ഹദീസ് ക്രോഡീകരണം; നാം അറിയേണ്ട ചില ചരിത്ര വസ്തുതകള്‍

ഡോ. മുഹമ്മദ് അജ്ജാജുല്‍ ഖത്വീബ്‌‌
img

(നബി(സ)യുടെ വിയോഗശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടതെന്ന ഇസ്‌ലാം വിമര്‍ശകരുടെയും ഹദീസ് നിഷേധികളുടെയും വാദങ്ങളെ അപ്രസക്തമാക്കുന്ന ഇന്ന് ലഭ്യമായ ഏറ്റവും നല്ല പഠനങ്ങളിലൊന്ന്).

1. അറബികളും എഴുത്തുവിദ്യയും ഇസ്‌ലാമിനു തൊട്ടുമുമ്പ്
നബി(സ)യുടെ ആഗമനത്തിനുമുമ്പ് അറബികള്‍ക്ക് എഴുത്തുവിദ്യ അറിയാമായിരുന്നു എന്ന് ശാസ്ത്രീയ പഠനങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. പ്രധാന സംഭവങ്ങളുടെ തീയതികള്‍ അറബികള്‍ കല്ലുകളില്‍ രേഖപ്പെടുത്തിയിരുന്നു. പുരാവസ്തു പഠനങ്ങള്‍ ഇക്കാര്യം അവിതര്‍ക്കിതമായി തെളിയിച്ചിട്ടുണ്ട്. ക്രി. മൂന്നാം നൂറ്റാണ്ടുമുതല്‍ ഈ രീതി നിലനിന്നിരുന്നു. പേര്‍ഷ്യന്‍-റോം സംസ്‌കാരങ്ങളുമായി ഗാഢബന്ധമുണ്ടായിരുന്ന അറേബ്യാ ഉപദ്വീപിന്റെ വടക്കന്‍ മേഖലകളിലാണ് ഇത്തരം പുരാരേഖകള്‍ കൂടുതലായും കാണപ്പെടുന്നത്.1 അദിയ്യുബ്‌നു സൈദില്‍ ഇബാദീ (ഹി. മു. 35) യുവാവായിരുന്നപ്പോള്‍ പിതാവ് അദ്ദേഹത്തെ എഴുത്തുകാര്‍ക്കൊപ്പം വിടുകയും തുടര്‍ന്ന് അറബി എഴുത്തില്‍ വൈദഗ്ധ്യം നേടുകയുമുണ്ടായി. പിന്നീട് കിസ്‌റായുടെ ദര്‍ബാറിലെത്താന്‍ കഴിഞ്ഞ അദ്ദേഹം അവിടെവെച്ച് അറബി എഴുതുകയുണ്ടായി.2 കുട്ടികള്‍ക്ക് എഴുത്തും കവിതയും മറ്റും പഠിക്കാന്‍ പാകത്തിലുള്ള ചില എഴുത്തുവിദ്യാ കേന്ദ്രങ്ങള്‍ ജാഹിലിയ്യാ കാലത്ത് ഉണ്ടായിരുന്നതായി ഇത് തെളിയിക്കുന്നു. അബൂസുഫ്‌യാനു ബ്‌നു ഉമയ്യബ്‌നു അബ്ദിശ്ശംസ്, ബിശ്‌റുബ്‌നു അബ്ദില്‍ മലിക് അസ്സുകൂനീ, അബൂഖൈസു3 ബ്‌നു അബ്ദി മനാഫ് സുഹ്‌റ, അല്‍ കാതിബ് എന്ന് പേരുള്ള അംറുബ്‌നു സുറാറ മുതലായ പ്രമുഖരായിരുന്നു ഇത്തരം വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്നത്. ഈ ആവശ്യാര്‍ഥം അബൂജുഫൈന എന്ന ഒരാളെ മദീനയിലേക്ക് കൊണ്ടുവന്നതായും കാണാം.4 അറബി എഴുത്തറിഞ്ഞിരുന്ന ചില യഹൂദികള്‍ ആദ്യകാലത്ത് മദീനയിലെ കുട്ടികള്‍ക്ക് എഴുത്ത് പഠിപ്പിച്ചിരുന്നു. പ്രവാചക ആഗമന കാലത്ത് ഔസ്, ഖസ്‌റജ് ഗോത്രങ്ങളില്‍ എഴുത്തറിയുന്ന ധാരാളം പേരുണ്ടായിരുന്നു.5

എഴുത്തും അമ്പെയ്ത്തും നീന്തലും അറിയുന്നവരെ അറബികള്‍ 'അല്‍കാമില്‍' എന്നാണ് വിളിച്ചിരുന്നത്.6

അതേസമയം എഴുത്തുവിദ്യയേക്കാള്‍ മനഃപാഠ ശേഷിയില്‍ അഭിമാനിക്കുന്നവരായിരുന്നു മിക്ക കവികളും. എഴുത്തറിയുന്നവര്‍ തന്നെ അക്കാര്യം മറ്റുള്ളവര്‍ അറിയുന്നത് അനഭിമതമായാണ് കണ്ടിരുന്നത്. ആരെങ്കിലും അതു പറഞ്ഞാല്‍ തന്നെ, 'എഴുത്തറിയുന്നത് മറച്ചുവെക്കുക, അത് വഷളത്തമാണ്' എന്നാണ് ആളുകള്‍ പ്രതികരിച്ചിരുന്നത്.7

