ലിംഗ അസമത്വവും ഇന്ത്യയിലെ മത-വ്യക്തി നിയമങ്ങളും

ഡോ. അര്‍ച്ചന പരഷാര്‍‌‌
img

       മതവ്യക്തിനിയമത്തിന്റെ വിമര്‍ശകരായ ഫെമിനിസ്റ്റുകളുടെ വാദഗതികളാണ് ഇവിടെ അവതരിപ്പിക്കുന്നത്. പുരോഗമന ഫെമിനിസ്റ്റുകളുടെ ഇരട്ട നിലപാടുകള്‍ വ്യക്തി നിയമത്തില്‍ കാണാന്‍ കഴിയുന്നതാണ്.
മതനിയമങ്ങളുടെ അടിസ്ഥാനത്തില്‍ സമകാലീന ഇന്ത്യയുടേത് ഒരു ബഹുസ്വര സമൂഹമാണ്. ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് മതേതര ഇന്ത്യ നവീകരിക്കാന്‍ വിസമ്മതിക്കുന്ന സവിശേഷമായ മതവ്യക്തി നിയമങ്ങളാണുള്ളത്. ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന് ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുന്നു. അതേസമയം, മതവ്യക്തി നിയമങ്ങള്‍ ലിംഗ സമത്വത്തെ പരിഗണിക്കുന്നതേയില്ല എന്ന വസ്തുത ലിംഗ സമത്വത്തെക്കുറിച്ച് കാര്യമായി സംവാദം സൃഷ്ടിച്ചിട്ടുണ്ട്. ആര്‍.പി.എല്‍ മതപരമായ ഉള്‍ക്കൊള്ളിക്കല്‍ പ്രദാനംചെയ്യുന്നുണ്ടെങ്കിലും വളരെ വിവേചനപരമായി ഭരണനിര്‍വഹണത്തിനുള്ള ഉപകരണങ്ങളായി പലപ്പോഴും സ്ത്രീകള്‍ക്ക് പ്രതികൂലമായിട്ടാണ് ഉപയോഗിക്കപ്പെടാറുള്ളത്. നരവംശവും വംശീയവും ലൈംഗികവുമായ സ്വത്വങ്ങളെ നിയമനിര്‍മാണത്തില്‍ തിരിച്ചറിയപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന് ഫെമിനിസ്റ്റുകള്‍ വാദിച്ചിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയില്‍ വിശ്വാസ വൈജാത്യം ലിംഗസമത്വവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നു. മതവ്യക്തി നിയമങ്ങള്‍ക്ക് ലിംഗനീതിയിലധിഷ്ഠിതമായ കുടുംബ നിയമങ്ങളുടെ ബദലുകള്‍ മുന്നോട്ടുവെക്കണമെന്നാണ് ഞാനിവിടെ വാദിക്കുന്നത്. പ്രത്യക്ഷത്തില്‍ ഈ വാദം നിഷേധാത്മകമായി തോന്നാമെങ്കിലും സാംസ്‌കാരിക സ്വത്വങ്ങളും ലിംഗനീതിയും പരസ്പര സംഘര്‍ഷത്തിലേര്‍പ്പെടേണ്ടതില്ല. ഈ രണ്ടു ലക്ഷ്യങ്ങളെയും പരിഗണിക്കുന്നതിനുള്ള ഒരുമാര്‍ഗം ചരിത്രപരവും സാമൂഹ്യവുമായ നിശ്ചിതങ്ങളെ ഏതൊരു ചര്‍ച്ചയുടെയും മുമ്പില്‍ പ്രതിഷ്ഠിക്കുക എന്നതാണ്. വൈവിധ്യങ്ങളുടെ താല്‍പര്യങ്ങളെ മാനിക്കുക മാത്രമല്ല നീതി നിലനിര്‍ത്താന്‍ കൂടി താല്‍പര്യപ്പെടുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തുക എന്ന ഫെമിനിസ്റ്റ് പദ്ധതി നടപ്പില്‍വരുത്തുന്നതിലൂടെ എല്ലാവിഭാഗം സ്ത്രീകളുടെയും അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ സാധിക്കും.
ഈ ലേഖനം നാലു ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ആദ്യഭാഗം ആര്‍.പി.എല്ലിന്റെ ഉദ്ഭവവും രാഷ്ട്രത്തെയും അതിന്റെ വിവേചനപരമായ നവീകരണത്തെയും ചര്‍ച്ചാ വിഷയമാക്കുന്നു. രണ്ടാംഭാഗം ഘടനാവാദാനന്തര ലോകത്തെ വ്യത്യാസങ്ങളുടെ ആധിക്യത്തോടും ലിംഗസമത്വത്തോടുമുള്ള നിയമ പരിഷ്‌കരണ പ്രതികരണങ്ങളുടെ വികാസം ചുരുക്കി വിവരിക്കുന്നു. വ്യത്യാസങ്ങളെ പരിഗണിക്കുന്നതിന്റെ സാഹചര്യവും വൈരുധ്യമില്ലാതെ വ്യത്യസ്ത ആര്‍.പി.എല്ലിനെ ഒരു പൊതുകുടുംബനിയമം കൊണ്ട് പകരം വെക്കാനാകുമോ എന്ന വാദം കൂടി ഇവിടെ മുന്നോട്ടു വെക്കുന്നുണ്ട്. ആര്‍.പി.എല്ലിന്റെ ഘടന മറ്റു നിയമങ്ങളുടെ സ്വഭാവത്തെയും ഘടനയെയും സ്വാധീനിക്കുന്നതെങ്ങനെയാണെന്നാണ് മൂന്നാംഭാഗം പരിശോധിക്കുന്നത്. ഗാര്‍ഹിക പീഡന വിരുദ്ധ നിയമനിര്‍മാണത്തെ ആധാരമാക്കി നിയമനിര്‍മാണം എങ്ങനെയാണ് ഇന്ത്യയിലെയും മറ്റു ഗ്ലോബല്‍ നോര്‍ത്തിലെയും സവിശേഷ സാമൂഹ്യ സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ട് വരേണ്ടതെന്നും വാദിച്ചിരിക്കുന്നു. ലീഗല്‍ ഫെമിനിസ്റ്റുകള്‍ സാഹചര്യ നിര്‍മിതമായ നിയമ വ്യവഹാരം ഉണ്ടാക്കിയെടുക്കാനുള്ള ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഒരേസമയം വ്യത്യാസങ്ങളെയും നീതിയെയും താല്‍പര്യപ്പെടുന്ന വകുപ്പുകളുടെ പുനരാലോചനയുമായി ബന്ധപ്പെട്ടതാണ് നാലാംഭാഗം.

