ശൈഖ് അഹ് മദ് അലി സാലൂസ് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര വിശാരദനായ പണ്ഡിത പ്രതിഭ
പി.കെ ജമാല്‍
ഇസ് ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ അവഗാഹം നേടിയ പണ്ഡിത പ്രതിഭയാണ് ഈ വര്‍ഷം ജൂലൈ 25-ന് അന്തരിച്ച ഡോ. അലി സാലൂസ്. അന്താരാഷ്ട്ര ഫിഖ്ഹ് അക്കാദമികളിലും പണ്ഡിത സംഘടനകളിലും സജീവ സാന്നിധ്യമായിരുന്ന ശൈഖ് സാലൂസിന് 89 വയസ്സായിരുന്നു. ഈജിപ്തിലെ ദിംയാഥ് ഗവര്‍ണറേറ്റില്‍ കഫറുല്‍ ബത്വീഹ് നഗരത്തില്‍ 1934-ല്‍ ജനനം. കൈറോവിലെ ദാറുല്‍ ഉലൂം കോളേജില്‍നിന്ന് ലിസന്‍സ് ബിരുദം നേടി. 1957 മുതല്‍ 1975 വരെയുള്ള കാലയളവില്‍ ഈജിപ്തിലും കുവൈത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അധ്യാപകര്‍ക്ക് ആവശ്യമായ പഠന സഹായി ഗ്രന്ഥങ്ങള്‍ രചിക്കുകയും പല പ്രൊജക്ടുകള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു. 1975-ല്‍ കൈറോവിലെ ദാറുല്‍ ഉലൂമില്‍നിന്ന് ഇസ്്ലാമിക ശരീഅത്തില്‍ മാസ്‌റ്റേര്‍സും ഡോക്ടറേറ്റും നേടി. തന്റെ വിജ്ഞാന യാത്രയില്‍ ലോകപ്രശസ്തരായ പണ്ഡിത വര്യരുടെ ശിഷ്യത്വം സ്വീകരിക്കാനും അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ശൈഖ് മുസ്തഫാ സൈദ്, ശൈഖ് മുഹമ്മദ് അബൂസഹ്‌റ, ശൈഖ് അലി ഹസബുല്ല, ശൈഖ് മുഹമ്മദുല്‍ മദനി, ശൈഖ് ഉമറുദ്ദസൂഖി എന്നിവര്‍ അവരില്‍ ചിലരാണ് 'താരീഖുല്‍ മദാഹിബില്‍ ഇസ് ലാമിയ്യ, അല്‍ ഉഖൂബതു ഫില്‍ ഫിഖ്ഹില്‍ ഇസ്്‌ലാമി, അല്‍ ജരിമത്തു ഫില്‍ ഫിഖ്ഹില്‍ ഇസ് ലാമി, ഖാതിമുന്നബിയ്യീൻ തുടങ്ങി മുപ്പതില്‍ പരം ബൃഹദ് ഗ്രന്ഥങ്ങളുടെ കര്‍ത്താവ് ഇമാം അബൂ സഹ്‌റയാണ്, ശൈഖ് സാലൂസിന്റെ പി.എച്ച്.ഡിക്ക് ഗൈഡ്.
ഡോക്ടറേറ്റ് നേടിയ ശൈഖ് സാലൂസ് പിന്നീട് സേവനം ചെയ്തത് കുവൈത്തിലെയും ഖത്തറിലെയും ഇറാഖിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. ഇറാഖിലെ മുസ്തൻസ്വിരിയ്യ യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് കുവൈത്തിലെ ഹയര്‍ എജുക്കേഷന്‍ സ്ഥാപനത്തില്‍ പ്രഫസറായി. 1982-ല്‍ ഖത്തര്‍ ശരീഅ കോളേജില്‍ പ്രഫസറായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇസ് ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഹോണററി പ്രഫസറായും പ്രവര്‍ത്തിച്ചു. സമകാലിക സാമ്പത്തിക ശാസ്ത്രത്തില്‍ വ്യുല്‍പത്തി നേടിയ സാലൂസ് ലോക ഇസ് ലാമിക ധനകാര്യ സ്ഥാപനങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി ഗ്രന്ഥങ്ങളും രചിച്ചു. ഖത്തര്‍ ഇസ് ലാമിക് ബാങ്ക്, കുവൈത്ത് ഫൈനാന്‍സ് ഹൗസ് ഒ.ഐ.സി.യുടെ കീഴിലുള്ള അന്താരാഷ്ട്ര ഫിഖ്ഹ് അക്കാദമി, റാബിത്വത്തുല്‍ ആലമില്‍ ഇസ് ലാമിക്ക് കീഴിലുള്ള ഫിഖ്ഹ് അക്കാദമി തുടങ്ങിയവയിലും സേവനം അര്‍പ്പിച്ചു.
