നാലു ഇമാമുമാരുടെ ജീവചരിത്ര കൃതികള്‍

വി.കെ അലി‌‌
img

പ്രവാചകനെയും ഏതാനും സ്വഹാബി വര്യരെയും കഴിച്ചാല്‍ മദ്ഹബിന്റെ ഇമാമുകളെ പോലെ ഇസ്‌ലാമിക സമൂഹത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങള്‍ തീരെയില്ല. ഇന്നും മുസ്‌ലിം സമൂഹത്തിലെ ബഹുഭൂരിഭാഗം നാലു ഇമാമുകളില്‍ ആരെയെങ്കിലും പിന്തുടരുന്നവരാണ്. മൂന്നാം നൂറ്റാണ്ടുമുതല്‍ ആരംഭിച്ച ഈ നിലപാട് അനുസ്യൂതം തുടര്‍ന്നു വരുന്നത് അദ്ഭുതാവഹമായ ഒരു വസ്തുതയാണ്. ശരീഅത്തിന്റെ ഭദ്രതക്കും മുസ്‌ലിം സമൂഹത്തിന്റെ കെട്ടുറപ്പിനും അത് വളരെയേറെ സഹായിച്ചിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍, ഈ മദ്ഹബുകളെയും അതിന്റെ ഇമാമുകളെയും പരിചയപ്പെടുത്തുന്ന കൃതികള്‍ നമ്മുടെ മലയാള ഭാഷയില്‍ തുലോം വിരളമാണ്. ഈ ന്യൂനത പരിഹരിക്കാനുള്ള എളിയ ശ്രമമാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് നടത്തിയിട്ടുള്ളത്. ഇ.എന്‍ ഇബ്‌റാഹീം മൗലവിയുടെ 'ഇമാം അബൂഹനീഫ, ഇല്‍യാസ് മൗലവിയുടെ 'ഇമാം മാലിക്', മുഹമ്മദ് കാടേരിയുടെ ഇമാം ശാഫിഈ, കെ.എ ഖാദിര്‍ ഫൈസിയുടെ ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍ എന്നീ കൃതികളെയാണ് ഇവിടെ വിവക്ഷിക്കുന്നത്. മദ്ഹബുകളെയും അതിന്റെ വക്താക്കളെയും മനസ്സിലാക്കാനും പഠിക്കാനും ഈ കൃതികള്‍ വളരെയേറെ സഹായകമാകും. 'ഇമാം അബൂഹനീഫ, ഇമാം ശാഫിഈ, ഇമാം മാലിക്, അഹ്മദുബ്‌നുഹമ്പല്‍ തുടങ്ങിയവരുടെ ജീവിതത്തെയും അവരുടെ മദ്ഹബുകളെയും സാമാന്യമായി കൈരളിക്ക് പരിചയപ്പെടുത്താറുള്ള ഐ.പി.എച്ച് പദ്ധതിയുടെ ഭാഗമാണീ കൃതികളെന്ന് പ്രസാധക്കുറിപ്പില്‍ പറയുന്നത് അന്വര്‍ഥമാക്കാന്‍ പ്രസാധകര്‍ക്ക് സാധിച്ചിട്ടുണ്ട്.
മദ്ഹബുകളെല്ലാം രൂപപ്പെട്ടത് അടുത്തടുത്ത കാലങ്ങളിലാണ്. മദ്ഹബിന്റെ ഇമാമുമാര്‍ക്കിടയില്‍ അസാധാരണമായ അടുപ്പവും ഗുരുശിഷ്യബന്ധവും നിലനിന്നിരുന്നു. അങ്ങേയറ്റത്തെ ബഹുമാനവും ആദരവും അവര്‍ പരസ്പരം പുലര്‍ത്തിയിരുന്നു. ഇമാം അബൂഹനീഫയുടെ ജീവിതകാലം ഹിജ്‌റ 80-150 ഉം മാലികിന്റേത് 93-179 ഉം ശാഫിഈയുടേത് 150-204 ഉം അഹ്മദുബ്‌നു ഹമ്പലിന്റേത് 164--241 മാണ്. ഒന്നര നൂറ്റാണ്ടിനുള്ളിലാണ് ഇസ്‌ലാമിലെ കര്‍മശാസ്ത്ര സരണികളെല്ലാം രൂപം പ്രാപിച്ചതെന്ന് ഇതില്‍നിന്ന് ഗ്രഹിക്കാം. മഹാന്മാരായ ഈ പണ്ഡിതന്മാരുടെ അസാധാരണമായ പ്രതിഭയും ത്യാഗവും അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹവും അതിനു പിന്നിലുണ്ടെന്നത് വ്യക്തമാണ്.
