ബുദ്ധിയും മനുഷ്യജ്ഞാനവും നബിമാരുടെ ഹിദായത്തിന് പകരമാവില്ല

സയ്യിദ് റശീദ് രിദാ‌‌

ദൈവത്തിലും അദൃശ്യകാര്യങ്ങളിലുമുള്ള വിശ്വാസം മനുഷ്യ പ്രകൃതിയില്‍ സഹജമായി തന്നെയുള്ള യാഥാര്‍ഥ്യമാണ്. ബുദ്ധി പക്വമാകുമ്പോള്‍ മനുഷ്യരില്‍ ഇത്തരം ചിന്തകള്‍ സജീവമാകും. പല തത്വജ്ഞാനികളും ചിന്തകന്മാരും ദൈവത്തെയും അവന്റെ അറിവിനെയും യുക്തിയെയും സംബന്ധിച്ചും അവനെ മഹത്വപ്പെടുത്തേണ്ടതിന്റെയും അവന് നന്ദി ചെയ്യേണ്ടതിന്റെയും ഇബാദത്ത് ചെയ്യേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും തെളിവുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ചിലര്‍ മരണാനന്തര ജീവിതത്തെയും സ്വര്‍ഗ നരകങ്ങളിലെ ശാശ്വത ജീവിതത്തെയും സമ്മതിച്ച് പറഞ്ഞിട്ടുണ്ട്. മാനവതക്കു ഗുണകരമാവുന്ന ശ്രേഷ്ഠ ഗുണങ്ങളുടെയും നിയമ സംഹിതയുടെയും സാമൂഹിക ബന്ധങ്ങളുടെയും അടിസ്ഥാനങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
ഗതകാല ചരിത്രവും വര്‍ത്തമാനകാല വസ്തുതകളും മുകളില്‍ പറഞ്ഞത് സ്ഥാപിക്കുന്നുണ്ട്. പക്ഷെ തത്ത്വജ്ഞാനികളുടെയും ഫിലോസഫര്‍മാരുടെയും വിജ്ഞാനവും നബിമാരുടെ ഹിദായത്തും തമ്മില്‍ അവയുടെ ഉത്ഭവത്തിലും സാധുതയുടെ ഉറപ്പിലും അവയ്ക്ക് മനുഷ്യര്‍ വിധേയപ്പെടുന്നതിലും എല്ലാ വിഭാഗം അഭിസംബോധിതരുടെയും ഹൃദയങ്ങള്‍ക്ക് അവ സ്വീകാര്യമാവുന്നതിലുമെല്ലാം വലിയ അന്തരങ്ങളുണ്ട്.
തത്ത്വജ്ഞാനികളുടെ ജ്ഞാനങ്ങള്‍ മാനുഷികമാണ്. പോരായ്മയുള്ളവയാണ്, അദൃശ്യ ജ്ഞാനിയില്‍ നിന്ന് ലഭിക്കുന്നവയല്ല, തെറ്റാനും ഭിന്നാഭിപ്രായങ്ങള്‍ക്കും ഇടയുള്ളതാണ്, ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രമെ അത് മനസ്സിലാവുകയുള്ളൂ, മനസ്സിലാക്കിയാൽ തന്നെയും അവ മുഴുവനായി സ്വീകരിക്കപ്പെടില്ല, സ്വീകരിക്കുന്നവരും സാധുവെന്ന് വിശ്വസിക്കുന്നവരും തന്നെ തങ്ങളുടെ ദേഹേഛകളെക്കാള്‍ അവയ്ക്ക് പരിഗണന നല്‍കി എന്നു വരില്ല. എന്തുകൊണ്ടെന്നാല്‍ അവ അറിഞ്ഞവന്റെ മനസ്സിനെ സ്വാധീനിക്കാന്‍ അവയ്ക്ക് കഴിയണമെന്നില്ല. ഒരു വിശ്വാസം എന്ന നിലയില്‍ അവ വിശ്വസിക്കാനും അവയ്്ക്ക് കീഴൊതുങ്ങി ജീവിക്കാനും തയാറാവില്ല. കാരണം തന്നെ പോലെ മനുഷ്യനായ ഒരാള്‍ക്ക് വഴങ്ങി ജീവിക്കാന്‍ സാധാരണയായി മനുഷ്യര്‍ തയാറാവില്ല. തന്നെക്കാള്‍ വിവരവും നിലവാരവും ഉള്ളവരെപോലും അംഗീകരിക്കാന്‍ പൊതുവെ മനുഷ്യര്‍ തയാറല്ലെന്നതാണ് വസ്തുതാ യാഥാര്‍ഥ്യം. പ്രാപഞ്ചിക വ്യവസ്ഥകള്‍ക്കതീതമായി തനിക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുന്ന അദൃശ്യമായ ഒരു പരാശക്തിക്കു മാത്രമെ മനുഷ്യര്‍ കീഴ്‌പ്പെടുകയുള്ളൂ.

