ഇസ്‌ലാമിക രാഷ്ട്രീയം: തത്വവും പ്രയോഗവും ചില പൗരാണിക മാതൃകകള്‍
അലിഫ് ഷുക്കൂര്‍
ഇസ്ലാമിന് രാഷ്ട്രീയ ഉള്ളടക്കമുണ്ടോ? വളരെ അടുത്തകാലം വരെ ഉന്നയിക്കപ്പെട്ടിരുന്ന മൗലികമായ ചോദ്യമായിരുന്നു ഇത്. ഇസ്‌ലാം ഒരു മതവും ആചാരവുമാണ്. മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലേക്കാവശ്യമായ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും അവരെ സംസ്‌കരിച്ച് നല്ലവനാക്കുകയും ചെയ്യുന്ന മതം. അതിനപ്പുറമുള്ള മനുഷ്യ ജീവിതത്തിന്റെ നാനാതുറകളില്‍ ഇടപെടാനുള്ള ശക്തി ഇസ്‌ലാമിനില്ല. ഏറിയാല്‍ വിവാഹം, അനന്തരാവകാശം തുടങ്ങിയ ചില കാര്യങ്ങളില്‍ മാത്രം അത് നിയമങ്ങള്‍ നല്‍കുന്നു.
ഇസ്‌ലാമിനെക്കുറിച്ച് ലോകത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെയായി മാറിയിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ കുറേയൊക്കെ മാറി. ധര്‍മം, സംസ്‌കാരം, കുടുംബം, സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം തുടങ്ങി ചെറുതും വലുതും സ്വകാര്യവും പാരമ്പര്യവുമായ ജീവിത തുറകളിലെല്ലാം ഇടപെടാന്‍ കഴിയുന്ന ജീവിത വ്യവസ്ഥയായി ഇസ്‌ലാം മനസ്സിലാക്കപ്പെട്ടിരിക്കുന്നു.
ഇതൊരു പുതിയ വായനയല്ല. ഇസ്‌ലാമിന്റെ ഉള്ളടക്കം ഇവയെല്ലാം കൂടിച്ചേര്‍ന്നതാണ്. പ്രവാചകന്മാരാല്‍ പഠിപ്പിക്കപ്പെട്ട ദീന്‍ കേവല ധാര്‍മിക ഉപദേശങ്ങള്‍ കൊണ്ടവസാനിക്കുന്നതായിരുന്നില്ല. അവര്‍ വ്യക്തികളെ സംസ്‌കരിച്ചു, സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടി, ഭൗതികവും പാരത്രികവുമായ ജീവിത വിജയത്തിനാവശ്യമായ മാര്‍ഗദര്‍ശനം നല്‍കി, സാമൂഹിക തിന്മകളെ കൈകാര്യം ചെയ്തു, നന്മകല്‍പിച്ചു, തിന്മവിരോധിച്ചു, മത-സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങളിലെ നേതൃത്വമായി വര്‍ത്തിച്ചു. ചരിത്രത്തിലെവിടെയും ഇസ്‌ലാമിനെ കേവല ആരാധനാ മതമായി, ആചാര സമ്പ്രദായമായി കാണാന്‍ കഴിയില്ല.
പ്രവാചകന്‍(സ)യുടെ വിയോഗാനന്തരം നിലവില്‍ വന്ന ഖിലാഫത്തുര്‍റാശിദ ഇസ്‌ലാമിക ഗവണ്‍മെന്റിന്റെ ഉന്നത മാതൃകയാണ്. പള്ളിയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്ന ഖലീഫ തന്നെയായിരുന്നു ബാക്കി കാര്യങ്ങളിലും ജനങ്ങളുടെ ഇമാം. ആരാധനാനുഷ്ഠാനങ്ങളെയും ഭൗതിക ജീവിത ഇടപാടുകളെയും ഉള്‍ക്കൊള്ളുന്ന ഏകകമായിട്ടാണ് ഇസ്‌ലാമിനെ അവര്‍ കണ്ടിരുന്നത്. 'ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടോ?' എന്ന ചോദ്യം തന്നെ അവിടെ ഉദിച്ചിട്ടുണ്ടായിരുന്നില്ല.
പില്‍ക്കാലത്തും ഇസ്‌ലാമിന്റെ ചടുലമായ ഈ ആശയ പരിസരത്തെ വിവിധ ജീവിത തുറകളില്‍ കാണാന്‍ കഴിയുന്നതാണ്. രാഷ്ട്രീയാധികാരം, ഭരണ വ്യവസ്ഥ, നിയമനിര്‍മാണം, പിന്‍ഗാമിയെ തെരഞ്ഞെടുക്കല്‍ തുടങ്ങിയ മൗലിക വിഷയങ്ങളില്‍ വ്യതിചലനങ്ങള്‍ സംഭവിച്ചിരുന്നുവെങ്കിലും മുകളില്‍ പരാമര്‍ശിച്ച അടിസ്ഥാന കാഴ്ചപ്പാടുകളില്‍ മാറ്റം സംഭവിച്ചിരുന്നില്ല.
പൗരാണികരായ പണ്ഡിതന്മാര്‍ അവരുടെ കാലത്തെ ഖിലാഫത്തിന്/ഗവണ്‍മെന്റിന്/ഭരണകൂടത്തിന് ബാധിച്ച രോഗങ്ങളെ ചികിത്സിച്ചു. ഭരണകൂടം പ്രവര്‍ത്തിക്കേണ്ടതെങ്ങനെ? നിയമനിര്‍മാണത്തിന്റെ അധികാരം ആര്‍ക്ക്? ഖലീഫയെ തെരഞ്ഞെടുക്കേണ്ട രീതിയെന്ത്? ഖലീഫയുടെ യൗഗ്യതകളും ഉത്തരവാദിത്തങ്ങളും എന്തെല്ലാം? പൗരന്മാരുടെ അവകാശങ്ങളും ബാധ്യതകളും ഏവ? ശറഈ വിധികളുടെ പ്രായോഗികത എന്ത്? ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കണം? ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയുടെ വിവക്ഷ എന്ത്? ആഭ്യന്തര ഭദ്രത, വൈദേശിക ബന്ധം തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെയാകണം? ബൈത്തുല്‍ മാലിന്റെ പ്രവര്‍ത്തനം എന്ത്? നികുതി, സകാത്ത് എന്നിവ പിരിക്കുന്നതിന്റെ വ്യവസ്ഥകള്‍ എന്തെല്ലാം? രാഷ്ട്രത്തിലെ അമുസ്‌ലിംകളുടെ അവകാശങ്ങള്‍ ഏവ? തുടങ്ങി നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥയെ പരിഷ്‌കരിക്കാനുള്ള പ്രായോഗിക മാര്‍ഗദര്‍ശനം അവര്‍ നല്‍കി. അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, സുഖലോലുപത തുടങ്ങിയ ദുര്‍ബലതകള്‍ രാഷ്ട്രത്തിലുടനീളം ബാധിച്ചിരുന്നുവെങ്കിലും അതിനെ അതിന്റെ വഴിക്ക് വിടാതെ, പരിഷ്‌കരിക്കാനുള്ള ക്രിയാത്മകമായ ഇടപെടലായിരുന്നു പണ്ഡിന്മാര്‍ നിര്‍വഹിച്ചത്.
ഇമാം അബൂഹനീഫ, അബൂയൂസുഫ്, അല്‍മാവര്‍ദി, ഗസാലി, ഇബ്‌നു തൈമിയ എന്നിവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ലളിതമായി ആവര്‍ത്തിക്കുകയായിരുന്നില്ല അവര്‍. മറിച്ച്, നിലനില്‍ക്കുന്ന വ്യവസ്ഥയുടെ നന്മകളെ ഉള്‍ക്കൊള്ളുകയും അതിനെ ബാധിച്ച കേടുപാടുകളെ പരിഹരിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. ചില പണ്ഡിതന്മാര്‍ താത്വികവശത്തിലൂന്നി പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചപ്പോള്‍ മറ്റുചിലര്‍ പ്രായോഗികതക്കാണ് ഊന്നല്‍ കൊടുത്തത്. ഖുര്‍ആന്‍, സുന്നത്ത്, സ്വഹാബത്തിന്റെയും ഖുലഫാഉര്‍റാശിദുകളുടെയും മാതൃകകള്‍, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ ശറഈ അടിസ്ഥാനങ്ങളെ തങ്ങളുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലമായി അവലംബിച്ചിരിക്കുന്നു.
ഇമാം അബൂഹനീഫ
അബൂഹനീഫ എന്നറിയപ്പെടുന്ന നുഅ്മാനുബ്‌നു സാബിത് എ.ഡി 699-ല്‍ ഇറാഖിന്റെ തലസ്ഥാനമായി കൂഫയില്‍ ജനിച്ചു. ഖുര്‍ആന്‍, ഹദീസ്, ഭാഷാ വ്യാകരണ ശാസ്ത്രം, കവിത, സാഹിത്യം, തത്വശാസ്ത്രം, ദൈവശാസ്ത്രം, കര്‍മശാസ്ത്രം തുടങ്ങി വ്യത്യസ്ത വൈജ്ഞാനിക മേഖലകളില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. കര്‍മശാസ്ത്ര(ഫിഖ്ഹ്) ത്തിലാണ് അദ്ദേഹം തന്റെ വൈദഗ്ധ്യം തെളിയിച്ചത്. ഉമവി-അബ്ബാസി ഭരണ കാലങ്ങളില്‍ ജീവിച്ച അദ്ദേഹം ഇസ്‌ലാമിക ഗവണ്‍മെന്റിന്റെ മുമ്പില്‍ ധാരാളം ഭരണ പരിഷ്‌കാരങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ പിന്തുടരുന്ന ഹനഫി മദ്ഹബിന്റെ ഇമാമായി പരിഗണിക്കപ്പെടുന്ന അദ്ദേഹം എ.ഡി 767-ല്‍ മരണപ്പെട്ടു.
ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങളില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ചില വിഭാഗങ്ങള്‍ അക്കാലഘട്ടങ്ങളില്‍ രംഗത്ത് വരികയുണ്ടായി. ഖുലഫാഉര്‍റാശുദകളെക്കുറിച്ച ചില ചര്‍ച്ചകള്‍ അവര്‍ക്കിടയില്‍ സജീവമായിരുന്നു. ഖലീഫമാരില്‍ ആരാണ് ഉത്തമന്‍? അവര്‍ ഖിലാഫത്തിന് യോഗ്യര്‍ തന്നെയാണോ? ഖലീഫയെ തെരഞ്ഞെടുക്കാനുള്ള അംഗീകൃത രീതി എന്ത്? തുടങ്ങിയ മൗലികമായ ചോദ്യങ്ങള്‍ അവര്‍ ഉയര്‍ത്തിയിരുന്നു. അബൂഹനീഫ തന്റെ പ്രസിദ്ധമായ 'അല്‍ ഫിഖ്ഹുല്‍ അക്ബര്‍' എന്ന ഗ്രന്ഥത്തില്‍ ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. പ്രവാചകന്‍(സ)ക്ക് ശേഷം മനുഷ്യരില്‍ ഏറ്റവും ഉത്തമന്‍ അബൂബക്കര്‍(റ) ആകുന്നു. ശേഷം ഉമര്‍, ഉസ്മാന്‍, അലി(റ) എന്നിവരും. അലി(റ)ന്റെ ഭരണത്തെ ഉസ്മാന്‍(റ)ന്റെ ഭരണത്തേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഉസ്മാന്‍(റ)ന്റെ സ്ഥാനം അലി(റ)നേക്കാള്‍ മുകളിലാണെന്ന മുസ്‌ലിം ഉമ്മത്തിന്റെ ഏകോപിതാഭിപ്രായത്തെ അദ്ദേഹം അംഗീകരിച്ചു.
സ്റ്റേറ്റ്, ഖിലാഫത്ത്
സ്റ്റേറ്റ്, ഖിലാഫത്ത് തുടങ്ങിയ സംജ്ഞകളെ വിശദമായി പ്രതിപാദിക്കുന്ന സ്വതഗ്രന്ഥം അബൂഹനീഫയുടെ രചനകളില്‍ കാണാന്‍ കഴിയില്ല. ഹനഫീ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റേതായി വന്ന ഉദ്ധരണികളില്‍നിന്നും ഉമവി-അബ്ബാസി ഭരണകൂടങ്ങളോട് അദ്ദേഹം പുലര്‍ത്തിയ നിലപാടുകളില്‍നിന്നും ഈ വിഷയത്തില്‍ നമുക്ക് വെളിച്ചം ലഭിക്കുന്നതാണ്.
ഇസ്‌ലാമിക ഗവണ്‍മെന്റിന്റെ നിയമനിര്‍മാണം, അധികാരം, തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ അബൂഹനീഫ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നു:
1. ആത്യന്തിക നിയാമകശക്തി അല്ലാഹുവാകുന്നു.
2. അല്ലാഹുവിനാല്‍ നിയോഗിതനായ റസൂല്‍(സ)യുടെ കല്‍പനകള്‍ അനുസരിക്കല്‍ നിര്‍ബന്ധമാണ്.
3. ഉന്നത നിയമസ്രോതസ്സ് ശരീഅത്ത് ആകുന്നു.
4. ഈ അടിസ്ഥാനങ്ങളില്‍ സ്ഥാപിതമാകുന്ന ഗവണ്‍മെന്റ് തെരഞ്ഞെടുക്കപ്പെടുന്നത് മുസ്‌ലിംകളുമായി കൂടിയാലോചിച്ച് കൊണ്ടായിരിക്കണം പ്രത്യേകിച്ച് അവരിലെ പണ്ഡിതന്മാരുമായി.
ഖലീഫയുടെ യോഗ്യതകള്‍
മാവര്‍ദി, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ പില്‍ക്കാല പണ്ഡിതന്മാരുടെ കാലഘട്ടത്തില്‍ ക്രോഡീകൃതമായ രീതിയില്‍ വളരെ വ്യവസ്ഥാപിതമായി ഖലീഫയുടെ യോഗ്യതകള്‍ അബൂഹനീഫയുടെ കാലത്ത് എഴുതപ്പെട്ടിരുന്നില്ല. സാധാരണ നിലയില്‍ പറയപ്പെട്ടിരുന്ന ചില യോഗ്യതകള്‍ തന്നെയാണ് അദ്ദേഹവും പറഞ്ഞത്.
മുസ്‌ലിമായിരിക്കുക, പുരുഷനായിരിക്കുക, സ്വതന്ത്രനാവുക, ദീനില്‍ ആഴത്തിലുള്ള ജ്ഞാനമുണ്ടാവുക, മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടാവുക തുടങ്ങിയവയാണ് അവ.
അഴിമതിക്കാരനും അക്രമിയുമായ ഒരാള്‍ ഖലീഫയായി തെരഞ്ഞെടുക്കപ്പെടുമോ? അദ്ദേഹത്തെ അനുസരിക്കല്‍ മുസ്‌ലിംകളുടെ മേല്‍ നിര്‍ബന്ധമാണോ? തെരഞ്ഞെടുക്കപ്പെടുന്ന ഖലീഫ ഖുറൈശി കുടുംബത്തില്‍നിന്ന് തന്നെയാകണോ? തുടങ്ങിയ ചോദ്യങ്ങള്‍ അന്ന് പണ്ഡിന്മാരുടെ മുന്നിലുണ്ടായിരുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന ഖലീഫ നീതിമാനായിരിക്കണം. ക്രൂരനും അഴിമതിക്കാരനുമായ ഒരാള്‍ ഖലീഫ, ജഡ്ജ്, ഗവര്‍ണര്‍, മുഫ്തി, ഔദ്യോഗിക വക്താവ് തുടങ്ങിയ ഒരു സ്ഥാനങ്ങളിലേക്കും യോഗ്യനല്ല. അത്തരമൊരാള്‍ ഖലീഫയായാല്‍ അദ്ദേഹത്തിന്റെ ഖിലാഫത്ത് അയോഗ്യമാണ്. അദ്ദേഹത്തെ അനുസരിക്കല്‍ മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമില്ല. അബൂഹനീഫയുടെ അഭിപ്രായത്തെ വിശദീകരിക്കുന്ന പ്രമുഖ ഹനഫി പണ്ഡിതന്‍ അബൂബക്ര്‍ അല്‍ ജസ്വാസ് ഖുര്‍ആനിലെ 'എന്റെ വാഗ്ദാനം അധര്‍മികള്‍ക്ക് ബാധകമല്ല'1 എന്ന സൂക്തം തെളിവായി ഉദ്ധരിച്ചിരിക്കുന്നു.
സ്വേഛാധിപത്യ സ്വഭാവമുള്ള ഭരണകൂടത്തെ അംഗീകരിക്കരുത്. അതിനെതിരെ സമരം നടത്തല്‍ അനുവദനീയമാണ് എന്നല്ല നിര്‍ബന്ധമാണ്. കാരണം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയും സൈ്വരജീവിതം സാധ്യമാക്കുകയും ചെയ്യുന്ന നീതിമാനായ ഭരണാധികാരിയാണ് ഖിലാഫത്തിന് യോഗ്യനായിട്ടുള്ളത്.
ഖലീഫ ഖുറൈശി കുടുംബത്തില്‍ നിന്നുള്ളയാളായിരിക്കണം. ഹദീസില്‍ ഈ കല്‍പന വന്നിട്ടുണ്ട് എന്ന് മാത്രമല്ല സാഹചര്യത്തിന്റെ സമ്മര്‍ദവും അതാണ് താല്‍പര്യപ്പെട്ടിരുന്നത്. ഒരു ഖുറൈശി നേതാവില്ലാതെ എല്ലാ മുസ്‌ലിംകളെയും ഐക്യപ്പെടുത്തി നിര്‍ത്താന്‍ സാധിക്കുമായിരുന്നില്ല. എല്ലാ കാലഘട്ടത്തിനും ഇത് ബാധകമാവുകയില്ല.
