എം.വി മുഹമ്മദ് സലീം മൗലവി (1941-2023) അറിവും വെളിവും

‌‌
img

കഴിഞ്ഞ സെപ്റ്റംബറില്‍ വിടവാങ്ങിയ എം.വി മുഹമ്മദ് സലീം മൗലവി അറിവും വെളിവുമുള്ള പണ്ഡിത ശൃംഖലയിലെ തിളങ്ങുന്ന കണ്ണിയായിരുന്നു. കേരളീയ പണ്ഡിത ലോകത്ത് പൊതുവെയും, സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിത സഭയായ ഇത്തിഹാദുല്‍ ഉലമാക്ക് സവിശേഷമായും പെട്ടെന്നൊന്നും നികത്താനാവാത്ത വിടവ് സൃഷ്ടിച്ചു കൊണ്ടാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്. കാരണം, മതപണ്ഡിതന്മാരെകുറിച്ച് സാമാന്യ നിര്‍വചനത്തിന്റെ കള്ളിയിലൊതുങ്ങുന്നതായിരുന്നില്ല ആ പാണ്ഡിത്യ പ്രതിഭ. മതവിഷയങ്ങള്‍ക്ക് പുറമെ ലൗകിക വിജ്ഞാനീയങ്ങളുടെ വിസ്തൃത മേഖലകളിലും സഞ്ചാര തല്‍പരമായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ഒരു വിഷയത്തില്‍ താല്‍പര്യം ജനിച്ചാല്‍ ആ വിഷയത്തിന്റെ അകവും അരികുകളും മുഴുവന്‍ പഠിച്ചെടുക്കുക എന്നതായിരുന്നു സ്മര്യപുരുഷന്റെ ശീലം. വിജ്ഞാനം മാത്രമല്ല, വൈദ്യകലയടക്കം പല കലകളും കരതലാമലകമായിരുന്നു അദ്ദേഹത്തിന്. ചെറുപ്പത്തിലേ ഉള്ള ആ ശീലം അന്ത്യശ്വാസം വരെ അദ്ദേഹത്തിന്റെ നിഴലായി നിലനിന്നുപോന്നു. മാരകമായ കാന്‍സര്‍ രോഗം അലട്ടിയപ്പോഴും അതിന്റെ ഏറ്റവും ആധുനികമായ ചികിത്സാ രീതികളെകുറിച്ചു സ്വയം പഠിച്ച് അതിന്റെ പ്രയോഗഫലത്തെക്കുറിച്ച് വിദഗ്ധ ഭിഷഗ്വരന്മാരുമായി ചര്‍ച്ച നടത്തി ചികിത്സ തേടുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കുകയുണ്ടായി. ജീവിതായോധനത്തിനല്ലെങ്കിലും ഹോമിയോപ്പതി അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു.
സാമ്പ്രദായിക മൗലവിയില്‍നിന്ന് വേറിട്ടു നിറുത്തുന്ന വേറെയും ധാരാളം സവിശേഷതകള്‍ ആ ജീവിതത്തെ അനുഗ്രഹിച്ചിരുന്നു. കളരിപ്പയറ്റ്, യോഗ എന്നിവയൊക്കെ അദ്ദേഹത്തിന്റെ തല്‍പര വിഷയങ്ങളായിരുന്നു.
ഏത് വിഷയമാണെങ്കിലും അതിന്റെ പൂര്‍ണതയില്‍ സ്വായത്തമാക്കിയാലേ അദ്ദേഹത്തിന് തൃപ്തി വരുമായിരുന്നുള്ളൂ. കേരളീയ മതമണ്ഡലത്തില്‍ ഒരു വിവാദ വിഷയമായിരുന്നുവല്ലോ ഇബാദത്ത്. കേരളത്തിലല്ലാതെ കേരളത്തിന് പുറത്ത് ഈ വിഷയത്തിന് വിപണിമൂല്യമൊന്നുമുണ്ടായിരുന്നില്ല. സുവ്യക്തമായ കാര്യങ്ങൾ അവ്യക്തമാക്കുന്ന പൗരോഹിത്യ വരട്ടുവാദം മാത്രമായിരുന്നു അതെന്ന് പില്‍ക്കാലത്ത് എതിര്‍പാളയത്ത് നിന്ന് തന്നെ അത് തെളിയുകയും ചെയ്തതാണ്. അക്കാലത്ത് വിദ്യാര്‍ഥി മാത്രമായിരുന്ന മുഹമ്മദ് സലീം നടത്തിയ സത്യാന്വേഷണ യാത്രകള്‍ അദ്ദേഹത്തിന്റെ വൈജ്ഞാനിക തൃഷ്ണയുടെ നിദര്‍ശനമാണ്. പൂര്‍വപാഠശാലയായ മദീനത്തുല്‍ ഉലൂം ലൈബ്രറിയും അവിടത്തെ ഗുരുഭൂതന്മാരെയും കൂടാതെ സമുന്നത മുജാഹിദ് നേതാവായ കെ.