لا تتفرّقوا لا تفرّقوا القرية المدينة رأيت أرى പദപ്രയോഗങ്ങളിലെ സൂക്ഷ്മ വ്യത്യാസം

നൗഷാദ് ചേനപ്പാടി‌‌
img

شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِۚ كَبُرَ عَلَى الْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِۚ اللَّهُ يَجْتَبِي إِلَيْهِ مَن يَشَاءُ وَيَهْدِي إِلَيْهِ مَن يُنِيبُ

''നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി നിനക്ക് ബോധനം നൽകിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ദീനിനെ നിനലനിർത്തണമെന്ന് അവൻ നിങ്ങളോട് ആജ്ഞാപിച്ചിരുന്നു. അതില്‍ ഭിന്നിക്കരുത്. നീ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സംഗതി ബഹുദൈവവിശ്വാസികള്‍ക്ക് ഏറ്റം അസഹ്യമായിത്തീര്‍ന്നിരിക്കുന്നു. താന്‍ ഇച്ഛിക്കുന്നവനെ, അല്ലാഹു തനിക്കായി തെരഞ്ഞെടുക്കുന്നു. അവങ്കലേക്ക് മടങ്ങുന്നവരെ അവന്‍ തന്നിലേക്ക് വഴി നടത്തുകയും ചെയ്യുന്നു''  (ശൂറാ 13).

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ . وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُواۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَاۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ. وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ . وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِن بَعْدِ مَا جَاءَهُمُ الْبَيِّنَاتُۚ وَأُولَٰئِكَ لَهُمْ عَذَابٌ عَظِيمٌ

''വിശ്വസിച്ചവരെ! അല്ലാഹുവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുവിൻ. മുസ്‌ലിംകളായിട്ടല്ലാതെ നിങ്ങള്‍ മരിക്കരുത്. ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുവിന്‍. ഭിന്നിച്ചുപോകരുത്. അല്ലാഹു നിങ്ങളോട് ചെയ്ത അനുഗ്രഹത്തെ സ്മരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ പരസ്പരം വൈരികളായിരുന്നു. അപ്പോള്‍ അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ തമ്മിലിണക്കി. അവന്റെ മഹത്തായ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. ഒരഗ്നികുണ്ഡത്തിന്റെ തെല്ലിലായിരുന്നു നിങ്ങള്‍. അവന്‍ അതില്‍നിന്നു നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തിത്തരുന്നു. നിങ്ങൾ ശരിയായ മാര്‍ഗം കണ്ടെത്തിയെങ്കിലോ. നന്മയിലേക്ക് ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹമാവണം നിങ്ങൾ. അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍. നിങ്ങള്‍, സുവ്യക്തമായ മാര്‍ഗദര്‍ശനങ്ങള്‍ ലഭിച്ചശേഷം ഭിന്നിച്ച് വിവിധ കക്ഷികളായവരെപ്പോലെയാകരുത്. അത്തരക്കാര്‍ക്ക്, ഘോരമായ ശിക്ഷയുണ്ട്'' (ആലുഇംറാൻ 102-105).
മേൽക്കൊടുത്തിട്ടുള്ള സൂറ: അശ്ശൂറായിലെ പതിമൂന്നാമത്തെ ആയത്തിൽ و لا تتفرّقوا فيه എന്നും ആലുഇംറാനിലെ നൂറ്റിമൂന്നാമത്തെ ആയത്തിൽ و لا تفرّقوا എന്നും വന്നിരിക്കുന്നതു കാണാം. അശ്ശൂറായിലെ കൽപനക്രിയയിൽ രണ്ടു 'താഅ്' പൂർണ രൂപത്തിലും, ആലുഇംറാനിലെ ആയത്തിൽ ഒരു 'താഅ്' ഒഴിവാക്കിയും പ്രയോഗിച്ചിരിക്കുന്നു. ശൂറായിലെ ആയത്തിൽ നൂഹ് നബി (അ) യുടെ ചരിത്രാതീത കാലം മുതൽ മുഹമ്മദ് നബി(സ) വരെയുള്ള നബിമാരുടെ ഉമ്മത്തുകളോടാണ്, നിങ്ങൾക്കു നിയമമാക്കിത്തന്ന ദീനിനെ നിലനിർത്തണമെന്നും അതിൽ നിങ്ങൾ ഭിന്നിച്ചു പോകരുതെന്നുമുള്ള കൽപന. ആയിരക്കണക്കിനു വർഷങ്ങൾ നീണ്ട ചരിത്രമുണ്ടല്ലോ ഈ മൊത്തം നബിമാരുടേയും അവരുടെ ഉമ്മത്തുകൾക്കും. അപ്പോൾ 'വലാ തതഫർറഖൂ ഫീഹി' എന്ന് ഒരു താഇനെ  ഹദ്ഫ് ചെയ്യാതെ (കളയാതെ) പൂർണ്ണമായ നിലയിൽ പ്രയോഗിച്ചു. എന്നാൽ ആലുഇംറാനിലെ ആയത്തിൽ, ആ നബിമാരുടെ പരമ്പരയിലെ അവസാന കണ്ണിയായ മുഹമ്മദ്നബി(സ) യുടെ ഉമ്മത്തിനോടാണ് നിങ്ങൾ ഭിന്നിക്കരുത്- വലാ തഫർറഖൂ- എന്ന കൽപന. അവരുടെ നീണ്ട ചരിത്രത്തിലെ ഒരു ഭാഗം മാത്രമായ നബി(സ) യുടെ ഉമ്മത്തിനോട്. അപ്പോൾ അവിടെ ഒരു 'താഅ്' ഒഴിവാക്കി പ്രയോഗിച്ചു. 

