വ്യാപാരോപരോധം മുസ്‌ലിം ലോക ചരിത്രത്തില്‍

ഇബ്‌റാഹീം ദുവൈരീ‌‌
img

ഭരണവ്യവസ്ഥകള്‍ക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദശക്തിയാവുക എന്ന അര്‍ഥത്തില്‍ ചരിത്രത്തില്‍ പലപ്പോഴും വ്യാപാരോപരോധം പ്രയോഗവല്‍ക്കരിക്കപ്പെട്ടുപോന്നിട്ടുണ്ട്. മുസ്‌ലിം ലോകത്ത് ഇതഃപര്യന്തം പരീക്ഷിക്കപ്പെട്ട ഇത്തരം ചില അനുഭവങ്ങളാണ് താഴെ:
മാലികീ പണ്ഡിതനായ ഇമാം ഖറാഫി (മ. ഹി. 684/ ക്രി. 1285) 'ദഖീറ' എന്ന കൃതിയില്‍ എഴുതുന്നു: മാലികീ പണ്ഡിതനായ ത്വര്‍ത്വുശി (മ. ഹി. 520/ ക്രി. 1126) റോമക്കാരുടെ പാല്‍ക്കട്ടി വാങ്ങുന്നതും ഉപയോഗിക്കുന്നതും നിഷിദ്ധമാണെന്ന് സ്ഥാപിച്ചുകൊണ്ട് ഒരു പുസ്തകമെഴുതുകയുണ്ടായി. പാല്‍ക്കട്ടി ത്രാസും കച്ചവടക്കാരനെയും പാത്രവും മലിനമാക്കും, അതിനാല്‍ അത്തരം കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പാടില്ല. ഇസ്‌ലാമിക ലോകത്തിനെതിരെ നൂറ്റാണ്ടുകള്‍ നടന്ന കുരിശുയുദ്ധങ്ങള്‍ക്ക് നേര്‍സാക്ഷിയായിരുന്നു ത്വര്‍ത്വൂശി. അതുകൊണ്ടുതന്നെ അദ്ദേഹം വ്യാപാരോപരോധത്തെ ആയുധമാക്കണമെന്ന് അഭിപ്രായപ്പെട്ടു.
റോമന്‍ പാല്‍ക്കട്ടിയുടെ നിരോധനത്തിന്റെ വേരുകള്‍ ഇമാം മാലികുബ്‌നു അനസിന്റെ (മ. ഹി. 179/ ക്രി. 796) കാലം വരെ നീളുന്നുണ്ട്. ഇബ്‌നു റുശ്ദിന്റെ (മ. ഹി. 520/ ക്രി. 1126) 'അല്‍ബയാന്‍ വത്തഹ്‌സ്വീല്‍' എന്ന കൃതിയില്‍ ഇങ്ങനെ കാണാം: 'റോമക്കാരുടെ വീടുകളില്‍ കാണുന്ന പാല്‍ക്കട്ടിയെ പറ്റി ചോദിച്ചപ്പോള്‍ മാലികിന്റെ മറുപടി ഹലാല്‍ ഹറാമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഒരാള്‍ സ്വന്തം നിലയില്‍ അനിഷ്ടം പ്രകടിപ്പിക്കുകയാണെങ്കില്‍ കുഴപ്പമില്ല. മൊത്തം ജനങ്ങള്‍ക്ക് ഹറാമായി പ്രഖ്യാപിക്കുന്നതിനെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല' എന്നായിരുന്നു.
റോമക്കാരും മുസ്‌ലിംകളും തമ്മില്‍ നാഗരിക പ്രതിരോധം എന്ന നിലയില്‍ സ്വീകരിച്ച ഇത്തരം നിലപാടിന് ഇമാം മാലിക് മുന്‍പന്തിയില്‍ നിന്നത് യാദൃഛികമല്ല. ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ക്കെതിരെ ഇന്ന് രംഗത്തുള്ള രാഷ്ട്രീയ-സാംസ്‌കാരിക-മതരംഗത്തെ നേതൃത്വങ്ങള്‍ മുഹമ്മദ് നബി(സ)ക്കെതിരെയുള്ള ദുഷ്പ്രചാരണങ്ങളെ ഉപരോധത്തിലൂടെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. പ്രതിരോധത്തിന്റെ ചൂടറിഞ്ഞതിനാലാണല്ലോ ഈയിടെ ഫ്രഞ്ച് പ്രസിഡന്റ് ഇസ്‌ലാമിക ലോകവുമായി സംവദിക്കാന്‍ തയാറാവേണ്ടി വന്നത്. ചരിത്രത്തില്‍ ഇത്തരം സംഭവങ്ങളിലൊക്കെ മുസ്‌ലിം- ക്രൈസ്തവ വിഭാഗങ്ങളിലെ പണ്ഡിതന്മാര്‍ തങ്ങളുടേതായ നേതൃത്വം വഹിച്ചുപോന്നിരുന്നതായി ചരിത്രം പറയുന്നു.

കര്‍മശാസ്ത്ര പണ്ഡിതനായ ത്വര്‍ത്വൂശി തന്റെ 'സിറാജുല്‍ മുലൂക്' എന്ന കൃതിയില്‍ ഈജിപ്തിലെ ഫാത്വിമി മന്ത്രിയായ മഅ്മൂന്‍ ബത്വാഇഹി (മ. ഹി. 519/ ക്രി. 1125) യെ അഭിസംബോധന ചെയ്തുകൊണ്ടു പറയുന്നു: 'ചക്രവര്‍ത്തീ! ശത്രുത കൂടിയാല്‍ അധികാരം നഷ്ടപ്പെടും. സമ്പത്താണ് അധികാരത്തിന്റെ ശക്തിയും രാഷ്ട്രത്തിന്റെ പരിപാലനവുമെന്നറിയണം. അധികാരം നിലനിര്‍ത്തുന്ന പുംബീജം അഥവാ പരാഗം നിര്‍ഭയത്വവും അതിനെ ഉല്‍പാദിപ്പിക്കുന്നത് നീതിയുമാണ്. അധികാരത്തിന്റെ സൗന്ദര്യവും രാഷ്ട്രത്തിന്റെ പദാര്‍ഥവും ശത്രുക്കള്‍ക്കെതിരെയുള്ള ഏറ്റവും ശക്തമായ ആയുധവും സമ്പത്തു തന്നെ. അധികാരത്തിന്റെ നിക്ഷേപവും ഭൂമിയിലെ ജീവിതവും സമ്പത്തിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതിനാല്‍ അതിന്റെ വിനിയോഗം ന്യായാനുസൃതമായിരിക്കണം. ദുര്‍വ്യയവും ധൂര്‍ത്തും തടയപ്പെടണം. പ്രജകളില്‍നിന്ന് അവരുടെ ജീവിതാവശ്യങ്ങള്‍ കഴിഞ്ഞ് മിച്ചമുള്ളതേ വസൂലാക്കാന്‍ പാടുള്ളൂ. വസൂലാക്കുന്നവ ജനങ്ങള്‍ക്ക് തന്നെ തിരിച്ചുകിട്ടുംവിധമായിരിക്കണം ചെലവഴിക്കുന്നത്. ആയതിനാല്‍, ചക്രവര്‍ത്തീ! ഭൂപരിപാലനത്തിലായിരിക്കണം താങ്കളുടെ സര്‍വ ശ്രദ്ധയും.' പ്രജകളുടെ ക്ഷേമത്തോടൊപ്പം ശല്യക്കാരായ ശത്രുക്കളെ ഒതുക്കാനും സമ്പദ്‌രംഗം ആസൂത്രണം ചെയ്യപ്പെടണമെന്ന് ത്വര്‍ത്വൂശി പറഞ്ഞുവെക്കുന്നു.

ഖലീഫ ഉമറും (മ. ഹി. 23/ക്രി. 645) അദ്ദേഹത്തിന്റെ ഗവര്‍ണര്‍മാരും ഹി. 18 ക്രി. 640-ലെ റമാദ പട്ടിണിക്കാലത്ത് രാഷ്ട്ര വികസനത്തില്‍ ഭൂമിശാസ്ത്രപരമായ സാധ്യതകളുടെ മൂല്യം മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കുകയുണ്ടായി. കര-കടല്‍ ഗതാഗത മാര്‍ഗങ്ങള്‍ ജനക്ഷേമത്തിനായി കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിച്ചു.

ഇമാം ത്വബരി (മ. ഹി. 310/ ക്രി. 922) തന്റെ ചരിത്രത്തില്‍ എഴുതുന്നു: ഉമര്‍ (റ) തന്റെ ഗവര്‍ണര്‍മാര്‍ക്ക് ഇങ്ങനെ എഴുതുകയുണ്ടായി; 'നഗരവാസികളെയും സമീപ നിവാസികളെയും നിങ്ങള്‍ സഹായിക്കണം, അവര്‍ കഷ്ടപ്പെടുകയാണ്.' അതിനു മറുപടിയായി ഉഷ്ണ-ശൈത്യകാലങ്ങളിലായി യമനിലേക്കും സിറിയയിലേക്കും ധാരാളം കച്ചവട യാത്രകള്‍ നടത്തിയിട്ടുള്ള അംറുബ്‌നുല്‍ ആസ്വ് (മ. ഹി. 43/ക്രി. 664) മറു കത്തെഴുതിയത് ഇങ്ങനെയായിരുന്നു:

'നബി(സ)യുടെ ജനനത്തോടനുബന്ധിച്ച കാലത്ത് മധ്യധരണ്യാഴിയില്‍നിന്ന് ചെങ്കടലിലേക്ക് ചെന്നെത്തുംവിധം ഒരു വലിയ തോട് കീറിയിരുന്നു. റോമക്കാരും കോപ്റ്റിക്കുകളും അത് അടച്ചുകളഞ്ഞു. അതുകൊണ്ട് ഭക്ഷണ സാധനങ്ങള്‍ക്ക് ഈജിപ്തിലെ അതേ നിലവാരം തന്നെ മദീനയിലും നിശ്ചയിക്കാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ തോടുകളുണ്ടാക്കിയും പാലങ്ങള്‍ പണിതും ഞാന്‍ അതിനുള്ള തയാറെടുപ്പുകള്‍ നടത്താം.' അതിന് ഉമറിന്റെ മറുപടി: 'എത്രയും വേഗം പ്രവര്‍ത്തിച്ചോളൂ' എന്നായിരുന്നു.

ഭൂരിപക്ഷ ഈജിപ്തുകാരും അന്ന് ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാതിരുന്നാല്‍ അവിടത്തെ മുസ്‌ലിംകള്‍ അംറിനു മുമ്പില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ മറ്റൊരു നിര്‍ദേശം മുന്നോട്ടു വെച്ചു: 'ഇപ്പോള്‍ താങ്കള്‍ വ്യവസ്ഥാപിതമായ നികുതി സമ്പ്രദായം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഖലീഫ അതില്‍ തൃപ്തനുമാണ്. താങ്കള്‍ പുതിയ ജലപാതകള്‍ തുറന്നാല്‍ നികുതി കുറയും.' ജലപാതകള്‍ തുറന്നാല്‍ ഈജിപ്തിലെ നികുതികള്‍ കുറയാനും രാജ്യം തകരാനുമിടയാകും എന്ന് അംറ്, ഉമറിനെ അറിയിച്ചു. മറുപടിയായി ഉമര്‍(റ) എഴുതി: 'എങ്കില്‍ എത്രയും വേഗം അതനുസരിച്ച് പ്രവര്‍ത്തിക്കുക.'
തുടര്‍ന്ന് അംറ് സ്വീകരിച്ച നടപടികളിലൂടെ മദീനയിലെ വിലനിലവാരം ഈജിപ്തിലേതിനു തുല്യം നിലനിര്‍ത്താന്‍ സാധിച്ചു. ഈജിപ്തിന്റെ സാമ്പത്തിക സമൃദ്ധി വര്‍ധിച്ചതേയുള്ളൂ. മദീനയിലാണെങ്കില്‍ റമാദ പോലുള്ള വരള്‍ച്ചാ കാലം പിന്നീടുണ്ടായതുമില്ല.

