കൊളോണിയലാനന്തര രാഷ്ട്രീയ സമവാക്യവും പ്രസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും

സഫ്‌വാന്‍ കാരന്തൂര്‍‌‌
img

സുസ്ഥിരമായ രാഷ്ട്രീയ വ്യവസ്ഥിതികള്‍ക്ക് പതനം സംഭവിക്കുന്നതെങ്ങനെ? നവഭരണ സമവാക്യങ്ങള്‍ നടപ്പിലാവുന്നതെങ്ങനെ? രാഷ്ട്രീയ മാറ്റങ്ങള്‍ ഭരണ സ്ഥിരതയ്ക്ക് വഴിവെക്കുമോ? തുടങ്ങിയ പുത്തന്‍ ഭരണ വ്യവസ്ഥകള്‍ ഉയിരെടുക്കുന്ന ചരിത്ര നിമിഷങ്ങള്‍ ചരിത്ര സൈദ്ധാന്തികര്‍ക്ക് എന്നും പ്രിയപ്പെട്ട മേഖലയാണ് കഥകളും കല്‍പിത കഥകളുമാണ്- ചിലപ്പോള്‍ വിശുദ്ധ നുണകള്‍ പോലും- ഒരു പ്രസ്ഥാനത്തിന്റെ ഉയിരെടുപ്പും സാധ്യതാ സാധുതകളും വിശകലന വിധേയമാക്കുമ്പോള്‍ പലപ്പോഴും സഹായകമാവുക. പ്രശോഭിതമായ ഭൂതം അവകാശപ്പെടുന്നതോടൊപ്പം വര്‍ത്തമാന, ഭാവികള്‍ രൂപകല്‍പന ചെയ്യുന്ന ഇത്തരം കഥകള്‍ രാഷ്ട്രീയ ചലനങ്ങള്‍ക്ക് മൂലശിലയിടാന്‍ മാത്രം പര്യാപ്തമാണെന്നു പറഞ്ഞാല്‍ പോലും ഒരര്‍ഥത്തില്‍ ശരികേടാവില്ല. കൊളോണിയല്‍ പൈതൃകത്തെ ഗണിച്ചുകൊണ്ടു തന്നെയുള്ള ചരിത്രഗതി മാറ്റിക്കുറിക്കാനും സ്വയം ഭരണമേറ്റെടുക്കാനുമുള്ള ത്വരയാണ് കോളനീവിരുദ്ധ സിദ്ധാന്തങ്ങള്‍ വിഭാവനം ചെയ്യുന്ന ആശയതലങ്ങളില്‍ മുഖ്യമായത്.
പുതുഭരണ രീതികളെ അപഗ്രഥിക്കാന്‍ രാഷ്ട്രീയ മീമാംസകരും ചരിത്ര ഗവേഷകരും മിത്തുകളെയും യഥാര്‍ഥേതര കഥകളെയും അവലംബിക്കുക സ്വാഭാവികമാണ്. വിവര(ണ)ങ്ങളില്‍നിന്ന് ചിലതെല്ലാം തള്ളിക്കളയും പലതും ചേര്‍ത്തു കെട്ടുകയും ചെയ്യുന്ന കഥനങ്ങളില്‍ ഭൂരിഭാഗവും വൈരുദ്ധ്യാത്മകവും ഛിന്നഭിന്നമായി ചിതറിത്തെറിച്ച് കിടക്കുന്നവയുമാണ്. വിസ്മൃതിയടഞ്ഞ ചരിത്ര പുരുഷരെ പുനഃജീവിപ്പിക്കുക. കഥാതന്തു ചരിത്രാനുസൃതി മാറ്റിപ്പണിയുക, നിര്‍മിത കഥയിലേക്ക് ചേര്‍ത്തു കെട്ടുക തുടങ്ങിയ ഭേദഗതികള്‍ രാഷ്ട്രീയ സൈദ്ധാന്തികതയിലെന്നപോലെ പൊതു സംവാദങ്ങളിലും അതിസാധാരണമായിട്ടുണ്ട്.
