മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ സാമൂഹിക ഇടപെടലിന്റെ രീതിശാസ്ത്രം

ഡോ. സ്വലാഹ് സുല്‍ത്വാന്‍‌‌
img

ലോകത്തിന്റെ വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ ജീവിച്ച് കൊണ്ടിരിക്കുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പഠനങ്ങളും സവിശേഷ സാഹചര്യങ്ങളിലുള്ള അവരുടെ കര്‍മശാസ്ത്ര നിയമങ്ങളും ഇന്ന് കൂടുതല്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. വ്യത്യസ്ത ലക്ഷ്യങ്ങളോടെയുള്ള കുടിയേറ്റം ഇന്ന് വര്‍ധിച്ച് വരികയാണ്. അതോടൊപ്പം അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും.
പ്രധാനമായി രണ്ട് വിഭാഗം ന്യൂനപക്ഷങ്ങളെക്കുറിച്ച് ആധുനിക കര്‍മശാസ്ത്ര വിശാരദന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 1. സംഖ്യാപരമായ ന്യൂനപക്ഷങ്ങള്‍. യൂറോപ്പ്, അമേരിക്ക, ഇന്ത്യ, ചൈന പോലെയുള്ള രാജ്യങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍. 2. നിയമപരമായ അവകാശങ്ങളില്‍ ന്യൂനപക്ഷമായിരിക്കുന്നവര്‍. അവര്‍ ജീവിക്കുന്ന പ്രദേശങ്ങളില്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്നവരാണ്. ചെച്‌നിയ, ഉസ്ബക്കിസ്താന്‍, അസര്‍ബൈജാന്‍ തുടങ്ങിയ പ്രദേശങ്ങളിലെ മുസ്‌ലിംകള്‍ അമുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന അവകാശം പോലും ലഭിക്കാത്ത മുസ്‌ലിം ഭൂരിപക്ഷം ജീവിക്കുന്ന ചില ഇസ്‌ലാമിക രാഷ്ട്രങ്ങളെയും ഇതിലേക്ക് ചേര്‍ത്ത് വെക്കാം. അത്തരം രാഷ്ട്രങ്ങളില്‍ പ്രബോധകന്മാരും പരിഷ്‌കര്‍ത്താക്കളും ആട്ടിയോടിക്കപ്പെടുകയും യൂറോപ്പില്‍ ജീവിക്കുന്ന മുസ്‌ലിമിനെക്കാള്‍ മോശമായ സാഹചര്യത്തില്‍ ജീവിച്ച്‌കൊണ്ടിരിക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍, വ്യത്യസ്ത പ്രദേശങ്ങളില്‍ ജീവിച്ച് കൊണ്ടിരിക്കുന്ന മുസ്‌ലിം ന്യൂനപക്ഷത്തെ സംബന്ധിച്ചേടത്തോളം അവര്‍ ചില നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണ്. അത് അവരുടെ താല്‍പര്യങ്ങളും സര്‍വോപരി ദീനിന്റെ താല്‍പര്യങ്ങളും പരിരക്ഷിക്കപ്പെടാന്‍ സഹായകമാണ്.
അഗാധമായ പൗരബോധം
രാജ്യസ്‌നേഹം ഒരു മനുഷ്യന്റെ പ്രകൃതിയില്‍ ഊട്ടപ്പെട്ടതാണ്. കാരണം അവിടുത്തെ വായു ശ്വസിച്ച്, വെള്ളം കുടിച്ച്, ഭക്ഷണം കഴിച്ച്, വിഭവങ്ങള്‍ ആസ്വദിച്ച്, സൗകര്യങ്ങള്‍ അനുഭവിച്ച് ജീവിക്കുമ്പോള്‍ അത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാമിക കര്‍മശാസ്ത്രം ഈ ശരിയായ പ്രകൃതിയോട് ഒരിക്കലും ഏറ്റുമുട്ടുന്നില്ല എന്ന് മാത്രമല്ല, അതിനെ സംസ്‌കരിക്കുകയും നേരായ മാര്‍ഗത്തിലൂടെ നയിക്കുകയുമാണ് ചെയ്യുന്നത്. ഇനി മുസ്‌ലിം ന്യൂനപക്ഷം രാഷ്ട്രത്തോട് പ്രസ്തുത മനോഭാവം പുലര്‍ത്തിയിട്ടില്ലെങ്കില്‍ അത് നിഷേധാത്മക പ്രവണതകളിലേക്കായിരിക്കും ചെന്നെത്തുക. അത് രാജ്യത്തിനെതിരെ വിധ്വംസക പ്രവര്‍ത്തിയിലേര്‍പ്പെടാന്‍ വരെ സഹായിക്കും. അതിലൂടെ സംഭവിക്കുന്നത് അവകാശ നിഷേധവും പീഡനങ്ങളും ഒറ്റപ്പെടലുമായിരിക്കും. പൗരബോധത്തിന്റെ അഭാവമാണിത് സൂചിപ്പിക്കുന്നത്. കര്‍മശാസ്ത്രം ഈ പ്രതിസന്ധിയെയാണ് പരിഹരിക്കുന്നത്.