നബിമാരുടേത് അല്ലാഹുവില്‍നിന്ന് ലഭ്യമാവുന്ന മതപരമായ ബോധനമാണ്. മറ്റുള്ളവരുടേത് ആര്‍ജിത വിജ്ഞാനങ്ങളാണ്. എല്ലാ മുസ് ലിംകളും നബിമാരെ അനുസരിക്കുന്നത് ആത്മീയമായ വിധേയത്വ മനസ്സോടെയാണ്. അവരുടെ നിര്‍ദേശങ്ങളെ ശരിയാംവണ്ണം മനസ്സിലാക്കുകയും അതില്‍ അടിയുറച്ച വിശ്വാസം പുലര്‍ത്തുകയും ചെയ്യുന്നതോടെ അഭിപ്രായ വ്യത്യാസമില്ലാത്ത പൊതു തത്ത്വങ്ങളായി അവ മാറുന്നു. മതത്തെ തെറ്റായി മനസ്സിലാക്കുകയും അതിലുള്ള വിശ്വാസം വിനഷ്ടമാവുകയും ചെയ്ത സമൂഹങ്ങളിൽ ശാസ്ത്രജ്ഞരുടെ വിജ്ഞാനങ്ങളും തത്ത്വജ്ഞാനികളുടെ തത്ത്വജ്ഞാനങ്ങളും ഉപകാരപ്പെടില്ല.

ആധുനിക കാലത്ത് ശാസ്ത്രവും തത്ത്വജ്ഞാനവും പുരോഗമിച്ചിരിക്കുന്നു. മറ്റൊരു കാലത്തും ഇല്ലാത്തവിധം അവ രണ്ടും വ്യാപകമായിരിക്കുന്നു. ആരും രാജാവിനെയോ നേതാവിനെയോ പണ്ഡിതനെയോ തത്ത്വശാസ്ത്രജ്ഞനെയോ കണ്ടപിടിത്തക്കാരനെയോ പിന്‍പറ്റി ജീവിക്കാന്‍ തയാറാവുന്നില്ല. എന്നാല്‍ ഇന്നും ജനങ്ങള്‍ നബിമാരെ പന്‍പറ്റി ജീവിക്കാന്‍ തയാറാവുന്നു.

ആധുനിക വിദ്യാഭ്യാസം നേടിയവരുള്‍പ്പെടെയുള്ള ഭൂരിപക്ഷ മനുഷ്യരും അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്നു. ചില മതങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസികള്‍ മാത്രമെ ബഹുദൈവവിശ്വാസത്തില്‍ തുടരുന്നുള്ളൂ. ആ മതങ്ങളാകട്ടെ, ബഹുദൈവത്വ സങ്കല്‍പത്തെ അടിസ്ഥാനപരമായി അംഗീകരിക്കുന്നുമില്ല. അവയത്രയും ബഹുദൈവത്വത്തെ അടിമുടി തകര്‍ക്കുന്നവയാണ്. നബിമാരെയും വിശുദ്ധരെന്ന് കരുതപ്പെടുന്നവരെയും ആരാധിക്കുകവഴി ബഹുദൈവത്വവും അന്ധവിശ്വാസങ്ങളും സ്വഭാവദൂഷ്യങ്ങളും മതങ്ങളുടെ സത്യതയെയും സാധുതയെയും കുറിച്ച് സന്ദേഹങ്ങളുളവാക്കി.

അന്ധവിശ്വാസികളായിക്കൊണ്ടേ ജനങ്ങള്‍ക്ക് മതവിശ്വാസികളായി ജീവിക്കാന്‍ കഴിയൂ എന്ന അവസ്ഥയുണ്ടായി. മതങ്ങള്‍ അല്ലാഹുവില്‍നിന്നുള്ള ബോധനമാണ് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ എല്ലാവരെയും യഥാര്‍ഥ മതത്തിലേക്ക് തിരികെയെത്തിക്കാന്‍ ഇസ് ലാമിനു മാത്രമെ കഴിയുകയുള്ളൂ.