ബഗ്ദാദിന്റെ പ്രാധാന്യം
മുസ്‌ലിം ഖലീഫമാര്‍ സാമ്പത്തിക-ഭൂമിശാസ്ത്രം മനസ്സിലാക്കുന്നതില്‍ എത്രമാത്രം വിദഗ്ധരായിരുന്നു എന്നതിന്റെ ഏറ്റവും മികച്ച തെളിവായിരുന്നു അബ്ബാസി ഖലീഫ മന്‍സ്വൂര്‍ (മ. ഹി. 158/ ക്രി. 776) ബഗ്ദാദിനെ അബ്ബാസി ഭരണകൂടത്തിന്റെ തലസ്ഥാനമായി തെരഞ്ഞെടുത്തത്. എന്നാല്‍ യൂഫ്രട്ടീസ് നദിയുമായി ബന്ധപ്പെടാവുന്നവിധം 'അസ്സ്വറാത്ത്' എന്ന കൊച്ചു നദിയുടെ തീരത്ത് തലസ്ഥാനം നിര്‍മിക്കുകയാവും നന്നാവുകയെന്ന് ചില വിദഗ്ധര്‍ കൂടിയാലോചനയില്‍ അഭിപ്രായപ്പെട്ടു. നിര്‍ദിഷ്ട പ്രദേശത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ പ്രാധാന്യം വിശദീകരിക്കപ്പെട്ടു. കിഴക്കും പടിഞ്ഞാറുമുള്ള ലോകോത്തര വിപണന സാധ്യതകള്‍ക്ക് വഴിയൊരുക്കുന്ന പ്രധാന പാതകളുമായി ബന്ധമുള്ളതിനാല്‍ സാമ്പത്തിക ഉപരോധത്തിന് വിധേയമാവേണ്ടിവരില്ലെന്നതായിരുന്നു സ്വറാത്തിന്റെ തന്ത്രപ്രാധാന്യം. സ്വറാത്തിന്റെ ചുറ്റുമുള്ള നദികള്‍ ചരക്കുനീക്കങ്ങള്‍ക്ക് അത്യന്തം സഹായകരമായിരുന്നു. അതനുസരിച്ച് തലസ്ഥാനം അവിടെയാണ് സ്ഥാപിക്കപ്പെട്ടത്. ചരിത്രകാരന്‍ ത്വബരി പറയുന്നതനുസരിച്ച്, വിദഗ്ധര്‍ ഖലീഫയോട് പറഞ്ഞു: 'പടിഞ്ഞാറുനിന്ന് യൂഫ്രട്ടീസ് വഴി കപ്പലുകളില്‍ സാധനങ്ങള്‍ കൊണ്ടുവരാം. ഈജിപ്തില്‍നിന്നും ശാമില്‍നിന്നും അപൂര്‍വ വിശിഷ്ട വസ്തുക്കള്‍ എത്തിക്കാം. ടൈഗ്രീസ് വഴി ചൈനയില്‍നിന്നും ഇന്ത്യയില്‍നിന്നും ബസ്വറയില്‍നിന്നും വാസിത്വില്‍നിന്നും അപൂര്‍വ കൗതുക വസ്തുക്കള്‍ കൊണ്ടുവരാം. അര്‍മീനിയയില്‍നിന്നും സമീപ നാടുകളില്‍നിന്നും ഭക്ഷണസാധനങ്ങള്‍ സാബ് നദി വഴി ലഭ്യമാക്കാം. റോമില്‍നിന്നും ആമുദില്‍നിന്നും (ഇന്നത്തെ തുര്‍ക്കിയിലെ ദിയാറുബക്‌റ് നഗരം) അല്‍ജസീറയില്‍നിന്നും മൗസ്വിലില്‍നിന്നും ടൈഗ്രീസ് വഴി ഭക്ഷണ വിഭവങ്ങള്‍ കൊണ്ടുവരാന്‍ കഴിയും.'

രാഷ്ട്രങ്ങളുടെ നിലനില്‍പിലും വളര്‍ച്ചയിലും വികാസത്തിലും സമ്പദ്‌സമൃദ്ധിക്ക് എക്കാലവും വലിയ പങ്കുണ്ടായിരുന്നു എന്നു പറയേണ്ടതില്ല. സാമ്പത്തിക സ്രോതസ്സുകള്‍ കുറയുന്നതിനനുസരിച്ച് പല രാജ്യങ്ങളും ആഭ്യന്തരമായും ബാഹ്യമായും ഭീഷണികള്‍ക്ക് വിധേയമായതാണ് ചരിത്രം. സാമ്പത്തിക സമ്മര്‍ദം ചെലുത്താന്‍ കഴിയുന്ന രാജ്യങ്ങള്‍ അതില്ലാത്തവയെ കീഴടക്കുന്ന അവസ്ഥയുണ്ടായി.

തത്വശാസ്ത്രജ്ഞനും ചരിത്രകാരനുമായ മിസ്‌കവൈഹി (മ. ഹി. 421/ ക്രി. 1031) 'തജാറുബുല്‍ ഉമം' എന്ന കൃതിയില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി(മ. ബി.സി 323)യുടെ ജൈത്രയാത്രയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: 'അലക്‌സാണ്ടര്‍ ഒരു നഗരത്തിലെത്തിയപ്പോള്‍ അവിടത്തുകാര്‍ പുറത്തിറങ്ങാതെ സ്വയരക്ഷ പാലിച്ചു. നഗരവാസികള്‍ക്കാവശ്യമായ ഭക്ഷണവും ജലവും നഗരപരിധിയില്‍ തന്നെയുണ്ടെന്നറിഞ്ഞ അലക്‌സാണ്ടര്‍ പുറത്തുള്ള ചില വ്യാപാരികളുമായി ശട്ടം കെട്ടി നഗരത്തില്‍ചെന്ന് അവ വിലയ്ക്കുവാങ്ങാന്‍ തന്ത്രം മെനഞ്ഞു. അതുപ്രകാരം നഗരവാസികളുടെ വശമുണ്ടായിരുന്ന ഭക്ഷണസാധനങ്ങളില്‍ കൂടുതലും വ്യാപാരികള്‍ സ്വന്തമാക്കി. ശേഖരിച്ച ഭക്ഷണസാധനങ്ങളത്രയും കത്തിച്ചുകളഞ്ഞ് രക്ഷപ്പെടാന്‍ അലക്‌സാണ്ടര്‍ നിര്‍ദേശിച്ചു. എല്ലാം കഴിഞ്ഞ് ചക്രവര്‍ത്തി നഗരവാസികളെ ഉപരോധിച്ചു. അവര്‍ക്ക് കീഴടങ്ങുകയല്ലാതെ മാര്‍ഗമില്ലെന്നു വന്നു.'

യൂസുഫ് നബിയുടെയും സഹോദരന്മാരുടെയും ചരിത്രം പറയുന്നേടത്ത് ഖുര്‍ആന്‍ ഇത്തരമൊരു സാമ്പത്തികോപരോധം സംബന്ധിച്ച് പറയുന്നുണ്ട്. ഫലസ്ത്വീനിലെ പട്ടിണിയെ തുടര്‍ന്ന് സഹോദരന്മാര്‍ ഈജിപ്തില്‍ വരുന്നതാണ് പശ്ചാത്തലം. ഇനി വരുമ്പോള്‍ സഹോദരനെ കൂടി കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ റേഷനുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

''അങ്ങനെ അവര്‍ക്കു വേണ്ട സാധനങ്ങള്‍ അവര്‍ക്കു ഒരുക്കിക്കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ബാപ്പയൊത്ത ഒരു സഹോദരന്‍ നിങ്ങള്‍ക്കുണ്ടല്ലോ. അവനെ നിങ്ങള്‍ എന്റെ അടുത്തേക്ക് കൊണ്ടുവരണം. ഞാന്‍ അളവു തികച്ചു തരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാന്‍ നല്‍കുന്നത് എന്നും നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ അവനെ നിങ്ങള്‍ എന്റെ അടുത്ത് കൊണ്ടുവരുന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി എന്റെ അടുക്കല്‍നിന്നു അളന്നു തരുന്നതല്ല. നിങ്ങള്‍ എന്നെ സമീപിക്കേണ്ടതുമില്ല'' (യൂസുഫ്: 59,60). ജയിലില്‍നിന്ന് പുറത്തുകടന്ന യൂസുഫ് നബി തന്റെ മാതാപിതാക്കളെയും സഹോദരനെയും കാണാന്‍ വേണ്ടിയാണ് റേഷന്‍ തടഞ്ഞതെങ്കില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം മറ്റൊരു പ്രവാചകന്‍ -മുഹമ്മദ് നബി(സ)- ആദര്‍ശപരമായ കാരണങ്ങളാല്‍ ഖുറൈശികളുടെ ഉപരോധത്തിന് ഇരയാകേണ്ടി വന്നു.

ഖുറൈശികള്‍ സകലമാര്‍ഗങ്ങളും ഉപയോഗിച്ച് നബി(സ)ക്കും സ്വഹാബികള്‍ക്കുമെതിരെ വിദ്രോഹ പ്രവൃത്തികള്‍ നടത്തി. പ്രലോഭനങ്ങള്‍, പ്രീണനങ്ങള്‍, ഭീഷണികള്‍, സമ്മര്‍ദങ്ങള്‍... ഒടുവില്‍ സാമൂഹിക-സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി. പക്ഷേ, നബി(സ)യുടെ ഇഛാശക്തിയുടെ മുമ്പില്‍ ഖുറൈശികള്‍ അടിയറവ് പറഞ്ഞു. പിതൃവ്യന്‍ അബൂത്വാലിബി(മ.ഹി. മു. 3/ ക്രി. 619)നോട് ഉപരോധം കനത്ത ഘട്ടത്തില്‍ നബിതിരുമേനി പറഞ്ഞു: 'പിതൃവ്യാ! അവര്‍ സൂര്യനെ എന്റെ വലംകൈയിലും ചന്ദ്രനെ ഇടതുകൈയിലും വെച്ചുതന്നാല്‍ പോലും ഞാന്‍ ഇത് ഉപേക്ഷിക്കുകയില്ല. അല്ലാഹു ഇതിനെ വിജയിപ്പിക്കും, അല്ലെങ്കില്‍ ഞാന്‍ ഈ മാര്‍ഗത്തില്‍ മരിക്കും' (ഇബ്‌നു ഇസ്ഹാഖിന്റെ (ഹി. 151, ക്രി. 769) റിപ്പോര്‍ട്ടില്‍നിന്ന്).

ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ മുഹമ്മദ് നബി(സ)യെ നിരന്തരമായി അപവദിക്കുമ്പോള്‍ മുസ്‌ലിംകള്‍ ഈ ചരിത്രമെല്ലാം അയവിറക്കുന്നത് നല്ലതാണ്. പ്രതിസന്ധികള്‍ക്കിടയിലും സഹോദര പുത്രനെ സംരക്ഷിക്കാന്‍ അബൂത്വാലിബ് തയാറായി. 'സഹോദരപുത്രാ! നീ നിന്റെ കാര്യവുമായി മുന്നോട്ടുപോവുക. നീ ഇഷ്ടമുള്ളത് ചെയ്തുകൊള്ളുക. ദൈവമാണ, ഒരിക്കലും ഞാന്‍ നിന്നെ വിട്ടുകൊടുക്കില്ല.' അബൂത്വാലിബിന്റെ ശബ്ദം ഉറച്ചതായിരുന്നു.
നബി(സ)യെയും വിശ്വാസികളെയും സാമൂഹികമായും സാമ്പത്തികമായും ഉപരോധിക്കുക മാത്രമേ ഖുറൈശികളുടെ മുമ്പാകെ വഴിയുണ്ടായിരുന്നുള്ളൂ. ഹാശിം, മുത്ത്വലിബ് കുടുംബങ്ങളുമായി വിവാഹബന്ധം പാടില്ലെന്നും ഇടപാടുകള്‍ നടത്തരുതെന്നും വ്യവസ്ഥയുണ്ടാക്കി ഖുറൈശികള്‍ ഉപരോധരേഖ കഅ്ബയില്‍ കെട്ടിത്തൂക്കി. അതിനുപുറമെ, എവിടെനിന്നും ഭക്ഷണസാധനങ്ങള്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി. മലഞ്ചെരിവില്‍നിന്ന് ഹജ്ജ്, വ്യാപാര സീസണുകളില്‍ പുറത്തുവന്ന മുസ്‌ലിംകള്‍ക്ക് ചരക്കുകള്‍ ലഭിക്കാതിരിക്കാനായി ശത്രുക്കള്‍ അവ കൂടുതല്‍ വില നല്‍കി വാങ്ങി കൂടുതല്‍ സമ്മര്‍ദത്തിലാക്കി.
ഉപരോധം നീണ്ടുനിന്ന മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഒറ്റക്കും കൂട്ടായുമുള്ള നീക്കങ്ങള്‍ നടന്നു. വിവിധ രീതികളില്‍ ഭക്ഷണസാധനങ്ങള്‍ മലഞ്ചെരുവിലേക്ക് ഒളിച്ചുകടത്താന്‍ ശ്രമങ്ങളുണ്ടായി. ഒടുവില്‍ ഉപരോധം പരാജയപ്പെടുത്താന്‍ കഴിഞ്ഞു.