ബൈത്തുല്‍മാല്‍, പൊതുഉടമാവകാശം
ബൈത്തുല്‍ മാലിലെ സമ്പത്ത് ഇഷ്ടപ്രകാരം ഉപയോഗിക്കുകയും ജനങ്ങളുടെ സ്വത്ത് സ്വന്തമാക്കി വെക്കുകയും ചെയ്തിരുന്ന ഖലീഫമാര്‍ക്കെതിരെ ശക്തമായ അഭിപ്രായമുയര്‍ത്തിയ പണ്ഡിതനാണ് അബൂഹനീഫ. പൊതുസമ്പത്ത് ദുരുപയോഗം ചെയ്യുന്നയാല്‍ ഖലീഫ എന്ന സ്ഥാനത്തിന് യോഗ്യനല്ല. വിദേശത്ത്‌നിന്ന് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും ഖലീഫ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത്. കാരണം അദ്ദേഹം ഖലീഫയായത് കൊണ്ടാണ് അവ ലഭിക്കുന്നത്. ആ സമ്പത്ത് പൊതുമുതലില്‍ ഉള്‍പ്പെടുത്തണം. പൊതു മുതല്‍ അന്യായമായി ഉപയോഗിക്കുന്ന തരത്തില്‍ അതില്‍നിന്ന് സമ്മാനങ്ങള്‍ നല്‍കാനും പാടില്ലാത്തതാകുന്നു. അബൂഹനീഫ സ്വയം തന്നെ ഖലീഫമാരില്‍നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്നില്ല.
ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്
നീതി ഉറപ്പ്‌വരുത്താന്‍ ജുഡീഷ്യറിയുടെ ബാധ്യതയാണ്. എന്നാല്‍ ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവില്‍നിന്ന് സ്വതന്ത്രമാക്കാത്തിടത്തോളം അത് സാധ്യമല്ല. ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഖലീഫമാര്‍ക്കെതിരെ വിധി പറയാന്‍ ജഡ്ജിമാര്‍ക്ക് അവസരമുണ്ടാകണം.
ഉമവി-അബ്ബാസി ഭരണകാലങ്ങളില്‍ ഒന്നിലധികം തവണ രാഷ്ട്രത്തിന്റെ ഔദ്യോഗിക ജഡ്ജാകാന്‍ അബൂഹനീഫ ക്ഷണിക്കപ്പെട്ടു. എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. ജുഡീഷ്യറി എക്‌സിക്യൂട്ടീവില്‍നിന്ന് സ്വതന്ത്രമായിരുന്നില്ല. അതനീതി നടപ്പാക്കാനും തെറ്റായ തീരുമാനങ്ങളെടുക്കാനുമുള്ള ഭരണകൂടത്തിന്റെ ഉപകരണമായി മാറുമോ എന്നദ്ദേഹം ഭയപ്പെട്ടിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം: അവകാശവും ബാധ്യതയും
'നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക' എന്നത് ഖുര്‍ആന്‍ മുസ്‌ലിംകളുടെ മേല്‍ ചുമത്തിയ ബാധ്യതയാണ്. തിന്മക്കെതിരെ നാവുയര്‍ത്താനുള്ള സ്വാതന്ത്ര്യം കൂടി ഇതില്‍ വിവക്ഷിക്കപ്പെടുന്നുണ്ട്. ഇസ്‌ലാമിക സ്റ്റേറ്റിന്റെ ഉള്ളില്‍ പൗരന്മാര്‍ക്ക് തങ്ങളുടെ അഭിപ്രായം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായാരിക്കണം.
ശൂറ, നിയമ സമാഹരണം
മുസ്‌ലിംകള്‍ ആദര്‍ശ സമൂഹമാണ്. അവര്‍ എല്ലാ പ്രശ്‌നങ്ങളിലും പരിഹാരം കണ്ടെത്തുന്നത് ഈ ആദര്‍ശത്തിന്റെ വെളിച്ചത്തിലാണ്. ചില പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ വ്യക്തികള്‍ക്ക് -അവര്‍ ഭരണാധികാരികളോ ജഡ്ജുമാരോ ആകട്ടെ- സാധിച്ചു കൊള്ളണമെന്നില്ല. കൂടിയാലോചന സമിതി അനിവാര്യമാണ്. നിര്‍മിക്കപ്പെടുന്ന നിയമങ്ങള്‍ സമാഹരിക്കുകയും അവ ഭരണകാര്യങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ക്രോഡീകരിക്കുകയും ചെയ്യണം.
അബൂയൂസുഫ്
ഇമാം അബൂഹനീഫയുടെ ശിഷ്യന്മാരില്‍ പ്രമുഖനാണ് യഅ്ഖൂബ്ബ്‌നു ഇബ്‌റാഹീം അല്‍ അന്‍സ്വാരി. എ.ഡി 729-ല്‍ ജനിച്ച അദ്ദേഹം അബൂയൂസുഫ് എന്ന പേരിലാണ് പ്രശസ്തനായത്. ഖലീഫ ഹാറൂണ്‍ റഷീദിന്റെ കാലത്ത് അദ്ദേഹം ചീഫ് ജഡ്ജ്(ഖാദി അല്‍ ഖുദാത്ത്) പദവി വഹിച്ചു. ഹദീസ്, കര്‍മശാസ്ത്രം, അന്താരാഷ്ട്ര നിയമം തുടങ്ങിയ വൈജ്ഞാനിക മേഖലകളില്‍ സംഭാവനകളര്‍പ്പിച്ചു. കിതാബുല്‍ ഖറാജ്, ഉസ്വൂലുല്‍ ഫിഖ്ഹ്, കിതാബുല്‍ ആസാര്‍, കിതാബു ഇസ്തിഖ്‌ലാഫി അബീ ഹനീഫ വഇബ്‌നി അബീ ലൈല, കിതാബുര്‍റദ്ദ് അലാ സിയരില്‍ ഔസാഈ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതാണ്. ഇമാം അബൂയൂസുഫ് എ.ഡി 789-ല്‍ മരണപ്പെട്ടു.
ഇമാം അബൂയൂസുഫിന്റെ 'കിതാബുല്‍ ഖറാജ്' എന്ന ഗ്രന്ഥം വളരെ പ്രശസ്തമാണ്. പേര് സൂചിപ്പിക്കുന്നപോലെ റവന്യൂവിഷയം മാത്രം പരാമര്‍ശിക്കുന്ന ഒരു ഗ്രന്ഥമല്ല അത്. മറിച്ച് രാജ്യഭരണത്തിന്റെ വിവിധ മേഖലകളെ പ്രതിപാദിക്കുന്ന ഒട്ടനവധി വിഷയങ്ങള്‍ അതിലുണ്ട്. ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന വാദങ്ങള്‍ക്ക് ഖുര്‍ആന്‍, സുന്നത്ത് എന്നീ മൂല സ്രോതസ്സുകളില്‍നിന്നും അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി(റ), രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമറുബ്‌നു അബ്ദില്‍ അസീസ് എന്നിവരുടെ പ്രവര്‍ത്തന മാതൃകകളില്‍നിന്നും അദ്ദേഹം തെളിവുകള്‍ ഉദ്ധരിക്കുന്നു. 132 വര്‍ഷത്തെ ഉമവി-അബ്ബാസി ഭരണത്തിലെ ആചാര സമ്പ്രദായങ്ങളെ തന്റെ വാദങ്ങള്‍ക്കുള്ള തെളിവായി അദ്ദേഹം പരിഗണിച്ചതില്ല.
കിതാബുല്‍ ഖറാജിന്റെ തുടക്കത്തില്‍ സ്റ്റേറ്റിനെക്കുറിച്ചുള്ള അടിസ്ഥാന കാഴ്ചപ്പാട് ഖലീഫയുടെ മുമ്പില്‍ അദ്ദേഹം അവതരിപ്പിക്കുന്നു: ''അല്ലയോ അമീറുല്‍ മുഅ്മിനീന്‍, മഹത്തായ പ്രതിഫലത്തിനും, ഒരുപക്ഷേ, കഠിന ശിക്ഷക്കും കാരണമാക്കിയേക്കാവുന്ന വലിയ ഉത്തരവാദിത്തമാണ് താങ്കളെ അല്ലാഹു ഏല്‍പിച്ചിരിക്കുന്നത്. ഉമ്മത്തിന്റെ മേല്‍നോട്ടക്കാരന്‍ എന്ന നിലയില്‍ രാവും പകലും നിര്‍വഹിക്കപ്പെടേണ്ട ജോലിയാണ് താങ്കളുടേത്.... എന്ന് തുടങ്ങുന്ന ദീര്‍ഘമായ വാചകങ്ങള്‍ അദ്ദേഹം ഖലീഫ ഹാറൂണ്‍ റഷീദിന്റെ മുമ്പില്‍ വെക്കുന്നു.
ജനാധിപത്യം
ഇസ്‌ലാമിക ഗവണ്‍മെന്റിന്റെ നേതൃത്വം അല്ലാഹുവിന്റെ മുമ്പില്‍ മാത്രമല്ല ജനങ്ങള്‍ക്ക് മുമ്പിലും ഉത്തരം ബോധിപ്പിക്കാന്‍ ബാധ്യസ്ഥമാണ്. നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്നത് മുസ്‌ലിംകളുടെ ബാധ്യതയും അവകാശവുമാണ്. ഈ ദൗത്യം നിര്‍വഹിക്കാതിരിക്കുന്നത് ദൈവിക ശിക്ഷയെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്ന് സൂചിപ്പിക്കുന്ന ധാരാളം ഹദീസുകളും സ്വഹാബിമാരുടെ വാക്കുകളും അദ്ദേഹം തെളിവായി ഉദ്ധരിക്കുന്നു.2
ഖലീഫയുടെ ഉത്തരവാദിത്തങ്ങള്‍
1. അല്ലാഹുവിനോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അവന്‍ നിശ്ചയിച്ച പരിധികള്‍ ലംഘിക്കപ്പെടാതെ കാത്ത് സൂക്ഷിക്കുക.
2. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക.
3. നല്ലവരായ മുന്‍ഖലീഫമാരുടെ സമ്പ്രദായങ്ങളെ പരിഷ്‌കരിച്ച് നടപ്പാക്കുക.
4. അനീതിയുടെ വിപാടനം, ജനങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതം എന്നിവ സാധ്യമാക്കുക.
5. തന്നെ അനുസരിക്കാന്‍ ജനങ്ങളോട് കല്‍പിക്കുക. തിന്മകളില്‍നിന്ന് വിട്ട് നില്‍ക്കുക.
6. ദൈവിക നിയമങ്ങളെ തന്നിലും മറ്റുള്ളവരിലും ഒരുപോലെ നടപ്പാക്കുക.
7. ജനങ്ങളില്‍നിന്ന് ന്യായമായത് മാത്രം സ്വീകരിക്കുക. അവ ചിലവഴിക്കുന്നതും തഥൈവ.
8. ഗവണ്‍മെന്റ് ഓഫീസര്‍മാര്‍, ഗവര്‍ണര്‍മാര്‍ എന്നീ സ്ഥാനങ്ങളില്‍ യോഗ്യരെ നിയമിക്കുക.
മുസ്‌ലിം പൗരന്റെ ചുമതല
1. ഖലീഫയെ അനുസരിക്കുക.
2. ഖലീഫയുടെ തെറ്റ് തിരുത്തുക, അവരുടെ നന്മയില്‍ സഹകരിക്കുക, അവരെ സഹായിക്കുക.
ബൈത്തുല്‍മാല്‍
ബൈത്തുല്‍മാല്‍ ഖലീഫയുടെ സ്വകാര്യ സ്വത്തല്ല. അത് അല്ലാഹുവും ജനങ്ങളും വിശ്വസിച്ചേല്‍പിച്ചതാണ്. അനാഥയുടെ സ്വത്ത് സംരക്ഷിക്കാന്‍ ഏല്‍പിക്കപ്പെട്ടവനെപ്പോലെയാണ് ബൈത്തുല്‍മാലിന്റെ സംരക്ഷകനായ ഖലീഫ എന്ന് ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) പറഞ്ഞിട്ടുണ്ട്. കഴിയുമെങ്കില്‍ അതില്‍നിന്ന് ഒന്നും സ്വീകരിക്കരുത്. എന്നാല്‍ ആവശ്യക്കാരാണെങ്കില്‍ അത്യാവശ്യത്തിനുള്ളത് മാത്രം സ്വീകരിക്കട്ടെ.
നികുതി
1. ജനങ്ങളുടെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന ധനത്തിന് മാത്രം നികുതി ചുമത്തുക. ജനങ്ങളുമായി കൂടിയാലോചിച്ച് നികുതി തുക നിശ്ചയിക്കുക.
2. നികുതി ദായകരുടെ കഴിവനുസരിച്ച് നികുതിയുടെ അളവ് നിശ്ചയിക്കുക.
3. ധനികനില്‍നിന്ന് ശേഖരിച്ച് ദരിദ്രനില്‍ എത്തിക്കുക.
4. ബലം പ്രയോഗിച്ചോ, നിശ്ചിതസംഖ്യ എല്ലാവരും നല്‍കണമെന്ന കര്‍ശന വ്യവസ്ഥയിലോ നികുതി പിരിക്കരുത്.
5. ഭീഷണിപ്പെടുത്തിയും അന്യായമായും നികുതി പിരിക്കുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കുക.
6. പുതുതായി ഇസ്‌ലാം സ്വീകരിക്കുന്നവരെ തലവരി നല്‍കുന്നതില്‍നിന്ന് ഒഴിവാക്കുക.
അമുസ്‌ലിംകളുടെ അവകാശങ്ങള്‍
1. എല്ലാ കരാറുകളും വിശ്വസനീയമായി പൂര്‍ത്തീകരിക്കുക.
2. രാഷ്ട്രത്തെ പ്രതിരോധിക്കുന്ന ദൗത്യം മുസ്‌ലിംകളുടെ ബാധ്യതയാണ്, അമുസ്‌ലിംകളുടേതല്ല.
3. അധിക ഭൂനികുതിയോ തലവരിയോ ചുമത്തി അവരെ പ്രയാസപ്പെടുത്തരുത്.
4. അമുസ്‌ലിംകളുടെ സമ്പത്തിനും കാലികള്‍ക്കും സകാത്ത് ഇല്ല.
5. തലവരി അടക്കാത്തതിന്റെ പേരില്‍ അവരെ ശാരീരിക മര്‍ദനങ്ങള്‍ക്ക് വിധേയമാക്കരുത്. അതിന്റെ ശിക്ഷ ചെറിയ ജയില്‍വാസം മാത്രമാണ്.
6. അവരില്‍നിന്ന് നിശ്ചിത സംഖ്യയില്‍ കൂടുതല്‍ നികുതിയിനത്തില്‍ ഈടാക്കുന്നത് നിയമവിരുദ്ധമാണ്.
7. ദരിദ്രര്‍, അന്ധര്‍, വൃദ്ധര്‍, ആരാധനാ നിമഗ്നരായി കഴിഞ്ഞ് കൂടുന്നവര്‍, ആരാധനാലയങ്ങളിലെ തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെ തലവരിയില്‍ നിന്ന് ഒഴിവാക്കുക.
8. വികലാംഗര്‍ക്കും ദരിദ്രര്‍ക്കും ബൈത്തുല്‍മാലില്‍നിന്ന് ധനസഹായം നല്‍കും.
ജുഡീഷ്യറി
നീതി നടപ്പാക്കുന്ന സ്ഥാപനമാണ് ജുഡീഷ്യറി. തെറ്റ് ചെയ്യാത്തവന്‍ ശിക്ഷിക്കപ്പെടുന്നതും തെറ്റുകാരന്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നതും ഒരുപോലെ മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അന്യായമായി ഒരാള്‍ ശിക്ഷിക്കപ്പെടുന്നതിനേക്കാള്‍ ഉത്തമം അബദ്ധത്തില്‍ മാപ്പ് നല്‍കപ്പെടുന്നതാണ്.
ഉന്നതസ്ഥാനം, പ്രമുഖരുടെ ശിപാര്‍ശ തുടങ്ങിയവയുടെ പേരില്‍ ആരും ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ പാടില്ല. പ്രതിയാക്കപ്പെടുന്നവന് നീതിപൂര്‍ണമായ വിചാരണക്ക് അവസരം നല്‍കുക. അവന്റെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കാതിരിക്കുക.
മുകളില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങള്‍ക്ക് പുറമെ ഭൂമിയുടെ ഉടമാവകാശം, ജയില്‍ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അബൂയൂസുഫ് എഴുതിയിട്ടുണ്ട്. കര്‍ഷകരില്‍നിന്ന് വലിയ അളവില്‍ റവന്യൂ പിരിക്കുന്ന നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു. ഫ്യൂഡല്‍ വ്യവസ്ഥ അവസാനിപ്പിക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ജയില്‍ തടവുകാരുടെ ഭക്ഷണവും വസ്ത്രവും ബൈത്തുല്‍ മാലില്‍നിന്ന് നല്‍കണമെന്നും ജയിലില്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ഇമാം അബൂയൂസുഫ് ഖലീഫയോട് നിര്‍ദേശിച്ചു.
അല്‍മാവര്‍ദി
അബുല്‍ ഹസന്‍ അല്‍ മാവര്‍ദി 974-ല്‍ ബസറയിലാണ് ജനിച്ചത്. കോടതി, നിയമം, ഇസ്‌ലാമിക രാഷട്രീയം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും അദ്ദേഹം വൈജ്ഞാനിക സംഭാവനകള്‍ നല്‍കിയത്. കിതാബുല്‍ ഹാവി, അല്‍ ഇഖ്‌നാഅ്, സിയാസത്തുല്‍ മുലൂക്ക്, ഖവാനീഹുല്‍ വിസാറ, അദബു ദ്ദുന്‍യാ വദ്ദീന്‍, അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. രാഷ്ട്രമീമാംസയെക്കുറിച്ച് വിശദമായി പരാമര്‍ശിച്ച അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യ: എന്ന ഗ്രന്ഥമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
രാഷ്ട്രീയത്തിന്റെ പ്രധാന തത്വങ്ങള്‍
1. 'ഇമാമത്ത്' (ഗവണ്‍മെന്റ്/ഭരണസംവിധാനം/ഖിലാഫത്ത്) ശരീഅത്തിന്റെ അനിവാര്യതകളില്‍ പെട്ടതാണ്. മുസ്‌ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണത്. മുസ്‌ലിം സമൂഹത്തില്‍ വിശ്വാസാദര്‍ശങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട ചില വിഭാഗങ്ങള്‍ അഭിപ്രായപ്പെടുന്നപോലെ ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയെ കേവലം ബുദ്ധിയുടെ താല്‍പര്യമായി കാണാന്‍ കഴിയില്ല.
