അധിനിവേശ സഞ്ചാരങ്ങളും സാമ്രാജ്യത്വവിരുദ്ധ ദേശാടനങ്ങളും

എങ്‌സെങ് ഹോ‌‌
img

പാശ്ചാത്യ ലോകത്തിന്റെ സാമ്രാജ്യം(empire) ലക്ഷ്യം വെച്ചുള്ള വെട്ടിപ്പിടുത്തങ്ങളുടെ സഞ്ചാരത്തിന് ഇസ്‌ലാമിക സമൂഹത്തിന്റെ ദേശാടനം(Diaspora) എങ്ങനെയാണ് വെല്ലുവിളി ഉയര്‍ത്തിയത്. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളില്‍ ഇസ്‌ലാമും മുസ്‌ലിംകളും പുലര്‍ത്തിയ രാഷ്ട്രീയ ബോധത്തെയും ചരിത്രത്തെയും അധിനിവേശ സഞ്ചാരങ്ങളെയും അപഗ്രഥിക്കുന്ന വ്യത്യസ്തമായ ഒരന്വേഷണമാണിത്.

സാമ്രാജ്യത്വ സ്മൃതി നാശം
നരവംശ ശാസ്ത്ര ജ്ഞാനത്തില്‍ അപരിഹൃതമായിക്കിടന്ന ഒരു വിടവ് അടയാളപ്പെടുത്തിയും പരിഹരിച്ചു തുടങ്ങിയും 1982ല്‍ എറിക് വോള്‍ഫ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു; യൂറോപും ചരിത്രമില്ലാത്ത ജനതയും (Europe and the people without history) പക്ഷെ, ആ കൃത്യം ഇപ്പോഴും പൂര്‍ത്തിയാകാതെ കിടക്കുന്നു. കഴിഞ്ഞ വര്‍ഷം, (1)അതായത് സപ്തംബര്‍ 11ന് ശേഷം, ഇത്തരം ചില വിടവുകള്‍  പരിഹരിക്കപ്പെടേണ്ട ആവശ്യകത ശക്തിപ്പെടുകയുണ്ടായി. പടിഞ്ഞാറന്‍ ശക്തികളും ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലെ ദേശാന്തര മുസ്‌ലിംകളും തമ്മിലുള്ള സമ്പര്‍ക്കങ്ങളുടെ ചരിത്രമായിരുന്നു അവയിലൊന്ന(2) അത്തരം സമൂഹങ്ങളെ നരവംശശാസ്ത്രപരമായി ഭിന്നാര്‍ത്ഥങ്ങളുള്ള ദേശാടകരായി ഗണിച്ച്, അഞ്ചു ശതകത്തോളമായി പടിഞ്ഞാറന്‍ സാമ്രാജ്യങ്ങളോട് അവര്‍ പുലര്‍ത്തുന്ന സമീപനങ്ങളെയൊന്നിച്ച് വിചിന്തനം   ചെയ്താല്‍,  അവര്‍ക്കിടയില്‍ നടന്ന വലിയ തോതിലുള്ള സംഘട്ടനങ്ങളുടെ ചരിത്രത്തെ കുറിച്ച് ആഴത്തിലുള്ള ജ്ഞാനം   തന്നെ ലഭിക്കും. പൊതുജന സംസാരങ്ങളിലും രാഷ്ട്രീയ അഭിപ്രായ രൂപീകരണങ്ങളിലും നാഗരിക സംഘട്ടനം (ഹണ്ടിംഗ്ടണ്‍, 1993) ഉയര്‍ത്തിവിട്ട പ്രവചനത്തിന്റെ ഭീഷണമായ പുലര്‍ച്ചയെന്നോണം, നരവംശ ശാസ്ത്രജ്ഞരുടെ ചര്‍ച്ചാവട്ടങ്ങളില്‍ ഒരു പുതിയ വിഷയം പ്രഹേളിക കണക്കെ നിലനില്‍ക്കുകയാണ്; കോളനീ ഭരണത്തിനൊന്നും കീഴൊതുങ്ങാത്ത ആഗോള സാമ്രാജ്യത്വത്തിന്റെ പുതിയ കാലത്ത്  നടന്ന സാംസ്‌കാരിക ഇടപാടുകളുടെ ഉദാഹരണമായി ആരെങ്കിലും അതിനെ കാണുമോ എന്ന ആശങ്ക.
സാമ്രാജ്യത്വവും അധിനിവേശവും തമ്മിലുള്ള അന്തരം സൂക്ഷമമാണ്. തലാല്‍ അസദിന്റെ ''നരവംശ ശാസ്ത്രവും അധിനിവേശ സംഘട്ടനവും'' (anthropolgy and colonial encounter, 1973) നരവംശ ശാസ്ത്രത്തില്‍ ഒരു ആത്മ വിമര്‍ശനത്തിന് തന്നെ തുടക്കമിട്ടിട്ടുണ്ട്. അതിന്റെ വ്യവഹാര മേഖല അധിനിവേശ ശക്തികളുടെ മേഖലതന്നെയാണെന്നും അവിടത്തെ വ്യവഹാരികള്‍ അധിനിവേശ രാജ്യങ്ങളിലെ അംഗങ്ങളുമാണെന്ന സംഗതിയാണ് അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത(3). അധിനിവേശം (colonialism)കുറിക്കുന്നത്, ചുറ്റും അതിര്‍ത്തികള്‍ നിര്‍ണയിച്ച് നിര്‍ത്തപ്പെട്ട പ്രദേശങ്ങളെ അധീനപ്പെടുത്തിക്കൊണ്ടുള്ള വിദേശ സാന്നിധ്യത്തെയാണ്. ഇന്ന് നാം വ്യാപകമായി പിന്തുടരുന്ന വിവിധ തലങ്ങളിലുള്ള നരവംശ ശാസ്ത്രം, ദേശാന്തര അധികാര രംഗങ്ങളിലേക്കു കൂടി വിശകലനപരമായി രൂപപ്പെടുത്തേണ്ടിവരുമപ്പോള്‍. സാമ്രാജ്യത്ത(imperialism)മെന്ന പദം കുറിക്കുന്നത് വെറും വൈദേശിക വാഴ്ചയെയാണ്; വികസ്വരവും ദേശാന്തരവുമായ ഒട്ടുവളരെ പ്രദേശങ്ങളുടെ അധീശത്വവും അവിടങ്ങളിലെ സാന്നിധ്യവും അതിനേ ആവശ്യമില്ല(4).അങ്ങനെ വരുമ്പോള്‍ അമേരിക്കയുടെ അധികാര കാഴ്ചപ്പാടില്‍ ഈ ചട്ടക്കൂടിനുള്ള യഥാര്‍ത്ഥ പദം, പോസ്റ്റ് കൊളോണിയലിസത്തിന് പകരം തുടര്‍ന്നു കൊണ്ടേയിരിക്കുന്ന സാമ്രജ്യത്തമെന്നാണ് (on going imperialism) അസദിന്റെ പുസ്തകത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ അതിന്റെ തുടര്‍ച്ച നമുക്ക് കാണാനായി. ഇപ്പോള്‍ അമേരിക്കന്‍ നരവംശ ശാസ്ത്രവും സാമ്രാജ്യത്വ സംഘട്ടനവും നമുക്ക് പരിചിതമാണ്. ആഗോളീകരണം, നവ ഉദാരവല്‍ക്കരണം, ഉത്തര ഉദാരവല്‍ക്കരണം എന്ന് തുടങ്ങുന്ന പദങ്ങള്‍ സമകാലികമായ ദേശാന്തര വാഴ്ചകളെ അംഗീകരിക്കാനുള്ള സങ്കീര്‍ണതകളെ അന്വേഷിക്കുന്നതില്‍ ഫലപ്രദമാണെങ്കിലും, അതിന്റെ ക്ലാസിക്കല്‍ കൂട്ടായ ശക്തിപ്രയോഗത്തിന് അത് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. അധിനിവേശം ഫ്രഞ്ച്- ബ്രിട്ടീഷ് നരവംശ ശാസ്ത്രത്തിന്റെ ഭൂതകാലത്തെ നമുക്ക് മനസ്സിലാക്കിതരുന്നുവെങ്കില്‍ സാമ്രാജ്യത്വം അമേരിക്കയുടെ വിദൂര വര്‍ത്തമാനത്തെയാണ് കുറിക്കുന്നത്. (ഹൈംസ്, 1999(1969))
മുസ്‌ലിം സമൂഹവും പടിഞ്ഞാറന്‍ സാമ്രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകളുടെ പരമ്പരകളെ ഒരു മുസ്‌ലിം ദേശാടകന്റെ കണ്ണിലൂടെ നോക്കിക്കാണുകയാണ് ഇവിടെ ഞാന്‍. സത്യത്തില്‍, എഴുതപ്പെട്ട ചരിത്രമുള്ള സഞ്ചാരി സമൂഹങ്ങളായിരുന്നവല്ലോ അവര്‍. അമേരിക്കന്‍ ശക്തികളുടെ ദേശ വ്യാപകമായ അജയ്യ സ്വഭാവമാണ് ഈ ചരിത്രത്തിലെ പുതിയ കാര്യമെന്ന് വിശകലനം മുന്നോട്ട് വെക്കുന്നു. ആഗോളതലത്തില്‍ അതിന്നൊരു സാമ്രാജ്യത്വ ശക്തിയാണെങ്കിലും, പ്രായോഗികമായി ഭരണതലത്തിലെ നിരുത്തരവാദപരമായ സമീപനം മൂലം, കോളനി വിരുദ്ധമാണത്. ഈ പുതിയയിനം വാഴ്ചയെ മനസ്സിലാക്കണമെങ്കില്‍ കൊളോണിയലിസത്തെ സാമ്രാജ്യത്വത്തില്‍ നിന്ന് വേര്‍തിരിക്കുക തന്നെ വേണം. അതിനു തന്നെയാണ് ഈ പ്രബന്ധം മുതിരുന്നതും.

കടല്‍ സൗഹൃദങ്ങള്‍
കുറച്ചു വര്‍ഷങ്ങളായിട്ട് യമനിലെ ഹദര്‍മൗത്തില്‍ നിന്ന് വരുന്ന അറബികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ നടത്തിയ ദേശാടനത്തെക്കുറിച്ച് പഠിച്ച് വരികയാണ് ഞാന്‍. കൈറോ, ജിദ്ദ, മുക്കല്ല, ഏദന്‍, സിംല, സിങ്കപ്പൂര്‍, ബട്ടാവിയ എന്നിവിടങ്ങളിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ നടത്തിയ കത്തിടപാടുകളില്‍ നിന്ന് ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലത്തും ശേഷവുമുള്ള ബ്രിട്ടീഷ് കോളനി രേഖകള്‍ പരിശോധിക്കുകയായിരുന്നു കഴിഞ്ഞ 2001 സെപ്തംബറില്‍. അവിടങ്ങളിലെല്ലാമുള്ള ഹദര്‍മൗത് അറബികളുടെ മുന്നേറ്റങ്ങളെയും പ്രവര്‍ത്തനങ്ങളെയും ചര്‍ച്ച ചെയ്ത് കൊണ്ടുള്ളവയായിരുന്നു ആ രേഖകള്‍. ജര്‍മനുകള്‍, ഇറ്റാലിയന്‍മാര്‍, ഓട്ടോമന്‍ തുര്‍ക്കികള്‍, ദക്ഷിണ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ പാന്‍ ഇസ്‌ലാമിക് ഖിലാഫത്ത് സ്ഥാപിക്കാന്‍ പോരടിക്കുന്ന മുസ്‌ലിംകള്‍ അടക്കമുള്ള തങ്ങളുടെ ശത്രുക്കളുമായി സഖ്യം ചേര്‍ന്നവരോട് ഏറെ അകലം പാലിച്ച ഹദ്‌റമികളെ വേര്‍തിരിച്ചറിയാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍. നല്ല അറബികള്‍ സിങ്കപ്പൂരില്‍ ഭൂരിഭാഗവും ഭൂപ്രഭുക്കാളായിരുന്നുവത്രെ. മലേഷ്യയില്‍ മതോദ്യോഗ പ്രഭുക്കളും, ബട്ടാവിയയില്‍ വ്യാപാരികളും, ദക്ഷിണ ബ്രിട്ടീഷ് അറേബ്യയില്‍ രാജാക്കന്‍മാരും അറേബ്യയില്‍ റ്റി.ഇ ലോറന്‍സിന്റെ ശരീഫ് അനുകൂല നിലപാടില്‍ ഉത്സാഹഭരിതരായവരുമായിരുന്നു നല്ല അറബികള്‍; അങ്ങനെ സത്യസന്ധമായ ഒട്ടേറെ ബ്രിട്ടീഷ് രേഖകള്‍. ജാവയിലെയും ഇന്ത്യയിലെയും സിലോണിലെയും പാന്‍ ഇസ്‌ലാമിസ്റ്റ് പോരാളികള്‍, ദക്ഷിണ ബ്രിട്ടീഷ് അറേബ്യയിലെ ഉഥ്മാനീ സഹായികള്‍, എതോപ്യയിലെയും സോമാലിയയിലെയും ഇറ്റാലിയന്‍മാര്‍, സിങ്കപ്പൂരിലും ജാവയിലും സമ്പന്നരായ ഹദ്‌റമി ദേശാടകരുടെ കൂട്ടത്തിലുള്ള യമനീ നേതൃത്വത്തിനുവേണ്ടി ധനം സമാഹരിക്കുന്നവര്‍ തുടങ്ങിയവരൊക്കെയായിരുന്നുവത്രെ ചീത്ത അറബികള്‍. ഈ നല്ലതും ചീത്തതുമൊക്കെയായ അറബികള്‍ ചിലപ്പോള്‍ ഒരേ ഹദ്‌റമീ കുടുംബത്തില്‍ നിന്നു തന്നെയാവും. ഒരു പക്ഷെ, വ്യത്യസ്ത രേഖകളില്‍ പ്രത്യക്ഷപ്പെടുന്ന ഒരേ വ്യക്തികള്‍ തന്നെയായിരിക്കും. പുതിയ അന്തര്‍ദേശീയ അറബ്, ഇംഗ്ലീഷ് അച്ചടിരംഗത്ത് പ്രൊപഗണ്ടാപരമായി ഇടപെടലുകള്‍ നടത്തുക, ചില പ്രത്യേക വ്യക്തികള്‍ക്ക് ഇന്ത്യന്‍ സമുദ്രത്തിലൂടെയുള്ള സഞ്ചാരം തടയുക തുടങ്ങിയുള്ള വ്യത്യസ്ത വിഷയങ്ങളില്‍ നയം രൂപീകരിച്ചെടുക്കാന്‍, കോളനികള്‍ക്കകത്തെ ഇത്തരം കത്തിടപാടുകള്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു ബ്രിട്ടീഷുകാര്‍ക്ക്. ബ്രിട്ടീഷ് ഭീതിയെ ഉപയോഗപ്പെടുത്തി സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഹദ്‌റമികള്‍ക്കിടയിലെ ആഭ്യന്തര തര്‍ക്കങ്ങളില്‍ പക്ഷപാതം പുലര്‍ത്തുന്ന ഹദ്‌റമി ചാരന്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ ഉറപ്പുവരുത്താന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ലോകത്തുടനീളമുള്ള കോളനി വൃത്തങ്ങളോട് കൂടിയാലോചിക്കേണ്ടിയിരുന്നു.(5) അര്‍ദ്ധവൃത്തത്തിലുള്ള ഇന്ത്യന്‍ സമുദ്രതീരങ്ങളില്‍ എല്ലായിടത്തും ബ്രിട്ടീഷുകാരും ഹദ്‌റമി അറബികളും ഒരുപോലെ വ്യാപിച്ചു കിടന്നിരുന്നു. വഞ്ചനയുടെയും സൗഹൃദത്തിന്റെയും ശക്തമായ ധൃതരാഷ്ട്രാലിംഗനത്തില്‍ ബദ്ധമായി ഒരു ദേശാടനവും മറ്റൊരു സാമ്രാജ്യത്വവും. ലാഭവും ആകര്‍ഷണീയതയും വൈമുഖ്യവുമൊക്കെ കൂടിച്ചേര്‍ന്ന പരസ്പര ഇടപാടുകള്‍.
സെപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടപ്പോള്‍ എന്റെ ചിന്തയാകെ താളം തെറ്റി. പൊടുന്നനെ ചിത്രത്തില്‍ ബ്രിട്ടീഷ് മാറി അമേരിക്കയെത്തിയിരുക്കുന്നു. അപ്പോഴും ഹദ്‌റമി ദേശാടനം ഒരു ഭാഗത്ത് തുടരുന്നു. ഏറെ സവിശേഷമായി ഹദ്‌റമി ദേശാടന - പടിഞ്ഞാറന്‍ സാമ്രാജ്യത്വ ബാന്ധവത്തെ പിടിച്ചുകെട്ടിയ ഉസാമാ ബിന്‍ ലാദന്റെ രണ്ട് മുഖങ്ങള്‍ മുന്നില്‍ തെളിഞ്ഞു. ഒരേസമയം പ്രശസ്തിയുടെയും വിരക്തിയുടെയും രൂപമാണയാള്‍. സൗദിയിലെ ഏറ്റവും വലിയ നിര്‍മ്മാണ സമുച്ചയങ്ങളുടെ ഉടമസ്ഥരായ അദ്ദേഹത്തിന്റെ ഹദ്‌റമി കുടുംബം സൗദി രാജകുടുംബവുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്(6). അതോടൊപ്പം തന്നെ അമേരിക്കയുടെ പ്രസിഡണ്ട് ബുഷ് കുടുംബവുമായും പ്രസിദ്ധമായ കരാറിലാണവര്‍(7). ബിന്‍ ലാദന്റെ പേരില്‍ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ഷിപ്പുകളും ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി ഫെലോഷിപ്പുകളും വരെ ഏര്‍പെടുത്തിയിരുന്നു. സെപ്തംബര്‍ 11ന് ശേഷം സംഭവങ്ങളുടെ ചുരുളകള്‍ അഴിഞ്ഞതോടെ, ബ്രിട്ടീഷുകാര്‍ക്കും ഹദ്‌റമികള്‍ക്കുമിടയില്‍  മുമ്പ് ദര്‍ശിച്ചിരുന്ന വിചിത്രതരമായ സൗഹൃദത്തിന്റെയും വഞ്ചനയുടെയും കൂട്ടുകെട്ട് പുതിയ വൃത്താന്തത്തിലേക്കും പടരുന്നത് ഇപ്പോള്‍ നേര്‍ക്ക് കാണാനകും. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റുകളെ കണ്ട് ബ്രസസന്‍സ്‌കി വെച്ച ജിഹാദ് കൂടതന്ത്രം ചുറ്റിത്തിരിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു. (നമുക്കിപ്പോള്‍ യു.എസ്.എസ്.ആറിന് അതിന്റെ വിയറ്റനാം യുദ്ധത്തെ പതിച്ചുനല്‍കാം)(8) അമേരിക്കക്കാരിപ്പോള്‍ രാജ്യത്ത് നിര്‍മ്മാണ യന്ത്രങ്ങളുമായി ബോംബിംഗ് താവളങ്ങളും ശക്തമായ ഗുഹാസമുച്ചയങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്. ഈവക നിരീക്ഷണങ്ങളുടെ ഒരു നിരതന്നെ, ആകപ്പാടെ കൂടിക്കുഴഞ്ഞ ഇത്തരം സങ്കലനങ്ങളെക്കുറിച്ച്, ദേശാടനവും സാമ്രാജ്യത്വവും തമ്മില്‍ ചരിത്രപരമായി നിലനില്‍ക്കുന്ന ഇടപാടുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഫലപ്രദമായി എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. നേരെ വിപരീത ദിശയില്‍ ആഗോളീകരണം, ദാരിദ്ര്യം, ഇസ്‌ലാം വിരുദ്ധം പടിഞ്ഞാറ് എന്ന ഒരു തത്വം ഇന്ന് പൊതുവെ പ്രചരിച്ച് വരുന്നുണ്ട്. വാഷിംഗ്ടണിന്റെ കാഴ്ചയില്‍, ദുഷ്ട ശക്തിയുടെ വികാരങ്ങളേതുമില്ലാത്ത മുഖമിപ്പോള്‍ ബ്രഷ്‌നേവില്‍ നിന്നെടുത്തുമാറ്റി, ഉസ്മാ ബിന്‍ ലാദിനില്‍ ഘടിപ്പിച്ചിരിക്കുകയാണ്. എങ്ങനെയാണ് കമ്യൂണിസവും ഇസ്‌ലാമും പരസ്പരം പകരം വെക്കാവുന്ന ആശയങ്ങളാവുന്നത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ എന്തുകൊണ്ട് ഇന്ത്യന്‍ സമുദ്രത്തിന് ചുറ്റും കേന്ദ്രീകരിച്ചു? ഈ വക ചോദ്യങ്ങള്‍ ദേശാടനത്തെയും സാമ്രാജ്യത്വത്തെയും കുറിച്ച് വിചിന്തനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചിരിക്കുകയാണ്. അങ്ങനെ രണ്ട് സംജ്ഞകളും തമ്മില്‍ ഇന്ത്യന്‍ സമുദ്രത്തില്‍ നിലനിന്നിരുന്ന ബന്ധങ്ങളുടെ ചരിത്രതെളിവുകളെ ഞാന്‍ പുനഃപരിശോധിച്ചു. ആ അന്വേഷണത്തിന്റെ ഫലങ്ങളാണ് ഈ പ്രബന്ധം അവതരിപ്പിക്കുന്നത്. അത് ഒരേ സമുദ്രത്തില്‍ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു വഞ്ചിയില്‍ നിന്നും സാമ്രാജ്യത്വ രാഷ്ട്ര ശക്തിയുടെ മഹാനൗകയെ നോക്കിക്കാണുകയാണ് ചെയ്യുന്നത്. (9)

സാര്‍വദേശീയ ദേശാടനങ്ങള്‍
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ദേശാടനം (diaspora) സൂചിപ്പിച്ചിരുന്നത് ജൂതസമൂഹത്തെയായിരുന്നു. അതിനെക്കുറിച്ചിരുന്നത് (ഇംഗ്ലീഷിലെ) D എന്ന വലിയ അക്ഷരം കൊണ്ടായിരുന്നു. ഒരേ സ്വഭാവ സവിശേഷതകളുള്ള ഒരു ജനത പില്‍ക്കാലത്ത് സഞ്ചാരികളായി തീരുക എന്നാണ് അതുകൊണ്ട് പൊതുവെ അര്‍ത്ഥമാക്കുന്നത്.(10) ഇന്നിപ്പോള്‍ ഏകദേശം എല്ലാ നരവംശ ജാതി വര്‍ഗങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും വിഘടന പ്രസ്ഥാനങ്ങള്‍ക്കും അവരുടേതായ ദേശാടനമുണ്ട്. ഇതാണ് സാമൂഹിക സമ്പര്‍ക്കങ്ങളുടെ പുതിയ പ്രത്യേകതരമായ ദേശാടന സങ്കല്‍പം. അതിനെ നമുക്ക് ജൂതമാതൃക എന്ന് വിളിക്കാം; അടിസ്ഥാനപരമായി ഒരേ സ്വഭാവക്കാരായിരുന്നതിന് ശേഷം സഞ്ചാരികളാവുക എന്ന സാമൂഹിക സങ്കല്‍പം(11) അത്തരം ദേശാടനങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെ ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ട്.
പദവിശകലനപരമാണെങ്കിലും മറ്റൊരഭിപ്രായം കൂടി ദേശാടനത്തെക്കുറിച്ച് നിലനില്‍ക്കുന്നുണ്ട്. അതായത് സഞ്ചരിച്ച് സഞ്ചരിച്ച് രാഷ്ട്രീയമായി ഏകമുഖം കൈവരിക്കുന്ന ഒരു ജനത. നമുക്കതിനെ ബ്രിട്ടീഷ് മാതൃകയെന്ന് വിളിക്കാം. ഡേവിഡ് ആര്‍മിറ്റേജി(2000)നെ പോലുള്ള ബ്രിട്ടീഷ് ചരിത്രകാരന്‍മാരുടെ അടുത്തകാലത്തിറങ്ങിയ കൃതികള്‍, 1707ലെ സ്‌കോട്ടിഷ് - ഇംഗ്ലീഷ് ഏകീകരണത്തിന് ശേഷം, ബ്രിട്ടീഷ് സ്വത്വമെന്ന ശക്തമായ സങ്കല്‍പം അറ്റ്‌ലാന്റികിന് കുറുകെ വളര്‍ന്ന് വന്നതായി വാദിക്കുന്നുണ്ട്. പ്രാഥമികമായി അത് ശക്തിയുക്തം പ്രകടിപ്പിക്കപ്പെടുന്നത് ജന്മനാടില്‍ നിന്നും ഏറെ അകന്നായിരുന്നുവത്രെ. വിദേശത്ത് ബ്രിട്ടീഷ് സ്വത്വം മനസ്സിലാക്കപ്പെടുന്നത് ബ്രിട്ടീഷ് സാമ്രാജ്യവുമായി ബന്ധപ്പെട്ട ഒരു പദമായിട്ടാണ്. ഈ സ്വതന്ത്ര്യ, പ്രൊട്ടസ്റ്റന്റ്, കടല്‍തീര, വാണിജ്യ, സാമ്രാജ്യത്വ സങ്കല്‍പം ദ്യോതിപ്പിക്കുന്ന ആശയം, യുദ്ധങ്ങളിലൂടെ രൂപപ്പെട്ട ഒരു രാഷ്ട്രമായി ബ്രിട്ടനു സ്വയം തിരിച്ചറിയാനുള്ള അടിസ്ഥാന തത്വമാണ്. (കോളി, 1992)(12) ബ്രിട്ടീഷ് സാമ്രാജ്യം എന്ന സങ്കല്‍പത്തിന്റെ കേന്ദ്ര ആശയം, മാതൃഭൂമിയിലെ വൈജാത്യം നിറഞ്ഞ  ജനവിഭാഗങ്ങളെയും ഭരണകൂടത്തെയും കൂട്ടിയോജിപ്പിക്കുക എന്നതായിരുന്നു. ഇനിയതിനെ ദേശാടനമായി സങ്കല്‍പിക്കുകയാണെങ്കില്‍, സ്‌കോട്ട്‌ലന്റുകാരും അയര്‍ലന്റുകാരും ഇംഗ്ലീഷുകാരും സഞ്ചരിച്ചു സഞ്ചരിച്ച് സാധാരണ ബ്രിട്ടീഷ് പൗരന്‍മാരാണെന്ന തിരിച്ചറിവിലെത്തിയെന്നു വരും. യാത്രചെയ്തു. അപ്പോള്‍ മാത്രം അവര്‍ ഏക സ്വഭാവക്കാരായിത്തീര്‍ന്നു.
ബ്രിട്ടീഷ് അനുഭവം നമുക്കറിയിച്ചു തരുന്നത് ദേശാടനം ഒരു സങ്കരമായ സംസ്‌കാരമാണെന്നാണ്. സഞ്ചാരം (mobility) സാമൂഹിക ബന്ധത്തിന്റെ അടിസ്ഥാന ഘടകങ്ങളെ പുനരാവിഷ്‌കരിക്കുന്ന ഒരു പ്രക്രിയയാണ്. ബ്രിട്ടീഷുകാര്‍ ഒരു സാമ്രാജ്യത്വ ജനതയാണെന്ന് പറഞ്ഞാല്‍, അവര്‍ ഒരു സാമ്രാജ്യമാണ് എന്നതോടൊപ്പം ഒരു ജനതകൂടിയുമാണ് എന്നര്‍ത്ഥം. അതായത് ബ്രിട്ടന്‍, തിരമാലകളെയും സമുദ്രങ്ങളെയും അടക്കി ഭരിച്ചു. ഒരു ജനതയും സാമ്രാജ്യവും കൂടിച്ചേര്‍ന്നുള്ള വ്യവസ്ഥയില്‍, ബ്രിട്ടീഷ് മാതൃകയിലുള്ള ദേശാടനം ശക്തമായി നിലകൊണ്ടു. വംശീയ ന്യൂനപക്ഷവും സവിശേഷ ലോബികളുമായി ബ്രിട്ടീഷുകാര്‍ മറ്റു ജനസമൂഹങ്ങളുടെ ദേശാതിര്‍ത്തികളില്‍ ഇറങ്ങിയില്ല. അവര്‍ സ്വയം രാഷ്ട്രങ്ങള്‍ സൃഷ്ടിച്ചു; അമേരിക്കയും കാനഡയും ആസ്‌ത്രേലിയയും ന്യൂസിലാന്‍ഡും ദക്ഷിണാഫ്രിക്കയുമെല്ലാം. പുരാതന ഗ്രീക്കുകാര്‍ കുടിയേറ്റം ചെയ്തപ്പോള്‍ പോളിസ് നഗര രാഷ്ട്രത്തെയും ഒഴിവാക്കിപ്പോന്നിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ കുടിയേറിയപ്പോള്‍ അവരുടെ രാഷ്ട്രത്തെക്കൂടി ഒപ്പം കൊണ്ടുപോയി (ആരന്ദ്, 1979: 126- 28, സീലി 1883: 41). ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട്, ചരിത്രത്തില്‍ അത്തരം ദേശാടനങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ. സാര്‍വദേശീയ താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള അത്തരം ചില ദേശാടനങ്ങള്‍ വ്യക്തമായ വിജയത്തോടൊപ്പം തന്നെ, മറ്റു ജനങ്ങളെക്കൂടി ഉള്ളിലാവാഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ അവയെ ദേശാടനങ്ങളായി അടയാളപ്പെടുത്തുക പ്രയാസകരമായിത്തീരുകയും ചെയ്തു. ബ്രിട്ടീഷ് പരദേശികള്‍, ജന്മനാടുമായുള്ള ബന്ധം ശക്തിപ്പെടുത്തിയതിന് ശേഷം അതേരീതിയില്‍ തന്നെ സ്വയം തിരിച്ചറിഞ്ഞു. വ്യക്തമാക്കിപ്പറഞ്ഞാല്‍ അവരുടെ രാഷ്ട്രക്കൂറ്, തുല്യമായ നിയമ പരിരക്ഷ, ആയുധം കയ്യില്‍ വെക്കാനുള്ള ചെറുജന്മിയവകാശം, നവീന ക്രിസ്ത്യാനിസം, സ്വതന്ത്ര വ്യാപാരം, സ്വകാര്യ സ്വത്ത് തുടങ്ങിയുള്ള സ്ഥാപനവല്‍ക്കരിക്കപ്പെട്ട ആശയങ്ങള്‍ക്ക് ചുറ്റും കേന്ദ്രീകരിക്കപ്പെട്ടു. ഇതെല്ലാം സ്വതന്ത്ര ബ്രിട്ടീഷുകാരന്റെ പാരമ്പര്യത്തില്‍ പെട്ടതാണെന്ന് മനസ്സിലാക്കപ്പെട്ടതോടെ, അത്തരം പാരമ്പര്യത്തെ ഈ വക സ്ഥാപനങ്ങള്‍ക്ക് ചുറ്റും വിപുലപ്പെടുത്തിയത് സത്യത്തില്‍ അവയെ നാശോന്മുഖമാക്കാനാണ് സഹായിച്ചത്. അതുവഴി, ബ്രിട്ടീഷ് ദേശാടനം കീഴടക്കിവെച്ച അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളില്‍ ജര്‍മനുകള്‍ക്കും ഇറ്റാലിയര്‍ക്കും യൂറോപ്യരല്ലാത്തവര്‍ക്കും തരാതരം കയറിയിറങ്ങാവുന്ന അവസ്ഥയുമുണ്ടായി.(13)
ബ്രിട്ടീഷ് മാതൃക വളരെ മികച്ചതു തന്നെയാണ്; ഒന്ന് പര്യാലോചന നടത്തിയാല്‍. സങ്കര സംസ്‌കാരം പുലര്‍ത്തുന്നു എന്ന നിലക്ക് ഹദ്‌റമി ദേശാടനവും അതിന് തുല്യമാണ്. കഴിഞ്ഞ അരസഹസ്രാബ്ദക്കാലം, ദക്ഷിണ പൂര്‍വ്വേഷ്യന്‍ ദീപുകള്‍, പശ്ചിമേന്ത്യ, കിഴക്കന്‍ ആഫ്രിക്ക അടക്കം ഇന്ത്യന്‍ സമുദ്രത്തിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ഹദ്‌റമൗതില്‍ നിന്ന് നിരന്തരവും ഊര്‍ജ്ജസ്വലവുമായ മനുഷ്യ മുന്നേറ്റമുണ്ടായിട്ടുണ്ട്. (ഡെയ്ല്‍, 1997; ഫ്രീറ്റെയ്ഗ്, ക്ലാരിന്‍സ് സ്മിത്ത്, 1997; ഹോ, 2001; ദി ജോങ്; ക്യാപ്‌റ്റൈന്‍, 2002; മണ്ഡല്‍ 1997; മാര്‍ട്ടിന്‍ 1971; ബര്‍ജീന്ത്, 1987; വാന്‍ദന്‍ ബര്‍ഗ്, 1887) അറേബ്യയില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമുള്ള മനുഷ്യ കുത്തൊഴുക്കിന്റെ ഭാഗമായിരുന്നു അവര്‍. ഈ യാത്രയില്‍ ഏകദേശം ഏറെപ്പേരും ആണുങ്ങളായിരുന്നു.(14) ചെന്നിടത്തുള്ള സ്ത്രീകളെ അവര്‍ വിവാഹം കഴിക്കുകയും ചെയ്തു. ആ ഇണകളില്‍ പിറന്ന സന്തതികള്‍ പ്രാദേശിക സമൂഹവുമായി ഇഴുകിച്ചേര്‍ന്നു. പക്ഷെ, പലപ്പോഴും അവര്‍ മിശ്രിതവും സങ്കര സംസ്‌കാരത്തിലൂന്നിയതുമായ ഒരു സ്വത്വം നിലനിര്‍ത്തി. ഭാഗികമായി അറബിയും പ്രാദേശികനും പൂര്‍ണമായി മുസ്‌ലിമുമായി ഗണിക്കപ്പെട്ട മൂന്നാമതൊരു തലമുറക്ക് ബീജാവാപം നല്‍കി. കിഴക്കനാഫ്രിക്കയിലെ സ്വാഹിലികളും മലബാറിലെ മാപ്പിളമാരും അത്തരം ജനസമൂഹമാണെന്നാണ് കരുതപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന് മുമ്പുള്ള, ഹദ്‌റമൗതില്‍ നിന്നും വന്ന ഈ അറബ് സഞ്ചാരികളിലേറെയും പ്രവാചകന്‍ മുഹമ്മദിന്റെ പിന്‍മുറക്കാരായിരുന്നു. മതപ്രചാരണ മിഷനറി ദൗത്യമായി അവരുടെ മുന്നേറ്റങ്ങള്‍ അടയാളപ്പെടുത്തപ്പെടുകയാണുണ്ടായത്.
അങ്ങനെ ബ്രിട്ടീഷ് ദേശാടനം സാമ്രാജ്യത്വത്തിന്റെ രൂപം സ്വീകരിച്ചപ്പോള്‍, ഹദ്‌റമി ദേശാടനം മിഷിനറി സ്വഭാവമുള്‍ക്കൊണ്ടു. ഹദ്‌റമി ദേശാടനത്തിന് ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്നതിനേക്കാള്‍ വലിയ വ്യാപന ലക്ഷ്യങ്ങളുണ്ടായിരുന്നു. സ്വന്തം ദേശത്തെ ജനങ്ങള്‍ക്കപ്പുറം ദേശാടകര്‍ ചെന്നെത്തിയ ഇന്ത്യന്‍ സമുദ്രത്തിലുടനീളമുള്ള വ്യത്യസ്ത ദേശങ്ങളിലെ ജനങ്ങളെയും അവര്‍ ഒന്നിപ്പിച്ചു നിര്‍ത്തി. ഇവിടെ ഹദ്‌റമികള്‍ ഇസ്‌ലാമിക വ്യാപനത്തില്‍ സുപ്രധാനമായ പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. (അല്‍ ഹദ്ദാദ്, 1971; ബിന്‍ ശിഹാബ് അല്‍ അലവി അല്‍ ഹദ്‌റമി, 1971) മാത്രവുമല്ല, ഇവിടെ മത പരിവര്‍ത്തനത്തിന്റെ കഥകള്‍ തുടങ്ങുന്നത് തന്നെ പലപ്പോഴും ഹദ്‌റമി മതവ്യക്തിത്വങ്ങളുടെ കടന്നുവരവോടെയാണ്. (താജുദ്ദീന്‍, 1982) പ്രാദേശിക സ്ത്രീകളുമായുള്ള വിവാഹ ബന്ധം മുഖേനെ ഹദ്‌റമികളും അവരുടെ സന്താനങ്ങളും സ്വാഹിലികളും മലബാരികളും മലായികളും ജാവനികളും ഫിലിപ്പീനുകളുമൊക്കെയായിത്തീര്‍ന്നു. എല്ലായിടത്തുമവര്‍ സ്വദേശി സ്വത്വം സ്വീകരിക്കുകയും ചെയ്തു. (15) അതേസമയം തന്നെ, അവരും സന്താനങ്ങളും രാഷ്ട്രീയ, തീര്‍ത്ഥാടന, കുടുംബ, പഠന, വാണിജ്യ ആവശ്യങ്ങള്‍ക്കായി സമുദ്രോപരിതലത്തിലുടനീളം സഞ്ചാരം തുടരുകയും ചെയ്തു. (ഹോ, 1997) ഇവിടങ്ങളിലൊക്കെ യാത്ര ചെയ്യാനും താമസിക്കാനുമുള്ള സൗകര്യം തങ്ങളുടെ അറബ് അമ്മാവന്‍മാരും അവരുടെ പ്രാദേശിക ഭാര്യമാരും അടങ്ങുന്ന കുടുംബങ്ങള്‍ തയ്യാര്‍ ചെയ്ത് കൊടുത്തു. പലര്‍ക്കും ഓരോ തുറമുഖങ്ങളിലും ഓരോ ഭാര്യമാരുണ്ടായിരുന്നു. അങ്ങനെ ഇന്ത്യന്‍ സമുദ്രത്തിന് ചുറ്റുമുള്ള അര്‍ദ്ധവൃത്ത തീരങ്ങളില്‍ മുസ്‌ലിംകളും അവരുടെ ബന്ധുക്കളുമൊക്കെയായി ദൂരദേശങ്ങളിലെ വിദേശികളുമായി ബന്ധപ്പെട്ട ഒരു നീണ്ട ശൃംഖല തന്നെ രൂപപ്പെട്ടുവന്നു. ബ്രിട്ടീഷ് മാതൃക പോലെത്തന്നെ ഹദ്‌റമി ദേശാടനവും അതുവരെ ഭിന്നിച്ച് നിന്നിരുന്ന ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തി. പക്ഷെ, അത് സാമ്രാജ്യത്തിന് പകരം ഒരു മതത്തിനകത്തായിരുന്നു. ജൂതരെപ്പോലെ ഒരേ സ്വഭാവത്തിലാണ് അത് തുടങ്ങിയതെങ്കിലും ബ്രിട്ടീഷുകാരെപ്പോലെ സങ്കര സ്വഭാവത്തോടെയാണ് അത് കലാശിച്ചത്.
മതമെന്നത് കൊണ്ട് കേവലം ആത്മീയ പ്രതലം മാത്രമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. പകരം ഒരു രാഷ്ട്രീയ പൗരത്വത്തെയാണ്. ഇസ്‌ലാമിക വിജ്ഞാനത്തിന്റെയും പ്രൗഢിയുടെയും വാഹകരെന്ന നിലയില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, കോടതികള്‍, പള്ളികള്‍ തുടങ്ങിയ സ്ഥാപനങ്ങളും പൊതു ഇടങ്ങളും സൃഷ്ടിക്കാന്‍ മാത്രം കഴിവുറ്റവരായിരുന്നു  ഹദ്‌റമികള്‍. അതുകൊണ്ട് തന്നെ, വിസ്തൃതമായി ക്കൊണ്ടിരുന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍, അവിടങ്ങളിലൊക്കെ പലപ്പോഴും പ്രാദേശിക രാജ്ഞികളെ വിവാഹം ചെയ്തുകൊണ്ടുള്ള മതപുരോഹിതന്‍മാരുടെ കടന്നുവരവ് ദര്‍ശിക്കാനാകും. അത്തരം കൂട്ടുകെട്ടുകള്‍ ഇന്ത്യന്‍ സമുദ്രത്തിലെ ദേശാന്തര ശൃംഖലയുടെ കൂട്ടത്തിലേക്ക് അതുവരെ അറിയപ്പെടാതെ കിടന്നിരുന്ന ജലാശയങ്ങളെകൂടി ബന്ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക പ്രഭുക്കളും ഹദ്‌റമി ദേശാടകരും അവ അന്വേഷിച്ച് ചെന്നിട്ടുമുണ്ട്. പൊതുയിടങ്ങളിലെ മതസംരംഭകരെന്നതില്‍ നിന്ന് വികസിച്ച് പല ഹദ്‌റമികളും അവരുടേതായ രീതിയില്‍ ഭരണാധികാരികളായി തീര്‍ന്നു. (ഹോ, 2001; 2002 ബി) പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ ഇന്നത്തെ ഫിലിപ്പൈന്‍സിലെ മിന്ദനാവോയിലും പതിനാലാം നൂറ്റാണ്ട് മുതല്‍ കിഴക്കന്‍ ആഫ്രിക്കയിലെ കൊമോറോസ് ദ്വീപുകളിലും സുമാത്രയിലെ ആച്ചെയിലും പതിനെട്ടാം നൂറ്റാണ്ട് മുതല്‍ സുമാത്രയിലും ബോര്‍ണിബോയിലെ സിയാക്കിലും പോണ്ടിയനാക്കിലും മലായയിലെ പെര്‍ലിസിലും ഇരുപതാം നൂറ്റാണ്ട് മുതല്‍ ഇന്നുവരെയായി ഹദ്‌റമി സുല്‍ത്താന്‍മാര്‍ ഭരണം നടത്തിയിരുന്നു. വിദേശരാജ്യങ്ങളിലെ കുടുംബങ്ങളുമായി ബന്ധം പുലര്‍ത്തിയ പലര്‍ക്കും ഹദ്‌റമികള്‍, സ്ഥിരവാസ സ്ഥലങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ രൂപത്തില്‍ ഏറെ ഉപകാരപ്പെടുകയുണ്ടായി. ഉദാഹരണമായി, മലാക്കന്‍ കടലിടുക്കിലൂടെയും റിയോ ദ്വീപുകളിലൂടെയും അതിര്‍ത്തി വരച്ച്,  ഡച്ച് ഇന്തോനേഷ്യയില്‍ നിന്നും 1824ല്‍ ബ്രിട്ടീഷ് മലേഷ്യ വേര്‍പെടുത്തപ്പെട്ട് ഇന്നത്തെ സിംഗപ്പൂരും മലേഷ്യയും ഇന്തോനേഷ്യയുമടക്കുമള്ള പരമാധികാര രാഷ്ട്രങ്ങളായി രൂപപ്പെടുന്നത് എല്ലായിടത്തുമുള്ള ഭരണകൂടങ്ങളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ട ഹദ്‌റമി നയതന്ത്രജ്ഞരുടെ നേതൃത്വത്തിലായിരുന്നു. (ഹോ, 2002) ഇന്നുമവര്‍ പൊതുരംഗങ്ങളില്‍ നിലകൊള്ളുന്നുണ്ട്; ഇപ്പോഴത്തെ മലേഷ്യന്‍ വിദേശ കാര്യമന്ത്രി സയ്യിദ് ഹാമിദ് അല്‍ബാര്‍ ഹദ്‌റമി പിന്‍തലമുറക്കാരനാണ്, ഇന്തോനേഷ്യയിലെ മുമ്പത്തെ രണ്ട് വിദേശകാര്യ മന്ത്രിമാരായ അലി അല്‍ അത്ത്വാസും അലവി ശിഹാബും, മലേഷ്യന്‍ രാജാവും സ്വതന്ത്ര്യ തൈമൂറിന്റെ പ്രധാനമന്ത്രിയുമായ മരീഉല്‍ ഖാത്വിരിയുമൊക്കെ അതെ. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളിലെ ബ്രിട്ടീഷ് ചരിത്രം പോലെത്തന്നെ, ഇന്ത്യന്‍ സമുദ്രത്തിലെ ഹദ്‌റമി ദേശാടനത്തിന്റെ ചരിത്രവും മേഖലയിലെ രാഷ്ട്രരൂപീകരണ, വാണിജ്യമത്സര ചരിത്രവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ്. മുസ്‌ലിംകള്‍ക്കും പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണത്തിന്റെയും സംഘട്ടനത്തിന്റെയും വേളകള്‍ നമുക്ക് ആ ചരിത്രത്തിലും കാണാനാവും.