വര്‍ഷങ്ങള്‍ക്കു ശേഷം മദീനയിലെത്തിയ മുസ്‌ലിംകള്‍ക്ക് മറ്റൊരു ഉപരോധം നേരിടേണ്ടി വന്നു. ഇത്തവണ അത് മുനാഫിഖുകളുടെ ഭാഗത്തുനിന്നായിരുന്നു. 'അല്ലാഹുവിന്റെ ദൂതന്റെ അടുക്കലുള്ളവര്‍ക്കുവേണ്ടി അവര്‍ (അവിടെനിന്ന്) പിരിഞ്ഞു പോകുന്നതുവരെ നിങ്ങള്‍ (ഒന്നും) ചെലവ് ചെയ്യരുത്' എന്ന് പറയുന്നവരാകുന്നു അവര്‍ (മുനാഫിഖൂന്‍: 7). കപടവിശ്വാസികളുടെ മോഹം പൂവണിയാതെ ഇസ്‌ലാമിക രാഷ്ട്രം കുറഞ്ഞ കാലംകൊണ്ട് സ്വയംപര്യാപ്തമായി.

ശിക്ഷണ നടപടി, പകരത്തിനു പകരം
അറേബ്യന്‍ ഉപദ്വീപില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന ഖുറൈശികള്‍ മുസ്‌ലിംകള്‍ക്കും മുസ്‌ലിംകളെ സഹായിക്കുന്ന അമുസ്‌ലിംകള്‍ക്കുമെതിരെ ഉപരോധം നടപ്പിലാക്കിയതിലൂടെ സാമ്പത്തിക-വ്യാപാര രംഗങ്ങളില്‍ അസ്വസ്ഥഭരിതമായ നാളുകള്‍ സ്വയം ക്ഷണിച്ചുവരുത്തുകയായിരുന്നു. മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമായതോടെ ഖുറൈശികളെ പഠിപ്പിക്കാന്‍ അവസരമൊരുങ്ങി. സ്വദേശമായ മക്കയില്‍നിന്ന് ബഹിഷ്‌കൃതരായ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ട സമ്പത്തുക്കള്‍ ശത്രുക്കളില്‍നിന്ന് തിരികെ ഈടാക്കാന്‍ സാഹചര്യമുണ്ടായി.
മദീനയില്‍ പലായനം ചെയ്‌തെത്തിയ നബി ആദ്യം സ്വീകരിച്ച നടപടികളിലൊന്ന് ഖുറൈശികളുടെ സമ്പത്തില്‍ കൈവെക്കുക എന്നതായിരുന്നു. ചരിത്രത്തില്‍ വാഖിദി (മ.ഹി. 207/ ക്രി. 827) എഴുതുന്നു: 'നബി(സ) ആദ്യമായി യുദ്ധപതാക നല്‍കിയത് ഹി. 1/ ക്രി. 623-ല്‍ ഹംസ (റ) (മ.ഹി. 3/ക്രി. 625) ക്കായിരുന്നു. ഖുറൈശികളുടെ കച്ചവട സംഘത്തെ നേരിടുകയായിരുന്നു ലക്ഷ്യം.' ഇതിനു ശേഷവും ശാമിലേക്ക് പോയ കച്ചവടസംഘങ്ങളെ പലഘട്ടങ്ങളിലായി മുസ്‌ലിംകള്‍ നേരിടുകയുണ്ടായി. സാമ്പത്തികോപരോധത്തിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കിയ സുമാമത്തുബ്‌നു ഉസാലുല്‍ ഹനഫി (മ.ഹി. 11/ക്രി. 632) തന്റെ ഇസ്‌ലാമാശ്ലേഷാനന്തരം നബി(സ)യോട് പറയുകയുണ്ടായി: 'ഉംറ ചെയ്യാന്‍ പോവുകയായിരുന്ന എന്നെ താങ്കളുടെ അശ്വസേന പിടികൂടുകയുണ്ടായി. താങ്കള്‍ എന്തുപറയുന്നു?' നബി(സ) സുമാമയോട് ഉംറ ചെയ്യാന്‍ നിര്‍ദേശിച്ചു. അതുപ്രകാരം മക്കയിലെത്തിയ സുമാമയോട് ഒരാള്‍ ചോദിച്ചു: 'നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചുവോ?'
സുമാമ: 'ഇല്ല. ഞാന്‍ അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് നബി(സ)യില്‍ വിശ്വസിച്ചതേയുള്ളൂ. ദൈവമാണ, നബി(സ) സമ്മതം തരുന്നതുവരെ യമാമ (സുഊദിയിലെ ഇന്നത്തെ രിയാദും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുന്ന മേഖല)യില്‍നിന്ന് ഒരുമണി ഗോതമ്പ് നിങ്ങള്‍ക്ക് കിട്ടില്ല.'

ആയുധങ്ങളേക്കാള്‍ സാമ്പത്തികോപരോധത്തെ ഖുറൈശികള്‍ ഭയക്കുന്ന സാഹചര്യമുണ്ടായതായി തുടര്‍ന്നുള്ള ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഇബ്‌നു ഹജര്‍ (മ. ഹി. 852/ ക്രി. 1448) എഴുതുന്നു: ഉംറക്കായി യാത്രയായ സുമാമ മക്കയിലെ മലഞ്ചെരുവില്‍ വെച്ച് തല്‍ബിയത്ത് ചൊല്ലി. ആദ്യമായി തല്‍ബിയത്ത് ചൊല്ലി പ്രവേശിച്ചത് സുമാമയായിരുന്നു. ഖുറൈശികള്‍ അദ്ദേഹത്തെ പിടികൂടി. 'നിങ്ങള്‍ ഞങ്ങളെ പീഡിപ്പിക്കാന്‍ ധൃഷ്ടനായിരിക്കുന്നു' എന്നു പറഞ്ഞ് അവര്‍ അദ്ദേഹത്തെ വധിക്കാനാഞ്ഞു. അപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: 'അദ്ദേഹത്തെ വിട്ടേക്കൂ. നിങ്ങള്‍ക്ക് യമാമയില്‍നിന്ന് ഭക്ഷ്യവിഭവങ്ങള്‍ കൊണ്ടുവരേണ്ടിവരും.' ഇതുകേട്ടപാടെ ഖുറൈശികള്‍ സുമാമയെ പോകാനനുവദിച്ചു.

ഇസ്‌ലാമില്‍നിന്ന് പിന്‍വാങ്ങാന്‍ ഖുറൈശികള്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ സുമാമ ഉറച്ച സ്വരത്തില്‍ അവരോട് പ്രഖ്യാപിച്ചു: 'ദൈവമാണ, ഞാന്‍ നിങ്ങളുടെ മതത്തിലേക്ക് തിരിച്ചുവരില്ല. നിങ്ങളോട് ദയകാണിക്കുകയില്ല. യമാമയില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ വരുന്നത് ഞാന്‍ വിലക്കും.' യമാമയിലെത്തിയ സുമാമ പറഞ്ഞതുതന്നെ ചെയ്തു. ഒരുമണി ഗോതമ്പു പോലും മക്കയിലേക്ക് വിട്ടില്ല. കഷ്ടത്തിലായ ഖുറൈശികള്‍ നബി(സ)ക്ക് താഴെ കത്തയച്ചു: 'കുടുംബ ബന്ധം ചേര്‍ക്കാന്‍ കല്‍പിക്കുന്ന (താങ്കള്‍ ഞങ്ങളെ സഹായിക്കണം).' - ഇതുപ്രകാരം നബി(സ) ഭക്ഷണസാധനങ്ങള്‍ അയച്ചുകൊടുക്കാന്‍ സുമാമക്ക് കത്തയച്ചു. അദ്ദേഹം ഉപരോധം എടുത്തുനീക്കി.

ഖവാരിജുകളുടെ തെറ്റായ പ്രയോഗവല്‍ക്കരണം
ഇസ്‌ലാമിക ചരിത്രത്തില്‍ ഖവാരിജുകളുടെ വ്യതിചലനം രാഷ്ട്രീയ-യുദ്ധമേഖലയില്‍ പരിമിതമായിരുന്നില്ല. ഖവാരിജുകളില്‍ നജ്ദബ്‌നു ആമിര്‍ ഹനഫി(മ.ഹി. 72 /ക്രി. 689)യാണ് സാമ്പത്തികോപരോധത്തെ ശക്തമായി ഉപയോഗപ്പെടുത്തിയത്. നേരത്തേ തന്റെ സുഹൃത്തായിരുന്ന നാഫിഉബ്‌നുല്‍ അസ്‌റഖില്‍ ഹനഫി (മ.ഹി. 64 /ക്രി. 682) ചില പുത്തന്‍ ആചാരങ്ങള്‍ ആവിഷ്‌കരിച്ചു എന്ന് കുറ്റപ്പെടുത്തി നജ്ദ, നാഫിഉമായുള്ള ബന്ധം വിഛേദിച്ചു. തുടര്‍ന്ന് യമാമയിലേക്ക് പോയ നജ്ദ ഖവാരിജുകളുടെ നേതാവായ അബൂത്വാലൂത്ത് അല്‍ ബക്‌രി (മ.ഹി. 66/ക്രി. 684)യോട് അനുസരണ പ്രതിജ്ഞചെയ്യാന്‍ ആവശ്യപ്പെട്ടു. യമാമയിലെ ഒരു താഴ്‌വരയായ ഖദാരിമിലെത്തി അവിടമാകെ കൊള്ളയടിച്ചു. ഹനീഫ വംശജരുടേതായിരുന്നു താഴ്‌വര. കൊള്ള മുതലുകള്‍ തന്റെ അനുയായികള്‍ക്കിടയിലായി വീതിച്ചുനല്‍കി.
ഹി: 65-ലായിരുന്നു ഇത് (ചരിത്രകാരന്‍ ഇബ്‌നുല്‍ അസീറിന്റെ (മ.ഹി. 630 /ക്രി. 1233) 'അല്‍കാമിലി'ല്‍നിന്ന്).