എം മൗലവിയെയും സന്ദര്‍ശിച്ചു വിശദമായ ചര്‍ച്ചകള്‍ അദ്ദേഹം നടത്തുകയുണ്ടായി. തര്‍ക്ക വിതാനത്തില്‍നിന്ന് വിഷയത്തെ സംവാദ തലത്തിലേക്ക് ഉയര്‍ത്തുന്ന കുലീന ശൈലിയാണ് ഈ ചര്‍ച്ചയില്‍ അദ്ദേഹം സ്വീകരിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ ആത്മകഥാ കുറിപ്പുകള്‍ വായിച്ചാല്‍ മനസ്സിലാകും. പൂര്‍വവിദ്യാലയത്തിലെ തന്റെ ഗുരുഭൂതന്മാരെ എത്ര ആദരവോടെയാണ് അദ്ദേഹം കണ്ടിരുന്നതെന്നും ആ ചര്‍ച്ചകള്‍ പരാമര്‍ശിക്കുന്ന പ്രസ്തുത കുറിപ്പുകള്‍ വ്യക്തമാക്കുന്നു. കുടുസ്സായ സംഘടനാ പക്ഷപാതിത്വത്തില്‍നിന്ന് മുക്തമായ ആ മനസ്സ് കാരണമാവാം കോഴിക്കോട്ടെ പട്ടാളപ്പള്ളിയില്‍ ജുമുഅ ഖുതുബക്ക് അദ്ദേഹത്തിന് അവസരമൊരുക്കികൊടുക്കാന്‍ അതിന്റെ അധികാരികളില്‍ പെട്ട മര്‍ഹൂം കോയസ്സന്‍ കോയ ഹാജിയെപ്പോലുള്ളവര്‍ക്ക് പ്രചോദനമായി ഭവിച്ചത്.
ശാന്തപുരത്തെ പഠനാനന്തരം ജീവിതത്തിന്റെ ഗണ്യമായൊരു ഭാഗം ഗള്‍ഫിലാണ് സലീം മൗലവി കഴിച്ചുകൂട്ടിയത്. അവിടെയും വ്യത്യസ്തനായ ഒരു 'മൗലവി'യായി വ്യാപാര മേഖലയാണ് ജീവിതായോധനത്തിന് അദ്ദേഹം തെരഞ്ഞെടുത്തത്. എന്നാല്‍, സമയത്തിന്റെ ഗണ്യമായൊരു ഭാഗം ദീനീ പ്രബോധന രംഗത്തിനായി ഉഴിഞ്ഞു വെക്കാനും നിഷ്‌കര്‍ഷിച്ചു. ദോഹയിലെ 'ഗ്രാന്റ് മോസ്‌കി'ല്‍ വെള്ളിയാഴ്ചകളില്‍ അദ്ദേഹം നടത്താറുള്ള പ്രഭാഷണം വന്‍ജനാവലിയെ ആകര്‍ഷിച്ചിരുന്നു. ആ പ്രഭാഷണത്തിലൂടെ 'ദീന്‍' പഠിച്ച എത്രയോ ആളുകളുണ്ട്.
ദോഹയിലെ ഇന്ത്യന്‍ ഇസ് ലാമിക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും തൊഴിലിനിടയില്‍ അദ്ദേഹം സജീവമായി. പല വേളകളിലും അതിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.
ഡോ. യൂസുഫുല്‍ ഖറദാവിയുടെ ശിഷ്യത്വം വരിച്ചത് സലീം മൗലവിയുടെ ജ്ഞാന പരിസരത്തെ കൂടുതല്‍ മിഴിവുറ്റതാക്കി. ശരീഅ കോടതി ജഡ്ജ് ഇബ്‌നു ഹജര്‍ ബൂത്വാമി, ഖാദി മഹ് മൂദ് തുടങ്ങിയ പരമ്പരാഗത പണ്ഡിതന്മാര്‍ക്ക് പുറമെ കാവ്യ സാഹിത്യത്തില്‍ കൂടി തല്‍പരനായിരുന്ന മുന്‍ ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദിന്റെ കൂടി മജ്‌ലിസുകളിലെ സ്ഥിരം സാന്നിധ്യവും അദ്ദേഹത്തിന്റെ സാമൂഹിക വീക്ഷണ ചക്രവാളങ്ങള്‍ വികസിപ്പിക്കാന്‍ സഹായകമായിക്കാണും. ഖറദാവി തന്റെ ആത്മകഥയില്‍ സലീം മൗലവിയുടെ പേരെടുത്ത് പറഞ്ഞുതന്നെ അദ്ദേഹത്തിന്റെ സിദ്ധികളെ പുരസ്‌കരിച്ചത് സ്മരണീയമാണ്.
ഇഹലോക വാസം വെടിയുന്നത് വരെ ഇത്തിഹാദുല്‍ ഉലമാ കേരളയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. രോഗം അലട്ടുന്നത് വരെ ഇത്തിഹാദിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അറിവും വെളിവുമായിരുന്നു ഞങ്ങളുടെ മാര്‍ഗദീപം. ആ ദീപം അണഞ്ഞത് ഒരു വിഷാദ സ്മൃതിയായി തന്നെ നിലനില്‍ക്കും. അദ്ദേഹത്തിന്റെ പരലോക ജീവിതം അല്ലാഹുവിന്റെ സമ്പൂര്‍ണ സംതൃപ്തിയാല്‍ അനുഗൃഹീതമാകട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top