ഇസ്‌ലാമിലെ രാഷ്ട്രീയ സ്ഥാപനങ്ങളുടെ നിര്‍വഹണവും മതപണ്ഡിതന്മാരും
സയ്യിദ് ഹുസൈന്‍ നസ്ര്‍
സുവിശേഷങ്ങള്‍ ദൈവത്തിന്റെയും സീസറിന്റെയും സാമ്രാജ്യങ്ങളെ വിഭജിക്കുന്നതുപോലെ ഇസ്‌ലാം ഒരിക്കലും മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍തിരിച്ചിട്ടില്ല. മദീനയില്‍ സ്ഥാപിച്ച ആദ്യത്തെ ഇസ്‌ലാമിക സമൂഹത്തിന്റെ മതനേതാവും രാഷ്ട്രീയ നേതാവുമായിരുന്നു നബിതന്നെയും. ഇസ്‌ലാമിന്റെ ഈ ആദര്‍ശ സമൂഹം സ്ഥാപിച്ചത് മുതല്‍ക്കിങ്ങോട്ട് ഇസ്‌ലാമിക ചരിത്രത്തിലെ ഓരോ കാലഘട്ടവും മതവും (ഇപ്പോള്‍ ഈ പദം വിവക്ഷിക്കപ്പെടുന്ന രീതിയില്‍) രാഷ്ട്രീയവും തമ്മിലുള്ള കൂടിക്കലരലിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എങ്കിലും ഏത് രാഷ്ട്രീയ സ്ഥാപനം, അല്ലെങ്കില്‍ മാതൃകയാണ് സ്ഥാപിക്കേണ്ടത് എന്ന കാര്യത്തില്‍ ഖുര്‍ആനോ ഹദീസോ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നില്ല. ഖുര്‍ആനും ഹദീസും സ്ഥാപിക്കുന്നത് ദൈവമാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ അന്തിമ ഭരണാധികാരി എന്ന തത്വമാണ്. അവനില്‍ നിന്നാണ് അധികാരവും നിയമപ്രാബല്യവുമെല്ലാം ഇറങ്ങുന്നത്. അവന്റെ നിയമമാണ് എല്ലാ ഇസ്‌ലാമിക സമൂഹങ്ങളുടെയും നിയമം. രാഷ്ട്രീയ വാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണാധികാരികള്‍ ജനങ്ങളുമായി കൂടിയാലോചന(ശൂറ) നടത്തണമെന്നതാണ് മറ്റൊരു മര്‍മ്മ പ്രധാനമായ തത്വം. കര്‍ശനമായി പറഞ്ഞാല്‍ ഇസ്‌ലാം ഒരു പ്രത്യേക നിയമമനുസരിച്ചുള്ള ഭരണ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നത്; എന്ന് വച്ചാല്‍ അത് ദൈവ വാഴ്ചയാണ്. എന്നാല്‍ മതാധിപത്യമാണെന്ന് പറഞ്ഞുകൂടാ. മതാധിപത്യമെന്നാല്‍ പൗരോഹിത്യത്തിന്റെയോ സഭയുടെയോ ഭരണം എന്ന അര്‍ഥത്തിലാണ് മനസ്സിലാക്കപ്പെടുന്നത്.