അമേരിക്കയില്‍ മുസ്‌ലിംകള്‍ എട്ട് മില്യണില്‍ കൂടുതലാണ്. അതില്‍ 22.4% അടിസ്ഥാനപരമായി തന്നെ അമേരിക്കക്കാരാണ്. 77.6% കുടിയേറ്റക്കാരാണ്. ഇത് അമേരിക്കന്‍ മുസ്‌ലിംകളെക്കുറിച്ച് വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട കണക്കാണ്. കുടിയേറ്റക്കാരില്‍ 40% അവരുടെ മക്കളാണ്. ഒന്നുകില്‍ ചെറുപ്പത്തില്‍ അവിടെ എത്തിയവര്‍ അല്ലെങ്കില്‍ അവിടെ ജനിച്ചവര്‍. ആ മക്കളില്‍ പൗരബോധം വളര്‍ത്തേണ്ടത് രക്ഷിതാക്കളാണ്. അവര്‍ രാജ്യത്തിന്റെ വാര്‍ത്തകള്‍ മക്കള്‍ക്ക് പകര്‍ന്ന് നല്‍കണം. അപ്പോള്‍ അവര്‍ അമേരിക്ക സ്വന്തം രാജ്യമായി കാണാനും ജീവിതത്തിന്റെ ഭാഗമായി പരിഗണിക്കാനും സന്നദ്ധമാകും.
യൂറോപ്പിലെ മുസ്‌ലിംകള്‍ സ്വന്തം സ്വത്വബോധത്തോടെ ജീവിക്കുന്നവരാണ്. അവരില്‍ ഭൂരിഭാഗവും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവരാണ്. ദാരിദ്ര്യത്തിലും പീഡനത്തിലുമായി അവര്‍ കഴിഞ്ഞ് കൂടുന്നു. എന്നാല്‍ ചൈനയിലെ മുസ്‌ലിംകള്‍ 150 മില്യണില്‍ കൂടുതല്‍ വരും, അവര്‍ എല്ലാവരും അടിസ്ഥാന പരമായി തന്നെ ചൈനക്കാരാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ 200 മില്യണില്‍ കൂടുതല്‍ ഉണ്ട്. അവര്‍ എല്ലാവരും ഇന്ത്യന്‍ പാരമ്പര്യത്തില്‍ ഉള്ളവരാണ്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ മുസ്‌ലിംകളില്‍ കൂടുതല്‍ തദ്ദേശീയര്‍ തന്നെയാണ്. അത് പോലെ ജപ്പാനിലും ആസ്‌ത്രേലിയയിലുമുള്ള മുസ്‌ലിംകള്‍. ഇവരെല്ലാവരെയും അതാത് രാജ്യങ്ങളിലെ ഒരുഭാഗം എന്ന നിലയിലാണ് ആധുനിക കര്‍മശാസ്ത്ര വിശാരദന്മാര്‍ പരിഗണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അവര്‍ക്ക് സ്വന്തം രാഷ്ട്രത്തിന്റെ പുരോഗതിയിലും വികാസത്തിലും നിര്‍മാണാത്മകമായ പങ്ക് വഹിക്കാനുണ്ട്. ഇതൊരിക്കലും അവരുടെ അടിസ്ഥാന രാജ്യത്തോടുള്ള സ്‌നേഹക്കുറവല്ല. അതിനോടുള്ള സ്‌നേഹം മനസ്സില്‍ സൂക്ഷിച്ച് കൊണ്ട് തന്നെ ഇപ്പോള്‍ ജീവിക്കുന്ന രാഷ്ട്രത്തോടും പ്രതിബദ്ധത  പുലര്‍ത്താന്‍ കഴിയും. മക്കവിട്ട് മദീനയില്‍ സ്ഥിരതാമസമാക്കിയ പ്രവാചകനും അനുയായികളും മക്കയെ കുറിച്ചോര്‍ത്ത് കണ്ണീര്‍വാര്‍ക്കുകയും അതേസമയം യസ്‌രിബിനെ വിജ്ഞാനത്തിന്റെയും നന്മയുടെയും പ്രകാശത്തിന്റെയും മാര്‍ഗത്തിലൂടെ മദീനയാക്കി മാറ്റുകയും ചെയ്തു. മദീനയിലെ വിഭവങ്ങളില്‍ അനുഗ്രഹം ചൊരിയാന്‍ വേണ്ടി പ്രവാചകന്‍ പ്രാര്‍ഥിച്ചിരുന്നു. സത്യത്തില്‍ വിപ്രവാസത്തിന്റെ ദൈ്വതവികാരങ്ങള്‍ പ്രവാചകന്‍ അനുഭവിച്ചിരുന്നു എന്ന് സാരം. എന്നിട്ടും ഇരുനാട്ടിനോടുമുള്ള സ്‌നേഹം മനസ്സില്‍ നിലനിര്‍ത്തുകയും ചെയ്തു. ഇസ്‌ലാമിക ശരീഅത്തിന്റെ പ്രയോഗവത്കരണത്തിന്റെയും ആദ്യ ഇസ്‌ലാമിക രാഷ്ട്രത്തിന്റെയും മണ്ണായ മദീനയോട് പ്രവാചകനും അനുയായികളും പുലര്‍ത്തിയ അതേവികാരം അമുസ്‌ലിം രാജ്യങ്ങളില്‍ താമസിക്കുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അതേ അളവില്‍ പുലര്‍ത്തണമെന്ന് പറയുന്നത് യുക്തിപരമല്ല. എങ്കിലും അതിനെ സ്‌നേഹിക്കുകയും അതിന്റെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കുകയും വികസന കാര്യങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും വേണം.
അമുസ്‌ലിം രാജ്യങ്ങളിലെ താമസവുമായി ബന്ധപ്പെട്ട് ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ദീനീപ്രബോധനവും പരിഷ്‌കരണവും ലക്ഷ്യം വെച്ച്‌കൊണ്ട് അത്തരം രാജ്യങ്ങളില്‍ താമസിക്കല്‍ അനിവാര്യമാണെന്ന് ഒരുവിഭാഗം വാദിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: 'ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍.' അതുപോലെ രിബ്ഇബ്‌നു ആമിര്‍(റ)വിന്റെ ഒരു പരാമര്‍ശം അവര്‍ തെളിവായി സ്വീകരിക്കുന്നു. ''അടിമകളുടെ അടിമത്തത്തില്‍നിന്ന് അല്ലാഹുവിന്റെ അടിമത്തത്തിലേക്കും മതങ്ങളുടെ അതിക്രമങ്ങളില്‍നിന്ന് പരലോകത്തിന്റെ വിശാലതയിലേക്കും മനുഷ്യരെ നയിക്കാന്‍ ദൈവത്താല്‍ നിയോഗിതരായവരാണ് ഞങ്ങള്‍.
താമസിക്കുന്ന രാജ്യത്തെ സ്‌നേഹിക്കുകയും അതില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ വെറുക്കുകയും പ്രസ്തുത രാജ്യത്തെ ജനങ്ങള്‍ക്ക് നന്മ സമര്‍പ്പിക്കുകയും ചെയ്യുക വഴി ഇസ്‌ലാമിനെ ലോകത്തിന് കാരുണ്യമായി അനുഭവിപ്പിക്കുക എന്നത് അവരുടെ ബാധ്യതയാണ്. അതുകൊണ്ട് തന്നെ ഒരു മുസ്‌ലിമിന് പറയാന്‍ കഴിയണം, ഞാന്‍ ഒരു ഇന്ത്യക്കാരനായ ഫ്രഞ്ച് മുസ്‌ലിമാണ്. അല്ലെങ്കില്‍ ഈജിപ്ത്കാരനായ അമേരിക്കന്‍ മുസ്‌ലിമാണ് എന്ന്. അതുപോലെ രാജ്യത്തിന്റെ പേരില്‍ അഭിമാനിക്കാം, അതേസമയം അവിടുത്തെ രാഷ്ട്രീയനയങ്ങളോടും മതവിരുദ്ധ നിയമങ്ങളോടും വിമര്‍ശനാത്മകമായ നിലപാട് സ്വീകരിക്കുകയും ചെയ്യാം.
2. നാടിന്റെ പരിഷ്‌കരണം ഉത്തരവാദിത്തമായി ഏറ്റെടുക്കുക.
