ആധുനിക ലോകത്തെ മുസ്‌ലിം കുടുംബനിയമം

ഡോ. താഹിര്‍ മഹ്മൂദ്‌‌
img

       ഇസ്‌ലാമിക ശരീഅത്തനുസരിച്ച് കുടുംബ നിയമങ്ങള്‍ ക്രമപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഇസ്‌ലാമിക കുടുംബനിയമം പിന്തുടരുന്ന മുസ്‌ലിം രാജ്യങ്ങളെ താഴെ ചേര്‍ക്കുന്ന വിധം വിഭജിക്കാം.
1. ഇസ്‌ലാമിന്റെ പഴയ കുടുംബനിയമം, യാതൊരു മാറ്റവും കൂടാതെ ഇന്നും പിന്തുടരുന്ന രാജ്യങ്ങള്‍. പ്രസ്തുത നിയമങ്ങള്‍ ഇവിടെ ഇന്നും ക്രോഡീകരിക്കാത്തവയാണ്.
2. ഇസ്‌ലാമിക കുടുംബനിയമം മുഴുവന്‍ ഉപേക്ഷിച്ച് പകരം നിയമസഭകള്‍ പാസാക്കിയ നിയമം പ്രചാരത്തിലിരിക്കുന്ന രാജ്യങ്ങള്‍. ഇവയില്‍ മതം നോക്കാതെ എല്ലാ പൗരന്മാര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്.
3. അതാത് സ്ഥലങ്ങളില്‍ നിലവിലുള്ള ഇസ്‌ലാമിക കുടുംബനിയമത്തെ പുതിയ നിയമനിര്‍മാണംകൊണ്ട് പരിഷ്‌കരിച്ച രാജ്യങ്ങള്‍. ഇസ്‌ലാമിക നിയമത്തിന്റെ ഇതര ശാഖകളിലുള്ള ചില വകുപ്പുകള്‍ സ്വീകരിച്ചോ നിലവിലുള്ള അതിന്റെ ചില ഏര്‍പ്പാടുകളില്‍ ഏതാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയോ ആണ് ഈ പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുള്ളത്.
മുകളില്‍ കൊടുത്ത മൂന്നുതരം രാജ്യങ്ങളിലെ മുസ്‌ലിം കുടുംബനിയമത്തിന്റെ ഇന്നത്തെ നിലയെപ്പറ്റി ചുരുക്കത്തില്‍ താഴെ പ്രതിപാദിക്കാം:

എ. പാരമ്പര്യ കുടുംബനിയമം പിന്തുടരുന്ന രാജ്യങ്ങള്‍
ഇസ്‌ലാം രാഷ്ട്രമതമോ മുഖ്യമതമോ ആയ പല രാജ്യങ്ങളിലും അതാത് ദിക്കിലെ ക്രോഡീകൃതമല്ലാത്ത പാരമ്പര്യനിയമങ്ങള്‍ യാതൊരു മാറ്റവും കൂടാതെ ഇന്നും അനുഷ്ഠിച്ചു വരുന്നു. ഇങ്ങനെയുള്ള ക്ലാസിക്കല്‍ കുടുംബനിയമം പാലിച്ചുവരുന്ന അറബിലോകത്തിലെ പ്രധാനരാജ്യങ്ങള്‍ സുഊദി അറേബ്യ, യമന്‍ രാഷ്ട്രങ്ങള്‍, ബഹ്‌റൈന്‍, കുവൈത്ത്, ഏഴു ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍ (ബ്രിട്ടീഷ് ഗവണ്‍മെന്റുമായി സന്ധിയിലിരിക്കുന്ന അറബ് രാഷ്ട്രങ്ങള്‍) എന്നിവയാണ്.