ഇവിടെ യാ അയ്യുഹല്ലദീന ആമനൂ- വിശ്വസിച്ചവരെ! എന്നു വിളിച്ചുകൊണ്ടാണ് കൽപിച്ചിരിക്കുന്നത്. ഖുർആനിൽ എൺപത്തിഒമ്പതു തവണ 'യാ അയ്യുഹല്ലദീന ആമനൂ' എന്ന് ആവർത്തിച്ചു വന്നിരിക്കുന്നു. സത്യവിശ്വാസികളൊന്നടങ്കം അറിയേണ്ട സുപ്രധാനവും ഗൗരവമേറിയതുമായ  കാര്യങ്ങളാണ് അതിനു ശേഷം പറഞ്ഞിട്ടുള്ളത് എന്നു നാം അറിയണം.

വിശ്വാസികളെ വിളിച്ചുകൊണ്ട് തൊട്ടുടനെ പറയുന്ന കാര്യം, നിങ്ങൾ അല്ലാഹുവിനെ വേണ്ടവണ്ണം സൂക്ഷിക്കണമെന്നാണ്. ആ തഖ് വയുടെ ഭാഗമാണ് അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുക എന്നതും ഒരു കാര്യത്തിലും ഭിന്നിക്കാതിരിക്കുക എന്നതും. പിന്നീട് പറയുന്നത് നിങ്ങൾ ഒരു കാരണവശാലും മുസ്്ലിംകളായിക്കൊണ്ടാല്ലാതെ മരിച്ചുപോകരുതെന്ന ശക്തമായ ശാസനയും. ഒരു ഇസ്്ലാമിക രാഷ്ട്രത്തിൽ അവരുടെ അമീറുൽ മുഅ്മിനീനായ ഭരണാധികാരിയോട് ധിക്കാരം കാണിച്ചുകൊണ്ട് ഫിർഖത്ത് സൃഷ്ടിച്ചു മാറിനിന്ന് മരണപ്പെടുന്നവൻ ജാഹിലിയ്യ മരണമാണ് വരിക്കുന്നതെന്ന ഹദീസും ഇവിടെ ഓർക്കുക. മുസ്്ലിം സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ട അവസരത്തിൽപോലും ശിർക്കിന്റെയും ബിദ്അത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ ഭിന്നിച്ചു നിൽക്കുകയും അതേ രീതിയിൽ മരണപ്പെടുകയും ചെയ്യുന്നവരുടെ അവസ്ഥ ഇവിടെ ഓർക്കുന്നത് നന്നായിരിക്കും. ഏതവസ്ഥയിലാണ് അവർ മരണപ്പെടുന്നതെന്ന് ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുക. 

