ജീവനോടെ ഒളിച്ചിരുന്നവര്‍ ശ്വാസം മുട്ടി മരിച്ചു.
8. സുഡാനിയായ മുഹമ്മദ് അഹ്‌മദു ബ്‌നു അബ്ദില്ല (മരണം ഹി. 1302- ക്രി. 1885) യാണ് മറ്റൊരു മഹ്ദിവാദി. ഇയാള്‍ സ്വൂഫിയായിരുന്നു. ഭൗതിക വിരക്തിയാല്‍ പ്രശസ്തനായി. 38-ാം വയസ്സിലാണ് മഹ്ദിയായി രംഗത്തുവന്നത്. ഗോത്രനേതാക്കള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തിന്റെ ശിഷ്യരായി. താന്‍ മഹ്ദിയാണെന്ന കാര്യം നിഷേധിക്കുന്നവര്‍ അല്ലാഹുവിനെയും നബി(സ)യെയും നിഷേധിക്കുകയാണെന്ന് അദ്ദേഹം വാദിച്ചു. ഇംഗ്ലീഷ് ക്രൈസ്തവര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹം പങ്കെടുത്തുവെങ്കിലും ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട മഹ്ദിയായിരുന്നില്ല എന്നത് വസ്തുതയാണ്.
9. സുഊദി അറേബ്യയിലെ രിയാദില്‍ പ്രത്യക്ഷപ്പെട്ട മുഹമ്മദു ബ്‌നു അബ്ദില്ലാഹില്‍ ഖഹ്ത്വാനിയാണ് മറ്റൊരു കള്ള മഹ്ദി. പ്രതീക്ഷിത മഹ്ദി താനാണെന്ന് സ്വപ്‌നം കണ്ടതായി അവകാശപ്പെട്ട അയാള്‍ക്ക് ഒരു സംഘമാളുകള്‍ അനുസരണ പ്രതിജ്ഞ ചെയ്തു. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ (ഹി. 1400/ക്രി. 1980) അവര്‍ താവളമടിച്ചു. ഈ സംഭവം 'ഫിത്‌നത്തുല്‍ ഹറം' എന്നറിയപ്പെടുന്നു. കള്ള മഹ്ദി, രംഗപ്രവേശത്തോടെ വധിക്കപ്പെട്ടു.

മഹ്ദിവാദികളോടുള്ള ശരിയായ സമീപനം എന്തായിരിക്കണം?
കള്ള മഹ്ദിവാദികളെ ഖണ്ഡിച്ചെന്നു കരുതി മഹ്ദിവിഷയകമായ ഹദീസുകളെ നിഷേധിക്കുകയല്ല. മഹ്ദി വിഷയകമായ ഹദീസുകളെ സത്യപ്പെടുത്തുക എന്നതും ഒരാള്‍ മഹ്ദിയാണോ എന്നു വിധിക്കുന്നതും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. മഹ്ദിയെ കൃത്യമായും നിര്‍ണയിച്ചു മനസ്സിലാക്കാനുള്ള അടയാളങ്ങള്‍ നബി(സ) വ്യക്തമാക്കിത്തന്നതാണ്:
1. നബി(സ) സന്തോഷവാര്‍ത്ത അറിയിച്ച പ്രതീക്ഷിത മഹ്ദി തന്നെ അനുസരണ പ്രതിജ്ഞ ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയില്ല. നിര്‍ബന്ധിതനായാണ് അനുസരണ പ്രതിജ്ഞ സ്വീകരിക്കുക.
2. മഹ്ദിയുടെ പേര് നബി(സ)യുടെ പേരിനു സമാനം മുഹമ്മദുബ്‌നു അബ്ദില്ല എന്നായിരിക്കും.
3. വംശാവലി ഹസനുബ്‌നു അലിയില്‍ ചെന്നുചേരും.
4. വിശാലമായ നെറ്റിത്തടമുള്ള, മൂക്ക് ചപ്പിയ മുതലായ ശാരീരിക ലക്ഷണങ്ങള്‍ ഒത്തിരിക്കണം.
5. മഹ്ദിയുടെ ആഗമനത്തിന്റെ സാഹചര്യങ്ങള്‍:
$ ഒരു ഖലീഫയുടെ മരണത്തോടനുബന്ധിച്ചുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍36
$ ഭൂമിയാകെ അക്രമവും അനീതിയും താണ്ഡവമാടുക.
$ ഖലീഫയുടെ മൂന്നുമക്കള്‍ തമ്മില്‍ സംഘട്ടനം.
$ മഹ്ദി അതീവ ഭക്തനും സച്ചരിതനുമാവുക. ശര്‍ഈ വിജ്ഞാനീയങ്ങളില്‍ അവഗാഹമുള്ളയാള്‍.
$ മക്കയിലായിരിക്കും പ്രത്യക്ഷപ്പെടുക. റുക്‌നിനും മഖാമിനും ഇടയില്‍ വെച്ചായിരിക്കും അനുസരണ പ്രതിജ്ഞ ചെയ്യപ്പെടുക.