നബി(സ) പ്രവാചകനായി നിയോഗിതനായ ഘട്ടത്തില്‍ മക്കയില്‍ എഴുത്തറിയാവുന്ന പത്തില്‍പരം പേരുണ്ടായിരുന്നു എന്ന ചില ചരിത്രകാരന്മാരുടെ പ്രസ്താവന8യെ അറബികളുടെ എഴുത്തുജ്ഞാനത്തെക്കുറിച്ച സൂക്ഷ്മവും കൃത്യവുമായ എണ്ണമായി അംഗീകരിക്കാനാവില്ല. അതുപോലെത്തന്നെ ജാഹിലിയ്യാ കാലത്ത് അറേബ്യയില്‍ എഴുത്തും വായനയും അറിയാവുന്ന ധാരാളം പേരുണ്ടായിരുന്നു എന്ന വാദവും ശരിയല്ല. ചില ഓറിയന്റലിസ്റ്റുകളും അറബ് എഴുത്തുകാരുടെ വീക്ഷണത്തില്‍ ജുമുഅ 2-ാം സൂക്തത്തിലെ 'ഉമ്മിയ്യീന്‍' എന്ന പദത്തിന്റെ വിവക്ഷ, എഴുത്തറിയായ്കയോ വൈജ്ഞാനിക ശേഷി ഇല്ലായ്കയോ അല്ല, മറിച്ച്, മതപരമായ നിരക്ഷരതയാണ്. അതായത് ഖുര്‍ആന്‍ അവതരിക്കുന്നതിനു മുമ്പ് മറ്റൊരു മതഗ്രന്ഥം അവര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ മതപരമായി നിരക്ഷരരായിരുന്നു, തൗറാത്തും ഇഞ്ചീലും കൈവശമുണ്ടായിരുന്ന യഹൂദികളെയും ക്രൈസ്തവരെയും പോലെ അറബികള്‍ മതപരമായി ജ്ഞാനികള്‍ ആയിരുന്നില്ല എന്നുമാണ് വ്യാഖ്യാനിക്കുന്നത്.9
'ഉമ്മിയ്യ്' എന്നാല്‍ 'നിരക്ഷരന്‍' എന്നല്ല 'മതപരമായി നിരക്ഷരന്‍' എന്നാണ് വിവക്ഷയെന്ന് പറയണമെങ്കില്‍ സാഹചര്യത്തെളിവു വേണം. അതില്ലാതെ അങ്ങനെയൊരു അര്‍ഥകല്‍പന നല്‍കുന്നത് ന്യായീകരണമര്‍ഹിക്കുന്നില്ല. അങ്ങനെയായാല്‍ ജുമുഅ: 2-ലെ 'ഉമ്മിയ്യീന്‍' എന്നാല്‍ 'ദീന്‍ അഥവാ ശരീഅത്തറിയാത്തവര്‍' എന്നാണെന്നും അഅ്‌റാഫ്: 157-ലെ 'അന്നബിയ്യുല്‍ ഉമ്മിയ്യ്' എന്നാല്‍ 'എഴുത്തും വായനയും അറിയാത്ത നബി' എന്നാണെന്നും അര്‍ഥഭേദം കല്‍പിക്കേണ്ടി വരും. അതായത്, രണ്ടിടത്തും രണ്ടിലേതെങ്കിലും ഒരര്‍ഥമേ ചേരുകയുള്ളൂ. 'എഴുത്തും വായനയും അറിയാത്തവന്‍' എന്നതാണ് 'ഉമ്മിയ്യ്' എന്നതിന്റെ അടിസ്ഥാന ആശയം.10
'ഉമ്മിയ്യ്' എന്നതിന്റെ അര്‍ഥവിവക്ഷ എന്താണെന്ന് നബി(സ) തന്നെ വിശദമാക്കിയിട്ടുണ്ട്. താഴെ ഹദീസ് കാണുക:
إنّا أمّة أميّة لا نكتب ولا نحسب الشهر هكذا
'നാം നിരക്ഷര സമൂഹമാണ്. നാം എഴുതുകയോ മാസത്തെ ഈ വിധം കണക്കുകൂട്ടുകയോ ചെയ്യുന്നില്ല.'11

മേല്‍ ഹദീസിലെ 'ഈവിധം' (ഹാകദാ) എന്നതിന്റെ വിവക്ഷ, ഒരിക്കല്‍ 29 ദിവസം, മറ്റൊരിക്കല്‍ 30 ദിവസം എന്നാണ്.11 റമദാന്‍ പിറ കാണുന്നതുമായി ബന്ധപ്പെട്ട ഈ പ്രസ്താവന ധാരാളം നിവേദനങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരുടെയും വീക്ഷണത്തില്‍ നബി(സ)യുടെ കാലത്തെ സമൂഹത്തെ ഉദ്ദേശിച്ചാണ് 'നാം എഴുത്തറിയാത്ത സമൂഹമാണ്' എന്ന് പറഞ്ഞിട്ടുള്ളത്. അക്കാലത്തെ അറബികളെ 'ഉമ്മിയ്യൂന്‍' എന്ന് വിശേഷിപ്പിച്ചതും അവര്‍ക്കിടയില്‍ ലേഖനവിദ്യ കുറവായതിനാലാണ്. അതേസമയം, അവരില്‍ കുറച്ചു പേരെങ്കിലും എഴുത്തും വായനയും അറിയുന്നവരായി ഉണ്ടായിരുന്നു എന്നതിനെ നാം നിഷേധിക്കേണ്ടതുമില്ല.12 

2. എഴുത്തുവിദ്യ നബി(സ)യുടെ കാലത്ത്
നബി(സ)യുടെ കാലത്ത് എഴുത്തുവിദ്യ ജാഹിലിയ്യാ കാലത്തേക്കാള്‍ പ്രചാരത്തിലുണ്ടായിരുന്നു എന്നതില്‍ സംശയമില്ല. ഖുര്‍ആനും നബി(സ)യും വിദ്യാഭ്യാസത്തെ ശക്തമായി പ്രോത്സാഹിപ്പിച്ചു. പ്രവാചകദൗത്യം തന്നെ ധാരാളം അഭ്യസ്തവിദ്യരെയും വായനക്കാരെയും എഴുത്തുകാരെയും ആവശ്യപ്പെടുന്നതായിരുന്നു. വഹ്‌യ് രേഖപ്പെടുത്താന്‍ എഴുത്തുകാര്‍ വേണ്ടിയിരുന്നു. രാഷ്ട്രസംബന്ധമായ എഴുത്തുകുത്തുകള്‍, കരാറുകള്‍, വ്യവസ്ഥകള്‍ എന്നിവക്കെല്ലാം എഴുത്തുകള്‍, കരാറുകള്‍, വ്യവസ്ഥകള്‍ എന്നിവക്കെല്ലാം എഴുത്തുകാര്‍ വേണ്ടിയിരുന്നു. ഇതിന്റെ ഫലമായി എഴുത്തുകാര്‍ വര്‍ധിച്ചു. വഹ്‌യ് എഴുതാനായി അമ്പതു പേര്‍, സകാത്ത്, കടമിടപാടുകള്‍, വ്യവഹാരങ്ങള്‍, വിവിധ ഭാഷകളിലെ കത്തിടപാടുകള്‍ മുതലായവക്കായി വേറെയും എഴുത്തുകാര്‍.13

നബി(സ)യുടെ വഹ്‌യ് എഴുത്തുകാരായി സ്ഥിരമായുണ്ടായിരുന്നവരുടെ പേരുകള്‍ മാത്രമേ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. മസ്ഊദിയുടെ താഴെ വിവരണത്തില്‍നിന്ന് അത് മനസ്സിലാവുന്നുണ്ട്: 'നീണ്ടകാലം വഹ്‌യ് എഴുത്തില്‍ പങ്കാളികളായവരുടെ പേരുകള്‍ മാത്രമേ നാം എടുത്തു പറഞ്ഞിട്ടുള്ളൂ. ഒന്നോ രണ്ടോ തവണ എഴുതിയവരെ ആ പേരില്‍ വിളിക്കുന്നില്ലെങ്കിലും അവരും എഴുത്തുകാര്‍ തന്നെ.'14

ഹിജ്‌റാനന്തരം ഇസ്‌ലാമികരാഷ്ട്രം നിലവില്‍ വന്നതോടെ എഴുത്തറിയാവുന്നവര്‍ വര്‍ധിച്ചു. മസ്ജിദുന്നബവിക്കു പുറമെ മദീനയില്‍ ഒമ്പത് പള്ളികള്‍ കൂടി നിര്‍മിക്കപ്പെട്ടു.15 അവിടെ എഴുത്ത്, വായന മുതല്‍ വിവിധ വിജ്ഞാനീയങ്ങള്‍ പഠിപ്പിക്കപ്പെട്ടു. എഴുത്തും വായനയും അറിയാവുന്ന മുസ്‌ലിംകള്‍ തങ്ങളുടെ സഹോദരങ്ങളെ സൗജന്യമായി പഠിപ്പിച്ചു- പന്ത്രണ്ട് നേതൃപ്രതിനിധികളിലൊരാളായ സഅ്ദുബ്‌നുര്‍റബീഇല്‍ ഖസ്‌റജി (മരണം ഹി: 3).16 ബശീറുബ്‌നു സഅ്ദുബ്‌നു സഅ്‌ലബ (മ.ഹി; 12),17 അബാനുബ്‌നു സഈദുബ്‌നുല്‍ ആസ്വ്18 മുതലായവര്‍ ഈ ഗണത്തില്‍ പെടുന്നു.