ആധുനിക കാലത്ത് ഏറ്റവും കൂടുതല്‍ നാഗരികമായി പുരോഗമിച്ച സമൂഹങ്ങള്‍ ക്രൈസ്തവരാണ്. അങ്ങനെയാവാന്‍ കാരണം തങ്ങളുടെ സാമൂഹിക ജീവിതത്തിന്റെ ഘടന ക്രൈസ്തവരാഷ്ട്രങ്ങള്‍ അങ്ങനെ സംവിധാനിച്ചതിനാലാണ്. അതേസമയം സ്ത്രീകളുടെയും സാധാരണ ജനങ്ങളുടെയും ഹൃദയങ്ങളില്‍ മാത്രമെ ക്രൈസ്തവത പിടിച്ചു നില്‍ക്കുന്നുള്ളൂ എന്നതാണ് വാസ്തവം.

ഈ ഭാഗം എഴുതിക്കൊണ്ടിരുന്നപ്പോള്‍, വൈജ്ഞാനിക-കലാ-നാഗരിക മേഖലകളില്‍ ഏറ്റവും പുരോഗമിച്ചവരെന്ന് കരുതപ്പെടുന്ന ജര്‍മനിയിലെ നേതാക്കള്‍ ക്രൈസ്തവതയുടെ അടിത്തറ തകര്‍ക്കുന്ന നിലപാടുകള്‍ പ്രഖ്യാപിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. എല്ലാ സെമിറ്റിക് അംശങ്ങളും നീക്കം ചെയ്ത് ശുദ്ധ ഇന്തോ-ആര്യന്‍-പേര്‍ഷ്യന്‍ വംശീയതയിലേക്ക് തിരിച്ചു പോകണമെന്ന ആഹ്വാനമാണ് അവിടെനിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. അവരുടെ നബിമാരും ദൂതന്മാരും ക്രിസ്തു തന്നെയും സെമിറ്റിക് വംശജരാണ്. അവര്‍ക്കു പകരം ജര്‍മന്‍ വംശജരായ പൂര്‍വിക മഹാന്മാരെ വിശുദ്ധരായി പ്രഖ്യാപിക്കണമെന്നാണ് അവരുടെ താല്‍പര്യം. ഇത് ഒരുതരം ജാപ്പനീസ് വിഗ്രഹ സങ്കല്‍പമാണ്. ജര്‍മന്‍കാരും ഇതര യൂറോപ്യന്മാരും തമ്മില്‍ ശത്രുതയുണ്ടാക്കാനെ ഇത് സഹായിക്കുകയുള്ളൂ.

ഈ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ മാനവതയുടെ ഇഹ-പര ക്ഷേമമോക്ഷങ്ങള്‍ക്ക് മുഹമ്മദീയ ബോധനം മാത്രമെ പരിഹാരമുള്ളൂ എന്ന് മനസ്സിലാക്കാനാവും. അത് മനുഷ്യ പ്രകൃതിയുടെ പൂര്‍ണതയാണ്. അദ്ദേഹം ലോകാനുഗ്രഹിയായാണ് നിയോഗിതനായിരിക്കുന്നത്. അല്ലാഹു അദ്ദേഹത്തിലൂടെ ദീനീനെ പൂര്‍ത്തിയാക്കി. ദേശീയവും വര്‍ഗീയവുമായ എല്ലാ പക്ഷപാതിത്വങ്ങളെയും അദ്ദേഹം നിഷ്‌കാസനം ചെയ്തു.

ലോകത്ത് മാനവ സാഹോദര്യം വളര്‍ത്തിയെടുക്കാന്‍ മുഹമ്മദ് നബിയെ പിന്‍പറ്റുക മാത്രമാണ് ഒറ്റമൂലി. സത്യാന്വേഷികളുടെയും സ്വതന്ത്ര ചിന്തകരുടെയും മുമ്പില്‍ അല്ലാഹു അവന്റെ സന്മാര്‍ഗത്തിന്റെ വാതിലുകള്‍ തുറന്നിടട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.
يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ الْكِتَابِ وَيَعْفُو عَن كَثِيرٍۚ قَدْ جَاءَكُم مِّنَ اللَّهِ نُورٌ وَكِتَابٌ مُّبِينٌ . يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ
'വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചു വെച്ചിരുന്ന ഒത്തിരി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നിങ്ങളുടെ ദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടുവളരെ കാര്യങ്ങളിൽ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു.' (മാഇദ 15,16). 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top