2. ഇമാമിനെ തെരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കേണ്ടത്. എല്ലാ ജനങ്ങള്‍ക്കും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
പുതിയ ഖലീഫയെ തെരഞ്ഞെടുക്കുന്നത് ഒന്നുകില്‍ ഇലക്ടറല്‍ കോളേജ് മുഖേനയോ അല്ലെങ്കില്‍ നിലവിലുള്ള ഇമാമിന്റെ നിര്‍ദേശ പ്രകാരമോ ആകാവുന്നതാണ്. യോഗ്യരായ ഒന്നിലധികം ആളുകളുണ്ടെങ്കില്‍ അതില്‍നിന്ന് ഒരാളെ നിബന്ധനകളില്ലാതെ നിശ്ചയിക്കാന്‍ ഇലക്ടറല്‍ കോളേജിന് അധികാരമുണ്ട്.
ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ക്ക് ചില യോഗ്യതകള്‍ അനിവാര്യമായും ഉണ്ടായിരിക്കണം. 1. നീതി, 2. മതവിജ്ഞാനം, രാഷ്ട്രത്തെക്കുറിച്ച നയപരമായ അറിവ്, 3. വിവേകം.
അതുപോലെ ഇമാമത്തിന് പരിഗണിക്കപ്പെടുന്നവര്‍ക്കും ചില ഗുണങ്ങള്‍ ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. 1. നീതി 2. വിജ്ഞാനം 3. ശാരീരികാരോഗ്യം 4. വിവേകം. 5. ധൈര്യം 6. ഖുറൈശി കുടുംബത്തിലെ അംഗമാവുക.
'ഖുറൈശി കുടുംബത്തിലെ അംഗമാവുക' എന്ന നിബന്ധന വളരെ പ്രധാനപ്പെട്ടതാണ്. റസൂലിന്റെ ഖലീഫയെ തെരഞ്ഞെടുത്തപ്പോള്‍ ഈ യോഗ്യ പാലിക്കപ്പെട്ടിരുന്നു.
3. യോഗ്യനായ ഒരാള്‍ ഉണ്ടായിരിക്കെ അത്ര തന്നെ യോഗ്യനല്ലാത്ത ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് ഇസ്‌ലാമികമായി സ്വീകാര്യമാണ്. എന്നാല്‍ ഒരാള്‍ മാത്രമേ പൂര്‍ണ യോഗ്യനായി ഉള്ളൂവെങ്കില്‍ അവിടെ തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ല.
4. ഒരേ സമയം രണ്ട് ഇമാമുമാര്‍ ഉണ്ടാകാന്‍ പാടില്ല.
ഇമാമിന്റെ ഉത്തരവാദിത്തങ്ങള്‍
1. ദീനിന്റെ സ്ഥാപിത തത്വങ്ങളുടെ സംരക്ഷണം.
2. നീതിയുടെ സ്ഥാപനം
3. ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയുന്ന വിധത്തില്‍ നിയമവാഴ്ച നടത്തുക.
4. രാഷ്ട്രാതിര്‍ത്തികളെ കാക്കുക, വിദേശാധിപത്യത്തെ ചെറുക്കുക.
5. സായുധ ജിഹാദ് അനിവാര്യമെങ്കില്‍ നടത്തുക.
6. ശരീഅത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുക.
7. സകാത്ത്, നികുതി എന്നിവ ശേഖരിക്കുക.
8. ബൈത്തുല്‍മാല്‍ അഴിമതി രഹിതമായി കൈകാര്യം ചെയ്യുക. അതിന്റെ ചുമതല വിശ്വസ്തരെ ഏല്‍പിക്കുക. അര്‍ഹരായവര്‍ക്ക് സാമ്പത്തിക സഹായം (സ്റ്റൈപന്റ്, അലവന്‍സ്) നല്‍കുക.
9. രാഷ്ട്രത്തിന്റെ നയം, ജനതാല്‍പര്യം എന്നിവയെ സംരക്ഷിക്കുന്ന ജോലി ഖലീഫ നേരിട്ട് നിര്‍വഹിക്കുക. തന്റെ ഉത്തരവാദിത്തം മറ്റുള്ളവരെ ഏല്‍പിച്ച് സുഖലോലുപനാവാതിരിക്കുക.
പിന്‍ഗാമിയെ നിശ്ചയിക്കല്‍
1. ഇമാമിന് തന്റെ പിന്‍ഗാമിയെ കൂടിയാലോചനയില്ലാതെ നേരിട്ട് നിശ്ചയിക്കുന്നതാണ്. അബൂബക്ര്‍(റ) ഉമര്‍(റ)നെ നിശ്ചയിച്ച പോലെ. എന്നാല്‍ സ്വന്തം മകനേയോ പിതാവിനേയോ പിന്‍ഗാമിയായി വാഴിക്കാന്‍ ഇമാമിന് അധികാരമില്ല. പണ്ഡിതന്മാരുമായി കൂടിയാലോചിച്ച് വേണമെങ്കില്‍ മകനെ നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.
ലാഹോറിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റി ലക്ചറര്‍ മുഹമ്മദ് ഖമറുദ്ദീന്‍ ഖാന്‍ മാവര്‍ദിയുടെ ഈ അഭിപ്രായത്തെ നിരൂപിക്കുന്നു: ഇമാം മാവര്‍ദിയുടെ ഈ കാഴ്ചപ്പാട് ഇസ്‌ലാമിക ജനാധിപത്യരീതിക്ക് വിരുദ്ധമാണ്. ഇബ്‌നു ഖുതൈബ ''അല്‍ ഇമാമ വസ്സിയാസ'' എന്ന ഗ്രന്ഥത്തില്‍ അബൂബക്ര്‍(റ) തന്റെ പിന്‍ഗാമിയെ നിശ്ചയിച്ചപ്പോള്‍ കൂടിയാലോചന നടത്തിയതായി പറഞ്ഞിട്ടുണ്ട്. മരണാസന്നമായ സമയത്ത് അബൂബക്ര്‍(റ) ഉസ്മാന്‍(റ) നെ തന്റെ അടുത്ത് വിളിച്ച് പ്രസ്തുത വിഷയത്തില്‍ അഭിപ്രായമാരാഞ്ഞു. വാര്‍ത്ത ജനങ്ങളിലേക്കെത്തിയപ്പോള്‍ അവര്‍ അബൂബക്ര്‍(റ)ന്റെ അരികിലെത്തുകയും തന്റെ പിന്‍ഗാമി ആരായിരിക്കുമെന്ന് അന്വേഷിക്കുകയും ചെയ്തു. അപ്പോഴാണ് അദ്ദേഹം ഉമര്‍(റ)ന്റെ പേര് നിര്‍ദേശിച്ചത്. ജനങ്ങള്‍ അതില്‍ തൃപ്തരാവുകയും ചെയ്തു. അബൂബക്ര്‍(റ) കൂടിയാലോചിക്കാതെ തന്റെ 'അധികാര'മുപയോഗിച്ച് പിന്‍ഗാമിയെ നിശ്ചയിച്ചിട്ടില്ല.
ഇമാം മാവര്‍ദിയുടെ ഇതുപോലുള്ള അഭിപ്രായങ്ങള്‍ രൂപപ്പെടുന്നതിന് പിന്നില്‍ ഒരു പക്ഷേ, സാഹചര്യങ്ങളുടെ സമ്മര്‍ദമുണ്ടായിരിക്കാം. അബ്ബാസി ഭരണകൂടവും സമാന്തരമായി ബുവൈഹിദ് ഭരണകൂടവും നിലനില്‍ക്കേ ചില പ്രായോഗിക പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുകയാണ് ഇമാം മാവര്‍ദി ചെയ്തത്.
2. ഇമാമിന് ഇലക്ടറല്‍ കോളേജിനെ നിശ്ചയിക്കാന്‍ അധികാരമുണ്ട്. ഉമര്‍(റ) ചെയ്ത പോലെ.
3. തന്റെ പിന്‍ഗാമികളായി ഒന്നിലധികം വ്യക്തികളെ നിശ്ചയിക്കാന്‍ ഇമാമിന് അധികാരമുണ്ട്. മുഅ്ത യുദ്ധത്തില്‍ റസൂല്‍(റ) സൈദുബ്‌നു ഹാരിസയെ കമാന്ററായി നിശ്ചയിച്ചു. അദ്ദേഹം മരണപ്പെട്ടാല്‍ ജഅ്ഫര്‍ബ്‌നു അബീത്വാലിബിനെയും ശേഷം അബ്ദുല്ലാഹിബ്‌നു റവാഹയെയും പ്രവാചകന്‍(സ) മുന്‍കൂട്ടി നിശ്ചയിച്ചു. ഈ സംഭവമാണ് മാവര്‍ദി തെളിവായി ഉദ്ധരിച്ചത്.
മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം ഈ വിഷയം അഭിപ്രായ വ്യത്യാസമുള്ള വിഷയമാണ്.