സുഊദി അറേബ്യയില്‍ ഭരണഘടനാനിര്‍ദേശമനുസരിച്ച് എല്ലാ നിയമവും ഖുര്‍ആന്‍, സുന്നത്ത്(പ്രവാചകചര്യ)1, പ്രവാചകന്റെ അനുയായികള്‍2 സ്വീകരിച്ച നടപടിക്രമം എന്നിവ അനുസരിച്ചിരിക്കേണ്ടതുണ്ട്. അതുകൊണ്ട് ആ നാട്ടില്‍ ഇസ്‌ലാമിക നിയമത്തിന്റെ 'ഹമ്പലി' ശാഖയനുസരിച്ചുള്ള പാരമ്പര്യ നിയമവ്യവസ്ഥയാണ് നിലവിലുള്ളത്. ആ നിയമം നിര്‍ബാധമാംവിധം സാധുവായ ഒരു നിയമം മാത്രമല്ല, പരിപൂര്‍ണാര്‍ഥത്തിലുള്ള ഏകനിയമമാണ്.3 1927ല്‍ ഹെജസ്സില്‍(നിയമസഭ) ഇസ്‌ലാമിക നിയമങ്ങളെ ക്രോഡീകരിക്കാനുള്ള ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. അത് പരാജയപ്പെട്ടതിനു ശേഷം വേറെ ശ്രമമൊന്നും ഇതുവരെ നടന്നിട്ടില്ല.4 മറ്റൊരു അറബിസ്റ്റേറ്റായ ഖത്തറിലും 'ഹംബലി നിയമശാഖയുടെ നില ഇതുപോലെ തന്നെയാണ്.5
യമനില്‍ ഇസ്‌ലാമിലെ സയ്യിദി ശാഖയുടെ കുടുംബനിയമമാണ് പിന്തുടരുന്നത്. അതിന്റെ തത്ത്വങ്ങളെ പരിഷ്‌കരിക്കാന്‍ ഏതാനും കൊല്ലം മുമ്പ് നടന്ന ശ്രമം വിജയിച്ചിട്ടില്ല. തെക്കന്‍ യമനിലെ ജനകീയ റിപ്പബ്ലിക്കിലുള്ള മുസ്‌ലിംകള്‍ 'ശാഫി' ശാഖയിലോ 'ഹനഫി' ശാഖയിലോ പെടുന്ന ക്ലാസിക്കല്‍ കുടുംബനിയമമാണ് പിന്തുടരുന്നത്.6 ഈ ശാഖകളിലെ നിയമതത്ത്വങ്ങള്‍ തെക്കന്‍ യമനില്‍ സമാഹരിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ല.7
ബഹ്‌റൈനില്‍ 'മാലികി', 'ശാഫി', 'ശിയ' എന്നീ വകുപ്പുകളിലെ മുസ്‌ലിംകള്‍ അതാത് ശാഖയിലെ നിയമങ്ങള്‍ അനുസരിക്കുന്നു. അവ ഇന്നും ക്രോഡീകരിക്കപ്പെട്ടിട്ടില്ല.8 കുവൈത്ത് ഇപ്പോഴും ക്ലാസിക്കല്‍ കുടുംബനിയമത്തിന്റെ കേന്ദ്രമാണ്. പൊതുവില്‍ മാലിക്കി ശാഖക്കാരാണ് ജനങ്ങള്‍.9 ഏഴ് ട്രൂഷ്യല്‍ അറബി രാഷ്ട്രങ്ങളിലും പല സുന്നി ശാഖക്കാരുടെയും ക്രോഡീകരിക്കാത്ത പഴയ നിയമങ്ങളാണ് നിലവിലിരിക്കുന്നത്; മിക്കവാറും അതാത് രാജകുടുംബങ്ങല്‍ അനുഷ്ഠിക്കുന്നത് ജനങ്ങളും സ്വീകരിക്കുന്നു.10