ആര്‍.പി.എല്‍ എന്ന സങ്കല്‍പത്തിന്റെ ഉദ്ഭവം
ഇന്ത്യയുടേത് ഒരു പൊതുനിയമ വ്യവസ്ഥയാണ്. അത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു ശേഷിപ്പ് ആയിരിക്കേ തന്നെ യഥാര്‍ഥ ബ്രിട്ടീഷ് പൊതുനിയമത്തില്‍നിന്നും വളരെ വിഭിന്നമാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ യൂട്ടിലിറ്റേറിയന്‍ വാദം, ലീഗല്‍ പോസറ്റീവിസം തുടങ്ങി പല നൂതന പരീക്ഷണങ്ങളും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പാക്കുകയുണ്ടായി. ഈ പരീക്ഷണങ്ങള്‍ മുഖേന സമൂഹവും നിയമവ്യവസ്ഥയും തമ്മിലുള്ള ജൈവികമായ ബന്ധം പൂര്‍ണാര്‍ഥത്തില്‍ വിച്ഛേദിക്കപ്പെട്ടു. അനന്തരഫലമെന്നോണം ഇംഗ്ലണ്ടിലെ വ്യത്യസ്ത സാമൂഹ്യസാചര്യങ്ങളില്‍ ആവിര്‍ഭവിച്ച ഒരു നിയമസംവിധാനത്തെ ഇന്ത്യക്കാര്‍ക്ക് പേറേണ്ടിവന്നു. ഇംഗ്ലണ്ട് അതിന്റെ പല നിയമ സങ്കല്‍പങ്ങളെയും പാടേ ഒഴിവാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമ്പോള്‍ ഇന്ത്യ അതിന്റെ കൊളോണിയല്‍ നിയമ 'പാരമ്പര്യം' നിലനിര്‍ത്തുന്നതില്‍ അഭിമാനം കൊള്ളുകയാണ്. ആര്‍.പി.എല്‍ എന്നത് ഇത്തരത്തിലുള്ള ഒരു സങ്കല്‍പമാണ്.
ചരിത്രപരമായി യൂറോപ്പില്‍ വ്യക്തിനിയമങ്ങളും (പലപ്പോഴും സഭയുമായി ബന്ധപ്പെട്ട) പ്രദേശത്തിന്റെ മൊത്തം നിയമവും തമ്മില്‍ പൊരുത്തക്കേട് കാണാറുണ്ട്. ഇന്ത്യയില്‍ കൊളോണിയല്‍ കാലഘട്ടത്തിന് മുമ്പ് അപൂര്‍വം ചില കാര്യങ്ങളൊഴിച്ചാല്‍ ഹിന്ദുക്കളും മുസ്‌ലിംകളും അവരവരുടെ നിയമങ്ങള്‍ കൊണ്ടാണ് ഭരിക്കപ്പെട്ടത്. കോളനിവല്‍ക്കരണം ഇന്ത്യയില്‍ വളരെ സങ്കീര്‍ണവും ഭൂമിശാസ്ത്രപരമായി വ്യതിരിക്തവുമായ ഒരു പ്രതിഭാസമായിരുന്നു. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ വ്യത്യസ്ത നിയമസംവിധാനങ്ങളോടു കൂടിയാണ് കൊളോണിയല്‍ നിയന്ത്രണത്തിനു കീഴില്‍ വന്നത്. ബ്രിട്ടീഷ് നിയമം വളരെ ക്രമപ്രവൃദ്ധമായും തരംതിരിവോടുകൂടിയുമാണ് ഇന്ത്യയില്‍ പരിചയപ്പെടുത്തപ്പെട്ടതെന്നു മാത്രമല്ല 'വ്യക്തികാര്യങ്ങള്‍' ഈ സമൂഹങ്ങളുടെ മതനിയമങ്ങള്‍കൊണ്ട് ഭരിക്കപ്പെടുന്നതുമായി ശേഷിക്കുകയും ചെയ്തു. എന്നിരുന്നാലും, വ്യക്തിനിയമങ്ങളുടെ ഉള്ളടക്കം പലപ്പോഴും തുടരെത്തുടരെയുള്ള ചാര്‍ട്ടറിലൂടെയും പരിഷ്‌കരണങ്ങളിലൂടെയുമാണ് നിര്‍ണയിക്കപ്പെട്ടത്. അതിനേക്കാളുപരി ജുഡീഷ്യറിയുടെയും നിയമനിര്‍മാണ പ്രക്രിയയിലൂടെയും ഈ നിയമങ്ങളില്‍ നല്ലൊരു ഭാഗവും പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. യാദൃശ്ചികമാണെങ്കില്‍ കൂടി ജുഡീഷ്യറിക്ക് ഇതിലുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. കാലക്രമേണ നിയമനിര്‍മാണ പ്രക്രിയയില്‍ മാറ്റങ്ങളും ഭേദഗതികളും പരിചയപ്പെടുത്തപ്പെട്ടെങ്കിലും ആര്‍.പി.എല്‍ എന്നത് മാറ്റമില്ലാതെ തുടര്‍ന്നു.
മതസമൂഹങ്ങളുടെ നിയമങ്ങള്‍ വ്യക്തികാര്യങ്ങളില്‍ പ്രയോഗിക്കപ്പെടുന്നത്, ഭാഗികമായി അതിന്റെ ഭാഷ കൊണ്ടാണെങ്കിലും മതനിയമങ്ങളുടെ 'സംരക്ഷണമായി' ഗണിക്കപ്പെടാറുണ്ട്. ഇന്ത്യയിലെ വ്യത്യസ്ത സമൂഹങ്ങള്‍ അവര്‍ പിന്തുടരുന്ന മതത്തിന്റെ അടിസ്ഥാനത്തിലാണ് അറിയപ്പെടുന്നത്. പ്രയോഗത്തില്‍ മതഗ്രന്ഥങ്ങളേക്കാളുപരി സാമൂഹ്യാചാരങ്ങളോടാണ് വ്യക്തിനിയമങ്ങള്‍ക്ക് കൂടുതല്‍ ബന്ധമെങ്കില്‍ കൂടി വ്യക്തിനിയമങ്ങള്‍പോലം മതത്തിന്റെ പേരിലാണ് മനസ്സിലാക്കപ്പെടുന്നത്. അപ്രകാരം മതനിമയങ്ങളും വ്യക്തിനിയമങ്ങളും പരസ്പരം മാറിമാറി ഉപയോഗിക്കപ്പെട്ടു എന്നു മാത്രമല്ല ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് ഹിന്ദു മുസ്‌ലിം നിയമങ്ങള്‍ മതപരമായിരുന്നുവെന്ന വസ്തുത വിസ്മരിക്കപ്പെട്ടു. ബ്രിട്ടീഷ് നയങ്ങള്‍, അത് കൊളോണിയല്‍ കോടതിയാവട്ടെ നിയമനിര്‍മാണസഭയാവട്ടെ ജനങ്ങളുടെ മതനിയമങ്ങളെ നവീകരിച്ചു കൊണ്ട് വൈയക്തിക കാര്യങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഘടനയും സ്വഭാവവും നിര്‍ണയിക്കപ്പെട്ടു.
ആര്‍.പി.എല്ലിന്റെ ഒരു സവിശേഷ സ്വഭാവം, അതില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ താരതമ്യേന കുറഞ്ഞ അവകാശം മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആര്‍.പി.എല്‍ പരിഷ്‌കരണത്തില്‍ ലിംഗ സമത്വമെന്ന ലക്ഷ്യം പല രാഷ്ട്രീയ പരിഗണനകള്‍ക്ക് വേണ്ടി എടുത്തെറിയപ്പെട്ടു എന്നത് വ്യക്തമാണ്. രാഷ്ട്രം ചില സന്ദര്‍ഭങ്ങളില്‍ മതപരിശുദ്ധിയെ വളരെ വിവേചനപരമായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ സമുദായ നിയമങ്ങളില്‍ മാറ്റം വളരെ മന്ദഗതിയിലാകുമ്പോള്‍ ഹിന്ദു നിയമം കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു. പ്രകടമായി തന്നെ ലിംഗസമത്വത്തേക്കാള്‍ ചില സമുദായങ്ങളുടെ ന്യൂനപക്ഷ പദവിക്ക് പ്രാധാന്യം നല്‍കപ്പെട്ടു. എന്നിരുന്നാലും, ഹിന്ദു സ്ത്രീകള്‍ക്ക് ഹിന്ദു പുരുഷനു തുല്യമായ അവകാശം ഇതുവരെ ലഭ്യമായിട്ടില്ല. 2005ലെ ഹിന്ദു 'ഹിന്ദു സക്‌സഷന്‍ ആക്ട്' പെണ്‍മക്കളെ തുല്യ പങ്കാളികളായി കണക്കാക്കാന്‍ നിര്‍ദേശിക്കുന്നുവെങ്കിലും നിയമനിര്‍മാണം സ്ത്രീകള്‍ക്ക് പരിമിതമായ അവകാശങ്ങള്‍ മാത്രമാണ് വകവെച്ചു നല്‍കിയത്. ഈ പ്രത്യേക സാഹചര്യത്തില്‍ ലിംഗസമത്വം അടിസ്ഥാന തത്ത്വമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു പുതിയ കുടുംബ നിയമത്തിനു മാത്രമേ ലിംഗനീതി വാഗ്ദാനം ചെയ്യാനാകൂ.