ഉള്ളടക്കത്തില്‍ സമാന സ്വഭാവമുള്ള കൃതികളാണ് ഇവ നാലും. ജനനം, വിദ്യാഭ്യാസം, ഗുരുനാഥന്മാരും ശിഷ്യന്മാരും, മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍, പ്രധാന കൃതികള്‍, മദ്ഹബിന്റെ സ്വാധീന മേഖല, ജീവിച്ചിരുന്ന കാലഘട്ടം, രാഷ്ട്രീയ ഇടപെടലുകല്‍ എന്നിവയാണ് എല്ലാത്തിലും മുഖ്യപ്രതിപാദ്യ വിഷയം. സാധാരണക്കാരായ വായനക്കാരേക്കാള്‍ പണ്ഡിതന്മാരും വിജ്ഞാന കുതുകികള്‍ക്കും പ്രയോജനപ്പെടുന്ന പല ചര്‍ച്ചകളും ഇവയിലുണ്ട്. ഇമാം അബൂഹനീഫക്ക് പതിനേഴോ പതിനെട്ടോ ഹദീസുകളേ അറിയാമായിരുന്നുള്ളൂവെന്നും ഖുര്‍ആന്‍ മാത്രം അവലംബിച്ചുകൊണ്ടാണ് അദ്ദേഹം ഫത്‌വകള്‍ നിര്‍ധാരണം ചെയ്തതെന്നും ഒരു തെറ്റുധാരണ വിജ്ഞാന വൃത്തങ്ങളിലുണ്ട്. ഇബ്‌നു ഖല്‍ദൂന്‍ പറഞ്ഞ ഒരു പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഈ വാദം സ്ഥാപിക്കുന്നത്. ഇതിനു മൗലാനാ മൗദൂദി 'സുന്നത്ത് കീ ആഈനി ഹൈസിയത്ത്' എന്ന കൃതിയില്‍ നല്‍കിയ മറുപടി ഉദ്ധരിച്ചുകൊണ്ട് പ്രസ്തുത വാദത്തിന്റെ നട്ടെല്ലൊടിക്കാന്‍ ഇബ്‌റാഹീം മൗലവിക്ക് കഴിഞ്ഞിട്ടുണ്ട്. (അബൂഹനീഫ പേജ് 95-110 നോക്കുക). ഇമാം ശാഫിഈയും ഇമാം അഹ്മദുമായി നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ കാര്യത്തില്‍ നടന്ന വാഗ്വാദം (ഇമാം ശാഫിഈ പേജ് 76-78) അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര നിദാനങ്ങള്‍ (പേജ് 93-106) മാലികീ മദ്ഹബിന്റെ അടിസ്ഥാന  പ്രമാണങ്ങള്‍ (ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, മദീനക്കാരുടെ ഇജ്മാഅ്, ഖിയാസ്, സ്വഹാബികളുടെ വാക്കുകള്‍, മസാലിഹു മുര്‍സല, ഉര്‍ഫ്, ആദാത്ത്, സദ്ദുദ്ദറാഇഅ്, ഇസ്തിസ്ഹാബ്, ഇസ്തിഹ്‌സാന്‍) എന്നിവയെക്കുറിച്ച ചര്‍ച്ച (ഇമാം മാലിക് പേജ് 63-93) ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് വളരെയേറെ ഉപകരിക്കും. അതുപോലെ ഇമാം അഹ്മദ്ബ്‌നു ഹമ്പലിന്റെ കാലഘട്ടത്തില്‍ അരങ്ങേറിയ ഖുര്‍ആന്‍ സൃഷ്ടിവാദം മുഅ്തസിലിസം എന്നിവ സംബന്ധിച്ച വിശകലനവും (ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പേജ് 62-95) ദീനീ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും.