മുന്‍പറഞ്ഞ അറബി രാഷ്ട്രങ്ങള്‍ക്കു പുറമെ മാമൂല്‍ ഇസ്‌ലാമിക നിയമം പിന്തുടരുന്ന രണ്ട് ഇസ്‌ലാമിക രാജ്യങ്ങള്‍ ഏഷ്യയിലുള്ളത് അഫ്ഗാനിസ്താനും മാലദ്വീപ് സല്‍തനത്തുമാണ്. അഫ്ഗാനിസ്താനിലെ ഭരണഘടനയനുസരിച്ചും രാഷ്ട്രത്തിന്റെ മതം ഇസ്‌ലാമാണ്; സ്റ്റേറ്റിലെ മതചടങ്ങുകള്‍ 'ഹനഫി' സിദ്ധാന്തം അനുസരിച്ചാണ് അനുഷ്ഠിക്കുക.11 അന്നാട്ടിലെ പല ഭാഗത്തും ഇസ്‌ലാമിക നിയമം പുരാതനാചാരത്തെ ആസ്പദിച്ച് വ്യാഖ്യാനിക്കപ്പെട്ടുവരുന്നു. പരിഷ്‌കാരമൊന്നും ഇതില്‍ വരുത്തിയിട്ടില്ല. മാലദ്വീപ് സല്‍തനത്തില്‍ മുഴുവനും മുസ്‌ലിംകളാണ്. അവിടെ 'ശാഫി' കുടുംബനിയമത്തിനാണ് പ്രാധാന്യം.
ആഫ്രിക്കയില്‍ ഇസ്‌ലാം പ്രധാനമായിരിക്കുന്ന ഛദ്ദ്, ഗാമ്പിയ, ഗിനിയ, മാലി, മൗറിത്താനിയ, നൈജര്‍, സെനഗല്‍, സോമാലിയ എന്നിവിടങ്ങളില്‍ ഇന്നുവരെയും പ്രാദേശികമായി നിലവിലിരിക്കുന്ന ഇസ്‌ലാമിക കുടുംബനിയമം പരിഷ്‌കരിക്കാനുള്ള നിയമനിര്‍മാണമൊന്നും നടന്നിട്ടില്ല.12 സിവിലും ക്രിമിനലും ആയ കാര്യങ്ങളിലെല്ലാം അടുത്തകാലം വരെ ഇസ്‌ലാമിക നിയമം നിലവിലിരുന്ന വടക്കന്‍ നൈജീരിയയില്‍13 പാസാക്കിയിട്ടുള്ള 'ശരീആ' കോര്‍ട്ട് ഓഫ് അപ്പീല്‍ ലോ 15ാം വകുപ്പില്‍ പറയുന്നു:
''ആദ്യ വിചാരണ സ്ഥലത്ത് ആചാരമനുസരിച്ച് വ്യാഖ്യാനിക്കപ്പെടുന്ന 'മാലികി' ശാഖയില്‍പെട്ട മുസ്‌ലിം നിയമത്തിലെ തത്ത്വങ്ങളും വകുപ്പുകളുമാണ് കോടതി പാലിക്കുകയും അനുസരിക്കുകയും നടപ്പില്‍വരുത്തുകയും ചെയ്യേണ്ടത്.
നൈജീരിയയുടെ ഇതര ഭാഗങ്ങളിലും ക്ലാസിക്കല്‍ മാലികിനിയമങ്ങള്‍ തന്നെയാണ് കുടുംബകാര്യത്തിലും പിന്തുടര്‍ച്ചാകാര്യത്തിലും അനുസരിച്ചു പോരുന്നത്.
ഇസ്‌ലാം പ്രധാനമായ രാജ്യങ്ങള്‍ വിട്ട് നാം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ നിവസിക്കുന്ന ഏഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയും ഭാഗങ്ങളിലേക്കു പോവുകയാണെങ്കില്‍, അവിടങ്ങളിലും പഴയ ഇസ്‌ലാം കുടുംബ നിയമത്തിന്റെ തത്ത്വങ്ങള്‍ അതേപടി നിലവിലിരിക്കുന്ന പല രാജ്യങ്ങളും കാണാവുന്നതാണ്.