നിങ്ങൾ അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുന്നത്, ഒരാൾപോലും മാറിനിൽക്കാതെ ഒറ്റക്കെട്ടായിട്ടായിരിക്കണം. അതാണ് جميعا- ഒന്നടങ്കം-  എന്ന് ഊന്നിപ്പറഞ്ഞത്. 
അതിനു ശേഷമാണ് و لا تفرّقوا നിങ്ങൾ ഭിന്നിക്കരുത്- എന്ന ശക്തമായ നിരോധനാജ്ഞ വന്നിട്ടുള്ളത്. ഇവിടെ ഒരു 'താഅ്' ഒഴിവാക്കിയതിന്റെ മറ്റൊരു സൂക്ഷ്മമായ അർത്ഥം നിങ്ങൾ ഒരു തരത്തിലുള്ള ഫിർഖത്തിലും പെട്ടുപോകരുതെന്നാണ്, അതെത്ര നേരിയതോ നിസ്സാരമോ ആയ കാര്യത്തിലായാലും. ഈ ആയത്തിന്റെ വെളിച്ചത്തിൽ മുസ്്ലിം ഉമ്മത്തിന്റെ അവസ്ഥ പരിശോധിക്കുക. ആല്ലാഹുവിന്റെ ഈ ശക്തമായ നിരോധനത്തെയും താക്കീതിനേയും അവഗണിച്ചതിന്റെ ഫലമാണ് അവരനുഭവിക്കുന്നതെന്നു കാണാം.

എന്നുമാത്രമല്ല കഴിഞ്ഞകാലത്ത് ഭിന്നിച്ചുപോയവരെപ്പോലെ  നിങ്ങളാകരുത് എന്ന മുന്നറിയിപ്പും അല്ലാഹു നൽകുന്നു.

و لا تكونوا كالّذين تفرّقوا و اختلفوا  
അങ്ങനെ നിങ്ങൾ ഭിന്നിച്ചാൽ ഈ ദുൻയാവിലെയും ആഖിറത്തിലെയും ഭയങ്കരമായ ശിക്ഷ നിങ്ങളെ പിടികൂടും. അതുകൊണ്ടാണ് ഈ ഭയങ്കരമായ ശിക്ഷയെ കാലവുമായി, അല്ലെങ്കിൽ പരലോകവുമായി മാത്രം ബന്ധിപ്പിക്കാതെ ഇരുലോകത്തേയും ശിക്ഷയെ സൂചിപ്പിക്കുന്ന പ്രയോഗം നടത്തിയത്. و أوليُك لهم عذاب عظيم എന്ന് അല്ലാതെ و لهم في الآخرة عذاب عظيم എന്നു പ്രയോഗിക്കാതിരുന്നത്. നിലവിലെ മുസ്്ലിം ഉമ്മത്ത് ഈ ദുൻയാവിൽത്തന്നെ നിന്ദ്യമായ ശിക്ഷ അനുഭവിക്കുന്നില്ലേ? 

സൂറ: ശൂറായിൽ നിങ്ങൾ ദീനിനെ നിലനിർത്തണം  ഭിന്നിക്കരുത് എന്നു പറഞ്ഞപ്പോൾ 'തഫ്സീരിയായ' (വ്യാഖ്യാനസംബന്ധിയായ) ان-നു ശേഷമാണ് പറഞ്ഞത്.
أن اُقيموا الدّين و لا تتفرّقوا فيه എന്നാൽ സൂറ: ആലുഇംറാനിലെ ആയത്തിൽ നേർക്കുനേരെയുള്ള കൽപനക്രിയയിലാണ് ഭിന്നിക്കരുത് എന്നു പറഞ്ഞിട്ടുള്ളത്.
و اعتصموا ......  و لا تفرّقوا ...... നേർക്കുനേരെയുള്ള കൽപനക്രിയയിൽ നിരോധിക്കുന്നത്  'തഫ്സീരിയായ' അഥവാ വ്യാഖ്യാനസംബന്ധിയായ ان കൊണ്ട് നിരോധിക്കുന്നതിനേക്കാൾ ശക്തവും ഗൗരവമുള്ളതുമാണ്. 'അതു ചെയ്യരുതെ'ന്ന് ഞാനവനോട് പറഞ്ഞു എന്ന പ്രയോഗത്തേക്കാൾ ശക്തവും ഗൗരവപ്പെട്ടതുമാണ് നേർക്കുനേരെ നീ അത് ചെയ്യരുത്' എന്ന പ്രയോഗം.