സാംസ്‌കാരിക സ്വത്വവും പൊതുകുടുംബനിയമങ്ങളും
ഒരേസമയം ലിംഗസമത്വത്തിന് വെല്ലുവിളിക്കുന്ന മുഖ്യധാര ഫെമിനിസ്റ്റ് വിമര്‍ശകര്‍ക്കും സാംസ്‌കാരിക സ്വത്വങ്ങള്‍ക്ക് അംഗീകാരം ആവശ്യപ്പെടുന്ന ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകളോടും മറുപടി പറയേണ്ടിവരുന്നു എന്നതാണ് ഒരു പൊതു കുടുംബ നിയമത്തിനു വേണ്ടി വാദിക്കുന്ന ഫെമിനിസ്റ്റുകള്‍ നേരിടുന്ന ആശയക്കുഴപ്പം. വരും ഭാഗങ്ങളില്‍ മുഖ്യധാര നിയമ വ്യവഹാരത്തിന്റെ ഫെമിനിസ്റ്റ് വിമര്‍ശനത്തിന്റെ സാഹചര്യവും വ്യത്യാസങ്ങളെ മൊത്തത്തില്‍ കാണുന്നതിനേക്കാള്‍ അവയുടെ നിര്‍മിത സാഹചര്യങ്ങളില്‍ അവലോകനം ചെയ്യുന്നതിന്റെ ആവശ്യകതയും ചുരുക്കി വിവരിക്കാം.

ഏകനിയമം(Uniform law) ന്യായത്തിന്റെയും നീതിയുടെയും നിദാനമെന്ന നിലയില്‍
നിയമം ചരിത്രപരമായ അല്ലെങ്കില്‍ മതപരമായ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന മുന്‍കാല ധാരണകളില്‍നിന്നും വിഭിന്നമായി അത് സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളില്‍നിന്നും സ്വതന്ത്രമാണെന്ന ഒരു കാഴ്ചപ്പാട് ലിബറലിസവും പോസിറ്റീവിസവും ചേര്‍ന്നുണ്ടാക്കിയെടുത്തിട്ടുണ്ട്. ഈ വ്യാപകമായി അംഗീകരിക്കപ്പെട്ട തത്ത്വമനുസരിച്ച് യഥാര്‍ഥ നിയമനിര്‍മാണത്തിനുള്ള അധികാരം സാവര്‍ലൗകികവും നിഷ്പക്ഷവും അമൂര്‍ത്തവുമായ തത്ത്വങ്ങളിലധിഷ്ഠിതമാണ്. നിയമം അതിന്റെ ശരിയായ വിഷയങ്ങളെ നിര്‍വചിക്കുകയും ആ നിര്‍വചനത്തിന് കീഴില്‍ വരുന്നവര്‍ക്ക് അവരുടെ മത ലിംഗ, സാമ്പത്തിക വ്യത്യാസങ്ങള്‍ക്കുപരിയായി ഒരേ അവകാശങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഉദാരനിയമവാദം വ്യത്യാസങ്ങളെക്കാളും സവിശേഷതകളേക്കാളും ഉപരിയായി യാതൊരു വിവേചനവുമില്ലാതെ എല്ലാവര്‍ക്കും നീതി വാഗ്ദാനം ചെയ്യുന്നു. ലീഗല്‍ ഫെമിനിസ്റ്റുകള്‍ നിയമത്തിന്റെ നിഷ്പക്ഷതയെയും സാര്‍വലൗകികതയെയും വ്യാപകമായി വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. പരമ്പരാഗതമായി, ഫെമിനിസ്റ്റുകളുടെ നിയമ വാഴ്ചയിലുള്ള ഇടപെടലിനെക്കുറിച്ച് മൂന്നു ഘട്ടമായി തരം തിരിക്കാറുണ്ട്. സ്വത്വപരമായി സ്ത്രീയും പുരുഷനും തുല്യരാണെന്ന നിലക്ക് തുല്യഅവകാശങ്ങള്‍ക്ക് വേണ്ടി ആദ്യ ഫെമിനിസ്റ്റുകളായ ലിബറല്‍ ഫെമിനിസ്റ്റുകള്‍ വാദിച്ചു. എന്നിരുന്നാലും, ഔപചാരികത തുല്യത കൈവരിച്ചതിനു ശേഷവും സ്ത്രീ പുരുഷ ബന്ധം ലിംഗാടിസ്ഥാനത്തിലുള്ള ശ്രേണീകരണത്തിലാണ് നിലകൊള്ളുന്നത്. നിയമങ്ങളെ ലിംഗപരമായി നിഷ്പക്ഷമെന്ന് വിവരിക്കുന്നത് ഫലത്തില്‍ പുരുഷ കേന്ദ്രീകരണത്തിലേക്കു നയിക്കുന്നതെന്ന് ഫെമിനിസ്റ്റുകള്‍ ഇപ്പോള്‍ വിശദീകരിക്കുകയുണ്ടായി.