ഈ പള്ളികളോട് ചേര്‍ന്ന് ഖുര്‍ആന്‍ പഠനത്തോടൊപ്പം കുട്ടികള്‍ക്ക് എഴുത്തും വായനയും പഠിക്കാനുള്ള സംവിധാനങ്ങളുണ്ടായിരുന്നു.19 മദീനയിലെ ആദ്യകാല മുസ്‌ലിംകളുടെ കാലത്ത് നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസത്തെപ്പറ്റി ഓറിയന്റലിസ്റ്റ് ഗോള്‍ഡ് ഴൈര്‍ 'മത-സ്വഭാവ മൂല്യ' വിജ്ഞാന കോശത്തില്‍ എഴുതിയിട്ടുണ്ട്. ഖുര്‍ആന്‍- ഇസ്‌ലാമിക പാഠങ്ങള്‍ ആദ്യകാലത്തു തന്നെ പഠിപ്പിക്കപ്പെട്ടുപോന്നിട്ടുണ്ടെന്ന് അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. താഴെ സംഭവങ്ങള്‍ അദ്ദേഹം അതിന് തെളിവായി ഉദ്ധരിക്കുന്നു:
(എ) നബിപത്‌നി ഉമ്മുസലമ(റ) ഒരു പ്രാഥമിക പാഠശാലയിലെ അധ്യാപകനോട് കമ്പിളി രോമം കടയാനും നൂല്‍നൂല്‍ക്കാനും സഹായിക്കാന്‍ ഏതാനും വിദ്യാര്‍ഥികളെ വിട്ടുതരാന്‍ ആവശ്യപ്പെടുകയുണ്ടായി.
(ബി) ഉമറുബ്‌നു മൈമൂന്‍ കണ്ണേറ് തടുക്കാന്‍ സഹായകമായ ചില വാചകങ്ങള്‍ വശമാക്കിയിരുന്നതായും സഅ്ദുബ്‌നു അബീവഖ്ഖാസ്വ് അത് തന്റെ മക്കളെ പഠിപ്പിച്ചിരുന്നതായും അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് എഴുതിക്കൊടുക്കുന്ന പോലെ എഴുതിക്കൊടുത്തിരുന്നതായും കാണാം.
(സി) ഇബ്‌നു ഉമറും അബൂ ഉസൈദും ഏതോ സാഹചര്യത്തില്‍ ഒരു പ്രാഥമിക വിദ്യാലയത്തിനരികിലൂടെ നടന്നുപോയപ്പോള്‍ അവരെ അവിടത്തെ പഠിതാക്കള്‍ ശ്രദ്ധിക്കുകയുണ്ടായി.
(ഡി) എഴുതാനുള്ള ഫലകം മുമ്പെ ഉണ്ടായിരുന്നു. സ്വഹാബിവനിത ഉമ്മുദ്ദര്‍ദാഅ് ഇത്തരം ഫലകങ്ങളില്‍ പഠിതാക്കള്‍ക്ക് എഴുതിനല്‍കിയിരുന്നു.19

ഞങ്ങള്‍ പാഠശാലയിലായിരിക്കെ അബൂഹുറൈറ താടിക്ക് മഞ്ഞച്ചായം നല്‍കുന്നത് കാണുകയുണ്ടായെന്ന് ഉസ്മാനുബ്‌നു ഉബൈദുല്ല റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.20 സൈദുബ്‌നു സാബിത് (റ) ഇത്തരം എഴുത്തുവിദ്യാ കേന്ദ്രത്തില്‍ പഠിച്ചയാളായിരുന്നു.21 ബദ്ര്‍ യുദ്ധാനന്തരം മദീനയില്‍ എഴുത്തുവിദ്യ പുഷ്‌കലമായി. മദീനയിലെ പത്തു കുട്ടികള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കുന്ന ഓരോ ബന്ദിയെയും അത് മോചനമൂല്യമാക്കി വിട്ടയക്കാമെന്ന് നബി(സ) പ്രഖ്യാപിക്കുകയുണ്ടായി.22 ആണ്‍കുട്ടികള്‍ മാത്രമല്ല, സ്വന്തം വീടുകളില്‍വെച്ച് പെണ്‍കുട്ടികളും എഴുത്ത് അഭ്യസിച്ചിരുന്നു. പെണ്‍കുട്ടികള്‍ വീടുകളില്‍ വെച്ചായിരുന്നു എന്നുമാത്രം. ശിഫാ ബിന്‍ത് അബ്ദില്ല പറഞ്ഞതായി അബൂബക്‌റു ബ്‌നു സുലൈമാനു ബ്‌നു അബീഹസ്മ ഉദ്ധരിക്കുന്നു: ഞാന്‍ നബിപത്‌നി ഹഫ്‌സ്വയുടെ അടുത്തായിരിക്കെ അദ്ദേഹം അവിടേക്ക് കടന്നുവന്നു. അപ്പോള്‍ തിരുമേനി എന്നോട്:
ألا تعلمين هذه رقية النّملة كما علّمتيها الكتابة!
'നീ അവള്‍ക്ക് എഴുത്തു പഠിപ്പിച്ചതുപോലെ ശരീര പാര്‍ശ്വങ്ങളിലുണ്ടാകുന്ന ഉണലി(ചെറിയ കുരുക്കള്‍)നുള്ള മന്ത്രവും പഠിപ്പിച്ചുകൂടായിരുന്നോ?' എന്ന് പറയുകയുണ്ടായി.23