ആഭ്യന്തരത്വം തകരുന്നു;
വാസ്‌കോ ഡി ഗാമ ഇപ്പോഴും ജീവിക്കുന്നു
പതിനഞ്ചാം നൂറ്റാണ്ടില്‍ സമാധാനപൂര്‍ണമായ വാണിജ്യ, സാമൂഹ്യ വ്യാപാരങ്ങളുടെ ഒരു ദേശാന്തര പരമ്പരക്ക് ഇന്ത്യന്‍ സമുദ്രം സാക്ഷ്യം വഹിച്ചു. പ്രവിശാലമായ ആഭ്യന്തര രംഗത്ത്, അവിടങ്ങളില്‍ ഉണ്ടായിരുന്ന ദേശാടകരായ സ്വദേശി നേതൃത്വത്തിന് കീഴിലായിരുന്നു അത്. പിന്നീട് മുസ്‌ലിം സമുദ്രാന്തര ലോകവും പടിഞ്ഞാറന്‍ സാമ്രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളുടെ ആരംഭത്തില്‍, പോര്‍ച്ചുഗീസുകാര്‍ സൈനിക, വാണിജ്യ, ജൈവതന്ത്രങ്ങളിലേക്ക് ഈ രംഗത്തെ പറിച്ചുമാറ്റിയത്, മതത്തിനും ദേശാടനത്തിനും പുതിയ അര്‍ത്ഥതലങ്ങള്‍നല്‍കുകയായരിന്നു. ഇന്ത്യന്‍ സമുദ്രത്തിലുടനീളം നടന്ന വന്‍തോതിലുള്ള ഒട്ടേറെ കൈമാറ്റങ്ങള്‍ വിദൂര ദേശങ്ങളെ മര്‍മപ്രധാനമായ ആശയ വിനിമയത്തില്‍ കൊണ്ടെത്തിച്ചു. യൂറോപ്പില്‍ വലിയ തോതില്‍ തന്നെ വിലമതിക്കപ്പെട്ടിരുന്ന കുരുമുളക് മലബാറിലെ കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരിച്ച്, മുസ്‌ലിംകള്‍ ചെങ്കടല്‍ വഴി കൈറോയിലേക്ക് കൊണ്ടുപോയി. ഗുജറാത്തി വസ്ത്രങ്ങളുടെ വിപണി അറേബ്യയില്‍ നിന്ന് മലായ് ഉപദ്വീപുകളിലേക്ക് നീണ്ടു. അങ്ങനെ കാംബെ, ജിദ്ദക്കും മലാക്കക്കുമിടയിലുള്ള വാണിജ്യത്തിന്റെ ആധാര കേന്ദ്രമായിത്തീര്‍ന്നു. ഗുജറാത്തി കച്ചവടക്കാര്‍ മലാക്കയിലേക്ക് ഇടതടവില്ലാതെ പ്രവഹിച്ച് കാംബെ സുല്‍ത്താന്‍, ജിദ്ദയും മക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു. കൈറോയില്‍ നിന്ന് മലാക്കയിലേക്ക് ജിദ്ദ, ഏദന്‍, സിഹ്ര്‍, ഹോര്‍മുസ്, കാംബെ, കോഴിക്കോട് വഴി ഇന്ത്യന്‍ സമുദ്രത്തിലെ വ്യാപാരത്തിന്, ഹദ്‌റമികളടങ്ങുന്ന ദേശാന്തര മുസ്‌ലിം സങ്കര സംസ്‌കാരം രൂപപ്പെടുത്തിയ വ്യാപാരികളും നാവികരും നേതൃത്വം നല്‍കി. ദക്ഷിണ പൂര്‍വ മലാക്കയില്‍ നിന്ന് പരിമളം നിറഞ്ഞ സുഗന്ധ വ്യജ്ഞനങ്ങളുടെ മോലുക്കസ്, തിമൂര്‍ ദ്വീപുകളിലേക്കും അത് നീണ്ടു.
ഇതിലുടനീളം അവയെ പ്രതിനിധീകരിച്ചിരുന്ന പൊതുഘടകം രാഷ്ട്രങ്ങളായിരുന്നില്ല. പകരം, സ്വൂഫീ കര്‍മ്മങ്ങള്‍ ചേര്‍ന്ന ശാഫിഈ ഇസ്‌ലാമിക നിയമ സരണി (ശാഫീ മദ്ഹബ്)യായിരുന്നു. നിയമ, അനുഷ്ഠാന വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ച് കൊണ്ടുള്ള സംസ്‌കാരവും പാഠ്യപദ്ധതിയും ഒരുക്കുകയായിരുന്നു അത്. കിഴക്കന്‍ മലാക്കയില്‍ ചൈനയുമായുള്ള വ്യാപാരം അത്രകാലം മുസ്‌ലിംകളുടെ കൈയ്യില്‍ നീണ്ടുനിന്നില്ല;’പകരമത് ചൈനീസ് കപ്പലുകളിലൂടെ തുടര്‍ന്ന് പോയി.
സ്പാനിഷ്, പോര്‍ച്ചുഗീസ് അരങ്ങേറ്റം, പസഫിക്, അറ്റലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് കൃത്യമായൊരു ആഗോള സാമ്പത്തിക വ്യവസ്ഥ ഇന്ത്യയിലേക്ക് കടന്നുവരുന്നു എന്ന സൂചന നല്‍കുകയായിരുന്നു. (ബോക്‌സര്‍ 1969; ഫ്രാങ്ക്, 1998) ചില യൂറോപ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇവിടെ വര്‍ദ്ധിച്ച മൂല്യം ലഭിച്ചതോടെ, അമേരിക്കന്‍ നാടുകളില്‍ നിന്ന് അവിടങ്ങളിലെ സ്വദേശികളെക്കൊണ്ട് ബലാല്‍ക്കാരമായി ഖനനം ചെയ്യിപ്പിച്ച് പാശ്ചാത്യര്‍ വെള്ളിലോഹങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവന്നു; ഇവിടെക്കടക്കാനുള്ള അനുമതിപത്രമായി. തുറമുഖ-രാഷ്ട്ര, വാണിജ്യ മാര്‍ഗ, മതകുടുംബ ശൃംഖലകളിലൂടെ മുസ്‌ലിംകള്‍ നിലനിന്നിടത്തേക്കാണ് യൂറോപ്യര്‍ നവാഗതരായി കടന്നുവന്നത്. (അബൂ ലുഗൂദ്, 1989; ചൗധരി, 1990; ഹൗറാനി, 1951; ടിബറ്റ്‌സ്, 1981)
യൂറോപ്യര്‍ക്ക് ഏറെ അതിശയകരമായി തോന്നിയത്, സമ്പന്നമായ ഇന്ത്യന്‍ സമുദ്രവും അതിന്റെ അന്തര്‍ദേശീയ സാമ്പത്തിക നിലവാരവും ഒരു രാജ്യവും നിയന്ത്രിക്കുകയോ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്തില്ല എന്നതാണ്. നാവിക വിദഗ്ധനായ ഹെന്റി വിളിച്ച് കൂട്ടിയ മുഴുവന്‍ ഭൂമിശാസ്ത്രജ്ഞരെയും സംഘടിപ്പിച്ച്, പോര്‍ച്ചുഗീസുകാരാണ് ആദ്യമായി ഈ സമുദ്രത്തിന്റെ ഏകരൂപത്തെക്കുറിച്ച് ചിന്തിക്കുന്നത്; അതുവഴി അതിനെ ആക്രമണ മാര്‍ഗങ്ങളിലൂടെ കീഴടക്കാവുന്ന വ്യവസ്ഥാപിത തന്ത്രങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നതും. (ബീസ്‌ലി, 1904; ബോക്‌സര്‍, 1969; സാന്‍സിയോ, 1944; സുബ്രഹ്മണ്യം, 1993) ലിസ്ബണില്‍ നിന്നും നോക്കിയാല്‍, കുരുമുളക് പോലുള്ള വിലയേറിയ ചരക്കുകള്‍ വെനീഷ്യക്കാരുടെയും അവര്‍ക്ക് പിറകില്‍ മുസ്‌ലിം കച്ചവട പങ്കാളികളുടെയും കൈകളിലൂടെ നേരിട്ടെത്തിയതെന്നാണ് തോന്നുക. വെനീഷ്യക്കാര്‍ ഗുഡ്‌ഹോപ് മുനമ്പിന് ചുറ്റും ഒരു പാത രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. അതിനു പിറകെ, സമുദ്ര മേഖല നിയന്ത്രിക്കാനുതകുന്ന നയതന്ത്ര തുറമുഖങ്ങളുടെ ഒരു പരമ്പര മുസ്‌ലിംകള്‍ രൂപപ്പെടുത്തിയിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ അല്‍ഫോണ്‍സോ ഡി ബുക്കര്‍ക്ക് ഹോര്‍മുസ്, ഗോവ, മലാക്ക ദ്വീപുകള്‍ സമുജ്ജ്വലമായി കീഴടക്കി ഉപരോധിക്കുന്നതിനിടയില്‍ ഈ സാഹസിക ദൗത്യങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. മുമ്പ് വെനീസും ജനീവയും കാട്ടിയ വഴിയെ മധ്യധരണ്യാഴി മുതല്‍ ഇന്ത്യന്‍ സമുദ്രം വരെ സാമ്രാജ്യത്വ കോട്ടകള്‍ പണിത് വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന രീതി സ്വീകരിച്ചു പോര്‍ച്ചുഗീസുകാര്‍. പക്ഷെ അവര്‍ക്കത് പൂര്‍ത്തിയാക്കാനായില്ല. ഏദനും ചെങ്കടലും മുസ്‌ലിം കപ്പലുകള്‍ക്ക് സ്വതന്ത്ര്യമായി തുറന്ന് തന്നെ കിടന്നു. (17)
ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ്, അമേരിക്കന്‍ പാശ്ചാത്യ ശക്തികള്‍ നടത്തിയ അനന്തര വാഴ്ചകള്‍ ഈ ജൈവ രാഷ്ട്രീയ, നയതന്ത്ര പദ്ധതിയെ പിന്തുടര്‍ന്ന് മുന്നോട്ട് പോയി. സമുദ്ര സാമ്രാജ്യങ്ങള്‍ ഈ മേഖല കീഴടക്കാനായി വന്നു. 1498ലെ പോര്‍ച്ചുഗീസ് അരങ്ങേറ്റം മുതല്‍ 1945ലെ രണ്ടാം ലോകയുദ്ധവും ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിയും വരെയുള്ള ഈ അധിനിവേശക്കാലത്തെ 'വാസ്‌കോഡ ഗാമ യുഗം' എന്ന് മലബാറുകാരനായ ഇന്ത്യന്‍ നയതന്ത്രജ്ഞ ചരിത്രകാരന്‍ കെ.എന്‍ പണിക്കര്‍ (1993) വിളിച്ചിട്ടുണ്ട്.
മേലുദ്ധരിച്ച പതിനെട്ടാം നൂറ്റാണ്ടിലെ  പടിഞ്ഞാറന്‍ സാമ്രാജ്യത്വ വാഴ്ചകളുടെ സവിശേഷതകളെ വിലയിരുത്തിയപ്പോള്‍ ഡീന്‍ എക്‌സണ്‍ കണ്ടെത്തിയ പോലെ തല്‍ കാലഘട്ടത്തെ വ്യതിരിക്തമാക്കി നിര്‍ത്തിയത് മറ്റൊന്നായിരുന്നു. പീരങ്കയില്‍ നിന്നും വ്യാപരക്കപ്പലുകളിലേക്കുള്ള മാറ്റം വളരെ സുപ്രധാനവും മാതൃകാപരവുമായ പുതിയ തുടക്കമായിരുന്നു. (18) മാര്‍ക്കറ്റുകള്‍ സ്വതന്ത്ര്യമായിരുന്നാലും അല്ലെങ്കിലും സമുദ്രത്തിന് മേലുള്ള അധികാരം കുത്തകയാക്കപ്പെട്ടിരുന്നു.  എല്ലാ ചരക്കുകള്‍ക്കിടയിലും പ്രഥമമായി നയതന്ത്ര സുരക്ഷയാണ് ഉന്നം വെക്കപ്പെട്ടത്. അമേരിക്കന്‍ പോര്‍ച്ചുഗീസ് കാഴ്ചപ്പാടുകള്‍ ഈ സങ്കല്‍പം പങ്കുവെക്കുകയും ചെയ്തു. മത്സരം അത്രമാത്രം കടുത്തതായിരുന്നു.
ഏതുതരം മുസ്‌ലിംകളായിരുന്നു അവിടങ്ങളിലൊക്കെ ഉണ്ടായിരുന്നത്? ഇന്ത്യന്‍ സമുദ്രത്തെ 'അറബ് തടാക'മെന്നാണ് പഴയ യൂറോപ്യര്‍ വിളിച്ചിരുന്നത്. പക്ഷെ, അറബികള്‍ക്കും മുസ്‌ലിംകള്‍ക്കും മേഖലയില്‍ ഒരിക്കലും ഒരു ഏകീകൃത സ്റ്റേറ്റോ അതിനുള്ള ആഗ്രഹമോ ഉണ്ടായിരുന്നില്ല. അവര്‍ വാണിജ്യ, കുടുംബ, തുറമുഖ-രാഷ്ട്ര, മത ശൃംഖലകള്‍ നിര്‍മിക്കുകയായിരുന്നു (മേലെക്കുറിച്ചിട്ടുള്ള പോലെ). ഈ ശൃംഖലക്ക് ഒരു മഹാശക്തിയുടെ ശേഷിയുണ്ടായിരുന്നു. തങ്ങള്‍ ഒന്നിച്ച് നിന്നാല്‍ ശക്തമായ മുന്നേറ്റം നടത്താനാവുമെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനുതകുന്ന ഭാവനയും ദേശാന്തരബോധവും ബന്ധവുമുള്ള ഒരു നേതാവിന് യാഥാര്‍ത്ഥ്യ വല്‍കരിക്കാന്‍ പോന്നതായിരുന്നു അത്. ആശയവിനിമയ, വ്യോമയാന, നാവികരഹസ്യങ്ങളില്‍ പ്രഗത്ഭരായ നേതൃത്വത്തിന്റെ റാന്തലിന് കീഴില്‍ മാത്രം അവര്‍ അവിടവിടെ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. പടിഞ്ഞാറ് സാമ്പത്തിക, യുദ്ധരംഗങ്ങളില്‍ ആധിപത്യത്തിനുപയോഗിച്ച അതേ മാധ്യമമുപയോഗപ്പെടുത്തി തന്നെ മുസ്‌ലിംകള്‍ നാടകീയമായി തിരിച്ചടിച്ചു എന്നത് യാദൃശ്ചികതയൊന്നുമല്ല.

സാമ്രാജ്യത്വ വിരുദ്ധ ദേശാടനം
പതിനാറാം നൂറ്റാണ്ട് മുതല്‍, ഈ സമുദ്രരംഗത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ യൂറോപ്യന്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിരോധമായി യുദ്ധങ്ങളുടെ ഒരു പരമ്പര തന്നെ ഉടലെടുത്തു. ഇവിടെ ഏറ്റവും ചുരുങ്ങിയത് നാലു കാര്യമെങ്കിലും ശ്രദ്ധേയമാണ്. 1) നേരിട്ടുള്ള അധിനിവേശം, പ്രാദേശികമായ ആഴത്തിലുള്ള പ്രതിഷേധം സൃഷ്ടിച്ച്, വ്യാപകമായ സാമൂഹിക ചലനങ്ങള്‍ വരുത്തി. 2) പ്രതിരോധ നേതൃത്വം പലപ്പോഴും ഹദ്‌റമി ദേശാടകരോ അവരുടെ പണ്ഡിത സഹചാരികളോ ആയിരുന്നു. സമുദ്രത്തിലുടനീളം ആശയ വിനിമയം നടത്തിക്കൊണ്ടിരുന്ന ഇവര്‍ സാമ്രാജ്യത്വ ഉത്തരവുകളെ നിരന്തരമായി മറികടക്കുകയും വിഫലമാക്കുകയും ചെയ്തു. 3) യൂറോപ്യന്‍ കോളനി നുഴഞ്ഞു കയറ്റത്തിന്റെ വ്യത്യസ്തമായ സംഭവങ്ങള്‍, സന്ദര്‍ഭ സ്ഥലങ്ങള്‍ക്കനുസരിച്ച് വിഭിന്നങ്ങളാണെങ്കില്‍ തന്നെയും, മലബാര്‍ മുതല്‍ മിന്ദനാവോ വരെയുള്ള മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ കുടുംബപരമായ സാമ്യതയുണര്‍ത്തി പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. 4) ഈ ഘടകങ്ങളെല്ലാം കൂടിച്ചേര്‍ന്ന് ദശകങ്ങളോളം നീണ്ടുനിന്ന യുദ്ധങ്ങളിലും കലാശിച്ചു.
ലോകത്ത് കുരുമുളക് വിതരണക്കാരായ മുസ്‌ലിം മലബാറും ആച്ചെയും പങ്കെടുത്ത ഈ പോരാട്ടങ്ങളില്‍ ഏറ്റവും നാടകീയമായിട്ടുള്ള സംഗതി, അമേരിക്കയും ഹോളണ്ടും പോര്‍ചുഗലും ഒരുപോലെ ആധുനികതക്ക് മുമ്പുള്ള ഈ 'കറുത്ത സ്വര്‍ണത്തെ' അന്വേഷിച്ച് നടക്കുകയായിരുന്നു എന്നതാണ്. ആദ്യകാലത്തെ അമേരിക്കന്‍ കോടിപതികള്‍ മസാച്ചുസെറ്റ്‌സും സാലെവും കടന്ന് തങ്ങളുടെ ഭാഗ്യങ്ങള്‍ വാരിക്കൂട്ടിയത്, ആച്ചെനീസ് കുരുമുളക് വാങ്ങാന്‍ വേണ്ടി പതിനെട്ടാം നൂറ്റാണ്ടില്‍ ആച്ചെക്കും മലബാറിനുമിടയിലുള്ള ഡച്ച് ഉപരോധങ്ങളെ കീറിമുറിച്ച് ശാന്തസമുദ്രവും കടന്നുവന്നാണ്. (ഫിലിപ്‌സ്, 1949)
കഴിഞ്ഞ പതിനെട്ടാം നൂറ്റാണ്ടില്‍ സുമാത്രയിലെ ആച്ചെക്കെതിരെ ഹോളണ്ട് നയിച്ച അധിനിവേശ യുദ്ധത്തില്‍ ഒരു ഹദ്‌റമി നായകന്‍ ജ്വലിച്ച് നിന്നിരുന്നു; 1833ല്‍ ഹദ്‌റമൗതില്‍ ജനിച്ച അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് ബിന്‍ സഹീര്‍. രണ്ടാം വയസ്സില്‍ തന്നെ ഇന്ത്യയിലെ മലബാറില്‍ എത്തിയ അദ്ദേഹം. അങ്ങനെ ഈജിപ്തിലും മക്കയിലും ചെന്ന് ഇസ്‌ലാമിലെ ജ്ഞാന ശാസ്ത്രങ്ങള്‍ കരഗതമാക്കി. (19) യുവാവായിട്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചത്. സമ്പന്നനായ പിതാവിന്റെ ചരക്കുകപ്പലില്‍ സാധനങ്ങള്‍ കൊണ്ട് വന്ന് ഇന്ത്യക്കും അറേബ്യക്കുമിടയില്‍  വ്യാപാരമാരംഭിച്ചു. മലബാറില്‍ നിന്ന് വിവാഹം കഴിക്കുകയും ചെയ്തു. തുര്‍ക്കി, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അര്‍ദ്ധത്തില്‍ ഹദ്‌റമി ഭരണകൂടങ്ങളുടെ സ്ഥാപകര്‍ ചെയ്ത പോലെ (ഖാത്വിരി, ഖഅ്തി, കസദി) ഹൈദറാബാദ് നൈസാമിന് വേണ്ടി സമീന്‍ദാറായി ജന്മിത്വ തിട്ടൂരമനുസരിച്ച് സൈന്യങ്ങളെ നിയന്ത്രിച്ചു. (ആകാശ, 1985) പക്ഷെ അദ്ദേഹത്തിന് എവിടെപ്പോകാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കൊല്‍കത്തയില്‍ വീടും കടയും നിര്‍മിച്ചു, വിജയശ്രീലാളിതനായ തട്ടാനെപ്പോലെ. ബോംബെക്കും ഹൈദറാബാദിനും കോഴിക്കോടിനുമിടയില്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരുന്ന മലായയിലെ ജോഹര്‍ സുല്‍ത്താന്റെ വേലക്കാരനുമായി. 1864ല്‍ അവസാനമായി ആച്ചെയില്‍ പോയി. മതവിജ്ഞാനത്തിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം പെട്ടെന്ന് തന്നെ വിശ്രുതമായതോടെ സുല്‍ത്താന്‍ അലി ഇസ്‌കന്ദര്‍ ഷായുടെ വിധവയായ തലമുതിര്‍ന്ന മന്ത്രി സഹോദരിയെ വിവാഹം കഴിച്ച്, ഭരണ കൂടത്തിലെ നിയമ വിശാരദനും കാര്യനിര്‍വാഹകനുമായിത്തീര്‍ന്നു അദ്ദേഹം. നികുതി കാര്യക്ഷമമാക്കി, വലിയ കേന്ദ്ര മസ്ജിദുകളും പൊതു കെട്ടിടങ്ങളും നിര്‍മിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തി. സുല്‍ത്താന്റെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു. അദ്ദേഹം മരിച്ചപ്പോള്‍ രാജാധികാരം സ്വന്തം കൈകളിലാക്കുകയും ചെയ്തു.
ഡച്ചിനും ആച്ചെനീസിനുമിടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സഹീര്‍ ആച്ചെനീസ് സുല്‍ത്താന്റെ ദൂതനായി ബ്രിട്ടീഷ് മലായയിലേക്ക് പോയി. അവിടെനിന്ന് ഭാര്യയുമായി മലബാറിലെത്തി. തുടര്‍ന്ന് ജിദ്ദയിലേക്കും. അവിടെ മക്കയിലെ ശരീഫിന്റെയും സുപ്രധാന വ്യക്തിത്വങ്ങളുടെയും ശിപാര്‍ശകള്‍ സമാഹരിച്ചു. അവിടെ നിന്ന് ഇസ്താംബൂളിലേക്കാണ് അദ്ദേഹം പോയത്. ഉഥ്മാനികള്‍ അവിടെ അദ്ദേഹത്തെ ആച്ചെയില്‍ നിന്നുള്ള രഹസ്യ ദൂതനെന്ന പരികല്‍പനയില്‍ സ്വീകരിച്ചു; ഉഥ്മാനി ഭരണാധികാരി അടക്കം. ഡച്ചിനെതിരെ സഹായം വാഗ്ദാനം ചെയ്തു അവര്‍. അദ്ദേഹത്തിന്റെ സാന്നിധ്യം യൂറോപ്യന്‍ നയതന്ത്ര വൃത്തങ്ങളില്‍ സംഭ്രാന്തി പരത്തി, ആച്ചെയിലേക്കുള്ള ഉഥ്മാനി ഇടപെടലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പാന്‍ ഇസ്‌ലാമിസ്റ്റ് പത്രങ്ങളില്‍ നിറഞ്ഞുനിന്നു. ഉഥ്മാനി സഹായമുണ്ടായിരുന്നുവെന്ന് മാത്രമല്ല, വെനാങിലും സിംഗപ്പൂരിലും ജിദ്ദയിലുമുള്ള ബ്രിട്ടീഷ്, ഡച്ച് സ്ഥാനപതികള്‍ അദ്ദേഹത്തെ മടക്കയാത്രയില്‍ സ്വീകരിച്ചിരുത്തി. ബ്രിട്ടീഷിനെയും ഉഥ്മാനികളെയും ആച്ചെനീസ് യുദ്ധത്തില്‍ പങ്കെടുപ്പിച്ച് അദ്ദേഹം ഹോളിണ്ടിന് നേരെ പുതിയ പല അന്തര്‍ദേശീയ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. ബ്രിട്ടീഷുകാര്‍ക്ക് യുദ്ധത്തില്‍ പങ്ക് കൊള്ളാന്‍ ആയുധ വില്‍പനയും കുരുമുളക് സമ്പാദനവും പോലെ അവരുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. അവസാനമായി സഹീര്‍ ആച്ചയിലേക്ക് മടങ്ങുമ്പോള്‍, അദ്ദേഹം അവിടെ വീരപരിവേഷമണിഞ്ഞിരുന്നു. ആച്ചനീസിനെ സംബന്ധിച്ചിടത്തോളം ആധുനിക ലോകത്ത് മുസ്‌ലിം സാമ്രാജ്യത്വത്തിന്റെ തലവന്‍ മാത്രമായിരുന്ന മഹാരഥനായ ഉഥ്മാനി ഖലീഫയുടെ പ്രതിനിധിയായിട്ടാണ് അദ്ദേഹം അവിടെ സ്വീകരിക്കപ്പെട്ടത്. (20) അങ്ങനെ സഹീര്‍ ഡച്ചിനെതിരെയുള്ള യുദ്ധത്തില്‍ ആച്ചനീസിന് നേതൃത്വം നല്‍കുകയായിരുന്നു.
യാത്രചെയ്ത് നടന്ന്, സ്വയം പ്രതിനിധാനം ചെയ്ത് കൊണ്ടുള്ള സഹീറിന്റെ വികസിത തന്ത്രങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയര്‍ത്തി. ബ്രിട്ടീഷ് വെനാങിലെ ഗവര്‍ണറെ മുഴുവന്‍ രാജകീയ പ്രൗഢിയോടെയുമുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം 'ഒരു കാഴ്ച' തന്നെയായിരുന്നു. (റീഡ്, 1972: 39) അദ്ദേഹത്തിന്റെ ചിലവുപിടിച്ച അന്തര്‍ദേശീയ നയതന്ത്രങ്ങള്‍ക്ക് പണം നല്‍കിയിരുന്നത് ആച്ചനീസ് കുരുമുളകിന്റെ ലാഭം ടെലഗ്രാഫിലൂടെ കൈമാറ്റം ചെയ്തായിരുന്നു. താന്‍ കണ്ടുമുട്ടുകയും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത എന്നത്തെയും ശക്തനായ ഒരു പുരുഷന്റെ പ്രൗഢി പ്രതിഫലിച്ച കണ്ണാടി പോലെയായിരുന്നു സഹീര്‍. ഒരു ഭാഗത്ത് വഴിയിലുള്ള കുടുംബത്തെയും ഭാര്യമാരെയും സന്ദര്‍ശിച്ച്, ഹദ്‌റമി ദേശാടനത്തിന്റെ വളരെ വ്യക്തിപരമായ തലങ്ങളിലൂടെ സഞ്ചരിച്ച അദ്ദേഹം, മറുഭാഗത്ത് ഇന്ത്യന്‍ സമുദ്രത്തില്‍ പരന്ന് കിടക്കുന്ന മുസ്‌ലിം ശൃംഖലകളില്‍ രൂഢമൂലമായിരുന്ന മുഴുവന്‍ സാധ്യതകളെയും യാഥാര്‍ത്ഥ്യ വല്‍ക്കരിക്കാന്‍ ശേഷിയുള്ളവരായിരുന്നു. സഞ്ചാരങ്ങളിലൂടെ കുടുംബ സഞ്ചാര പാതകളുടെ പ്രത്യേകതരം വ്യക്തിത്വം നിര്‍മിച്ചെടുത്ത്, ദേശാടന നാടകങ്ങളെ മൊത്തം നിയന്ത്രിക്കാന്‍ അദ്ദേഹം ആര്‍ജ്ജിച്ച ഈ കഴിവ് തന്നെയാണ്, ഒരു പ്രാദേശിക സംഘട്ടനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് പര്‍വതീകരിച്ച് നീട്ടി വലുതാക്കിയത്.
സഹീര്‍ ഹദ്‌റമി ദേശാടനത്തിന്റെ അത്തരത്തിലുള്ള ആദ്യത്തെയോ അവസാനത്തെയോ ചിത്രമല്ല. ദേശാടന വ്യക്തിത്വം പേറുന്ന ഇസ്‌ലാമിക സമൂഹവും സാമ്രാജ്യത്വവും തമ്മിലുള്ള സംഘട്ടനത്തിന്റെ ഈ രൂപം, വര്‍ത്തമാന കാലത്ത് ഉസാമ ബിന്‍ ലാദനും അമേരിക്കയും തമ്മില്‍ നടക്കുന്ന സംഘട്ടനത്തെക്കുറിച്ച് ചിന്തിക്കാന്‍ വകനല്‍കുന്നുണ്ട്. കിഴക്കനാഫ്രിക്ക മുതല്‍ ഫിലിപ്പൈന്‍സ് വരെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല അതേയൊരു ദൗത്യത്തിന്റെ പഴയ വേദിയാണ്. വിമാനങ്ങളെ സ്വന്തമാക്കിയും യൂറോപിലൂടെ സഞ്ചരിച്ചും പഴയ സമ്പത്തും സഞ്ചാരവും പ്രതീകാത്മകമായി അദ്ദേഹത്തിന്റെ കുടുംബത്തിലും ഉള്‍ച്ചേര്‍ന്നു. അറേബ്യക്കും സുഡാനും ദക്ഷിണേന്ത്യക്കുമിടയിലുള്ള മുന്നേറ്റത്തിനിടയില്‍ പ്രധാനപ്പെട്ട രാഷ്ട്രങ്ങളും കാര്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ഇതിനകംതന്നെ തന്റെ പ്രതിച്ഛായ നിര്‍മിച്ച് കഴിഞ്ഞിട്ടുണ്ട്. (21) കുരുമുളക് സമ്പന്നമായ ആച്ചെയെപ്പോലെ ലോകമൂല്യമുള്ള ചരക്ക് കൊണ്ട് വിശിഷ്ഠമായ മറ്റൊരു രാഷ്ട്രവും ഈ ദൗത്യത്തില്‍ പങ്ക്‌ചേര്‍ന്നു; അഥവാ സൗദി അറേബ്യ. താലിബാന്‍ നേതാവ് മുല്ലാ ഉമറിന്റെ കുടുംബവുമായി അദ്ദേഹം വിവാഹ ബന്ധത്തില്‍ ഏര്‍പെട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, വിഷയം വളരെ വ്യക്തമായി തെളിഞ്ഞു നില്‍ക്കുന്നുണ്ട്. കാരണം, അത് പഴയൊരു ശൈലിയുടെ ഭാഗമായിത്തന്നെയുള്ളതാണ്. ദേശാടകര്‍ ധാര്‍മിക കൈമാറ്റങ്ങള്‍ വഴി പുതിയ ഇടങ്ങളിലെ പ്രാദേശിക സ്ഥാപനങ്ങള്‍ക്കകത്തേക്ക് നീളുകയാണ് പതിവ്.
ആശയവിനിമയ, സാങ്കേതികവിദ്യയുടെ പ്രാധാന്യം വീണ്ടും ശക്തിപ്പെടുന്നു. അബ്ദുര്‍റഹ്മാന്‍ ബിന്‍ സഹീര്‍ ഇന്ത്യക്കും അറേബ്യക്കുമിടയില്‍ തന്റെ സമ്പന്നനായ പിതാവിന്റെ കപ്പലില്‍ ചരക്കുകളെത്തിച്ച് വ്യാപാരം ശക്തമാക്കി. ഡച്ചിനെതിരെയുള്ള പ്രതിരോധത്തിനായി അദ്ദേഹം നടത്തിയ നീണ്ടയാത്രകള്‍ യൂറോപ്യന്‍ ആവിക്കപ്പലുകള്‍ക്ക് മേലെയായിരുന്നു. ഉസാമ ബിന്‍ ലാദന്റെ, സ്വകാര്യ വിമാനത്തില്‍ സഞ്ചരിക്കുന്ന ധനികനായ പിതാവ് മുഹമ്മദ് അവധ്, പ്രവാചകന് ശേഷം ഒറ്റദിവസത്തിനകം മക്ക, മദീന, ജറൂസലം എന്നിവിടങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയ ആദ്യ മുസ്‌ലിമാണെന്ന് അവകാശവാദമുന്നയിക്കുന്നുണ്ട്. ഇസ്‌ലാമില്‍ പുണ്യം കല്‍പിക്കപ്പെടുന്ന ഏതാനും കേന്ദ്രങ്ങളുടെ സമൂലമയാ പുനര്‍നിര്‍മാണത്തിനുള്ള കരാര്‍ ഏറ്റെടുത്ത് നടത്തുന്നതിനിടെയാണ് അയാള്‍ വിമാനം വാങ്ങുന്നത്. വിമാനം തകര്‍ന്ന് അവധ് മരണമടഞ്ഞപ്പോള്‍ സൗദി രാജാവ് ഫൈസല്‍ അദ്ദേഹത്തിന്റെ കുടുംബത്തെ സ്വന്തം കുടുംബത്തോടൊപ്പം ചേര്‍ത്തു. ഒരു ദശകത്തിന് അവര്‍ക്ക് വിമാനയാത്ര നിരോധിക്കുകയും ചെയ്തു. സമര്‍ത്തനായ വൈമാനികനായ ഉസാമയുടെ സഹോദരന്‍ സാലിമും 1988ല്‍ ടെക്‌സാസില്‍ വെച്ച് ഒരു വിമാനാപകടത്തില്‍ മരണപ്പെടുകയുണ്ടായി. ഇന്നും സാലിമിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് ഹൂസ്റ്റണ്‍ ഗള്‍ഫ് എയര്‍പോര്‍ട്ട്. ജോര്‍ജ്ജ് ഡബ്ല്യൂ ബുഷിന്റെ ആദ്യകാല സുഹൃത്തും അദ്ദേഹത്തിന്റെ പ്രാരംഭ എണ്ണ സംരംഭങ്ങളില്‍ നിക്ഷേപമെടുക്കുകയും ചെയ്തിരുന്ന, സാലിമിന്റെ അമേരിക്കന്‍ ട്രസ്റ്റിയായ ജെയിംസ് ബാത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹം വിമാനത്താവളം വാങ്ങിയത്. നേരത്തെ എയര്‍ നാഷണല്‍ ഗാര്‍ഡില്‍ അംഗങ്ങളായിരിക്കുമ്പോഴാണ് അവര്‍ കണ്ടുമുട്ടുന്നത്. സമീപകാലത്ത് അമേരിക്കക്കെതിരെ വിമാനങ്ങളും സാറ്റലൈറ്റ് ടെലിവിഷനുകളും അക്രമണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്ന കാര്യം ഇവിടെ ആര്‍ത്തിക്കുന്നില്ല.
എന്നിരുന്നാലും, അഫ്ഗാനിലും അതിനപ്പുറത്തുമൊക്കെ നടക്കുന്ന യുദ്ധങ്ങള്‍, നേരത്തെ ഇന്ത്യന്‍ സമുദ്രത്തില്‍ ഹദ്‌റമികളുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കും പാശ്ചാത്യര്‍ക്കുമിടയില്‍ നടന്നിരുന്ന സംഘട്ടനത്തിന്റെ തോതും സങ്കീര്‍ണതയും ഒന്നുമല്ലാതാക്കിത്തീര്‍ക്കുന്ന തരത്തിലാണുള്ളത്. ഈ വക സംഘട്ടനങ്ങളുടെയും സഹകരണത്തിന്റെയും മുഹൂര്‍ത്തങ്ങള്‍ മുസ്‌ലിംകള്‍ക്കും പാശ്ചാത്യര്‍ക്കുമിടയിലുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ച് ഒരേകരൂപത്തിലുള്ള ചിന്തക്ക് വക നല്‍കുന്നുണ്ട്. പ്രത്യേകിച്ചും ചരിത്രപരമായ ഭൂതമാതൃകകള്‍ നേരിടുന്ന ഭീഷണസ്ഥിതി പെട്ടെന്നൊരു വിചിന്തനം നടത്താന്‍ നമ്മെ സഹായിക്കും. അഥവാ ചരിത്രത്തില്‍ പലവുരു സംഭവിച്ചിട്ടുള്ളത് പോലെ നാഗരികതകളും മതങ്ങളും തമ്മിലുള്ള സംഘട്ടനത്തിന്റെ ധാര്‍മികമായ പാരമ്യത്തില്‍ (ഭാവുകത്വത്തോടെ പറഞ്ഞാല്‍) കഴുമരങ്ങള്‍ തന്നെ കര്‍തൃത്വമേറ്റെടുത്ത അനുഭവങ്ങളുമുണ്ടായിരുന്നിട്ടുണ്ട്. ഇന്ത്യന്‍ സമുദ്രത്തില്‍, കേവലയുദ്ധം മാത്രമായ ജിഹാദ് സങ്കല്‍പം പതിനാറാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍ക്ക് നേരെയുള്ള പ്രതികരണമെന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇവിടെയും മുസ്‌ലിം ദേശാടക വൃത്തത്തില്‍ നിന്നാണ് സമരങ്ങള്‍ മുളപൊട്ടുന്നത്. ആച്ചെ ഡച്ചുമായി സംഘട്ടനത്തിലാകുന്നതിനും ഏറെ മുമ്പ് തന്നെ ദക്ഷിണ പടിഞ്ഞാറന്‍ ഇന്ത്യയുടെ മലബാര്‍ തീരം സാമ്രാജ്യത്വ അതിക്രമങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി മലബാറിന്റെ ചരിത്രത്തിലേക്ക് തിരിയാം.