ഇത് നേരെ മറിച്ച്, ഫെമിനിസ്റ്റ് വ്യവഹാരത്തില്‍ 'തുല്യത വ്യത്യാസം' സംവാദത്തിന് നിദാനമാവുകയാണ് ചെയ്തത്. അതായത്, നിയമം ലിംഗപരമായി നിഷ്പക്ഷമായിരിക്കണമോ അതോ ലിംഗ നിര്‍ണിതമായിരിക്കണോ? സ്ത്രീകളുടെ വ്യത്യസ്ത ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും നിയമത്തില്‍ വകവെച്ചുകൊടുക്കണമെന്ന് വാദിക്കുന്ന ഫെമിനിസ്റ്റുകള്‍ക്ക് നിഷ്പക്ഷമായ നിയമത്തില്‍ നിന്നുമുള്ള വ്യതിചലനം ചില പ്രത്യേക പരിഗണനകളിലേക്ക് നയിക്കുമെന്ന പഴി കേള്‍ക്കേണ്ടി വരാറുണ്ട്. ആധുനിക ചിന്തയുടെ സത്വാവാദത്തെ കുറിച്ചുള്ള വിമര്‍ശനത്തിന്റെ വരവോടെ വ്യത്യാസങ്ങള്‍ക്കുമേലുള്ള ഊന്നല്‍ വളരെ സങ്കീര്‍ണമായി. ഏതൊരു നിര്‍വചനവും പലതിനെയും അതില്‍നിന്ന് അകറ്റി നിര്‍ത്തുന്നതുകൊണ്ടുതന്നെ അത് ന്യായമല്ലെന്നും അതുകൊണ്ടുതന്നെ സാര്‍വത്രികമായ ഒരു നിര്‍വചനമെന്ന തത്ത്വത്തെ ഘടനാവാദാന്തര സിദ്ധാന്തം വെല്ലുവിളിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിവിധ വ്യത്യാസങ്ങളെ (ഉദാ: വംശീയം, നരവംശം, ലൈംഗികം) അടിവരയിടുന്ന രീതിയില്‍ സ്ത്രീയെന്ന വിഭാഗത്തെ തന്നെ അപനിര്‍മിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയെന്നത് ഒരു ഏകീകൃത വിഭാഗം അല്ല എങ്കില്‍ എല്ലാ സ്ത്രീകള്‍ക്കും ഒരേ താല്‍പര്യങ്ങളല്ല എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ, പരിഷ്‌കരണമെന്ന ഫെമിനിസ്റ്റ് രാഷ്ട്രീയം വിശിഷ്യ, നിയമ പരിഷ്‌കരണം പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്. ഘടനാവാദാനന്തര ചിന്താധാരയില്‍ വികസിച്ചുവന്ന സത്താ വിരുദ്ധവാദത്തിന്റെ ഒരു പ്രധാന അനന്തരഫലം സാംസ്‌കാരിക ബഹുസ്വരത എന്നത് ലിംഗ സമത്വത്തിന്റെ ചെലവിലാണ് നിലവില്‍ വരുന്നതെന്നാണ്!! വ്യത്യാസങ്ങളുടെ ഈ വെളിപ്പെടുത്തലുകളെ ഞാന്‍ വെല്ലുവിളിക്കാനാഗ്രഹിക്കുകയാണ്. കാരണം, വ്യത്യാസം സ്വയം തന്നെ ഒരു നന്മയല്ല.
പടിഞ്ഞാറന്‍ ഫെമിനിസത്തിന് സമാനമായ ഒരു വളര്‍ച്ച ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഇന്ത്യന്‍ സ്ത്രീയുടെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകള്‍ യൂറോപ്യന്‍ സ്ത്രീകളുടേതില്‍നിന്നും വളരെ വ്യത്യസ്തമാണ്. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഔപചാരികമായ സമത്വം ആര്‍.പി.എല്ലിലേക്ക് വരുമ്പോള്‍ കാണാനില്ല. ഈ പരസ്പര വിരുദ്ധത മത(ന്യൂനപക്ഷ) സത്യങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുകിടക്കുന്നു. ലിംഗ സമത്വം വാഗ്ദാനം ചെയ്യുന്ന അതേ ഭരണഘടനതന്നെ മത സ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശവും ഉറപ്പുവരുത്തുന്നു എന്നത് കൗതുകകരമാണ്. ഇതേവരെ പൂര്‍ണമായി ലിംഗസമത്വം ലഭിക്കാത്ത ഇന്ത്യയിലെ വിവിധ സമുദായങ്ങളിലെ സ്ത്രീകള്‍, മള്‍ട്ടി കള്‍ച്ചറലിസം സ്ത്രീകള്‍ക്ക് വിനാശകരമാണെന്ന ഫെമിനിസ്റ്റ് രാഷ്ട്രീയ നിരീക്ഷകയായ സൂസന്‍ മൊള്ളര്‍ ഓ കിന്‍സിന്റെ നിരീക്ഷണം ശരിവെക്കുകയാണ്. എന്നിരുന്നാലും, യാഥാസ്ഥിതിക സാര്‍വലൗകിക അവകാശങ്ങളിലേക്ക് തിരിച്ചുപോകുന്നതിനു പകരം വ്യത്യസ്ത അവകാശങ്ങള്‍ക്കു വേണ്ടിയുള്ള വാദങ്ങളെ അവസരോചിതമായി വിലയിരുത്തലാണാവശ്യം. വ്യത്യസ്ത അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ക്ക് എങ്ങനെ ഈ അവകാശങ്ങള്‍ പരസ്പര വിരുദ്ധമല്ല എന്ന് വിശദീകരിക്കേണ്ട ബാധ്യതയുണ്ട്. ലിംഗതുല്യത ലിംഗ വിശേഷ നിയമങ്ങളേക്കാള്‍ പ്രാമുഖ്യം നല്‍കപ്പെടുന്ന രീതിയില്‍ നിയമ കാഴ്ചപ്പാട് തന്നെ മാറ്റേണ്ടതുണ്ടെന്നുമാണ് പ്രധാന ഫെമിനിസ്റ്റ് വെല്ലുവിളി. എല്ലാ നിയമ വ്യവസ്ഥിതിയെയും കൂടുതല്‍ അവസരോചിതവും ഉള്‍ക്കൊള്ളിക്കുന്നതുമായി മാറ്റാന്‍ സാധിക്കുമെന്നതാണ് ഫെമിനിസ്റ്റ് നിയമ വ്യവഹാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. അത്തരത്തില്‍ സാര്‍വലൗകിക നിയമാണോ അതോ വ്യത്യസ്ത നിയമങ്ങളാണോ സ്ത്രീകളുടെ താല്‍പര്യം സംരക്ഷിക്കുക എന്ന ചോദ്യത്തിന് അവസരോചിതമായി മാത്രമേ ഉത്തരം നല്‍കാന്‍ സാധിക്കൂ.

വ്യത്യാസം വിഷയമാണ്
നിയമത്തിന്റെ വ്യത്യസ്ത ഇനങ്ങളെ സ്ത്രീകളുടെ താല്‍പര്യം പൂര്‍ണമായും അവഗണിക്കുകയോ പാര്‍ശ്വല്‍ക്കരിക്കുകയോ ചെയ്യാതെ പുനര്‍നിര്‍വചിക്കുക എന്നത് വിഷമകരമായ ദൗത്യമാണ്. എല്ലാ സ്ത്രീകളെയും ഒരുപോലെ പരിഗണിക്കുന്ന ഒരു പൊതു നിയമം രൂപപ്പെടുത്തിയെടുക്കാന്‍ ആവില്ലെന്നല്ല ഘടനാവാദാനന്തര ചിന്തകൊണ്ടുള്ള വിവക്ഷ. മറിച്ച്, വ്യത്യാസങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നാണ് താല്‍പര്യം. നിയമം ഒരു റെഡിമെയ്ഡ് യാഥാര്‍ഥ്യം എന്നതിലുപരി ഒരു സമര പ്രതലമെന്ന നിലയില്‍ ഫെമിനിസ്റ്റ് വിശകലനം നിയമത്തിന്റെ സങ്കീര്‍ണമായ ബന്ധത്തെ തുടരെത്തുടരെ സിദ്ധാന്തീകരിക്കേണ്ടതുണ്ട്. അത് എല്ലായ്‌പ്പോഴും ഒരു പോരാട്ടത്തിന്റെ ഫലമാണെന്നും അതുകൊണ്ടുതന്നെ, മറ്റു സമുദായങ്ങളെ പോലെ സ്ത്രീ സമുദായവും ലിംഗനീതിയിലധിഷ്ഠിതമായ നിയമത്തിനുവേണ്ടി പോരാടേണ്ടതുണ്ട്. മറിച്ച് ലിംഗനീതി എന്നത് നിരന്തരമായ സൂക്ഷ്മ പരിശോധന, വ്യത്യസ്ത ശബ്ദങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന രീതിയിലുള്ള പുനര്‍നിര്‍വചനത്തെയും ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയിലെ ഗാര്‍ഹിക പീഡന നിയമങ്ങളുടെ അവലോകനത്തില്‍നിന്നും ഇത് വ്യക്തമായി മനസിലാക്കാം.