ചിലര്‍ തങ്ങള്‍ മഹ്ദിയാണെന്ന് വാദിച്ചതിന്റെ പശ്ചാത്തലം
മുന്‍കാല ചരിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ചിലര്‍ മഹ്ദിയാണെന്നു വാദിക്കാനുണ്ടായ കാരണങ്ങള്‍ രണ്ടാണ്:
(എ) ചിലര്‍ തങ്ങളാണ് മഹ്ദിയെന്ന് വ്യാജാവകാശവാദം ഉന്നയിക്കുകയായിരുന്നു. മഹ്ദിയുടേതായി നബി(സ) പറഞ്ഞ വിശേഷണങ്ങള്‍ ഉബൈദുല്ലാഹില്‍ ഖദ്ദാഹ്, ഇബ്‌നു തൂമര്‍ത്ത് പോലുള്ളവര്‍ക്ക് ഒട്ടും യോജിക്കുന്നതായിരുന്നില്ല.
(ബി) അന്നഫ്‌സുസ്സകിയ്യഃ എന്ന് വിശ്രുതനായ മുഹമ്മദുബ്‌നു അബ്ദില്ലയെ പോലുള്ളവര്‍ മഹ്ദിയാണെന്ന് ചിലരെങ്കിലും ധരിച്ചുവശാവുന്ന അവസ്ഥയുണ്ടായി. മഹ്ദിയല്ലെന്ന് പിന്നീട് മനസ്സിലായി. സ്വപ്‌നദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മഹ്ദിയാണെന്ന് വാദിച്ച മുഹമ്മദുബ്‌നു അബ്ദില്ലാഹില്‍ ഖഹ്ത്വാനി മറ്റൊരു ഉദാഹരണം.

സ്വപ്‌നങ്ങള്‍
സ്വപ്‌നങ്ങളെ ഉപജീവിച്ച് ഒരു വിഷയത്തിലും വിധികള്‍ ആവിഷ്‌കരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല.
ഖലീഫ മഹ്ദിയും അദ്ദേഹത്തിന്റെ കാലത്ത് ന്യായാധിപനായിരുന്ന ശുറൈകുബ്‌നു അബ്ദില്ലയും തമ്മില്‍ നടന്ന സംഭാഷണം ഈ വിഷയകമായ വെളിച്ചം നല്‍കും. ഒരിക്കല്‍ ഖാദി ശുറൈക്, ഖലീഫയെ ചെന്നു കണ്ടു. അപ്പോള്‍ മഹ്ദി ശുറൈകിനെ ചൊല്ലി ദേഷ്യപ്പെട്ടിരിക്കുകയായിരുന്നു.

ശുറൈക്: 'അമീറുല്‍ മുഅ്മിനീന്‍? എന്തുപറ്റി?' മഹ്ദി: 'നിങ്ങള്‍ എന്റെ വിരിപ്പില്‍ ചവിട്ടുന്നതായി ഇന്നലെ രാത്രി ഞാന്‍ സ്വപ്‌നം കണ്ടു. ഇതേപറ്റി ഞാന്‍ ഒരു സ്വപ്‌ന വ്യാഖ്യാതാവിനോട് ചോദിച്ചു: അയാള്‍ വ്യാഖ്യാനിച്ചത്, നിങ്ങള്‍ക്ക് എന്നോട് ദേഷ്യമാണ്, നിങ്ങള്‍ എനിക്കെതിരെ കുതന്ത്രം പയറ്റുന്നു എന്നാണ്.' ശുറൈകിന്റെ മറുപടി: 'സത്യവിശ്വാസികളുടെ നേതാവേ! അല്ലാഹുവാണ, നിങ്ങളുടെ സ്വപ്‌നം ഇബ്‌റാഹീം നബി(അ)യുടെ സ്വപ്‌നമല്ല, നിങ്ങളുടെ സ്വപ്‌നം വ്യാഖ്യാനിച്ചത് യൂസുഫ് നബി(അ)യുമല്ല.'
ഖലീഫ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട സ്വപ്‌നവിഷയത്തിലാണ് ശുറൈക് ഇവിടെ പ്രതികരിച്ചത്. ഒരു സമുദായവുമായി ബന്ധപ്പെട്ട വിഷയത്തിലെ പ്രവചനമാവുമ്പോള്‍ പിന്നെ പറയാനുണ്ടോ?