സ്വഹാബികള്‍ വിവിധ നാടുകളിലേക്ക് കടന്നുചെന്നതോടെ വിദ്യാഭ്യാസത്തിന്റെ വൃത്തം വികസിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ച് വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ടായി. പ്രമുഖ സ്വഹാബി അബുദ്ദര്‍ദാഅ് (ഹി: 32) ദമസ്‌കസിലെ ജുമാമസ്ജിദില്‍ സ്വുബ്ഹ് നമസ്‌കാരാനന്തരം ക്ലാസുകള്‍ നടത്തിയിരുന്നു. പഠിതാക്കളെ പത്ത് വീതമായി തിരിച്ച് ഓരോ ഗ്രൂപ്പിനും ലീഡറെ നിയമിച്ചിരുന്നു. അബുദ്ദര്‍ദാഅ് അവരെ നിരീക്ഷിച്ച് മിഹ്‌റാബിലിരിക്കും. പഠിതാക്കള്‍ക്ക് തെറ്റു പറ്റിയാല്‍ ലീഡറോട് ചോദിക്കും. ലീഡറുടെ സംശയങ്ങള്‍ അബുദ്ദര്‍ദാഇനെ സമീപിച്ച് തിരുത്തും.24 ചില പള്ളികളിലെ പഠിതാക്കളുടെ എണ്ണം ആയിരത്തില്‍പരമുണ്ടായിരുന്നു. മുസ്‌ലിമുബ്‌നു മിശ്കം പറയുന്നു: എന്റെ ക്ലാസില്‍ ഖുര്‍ആന്‍ പഠിക്കുന്നവര്‍ എത്ര പേരുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്തുക എന്ന് അബുദ്ദര്‍ദാഅ് എന്നോട് പറഞ്ഞു. അതു പ്രകാരം എണ്ണിനോക്കിയപ്പോള്‍ ആയിരത്തി അറുനൂറില്‍പരമുണ്ടായിരുന്നു. പത്തു പേര്‍ക്ക് ഒരു ലീഡര്‍ എന്ന ക്രമത്തില്‍ മേല്‍നോട്ടക്കാരുണ്ടായിരുന്നു. മികവോടെ പഠിച്ചവര്‍ അബുദ്ദര്‍ദാഇന്റെ നേരിട്ടുള്ള ശിക്ഷണത്തിലേക്ക് മാറും. അബ്ദുല്‍ മലികുബ്‌നു മര്‍വാന്റെ കാലത്ത് പഠനവൃത്തങ്ങള്‍ വര്‍ധിച്ചു. മസ്ജിദുല്‍ ഹറാമില്‍ അത്വാഅ്, സഈദുബ്‌നു ജുബൈര്‍, മൈമൂനുബ്‌നു മഹ്‌റാന്‍, മക്ഹൂല്‍ മുതലായവരുടെ നേതൃത്വത്തില്‍ പഠനവേദികളുണ്ടായി. ഇത് ഖലീഫയെ വല്ലാതെ ആകര്‍ഷിച്ചു.25 ധാരാളം അധ്യാപകരും രംഗത്തുണ്ടായിരുന്നു.26 അവരിലെ ധാരാളമാളുകളുടെ പേരുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിദൂരദേശങ്ങളില്‍ പോലും പ്രാഥമിക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. വിദ്യാര്‍ഥികളുടെ എണ്ണം പെരുകിയതിനാല്‍ ദഹ്ഹാകു ബ്‌നു മുസാഹിം (മ.ഹി. 105) കഴുതപ്പുറത്ത് കയറി ചുറ്റി സഞ്ചരിച്ചാണ് പഠിതാക്കളെ പരിപാലിച്ചിരുന്നത്. മൂവായിരം പഠിതാക്കള്‍ വരെ അദ്ദേഹത്തിന്റെ ശിഷ്യരായി ഉണ്ടായിരുന്നു.27 അദ്ദേഹം അധ്യാപനത്തിന് വേതനം സ്വീകരിച്ചിരുന്നില്ല.28

ഹി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍ വൈജ്ഞാനിക പ്രസ്ഥാനം നന്നേ വികസിച്ചു. ഹകമുബ്‌നു അംറുബ്‌നു അബ്ദില്ലാഹിബ്‌നു സ്വഫ്‌വാന്‍ അല്‍ ജുമഹി ഒരു വീട് നിര്‍മിച്ച് അവിടെ ചതുരംഗത്തിനും പകിടക്കും കുട്ടികള്‍ക്കുള്ള മറ്റുചില കളികള്‍ക്കും സൗകര്യം ചെയ്തു. എല്ലാതരം വിദ്യകള്‍ക്കുമുള്ള ഓഫീസുകള്‍ തുറന്നു. പഠിതാക്കള്‍ക്ക് വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ ചുമരുകളില്‍ ആണികള്‍ സ്ഥാപിച്ചു. പഠനത്തോടൊപ്പം കൂട്ടം ചേര്‍ന്നു കളിക്കാനും സൗകര്യങ്ങളുണ്ടായിരുന്നു.29

എഴുത്തുവിദ്യ ഇത്രത്തോളം വികസിച്ചിട്ടും നബി(സ)യുടെ കാലത്ത് ഹദീസുകള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അതിന്റെ കാരണം നാം വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്.

ഹദീസുകള്‍ നബിയുടെ കാലത്ത് ക്രോഡീകരിക്കപ്പെടാതിരുന്നതിന്റെ കാരണങ്ങളെന്ത്?
എഴുതാനുള്ള മാധ്യമങ്ങള്‍ കുറവായതിനാലും എഴുത്തുകാര്‍ അപൂര്‍വമായതിനാലും വിദഗ്ധമായി എഴുതാനറിയാത്തതിനാലുമാണ് നബി(സ)യുടെ കാലത്ത് ഹദീസുകള്‍ ക്രോഡീകരിക്കപ്പെടാതിരുന്നതെന്നാണ് സാമ്പ്രദായിക വിശദീകരണം.30
നബി(സ)യുടെ വഹ്‌യ് എഴുത്തുകാര്‍ തന്നെ മുപ്പതില്‍ പേരുണ്ടായിരുന്നെന്നും അവര്‍ക്കു പുറമെ മറ്റു ചിലര്‍ ഇതര രേഖകള്‍ തയാറാക്കിയിരുന്നുവെന്നും ചരിത്രപരമായി വ്യക്തമായിരിക്കെ അന്ന് എഴുത്തുകാര്‍ കുറവായിരുന്നു. എന്നു പറയുന്നതില്‍ അര്‍ഥമില്ല. സൈദുബ്‌നു സാബിത്(റ), അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) പോലുള്ള എഴുത്തു വിദഗ്ധരെയും ചെറുതായി കാണാനാവില്ല. എഴുത്തുപകരണങ്ങളുടെ കുറവും അബദ്ധം സംഭവിച്ചേക്കുമോ എന്ന ഭയവുമാണ് കാരണമായി എടുത്തുകാണിക്കുന്നതെങ്കില്‍ അതൊക്കെ ഖുര്‍ആനിനും ബാധകമാകേണ്ടതല്ലെ? പക്ഷേ, അതുണ്ടായിട്ടില്ല. ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, നബി(സ)യുടെ സമ്മതത്തോടെ ഹദീസുകള്‍ എഴുതി സൂക്ഷിച്ചതു പോലെ അവ ക്രോഡീകരിക്കാന്‍ സ്വഹാബികള്‍ക്ക് സാധിക്കുമായിരുന്നു. അപ്പോള്‍ എഴുത്തുമാധ്യമങ്ങളുടെ ലഭ്യതക്കുറവല്ല, മറ്റു ചിലതാണ് പ്രശ്‌നമെന്നു സാരം. നബി(സ)യില്‍നിന്നും സ്വഹാബികളില്‍നിന്നും താബിഈങ്ങളില്‍നിന്നുമുള്ള രേഖകള്‍ പ്രകാരം നമുക്ക് അത് കണ്ടെത്താവുന്നതേയുള്ളൂ. അതിലൂടെ ഹദീസ് ക്രോഡീകരണത്തിന് വ്യവസ്ഥാപിതമായ ചില ഘട്ടങ്ങളുണ്ടായിരുന്നു എന്ന് കാണാന്‍ കഴിയും. അക്കാലത്തെ തലമുറകളുടെ ഓര്‍മശക്തിയും എഴുത്തുവിദ്യകളും ഹദീസുകളുടെ സേവനത്തിന് ഒരുപോലെ പ്രയോജനപ്പെട്ടു എന്നതാണ് വാസ്തവം.

