അന്ദലുസിലെ ഇസ്‌ലാമോഫോബിയയുടെ വേരുകള്‍- 1/2

മുഹമ്മദ് വാഹ്മാന്‍‌‌
img

ക്രി. 711 മുതല്‍ 1492 വരെ എണ്ണൂറ്റി അഞ്ച് വര്‍ഷം നീണ്ടുനിന്ന ചരിത്രമാണ് അന്ദലുസി(സ്പെയ്ൻ)ലെ ഇസ്്ലാമിക ഖിലാഫത്തിന്റേത്. അന്ദലുസില്‍ ആയിരത്തി ഇരുനൂറ് വര്‍ഷം മുമ്പ് തീവ്ര ക്രൈസ്തവ വലതുപക്ഷ പ്രസ്ഥാനങ്ങല്‍ ഉടലെടുത്ത സാഹചര്യങ്ങളെക്കുറിച്ച ഒരന്വേഷണമാണ് ഈ പഠനം.

പൗരസ്ത്യ ഇസ് ലാമിക ലോകത്തെ കുരിശു യുദ്ധങ്ങളും അന്ദലുസിലെ മതപരമായ സഹവര്‍ത്തിത്വവും തമ്മിലെ താരതമ്യം ക്രൈസ്തവ- ഇസ് ലാമിക സംസ്‌കാരങ്ങള്‍ തമ്മില്‍ ഊഷ്മളമായ ബന്ധം നിലനിന്നിരുന്നതായി മനസ്സിലാക്കിത്തരുന്നുണ്ട്.
ഇസ്്ലാമിനെ സംബന്ധിച്ച് ഇന്ന് നിലവിലുള്ള -വിശേഷിച്ചും യൂറോപ്യര്‍ക്ക്- പല ധാരണകള്‍ക്കും പിന്നിൽ അന്ദലുസിലെ ഇസ്്ലാമിക ചരിത്രത്തിലെ സമാധാനപരമായ ഘട്ടങ്ങളുടെയും ബൈത്തുല്‍ മുഖദ്ദസിന്റെ പരിസരങ്ങളില്‍ രണ്ടു നൂറ്റാണ്ടുകാലം തുടര്‍ന്ന രക്ത രൂക്ഷിതമായ യുദ്ധങ്ങളുടെയും വേരുകളുണ്ട്.

ഇതര സംസ്‌കാരങ്ങളെയും നാഗരികതകളെയും തിരിച്ചറിയുന്നു എന്നതാണ് ഇസ് ലാമിക നാഗരികതയുടെ ഒരു സവിശേഷത. ഈ തിരിച്ചറിവില്‍ പ്രധാനം നാഗരികതകള്‍ തമ്മിലെ വിടവുകളെക്കുറിച്ച അറിവാണ്. സംവാദത്തിനും സഹവര്‍ത്തിത്വത്തിനും പകരം സംഘര്‍ഷത്തിലേക്ക് നയിക്കുന്ന വര്‍ത്തമാനകാല പ്രവണതകള്‍ക്ക് പിന്നില്‍ പഴയകാല വേരുകളുണ്ട്. അന്ദലുസില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപംകൊണ്ട തീവ്ര ക്രൈസ്തവ പ്രസ്ഥാനങ്ങളാണ് ഇന്ന് യൂറോപ്പില്‍ പ്രചുരമായ വലതുപക്ഷ തീവ്രതയുടെ വിളനിലങ്ങള്‍ എന്ന് കാണാം. അവയെക്കുറിച്ച പഠനത്തിലൂടെ നാഗരികതകള്‍ തമ്മില്‍ നിലനിന്ന രക്തരൂക്ഷിതമായ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും.
മുസ്്ലിംകള്‍ക്കെതിരെ ക്രൈസ്തവരുടെയും യഹൂദരുടെയും കുറ്റവിചാരണാ കോടതികള്‍ നടത്തിയ മൃഗീയതക്കാധാരം മുസ് ലിംകളെക്കുറിച്ച് അവര്‍ വെച്ചുപുലര്‍ത്തിയ അബദ്ധധാരണകളായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ ഇസ് ലാമോഫോബിയയായിരുന്നു എല്ലാറ്റിനും പിന്നില്‍.

തീവ്ര ക്രൈസ്തവ ഗ്രൂപ്പുകള്‍ ദത്തെടുത്ത് വളര്‍ത്തിയ ഇസ് ലാമോ ഫോബിയയെ ക്രൈസ്തവ ചര്‍ച്ച് പ്രതിരോധിക്കുകയും രാജ്യത്തെ മുസ് ലിം-ക്രൈസ്തവ-യഹൂദ വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നുപോരുന്ന സഹവര്‍ത്തിത്വത്തെ അത് ബാധിക്കുമെന്ന് മനസ്സിലാക്കി വെറുപ്പിന്റെ സ്രോതസ്സുകളെ വറ്റിച്ചുകളയാന്‍ ആഹ്വാനം നല്‍കുകയുമുണ്ടായി.
സമൂഹത്തിന്റെ നിര്‍ഭയാവസ്ഥയെ കടുത്ത രീതിയില്‍ ദോഷകരമായി ബാധിക്കുന്ന വിഷയമായതിനാല്‍ അന്ദലുസിലെ ഇസ്്ലാമിക ഭരണകൂടം ആ കാലത്തേക്കനുയോജ്യമായ വിധത്തില്‍ ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുകയും എല്ലാ മതങ്ങളുടെയും മതചിഹ്നങ്ങളെയും വിശുദ്ധ സ്ഥലങ്ങളെയും അനാദരിക്കുന്നത് കുറ്റകരമായി പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റവാളി മുസ് ലിമായാലും ക്രൈസ്തവനായാലും ശിക്ഷ ഒന്നുതന്നെ. ഇന്ന് ലോകരാഷ്ട്രങ്ങള്‍ പ്രഥമ പരിഗണന നല്‍കി എത്രയും വേഗം നടപ്പിലാക്കേണ്ടതാണ് ഇത്തരമൊരു നിയമപരമായ നീക്കം.