ആര്‍.പി.എല്ലും മറ്റുനിയമങ്ങളും
2005ലെ ഗാര്‍ഹിക പീഡന വിരുദ്ധ നിയമം (DVA) ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയത് ഫെമിനിസ്റ്റുകള്‍ നിയമത്തെ ഒരു പോരാട്ട പ്രതലമായി മനസ്സിലാക്കാനുതകുന്ന രീതിയില്‍ ഒരുപാട് പ്രധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഗാര്‍ഹിക പീഡനമെന്ന തിന്മക്ക് വടക്കും തെക്കുമുള്ള സ്ത്രീകള്‍ക്ക് എങ്ങനെ വ്യത്യസ്തമായ പരിഹാരങ്ങള്‍ ആവശ്യമായിത്തീരുന്നു എന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണ്. വ്യത്യസ്ത സമൂഹങ്ങളില്‍ സ്ത്രീകളുടെ ചുറ്റുപാട് പരിഗണിക്കേണ്ടതുണ്ട്. പക്ഷേ, അതെല്ലായ്‌പ്പോഴും ന്യായവും നീതിയും ഉറപ്പുവരുത്തുമെന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമായിരിക്കണം. ഗാര്‍ഹിക പീഡനത്തിനെതിരെ ഒരു നിയമം വേണമെന്ന സ്ത്രീ സംഘടനകളുടെ ദീര്‍ഘകാല ആവശ്യം ദേശീയ വനിതാ കമ്മീഷന്‍ തുടരെത്തുടരെ ആവര്‍ത്തിക്കുകയും അത് പിന്നീട് സര്‍ക്കാര്‍ നിയമമായി അംഗീകരിക്കുകയും ചെയ്തു. പീഡനത്തിനെതിരെ നിയമ പരിരക്ഷ ആവശ്യപ്പെടാന്‍ എന്താണ് സ്ത്രീ സംഘടനകളെ പ്രേരിപ്പിച്ചതെന്നും എന്തു നേട്ടമായിരുന്നു ആ നിയമം വിഭാവനം ചെയ്തവരുടെ കണക്കുകൂട്ടലെന്നും ചോദിക്കുന്നത് വളരെ ന്യായമാണ്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡനം നേരിടേണ്ടി വരുന്നത് ഒരു പ്രത്യേക സാമൂഹിക സാമ്പത്തിക സാഹചര്യത്തിലാണ്. സാമ്പത്തിക പരാശ്രയത്തമാണ് സ്ത്രീ പരാശ്രയയാണെന്ന സാംസ്‌കാരിക നിര്‍മിതിക്ക് ബലമേകുന്നത്. മത വ്യക്തിനിയമങ്ങളെന്ന് വിളിക്കപ്പെടുന്ന നിയമങ്ങള്‍ വ്യക്തി ബന്ധങ്ങളില്‍പോലും സ്ത്രീകള്‍ക്ക് ഔപചാരികമായ തുല്യത നിഷേധിക്കുന്നു. ഈ പ്രശ്‌നത്തെ നാമകരണം ചെയ്യാനും നിയമപരമായ പരിരക്ഷ ലഭിക്കാനുമുള്ള വനിതാ സംഘടനകളുടെ ശ്രമം ന്യായമാണ്. പക്ഷേ, ഇത് നിയമത്തെക്കുറിച്ചുള്ള പ്രശ്‌നവല്‍ക്കരണം കൂടി മുന്നോട്ടു വെക്കുന്നു.
ഡി.വി.എ എന്നത് സ്ത്രീകള്‍ക്ക് അപകടം ചെയ്യുന്ന ചില പ്രത്യേക സാമൂഹിക സാഹചര്യങ്ങളെ നാമകരണം ചെയ്യാനുള്ള ഒരു ശ്രമത്തിനുദാഹരണമാണ്. ഗാര്‍ഹിക പീഡനം പൗരനിയമത്തിലെ ഒരു വിഷയമായി നാമകരണം ചെയ്യുന്നത് ഒരു പ്രധാന പുനര്‍വിചിന്തനത്തിന് മാത്രമാണ്. എന്നിരുന്നാലും, നിലവിലെ ഗാര്‍ഹിക പീഡന പരിഹാരത്തിനുള്ള നിര്‍ദേശം അപര്യാപ്തമാണ്. ഡി.വി.എ അതിന്റെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിച്ചത് പരാതിക്കാരിയായ സ്ത്രീകള്‍ക്ക് അവരുടെ ഭര്‍തൃ വീട്ടില്‍ താമസിക്കാനുള്ള അവകാശത്തെയാണ്. ഇത്തരത്തില്‍ ഒരു സ്ത്രീ പരാതിപ്പെടുമ്പോഴാണ് വീട്ടില്‍ താമസിക്കാനുള്ള അവകാശം അവര്‍ക്ക് വകവെച്ചുകൊടുക്കാന്‍ കോടതിക്ക് സാധിക്കുന്നത്. അല്ലാത്തപക്ഷം വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുക എന്നതായിരുന്നു ഒരേ ഒരു പോംവഴി. അസംതൃപ്ത കുടുംബത്തില്‍നിന്നും ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം നല്‍കുമ്പോള്‍ തന്നെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക ചുറ്റുപാടുകള്‍ അവളെ ബന്ധനസ്ഥയാക്കുന്നു. അധിക സ്ത്രീകളും സാമ്പത്തികമായി പരാശ്രിതരാണെന്നത് ഈ സാംസ്‌കാരിക ആചാരത്തിന്റെ സാമ്പത്തിക ഇഴച്ചേര്‍ച്ചയാണ്. ഇനിയങ്ങോട്ട് വിവാഹ മോചനത്തിലൂടെ അവര്‍ക്ക് ജീവനാംശമോ സമ്പത്തിലുള്ള വിഹിതമോ പ്രതീക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, അവരുടെ വിവാഹ വീട്ടില്‍ താമസിക്കാനുള്ള അവകാശം (നിയമപരമായി ഭര്‍ത്താവിന്റെ വീട്ടില്‍) ഒരു ശൂന്യമായ നേട്ടമാണ്. സ്ത്രീക്ക് അവിടെ നിരുപാധികം താമസിക്കാനാവില്ലെന്നു മാത്രമല്ല, അവളെ സാമ്പത്തികമായി പര്യാപ്തമാക്കുന്ന രീതിയില്‍ അവളുടെ ചുറ്റുപാടില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഈ നിയമം പരിമിതമായ അര്‍ഥത്തില്‍ ഒരു മുന്നേറ്റമാണെങ്കിലും എന്തുകൊണ്ടാണ് ഇന്ത്യന്‍ ഫെമിനിസ്റ്റുകള്‍ തങ്ങളുടെ അവകാശവാദങ്ങളില്‍ ഇത്രമാത്രം മിതത്വം പാലിക്കുന്നത്? അവര്‍ ഇന്ത്യന്‍ സ്ത്രീകളുടെ പ്രത്യേക സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ എടുത്തു പറയുന്നുണ്ടെങ്കിലും കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള പ്രതികരണം ആവശ്യമാണ്.