ഇസ്‌ലാമിക വിജ്ഞാനം നേടുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ജീവിതം ഉഴിഞ്ഞുവെച്ചവരായിരുന്നു മേല്‍പറഞ്ഞ ഇമാമുമാര്‍. ഇസ്‌ലാമിക ഖിലാഫത്ത് രാജാവാഴ്ചയിലേക്ക് വഴിതെറ്റിയപ്പോള്‍ ഖുലഫാഉര്‍റാശിദുകളെപോലെ വൈജ്ഞാനിക രംഗത്തും നേതൃത്വം നല്‍കാന്‍ കെല്‍പുള്ളവരായിരുന്നില്ല രാഷ്ട്രീയ നേതൃത്വം കൈകാര്യം ചെയ്തത്. ഇത് മുസ്‌ലിം സമൂഹത്തെ വമ്പിച്ച അപകടത്തിലേക്ക് നയിക്കുമെന്ന് കണ്ടറിയുകയും അതിന് സമാന്തരമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുകയുമായിരുന്നു അവര്‍. ഇമാം അബൂഹനീഫയുടെ സേവനങ്ങള്‍ ഇത്തരുണത്തില്‍ അതീവ ശ്രദ്ധയര്‍ഹിക്കുന്നു. മുസ്‌ലിം സമൂഹം നേരിടുന്ന ചിന്താപരവും കര്‍മപരവുമായ നൂതന പ്രശ്‌നങ്ങള്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് പരിഹാരങ്ങള്‍ കണ്ടെത്തുക ശ്രമകരമായിരുന്നു. ഇതിന്നായി പണ്ഡിതന്മാരെ സംഘടിപ്പിക്കുകയും സംവാദങ്ങളും ചര്‍ച്ചകളും നടത്തുകയും അവസാനമായെത്തുന്ന അഭിപ്രായ സമന്വയങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്ന ശൈലി അദ്ദേഹം വളര്‍ത്തിയെടുത്തു. അബൂയൂസുഫ്, മുഹമ്മദ്, സുഫര്‍ തുടങ്ങിയ ലബ്ധപ്രതിഷ്ഠരായ ശിഷ്യന്മാര്‍ ആ ദൗത്യം വിജയിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചവരാണ്. സ്വതന്ത്രചിന്തക്ക് പ്രാമുഖ്യം കല്‍പിക്കുന്ന ഒരു ചിന്താസരണി (അഹ്‌ലുര്‍റഅ്‌യ്) ക്കാണ് അബുഹനീഫ നേതൃത്വം നല്‍കിയത്. പ്രവാചക വചനങ്ങളുടെ അക്ഷരങ്ങള്‍ക്കപ്പുറം അവയിലെ യുക്തിചിന്തയെയാണ് അദ്ദേഹം പരിഗണിച്ചത്. പ്രവാചക ശിഷ്യന്മാരില്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ ചിന്താധാരയാണ് അബൂഹനീഫയെ അകര്‍ഷിച്ചത്.
കൂഫയിലായിരുന്നു അബൂഹനീഫയുടെ ശൈശവം. ആയിരക്കണക്കില്‍ സ്വഹാബിമാര്‍ കൂഫയില്‍ ജീവിച്ചിട്ടുണ്ട്. അവരുടെ വൈജ്ഞാനിക പാരമ്പര്യം അദ്ദേഹം കൈവശമാക്കി. ബസറയിലും ബാഗ്ദാദിലും മക്കയിലും മദീനയിലുമെല്ലാം അദ്ദേഹം വിജ്ഞാനം തേടി സഞ്ചരിച്ചു. അത്വാഅ്, ഔസാഈ, ശഅ്ബി, സുഫ്‌യാനുസ്സൗരി, സാലിം മൗലാ അബീഹുദൈഫ തുടങ്ങിയവരുടെ ശിഷ്യത്വം അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഹമ്മാദുബ്‌നു സുലൈമാന്റെ വ്യക്തിത്വമാണ് അബൂഹനീഫയെ ഹഠാദാകര്‍ഷിച്ചത്. അദ്ദേഹം പറഞ്ഞു: പത്തുകൊല്ലം ഞാന്‍ അദ്ദേഹത്തോടൊപ്പം സഹവസിച്ചു. പിന്നീട് അദ്ദേഹവുമായി വേര്‍പിരിഞ്ഞു സ്വന്തമായി ഒരു പഠനവൃത്തം ഉണ്ടാക്കിയെടുക്കാന്‍ തീരുമാനിച്ചു. ആ ഉദ്ദേശ്യത്തോടെ ഒരു വൈകുന്നേരം വീട്ടില്‍നിന്നിറങ്ങി പള്ളിയില്‍ ചെന്നു. ഗുരുവിനെ കണ്ടു. അദ്ദേഹത്തെ വേര്‍പിരിയാന്‍ മനസ്സു സമ്മതിച്ചില്ല. ഞാന്‍ ചെന്ന് അദ്ദേഹത്തോടൊപ്പം ഇരുന്നു. ....ഞാനോ അദ്ദേഹമോ മരിക്കുന്നത് വരെ അദ്ദേഹത്തെ വേര്‍പിരിയേണ്ടതില്ല എന്ന് ഞാന്‍ തീരുമാനിച്ചു. മൊത്തം 18 വര്‍ഷം ഞാന്‍ ഹമ്മാദുമൊത്ത് സഹവസിച്ചു.' (പേജ് 35)