സമ്പത്ത് നല്‍കി നജ്ദ അനുയായികളെ വശീകരിച്ചു. പിന്നീട് അത് അദ്ദേഹത്തിന്റെ ഒരു രീതിയായി മാറി. ബഹ്‌റൈനില്‍നിന്നോ ബസ്വറയില്‍നിന്നോ അബ്ദുല്ലാഹിബ്‌നു സുബൈറിന് വരികയായിരുന്ന ഒരു കച്ചവട സംഘത്തെ നജ്ദ കൊള്ളയടിച്ചു കൊണ്ടുവന്ന് ഖദാരിമില്‍ അബൂത്വാലൂത്തിനെ ഏല്‍പ്പിച്ചു. അയാള്‍ അത് അനുയായികള്‍ക്കിടയില്‍ വീതിച്ചു. അപ്പോള്‍ അനുയായികളുടെ പ്രതികരണം, 'അബൂത്വാലൂത്തിനേക്കാള്‍ ഞങ്ങള്‍ക്ക് നല്ലത് നജ്ദയാണ്' എന്നായിരുന്നു. അനുയായികള്‍ ഒന്നടങ്കം നജ്ദക്ക് അനുസരണ പ്രതിജ്ഞ ചെയ്തു. ഗത്യന്തരമില്ലാതെ ഒടുവില്‍ അബൂത്വാലൂത്തും നജ്ദയുടെ നേതൃത്വം അംഗീകരിച്ചു. ഹി. 66-ല്‍ ഈ സംഭവം നടക്കുമ്പോള്‍ നജ്ദക്ക് മുപ്പതായിരുന്നു പ്രായം.
സമ്പത്തിന്റെ പ്രാധാന്യം കൂടുതല്‍ അടുത്തറിഞ്ഞ നജ്ദ അറേബ്യയുടെ പല ഭാഗങ്ങളിലും തന്റെ പ്രതിനിധികളെ നിശ്ചയിച്ച് ബഹ്‌റൈനിലെ തന്റെ കോട്ടയിലേക്ക് പിന്‍വാങ്ങി. തുടര്‍ന്ന് യമാമയില്‍നിന്നും ബഹ്‌റൈനില്‍നിന്നുമുള്ള ഭക്ഷണവിഭവങ്ങള്‍ മക്ക-മദീനാ നിവാസികള്‍ക്ക് വിലക്കി. ഇതേ തുടര്‍ന്ന് ഇബ്‌നു അബ്ബാസ് (മ. ഹി. 68 /ക്രി. 688)-ല്‍ നജ്ദക്ക് താഴെ കത്തയച്ചു: 'സുമാമത്തുബ്‌നു ഉസാല്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ശത്രുക്കളായ മക്കക്കാര്‍ക്ക് ഭക്ഷണസാധനങ്ങള്‍ കൊടുത്തയക്കുന്നത് തടഞ്ഞുവെച്ചു. നബി(സ) ഇടപെട്ടതോടെ വിതരണം പുനരാരംഭിച്ചു. താങ്കള്‍ തടഞ്ഞുവെച്ചിരിക്കുന്നത് മുസ്‌ലിംകളായ ഞങ്ങള്‍ക്കാണ്.' കത്തു കിട്ടിയ നജ്ദ ഭക്ഷണസാധനങ്ങള്‍ വിട്ടുകൊടുത്തു തുടങ്ങി.

മക്കക്കാര്‍ക്കെതിരെ നജ്ദ തുടങ്ങിവെച്ച ഭക്ഷണോപരോധത്തോടെ മുസ്‌ലിം ലോകത്ത് ഉപരോധം ഒരു യുദ്ധോപാധിയായി മാറി. ഉമയ്യ വംശത്തിന്റെ ഭരണകാലത്ത് ഹജ്ജാജ് മക്കയില്‍ മിഞ്ചനീഖ് (യന്ത്രക്കവണ) സ്ഥാപിച്ച് ഉപരോധിച്ചു. അബ്ദുല്‍ മലികുബ്‌നു മര്‍വാന് (മ. ഹി. 86 ക്രി. 706) അനുസരണ പ്രതിജ്ഞ ചെയ്യാന്‍ മക്കക്കാരെ നിര്‍ബന്ധിക്കുകയായിരുന്നു ഉപരോധത്തിന്റെ ലക്ഷ്യം. ഭക്ഷണവും വെള്ളവും തടയപ്പെട്ടു. സംസം ജലമായിരുന്നു മക്കക്കാരുടെ ആശ്രയം (ഇബ്‌നു കസീര്‍ മ. 774 /ക്രി. 1372 'അല്‍ബിദായ വന്നിഹായ).

അബ്ബാസി ഭരണത്തില്‍
അബ്ബാസി ഖിലാഫത്ത് കാലത്ത് ഹാറൂന്‍ റശീദിന്റെ മക്കളായ അമീനും (മ.ഹി. 198/ക്രി. 808) സഹോദരന്‍ മഅ്മൂനും (മ. 218/ക്രി. 833) തമ്മില്‍ രക്തരൂക്ഷിതമായ ആഭ്യന്തര കലാപങ്ങളുണ്ടായി. സാമ്പത്തിക ബഹിഷ്‌കരണവും വാണിജ്യോപരോധവും സ്വീകരിക്കപ്പെട്ടു. ത്വബരി രേഖപ്പെടുത്തുന്നു: 'ഖുറാസാനില്‍നിന്ന് മഅ്മൂനിനെ ബഗ്ദാദിലേക്ക് കൊണ്ടുവന്ന് അധികാരം കൈക്കലാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഹി. 194/ക്രി. 811-ല്‍ ഖുറാസാനിലേക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോവരുതെന്ന് അമീന്‍ ഉത്തരവിട്ടു. ശേഷം മഅ്മൂനുമായി തുറന്ന പോരാട്ടത്തിനു തയാറായി.'

ഫാത്വിമി ഘട്ടത്തില്‍
ഇമാമി ഇസ്മാഈലി ശീഈകള്‍ ഹി. 358/ക്രി. 969-ല്‍ ഈജിപ്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ മക്ക-മദീന ഹറമുകളെച്ചൊല്ലി കെയ്‌റോവിനും ബഗ്ദാദിനുമിടയില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചു. മുസ്‌ലിം ജനസാമാന്യത്തിനിടയില്‍ ഹറമുകളുടെ നേതൃത്വം വലിയ അംഗീകാരമായിരുന്നതാണ് സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണം. ഇതുസംബന്ധമായി ഇമാം ഇബ്‌നുല്‍ ജൗസി (മ.ഹി. 597/ക്രി. 1200) തന്റെ 'മുന്‍തളിം' എന്ന കൃതിയിലെഴുതുന്നു: 'ഹി. 365/ക്രി. 976-ലെ ഹജ്ജിന് ഫാത്വിമി ഖലീഫയും ഈജിപ്തിലെ ഭരണാധികാരിയുമായ അല്‍ അസീസ് (മ. ഹി. 386/ക്രി. 996) നേതൃത്വം നല്‍കി. മക്കയിലും മദീനയിലും അദ്ദേഹത്തിനനുകൂലമായി പ്രചാരണങ്ങള്‍ നടന്നു. മക്കാ നിവാസികള്‍ ഉപരോധിക്കപ്പെട്ടു. ഭക്ഷണസാധനങ്ങള്‍ നിഷേധിക്കപ്പെട്ടു. പലതരം ദുരിതങ്ങള്‍ക്കും അവര്‍ ഇരയാവേണ്ടിവന്നു.'

മുറാബിത്വുകള്‍ മുവഹ്ഹിദുകള്‍ക്കെതിരെ
പശ്ചിമ ഇസ്‌ലാമിക നാടുകളില്‍ മുറാബിത്വുകള്‍ മുവഹ്ഹിദുകള്‍ക്കെതിരില്‍ ഉപരോധമെന്ന ആയുധം പ്രയോഗിച്ചു. അതുവഴി തങ്ങളുടെ രാഷ്ട്രത്തിന്റെ തകര്‍ച്ച മുപ്പതുവര്‍ഷത്തോളം വൈകിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മുറാബിത്വുകളുടെ അമീര്‍ അലിയ്യുബ്‌നു യൂസുഫുബ്‌നു താശഫീന്‍ (മ. 537/ക്രി. 1142) ശക്തമായ ഒരു സേനയെ അയച്ച് മുവഹ്ഹിദുകളെ ഉപരോധിച്ചു. മൊറോക്കോയിലെ തീന്‍ മല്ലല്‍ എന്ന പര്‍വത പ്രദേശം കേന്ദ്രീകരിച്ചായിരുന്നു ഉപരോധം. ഭക്ഷണസാധനങ്ങള്‍ തടയപ്പെട്ടു. തിന്നാന്‍ റൊട്ടിപോലുമുായിരുന്നില്ലെന്ന് ഇബ്‌നുല്‍ അസീര്‍ എഴുതുന്നു.

പാശ്ചാത്യ യൂറോപ്പില്‍
സാമ്പത്തിക ഉപരോധവും ബഹിഷ്‌കരണവും ഇസ്‌ലാമിക ലോകത്തേക്കാള്‍ തീവ്രവും ശക്തവുമായി നടപ്പിലാക്കപ്പെട്ടിരുന്നത് പാശ്ചാത്യ ലോകത്തായിരുന്നു. സമുദ്രങ്ങളും തുറമുഖങ്ങളുമായിരുന്നു പാശ്ചാത്യരുടെ പ്രധാന ജീവിതാവലംബങ്ങള്‍ എന്നതിനാല്‍ അവയെ മുന്‍നിര്‍ത്തിയുള്ള ഉപരോധങ്ങള്‍ കഠിനവും മാരകവുമായിരുന്നു. സമ്പത്തിനോടുള്ള മോഹവും സാഹസിക മനോഭാവവും മധ്യകാലഘട്ടത്തിലെ യൂറോപ്യരുടെ മുഖമുദ്രയായിരുന്നതിനാല്‍ യുദ്ധ-സമാധാന കാലഭേദമന്യെ അവരുടെ പടക്കപ്പലുകളെ നിയന്ത്രിച്ചിരുന്നത് സാമ്പത്തിക താല്‍പര്യങ്ങള്‍ തന്നെയായിരുന്നു; വിശിഷ്യാ കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം തീരങ്ങള്‍.

'കുരിശു യുദ്ധങ്ങളുടെ പ്രചോദനങ്ങള്‍' വിവരിക്കവെ, അമേരിക്കന്‍ ചരിത്രകാരനായ വില്‍ഡ്യൂറന്റ് (മ.ഹി 1402/ക്രി. 1981) എഴുതുന്നു: 'കുരിശു യുദ്ധത്തിന്റെ മൂന്നാമത്തെ കാരണം, ഇറ്റാലിയന്‍ നഗരങ്ങളായ പിസാ, ജെനോവ, വെനീസ്, അമാല്‍ഫീ എന്നിവയുടെ വാണിജ്യ വികസനമായിരുന്നു. മജൂസിയായ നൂര്‍മാന്‍ മുസ്‌ലിംകളില്‍നിന്ന് (ക്രി. 1060-1091) സിസിലി കൈയേറുകയും അവരില്‍നിന്ന് ക്രൈസ്തവ സേനകള്‍ വലിയൊരു ഭാഗം കൈക്കലാക്കുകയും (ക്രി. 1085 ലും ശേഷവും) ചെയ്തതോടെ പശ്ചിമ മധ്യ സമുദ്രം ക്രൈസ്തവ വിപണിയുടെ കേന്ദ്രമായി മാറി.'

കുരിശു യുദ്ധങ്ങള്‍ സാമ്പത്തികമായി യൂറോപ്പില്‍ ശക്തമായി പ്രതിഫലിച്ചു. വിശിഷ്യാ, നേരത്തേ പറഞ്ഞ ഇറ്റാലിയന്‍ നഗരങ്ങള്‍. അവിടെനിന്ന് ആല്‍പ്‌സ് പര്‍വതങ്ങള്‍ക്കു പിന്നിലുള്ള നാടുകളില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ ആ നഗരാതിര്‍ത്തികളിലൂടെയാണ് വന്നിരുന്നത്. മധ്യധരണ്യാഴിയുടെ കിഴക്കുഭാഗത്തുള്ള മുസ്‌ലിംകളുടെ വളര്‍ച്ചയും മികവും തളര്‍ത്തുന്നതിലും സമീപ പൗരസ്ത്യ വിപണികള്‍ പശ്ചിമ യൂറോപ്പിലെ ചരക്കുകള്‍ക്ക് തുറന്നുകൊടുക്കുന്നതിലും മേല്‍നഗരങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു.

പരസ്പരവിരുദ്ധമായ താല്‍പര്യങ്ങള്‍
കുരിശു യുദ്ധങ്ങളില്‍ വാണിജ്യ-സാമ്പത്തിക താല്‍പര്യങ്ങള്‍ ശക്തവും പ്രകടവുമായിരുന്നു. ചരക്കുകള്‍ക്ക് വിപണി കണ്ടെത്തുന്ന കച്ചവടക്കാരായിരുന്നു കുരിശു സേനകളുടെ ആസൂത്രകര്‍. അന്‍പതു യുദ്ധക്കപ്പലുകള്‍ നല്‍കിയാല്‍ യുദ്ധമുതലുകളുടെ പകുതി തങ്ങള്‍ക്ക് വേണമെന്ന് ഇറ്റലിയിലെ വെനീസ് വ്യവസ്ഥ വെച്ചിരുന്നു. മരത്തടികളുടെയും ഇരുമ്പിന്റെയും ആയുധങ്ങളുടെയും കയറ്റുമതിയിലൂടെ ദശലക്ഷക്കണക്കിന് തുക നേടിത്തരുന്നതിനാല്‍ ഈജിപ്തിനെ ആക്രമിക്കാന്‍ വെനീസുകാര്‍ താല്‍പര്യപ്പെട്ടിരുന്നില്ല. യുദ്ധത്തില്‍ പങ്കാളിയായി ഇത് നഷ്ടപ്പെടുത്താനോ പിസാ, ജെനോവ എന്നീ നഗരങ്ങളുമായി തുക പങ്കുവെക്കാനോ വെനീസുകാര്‍ സന്നദ്ധരായിരുന്നില്ല.