ഭൂതകാല കഥകള്‍ വര്‍ത്തമാന, ഭാവികാല രാഷ്ട്രീയ ഫലങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് പഠിക്കുക രാഷ്ട്രീയ ജ്ഞാനികളുടെ ലക്ഷ്യങ്ങളില്‍ സുപ്രധാനമാണ്. അധികാര ശക്തിയെ ബലപ്പെടുത്താന്‍ വേണ്ടി മാത്രം നിര്‍മിതമായതാണോ ഈ കഥാകഥനങ്ങളെന്നു പോലും തോന്നിപ്പോവും ചിലപ്പോള്‍. കൊളോണിയല്‍ ഭൂതം കൊളോണിയല്‍ വിരുദ്ധതയുടെ സ്ഥാപകകഥകളെ എങ്ങനെയാണ് രൂപപ്പെടുത്തിയതെന്ന് പരിശോധിക്കുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കൊളോണിയല്‍ വിരുദ്ധ സിദ്ധാന്തങ്ങള്‍ മുളച്ചുവളര്‍ന്ന വിളനിലങ്ങളെ പരീക്ഷിച്ചറിയുക കൂടി ഈ പഠനം ലക്ഷ്യമിടുന്നുണ്ട്. ഇവിടെ, കോളനിവല്‍ക്കരണത്തിനു കൂട്ടുനിന്ന കഥകള്‍ -രാഷ്ട്രീയവും- ആത്യന്തികമായിത്തന്നെ കോളനിവിരുദ്ധാഖ്യാനങ്ങളെയും രാഷ്ട്രീയത്തെത്തന്നെയും സ്വാധീനിച്ചിട്ടുണ്ടെന്ന് നമുക്ക് വാദിക്കാന്‍ കഴിയും.
ഒട്ടും ഗുപ്തമല്ലെങ്കിലും പ്രസ്തുത വാദത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ഉള്‍ക്കൊള്ളുകയെന്നത് അതിപ്രധാനമാണ്. ചരിത്ര പുരോഗതിയുടെ യൂറോപ്യന്‍ മനോഗതത്തിലേക്ക് ആഗോള ജനതയെ നയിക്കുകയായിരുന്നു കൊളോണൈസേഷന്‍ എന്ന് പല ചരിത്രജ്ഞാനികളും അഭിപ്രായപ്പെട്ടിട്ടുണ്ട്. 'ഭാരതീയ സമൂഹത്തിന് ഒട്ടും ചരിത്രബലമില്ല, തുടരെത്തുടരെയായി വന്ന അധിനിവേശ ശക്തികളുടെ രൂപഭേദമില്ലാത്ത ചരിത്രത്തെയാണ് നാം ചരിതമെന്ന് വിളിക്കുന്നത്' എന്ന് മാര്‍ക്‌സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അധിനിവേശ ശക്തികളാണ് ഇന്ത്യയിലേക്ക് ചരിത്രം കൊണ്ടുവന്നത്. ചരിത്രമാണെങ്കില്‍, പുരോഗമനത്തിലേക്കുള്ള പ്രഥമ ചവിട്ടുപടിയാണ് താനും. 'തുടക്കത്തില്‍ സര്‍വലോകവും അമേരിക്കയായിരുന്നു, അതാണെങ്കിലോ സംസ്‌കാര രഹിതവും' എന്ന് ജോണ്‍ ലോക്കിന്റെ നിഗമനം ഇവിടെ പ്രസക്തമാണ്. അധിനിവിഷ്ഠ സമൂഹം വെള്ളക്കാരുടെ അധികാര ദുര്‍ഗങ്ങളെ ഒരുനാള്‍ ഏറ്റെടുക്കുമെന്നും പ്രാപഞ്ചിക നിയന്ത്രണം നവ ഹസ്തങ്ങളില്‍ അപനിര്‍മിക്കപ്പെടുമെന്നുമാണ് ഈ നിഗമനത്തിന്റെ ഉള്‍സാരം.
ഈ അധികാരമാറ്റം ഒത്തിരി കാലത്തേക്ക് നീണ്ടു പോയിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. കോളനിവല്‍ക്കരണം സാധ്യമാക്കിയ പുരോഗമനാഖ്യാനങ്ങള്‍ വിവിധ കാരണങ്ങളാല്‍ തീര്‍ത്തും സങ്കീര്‍ണമായിരുന്നു. അധിനിവിഷ്ഠ ജനത രൂപപ്പെടുത്തിയെടുത്ത ചലനാഖ്യാനങ്ങളാണ് കുറച്ചെങ്കിലും സുതാര്യവും സുവ്യക്തവുമായത്.