ഇസ്്ലാമിലെ വ്യത്യസ്ത മദ്ഹബുകളെക്കുറിച്ച് പഠനവും ഗവേഷണവും നടത്തി വൈജ്ഞാനിക യാത്ര തുടങ്ങിയ സാലൂസ്, ഇസ് ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ അഗ്രഗണ്യനായി ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന നിലയിലാണ് ദശാബ്ദങ്ങള്‍ നീണ്ട അറിവിന്റെ സഞ്ചാരം അവസാനിപ്പിച്ചത്. ഇസ് ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ അവസാന വാക്കായി ഗണിക്കപ്പെട്ടു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍. സ്വര്‍ണത്തിനും വെള്ളിക്കും മാത്രമേ പലിശ നിയമങ്ങള്‍ ബാധകമാവുകയുള്ളൂവെന്നും കറന്‍സിക്ക് ബാധകമാവില്ലെന്നുമുള്ള വിചിത്രവാദം കുവൈത്തിലെ ഒരു പണ്ഡിതന്‍ ഉന്നയിച്ച സന്ദര്‍ഭത്തിലാണ് അതിന്ന് മറുപടിയും ഖണ്ഡനവുമായി താന്‍ ഇസ്്ലാമിക സാമ്പത്തിക ശാസ്ത്ര മേഖലയിലേക്ക് കടന്നുവന്നതെന്ന് ശൈഖ് സാലൂസ് അനുസ്്മരിച്ചിട്ടുണ്ട്.
ശൈഖ് ഡോക്ടര്‍ അലി സാലൂസിന്റെ വൈജ്ഞാനിക സേവനങ്ങള്‍ രണ്ട് തലങ്ങളില്‍ വിലയിരുത്താം. ശീഈകളെ കുറിച്ചും അവരുടെ ഫിഖ്ഹിനെക്കുറിച്ചുമുള്ള ഗവേഷണ പഠനമാണ് ഒരു തലം; ശീഈ വിഭാഗത്തിലെ ഇസ് നാ അശ്്രികളെക്കുറിച്ച് ഹയര്‍ സ്റ്റഡീസില്‍ ഞങ്ങള്‍ക്ക് ക്ലാസെടുത്തത് ശൈഖ് മുഹമ്മദുല്‍ മദനിയാണ്. മദ്ഹബുകളെ സംയോജിപ്പിക്കാനും അവയ്ക്കിടയില്‍ സാധര്‍മ്യമുണ്ടാക്കാനുമുള്ള യത്‌നത്തിലായിരുന്നു അദ്ദേഹം. നാല് മദ്ഹബുകള്‍ക്കും ഇമാമിയ്യത്തിനുമിടയില്‍ വലിയ വ്യത്യാസമില്ലെന്നും ഉള്ളത് മദ്ഹബുകള്‍ക്കിടയിലുള്ള സാധാരണ ഭിന്നതകള്‍ പോലെയേ ഉള്ളൂവെന്നും അദ്ദേഹം കരുതി. ഇതേക്കുറിച്ച് ശൈഖ് സാലൂസ് എഴുതി: ഈ വീക്ഷണത്തില്‍ ഊന്നി, 'നാല് മദ്ഹബുകള്‍ക്കും ഇമാമി ശീഈ ഫിഖ്ഹിന്നുമിടയിലെ വ്യത്യാസങ്ങള്‍' എന്ന വിഷയത്തില്‍ ഞാന്‍ എന്റെ മാസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കി. നാല് മദ്ഹബുകള്‍ പോലെ അഞ്ചാമതൊരു മദ്ഹബാണ് ഇമാമി വിഭാഗത്തിന്നുള്ളതെന്ന് ഞാന്‍ സമര്‍ഥിക്കുമെന്നായിരുന്നു ശൈഖ് മുഹമ്മദ് മദനി ധരിച്ചത്. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. മാസ്റ്റര്‍ പഠനം പൂര്‍ത്തിയായതോടെ, ശീഈ മദ്ഹബില്‍ അഖീദയില്‍ മാത്രമല്ല ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലുമൊക്കെ വലിയ വ്യത്യാസങ്ങളും ഭിന്നതകളുമുണ്ടെന്ന് എനിക്ക് മനസ്സിലായി. അതോടെ എന്റെ ഡോക്ടറേറ്റ് തിസീസിന്റെ തലക്കെട്ട് മാറി: 'ജഅ്ഫറി ഫിഖ്ഹിലും ഉസ്വൂലിലുമുള്ള ഇമാമി മദ്ഹബിന്റെ സ്വാധീനവും പ്രതിഫലനവും.'' പിന്നീട് ഞാന്‍ പലപ്പോഴായി ആ തിസീസിന് വര്‍ധിത പഠനമൂല്യം നല്‍കി പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്'' ശൈഖ് സാലൂസ് വിശദീകരിക്കുന്നു.
രണ്ട് വാള്യങ്ങളില്‍ 4 ഭാഗങ്ങളിലായി 1218 പേജുകള്‍ ഉള്ള ശൈഖ് സാലൂസിന്റെ ഗവേഷണ ഗ്രന്ഥത്തിന്റെ പേര് 'മഅശ്ശീഅത്തില്‍ ഇസ്‌നാ അശരിയ്യ ഫില്‍ ഉസ്വൂലി വല്‍ ഫുറൂഇ' എന്ന ഗ്രന്ഥത്തിലെ തലക്കെട്ടുകളില്‍നിന്ന് ഊഹിക്കാം ആ മഹാ പണ്ഡിതന്റെ വിജ്ഞാന മഹിമ. 2003-ല്‍ പ്രസിദ്ധീകരിച്ച ആദ്യഭാഗത്തിലെ ആദ്യ അധ്യായം ഭൂരിപക്ഷ പണ്ഡിതന്മാരും വിവിധ വിഭാഗങ്ങളും ഇമാമത്തിനെ കാണുന്നത്, എന്ന തലക്കെട്ടിലാണ്. രണ്ടാം അധ്യായം: അദില്ലത്തുൽ ഇമാമ മിനല്‍ ഖുര്‍ആനില്‍ കരീം, മൂന്നാം അധ്യായം: അല്‍ ഇമാമത്തു ഫീ ദൗഇസ്സുന്ന, നാലാം അധ്യായം: അല്‍ ഇസ്തിദ്‌ലാല്‍ ബിത്തഹ്്രീഫ് വല്‍ വദ്അ്, അൽ ഹദീസു അന്‍ തഹ്്രീഫില്‍ ഖുര്‍ആനില്‍ കരീം, അല്‍ ഇസ്തിദ്‌ലാല്‍ ബില്‍ അഹാദീസില്‍ മൗദൂഅ വ നഹ്ജില്‍ ബലാഗ, അഞ്ചാം ഭാഗം: ഇസ്വ്്മത്തുല്‍ അഇമ്മ, അന്നജാഅ്, അർറജ്അഃ, അത്തഖിയ്യഃ.