മത വ്യക്തി നിയമങ്ങളുടെ ആന്തരിക ഘടനയില്‍ തന്നെയുള്ള അസമത്വങ്ങളെ നേരിടാന്‍ നാം അപര്യാപ്തമായതുപോലെ ഗാര്‍ഹിക പീഡന വിരുദ്ധ നിയമവും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ട് പരിമിതമാണ്. ഡി.വി.എ മുഖേന പരിരക്ഷ നേടുന്ന സ്ത്രീ യാതൊരു വ്യത്യാസവുമില്ലാതെ സാമ്പത്തികമായി പരാശ്രിതയായിരിക്കും. ഈ സാമ്പത്തിക പരാശ്രയത്വം തന്നെ വലിയ ഒരളവോളം മറ്റു നിയമങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഉദാഹരണത്തിന് ഭര്‍ത്താവിന്റെ സമ്പത്തിലുള്ള അവകാശമില്ലായ്മ ജീവനാംശാധികാരത്തിലുള്ള ഊഹാപോഹം, കാര്‍ഷിക ഭൂമിയുടെ മേലുള്ള പരിമിതമായ അവകാശം, തൊഴിലവസരങ്ങളുടെ അഭാവവുമെല്ലാം അസമത്വങ്ങളെ നിലനിര്‍ത്തുന്നു. അപ്പോെഴങ്ങനെയാണ് ഡി.വി.എക്ക് മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുക? എല്ലാ പരിമിതികള്‍ക്കിടയിലും ലിംഗനീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഈ നിയമമൊരു കുതിച്ചുചാട്ടമാണെന്നത് അനിഷേധ്യമായ വസ്തുതയാണ്.
വര്‍ത്തമാനകാല ഇന്ത്യയില്‍ ലീഗല്‍ ഫെമിനിസ്റ്റ് വ്യവഹാരം വേണ്ടവിധം ഈ മൗലിക പ്രശ്‌നങ്ങളോടു സംവദിക്കുന്നില്ല. ഈ അവസ്ഥാവിശേഷത്തിന് ഉചിതമായ ഒരു വിശദീകരണം നിയമവ്യവസ്ഥയുടെ അടിസ്ഥാനം കൊളോണിയല്‍ പാരമ്പര്യമാണെന്ന വസ്തുതയാണ്. നിയമജ്ഞാനത്തിന്റെ ഈ യാഥാസ്ഥിതിക കാഴ്ചപ്പാടിനോടൊപ്പം ഇന്ത്യയില്‍ അധിക നിയമാവലോകനവും താത്ത്വിക മേഖലയില്‍ ഒതുങ്ങിപ്പോകുന്നു. ഇന്ത്യയില്‍ നിയമ പാണ്ഡിത്യം തത്ത്വങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്നതില്‍ ഒതുങ്ങിക്കൂടുകയും ഇതര ജ്ഞാനമണ്ഡലങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സൈദ്ധാന്തിക വളര്‍ച്ചയോട് സംവദിക്കാനാവാതെ ചുരുങ്ങിപ്പോവുകയും ചെയ്യുന്നു. ക്രിസ്ത്യന്‍ വ്യക്തി നിയമത്തിന്റെ വളര്‍ച്ച പരിശോധിക്കുകയാണെങ്കില്‍ ഈ സൈദ്ധാന്തിക ധാരണയുടെ അഭാവം കൃത്യമായി മനസിലാക്കാം.

വ്യത്യാസവും നീതിയും ഇരട്ട ഫെമിനിസ്റ്റ് ലക്ഷ്യങ്ങള്‍ എന്ന നിലയില്‍
1869ലെ വിവാഹ മോചന നിയമം രണ്ട് ക്രിസ്ത്യന്‍ വിശ്വാസികളുടെ വിവാഹമോചനത്തെ നിയന്ത്രിക്കുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം, ഇന്ത്യന്‍ ക്രിസ്ത്യന്‍ പ്രജകളെ നിയന്ത്രിക്കുന്നതിനു വേണ്ടിയായിരുന്നു ഈ നിയമം രൂപകല്‍പന ചെയ്തത്. സ്ത്രീ സംഘടനകളുടെ നിരന്തര പ്രേരണക്കും സമുദായാംഗങ്ങളുടെ കൂടിയാലോചനക്കും ശേഷം 2001ല്‍ ഈ ആക്ട് പരിഷ്‌കരിക്കുകയുണ്ടായി. ഈ നിയമത്തിന്റെ ഭേദഗതി ഇന്ത്യയിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് ഒരു വലിയ നേട്ടമാണെന്നതില്‍ സംശയമില്ല. ദാമ്പത്യാവകാശം തിരിച്ചുകൊണ്ടുവരുക, പരാശ്രയ താമസം, തെറ്റായ വിവാഹമോചന നിയമങ്ങള്‍ എന്നിവ സ്ത്രീ സംഘടനകളുമായി കൂടിയാലോചിച്ച് ഇന്ത്യന്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്.
ഈ നിയമ ഭേദഗതിയുടെ വ്യാപ്തിയും ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്ക് അതുണ്ടാക്കിക്കൊടുത്ത നേട്ടവും മനസിലാക്കുന്നതിന് ചുരുങ്ങിയത് ഈ ഭേദഗതിയുടെ കാരണങ്ങളും അതിനുപയോഗിച്ച പ്രസക്തമായ നിയമമാതൃകകളും അറിഞ്ഞിരിക്കേണ്ടതുണ്ട്. 1869ലെ ഐ.ഡി.എ ഇംഗ്ലണ്ടിലെ ഒന്നാം വിവാഹ മോചന നിയമത്തിന്റെ തുടര്‍ച്ചയാണ്.
അതുവരെ ഇംഗ്ലീഷ് നിയമം സഭാനിയമങ്ങളുടെ ഓരം ചേര്‍ന്ന് വിവാഹമോചനം അനുവദിച്ചിരുന്നില്ല. വിവാഹിതരായ സ്ത്രീകളുടെ സ്വത്തവകാശ നിയമം, വിവാഹമോചന നിയമം എന്നിവ നിര്‍ദേശിക്കുന്നതുപോലെ സാമൂഹിക സാമ്പത്തിക മതമേഖലയില്‍ സംഭവിച്ച മാറ്റങ്ങള്‍ മുഖാന്തരം ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവാഹമോചനം സ്വീകാര്യമായി, സാമൂഹിക-നിയമ മാറ്റങ്ങള്‍ പരസ്പരപൂരകങ്ങളായി നിലകൊണ്ടു.
ഇത്തരത്തിലുള്ള ഒരിടപെടലും കൊളോണിയല്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാലും, 1869ലെ ഐ.ഡി.എ ക്രിസ്ത്യന്‍ സമൂഹത്തിനുള്ള ഒരു മതനിയമമായിട്ടാണ് നിലവില്‍ വന്നത്. ഇംഗ്ലീഷ് വിവാഹമോചന നിയമത്തില്‍നിന്നും ഉടലെടുത്ത ഈ നിയമം 1869ല്‍ രണ്ടു തവണ ഇന്ത്യയിലേക്കു കൊണ്ടുവന്ന ഒരു പ്രധാന നൂതനമായ നിയമനിര്‍മാണമായിരുന്നു. 2001ല്‍ സ്വതന്ത്ര ഇന്ത്യയുടെ നിയമനിര്‍മാണ സഭ ഈ നിയമത്തിന് ഭേദഗതി നിര്‍ദേശിക്കുകയും വിവാഹ മോചനത്തിന്റെ മത വിശ്വാസ തലത്തെ ഊന്നിപ്പറയുകയും ചെയ്തു. ഇന്ത്യന്‍ നിയമ വിചക്ഷണര്‍ ഇതില്‍ സംശയം പ്രകടിപ്പിച്ചില്ല എന്നത് ഏറെ ആശ്ചര്യകരമാണ്.