ന്യൂനപക്ഷ കര്‍മശാസ്ത്രത്തിലെ ഗവേഷണങ്ങള്‍, മുസ്‌ലിംകളെ നാടിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ തന്നെയും പരിഷ്‌കരണത്തില്‍ വ്യാപൃതരാക്കാന്‍ പ്രേരണ നല്‍കുന്നതാവണം. മുസ്‌ലിം സമൂഹത്തിന്റെ നന്മമാത്രം അവര്‍ ലക്ഷ്യം വെക്കരുത്. തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ മുഴുവന്‍ ജനവിഭാഗത്തിന്റെയും നന്മയും പുരോഗതിയും അവരുടെ ലക്ഷ്യമാകണം. ന്യൂനപക്ഷകര്‍മശാസ്ത്രം, പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിലും പരീക്ഷണങ്ങളില്‍നിന്ന് മോചനം നല്‍കുന്നതിലും മാത്രം പരിമിതമാകാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിക പാഠശാലകള്‍ സ്ഥാപിച്ച് കൊണ്ട് നമ്മുടെ മക്കളെ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍നിന്ന് പ്രതിരോധിക്കാം. അതുപോലെ തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം വഹിച്ച് കൊണ്ട് ന്യൂനപക്ഷ അവകാശങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കുകയും ഭാഗികമായിട്ടാണെങ്കിലും വംശീയതയില്‍നിന്ന് ഭരണകൂടങ്ങളെ തടയുകയും ഫലസ്ത്വീന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാഷ്ട്രങ്ങളോട് അനുഭാവം പുലര്‍ത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യാം. പക്ഷേ, പരിമിതമായ പ്രവര്‍ത്തന മണ്ഡലമാണത്. ന്യൂനപക്ഷ കര്‍മശാസ്ത്രം ഇത്തരം കാര്യങ്ങളില്‍ മാത്രം ചുരുങ്ങിപ്പോവാന്‍ പാടില്ല. കാരണം, അത് വളരെയേറെ വികസിക്കേണ്ടതുണ്ട്. ആ അര്‍ഥത്തില്‍ ഒരു മുസ്‌ലിം സ്വന്തത്തിനും സ്വന്തം സമൂഹത്തിനും വേണ്ടി പണിയെടുക്കുമ്പോള്‍ തന്നെ മറ്റ് സമൂഹങ്ങളുടെ നന്മക്ക് വേണ്ടിയും അധ്വാനിക്കേണ്ടി വരും. അവര്‍ സമൂഹമാകട്ടെ ചീത്ത സമൂഹമാകട്ടെ. അതുപോലെ രാജ്യം നല്ലതാവട്ടെ ചീത്തയാവട്ടെ, അതിന്റെ പുരോഗതിക്ക് വേണ്ടിയും പണിയെടുക്കേണ്ടതുണ്ട്. (സത്യത്തില്‍ ഇതിലാണ് പ്രബോധനത്തിന്റെ ഭൂമികയിലുള്ളത്. ഇതില്ലെങ്കില്‍ പിന്നെന്ത് പരിഷ്‌കരണം.)
രാജ്യത്തിന്റെയും സമൂഹത്തിന്റെയും പരിഷ്‌കരണ പ്രവര്‍ത്തനത്തിന് മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രേരിപ്പിക്കുന്നതിന് തെളിവായി ചില സൂക്തങ്ങള്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഉദ്ധരിക്കാറുണ്ട്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ്‌പോയ സമുദായങ്ങളില്‍, ഭൂമിയില്‍ അധര്‍മമാചരിക്കുന്നത് തടയുന്ന സജ്ജനങ്ങളുണ്ടാവാതിരുന്നത് എന്തുകൊണ്ട്? അവരില്‍നിന്ന് നാം രക്ഷപ്പെടുത്തിയ വളരെകുറച്ച് പേരേ അങ്ങനെ ഉണ്ടായുള്ളൂ. അക്രമികളാവട്ടെ, അവര്‍ക്ക് സമൃദ്ധിയായി നല്‍കപ്പെട്ട സുഖഭോഗങ്ങളുടെ പിമ്പെ നടന്നു. അവര്‍ കുറ്റവാളികളായിരുന്നു. നിവാസികള്‍ നന്മ പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുന്ന നാടിനെ നിന്റെ നാഥന്‍ അന്യായമായി നശിപ്പിക്കുകയില്ല തന്നെ.(ഹൂദ് 116-117) ഈ രണ്ട് സൂക്തങ്ങളില്‍ ആദ്യസൂക്തം ബുദ്ധിയും മതബോധവുമുള്ള ഒരുവിഭാഗത്തെക്കുറിച്ച്  പറയുന്നു. ഇമാം ഖുര്‍ത്വുബി വിശദീകരിക്കുന്നു. ഈ വിഭാഗം പരിഷ്‌കരണ പ്രവര്‍ത്തനവുമായും ഭൂമിയില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ തടയാനും ശ്രമിക്കുന്നവരാണ്. ഇത് ഇസ്‌ലാമിക ഭൂമിയില്‍ മാത്രമല്ല അവര്‍ നിര്‍വഹിച്ചത്. രണ്ടാമത്തെ സൂക്തം പറയുന്നത്. ഈ പരിഷ്‌കരണ  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ നാശത്തില്‍നിന്ന് രക്ഷപ്പെടുന്നു.