അന്ദലുസിൽ അധികാരത്തിലെത്തിയ മുസ് ലിംകള്‍ ക്രൈസ്തവരോട് സ്വീകരിച്ച സഹിഷ്ണുതയും ബഹുമാനവും അന്ദലുസിലെ ക്രൈസ്തവ പക്ഷപാതികള്‍ എത്രമാത്രം അരോചകമായാണ് നോക്കി കണ്ടിരുന്നതെന്നതും തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. യൂറോപ്പിലെ ക്രൈസ്തവ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനിന്ന മതപരമായ ആഭ്യന്തര വഴക്കുകള്‍ തീര്‍ക്കുന്നതില്‍ വരെ മുസ് ലിംകളുടെ സഹിഷ്ണുതാ നിലപാട് പങ്കുവഹിച്ചു.
നാഗരികതകള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചും മതങ്ങളെയും മതചിഹ്നങ്ങളെയും അവമതിക്കുന്നതിന് അറുതിവരുത്തിയും ചരിത്രത്തില്‍നിന്ന് എങ്ങനെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാം എന്ന അന്വേഷണമാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

സഹവർത്തിത്വത്തിന് വളക്കൂറുള്ള മണ്ണ്
നാഗരികതകളുടെയും മതങ്ങളുടെയും സഹവർത്തിത്വത്തിന്  പൊതുവെ വളക്കൂറുള്ള മണ്ണായിരുന്നു അന്ദലുസ്. ധാരാളം ജനവിഭാഗങ്ങളും വംശീയതകളും അവിടെ സഹവസിച്ചു വന്നു; വിശിഷ്യ എട്ടുനൂറ്റാണ്ടുകാലം നീണ്ടുനിന്ന ഇസ് ലാമിക ഭരണകാലം.
ചരിത്രത്തിലുടനീളം ധാരാളം തത്ത്വചിന്തകന്മാരും ചരിത്രകാരന്മാരും അന്ദലുസിൽ നിലനിന്ന സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും അനുഭവസാക്ഷ്യങ്ങള്‍ വിശദീകരിച്ചു തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ ക്രൈസ്തവത പ്രചരിച്ച കാലം മുതല്‍ ബഹുസ്വരതയെ ഏറ്റവും നല്ലരീതിയില്‍ പരിപാലിച്ചു പോന്നത് മുസ് ലിംകളാണെന്ന് യൂറോപ്യന്മാരും സ്‌പെയിന്‍കാരുമായ ചരിത്രകാരന്മാര്‍ ഒരുപോലെ സമ്മതിച്ചതാണ്.

ഫ്രഞ്ച് ഓറിയന്റലിസ്റ്റ് Henori de Castries (മ.ഹി 1346/ക്രി. 1927) തന്റെ 'ഇസ് ലാം: ചിന്തകളും ശുഭ ലക്ഷണങ്ങളും' എന്ന കൃതിയില്‍ എഴുതുന്നു: 'അന്ദലുസിലെ മുസ് ലിംകള്‍ അവിടത്തെ ക്രൈസ്തവരോട് കവിഞ്ഞ തോതിലുള്ള നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. മുന്‍കാലങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി വളരെ നല്ല അവസ്ഥയിലാണ് ക്രൈസ്തവര്‍ കഴിഞ്ഞു പോന്നിരുന്നത്.'

സ്പാനിഷ്, യൂറോപ്യന്‍ സംസ്‌കാരങ്ങളില്‍ മുസ് ലിം അന്ദലുസിന്റെ സ്വാധീനം വലുതായിരുന്നുവെങ്കിലും അതിനെതിരില്‍ ഒമ്പതാം നൂറ്റാണ്ടിന്റെ മുപ്പതുകളില്‍ അന്ദലുസിലെ ക്രൈസ്തവര്‍ക്കിടയില്‍ 'സ്വയം സന്നദ്ധരായ രക്തസാക്ഷികള്‍' എന്നതുള്‍പ്പെടെയുള്ള പേരുകളില്‍ ഗ്രൂപ്പുകള്‍ ഉടലെടുത്തു.

ഹി. 244/ക്രി. 858-ല്‍ നിര്യാതനായ Euligius of Cordoba എന്ന പുരോഹിതന്‍ ഇവരില്‍ പ്രധാനിയാണ്. പക്ഷെ, അതുകൊണ്ടൊന്നും അന്ദലുസിന്റെ അറബ്-ഇസ് ലാംവല്‍ക്കരണം തടയാന്‍ അവര്‍ക്കുകഴിഞ്ഞില്ല. ഫ്രഞ്ച് ചരിത്രകാരനായ Levi-Provencal (മഹി 1376/ക്രി. 1956) തന്റെ 'അല്‍ഹദാറത്തുല്‍ അറബിയ്യ ഫീ ഇസ്ബാനിയാ' എന്ന തന്റെ കൃതിയില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.