ജിഹാദ്; ഒരു പഴയ വ്യാപാരത്തിന്റെ ഓര്‍മകള്‍
1570കളില്‍, പോര്‍ച്ചുഗീസിനെതിരെ വിശുദ്ധ യുദ്ധത്തിലേര്‍പ്പെട്ട പോരാളികള്‍ക്കുള്ള പാരിതോഷികം (അല്‍ മഅ്ബരി, 1987) എന്നൊരു കൃതി രചിക്കപ്പെട്ടിരുന്നു. ഹദ്‌റമി ദേശാടക പണ്ഡിത ശൃംഖലകളുമായി ബന്ധപ്പെട്ടിരുന്ന ഒരു മലബാര്‍ മുസ്‌ലിം നിയമജ്ഞനായിരുന്ന സൈനുദ്ദീന്‍ അല്‍ മലൈബാരി (അല്ലെങ്കില്‍ മുലൈബാരി അതുമല്ലെങ്കില്‍ മഅ്ബരി)യായിരുന്നു അതിന്റെ രചയിതാവ്. (22)
മലബാറിലും ഇന്ത്യന്‍ സമുദ്രത്തിലൂടനീളമുള്ള മറ്റു പ്രദേശങ്ങളിലും മുസ്‌ലിംകള്‍ക്ക് നേരെ പോര്‍ച്ചുഗീസുകാര്‍ അഴിച്ചുവിട്ട അതിക്രമങ്ങളെ വിശദമായി നിരത്തുന്നുണ്ട് പുസ്തകം. കിഴക്കനാഫ്രിക്കയിലും യമനിലുമുണ്ടായ പോര്‍ച്ചുഗീസ് അതിക്രമങ്ങളെ ഓര്‍ത്തെടുത്തു കൊണ്ട് അതേകാലത്തെ ഹദ്‌റമി പ്രസിദ്ധീകരണങ്ങളില്‍ തന്നെ സമാനമായ വിശദീകരണങ്ങള്‍ നല്‍കപ്പെട്ടിരുന്നു. (ബാഫഖീഹ്, 1999) സംഭവങ്ങളുടെ പോര്‍ച്ചുഗീസ് രേഖകള്‍ വസ്തുതാപരമായി അതിനോടൊക്കെ യോജിക്കുന്നുണ്ട്; പക്ഷെ സമ്മതിക്കുന്നില്ലെന്ന് മാത്രം.
പോര്‍ച്ചുഗീസിനെതിരെ ആയുധമെടുത്ത് പുറത്തിറങ്ങാന്‍ മുസ്‌ലിംകള്‍ക്ക് സന്ദേശം നല്‍കുകയെന്ന മഹത്തായ ലക്ഷ്യവുമായാണ് മഖ്ദൂം പുസ്തകം രചിക്കുന്നത്. ബീജാപൂരിലെ സുല്‍ത്താന്‍ അലി ഷാക്ക് അത് സമ്മാനിക്കുകയുമുണ്ടായി അദ്ദേഹം. (23)
ഒന്നാം അധ്യായം ജിഹാദിന്റെ സാഹചര്യം വിശദീകരിക്കുകയാണ്. അതിന്റെ നിയമപരമായ വശങ്ങളും അവതരിപ്പിക്കുന്നു: വിശ്വാസി സമൂഹത്തെ കുരിശുവേധകര്‍ക്ക് നേരെ യുദ്ധത്തിന് സജ്ജമാക്കുക എന്ന ആഗ്രഹത്തിന് പുറത്താണ് ഞാനീ സമാഹാരം നിര്‍മിച്ചിരിക്കുന്നത്. അവര്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ പ്രവേശിച്ച് മുസ്‌ലിംകള്‍ക്ക് ദേഹോപദ്രവം വരുത്തയിതിനാല്‍, അവര്‍ക്കെതിരെയുള്ള ജിഹാദ് മതകീയമയൊരു ബാധ്യതയാണ്. ഞാനതിന് പേരിട്ടിരിക്കുന്നത് പോര്‍ച്ചുഗീസിനെതിരെ വിശുദ്ധയുദ്ധത്തിലേര്‍പ്പെട്ട പോരാളികള്‍ക്കുള്ള പാരതോഷികമെന്നാണ്. അതില്‍ മലബാറിലെ ഇസ്‌ലാമാഗമനവുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗീസ് നടത്തിയ ദുഷ്ടകൃത്യങ്ങള്‍ അനാവരണം ചെയ്യുന്ന കണക്കുകള്‍ നിരത്തുന്നുണ്ട് ഞാന്‍. അതോടൊപ്പം ജിഹാദിന്റെ തത്ത്വങ്ങളും അതിന്റെ മഹത്തരമായ പ്രതിഫലനവും. ജിഹാദ് ആഹ്വാനം ചെയ്ത് കൊണ്ടുള്ള ഹദീസ്, ഖുര്‍ആന്‍ പാഠങ്ങളും അവതരിപ്പിക്കുന്ന ഒരു ഭാഗം ആദ്യത്തിലുണ്ട്. (തുഹ്ഫ-(ഇംഗ്ലീഷ്) 1987:47)
ഒരു നിയമജ്ഞനെന്ന നിലക്ക് മഖ്ദൂം പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന് ഇസ്‌ലാമിക നിയമത്തിലുള്ള വ്യക്തമായ നിയമാടിത്തറ നല്‍കുന്നുണ്ട്. അതായത് മുസ്‌ലിംകള്‍ക്ക് ഉപദ്രവം ചെയ്യുന്നവര്‍ക്കെതിരെയുള്ള കേവല യുദ്ധം എന്ന അര്‍ത്ഥത്തില്‍. പക്ഷെ, അത്തരമൊരു വിഷയത്തിനിടയില്‍, പോര്‍ച്ചുഗീസ് അക്രമണമടങ്ങുന്ന മലബാര്‍ സമൂഹത്തിന്റെ വ്യാപകമായ ചിത്രം പകര്‍ത്താന്‍ വേണ്ടി ചരിത്രപരവും വംശപരവുമായ വാദങ്ങള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. (തുഹ്ഫ, 1987: 69-75) ബ്രാഹ്മണ, നായര്‍, ആശാരി, മുക്കുവ, ജാതി ബന്ധങ്ങള്‍ പരാന്നഭോജനത്തിനുള്ള നിരോധനമടക്കം ഇന്നത്തെ നരവംശ ശാസ്ത്രജ്ഞര്‍ക്ക് പരിചിതമായ സാമൂഹിക പ്രതിഭാസങ്ങളുടെ ഒരു നിരതന്നെ അദ്ദേഹത്തിന്റെ വിവരണങ്ങളിലുണ്ട്. പുറത്ത് നിന്നൊരാള്‍ പ്രാദേശികാചാരങ്ങളെ വിശദീകരിക്കുന്ന വീക്ഷണ ഗതിയിലാണ് വംശശാസ്ത്രം വിശദീകരിച്ചിരിക്കുന്നത്. അതായത്, ഈ യുദ്ധാഹ്വാനം കേവലമൊരു പ്രാദേശിക അധിനിവേശ വിരുദ്ധതയായിരുന്നില്ല. വെറും മതയുദ്ധവുമായിരുന്നില്ല. പോര്‍ച്ചുഗലിലെ മതദ്രോഹ വിചാരണയില്‍ നിന്ന് പേടിച്ചോടിയ ജൂതരും ഇവിടത്തെ ദീര്‍ഘകാല വാസികളായിരുന്ന ക്രിസ്ത്യാനികളുമടക്കം മുസ്‌ലിമേതരരും മലബാറില്‍ ഭീഷണി നേരിട്ടിരുന്നു. മലൈബാരിയുടെ വിവരണമനുസരിച്ച് നാഗരിക, വാണിജ്യ സമൂഹമായിരുന്നു മലബാറിലേത്. സമാധാന പൂര്‍ണമായ ദീര്‍ഘകാല വ്യാപാരത്തിലേര്‍പ്പെട്ട വ്യത്യസ്ത മതസ്ഥരായ കച്ചവടക്കാര്‍ അധിവസിച്ച വിശ്വപൗര തുറമുഖ നഗരങ്ങളുടെ ഒരു ചങ്ങലയായിരുന്നു അത്.
ഒരു സമൂഹത്തിന്റെ വികാസ പരിണാമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണങ്ങളില്‍ ചേരമാന്‍ പെരുമാള്‍ രാജാവും ചില വിദേശികളുമായി ബന്ധപ്പെട്ട ഒരൈതിഹ്യം വിശദീകരിക്കുന്നുണ്ട്.(24) ഒരു സംഘം സൂഫികളുടെ സ്വാധീനത്താല്‍ ഇസ്‌ലാമിലും അതിന്റെ പ്രവാചകനിലും ആകൃഷ്ടനാവുന്ന പെരുമാള്‍ തന്റെ ഭരണ പ്രദേശങ്ങള്‍ വീതം  വെച്ച് അറേബ്യയിലേക്ക് കപ്പലേറുന്നതുമാണ് കഥ. ഹദ്‌റമീ തുറമുഖമായ ശിഹ്‌റില്‍ ഏറെക്കാലം തങ്ങുകയും അവിടെ വെച്ച രോഗബാധിതനാവുകയുമായിരുന്നു അദ്ദേഹം. ചരമമടയും മുമ്പ്, അദ്ദേഹം തന്റെ സഹചാരികളോട് മലബാറിലേക്ക് തിരിക്കാന്‍ സന്ദേശം നല്‍കുകയും ചെയ്തു. ഉടനെത്തന്നെ കേരളത്തിലേക്ക് മടങ്ങിയ അവര്‍ ഭൂമിയും തോട്ടങ്ങളും ഭരണ പ്രമുഖര്‍ക്കിടയില്‍ വിഭജിക്കുകയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം തുടങ്ങിയയിടങ്ങളില്‍ പള്ളികള്‍ നിര്‍മിക്കുകയും ചെയ്തു. മുസ്‌ലിം വിശ്വാസി സമൂഹം പള്ളികള്‍ക്ക് ചുറ്റും വാസമുറപ്പിച്ചു. ഭരണാധികാരികള്‍ മുസ്‌ലിംകളോട് നീതിപൂര്‍വ്വം പെരുമാറുകയുണ്ടായി. അതുകൊണ്ട്തന്നെ അവരുടെ തുറമുഖ നഗരങ്ങളിലേക്ക് എല്ലാ ഭാഗത്ത് നിന്നും മുസ്‌ലിംകള്‍ ആകര്‍ഷിക്കപ്പെടുകയും അങ്ങനെ അഭിവൃദ്ധി നേടുകയും ചെയ്തു. മുസ്‌ലിമേതര ഭരണാധികാരികളുടെ വിധിന്യായങ്ങള്‍ക്ക് വിധേയരാവുകയുണ്ടായി അവര്‍. ഏതെങ്കിലുമൊരു മുസ്‌ലിം തൂക്കിലേറ്റപ്പെട്ടാല്‍, അയാളുടെ മൃതദേഹം കുളിപ്പിക്കാനും മറവു ചെയ്യാനുമായി കുടുംബങ്ങളിലേക്ക് തിരികെ നല്‍കിയിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന കൊണ്ടുക്കൊടുക്കലുകള്‍ കാണിക്കാനായി, ഓരോ വിഭാഗം ജനതയുടെയും പ്രത്യേകം ആചാരങ്ങള്‍ (ആദാത്) മലൈബാരി വിശദീകരിക്കുന്നുണ്ട്. ബ്രാഹ്മണര്‍ക്കിടയില്‍ നിലനിന്നിരുന്ന കര്‍ക്കശമായ പൂര്‍വ്വജന്മ വിശ്വാസമനുസരിച്ച് അനന്തരസ്വത്തിലുള്ള സംഘട്ടനങ്ങള്‍ ഒഴിവാക്കാനുദ്ദേശിച്ച് കുടുംബത്തില്‍ മുതിര്‍ന്ന മകനു മാത്രമേ വിവാഹം കഴിക്കാനുള്ള അവകാശമുണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇളയ ബ്രാഹ്മണ മക്കള്‍ നായര്‍ സമുദായത്തിലെ സ്ത്രീകളുമായി ബന്ധത്തിലേര്‍പ്പെട്ടു. നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന ബഹുഭര്‍തൃ, മാതൃവംശപരമായ ആചാരങ്ങള്‍ അത്തരം ഉപസംബന്ധങ്ങള്‍ക്ക് അനുകൂലമായിരുന്നു. സാമൂഹിക നിലവാരത്തെ പരിരക്ഷിച്ച, ജാതിവൈജാത്യങ്ങളെയും സാമൂഹിക ബന്ധങ്ങളെയും വെടിപ്പാക്കി നിര്‍ത്തിയ ജാതിവ്യവസ്ഥയെ മറികടന്ന വ്യക്തികള്‍ സ്വയം ബഹിഷ്‌കൃതരായിത്തീര്‍ന്നു. സ്വന്തം സമുദായങ്ങളെ അവര്‍ ഉപേക്ഷിച്ചു. ഇളം പ്രായക്കാരായ യുവതീയുവാക്കള്‍ അപരിചിതര്‍ക്കിടയില്‍ അടിമത്ത ഭീഷണികള്‍ നേരിട്ടു. ഒടുവില്‍ രക്ഷപ്പെടാനായി ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു; മുമ്പ് ക്രിസ്ത്യാനിസത്തിലേക്കും ഉണ്ടായ പോലെ.
മലബാര്‍ മുസ്‌ലിംകളെ രണ്ടുവശങ്ങളിലൂടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്. ഒന്ന്, തലമുറകളായി മലബാറിലുണ്ടായിരുന്ന ജനതയും ഭരണാധികാരികളുമായ അമുസ്‌ലിംകളുമായി വ്യത്യസ്തമായ ധാര്‍മിക, നിയമബന്ധത്തിലേര്‍പ്പെട്ടവര്‍. മറ്റൊന്ന്, വിദൂര ദേശങ്ങളുമായി കച്ചവട ബന്ധത്തിലേര്‍പ്പെട്ടവര്‍. ഈയൊരു സ്വഭാവം കാരണമാണ്, സങ്കരസംസ്‌കാരമുള്‍കൊണ്ടിരുന്ന മുസ്‌ലിം ശൃംഖലയെ ലാക്കാക്കി പോര്‍ച്ചുഗീസ് പട ഹോര്‍മുസ്, മസ്‌കത്, ദിയു, സുമാത്ര, മലാക്ക, മോലുക്കാസ്, മൈലാപൂര്‍, നാഗപട്ടണം, സിലോണ്‍ പോലുള്ള ഇന്ത്യന്‍ സമുദ്രത്തിലുടനീളമുള്ള പ്രദേശങ്ങളിലും ചൈനയിലേക്കുള്ള പാതയിലും കോട്ടകള്‍ നിര്‍മ്മിച്ചത്. (മഅ്ബരി 1987: 180-10) കൊള്ളയും കൊലയോടുമൊപ്പം, മുസ്‌ലിംകളെ മുഴുവന്‍തലങ്ങളിലും നാശോന്മുഖമാക്കുക ലക്ഷ്യമാക്കി, കുരുമുളകും ഇഞ്ചിയുമടക്കമുള്ള ലാഭകരമായ ചരക്കുകളുടെ വ്യാപാരാവകാശം തങ്ങള്‍ക്കുമാത്രമേയുള്ളൂവെന്ന തരത്തില്‍ സംവരണപ്പെടുത്തി അവര്‍.
ചുരുക്കത്തില്‍, പോര്‍ച്ചുഗീസിന്റെ അധിനിവേശ, സാമ്രാജ്യത്വ അതിക്രമം മലബാറിലെ തുറമുഖ വ്യാപാരികളായി വിശ്വപൗര ബഹുമത സമൂഹങ്ങളെയും അവരോടൊപ്പം പറയപ്പെടാറുള്ള ഇന്ത്യന്‍ സമുദ്രത്തിലുടനീളമുള്ള ദേശാടക ശൃംഖലകളെയും തകര്‍ത്ത് കളയുകയായിരുന്നു. വാസ്‌കോ ഡ ഗാമയുടെ 1498യിലെ യുഗസൃഷ്ടിയായ യാത്ര ലിസ്ബണില്‍ നിന്നും ആരംഭിച്ച് മുസ്‌ലിം കച്ചവടക്കാരുടെയും സാമൂതിരി ഹിന്ദു രാജാവിന്റെയും സംയുക്ത സംരഭകത്വത്തിലുണ്ടായിരുന്ന മധ്യേന്ത്യന്‍ സമുദ്രത്തിലെ സുഗന്ധ വ്യജ്ഞനങ്ങളുടെ കേന്ദ്രമായ കോഴിക്കോട്ട് വന്നിറങ്ങുകയായിരുന്നു. പോര്‍ച്ചുഗീസ് താല്‍പര്യങ്ങളുടെ വ്യാപനത്തിലുടനീളം മുസ്‌ലിം സമൂഹം ഇരകളാക്കപ്പെട്ടത് കൊണ്ട്തന്നെ, മലൈബാരിയെപ്പോലുള്ള മുസ്‌ലിം പണ്ഡിതന്‍മാര്‍ അത്തരം താല്‍പര്യങ്ങളുടെ സാമ്രാജ്യത്വ സാധ്യതകളെക്കുറിച്ച് ബോധാവാന്‍മാരായിരുന്നുവെന്നതില്‍ അത്ഭുതമില്ല, പ്രത്യേകിച്ചും ദൃഢചിത്തതയോടെ അവരെ പ്രതിരോധിക്കുന്ന കാര്യത്തില്‍. അവിടന്നങ്ങോട്ട്, മലബാറിലെ പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് അധിനിവേശത്തോടുള്ള വിരുദ്ധത ഡെയ്ല്‍ (1980) കാണിച്ച പോലെ, തുടര്‍ച്ചയായി രക്തസാക്ഷിത്വത്തിന്റെ മതദര്‍ശനത്തില്‍ രൂപപ്പെടുത്തപ്പെട്ടു. (25) 1836നും 1921നുമിടക്ക്, ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ മുപ്പത്തിരണ്ട് കലാപങ്ങളാണ് മലബാര്‍ മുസ്‌ലിംകളുടെ പേരില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. അതില്‍ ബഹുഭൂരിഭാഗവും മലബാറുകാരനായ ഹദ്‌റമി പണ്ഡിതന്‍ സയ്യിദ് ഫദ്‌ലിന് കീഴിലായിരുന്നു. സയ്യിദ് ഫദ്ല്‍ പണ്ഡിതരുടെയും പൊതുപ്രഭാവരുടെയും നിരയില്‍ നിന്ന് വന്ന മലബാറിലെ മൂന്നാം തലമുറ ഹദ്‌റമിയായിരുന്നു. അവസാനമായി 1852ല്‍ ബ്രിട്ടീഷുകാരാല്‍ നാടുകടത്തപ്പെട്ട അദ്ദേഹം യമനിലേക്കും അവിടെ നിന്ന് മക്കയിലേക്കും പോയി. തുടര്‍ന്ന് ഇസ്താംബൂളിലെ ഉഥ്മാനി കോടതിയില്‍ ഉദ്യോഗസ്ഥനായി. (ബുസ്പിനാര്‍ 1993) ഇന്നത്തെ ഒമാനിലെ സുഫറില്‍ 1875 മുതല്‍ 1879 വരെ ഉഥ്മാനി ഗവര്‍ണറാവുക വഴി, ഏദന്‍, ബോംബെ കടല്‍ മാര്‍ഗത്തിനു മേലുള്ള ബ്രിട്ടീഷ് ആധിപത്യത്തിന് ഭീഷണിയുയര്‍ത്തി വീണ്ടും തിരിച്ച് വരാനിരിക്കുകയായിരുന്നു അദ്ദേഹം. പാന്‍ ഇസ്‌ലാമിസ്റ്റായ സുല്‍ഥാന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ കോടതിയില്‍ അദ്ദേഹം ബാക്കിയുള്ള കാലം ചിലവഴിച്ചു. ഈ ഖലീഫയാണ് ജമാലുദ്ദീന്‍ അഫ്ഗാനിയെപ്പോലുള്ള ആധുനിക മുസ്‌ലിം രാഷ്ട്ര സങ്കല്‍പങ്ങളുടെ പ്രാരംഭ പ്രണേതാക്കള്‍ക്ക് പ്രചോദനമേകുന്നതും ആഗോള ഖലീഫയായി സ്വയം പ്രഖ്യാപിക്കുന്നതും. (ദെറിങില്‍ - 1998; കെദ്ദി- 1968; ഓസ്‌കാന്‍- 1997)
1924ല്‍ ഒരു രാഷ്ട്രത്തിന് വേണ്ടി ഒരു സാമ്രാജ്യത്തെ തന്നെ നഷ്ടപ്പെടുത്തി യുവതുര്‍ക്കികള്‍. ഖിലാഫത്ത് നിരോധിച്ചപ്പോള്‍, അതിന്റെ പുനസ്ഥാപനമാവശ്യപ്പെട്ട് ഇന്ത്യയിലും ഡച്ച് ഇന്തോനേഷ്യയിലും സമരപ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒരേ ഭാഗത്ത് പങ്കെടുപ്പിച്ച് ഗാന്ധി ഇന്ത്യയില്‍ മുസ്‌ലിം ഖിലാഫത്ത് പ്രസ്ഥാനത്തെ വിപുലമായ കോളനി വിരുദ്ധ സമരത്തോടൊപ്പം ചേര്‍ത്തു. എങ്കിലും, മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണം 1921ലെ ശക്തമായ മുസ്‌ലിം കലാപത്തിലേക്കാണ് നയിച്ചത്. പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളിലെ സമാന സമരവാക്യങ്ങളോടെ, സയ്യിദ് ഫദ്‌ലിന്റെ പിന്‍മുറക്കാരനടക്കമുള്ള മുസ്‌ലിം പുരോഹിതന്‍മാര്‍ സമരം നേരിട്ട് നയിച്ചു.
Diaspora, empire എന്ന പദങ്ങള്‍ പലവുരു ഉപയോഗിക്കുകയുണ്ടായി നമ്മള്‍. നമുക്കറിയാം, ഡയസ്‌പോറ ഇന്നും നിലനില്‍ക്കുകയും വികസിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ, എംപയറിന്റെ സ്ഥിതിയെന്താണ്? ഇന്ന് അമേരിക്കയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആ പദം ഉപകാരപ്രദവും അതിനപ്പുറം നിര്‍ണായകവുമായി വരുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എങ്ങനെയാണ് അമേരിക്ക ഒരു സാമ്രാജ്യമാവുന്നത്? ബ്രിട്ടീഷ്, ഡച്ച്, പോര്‍ച്ചുഗീസ് രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ അമേരിക്ക ഇന്ന് ലോക ശക്തിയായി അഹങ്കരിക്കുന്നത് അസാധാരണവും തെറ്റായതുമായ അംഗീകാരമാണ്.