നല്ല സമൂഹത്തിനും ചീത്ത സമൂഹത്തിനും നന്മ പ്രവര്‍ത്തിക്കുന്നതിന് മറ്റൊരു തെളിവ് ഇബ്‌റാഹീം(അ)ന്റെ ജീവിതത്തില്‍ നിന്നാണ്. ഇബ്‌റാഹീം(അ)ന് ആദ്യഭാര്യയായ സാറയില്‍നിന്ന് ഇസ്ഹാഖ് എന്ന മകന്‍ പിറക്കാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത മലക്കുകള്‍ അറിയിച്ചപ്പോള്‍ അത് സന്തോഷത്തോടെ കേട്ട് ഇബ്‌റാഹിം(അ) ലൂത്വ്(അ)ന്റെ സമൂഹത്തിന്റെ കാര്യത്തില്‍ മലക്കുകളോട് തര്‍ക്കിക്കുകയാണ് ചെയ്തത്. അദ്ദേഹം പറഞ്ഞു. അവരുടെ മേല്‍ പെട്ടെന്ന് ശിക്ഷ നടപ്പാക്കരുത്. നിലപാട് നന്നാക്കാന്‍ ഒരവസരവും കൂടി നല്‍കണം. ഇത് വളരെ മനോഹരമായി ഖുര്‍ആന്‍ ചിത്രീകരിക്കുന്നുണ്ട്. തുടര്‍ന്ന് സംഭ്രമമകലുകയും(സന്താന ലബ്ധിയുടെ സുവാര്‍ത്തയാല്‍) സന്തുഷ്ടനാവുകയും ചെയ്തപ്പോള്‍ ഇബ്‌റാഹീം ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍ നമ്മോട് തര്‍ക്കിച്ച് തുടങ്ങി. ഇബ്‌റാഹീം വളരെ ക്ഷമാശീലനും ദയാലുവും സദാ പശ്ചാത്തപിച്ചു മടങ്ങുന്നവനുമായിരുന്നു. (അവസാനം നമ്മുടെ ദൂതന്മാര്‍ അദ്ദേഹത്തോട് പറഞ്ഞു) ഓ, ഇബ്‌റാഹിം ഇക്കാര്യം വിട്ടേക്കുക. നിന്റെ നാഥന്റെ വിധിവന്ന് കഴിഞ്ഞു. ആ ജനത്തെ ആര്‍ക്കും തടുക്കാനാവാത്ത ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.(ഹൂദ് 74-76) ഒരു പരിഷ്‌കര്‍ത്താവിന്റെ മനോവ്യഥകളാണ് ഖുര്‍ആന്‍ ഇതിലൂടെ അവതരിപ്പിക്കുന്നത്. അദ്ദേഹം ക്ഷമാശീലനാണ് എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. ഇതാണ് ഒരു പരിഷ്‌കര്‍ത്താവില്‍ പ്രശംസിക്കപ്പെടുന്ന കാര്യം, അതോടൊപ്പം സമൂഹത്തിന്റെ പരിഷ്‌കരണത്തിനുള്ള അദമ്യമായ ആഗ്രഹവും. അതുപോലെ സമാനമായ ഒരു സംഭവം പ്രവാചക ജീവിതത്തില്‍നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ആഇശ(റ)യില്‍നിന്ന് നിവേദനം. 'ഞാന്‍ നബിയോട് ചോദിച്ചു. ഉഹ്ദ് ദിവസത്തേക്കാള്‍ കഠിനമായ ദിവസം നിങ്ങളുടെ ജീവിതത്തില്‍ കഴിഞ്ഞ് പോയിട്ടുണ്ടോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു. സമൂഹം എന്നെ കഠിനമായി ദ്രോഹിച്ച ദിവസം ജിബ്‌രീലും പര്‍വത്തിന്റെ ചുമതലയുള്ള മലക്കും എന്റെ അടുത്ത് വന്ന് പറഞ്ഞു. നിങ്ങള്‍ പറഞ്ഞാല്‍ ഈ മക്കാ നിവാസികളെ മുഴുവന്‍ നമുക്ക് നശിപ്പിക്കാം. ഞാന്‍ വിസമ്മതിച്ചുകൊണ്ട് പറഞ്ഞു. അവര്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുകയാണ്. അല്ലാഹുവേ എന്റെ ജനത്തിന് നീ നേര്‍മാര്‍ഗം നല്‍കണമേ, അവര്‍ അറിവില്ലാത്തവരാണ്.' അവരുടെ മുതുകുകളില്‍നിന്ന് അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു വിഭാഗം ജന്മമെടുക്കാം. ഖുറൈശികള്‍ കഠിനമായി ദ്രോഹിച്ചപ്പോള്‍ ഉള്ള പ്രവാചകന്റെ നിലപാടായിരുന്നു ഇത്.