ദേശീയ തലത്തില്‍ സ്വയം നിര്‍ണയ പ്രസ്ഥാനങ്ങളെല്ലാം തന്നെ അതിശക്തമായ അടിച്ചമര്‍ത്തലുകള്‍ക്കും ധ്വംസനങ്ങള്‍ക്കും പാത്രമായിട്ടുണ്ട്. കൊളോണിയല്‍ 'രക്ഷാകര്‍തൃത്വ'ത്തിനു കീഴില്‍ വളര്‍ന്ന സ്വദേശീയര്‍ ഭരണതലത്തിലേക്കുയര്‍ന്നപ്പോള്‍ സ്വാഭാവികമായും അതിതീക്ഷ്ണമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേക ചരിത്ര മുഹൂര്‍ത്തത്തില്‍ യഥാര്‍ഥ രാഷ്ട്രീയ ഭേദഗതിയുടെ ഭാഗമായി വിലയിരുത്തപ്പെട്ട പുരോഗമനാഖ്യാനങ്ങള്‍ പതിയെപ്പതിയെ അധികാരമേഖലകളിലേക്ക് പടര്‍ന്നു തുടങ്ങിയപ്പോള്‍ അത്യധികം ഭീകരമായാണ് അവ അടിച്ചമര്‍ത്തപ്പെട്ടത്. ഫ്രഞ്ച്, അമേരിക്കന്‍, റഷ്യന്‍ വിപ്ലവങ്ങള്‍ മാതൃകയായിക്കാണുന്നവര്‍ക്ക് കോളനി വിരുദ്ധാഖ്യാനങ്ങള്‍ അതിനിസ്സാരമായേ അനുഭവപ്പെടാനിടയുള്ളൂ. കാരണം, പ്രസ്തുത വിപ്ലവങ്ങളെല്ലാം തന്നെ അത്യുജ്വലമായ വിജയപരതയായിരുന്നു ചരിത്രത്തിനു സമ്മാനിച്ചതെങ്കില്‍ കോളനി വിരുദ്ധാഖ്യാനങ്ങളെല്ലാം തന്നെ മുന്‍നോട്ടത്തിനേക്കാള്‍ കൂടുതല്‍ പിന്‍നോട്ടത്തിനാണ് സാധ്യത പകരുന്നതെന്നത് നഗ്നയാഥാര്‍ഥ്യമാണ്.
ഈ ആഖ്യാനത്തെ ഒരു നാടകത്തോടുപമിച്ചാല്‍ കൊളോണിയലാനന്തര കഥനങ്ങള്‍ നിര്‍മിച്ചെടുക്കുന്നതിലെ പ്രതിസന്ധികള്‍ നമുക്ക് നിഷ്പ്രയാസം മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. നടന്മാര്‍ നാടകകൃത്തിനോട് ഒരു രംഗത്തില്‍ വിയോജിച്ചു നില്‍ക്കാന്‍ തീരുമാനിച്ചാല്‍ എന്താണ് സംഭവിക്കുക? ഇനി സ്‌ക്രിപ്റ്റിനെ പാടെ അവഗണിച്ച് ദ്രുതകഥയനുസരിച്ച് നടനമാടാന്‍ നടീനടന്മാര്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക? യഥാര്‍ഥ കഥയിലില്ലേലും കൊളോണിയലിസത്തിന്റെ സ്‌ക്രിപ്റ്റിന്റെ ഒടുവില്‍ അധികാരം സ്വദേശീയരിലേക്ക് പറിച്ചു നടപ്പെടുന്നൊരു സീന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അധിനിവിഷ്ഠ ജനത സ്വയം നിര്‍ണയാവകാശികളായി രൂപാന്തരമെടുത്തപ്പോള്‍ യഥാര്‍ഥ കഥയില്ലാത്തൊരന്ത്യം അവര്‍ ചിത്രീകരിച്ചെടുക്കുകയായിരുന്നുവെന്ന് ചുരുക്കം. കേവലം സമകാലികതയോട് സംവദിക്കുന്നതിനപ്പുറം കാല്‍പനികത ശേഷിയുപയോഗിച്ച് ലോകത്തെ അപനിര്‍മിച്ചെടുക്കാനാവുമെന്ന് രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ഭാഗമാണ് ഈ സ്വയം നിര്‍ണയാവകാശം.