ഒരു കോളനി വിരുദ്ധ സാമ്രാജ്യം;
സാമ്രാജ്യത്വമോ അതോ ജനാധിപത്യമോ?
അമേരിക്ക കോളനികളില്ലാത്ത സാമ്രാജ്യമാണ്. അത് അസ്വാഭാവികത കലര്‍ന്ന വാക്കായിരിക്കും. കാരണം, നാം ചിന്തിക്കുന്നത് കൊളോണിയലിസവും ഇംപീരിയലിസവും ഒരേ സംഗതിയാമണെന്നാണ്. വിശകലനം ചെയ്താല്‍ അങ്ങനെയല്ല. കൊളോണിയലിസം (അധിനിവേശം), വിദേശവാസികളോ ഭരണാധികാരികളോ പട്ടാളമോ ഒരു പ്രദേശം അധീനപ്പെടുത്തുന്നതിനാണ് പറയുക. ഉടമ സമൂഹത്തിന്റെ അധീന പ്രദേശങ്ങളാണ് കോളനികള്‍. അത്‌കൊണ്ട് തന്നെ മേലാളന്‍മാര്‍ക്കും കീഴാളര്‍ക്കും രണ്ട് നിയമങ്ങളായിരിക്കും ഉണ്ടാവുക. ഉടമയും അധീനഭൂമിയും തമ്മിലുള്ള ബന്ധത്തെ കുറിക്കാന്‍, അധിനിവേശകനും അധിനിവിശ്ട ഭൂമിയു(Colonializer and colonialized)മെന്ന് പറയാം. നേരെ മറിച്ച് ഇംപീരിയലിസം (സാമ്രാജ്യത്വം) വലിയ പ്രതലങ്ങളിലേക്കുള്ള രാഷ്ട്രീയാധികാരങ്ങളുടെ വ്യാപനമാണ്; കോളനികള്‍, യുദ്ധസൈന്യങ്ങള്‍, മിസൈലുകള്‍, നിക്ഷേപക സമൂഹം, ബഹുകക്ഷി സ്ഥാപനങ്ങള്‍, ബഹുരാഷ്ട്ര സഖ്യങ്ങള്‍, പാവരാഷ്ട്രങ്ങള്‍ തുടങ്ങി ഏതര്‍ത്ഥത്തിലും മറ്റുരാഷ്ട്രങ്ങളെ ഉള്‍കൊള്ളുക. സാമ്രാജ്യത്വ ബന്ധങ്ങള്‍ നിലനില്‍ക്കാന്‍ സ്വത്ത്‌വകകളുടെ ആവശ്യമില്ല. സാന്നിധ്യത്തേക്കാളും സ്വാധീനത്തിനാണ് അവിടെ പ്രാധാന്യം. ഒരേ സാമ്രാജ്യത്വ പരിധിയിലുള്ള രണ്ടു കോളനികള്‍ക്ക് വ്യത്യസ്ത സവിശേഷതകളുണ്ടായേക്കാം. 1890കളില്‍ ബ്രിട്ടീഷ് ഈജിപ്തിനെ, തങ്ങളുടെ വലിയ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള വഴിയായി ഉപയോഗപ്പെടുത്തിയിരുന്നു; ബ്രിട്ടീഷ് ഇന്ത്യക്കും അതിന്റെ സുരക്ഷക്കുമായി. അവയെ വെറും കോളനികളായി (തുടര്‍ന്ന് ഉത്തരകോളനികളായി) തുലനം ചെയ്യുന്നത്, സാമ്രാജ്യത്വ സങ്കല്‍പം ആവശ്യപ്പെടുന്ന വ്യത്യസ്തവും പരസ്പര ബന്ധിതവുമായ വിശകലനത്തെ അപര്യപ്തമാക്കും. പടിഞ്ഞാറന്‍ സാമ്രാജ്യത്വ ചരിത്രത്തെയും അതിന്റെ അമേരിക്കന്‍ അവതാരത്തെയും ചുരുങ്ങിയ നിലയില്‍ മനസ്സിലാക്കുന്നത്, കോളനി രഹിത സാമ്രാജ്യം, കോളനി വിരുദ്ധ സാമ്രാജ്യം എന്നൊക്കെ പറഞ്ഞതുകൊണ്ട് എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തത നേടാന്‍ നമുക്ക് സഹായകമാവും.
വാണിജ്യവും വെട്ടിപ്പിടുത്തവും കാലങ്ങളായി പടിഞ്ഞാറന്‍ സാമ്രാജ്യ രൂപീകരണത്തില്‍ വ്യത്യസ്ത മുഖങ്ങള്‍ കൈവരിച്ചിട്ടുണ്ട്; അവയുടെ ആശയപരമായ അനുപാതം പോലെത്തന്നെ. വാണിജ്യത്തില്‍ നിന്ന് വെട്ടിപ്പിടുത്തത്തിലേക്കുള്ള ആശയപരമായ ഊന്നലില്‍ വന്ന ഒരു മാറ്റം, കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ യൂറോപ്യന്‍ സാമ്രാജ്യത്വ അനുഭവത്തില്‍ നിന്ന് നമുക്ക് തിരിച്ചറിയാനാകും. അന്തോണി പാഗ്‌സണ്‍ (1995) അപൂര്‍വമായ അക്കാദമിക വൈഭവത്തോടെ ചിത്രീകരിച്ച, പതിനെട്ടാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിനെതിരെയുള്ള ജ്ഞാനോദയ വാദത്തിന്റെ മൂല ആശയമിതായിരുന്നു. സാമ്രാജ്യത്വ ശക്തി വ്യാപനപ്പെട്ടുകൊണ്ടിരിക്കുകയും കോളനി അധീശത്വം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയും ചെയ്ത ഒരു സൈനിക വ്യാവസായിക ചരിത്രവുമായി ബന്ധപ്പെട്ടാണ് ഈ മാറ്റം സംഭവിക്കുന്നത്. മൃദുലമായും നിര്‍വികാരമായും തകര്‍ന്ന് കൊണ്ടിരിക്കുന്ന പ്രതിരോധത്തിന്റെ പാര്‍ശ്വത്തോട് കൂടുതല്‍ സമരസപ്പെട്ട, അതിസൂക്ഷമമായ ഭൂമിശാസ്ത്രത്തിന് മേലുള്ള സൈനികാധിപത്യത്തിന്റെ സാങ്കേതികമായ അതിപ്രസരമാണ് മത്സരാധിഷ്ടിത സാമ്രാജ്യത്വ വികസനം വഴിവെച്ചത്: ഭൂപ്രതലത്തില്‍ കാലാള്‍പടയും, കടലിനുമേല്‍ യുദ്ധക്കപ്പലുകളും, ആകാശത്ത് വ്യോമപേടകങ്ങളും; ഇനിയും, ശൂന്യാകാശലോകത്ത് പുതിയ തരം അതിഭീകരമായ ആയുധങ്ങളും. ഈ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളിലൂടെ നോക്കിക്കാണാം.
ഒന്ന്, അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ആദ്യകാല പടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍ പരിപൂര്‍ണ്ണമായി കുടിയേറ്റത്തിലൂടെയായിരുന്നു അധിനിവേശം നടത്തിയത്. കരയിലുള്ള ജനങ്ങളുടെയും കുതിരകളുടെയും തോതനുസരിച്ച് അധികാരം വ്യാപനപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്തു. ഈയൊരു സാമ്രാജ്യത്വ തത്ത്വമനുസരിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ പുതിയ ലോകങ്ങള്‍ക്ക് വേണ്ടിയും പുതിയ ദേശങ്ങളിലൂടെയും മുന്നേറിക്കൊണ്ടിരിക്കുന്നു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഈ സാമ്രാജ്യത്വ വ്യാപനത്തിന്റെ അന്ത്യത്തില്‍ -വിദേശ യുദ്ധങ്ങള്‍ക്ക് ശേഷം റോം എന്നും പ്രോത്സാഹിപ്പിച്ച- കോളനീ കുടിയേറ്റങ്ങള്‍, വൈദേശിക വാഴ്ചകള്‍ ലാഭകരവും നാശോന്മുഖവുമാകുന്നതിന് പകരം അവയെ സുസ്ഥിരമാക്കിത്തീര്‍ക്കാന്‍ പറ്റിയ ഏറ്റവും ഉറച്ച മാധ്യമങ്ങളായിരുന്നുവെന്ന് മാക്കിയവല്ലി നിരീക്ഷിച്ചിട്ടുണ്ട്. (മാക്കിയവല്ലി - 1983, 291-93) ഭൂപ്രദേശങ്ങളും അവിടത്തെ ജനങ്ങളും അവര്‍ക്ക് വേല ചെയ്യാനുള്ള സ്വകാര്യ സ്വത്തുക്കളായിരുന്നു. സ്വകാര്യ സ്വത്തുക്കള്‍ക്കിടയിലുണ്ടായിരുന്ന അന്തര്‍രാഷ്ട്ര സമാനതകള്‍കൊണ്ട് തന്നെ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ പരസ്പരം പോരാടാനായി സ്വീകരിച്ച സാമ്പത്തിക രാഷ്ട്രീയ അധീശത്വദേശങ്ങളായിരുന്നു കോളനികള്‍.
രണ്ട്, ഏഷ്യയിലും ആഫ്രിക്കയിലും പ്രത്യേകിച്ച് പത്തൊന്‍പതാം നൂറ്റാണ്ട് മുതലുണ്ടായിരുന്ന രണ്ടാം തലമുറ പടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍, കുടിയേറ്റത്തിനപ്പുറം ഭൂമിക്കും വെള്ളത്തിനും മീതെയുള്ള അധികാര വെട്ടിപ്പിടിത്തതിലൂടെ വിസ്തൃതിപ്പെട്ടു. ഭൂമിശാസ്ത്രപരമായി സൂക്ഷമമായ ഭരണതല, സൈനിക, കമ്പനി അധിനിവേശം വഴിയായിരുന്നു അവരത് നിലനിര്‍ത്തിയത്.(26) രാഷ്ട്രീയ ഭൂപ്രദേശങ്ങള്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ കോളനികളായി കീഴ്‌പെടുത്തി വെച്ചപ്പോള്‍ അവിടെ ജനങ്ങള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കീഴടക്കുന്നതിനും ഊറ്റിക്കുടിക്കുന്നതിനും പകരം, നാഗരികതയുടെയും വാണിജ്യത്തിന്റെയും സങ്കല്‍പങ്ങള്‍ ഈ ഘട്ടത്തില്‍ ആശയപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയുണ്ടായി. ഒന്നാം തലമുറ യൂറോപ്യന്‍ സാമ്രാജ്യങ്ങളുടെ, പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയ വിമര്‍ശനങ്ങളില്‍ നിന്ന് വിരോധാഭാസകരമായി രൂപം കൊണ്ട ഇവ, വിലക്കയറ്റത്തോടൊപ്പം ഉല്‍പാദനക്കുറവും നിലനിര്‍ത്തുകയുണ്ടായി. കൂടുതല്‍ കരസൈനികരും നാവികപ്പടയുമായി കോളനികള്‍ ഭദ്രമാക്കിയും ആഭ്യന്തര ജനതയെ നികുതി ചുമത്തി ബുന്ധിമുട്ടിച്ചും മുന്നോട്ട് പോയി. (സ്മിത്ത്, 1981: 591-641)(27) മോണ്ടസ്‌ക്യൂ 'മധുരവാണിജ്യ'മെന്ന് ആഘോഷിച്ച സ്വതന്ത്ര്യ വ്യാപാരം, രാഷ്ട്രങ്ങളെ സമാധാനത്തില്‍ പുലര്‍ത്തുകയും കോളനികളിലോ വലിയ നഗരങ്ങളിലോ ഊര്‍ജ്ജസ്വലരായ ഉല്‍പാദകരെ തേടിക്കൊണ്ട് മൂലധനം ഉദാരമാക്കുകയും, ചരക്കുകള്‍ക്ക് മൂല്യം നല്‍കി വിപണികള്‍ വികസിപ്പുക്കുകയും, സാമ്രാജ്യങ്ങളെയും അവരുടെ ആധിപത്യത്തെയും നിലനിര്‍ത്തിയ അക്രമങ്ങള്‍ മാറ്റിനിര്‍ത്തുകയും ചെയ്യുകയായിരുന്നു:
മൂന്ന്, യു.എസ് നടത്തുന്ന മൂന്നാം തലമുറ പടിഞ്ഞാറന്‍ സാമ്രാജ്യത്വം, ഔദ്യോഗികമായൊരു കോളനിയുമല്ല. രാഷ്ട്രീയ ഭൂപ്രദേശങ്ങളും ജനങ്ങളും സ്വതന്ത്ര്യരാണ്. അവര്‍ സ്വന്തം ഉടമകളാണ്. നാവിക, വ്യോമ തലങ്ങളിലൂടെയുള്ള സൈനിക ശക്തിയുടെ അങ്ങേയറ്റത്തെ വികസനാണതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്; ഉപമപരമാധികാര രാഷ്ട്രങ്ങളുടെയും ബഹുകക്ഷി സ്ഥാപനങ്ങളുടെയും ഒരു വ്യവസ്ഥ. ഒന്നാം യൂറോപ്യന്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ രണ്ടാമത്തേതിന് വഴിയൊരുക്കിയത് പോലെ, കൊളോനിയല്‍ പരമായത് കൊണ്ട് രണ്ടാം സാമ്രജ്യത്വത്തെ വിമര്‍ശിച്ചവര്‍ മൂന്നാമത്തേതിനും തിരക്കഥയൊരുക്കി. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തില്‍ യു.എസ് സാമ്രാജ്യം അതിന്റെ മുന്‍ഗാമികളോട് മറ്റൊരുതരത്തില്‍ പെരുമാറുകയുണ്ടായി. തകര്‍ന്നു തരിപ്പണമായ യൂറോപ്പിനെ അപകോളനീകരണത്തിന് പ്രേരിപ്പിച്ചും സ്വാതന്ത്ര്യ സമരമുന്നേറ്റങ്ങളെ അവര്‍ക്കെതിരെ പിന്തുണച്ചും ഇന്ത്യന്‍-ബ്രിട്ടീഷ് പട്ടാളക്കാരുടെ മനസ്സില്‍ സാമ്രാജ്യ ചിന്തകള്‍ ഇല്ലാതാവുകയും (28) ബ്രിട്ടീഷ് രാഷ്ട്രീയക്കാര്‍ ദേശീയ പുനര്‍നിര്‍മാണങ്ങളോട് ഏറ്റുമുട്ടുകയും ചെയ്തു. അമേരിക്കന്‍, ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ താല്‍പര്യങ്ങളെല്ലാം കൂടി ഒന്നിച്ച ആ മുഹൂര്‍ത്തം അപൂര്‍വം തന്നെയായിരുന്നു. ഈ മൂന്നാം പടിഞ്ഞാറന്‍ അധിനിവേശത്തില്‍ സ്വാധീനം ചെലുത്തിയത്, സ്വാതന്ത്ര്യം, മോചനം, സര്‍വ്വര്‍ക്കും ജാനാധിപത്യം തുടങ്ങിയ ആശയപരമായ നാണയങ്ങളായിരുന്നു; കോളനീ പൂര്‍വ പ്രാദേശിക സ്വേച്ഛാധിപത്യത്തിലേക്കുള്ള മടക്കമായിരുന്നില്ല. പകരം, അമേരിക്കന്‍ ശൈലിയിലുള്ള സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ വാദത്തിലേക്കുള്ള പുരോഗതിയായിരുന്നു. കഴിഞ്ഞ ഘട്ടത്തിലുണ്ടായിരുന്ന സ്വതന്ത്ര വാണിജ്യ വ്യാപാര മാതൃകകള്‍ തുടര്‍ന്ന് പോയപ്പോള്‍, താല്‍ക്കാലികമായി കൂടുതല്‍ സങ്കീര്‍ണമായ സാമ്പത്തിക ഇടപാടുകള്‍ സന്ദിഗ്ദാവസ്ഥയിലായിരുന്നു. സാര്‍വദേശീയ കൈമാറ്റമായിരുന്നില്ല. പകരം ആഗോള അളവിലുള്ള നിക്ഷേപം.
തോട്ടങ്ങളും ഖനികളും വ്യവസായ ശാലകളും കുടിശ്ശികക്കാരും പുതിയ ദേശരാഷ്ട്രങ്ങളൊന്നും സമ്പത്തുകളായിരുന്നില്ല. മറിച്ച് നിക്ഷേപകര്‍ക്കും പങ്കാളികള്‍ക്കും കരാര്‍ നിക്ഷേപമുള്ള സ്വതന്ത്ര ഏജന്‍സിയായിരുന്നു അത്. കറന്‍സി സുസ്ഥിരതയും ദായതുല്യതയുള്ള ചുരുങ്ങിയകാല സഹായവും മാനവിക വികസനവും പശ്ചാത്തല സൗകര്യവുമുള്ള ദീര്‍ഘകാല സഹായവും സ്വകാര്യ സ്വത്തിന്റെ ഭരണത്തില്‍ പ്രാദേശിക സുരക്ഷ പ്രദാനം ചെയ്യുന്ന മുഴുവന്‍ കാല ബദ്ധശ്രദ്ധയുമായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. ഒന്നാം ലോകയുദ്ധത്തിന് ശേഷം രൂപീകൃതമായ ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടും, ലോകബാങ്കും, കമ്യൂണിസ്റ്റേതര സ്വതന്ത്ര്യ സര്‍ക്കാറുകളും യഥാക്രമം ഈ കോളനിയേതര സ്വകാര്യ നിക്ഷേപകലോകത്തിന്റെ പൊതു നന്മ ഉദ്ദേശിച്ചു കൊണ്ടുണ്ടാക്കിയ സ്ഥാപനങ്ങളായിരുന്നു. നേരത്തെ നിലവിലില്ലാതിരുന്ന ഈ സ്ഥാപനങ്ങളെങ്ങനെ ഇത്രപെട്ടെന്ന് ശക്തമായി ആന്തരിക ബദ്ധമായി നിലവില്‍ വന്നുവെന്ന കാര്യം, 1941 മുതല്‍ 1953വരെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ സേവനത്തിലുണ്ടായിരുന്ന (ലോകബാങ്കിന്റെ രൂപീകരണത്തില്‍ സന്നിഹിതനായിരുന്നുവെന്ന് സ്വയം വിശേഷിപ്പിക്കുന്ന) ഡീന്‍ എക്‌സണി(1969)ന്റെ സംക്ഷിപ്ത കാഴ്ചപ്പാടിലൂടെ കാണുക(29) അദ്ദേഹമാണ് ലോകബാങ്കിന്റെ ചാര്‍ട്ടെഴുതി തയ്യാറാക്കിയത്. നേരത്തെ സ്വാതന്ത്ര്യത്തിലേക്ക് തലയും നീട്ടിക്കുതിച്ച കോളനി രാജ്യങ്ങള്‍ എല്ലാം ഒറ്റനില്‍പിന് ശേഷം ഒരു 'മൂന്നാംലോക'മായി വികസിതമാവാന്‍ കാത്തിരിക്കുകയാണ്. കൊളോണിയലിസത്തിന്റെ നാഗരിക ദൗത്യം അനന്തരമെടുത്ത പുരോഗമന ഭാഷ്യങ്ങള്‍ തന്നെയായിരുന്നു ഈ നിക്ഷേപം -പൊതുവായും സ്വകാര്യമായും വൈദേശികമായും ആഭ്യന്തരതലത്തിലുമെല്ലാം. ആശയപരമായി എന്തുകൊണ്ടാണ് സ്വതന്ത്ര കോളനികള്‍ വേട്ടസംഘങ്ങളിലേക്കും ഭരണകൂടങ്ങളിലേക്കും അവരുടെ പൂര്‍വ്വപ്രതാപമായ സാമ്രാജ്യങ്ങളിലേക്കുമൊന്നും തിരിച്ച് പോവാത്തത്? പഴയ പടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍ നിലനില്‍ക്കുന്നില്ല. ദേശരാഷ്ട്രങ്ങള്‍ ആഭ്യന്തരമായ സാമൂഹികക്ഷേമത്തിനായാണ് അടിസ്ഥാനപരമായി നിലകൊണ്ടത്. എന്നാല്‍ അതില്‍ നിന്നും ഏറെ അകന്ന്‌നിന്ന സ്വീകാര്യവും അച്ചടക്കപൂര്‍ണവുമായ നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം പ്രദാനം ചെയ്യുക മാത്രമാണ് ചെയ്തത്. രാഷ്ട്രങ്ങള്‍ അധികകാലം പടിഞ്ഞാറിന്റെ അധീനതയില്‍ ആശ്രിത കോളനികളായും കഴിഞ്ഞില്ല. സാമൂഹിക ക്ഷേമത്തിനായി കര്‍ക്കശമായ ഉത്തരവോടെ, പുതുതായി സ്വാതന്ത്ര്യം ലഭിച്ച ജനങ്ങളടങ്ങുന്ന കുടിശ്ശികക്കാര്‍ക്കും പങ്കാളികള്‍ക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളോടെയുള്ള സ്വതന്ത്ര്യ കരാറുകായിത്തുടര്‍ന്നു. ഇത് അപകോളനീകരണത്തിന് പ്രേരകമാവുകയായിരുന്നു.
അമേരിക്ക തങ്ങളുടെ സാമ്രാജ്യ രൂപത്തെ മറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന മൂടുപടമല്ല ഈ കോളനിവിരദ്ധതയെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പകരമത്, തങ്ങളുടെ സാമ്രാജ്യത്വ അധികാരത്തെ പ്രതിനിധാനം ചെയ്യുന്ന ഭാഷയാണ് അവര്‍ക്ക്. അമേരിക്കന്‍ സാമ്രാജ്യത്തിന് മുമ്പ് വികസിച്ച് ലോകനിലവാരം നേടിയെടുത്ത രാഷ്ട്രീയ സ്വയം പ്രിതിനിധാനത്തിന്റെ വിശാലഭാഷ്യമാണത്. 1763ലെ സപ്തവരത്സര യുദ്ധത്തിന്റെ അവസാനത്തില്‍ ആ പദപ്രയോഗം കണ്ടെത്താനാവും നമുക്ക്. നോര്‍ത്ത് അമേരിക്കയുടെയും ഇന്ത്യയുടെയും പേരിലുള്ള ശത്രുതയില്‍ ബ്രിട്ടന്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തുകയും (പോകോക്ക്, 1975: 509-10, സീലി, 1883: 25-30) തങ്ങളുടെ അമേരിക്കന്‍ കോളനികളില്‍ ഒരു രാഷ്ട്രമായി സ്വാധീനമുറപ്പിക്കുകയും ചെയ്യുന്ന വേളയിലായിരുന്നു അത്. (കോണ്‍വേ, 1998, ഗ്രീന്‍ 1987, ലെന്‍മാന്‍ 1998) സര്‍ക്കാര്‍ കടത്തില്‍ നിന്നും നികുതികളില്‍ നിന്നും പണംപറ്റുന്ന പതിനായിരം വരുന്ന കരസേനയെ വിന്യസിച്ച് കൊണ്ട് ഒരു ലോകവ്യാപകമായ സര്‍ക്കാര്‍, അമേരിക്കന്‍ കോളനിനിവാസകള്‍ക്കിടയില്‍ 'മനുഷ്യാവകാശങ്ങള്‍ക്ക് നേരെ ബ്രിട്ടന്‍ ഗൂഢാലോചന നടത്തുകയാണെ'ന്ന പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. (വുഡ് 1969: 39, ബൈലിന്‍ 1967: 144-59)
ഭരണഘടനാപരമായി തുല്യത അനുഭവിക്കുന്ന സാധാരണക്കാര്‍ക്കു മേലുള്ള ഏകാധിപത്യ ശ്രമങ്ങളെന്ന ബ്രിട്ടീഷ് വിഗ്ഗ് കാഴ്ചപ്പാടിലോ (വുഡ് - 1969, 28-36) ജനാധിപത്യമൂല്യങ്ങള്‍ക്ക് സാമ്രാജ്യത്വ വ്യാപനം ഭീഷണിയാണെന്ന ഫ്‌ളോറന്റൈന്‍, മാക്കിയവല്യന്‍ വീക്ഷണ ഗതിയിലോ (പോക്കോക്- 1975, 510) എങ്ങിനെ അവര്‍ അതിനെ നിരീക്ഷിച്ചാലും ശരി. എങ്ങനെയായായലും അമേരിക്കന്‍ വിപ്ലവത്തോടെ അധീനപ്പെടുത്തപ്പെട്ട കോളനികളെന്ന പരികല്‍പനയെ അവര്‍ ഉള്‍കൊണ്ടത്, വിവിധ സാമൂഹിക ശ്രേണികള്‍ക്കിടയില്‍ ബ്രിട്ടീഷ് ഭരണഘടന വിഭാവന ചെയ്യുന്ന തുല്യനീതി പരിരക്ഷിക്കാനെന്ന വണ്ണം സാമ്രാജ്യത്വ ഏകാധിപത്യ പ്രവണതകളെ തള്ളിക്കളഞ്ഞുകൊണ്ടാണ്. ബ്രിട്ടീഷ് സര്‍ക്കാറിന്റെ അധിനിവേശ ഭൂമിയെന്നതിന് പകരം സ്വതന്ത്ര ജനത സ്വതന്ത്രമായി നിലകൊള്ളുകയായിരുന്നു. പുതിയ ബ്രിട്ടീഷ് ഉത്തരവുകള്‍ പ്രത്യേകിച്ചും വൃണപ്പെടുത്തുന്ന തരത്തിലായിരുന്നു. കാരണം, അമേരിക്കന്‍ പൗര-സേനയും പ്രാദേശിക അമേരിക്കന്‍ ജനതയും ഫ്രാന്‍സിനെ പുറത്താക്കാനായി ബ്രിട്ടീഷിനോടൊപ്പം നിന്ന് പോരാടുകയായിരുന്നു. പക്ഷെ വിജയം നേടുന്നതില്‍ അത് പരാജയമായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ വാഷിംങ്ടണ്‍ പ്രഖ്യാപിച്ച പോലെ ശരിക്കുമുള്ള സ്വാതന്ത്ര്യ പോരാട്ടാനുഭവങ്ങളിലൂടെ ശക്തിപ്പെട്ട് സാമ്രാജ്യത്വപരമായ സങ്കീര്‍ണതകളില്‍ നിന്ന് മാറി, സ്വതന്ത്ര്യമായ പുതിയൊരു 'മൂന്നാംലോകം' സൃഷ്ടിച്ചെടുക്കാന്‍ മാത്രമുള്ള ആത്മ വിശ്വാസം ഇപ്പോള്‍ അവര്‍ കൈവരിച്ചിട്ടുണ്ട്.  പരമ്പരാഗത സൈന്യത്തോട് ഗറില്ലാ യുദ്ധം നടത്തിയായിരുന്നു അവരിത് നേടിയെടുത്തത്. (ലെന്‍മാന്‍ -1998)
അമേരിക്കന്‍ ഫെഡറല്‍ ഭരണഘടന ഏറെക്കാലം സമൂഹത്തിന് വേണ്ടിയുള്ള നിയമമായി നിലനിന്നില്ല. 1787ഓടെ അത് രാഷ്ട്ര തത്വങ്ങളിലധിഷ്ടിതമായി. സുസ്ഥിരവും സ്വതന്ത്രവുമായ സംരക്ഷണം സാമൂഹിക വിഭവങ്ങള്‍ക്കിടയില്‍ തുല്യമായി പരിചരിക്കപ്പെടുന്നതിന് പകരം സര്‍ക്കാര്‍ തലത്തില്‍ വിഭജനങ്ങളുണ്ടായി. തങ്ങളുടെ പ്രതിനിധികളുടെ മേല്‍ വേണ്ടത്ര അധികാരമുണ്ടായിരുന്ന ജനങ്ങളില്‍ നിന്നും പരമാധികാരം എടുത്തുകളഞ്ഞു. അത്തരം അധികാരങ്ങള്‍ പക്ഷെ ജനങ്ങള്‍ക്കെതിരെയായിരുന്നില്ല. കാരണം, ഓരോരുത്തരെയും തുല്യരായി നിര്‍ത്തിയ സര്‍ക്കാര്‍ തലങ്ങളില്‍ ചുറ്റപ്പെട്ടിരുന്നു അവര്‍. ആശയപരമായി ആരാണ് ജനങ്ങളെന്നോ എന്തൊക്കെയാണ് അവരുടെ ധര്‍മങ്ങളെന്നൊന്നും അത്ര കാര്യമായതേയില്ല; ആഭ്യന്തരമായി സന്തുലിതമായ ഒരു സര്‍ക്കാര്‍ എല്ലാവരുടെയും താല്‍പര്യങ്ങളെ അനുരജ്ഞിപ്പിച്ച് നിര്‍ത്തി. അതുകൊണ്ടൊക്കെതന്നെ ഫെഡറല്‍ ഭരണഘടന 'അനന്തമായി വ്യാപിക്കുന്ന' ഒരു ഘടനാ രൂപമായിരുന്നു. (പോക്കോക്- 1975, 525); ജനാധിപത്യപരവും അതോടൊപ്പം സാമ്രാജ്യത്വ രൂപവുമായിത്തീരാന്‍ കെല്‍പുള്ളത്. അത് കൊളോനിയലാകില്ല എന്ന് മാത്രം. അങ്ങനെ അധികാരവും പരമാധികാരവും ജനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകുകയായിരുന്നു.
ഏഷ്യന്‍ ഭൂഖണ്ഡത്തിലൂടെ അമേരിക്ക വ്യാപനപ്പെട്ടതോടെയത്, പുതിയ ഭൂപ്രദേശങ്ങളെയും ജനങ്ങളെയും ഭരണഘടനാ തത്ത്വങ്ങള്‍ക്ക് കീഴില്‍ കൊണ്ട് വന്ന കൊളോണിയലിസ്റ്റ് രൂപം ഉപേക്ഷിച്ചു.(30) ഉത്തര പശ്ചിമ പ്രദേശങ്ങളാണ് ഇന്നിപ്പോഴുള്ള അടിസ്ഥാന കൊളോണിയലിസം സൃഷ്ടിച്ചത്. ജനസംഖ്യ വര്‍ദ്ധിച്ചതോടെ ഉദ്യോഗസ്ഥരെയും ജഡ്ജുമാരെയും തെരഞ്ഞെടുത്ത് പൂര്‍ണമായ ഭരണപരമായ ചട്ടക്കൂടുള്ള രാഷ്ട്ര വ്യവസ്ഥയുടെ ഒരു ഭരണഘടന നിര്‍മിച്ചു. മേല്‍ത്തട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് അധികാരത്തിന്റെ രൂപത്തില്‍ നിന്ന് കീഴ്തട്ടിലുള്ള ജനകീയ പരമാധികാരത്തിലേക്ക് പ്രാഥമികമായ കൊളോണിയല്‍ അധികാരം രൂപമാറ്റം ചെയ്യപ്പെട്ടു. അതേകാലത്ത് തന്നെ യൂറോപ്യന്‍ കുടിയേറ്റ അധിനിവേശം നിര്‍മിച്ചെടുത്തതാണെങ്കിലും, അന്തിമമായ രാഷ്ട്രീയ രൂപം അമേരിക്കന്‍ അധീനകോളനിയുടേതായിരുന്നില്ല; പകരം, സ്വതന്ത്രവും ഇച്ഛാശക്തി കലര്‍ന്നതുമായ ഒരു ജനാധിപത്യ പ്രക്രിയയുടെ അനുബന്ധമായിരുന്നു അത്. പുതിയ പ്രദേശങ്ങള്‍, ഫെഡറല്‍ സര്‍ക്കാറുകള്‍ മൊത്തവിലക്ക് വാങ്ങി പൗരന്‍മാര്‍ക്ക് തുച്ഛമായ വിലക്ക് സ്വതന്ത്ര്യമായി വില്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ യൂണിയന്‍ വ്യവസ്ഥ അധിനിവേശ വാഴ്ചയേക്കാള്‍ വികസിച്ച് കൊണ്ടിരുന്ന സ്വാതന്ത്ര്യത്തെയും നീതിയുക്തമായ സ്വത്ത് സമ്പാദ്യത്തെയും കുറിച്ചുള്ള സാമ്രാജ്യത്വ സങ്കല്‍പങ്ങളായി മാറി.
ലൂസിയാന, ന്യൂ ഓര്‍ലിയന്‍സിലെ വലിയൊരു ശതമാനം ഫ്രഞ്ച് ജനതയോടൊപ്പം തന്നെ അമേരിക്കന്‍ പ്രസിഡണ്ടിന്റെയും സ്വതന്ത്രേതര ഔദ്യോഗിക വൃത്തങ്ങളുടെയും കരങ്ങളില്‍ പ്രാഥമികവും പരമവുമായ അധികാരങ്ങള്‍ നിശ്ചയിച്ച് ഈ മാതൃകയെ കുറച്ച് കൂടി വിപുലപ്പെടുത്തി. അതുവഴി രാഷ്ട്ര നിര്‍മ്മാണത്തിലേക്കുള്ള നീണ്ടപാതയും. ഇംഗ്ലീഷേതര ഭാഷകള്‍ സംസാരിക്കുന്ന വലിയൊരു വിഭാഗം ലൂസിയാന ജനതയെ അഭിമുഖീകരിക്കുന്നത് കൊണ്ട് അത്രയെളുപ്പത്തില്‍ വംശീയ വേരുകളില്‍ നിന്ന് അടര്‍ത്തിമാറ്റി ഭരണഘടന നടപ്പാക്കുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് ജനതയുടേതായ സ്വാതന്ത്രം അവര്‍ക്കും ഉറപ്പ് നല്‍കി. 1848ല്‍ മെക്‌സിക്കോയില്‍ നിന്ന് കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തപ്പോള്‍, ഒന്നുകില്‍ ഭരണഘടനാ ചട്ടക്കൂടും രാഷ്ട്ര വ്യവസ്ഥയും എത്രയും പെട്ടെന്ന് അംഗീകരിച്ച് നല്‍കുകയോ അല്ലെങ്കില്‍ പ്രദേശങ്ങള്‍ വിഭജിച്ച് നല്‍കുകയോ ചെയ്യുമെന്ന് വാദിച്ച് കൊണ്ട് ഡാനിയല്‍ വെബ്സ്റ്റര്‍ ലൂസിയാനയില്‍ കടന്ന് പോയ കോളനി ഭരണഘടനേതര സന്നിഗ്ധാവസ്ഥയെ നേരിട്ടു.
അമേരിക്ക വികസിച്ചുവന്നതോടെ കോടതി കണ്ടുപിടക്കപ്പെട്ടു, അല്ലെങ്കില്‍ 'കണ്ടെത്തപ്പെട്ടു'. എന്നിട്ടും, ഭരണഘടന അടിസ്ഥാന പരമായി ഒരു രേഖയായത് കൊണ്ട് തന്നെ ജനങ്ങള്‍ക്കും ഭൂപ്രദേശങ്ങള്‍ക്കുമുള്ള പുതിയ സാമൂഹികസ്ഥാനങ്ങള്‍ അസ്വീകാര്യമായിത്തീര്‍ന്നു. (പര്‍ക്കിന്‍സ് - 1962) വിദേശികള്‍ക്ക് പകരം, 'സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങള്‍ നമുക്കും നമ്മുടെ ഭാവിതലമുറക്കുമായി സംരക്ഷിക്കുക'യെന്ന യു.എസ് ഭരണഘടനാ ആമുഖവാക്യം അതിന് വഴികാട്ടുകയും ചെയ്തു. വിദേശികളും അവരുടെ ഭൂമികളും അമേരിക്കയുടെ അധീനത്തിലും അധികാരത്തിലുമായപ്പോള്‍, അധികാരം കോണ്‍ഗ്രസിന് അഥവാ ഇന്നിപ്പോഴുള്ള 'പ്രസിഡണ്ടിന്' നല്‍കുകയായിരുന്നു. 1898ല്‍ അമേരിക്ക സ്‌പെയിനില്‍ നിന്നും ഫിലിപ്പൈന്‍സ്, ഗുവാം, ക്യൂബ, പ്യൂര്‍ട്ടോറിക്കോ തുടങ്ങിയ രാഷ്ട്രങ്ങളുടെ സമുദ്രാന്തര നിയന്ത്രണമേറ്റെടുക്കുകയും രാജ്യം സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ പിന്തുടരുമോ എന്ന തരത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയ ചര്‍ച്ചക്കു വഴവെച്ച് ഹവായ് ദ്വീപ് ഉപരോധിക്കുകയും ചെയ്തതോടെ, ഈ അനിശ്ചിതത്വം കൂടുതല്‍ പ്രകടതമായി. സമ്പൂര്‍ണമായ ഉദ്ഗ്രഥനമോ അല്ലെങ്കില്‍ പൂര്‍ണ അപഗ്രഥനമോ മാത്രമായിരുന്നു ഭരണഘടന പ്രദാനം ചെയ്യുന്ന ശക്തമായ പരിഹാര മാര്‍ഗങ്ങള്‍. ജനകീയ പരമാധികാരമെന്ന ജനാധിപത്യ പ്രമാണം അതിനെ അനിവാര്യമായും അധിനിവേശ വിരുദ്ധമാക്കിത്തീര്‍ക്കുകയാണ്. യു.എസ്, അമേരിക്കന്‍-മെക്‌സിക്കന്‍ പ്രാദേശികതയില്‍ നിന്ന് ഭൂഖണ്ഡവ്യാപനത്തിലേക്ക് ചുവടെടുത്തതും അതിനുവേണ്ടി ചിലവൊടുക്കിയതും കോളനി രീതിയിലായിരുന്നു. പക്ഷേ, വിദേശീയമായ അധീശത്വം അനിഷേധ്യമാം വണ്ണം പ്രത്യക്ഷപ്പെടുന്നതോടെയാണ് കൊളോണിയലിസം പൂര്‍ണമായും ദൃശ്യപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും.