ഇമാം ഗസാലി
ഇമാം ഗസാലി എന്നറിയപ്പെടുന്ന അബൂഹാമിദില്‍ ഗസാലി എ.ഡി 1058-ല്‍ ത്വബ്‌റാനിലെ ഒരു പണ്ഡിത കുടുംബത്തില്‍ ജനിച്ചു. ഖുര്‍ആന്‍, ഹദീസ്, നിയമ, തത്വശാസ്ത്രം, ദൈവശാസ്ത്രം, സൂഫിസം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വിജ്ഞനായിരുന്നു അദ്ദേഹം. നിശാപൂരിലെ നിസാമിയ അക്കാദമിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്ന കാലത്തു തന്നെ അദ്ദേഹം പഠനത്തില്‍ മികവ് പുലര്‍ത്തുകയും അന്ധമായ അനുകരണത്തിന് പകരം സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇമാമുല്‍ ഹറമൈനി എന്നറിയപ്പെടുന്ന അബുല്‍ മആലി അല്‍ ജുവൈഹിയുടെ ശിഷ്യനായ ഗസാലി പില്‍ക്കാലത്ത് നിസാമിയയില്‍ തിയോളജി പഠനവിഭാഗത്തിന്റെ തലവനായി നിയമിക്കപ്പെട്ടു.
പുരോഗമനാത്മക രീതിയിലാണ് ഗസാലി തന്റെ വാദങ്ങള്‍ അതരിപ്പിക്കുന്നത്. ഇസ്‌ലാമിലെ എല്ലാ അധികാരങ്ങളുടെയും സ്രോതസ് ശരീഅത്താകുന്നു. രാഷ്ട്രീയാധികാരവും മറിച്ചല്ല. ഓരോ പ്രവാചകന്റെയും കാലത്തിനനുസരിച്ച ഏറ്റവും അനുയോജ്യമായ ശരീഅത്താണ് നല്‍കപ്പെട്ടിരുന്നത്. ഖുര്‍ആനും സുന്നത്തുമാണ് നാം പിന്തുടരുന്ന ശരീഅത്തിന്റെ ആധികാരിക സ്രോതസ്. അതിന് വിരുദ്ധമാകാത്ത ഇജ്മാഅ്, ഖിയാസ് തുടങ്ങിയവയും സ്വീകാര്യമാണ്.
ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിതമാകുന്നത് ശരീഅത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരേ സമയം ശക്തിയും അധികാരവും ഉള്ളവരായിരുന്നു ഖുലഫാഉര്‍റാദിശുകള്‍ എന്ന് ഇബ്‌നുഖല്‍ദൂന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തിയില്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിനെ ഇമാം ഗസാലി അംഗീകരിക്കുന്നു. എന്നാല്‍ അവ നടപ്പാക്കപ്പെടുന്നത് കൂടുതല്‍ വിഭാഗങ്ങളെയും വ്യക്തികളെയും ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം.
സ്വഹാബികളും ഖുലഫാഉര്‍റാശിദയും
സ്വഹാബികള്‍ ഉത്തമരായ ആളുകളാകുന്നു. മുഹാജിറുകളെയും അന്‍സ്വാറുകളെയും ഖുര്‍ആനും സുന്നത്തും പുകഴ്ത്തിയിട്ടുണ്ട്. 'എന്റെ സ്വഹാബികള്‍ നക്ഷത്രങ്ങള്‍ പോലെയാകുന്നു, നിങ്ങളില്‍ അവരെ പിന്തുടരുന്നവര്‍ സന്മാര്‍ഗത്തിലാകുന്നു'3 എന്ന പ്രവാചക വചനം ശ്രദ്ധേയമാണ്.
സ്വഹാബികളില്‍ വെച്ചേറ്റവും ശ്രഷ്ഠര്‍ ഖുലഫാഉര്‍റാശിദുകളാകുന്നു. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) എന്നിവരുടെ ശ്രേഷ്ഠതയും ഔന്നിത്യവും അവര്‍ ഖിലാഫത്തിലേക്ക് നിശ്ചയിക്കപ്പെട്ട അതേ ക്രമത്തില്‍ തന്നെയാണ് കല്‍പിക്കപ്പെടുന്നത്. സ്വഹാബിമാരെയും ഖുലഫാഉകളെയും ഇകഴ്ത്തുകയു#ോ അമിതമായി പുകഴ്ത്തുകയോ ചെയ്യുന്നതിന് ദീനില്‍ സ്ഥാനമില്ല.
ഇമാമത്ത് വാജിബ് ആണോ?
ഇമാമത്ത് മുസ്‌ലിംകളുടെ മേല്‍ നിര്‍ബന്ധമാണ്.
1. ദീനിന്റെ വ്യവസ്ഥാപിതത്വത്തെ ശാരിഅ് (നിയമ ദാദാവ്) ഖണ്ഡിതമായി താല്‍പര്യപ്പെട്ടിരിക്കുന്നു.
2. ദീന്‍ വ്യവസ്ഥാപിതമായി നടപ്പാക്കപ്പെടണമെങ്കില്‍ അനുസരിക്കപ്പെടുന്ന നേതൃത്വം അനിവാര്യമാണ്.
3. ജനങ്ങളുടെ ദുന്‍യവീ ജീവിതത്തിന് നന്മ വരുത്തുന്നതിലും അവരുടെ പ്രയാസങ്ങളെ ദൂരീകരിക്കുന്നതിലും അധികാര കേന്ദ്രത്തിന് വലിയ പങ്കുണ്ട്. ഇത് മനസ്സിലാക്കുന്ന ഏതൊരാളുടെ ബുദ്ധിയും ഇമാമത്ത് അനിവാര്യമാണെന്ന് അംഗീകരിക്കുന്നു.
'അല്‍ ഇഖ്തിസ്വാദു ഫില്‍ ഇഅ്തിഖാദ്' എന്ന ഗ്രന്ഥത്തില്‍ ഇമാം ഗസാലി പറയുന്നു: ''ദീനും ദുന്‍യാവും പരസ്പര പൂരകങ്ങളാകുന്നു. ദീന്‍ അടിത്തറയും സുല്‍ത്വാന്‍ അതിന്റെ കാവല്‍ക്കാരനുമാണ്. അടിത്തറയില്ലെങ്കില്‍ കെട്ടിടം തകരുന്നു, കാവല്‍ക്കാരനില്ലെങ്കില്‍ വസ്തു നഷ്ടപ്പെടുന്നു.
''ദുന്‍യവീ വ്യവസ്ഥയുടെ ശരിയായ നിലനില്‍പിന് നേതൃത്വം അനിവാര്യമാണ്, ദീനീ വ്യവസ്ഥയുടെ നിലനില്‍പിന് ദുന്‍യവീ വ്യവസ്ഥയും. ദീനീ വ്യവസ്ഥ പരലോക വിജയം സാധ്യമാക്കുകയും ചെയ്യുന്നു. ഇത് പ്രവാചകന്മാരുടെ നിയോഗ ലക്ഷ്യമായിരുന്നുവെന്നതില്‍ സംശയമില്ല. അതിനാല്‍ ഇമാമത്ത് മുസ്‌ലിംകളുടെ ശറഈ ബാധ്യതയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.''
ഖിലാഫത്തിന്റെ സവിശേഷതകള്‍
1. രാഷ്ട്ര വ്യവസ്ഥയെ ചലിപ്പിക്കാനുള്ള ശക്തി
2. മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഅ്, ചരിത്രം എന്നിവയുടെ പിന്‍ബലം
3. ശരീഅത്ത് മൂല സ്രോതസ്സായി വര്‍ത്തിക്കുന്നു. അതിനാല്‍ ഇസ്‌ലാമിലെ നിയമ സാധുതയുള്ള ഗവണ്‍മെന്റിന്റെ ഏക രൂപം ഖിലാഫത്താകുന്നു.
ഇമാമിന്റെ യോഗ്യതകള്‍
1. മുസ്‌ലിമാവുക
2. പുരുഷനാവുക
3. ജനങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള വിജ്ഞാനം, കഴിവ്, ദൈവ ഭയം
4. ആരോഗ്യം, ധൈര്യം, വിവേകം
5. ആഭ്യന്തര ഭദ്രത ഉറപ്പുവരുത്താനും ശത്രുക്കളില്‍നിന്ന് രാഷ്ട്രത്തെ പ്രതിരോധിക്കാനും കഴിയുക.
6. ശറഈ വിധികള്‍ നടപ്പാക്കാന്‍ പ്രാപ്തിയുണ്ടാവുക.
7. ഖുറൈശി കുടുംബാംഗമാവുക. 'നേതൃത്വം ഖുറൈശികളില്‍നിന്ന്' എന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ രീതി
1. പ്രവാചകന്‍(സ)യാല്‍ നേരിട്ടുള്ള നിയമനം.
2. നിലവിലുള്ള ഭരണാധികാരി തന്റെ പിന്‍ഗാമിയെ നിശ്ചയിക്കല്‍
3. അധികാരിയായ സുല്‍ത്വാന്‍ ഖലീഫയെ നിയമിക്കല്‍
മൂന്നാമത് പറഞ്ഞ രീതിയാണ് ഇമാം ഗസാലിയുടെ കാലത്ത് പിന്തുടരപ്പെട്ടിരുന്നത്. അധികാരിയായ സല്‍ജൂഖ് സുല്‍ത്വാന്‍ ഖലീഫയെ നിശ്ചയിക്കുന്നു. താഴെ തട്ടിലുള്ള നേതൃനിരയും രാഷ്ട്രീയത്തിലെ പണ്ഡിതന്മാരും അദ്ദേഹത്തെ അംഗീകരിക്കുന്നു. ശേഷം പള്ളിയില്‍ പ്രഖ്യാപിക്കപ്പെടുകയും മറ്റു ജനങ്ങള്‍ കൂടി ബൈഅത്ത് ചെയ്യുകയും ചെയ്യുന്നു.