ഹി. 92/ക്രി. 711-ലെ ഇസ് ലാമിക ദിഗ്വിജയം മുതല്‍ അന്ദലുസ് അനുഭവിച്ചു പോന്ന ലിഖിതമായ മതസ്വാതന്ത്ര്യത്തിന്റെ വിശാലാനുകൂല്യത്തില്‍ യഹൂദരും ക്രൈസ്തവരും അന്ദലുസിലെ അറബ്- ഇസ് ലാമിക-സംസ്‌കാരത്തില്‍നിന്ന് ആവോളം സ്വാംശീകരിച്ചു. ഹി. 240 ക്രി. 854-ല്‍ നിര്യാതനായ പുരോഹിതന്‍ Alvaro de Cordoba അറബി ഭാഷാഭ്യാസനവും അറബി ഭാഷയില്‍ രേഖപ്പെടുത്തിയ മാനവിക വിജ്ഞാനീയങ്ങളുടെ പഠനവും വിലക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഹി. 240/ക്രി. 845-ല്‍ അദ്ദേഹം എഴുതിയ Indiculus Luminosus എന്ന കൃതിയില്‍ ഇതു കാണാം.

അറബ് - ഇസ്്ലാമിക സംസ്‌കാരം ക്രൈസ്തവ സമൂഹത്തില്‍ വിശിഷ്യ യുവാക്കള്‍ക്കിടയില്‍ അപ്രതിരോധ്യമാംവിധം സ്വാധീനമുറപ്പിച്ചു തുടങ്ങിയപ്പോഴായിരുന്നു ഈ വിലക്കു പ്രഖ്യാപനമെന്ന് ഹി. 1368/ക്രി. 1949-ല്‍ നിര്യാതനായ Angel Gonzales Palencia തന്റെ 'താരീഖുല്‍ ഫിക്്രില്‍ അന്ദലുസ്' എന്ന കൃതിയിലും, സ്പാനിഷ് ഓറിയന്റലിസ്റ്റും ചരിത്രകാരനുമായ Juan Vernet (മ.ഹി 1432/ക്രി. 2011) തന്റെ 'ഫദ് ലുല്‍ അന്ദലുസ് അലൽ ഗര്‍ബ്' എന്ന കൃതിയിലും അന്ദലുസിലെ ക്രൈസ്തവര്‍ക്കിടയില്‍ ഇസ് ലാമിക സംസ്‌കാരത്തിന്റെ സ്വാധീനവും വളര്‍ച്ചയും അപ്രതിഹതമായിരുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

ദുഷ്പ്രചാരണങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍ Alvaro de Cordoba ഇസ് ലാമിനെയും മുഹമ്മദ് നബി(സ)യെയും കുറിച്ച് നീചമായ വിമര്‍ശനത്തിലേക്ക് കടന്നു. നേരത്തെ നാം വായിച്ച Eulogio de Cordoba യുടെ ഇസ് ലാം വിരുദ്ധ പ്രസ്ഥാനത്തിന്റെ അടുത്ത സഹായിയായി.
അന്ദലുസിലെ ഇസ്്ലാമിക നാഗരികതയെക്കുറിച്ച പഠനത്തില്‍നിന്ന് യുവാക്കളെ തടയാനുള്ള ശ്രമം വിഫലമായപ്പോള്‍ Eulogio യും Alvaro യും ഇസ് ലാമിനെ നേരിട്ട് എതിര്‍ക്കാന്‍ തുടങ്ങി. ഇതിനായി 'രക്തസാക്ഷികളുടെ പ്രസ്ഥാനം' എന്ന കൂട്ടായ്മയുണ്ടാക്കി. പൊതുസ്ഥലങ്ങളിലും പള്ളികളിലും ഇസ് ലാമിനെയും മുഹമ്മദ് നബിയെയും പരസ്യമായി അധിക്ഷേപിച്ചു തുടങ്ങി.

അന്ദലുസിലെ ക്രൈസ്തവര്‍ക്കിടയില്‍ മുസ് ലിംകളുടെ സഹിഷ്ണുതയെക്കുറിച്ച് മതിപ്പ് വര്‍ധിച്ചു വരുന്നതിനെതിരെ തീവ്ര നിലപാട് വളര്‍ന്നതിനെപ്പറ്റി ഓറിയന്റലിസ്റ്റ് Henri de Castries എഴുതുന്നു:

'അന്ദലുസിലെ ക്രൈസ്തവ ചര്‍ച്ച് ക്രി. 851 (ഹി. 237) ല്‍ ക്രൈസ്തവര്‍ മുസ് ലിംകളുടെ ഭാഗത്ത് നിന്ന് പീഡനമേല്‍ക്കുകയാണെന്ന് വസ്തുതാവിരുദ്ധമായി ഭാവനയില്‍ കണ്ടു. അതേസമയം ക്രൈസ്തവര്‍ എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവിച്ച് ശാന്തിയോടെ ജീവിച്ചു വരികയായിരുന്നു. എങ്കിലും ചില പുരോഹിതന്മാരും മേലധ്യക്ഷന്മാരും മുസ് ലിംകള്‍ക്കെതിരെ വിദ്വേഷം ആളിക്കത്തിച്ചുകൊണ്ടിരുന്നു. ഇതിന് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത് പുരോഹിതന്‍ Eulogio ആയിരുന്നു എന്ന് de Castries എഴുതുന്നു ' ഇസ് ലാമിനോട് വെറുപ്പുള്ളവരെ സംഘടിപ്പിച്ച് പ്രസംഗിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ ആകൃഷ്ടരായി തീവ്രനിലപാടുകാരായ ക്രൈസ്തവര്‍ മരണത്തിന് വരെ തയാറാക്കിക്കൊണ്ടിരുന്നു'