പ്രമുഖ സഞ്ചാരി ഇബ്‌നു ജുബൈരില്‍ അന്‍ദുലുസി (മ.ഹി. 614/ക്രി. 1217) തന്റെ യാത്രാനുഭവങ്ങള്‍ മുന്‍നിര്‍ത്തി, കുരിശുസേന ശാമിന്റെ തീരങ്ങള്‍ കൈയടക്കിയ ശേഷം കുരിശു സേനയും മുസ്‌ലിംകളും തമ്മില്‍ നടത്തിയ വ്യാപാര പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെല്ലാമായിരുന്നുവെന്ന് വിവരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ യുദ്ധങ്ങള്‍ വ്യാപാരങ്ങളെ ബാധിച്ചിരുന്നില്ല. ക്രൈസ്തവ വ്യാപാരികളെ മുസ്‌ലിംകള്‍ തടഞ്ഞിരുന്നില്ല. ക്രൈസ്തവരുടെ നാടുകളില്‍ വ്യാപാരം നടത്തുന്ന മുസ്‌ലിം വ്യാപാരികള്‍ ക്രൈസ്തവര്‍ക്ക് നികുതി ഒടുക്കണം. മുസ്‌ലിം നാടുകളില്‍ വ്യാപാരം നടത്തുന്ന ക്രൈസ്തവര്‍ മുസ്‌ലിംകള്‍ക്ക് നികുതി ഒടുക്കണം. പരസ്പരം യുദ്ധങ്ങള്‍ നടക്കുമ്പോഴും വ്യാപാര വിനിമയങ്ങള്‍ സാധാരണ പോലെ നടന്നു. യുദ്ധ-സമാധാന ഭേദമില്ലാതെ എല്ലാ ഘട്ടങ്ങളിലും കച്ചവടക്കാര്‍ക്കും സാധാരണ ജീവിതം നയിക്കാന്‍ കഴിഞ്ഞിരുന്നു.

പോപ്പുമാരുടെ ഇടപെടല്‍
ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും കുരിശുസേനകളും മുസ്‌ലിംകളും തമ്മിലുള്ള വ്യാപാരങ്ങളെ ക്രൈസ്തവ നേതൃത്വം നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. മുസ്‌ലിംകളുമായി വ്യാപാരം നടത്തുന്ന ക്രൈസ്തവര്‍ക്ക് പാപമോചനം ലഭിക്കില്ലെന്ന് പോപ്പുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഹി. 7-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം മുതല്‍ (ക്രി. 13-ാം നൂറ്റാണ്ട്) ശാമിലേക്കും ഈജിപ്തിലേക്കുമുള്ള കുരിശു സേനയുടെ മുന്നേറ്റങ്ങള്‍ പരാജയപ്പെട്ടു തുടങ്ങിയ ഘട്ടത്തിലായിരുന്നു പോപ്പുമാരുടെ ഈ നിലപാട് പുറത്തുവന്നത്.
ഫ്രഞ്ച് ഓറിയന്റലിസ്റ്റായ Rwbar brshfyk (മരണം ക്രി. 1990) 'ആഫ്രിക്കയുടെ ചരിത്രം' എന്ന കൃതിയില്‍ എഴുതുന്നു: 'ക്രിസ്തുവിന്റെ സഹായികള്‍ക്കെതിരെ യുദ്ധം നടത്തുന്ന മുസ്‌ലിംകളെ സഹായിക്കുന്ന ക്രൈസ്തവരെ വിലക്കുന്ന പോപ്പിന്റെ ഉത്തരവ് ക്രൈസ്തവ വ്യാപാരികള്‍ അധികവും അംഗീകരിച്ചിരുന്നു. ചില ക്രൈസ്തവ നാടുകള്‍ ചര്‍ച്ചിന്റെ തീരുമാനം പ്രയോഗവല്‍ക്കരിക്കുകയും ഇടക്ക് പുതുക്കുകയും ചെയ്തിരുന്നു. ഇതിന് ധാരാളം തെളിവുകളുണ്ട്.'

ഇത് ഏറ്റവും വിശദമായി മനസ്സിലാക്കാന്‍ കഴിയുന്നത് james of aragon (മ.ഹി. 675/ക്രി. 1276) ആഫ്രിക്കക്കെതിരെ പുറപ്പെടുവിച്ച വ്യാപാര വ്യവസ്ഥകളാണ്. ക്രി. 1274 ആഗസ്റ്റ് 12-ന് (ഹി. 673) catalan ചക്രവര്‍ത്തി, ബാഴ്‌സലോണയില്‍ വെച്ച് നേരത്തേ അംഗീകരിച്ച കരാര്‍ പ്രകാരം, തുനീഷ്യയിലേക്ക് വ്യാപാരികള്‍ മുസ്‌ലിംകള്‍ക്ക് കൈമാറാനായി ആയുധങ്ങളോ ഇരുമ്പോ മരത്തടികളോ, ഗോതമ്പോ ബാര്‍ലിയോ വരകോ തിന(ചാമ)യോ അമരപ്പയറോ ചണമോ ധാന്യപ്പൊടികളോ, കപ്പലുകളില്‍ കയറായി ഉപയോഗിക്കാവുന്ന വസ്തുക്കളോ ഈയമോ കൊണ്ടുപോകരുതെന്ന് വിലക്കിയിരുന്നു.
ആധുനിക കാലത്ത് വന്‍കിട രാഷ്ട്രങ്ങള്‍ ചെറു രാഷ്ട്രങ്ങളെ ഒതുക്കാന്‍ പ്രഖ്യാപിക്കുന്നതരം ഉപരോധങ്ങള്‍ തന്നെയാണ് പഴയകാലത്തും നടന്നതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

ആര്‍ഗണ്‍ രണ്ടാമന്‍ ചക്രവര്‍ത്തി (മ.ഹി. 727/ ക്രി. 1327) ഹി. 720 ക്രി. 1320-ല്‍ സമാനമായ മറ്റൊരുത്തരവിലൂടെ അള്‍ജീരിയയുടെ പടിഞ്ഞാറുള്ള തിലിംസാന്‍ നിവാസികളുമായി വ്യാപാരം നടത്തുന്നത് നിരോധിക്കുകയുണ്ടായി. വെനീസ് നിവാസിയായ sanuto marino (ഹി. 744/ക്രി. 1343)യുടെ വിശുദ്ധ ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ യഥാര്‍ഥ കുരിശു സൈനികരെ സഹായിക്കുന്ന രഹസ്യങ്ങളടങ്ങിയ ഗ്രന്ഥം മുസ്‌ലിംകളെ എത്ര ക്രൂരമായി സാമ്പത്തികമായി ഉപരോധിക്കണമെന്ന് വിസ്തരിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈ ഗ്രന്ഥം പോപ്പ് യോഹന്നാന്‍ ഇരുപത്തി മൂന്നാമന് (ഹി. 734/ക്രി. 1334) സമര്‍പ്പിച്ചത് ഹി. 721/ക്രി. 1321-ലാണ്.

കുരിശു യുദ്ധങ്ങളുടെ ചരിത്രമെഴുതിയ സുഹൈല്‍ സക്കാര്‍ (മ.ഹി. 1441/ക്രി. 2020) 'കുരിശു യുദ്ധങ്ങളെക്കുറിച്ച സമഗ്ര വിജ്ഞാനകോശം' എന്ന കൃതിയില്‍ മേല്‍ഗ്രന്ഥത്തിന്റെ രചനാ പശ്ചാത്തലം ഇങ്ങനെ രേഖപ്പെടുത്തുന്നു:
'ഹി. 690/ക്രി. 1291-യിലെ അക്കായുടെ മോചനം പാശ്ചാത്യ യൂറോപ്പിനെ ഞെട്ടിച്ചു കളഞ്ഞു. അതോടെ ചര്‍ച്ച് മേധാവികളും ഭരണാധികാരികളും ചിന്തകന്മാരും എഴുത്തുകാരുമെല്ലാം കുരിശാക്രമണ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇനിയും കീഴടക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈജിപ്തിലൂടെ വേണം ഫലസ്ത്വീനിലേക്ക് പോകാന്‍ എന്നവര്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത പുസ്തകം പ്രസക്തമാവുന്നത്. പുസ്തകമിറങ്ങി അഞ്ചു നൂറ്റാണ്ട് കഴിഞ്ഞ് ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബൊണപ്പാര്‍ട്ട് (മ. ഹി. 1236 ക്രി. 1821) അതില്‍നിന്ന് പ്രചോദിതനായി അക്കാ വീണ്ടെടുത്ത ശേഷം ഹി. 1212/ക്രി. 1797-ല്‍ ഈജിപ്തും ശാമിലെ തീരങ്ങളും അധിനിവേശം നടത്തി. മാര്‍പ്പാപ്പക്ക് സമര്‍പ്പിച്ച മേല്‍പുസ്തകത്തിന്റെ രണ്ടു കോപ്പികളിലൊന്നിന്റെ കവര്‍ ചുവപ്പും രണ്ടാമത്തേത് കുരിശുമായിരുന്നു. ഇതോടൊപ്പം വിശദമായ നാലു വര്‍ണ ഭൂപടങ്ങളുടെ ചിത്രങ്ങളുമുണ്ടായിരുന്നു. ഒന്ന്: മധ്യധരണ്യാഴി. രണ്ട്: ഭൂമിയും കടലും. മൂന്ന്: വിശുദ്ധ ഭൂമികള്‍- നാല്: ഈജിപ്ത്.'

ഗ്രന്ഥരചനയുടെ യഥാര്‍ഥ പ്രചോദനം സംബന്ധിച്ച് ഗ്രന്ഥകാരന്‍ marino തുറന്നെഴുതുന്നത് കാണുക: 'ക്രൈസ്തവ വിശ്വാസത്തിന്റെ ശത്രുക്കളെ എങ്ങനെയെല്ലാം ഹീനരാക്കാം എന്നത് കാണിച്ചു തരിക മാത്രമാണ് എന്റെ നിഷ്‌കളങ്ക ലക്ഷ്യം. കെയ്‌റോവിലെ ഭരണാധികാരിയായ നാസ്വിര്‍ മുഹമ്മദ് ഖലാവൂന്‍ (മ.ഹി 741 ക്രി. 1341), അദ്ദേഹത്തിന്റെ ബന്ധുവും സഖ്യശക്തിയുമായ ഉസ്ബക് ഖാന്‍ (മ. ഹി. 742 ക്രി. 1341) എന്നിവരെ ഒരു ചെലവുമില്ലാതെ എങ്ങനെ പരാജയപ്പെടുത്താമെന്ന് മനസ്സിലാക്കിത്തരാനാണ് പുസ്തകത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത്.' മുഖവുരയുടെ ഒടുവിലായി ഇത്ര കൂടി രേഖപ്പെടുത്തിയിട്ടുണ്ട്: 'മുഹമ്മദ് പ്രചരിപ്പിച്ച് വളര്‍ത്തിയെടുത്ത ഇസ്‌ലാമിക സമൂഹത്തെ ലോകത്തു നിന്ന് നിര്‍മൂലനം ചെയ്യാന്‍ പോപ്പ് നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണയര്‍പ്പിക്കുന്നു. ഇത് സാധ്യമാണെന്ന് പുസ്തകത്തിലെ വരികള്‍ക്കിടയില്‍നിന്ന് താങ്കള്‍ക്ക് വ്യക്തമാവും.'