പ്രവാചകന്റെ മരണശേഷം ഖിലാഫത്ത് നിലവില്‍ വരികയും നിരവധി ശിയാ വിഭാഗങ്ങളുടെയും മറ്റു ചില കൂട്ടരുടെയും എതിര്‍പ്പുകള്‍ക്കിടയിലും ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഏഴാം/പതിമൂന്നാം നൂറ്റാണ്ടുവരെ അതു നിലനില്‍ക്കുകയും ചെയ്തു. ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വ്യവസ്ഥയാണ് ഖിലാഫത്ത്. പ്രവാചകന്റെ പ്രതിനിധി ആയാണ് ഖലീഫ കണക്കാക്കപ്പെടുന്നത് അങ്ങനെ നോക്കുമ്പോള്‍ ദൈവികനിയമം ഉയര്‍ത്തിപ്പിടിക്കുകയും ആഭ്യന്തര അച്ചടക്കം കാത്തുസൂക്ഷിക്കുകയും 'ദാറുല്‍ ഇസ്‌ലാമി'ന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുകയും ശരീഅത്തു കോടതികളുടെ നടത്തിപ്പിന് ന്യായാധിപന്മാരെ നിയമിക്കുകയുമാണ് അദ്ദേഹത്തിന്റെ ചുമതല. ദൈവിക നിയമത്തിന്റെ ആന്തരികാര്‍ഥങ്ങള്‍ ഖലീഫ അറിഞ്ഞിരിക്കണമെന്നില്ല. എന്നുവേണ്ട മതനിയമങ്ങളില്‍ അദ്ദേഹം ഒരു ആധികാരിക പണ്ഡിതനായിരിക്കണമെന്നുപോലുമില്ല (ഫഖീഹ് / മുജ്തഹിദ് എന്നീ അര്‍ഥങ്ങളില്‍). അവസാനം പറഞ്ഞ കാര്യങ്ങളോട് ശീഇകള്‍ക്ക് എതിര്‍പ്പാണ്. അഭിപ്രായപ്പൊരുത്തം വഴി ഖലീഫയെ തെരഞ്ഞെടുക്കുന്നതിനെയും അവര്‍ എതിര്‍ക്കുന്നു. തൊട്ടുമുമ്പ് നിയമ പ്രകാരം ആരായിരുന്നുവോ ഭരണാധികാരി (ശിയാക്കളെ സംബന്ധിച്ചേടത്തോളം ഇമാം) അദ്ദേഹമാണ് തനിക്കുശേഷമുള്ള ഭരണാധികാരികളെ നിയമിക്കേണ്ടത് എന്ന് അവര്‍ നിഷ്‌കര്‍ഷിക്കുന്നു. അതുവഴി പ്രവാചകനോളം നീണ്ടു ചെല്ലുന്ന പിന്തുടര്‍ച്ചയുടെ ചരട് അറ്റുപോകാതെ സൂക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നത്. ദൈവികവിധിയുടെ അംഗീകാരം ഈ നിയമത്തിനുണ്ട് എന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു.
കാലക്രമേണ ഖലീഫമാരില്‍ നിക്ഷിപ്തമായിരുന്ന സൈനിക ശക്തി ക്ഷയിച്ചു. യഥാര്‍ഥ സൈനിക-രാഷ്ട്രീയ ശക്തി പ്രാദേശിക രാജാക്കന്മാരുടെ കൈകളില്‍ വന്നു. ഖലീഫക്ക് പേരിനുമാത്രമായി അധികാരം. ഈ സാഹചര്യങ്ങളില്‍ രാഷ്ട്രീയാധികാരത്തെച്ചൊല്ലി പുതിയൊരു മതസിദ്ധാന്തം സുന്നീ കര്‍മ ശാസ്ത്ര പണ്ഡിതര്‍ (ഫുഖഹാഅ്) വികസിപ്പിച്ചു. ഇതനുസരിച്ച് ഖലീഫ ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യത്തിന്റെയും ശരീഅത്തനുസരിച്ചുള്ള ഭരണത്തിന്റെയും പ്രതീകമെന്ന നിലയില്‍ അവശേഷിച്ചു. രാജാവിന് അല്ലെങ്കില്‍ സുല്‍ത്താന് ആയിരുന്നു യഥാര്‍ഥ സൈനിക രാഷ്ട്രീയാധികാരം. അദ്ദേഹത്തിന്നായിരുന്നു ഇസ്‌ലാമിക ലോകത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുകയും ക്രമസമാധാനം പരിപാലിക്കുകയും ചെയ്യേണ്ട ചുമതല.