ഇത്തരം തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുടെ ഉത്ഭവത്തിന് പല കാരണങ്ങളുമുണ്ടായിരുന്നു. അന്ദലുസിന്റെ ചരിത്രം വിശദമായും ആഴത്തിലും പഠിച്ച ചരിത്രകാരന്‍ മുഹമ്മദ് അബ്ദുല്ല അന്നാന്‍ (മ.ഹി 1407/ക്രി. 1986) തന്റെ 'ദൗലത്തുല്‍ ഇസ് ലാം ബിൽ അന്ദലുസ്' എന്ന കൃതിയില്‍ എഴുതുന്നു: 'അന്ദലുസിലെ ഇസ് ലാമോ ഫോബിയയുടെ പിന്നില്‍ മതപരമായ കാരണങ്ങള്‍ മാത്രമല്ല ചില സാമൂഹിക കാരണങ്ങളും ഉണ്ടായി'രുന്നു. അവിടത്തെ ഇസ് ലാമിക ഭരണകൂടത്തിന്റെ പ്രതാപവും നേതൃഗാംഭീര്യവും ഇസ് ലാമിക സമൂഹം അനുഭവിച്ചു കൊണ്ടിരുന്ന ഉന്നതവും അന്തസ്സാര്‍ന്നതുമായ ജീവിതവും സാമൂഹിക കാരണങ്ങളില്‍ പ്രധാനമായിരുന്നു'
കൊര്‍ദോവയില്‍നിന്ന് അകലെയുള്ള ടോളിഡോ പോലുള്ള നഗരങ്ങളില്‍ വിപ്ലവങ്ങള്‍ സംഘടിപ്പിക്കാനും ഭരണാധികാരികളുമായി മുഖാമുഖം പോരാടാനും ക്രൈസ്തവ തീവ്രവാദികള്‍ക്ക് കഴിയുമായിരുന്നുവെങ്കിലും കോര്‍ദോവയില്‍ അത് അസാധ്യമായിരുന്നു. അവിടെ അവര്‍ മതപരവും വിഭാഗീയവുമായ പലതരം കുഴപ്പങ്ങളും കുത്തിപ്പൊക്കുകയാണുണ്ടായത്. അത് നബിയെയും ഇസ് ലാമിനെയും പരസ്യമായി ചീത്തപറയുന്നേടം വരെയെത്തി. തീവ്രനിലപാടുകള്‍ക്കെതിരെ പ്രതികരിച്ച ക്രൈസ്തവര്‍ തന്നെയായ പ്രമുഖരെ വിമര്‍ശിച്ചുകൊണ്ട് Eulogio 'Memoriales de Los Santos/Memoralis Sanctorum' എന്ന പുസ്തകം രചിക്കുകയുണ്ടായി.

സ്പാനിഷ് ഗവേഷക Sonia Aguilar തന്റെ 'ദിക്‌റയാത്തു ഖിദ്ദീസി ഖുര്‍ത്വുബ ലില്‍ ഖിദ്ദീസ് യൂലൂഖ് യൂ അല്‍ ഖുര്‍ത്തുബി' എന്ന കൃതിയില്‍ തീവ്രവാദ പ്രചാരണത്തിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ടപ്പോഴാണ് Eulogio പ്രസ്തുത പുസ്തകം എഴുതിയതെന്ന് രേഖപ്പെടുത്തിയതായി കാണാം. പുസ്തകത്തെപ്പറ്റി ഗ്രന്ഥകാരന്‍ ദീര്‍ഘമായ ഒരു കത്തില്‍ വിശദമായി ഉത്തര സ്‌പെയിനിലെ Pamplona സിറ്റിയിലെ എപ്പിസ്‌കോപ്പക്ക് എഴുതുകയുണ്ടായി. Flora, Maria എന്നീ രണ്ടു ക്രൈസ്തവ യുവതികള്‍ക്കാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. (ഇവര്‍ രണ്ടുപേരുടെയും ഇസ് ലാം വിരുദ്ധ നിലപാടുകള്‍ വഴിയെ വരുന്നുണ്ട്).

വ്യാപകമായ പ്രചാരണങ്ങള്‍
ഫ്രാന്‍സിനോട് ചേര്‍ന്ന സ്‌പെയ്‌നിന്റെ വടക്കു-കിഴക്കന്‍ മേഖലയിലെ Navarre നഗരത്തിലെ ഒരു മഠത്തില്‍ മുഹമ്മദ് നബി(സ) യുടെ ഒരു ജീവചരിത്രം Eulogio കാണുകയുണ്ടായി: നബി(സ)യെ അവമതിക്കാനും ഇസ് ലാമുമായി ബന്ധമുള്ള എല്ലാറ്റിനുമെതിരെ ക്രൈസ്തവ യുവാക്കളെ തിരിച്ചുവിടാനുമായിരുന്നു നബിചരിത്രം ഉപയോഗപ്പെടുത്തിയിരുന്നത്.