വിദേശത്തെ സാമ്രാജ്യത്വ ജനാധിപത്യം
അമേരിക്കന്‍ പൗരന്‍മാര്‍ തങ്ങളുടെ പ്രതിനിധികള്‍ക്കും സര്‍ക്കാറിനും അപരിമേയമായ അധികാരമാണ് നല്‍കുന്നത്. ഭരണഘടനാപരമായി അവരെ തിരിച്ച് വിളിക്കാന്‍ സാധ്യമാണെന്നതും സര്‍ക്കാറിന്റെ ഓരോ വിഭാഗങ്ങളും പരസ്പരം തുല്യമായി നിലനില്‍ക്കുന്നുവെന്നതും തന്നെ കാരണം. അമേരിക്കന്‍ അധിനിവേശ ഭരണത്തിന് കീഴില്‍ വന്ന ജനങ്ങള്‍ക്ക് പ്രാതിനിധ്യമൊന്നുമുണ്ടായില്ല. ഏറ്റവും ഗൗരവതരമായി ഭരണഘടനാപരമായ സര്‍ക്കാറിന്റെ എല്ലാവിധ പ്രവര്‍ത്തന സംവിധാനങ്ങളും അവരെ പരിരക്ഷിക്കുകയും ചെയ്തിരുന്നില്ല. രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്ന് അത്തരം വ്യക്തികളുടെയും വിഭാഗങ്ങളുടെയും എണ്ണം ഇരട്ടിയായി. സാമ്രജ്യത്വ പരിധിക്കകത്ത് കഴിയുമ്പോള്‍ തന്നെ നേരിട്ടുള്ള അമേരിക്കന്‍ അധിനിവേശ ഭരണത്തിന് പുറത്ത് ജീവിച്ചിരുന്നവരെ ഉള്‍ക്കൊള്ളിക്കുക ഉദ്ദേശിച്ചായിരുന്നു അത്. അമേരിക്കന്‍ ഭരണഘടന അസ്പഷ്ടരാക്കിത്തീര്‍ത്ത ആ വിഭാഗം, (അവ സൈന്യമോ, ഇന്റലിജന്‍സോ, വിദേശവകുപ്പോ ഏതുതന്നെയായാലും) വിദേശഘടകങ്ങളോടൊപ്പം ശക്തമായൊരു ന്യൂനപക്ഷത്തിന്റെ വാഴ്ചയെക്കുറിച്ചുള്ള ക്ലാസിക്കല്‍ വിഗ്ഗ് ബോധത്തിലോ, അമേരിക്കന്‍ സര്‍ക്കാറിലെ ഒരു വിഭാഗം കയ്യാളുന്ന അനിയന്ത്രിതമായ അധികാരം എന്ന യു.എസ് ഭരണഘടനാ കാഴ്ചപ്പാടിലോ പലപ്പോഴും കാര്യനിര്‍വ്വാഹക വിഭാഗം സ്വേച്ഛാധിപത്യത്തിന് വിധേയമാവുകയായിരുന്നു.
വിദേശികളുടെ ഭരണഘടനാപരമായ ഈ അസ്പഷ്ടത നിര്‍വാഹക, കോണ്‍ഗ്രസ്, ജുഡീഷ്യറി ഘടങ്ങള്‍ക്കകത്തെ നയ, പ്രവര്‍ത്തന നടപടിക്രമങ്ങളിലേക്കും പൗരത്വത്തിലേക്കും വ്യാപിക്കപ്പെട്ടു. ഒരുദാഹരണത്തിന്, യു.എസ് നാവിയുടെ ഗ്വാണ്ടനാമോ തടങ്കലില്‍ തടവുപുള്ളികളായി പിടിക്കപ്പെട്ടവര്‍ അമേരിക്കന്‍ ഭൂപ്രദേശത്തിനകത്ത് വരാത്തത് കൊണ്ട് തന്നെ അവര്‍ക്ക് യു.എസ് ഭരണഘടനയുടെ പരിരക്ഷയുണ്ടായിരിക്കില്ലെന്ന് ഫെഡറല്‍ ജഡ്ജി കൊളീന്‍ കോലാര്‍ കോടെലി (Coleen Kollar Kotelly) അടുത്തിടെ ഉത്തരവിടുകയുണ്ടായി. (31) ശത്രുരാഷ്ട്രമായ ക്യൂബ കീഴടക്കി വെച്ചതിന് നിയമപരമായി ഒരുവിധ തടസ്സവും അമേരിക്ക അനുഭവിക്കുന്നില്ല. ക്യൂബയെ കാലാകാലത്തേക്കായി അധീനപ്പെടുത്തി വെച്ചിരിക്കുകയാണ്. 1898 മുതലുള്ള അമേരിക്കന്‍ ഗവണ്‍മെന്റിന്റെ വിദേശാധിപത്യത്തെ ന്യായീകരിക്കാനായി പുതിയ പ്രദേശങ്ങള്‍ക്ക് ഭരണഘടനാപരമായ പദവികള്‍ നല്‍കുമ്പോള്‍ തന്നെ വിപരീത ദിശയില്‍, അതേ ഭരണഘടന വിദേശത്ത് പ്രാബല്യത്തില്‍ വരുന്നതിനെ നിഷേധിക്കുകയും ചെയ്യുന്നു കോടതികള്‍. അനുരണനമെന്നോണം, ആ പ്രദേശങ്ങളിലെല്ലാം അമേരിക്ക അവകാശങ്ങള്‍ അനുഭവിക്കുന്നുവെങ്കിലും അവിടങ്ങളിലെ സ്വദേശികള്‍ക്ക് ആവശ്യപ്പെടാവുന്ന ഏതുവിധ ബാധ്യതകളും അമേരിക്കക്ക് മേലുണ്ടായിരുന്നില്ല. അത് സ്വത്ത് വകകളെ ഒരാള്‍ക്ക് സ്വകാര്യമായി അനുഭവിക്കാനുളള സാമാന്യമായ അവകാശമായിത്തീര്‍ന്നു. യു.എസ് നിയമത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ ഗ്വാണ്ടനാമോ തടവുപുള്ളികള്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ അനിയന്ത്രിതവും അതുവഴി സ്വേച്ഛാധിപത്യപരവുമായ അധികാരത്തിന് കീഴടങ്ങേണ്ടിവന്നു. ഹേബിയസ് കോര്‍പസിനുള്ള അവരുടെ അപേക്ഷ തള്ളിയ ജഡ്ജ് വ്യക്തമായ നിയമരേഖകളില്‍ നിന്നും അവരെ അസ്പഷ്ടരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവുകയായിരുന്നു.(32) അത്തരം വിധിന്യായങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട് പറയാന്‍. അതുകൊണ്ട് തന്നെ ആ ഉത്തരവുകളുടെ താല്‍പര്യം മുന്‍മാതൃകകളുടെ സ്വഭാവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
പ്യൂര്‍ട്ടോറിക്കന്‍ താരിഫുകള്‍ക്ക് മേല്‍ ഒരു നൂറ്റാണ്ട് മുമ്പുണ്ടായ ടെസ്റ്റ് കേസില്‍, അമേരിക്കന്‍ സുപ്രീംകോടതി കോണ്‍ഗ്രസിന്റെ അറിവിലേക്ക് വിട്ട് കൊണ്ട്, സഖ്യവംശങ്ങളുടെ അധിനിവേശത്തെ താല്‍ക്കാലികമായി എടുത്തുകളഞ്ഞ് കൊണ്ട് നിയമം പ്രാബല്യത്തില്‍ വരുത്തുകയുണ്ടായി. വിധിന്യായത്തിന്റെ ഒരുഭാഗം: ഈ സമയത്തൊരു തെറ്റായെ ചുവടെടുക്കന്നത് എന്തായാലും ചീഫ് ജസ്റ്റിസ് മാര്‍ഷല്‍ വിശേഷിപ്പിച്ച 'അമേരിക്കന്‍ സാമ്രാജ്യത്വ'ത്തിന്റെ പുരോഗതിക്ക് വിനാശകരമായിത്തീരും. ചില വിഷയങ്ങളില്‍ നല്‍കുന്ന സ്വാതന്ത്ര്യം ചെറിയ വിഭാഗങ്ങളുടെ വലിയ തലങ്ങളിലേക്കുള്ള സ്വാഭാവികമായ പരിവര്‍ത്തനവും, മറ്റുചിലരിലുള്ള വിജയപൂര്‍ണമായ യുദ്ധഫലങ്ങളും, വിദൂരങ്ങളിലുള്ള അധീന ദേശങ്ങളുടെ വെട്ടിപ്പിടുത്തം ആഗ്രഹം മാത്രമാക്കിത്തീര്‍ത്തു. പക്ഷെ നമ്മുടെ മത, ആചാര, നിയമ, നികുതിക്രമ, ചിന്താരീതി, സര്‍ക്കാര്‍ നീതി നടത്തിപ്പുകള്‍ തുടങ്ങിയവയില്‍ നിന്നൊക്കെ ഏറെ വിഭിന്നരായ സഖ്യവംശങ്ങളെ ആയിടങ്ങളിലെല്ലാം കുടിയിരുത്തിയാല്‍ സര്‍ക്കാര്‍, നീതിന്യായ നിര്‍വഹണങ്ങള്‍ ആഗ്ലോ-സാക്‌സണ്‍ തത്ത്വങ്ങള്‍ക്കനുസരിച്ച് കാലങ്ങളോളം അതാര്യമായിത്തീരും. (182 യു.എസ്, 286f; പെര്‍ക്കിന്‍സ് 1962:28)
'ആകര്‍ഷകമായുള്ള' അമേരിക്കന്‍ സാമ്രാജ്യത്വ വ്യവസ്ഥിതിയെ തകര്‍ച്ചയില്‍ നിന്ന് താങ്ങിനിര്‍ത്തി പകരമായി സഖ്യവംശങ്ങളുടെ സ്വാതന്ത്ര്യത്തെ എടുത്തുകളയാന്‍ കോടതി തീരുമാനിച്ചു. വിദേശത്ത് സര്‍ക്കാറിന് ഭരണഘടനാ രഹിതമായി പ്രവര്‍ത്തിക്കാനൊക്കുമായിരുന്നു. കാരണം ഏകപക്ഷീയ ഭരണത്തിന്റെ ഭീഷണി വിദേശികള്‍ക്ക് മാത്രമാണുണ്ടായിരുന്നത്. അമേരിക്കക്കാരായ ആംഗ്ലോ സാക്‌സണ്‍ വംശജര്‍ക്കതു അനുഭവിക്കേണ്ടിയിരുന്നില്ല. വിദേശത്തെ കോളനി ഭരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ചരിത്രപരമായ മാതൃകകളില്ലാത്തത് കൊണ്ട്, പ്രകൃതിയാലുള്ള സ്വാതന്ത്ര്യമെന്ന സാര്‍വദേശീയ തത്ത്വത്തില്‍ നിന്ന് കോടതി പിന്മാറി. വിദേശീയരെ സ്വതന്ത്രാവകാശമുള്ള അമേരിക്കക്കാരനായി മാറ്റിയെഴുതിയും മറ്റും താല്‍ക്കാലിക അധിനിവേശം ഭൂഖണ്ഡാന്തര വ്യാപനത്തിന്റെ ശൈലി എത്രകാലം ഇങ്ങനെ തുടരുമെന്നൊരു സംശയമുണ്ട്.
അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വിദേശികള്‍ക്കുമേല്‍ ഭരണഘടനാതീതമായ അധികാരം നല്‍കിയും, (1900ല്‍ മക്കിംങ്‌ലിയുടെ സാമ്രാജ്യത്വ ചേരിയില്‍ നിന്ന് കൊണ്ടുള്ള പ്രസിഡന്‍ഷ്യല്‍ വിജയം പോലെ) അത്തരം രാഷ്ട്രീയക്കാരെ വീണ്ടും തെരെഞ്ഞെടുത്തുമൊക്കെ നീതിന്യായ വ്യവസ്ഥയും പൗരസമൂഹവും സര്‍ക്കാര്‍ വിദേശത്ത് നടത്തുന്ന ഏകപക്ഷീയ ഭരണത്തിനു അവരുയര്‍ത്തുന്ന വാഗ്ദാനങ്ങളുടെ പേരില്‍ പൂര്‍ണ്ണ സമ്മതം നല്‍കിയിരിക്കുയാണ്. അത്തരം പ്രകടനങ്ങള്‍, വാദ്യമേളങ്ങളോ കാഴ്ച പ്രകടനങ്ങളോ ഇല്ലാതെ വിദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് പൗരസമൂഹ, നീതിന്യായ, ജനാധിപത്യ വിഭാഗങ്ങളെ ബാഹ്യരംഗത്ത് അധികാരവും ഉത്തരവാദിത്വവും നല്‍കാതെ അപമാനിക്കുന്നതിനേക്കാള്‍ കൂടുതല്‍ അനുയോജ്യമായിരിക്കുമത്. ഗുപ്തമായ സാമ്രാജ്യം ജനാധിപത്യക്രമത്തെ കോളനി വിരുദ്ധ സ്വയം പരികല്‍പനയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കുന്നു. വിദേശത്തെ സാമ്രജ്യത്വം അഭ്യന്തര തലത്തില്‍ ജനാധിപത്യ ക്രമത്തെ കലുഷിതമാക്കുമെന്ന പഴയതരം ഭീതി പുലര്‍ത്തുന്ന ചുരുക്കം ചില സംഘടനകളൊഴിച്ചു നിര്‍ത്തിയാല്‍, വിദേശത്തെ അമേരിക്കന്‍ നടപ്പുകളോട് 'കുറ്റം കാണരുതേ'യെന്ന തരത്തില്‍ നിര്‍ദ്ദോഷകദൃക്കായ ഒരു നയം കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടില്‍ പരക്കെ വളര്‍ന്ന് വന്നിട്ടുണ്ട്. അത്തരമൊരു ആഭ്യന്തര പശ്ചാത്തലത്തിലാണ്, അവസരം ലഭിച്ചപ്പോഴൊക്കെ യു.എസ് ഭരണകൂടം വിദേശ കാര്യങ്ങളില്‍ ഒരു ഗൂഢസ്വഭാവം പുലര്‍ത്തിപ്പോന്നത്. ഏറെ അവസരങ്ങള്‍ അത്തരത്തിലവര്‍ക്ക് ലഭിച്ചിട്ടുമുണ്ടായിരുന്നു.

നിഗൂഢത അധികാര നയമാവുന്നു
ജൂലൈ 28, അഫ്ഗാനിസ്ഥാനിലെ കാബൂള്‍. ടീ ഷര്‍ട്ടും ജീന്‍സുമണിഞ്ഞ അമേരിക്കന്‍ സുരക്ഷാസേന വലിയ റൈഫിളുകള്‍ പിടിച്ച് പ്രസിഡണ്ടിന്റെ കാര്യാലയത്തിന് ചുറ്റും പതുങ്ങി നടക്കുകയായിരുന്നു ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍. അഫ്ഗാന്‍ സൈനികരോടൊപ്പം അമേരിക്കന്‍ സുരക്ഷാ സൈന്യത്തിലെ ഒരു വിഭാഗത്തില്‍ നിന്ന് ആദ്യത്തെ ആറ് പേരും പ്രസിഡണ്ട് ഹാമിദ് കര്‍സായിക്ക് സുരക്ഷയൊരുക്കി ഇവിടെ സ്ഥലത്തുണ്ടായിരുന്നു. (ന്യൂയോര്‍ക്ക് ടൈംസ്, 29 ജൂലൈ 2002)(34)
ടീഷര്‍ട്ടും ജീന്‍സുമെന്നാലെന്താണ്? ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അതിജയിച്ച അമേരിക്കന്‍ സ്വഭാവത്തില്‍ തീര്‍ത്തും വ്യത്യസ്തമാണ്. സൈനിക വാഴ്ച, അധിനിവേശ ഭരണം, പ്രാദേശിക പരമാധികാരികളുടെ ആശ്രിതാവസ്ഥ തുടങ്ങിയ എല്ലാ സാമ്രാജ്യത്വ സവിശേഷതകളും തുറന്ന ഔദ്യോഗിക അംഗീകാരത്തിന്റെ രീതിയില്‍ നിന്ന് രഹസ്യ ഓപറേഷനുകളിലേക്ക് വഴിമാറിയിരിക്കുന്നു. കഞ്ഞിപ്പശ മുക്കിയ അടിവസ്ത്രങ്ങളും തൂവല്‍ തൊപ്പികളും ധരിച്ച് ചുറ്റും വര്‍ണരാജിയണിഞ്ഞ രാജാക്കന്‍മാര്‍ക്കും സുല്‍ത്താന്‍മാര്‍ക്കുമൊപ്പം ഉപവിഷ്ടരാവുന്ന ഗവര്‍ണര്‍മാരുടെ ഇന്ത്യന്‍ ദര്‍ബാറുകള്‍ അമേരിക്കന്‍ സാമ്രാജ്യത്തിലുണ്ടാവില്ല. സത്യത്തില്‍ ഇവിടെ ഭരണ ചിത്രം നിര്‍വഹിക്കുന്നത് ഏറെയും രഹസ്യ റിമോട്ട് കണ്‍ട്രോളുകളാണ്. യുദ്ധക്കപ്പല്‍ നയതന്ത്രത്തില്‍ നിന്നും വ്യോമായന ബോംബാക്രമണത്തിലേക്കുള്ള പുരോഗതിയാണ് ഈ മാറ്റത്തെ അടയാളപ്പെടുത്തുന്നത്. മറ്റുരാജ്യങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളില്‍ അമേരിക്കയുടെ ഇടപെടല്‍ ഏറെയും പ്രകടമാവുന്നത് സുസ്ഥിതിയിലുള്ള ഇടങ്ങളില്‍ കയറിച്ചെന്ന് എല്ലാം അവര്‍ തച്ചുതകര്‍ക്കുമ്പോഴാണ്.
മുന്‍കാല സാമ്രാജ്യങ്ങള്‍ക്ക് വിരുദ്ധമായി, വിദേശ പരമാധികാര രാഷ്ട്രങ്ങളുമായുള്ള ഇടപെടലുകളില്‍ വൈജാത്യമുള്ളതായി അമേരിക്ക ഔദ്യോഗികമായി അംഗീകരിക്കില്ല. ദര്‍ബാറുകളില്ല, യുവ സഹോദരങ്ങളില്ല, ആദര ബഹുമതികളില്ല, അമേരിക്കയുടെ സുഹൃത്തുക്കള്‍ക്ക് വരാം പോകാം, സ്വതന്ത്രമാണ്. പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യൂ ബുഷ് ആവര്‍ത്തിച്ച് പറയാറുള്ള ആ 'നമ്മോടൊപ്പമോ എതിര്‍ചേരിയിലോ' എവിടെയായിരുന്നാലും(35) അധീശത്വബന്ധങ്ങളും സമ്പര്‍ക്കങ്ങളും വഴിയുണ്ടാവുന്ന പ്രത്യാഘാതങ്ങളുമെല്ലാം അംഗീകരിക്കപ്പെടാതെ പോവുന്നു. മുന്‍സാമ്രാജ്യങ്ങളൊക്കെ ജയാരവങ്ങളോടെയാണ് കോളനികള്‍ കീഴടക്കിയതെങ്കില്‍, അമേരിക്കയുടെ സ്വന്തം കണ്ടുപിടുത്തമായ 'ദേശാന്തരത്വ' സങ്കല്‍പങ്ങള്‍ തങ്ങള്‍ ചരിത്രത്തത്രലൊന്നുമില്ലെന്ന ഒരു വിചാരമുണര്‍ത്തി. 1839-1842 കാലത്തെ കറുപ്പ് യുദ്ധത്തിനൊടുവില്‍  ചൈനയില്‍ നിന്ന് മാതൃക സ്വീകരിച്ച് വിദേശത്തെ യു.എസ് സേവനദാതാക്കള്‍ (തയ്യല്‍പണിക്കാരോ ആരു തന്നെയായാലും ശരി) അവിടങ്ങളിലെ നിയമങ്ങള്‍ക്ക് വിധേയരാവില്ലെന്ന ദേശവ്യാപകമായ നയനിലപാടുകള്‍ മുന്നോട്ട് വെക്കുകയുണ്ടായി. (ജോണ്‍സണ്‍, 2000: 43) അവരുടെ സാന്നിധ്യം ഗൂഢവും അസാന്നിധ്യം കല്‍പിതവുമാണ്. ജീന്‍സും ടീഷര്‍ട്ടുമണിഞ്ഞ് പതുങ്ങി നടക്കുന്ന അഫ്ഗാന്‍ പ്രസിഡണ്ടിന്റെ അമേരിക്കന്‍ അംഗരക്ഷകര്‍ക്ക്, നോര്‍ത്ത് കരോലിനയിലോ ഫ്‌ളോറിഡയിലോ ഒക്കെ കഴിയാവുന്നത് പോലെ ഇവിടെയുമാകാം. ഒരു ശ്രീലങ്കന്‍ നേതാവ് രാജ്യത്തെ തമിഴ് വിമതരോട് പറയപ്പെടാറുള്ള പോലെ, ഒരു ടെലിഫോണ്‍ നമ്പറുമില്ലാത്തവരോട് എങ്ങനെ നിങ്ങള്‍ക്ക് ബിസിനസില്‍ ഏര്‍പെടാനാവും? അതേയവസ്ഥ തന്നെയാണ് ലോകത്തുനീളമുള്ള ഒരുപാട് ജനങ്ങള്‍ അമേരിക്കയില്‍ നിന്ന് അനുഭവിക്കുന്നതും.
അധികാരത്തിന്റെ പൊതുപ്രതിനിധാനമാണ് ഭരണനിര്‍വഹണത്തിന്റെ മുഖ്യമാര്‍ഗമെന്ന് ബെര്‍ണാര്‍ഡ് കോണ്‍ എഴുതിവെച്ചിട്ടുണ്ട്. എന്തിനാണ് ഇന്ത്യക്കാരന്‍ ഇംഗ്ലീഷുകാരനെ ശ്രദ്ധിക്കുമെന്നും അതെങ്ങിനെയായിരിക്കുമെന്നും എല്ലാ വിഭാഗങ്ങള്‍ക്കുമുള്‍കൊള്ളാവുന്ന ഭാഷയില്‍ വ്യക്തമാക്കപ്പെടേണ്ടതുണ്ട്. അധിനിവേശ ഭരണത്തിന്റെ അടിത്തറ പിടിച്ചു കുലുക്കിയ 1857-58ലെ കലാപത്തിനു ശേഷമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സന്തോഷത്തോടെ സംസാരിക്കാന്‍ തുടങ്ങിയത്. അപകടകരമായ മുറിവുകള്‍ ഉണ്ടാക്കിയ സംഭവം സാമ്രാജ്യത്വ കാഴ്ചപ്പാടിനും പ്രതിനിധാനത്തിനും വ്യക്തത നല്‍കി. അവിടം മുതല്‍ ഇന്ത്യന്‍ ജനത ബ്രിട്ടീഷ് രാജ്ഞിയുടെ പ്രജകളായിത്തീര്‍ന്നു. 1877ല്‍ സാമ്രാജ്യത്വ സമിതി അവരെ ഇന്ത്യയുടെ കൂടി അധിപയായി പ്രഖ്യാപിച്ചു. ഈ മഹാദര്‍ബാറില്‍ - രാജാക്കന്‍മാര്‍, ഭൂപ്രഭുക്കള്‍, പത്രാധിപര്‍, പ്രാദേശിക മാന്യജനങ്ങള്‍- എല്ലാ വിഭാഗം ഇന്ത്യന്‍ ജനതയും അംഗീകരിക്കപ്പെട്ടു; വിക്‌ടോറിയയെ പ്രഭ്വിയാക്കിയും ഇന്ത്യന്‍ ജനതയെ അവരുടെ പ്രജകളാക്കിയും ബ്രിട്ടീഷ് സാമ്രാജ്യം അംഗീകാരം നേടുകയായിരുന്നു. (ബെയ്‌ലി, 1999: 346-51) ഇന്ത്യയുടെ സാമൂഹിക ശാസ്ത്രം രൂപപ്പെടുത്തിയെടുക്കാലായിരുന്നു സമിതിയുടെ ലക്ഷ്യമെന്ന് കോണ്‍ എഴുതുന്നു. (കോണ്‍, 1987: 658)
താരതമ്യേന ഒരു കാര്യം പറയേണ്ടതാണ്. അധികാര, ഭരണ സ്വാധീനങ്ങളൊന്നും പ്രകടിപ്പിക്കാതെ അമേരിക്ക അവരുടെ കര്‍തൃത്വത്തെ അപപ്രതിനിധീകരിക്കുകയാണ്. അല്ലെങ്കില്‍ അസന്തുഷ്ടകരമായ കാര്യങ്ങള്‍ മറച്ചുവെക്കുകയോ കാപട്യം കാണിക്കുകയോ മറ്റോ ആണ്. വിദേശത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശ്രദ്ധേയമായ സവിശേഷത അതിന്റെ നിഗൂഢ സ്വഭാവമാണെന്ന് നാം ചര്‍ച്ച ചെയ്തു. ബലാല്‍ക്കാര കൃത്യങ്ങളുടെ സമയസ്ഥലങ്ങള്‍ക്കപ്പുറം കാര്യമായ പ്രതിഫലനങ്ങളൊന്നുമുളവാക്കാത്ത പരസ്പര ബന്ധിതമായ ഒട്ടേറെ കാര്യങ്ങളുമായി നിഗൂഢ സ്വഭാവത്തിന് സാമ്യതയുണ്ട്: സൈനിക സാഹസങ്ങളില്‍ അതിധ്രുതമുള്ള പ്രവേശന, പിന്മാറ്റങ്ങള്‍; ശസ്ത്രക്രിയ വ്യോമാക്രമണങ്ങള്‍; താല്‍ക്കാലിക തോതിലുള്ള അധിനിവേശം; മറ്റുരാജ്യങ്ങളുമായുള്ള സമ്പര്‍ക്കങ്ങളിലെ വ്യവസ്ഥാരാഹിത്യം; യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പശ്ചിപൂര്‍വ്വേഷ്യന്‍ മിന്നല്‍ സന്ദര്‍ശനം, സുപ്രധാനമായ ഭീകര വിരുദ്ധ കരാറില്‍ തങ്ങള്‍ പങ്കാളികളാകുന്നുവെന്ന യാത്രയുടെ പ്രാധാന്യം വകവെക്കാതെ മുഴുവന്‍ തലസ്ഥാനങ്ങളിലും ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രം തങ്ങിയുള്ള സഞ്ചാരങ്ങള്‍. (37) എല്ലാംകൂടി അന്താരാഷ്ട്ര സമൂഹത്തിന്റെ ഭരണ സാമൂഹിക ശാസ്ത്രം രൂപപ്പെട്ടിരിക്കുകയാണ്. ദേശ സമൂഹങ്ങള്‍ക്ക് തങ്ങളുടെ ലക്ഷ്യത്തെയും സുഹൃത്തുക്കളെയും (അതിനെത്തുടര്‍ന്നുള്ള പ്രത്യാഘതങ്ങളെയും) സ്വയം തെരഞ്ഞെടുക്കാം. അധിനിവേശം അന്യായമാണെന്ന അറിവോടെത്തന്നെയാണ് അമേരിക്കയുടെ സൈനിക നടപടികളെല്ലാം. എല്ലാം നശിപ്പിക്കുക, ഒറ്റയടിക്കുതന്നെ പരിഹരിച്ച് തീര്‍ക്കുക എന്നതാണവരുടെ നയം. അതുപോലെത്തന്നെ സ്വേച്ഛാധിപത്യ ഭരണങ്ങളെ അട്ടിമറിച്ച രാഷ്ട്രങ്ങളെ സ്വതന്ത്ര്യമാക്കുക. ലോകവ്യാപകമായ അമേരിക്കന്‍ വിമത സ്വഭാവത്തിന് സംഭവിച്ച 1960കളിലെ ലൈംഗിക വിമോചനവുമായി ആഭിമുഖ്യത്തിലായി, ടീഷര്‍ട്ടും ജീന്‍സും അഫ്ഗാനിസ്ഥാന്റെ മത രാഷ്ട്രീയ സാമൂഹിക ലൈംഗിക വിമോചനത്തെ, മറച്ചുവെക്കുകയും അതിനപ്പുറം അപര സ്വത്വത്തില്‍ അടായാളപ്പെടുത്തുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. (ഹര്‍ഷ് കിന്ദ്, മഹ്മൂദ്, 2002) ആഗൂഢസ്വഭാവം അമേരിക്ക ലോകത്ത് തങ്ങളുടെ അധികാരം അടയാളപ്പെടുത്താനായി തെരഞ്ഞെടുത്ത രൂപം മാത്രമാണെന്ന് നമുക്ക് സംഗ്രഹിക്കാം.