അഞ്ചാം/പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച അല്‍മാവര്‍ദി, അല്‍ഗസ്സാലി തുടങ്ങിയ വിഖ്യാതരായ മതവ്യാഖ്യാതാക്കളുടെ രചനകളില്‍ ഈ സിദ്ധാന്തത്തിനു നല്‍കിയ പ്രായോഗിക വ്യാഖ്യാനങ്ങള്‍ പരക്കെ അറിയപ്പെടുന്നവയാണ്. ഇരുപതാം നൂറ്റാണ്ടില്‍ ഉസ്മാനിയ്യാ ഖിലാഫത്തിന്റെ പതനം വരെ ഈ സിദ്ധാന്തം പലരും ഉയര്‍ത്തിപ്പിടിച്ചിരുന്നു. (ഉസ്മാനിയാ ഖിലാഫത്തിനെ പലരും കണക്കാക്കുന്നത് ശരിയായ ഖിലാഫത്ത് ആയിട്ടല്ല, മറിച്ച് സുല്‍ത്താല്‍ ഭരണമായാണ്). പല സുന്നീ മുസ്‌ലിംകളും ഇന്നും ഈ വിശ്വാസക്കാരാണ്. ചരിത്രപരമായി, സുന്നീ ഖിലാഫത്ത് എന്ന സ്ഥാപനത്തെ നിരാകരിക്കുന്നവരാണ് ശീഇകള്‍. മഹ്ദിയുടെ ആഗമനം പ്രതീക്ഷിക്കുന്നവരാണ് ഇസ്‌നാ അശ്അരി ശീഇകള്‍. മഹ്ദിയുടെ അഭാവത്തില്‍ അവര്‍, ഇമാമിന്റെ പ്രത്യക്ഷ സാന്നിധ്യം നിഷേധിക്കപ്പെട്ട ലോകത്തിന്റെ അപൂര്‍ണ സാഹചര്യങ്ങളില്‍ കിട്ടാവുന്ന ഏറ്റവും അനുയോജ്യമായ ഭരണമെന്ന നിലയില്‍ രാജവാഴ്ചയെ അംഗീകരിച്ചു. 1979ലെ ഇറാന്‍ വിപ്ലവത്തോടെ ഈ പരമ്പരാഗത വീക്ഷണം ചോദ്യം ചെയ്യപ്പെടുകയും ആയത്തുല്ലാഹ് ഖുമൈനിയാല്‍ അതു നിരാകരിക്കപ്പെടുകയും ചെയ്തു. അദ്ദേഹം മതകര്‍മ ശാസ്ത്ര പണ്ഡിതന്റെ പൗരോഹിത്യ വാഴ്ച (വിലായത്തെ ഫഖീഹ്) എന്ന സിദ്ധാന്തം അതിനുപകരം വച്ചു.
വിവിധ ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തങ്ങളിലും അവയുടെ പ്രയോഗ മാതൃകകളിലും പരമ്പരാഗത 'ഉലമ' അഥവാ മതപണ്ഡിതര്‍ വഹിക്കുന്ന പങ്ക് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ശരീഅത്തിന്റെ സംരക്ഷകരും വ്യാഖ്യാതാക്കളുമെന്ന നിലയില്‍ ഇസ്‌ലാമിക ലോകത്ത് ഉലമക്ക് എല്ലായ്‌പ്പോഴും രാഷ്ട്രീയാധികാരമുണ്ടായിരുന്നു. അവര്‍ ഒരിടത്തും 1979-ലെ ഇറാന്‍ വിപ്ലവം വരെ നേരിട്ട് ഭരിച്ചിരുന്നില്ലെങ്കിലും. ശീഇ ഉലമ സുന്നി പണ്ഡിതരേക്കാള്‍ കൂടുതല്‍ സുസംഘടിതരും രാഷ്ട്രീയമായും സാമ്പത്തികമായും ശക്തരുമാണെന്ന വസ്തുത ഈ സന്ദര്‍ഭത്തില്‍ ഊന്നിപ്പറയേണ്ടത് ആവശ്യമാണ്.