ഹദീസുകള്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് നബി(സ) പറഞ്ഞത്
(എ) രേഖപ്പെടുത്തുന്നതിനെ നിരുത്സാഹപ്പെടുത്തിയ ഹദീസുകള്‍
(1) അബൂസഈദില്‍ ഖുദ്‌രി(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
لا تكتبوا عنّي ومن كتب عنّي غير القران فليمحه
'നിങ്ങള്‍ എന്നില്‍നിന്ന് എഴുതിവെക്കരുത്. ആരെങ്കിലും എന്നില്‍നിന്ന് ഖുര്‍ആന്‍ അല്ലാത്തവ എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അയാള്‍ അത് മായ്ച്ചുകളയട്ടെ.'31 ഈ വിഷയകമായി നബി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടവയില്‍ ഏറ്റവും സാധുവായ ഹദീസാണിത്.
(2) അബൂസഈദി(റ)ല്‍ ഖുദ്‌രി പറയുന്നു: 'ഹദീസുകള്‍ രേഖപ്പെടുത്താന്‍ അനുവാദം തരാനായി ഞങ്ങള്‍ നബി(സ)യില്‍ സമ്മര്‍ദം ചെലുത്തി. പക്ഷേ, അദ്ദേഹം വിസമ്മതിച്ചു.' അദ്ദേഹത്തില്‍നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെ: 'രേഖപ്പെടുത്താന്‍ ഞങ്ങള്‍ നബി(സ)യോട് അനുവാദം ചോദിച്ചു. പക്ഷേ, തിരുമേനി ഞങ്ങളെ അനുവദിച്ചില്ല.'32
(3) അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ ഹദീസുകള്‍ എഴുതിക്കൊണ്ടിരിക്കെ നബി(സ) അവിടേക്കു വന്നു. അദ്ദേഹം ചോദിച്ചു.
ما هذا الذي تكتبون؟ قلنا: أحاديث نسمعها منك. قال: كتاب غير كتاب الله؟ أتدرون؟ ما ضلّ الأمم قبلكم إلاّ بما كتبوا من الكتب مع كتاب الله تعالى
'നിങ്ങള്‍ ഈ എഴുതുന്നതെന്താണ്?' ഞങ്ങള്‍: 'താങ്കളില്‍നിന്ന് കേള്‍ക്കുന്ന ഹദീസുകള്‍.' നബി(സ): 'അല്ലാഹുവിന്റേതല്ലാത്ത ഗ്രന്ഥമോ? നിങ്ങളറിയുമോ? നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങള്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തോടൊപ്പം ഗ്രന്ഥങ്ങള്‍ എഴുതിയതുവഴി മാത്രമാണ് വഴിതെറ്റിയത്.'33

(ബി) രേഖപ്പെടുത്താന്‍ അനുവദിക്കുന്ന ഹദീസുകള്‍
1. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് പറയുന്നു: ഞാന്‍ നബി(സ)യില്‍നിന്ന് കേള്‍ക്കുന്നവയെല്ലാം രേഖപ്പെടുത്താറുണ്ടായിരുന്നു. മനഃപാഠമാക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ഖുറൈശികള്‍ എന്നെ വിലക്കിക്കൊണ്ടു പറഞ്ഞു: 'നീ നബി(സ)യില്‍നിന്ന് കേള്‍ക്കുന്നതെല്ലാം എഴുതിവെക്കുകയാണോ? അല്ലാഹുവിന്റെ ദൂതന്‍ ദേഷ്യത്തോടെയും സംതൃപ്തിയോടെയും സംസാരിക്കുന്ന ആളാണ്.' അതോടെ ഞാന്‍ എഴുത്ത് നിര്‍ത്തി. ഇക്കാര്യം ഞാന്‍ നബി(സ)യുമായി പങ്കുവെച്ചു. അദ്ദേഹം തന്റെ വായയിലേക്ക് വിരല്‍ ചൂണ്ടിയിട്ട് പറഞ്ഞു:
اكتب فوالّذي نفسي بيده ما خرج منه إلّا حقّ
'നീ എഴുതിക്കോളൂ. എന്റെ ആത്മാവ് ആരുടെ കൈയിലാണോ, അവനാണ, ഇതില്‍നിന്ന് സത്യമല്ലാതെ ഒന്നും പുറത്തുവരില്ല.'34

(2) അബൂഹുറൈറ(റ) പറയുന്നു: നബി(സ)യുടെ സ്വഹാബികളില്‍ എന്നേക്കാള്‍ ഹദീസുകള്‍ നിവേദനം ചെയ്തവരായി ആരുമില്ല; അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് ഒഴികെ. അദ്ദേഹം ഹദീസുകള്‍ രേഖപ്പെടുത്തിയിരുന്നു, ഞാനാണെങ്കില്‍ രേഖപ്പെടുത്തിയിരുന്നില്ല.35

(3) അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം: ഒരു അന്‍സ്വാരി നബി(സ)യുടെ സദസ്സുകളില്‍ ഹാജരായിരുന്നുവെങ്കിലും അദ്ദേഹത്തിന് മനഃപാഠമാക്കാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹം എന്നോട് ചോദിക്കുകയും ഞാന്‍ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം തന്റെ മനഃപാഠ ശേഷിക്കുറവിനെ പറ്റി നബി(സ)യോട് സങ്കടം പറഞ്ഞു. തിരുമേനി അദ്ദേഹത്തെ സമാശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു:
استعن على حفظك بيمينك
'മനഃപാഠമാക്കാന്‍ കൈയുടെ സഹായം തേടുക'36  (എഴുതിവെക്കുക എന്നുസാരം).

(4) റാഫിഉബ്‌നു ഖദീജി(റ)ല്‍നിന്ന് നിവേദനം. ഞങ്ങള്‍ നബി(സ)യോട് ചോദിച്ചു. 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ താങ്കളില്‍നിന്ന് ചിലതൊക്കെ കേള്‍ക്കുന്നു, ഞങ്ങള്‍ക്ക് അവ എഴുതാമോ?' അദ്ദേഹം പറഞ്ഞു:
اكتبوا ولا حرج
'പ്രശ്‌നമില്ല, നിങ്ങള്‍ എഴുതിക്കോളൂ.'

(5) അനസി(റ)ല്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു:
قيّدوا العلم بالكتاب
'വിജ്ഞാനത്തെ നിങ്ങള്‍ രേഖപ്പെടുത്തി ബന്ദിയാക്കുക.'38

(6) നബി(സ) സകാത്ത്, തെണ്ടം, ഫര്‍ദുകള്‍, സുന്നത്തുകള്‍ മുതലായവയുമായി ബന്ധപ്പെട്ട ചില രേഖകള്‍ അംറുബ്‌നു ഹസ്മ് മുതലായവര്‍ക്ക് എഴുതി നല്‍കുകയുണ്ടായി.39

(7) അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം. മക്കാ വിജയവേളയില്‍ നബി(സ) പ്രസംഗിക്കാനായി എഴുന്നേറ്റുനിന്നു. അപ്പോള്‍ യമന്‍കാരനായ അബൂ ശാഹ് എന്നയാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എനിക്ക് എഴുതിത്തരണം.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'اكتبواله -നിങ്ങള്‍ അദ്ദേഹത്തിന് എഴുതിനല്‍കുക.'40
അബ്ദുല്ലാഹിബ്‌നു അഹ്‌മദ് പറയുന്നു. 'ഹദീസുകള്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് ഇതിനേക്കാള്‍ സാധുവായ മറ്റൊരു ഹദീസ് ഇല്ല. കാരണം 'അബൂശാഹിന് നിങ്ങള്‍ എഴുതി നല്‍കുക' എന്നത് നബി(സ)യുടെ കല്‍പനയായിരുന്നു.41