വിജ്ഞാന സമ്പാദനത്തിന് ഇമാം ശാഫിഈ നടത്തിയ യാത്രകളും പരിശ്രമങ്ങളുമാണ് 'വിദ്യാഭ്യാസം, ഹുദൈല്‍ ഗോത്രക്കാരുടെ കൂടെ, കര്‍മശാസ്ത്രാഭിമുഖ്യം, ഇമാം മാലിക്കിന്റെ കൂടെ തുടങ്ങിയ ശീര്‍ഷകങ്ങളില്‍ പ്രതിപാദിക്കുന്നത്. (ഇമാം ശാഫിഈ 11-23) ചെറുപ്പത്തില്‍ മസ്ജിദുല്‍ ഹറാമിലെ വിജ്ഞാന സദസ്സുകളില്‍നിന്നദ്ദേഹം ഹദീസും ഫിഖ്ഹും പഠിച്ചു. സദീര്‍ഘമായ 10 വര്‍ഷം ഹുദൈല്‍ ഗോത്രക്കാരോടൊപ്പം താമസിക്കുകയും ശുദ്ധമായ അറബി ഭാഷയില്‍ പ്രാവീണ്യം നേടുകയും ചെയ്തു. മദീനയില്‍ പോയി 10 വര്‍ഷം ഇമാം മാലിക്കിന്റെ ശിഷ്യനായി കഴിഞ്ഞു. പാണ്ഡിത്യത്തിന്റെ ഗരിമയില്‍ നിറഞ്ഞുനിന്നിരുന്ന ഇമാം മാലിക്കിനെ ആദ്യമായി കണ്ടതും ശിഷ്യനായി അംഗീകരിക്കാന്‍ അപേക്ഷിച്ചതും അദ്ദേഹം അനുസ്മരിക്കുന്നു: ഞാന്‍ മക്കാ ഗവര്‍ണറെ സമീപിച്ച് അദ്ദേഹത്തില്‍നിന്ന് മദീനാ ഗവര്‍ണര്‍ക്കും ഇമാം മാലിക്കിനുമുള്ള കത്ത് കരസ്ഥമാക്കി. മദീനയിലെത്തി അവിടത്തെ ഗവര്‍ണര്‍ക്കത് കൈമാറി. അത് വായിച്ച ഗവര്‍ണറുടെ പ്രതികരണം ഉദ്വേഗജനകമായിരുന്നു. ''മോനെ, മാലികുബ്‌നു അനസിന്റെ വീട്ടുപടിക്കലേക്ക് പോകുന്നതിനേക്കാള്‍ എനിക്ക് എളുപ്പം മദീനയില്‍നിന്ന് മക്കയിലേക്ക് നഗ്നപാദനായി കാല്‍നടയാത്ര ചെയ്യുകയാണ്. ഞാന്‍ പറഞ്ഞു: അങ്ങ് വിചാരിക്കുന്നപക്ഷം അദ്ദേഹത്തെ ഇങ്ങോട്ട് വരുത്താന്‍ ഒരാളെ വിടാമല്ലോ. ഗവര്‍ണര്‍: നിങ്ങള്‍ വിചാരിക്കുന്നപോലെ എളുപ്പമല്ല കാര്യം. നാം ഇവിടെനിന്ന് പുറപ്പെട്ട് അഖീഖിലെ പൊടിപടലങ്ങള്‍ താണ്ടി അദ്ദേഹത്തെ കണ്ടാല്‍ നമ്മുടെ ആവശ്യങ്ങള്‍ ചിലതെങ്കിലും നേടാനായെങ്കിലായി - (പേജ് 20). മാലികിന്റെ വീട്ടിലെത്തിയ ഗവര്‍ണര്‍ക്ക് തണുത്ത സ്വീകരണമാണ് ലഭിച്ചത്. സംശയനിവാരണത്തിനാണ് വന്നതെങ്കില്‍ എഴുതിക്കൊടുക്കാന്‍ ദാസിയെ പറഞ്ഞയക്കുകയാണ് മാലിക് ചെയ്തത്. ഒരു സുപ്രധാന കാര്യവുമായി മക്കാ ഗവര്‍ണറുടെ കത്തുണ്ടെന്ന് പറഞ്ഞപ്പോള്‍ വേഗം അത് വാങ്ങി വായിക്കുകയും ഇങ്ങനെ പ്രതികരിക്കുകയും ചെയ്തു: ''സുബ്ഹാനല്ലാഹ്, ദൈവദൂതന്റെ ജ്ഞാനം ശിപാര്‍ശക്കത്തുകള്‍ മുഖേന കരസ്ഥമാക്കപ്പെടുകയോ?'' അന്നുമുതലാരംഭിച്ച ഗുരു-ശിഷ്യ ബന്ധം പത്ത് വര്‍ഷത്തോളം തുടര്‍ന്നു. മാലികിനെ 'ഉസ്താദുനാ' എന്നായിരുന്നു ശാഫിഈ വിശേഷിപ്പിച്ചിരുന്നത്. താന്‍ ആര്‍ജിച്ച വിജ്ഞാനത്തിന് മാലികാണ് അവലംബം എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇമാം മാലികിന്റെ അനുകര്‍ത്താവും അദ്ദേഹത്തിന്റെ മദ്ഹബിന്റെ പ്രചാരകനുമായിരുന്നു ഇമാം ശാഫിഈ ആദ്യകാലങ്ങളില്‍. ഹി. 195-ല്‍ ബഗ്ദാദില്‍ വരുന്നതോടെയാണ് അദ്ദേഹം സ്വതന്ത്ര മുജ്തഹിദ് ആയിത്തീരുന്നതും മദ്ഹബ് രൂപപ്പെടുന്നതും. പിന്നീട് ഹി. 199-ല്‍ ഈജിപ്തിലെത്തിയ ശാഫിഈ തന്റെ അഭിപ്രായങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തി മദ്ഹബിനെ കൂടുതല്‍ സമ്പന്നമാക്കി. (ഇമാം ശാഫിഈ പേജ് 41-61 കാണുക).