ചര്‍ച്ചിനുള്ളില്‍ വര്‍ഷങ്ങളോളം ജീവിച്ച ഈ ഇറ്റാലിയന്‍ കുരിശുകാരന്റെ ഈ ഗ്രന്ഥം പല അവസരങ്ങളിലായി സ്വരൂക്കൂട്ടിയ അറിവുകളുടെയും അനുഭവങ്ങളുടെയും സംക്ഷേപമായിരുന്നു. അദ്ദേഹമെഴുതുന്നു: 'ഇതിനായി ഞാന്‍ അഞ്ചുതവണ സമുദ്രസഞ്ചാരം നടത്തിയിട്ടുണ്ട്. ഒരിക്കല്‍ സൈപ്രസിലേക്കും രണ്ടാമതൊരിക്കല്‍ അര്‍മീനിയയിലേക്കും മൂന്നാമതായി അലക്‌സാണ്ട്രിയയിലേക്കും മറ്റൊരിക്കല്‍ റോഡസിലേക്കും സഞ്ചരിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി അലക്‌സാണ്ട്രിയയിലും അക്കായിലും താമസിച്ചിട്ടുണ്ട്. ഇതെല്ലാം ചര്‍ച്ചിന്റെ വിലക്ക് ലംഘിക്കാതെയായിരുന്നു. അതുകൊണ്ടുതന്നെ അവിടത്തെ അവസ്ഥകളെപ്പറ്റി എനിക്ക് നല്ല ബോധ്യമുണ്ട്.'

പോപ്പിന്റെ സത്വര ശ്രദ്ധ
പുസ്തകം പരിഗണനയിലെടുത്ത പോപ്പ് അത് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ പുരോഹിതന്മാരുടെ സമിതി രൂപവല്‍ക്കരിച്ചു. പുസ്തകത്തിന്റെ ഉള്ളടക്കം മുന്‍നിര്‍ത്തി ഈജിപ്തിലേക്ക് സമുദ്രം വഴി യാത്ര സാധ്യമാണെന്ന് നിര്‍ദേശിച്ചു. അതിലൂടെ ഈജിപ്ഷ്യന്‍ സുല്‍ത്വാന്റെ സാമ്പത്തിക സ്രോതസ്സുകളെ ക്ഷയിപ്പിക്കാന്‍ കഴിയും - സുല്‍ത്വാന് വിധേയമായ നാടുകളില്‍നിന്ന് ക്രൈസ്തവര്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ മറ്റു നാടുകളില്‍നിന്ന് സംഘടിപ്പിക്കാവുന്നതേയുള്ളൂവെന്നും സമിതി മുന്നോട്ടുവെച്ചു.
'സുല്‍ത്വാനു കീഴിലുള്ള നാടുകളില്‍നിന്ന് ചരക്കുകളും അപൂര്‍വ വസ്തുക്കളും വാങ്ങി മധ്യധരണ്യാഴി വഴി കൊണ്ടുപോവുന്നവരെ തടഞ്ഞ്' ഇസ് ലാമിക ലോകത്തെ ക്ഷയിപ്പിക്കുക എന്നതായിരുന്നു പുസ്തകത്തിന്റെ ആത്യന്തിക ലക്ഷ്യം. താര്‍ത്താരികളുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങളിലൂടെ യൂറോപ്യര്‍ക്ക് ഇന്ത്യയിലേക്ക് വഴികണ്ടെത്താവുന്നതേയുള്ളൂവെന്നും പുസ്തകം ഓര്‍മിപ്പിക്കുന്നുണ്ട്. മുസ്‌ലിംകളെ, വിശിഷ്യാ ഈജിപ്തുകാരെ എങ്ങനെയെല്ലാം സാമ്പത്തികമായി ഉപരോധിക്കാം എന്നതാണ് പുസ്തകത്തിന്റെ കേന്ദ്രപ്രമേയം. സുല്‍ത്വാന്റെ കീഴിലുള്ള നാടുകളില്‍നിന്ന് ചരക്കുകള്‍ വാങ്ങാതെ ക്രൈസ്തവ വിശ്വാസിക്ക് എങ്ങനെ പ്രതിസന്ധി മറികടക്കാമെന്നതാണ് ഒന്നാം അധ്യായം. മൂന്നാമത്തെ അധ്യായം, മുസ്‌ലിംകള്‍ക്ക് പുറത്തുനിന്ന് വാങ്ങാതിരിക്കാന്‍ പറ്റാത്ത ചരക്കുകളെപ്പറ്റിയാണ് വിശദീകരിക്കുന്നത്. നാലാം അധ്യായം, ഉപരോധം നിലവിലേതില്‍നിന്ന് കൂടുതല്‍ തീവ്രമാക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന് വിവരിക്കുന്നു. സുല്‍ത്വാന്‍ ഖലാവൂന് കീഴിലെ നാടുകളില്‍നിന്ന് മധ്യധരണ്യാഴി വഴിയുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എന്തെല്ലാം ചെയ്യണമെന്നതു നാലാമധ്യായത്തിന്റെ പ്രമേയമാണ്.

സുല്‍ത്വാന്റെ നാടുകളില്‍നിന്ന് ഇപ്പോള്‍ വാങ്ങുന്നതും എന്നാല്‍ ക്രൈസ്തവ നാടുകളില്‍നിന്ന് ലഭ്യവുമായ ഉല്‍പന്നങ്ങളെക്കുറിച്ച് പുസ്തകത്തില്‍ പലേടങ്ങളിലായി കുറിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ ഇവ വഴി ധാരാളം സമ്പത്തുക്കള്‍ നേടുന്നുണ്ടെന്നും അവ വേണ്ടെന്നു വെച്ചാല്‍ സുല്‍ത്വാന്‍ സമ്മര്‍ദത്തിലാകുമെന്നും മുസ്‌ലിംകള്‍ക്ക് പ്രയാസങ്ങള്‍ വര്‍ധിക്കുമെന്നും പുസ്തകം ഉപദേശിക്കുന്നു. ക്രൈസ്തവര്‍ സ്വര്‍ണവും വെള്ളിയും ഇരുമ്പും ഇതര ഖനിജങ്ങളും കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിയാല്‍ സുല്‍ത്വാനും മുസ്‌ലിംകള്‍ക്കുമുണ്ടാവുന്ന പ്രയാസങ്ങള്‍ ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്. 'ഈജിപ്തിലേക്ക് ഇവയുടെ ഇറക്കുമതി നിലച്ചാല്‍ സമ്മര്‍ദത്തിലാവുന്ന സുല്‍ത്വാന്‍ നിലപാടുകളില്‍ താഴേക്കിറങ്ങി വരാന്‍ നിര്‍ബന്ധിതനാവും.'

'വിശുദ്ധ' വിലക്ക്
മുസ്‌ലിംകള്‍ക്കും സുല്‍ത്വാന്മാര്‍ക്കും എതിരായി സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ക്രൈസ്തവരെ ബോധ്യപ്പെടുത്താനായി അതിന്റെ കാരണങ്ങള്‍ പുസ്തകം അക്കമിട്ടു പറയുന്നുണ്ട്. കാരണങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനേക്കാള്‍ ഭയപ്പെടുത്തി മെരുക്കിയെടുക്കുന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണമായി, ഒരധ്യായത്തിന്റെ ശീര്‍ഷകം, 'ചര്‍ച്ചിന്റെ കല്‍പനകള്‍ ധിക്കരിക്കുന്നവരെ കടലില്‍ മാത്രമല്ല, കരയിലും ക്രൈസ്തവര്‍ എന്തുകൊണ്ട് കൈകാര്യം ചെയ്യണം?' എന്നതായിരുന്നു. 'ചര്‍ച്ചിന്റെ തീരുമാനങ്ങള്‍ അനുസരിക്കാത്ത ക്രൈസ്തവരുടെ ചരക്കുകള്‍ തുറമുഖങ്ങളില്‍നിന്ന് ഏറ്റുവാങ്ങാതെ അവിടെത്തന്നെ ഉപേക്ഷിക്കണം', 'സമുദ്രനിരീക്ഷണവും കാവലും ക്രൈസ്തവ സേനയുടെ നിയന്ത്രണത്തിലാവണം- അതിനു വേണ്ടി വരുന്ന ചെലവും അവര്‍ വഹിക്കണം.'
വിശുദ്ധ പിതാവിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി ഇത്തരം ഉത്തരവാദിത്വങ്ങള്‍ ഏല്‍ക്കുന്നവര്‍ ക്രൈസ്തവരെ മാത്രമല്ല, തങ്ങളുടെ പ്രദേശങ്ങളിലെ മുസ്‌ലിംകളെയും മുസ്‌ലിം നാടുകളിലെ സാധനങ്ങള്‍ വാങ്ങുന്നത് വിലക്കണം.
മുകളില്‍ പറഞ്ഞതത്രയും മേല്‍പുസ്തകത്തില്‍ മാര്‍പ്പാപ്പക്ക് നല്‍കിയ ശിപാര്‍ശകളാണെങ്കില്‍, പോപ്പുമാര്‍ തന്നെയും സ്വന്തം നിലയില്‍ ഉപരോധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

പോപ്പ് നിക്കോളാ നാലാമന്‍ (ക്രി. 1288-1292) ഈജിപ്തും മധ്യധരണ്യാഴിയിലെ കച്ചവടക്കാരും തമ്മിലെ വ്യാപാരബന്ധം അവസാനിപ്പിക്കാന്‍ തുടക്കം കുറിച്ചു. അതിനുശേഷം പോപ്പ് ബോണീഫാസ് പതിനൊന്നാമന്‍ (ക്രി. 1303-1306) ഈജിപ്തിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പോപ്പ് ക്ലമന്റ് അഞ്ചാമന്‍ (ക്രി. 1305-1314) ഈജിപ്തിലേക്ക് സൈനികവും വാണിജ്യപരവുമായ എല്ലാ കയറ്റുമതികളും വിലക്കുകയുണ്ടായി. ഇത് ലംഘിക്കുന്നവര്‍ ചര്‍ച്ചിന്റെ ഭാഗത്തുനിന്ന് ഭ്രഷ്ട് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. പോപ്പ് യോഹന്നാ ഇരുപത്തിയൊന്നാമന്‍ (ക്രി. 1316-1334) സൈപ്രസിലെ ചക്രവര്‍ത്തി ഹ്യൂ നാലാമനെ (ക്രി. 1301-1325) ക്രി. 1323 ഈജിപ്തുകാരുമായും അടിമരാജാക്കന്മാരുമായും കച്ചവടത്തിനു ശ്രമിക്കുന്ന മധ്യധരണ്യാഴിയിലെ കപ്പലുകള്‍ക്ക് മുമ്പില്‍ വഴികളടക്കാന്‍ ശാസിക്കുകയുണ്ടായി. എങ്കിലും പോപ്പുമാരുടെ വിലക്കുകള്‍ പലപ്പോഴും രാജാക്കന്മാരും കച്ചവടക്കാരും അനുസരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ക്രൈസ്തവ രാഷ്ട്രങ്ങള്‍ തന്നെ പോപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമോ വേണ്ടയോ എന്ന് ശങ്കിച്ചിരുന്നു. ക്രി. 1452-ല്‍ ഇറ്റലിയിലെ ഏലിീ്മ തുറമുഖത്തുനിന്ന് ഏതാനും ആയുധങ്ങള്‍ തുനീഷ്യയിലേക്ക് അയക്കാന്‍ തീരുമാനിച്ചപ്പോള്‍ പോപ്പിനോട് ഇളവ് ആവശ്യപ്പെടുകയുണ്ടായി.