തായ്‌ലന്റില്‍, പ്രാചീന കുടുംബനിയമത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുള്ളത് ബുദ്ധമതക്കാരായ ഭൂരിപക്ഷത്തിനേ ബാധമാകുന്നുള്ളൂ. തായ് മുസ്‌ലിംകള്‍ ഇതില്‍ നിന്ന് ഒഴിവാണ്. അവര്‍ പഴയപടി 'ശാഫി' കുടുംബനിയമം പിന്തുടരന്നു. ബര്‍മയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സ്ഥിതിയും ഇതുതന്നെ.
യൂറോപ്പില്‍ ഗ്രീസും യൂഗോസ്ലാവ്യയും തമ്മിലുള്ള സന്ധിയില്‍ ഉള്‍ക്കൊള്ളിച്ച ബാധ്യതയനുസരിച്ച്, 'മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കുടുംബനിയമവും വ്യക്തിയുടെ പദവിയും നിര്‍ണയിക്കുന്നത് മുസ്‌ലിം സമ്പ്രദായമനുസരിച്ചായിരിക്കണം'' എന്ന തത്ത്വം പരിപാലിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും എടുക്കേണ്ടതുണ്ട്. തന്മൂലം ഗ്രീസില്‍ 1913ല്‍ ഒട്ടോമന്‍ സാമ്രാജ്യം വിട്ടുകൊടുത്ത സ്ഥലങ്ങളിലെല്ലാം മുഫ്തികള്‍ (മുസ്‌ലിം ന്യായാധിപന്മാര്‍) നടത്തുന്ന മാമൂല്‍ ഇസ്‌ലാം നിയമം പ്രവര്‍ത്തിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ യൂഗോസ്ല്യാവ്യന്‍ മുസ്‌ലിംകളും ഇസ്‌ലാമിക നിയമം തന്നെയാണ് ചില ദേശീയനിയമങ്ങള്‍ക്ക് വിധേയമായി അനുഷ്ഠിക്കുന്നത്.
ആഫ്രിക്കയില്‍ എത്യോപ്യ, ഘാന, ഗോള്‍ഡ്‌കോസ്റ്റ്, ഉഗാണ്ട, സിയറാലിയോണ്‍ എന്നീ രാജ്യങ്ങളിലെല്ലാം പ്രാദേശികവ്യാഖ്യാനമനുസരിച്ചുകൊണ്ടുള്ള ക്ലാസിക്കല്‍ ഇസ്‌ലാം കുടുംബനിയമം തന്നെ മുസ്‌ലിം പൗരന്മാര്‍ ആദരിച്ചുപോരുന്നു.
ഒരു സംഗതി കൂടി ഇവിടെ ശ്രദ്ധേയമായിട്ടുണ്ട്. പഴയ ഇസ്‌ലാമിക നിയമം ഇന്നും സംരക്ഷിച്ചുപോരുന്ന മുന്‍പറഞ്ഞ പല രാജ്യങ്ങളിലും മതേതര ഭരണഘടനകളുണ്ട്. ആ നാടുകളിലെ ചില ഗവണ്‍മെന്റുകളെ കമ്യൂണിസ്റ്റ് ആശയസംഹിതയാണ് നയിക്കുന്നതും.