ഫെമിനിസ്റ്റ് നിയമചിന്തകര്‍ ഈ നിയമത്തിന്റെ കാലികമായ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുന്നതിന് പകരം ഈ ഭേദഗതിയെ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഒരു വലിയ നേട്ടമായിട്ടാണ് ചിത്രീകരിച്ചത്. 21ാം നൂറ്റാണ്ടിനു മുമ്പ് ഉചിതമായ ഒരു മാതൃകാ വിവാഹമോചന നിയമത്തെ കുറിച്ചുള്ള ചര്‍ച്ച പോലും നടന്നില്ല. അബദ്ധ ധാരണയിലധിഷ്ഠിതമായ വിവാഹ മോചന നിയമത്തിന്റെ തുടര്‍ച്ച, വിവാഹത്തെ ഒരു കൂട്ടുകെട്ടായി അംഗീകരിക്കാതിരിക്കുക, ദാമ്പത്യ സമ്പത്തെന്ന സങ്കല്‍പത്തെക്കുറിച്ച് മൗനം ദീക്ഷിക്കുക, പ്രകൃത്യാ പിതാവ് കുട്ടിയുടെ രക്ഷകര്‍ത്താവായി അറിയപ്പെടുക എന്നതെല്ലാം വിവാഹമോചനത്തെ സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നവത്കൃത പരിഹാരമാക്കി തീര്‍ക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ അവസരവാദമെന്ന വലിയ തടസ്സം അവരെ പരിമിതപ്പെടുത്തുന്നുണ്ടെങ്കില്‍ നിയമ ഫെമിനിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അത്തരം വെല്ലുവിളികള്‍ നിലനില്‍ക്കാതിരിക്കെ തന്നെ അവര്‍ ബോധപൂര്‍വം നിരാശാജനകമായ മൗനം ദീക്ഷിക്കുകയാണ്. വ്യവസ്ഥാപിതമായ സൈദ്ധാന്തികാവലോകനം നിയമപാണ്ഡിത്യത്തിന്റെ ഭാഗമാകുന്നതുവരെ വിമര്‍ശനനിലവാരം വളരെ പരിമിതമായിത്തീരുകയും ലിംഗസമത്വമെന്നത് അടിസ്ഥാന കാതലായി മാറുന്നതിനുപകരം ഒരനുബദ്ധ ചിന്താവിഷയമായി മാത്രം അവശേഷിക്കും.
അന്താരാഷ്ട്ര നിയമ ഫെമിനിസ്റ്റ് സാഹിത്യങ്ങളിലധികവും യൂറോ കേന്ദ്രീകൃതമാണെങ്കിലും ഇന്ത്യന്‍ നിയമസിദ്ധാന്തം രൂപകല്‍പന ചെയ്യുന്നതിന് അതൊരു നല്ല തുടക്കമായിരിക്കും. ഇന്ത്യ ഒരു പോസ്റ്റ് കൊളോണിയല്‍ രാജ്യമായിരിക്കേ വികസിത ലോകത്തു നടക്കുന്ന പഠനങ്ങളെ പൂര്‍ണമായും അവഗണിക്കാനോ അതേപടി വിഴുങ്ങാനോ സാധ്യമല്ല. വികസിത രാജ്യങ്ങളിലെ സൈദ്ധാന്തികര്‍ എഴുതുന്നത് വികസ്വരരാജ്യങ്ങളിലെ സവിശേഷ സാഹചര്യങ്ങളെ പരിഗണിക്കുമ്പോള്‍ അവര്‍ തങ്ങള്‍ എഴുതുന്നത് അതേപടി അംഗീകരിക്കുമെന്ന ധാരണയിലാണ്. വികസ്വര രാജ്യങ്ങളിലെ ചിന്തകരെ സംബന്ധിച്ചിടത്തോളം സകല പാണ്ഡിത്യവും വിലയിരുത്തപ്പെടേണ്ടത് അത്, സമകാലീന ഗ്ലോബല്‍ നോര്‍ത്തിലെ യാഥാര്‍ഥ്യങ്ങളുമായി ഇടപെടുന്നതിനെ അടിസ്ഥാനമാക്കിയാണ്. അങ്ങനെ പറയുമ്പോള്‍ ഇന്ത്യന്‍ നിയമ ഫെമിനിസ്റ്റുകള്‍ ഇത്തരം വികാസത്തെ ജ്ഞാനമേഖലയുടെ പ്രത്യേകിച്ചും ഫെമിനിസ്റ്റ് ജ്ഞാനമേഖലയുടെ വികാസമായി വരച്ചു കാട്ടുമ്പോള്‍ ഫലത്തില്‍ പാര്‍ശ്വവല്‍കൃത ശബ്ദങ്ങളെ പൂര്‍ണമായും അവഗണക്കുകയാണ്.
അറിവ് ഒരു നിര്‍മിതിയാണെന്നുള്ള ഉത്തരാധുനിക കാഴ്ചപ്പാട്, നിയമം ജനങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങളെ അംഗീകരിച്ചുകൊണ്ട് നീതിക്കുവേണ്ടിയുള്ള വാദത്തിന് പരിമിതമായ ഇടം മാത്രമാണ് നല്‍കുന്നത്. ഇന്ത്യയിലെ സവിശേഷ സാഹചര്യങ്ങളെ പരിഗണനയിലെടുത്തുകൊണ്ട് ഫെമിനിസ്റ്റ് നിയമ ചിന്തകര്‍ക്ക് സൈദ്ധാന്തിക രൂപകല്‍പന ചെയ്യാന്‍ സാധിക്കേണ്ടതാണ്. ഉദാഹരണത്തിന്, ഇന്ത്യയിലെ ആര്‍.പി.എല്‍ നിയമമെടുക്കുകയാണെങ്കില്‍ അതില്‍ മതം, മതേതരം എന്ന വിഭജനം എത്രത്തോളം ഉചിതമാണ്? ആരാണ് മതം മതേതരത്വം എന്ന വിഭജനം കൊണ്ടുവരുന്നതെന്നും അതേത് ആവശ്യത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ മത സമുദായമെന്ന സ്വത്ത നിര്‍മാണത്തെ പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായങ്ങളുടെ സ്വത്ത നിര്‍മാണം വിലയിരുത്തപ്പെടേണ്ടതുണ്ട്. എന്തുകൊണ്ടാണ് മതവ്യക്തിനിയമങ്ങള്‍ മതന്യൂനപക്ഷ സ്വത്തത്തിന് അടയാളപ്പെടുത്തുന്നതെന്നതെന്ന് സ്വത്ത നിര്‍മാണത്തിലെ നിയമത്തിന്റെ പങ്കിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സ്ത്രീകള്‍ക്ക് സമത്വം നിഷേധിക്കുന്ന മതവ്യക്തിനിയമങ്ങളുടെ നിലനില്‍പ് സാംസ്‌കാരികാവകാശത്തിനും സമത്വാവകാശത്തിനും തടസ്സമാണെന്ന രീതിയിലുള്ള ചര്‍ച്ചയാണ് പൊതുവെ നടക്കാറ്; വിശേഷിച്ചും ന്യൂനപക്ഷ സമുദായത്തില്‍.