(8) ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം. മരണാസന്നവേളയില്‍ വേദന കഠിനമായപ്പോള്‍ നബി(സ) പറഞ്ഞു:  
إيتوني بكتاب اكتب لكم كتابا لا تضلّوا من بعده
'നിങ്ങള്‍ക്ക് ഒരു രേഖ എഴുതിത്തരാനായി നിങ്ങള്‍ ഒരു കിതാബ് കൊണ്ടുവരിക. അതിനുശേഷം നിങ്ങള്‍ വഴിതെറ്റില്ല.' അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: നബി(സ)ക്ക് വേദന കഠിനമായിരിക്കുന്നു. നമ്മുടെ അടുത്ത് അല്ലാഹുവിന്റെ ഗ്രന്ഥം (ഖുര്‍ആന്‍) ഉണ്ട്. നമുക്ക് അതുമതി.' അതു സംബന്ധമായി സ്വഹാബികള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും അത് ബഹളത്തിനിടയാവുകയും ചെയ്തു. നബി(സ) പറഞ്ഞു:
قوموا عنّي ولا ينبغي عندي التنازع
'നിങ്ങള്‍ എന്റെ അടുത്തുനിന്ന് പോവുക. എന്റെ അടുത്തു വെച്ച് തര്‍ക്കം ഹിതകരമല്ല.'42
നബി(സ) ഖുര്‍ആനു പുറമെ സുന്നത്ത് എഴുതാനാണ് ഉദ്ദേശിച്ചത്. രോഗം കാരണം എഴുതിയില്ല എന്നത് അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തെ ദുര്‍ബലപ്പെടുത്തുന്നില്ല. നബി(സ)യുടെ ആയുസ്സറുതിയുടെ ഘട്ടമായിരുന്നു. ഇതില്‍നിന്ന് മനസ്സിലാവുന്നത് ആ ഘട്ടത്തില്‍ എഴുതാന്‍ അനുവദിച്ചിരുന്നു എന്നാണ്.
മുകളില്‍ ഉദ്ധരിച്ച തെളിവുകളില്‍ അബൂശാഹിന്റെ സംഭവം പോലെ എഴുതിക്കൊള്ളാന്‍ അനുവാദം നല്‍കിയവയുണ്ട്. അബ്ദുല്ലാഹിബ്‌നു അംറിനും മറന്നുപോകുന്ന കാരണത്താല്‍ എഴുതാന്‍ അനുവദിച്ച അന്‍സ്വാരി സ്വഹാബിക്കും അനുവാദം നല്‍കിയ പോലെ പ്രത്യേക ഇളവ് എന്നു പറയാന്‍ കഴിയാത്തവിധം പൊതുവായ നിര്‍ദേശമായി മനസ്സിലാക്കാവുന്ന പ്രസ്താവനകളും ഹദീസുകള്‍ എഴുതി സൂക്ഷിക്കാനുള്ള അനുവാദമായി കാണാവുന്നതാണ്. നിവേദക പരമ്പരകളെക്കുറിച്ച് ചില വിയോജനങ്ങളുണ്ടെങ്കിലും, പരസ്പരം ബലപ്പെടുത്തുന്ന ധാരാളം പരമ്പരകളിലൂടെ ഉദ്ധരിച്ചുവന്നത് എന്ന അര്‍ഥത്തില്‍ അനസിന്റെയും റാഫിഉബ്‌നു ഖദീജിന്റെയും റിപ്പോര്‍ട്ടുകളെ നമുക്ക് മുഖവിലക്കെടുക്കാവുന്നതാണ്.
എഴുതാനുള്ള അനുവാദത്തെയും വിലക്കിനെയും കുറിച്ച ഹദീസുകളെ പറ്റിയുള്ള പണ്ഡിത വീക്ഷണങ്ങള്‍:

(ഒന്ന്) അബൂസഈദില്‍ ഖുദ്‌രിയുടെ ഹദീസ് മൗഖൂഫായതിനാല്‍ അത് തെളിവിനു പറ്റില്ല. ഇതേ അഭിപ്രായം ബുഖാരിയില്‍നിന്നും മറ്റും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.47 പക്ഷേ, ഈ വാദം സമ്മതമല്ല. കാരണം ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസ് സ്വഹീഹാണ്. 'ഞാന്‍ ഹദീസ് രേഖപ്പെടുത്താന്‍ നബി(സ)യോട് സമ്മതം ചോദിച്ചു. പക്ഷേ, അദ്ദേഹം എനിക്ക് അനുവാദം തരാന്‍ വിസമ്മതിച്ചു' എന്ന അബൂസഈദിന്റെ തന്നെ നാം വായിച്ച മറ്റൊരു ഹദീസ് അതിനെ ബലപ്പെടുത്തുന്നുണ്ട്.

(രണ്ട്) ഖുര്‍ആനും ഹദീസും കൂടിക്കലരാതിരിക്കാന്‍ വേണ്ടിയാണ് പ്രവാചകത്വത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഹദീസുകള്‍ രേഖപ്പെടുത്തുന്നത് വിലക്കിയതെന്നാണ് രണ്ടാമത്തെ വീക്ഷണം. മുസ്‌ലിംകളുടെ എണ്ണം വര്‍ധിക്കുകയും ഖുര്‍ആനെയും ഹദീസിനെയും കൃത്യമായും വേര്‍തിരിച്ചറിയാവുന്ന ബൗദ്ധിക വിവേകം അവര്‍ നേടുകയും ചെയ്തതോടെ മേല്‍ ആശങ്ക നീങ്ങി. ആശങ്കയുടെ പേരിലുണ്ടായിരുന്ന വിധി ദുര്‍ബലപ്പെടുകയും അനുവാദം ലഭിക്കുകയും ചെയ്തു.48 ഇതേക്കുറിച്ച് റാമഹര്‍മുസി പറയുന്നു:
'ഹദീസുകള്‍ രേഖപ്പെടുത്താന്‍ നബി(സ) അനുവാദം തരണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പക്ഷേ, അദ്ദേഹം അനുവാദം നല്‍കിയില്ല' എന്ന ഹദീസ് ഹിജ്‌റയുടെ ആദ്യഘട്ടത്തിലും ഖുര്‍ആനില്‍നിന്ന് ശ്രദ്ധ മറ്റുവഴിക്ക് തിരിയുമോ എന്ന ആശങ്കയാലുമാണെന്നാണ് എന്റെ സുചിന്തിതാഭിപ്രായം.49 ഇബ്‌നു ഖുതൈബ എഴുതുന്നു: ഒരു ഘട്ടത്തില്‍ നബി(സ) എഴുതുന്നത് വിലക്കി. ഹദീസുകള്‍ വര്‍ധിക്കുകയും അവ നഷ്ടപ്പെടുമെന്ന സ്ഥിതി വന്നപ്പോള്‍ അവ എഴുതി സംരക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.50 ഭൂരിപക്ഷ പണ്ഡിതന്മാരും ഇതേ വീക്ഷണക്കാരാണ്. ഉസ്താദ് അഹ്‌മദ് ശാകിര്‍ എഴുതുന്നത് കാണുക: 51 'നിങ്ങള്‍ എന്നില്‍നിന്ന് ഒന്നും എഴുതരുത്. എന്നില്‍നിന്ന് ഖുര്‍ആനൊഴികെ ആരെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അത് മായ്ച്ചുകളയണം' എന്ന നബിവചനം പിന്നീടുവന്ന അനുവാദത്തിന്റെ വെളിച്ചത്തില്‍ ദുര്‍ബലമാക്കപ്പെട്ടതാണ്. ഖുര്‍ആനില്‍നിന്ന് ജനശ്രദ്ധ ഹദീസിലേക്ക് തിരിയുമോ എന്ന ആശങ്കയിലായിരുന്നു, അവസാനഘട്ടത്തിലായിരുന്നു. നബി(സ)യുടെ ഏതാണ്ട് ജീവിതാവസാനകാലത്ത് ഇസ്‌ലാം സ്വീകരിച്ചയാളാണ് അബൂഹുറൈറ. അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷ ശേഷമാണ് അബ്ദുല്ലാഹിബ്‌നു അംറ് എഴുതാന്‍ തുടങ്ങിയത്. രേഖപ്പെടുത്താന്‍ അനുവാദം നല്‍കിയ ശേഷമാണ് അബൂസഈദിന്റെ ഹദീസെങ്കില്‍ അക്കാര്യം സ്വഹാബികള്‍ക്കിടയില്‍ വ്യക്തമായും ഉറപ്പായും അറിയാന്‍ കഴിയുമായിരുന്നു.52