'ജ്ഞാനത്തിനുവേണ്ടി ഒരു ജീവിതം' എന്ന ശീര്‍ഷകത്തില്‍ ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ പഠന സപര്യയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അബൂഹനീഫയുടെ ശിഷ്യനായിരുന്ന അബൂയൂസുഫ്, അബ്ദുല്ലാഹിബ്‌നു മുബാറക് എന്നിവര്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരാണ്. ഹദീസ് പഠനാര്‍ഥം മക്ക, മദീന, ശാം, യമന്‍, കൂഫ, ജസീറ എന്നീ രാജ്യങ്ങള്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. മുന്നൂറോളം പണ്ഡിതരില്‍നിന്ന് വിദ്യ ആര്‍ജിച്ചിട്ടുണ്ട്. ഇമാം ശാഫിഈയെ ആദ്യമായി അഹ്മദുബ്‌നു ഹമ്പല്‍ കണ്ടുമുട്ടുന്നത് മക്കയില്‍ വെച്ചാണ്. ആ പാണ്ഡിത്യം അദ്ദേഹത്തെ ആകര്‍ഷിച്ചു. ബാഗ്ദാദിലും ഇമാം ശാഫിഈയോടൊപ്പം അദ്ദേഹം വര്‍ഷങ്ങള്‍ ചെലവഴിച്ചു. ''എന്റെ പക്കല്‍നിന്ന് നിങ്ങള്‍ പഠിക്കുന്ന വിജ്ഞാനത്തിന്റെ ഭൂരിഭാഗവും ഞാന്‍ ശാഫിഈയില്‍നിന്ന് പഠിച്ചതാണെന്ന്'' അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. പരസ്പര ബഹുമാനം വെച്ചുപുലര്‍ത്തുന്നവരായിരുന്നു അവരിരുവരും. 'ഞാന്‍ ഇറാഖ് വിടുമ്പോള്‍ അഹ്മദുബ്‌നു ഹമ്പലിനേക്കാള്‍ മഹത്വവും ജ്ഞാനവും തഖ്‌വയുമുള്ള ഒരാള്‍ അവിടെ ഇല്ലെന്ന്' ശാഫിഈ പറയുമായിരുന്നു.
ധൈര്യമുള്ള ഒരാളായിരിക്കണം ന്യായാധിപതി. എനിക്കതിന് കഴിയില്ല എന്നു പറഞ്ഞ് അബൂഹനീഫ പിന്‍മാറി. എങ്കില്‍ താങ്കള്‍ എന്റെ പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് എന്തുകൊണ്ട് എന്നു ചോദിച്ചപ്പോള്‍ മറുപടി ഇപ്രകാരമായിരുന്നു: 'അമീറുല്‍ മുഅ്മിനീന്‍ സ്വന്തം ധനത്തില്‍നിന്ന് വല്ലതും നല്‍കിയിട്ട് ഞാനത് നിരസിച്ചിട്ടില്ല. എനിക്ക് നല്‍കിയതെല്ലാം മുസ്‌ലിംകളുടെ പൊതുഭണ്ഡാരത്തില്‍നിന്നാണ്. എനിക്കാണെങ്കില്‍ പൊതുഭണ്ഡാരത്തില്‍നിന്ന് യാതൊരവകാശവും കിട്ടാനില്ല' (പേജ് 92) ഭരണകൂടത്തിന്റെ ഇഷ്ടത്തിനൊത്ത് നീങ്ങാത്തതിനാല്‍ വളരെയേറെ പീഢനങ്ങള്‍ അദ്ദേഹം ഏറ്റുവാങ്ങേണ്ടിവന്നു. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചാട്ടവാറടി. കാരാഗ്രഹവാസം എന്നിവ അനുഭവിക്കേണ്ടിവന്നു. ജയിലില്‍ വെച്ചുതന്നെയാണ് മരണം സംഭവിച്ചതും. വിഷം കൊടുത്ത് കൊന്നതാണെന്നും അഭിപ്രായമുണ്ട്.