ഉദാര ജനാധിപത്യ സമൂഹങ്ങളില്‍ മനഃസാക്ഷി സ്വാതന്ത്ര്യം പരമ്പരാഗതമായി അംഗീകരിക്കപ്പെട്ടതാണ്. പക്ഷേ, ഒരിടത്തും സ്വന്തം സമുദായാംഗമാണെങ്കില്‍ പോലും ഒരാളുടെ മതകാഴ്ചപ്പാട് മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. ഇത് ഇന്ത്യന്‍ ചിന്തകന്മാര്‍ മാത്രം നേരിടുന്ന ഒരു പ്രശ്‌നമല്ല. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലെയും വ്യക്തിനിയമം മതനിയമത്തില്‍നിന്ന് ആവിര്‍ഭവിച്ചതാണെങ്കിലും കുടുംബ നിയമങ്ങളെല്ലാം മതേതരമാണ്. ആധുനിക കുടുംബ നിയമം ഒരാളെ യഥാര്‍ഥ ക്രിസ്ത്യാനിയാക്കുന്നതില്‍നിന്നും തടയുന്നതായി ആരും വാദിക്കുന്നില്ല. വിവാഹ മോചനമനുവദിക്കപ്പെട്ട പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളില്‍ റോമന്‍ കത്തോലിക്കക്കാര്‍ക്ക് സാംസ്‌കാരികമായ സ്വയം നിര്‍ണയാവകാശത്തിനുള്ള സ്വാതന്ത്ര്യം എടുക്കപ്പെട്ടു എന്ന് വിശ്വാസയോഗ്യമായ ഒരു വാദവും ഉയര്‍ന്നുവന്നിട്ടില്ല. വ്യക്തിനിയമങ്ങളും സംഘനിയമങ്ങളും തമ്മിലുള്ള പൊരുത്തക്കേടായി ഈ പ്രശ്‌നത്തെ താരതമ്യപ്പെടുത്തുന്നത് പ്രസക്തമല്ല. ഒരു ഉദാര രാഷട്രത്തില്‍ സാമുദായിക സ്വത്തത്തെ എത്രമാത്രം നിയമത്തിനുയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുമെന്നത് നിയമവിചക്ഷണര്‍ അവര്‍ക്കിടയില്‍ തന്നെ ആലോചിക്കേണ്ട വിഷയമാണ്. സാംസ്‌കാരിക മതവ്യത്യാസങ്ങള്‍ സ്വയം തന്നെ ഒരു നന്മയല്ല എന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കേണ്ടതുണ്ട്. വ്യത്യാസമെന്ന വ്യവഹാരം സ്ത്രീകള്‍ക്ക് നിയമസമത്വം നിര്‍ദേശിക്കാന്‍ ഉപയോഗിക്കപ്പെടുകയാണെങ്കില്‍ നിയമ വിദഗ്ധര്‍ നിയമത്തില്‍ നീതിക്കുവേണ്ടി വാദിക്കാന്‍ പ്രേരിതരാവേണ്ടതുണ്ട്.
പല സമുദായങ്ങളും അവകാശപ്പെടുന്ന മതപരമായ സ്വയം നിര്‍ണയാവകാശം കേവലം ഒരു തെരഞ്ഞെടുക്കല്‍ സ്വാതന്ത്ര്യത്തിന്റെ വിനിയോഗമാണ് ഇവിടെ ആരാണ് തെരഞ്ഞെടുക്കുന്നത്. അല്ലെങ്കില്‍ ഘടനയില്‍ തന്നെയുള്ള തടസ്സത്തിന്റെ സ്വഭാവം സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നിരര്‍ഥകമായ ഒന്നാക്കി മാറ്റുന്നതിനെ പറ്റിയും ചര്‍ച്ചയില്ല. വ്യക്തിപരമായ കാര്യങ്ങളെ സംബന്ധിച്ചു പറയുകയാണെങ്കില്‍ നിയമം മതപരമായ ഒരധികാരം അടിച്ചേല്‍പിക്കുന്നതിന് പകരം കുടുംബനിയമങ്ങളെ ലിംഗവിവേചന രഹിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു കുടുംബ നിയമം മതസ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയോ മതപ്രേരിതമായ അസമത്വങ്ങളെ അടിച്ചേല്‍പിക്കുകകയോ ചെയ്യില്ല.
മതപരമായ സ്വയം നിര്‍ണയാവകാശവും ലിംഗനീതിയും പരസ്പര സമന്വയത്തിലൂടെ മുന്നോട്ടുകൊണ്ടുപോകുന്ന ഒരാശയതലത്തിനു വേണ്ടി നിലകൊള്ളുക എന്നതാണ് നിയമ വിദഗ്ധരുടെ മുന്നിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഒരു മത ബഹുസ്വരസമൂഹമായിരിക്കെ ഇന്ത്യ മറ്റാരേക്കാളും ഈ വെല്ലുവിളി അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. വ്യാവസായിക രാജ്യങ്ങളില്‍ ഉദ്ഭവിച്ച മിക്ക നിയമ സിദ്ധാന്തങ്ങള്‍ക്കും ഇതൊരു വിഷയമാകുന്നില്ല എന്നതില്‍ ആശ്ചര്യമില്ല. നിയമവും സാമൂഹ്യ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കുക എന്നതാണ് ഇന്ത്യന്‍ നിയമ വിദഗ്ധര്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും മുന്നിലെ പ്രധാന ഉത്തരവാദിത്തം. മറ്റു സ്ഥലങ്ങളില്‍ ആവിര്‍ഭവിച്ച ആശയങ്ങള്‍ അതേപടി പകര്‍ത്തുന്നത്, കാലോചിതമല്ലാത്ത നിയമങ്ങളെ പുരോഗമനത്തിന്റെ പേരില്‍ ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന പരിഹാസ്യമായ ഒരവസ്ഥയിലേക്കാണ് സമകാലീന ഇന്ത്യയെ നയിക്കുക.
ചുരുക്കത്തില്‍ ഇന്ത്യയിലെ മതവ്യക്തിനിയമങ്ങളില്‍ ഇരട്ട നീതി നിഷേധത്തിന് സ്ത്രീകള്‍ വിധേയമാവുന്നു. മതസമൂഹത്തിനകത്തുനിന്നുയരുന്ന പരിഷ്‌കാരങ്ങള്‍ തന്നെയാണ് ഏകീകൃത സ്ത്രീപരിഷ്‌കരണ നിയമത്തേക്കാള്‍ ഫലപ്രദമാകുക. സ്ത്രീ മതം, ജാതി എന്നിവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും വലതുപക്ഷ സ്ത്രീവാദികളുടെ ഏക സിവില്‍കോഡ് വാദം സ്ത്രീ നീതിയെ സ്ഥാപിക്കാന്‍ സാധ്യമല്ല. സ്ത്രീകള്‍ക്കാവശ്യമുള്ള നീതിയെ വ്യത്യസ്ത ഘടകങ്ങളില്‍നിന്നുതന്നെ നേടിയെടുക്കാനാണ് പ്രചോദനം നല്‍കേണ്ടത്. മുസ്‌ലിം വ്യക്തി നിയമത്തെ കേവല നിയമങ്ങളുമായിട്ടല്ല ചേര്‍ത്തുവായിക്കേണ്ടത്. വിശ്വാസം, സ്വാതന്ത്ര്യം, മതസംരക്ഷണം എന്നിവയുമായതിന് ബന്ധമുണ്ട്. മുസ്‌ലിം സ്ത്രീയുടെ ഇത്തരം സ്വാതന്ത്ര്യങ്ങളെ പറ്റി സംസാരിക്കാതെ നിയമപരിരക്ഷയെപറ്റി പറയുന്നത് ആധുനികപരമായ യുക്തി മാത്രമാണ്.
വിവ: അബ്ദുല്‍ അസീസ് വാളാട്‌

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top