മറ്റൊരു സുപ്രധാന പോയിൻറ്റുകൂടി അശ്ശൂറായിലെ ആയത്തിൽ നമുക്കു കാണാം. മുഹമ്മദ് നബി(സ) ഒഴികെയുള്ള മറ്റ് നാല് നബിമാരുടെ കാര്യത്തിലും ما എന്ന 'ഇസ്മു മൗസ്വൂല' യാണ് പ്രയോഗിച്ചിരിക്കുന്നത്. നബി(സ) യുടെ കാര്യത്തിൽ الّذي എന്ന ഇസ്മു മൗസ്വൂലയും. 

ما وصّي به نوحا..... و ما وصّينا به إبراهيم و موسي و عيسي.... എന്നും നബി(സ)യുടെ കാര്യത്തിൽ و الّذي أوحينا إليك എന്നും. ാما എന്ന ഇസ്മു മൗസ്വൂലയേക്കാൾ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് الّذي എന്ന ഇസ്മു മൗസൂലയാണ്. അഥവാ ആ മൗസ്വൂലക്കു ശേഷം വരുന്നതാണ് കൂടുതൽ അറിയപ്പെടുന്നത്.  നൂഹ്, ഇബ്റാഹീം, മൂസ, ഈസ (അ) എന്നീ നബിമാരുടെ ശരീഅത്ത് ഇന്ന് സൂക്ഷ്മമായി അറിയപ്പെടുന്നില്ല. ഖുർആൻ പറഞ്ഞു തരുന്നതുമാത്രമേനമുക്കറിയൂ. പിന്നെ സ്വഹീഹായ ഹദീസുകളിൽ വന്നതും. എന്നാൽ അന്ത്യറസൂലായ മുഹമ്മദ് നബി(സ)യുടെ ശരീഅത്ത് പൂർണ്ണമായും വ്യക്തമായും അറിയപ്പെട്ടതാണ്. രേഖപ്പെടുത്തപ്പെട്ടതും. അതുപോലെ അവിടുത്തെ ജീവചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നു. അതിന്റെ എല്ലാ സൂക്ഷ്മവശങ്ങളോടെയും; ഒന്നും വിട്ടുപോകാതേയും. അതുകൊണ്ടാണ് ما എന്ന മൗസ്വൂലക്കു പകരം الّذي എന്ന മൗസ്വൂല നബി(സ) യുടെ കാര്യത്തിൽ പ്രയോഗിച്ചത്.

ഖർയയും മദീനയും തമ്മിലുള്ള വ്യത്യാസം
ഖർയ എന്ന പദം ഏകവചനത്തിൽ മുപ്പത്തിഏഴു തവണയും ദ്വിവചനരൂപത്തിൽ ഒരു തവണയും ബഹുവചനത്തിൽ പത്തൊൻപതു തവണയും  ഖുർആനിൽ വന്നിട്ടുണ്ട്. മദീന എന്ന നാമം പതിന്നാലു തവണയും വന്നിട്ടുണ്ട്. ഇതിൽ യഥ്്രിബിന്റെ പുതിയ പേരായ നബി(സ)യുടെ മദീനയെപ്പറ്റി നാലു തവണയും. സൂറ:അത്തൗബ: 101, 120. അൽഅഹ്സാബ്: 60. അൽമുനാഫിഖൂൻ: 8. എന്നീ ആയത്തുകളിൽ.
ഖർയത്ത് എന്ന പദത്തിന്റെ നിഷ്പത്തി قرى الماء في الحوض جمعه എന്നാണെന്ന് ഭാഷാപണ്ഡിതന്മാർ പറയുന്നു.അഥവാ  ഹൗദിൽ വെള്ളം ശേഖരിക്കുക - ഒരുമിച്ചുകൂട്ടുക. ഖർയത്തിന് ആ പേരു വന്നത് ജനങ്ങൾ അവിടെ ഒരുമിച്ചുകൂടുന്നതുകൊണ്ടാണെന്ന് ഭാഷാപണ്ഡിതനായ ഇബ്നു ഫാരിസ് തന്റെ വിഖ്യാതമായ 'മഖായീസുല്ലുഗ:' എന്ന ഗ്രന്ഥത്തിൽ പറയുന്നു. 'ഖിറാ' എന്നതിന് ഹൗദിൽ ശേഖരിക്കുന്ന വെള്ളത്തിനും അതിഥികൾക്കു  കൊടുക്കുന്ന ഭക്ഷണത്തിനും പറയും. ഹിംയറുകാരുടെ അഭിപ്രായത്തിൽ ഈ 'ഖിറാ' എന്ന പദത്തിൽ നിന്നാണ് ഖർയത്തുണ്ടായത്. അതായത് ഖർയത്തിൽ പ്രവേശിക്കുന്ന ജനങ്ങൾക്ക് അവർ ഖിറാ അഥവാ അതിഥി ഭക്ഷണം  നൽകി സ്വീകരിക്കുന്നതുകൊണ്ടാണെന്ന്. 
മദീന: എന്ന നാമത്തിന്റെ നിഷ്പത്തി 'മദന' എന്ന പദത്തിൽ നിന്നാണ്. 

مدن بالمكان: أقام 'മദന' എന്നാൽ താമസിക്കുക എന്നർത്ഥം.  ഖർയത്തിലേതിനേക്കാൾ കൂടുതൽ ജനങ്ങൾ താസിക്കുന്നതുകൊണ്ടാണ് മദീനക്ക് ആ പേരു വന്നത്. ഇനി ഖുർആനിൽ ഈ രണ്ടു നാമങ്ങളും വന്നിട്ടുള്ള സന്ദർഭവും സൂക്ഷ്മമായ അർത്ഥ വ്യത്യാസവും നോക്കാം.
ഖുർആനിക പ്രയോഗത്തിൽ ഖർയ എന്നത് പൊതുവായ ഒരു ചിന്തയോ അല്ലെങ്കിൽ ആശയമോ, തൊഴിലോ അതുമല്ലെങ്കിൽ ഒരു സ്വഭാവഗുണമോകൊണ്ട് വിശേഷിപ്പിക്കപ്പെട്ടതോ ഏകീകരിക്കപ്പെട്ടതോ ആയ ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ്. തൊഴിലിൽ ഏകീകരിക്കപ്പെട്ട ജനത്തിനുദാഹരണം അഅ്റാഫ് 163 - ൽ പറഞ്ഞ കടൽത്തീരത്ത് താമസിച്ചിരുന്ന മുക്കുവഗ്രാമമാണ്. സ്വഭാവംകൊണ്ട് വിശേഷിപ്പിക്കപ്പെട്ടത് അൽകഹ്ഫിലെ 77-ാമത്തെ ആയത്തിൽ  പറഞ്ഞ ഖർയത്തും- 'ബുഖ്ൽ' അഥവാ പിശുക്ക് ആയിരുന്നു അവരുടെ പൊതുവായ സ്വഭാവം- അൽഅമ്പിയായിൽ 74-ാമത്തെ ആയത്തിൽ പറഞ്ഞ ഖർയത്തും - പ്രകൃതിവിരുദ്ധ ലൈംഗികതയായിരുന്നു അവരുടെ പൊതുസ്വഭാവം- സൂറ:ഹജ്ജിലെ 45, 48 എന്നീ ആയത്തുകളിൽ പറഞ്ഞ ഖർയത്തുമാണ്. ആ ഖർയത്തിന്റെ സ്വഭാവം ളുൽമ് അഥവാ അക്രമമായിരുന്നു. ചിന്തയോ  ആശയമോകൊണ്ട് വിശേഷിപ്പിക്കപ്പെട്ട ഖർയത്ത് സൂറ:യാസീനിലെ 13-ാത്തെ ആയത്തിൽ പറയപ്പെട്ട, മുർസലുകൾ ദഅ്വത്തിനായിചെന്ന പ്രദേശം. അവരുടെ ആശയം, കുഫ്ർ ആയിരുന്നു.  കൂടാതെ അല്ലാഹുവിന്റെ ശിക്ഷക്ക് കൂടുതലും പാത്രീഭൂതരായത് ഖർയ - ബഹുവചനം ഖുറാ -  വാസികളായിരുവെന്നാണ് ഖുർആനിൽ കാണുന്നത്. ഒരു വിശ്വാസിയെങ്കിലും ഉള്ള പ്രദേശത്തെ ഖർയ എന്നല്ല മദീന: എന്നാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്. ഉദാഹരണം സൂറ: യാസീനിലെ   20-ാമത്തെ ആയത്തിൽ പറയപ്പെട്ട മദീന. മുർസലുകളുടെ ദഅ്വത്തിന്റെ ഫലമായി ആ ഖർയത്തിൽ ഒരു  സത്യവിശ്വാസി ഉണ്ടായി. പിന്നീട്  അദ്ദേഹം മദീനയുടെ അങ്ങേയറ്റത്തുനിന്ന് ഓടിവന്ന് ആ നാട്ടുകാരെ ഉപദേശിക്കുകയും ചെയ്യുന്നു. ഇവിടെ ഖർയത്ത് എന്നല്ല മദീന എന്നാണ് ആ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്.  മുമ്പുള്ള 13-ാമത്തെ ആയത്തിൽ ഖർയ എന്നു പറഞ്ഞതിനു ശേഷം കാലതാമസം കൂടാതെയാണ് അതേ സ്ഥലത്തെ ഖുർആൻ  മദീന എന്നു വിശേഷിപ്പിക്കുന്നതെന്ന് ഓർക്കുക. 