ഭീകരതയുടെ ദൃശ്യപരത: ചരിത്രപാഠങ്ങള്‍
കാഴ്ചപ്രകടനങ്ങള്‍ നീഗൂഢ സ്വഭാവത്തോടുള്ള പ്രതികരണമാണ്. 2001 സെപ്തംബറിലെ ന്യൂയോര്‍ക്ക് അക്രമണത്തിന്റെ ചലച്ചിത്രമൂല്യം ഏറെ ശ്രദ്ധിക്കപ്പെട്ടതുമാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിന്‍ലാദനാണെന്ന് തീര്‍ച്ചപ്പെടുത്തുന്ന നിയമപരമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അഫ്ഗാന്‍ ബോംബിങ്ങും (വലിയൊരു പ്രേക്ഷക പ്രതികരണത്തോടൊപ്പം) സങ്കീര്‍ണമായ പൊതുസംസാരം സൃഷ്ടിച്ച ബിന്‍ ലാദന്റെ ടെലിവിഷന്‍ അരങ്ങേറ്റങ്ങളും പുനര്‍വ്യാഖ്യാനത്തിന് വിധേയമാക്കുകയാണ്. അപ്പോള്‍ എന്താണ് ബിന്‍ ലാദന്‍ ആവശ്യപ്പെട്ടിരുന്നത്? അല്ലെങ്കില്‍ എന്താണ് അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചത്?
ഒന്നാമതായി ഗള്‍ഫ് യുദ്ധം മുതല്‍ക്ക് തന്നെ അമേരിക്കന്‍ പട്ടാളം സൗദി മണ്ണില്‍ നിന്ന് വിട്ടുപോവണമന്ന ദീര്‍ഘകാലമായ ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നു. (38) അതിപ്പോള്‍ ഫലസ്ഥീനിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഈ ആവശ്യം അമേരിക്കന്‍ അധിനിവേശ വിരുദ്ധ ശൈലി സ്വീകരിച്ചത് യു.എസിനെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. അമേരിക്ക കോളനി വിരുദ്ധം തന്നെയാണെങ്കില്‍, എന്താണ് അവരുടെ സൈന്യം അവിടങ്ങളിലൊക്കെ ചെയ്ത് കൊണ്ടിരിക്കുന്നത്? നിയമപരമായി രൂപീകരിക്കപ്പെട്ട ഭരണ കൂടങ്ങള്‍ ക്ഷണിച്ചിട്ടാണ് അവിടെപോവുന്നതെന്നാണ് അമേരിക്കയുടെ മറുപടി.(39) അതുകൊണ്ട് തന്നെ പ്രാദേശിക ഭരണ കൂടങ്ങള്‍ അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് എല്ലായിടത്തും. ഇത് നമ്മെ മറ്റൊരു വിഷയത്തിലേക്ക് കൂടി കൊണ്ടെത്തിക്കുന്നുണ്ട്.
അഫ്ഗാന്‍ ബോംബിങ്ങിന് തൊട്ടുടനെത്തന്നെ വീഡിയോടേപ്പില്‍ ബിന്‍ലാദന്‍ പറഞ്ഞു: അമേരിക്ക ഇപ്പോള്‍ രുചിച്ചത് നാം ദശകങ്ങളായി അനുഭവിച്ച് കഴിഞ്ഞതാണ്. അന്‍പതില്‍ ചില്ലാനും വര്‍ഷങ്ങളായി നമ്മുടെ സമുദായം ഇതേ പീഢനങ്ങളും അപമാനങ്ങളും നേരിട്ടു. ഒരാളും കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്തില്ല. പക്ഷെ എണ്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമിപ്പോള്‍ വാള്‍ അമേരിക്കക്ക് നേരെ നീണ്ടപ്പോള്‍ കാപട്യങ്ങള്‍ തലപൊക്കി പുറത്ത് വരാന്‍ തുടങ്ങി.'(40) എണ്‍പത് വര്‍ഷങ്ങള്‍ എന്നത് കൊണ്ട് എന്താണ് അദ്ദേഹം സൂചിപ്പിച്ചത്?
ഇസ്‌ലാമിക കലണ്ടര്‍ ഗ്രിഗേറിയന്‍ കലണ്ടറിനനുസരിച്ച് മാറ്റിയാല്‍ എണ്‍പത് വര്‍ഷങ്ങള്‍ക്കപ്പുറം 1924വരും. ശരീഫ് ഹുസൈന്‍ ഖലീഫയായി സ്വയം അവരോധിതനായതിനെത്തുടര്‍ന്ന് തുര്‍ക്കി പാര്‍ലമെന്റ് ആഗോള ഇസ്‌ലാമിക ഖിലാഫത്ത് നിരോധിച്ച വര്‍ഷമായിരുന്നു അത്. അതേതുടര്‍ന്ന് വിശുദ്ധ മക്ക, മദീന നഗരങ്ങളുടെ ഉടമാവകാശം കൈയ്യാളിയിരുന്ന സൗദികള്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറുമാസത്തിനിടയിലാദ്യയി ഒടുവിലൊരു ആധുനിക ഇസ്‌ലാമിക സാമ്രാജ്യത്തിന് യൂറോപ്യന്‍ ഭരണാധികാരികള്‍ രൂപം കൊടുക്കുയുണ്ടായി. ആഗോള ഖലീഫക്ക് പകരം ഒരു ഗോത്രമുഖ്യന്‍ രണ്ട് വിശുദ്ധ നഗരങ്ങളുടെയും കൈകാര്യകര്‍ത്താവായി അവരോധിക്കപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കൃത്യങ്ങളിലേക്ക് ലോകത്തിന്റെ കണ്ണ് മാറിയപ്പോള്‍, ബിന്‍ ലാദന്‍ സൗദി അറേബ്യയിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. ഈ ഭൂമിശാസ്ത്രപരമായ നീക്ക് പോക്കുകള്‍ ഒരിക്കല്‍ മനസ്സിലാക്കിയയാള്‍ക്കറിയാം ഈ സംഘട്ടനം ഒരു ചരിത്രസംഭവമായി മാറിയിട്ടുണ്ട്; ബിന്‍ലാദന്‍ പറയുന്നത് സംഭവങ്ങളെ 'ചരിത്രവല്‍ക്കരിക്കാനാണ്' എന്നൊക്കെ. അദ്ദേഹം ആവശ്യപ്പെടുന്നത് സ്വന്തമായൊരു സാമ്രാജ്യമില്ലാതെ വ്യര്‍ത്ഥവ്യായാമം നടത്തുന്ന മുസ്‌ലിംകള്‍ക്ക് ഈ സാമ്രാജ്യത്വലോകം അതിശക്തരായ അയല്‍ക്കാരാണെന്ന് തിരിച്ചറിയണമെന്നാണ്. സൗദികളെപ്പോലുള്ള മുസ്‌ലിംകളുടെ പ്രാദേശിക നേതൃത്വത്തിന് അവരെ നിയന്ത്രിക്കാനോ നിഷ്‌കാസനം ചെയ്യാനോ സാധ്യമല്ല. അവരുടെ രാഷ്ട്രീയ പ്രക്രിയ നിലച്ചിരിക്കുകയാണ്. ബിന്‍ലാദന്റെ തൊട്ടടുത്ത ലക്ഷ്യം, ഞാന്‍ മനസ്സിലാക്കുന്നത് സൗദി അറേബ്യയായിരുന്നു, അമേരിക്കയൊന്നുമല്ല. അത് വെറുമൊരു വഴിതടസ്സം മാത്രമാണ്. എന്നിരുന്നാലും ഈ വീക്ഷണങ്ങള്‍ നേരത്തെ പറഞ്ഞ ആവശ്യങ്ങള്‍ അടക്കിപ്പിടിച്ചിരിക്കുന്ന ധാര്‍ഷ്ട്യവും പരിഭ്രമവും അമര്‍ഷവും പൂര്‍ണമായും മനസ്സിലാക്കിടെയുക്കാന്‍ പര്യാപ്തമല്ല. അപരിചിതമായ ഈ വികാരങ്ങള്‍, 1763ലെ ഫ്രാന്‍സിനോടുള്ള ബ്രിട്ടന്റെ പരാജയത്തെത്തുടര്‍ന്ന് വന്ന വിപ്ലവാത്മക അമേരിക്കയെ പ്രതിധ്വനിക്കുന്നുണ്ട് എന്ന് നേരത്തെ ചര്‍ച്ചചെയ്തു. (പോക്കോക്, 1975: 543) ബിന്‍ ലാദനും അഫ്ഗാന്‍ അറബികളും സോവിയറ്റിനെതിരെ അമേരിക്കയെ സഹായിച്ചിരുന്നത് ഇപ്പോള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. 1990കളുടെ ആരംഭത്തില്‍ അമേരിക്കക്കാര്‍ തുടങ്ങിവെച്ച് ഇന്നും അവസാനിക്കാത്ത അഫ്ഗാന്‍ ഉപരോധം തിരിച്ചറിഞ്ഞു. ഒരു സാമ്രാജ്യത്വ ശക്തിക്കെതിരെ അവര്‍ നേടിയ സൈനിക വിജയവും മറ്റൊന്നിനെതിരെ അവര്‍ നേരിടുന്ന പരാജയവും ഈ സമയം മുതല്‍, അമേരിക്കക്കെതിരെയുള്ള അവരുടെ ഗറില്ലാ പോരാട്ടത്തെ ശക്തിമത്താക്കിത്തീര്‍ക്കുന്നു.
വിസ്തൃതമായ അറേബ്യന്‍ ഉപദ്വീപിലുണ്ടായ സംഭവങ്ങളുടെ ഒടുക്കം കൂടുതല്‍ വിഷമകരമായിരുന്നു. അന്ന് ബിന്‍ ലാദനും അദ്ദേഹത്തോടൊപ്പം തിരികെ വന്ന അഫ്ഗാന്‍ അറബികളും ജന്മനാടായ ദക്ഷിണ യമനിലെ ഭരണ വര്‍ഗ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കൊലകളിലൂടെ തകര്‍ത്ത് കളയുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയായിരുന്നു. ശീതയുദ്ധത്തിലുടനീളം, ഏദന് സമീപമുണ്ടായിരുന്ന അല്‍ ആനദിലെ സോവിയറ്റ് വ്യോമതാവള മേഖലയിലെ അമേരിക്കന്‍ സാന്നിധ്യത്തെ തളര്‍ത്തി. ഉപദ്വീപിലെത്തന്നെ ഏറ്റവും വലിയ സൈനികസങ്കേതമായി നിലകൊണ്ടു അത്. 1994ലെ യമന്‍ സിവില്‍ യുദ്ധത്തില്‍ സോഷ്യലിസ്റ്റുകള്‍ സമ്പൂര്‍ണമായി പരാജയപ്പെടുന്നതോടെ അറേബ്യയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കുണ്ടായിരുന്ന ഭീഷണിയും പിഴുതെറിയപ്പെട്ടു. ഏദനില്‍ നാവിക സാന്നിധ്യവും സൗദി അറേബ്യയില്‍ വ്യോമസാന്നിധ്യവും ഉറപ്പിച്ച് യമനില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധങ്ങളില്‍ നിന്നും അമേരിക്ക ലാഭം കൊയ്യുന്നത് തന്നെ ബിന്‍ലാദനും സഹകാരികള്‍ക്കും ധാരാളമായിരുന്നു. യു.എസ്സിപ്പോള്‍ വെറുമൊരു വൈദേശികാധിപതിയോ സാമ്രജ്യത്വ ശക്തിയോ മാത്രമല്ല, ലോകത്താകമാനം എതിരാളികളുടെ ഭീഷണിയില്‍ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുന്നൊരു രാജ്യമായിരിക്കും അടുത്തിടെയത്; പ്രത്യേകിച്ചും 1763ന് ശേഷം അമേരിക്കക്കാര്‍ക്ക് ബ്രിട്ടീഷുകാരെ അനുഭവപ്പെട്ടത് പോലെ. ബിന്‍ലാദന്‍ ആവശ്യപ്പെടുന്നത് ഒരു മുസ്‌ലിം സാമ്രാജ്യം സ്ഥാപിച്ച് അവിടെ ഖലീഫയായിത്തീരുകയോ അല്ലെങ്കില്‍ അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ കടലിടുക്കില്‍ ഒതുക്കിനിര്‍ത്തുകയോ ആകും. പക്ഷെ വ്യക്തമാവുന്നത് സോവിയറ്റ്-യു.എസ് സാമ്രാജ്യത്വ വൈരത്തിനിടയിലും പുറത്തുമുള്ള ഒരു 'മൂന്നാംഗതി'ക്കാരുടെ കാഴ്ചപ്പാടാണ് ഇതെന്നാണ്. മുസ്‌ലിംലോകത്തിലൂടെ മാത്രമല്ല, ലാറ്റിനമേരിക്ക, ഫ്രാന്‍സ് രാജ്യങ്ങളിലുടനീളമുണ്ടായിരുന്ന ഒരു പ്രവാഹത്തെ അത് മുറിച്ച് കളഞ്ഞിരിക്കുന്നു. (41)
തെക്കേഷ്യക്കാര്‍ ഖിലാഫത്ത് എന്ന് വിളിക്കുന്ന, ആഗോള ഖലീഫയെ നിരോധിച്ചതായിരുന്നു ബ്രിട്ടീഷ് ഇന്റലിജന്‍സിനെ രണ്ടാം ലോകയുദ്ധത്തിന് ശേഷം ലോകവ്യാപകമായി സജീവമാക്കി നിര്‍ത്തിയ രണ്ട് കാര്യങ്ങളിലൊന്ന്. മറ്റൊരു കാര്യം അന്താരാഷ്ട്ര കമ്യൂണിസമായിരുന്നു. ഒരു ലോകമുസ്‌ലിം ഖലീഫയെ ജനാധിപത്യ പരമായി തെരെഞ്ഞെടുക്കാനുള്ള ആധികാരിക മാധ്യമമായി ഇന്റര്‍നെറ്റിനെ ആഘോഷിച്ച് കൊണ്ട് വെബ്‌പേജുകള്‍ സജീവമാണിന്ന്. ബ്രിട്ടനിലെ പാകിസ്താനികള്‍ അതിന്റെ മുഖ്യ പ്രണേതാക്കളില്‍ പെട്ടവരാണ്. എന്റെ അഭിപ്രായത്തില്‍ ഒന്നാമതായി രണ്ട് പേരുകള്‍ മുന്നോട്ട് വെക്കാം: മുല്ലാ ഉമറും ബിന്‍ ലാദനും. ഇനിയും, മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദിനെപ്പോലുള്ള മറ്റു ആകര്‍ഷക വ്യക്തിത്വങ്ങള്‍ കൂടി ഉള്‍കൊണ്ടേക്കാം.
ഭൂതതകാലത്തെ സമാന്തരങ്ങള്‍ വിസ്മയാവഹമാണ്.(42) അഫ്ഗാന്‍ ബോംബിങ്ങിനോടുള്ള ഉസാമയുടെ വീഡിയോ ടേപ്പ് പ്രതികരണം -'എണ്‍പത് വര്‍ഷങ്ങള്‍'- ഒരു ചരിത്ര സംഭവത്തിലേക്കുള്ള സൂചന നല്‍കുകയുണ്ടായി. അഥവാ ആഗോള മുസ്‌ലിം ഖിലാഫത്തിന്റെ തകര്‍ച്ച. ഈ വായനയനുസരിച്ച് അദ്ദേഹത്തിന്റെ യു.എസുമായുള്ള സംഘട്ടന കാഴ്ചപ്പാട്, പോര്‍ച്ചുഗീസുമായുള്ള പോരാട്ടത്തിലൂടെ ആരംഭംകുറിച്ച അന്തര്‍ദേശീയമായ ഹദ്‌റമീ മുസ്‌ലിം ദേശാടനവും യൂറോപ്യന്‍ സാമ്രാജ്യങ്ങളും തമ്മിലുളള ഇന്ത്യന്‍ സമുദ്രത്തിലെ സംഘട്ടനങ്ങളുടെ ചരിത്രത്തിനുമേല്‍ രൂപപ്പെടുത്തിയതാണെന്ന് തോന്നും. ശക്തമായ ഏകാന്തമുഖങ്ങളില്‍ ചാവേര്‍ രക്തസാക്ഷിയായിക്കൊണ്ടുള്ള പ്രതികരണങ്ങള്‍ പലനിര്‍ണായക ഘട്ടങ്ങളിലും ആവര്‍ത്തിച്ചിട്ടുണ്ട്. 1570ലെ മഖ്ദൂമിന്റെ ഗ്രന്ഥത്തിന് ശേഷം അതിനെല്ലാം ആശയപരമായ സാധുതയും രൂപവും കൈവന്നു. 'എണ്‍പത് വര്‍ഷത്തിലധിമായി നടമാടിക്കൊണ്ടിരിക്കുന്ന കണക്കില്ലാത്ത അടിച്ചമര്‍ത്തലകളെയും അപമാനപ്പെടുത്തലുകളെ'യും കുറിച്ച് പലയിടങ്ങളിലായി മലൈബാരി പരാതിപ്പെടുന്നുണ്ട്. (മലൈബാരി, 1987: 46-47) കൂടുതലായി, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നടന്ന ഡച്ച് - ആച്ചെ യുദ്ധത്തിനിടയില്‍ രൂപപ്പെട്ട ഹികായത്ത് ഫറങ്ക് സബീല്‍ (Hikayat Prang Sabeel) ഡച്ചിനെതിരെയുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വത്തെ ഇപ്പോള്‍ ആഘോഷിക്കുന്നുണ്ട്. കുറച്ചു കൂടി കിഴക്കില്‍ മുസ്‌ലിം ഫിലിപ്പൈന്‍സിലടക്കമുള്ള സ്പാനിഷ്, അമേരിക്കന്‍ സ്വാതന്ത്ര്യ സമര അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുമുള്ള പോരാട്ടങ്ങളെ അത് സമാനമായ രീതിയില്‍ പ്രചോദിപ്പിച്ചിട്ടുണ്ട്. (ഡെയ്ല്‍, 1980: 59, മജൂല്‍ 1973: 356) കഴിഞ്ഞ കാലത്തേത് പോലെ ഇപ്പോഴും, നാവിക വിദഗ്ദനായ വ്യക്തിക്ക് സാമ്രാജ്യത്വവും ദേശാടനവുമായൊക്കെച്ചേര്‍ന്ന്, സാമ്രാജ്യത്വ ഭൂമിശാസ്ത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് സംഘട്ടനങ്ങളെ അന്താര്‍ദേശീയ വല്‍ക്കരിച്ച് വലിയൊരു സ്വാധീനം തന്നെ നേടിയെടുക്കാനിപ്പോള്‍ കഴിയും.
പോയകാലത്തിലെ ഏറ്റവും ശ്രദ്ധേയമായ സമാന്തരതത്വം അതിന്റെ ഭൂമി ശാസ്ത്രമാണ്. ഉഥ്മാനിയ്യ സാമ്രാജ്യത്വം ഒരിക്കലും ചെങ്കടല്‍ കടന്ന് മുന്നോട്ട് പോയിട്ടില്ലെങ്കിലും, ഒരു ആഗോള മുസ്‌ലിം സാമ്രാജ്യ സങ്കല്‍പങ്ങള്‍ ജനസാന്ദ്രമായ ബ്രിട്ടീഷ് ഇന്ത്യയിലും (ഓസ്‌കാന്‍ 1997) ഡച്ച് ഈസ്റ്റിന്‍ഡീസിലും (ഇന്നത്തെ ഇന്തോനേഷ്യ) മറ്റിടങ്ങളുടെ കൂട്ടത്തില്‍ തീപിടിച്ചിരുക്കുന്നു. ഗാന്ധി 1919ലെ ഇന്ത്യയുടെ വൈദേശിക വിരുദ്ധ പോരാട്ടത്തോടൊപ്പം അതിനെ കൂട്ടിച്ചേര്‍ത്തു. അത് ഇന്ത്യയിലെ ബ്രിട്ടീഷ് അന്ത്യത്തിന് സമാരംഭം കുറിക്കുകയായിരുന്നു. (മനോല്‍റ്റ് 1982) ബിന്‍ ലാദനോടൊപ്പം ചേര്‍ന്ന് യു.എസ് താല്‍പര്യങ്ങള്‍ക്ക് നേരെയുണ്ടായ അക്രമണങ്ങള്‍ മധ്യേഷ്യയിലായുന്നില്ല സംഭവിച്ചത്. പകരം, താന്‍സാനിയ, കെനിയ, സോമാലിയ, യമനിലെ ഏദന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി ഇന്ത്യന്‍ സമുദ്രത്തിന് ചുറ്റുമാണ് അവ നടന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
ഈ ഭൂമി ശാസ്ത്ര സാദൃശ്യം കൊണ്ട് ഉദ്ദേശിക്കുന്നത് തെക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയില്‍ കണ്ട പ്രകാരം ടെലിവിഷന്‍ സ്‌ക്രീനില്‍ അനാവൃതമാവുന്ന സംഭവങ്ങള്‍ക്ക് ആഴമേറിയ ചരിത്രാനുരണനങ്ങളുണ്ടെന്ന വസ്തുതയാണ്. കുതിരപ്പുറത്തെ പോരാളികളും ഭീമാകാരമായ 'കൊള്ളിമീനു'കളും ദേശീയ, മത വാര്‍ഷിക വേളകളില്‍ സര്‍ക്കാര്‍ ടെലിവിഷനുകളില്‍ സാധാരണയായി സംപ്രേഷണം ചെയ്യാറുള്ള ഇതിഹാസ കഥകളിലെ പരിചിത കാഴ്ചകളാണ്.
ചരിത്രമൊരു കാഴ്ചയാണ്. അഫ്ഗാനിസ്ഥാനിലെ ബോംബുവര്‍ഷ പരമ്പരകള്‍ക്കും വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത് കൊണ്ടുള്ള പ്രതികരണങ്ങള്‍ക്കും ദീര്‍ഘമായ ചൂണ്ടുവിരല്‍ കൊണ്ടുള്ള അപൂര്‍വമായ അംഗവിക്ഷേപങ്ങള്‍ കൊണ്ടും കൃത്യമായ താളത്തിലും കാല്‍പനികവും ഇതിഹാസപരവുമായ അറബിയിലും സംസാരിച്ച് കൊണ്ടുള്ള ഉസാമ ബിന്‍ ലാദന്റെ അല്‍ ജസീറ പ്രക്ഷേപണങ്ങള്‍ക്കു പിറകിലും ഭീകരമായ ചരിത്രസത്യങ്ങളുണ്ട്. കഥ മെനഞ്ഞ് അമേരിക്കക്കാര്‍ ഇപ്പോഴതിനെ പുനരവതരിപ്പിച്ചിരിക്കുകയാണ് ചെയ്യുന്നത്. 9/11 അക്രമണകാഴ്ചകള്‍ സ്വയം തന്നെ അതിന്റെ ആധികാരികതയിലടങ്ങിയ നിഗൂഢതയെ വെല്ലുവിളിച്ച് കഴിഞ്ഞിട്ടുണ്ട്.
ദേശാടനവും സാമ്രാജ്യത്വവും തമ്മില്‍ നാം സൂചിപ്പിച്ച സംഘട്ടനങ്ങളുടെ ഉദാഹരണങ്ങള്‍ -1970കളില്‍ പോര്‍ച്ചുഗീസിനെതിരെയും 1840കളിലും 1921ലും ബ്രിട്ടീഷിനെതിരെയും നടന്ന മലബാറിലെയും, 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഡച്ചിനെതിരെ നടന്ന ആച്ചെയിലേതും, 20-ാം നൂറ്റാണ്ടില്‍ അമേരിക്കക്കെതിരെ മുസ്‌ലിംകള്‍ നടത്തുന്നതുമടക്കം എല്ലാം പ്രത്യക്ഷപ്പെടുന്നത് പ്രാദേശിക സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ പിന്തുണയോടെ, ഹദ്‌റമി ദേശാടകരിലെ മത, സഞ്ചാര, നഗര, വ്യാപാര പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന ഏതെങ്കിലും അംഗങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വ്യാപകമായ മുസ്‌ലിം വികാരം ഉണര്‍ത്തുന്നതോടെയാണ്. ഈ ചരിത്രവാദങ്ങളുടെ യുക്തി, ഹദ്‌റമീ ദേശാടകരില്‍ നിന്നും അതിന്റെ ഏറ്റവും പുതിയ രൂപമായ ഉസാമ ബിന്‍ ലാദനില്‍ നിന്നും ശത്രുപക്ഷമായ അമേരിക്കവരെ ഒരു നിരീക്ഷണം നടത്താന്‍ നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്. പുതിയ രൂപത്തിലുള്ളതും ഉന്നത നിലവാരത്തിലുള്ളതുമായ ബ്രിട്ടീഷ് സാമ്രാജ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. അമേരിക്ക കോളനികളില്ലാത്ത സാമ്രാജ്യമാണ്. അത്തരമൊരു പ്രതിഭാസത്തിന്റെ വ്യാപനത്തെ ഒരാള്‍ക്കുമിതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ, അതിന്റെ ഭീകരമായ വശങ്ങളെ സത്യത്തില്‍ ഏതൊരാള്‍ക്കും കണ്ടെത്താനാകും. അത്, ഗൗരവപൂര്‍ണമായ വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്.
ഇന്ന് മുസ്‌ലിം ലോകത്തെയും അമേരിക്കയെയും ബന്ധപ്പെടുത്തുന്നത് സാമ്പത്തിക ശാക്തിക പ്രശ്‌നങ്ങളാണ്. ഒരുവശത്ത് തങ്ങള്‍ ഒറ്റക്കാണെന്നറിയാത്ത ഒരു സാമ്രാജ്യവും മറുവശത്ത് ഏകധ്രുവ സാമ്രാജ്യമാണെന്നറിയുന്ന വേറൊന്നും.

സാമ്രാജ്യത്വ മലിനീകരണവും പുതിയ ലോകക്രമവും
സാമ്രാജ്യങ്ങള്‍ ലോകത്തുടനീളം നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയാണ്. കോളനി ഭരണം നടത്തുന്ന സാമ്രാജ്യങ്ങള്‍ക്കൊക്കെയും അവപരിഹരിക്കാനുള്ള യന്ത്ര സാമഗ്രികളുമുണ്ട്. കോളനിയധികാരമില്ലാത്ത അമേരിക്കന്‍ സാമ്രാജ്യം ഒന്നും പരിഹരിക്കാറില്ല. യു.എസ് പ്രസിഡണ്ട് ബുഷ് പറയുന്നത്: 'ഞങ്ങള്‍ രാഷ്ട്ര നിര്‍മ്മാണത്തിനല്ല നടക്കുന്നത്' എന്നാണ്. അതുകൊണ്ട് തന്നെ നാശനഷ്ടങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ബിന്‍ ലാദന്റെ വളര്‍ന്ന് കൊണ്ടിരിക്കുന്ന ശൃംഖലകള്‍ ഈ വിനാശങ്ങള്‍ ശക്തിപ്പെടുത്തിയും കൊണ്ടിരിക്കുന്നു. പക്ഷെ, സാമ്രാജ്യത്വ നശീകരണങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അമേരിക്കക്കുമപ്പുറത്താണ്. മധ്യേഷ്യയോടൊപ്പം തെക്കന്‍ ഫിലിപ്പൈന്‍സ്, ചെച്‌നിയ, അഫ്ഗാനിസ്ഥാന്‍, അസര്‍ബൈജാന്‍, ക്‌സിംജിയാങ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നാണ് ബിന്‍ലാദന്റെ പിന്‍ഗാമികളും പുതിയ അംഗങ്ങളും വരുന്നത്. ഇവയെല്ലാം തന്നെ മുസ്‌ലിം അപകടമേഖലകളുമാണ്. അപകട മേഖല എന്ന് പറയാന്‍ കാരണം, അമേരിക്ക, സോവിയറ്റ്, ചൈന, ബ്രിട്ടന്‍, സ്‌പെയിന്‍ അടക്കമുള്ള പഴയതും പുതിയതുമായ മുസ്‌ലിമേതര സാമ്രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തികളിലാണ് അവയെല്ലാം നിലകൊള്ളുന്നത്. അതിലേറെ, നൂറ്റാണ്ടുകളുടെ സാമ്രാജ്യത്വ അതിക്രമങ്ങളെ പരിചയിച്ച് കോളനി ഭരണത്തിന് കീഴില്‍ ഒരു ലാഭവും ഇതുവരെ നേടിയിട്ടില്ലാത്ത പ്രദേശങ്ങളാണവ. ഒരു കാലത്ത് എല്ലായിടത്തും വിസ്തൃതമായിക്കിടന്നിരുന്ന സാമ്രാജ്യങ്ങളെ അഫ്ഗാനിസ്ഥാന്‍ ഭിന്നിപ്പിച്ച് നിര്‍ത്തിയെങ്കില്‍, 9/11ന് ശേഷം അവയെല്ലാം അഫ്ഗാനിന് നേരെ ഒന്നിക്കുകയായിരുന്നു. റഷ്യയും ചൈനയും അമേരിക്കയും താലിബാന്‍ വിരുദ്ധമെന്നൊരു പൊതുതാല്‍പര്യത്തിലെത്തി. ഈ അവസ്ഥാന്തരം വിരോധാഭാസകരവും താല്‍ക്കാലികവുമായൊരു ആകസ്മിക സംഭവമായിരുന്നു. പക്ഷെയത് ആഗോളതലത്തിലെ സഹിഷ്ണുക്കളായ ആളുകള്‍ക്കിടയില്‍ അതേ വികാരം സൃഷ്ടിക്കുന്നു. അഫ്ഗാനിസ്ഥാനിലെ അക്രമനിലങ്ങളില്‍ പതിനായിരക്കണക്കിന് പാകിസ്താനികളെ  സംഘടിപ്പിച്ച സൂഫി മുഹമ്മദിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, 'ഇതു ചരിത്രത്തിലെ ഒരു അപൂര്‍വ്വ സംഭവമാണ്. ചരിത്രത്തിലാദ്യമായി മുഴുവന്‍ ഇസ്‌ലാം വിരുദ്ധശക്തികളും ഇസ്‌ലാമിനെതിരെ ഒന്നിച്ചിരിക്കുന്നു.'(43)
ഇത്തരം അവ്യവസ്ഥിതികളെ നന്നാക്കിയെടുക്കാന്‍ ഉത്തരാവാദിത്വമുള്ള ലോകത്തെ ഏക ശക്തി യു.
എന്‍ മാത്രമാണ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഈ സംഘടന കോളനി ഭരണത്തിന് വിടുപണി ചെയ്യുന്നത് ഒരിക്കലും പിന്തുണക്കില്ല. ഇന്നത് പൂര്‍ണമായി ഉദ്യോഗസ്ഥ കരങ്ങളില്‍ അമര്‍ന്നിരിക്കുകയാണ്. കൃത്യമായ നികുതി ഭദ്രതയോ കരസൈന്യമോ ഒന്നുമതിനില്ല. ലോകശക്തിയുടെ സുപ്രധാന രാഷ്ട്രത്തിന്റെ വേഷഭൂഷകളോടെയുള്ള അമേരിക്കയെന്തിനാണ് ബിന്‍ലാദന് സൗകര്യമൊരുക്കുന്നത്? ബ്രിട്ടന്‍ എന്നും ഭയപ്പെട്ടത് സംഭവിച്ച പോലെ അയല്‍പക്കക്കാര്‍ ഒന്നിച്ചു നില്‍ക്കുകയായിരുന്നോ? അതോ പരിഗണനാര്‍ഹമല്ലാത്ത, പ്രേക്ഷകരുടെ വെറും കൈയ്യടികള്‍ മാത്രമായിരുന്നോ അത്? അമേരിക്ക എങ്ങനെ പ്രതികരിക്കും?
അമേരിക്കക്ക് അതിന്റെ ആഗോള സൈനിക ശേഷി ഉപയോഗപ്പെടുത്തി മുഴുവന്‍ പാവ രാഷ്ട്രങ്ങളെയും ഉപേക്ഷിച്ച്, അതോടൊപ്പം തന്നെ വിപണിയിലെ അസമത്വം കുറക്കാനായി ദൈവത്തിലും സ്വതന്ത്ര്യ വ്യാപാരത്തിലും വിശ്വസിച്ചാലും ഒരു സാമ്രാജ്യത്വ ശക്തിയോ അധിനിവേശ രാഷ്ട്രമോ ആവാനുള്ള കെല്‍പില്ലേ? (44) അല്ലെങ്കില്‍ പിന്നെ സമ്പൂര്‍ണമായൊരു അധിനിവേശം അനിവാര്യമായ ഒരു മറുപടിയാണോ? (45) ലിബറലുകളേക്കാളും അധിനിവേശ വാഴ്ചയുടെ ബുദ്ധിമുട്ടുകള്‍ പരിചയിച്ച അമേരിക്കന്‍ കണ്‍സര്‍വേറ്റുകള്‍, അവരുടെ പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ക്കും തങ്ങളുടെ സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്കുമിടയിലുള്ള അന്തരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പാറ്റ് ബുച്ചനനിന്റെ 'ആദ്യ അമേരിക്ക' ധ്രുവീകരണം ഒരു ഭാഗത്തും (1999) ക്രിസ്റ്റോളിന്റെയും കെഗ്‌നിന്റെയും 'ഉദാരമായ ആഗോള മേധാവിത്വം' മറ്റൊരുഭാഗത്തും നിലകൊള്ളുന്നു. (1996) (46)
ചെയ്താലും ചെയ്യാതിരുന്നാലും ആക്ഷേപമുണ്ടാവും; വിദേശത്തെ ദേശരാഷ്ട്ര നിര്‍മാണത്തിനും ധ്രുവീകരണത്തിനുമിടയില്‍ മാറിമറിഞ്ഞ്, ചുരുങ്ങിയത് രണ്ട് മുന്‍ഗണനകള്‍ അമേരിക്കന്‍ സര്‍ക്കാറിന് മുന്നില്‍ തെളിഞ്ഞ് വരികയുണ്ടായി: അമേരിക്കന്‍ ജനതയുടെത്തന്നെ ആഭ്യന്തര സുരക്ഷാ കാര്യങ്ങള്‍, അതോടൊപ്പം വിദേശത്തെ ഗൂഢസ്വഭാവ രീതിശാസ്ത്രത്തില്‍ വര്‍ദ്ധിതമായ നിക്ഷേപം എന്നിവ. സൈനികോപദേഷ്ടാക്കള്‍ ഫിലിപ്പൈന്‍ കാടുകളിലേക്കും (ബാസവിക് 2002) യമന്‍ പര്‍വതങ്ങളിലേക്കും (ലിയോപ് 2002) ജോര്‍ജിയന്‍ ഗുഹകളിലേക്കും (47) അപ്രത്യക്ഷമാവുമ്പോള്‍, റിമോട്ട് നിയന്ത്രിത ബോംബര്‍ വിമാനങ്ങള്‍ കാഴ്ചക്കപ്പുറം ഉയരങ്ങളിലേക്ക് പറക്കുന്നു. (48)
സുരക്ഷയും സൈന്യവും കോളനീപ്രവര്‍ത്തനങ്ങളും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്; രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് അവയെ മാറ്റിനിര്‍ത്താനായി. അധിനിവിഷ്ട സമൂഹത്തോടുള്ള പെരുമാറ്റത്തിന്റെ പുതിയ രീതിയിലുള്ള നിഗൂഢ സ്വഭാവം വരുമ്പോള്‍, വളര്‍ന്നുകൊണ്ടിരിക്കുന്ന ദാരുണഫലങ്ങള്‍ ഏറെക്കാലം നിഴലില്‍ നില്‍ക്കില്ല.