ജനങ്ങളുടെ മതപരവും സാമൂഹികവുമായ ജീവിതം ക്രമപ്പെടുത്താനും നിയമവാഴ്ചയും നീതിയും നടപ്പാക്കാനും ഖിലാഫത്തിനെ സഹായിക്കുന്ന ഘടനയായിരുന്നു സല്‍ത്വനത്ത് എന്നതിനാല്‍ ഗസാലി അതിനെ അംഗീകരിച്ചിരുന്നു. സുല്‍ത്വാന്‍, ഖലീഫ, ഉലമാക്കള്‍ എന്നിവര്‍ ചേര്‍ന്ന് കൊണ്ടാണ് ഗവണ്‍മെന്റിനെ ചലിപ്പിച്ചിരുന്നത്. രാഷ്ട്രീയ ശക്തിയും ദീനിന്റെ പിന്‍ബലവും ഇവിടെ പ്രകടമാണ്. സുല്‍ത്വാന്‍മാരേയും ഖലീഫമാരേയും വിമര്‍ശിക്കാന്‍ പണ്ഡിതന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
ഒരു ഇമാം മരണപ്പെടുകയും പിന്‍ഗാമിയായി അനുസരിക്കപ്പെടുന്ന ഒരാള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഒരാള്‍ തന്റെ ശക്തിയും അധികാരവുമുപയോഗിച്ച് ഇമാമത്ത് സ്വയം പ്രഖ്യാപിക്കുകയും ജനങ്ങളോട് ബൈഅത്ത് ചെയ്യാനാവശ്യപ്പെടുകയും ചെയ്താല്‍, ഇമാമത്തിനുള്ള യോഗ്യതയുള്ളയാളാണെങ്കില്‍ അദ്ദേഹത്തെ അനുസരിക്കല്‍ മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണ്. അദ്ദേഹത്തിന്റെ ഇമാമത്ത് ശരിയും സ്വീകാര്യവുമാണ്.
ഇമാമത്തിന്റെ മുഴുവന്‍ യോഗ്യതകളും പൂര്‍ണമായുള്ള ഒരാള്‍ ഇല്ലെങ്കില്‍ അത്രതന്നെ യോഗ്യനല്ലാത്ത ഇമാം തെരഞ്ഞെടുക്കപ്പെട്ടാല്‍ അതും സ്വീകാര്യമാണ്. കാരണം, നിര്‍ബന്ധിത സാഹചര്യത്തില്‍ നിഷിദ്ധമായതിനെ ഉപയോഗിക്കാന്‍ ശരീഅത്ത് മുസ്‌ലിമിന് അനുവാദം നല്‍കുന്നുണ്ടല്ലോ.
ഇബ്‌നു തൈമിയ
തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദ്ബ്‌നു അബ്ദില്‍ ഹലീം ബ്‌നി തൈമിയ 1263-ല്‍ ഹര്‍റാഹില്‍ ജനിച്ചു. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, ദൈവശാസ്ത്രം, തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങി വ്യത്യസ്ത ഇസ്‌ലാമിക വിജ്ഞാനശാഖകളില്‍ ആഴമുള്ള പാണ്ഡിത്യത്തിനുടമയായിരുന്നു അദ്ദേഹം. മുസ്‌ലിം രാജ്യങ്ങളില്‍ മംഗോളിയന്‍ ആക്രമണം നടന്ന് കൊണ്ടിരിക്കുന്ന പ്രശ്‌ന കലുഷിതമായ കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ വൈജ്ഞാനിക-രാഷ്ട്രീയ മുന്നേറ്റങ്ങള്‍ നടത്തുന്നത്. ഹമ്പലീ മദ്ഹബുകാരനായിരുന്ന അദ്ദേഹം 1328-ല്‍ മരണപ്പെട്ടു.
ഇമാമത്ത് ദീനിന്റെ അവിഭാജ്യ ഘടകം
ഭരണം, അധികാരം എന്നിവയെ സൂചിപ്പിക്കുന്ന പദങ്ങള്‍ (ഉദാ: ഖിലാഫത്ത്, ഖുലഫാഅ്) ഖുര്‍ആനില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഒരു മാതൃകാ സ്റ്റേറ്റിനെക്കുറിച്ച നിര്‍വചനം ഖുര്‍ആനിലോ സുന്നത്തിലോ കാണാന്‍ കഴിയില്ല.
ഭരണ സംവിധാനമില്ലാതെ അഥവാ അധികാര ശക്തിയില്ലാതെ ദീന്‍ പൂര്‍ത്തിയാവുകയില്ല. തന്റെ വാദങ്ങള്‍ സമര്‍പ്പിക്കുന്നതിന് പാരമ്പര്യ ശൈലിയില്‍നിന്ന് വ്യത്യസ്തമായ രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്.
1. ശരിയായി പ്രവര്‍ത്തിക്കുന്ന സംഘടിതമായ സാമൂഹ്യക്രമം ദീനിന്റെ പ്രകൃതത്തില്‍ തന്നെയുള്ളതാണ്. സമൂഹത്തിലെ വ്യക്തികളുടെ പരസ്പര സഹകരണമില്ലാതെ ഇഹലോക ജീവിതം വിജയകരമാവുകയില്ല. പരലോക ജീവിത വിജയത്തിനും ഈ പരസ്പര സഹകരണം അനിവാര്യമാണ്. സമൂഹത്തിന്റെ ശരിയായ നിലനില്‍പ്പാകട്ടെ ഒരു അധികാര കേന്ദ്രത്തെ ആശ്രയിച്ചേ സാധ്യമാവുകയുള്ളൂ.
2. ഭരണ സംവിധാനം എന്ന ആശയത്തിന് ഖുര്‍ആനിലും സുന്നത്തിലും തെളിവുകളുണ്ട്. കേവലം ബുദ്ധിപരമായ താല്‍പര്യമായി അതിനെ ചെറുതായി കാണാവതല്ല. 'നിങ്ങള്‍ മൂന്ന് പേര്‍ യാത്ര പുറപ്പെട്ടാല്‍ അതിലൊരാള്‍ അമീര്‍ ആകട്ടെ'4 എന്ന് റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ.
'വിലായത്ത്' (ഗവണ്‍മെന്റ്) ദീനിന്റെ നിര്‍ബന്ധ ബാധ്യതകളില്‍ അതിപ്രധാനമാണ്. എന്നാല്‍ ഇസ്‌ലാമിലെ ഇമാമത്തിനെ (ഖിലാഫത്തിനെ അതിന്റെ അടിസ്ഥാന തൂണുകളില്‍ എണ്ണാന്‍ കഴിയില്ല. പ്രായോഗികമായ അനിവാര്യതയാണത്. ദീനിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമാണെങ്കിലും ദീനിന്റെ ശാഖകളില്‍ ഒന്നായിട്ടേ അതിനെ പരിഗണിക്കാവൂ.
ഇമാമിന്റെ യോഗ്യതകള്‍
1. അല്‍ ഖുവ്വ(ശക്തി - Power): രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള കഴിവ്.
2. അല്‍ അമാന(വിശ്വസ്തത): ഉത്തരവാദിത്ത നിര്‍വഹണത്തിലെ നിഷ്‌കളങ്കത, പരിപൂര്‍ണത തുടങ്ങിയവ.
സന്ദര്‍ഭത്തിനനുസരിച്ച് ഈ രണ്ട് ഗുണങ്ങളുടെയും പ്രാധാന്യം വ്യത്യാസപ്പെടുന്നതാണ്. ഒരു പദവിയില്‍ അമാനത്താണ് ഖുവ്വത്തിനേക്കാള്‍ ആവശ്യമെങ്കില്‍ അത് പരിഗണിക്കപ്പെടണം. എന്നാല്‍ ഖുവ്വത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെങ്കില്‍ അതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഇസ്‌ലാമില്‍ വളരെ നേരത്തെ വിശ്വസിച്ച സ്വഹാബികള്‍ ഉണ്ടായിരിക്കേ ഖാലിദ്ബ്‌നുല്‍ വലീദ്(റ)നെയാണല്ലോ പ്രവാചകന്‍(സ) സൈനിക മേധാവിയായി നിശ്ചയിച്ചത്.