അതുപോലെ ജാഹിലിയ്യാ കാലത്തെ പ്രസിദ്ധമായ 'ഹല്‍ഫുളൂല്‍' സംഭവം. ഇതിനെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞത്: ഇസ്‌ലാം വന്നതിന് ശേഷവും ഇത് പോലുള്ള കാര്യങ്ങളിലേക്ക് എന്നെ ക്ഷണിച്ചാല്‍ ഞാന്‍ അതിനോട് സഹകരിക്കും എന്നാണ്: അതുകൊണ്ട് തന്നെ പരിഷ്‌കരണവും ധാര്‍മിക മൂല്യങ്ങളും ലക്ഷ്യംവെച്ചുകൊണ്ട് ആര് എന്ത് കൂട്ടായ്മകള്‍ രൂപീകരിച്ചാലും മുസ്‌ലിംകള്‍ അതിന്റെ മുന്‍നിരയില്‍ ഉണ്ടായിരിക്കണം. ചുരുക്കത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അവരുടെ വൃത്തത്തില്‍നിന്ന്  പുറത്ത് കടന്ന് മറ്റ് സമൂഹങ്ങളിലേക്ക് കൂടി അവരുടെ പ്രവര്‍ത്തന മണ്ഡലം വികസിപ്പിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ 'ജനങ്ങള്‍ക്ക് വേണ്ടി നിയുക്തരായ സമൂഹം' എന്ന വിശേഷണത്തിന് അര്‍ഹരാവുകയുള്ളൂ.
പ്രമാണങ്ങളുടെ വൃത്തത്തില്‍നിന്ന് ആനുകാലിക സാഹചര്യങ്ങളിലേക്ക് കടന്ന് വന്നാല്‍ ചില വസ്തുതകള്‍ നമുക്ക് കാണാം. അതായത് പാശ്ചാത്യ സമൂഹങ്ങളില്‍ ധാരാളം സ്വാതന്ത്ര്യങ്ങള്‍ നിലനില്‍ക്കുന്നു. അത് ഉപയോഗപ്പെടുത്തികൊണ്ട് പല കോണ്‍ഫറന്‍സുകളിലും സംവാദങ്ങളിലും പങ്കെടുക്കുകയും ഇസ്‌ലാമിക മൂല്യവ്യവസ്ഥയുടെ വൃത്തത്തില്‍നിന്ന് കൊണ്ട് ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യാം. ഇതിലൂടെ അവര്‍ക്ക് ആത്മാവിനും ശരീരത്തിനും ഇടയില്‍ സന്തുലിതത്വം പുലര്‍ത്തുന്ന വീക്ഷണങ്ങളെ പരിചയപ്പെടാം.