ഇസ്‌ലാമും രാഷ്ട്രീയ ജീവിതവും തമ്മിലുള്ള ബന്ധം വളരെ സങ്കീര്‍ണമാണ്. ചരിത്രത്തിലുടനീളം ഖിലാഫത്ത്, സല്‍ത്തനത്ത് തുടങ്ങിയ രാഷ്ട്രീയ സ്ഥാപനങ്ങള്‍ ഇസ്‌ലാം സൃഷ്ടിച്ചിട്ടുണ്ട്. ആധുനികത രംഗപ്രവേശം ചെയ്തതും ഇസ്‌ലാമിക ലോകത്തിലെ പല സ്ഥലങ്ങളിലും പടിഞ്ഞാറിന്റെ കൊളോണിയല്‍ അധിനിവേശം കടന്നുവന്നതുമാണ് ഈ സാമൂഹ്യ സ്ഥാപനങ്ങള്‍ വെല്ലുവിളിക്കപ്പെടാന്‍ കാരണം. പടിഞ്ഞാറന്‍ നാടുകളില്‍ നിരവധി വിപ്ലവങ്ങള്‍ സംഭവിക്കുകയും അവ പരമ്പരാഗത ആശയങ്ങളെയും രാഷ്ട്രീയ വാഴ്ചയെയും ഗൗരവപൂര്‍വം ചോദ്യം ചെയ്യുകയുമുണ്ടായല്ലോ. ഇക്കൂട്ടത്തില്‍ ഇസ്‌ലാമിക ലോകത്ത് ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചത് ഫ്രഞ്ച് വിപ്ലവമാണ്. അടുത്ത കാലത്ത് ഇസ്‌ലാമിക ലോകത്തിന്റെ വലിയൊരു ഭാഗത്തെ രാഷ്ട്രീയ വിക്ഷുബ്ധതകള്‍ ഗ്രസിച്ചിരിക്കുകയാണ്. ഈ വിക്ഷുബ്ധതകളില്‍ പരമ്പരാഗത ഇസ്‌ലാമിക രാഷ്ട്രീയ സ്ഥാപനങ്ങള്‍ ക്ഷയിച്ചതിന്റെയും നശിച്ചതിന്റെയും ഫലങ്ങള്‍ ദൃശ്യമാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ രൂപപ്പെടുന്നതില്‍ എന്തൊക്കെ പ്രതിസന്ധികളും ശക്തികളും ഉള്‍പ്പെടുന്നുവെങ്കില്‍ തന്നെയും, ഇസ്‌ലാമും രാഷ്ട്രീയ ജീവിതവും തമ്മിലുള്ള ബന്ധം തകരാതെ നിലനില്‍ക്കുന്നു, ഈ ബന്ധം അറ്റുപോകുന്നില്ല. മതത്തെ പൊതുജീവിത മണ്ഡലത്തില്‍ നിന്നു വേര്‍പെടുത്തണമെന്ന് മുസ്‌ലിംകള്‍ തത്വത്തില്‍ അംഗീകരിക്കുകയാണെങ്കില്‍ (ഇങ്ങനെ ചെയ്യുന്നത് മൂലം പൊതുജീവിതം മതേതര വല്‍ക്കരിക്കപ്പെടും; നവോത്ഥാന കാലം മുതല്‍ക്കാണ് ഏറ്റവും കൂടിയ തോതില്‍ ഇപ്രകാരം സംഭവിച്ചത്) ഇസ്‌ലാമിക സന്ദേശത്തിന്റെ ഹൃദയാന്തരാളത്തില്‍ കുടികൊള്ളുന്ന ഏകതാ ബോധം എന്ന സിദ്ധാന്തം അവര്‍ കൈയൊഴിക്കേണ്ടി വരും. പ്രവാചകന്റെ സുന്നത്തിനും പതിനാലു നൂറ്റാണ്ടുകാലം ചരിത്രപരമായി വെളിപ്പെട്ട ഇസ്‌ലാമിക പാരമ്പര്യത്തിനുമെതിരായി അവര്‍ പ്രവര്‍ത്തിക്കേണ്ടി വരും. ഏതായാലും ആധികാരികമായി ഇസ്‌ലാമിക സ്വഭാവമുള്ള രാഷ്ട്രീയ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടത് സമകാലിക ഇസ്‌ലാമിക സമൂഹത്തിന്റെ ചുമതലയാണ്. അതേസമയം കാലഘട്ടത്തിന്റെ വെല്ലുവിളികളോട് ഈ സമൂഹം പ്രതികരിക്കുകയും വേണം.
(Islam, Religion, History and Civilization എന്ന കൃതിയില്‍നിന്നുമെടുത്തത്)