'പ്രവാചകന്റെ സ്റ്റേറ്റ്' എന്ന സങ്കല്‍പം
റസൂല്‍(സ) മദീനയില്‍ സ്ഥാപിച്ച വ്യവസ്ഥയെ 'state' എന്ന് വിളിക്കാവതല്ല. അത് സ്റ്റേറ്റ് പോലെയുള്ള ഒരു സാമൂഹ്യക്രമമാകുന്നു. ഭരണം സ്ഥാപിക്കുക എന്നത് പ്രവാചക നിയോഗത്തിന്റെ ആത്യന്തിക ലക്ഷ്യമല്ല. ജനങ്ങള്‍ക്ക് ദൈവിക സന്ദേശമെത്തിക്കലും അവര്‍ക്ക് സംസ്‌കാരവും വിജ്ഞാനവും പകര്‍ന്ന് നല്‍കലുമാണ് പ്രവാചകന്‍(സ)യുടെ പരമപ്രധാനമായ ദൗത്യം.5
ഖുര്‍ആനില്‍ അധികാര ശക്തിയെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. വേദഗ്രന്ഥത്തോടൊപ്പം നീതിയെയും ആയുധശക്തിയെയും ഇറക്കിയത് അല്ലാഹുവാകുന്നു.6
ഇസ്‌ലാമില്‍ വേദഗ്രന്ഥത്തിനും അധികാരശക്തിക്കും വലിയ പ്രാധാന്യമുണ്ടെന്ന് ഈ ആയത്തുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.
റസൂല്‍(സ) ചെയ്യുന്ന എല്ലാ കാര്യങ്ങളും പ്രവാചകത്വത്തിന്റെ(രിസാല) ഭാഗമാണ്. അദ്ദേഹം മദീനയില്‍ സ്ഥാപിച്ച സാമൂഹ്യക്രമവും അതില്‍ പെടുന്നു. അതിനെ 'ഇമാമത്ത്' (ഗവണ്‍മെന്റ്, റൂളിംഗ്) എന്ന് വിളിക്കാവതല്ല. താഴെ പറയുന്ന കാരണങ്ങള്‍ പരിശോധിക്കുക:
1. റസൂല്‍(സ)യെ എല്ലാ കാലത്തും അനുസരിക്കല്‍ നിര്‍ബന്ധമാണ്, ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും എന്നാല്‍ ഖലീഫക്ക് ഇത് ബാധകമല്ല.
2. വിശ്വാസം സ്വീകരിക്കുന്ന വ്യക്തിയുടെ മേല്‍ റസൂലിന്റെ 'ഇമാമത്ത്' (ഭരണം) അംഗീകരിക്കുക എന്ന നിബന്ധന വെക്കപ്പെടുന്നില്ല. റസൂല്‍(സ) മദീനയില്‍ എത്തുന്നതിന് മുമ്പേ പ്രവാചകനോടുള്ള വ്യക്തിയാണല്ലോ.
3. പ്രവാചകന്‍(സ) ഭരണാധികാരിയാണെന്ന് വിശ്വസിക്കല്‍ അടിസ്ഥാന വിശ്വാസകാര്യങ്ങളില്‍ പെട്ടതല്ല. മറിച്ച് അദ്ദേഹം റസൂലാകുന്നു എന്ന് വിശ്വസിക്കല്‍ ഈമാന്‍ കാര്യങ്ങളില്‍ പെട്ടതാണ്.
ഖിലാഫത്ത്
ഖിലാഫത്ത്, മുല്‍ക്ക് എന്നീ രണ്ട് പദങ്ങളെ ഇബ്‌നു തൈമിയ വ്യത്യസ്ത ആശയങ്ങളായി കൈകാര്യം ചെയ്യുന്നു. 'ഖിലാഫത്ത് മുപ്പത് വര്‍ഷമേ നിലനില്‍ക്കുകയുള്ളൂ, അതിന് ശേഷം മുല്‍ക്ക് നിലവില്‍ വരും'7 എന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് താഴെ പറയുന്ന രണ്ട് കാര്യങ്ങള്‍ അദ്ദേഹം സമര്‍ഥിക്കുന്നു:
1. ഖിലാഫത്ത് എന്നതുകൊണ്ടര്‍ഥമാക്കുന്നത് പ്രവാചകന്‍(സ)യുടെ സച്ചരിതരായ ഖലീഫമാരുടെ ഭരണമാണ്. അത് റസൂലിന് ശേഷം മുപ്പത് വര്‍ഷമേ നിലനിന്നിട്ടുള്ളൂ. ഹദീസില്‍ അതിനെ 'പ്രവാചകത്വത്തിന്റെ പാത പിന്തുടരുന്ന ഖിലാഫത്ത്' എന്ന പരിചയപ്പെടുത്തിയിരിക്കുന്നു. ആദ്യത്തെ നാല് ഖലീഫമാരുടെ ഈ ഭരണത്തെ നാം 'ഖിലാഫത്തുര്‍റാശിദ' എന്ന് വിളിക്കുന്നു.
2. ഖിലാഫത്തുര്‍റാശിദക്ക് ശേഷം നിലവില്‍ വന്ന ഭരണമാണ് 'മുല്‍ക്ക്' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിനെ 'പ്രവാചകന്റെ പാത പിന്തുടരുന്ന ഖിലാഫത്ത്' എന്ന പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇതിനര്‍ഥം ഈ ഖിലാഫത്ത് അനിസ്‌ലാമികമാണ് എന്നല്ല. മറിച്ച് 'സാധാരണ ഖിലാഫത്ത്' എന്ന പേരില്‍ ഇതിനെ നാമകരണം ചെയ്യാവുന്നതാണ്.
പില്‍ക്കാലത്ത് ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്‌ലവി 'ഖിലാഫ ആമ്മ, ഖിലാഫ ഖാസ്സ്വ'8 എന്നീ വിഭജ്ഞനങ്ങള്‍ നടത്തിയതിനോട് ഇതിനെ ഉപമിക്കാവുന്നതാണ്. ആദ്യം പറഞ്ഞതിനെ 'ഖിലാഫ ഖാസ്സ്വ'യായും രണ്ടാമത്തേതിനെ 'ഖിലാഫ ആമ്മ'യായും അദ്ദേഹം പരിചയപ്പെടുത്തിയിരിക്കുന്നു.
സമാപനം
കര്‍മശാസ്ത്രം, ഖുര്‍ആന്റെയും സുന്നത്തിന്റെയും നിദാനശാസ്ത്രം, ഇല്‍മുല്‍കലാം തുടങ്ങിയ വൈജ്ഞാനിക ശാസ്ത്രങ്ങളുടെ വളര്‍ച്ചക്ക് സമാന്തരമായിട്ടാണ് രാഷ്ട്രമീമാംസയും വികസിക്കുന്നത്. കാലികാവശ്യങ്ങള്‍ക്കനുസരിച്ച് ഇലാസ്തികമാകാനുള്ള ഇസ്‌ലാമിക ശരീഅത്തിന്റെ പ്രത്യേകത ഇതില്‍നിന്ന് നമുക്ക് വായിച്ചെടുക്കാവുന്നതാണ്. വളരെ വേഗത്തില്‍, ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ക്ക് വിധേയമായേക്കാവുന്ന മേഖലയാണ് രാഷ്ട്രീയം, അടിസ്ഥാന നിയമസ്രോതസുകളെ ആധാരമാക്കി ഗവേഷണങ്ങള്‍ നടത്തുകയും സന്ദര്‍ഭത്തിന്റെ അനിവാര്യതകള്‍ക്കനുസൃതമായി പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. അന്ധമായ അനുകരണം പരിഹാരമല്ല. ഗവേഷണവും പ്രായോഗിക ഇടപെടലുകളും വഴി ഇസ്‌ലാമിക രാഷ്ട്രീയത്തിന് ജീവന്‍ നല്‍കണമെന്നാണ് പൗരാണികരായ പണ്ഡിതരില്‍നിന്ന് നമുക്ക് ലഭിക്കുന്ന പാഠം.
Foot Notes:
1. ഖുര്‍ആന്‍ 2:124
2. ഉദാഹരണം - അബൂബക്ര്‍(റ) റസൂല്‍(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു: ''തിന്മ കണ്ടിട്ടും അതിനെ മാറ്റാന്‍ ജനങ്ങള്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ അല്ലാഹു അവരുടെ മേല്‍ വലിയ ശിക്ഷയെ ഇറക്കിയേക്കാം.'' - മുസ്‌നദ് അഹ്മദ് (കിതാബുല്‍ ഖറാജ്)
3. ഉദ്ധരണം 'അല്‍ ഇഖ്തിസ്വാദു ഫില്‍ ഇഅ്തിഖാദ്' എന്ന ഗ്രന്ഥത്തില്‍നിന്ന്
4. അബൂഹുറൈറ, അബൂ സഈദ് എന്നിവരില്‍നിന്ന് അബൂദാവൂദ് ഉദ്ധരിച്ചത് (അസ്സിയാസ അശ്ശറഇയ്യ)
5. ഖുര്‍ആന്‍ 3:164
6. ഖുര്‍ആന്‍ 57:25
7. 'അസ്സ്വഹീഹുല്‍ മുസ്‌നദ് മിമ്മാലൈസ ഫിസ്സ്വഹീഹൈനി'യില്‍ ഉദ്ധരണം (The political thought of Ibn Taymiyah by prof. Qamaruddin Khan)
8. ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ ''ഇസാലത്തുല്‍ ഖഫാ അല്‍ ഖിലാഫത്തില്‍ ഖുലഫാ'' എന്ന ഗ്രന്ഥത്തില്‍നിന്ന്.
REFERENCES
A History of Maslim Philosophy -Edited and introduced by MM Sherif
The Political Thought of Ibn Taymiyah - Prof Qamaruddin Khan
The Oxford Encyclopedia of the Islamic World - John L Exposito
www.dorar.net - date of access; 14/06/2013
alifvnb@gmail.com