അധസ്ഥിതി, അപരവല്‍ക്കരണം, വംശഛേദം തുടങ്ങി കുടിയേറ്റ സമൂഹങ്ങളുടെ ചരിത്രാഖ്യാനങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ട ചരിത്ര സത്യങ്ങള്‍ തുറന്ന് കാണിക്കുകയെന്നത് രാഷ്ട്രീയ ജ്ഞാനികളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അധിനിവിഷ്ഠ ജനത ഭൂരിഭാഗമുള്ള വ്യവസ്ഥിതികളിലെങ്കിലും വംശീയതയുടെ പ്രയോഗവും പ്രയുക്തിയും കലാപാവസ്ഥയുമെല്ലാം രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്നത് ആശ്വാസജനകമാണ്.
ചരിത്ര പഥങ്ങളെ ഭാവഭേദങ്ങള്‍ക്കു വിധേയമാക്കുമ്പോഴും ചരിത്രസന്ധിയുടെ തന്നെ ഉത്പന്നങ്ങളാണ് ഈ കഥകളെന്നത് ശ്രദ്ധേയമാണ്. അധീനതയുടെയും അടിച്ചമര്‍ത്തലിന്റെയും മൂശയില്‍ സ്വനിര്‍ണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചിത്രമെഴുത്ത് സാധ്യമാവുന്നതെന്നത് ചരിത്ര ഗവേഷകര്‍ക്കെന്നപോലും കോളനിവിരുദ്ധ നായകര്‍ക്കു പോലും പിടികിട്ടാത്ത സമസ്യയാണ്.

കൊളോണിയലാനന്തര രാഷ്ട്രീയം; ഉത്ഭവവും വളര്‍ച്ചയും
പുത്തന്‍ ഭാവിയുടെ നിര്‍മാണത്തിനും ഭൂതകാലാന്ത്യത്തിനുമായി വര്‍ത്തമാനത്തെ ഉപയോഗപ്പെടുത്തുകയെന്നതാണ് കൊളോണിയലാനന്തര കാലത്തെ യഥാര്‍ഥ രാഷ്ട്രീയ പോരാട്ടം. രാഷ്ട്രീയ ചലനത്തിന്റെ പരിശീലനക്കളരിയാണിതെന്നാണ് ഇതിനെക്കുറിച്ച് ഹെന്നാ ആരന്റ് എഴുതിയത്.
വര്‍ത്തമാന കാല നിയാമക കര്‍ത്തവ്യത്തിലൂടെ ഭൂതഭാവികള്‍ക്കിടയില്‍ കൃത്യമായൊരു അതിര്‍വരമ്പിടുക, ഭൂതത്തെ വര്‍ത്തമാന ഭാവികാല സ്വയംഭരണ പോരാട്ടങ്ങള്‍ക്ക് വെള്ളവും വളവുമാവും വിധം പുനരാഖ്യാനം ചെയ്യുക എന്നിങ്ങനെ രണ്ടു പ്രധാന രീതികളാണ് കൊളോണിയലാനന്തര ഭരണ വ്യവസ്ഥിതിക്ക് ശക്തിപകരാന്‍ പര്യാപ്തമായതെന്ന് രാഷ്ട്രീയ വിചക്ഷണര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Tocqueville തന്റെ The Old Regime and the French Revolution(1856) ലെന്ന പോലെ നിരവധി കൊളോണിയലാനന്തര തത്വജ്ഞാനികള്‍ സ്വയം ഭരണത്തിലെത്തിച്ചേര്‍ന്ന സ്ഥിതിഭേദവും നിലവിലുയര്‍ന്നുവന്ന പ്രവണതകളും ഗ്രഹിച്ചെടുക്കാന്‍ നന്നേ പാടുപെട്ടിട്ടുണ്ട്. പ്രാസ്ഥാനിക പ്രതിബന്ധങ്ങള്‍ക്കെല്ലാം ഏറ്റവും ശക്തിയുക്തമായ പ്രതികരണം ദേശീയതയാണ്. പാര്‍ഥചാറ്റര്‍ജി ഇതേക്കുറിച്ച് വിശദമായ അന്വേഷണങ്ങളും നിരൂപണങ്ങളും തയാറാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മാതൃകയായി ദേശീയതയെ പുണരുന്നതിനെ ടാഗോര്‍ താക്കീത് ചെയ്തിട്ടുണ്ട്. Frntz Fanon, The Wretched of the Earth ലും ദേശീയതാ ബോധത്തിന്റെ അപകടങ്ങളെ വിശകലനം നടത്തിയിട്ടുണ്ട്.