'രക്തസാക്ഷി പ്രസ്ഥാന'ത്തിലൂടെ അന്ദലുസിലെ ബഹുസ്വര സമൂഹത്തില്‍ ഇസ് ലാമിനും മുസ് ലിംകള്‍ക്കുമെതിരില്‍ വിദ്വേഷം വളര്‍ത്തുകയായിരുന്നു ലക്ഷ്യം. രാജ്യത്ത് നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിക്കുന്നവരെയും ഏതു മതത്തിന്റെയും മതപരമായ വിശുദ്ധികളെ അപമാനിക്കുന്നതിനെ കുറ്റകരമായി കാണുന്ന രാജ്യങ്ങളിലെ നിയമങ്ങളെ വെല്ലുവിളിക്കുന്നവരെയും രക്തസാക്ഷി പ്രസ്ഥാനം വിശുദ്ധരായി പ്രഖ്യാപിച്ചു.
ഏത് പ്രവാചകനെയും ചീത്തപറയുന്നത് വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായിരുന്ന അന്ദലുസില്‍ ക്രൈസ്തവരുടെ വികാരങ്ങള്‍ക്ക് തീ കൊടുക്കാനായി തീവ്രവാദികള്‍ മുഹമ്മദ് നബിയെ ചീത്തവിളിച്ച് രക്തസാക്ഷികളാവാന്‍ മുന്നോട്ടു വന്നു. ഇതോടെ ഇസ് ലാമും ക്രൈസ്തവതയും തമ്മില്‍ സംഘര്‍ഷങ്ങളായി.

മതപരമായ വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും ആദരിച്ചിരിക്കണം എന്ന വ്യവസ്ഥ അന്ദലുസിലെ യഹൂദരും ക്രൈസ്തവരും അംഗീകരിച്ചിരുന്നു. ഇസ് ലാമിനെ തെറ്റായ ഏതെങ്കിലും രീതിയില്‍ സമീപിക്കാത്ത കാലത്തോളം തങ്ങളുടെ ശരീഅത്തുകള്‍ക്കനുസരിച്ച് ജീവിക്കാന്‍ അവിടത്തെ യഹൂദികള്‍ക്കും ക്രൈസ്തവര്‍ക്കും അനുവാദമുണ്ടായിരുന്നു. അതിനാല്‍ തന്നെ, ഇസ് ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നത് ഗുരുതരമായ ലംഘനമായാണ് പരിഗണിച്ചിരുന്നത്.

ഖാദി ഇയാദ് അല്‍ മാലികി തന്റെ 'അശ്ശിഫാ' എന്ന കൃതിയില്‍ എഴുതുന്നു: 'അന്ദലുസില്‍ അന്ന് പ്രയോഗത്തിലുണ്ടായിരുന്ന മാലികി മദ്ഹബിൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: ജൂതനോ ക്രൈസ്തവനോ ആയ ഒരു പ്രജ, അവര്‍ അവിശ്വാസിയായതിന് നിമിത്തമായ വിധത്തിലല്ലാതെ നബിമാരെ സംബന്ധിച്ച് സഭ്യേതരമായി സംസാരിച്ചാൽ അവനെ ഗളഛേദം ചെയ്യണം. അവന്‍ ഇസ് ലാം സ്വീകരിച്ചാല്‍ മാത്രമെ ശിക്ഷ ഒഴിവാകുകയുള്ളൂ. നബി(സ)യെ അഭിശംസിച്ചവന് ഇസ് ലാം ശിക്ഷയില്‍നിന്ന് സംരക്ഷണം നല്‍കാത്ത പോലെ, അഭിശംസിച്ചവന്‍ അമുസ് ലിം ആകുമ്പോള്‍ ദിമ്മത്ത് (സംരക്ഷിതപൗരത്വം) അവന് രക്ഷയാവുകയില്ല.'

ഖാദി ഇയാദിന്റെ മേല്‍വാചകത്തില്‍നിന്ന് നമുക്ക് മനസ്സിലാവുന്നത്, മുസ് ലിംകളോ അമുസ് ലിംകളോ എന്ന വ്യത്യാസമില്ലാതെ നബി(സ)യെ ചീത്ത പറയുന്നത് കുറ്റകരമായി പ്രഖ്യാപിക്കുന്ന നിയമം അവിടെ ഉണ്ടായിരുന്നു എന്നാണ്. എല്ലാ മതങ്ങള്‍ക്കുമെതിരെയുള്ള ഏതുതരം അക്രമണങ്ങളും വിലക്കപ്പെട്ടിരുന്നു. അതേസമയം സംവാദ നിയമങ്ങള്‍ക്ക് വിധേയമായി മതവിശ്വാസങ്ങള്‍ സ്ഥാപിക്കാനും ചോദ്യം ചെയ്യാനും എല്ലാവര്‍ക്കും അനുവാദമുണ്ടായിരുന്നു. മതങ്ങളെ അവമതിക്കാന്‍ ഒരു തരത്തിലും അനുവാദമുണ്ടായിരുന്നില്ല.