ആധുനിക കര്‍മശാസ്ത്ര ഗവേഷണങ്ങളും മതവിധികളും ഒരു മുസ്‌ലിമിനെ നന്മേഛയുള്ള പൗരനാക്കാനും ഉപകാരമുള്ള മനുഷ്യനാക്കാനും സഹായിക്കണം. രാജ്യത്തെ മുസ്‌ലിംകളും അമുസ്‌ലിംകളുമായ പൗരന്മാരോട് സഹകരിച്ചുകൊണ്ട് അക്രമത്തെയും യുദ്ധത്തെയും അമര്‍ച്ച ചെയ്യാനുള്ള മുന്നണികള്‍ രൂപീകരിക്കുന്നത് ഏറെ പ്രയോജനകരമാണ്. അതുപോലെ പരിസ്ഥിതി പരിപാലനം, ഭീകരതയെ ചെറുക്കല്‍, നിരക്ഷരതാ നിര്‍മാര്‍ജനം, രോഗികളുടെയും അനാഥകളുടെയും ദരിദ്രരുടെയും സംരക്ഷണം. മലിനീകരണത്തിനെതിരെ ജാഗ്രത പുലര്‍ത്തുക, ആരോഗ്യ സേവനങ്ങള്‍ വ്യാപകമാക്കുക. ജൈവസമ്പത്ത് പരിരക്ഷിക്കുക, മയക്ക്മരുന്നുകളും ലഹരി പദാര്‍ഥങ്ങളും ഉന്മൂലനം ചെയ്യല്‍, യുദ്ധത്തില്‍ ഇരകളാക്കപ്പെടുന്നവരെയും അഭയാര്‍ഥികളെയും സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രസ്തുത കൂട്ടായ്മകള്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമുക്കെതിരെയുള്ള വലിയൊരു ആരോപണത്തിനുള്ള മറുപടികൂടിയാണ്. അതായത് മുസ്‌ലിംകള്‍ നമ്മുടെ രാജ്യത്തിന്റെ സമ്പത്തും വിജ്ഞാനവും സ്വാതന്ത്ര്യവും അനുഭവിക്കുന്നു. പക്ഷേ, രാജ്യത്തിന് വേണ്ടി അവരൊന്നും സമര്‍പ്പിക്കുന്നില്ല. ശത്രുക്കളുടെ ഈ ആരോപണത്തെ മറികടക്കാനെങ്കിലും നമുക്ക് കഴിയണം.
3. പ്രമാണവും പ്രയോഗവും ഐക്യമുള്ള ഫിഖ്ഹ് രൂപപ്പെടണം
കര്‍മശാസ്ത്ര ഗവേഷണങ്ങളും ഫത്‌വകളും ഒരിക്കലും സംഭവ യാഥാര്‍ഥ്യങ്ങളുമായി വൈരുധ്യത്തിലാവാറില്ല. എന്നാല്‍ മുസ്‌ലിം ന്യൂനപക്ഷ സമുദായം ഈ വശത്തിലൂടെ ധാരാളം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
അമേരിക്കയില്‍ രണ്ടായിരത്തോളം ഇസ്‌ലാമിക കേന്ദ്രങ്ങള്‍ ഉണ്ട് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. എന്നിട്ടും ശര്‍ഈ വിഷയങ്ങളില്‍ യോഗ്യത തെളിയിച്ച ഇമാമുകള്‍ ഇല്ല എന്ന് തന്നെ പറയാം. എങ്കിലും ചില ആളുകള്‍ ശര്‍ഈ അടിത്തറയുള്ളവരായിട്ടുണ്ടെങ്കിലും അവര്‍ പ്രതിലോമകരമായ ചിന്തകള്‍ പേറുന്നവരാണ്. ഉലൂമുല്‍ ഖുര്‍ആനിലൂടെയും ഉലൂമുല്‍ ഹദീസിലൂടെയും ഉസ്വൂലുല്‍ ഫിഖ്ഹിലൂടെയും വ്യവസ്ഥാപിതമായി പഠിച്ച് മുന്നേറി ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളിലേക്ക്(മഖാസിദ്) കടന്ന് ചെന്ന് കര്‍മശാസ്ത്ര വിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കാന്‍ കഴിവുള്ള പണ്ഡിതന്മാര്‍ വളരെ കുറവാണ്. ധാരാളം പണ്ഡിതന്മാര്‍- അവരുടെ മഹത്വവും മാന്യതയും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയേണ്ടിയിരിക്കുന്നു, അവര്‍ പഠിച്ച ശരീഅഃ കോളേജുകളൊന്നും അവര്‍ക്ക് മതിയായ യോഗ്യത നല്‍കിയിട്ടില്ല. പ്രമാണങ്ങളുടെ ഉപരിപ്ലവമായ വായനകള്‍ക്കപ്പുറം പുതിയ ഗവേഷണങ്ങളോ ആവിഷ്‌കാരങ്ങളോ അവര്‍ നടത്തിയിട്ടില്ല. സത്യത്തില്‍ ഇന്ന് അമേരിക്കന്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കാവശ്യം, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കഴിയുന്ന പ്രത്യുല്‍പന്നമതികളായ പണ്ഡിതന്മാരെയാണ്.