അതേപോലെ മൂസനബി(അ)യും ഖളിറും - ഖളിർ എന്നാണ് ശരിയായ ഉച്ചാരണം. ഖിള്ർ എന്നല്ല - ഒരു പ്രദേശത്ത്  എത്തിപ്പെടുകയും അവരോട് ഭക്ഷണം ചോദിക്കുകയും ചെയ്യുന്നു. എന്നാൽ അവരതിനെ നിഷേധിക്കുകയും ഭക്ഷണം കൊടുക്കാതിരിക്കുകയും ചെയ്യുന്നു. അവരുടെ പൊതുസ്വഭാവമായ പിശുക്ക് കൊണ്ടാണ് ഭക്ഷണം കൊടുക്കാതിരുന്നത്. ഇവിടെ ആ പ്രദേശത്തെ ഖർയ എന്നാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്. പിന്നീട് തൊട്ടുതാഴെ അതേ ഖർയത്തിനെ മദീന എന്നും ഖുർആൻ വിശേഷിപ്പിക്കുന്നു. കാരണം അവിടെ സ്വാലിഹുകളായ മാതാപിതാക്കളുടെ രണ്ട് യത്തീം കുട്ടികളുണ്ടായിരുന്നു. അപ്പോൾ 'മദീന':യിൽ മുഅ്മിനുകളും കാഫിറുകളുമുണ്ടാകും, നല്ലവരും മോശക്കാരും ഉണ്ടാകും.നബി(സ)യുടെ മദീനയിൽ മുഉമിനുകളും മുനാഫിഖുകളും അഹ് ലുൽ കിതാബും ഉണ്ടായിരുന്നുവല്ലോ.

യത്തീമുകളായ ആ കുട്ടികളുടെ നിധിയെ അല്ലാഹു സംരക്ഷിക്കാൻ കാരണമായി ഖളിർ പറയുന്ന കാര്യത്തിൽ മുസ്്ലിം ഉമ്മത്തിന് അതിപ്രധാനവും ഗൗരവപ്പെട്ടതുമായ പാഠമുണ്ട്. ആ യത്തീമുകളുടെ മാതാപിതാക്കൾ സ്വാലിഹുകളായിരുന്നു എന്നതാണത്. മക്കൾക്കുവേണ്ടി ഹലാലും ഹറാമും നോക്കാതെ സമ്പാദിച്ചുകൊടുക്കുന്ന മാതാപിതാക്കൾക്കുള്ള പാഠമാണത്. ആ മക്കൾ തന്റെ കൺമുമ്പിൽ വച്ചുതന്നെ ഹറാമായ മാർഗ്ഗത്തിലും വഴിപിഴച്ചു പോകുന്ന എത്രയധികം സംഭവങ്ങളെങ്കിലുമുണ്ടല്ലോ. അതിനാൽ മാതാപിതാക്കൾ  ഹലാലും ഹറാമും സുക്ഷിച്ച് തഖ് വയോടെ സ്വാലിഹീങ്ങളുടെ ജീവിതം നയിച്ചാൽ, അവർ ഈ ദുൻയാവിൽ ഒന്നുമേ സമ്പാദിച്ചില്ലെങ്കിലും അഥവാ അതിനു സാധിച്ചില്ലെങ്കിലും അവരുടെ സന്താനങ്ങളെ അല്ലാഹു നോക്കിക്കൊള്ളും. അവർക്ക് ഈ ലോകത്ത് നല്ല വിഭവങ്ങൾ നൽകുകയും അവരെ നല്ലവരായി ജീവിക്കുവാൻ സഹായിക്കുകയും ചെയ്യും. ഇതാണ് ഈ ആയത്തിലെ മഹത്തായ ഗുണപാഠം. 