ഇത്തരം പ്രാസ്ഥാനിക പ്രതിസന്ധികളോടുള്ള ശിഷ്ട പ്രതികരണങ്ങളെല്ലാം തന്നെ തുലോം വിരളമായേ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളൂവെന്നതാണ് വസ്തുത. കോളനിവല്‍ക്കരണാനുഭവങ്ങളെ അതിജീവിച്ച ആഫ്രിക്കന്‍ ജനതതിയ്ക്ക് പൊതുവായ അനുഭവങ്ങളും സ്വത്വവുമുണ്ടെന്ന് Senghor വിശ്വസിച്ചിരുന്നതായി കാണാം. അധിനിവിഷ്ഠര്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കാന്‍ പര്യാപ്തമായ ഒരു സംസ്‌കാരമായി വിപ്ലവാനന്തര സംസ്‌കൃതിയില്‍ negritude നിലയുറപ്പിക്കുമെന്നായിരുന്നു  Senghorന്റെ പ്രത്യാശ.
ഭാവിപദ്ധതി രൂപീകരണം, ഐക്യജനനം എന്നിവയ്ക്കായി മതത്തിലേക്ക് മടങ്ങുകയെന്നതാണ് മറ്റൊരുപായം. ഇസ്‌ലാമിസത്തെ കൊളോണിയലാനന്തര പ്രസ്ഥാനമായി മനസ്സിലാക്കിയാല്‍ അതിന്റെ വ്യാപ്തിയും സ്വാധീനവും മനസ്സിലാക്കുക എളുപ്പമാണ്.

കൊളോണിയലിസത്തിന്റെയും കോളനിവിരുദ്ധതയുടെയും ആഖ്യാനങ്ങള്‍
പുരോഗമനാഖ്യാനങ്ങളും നിരന്തര അധികാര മാറ്റങ്ങളും കാലങ്ങള്‍ക്കുമുമ്പേ ബ്രിട്ടീഷ് കോളനിവല്‍ക്കരണ പദ്ധതിക്ക് ഒത്തിരി ആശങ്കകളൊരുക്കിയിട്ടുണ്ട്. സ്വയംഭരണ നിര്‍മിതിയായിരുന്നു അവരുടെ ലക്ഷ്യമെങ്കില്‍ എങ്ങനെയായിരുന്നു അവരത് സജ്ജമാക്കിയത്. 'സ്വദേശീയര്‍ അന്ധവിശ്വാസങ്ങളും മുന്‍ധാരണകളുമുപേക്ഷിച്ച് സ്വയം പര്യാപ്തരും ദീപ്തരുമായി മാറുന്നത് വരെ സ്ഥിരംഭരണമെന്ന സ്വപ്നമായിരുന്നു ബ്രിട്ടീഷുകാര്‍ ലക്ഷ്യമിട്ടത്' എന്ന് മഡ്രാസ് ഗവര്‍ണറായിരുന്ന Sir thomas Munro, Ultimate Aim of British Rule in India (1824) യില്‍ പ്രസ്താവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിഗമനമനുസരിച്ച് സ്വയംഭരണത്തിന് പ്രാപ്തരല്ലെങ്കില്‍ പോലും ഭരണതലങ്ങളില്‍നിന്ന് പരിപൂര്‍ണമായും വിപാടനം ചെയ്യപ്പെടേണ്ടവരല്ല സ്വദേശീയര്‍.