മുസ്‌ലിം ന്യൂനപക്ഷങ്ങളെ സംബന്ധിച്ചേടത്തോളം അവര്‍ ജീവിക്കുന്ന രാജ്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം അവര്‍ ഭാവിയും വര്‍ത്തമാനവും പ്ലാന്‍ ചെയ്യേണ്ടത്. അതിലൂടെ നാല് പ്രധാന പോയന്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
1. സമൂഹത്തിന്റെ ശക്തിയുടെ ഘടകങ്ങള്‍ മനസ്സിലാക്കുക.
2. ദുര്‍ബലതയുടെ ഘടകവും മനസ്സിലാക്കുക.
3. നിയമവിധേയമായ അവസരങ്ങള്‍ അറിയുക.
4. ഭീഷണികളും വെല്ലുവിളികളും തിരിച്ചറിയുക.
ഇത് അടിസ്ഥാന ഘടകങ്ങള്‍ മാത്രമാണ്. ഇതിലൂടെ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയും അത് പ്രയോഗവല്‍ക്കരിക്കാന്‍ വേണ്ട മാധ്യമങ്ങള്‍ സ്വായത്തമാക്കുകയും അതിന്റെ കാലപരിധി നിര്‍ണയിക്കുകയും അതില്‍ വേണ്ട മുന്‍ഗണനാക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്യല്‍ അനിവാര്യമാണ്.
ഇത് പ്രയോഗവത്കരിക്കാന്‍ വൈജ്ഞാനിക യോഗ്യതയുള്ള ആളുകളെ നമുക്ക് ആവശ്യമാണ്. കാലത്തിന്റെയും സാഹചര്യത്തിന്റെയും മാറ്റത്തിനനുസരിച്ച് മതവിധി നല്‍കാന്‍ കഴിയുന്നവരായിരിക്കണം അവര്‍. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) തുടങ്ങിയവരുടെയെല്ലാം ജീവിതത്തില്‍ അത് നമുക്ക് കാണാന്‍ കഴിയും. അതുപോലെ ഇമാം അബൂഹനീഫയുടെ ശിഷ്യന്മാരായ അബൂയൂസുഫ്, ശൈബാനി, ഇബ്‌നു അബീലൈല എന്നിവര്‍ തങ്ങളുടെ ഗുരുനാഥനോട് പല വിഷയങ്ങളിലും വിയോജിപ്പ് പുലര്‍ത്തിയിരുന്നു. ആ വിയോജിപ്പ് പ്രമാണങ്ങളോടായിരുന്നില്ല. അത് കാലത്തിന്റെ മാറ്റത്തിന്റെ ഫലമായി സംഭവിച്ചതാണ്. അതുപോലെ ഇമാം ശാഫിഈ(റ)വിന് ഇറാഖില്‍ ഒരു ഫിഖ്ഹും മിസ്‌റില്‍ മറ്റൊരു ഫിഖ്ഹുമാണ് ഉണ്ടായിരുന്നത്. പണ്ഡിതന്മാരുടെ ഏകാഭിപ്രായം(ഇജ്മാഅ്) ഉണ്ട് എന്ന് പറയപ്പെട്ട പല കര്‍മശാസ്ത്ര വിധികളിലും ഇമാം ഇബ്‌നുതൈമിയയും ഇബ്‌നു ഖയ്യിമും വിരുദ്ധാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവും സ്ഥലവും സാഹചര്യങ്ങളും മാറുന്നതിനനുസരിച്ച് ഫത്‌വകള്‍ മാറുമെന്നുള്ള നിദാനശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍നിന്നുള്ള ആശയ വൈവിധ്യമാണിതെല്ലാം. ചുരുക്കത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും ശരീഅത്തിന്റെ പൊതുലക്ഷ്യങ്ങളും(മഖാസിദ്) കര്‍മശാസ്ത്രത്തിന്റെ ടെക്സ്റ്റുകളും മുന്‍നിര്‍ത്തി പ്രതിവിധി കാണുന്ന മുജ്തഹിദുകളായ പണ്ഡിന്മാരെ വളര്‍ത്തിക്കൊണ്ട് വരേണ്ടത് എത്രയും ആവശ്യമാണ്.

(വിവ: സൈനുല്‍ ആബിദീന്‍ ദാരിമി)

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top