നടപ്പാവാതെ പോയ തീരുമാനങ്ങള്‍
ഇറ്റാലിയന്‍ തുറമുഖമായ ഏലിീ്മ കേന്ദ്രീകരിച്ചു നടന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വൈപുല്യത്തെപ്പറ്റി വില്‍ഡ്യൂറന്റ് എഴുതുന്നു: 'ഇരുപതിനായിരം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ഇരുനൂറ് കപ്പലുകള്‍ തുറമുഖത്തുണ്ടായിരുന്നു. അവയത്രയും പൂര്‍ണ സ്വാതന്ത്ര്യത്തോടെ മുസ്‌ലിം നാടുകളുമായി വ്യാപാരത്തിലേര്‍പ്പെട്ടിരുന്നു. വെനീസും പിസായും സ്‌പെയ്‌നും ഈ ഗണത്തിലുമുണ്ടായിരുന്നു. കുരിശു യുദ്ധകാലത്ത് ഇറ്റാലിയന്‍ നഗരങ്ങളില്‍ അധികവും മുസ്‌ലിം നാടുകള്‍ക്ക് ആയുധങ്ങള്‍ വിറ്റിരുന്നു. ഇന്നസെന്റ് മൂന്നാമനെ (ക്രി. 1216) പോലുള്ള ശക്തരായ പോപ്പുമാര്‍ വിലക്കിയിട്ടും, പക്ഷേ, മുസ്‌ലിം നാടുകളുമായി ഇടപാടുകള്‍ നടന്നുപോന്നു. പോപ്പുമാരുടെ തീരുമാനങ്ങളെ തൃണവല്‍ഗണിച്ച ക്രൈസ്തവ വ്യാപാരികള്‍, പക്ഷേ, മതനേതാക്കള്‍ സ്വര്‍ണത്തിന് വിലകല്‍പ്പിച്ചുവെന്ന് വില്‍ഡ്യുറന്റ് എഴുതുന്നു. ഏറ്റവും ശക്തനായ പോപ്പിനു പോലും ഉപരോധത്തിനുവേണ്ടി സ്വര്‍ണത്തിന്റെ മുഴക്കത്തേക്കാള്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്താനായില്ല.

ക്രൈസ്തവ യൂറോപ്പിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി സാമ്പത്തിക ഉപരോധം നടപ്പിലാക്കുക എന്നത് പോപ്പുമാരുടെ മാത്രം ആവശ്യമായിരുന്നില്ല. ഫ്രാന്‍സ്, ചര്‍ച്ചുകളും പോപ്പുമാരുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ഫ്രഞ്ച് രാഷ്ട്രീയ ചിന്തകന്‍ pierre dubois (മ.ക്രി. 1321) പോലും അഭിപ്രായപ്പെട്ടത് വിശുദ്ധ ഭൂമികള്‍ തിരിച്ചു പിടിക്കാന്‍ ഉപരോധം ആയുധമാക്കണമെന്നായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ തലസ്ഥാനമായി ഫ്രഞ്ച് സാമ്രാജ്യം നിലവില്‍ വരാനായി യൂറോപ്പ് മുഴുവന്‍ ഫ്രഞ്ച് ചക്രവര്‍ത്തിയുടെ കീഴില്‍ അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമ്പത്തും ലാഭവും മോഹിച്ച ക്രൈസ്തവ വ്യാപാരികള്‍ സഹിഷ്ണുത പുലര്‍ത്തിയപ്പോള്‍ ഇസ്‌ലാമിക നഗരങ്ങള്‍ കൈയേറാന്‍ കച്ചകെട്ടി ഇറങ്ങിയ സൈനിക നായകന്മാര്‍ അസഹിഷ്ണുക്കളായിരുന്നു. ഹി. 429 ക്രി. 1039-ലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ച ഇബ്‌നുല്‍ അസീര്‍ എഴുതുന്നു: 'തഫ്‌ലീസ് നഗരവാസികളെ ഉപരോധിച്ച അബ്ഖാസിലെ ചക്രവര്‍ത്തി അവരുടെ ഭക്ഷ്യവസ്തുക്കള്‍ തീരുന്നതുവരെ അവിടെത്തന്നെ തുടര്‍ന്നു. ഒടുവില്‍ നഗരവാസികള്‍ രക്ഷതേടി അസര്‍ബൈജാനിലെ മുസ്‌ലിംകളെ ആശ്രയിക്കേണ്ടിവന്നു.'

ഫ്രഞ്ച് കുരിശു സേനാനികളും പലപ്പോഴും ഇതുതന്നെയാണ് ചെയ്തിരുന്നത്. ഫ്രഞ്ചുകാര്‍ അന്‍ത്വാകിയയില്‍ അധിനിവേശം നടത്തിയപ്പോള്‍ 'അസാരിബ്' കോട്ട ഉപരോധിച്ചു (ഇപ്പോള്‍ സിറിയയിലെ അലപ്പോ നഗരത്തിന്റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന 'അതാരിബ്'), ഭക്ഷണം വിലക്കി. ഗത്യന്തരമില്ലാതെ മുസ്‌ലിംകള്‍ക്ക് ശത്രുക്കള്‍ക്ക് കീഴൊതുങ്ങേണ്ടിവന്നു. ഫ്രഞ്ച് ചക്രവര്‍ത്തി ബലാല്‍ക്കാരം കോട്ട കീഴടക്കി. രണ്ടായിരം പേരെ കൊന്നു, ബാക്കിയുള്ളവരെ ബന്ദികളാക്കിയെന്ന് ഇബ്‌നുല്‍ അസീര്‍ എഴുതുന്നു.
നഗരങ്ങളിലും രാജ്യാതിര്‍ത്തികളിലും കുരിശു സേനകള്‍ അടിച്ചേല്‍പ്പിച്ച ഉപരോധം മറികടക്കാന്‍ മുസ്‌ലിംകള്‍ രസകരമായ ഉപായങ്ങള്‍ സ്വീകരിച്ച സംഭവങ്ങളും ഇതിനിടയില്‍ അരങ്ങേറുകയുണ്ടായി. ഇത്തരം ഒരു സംഭവം ഇബ്‌നു ശദ്ദാദ് അല്‍ മൗസ്വിലി (മ.ഹി. 632 ക്രി. 1234) 'അന്നവാദിറുസ്സുല്‍ത്വാനിയ്യ'യില്‍ ഹി. 585/ ക്രി. 1189-ലെ സംഭവങ്ങള്‍ വിവരിക്കവെ രേഖപ്പെടുത്തിയത് ഇങ്ങനെ: 'മുസ്‌ലിംകളുടെ വാഹനങ്ങളില്‍നിന്ന് അക്കായെ രക്ഷിക്കാന്‍ ഫ്രഞ്ചുകാര്‍ തങ്ങളുടെ വാഹനങ്ങളുമായി അക്കായുടെ ചുറ്റും റോന്തുചുറ്റിക്കൊണ്ടിരുന്നു. അക്കാനിവാസികള്‍ ഭക്ഷണ സാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുകയായിരുന്നു. അതിനിടെ ബൈറൂത്തില്‍നിന്നുള്ള ഒരു കപ്പലില്‍ ഒരു സംഘം മുസ്‌ലിംകള്‍ അക്കയിലേക്ക് പുറപ്പെട്ടു. ഫ്രഞ്ചുകാരുടെ വേഷം ധരിച്ചും താടിവടിച്ചും കുരിശുധരിച്ചും പന്നികളെ കപ്പലിന്റെ മേല്‍ത്തട്ടില്‍ കാണത്തക്കവിധം വിന്യസിച്ചുമായിരുന്നു അവരുടെ യാത്ര. മുസ്‌ലിംകളാണെന്നറിയാതെ ഫ്രഞ്ച്‌സേന അവരെ തുറമുഖത്തേക്ക് കടത്തിവിട്ടു. അക്കായിലെ മുസ്‌ലിംകള്‍ക്ക് അത് വലിയ ആശ്വാസമായി.'

അതേസമയം, ഉപരോധം വഴി കുരിശു സേനകളെ മുസ്‌ലിം പ്രദേശങ്ങളില്‍നിന്ന് തുരത്താനായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചരിത്രകാരനായ മഖ് രീസി (മ.ഹി. 845/ക്രി. 1441) തന്റെ 'അല്‍മവാഇള് വല്‍ ഇഅ്തിബാര്‍' എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നത് കാണുക: 'ഹി. 648/ക്രി. 1250-ല്‍ ഈജിപ്തിന്റെ വടക്കുഭാഗത്തുള്ള മന്‍സ്വൂറയില്‍നിന്ന് ഒരു മുസ്‌ലിം കപ്പല്‍പ്പട പുറപ്പെട്ടു. വഴിമധ്യെ അവര്‍ ദിംയാത്വില്‍വെച്ച് ഫ്രഞ്ച്‌സേനയെ വലയം ചെയ്തു. ഫ്രഞ്ചുകാരുടെ അന്‍പത്തിരണ്ട് വാഹനങ്ങള്‍ മുസ്‌ലിംകള്‍ പിടിച്ചെടുത്തു. ആയിരത്തോളം പേരെ കൊല്ലുകയും ബന്ദികളാക്കുകയും ചെയ്തു. ഫ്രഞ്ച്‌സേനക്ക് ആഹാരസാധനങ്ങള്‍ ലഭിക്കാതായി. വിലനിലവാരം ഉയര്‍ന്നു. അവര്‍ ഉപരോധത്തിന് വിധേയരാവേണ്ടി വന്നു. ഫ്രഞ്ചുകാര്‍ ദുര്‍ബലരായി. ദിംയാത്വ് മുസ്‌ലിംകള്‍ക്കു തന്നെ വിട്ടുതരാമെന്ന് ഒടുവില്‍ ഫ്രഞ്ചുകാര്‍ക്ക് സമ്മതിക്കേണ്ടിവന്നു.

തത്വങ്ങളും പൊതുതാല്‍പര്യങ്ങളും
ഉമവി ഖലീഫ അബ്ദുല്‍ മലികു ബ്‌നു മര്‍വാന്‍ ഹി. 75/ ക്രി. 695-ല്‍ ഇസ്‌ലാമിക നാണയങ്ങള്‍ നടപ്പിലാക്കിയപ്പോള്‍, ഇന്ന് അമേരിക്കന്‍ ഡോളറിനുള്ള പ്രാധാന്യം അതിന് എട്ടു നൂറ്റാണ്ടോളം കാലം ലഭിച്ചതായി ചരിത്രകാരന്‍ ഇബ്‌നുല്‍ അദീം (മ. ഹി. 660 /ക്രി. 1262) 'ബുഗ്‌യത്തു ത്ത്വലബ് ഫീ താരീഖി ഹലബ്' എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നു. അബ്ദുല്‍ മലികിനു മുമ്പ് റോമില്‍നിന്ന് വന്നിരുന്ന നാണയങ്ങള്‍ക്ക് റോമക്കാര്‍ക്ക് നല്‍കിയിരുന്ന പ്രമാണച്ചുരുളുകളില്‍ 'മസീഹോ അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളോ അല്ലാഹുവിന്റെ അടിമയാകുന്നതിന് ലജ്ജിക്കുന്നില്ല' എന്ന സൂക്തം രേഖപ്പെടുത്തിയിരുന്നു. ഇതുകണ്ട റോമാചക്രവര്‍ത്തി എന്താണെന്ന് ചോദിച്ചു. 'താങ്കള്‍ ആരാധിക്കുന്ന ദൈവത്തെ ചീത്തപറഞ്ഞതാണെ'ന്ന് വിശദീകരിക്കപ്പെട്ടപ്പോള്‍ ക്രുദ്ധനായ ചക്രവര്‍ത്തി അബ്ദുല്‍ മലികിന് ഇങ്ങനെ എഴുതി: 'പ്രമാണച്ചുരുളുകളില്‍ ഇനിയും ഈ എഴുത്തു തുടര്‍ന്നാല്‍ നാണയങ്ങളില്‍ നിങ്ങളുടെ പ്രവാചകനെ മോശമാക്കി ഞാന്‍ മുദ്രയടിക്കും.' ഇതറിഞ്ഞ് വിഷമിച്ച അബ്ദുല്‍ മലികിനെ ആശ്വസിപ്പിച്ചുകൊണ്ട് തന്ത്രജ്ഞനായ ഖാലിദുബ്‌നു യസീദ്ബ്‌നു മുആവിയ (മ.ഹി. 85/ക്രി. 705) പറഞ്ഞു: 'വിഷമിക്കേണ്ട. താങ്കള്‍ നാണയമടിക്കാന്‍ ഒരു സ്ഥാപനം ആരംഭിക്കുക. കടലാസു ചുരുളുകള്‍ നല്‍കുന്നത് നിര്‍ത്തുക. കടലാസു ചുരുളുകള്‍ അവര്‍ക്ക് ആവശ്യമായി വരും. നിങ്ങളുദ്ദേശിച്ചവിധം അവര്‍ അവ വാങ്ങാന്‍ നിര്‍ബന്ധിതരാവും.'