സ്വപ്‌നത്തില്‍ കണ്ടതു പ്രകാരം മകനെ അറുത്ത പിതാവ്
ആഫ്രിക്കയിലൊരാള്‍ തന്റെ മകനെ അറുക്കുന്നതായി സ്വപ്‌നം കണ്ടു. നേരം പുലര്‍ന്നപ്പോള്‍ അയാള്‍ മകനെ നിലത്തുകിടത്തി അറുത്തു. അറുക്കാനൊരുങ്ങുമ്പോള്‍ പകരം അറുക്കാന്‍ ആടിനെ ലഭിക്കുമെന്നായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്, താന്‍ ഇബ്‌റാഹീം നബിയുടെ മാതൃക പിന്‍പറ്റിയതാണെന്നായിരുന്നു. (സ്വാഫ്ഫാത്ത്: 101-107). അല്ലാഹുവില്‍നിന്ന് വഹ്‌യ് ലഭിക്കുന്ന നബിയും സാധാരണ മനുഷ്യരും തമ്മില്‍ എങ്ങനെയാണ് തുല്യരാവുക?
നല്ല സ്വപ്‌നങ്ങളാണെങ്കില്‍ അവയുടെ പേരില്‍ സന്തോഷിക്കുക, അല്ലാഹുവെ സ്തുതിക്കുക. ചീത്തയാണെങ്കില്‍ അവയുടെ നാശത്തില്‍നിന്ന് അല്ലാഹുവോട് അഭയം തേടുക. ഇത്രയുമാണ് നമുക്ക് ചെയ്യാനുള്ളത്.

ഒരു തത്വം
ഹദീസുകളില്‍ വിവരിക്കപ്പെട്ട ലക്ഷണങ്ങള്‍ ഒത്തുവരാത്തയാള്‍ താന്‍ മഹ്ദിയാണെന്നു വാദിക്കുകയോ, അയാളുടെ കാലത്ത് മസീഹുദ്ദജ്ജാല്‍ പുറപ്പെടാതിരിക്കുകയോ ചെയ്താല്‍ അയാള്‍ കള്ള മഹ്ദിവാദിയാണെന്ന് തീര്‍ച്ച. അതുപോലെ, ദജ്ജാല്‍ പുറപ്പെടുന്നതിനു മുമ്പ് താന്‍ ഈസായാണെന്നാണ് ആരെങ്കിലും വാദിച്ചാല്‍ അയാള്‍ വ്യാജ ഈസായാണെന്നാണ് പരിഗണിക്കപ്പെടുക.

തീവ്രനിലപാട് പാടില്ല
അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനും നീതി സ്ഥാപിക്കാനുമായി രംഗപ്രവേശം ചെയ്യുന്ന മഹ്ദി ആ ലക്ഷ്യത്തോടെ ഇതിനകം വന്ന ഇമാമുകളുടെ തുടര്‍ച്ചയായിരിക്കും. അദ്ദേഹം പാപസുരക്ഷിതനായിരിക്കില്ല.37

മഹ്ദി മിഥ്യയാണെന്നു പറഞ്ഞവരുടെ വാദങ്ങളും മറുപടിയും
ഇബ്‌നു ഖല്‍ദൂന്‍:

മഹ്ദിയുടെ ആഗമനവുമായി ബന്ധപ്പെട്ട ഹദീസുകളെ നിരൂപണവിധേയമാക്കിയ ഇബ്‌നു ഖല്‍ദൂന്‍, അവയിലെ കുറച്ചു ഹദീസുകള്‍ മാത്രമാണ് കുറ്റമറ്റതായുള്ളത് എന്നഭിപ്രായപ്പെടുന്നു.38