രണ്ടാം ഭാഗത്തില്‍ ആദ്യ അധ്യായം: അത്തഗ് യീറു വ ഉസ്വൂലുഹു ഇന്‍ദ അഹ് ലി സ്സുന്ന, രണ്ടാം അധ്യായം: അത്തഫ്‌സീറു വ ഉസ്വൂലുഹു ഇന്‍ദ അഹ് ലി ശ്ശീഅ, മൂന്നാം ഭാഗം ആദ്യ അധ്യായം: അല്‍ഹദീസു വ ഉലൂമുഹു ഇന്‍ദ അഹ് ലി സ്സുന്ന, രണ്ടാം അധ്യായം: അല്‍ ഹദീസു വ ഉലൂമുഹു ഇന്‍ദ അഹ് ലി ശ്ശീഅ, നാലാം ഭാഗം: ഒന്നാം അധ്യായം: ഉസ്വൂലുല്‍ ഫിഖ്ഹ്, രണ്ടാം അധ്യായം: അല്‍ ഇബാദാത്ത്, മൂന്നാം അധ്യായം: അല്‍ മുആമലാത്ത്
ശീഈ വിഭാഗത്തിന്റെ വിശ്വാസവും ആദര്‍ശവും ആദര്‍ശവും മദ്ഹബുകളും ഫിഖ്ഹും ഉസ്വൂലും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആധികാരികവും പ്രാമാണികവുമായ വിവരങ്ങള്‍ നല്‍കുന്ന ഒരു സര്‍വ വിജ്ഞാനകോശം തന്നെയാണ് ഡോ. സാലൂസിന്റെ ഗ്രന്ഥം.
രണ്ടാമത്തെ തലം: സാമ്പത്തിക ഇടപാടുകളിലെ ഫിഖ്ഹിനെ കുറിച്ചാണ്. ആനുകാലിക സാമ്പത്തിക സമസ്യകളെ ഇസ് ലാം എങ്ങനെ സമീപിക്കുന്നുവെന്ന പഠനവും ഗവേഷണവുമാണ് പ്രധാനമായും ശൈഖ് സാലൂസ് തന്റെ വൈജ്ഞാനിക ദൗത്യമായി ഏറ്റെടുത്തത്. പൗരാണികവും പ്രാമാണികവുമായ ഫിഖ്ഹിന്റെ വെളിച്ചത്തില്‍ പുതിയ കാലത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെ അദ്ദേഹം അപഗ്രഥിക്കുകയും അവയ്ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു.
ശൈഖ് സാലൂസിന്റെ വിജ്ഞാന സപര്യകള്‍ വേറിട്ട് നില്‍ക്കുന്നത് അവയിലെ സമീപന രീതിയിലാണ്. വൈജ്ഞാനികവും വസ്തു നിഷ്ഠവും വിഷയാധിഷ്ഠിതവുമായ അപഗ്രഥനത്തില്‍ തീവ്രതയും ജീര്‍ണതയും ഇല്ല.
അതേപോലെ, ലാളിത്യത്തിന്റെയോ ഉദാരതയുടെയോ പേരില്‍ ഇസ് ലാമിക സിദ്ധാന്തങ്ങളില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്ന രീതി ശൈഖ് സാലൂസിന് അന്യമാണ്. ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് വിഷയങ്ങളെ സമീപിക്കുമ്പോള്‍ സര്‍വാംഗീകൃത നിദാന ശാസ്ത്രങ്ങളെ ഉള്ളറിഞ്ഞ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി.
ഇസ് ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ ആധുനിക പ്രവണതകളെ തിരിച്ചറിഞ്ഞ് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത്, അവയ്ക്ക് ഇസ് ലാമിക പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ജ്ഞാനാര്‍ഥികള്‍ക്ക്, ഈ രംഗത്ത് നിഷ്ണാതനായ ശൈഖ് സാലൂസിന്റെ നിരീക്ഷണങ്ങളെയും സംഭാവനകളെയും അവലംബിച്ചേ പറ്റൂ.
ഉപരി സൂചിതമായ രണ്ട് മേഖലകളിലും ഗ്രന്ഥങ്ങളും പഠനങ്ങളുമായി 20-ല്‍പരം രചനകള്‍ ശൈഖിന്റേതായുണ്ട്.
പ്രധാന ഗ്രന്ഥങ്ങള്‍ ഫിഖ്ഹുസ്സുന്നയെ സംബന്ധിച്ചും ഇസ് ലാമിക സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചുമാണ്.