നിഗൂഢ ലക്ഷ്യങ്ങള്‍ പ്രകടമാവുന്നു; എന്തുകൊണ്ട് ദേശാടന കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടു?
സമീപകാലത്തെ 'ഭീകരതക്കെതിരെയുളള യുദ്ധം' ദേശവ്യാപന വിദേശ നയത്തെയാണ് കുറിക്കുന്നത്. യു.എസ്.എസ്.ആര്‍ ഉണ്ടായിരുന്ന കാലത്ത് അസാധ്യമായിരുന്ന മേഖലകളിലും മാര്‍ഗങ്ങളിലും വ്യാപനപ്പെടാനാണ് അമേരിക്കയുടെ സാമ്രാജ്യത്വ രാഷ്ട്ര പദ്ധതികള്‍. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍, രാജ്യാതിര്‍ത്തികളുടെ അവസാനമെന്ന് ടര്‍ണര്‍ വിശേഷിപ്പിച്ച അവസ്ഥ അമേരിക്കന്‍ ഭൂമിശാസ്ത്ര നിലപാടുകളില്‍ ഭീതികരമായ പുനര്‍വിചിന്തനത്തിന് വഴിവെച്ചിട്ടുണ്ട്. യു.എസ് നേവിയിലെ ക്യാപ്റ്റന്‍ എ.ടി മാഹന്‍ (1906) അമേരിക്കന്‍ ജനതയോട് വീണ്ടും കടലിലേക്കിറങ്ങാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്; തങ്ങളുടെ ഇംഗ്ലീഷ് പൂര്‍വ്വഗാമികളെപ്പോലെ. കരീബിയന്‍ ദ്വീപുകളിലും പസഫിക് സമുദ്രത്തിലുമുടനീളം അനേകം കോളനികളുടെ അധീശത്വത്തിലാണ് തങ്ങളെന്ന് അമേരിക്കയുടെ സ്വയം കരുതുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍, ശീതയുദ്ധ അതിരുകളൊക്കെ അപ്രത്യക്ഷമായത് മറ്റൊരു ഭൂമിശാസ്ത്രപരമായ ദ്വയാശയധാരയുടെ തകര്‍ച്ചയിലേക്കും അതിന്റെ  പിന്‍മുറക്കാരെ തേടിയുള്ള മത്സരങ്ങളിലേക്കുമാണ് നയിച്ചത്. ഒന്നിനെതിരെ മറ്റൊന്നെന്ന വണ്ണം ഒരുപാട് വിഷയങ്ങള്‍ വിദേശത്തെ സൈനിക നീക്കങ്ങള്‍ അനിവാര്യമായിരുന്നുവെന്ന തരത്തില്‍ അമേരിക്കയില്‍ പൊതുജനാഭിപ്രായം രൂപപ്പെടുത്താനായി നിരത്തപ്പെടുകയുണ്ടായി; കൂട്ടക്കൊല, മനുഷ്യാവകാശങ്ങള്‍, കൂട്ട നശീകരണായുധങ്ങള്‍ അങ്ങനെ പലതും. പക്ഷേ, 9/11 അക്രമണത്തിന് ശേഷം 'ഭീകരവാദം' സൃഷ്ടിച്ച അത്രക്ക് ശക്തമായ ആഭ്യന്തര ഏകസ്വരം രൂപപ്പെടുത്തിയെടുക്കുന്ന കാര്യത്തില്‍ അവയൊക്കെ പരാജയമായിരുന്നു. അമേരിക്കന്‍ പൗരന്‍മാരുടെ അഭിപ്രായമനുസരിച്ച്, ഇന്നിപ്പോള്‍ ലോകത്തെവിടെയും ഭീകരവാദികള്‍ക്കെതിരെ അമേരിക്കക്ക് അതിന്റെ ഭീകരശക്തി പ്രയോഗിക്കാനുള്ള ന്യായമായ അവകാശമുണ്ട്. അതുപക്ഷേ, രാഷ്ട്രങ്ങള്‍ പിടിച്ചടക്കാനല്ല, ഭീകരവാദികളെ പിന്തുണക്കുന്ന ഭരണകൂടങ്ങളെ തൂത്തെറിയാനാണ്. അത്തരമൊരു വീക്ഷണഗതിയിലാണ് മറ്റു രാഷ്ട്രങ്ങളുമായുള്ള സൈനികകരാറുകള്‍ താല്‍ക്കാലികവും അസമത്വപരവുമായത്. ഇത് വാഴ്ചയാണ്, അധിനിവേശമല്ല. രാഷ്ട്രങ്ങള്‍ക്കിടയിലുള്ള അത്തരം ബന്ധങ്ങളെ കുറിക്കാന്‍ നാം ഏതൊക്കെ പദങ്ങളാണ്     ഉപയോഗിക്കുക? സമകാലിക കൊളോണിയലാനന്തര സങ്കല്‍പം     ഇവിടെ അപര്യാപ്തമാണ്. ഭൂമിശാസ്ത്രപരമായ തലങ്ങള്‍ അതിന്റെ ചിന്താപരിധിക്കുമപ്പുറത്താണെന്നത് തന്നെ കാരണം. കുറച്ച്കൂടി വിശാല വീക്ഷണം ആവശ്യമാണ്. ദേശാടനപരമായൊരു കാഴ്ചപ്പാട് തന്നെയായിരിക്കും അതിന് ഉചിതം.
കൊളോണിയലാനന്തര ആശയധാരയുടെ ബലഹീനത അതിന്റെ മുരട്ട് നിന്ന് തന്നെ തുടങ്ങുന്നുണ്ട്; കോളനി ചരിത്രത്തിന്റെ സ്വതന്ത്രാനന്തര വിലയിരുത്തലില്‍ നിന്നു തന്നെ. അധിനിവിഷ്ടരുടെ വീക്ഷണ കോണിലൂടെ ചരിത്രമെഴുതുന്നതുമായി ബന്ധപ്പെട്ട്, റിവിഷനിസ്റ്റ് ചരിത്രം പുതിയ ഭരണകൂടങ്ങളുടെ ദേശീയ അജണ്ടകളുമായി അര്‍ദ്ധമനസ്സോടെയാണെങ്കിലും സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഇത് കൊളോണിയലിസത്തെയും അതിന്റെ അനുരണനത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ അടിസ്ഥാനപരമായൊരു ദ്വന്ദത്തിലേക്ക് ചുരുക്കിക്കെട്ടിയിരിക്കുന്നു. അഥവാ പോസ്റ്റ് കൊളോണിയല്‍ ആശയധാരകള്‍ പുലര്‍ത്തിപ്പോരുന്ന പടിഞ്ഞാറ്/കിഴക്ക്, അധിനിവേശകന്‍/അധിനിവിഷ്ടന്‍, സ്വദേശി/വിദേശി, അപരം/സ്വത്വം, കറുപ്പ്/വെളുപ്പ്, ഉടമ/അടിമ തുടങ്ങിയ സങ്കല്‍പങ്ങളിലേക്ക്. ഇവിടെ ഹെഗലിന്റെ ഫ്രാന്റസ് ഫാനനൊരു ഉരക്കല്ലാണ്. അധിനിവേശകനും അധിനിവിശ്ടനുമിടയിലുള്ള അധികാര അസമത്വങ്ങള്‍ക്ക് മേലാണ് ഈ ദ്വന്ദം രൂപപ്പെട്ടതെന്നതിനാല്‍, ദേശീയ സ്വത്വനിര്‍ണയത്തിനുള്ള പോരാട്ടം അതേ അച്ചുതണ്ടിന് ചുറ്റും ചൂഴ്ന്നു നില്‍ക്കുന്ന അസമത്വങ്ങളെ പുനരാലോചിക്കാന്‍ ആവശ്യപ്പെടുന്നു. ഈ ദ്വന്ദ ഘടന, (ദേശീയവാദ വിശദീകരണമനുസരിച്ച്) വിദേശികളായ അധിനിവേശകരില്‍ നിന്ന് ഒരു തുണ്ടുഭൂമി പിടിച്ചടക്കുക എന്ന തത്വത്തിലൂന്നിയ ദേശീയ വാദ കാഴ്ചപ്പാടയത് കൊണ്ട് തന്നെ, അതിന്റെ ഭൂമിശാസ്ത്രപരമായ മൂല്യവല്‍ക്കരണം അധിനിവേശകനോട് താരതമ്യപ്പെടുത്തിയാല്‍ തീര്‍ത്തും സങ്കുചിതമാണ്. അധിക അധിനിവേശ ശക്തികളും വെറും അധിനിവേശകര്‍ മാത്രമായിരുന്നില്ല. വിശാല കാഴ്ചപ്പാടില്‍ അവര്‍ സാമ്രാജ്യത്വ ശക്തികളായിരുന്നു. സാമ്രാജ്യത്വ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍, ദേശീയവാദ സ്വപ്നങ്ങള്‍ക്ക് തീ പിടിച്ച് വിവിധങ്ങളായ കൊളോണിയലാനന്തര രാഷ്ട്രങ്ങളായിത്തീര്‍ന്ന കോളനികള്‍ ഒരൊറ്റ സാമ്രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ മാത്രമായിരുന്നു. ഇപ്രകാരം ദേശീയവാദി സ്വപ്നങ്ങളും സമീപനങ്ങളും ഭൗമോപരിതലത്തില്‍ പരിമിതമായിരുന്നെങ്കില്‍, സാമ്രാജ്യത്വത്തിന്റേത് വ്യോമ,നാവിക മണ്ഡലങ്ങളില്‍ വിസ്തൃതമായിരുന്നു.(49) അതേ സ്ഥിതി ഇന്നും തുടരുകയാണ്. (50)
പോസ്റ്റ് കൊളോണിയല്‍ സങ്കല്‍പം പ്രധാനമായും ദ്വന്ദവീക്ഷണാടിസ്ഥാനത്തിലുള്ളതാണെങ്കില്‍, സാമ്രാജ്യത്വം സ്ഥലകാലങ്ങള്‍ക്കും അതുള്‍കൊണ്ടിരുന്ന കക്ഷികള്‍ക്കുമനുസരിച്ച് എല്ലായിപ്പോഴും ബഹുസ്വരമായിരുന്നിട്ടുണ്ട്.(51) ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സാമ്രാജ്യങ്ങളിലൂടെ ഭീഷണമായ വേഗത്തില്‍ പ്രവഹിച്ച പാന്‍ ഇസ്‌ലാമിസം, കമ്യൂണിസം പോലുള്ള അനംഗീകൃത ആശയ എതിരൊഴുക്കുകളെ തിരിച്ചറിയുമ്പോള്‍ അതിന്റെ ബഹുസ്വര സ്വഭാവത്തെ അഭിനന്ദിക്കുക അനിവാര്യമായും വരും. അത്തരം പ്രസ്ഥാനങ്ങളെ ജനബഹുലമാക്കിയ വിധ്വംസക ശക്തികള്‍ സഞ്ചാരികളായ വിശ്വപൗരന്‍മാരായിരുന്നു. ഒരുപക്ഷേ, അവരുടെ അജണ്ടകള്‍ പ്രാദേശികതക്കും അപ്പുറത്തായിരുന്നു. പലപ്പോഴും അവര്‍ ജൂത, അര്‍മീനിയന്‍, അറബി, ഗ്രീക്ക്, ചൈനീസ്, ഇന്ത്യന്‍ ദേശാടനസംഘങ്ങളുടെ ഭാഗമായിരുന്നു. തൊഴില്‍ കരാറുകാരെയും വാണിജ്യ ന്യൂനപക്ഷങ്ങളെയും പോലുള്ള നന്നേ നിരുപദ്രവകരമായ വേഷത്തില്‍ സാമ്രാജ്യത്വ രംഗങ്ങളിലൊക്കെ അവരെ കാണപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സാമ്രാജ്യത്തിന്റെ ശേഷി വിശാലമാക്കുക ഉദ്ദേശിച്ച് പ്രാദേശിക ദേശീയവാദി സ്വതന്ത്ര്യ പോരാളികളെ കൈകാര്യം ചെയ്യുന്ന പോലെ അവരോട് ആര്‍ക്കും പെരുമാറാന്‍ ഒക്കില്ല. അവരുടെ ഭൂമിശാസ്ത്രപരമായ സഞ്ചാര സ്വഭാവം കൊണ്ട് പലപ്പോഴും ലാക്കാക്കിയിരുന്നത് സാമ്രാജ്യത്വ ഭരണ വധിന്യായങ്ങളെ മറികടക്കുകയായിരുന്നു. ഉപചാരപൂര്‍വം പെരുമാറാവുന്ന തുല്യ സാമ്രാജ്യത്വ ശക്തികളായിരുന്നില്ല അവര്‍. അക്കാലത്തെ ഔദ്യോഗിക ബ്രിട്ടീഷ് എഴുത്തുകളില്‍ വന്ന അവരെക്കുറിക്കുന്ന ഒരുവാക്ക് imperium in imperio (ബ്ലീഥ്, 1969 പോലെ) എന്നായിരുന്നു. താണതും കീഴ്‌നിലയിലുമുള്ള ഒരു സ്വത്വത്തെയാണ് അത് സൂചിപ്പിക്കുന്നതെങ്കിലും വിശ്വപൗരത്വവും ദേശാടനപരവും സാമ്രാജ്യത്തെ പോലെ പുരോഗമനാത്മകവുമാണത്. കാര്യമാത്രമായ ഭീഷണിയുയര്‍ത്താന്‍ പോന്നതുമാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍, കോളനി വിരുദ്ധ പോരാട്ടങ്ങളുടെ സാര്‍വദേശീയ തത്ത്വം പടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍ക്ക് മേല്‍ ബാധയായി തൂങ്ങിനില്‍ക്കുകയാണ്. ഇതാണ് ഡബ്ല്യൂ. ഇ. ബി. ഡുബിയോസ് അദ്ദേഹത്തിന്റെ ഡാര്‍ക് പ്രിന്‍സസ് (1995) എന്ന ഫിക്ഷനില്‍ രസക്കൂട്ടായി ഉള്‍പെടുത്തിയിരിക്കുന്ന പ്രേതകഥയുടെ മൂലാംശം. കറുത്ത വംശജര്‍, ഇന്ത്യക്കാര്‍, അറബികള്‍, ജാപ്പനീസുകള്‍ എന്നിങ്ങനെയുള്ള വ്യത്യസ്ഥ വംശജര്‍ പങ്കെടുത്ത വെളുപ്പാധിപത്യത്തിനെതിരെയുള്ള അന്തര്‍ദേശീയ ഗൂഢാലോചനയില്‍ വര്‍ണവിഭജനങ്ങള്‍ പ്രശ്‌നവല്‍കരിക്കപ്പെടുന്നതാണ് കഥ. അതൊരു ഫിക്ഷനായി നിലനിന്നു. വംശീയത ഒരിക്കലും അന്തര്‍ദേശീയ വെല്ലുവിളികളിലേക്ക് ഉയര്‍ന്നതുമില്ല. കമ്യൂണിസവും ഇസ്‌ലാമിസവുമാണ് പകരം അത് നിര്‍വഹിച്ചത്. കോളനി വിരുദ്ധ സാര്‍വദേശീയത്വം സ്ഥലബന്ധങ്ങളില്ലാത്ത നിസ്വാര്‍ത്ഥ സാഹസങ്ങള്‍ക്ക് സാധിക്കാത്തത് നേടിയെടുത്തു. അഥവാ സാമ്രാജ്യത്വ വിരുദ്ധത, ഒരു മൃഗത്തിന്റെ കൃത്യരൂപമായിത്തന്നെ നാലു കോളനിക്കാലുകളില്‍ നിലകൊണ്ടു. അന്ധന്‍ തൊട്ട ഒറ്റക്കാലിന് പകരം മുഴുവനായൊരു സാമ്രാജ്യത്വ ആന. ഇവിടെ ഭൂമിശാസ്ത്രം മുഖ്യമാണ്. പഴയ ദേശാടനങ്ങളുമായി ബന്ധപ്പെട്ട ജനതക്ക് മൊത്തം സാമ്രാജ്യങ്ങളോളം വിപുലമായ ഭൂമിശാസ്ത്ര ബോധങ്ങലുണ്ട്; ഐതിഹ്യങ്ങളും ആചാരങ്ങളും സാഹിത്യങ്ങളുമെല്ലാം കൈവശപ്പെടുത്തിയിരിക്കുകയാണ് അവര്‍. അവരുടെ സാംസ്‌കാരിക ഓര്‍മകള്‍ക്ക് ഇനിയുമെത്രയോ പിന്നിലേക്ക് സഞ്ചരിക്കാനാവും. ഞാന്‍ മനസ്സിലാക്കുന്നത്, അത്തരമൊരു വിപലമായ ബുദ്ധിയാണ് ഇപ്പോള്‍ അതിനോട് ഭൂമി ശാസ്ത്രപരമായി തുല്യം നില്‍ക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ആയുധമെടുത്തിരിക്കുന്നത് എന്നണ്.
ഞാന്‍ നേരത്തെ വിശദീകരിച്ച മലബാറിലെയും ആച്ചെയിലെയും പൂര്‍വ്വ സംഘട്ടനങ്ങള്‍ പ്രാദേശിക വല്‍കൃത ബോധത്തിലുള്ള കോളനി വിരുദ്ധ പോരാട്ടങ്ങളായിരുന്നു. തര്‍ക്കമുഖങ്ങള്‍ തീവ്രസംഘട്ടനത്തിന്റെ ഇടങ്ങളുമായിരുന്നു. ഉസാമ ബിന്‍ ലാദനും അമേരിക്കക്കുമിടയിലുള്ള പുതിയ കാല പോരാട്ടം വ്യത്യസ്ഥമാണ്. തര്‍ക്കസ്ഥലം, ഏറെ ശ്രദ്ധേയമായി സൗദി അറേബ്യ- പ്രാദേശിക വല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ പോരാട്ട ഭൂമിയല്ലെങ്കില്‍ അമേരിക്കയുടെ പാവസേനയുടെ ശക്തമായ നിയന്ത്രണം കാരണം തര്‍ക്കസ്ഥലങ്ങള്‍ക്ക് പോരിടങ്ങളാവാന്‍ കഴിയുമായിരുന്നില്ല. (52) ഗള്‍ഫ് യുദ്ധത്തിന് ശേഷം ചിലയിടങ്ങളിലൊക്കെ പോരാട്ട മേഖല കോളനി വിരുദ്ധതയില്‍ നിന്ന് സാമ്രാജ്യത്വ വിരുദ്ധതയിലേക്ക് വികസിതമാവാന്‍ അവസരമായിട്ടുണ്ട്. (53) അതാണ് അമേരിക്കയുടെ കാഴ്ചപ്പാടിലെ 'ഭീകരവാദി' നയതന്ത്രം രൂപപ്പെടുത്തുന്നത്.
1990കളുടെ തുടക്കം മുതലേ ഈ ലോകവ്യാപക ശൃംഖല ഘട്ടംഘട്ടമായി വിശാലമായി വന്നിട്ടുണ്ട്. കൃത്യവും വ്യവസ്ഥാപിതവുമായ രീതികളിലൂടെയായിരുന്നു ആ വളര്‍ച്ച; കോളനി സൈനികരില്‍ നിന്ന് ലോക വ്യാപാരികളിലേക്ക് വ്യാപിച്ച്. ആദ്യം അമേരിക്കന്‍ സൈനികര്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു; സോമാലിയയിലും ഏദനിലും സൗദി അറേബ്യയിലുമൊക്കെ. പിന്നെ കെനിയയിലെയും ടാന്‍സാനിയയിലെയും നയതന്ത്ര പ്രതിനിധികള്‍. തുടര്‍ന്ന് വാഷിംങ്ടണ്‍ ഡി.സിയിലെ നയരൂപകര്‍ത്താക്കളും ന്യൂയോര്‍ക്കിലെ വ്യാപാരികളും. ഇന്തോനേഷ്യയിലെ സഖ്യരാഷ്ട്രങ്ങളിലെ പൗരന്‍മാരും അങ്ങനെ. സാമ്രാജ്യത്വ വിരുദ്ധ ഭീകരത ലോകത്തെവിടെയും നിലനില്‍ക്കുന്നുണ്ട്; അമേരിക്കക്ക് സാന്നിധ്യമുള്ളിടത്തും അല്ലാത്തിടത്തും. സാമ്രാജ്യത്വ സര്‍വജ്ഞാനത്തെ അനുകരിച്ചും പരിഹസിച്ചും ഇനിയും, റിമോട്ട് നിയന്ത്രിത നീക്കങ്ങളും ശസ്ത്രക്രിയാ പോരാട്ടങ്ങളും പ്രതികാരത്തിനപ്പുറം സ്വര്‍ഗത്തിലേക്കുള്ള ചുളുവഴികളായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും, സംഘട്ടനത്തിന്റെ ആഗോളീകരണം സാമ്രാജ്യത്വ ഇടപാടുകളുടെ തത്ത്വങ്ങള്‍ അംഗീകരിക്കുകയും നയതന്ത്രത്തിലും സ്വയം പ്രതിനിധാനത്തിലും സാമ്രാജ്യത്വ മാനദണ്ഡങ്ങള്‍ ഉപയോഗപ്പെടുത്തുക ചെയ്യുന്നുമുണ്ട് താനും.