ഫ്രഞ്ച് ചരിത്രകാരനായ Pierre Guichard തന്റെ 'ഇസ്ബാനിയാ അല്‍ മുസ് ലിമഃ അല്‍ അന്ദലുസുല്‍ ഉമവിയ്യ.... ഖിലാലല്‍ ഖര്‍നി സ്സാമിന്‍ വല്‍ഹാദി അശര്‍ അല്‍ മീലാദീ' എന്ന കൃതിയില്‍ 'കോര്‍ദോവയിലെ സ്വയം സന്നദ്ധരക്തസാക്ഷി ഗ്രൂപ്പ്' രൂപവല്‍കൃതമായത് ഹി. 210/ക്രി. 825-ലാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ് ലാമിനെയും മുഹമ്മദ് നബി(സ)യെയും അവമതിച്ച രണ്ടുപേരെ വിചാരണ ചെയ്ത പശ്ചാത്തലത്തിലാണ് സംഘത്തിന്റെ പിറവി.

ഹി. 213/ക്രി. 828-ല്‍ പറങ്കി ചക്രവര്‍ത്തി ലൂയിസ് ഒന്നാമന്‍ (മ.ഹി 225/ ക്രി. 840) അന്ദലുസിന്റെ ദക്ഷിണ ഭാഗത്തുള്ള Merida നഗരത്തിലെ ക്രൈസ്തവര്‍ക്ക് അന്ദലുസിലെ ഇസ് ലാമിന്റെ വേരുകള്‍ അറുത്തുകളയണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുകയുണ്ടായി. രണ്ടു ദശകങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇസ് ലാം വിദ്വേഷം തീവ്രതരമായി മാറി. ഉമവി അമീറുമാരായ അബ്ദുര്‍റഹ് മാന്‍ രണ്ടാമന്‍ (മ.ഹി 238/ ക്രി. 852)യും മുഹമ്മദ് ഒന്നാമന്റെയും (മ.ഹി 273/ക്രി. 885) കാലത്ത് കൃത്യമായി പറഞ്ഞാല്‍, ഹി. 235/ക്രി. 850-നും ഹി. 244/ക്രി. 858-നുമിടയില്‍ ഇസ് ലാമിക ശരീഅത്തിനെ തുറന്ന് വെല്ലുവിളിച്ചുകൊണ്ട്, 'അമ്പതംഗ സ്വയം സന്നദ്ധ രക്തസാക്ഷി ഗ്രൂപ്പ്' രംഗത്തുവന്നു.

ഇവരോടൊപ്പം ചേര്‍ന്ന് 'ഇസ് ലാമിന്റെ തെറ്റുകളെ' നേരിടാന്‍ മറ്റുള്ളവരും രക്തസാക്ഷ്യമേറ്റുവാങ്ങാനായി രംഗത്തിറങ്ങണമെന്ന്  Euligius ആവശ്യപ്പെട്ടു.
അതേസമയം അന്ദലുസിലെ ഇസ് ലാമിക ഭരണകൂടത്തോട് സ്‌നേഹപൂര്‍ണമായ നിലപാട് സ്വീകരിച്ചിരുന്ന ചര്‍ച്ച് അധികാരികള്‍ മരിക്കുന്നവരെ 'രക്തസാക്ഷികള്‍' എന്നു വിശേഷിപ്പിക്കുന്നതിനെ തള്ളിപ്പറയുകയുണ്ടായി. ഏതെങ്കിലും തരത്തിലുള്ള മതപരമായ പീഡനത്തിന്റെ ഫലമായല്ല അവര്‍ മരിക്കുന്നതെന്നും, ഇസ് ലാമിക വിശ്വാസത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള സാഹസങ്ങള്‍ക്കിടയില്‍ അവര്‍ കൊല്ലപ്പെടുകയാണെന്നും ചര്‍ച്ച് വിശദീകരിച്ചു. ഇതൊക്കെയാണെങ്കിലും തീവ്രവാദികളുടെ നേതാക്കള്‍ വിശുദ്ധരായി വാഴ്ത്തപ്പെട്ടു. അവരുടെ ഖബറിടങ്ങള്‍ 'രക്തസാക്ഷികളുടെ പൂന്തോട്ടം' എന്ന പേരില്‍ അറിയപ്പെട്ടു.

ക്രൈസ്തവ വിശ്വാസത്തെ തെറ്റായി വ്യാഖ്യാനിച്ച് രക്തസാക്ഷ്യത്തിലേക്ക് എടുത്തു ചാടിയവര്‍ക്കെതിരില്‍ ക്രൈസ്തവരുടെ ഭാഗത്തുനിന്നുതന്നെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ 'രക്തസാക്ഷികളെ' ശക്തമായി ന്യായീകരിച്ച്  Euligius തന്റെ Memorial de Los Santos എന്ന കൃതിയില്‍ വാചാലനാവുന്നത് കാണാം. അതേസമയം തീവ്രനിലപാടുകാര്‍ തങ്ങളെ ദേഹേഛകള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു എന്ന നിലപാടും ക്രൈസ്തവര്‍ക്കിടയില്‍ തന്നെ ശക്തമായിരുന്നു.