കൊളോണിയല്‍, സ്വയംഭരണ രീതികള്‍ക്കിടയിലെ ബന്ധവും ബന്ധമില്ലായ്മയും ഒത്തിരി ആശങ്കകളുണര്‍ത്തുന്നതാണ്. ഉദാഹരണത്തിന്, ഇന്ത്യന്‍ നിയമ കമീഷന്റെ താക്കോല്‍ സ്ഥാനത്ത് മൂന്ന് വര്‍ഷമിരുന്ന മക്കാലേ പ്രഭു പറഞ്ഞത് ഭാരതീയര്‍ സ്വയംഭരണ പ്രാപ്തരാവുകയാണെങ്കില്‍ ആംഗലേയ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമാകുമതെന്നാണ്. സ്വദേശീയ ഭരണം ബ്രിട്ടീഷ് ചരിത്രത്തിന്റെ ഭാഗമായും വിജമായുമാണ് അടയാളപ്പെടുത്തുക എന്നുകൂടി പ്രഭു അഭിപ്രായപ്പെടുന്നുണ്ട്.
ഈ പുരോഗമനാഖ്യാനങ്ങളെല്ലാം തന്നെ ലോകത്തിനുമുമ്പില്‍ പ്രത്യക്ഷപ്പെട്ടത് ഒന്നാം ലോകമഹായുദ്ധകാലത്താണ്. 1917 ജനുവരിയില്‍ രഹസ്യ സഖ്യ വ്യവസ്ഥിതികളെ നിരസിക്കുക വഴി സമാധാനത്തിനു വഴി തെളിയുമെന്ന് Woodrow wilson പ്രഖ്യാപിക്കുകയുണ്ടായി. 'ഭരണീയരാലാണ് ഭരണാധികാരം ശക്തിപ്രാപിക്കുകയെന്ന തത്വം അംഗീകരിക്കാത്ത പക്ഷം ഒരു സമാധാനവും നിലനില്‍ക്കുകയില്ലെ'ന്ന അദ്ദേഹത്തിന്റെ പ്രസ്താവം ഒത്തിരി ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ആഗോള വ്യാപകമായി അധിനിവിഷ്ഠ ജനത ഈ പ്രസ്താവത്തെ സ്വയം ഭരണത്തിനു സമയമായെന്ന വ്യക്തമായ സൂചനയായാണ് സമീപിച്ചതെന്ന് എറെസ് Manela (Erez Manela) The wilson Moment: Self-Determination and the International Origins of Anticolonial Nationalism എന്ന കൃതിയില്‍ നിരീക്ഷിക്കുന്നുണ്ട്. ഇത്തരമൊരു അഭിപ്രായത്തിലൂടെ യൂറോപ്യന്‍ രാജ്യങ്ങളെയാവും അദ്ദേഹം സ്വാഭാവികമായും ഉദ്ദേശിച്ചിരിക്കുകയെങ്കിലും ദേശീയ പ്രസ്ഥാനങ്ങളും നായകരും ഈ പ്രസ്താവനയെ ഗൗരവമായി സമീപിക്കുകയും അതിന്റെ ഉള്‍സാരമുള്‍ക്കൊണ്ട് അധികാരമാറ്റത്തിന് വേണ്ടി കരുനീക്കം നടത്തുകയും ചെയ്തുവെന്നതാണ് വളരെയധികം നിര്‍ണായകമായത്.
വില്‍സണിന്റെ തത്വങ്ങളുടെ ചുവട് പിടിച്ച് 1918ല്‍ ഈജിപ്ഷ്യന്‍ ദേശീയ നായകന്‍ സയ്യിദ് സുഗ്‌ലൂല്‍ ഈജിപ്ഷ്യന്‍ ജനസാമാന്യത്തിന്റെ ആഗ്രഹങ്ങള്‍ക്കു വിഘ്‌നം നില്‍ക്കുന്ന ഭരണകൂടത്തിന് അധികകാലം നിലനില്‍പില്ലെന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. തന്റെ ശ്രമത്തിന് വേണ്ടത്ര പിന്തുണയില്ലെന്ന് കണ്ട സഗ്‌ലൂല്‍ (zaghlul) പാരീസില്‍ വച്ച് നടക്കുന്ന സമാധാന സമ്മേളനത്തില്‍ Egyptian ദേശീയ താല്‍പര്യത്തിനുവേണ്ടി സംസാരിക്കാന്‍ wilsonനോട് തന്നെ നേരിട്ടാവശ്യപ്പെടുകയുണ്ടായി. ബ്രിട്ടീഷ് ഭരണകൂടത്തിലെ ആന്തരി സംഘര്‍ഷങ്ങളില്‍ തലയിടുന്നതിലെ വിപത്തുകള്‍ മുന്‍കണ്ടാവണം വില്‍സണ്‍ ആ ഉദ്യമത്തിന് തയാറായതുമില്ല. League of Nationsല്‍ ചേരാനുള്ള ദീര്‍ഘകാലത്തെ ചരിത്ര, വൈജ്ഞാനിക, സാംസ്‌കാരിക പാരമ്പര്യമുള്ള ഈജിപ്തിന്റെ അപേക്ഷ സമാധാന കോണ്‍ഫറന്‍സ് അശേഷം തള്ളിക്കളയുകയുമുണ്ടായി.