മുഹമ്മദ് റശീദ് രിദാ
മഹ്ദി വിഷയകമായ ഹദീസുകളിലെ വൈരുധ്യം ശക്തവും പ്രകടവുമാണ്. അവയെ സംയോജിപ്പിച്ച് മനസ്സിലാക്കാന്‍ പ്രയാസമാണ്. മഹ്ദിയെ നിഷേധിക്കുന്നവരാണ് കൂടുതലും. സംശയജനകമാണ് പലതും. ബുഖാരിയും മുസ്‌ലിമും തങ്ങളുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ തദ്വിഷയകമായ ഹദീസുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ധാരാളം പണ്ഡിതന്മാര്‍ മഹ്ദിയുടെ ആഗമനം സംബന്ധിച്ച ഹദീസുകള്‍ ദുര്‍ബലമാണെന്ന അഭിപ്രായക്കാരാണ്.39

അഹ്‌മദ് അമീന്‍
'മഹ്ദിയെക്കുറിച്ച ഹദീസുകള്‍ അന്ധവിശ്വാസമാണ്. ഈ ഹദീസുകള്‍ മുസ്‌ലിംകളുടെ ജീവിതത്തില്‍ അപകടകരങ്ങളായ ദൂഷ്യഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ട്.'40

അബ്ദുല്ലാഹിബ്‌നു സൈദ് ആലു 
മഹ്‌മൂദ്

'മഹ്ദിവാദം തുടക്കം മുതല്‍ ഒടുക്കം വരെ വ്യക്തമായ വ്യാജമാണ്, തെറ്റായ വിശ്വാസമാണ്. തലമുറകളായി കൈമാറിപ്പോരുന്ന അന്ധവിശ്വാസമാണ്. ഈ ആവശ്യാര്‍ഥം കള്ള ഹദീസുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആളുകളെ ഭയപ്പെടുത്തുകയാണ് അവയുടെ ലക്ഷ്യം.'41

മുഹമ്മദ് ഫരീദ് വജ്ദി
'മഹ്ദി വിഷയകമായ ഹദീസുകള്‍ ഉള്‍ക്കാഴ്ചയുള്ള പണ്ഡിതന്മാര്‍ നിരാകരിക്കുന്നവയാണ്. അല്ലാഹുവിന്റെ ചിരപരിചിതമായ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി അത്തരം ഹദീസുകളില്‍ ചിലതു കാണാം. അധികാരതല്‍പരരായ ആളുകള്‍ മെനഞ്ഞുണ്ടാക്കിയ വ്യാജ ഹദീസുകളാണവ.'42

വാദങ്ങള്‍ നിലനില്‍ക്കത്തക്കതല്ല
1. മഹ്ദിയും മഹ്ദിയുടെ ആഗമനവും യാഥാര്‍ഥ്യമാണെങ്കില്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടാതിരുന്നതെന്തുകൊണ്ട്?
മറുപടി: ലോകാവസാനത്തിന്റെ എല്ലാ അടയാളങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ല. ദജ്ജാലിന്റെ ആഗമനമോ അവസാന കാലത്ത് വരാനിരിക്കുന്ന ഗ്രഹണങ്ങളോ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ല. അവയത്രയും ഹദീസുകളിലാണുള്ളത്. അവയിലൂടെയാണ് അവ സ്ഥാപിതമാവുന്നത്. 'അദ്ദേഹം- നബി(സ)- സ്വേഛയനുസരിച്ച് സംസാരിക്കുകയില്ല.' (നജ്മ്: 3) എന്നാണല്ലോ ഖുര്‍ആന്‍ വചനം. 'അറിയുക, എനിക്ക് ഖുര്‍ആനും അതിന്റെ കൂടെ ഖുര്‍ആനിന് തുല്യവും നല്‍കപ്പെട്ടിരിക്കുന്നു.'43 എന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവ ഇസ്‌ലാമിലെ സ്ഥാപിത സത്യത്തില്‍ പെട്ടതാണ്.
2. ബുഖാരിയിലും മുസ്‌ലിമിലും ഇല്ലെങ്കില്‍ ഹദീസാവില്ലേ?
ബുഖാരിയും മുസ്‌ലിമും എല്ലാ ഹദീസുകളും ഉള്‍ക്കൊള്ളുന്നില്ല. ബുഖാരിയും മുസ്‌ലിമും അല്ലാത്ത ഹദീസ് പണ്ഡിതന്മാരും പ്രാമാണികരും ആധികാരിക പണ്ഡിതന്മാരുമാണ്. ഹദീസുകളിലെ സ്വഹീഹും ദഈഫും വേര്‍തിരിച്ചറിയാന്‍ വഴികളുണ്ട്. ബുഖാരിയിലോ മുസ്‌ലിമിലോ മറ്റു വല്ലതിലുമോ എന്ന വ്യത്യാസമില്ലാതെ സ്വഹീഹായ ഹദീസുകള്‍ സ്വീകരിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം. തന്നെയുമല്ല, മഹ്ദിയുടെ പേരുപറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍ ബുഖാരിയും മുസ്‌ലിമിലും വന്നത് നാം നേരത്തേ വായിച്ചുവല്ലോ.
3. മഹ്ദിയുടെ ആഗമനവുമായി ബന്ധപ്പെട്ട ഹദീസുകള്‍ അംഗീകരിക്കുക എന്നതിനര്‍ഥം വ്യാജവാദികളെ അംഗീകരിക്കുക എന്നല്ല. ശര്‍ഈ ഉപാധികള്‍ മുന്‍നിര്‍ത്തി ചിന്തിച്ചാല്‍ ഈ വിഷയകമായി ആശങ്കക്ക് അവകാശമില്ല. മഹ്ദിക്ക് നബി(സ) വിശദീകരിച്ച വിശേഷണങ്ങളുണ്ട്. ആഗമനകാലവും നിര്‍ണിതമാണ്. അതെല്ലാം ഒരു മഹ്ദിക്ക് മാത്രമേ യോജിക്കുകയുള്ളൂ. അദ്ദേഹം മാത്രമായിരിക്കും യഥാര്‍ഥ മഹ്ദി.