എല്ലാ അധാർമ്മികതകളുടെയും അരാജകത്വങ്ങളുടെയും പ്രഭവകേന്ദ്രമാകുന്നത് മദീന: അഥവാ നഗരം ആയിരിക്കും എന്നൊരു സന്ദേശം കൂടി നൽകുന്നുണ്ട് സൂറ: യൂസുഫിലെ മുപ്പതാമത്തെ ആയത്ത്. സമ്പന്ന വർഗ്ഗവും സുഖിയന്മാരും അധർമ്മികളും ഏറ്റവുമധികം വാഴുന്ന കേന്ദ്രമാണല്ലൊ നഗരം.

وَكَانَ فِي الْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ 
'ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരും ഒരു നന്മയുണ്ടാക്കാത്തവരുമായ ഒതുപേർ ആ പട്ടണത്തിലുണ്ടായിരുന്നു' (നംല് 48) എന്ന സൂക്തത്തിൽ ഇതിന്റെ സൂചനയുണ്ട്.

ഖുർആൻ ഭാഷാപഠനം

إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ 
'യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദർഭം: 'എന്റെ പിതാവേ! പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാൻ സ്വപ്നം കണ്ടിരിക്കുന്നു' (യൂസുഫ് 4)

قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ 
'അദ്ദേഹം -ഇബ്റാഹീം- പറഞ്ഞു: എന്റെ കുഞ്ഞുമകനേ, ഞാൻ നിന്നെ അറുക്കണമെന്ന്, ഞാൻ സ്വപ്നത്തിൽ കാണുന്നു. അതുകൊണ്ട്, നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവൻ പറഞ്ഞു: എന്റെ പിതാവേ, കൽപിക്കപ്പെടുന്നതെന്തോ അത് താങ്കൾ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്.' (സ്വാഫ്ഫാത്ത് 102)

ആദ്യത്തെ സൂറത്തിൽ യൂസുഫ് നബി(അ) തന്റെ മാതാപിതാക്കളോട് താൻ സ്വപ്നത്തിൽ 'കണ്ട' കാഴ്ചയെപ്പറ്റി പറയുന്നത് انّي رأيت എന്ന് ഭൂതകാല ക്രിയയിലാണ്. 
എന്നാൽ ഇബ്റാഹീം നബി(അ) തന്റെ മകൻ ഇസ്മാഈലിനോട് താൻ സ്വപ്നത്തിൽ 'കാണുന്ന' കാഴ്ചയെപ്പറ്റി പറയുന്നു. ഞാൻ നിന്നെ അറുക്കണമെന്ന് انّي أرى في المنام എന്ന മുദാരിയായ അഥവാ  വർത്തമാനകാല ക്രിയയിൽ. അതിനർത്ഥം ഇബ്റാഹീം (അ) താൻ ആ സ്വപ്നം ഒന്നിലധികം തവണ കാണുന്നു എന്നും  യൂസുഫ്(അ) ഒരു തവണയേ ആ സ്വപ്നം കണ്ടുള്ളു എന്നുമാണെന്ന് ഖുർആൻ ഭാഷാവിശാരദർ പറയുന്നു. 
നബിമാരുടെ സ്വപ്നം യാഥാർത്ഥ്യമാവുന്നതാണ്. അതിനാലാണ് ഇസ്മായീൽ(അ) افعل ما ترى എന്നതിനു പകരം افعل ما تؤمر 'താങ്കൾ കൽപിക്കപ്പെട്ടത് പ്രവർത്തിച്ചുകൊള്ളുക' എന്നു പറഞ്ഞത്. ഇത് ഖുർആന്റെ സൂക്ഷ്മ പ്രയോഗങ്ങളിൽപ്പെട്ടതാണ്.  

(അവലംബം: ഡോ. ഫാദിൽ സാമർറാഇയുടെ ഖുർആൻ പഠനങ്ങൾ)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top