ഖുര്‍ആനൊപ്പം ഹദീസുകള്‍ രേഖപ്പെടുത്തുന്നത് വിലക്കിയത്, ഖുര്‍ആന്റെ വ്യാഖ്യാനമായി നബി(സ) പറയുന്നത് സ്വഹാബികള്‍ ഖുര്‍ആനൊപ്പം എഴുതിയേക്കുമോ എന്ന ആശങ്കയാലായിരുന്നു എന്നൊരു വീക്ഷണവും പ്രബലമായുണ്ട്.53
(മൂന്ന്) മനഃപാഠമാക്കാന്‍ കഴിയുന്നവര്‍ എഴുത്തിനെ മാത്രം ആശ്രയിച്ചുകളയുമോ എന്ന ആശങ്കയാലാണ് എഴുതാന്‍ അനുവദിക്കാതിരുന്നത്. അബൂശാഹിനെപ്പോലെ മനഃപാഠത്തെ മാത്രം ആശ്രയിക്കാവതല്ലാത്തവര്‍ക്ക് അനുവാദം നല്‍കി.54
(നാല്) ഹദീസുകള്‍ രേഖപ്പെടുത്തരുതെന്ന് പൊതു പ്രഖ്യാപനമായിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ തെറ്റാതെ നന്നായി എഴുതാന്‍ കഴിയുന്നവര്‍ക്ക് അനുവാദം നല്‍കിയിരുന്നു. അബ്ദുല്ലാഹിബ്‌നു അംറ് ഈ ഗണത്തില്‍ പെട്ടയാളായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് അനുവാദം നല്‍കി.55 ഇബ്‌നു ഖുതൈബയുടെ അഭിപ്രായമാണിത്.

ഹദീസുകള്‍ എഴുതിവെക്കുന്നത് വിലക്കിക്കൊണ്ടുള്ള അബൂസഈദില്‍നിന്നുള്ള റിപ്പോര്‍ട്ടും അദ്ദേഹമല്ലാത്തവരില്‍നിന്ന്, എഴുതിക്കൊള്ളാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകളും ഒരുപോലെ സാധുവാണെന്നാണ് നമ്മുടെ അഭിപ്രായം. അബൂസഈദില്‍ ഖുദ്‌രിയുടെ ഹദീസ് മൗഖൂഫാണെന്ന ഒന്നാമത്തെ അഭിപ്രായം ശരിയാണെന്ന് നാം കരുതുന്നില്ല. അതൊഴികെയുള്ള മൂന്ന് അഭിപ്രായങ്ങളും ശരിയാവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഖുര്‍ആനും ഹദീസും അന്യോന്യം ഇടകലര്‍ന്ന് തിരിച്ചറിയാന്‍ കഴിയാതെയാവുമോ എന്ന ആശങ്ക കാരണമാണ് എഴുതാന്‍ അനുവദിക്കാതിരുന്നത്. ഖുര്‍ആനില്‍നിന്ന് ശ്രദ്ധമാറി ഹദീസില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥയുണ്ടാവുമോ എന്ന ആശങ്കയും കാരണമായി കാണാം. മുസ്‌ലിംകള്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയും ഫലകത്തിലും അസ്ഥികളിലും എഴുതി സൂക്ഷിച്ചും സംരക്ഷിക്കട്ടെ എന്ന് നബി(സ) ഉദ്ദേശിച്ചു എന്നും മനസ്സിലാക്കാം. ഹദീസുകള്‍ മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി പരിശീലിക്കാന്‍ നബി(സ) വിടുകയായിരുന്നു. സ്വഹാബികള്‍ നബി(സ)യെ കണ്ടു, അനുകരിച്ചു, കേട്ടു, പിന്തുടര്‍ന്നു. ഇതോടൊപ്പം, അബ്ദുല്ലാഹിബ്‌നു അംറിനെപോലെ ഖുര്‍ആനും ഹദീസും ഇടകലര്‍ന്നെഴുതാന്‍ ഒട്ടും സാധ്യതയില്ലാത്തവര്‍ക്ക് എഴുതാനും അനുവാദം നല്‍കി. മനഃപാഠമാക്കാന്‍ പ്രയാസമുള്ളവരെയും എഴുതാന്‍ സമ്മതിച്ചു. അങ്ങനെ, മുസ്‌ലിംകള്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും ഖുര്‍ആനും ഹദീസും വേര്‍തിരിച്ച് മനസ്സിലാക്കുകയും ചെയ്തതോടെ നിരോധം ദുര്‍ബലപ്പെടുത്തി. നിരോധിക്കാനുണ്ടായ മുമ്പ് വിശദീകരിച്ച കാരണങ്ങളിലേതെങ്കിലും ഒന്നുണ്ടായിരുന്നാലും ഈ കാരണം ബാധകമാകാത്തവര്‍ക്ക് അനുവാദം നല്‍കാവുന്നതാണ്. അതുകൊണ്ടുതന്നെ ആദ്യകാലനിരോധം പൊതുവായിരുന്നില്ല എന്നു മനസ്സിലാക്കാം. നിരോധിക്കാനുള്ള കാരണമുണ്ടായപ്പോള്‍ നിരോധിച്ചു, കാരണം ഇല്ലാതായപ്പോള്‍ നിരോധം നീക്കി എന്നു സാരം.
അബൂശാഹിന്റെയും ഇബ്‌നു അബ്ബാസിന്റെയും 'നിങ്ങള്‍ ഒരു കിതാബ് കൊണ്ടുവരൂ' എന്ന ഹദീസും പൊതുവും നിരുപാധികവുമായ അനുവാദമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ അടിസ്ഥാനത്തില്‍ മേല്‍ റിപ്പോര്‍ട്ടുകള്‍ തമ്മില്‍ വൈരുധ്യമില്ല.