മഹ്ദിയില്‍ വിശ്വസിക്കുക എന്നാല്‍ കര്‍മരഹിതരായിരിക്കുക എന്നല്ല
ലോകമാസകലം നന്മയും തിന്മയും തമ്മില്‍ സംഘട്ടനങ്ങള്‍ നടക്കുകയും പലതരം കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവെ നിരാശ വ്യാപിച്ചിരിക്കുന്നു. വിജയത്തിലേക്ക് നയിക്കാന്‍ മഹ്ദി ഉടനെ പ്രത്യക്ഷപ്പെടുമെന്ന് അവര്‍ പ്രത്യാശിക്കുന്നു.

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരുകാര്യം നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന ഉത്തരവാദിത്വം മുസ്‌ലിംകള്‍ കൈയൊഴിഞ്ഞതുപോലെയാണെന്നതാണ്. വിജ്ഞാനാന്വേഷണം, ഭൂപരിപാലനം, വ്യാപാരങ്ങള്‍, തൊഴിലുകള്‍ മുതലായവയില്‍ താല്‍പര്യമില്ലാത്തവിധം ലോകാവസാനം പ്രതീക്ഷിച്ചു കഴിയുന്ന അവസ്ഥയും ചിലരില്‍ കാണാം. മഹ്ദി വരാറായ സ്ഥിതിക്ക് എന്തിന് ദുന്‍യാവിന്റെ പിന്നാലെ പോവണം എന്നുപോലും ചിലര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

മഹ്ദിയുമായി ബന്ധപ്പെട്ട ഹദീസുകള്‍, അദ്ദേഹത്തിലൂടെ ഇസ്‌ലാമിനുണ്ടാവുന്ന വിജയം, യഹൂദികളുമായുണ്ടാവുന്ന പോരാട്ടത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടാവുന്ന വിജയം, പാശ്ചാത്യ ക്രൈസ്തവരുമായുണ്ടാവുന്ന യുദ്ധത്തില്‍ മുസ്‌ലിംകള്‍ നേടുന്ന വിജയം മുതലായവയെല്ലാം സത്യവിശ്വാസികള്‍ക്ക് സന്തോഷം പകരുന്നവയും അവര്‍ക്ക് ക്ഷമ പ്രദാനം ചെയ്യുന്നവയും ഇസ്‌ലാം സുരക്ഷിതമായിരിക്കുമെന്ന സുവാര്‍ത്ത നല്‍കുന്നതുമാണ്. ഇവയെല്ലാം പുലരാനുള്ളതാണെന്നതോടൊപ്പം നാം ശരീഅത്തനുസരിച്ച് ജീവിക്കുകയും ഇസ്‌ലാമിനെ സഹായിച്ചുകൊണ്ടിരിക്കുകയും ഇസ്‌ലാമിനു വേണ്ടി പ്രതിരോധിക്കുകയും അതിനായി സമരം ചെയ്യുകയും ഇസ്‌ലാമിന്റെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും തന്നെ വേണം. ആകാശത്തുനിന്ന് സഹായം വരും എന്ന പ്രതീക്ഷയില്‍ സ്വപ്‌നം കണ്ടിരിക്കാവതല്ല. നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക. അതിനിടയില്‍ മഹ്ദിയുടെ ആഗമനമുണ്ടായാല്‍ അദ്ദേഹത്തോടൊപ്പം പോരാടുക. ഇത്രയുമാണ് നമുക്ക് ചെയ്യാനുള്ളത്.
(ലേഖകന്‍ രിയാദിലെ ജാമിഅത്തുല്‍ മലിക് സുഊദിലെ 'അഖീദ, അദ്‌യാനുല്‍ മുആസ്വിറ' പ്രഫസറാണ്)