കുറിപ്പുകള്‍
* Empire through Diasporic Eyes: A View from the Other Boat.
കൃതജ്ഞതകള്‍: ഇറ്റി എബ്രഹാം, ഫിയോന ആഡംസണ്‍, തലാല്‍ അസദ്, വിന്‍സ് ബ്രൗണ്‍, ഡിയാഗോ കുര്‍ത്തോ, കാതറീന്‍ ഡോണ്‍, പോള്‍ഡ്രസ്‌ക്, ബര്‍ണാഡ് ഹൈകല്‍, സാമുവല്‍ ഹണ്ടിംഗ്ടണ്‍, കാമല്‍ കഫാദര്‍, യുവാന്‍ ഫോങ്‌കോംങ്, എറിസ് ജിന്‍ക്ലീന്‍, അലക്‌സാണ്ടര്‍ നീഷ്, പെഗ്ഗി ലെവിത്, സബാ മഹ്മൂദ്, തമാറ നുഅ്മാന്‍, യാസീന്‍ നൂറാനി, സൂ റോഫ്, വില്യം റോഫ്, ജോണ്‍ ടെര്‍മന്‍, അമേരിക്കന്‍ എത്‌നോളജിസ്റ്റിലെ അജ്ഞാതനായ പുസ്ത നിരൂപകന്‍ തുടങ്ങിയവരോട് ഞാന്‍ കൃതാര്‍ത്ഥനാണ്; ഇത്തരം വാദങ്ങള്‍ നിരത്താന്‍ എന്നെ പ്രേരിപ്പിക്കുകയും വേണ്ട അഭിപ്രായങ്ങളും വിമര്‍ശങ്ങളും രേഖപ്പെടുത്തുകയും ചെയ്തതിന്. ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയുടെ യൂറോപ്യന്‍ യൂനിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ടിലെ ശ്രോതാക്കള്‍, സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍, എഡിന്‍ ബര്‍ഗ് യൂനിവേഴ്‌സിറ്റി തുടങ്ങിയവയില്‍ ഇത് തയ്യാറാക്കുന്നതിന് പിന്നില്‍ നിര്‍ബന്ധം പിടിക്കുകയും സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. സി.എസ്.എസ്.എച്ചിലെ തോമസ് ട്രോട്മാനിലും ആണ്‍ഡ്ര്യൂ ഷ്രയോക്കിനും അവര്‍ നിര്‍വഹിച്ച കൃത്യമായ വിശകലനത്തിനും നിര്‍ദ്ദേശത്തിനും നന്ദി രേഖപ്പെടുത്തുന്നു.
1. യഥാര്‍ത്ഥത്തില്‍ ഈ പ്രബന്ധം പൂര്‍ത്തിയാവുന്നത് 2002 സെപ്തംബറിലാണ്. വായനക്കാരന് വസ്തുതകളുടെ കാലികമായ അവബോധം നല്‍കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷം കൂടി വൈകി സംശോധന നടത്തി പ്രസിദ്ധീകരണത്തിന് തയ്യാറാക്കുകയായിരുന്നു.
2. യൂറോപ്യന്‍ ചരിത്രത്തില്‍ ഡച്ച് പണ്ഡിതന്‍മാര്‍ കഴിഞ്ഞ നൂറ്റാണ്ട് വരെ ഈ വിഷയത്തില്‍ കാര്യമായ അവബോധം തന്നെ വച്ച് പുലര്‍ത്തിയിട്ടുണ്ട്. മാത്രവുമല്ല, അവരിലൊരുപാട് പേര്‍ ഇന്ന് അറബി, മലായ് പോലുള്ള പ്രാദേശിക ഭാഷകളില്‍ പ്രാവീണ്യമുള്ളവരാണ്. (വാന്‍ഡന്‍ ബര്‍ഗ്, 1886; ഹര്‍ഗ്രോഞ്ച്, 1906, 1931; വാന്‍ദര്‍ മ്യൂളന്‍, വോണ്‍ വിസ്മാന്‍, 1932; വാന്‍ ല്യൂവര്‍, 1955; സ്‌കറിയക്, 1960; മെലിനിക് റോളോഫേഴ്‌സ്, 1962; വാന്‍ ബ്ര്യൂന്‍സന്‍, 1995; ക്യാപ്‌റ്റൈന്‍, 1997)
3. 1993ലെ തന്റെ വ്യാപകമായി ക്ഷോഭമുണര്‍ത്തിയ പ്രബന്ധത്തിന്റെ പരിഷ്‌കരിച്ച പുസ്തകത്തില്‍, പ്രബന്ധത്തിന്റെ തലവാചകത്തിലുള്ള ചോദ്യചിഹ്നം പൊതുവെ അവഗണിക്കപ്പെടുന്നുവെന്ന് അദ്ദേഹം കുറിക്കുന്നുണ്ട്.
4. അവയില്‍ ചിലത് സാമ്രാജ്യത്വ ശക്തികള്‍ കൂടിയായിരുന്നു; ബ്രിട്ടനെയും ഫ്രാന്‍സിനെയും പോലെ. എന്നാല്‍ ബെല്‍ജിയത്തെപ്പോലെ മറ്റു ചിലത് അല്ലാത്തതുമുണ്ട്.
5. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ വൈദേശികത എന്ന ആശയം ഗൗനിക്കപ്പെടാതെ പോവാറുണ്ട്. ഹവായ് (ദ്വീപുകള്‍) ഒരു കോളനിയോ സാമ്രാജ്യത്വ സൈനിക താവളമോ ആയി ഇതുവരെ ഗണിക്കപ്പെട്ടിട്ടില്ല. കാരണം യു.എസ് സര്‍ക്കാര്‍ ഏഷ്യന്‍ വന്‍കരിയില്‍ പെട്ട ഹാവായിയെയും അതിലെ സങ്കരഭാഷക്കാരായ ജനങ്ങളെയും ഒരു പ്രഖ്യാനപത്തിലൂടെ തങ്ങളുടെ ഭരണഘടനാ തത്ത്വങ്ങളുടെ കീഴില്‍ കൊണ്ടുവരികയായിരുന്നു. അതിനെയൊരു 'അവിദേശ' ദേശമായി മാറ്റുകയുണ്ടായി അവര്‍. നേരെ മറിച്ച് സ്വതന്ത്ര്യ ഇന്തോനേഷ്യയിലും ശ്രീലങ്കയിലുമുള്ള ബര്‍ഗേഴ്‌സ് ഇന്തോസ് യൂറോപ്യന്‍ ജനതക്ക് നൂറ്റാണ്ടുകളുടെ പ്രാദേശിക കുടിയേറ്റത്തിന്റെയും ഇടപാടുകളുടെയും ചരിത്രമുണ്ടായിരുന്നിട്ട് കൂടി, തങ്ങളുടെ വിദേശി കളങ്കം കഴുകിക്കളയാനായിരുന്നില്ല. പ്രത്യേകിച്ചും അപകോളനീകരണത്തിന് ശേഷം. സാംസ്‌കാരിക സ്വത്വവും ചരിത്ര പ്രക്രിയയും വിഷയമായാലും ഇല്ലെങ്കിലും, അവ പലപ്പോഴും ഉണ്ടാകാറ് രാഷ്ട്രങ്ങളുടെ വിശ്വസിക്കാന്‍ കൊള്ളാത്ത കേവല തീരുമാനത്തിലൂടെയായിരിക്കും.
6. ഒരുദാഹരണം, ഇന്ത്യ, മുകല്ല, ഏദന്‍ എന്നിവിടങ്ങളുടെ ഉത്തരവാദിത്വമുള്ള ലണ്ടനിലെ ഇന്ത്യന്‍ ഓഫീസില്‍ നിന്ന് ബട്ടാവിയ കോണ്‍സുലേറ്റിന്റെ ഉത്തരവാദപ്പെട്ട വിദേശ ഓഫീസിലേക്കുള്ള ഒരു സന്ദേശം: ഞാന്‍ മുന്നോട്ട് വെക്കുന്ന ആശയം, ഹദര്‍മൗത് നിവാസികള്‍ തുര്‍ക്കി അടിമകളല്ലെന്ന് മിസ്റ്റര്‍ ബക്കറ്റ് അറിഞ്ഞിരിക്കണമെന്നാണ്. അതായത് ജാവയില്‍ നിന്നി ഇവിടേക്ക് തിരിക്കുന്ന എല്ലാ അറബികളും ആദ്യം ഇറങ്ങുക ഏദനിലാണ്. അതേ സമയം തന്നെ എന്തുകൊണ്ട് ഈ മനുഷ്യന്‍ പെട്ടെന്ന് തന്നെ അറേബ്യയിലേക്ക് തരിക്കാനുള്ള തയ്യാറാകുന്നുവെന്ന സംശയം ഉയര്‍ത്തപ്പെട്ടേക്കാം. ലാഗജിലെ തുര്‍ക്കി കമാന്‍ഡര്‍ സൈദ് പാഷ, ഹദര്‍മൗതില്‍ സജീവമായി ഉപജാപങ്ങള്‍ നടത്തുന്നുണ്ടെന്നതിനെക്കുറിച്ച് വിസകൗണ്ട് ഗെയ് ബോധവാനാണ്. അതോടൊപ്പം ഡച്ച് ഈസ്റ്റ് ഇന്‍ഡീസില്‍ ഒരുപാട് പാന്‍ ഇസ്‌ലാമിസ്റ്റ് പ്രചാരവേലകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹത്തിനറിയാം. ഹദര്‍മൗത് അറബികള്‍ (ഡച്ച് ഈസ്റ്റ് ഇന്‍ഡീസിലെ) ബട്ടവിയയില്‍ നിന്ന് (യമനിലെ ഹദര്‍മൗതിലെ) മുകല്ലയിലേക്ക് തിരിക്കുന്നു.) fo371/2781, പബ്ലിക് റെക്കോര്‍ഡ്‌സ് ഓഫീസ്, ബ്രിട്ടന്‍.
7. ഉസാമയുടെ പിതാവ്, മുഹമ്മദ് ബിന്‍ അവദ് ബിന്‍ ലാദന്‍ രാജാവിന്റെ സദസ്സില്‍ അദ്ദേഹത്തോടടുത്ത് തന്നെ ഇരിപ്പിടമുറപ്പിച്ചു. അങ്ങനെ രാജകീയ ആവശ്യങ്ങളില്‍ ബന്ധശ്രദ്ധനാവാന്‍ തുടങ്ങി. വിവശനായ അബ്ദുല്‍ അസീസ് രാജാവിനെ അദ്ദേഹത്തിന്റെ റൂമിലേക്ക് കയറാന്‍ ഗോവണിക്കൈപ്പിടി നിര്‍മിച്ച് നല്‍കി. അങ്ങനെ രാജകൊട്ടാരങ്ങളുടെ നിര്‍മ്മാണം അദ്ദേഹത്തെ വിശ്വിസിച്ചേല്‍പ്പിച്ചു. രാജതാല്‍പര്യമനുസരിച്ച്, മക്കയും മദീനയും ജറൂസലേമും പോലെ സുപ്രധാനമായ മതകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള കരാറും അദ്ദേഹത്തിന് ലഭിച്ചു. അങ്ങനെ എണ്ണ സമൃദ്ധിയുടെ പിന്‍ബലത്തില്‍ ബിന്‍ ലാദന്‍ ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായിത്തീര്‍ന്നു. കിംഗ് ഫൈസല്‍ കിരീടധാരണം ചെയ്ത കഷ്ടത നിറഞ്ഞ സാഹചര്യത്തില്‍ ഏതാനും മാസം മുഹമ്മദ് സര്‍ക്കാര്‍ ശമ്പളത്തിന്റെ ചുമതലയേറ്റെടുത്തു. ഒരുപിടി സൗദി രാജാക്കന്‍മാര്‍ അദ്ദേഹത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. സൗദി സമൂഹത്തിന്റെ അഗ്രിമ സ്ഥാ    നത്തെത്തിച്ചേര്‍ന്ന വിശാലമായ ഹദ്‌റമീ പ്രതിഭാസത്തിന്റെ ഒരു ഭാഗം കൂടിയായിരുന്നു ബില്‍ ലാദിനുകള്‍. അവിടെ നിന്നാണ് ആര്‍ബെസ്റ്റോ, ഹാര്‍ക്കന്‍, കാര്‍ലൈന്‍ പോലോത്ത കമ്പനികളിലെ രാഷ്ട്രീയ, വ്യാപാര, എണ്ണ പ്രമാണികളുമായി ഒരുമിച്ച് ചേരുന്നതും, സൗദിയുടെ രാജകീയമായ പ്രൗഢപരിചരണം അദ്ദേഹത്തിന്റെ മക്കളിലേക്കുകൂടി വ്യാപിക്കുന്നതും.
8. 'ഫെഡ്‌സ് അന്വേഷണ സംരംഭം സൗദികളുമായി കൈകോര്‍ക്കുന്നുവെന്ന് ആരോപണം', ഹൂസ്റ്റണ്‍ ക്രോണിക്ക്ള്‍, 4 ജൂണ്‍ 1992; 'യു.എസ് ബാങ്കുകളുമായുള്ള സഹകരണം കാരണം പ്രതിരോധത്തിലുണ്ടായ കുതിച്ചുചാട്ടത്തില്‍ നിന്ന് ബിന്‍ ലാദന്‍ കുടുംബം ലാഭം കൊയ്യും', വാള്‍സ്ട്രീറ്റ് ജേണല്‍ 27, സെപ്തംബര്‍, 2001; 'ബുഷ്-ബിന്‍ ലാദനുകളുടെ അപരിചിതമായ രഹസ്യകേളി', ക്ലീവ്‌ലാന്‍ഡ് പ്ലെയ്ന്‍ ഡീലര്‍, 12, നവംബര്‍, 2001; 'റിപബ്ലിക്കന്‍ നിയന്ത്രിത കാര്‍ലൈന്‍ ഗ്രൂപ്പ് ബുഷ് പ്രസിഡണ്ടുമാര്‍ക്ക് വേണ്ടി ഗുരുതരമായ ധാര്‍മിക ചോദ്യങ്ങള്‍ നേരിടുന്നു', ബാള്‍ട്ടിമോര്‍ ക്രോണിക്ക്ള്‍, 1 ഒക്‌ടോബര്‍ 2001.
9. ലെ നോവല്‍ ഒബ്‌സര്‍വേറ്റര്‍ (ഫ്രഞ്ച്) 1998 ജനുവരി 12-21 ലക്കത്തില്‍ വന്ന ബിഗ്‌ന്യൂ ബ്രിസസെന്‍സ്‌കിയുമായുള്ള അഭിമുഖം, പേ. 76. സോവിയറ്റ് ആക്രമണത്തിന്റെ ഔദ്യോഗിക രേഖകള്‍ അവലോകനം ചെയ്ത് കൊണ്ട് മുന്‍ പ്രസിഡണ്ട് കാര്‍ട്ടറുടെ കാലത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സോവിയറ്റുകള്‍ അഫ്ഗാനില്‍ വശംവദരാവുകയും സാമ്രാജ്യത്വ ചതിയിലകപ്പെട്ട് നേരെ മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് വാദിക്കുന്നു. അതുകൊണ്ട് തന്നെ താലിബാനെപ്പോലോത്ത ആയുധബലമുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രൂപീകരണം അതിന് വേണ്ടിയൊടുക്കിയ വിലയാണെന്നും അദ്ദേഹം പറയുന്നു.
10. ബര്‍ണാഡ് കോണ്‍ സാമ്രാജ്യത്വ വീക്ഷണ ഗതിയെ 'ബോട്ടുകാഴ്ച' എന്നാണ് ഒരിക്കല്‍ വിളിച്ചത്. (യഥേഷ്ടം ബോട്ടുകള്‍ വേറെയും ഉണ്ടായിരിക്കെത്തന്നെയാണിത്)
11. അമേരിക്കന്‍ ഹെറിറ്റേജ് ഡിക്ഷനറിയില്‍ (മോറിസ് 1980) Diaspora എന്ന പദം കാണുക
12. ഇവിടെ പദത്തിന്റെ സാമ്പ്രദായിക വിശദീകരണം തന്നെ സ്വീകരിക്കാന്‍ കാരണം, ഞാന്‍ അതിന്റെ ഉദ്ഭവത്തെകുറിച്ചുള്ള ചര്‍ച്ചയിലോ സങ്കുചിതമായ വംശശാസ്ത്ര സങ്കല്‍പങ്ങളിലോ താല്‍പര്യപ്പെടുന്നില്ലെന്നത് തന്നെ. അവര്‍ യാത്ര നയിച്ചിടത്തൊക്കെ ഉണ്ടായിട്ടുള്ള അനന്തര ഫലങ്ങള്‍ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ഉദാഹരണത്തിന് സാര്‍വത്രികമായി എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പാരമ്പര്യം, മുമ്പ് സെന്റ് പോളിന്റെ കീഴിലായിരുന്ന ക്രിസ്ത്യാനിസത്തിലുണ്ടായിരുന്നത് പോലെ ജൂതര്‍ക്കുമുണ്ടായിരുന്നെന്ന് എറിക് ഒയെര്‍ബക് (auerbach) വാദിക്കുന്നുണ്ട്.
13. പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഫ്രാന്‍സ് ശത്രുതയുടെ രൂപദായകമായ സ്വാധീനത്തെ സീലി (1883) ഊന്നിപ്പറഞ്ഞത്, ഇന്ന് കാംബ്രിഡ്ജ് ചരിത്രകാരന്‍മാര്‍ക്കിടയിലുള്ള ബ്രിട്ടീഷ് ചരിത്രത്തിന്റെ ബാഹ്യവും ആന്തരീകവുമായുള്ള തലങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള പുതിയ നൂതന കൃതിയെക്കുറിച്ച് നമുക്ക് വിവരം തരുന്നുണ്ട്.
14. കഴിഞ്ഞ പതിനെട്ടാം നൂറ്റാണ്ട് മുതല്‍ വ്യക്തി കേന്ദ്രീകൃതമായിത്തീര്‍ന്ന ഉദാര തത്വശാസ്ത്രത്തില്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പുതിയ നിലപാടുകള്‍ രൂപപ്പെട്ട് വന്നിട്ടുണ്ട്; ആസ്‌ത്രേലിയ, യു.എസ് പോലുള്ള മറ്റു ഇംഗ്ലീഷ് കോളനികളില്‍ നിശിതമായി ചര്‍ച്ച ചെയ്യപ്പെട്ട ചാള്‍സ് ടയ്‌ലര്‍ (1992), വില്‍ കിംലിക് പോലുള്ള കനേഡിയന്‍ തത്ത്വശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍. അത്തരം രാഷ്ട്രങ്ങള്‍ക്കും അവിടങ്ങളിലെ ബ്രിട്ടീഷ് ദേശാടനങ്ങള്‍ക്കും നേരെ നടന്ന് കൊണ്ടിരിക്കുന്ന ബഹുസാംസ്‌കാരിക ഉന്‍മൂലന പ്രക്രിയയില്‍ പങ്കുചേര്‍ന്നിട്ടുമുണ്ടവര്‍. ഏകീകൃതമായ രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തമെന്ന നിലക്ക് ലിബറിലസം ആഡം സ്മിത്തിന്റെ ക്ലാസിക്കല്‍ സാമ്പത്തിക രൂപത്തില്‍ സാമ്രാജ്യത്വ വിരുദ്ധസ്ഥാനമാണ് കണ്ടെത്തിയിട്ടുള്ളത്. സ്വതന്ത്ര്യ മനുഷ്യനും സ്വതന്ത്ര്യ വ്യാപാരത്തിനും അമേരിക്കയുടെ ആദ്യത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിയന്ത്രിത വ്യാപാരം, അഥവാ മെര്‍ക്കന്റലിസ്റ്റ് നയങ്ങള്‍, അടിമത്ത നയങ്ങളേക്കാല്‍ കൂടുതല്‍ സുരക്ഷിതവും ധാര്‍മികവുമായ അടിത്തറക്കുമേല്‍ രാഷ്ട്രങ്ങളുടെ സാമ്പത്തിക സുസ്ഥിതി സൃഷ്ടിക്കാനുതകുന്നതാണ്. സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും കുത്തകവല്‍ക്കരണത്തിനെതിരെയുള്ള ഇടമെന്ന തരിത്തിലുള്ള ചിന്ത, അഥവാ ടൈലറുടെ സാംസ്‌കാരികാംഗീകാരത്തിന്റെ രാഷ്ട്രീയം പോലെ, ലിബറലിസത്തിന്റെ അടുത്തിടെയുണ്ടായ സാംസ്‌കാരിക രംഗങ്ങളിലേക്കുള്ള വ്യാപനം, അസാധ്യമായൊരു ഉദ്യമമാണെന്നൊന്നും തോന്നുന്നില്ല. അത് സാര്‍വദേശീയമായ ഭര
ണഘടനാ തത്ത്വങ്ങളിലേക്കുള്ള ബ്രിട്ടീഷ് ഡയസ്‌പോറയുടെ ഏറെ വൈകിയുണ്ടായ ചുവടുമാറ്റത്തെ അടയാളപ്പെടുത്തുന്നുണ്ട്, എല്ലാ വിധ സാംസ്‌കാരിക വരവുകളെയും അശ്ലേഷിച്ച് കൊണ്ട്.
15. സാഹിത്യങ്ങള്‍ അങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് അപവാദങ്ങളും കാണപ്പെട്ടിട്ടുണ്ട്. (അസ്സഖാഫ്; ഹോ 1997)
16. ആഴത്തിലുള്ളതും ബൃഹത്തായതുമായ ഈ സ്വദേശി വല്‍ക്കരണം, ഹദ്‌റമീ സാഹിത്യത്തിലെ മഹത്തായ വംശപരമ്പര (അല്‍ മശ്ഹൂര്‍ 1984) ദേശാടക കുടുംബങ്ങളുടെ നാലു വാള്യം വരുന്ന സംക്ഷിപ്ത ചരിത്രം (ബാ മറ്ററോഫ്, 1984) കവികളെക്കുറിച്ചുള്ള അഞ്ച് വാള്യം വരുന്ന മറ്റൊരു ഗ്രന്ഥ(അസ്സഖാഫ്, 1984)മടക്കമുള്ള വിജ്ഞാനകോശങ്ങള്‍ ഹദ്‌റമികളുടെ സഞ്ചാരപാതകള്‍ പിന്തുടര്‍ന്ന രചിക്കാനുള്ള ശ്രമങ്ങളില്‍ വേണ്ടത്ര സ്വാധീനിച്ചിട്ടുണ്ട്.
17. ഈ മത്സരങ്ങളുടെ അന്തര്‍ദേശീയ സ്വഭാവം ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ല. ചുരുങ്ങിയ ആശയ വിനമയങ്ങളുമായി പോര്‍ച്ചുഗീസ് നാവികര്‍ ആത്മധൈര്യത്തോടെ പോരാടിയതായിരുന്നു കാരണം. അധികശ്രമമൊന്നുമില്ലാതെ തന്നെ സൈനിബലം നേടാമെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. ആന്റിവെര്‍പ് മൂലധനം കൊണ്ട് ശക്തമായിരുന്നു പോര്‍ച്ചുഗീസ് നാവികപ്പട. മറുഭാഗത്ത് രണ്ട് വലിയ തുര്‍ക്കി ഈജിപ്ത്യന്‍ പടക്കപ്പലുകള്‍, തങ്ങളുടെ സംയോജിതമായ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് പീരങ്കികളും ആയിരക്കണക്കിന് നാവികരുമായി കാംബെയിലെയും കോഴിക്കോട്ടെയും കപ്പലുകള്‍ക്കൊപ്പം പോരാടി.  ഫലം മിശ്രിതമായിരുന്നു. തുര്‍ക്കികള്‍, തങ്ങളുടെ പ്രാദേശിക നാവികസാന്നിധ്യവും തുറമുഖ നഗരങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഏദനിലും കാംബെയിലും കോഴിക്കോട്ടും കോട്ടകെട്ടി സൈന്യത്തെ വിന്യസിച്ചു. പോര്‍ച്ചുഗീസുകാര്‍ വലിയ സമുദ്രങ്ങളിലെ പ്രധാന പാതകളൊക്കെ അടുത്തൊരു നൂറ്റാണ്ടേക്ക് കൈവശം വെക്കുകയും ചെയ്തു.
18. സവിശേഷമായ സാഹിത്യങ്ങളില്‍ ഈ ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ച പോയത്, വ്യാപാരത്തിന്റെ സംരക്ഷണ വില എന്ന ആശയതലത്തിലായിരുന്നു. കച്ചവടക്കാര്‍ക്ക് കാശ് കൊടുത്ത് സുരക്ഷ ഏര്‍പെടുത്താം. തങ്ങളുടെ സുരക്ഷ ലഭ്യമാക്കാം. മറ്റുള്ളവര്‍ക്ക് സംരക്ഷണം വില്‍പനക്കു നല്‍കുകയും ചെയ്യാം. ഈ വിശകലന പദങ്ങള്‍ ഉപയോഗിക്കപ്പെട്ടത് വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങളെ വിശദീകരിക്കാനാണ്. അങ്ങനെ മൊത്തത്തില്‍ ഏഷ്യന്‍ കച്ചവടക്കാര്‍ പോര്‍ച്ചുഗീസുകാര്‍ എത്തുന്നതിന് മുമ്പ് സംരക്ഷണ തീരുവ മറ്റുപലര്‍ക്കും താഴ്ന്ന വിലക്ക് നല്‍കി. ശേഷം അവര്‍ കുത്തകവല്‍ക്കരിച്ചിരുന്ന ഇന്ത്യന്‍ സമുദ്രത്തില്‍ വലിയ വിലക്ക് 'സംരക്ഷണം' വില്‍ക്കാന്‍ തുടങ്ങി. കണക്കെഴുത്തിന്റെ യുക്തിക്ക് കീഴില്‍ രാഷ്ട്രീയത്തിന്റെ ചപല ബുദ്ധികളെ കൊണ്ടുവരികയും മൂല്യങ്ങളെ ആഭ്യന്തര വല്‍ക്കരിക്കുകയും ചെയ്ത് വലിയ അളവില്‍ തന്നെ ഹോളണ്ടും ഇംഗ്ലണ്ടും അവരുടെ സുരക്ഷ ലഭ്യമാക്കി. പോച്ചുഗീസ് രാഷ്ട്രത്തിന് സംരക്ഷണം ലഭ്യമാക്കാനും വില്‍ക്കാനുമായി വലിയൊരു വിലയൊടുക്കേണ്ടി വന്നപ്പോള്‍, ഗുഡ്‌ഹോപ് മുനമ്പിന്റെ കിഴക്ക് ഭാഗത്ത് യുദ്ധം ചെയ്ത്, വാണിജ്യ കുത്തക നേടിയെടുക്കാനുള്ള അവകാശം സംയുക്ത സ്റ്റോക്കമ്പനികള്‍ക്ക് നല്‍കിക്കൊണ്ട് കച്ചവടത്തിലൂടെ അതിനെ മറികടക്കുകയാണ് ഇംഗ്ലണ്ടും ഹോളണ്ടും ചെയ്തത്. സംരക്ഷണത്തിലും അതിന്റെ സാമ്പത്തിക വശത്തിലും ആശയപരമായി കേന്ദ്രീകരിക്കുന്ന ഫെഡ്രിക് ലയണിന്റെ പരിചയപ്പെടുത്തല്‍, രാഷ്ട്രശക്തി എങ്ങനെയാണ് വിദേശത്ത് വെനീഷ്യന്‍ കച്ചവടക്കാരുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തപ്പെട്ടതെന്ന് വിശദീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്റ്റീന്‍സ് ഗാര്‍ഡും മറ്റും ഇന്ത്യന്‍ സമുദ്രത്തില്‍ പാശ്ചാത്യ ആധിപത്യം (പോര്‍ച്ചുഗീസ് പരാജയവും) വിവരിച്ച് കൊണ്ട് എഴുതുകയുണ്ടായി. (കര്‍ട്ടിന്‍, 1984; ലെയ്ന്‍ 1966; സ്റ്റീന്‍സ് ഗാര്‍ഡ് 1974) പൊതുശമ്പളം പറ്റുന്ന യു.എസ് സൈന്യം എങ്ങനെയാണ്  വിദേശത്തെ സ്വകാര്യ അമേരിക്കന്‍ സംരംഭകര്‍ക്ക് സുരക്ഷയും ധന സഹായവും നല്‍കുന്നത് എന്ന് മനസ്സിലാക്കാന്‍ ഏറെ ഉപകാരപ്രദമാണ്.
19. ഇവിടെ ഞാന്‍ ഒരുപാട് മൂലസ്രോതസ്സുകള്‍ കൊണ്ട് വന്നിട്ടുണ്ട്. (മശ്ഹൂര്‍, 1984; ഹര്‍ഗ്രോഞ്ച്, 1906; റീഡ് 1969, 1972; സൈദ് 1981) റീഡും സൈദും അവരുടെ ജീവചരിത്രം, ആച്ചനീസ് ചരിത്രം വിശകലനാത്മമായി ചിത്രീകരിച്ചതിനിടയിലാണ് കൊണ്ട് വന്നത്. ആച്ചെയിലെ സ്വൂഫികളും പുതിയ പണ്ഡിതരും മതപുരോഹിതരും രാജാക്കന്‍മാരുമൊക്കെയായിത്തീര്‍ന്ന പനാങിലെയും മലബാറിലെയും ഗുജറാത്തിലെയും അറേബ്യയിലെയും ദേശാടകരായ ഹദ്‌റമികളുടെ നീണ്ട നിരയില്‍ ഒരാള്‍ മാത്രമായിരുന്നു സഹീര്‍. അസ്‌റാ (1992)യുടേത് പോലുളള തുടര്‍ന്ന് വരുന്ന സൂചികകളില്‍ ഇത് കണ്ടെത്താനാവും.
20. ഉഥ്മാനീ മേലാധിപത്യത്തെ അറിയിച്ച് കൊണ്ടുള്ള ആച്ചനീസ് പ്രഖ്യാപനങ്ങളുടെ ഒരു ചരിത്രമുണ്ട്; 1515ലും 1850ലും ആച്ചനീസ് സുല്‍ത്താന്‍മാരായ സയ്യിദ് ഫിര്‍മാന്‍ ഷായും അലാഉദ്ദീന്‍ മന്‍സൂര്‍ ഷായുമൊക്കെ വിളംബരപ്പെടുത്തി ഉഥ്മാനീ  രാജാക്കന്‍മാരായ സാലിം ഒന്നാമനും അബ്ദുല്‍ മജീദും സ്ഥിരീകരിച്ചത് പോലെ. (സൈദ് 1981: 697-698) കൂടുതല്‍ വിവരങ്ങളും രേഖകളും റീഡും (1969: 3, 83-84, 259) ഓസ്‌കാനും (1997: 27) നല്‍കിയിട്ടുണ്ട്. അതേസമയം തന്നെ പോര്‍ച്ചുഗീസ് ഇംഗ്ലീഷ് അവകാശ വാദങ്ങള്‍ക്കെതിരായി, ഉഥ്മാനീ അപ്രമാദിത്വം അരക്കെട്ടിട്ടുറപ്പിച്ച് കൊണ്ട് ഹദര്‍മൗതില്‍ നിന്നും പ്രഖ്യാപനങ്ങളുണ്ടായി. (അല്‍ ബക്‌രി അല്‍ യാഫിഈ, 1956)
21. അദ്ദേഹത്തിന്റെ നിയമഗ്രന്ഥം ഫത്ഹുല്‍ മുഈന്‍ (മലൈബാരി) ഇന്തോനേഷ്യയില്‍ പ്രസിദ്ധപ്പെടുകയും യമനില്‍ ഉപയോഗിക്കപ്പെടുകയും ഇന്തോനേഷ്യന്‍ പണ്ഡിതന്‍മാര്‍ നിയമപ്രസ്താവങ്ങള്‍ക്ക് (ഫത്‌വകള്‍ക്ക്) ഉപയോഗിക്കുകയും ചെയ്ത് വരുന്നു. (നവവി ബല്‍ത്വാനി, 1938)
22. ഡെക്കാനിലെ സുപ്രധാനമായ മുസ്‌ലിം സ്റ്റേറ്റായ ആദില്‍ ഷാഹീ ഭരണകൂടം ദേശാടകരായ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. (ഈറ്റണ്‍, 1978) മലൈബാരിയുടെ ഗ്രന്ഥം രചിക്കപ്പെട്ട് ദശകങ്ങള്‍ക്ക് ശേഷം ഹദ്‌റമീ സയ്യിദായ ശൈഖ് ബന്‍ അബ്ദില്ലാഹ് അല്‍ ഐദ്‌റൂസ്, സുല്‍ത്താന്‍ ഇബ്‌റാഹീം ആദില്‍ ഷാക്ക് ബാധിച്ച പകര്‍ച്ചവ്യാധി ചികിത്സിച്ച് ഭേദപ്പെടുത്തുകയും അദ്ദേഹത്തില്‍ ശക്തമായ സ്വാധീനം നേടിയെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തോട് അറബ് വസ്ത്രം ധരിക്കാന്‍ വരെ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നുവത്രെ. (അല്‍ ഷില്ലി, 1901: 117-119)
23. ഇവിടത്തെ ജാതി ആചാരങ്ങളെക്കുറിച്ചുള്ള മലൈബാരിയുടെ നിരീക്ഷണങ്ങള്‍ പോലെ, ചേരമാന്‍ പെരുമാളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പല രേഖകളും പഴയ പോര്‍ച്ചുഗീസ് രേഖകളോട് സാമ്യത പുലര്‍ത്തുന്നുണ്ട്.
24. ഞാനിവിടെ ഉദ്ധരിച്ച സ്റ്റീഫന്‍ ഡയല്‍ (1997; 1980) മാപ്പിള ചരിത്രത്തിലെ ആധികാരിക ശബ്ദങ്ങളില്‍ ഒരാളാണ്. ഹദ്‌റമി അവലംബങ്ങളില്‍ മശ്ഹൂറും ബാവസീറും ഉള്‍പെടും. ഫിലിപ്പൈന്‍സിലെയും ആച്ചെയിലെയും മലബാറിലെയും യൂറോപ്യന്‍ വിരുദ്ധ മുസ്‌ലിം മുന്നേറ്റങ്ങള്‍ക്കിടയില്‍ ഏകോപിപ്പിക്കുന്ന ഒരു വരവരച്ച് സൈദ് അത് ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ പ്രദേശങ്ങള്‍ അനാത്വോലിയക്ക് മേല്‍ വിറ്റെക് കാണിച്ചതിനെത്തുടര്‍ന്ന് യൂറോപ്യന്‍ സൈനിക വല്‍ക്കരണം മൂലം അതിര്‍ത്തി പ്രദേശങ്ങളായി തീരുകയായിരന്നുവത്രെ. പക്ഷെ ഞാന്‍ മനസ്സിലാക്കുന്നത്, ദേശാടനങ്ങള്‍ നിലനിന്നിരുന്ന ആഭ്യന്തര പ്രദേശങ്ങളായി അവയെ കാണാമെന്നാണ്.
25. ആദ്യകാലത്തെ അമേരിക്കന്‍ സാമ്രാജ്യങ്ങള്‍ ഒട്ടേറെ പടിഞ്ഞാറന്‍ പ്രാദേശിക സംവിധാനങ്ങള്‍ കണ്ടിട്ടു
ണ്ട്. അതേപ്രകാരം, മെക്‌സിക്കോയിലേത് പോലെ അവരുടെ സങ്കരവര്‍ഗങ്ങളായ പിന്‍മുറക്കാരുടെ പ്രാദേശികവല്‍ക്കരിച്ച സ്വത്വ പ്രയോഗങ്ങളും. അത്തരം അതിര്‍ത്തിക്കടലുകള്‍ രണ്ടാം പടിഞ്ഞാറന്‍ സാമ്രാജ്യങ്ങളില്‍ ചുരുക്കമായിരുന്നു. (ഹ്യാം 1991: 117)
26. മോണ്ടസ്‌ക്യൂ, സ്മിത് പോലുള്ള സാമ്രാജ്യത്വ വിരുദ്ധ ജ്ഞാനോദയ നായകര്‍ ഫ്രാന്‍സിലും സ്‌കോട്‌ലന്‍ഡിലും ഉയര്‍ന്ന് വന്നത് അത്ഭുതകരമല്ല. വെസ്റ്റന്‍ഡീസുകളില്‍ നടന്ന വിദേശ യുദ്ധങ്ങളിലൂടെ ലോകവ്യാപകമായ ആംഗ്ലോ ഫ്രഞ്ച് സാമ്രാജ്യത്വ ശാത്രവത്തിന്റെ നീണ്ട പതിനെട്ടാം നൂറ്റാണ്ട്, ഫ്രാന്‍സിലും ഇംഗ്ലണ്ടിലും സവിശേഷമായ ആധുനിക കേന്ദ്രീകൃത സ്റ്റേറ്റുകള്‍ രൂപപ്പെടുത്തുകയായിരുന്നു. (സീലി, 1883: 17-36)
27. യൂറേപ്യേതരരായ ജപ്പാനുകാരുടെ രംഗപ്രവേശനം, ബ്രിട്ടന്റെ മലായയിലും ബര്‍മയിലും അമേരിക്കയുടെ ഫിലിപ്പൈന്‍സിലും ഹവായിലുമുള്ള പൊങ്ങച്ചം നിറഞ്ഞ അജയ്യതക്ക് തുരങ്കംവെച്ചത് ചിന്താപരമായ അപകോളനീകരണത്തിലെ സുപ്രധാന പടിയായിരുന്നു.
28. ഈ അപൂര്‍വ നിമിഷം അത്ര നീണ്ടുനിന്നില്ല. സ്വതന്ത്ര്യ പ്രസ്ഥാനങ്ങള്‍ക്ക് കമ്യൂണിസ്റ്റ് ബാധയേല്‍ക്കുകയും കമ്യൂണിസത്തെ കൂടാതെയുള്ള അപകോളനീകരണം ബലഹീനമായ ശ്രമമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു. ഇത് ചരിത്രത്തിലേറെ അവഗണിക്കപ്പെട്ടൊരു കാലമാണ്. (ഘോഷ് 2001; കെല്ലി കപ്‌ലാന്‍ 2001; ലൂയിസ് 1977)
29. വിന്‍ഡീസ് ദ്വീപുകളിലെ വ്യാപാരം വഴി പുതിയ പ്രമാണിയായിത്തീര്‍ന്ന പതിനാറാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് ഏകാധിപതി ഡോം മാനുവല്‍, ഔന്നിത്യം കുറഞ്ഞൊരു പേര് സ്വീകരിച്ചിരുന്നു; 'എത്യോപ്യയിലെയും അറേബ്യയിലെയും പേര്‍ഷ്യയിലെയും ഇന്ത്യയിലെയും വാണിജ്യ നാവിക കുത്തക പ്രഭു'വെന്ന്. പക്ഷെ മറ്റുള്ളവര്‍ അദ്ദേഹത്തെ പലചരക്കുവ്യാപാരിയായ ഭരണാധികാരി എന്ന് വിളിച്ചു.
30. പ്രാദേശിക അമേരിക്കന്‍ ജനതക്കുമേലുള്ള പ്രത്യക്ഷമായ കോളനിയേതര സ്വാധീനം നേടിയെടുക്കുന്നത് ശാരീരികമായി ഉന്മൂലനാശം വരുത്തിയും സാംസ്‌കാരിക കൂട്ടക്കൊല നടത്തിയും, പരമാവധി ധ്രുവീകരിച്ച് സംവരണമേര്‍പ്പെടുത്തിയുമൊക്കെ ആ ജനതയെ കാഴ്ചക്ക് പുറത്തു നിര്‍ത്തിയായിരുന്നു. അതുവഴി പൊതുപ്രാതിനിധ്യത്തില്‍ നിന്ന് അവരെ പുറത്താക്കുകയും ചെയ്തു. ഇവ പരമാധികാരികളായിരുന്നത് പോലെ, വിദേശീയവും ഭരണഘടനാ ചട്ടക്കൂടില്ലാത്തതുമായിരുന്നു അവ.
31. 'ഗ്വാണ്ടനാമോ തടവുകാരെ ജഡ്ജി തള്ളിപ്പറയുന്നു', ന്യൂയോര്‍ക്ക് ടൈസ് 1 ആഗസ്റ്റ് 2002
32. 1992ല്‍, പ്രസിഡണ്ട് ബുഷ് ഒന്നാമന്‍ അമേരിക്കന്‍ പൊതു അഭിപ്രായത്തില്‍ കുറ്റാരോപിതരായ എച്ച്.ഐ.വി ബാധിത ഹെയ്തിയന്‍ രാഷ്ട്രീയ അഭയാര്‍ത്ഥികളെ ഗ്വാണ്ടനാമോയുടെ നിയമസങ്കീര്‍ണതകളിലേക്ക് വലിച്ച് ചേര്‍ക്കുയുണ്ടായി. യു.എസ് കോടതി എക്‌സിക്യൂട്ടീവിന് വഴിപ്പെടുകയും ചെയ്തു.
34. 'യു.എസ് സുരക്ഷാ സേന അഫ്ഗാന്‍ നേതാവിന്‌വേണ്ടി സമയം ചെലവാക്കുന്നു'
35. 'ഒന്നുകില്‍ നമുക്കൊപ്പം, അല്ലെങ്കില്‍ നമ്മുടെ എതിര്‍ ചേരിയില്‍', എന്ന ഭീഷണ സ്വരത്തിലുള്ള ബുഷിന്റെ അതേ പ്രയോഗം ബ്രിട്ടന്റെ അസാമാന്യ ബോധത്തിനുടമയായ പൗരസ്ത്യ പ്രതിനിധി റൊണാള്‍ഡ് സ്‌ടോര്‍സ് വളരെ സൂക്ഷ്മമായി ഉപയോഗിച്ചിട്ടുണ്ട്; ജര്‍മന്‍ ചേരിയോടൊപ്പം തുര്‍ക്കി ഒന്നാം ലോക യുദ്ധത്തില്‍ പ്രവേശിച്ചിരുന്നെങ്കില്‍ മക്കയുടെ ഗ്രാന്റ് ശരീഫ് ബ്രിട്ടനോടൊപ്പം നില്‍ക്കുമോ എന്നറിയാന്‍ വേണ്ടി. ബ്രിട്ടീഷ് സന്ദേശം 'ഭക്ത്യാദരപൂര്‍വ'മുള്ള അറബിയിലായിരുന്നു. നന്ദിപൂര്‍വം അത് വായിച്ച് അബ്ദുല്ല രാജാവ് പറഞ്ഞത് സ്റ്റോര്‍സ് എന്തായാലും ഒരു മുസ്‌ലിമാകണമെന്നാണ്. അത്രമാത്രം സ്വതന്ത്രമായി അദ്ദേഹം ഖുര്‍ആന്‍ ഉദ്ധരണികള്‍ ഉപയോഗിച്ചിരുന്നു. (മോറിസ്, 1959: 33)
37. 'In powell's tour, brevity as the Soul of Diplomaacy' ന്യൂയോര്‍ക്ക് ടൈംസ് 1 ആഗസ്റ്റ് 2002
38. ബോംബിങ്ങിനു പ്രതികരണമായി ബിന്‍ ലാദന്‍ നടത്തിയ വീഡിയോ അവസാനിക്കുന്നത് അതേ ആവശ്യമുയര്‍ത്തിയാണ്, അമേരിക്കയോടെന്ന പോലെ അവിടത്തെ ജനങ്ങളോടും ഞാന്‍ ചില കാര്യങ്ങള്‍ പറയുകയാണ്: ആകാശങ്ങളെ തൂണുകളില്ലാതെ ഉയര്‍ത്തി നിര്‍ത്തിയ ദൈവം തമ്പുരാനാണ സത്യം, അമേരിക്കയും അവിടെ ജീവിക്കുന്നവരും, ഫലസ്ഥീനികള്‍ യഥാര്‍ത്ഥ ജീവിതത്തിലേക്ക് തിരികെയെത്തുന്നത് വരെ സുരക്ഷിതമായൊരു ജീവിതം സ്വപ്നം കാണേണ്ട; അതുപോലെത്തന്നെ മുഴുവന്‍ അവിശ്വാസി സൈനികരും മുഹമ്മദ് നബിയുടെ ഭൂമി വിട്ടൊഴിയുന്നത് വരെയും. ('Bin Ladin: no security for America before security for Palastine', അല്‍ ഹയാത്ത്, 9 ഒക്‌ടോബര്‍ 2001)
39. അല്‍ ജസീറയില്‍ വന്ന യു.എസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫല്‍ഡിന്റെ അഭിമുഖത്തെ കുറിച്ചുള്ള വാര്‍ത്ത: സൗദിയില്‍ വാഷിംങ്ടണിന്റെ സൈന്യമുണ്ടായത് കൊണ്ടാണോ ബിന്‍ ലാദനും അദ്ദേഹത്തിന്റെ ശൃംഖല, അല്‍ ഖാഇദയും  അമേരിക്ക ആക്രമിച്ചതെന്ന് ചോദിച്ചപ്പോള്‍, അമേരിക്കന്‍ സേന ക്ഷണിക്കപ്പെട്ടിടത്ത് മാത്രമേ ഇപ്പോഴുള്ളൂവെന്നാണ് റംസ്ഫല്‍ഡ് മറുപടി പറഞ്ഞത്; 'ഞങ്ങളെയാവശ്യമില്ലാത്ത ഒരിടത്തും ഞങ്ങളുണ്ടാവില്ല.' ('Rumsfeld to appeal to Arabic public on mideast T.V network', Newyork Times 16 October 2001)
40. 'Bin Ladin: No security for America before security for Palastine', Al Hayat 9 October 2001
41. ടീ ഷര്‍ട്ടിലെ താരപരിവേഷത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ ജനകീയനായിക്കൊണ്ടിരിക്കുന്ന ചെഗുവേരക്ക് തൊട്ട് പിന്നിലാണ് ബിന്‍ ലാദന്‍. അമേരിക്കന്‍ ഗൂഢാലോചനാ തിയറി വിശദീകരിച്ച തിയറി മേഴ്‌സന്റെ L'effroyable Imposture (2002) ചരിത്രമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഒരു ലക്ഷം പ്രതികളാണ് ഒരാഴ്ചക്കകം ഫ്രാന്‍സില്‍ വിറ്റഴിഞ്ഞ് പോയത്. (ലെ ഗ്രാന്റ് ഡെല്യൂഷന്‍, ദി ഗാര്‍ഡിയന്‍, 3 ഏപ്രില്‍ 2002)
42. ജര്‍മന്‍ ചേരിയില്‍ നിന്ന് കൊണ്ടുള്ള 1914 നവംബറിലെ തുര്‍ക്കിയുടെ യുദ്ധപ്രഖ്യാപനം ഉന്നത ദേശീയ മതവൃത്തമായ ശൈഖുല്‍ ഇസ്‌ലാം ജിഹാദിന്റെ ഗണത്തിലാണ് പെടുത്തിയത്. (ഹര്‍ഗ്രോഞ്ച് 1915) റഷ്യക്കും ഇംഗ്ലണ്ടിനും ഫ്രാന്‍സിനുമെതിരെ സ്വത്തും ജീവനും നല്‍കാന്‍ മുസ്‌ലിംകളെ പ്രേരിപ്പിച്ച് കൊണ്ടായിരുന്ന ഫത്‌വ. മുസ്‌ലിംകളെ പരാജയപ്പെടുത്താന്‍ തങ്ങളെ സഹായിക്കുന്ന ഏഷ്യയിലോ വിന്‍ഡീസിലോ ഉള്ള ഇതിഹാസ ക്രിസ്ത്യന്‍ രാജാവായ പ്രൈസ്റ്റര്‍ ജോണിന് വേണ്ടിയുള്ള പതിനഞ്ചാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് കാത്തിരിപ്പിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ നീക്കം. ഇപ്പോള്‍ കുടിയേറ്റ മുസ്‌ലിംകള്‍ക്കെതിരെ യൂറോപ്പും അമേരിക്കയും ഉത്കണ്ഠ പ്രകടിപ്പിക്കുന്നത് മുമ്പ് റഷ്യന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് രാഷ്ട്രങ്ങളുടെ തുര്‍ക്കി ജിഹാദ് ഫത്‌വകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടേക്കാവുന്ന അഞ്ചാംപത്തി ഭീതിയെ പ്രതിധ്വനിക്കുന്നുണ്ട്.
43. http://news.bbc.co.uk/hi/english/world/south_asia/newsid_1623000/1623281.stm (28 October 2001)
44. ശക്തമായ ശീതയുദ്ധ സൈനിക ഘടനകളുടെ അപപ്രചാരണത്തിന് ശാല്‍മൈസ് ജോണ്‍സണ്‍ (2000) ആവശ്യപ്പെടുന്നുണ്ട്. എങ്ങനെയാണ് സാമ്പത്തിക രാഷ്ട്രീയ പരികല്‍പനകള്‍ സാമ്രാജ്യത്തിനകത്ത് ഒത്ത് പോകുന്നതിനെക്കുറിച്ച അദ്ദേഹത്തിന്റെ വിശകലനമാണ് കൂടുതല്‍ അവിശ്വസനീയം.
45. ഈജിപ്തിലെ ബ്രിട്ടീഷ് കൗണ്‍സില്‍ ജനറലും (1883 - 1907) യഥാര്‍ത്ഥ ഭരണാധിപനുമായിരുന്ന ക്രോമര്‍ പ്രഭു കുടിയൊഴിക്കലിനുള്ള സാധ്യത മുന്‍കൂട്ടിക്കാണുകയാണെങ്കില്‍ മാത്രം ന്യായീകരിക്കപ്പെടാവുന്ന, നേരിട്ടല്ലാതെയുളള ഭരണത്തിലടങ്ങിയ വിരോധാഭാസങ്ങളെക്കുറിച്ച് ബദ്ധശ്രദ്ധനായിരുന്നിട്ടുണ്ട്. (ആരന്ദ്, 1979: 213)
46. ഡീന്‍ എക്‌സണ്‍ തന്റെ ഓര്‍മകള്‍ ആരംഭിക്കുന്നത് 1939 സെപ്തംബറില്‍ ധ്രുവീകരണാത്മകമായ അമേരിക്ക ഫസ്റ്റ് കമ്മറ്റിയുടെയും കമ്മറ്റി ടു ഡിഫന്‍ഡ് അമേരിക്കയുടെയും ഇടയില്‍ സഖ്യരാഷ്ട്രങ്ങളുടെ സഹായത്തോടെയുണ്ടായ പിളര്‍പ്പിനെക്കുറിച്ച് വ്യക്തമാക്കിയാണ്. (1969: 3) ഇന്നത്തെ സൈനിക വിദഗ്ധര്‍ അതില്‍ നിന്നൊരു പേജ് മറിച്ച് അമേരിക്ക സാമ്രാജ്യമാണോ അല്ലയോ എന്ന ചോദ്യത്തോട് അസഹിഷ്ണുത രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്രാജ്യത്വ ഭാരങ്ങളെ അംഗീകരിച്ച്, അവയെ മികച്ച രീതിയില്‍ നടപ്പാക്കി മുന്നോട്ട് പോകാമെന്ന ശ്രമകരമായ ദൗത്യമാണ് അവര്‍ മുന്നോട്ട് വെച്ചത്. (ബാസവിച്ച് 2002; ഡോണ്‍ലി 2002; റോസന്‍ 2002) ഡിഫന്‍സ് പോളിസി ബോര്‍ഡ് ചെയര്‍മാനായ റിച്ചാര്‍ഡ് പേളും ഡെപ്യൂട്ടി സെക്രട്ടറിയായ പോള്‍ വോള്‍ഫോവിച്ചും മനസ്സിലാക്കിയ ഇന്നത്തെ യു.എസ് അഡ്മിനിസ്‌ട്രേഷന്റെ അധികാര ഭാരങ്ങള്‍ പ്രസന്റ് ഡൈഞ്ചറസിലെ അവരുടെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (കാഗന്‍, ക്രിസ്റ്റോള്‍ 2000)
47. സോവിയറ്റ് പോലുള്ള സാമ്രാജ്യത്വ ശത്രുക്കള്‍ അപ്രത്യക്ഷമായതോടെ അമേരിക്ക, 1990കളില്‍ ഭീമാകാരമായി പുരോഗതി പ്രാപിച്ച നിഗൂഢ സൈനികസ്വഭാവം പുലര്‍ത്താന്‍ വേണ്ടി സാമ്രാജ്യത്വ വിരുദ്ധകോളനിയുടെ രൂപം സ്വീകരിച്ചിരിക്കുകയാണ്. ജോയന്റ് കംമ്പൈന്‍ഡ് എക്‌സ്‌ചേഞ്ച് ട്രെയ്‌നിംങ് (ജെ.സി.ഇ.ടി) പരിപാടിയിലൂടെ 1997ല്‍ 101 രാഷ്ട്രങ്ങളില്‍ സ്വന്തം ബജറ്റില്‍ അവിടങ്ങളിലെ സൈന്യങ്ങളുമായി ഒത്തുചേര്‍ന്ന് സൈനിക ഓപറേഷന്‍ നടത്തിയിരുന്നു അവര്‍. നേരിട്ടുള്ള സ്വാധീനത്തിന്റെ പുതിയതും വിശാലവുമായ സാമ്രാജ്യത്വ രീതിയാണവ.
48.  സവിശേഷമായ ഓപറേഷന്‍ ശക്തികളുടെയും മനുഷ്യ നിയന്ത്രണമില്ലാത്ത വ്യോമ പേടകങ്ങളുടെയും സംയോജിത ഉപയോഗമറിയാന്‍ ഹവാര്‍ഡ് (1995) നോക്കുക.  
49. സാമ്രാജ്യത്വ ചട്ടക്കൂടിന്റെ പ്രാധാന്യത്തെ ചിത്രീകരിക്കുന്നത് പോലെത്തന്നെ, കോളനിയുമായി ബന്ധപ്പെട്ട കോളനീ വിരുദ്ധബാധക്കുകൂടി വിധേയമാവുകയായിരുന്നു പണിക്കര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെയും പ്രാദേശിക പരമാധികാരത്തിന്റെയും പ്രാരംഭത്തില്‍ തന്നെ അതിനെക്കുറിച്ച് പുസ്തകം രിചിച്ച പണിക്കരുടെ വാക്കുകള്‍ ഉദ്ധരിച്ചാല്‍: 'അവസാനമായി ഏഷ്യയിലും, ഭൂജനങ്ങള്‍ കടല്‍ കേന്ദ്രീകരിച്ച ശക്തികള്‍ക്കെതിരെ സ്വയം അവകാശവാദമുന്നയിച്ചു. ഏഷ്യയില്‍ നിന്നുള്ള യൂറോപ്യന്‍ ശക്തികളുടെ പിന്‍മാറ്റം വഴി ഫലത്തില്‍ സംഭവിച്ചത്, നാവിക കച്ചവട വ്യവസ്ഥയുടെ ചങ്ങലകളില്‍ നിന്ന് മോചിതമായി ഭൂസാമ്രാജ്യങ്ങളുടെ ശക്തി ബലപ്പെടുകയായിരുന്നു.'
50. കമ്യൂണിസ്റ്റ് ലോകത്തിന് പുറത്ത് കൊളോനിയലിസത്തിന് കീഴില്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ടിരുന്ന സ്വകാര്യ സ്വത്ത് ഭരണം ദേശ-രാഷ്ട്രങ്ങള്‍ വഴി തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ജനാധിപത്യ പ്രവേശത്തിന്റെ സാഹചര്യത്തില്‍ കൃത്യമായും മാര്‍ക്കറ്റുകളിലേക്ക് തുറന്നിടപ്പെട്ട അപവര്‍ഗീയവല്‍കരിക്കപ്പെട്ട ലക്ഷ്യങ്ങളെ ഉടമപ്പെടുത്താനായി പുതിയ വ്യക്തികള്‍ വലിയതോതിലുള്ള തിരിച്ചെടുക്കാന്‍ പറ്റാത്ത നിക്ഷേപങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നു. കോളനിയാനന്തര വരേണ്യവര്‍ഗങ്ങള്‍ ഭൂമി അധീനപ്പെടുത്തി വെക്കുമ്പോള്‍ തന്നെ റിയല്‍ എസ്റ്റേറ്റിനും അതിന്റെ ഫലങ്ങള്‍ക്കുമുപരിയായി കൂടുതല്‍ സൂക്ഷ്മവും വലിയതോതിലുമുള്ള നിക്ഷേപങ്ങള്‍ വഴി സാമ്രാജ്യത്വ നയതന്ത്രങ്ങള്‍ അതിന്റെ മുല്യങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
51. ഫര്‍ണിവല്‍ (1948) മുതല്‍ കൊളോനിയലിസവുമായി ബന്ധപ്പെട്ട് ബഹുസ്വര സമൂഹമെന്ന സങ്കല്‍പം കൂടുതല്‍ കൃത്യമായി ഒരു സാമ്രാജ്യത്വ പ്രതിഭാസമാണ്. അധിനിവേശകര്‍ പുതിയ ഇടങ്ങളിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്നു; സാമ്രാജ്യത്വ ശക്തികള്‍ മറ്റിടങ്ങളിലേക്കും. സാമൂഹിക വിഭജനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ബഹുസ്വര സമൂഹം ഒരു ചലനത്തിന്റെ ഭാഗമായി തുടരുകയാണ്; സാമ്രാജ്യത്വ സമ്പദ് വ്യവസ്ഥയുടെ വിപുലമായ ആഭ്യന്തര മേഖലക്കകത്ത് പ്രവര്‍ത്തിക്കാനായി വഴിമാറി നടക്കുന്ന ഒരു ജനതയായി.
52. 1990കളുടെ ആരംഭം തൊട്ട് തന്നെ ഇതിന് മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്. സെപ്തംബര്‍ 11 ആക്രമണം, സൗദിയുടെ ആഭ്യന്തര പരാജയ സാധ്യത യഥാര്‍ത്ഥവും വിശ്വസ്ഥവുമാക്കിത്തീര്‍ത്തു. അത്തരമൊരു സാഹചര്യത്തിലാണ് മൊത്തം ഗള്‍ഫ് മേഖലയില്‍ നിന്നുതന്നെ നിഷ്‌കാസിതമാവുന്നതും ഇറാഖും ഇറാനും അനന്തര സൗദി അറേബ്യയുമായൊക്കെ ഒറ്റയടിക്ക് യുദ്ധം ചെയ്യേണ്ടി വരികയുമുണ്ടാകുന്ന ഒരു സാഹചര്യത്തെ ഇല്ലാതാക്കാനായി അപ്പോള്‍ തന്നെ ഇറാഖില്‍ സാന്നിധ്യം ഉറപ്പിക്കണമെന്ന തരത്തിലുള്ള ചിന്ത അമേരിക്കയെ അധിനിവേശത്തിന് നിര്‍ബന്ധിപ്പിച്ചത്.
53. നേരെ വിപരീതമായി, അമേരിക്കന്‍ മാധ്യമ-ഭരണകൂടങ്ങള്‍  അനുഭവിക്കുന്ന, എവിടെയുമുള്ള അല്‍ ഖാഇദയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അഭൗമികമായ ബന്ധത്തിന്റെ ബാധക്കപ്പുറത്ത് അല്‍ജീരിയയിലെ എഫ്.ഐ.എസ്, ഫലസ്ഥീനിലെ ഹമാസ്, ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് തുടങ്ങിയ (സമകാലികമായ അധിക ഇസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും) ദേശീയ തലത്തിലേക്ക് കേന്ദ്രീകരിക്കുകയും പതിനെട്ടാം നൂറ്റാണ്ടിലെ ജമാലുദ്ദീന്‍ അഫ്ഗാനിയുടെ നിത്യമായ സാമ്രാജ്യത്വ വിരുദ്ധ നാടുകടത്തിലിന്റെ ഭാഗമായി ദേശാതിര്‍ത്തികളിലേക്ക് ഉള്‍വലിയുകയും ചെയ്തിട്ടുണ്ട്. ഖിലാഫത്ത് താല്‍പര്യം പരിരക്ഷിച്ച് പോരുന്ന ഹിസ്ബുത്തഹ്‌രീര്‍ മാത്രമാണ് ഇവയില്‍ നിന്ന് കാര്യമായി അപവാദം നില്‍ക്കുന്നത്.

 

വിവ: മുഹമ്മദ് സഹീര്‍ ഹുദവി



 

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top