ഖുര്‍ആന്‍ സൃഷ്ടിവാദം കൊടുമ്പിരിക്കൊണ്ട കാലഘട്ടമായിരുന്നു അഹ്മദുബ്‌നു ഹമ്പലിന്റേത്. അന്നത്തെ ഖലീഫ മഅ്മൂന്‍ അതിന്റെ പ്രചാരകനുമായിരുന്നു. നിരവധി പണ്ഡിത ശ്രേഷ്ഠരെ പ്രസ്തുതവാദം അംഗീകരിക്കാതിരുന്നതിന്റെ പേരില്‍ കൊലചെയ്തിട്ടുണ്ട്. കഠിനമായ പീഢനങ്ങള്‍ക്കും കാരാഗ്രഹവാസത്തിനും ഇമാം അഹ്മദ് ഇരയായത് ഈവാദം അംഗീകരിക്കാത്ത് കൊണ്ടാണ്. അദ്ദേഹത്തെ വശപ്പെടുത്താന്‍ സമ്മാനങ്ങളും പണക്കിഴികളും കൊടുത്തുകൊണ്ട് ശ്രമം നടന്നു. അതെല്ലാം അദ്ദേഹം നിരസിച്ചു. ഹാറൂന്‍ റഷീദ് ആവശ്യപ്പെട്ടതനുസരിച്ച് യമനിലെ ന്യായാധിപസ്ഥാനം ഏറ്റെടുക്കാന്‍ ഇമാം ശാഫിഈ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു: ഭൗതികപരിത്യാഗദായകമായ ജ്ഞാനം നേടാനാണ് അങ്ങയുടെ അടുത്ത് ഞാന്‍ വന്നത്. അപ്പോള്‍ ന്യായാധിപസ്ഥാനം ഏറ്റെടുക്കാന്‍ താങ്കള്‍ എന്നോട് നിര്‍ദേശിക്കുകയോ? താങ്കളുടെ വിജ്ഞാനത്തെ ആദരിക്കുന്നില്ലെങ്കില്‍ മേലാല്‍ താങ്കളോട് ഞാന്‍ സംസാരിക്കുമായിരുന്നില്ല. (പേജ് 22)
ഇമാം മാലിക് അമവി ഭരണത്തിന്‍ കീഴിലും അബ്ബാസീ ഭരണത്തിന്‍ കീഴിലും ദീര്‍ഘകാലം ജീവിച്ചിട്ടുണ്ട്. പ്രസ്തുത ഭരണകൂടങ്ങളെയൊന്നും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ഇത്തരം ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ അക്രമത്തിലേക്ക് നയിക്കുമെന്ന വീക്ഷണങ്ങളിലും നിലപാടുകളിലും ശാഫിഈ മദ്ഹബിനോട് ഏറ്റവും അടുത്തു നില്‍ക്കുന്നു ഹമ്പലി മദ്ഹബ്. ഇബ്‌നു അഥിമയെപോലുള്ള ചില പണ്ഡിതന്മാര്‍ ശാഫിഈ മദ്ഹബിന്റെ തന്നെ ഒരു തുടര്‍ച്ചയായി മാത്രമേ ഹമ്പലി മദ്ഹബിനെ കാണുന്നുള്ളൂ. (പേജ് 60)
ഖിലാഫത്തുര്‍റാശിദയുടെ മഹിതമാതൃകയില്‍നിന്ന് വ്യതിചലിച്ച് പാരമ്പര്യ രാജവാഴ്ചയിലേക്ക് ഭരണകൂടം മാറുകയും സുഖലോലുപരും ഏകാധിപതികളുമായ ഭരണകര്‍ത്താക്കള്‍ മുസ്‌ലിം സമൂഹത്തില്‍ വാഴുകയും ചെയ്തപ്പോള്‍ അതിനു നേരെ എന്തുനിലപാടാണ് ഇമാമുകള്‍ സ്വീകരിച്ചത് എന്നത് പ്രത്യേകം പരിശോധനയര്‍ഹിക്കുന്നു. ആത്മീയ മതമേഖലകളില്‍ ഒതുങ്ങി രാഷ്ട്രീയത്തെ അതിന്റെ പാട്ടിന് വിടുകയും അങ്ങനെ രാഷ്ട്രീയ മുക്തമായ 'അരാഷ്ട്രീയ ഇസ്‌ലാം' കൊണ്ട് തൃപ്തിയടകയുമാണവര്‍ ചെയ്തത്. ഇമാം അബൂഹനീഫയുടെയും ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെയും നിലപാടുകള്‍ ഇവ്വിഷയകമായി വളരെ വ്യക്തമാണ്. ഉമവി ഭരണത്തില്‍ 52 കൊല്ലവും അബ്ബാസി ഭരണത്തില്‍ 18 കൊല്ലവും അബൂഹനീഫ ജീവിച്ചിട്ടുണ്ട്. പ്രസ്തുത ഭരണകൂടങ്ങളെയൊന്നും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ചില വിപ്ലവകാരികള്‍ക്ക് പരസ്യമായി പിന്തുണ നല്‍കാനും അദ്ദേഹം മടിച്ചില്ല. മന്‍സൂറിന്റെ കാലത്ത് ഇബ്‌റാഹീമുബ്‌നു അബ്ദില്ല വിപ്ലവം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചുകൊണ്ട് അബൂഹനീഫ എഴുതി: ഞാന്‍ താങ്കള്‍ക്ക് നാലായിരം ദിര്‍ഹം കൊടുത്തയക്കുന്നു. എന്റെ കൈയില്‍ കടൂതലൊന്നുമില്ല. ജനങ്ങളുമായി ബന്ധപ്പെട്ട് ചില ബാധ്യതകള്‍ ഉള്ളതുകൊണ്ടാണ്. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ താങ്കള്‍ക്കൊപ്പം ഉണ്ടാകുമായിരുന്നു.' ഉമവി കാലത്ത് വിപ്ലവശ്രമവുമായി രംഗത്തുവന്ന സൈദുബ്‌നു അലിയെയും മകന്‍ യഹ്‌യയെയും യഹ്‌യയുടെ മകന്‍ അബ്ദുല്ലയെയുമൊക്കെ അബൂഹനീഫ പിന്തുണച്ചിരുന്നു (പേജ് 54)
അബൂഹനീഫയുടെ അന്ത്യം ഖലീഫാ മന്‍സൂറിന്റെ കാരാഗ്രഹത്തിലായിരുന്നു. മന്‍സൂര്‍ അബൂഹനീഫയെ ബാഗ്ദാദിലേക്ക് വിളിപ്പിച്ചു ന്യായാധിപസ്ഥാനം ഏറ്റെടുക്കാനാവശ്യപ്പെട്ടു. താങ്കള്‍ക്കും താങ്കളുടെ മക്കള്‍ക്കും സേനാനായകര്‍ക്കുമെതിരില്‍പോലും വിധിപറയാന്‍. എന്നാല്‍ അദ്ദേഹം അതില്‍നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് ചെയ്തതെന്ന് ഇല്‍യാസ് മൗലവി എഴുതുന്നു (പേജ് 41) എന്നാല്‍ മുഹമ്മദ് അന്നഫ്‌സുസ്സകിയ്യ മന്‍സൂറിന്റെ കാലത്ത് വിപ്ലവവുമായി രംഗത്ത് വന്നപ്പോള്‍ മദീനാനിവാസികള്‍ അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു. അക്കൂട്ടത്തില്‍ ഇമാം മാലിക്കും ഉണ്ടായിരുന്നു. മന്‍സൂറിന് ബൈഅത്ത് ചെയ്ത താങ്കള്‍ എങ്ങനെയാണ് നഫ്‌സുസ്സകിയ്യക്കും ബൈഅത്ത് ചെയ്യുക എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഇമാം മാലികിന്റെ മറുപടി: മന്‍സ്വൂറിനെ ബൈഅത്ത് ചെയ്തത് നിര്‍ബന്ധിതാവസ്ഥയിലാണ്. അത്തരം ബൈഅത്ത് സാധുവല്ല എന്നായിരുന്നു (ഇ.എന്‍ ഇബ്‌റാഹീം മൗലവിയുടെ അബൂഹനീഫ പേജ് 58) ഭരണാധികാരികളെ മുഖം കാണിക്കുന്നതില്‍നിന്ന് അകന്നു നില്‍ക്കുന്നതും അവരെ അവഗണിക്കുന്നതുമായ നിലപാടായിരുന്നു ഇമാം മാലിക്കിന്റെതെന്ന് നേരത്തെ ഉദ്ധരിച്ച മക്കാഗവര്‍ണറുടെ ശിപാര്‍ശക്കത്തിന്റെ കാര്യത്തിലും നാം മനസ്സിലാക്കിയതാണ്.