ചരിത്രകാരന്‍ വാഖിദിയുടെ വിവരണത്തില്‍നിന്ന് റോമാ ചക്രവര്‍ത്തിയുടെ തീരുമാനത്തിന്റെ വിശ്വാസപരമായ മാനം മനസ്സിലാക്കാം. 'ഖിബ്ത്വികള്‍ കടലാസ് ചുരുളുകളുടെ നെറുകയില്‍ യേശുവിനെ പരാമര്‍ശിക്കുകയും അദ്ദേഹത്തില്‍ ദിവ്യത്വം ആരോപിച്ചുകൊണ്ട് എഴുതുകയും 'ബിസ്മില്ലാഹിര്‍റഹ്‌മാനിര്‍റഹീം' എന്നതിനുപകരം കുരിശ് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുപകരം അബ്ദുല്‍ മലിക് യേശുവിന്റെ ദിവ്യത്വ ചോദ്യം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തം ചേര്‍ത്തപ്പോള്‍ സ്വാഭാവികമായും ചക്രവര്‍ത്തി ക്ഷോഭിക്കുകയായിരുന്നു. മുസ്‌ലിംകളും ക്രൈസ്തവരും തമ്മില്‍ നിലനിന്ന ആദര്‍ശ വ്യത്യാസങ്ങള്‍ സാമ്പത്തിക-വാണിജ്യ മേഖലകളില്‍ പ്രതിഫലിച്ചിരുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്.

ഇത്തരം അനുഭവങ്ങളെ തുടര്‍ന്ന്, മുസ്‌ലിംകളോട് യുദ്ധം പ്രഖ്യാപിച്ച ക്രൈസ്തവരുമായി എന്ത് നിലപാട് സ്വീകരിക്കണമെന്നതു സംബന്ധിച്ച് മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും ഫത്‌വകള്‍ പുറപ്പെടുവിക്കുകയുണ്ടായി. ക്രിസ്ത്യന്‍ ഉല്‍പന്നങ്ങള്‍ എത്രമാത്രം ശുചിത്വമുള്ളതാണെന്നും ഇസ്‌ലാമിക നിബന്ധനകള്‍ക്ക് വിധേയമാണെന്നും ചര്‍ച്ചയായി. അല്ലാഹുവിന്റെ നാമം രേഖപ്പെടുത്തിയ നാണയങ്ങള്‍ ക്രൈസ്തവര്‍ക്ക് ലഭ്യമാക്കുന്നത് അനുവദനീയമാണോ എന്ന് ഉന്നയിക്കപ്പെട്ടു. 

ശുചിത്വപരമായ കാരണത്താല്‍ മതപരമായും സമ്മര്‍ദപരമായ കാരണത്താല്‍ രാഷ്ട്രീയമായും നിലപാട് സ്വീകരിക്കുക എന്നതിന്റെ ഭാഗമായി, കുരിശു യുദ്ധ സമകാലികനായ അബൂബക്ര്‍ ത്വര്‍ത്വൂശി റോമന്‍ പാല്‍ക്കട്ടി ഉപയോഗിക്കുന്നത് തീര്‍ത്തും വിലക്കി ഫത്‌വ നല്‍കുകയുണ്ടായി. തന്റെ ഇമാമായ മാലികിന്റെ നിലപാടിനെ മറികടന്നായിരുന്നു ത്വര്‍ത്വൂശിയുടെ ഫത്‌വ.

നിലവിലെ ഭൗതിക സാഹചര്യങ്ങളില്‍ മതപരമായ വിശുദ്ധി എത്രകണ്ട് പരിഗണനീയമാണ് എന്ന ചര്‍ച്ചയും പണ്ഡിതന്മാര്‍ക്കിടയില്‍ നടന്നിരുന്നു. റോമില്‍നിന്ന് കൊണ്ടുവരുന്ന കടലാസുകള്‍ പകര്‍ത്തെഴുത്തിന് ഉപയോഗിക്കുന്നതിന്റെ വിധി ഉദാഹരണം. മാലികീ പണ്ഡിതനായ ഇബ്‌നു മര്‍സൂഖ് അല്‍ ഹഫീദ് അത്തില്‍മിസാനീ (മ.ഹി. 842/ക്രി. 1438) തന്റെ 'തഖ്‌രീറുദ്ദലീല്‍ അല്‍ വാദിഹ് അല്‍ മഅ്‌ലൂം അലാ ജവാസിന്നസ്ഖ് ഫീ കാഗദിര്‍റൂം' എന്ന കൃതിയില്‍ അത് ന്യായീകരിച്ചപ്പോള്‍ കര്‍മശാസ്ത്രപരവും സാമ്പത്തികവുമായ കാരണങ്ങളാല്‍ മറ്റു പണ്ഡിതന്മാര്‍ വിയോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി.

സ്വാധീനം ചെലുത്തിയ സാഹചര്യം
മാലികീ പണ്ഡിതന്മാര്‍ ഉപരോധ വിഷയത്തില്‍ കൂടുതല്‍ ഇടപെടാന്‍ സവിശേഷ സാഹചര്യമുണ്ട്. മാലികീ മദ്ഹബിന് മുന്‍തൂക്കമുള്ള നാടുകള്‍ കുരിശു സേനകളുമായി അതിര്‍ത്തി പങ്കിടുന്നവയും ഉത്തരാഫ്രിക്ക, അന്തലുസ്, അലക്‌സാണ്ഡ്രിയ, ശാമിന്റെ അതിരുകള്‍ മുതലായവയുമായിരുന്നു. ഇമാം സഹ് നൂനിന്റെ (മ.ഹി. 240/ക്രി. 855) 'അല്‍മുദവ്വന'യില്‍ രേഖപ്പെടുത്തപ്പെട്ട ഇമാം മാലികിന്റെ താഴെ വരികളാണ് ശത്രുക്കള്‍ക്കെതിരെ ഉപരോധത്തിനാധാരമായി മാലികികള്‍ പ്രധാനമായും അവലംബിക്കുന്നത്. ഇമാം മാലിക് പറയുന്നു: 'മുസ്‌ലിംകള്‍ക്കെതിരെ ശത്രുക്കള്‍ക്ക് ശക്തിയായി മാറാവുന്ന കുതിരകളെയും ഒട്ടകങ്ങളെയും ആയുധങ്ങളും വീട്ടുപകരണങ്ങളും ചെമ്പ് പോലുള്ള ലോഹങ്ങളും വില്‍ക്കുന്നത് അനുവദനീയമല്ല.'
ഇമാം മാലികിന്റെ ഫത്‌വ ഉപജീവിച്ചാണ് അബ് ദുല്‍ ഹമീദ് അസ്സ്വാഇഹ് അല്‍ ഖൈറുവാനി (മ.ഹി 486/ക്രി. 1093) നിലപാടുകള്‍ പ്രഖ്യാപിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആയുസ്സറുതി അടുത്ത ഘട്ടത്തിലായിരുന്നു കുരിശു സേനകളുടെ ആക്രമങ്ങളുടെ തുടക്കം. ഹി. 484/ക്രി. 1086-ല്‍ ത്വുലൈത്വിലയുടെ പതനത്തോടെ അന്തലുസിന്റെ പകുതി ഭാഗം കുരിശുസേനയുടെ അധീനതയിലായി. ഹി. 484/ക്രി. 1091-ല്‍ സിസിലിയുടെ പൂര്‍ണ നിയന്ത്രണം അവര്‍ക്കായി. ഖൈറുവാനിയുടെ മരണാനന്തരം ശാമിന്റെ തീരങ്ങളില്‍ കുരിശു സേനകള്‍ ആധിപത്യമുറപ്പിച്ചു. ഏതുതരം സമ്പത്തുക്കളും മുസ്‌ലിംകളെ അടിച്ചൊതുക്കാനും കീഴൊതുക്കാനും മാധ്യമമാക്കുക എന്നത് കുരിശു സേനയുടെ രീതിയായിരുന്നു എന്ന് ഇമാം അല്‍വന്‍ശരീസി (മ.ഹി. 914/ക്രി. 1509) തന്റെ 'അല്‍ മിഅ്‌യാറുല്‍ മുഅ്‌രിബ്' എന്ന കൃതിയിലെഴുതിയിട്ടുണ്ട്.

അന്തലുസിലെ ഇസ്‌ലാമിക സാമ്രാജ്യത്തെ ക്രൈസ്തവത കീഴടക്കിയപ്പോള്‍ ഇബ്‌നു റുശ്ദ്, ഖൈറുവാനിയുടെ ഫത്‌വ വികസിപ്പിച്ചുകൊണ്ടെഴുതി: 'മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച നാടുകളിലേക്ക് വ്യാപാരാവശ്യാര്‍ഥം പോവുന്ന മുസ്‌ലിംകളെ അതില്‍നിന്ന് ഭരണാധികാരികള്‍ വിലക്കണം. ഗതാഗതവഴികളില്‍ ആരെങ്കിലും പോവുന്നുാേ എന്ന് നിരീക്ഷിക്കാന്‍ ആളുകളെ ചുമതലപ്പെടുത്തണം. ആര്‍ക്കും കടന്നുപോകാന്‍ കഴിയുന്ന അവസ്ഥയുണ്ടാകരുത്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് ശക്തിയാകാവുന്നതിനാല്‍ ഉപഭോഗം അനുവദനീയമല്ലാത്തവ ഇറക്കുമതി ചെയ്യപ്പെടാം എന്ന് ഭയക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും!

മൊറോക്കോ ഭരണാധികാരിയായിരുന്ന അബുല്‍ ഹസന്‍ അല്‍ മരീനി (മ.ഹി. 753/ക്രി. 1352), അന്തലുസിന്റെ കിഴക്കന്‍ തീരത്തുള്ള മൈറൂഖ ദ്വീപ് രാജ്യവുമായി രാഷ്ട്രീയ-സാമ്പത്തിക കരാര്‍ ഒപ്പുവെക്കുകയുണ്ടായി. എന്നാല്‍ ഗോതമ്പ്, ആയുധം, കുതിര, തുകലുകള്‍, ഉപ്പിട്ട തുകലുകള്‍, ഊറക്കിട്ട തുകലുകള്‍ മുതലായവ മൊറോക്കോയില്‍നിന്ന് കയറ്റുമതി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല. മൊറോക്കന്‍ ചരിത്രകാരനായ മുഹമ്മദുല്‍ മനൂനി (മ.ഹി. 1420/ക്രി. 1999) യുടെ 'വറഖാത്തുന്‍ മിന്‍ ഹദാറത്തില്‍ മരീനിയിയ്യീന്‍' എന്ന കൃതിയിലാണ് ഇക്കാര്യമുള്ളത്.

ഈജിപ്ഷ്യന്‍ ഭരണാധികാരികള്‍ യൂറോപ്യന്‍ നാടുകളിലേക്ക് ചില പ്രത്യേക ചരക്കുകള്‍ കയറ്റി അയച്ചിരുന്നത് ഇതിന്റെ ഭാഗമായിരുന്നു. ഹി. 838/ക്രി. 1435-ല്‍ ഫ്രഞ്ചുകാര്‍ക്ക് സുഗന്ധ വ്യഞ്ജനങ്ങള്‍ വില്‍ക്കുന്നത് അലക്‌സാണ്ട്രിയയില്‍ വിലക്കപ്പെടുകയുണ്ടായി. ഇതുകാരണം ഫ്രഞ്ചുകാര്‍ക്ക് വലിയ വിഷമം തന്നെയുണ്ടായി എന്ന് മഖ്‌രീസി തന്റെ 'അസ്സുലൂക്' എന്ന കൃതിയിലെഴുതുന്നു. ഹി: 1120/ക്രി. 1709-ല്‍ ഒരുതരം മൃഗങ്ങളെയും കാപ്പിയും ഫ്രഞ്ചുകാര്‍ക്ക് വില്‍ക്കരുതെന്ന് കെയ്‌റോയില്‍ വിലക്കേര്‍പ്പെടുത്തുകയുണ്ടായി. 'അജാഇബുല്‍ ആസാര്‍' എന്ന കൃതിയില്‍ ഈജിപ്ഷ്യന്‍ ചരിത്രകാരന്‍ അല്‍ജബര്‍ത്തി (മ.ഹി 1237/ക്രി. 1825) രേഖപ്പെടുത്തിയതാണ് മേല്‍വിവരം.

(അല്‍ജസീറ കോളമിസ്റ്റാണ് ലേഖകന്‍)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top