കുറിപ്പുകള്‍

1. رواه الترمذي وأبوداود وصحّحه شيخ الإسلام ابن تيميّة في منهاج السنّة (211/4)
2. أبوداود (2485) إسناده حسن
3. المنار المنيف لا بن القيّم (ص 151)
4. قال ابن كثير في (النهاية والبداية ص: 26) تفرّدبه ابن ماجه وهذا اسناد قويّ صحيح - وقال البوصيري في (زوائده 1442) هذ اسناد صحيح رجاله ثقات. ورواه الحاكم في (المستدرك 4880/463/4) وقال صحيح على شرط الشيخين وضعف الحديث آخرون كأحمد والذّهبي في الميزان وحكم عليه ابن الجوزي بالوضع
5. البداية والنهاية ص: 27
6. رواه الحاكم بسند صحيح
7. نقلا من كتاب: الرّدّ على من كذب بالأحاديث الصحيحة الواردة في المهدي لفضيلة الشيخ عبد المحسن البدر ص: (159-157)
8. لوامع الأنوار الإلهيّة (84/2)
9. الإذاعة لماكان وما يكون بين يدي السّاعة 113-112
10. ابن القيّم في المنار المنيف (142)
11. المسند (37/3) ورجاله ثقات وانظر مجمع الزّوائد (314-313/4)
12. المسند (58/2) بسند صحيح
13. سنن أبي داود (373/11 بسند صحيح
14. رواه الحارث بن أبي أسامة في مسنده بإسناد حيّد - كما قال ابن القيّم في المنار المنيف ص: 148-147 وله شواهد من الصّحيح
15. رواه أبو نعيم في كتاب المهدي وذكره المناوي في فيض القدير (17/6) بسند صحيح
16. رواه الترمذي وابوداود وهو صحيح
17. رواه أبوداود (برقم: 4282) وهو حديث حسن صحيح وتحفة الأحوذي (486/6)
18. مرقاة المفاتيح للقاري (179/5)
19. رواه أحمد في المسند (376/8) بسند صحيح
20. رواه أبوداود (107/4) كتاب المهديّ ويسنده قويّ
21. رواه مسلم برقم (2913)
22. رواه البخاري (285-284/4) ومسلم (برقم 2884)
23. رواه الإمام أحمد (291/2 بسند صحيح
24. البخاري (358/6) ومسلم (193/2)
25. رواه أحمد في المسند (384/3) ومسلم (193/2)
26. رواه مسلم (80/79)
27. تفسير ابن كثير 78/6
28. رواه مسلم (2209/4)
29. أخرجه أبو داود بسند لا بأس به
30. لوامع الأنهار البهيّة (80/2)
31. نقله عنه في كتاب (الإذاعة لأشراط السّاعة) ص: 114
32. كتاب (الإذاعة) ص: 145
33. النهاية في الفتن والملاحم - ص (17)
34. البداية والنهاية (331/12)
35. البدايه والنهاية (331/12)
36. നിവേദക പരമ്പരയുടെ ബലാബലം സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും
37. عقيدة أهل الأثر في المهدي المنتظر، للشيخ العباد
38. مقدمة تاريخ ابن خلدون 574/1
39. تفسير المنار 416/9
40. ضحى الإسلام 243/3
41. لا مهديّ ينتظر - ص: 58
42. دائرة معارف القرن العشرين (481/10)
43. البخاري

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top