അമേരിക്കന്‍ ചരിത്രകാരനായ വില്‍ഡ്യുറന്റ് (മ.ഹി 1402/ ക്രി. 1981) തന്റെ 'നാഗരികതയുടെ ചരിത്രം' എന്ന കൃതിയില്‍ എഴുതുന്നു: 'ഇസ് ലാമിനെതിരെ ഈ പ്രസ്ഥാനത്തിന്റെ ശത്രുതാ നീക്കങ്ങള്‍ കനത്തപ്പോള്‍ ക്രൈസ്തവര്‍ക്കിടയില്‍ അങ്കലാപ്പ് വര്‍ധിച്ചു. ക്രൈസ്തവരും അല്ലാത്തവരുമായ ധാരാളം പേര്‍, ഭരണകൂടം മതാചരണത്തിന് സ്വാതന്ത്ര്യം അനുവദിക്കുകയും മതചിഹ്നങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്രയും കടുത്ത ദേഹത്യാഗത്തിന് ഒരുമ്പെടുന്നതിന് ന്യായമില്ല എന്ന് വാദിക്കുകയുണ്ടായി.

ഡച്ച് ഓറിയന്റലിസ്റ്റ് Reinhart Dozy എഴുതുന്നു: 'സഭ രക്തസാക്ഷ്യ നടപടിയെ നേരിട്ടെതിര്‍ത്തില്ലെങ്കിലും തീവ്രതകളുടെ എടുത്തു ചാട്ടങ്ങളെ അപലപിച്ചു. നിഷ്‌കളങ്കരായ ക്രൈസ്തവര്‍ അവര്‍ക്ക് വശംവദരാകരുതെന്ന് ഉപദേശിച്ചു. നിര്‍ദേശം ലഭിക്കുന്നവരെ അറസ്റ്റു ചെയ്യണമെന്ന് നിര്‍ദേശിച്ചു.'

'രക്തസാക്ഷി പ്രസ്ഥാന'ത്തിലെ ഒന്നാമത്തെ രക്തസാക്ഷി ഒരു പുരോഹിതനായിരുന്നു. Rein hart Dozy (മ.ഹി 1300/ ക്രി. 1883) 'അല്‍ മുസ്്ലിമൂന ഫില്‍ അന്ദലുസ്' എന്ന കൃതിയില്‍, കോര്‍ദോവന്‍ കോടതി ഇസ്്ലാമിനെ അധിക്ഷേപിക്കുകയും നബി(സ)യെ ഭ്രാന്തനെന്ന് അധിക്ഷേപിക്കുകയും ചെയ്ത Santo Perfecto എന്ന തീവ്രവാദിയെ വധശിക്ഷക്ക് വിധേയമാക്കിയതായി രേഖപ്പെടുത്തുന്നു.
ഹി. 235/ക്രി. 850-ലെ ഈദുല്‍ ഫിത്വ് ര്‍ ദിനത്തില്‍ വധശിക്ഷ നടപ്പിലാക്കി. ചില ചര്‍ച്ചധികാരികള്‍ വധിക്കപ്പെട്ടയാളെ 'പുരോഹിത' പദവിയില്‍നിന്ന് 'വിശുദ്ധ' പദവിയിലേക്ക് ഉയര്‍ത്തുകയുണ്ടായി.

നബിനിന്ദ കടുപ്പിക്കുന്നു
സാന്റോ പെര്‍ഫെക്‌റ്റോയുടെ വധശിക്ഷയോടെ Euligius ഉമവി അധികാരികള്‍ക്കെതിരെ വിദ്വേഷത്തീ ആളിക്കത്തിക്കാന്‍ തുടങ്ങി. തന്റെ നേതൃത്വത്തിനു കീഴില്‍ നബി(സ)യെ ചീത്തപറയുന്ന ഒരു സംഘത്തെ സൃഷ്ടിച്ചെടുക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. അതിനുവേണ്ടി രക്തസാക്ഷികളെ സ്വര്‍ഗം കാത്തിരിക്കുന്നതായി പറഞ്ഞ് പ്രലോഭിപ്പിച്ചതായി വില്‍ഡ്യുറാന്റ് എഴുതുന്നു.

de castries എഴുതുന്നു: 'രക്തസാക്ഷി പ്രതിജ്ഞയെടുത്തവരില്‍ ഇസ്ഹാഖ് എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. കോര്‍ദോവയിലെ ഒരു അഭിജാത ക്രൈസ്തവ കുടുംബാംഗമായിരുന്ന അദ്ദേഹം. നന്നായി അറബി ഭാഷ സംസാരിച്ചിരുന്ന അദ്ദേഹം കോര്‍ദോവയിലെ സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കായിരുന്നു. ഒരു ദിവസം അദ്ദേഹം ന്യായാധിപനെ സന്ദര്‍ശിച്ച് ഇസ് ലാം സ്വീകരിക്കുന്നതായി അറിയിച്ചു. ശഹാദത്ത് കലിമകള്‍ ഉച്ചരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അയാള്‍ നബി(സ)യെ അതീവ രൂക്ഷമായി ചീത്ത വിളിച്ചു. ഇസ് ലാമിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.'

ഈ സംഭവത്തെക്കുറിച്ച് de castries തുടരുന്നു; 'വധശിക്ഷ ഒഴിവാക്കാനായി ജഡ്ജി ഇസ് ലാം അധിക്ഷേപങ്ങള്‍ കേട്ടില്ലെന്ന് നടിച്ചു. ഇസ്ഹാഖ് മാനസിക രോഗിയായിരിക്കുമെന്ന് ജഡ്ജി ആദ്യഘട്ടത്തില്‍ കരുതിയെങ്കിലും അയാള്‍ കൂടെക്കൂടെ അധിക്ഷേപിച്ചുകൊണ്ടിരുന്നതിനാല്‍ നടപടിയെടുക്കാതിരിക്കാന്‍ നിവൃത്തിയില്ലാതെ അയാളെ വധശിക്ഷക്ക് വിധേയനാക്കി. ഹി. 236/ക്രി. 851 ജൂണ്‍ 5-നായിരുന്നു സംഭവം.'
ഉമവി അമീറിന്റെ സുരക്ഷാ വിഭാഗത്തിലുണ്ടായിരുന്ന Sancho എന്ന യുവ സൈനികനും ഇതേവിധം വധിക്കപ്പെടുകയുണ്ടായി.