ഇത്തരം രാഷ്ട്രീയ മുന്നേറ്റങ്ങളെല്ലാം വഴിമുട്ടിയപ്പോഴാണ് 1919 വിപ്ലവത്തിന് വഫ്ദ് പാര്‍ട്ടി തുടക്കമിട്ടത്. യഥാര്‍ഥത്തില്‍ സമാധാന പൂര്‍വമായിത്തുടങ്ങിയ ചലനങ്ങളെ ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അ പതിയെപ്പതിയെ അക്രമാസക്തമാവുകയാണുണ്ടായത്. 1919ലെ വിപ്ലവത്തില്‍ സ്ത്രീകളടക്കം 800ഓളം ഈജിപ്ഷ്യന്‍ സിവിലിയന്മാരാണ് കൊല ചെയ്യപ്പെട്ടത്.
കൊളോണിയല്‍ വിരുദ്ധ നേതാക്കളുടെ പ്രഥമ അന്താരാഷ്ട്ര സംഗമം അരങ്ങേറിയത് 1927ല്‍ Brussels ല്‍ ആയിരുന്നു. സുകര്‍ണോ, നെഹ്‌റു, മെസ്സാലി തുടങ്ങിയ നേതാക്കള്‍ സമാധാന സംഗമത്തില്‍ നിരാകരിക്കപ്പെട്ടപ്പോള്‍ അവന്‍ സ്വന്തമായൊരു സംഘം പോലും രൂപീകരിക്കുകയുണ്ടായി.
അസ്തമിച്ചു കൊണ്ടിരുന്ന കൊളോണിയല്‍ ശക്തികള്‍ തന്നെ പുരോഗമനാഖ്യാനങ്ങള്‍ പുഷ്ടിപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നത് ഏറെ അത്ഭുതകരമാണ്. ഔദ്യോഗിക കോളനിവല്‍ക്കരണത്തിന്റെ അന്ത്യം കോളനി വല്‍ക്കരണത്തിന്റെ തന്നെ തുടര്‍ച്ചയാണെന്ന അവരുടെ വാദം യഥാര്‍ഥത്തില്‍ മുഖം രക്ഷിക്കാനുള്ള ഒരു ചെപ്പടി വിദ്യ മാത്രമായിരുന്നു. അധികാരമാറ്റം ബ്രിട്ടീഷു ഭരണകൂടത്തിന്റെ ദൗര്‍ബല്യമോ ഭരണാന്ത്യമോ അല്ല, മികവും ശക്തിയുമാണ് വിളിച്ചറിയിക്കുന്നതെന്ന് 1950-ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ആസ്ഥാനം പ്രഖ്യാപിക്കുകയുണ്ടായി. ഭരണ നഷ്ടത്തിന് മൃദൂക്തി(Euphemism) പ്രയോഗത്തിലൂടെ അധികാരമാറ്റം (transfer of power) എന്ന വിളിപ്പേര് നല്‍കി തൃപ്തിയടയുകയായിരുന്നു അവരെന്ന് ചുരുക്കം.
കാല, സ്വത്വ, ദേശാന്വേഷണങ്ങളില്‍ കൊളോണിയലാനന്തരാഖ്യാനങ്ങള്‍ കൊളോണിയല്‍ കാലാഖ്യാനങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. കൊളോണിയല്‍ ശക്തികള്‍ വില കുറച്ചുകണ്ട മതവിശ്വാസം, പ്രാദേശിക ബന്ധങ്ങള്‍ തുടങ്ങിയ പദങ്ങള്‍ക്കായിരുന്നു പോസ്റ്റ് കൊളോണിയല്‍ നിഘണ്ടുവില്‍ കൂടുതല്‍ മൂല്യമെന്നതും പ്രസ്താവ്യമാണ്.



Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top