ഭരണകൂടങ്ങളുമായി ഏറക്കുറെ സഹകരണാത്മകമായ ഒരു നിലപാടാണ് ഇമാം ശാഫിഈ സ്വീകരിച്ചതെന്ന് തോന്നും. ചില ഗുരുനാഥന്മാര്‍ ഇതിന്റെ പേരില്‍ അദ്ദേഹത്തെ അധിക്ഷേപിച്ചതായും കാണാം. യമനില്‍ നജ്‌റാനിലെ ഭരണച്ചുമതല ഇമാം വഹിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യമന്‍ ഗവര്‍ണറുടെ കീഴില്‍ ചില ഉദ്യോഗങ്ങളും അദ്ദേഹം വഹിച്ചിരുന്നു. പണ്ഡിതവൃത്തങ്ങളില്‍ ഈ വാര്‍ത്ത നീരസം ജനിപ്പിക്കുകയും ആശങ്കയുണര്‍ത്തുകയും ചെയ്തു. ഇബ്‌റാഹീമുബ്‌നു അബീയഹ്‌യ ജോലി സ്വീകരിച്ചതിന്റെ പേരില്‍ ശാഫിഈയെ അധിക്ഷേപിച്ചു. മറ്റൊരു ഗുരുനാഥനായ സുഫ്‌യാനുബ്‌നു ഉയൈന 'അല്ലാഹുവിനോടുള്ള ബാധ്യത മുഴുവന്‍ നീ നിറവേറ്റിയിട്ടില്ല. അതിനാല്‍ പ്രസ്തുത ജോലിയിലേക്ക് തിരിച്ചു പോകരുത് എന്ന് നിര്‍ദേശിച്ചു. (പേജ് 27) ഇത്തരം സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്, ഭരണാധികാരികളോടും അവരുടെ സ്ഥാനമാനങ്ങളോടും പണ്ഡിതര്‍ക്ക് അക്കാലത്ത് പൊതുവെ ഉണ്ടായിരുന്ന നിലപാടാണ്. ഇമാം ശാഫിഈയെക്കുറിച്ചും അമവികളോടൊപ്പം ചേര്‍ന്ന് അബ്ബാസി ഭരണകൂടത്തിനെതിരെ കലാപം അഴിച്ചവിടാന്‍ തയാറെടുപ്പ് നടത്തുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു. ശാഫിഈയെയും ഒമ്പത് അമവി നേതാക്കളെയും പിടികൂടി കൈവിലങ്ങണിയിച്ച് കഴുതപ്പുറത്ത് ബാഗ്ദാദിലേക്കയക്കുകയും ശാഫിഈയുടെ സംസാര വൈഭവം കൊണ്ട് മാത്രം അദ്ദേഹം രക്ഷപ്പെടുകയും മറ്റുള്ളവരെല്ലാം വധിക്കപ്പെടുകയുമാണുണ്ടായത്. ഈ രാഷ്ട്രീയ അസംതൃപ്തിയുടെ ഫലമാണ് ഇമാം ബാഗ്ദാദില്‍നിന്ന് ഈജിപ്തിലേക്ക് പോയതും ശിഷ്ട ജീവിതം അവിടെ കഴിച്ചു കൂട്ടിയതും. ചുരുക്കത്തില്‍, നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലും ഭരണാധികാരികളിലും ഈ ഇടപാടുകളൊന്നും സംതൃപ്തരായിരുന്നില്ല. മുസ്‌ലിം സമൂഹത്തെ ഗുരുതരമായ ആഭ്യന്തര കലാപങ്ങളില്‍നിന്നും രക്തം ചീന്തുന്നതില്‍നിന്നും മോചിപ്പിക്കുന്നതിന് കഴിയുന്നേടത്തോളം ഒതുങ്ങിക്കഴിയുകയായിരുന്നു എന്നുമാത്രം.
മഹാന്മാരുടെ ഇത്തരം ജീവചരതിര് കൃതികള്‍ മുസ്‌ലിം യുവതലമുറക്ക് ദിശാബോധം നല്‍കാന്‍ ഉപകരിക്കും. മദ്ഹബുകള്‍ തമ്മിലുള്ള പരസ്പര ബഹുമാനം വളര്‍ത്തും. അഭിപ്രായങ്ങളിലുള്ള കടുംപിടുത്തവും പക്ഷപാതിത്തവും ലഘൂകരിക്കും. ഈ ഇമാമുമാരൊന്നും തങ്ങളെ അന്ധമായി അനുകരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല, ഒരു വിഷയത്തില്‍ പ്രമാണം എതിരാണെന്ന് കണ്ടാല്‍ തന്റെ അഭിപ്രായം സ്വീകരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇവ്വിഷയകമായി 'മദ്ഹബുകളോടുള്ള സമീപനം' എന്ന ശീര്‍ഷകത്തില്‍ മുഹമ്മദ് കാടേരി എഴുതിയ ലേഖനം ശ്രദ്ധേയമാണ്. (ഇമാം ശാഫിഈ പേജ് 117-121) എല്ലാ ലൈബ്രറികളിലും മുസ്‌ലിം വീടുകളിലും ഇതൊരു മുതല്‍ക്കൂട്ടാവും.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top