കുറിപ്പുകള്‍

1. مصادر الشعر الجاهلي وقيمتها التاريخية ص: 32-24
2. الأغاني ص: 101-102 ج 2
3. كتاب المحبر ص: 475
4. تاريخ الأمم والملوك للطبري ص: 24 ج 5
5. فتوح البلدان ص: 459
6. طبقات ابن سعد ص: 136 ج 2، عيون الأخبار ص: 168 ج 2، فتوح البلدان ص: 459
7. الأغاني ص: 116 ج 16 هذا ماروي عن ذي الرّمّة
8. قبول الأخيار ص: 64، انظر عبارة المؤرّخين التي يتردّدونها (وكانت الكتابة في العرب قليلة) طبقات ابن سعد ص: 83 قسم 2 ج 3 ص 77 قسم 2 ج 3
9. مصادر الشعر الجاهلي وقيمتها التاريخية ص: 4610.     ഡോ. നാസ്വിറുദ്ദീന്‍ അല്‍ അസദ് 'ഉമ്മിയ്യീന്‍' എന്നതിനെ 'ശരീഅത്ത് അറിയാത്തവര്‍' എന്നാണ് വ്യാഖ്യാനിച്ചത്. അതായത്; എഴുത്തും വായനയും അറിയാത്തവര്‍ എന്നല്ല. ഇതിന് അദ്ദേഹം ചില തെളിവുകളും നിരത്തുന്നുണ്ട്. അദ്ദേഹത്തിന്റെ 'മസ്വാദിറുശ്ശിഅ്‌രില്‍ ജാഹിലി വഖീമത്തു ഹാ അത്താരീഖിയ്യ' പേ: 45 കാണുക. ഈ വാദത്തിന് ഡോ. സ്വുബ്ഹിസ്സ്വാലിഹ് 'ഉലൂമുല്‍ ഹദീസ് വ മുസ്വ്ത്വലഹാതുഹു' എന്ന കൃതിയുടെ പേ: 3-4 ല്‍ വിദഗ്ധമായി മറുപടി പറഞ്ഞിട്ടുണ്ട്.
11. فتح الباري ص: 28-29 ج: 5، صحيح مسلم ص: 761، حديث 15 ج 2
12. انظر تفصيل هذا في فتح الباري 28-29 ج 5
13. المصباح المضيئ في كتاب النّبي الأمّيّ ورسله إلى ملوك الأرض لمحمدبن عليّ بن حديد الأنصاري مخطوط مكتبة إلأوقاف بحلب تحت رقم (270) ص 16-40
14. التنبيه والإشراف ص: 246
15. مسالك الأبصار في ممالك الأمصار ص: 131
16. طبقات ابن سعد ص: 44 و 141 قسم 2 ج 3
17. طبقات بن سعد ص: قسم 2 ج 3، تهذيب التهذيب ص: 464 ج 1، الإصابة ص: 63 ج 1
18. الإصابة ص: 10-11 ج 1، المصباح المضيئ ص: 16
19. دكتور أحمد شلبي، تاريخ التربية الإسلامية، طبعة بيروت 1954 ص: 26
20. طبقات ابن سعد ص: 59 قسم 2 ج 4
21. مسند الإمام أحمد ص: 259 ج 5
22. طبقات ابن سعد ص: 14 قسم 1 ج 2
23. سنن أبي داود ص 337 ج 2 - (رخّص رسول الله في الرقية من العين والحمة والنملة (مسلم)
24. غاية النهاية في طبقات القرّاء ص 606 ج 1و تهذيب التاريخ الكبيرلابن عساكر ص: 69 ج 1
25. غاية النهاية في طبقات القراء ص 607 ج 1، تهذيب التاريخ الكبير لابن عساكر ص 69 ج 1
26. الأعلاق النفيسة 7/216-217، كتاب المحبر ص 379، 477-475
27. معجم الأدباء ص 16 ج 12
28. الأعلاق النفيسة ص 216
29. الأغاني ص 253 ج 4
30. അംറുബ്‌നുല്‍ ആസ്വിന്റെ മകന്‍ അബ്ദുല്ല ഒഴികെയുള്ള സ്വഹാബികള്‍ നിരക്ഷരരായിരുന്നു, ഏറിയാല്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമേ എഴുതാന്‍ അറിഞ്ഞിരുന്നുള്ളൂ, എഴുതിയാല്‍ തന്നെ ഉച്ചാരണം ശരിയായിരുന്നില്ല എന്നൊക്കെയാണ് ഇബ്‌നു ഖുതൈബ 'മുഖ്തലഫുല്‍ ഹദീസി'ല്‍ എഴുതിയിരിക്കുന്നത് (പേ: 366). ഈ വാദം നാം നേരത്തേ വിശദീകരിച്ച ചരിത്ര വസ്തുതകള്‍ വെച്ചുനോക്കുമ്പോള്‍ ശരിയല്ല. 'മുഖദ്ദിമത്തുബ്‌നി ഖല്‍ദൂന്‍' പേ: 543 കാണുക. 
31. صحيح مسلم، شرح النّووي ص 129 ج 18، جامع بيان العلم وفضله ص 63 ج 1
32. المحدّث الفاصل نسخة دمشق ص 5 ج 4، الإلماع ص 28، تقييد العلم ص: 32
33. تقييد العلم ص 34
34. سنن الدّارميّ ص 125، 126 ج 1 ونحوه في تقييد العلم بطرق كثيرة ص 83-74
35. فتح الباري ص 217 ج 1
36. تقييد العلم ص 65،66 الجامع لأخلاق الرّاوي ص 50، توضيح الأفكار ص 353 ج 2
38. الجامع لأخلاق الرّاوي وآداب السامع ص 44، تفييد العلم ص 69 جامع بيان العلم ص72 ج 1،
ഈ ഹദീസ് ദുര്‍ബലമാണെന്ന് മുഹമ്മദ് റശീദ് രിദാ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഇസ്മാഈലുബ്‌നു യഹ്‌യാ വഴിയും ഇതേ കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
39. جامع بيان العلم وفضله ص 71، ج 1
40. مسند الإمام أحمد ص 232 ج 12، فتح الباري 217 ج 1، جامع بيان العلم ص 70 ج 1 ، تقييد العلم ص 86
45. مسند الإمام أحمد ص 235 ج 12
46. فتح الباري ص 218 ج 1، صحيح مسلم ص 1257، 1259 ج 3، طبقات ابن سعد ص 36، 37 ج 2
47. فتح الباري ص 218 ج 1، الباعث الحثيث ص 148، توضيح الأفكار ص 353 ج 2، تهذيب الرّاوي ص 287، منهج ذوي النظر ص 143
48. توضيح الأفكار ص 353-354 ج 2
49. المحدث الفاصل ص 71
50. تأويل مختلف الحديث ص 365
51. الباعث الحثيث ص 148
52. المرجع السابق ص 149
53. فتح المغيث ص 18 ج 3، توضيح الأفكار ص 354 ج 2
54. فتح المغيث ص 18 ج 3، توضيح الأفكار ص 354 ج 2
55. تأويل مختلف الحديث ص 365-366

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top