വനിതാ പങ്കാളിത്തം
രക്തസാക്ഷി ഗ്രൂപ്പില്‍ പുരുഷന്മാര്‍ മാത്രമല്ല, വനിതകളുമുണ്ടായിരുന്നു. Flora, Maria എന്നീ രണ്ടു വനിതകള്‍ ഇവരില്‍ പ്രശസ്തകളായിരുന്നു.
മുസ് ലിം പിതാവിന്റെയും ക്രൈസ്തവമാതാവിന്റെയും മകളായിരുന്ന ഫ്‌ളോറക്ക്  Euligius മായി ഗാഢ ബന്ധമുണ്ടായിരുന്നു. രക്തസാക്ഷി പ്രസ്ഥാനവുമായി ഫ്‌ളോറക്ക് ബന്ധമുണ്ടെന്നറിഞ്ഞ മുസ് ലിം സഹോദരന്‍ അവളെ ന്യായാധിപന് കൈമാറി. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ന്യായാധിപനെയും ഇസ് ലാമിനെയും കടുത്ത ഭാഷയില്‍ ഫ്‌ളോറ തെറി പറഞ്ഞു. മുസ് ലിം കുടുംബത്തിലെ അംഗം എന്ന നിലയില്‍ ന്യായാധിപന്‍ അവളുടെ നേരെ മൃദുനയം സ്വീകരിച്ചു. ചെറുപ്രായം പരിഗണിച്ചും ഭാവിയില്‍ നിലപാടു തിരുത്തിയേക്കാം എന്ന പ്രതീക്ഷയിലും ന്യായാധിപന്‍ വിട്ടുവീഴ്ച കൈക്കൊണ്ടു.
ജയില്‍ പുള്ളിയായ Euligius ജയിലില്‍ വെച്ച് ഫ്‌ളോറയുമായി പലപ്പോഴും സന്ധിച്ചിരുന്നു. അപ്പോഴൊക്കെ കൂടുതല്‍ കടുത്ത തീവ്രവാദം ഫ്‌ളോറയുടെ മനസ്സില്‍ കുത്തിവെച്ചുകൊണ്ടിരുന്നു. അതോടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് അവള്‍ക്ക് പിന്‍മാറാന്‍ കഴിയാതെ വന്നു. പുരോഹിതന്റെ പ്രവര്‍ത്തനം വിജയിച്ചു. ജയിലില്‍നിന്ന് പുറത്തുവന്ന അവള്‍ അത്യന്തം നീചമായി ഇസ് ലാമിനെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തി. വീണ്ടും അവളെ ന്യായാധിപന്റെ മുമ്പാകെ ഹാജരാക്കി. മുസ് ലിം കുടുംബാംഗമായിരുന്നതിനാല്‍ മതപരിത്യാഗിണി എന്ന പരിഗണനയില്‍ അവളെ വധിച്ചു. ഹി. 239 ക്രി. 853 നവംബര്‍ 24 നായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. അതിനുശേഷം അവര്‍ 'വിശുദ്ധ ഫ്‌ളോറ' എന്ന അര്‍ഥത്തില്‍ Santa Flora എന്ന് പ്രസിദ്ധയായി.
ഫ്‌ളോറയുടെ കൂട്ടുകാരി Maria യും ഇതേവിധം വധിക്കപ്പെടുകയായിരുന്നു. അവളുടെ പിതാവ് ക്രൈസ്തവനും മാതാവ് ക്രുസ്തുമതം സ്വീകരിച്ച മുസ് ലിമുമായിരുന്നു. രക്തസാക്ഷ്യത്തിന്റെ വേദനകള്‍ സഹിക്കാന്‍ തനിക്ക് ക്ഷമ തരേണമെന്ന് അവള്‍ ഫ്‌ളോറയോടൊപ്പം ചര്‍ച്ചില്‍വെച്ച് നിരന്തരമായി പ്രാര്‍ഥിച്ചിരുന്നു.

ഫ്‌ളോറയുടെയും മരിയയുടെയും രക്തസാക്ഷ്യം Euligius ന് വീര്യം പകര്‍ന്നു. രക്തസാക്ഷ്യത്തിനു തയാറായി ഇനിയുമാളുകള്‍ രംഗത്തുവരട്ടെ എന്ന് അദ്ദേഹം അഭ്യര്‍ഥിച്ചുകൊണ്ടിരുന്നു. പുരോഹിതന്മാരും സ്ത്രീകളും ആവേശത്തോടെ രംഗത്തേക്ക് വന്നുകൊണ്ടിരുന്നു. വിധവയായ ശേഷം പുരോഹിതയായ Laura, ഇസ് ലാം പരിത്യജിച്ച് ക്രിസ്തുമതം സ്വീകരിച്ച Leo cri cia മുതലായവര്‍ രക്തസാക്ഷ്യം വരിച്ചവരിലെ ചിലരാണ്. 

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top