ബി. മതേതര കുടുംബനിയമം പിന്തുടരുന്ന രാജ്യങ്ങള്‍
ചുരുക്കം ചില രാജ്യങ്ങളില്‍ കുടുംബനിയമം, പിന്തുടര്‍ച്ച എന്നിവയില്‍ മുസ്‌ലിംകള്‍ മറ്റു മതക്കാരായ പൗരന്മാരെപ്പോലെതന്നെ സര്‍ക്കാരിന്റെ പൊതുനിയമങ്ങള്‍ അനുസരിക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ ഇസ്‌ലാമിക കുടുംബനിയമം ക്രമത്തില്‍ ഉപേക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവയില്‍ മിക്കതിലും പൗരന്മാരുടെ മതജീവിതത്തെ ഗണ്യമായി സ്പര്‍ശിക്കുന്ന വിപ്ലവങ്ങള്‍ അടുത്ത കാലത്തു നടന്നിട്ടുണ്ട്. ചില നാടുകളെ സംബന്ധിച്ചിടത്തോളം അവിടത്തെ മുസ്‌ലിം പൗരന്മാര്‍ക്ക് ബാധകമായ കുടുംബനിയമത്തെപ്പറ്റി ബാഹ്യലോകത്തിന് പറയത്തക്ക അറിവുമില്ല.
ഇസ്‌ലാംനിയമം തികച്ചും ഉപേക്ഷിച്ചിട്ടുള്ള രാജ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ മുസ്‌ലിംപൗരന്മാര്‍ക്ക് ഭൂരിപക്ഷമുള്ളൂ. തുര്‍ക്കിയും അല്‍ബേനിയയുമാണ് ഈ രാജ്യങ്ങള്‍. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചക്കു ശേഷം ഇവയില്‍, ചില പാശ്ചാത്യനിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയ സിവില്‍ നിയമസംഹിതകള്‍ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. 1926ലെ തുര്‍ക്കി സിവില്‍കോഡിന്റെ മാതൃക 1912ലെ സ്വിറ്റ്‌സ്വര്‍ലന്റ് സിവില്‍ കോഡാണ്. ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കനുസാരമായി ചില കാര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നേയുള്ളൂ. എന്നാല്‍, പിന്തുടര്‍ച്ചാവകാശം ഒഴിച്ചുനിര്‍ത്തിയാല്‍, തുര്‍ക്കി സിവില്‍കോഡ് കുടുംബനിയമക്കാര്യത്തില്‍ ഇസ്‌ലാമികപാരമ്പര്യനിയമവുമായി അത്ര ഗുരുതരമായ നിലയില്‍ ഏറ്റുമുട്ടുന്നില്ല. 1928ലെ അല്‍ബേനിയന്‍ സിവില്‍കോഡിന്റെ സ്വഭാവത്തെയും ഉല്‍പത്തിസ്ഥാനത്തെയും പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല.
ടാന്‍സാനിയയുടെ ഒരു ഘടകമായ സാന്‍സിബാറില്‍ മുസ്‌ലിംകളാണ് ഭൂരിപക്ഷം; അവിടെ അടുത്ത കാലത്ത് എല്ലാ മതക്കാര്‍ക്കും ബാധകമായ ഒരു വിവാഹനിയമം പാസാക്കിയിട്ടുണ്ട്. അതുപോലെ, മുസ്‌ലിംകള്‍ ന്യൂനപക്ഷമായ കെനിയയിലും എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമായ പുതിയ വിവാഹനിയമം നടപ്പാക്കിയിരിക്കുന്നു. തന്മൂലം ഈ രാജ്യങ്ങളില്‍ പഴയ മുസ്‌ലിം വിവാഹനിയമത്തിനുപകരം പുതിയ നിയമസംഹിത വന്നിരിക്കുന്നു. മറ്റു സ്ഥലങ്ങളില്‍ മുസ്‌ലിം പൗരന്മാരുടെ കാര്യത്തില്‍ ഇസ്‌ലാമിക പാരമ്പര്യനിയമം തന്നെ തുടര്‍ന്നുവരുകയാണ്. എന്നാല്‍, മുന്‍പറഞ്ഞ രണ്ടു രാജ്യങ്ങളിലെ പുതിയ വിവാഹനിയമങ്ങളും ഇസ്‌ലാമിക കുടുംബനിയമത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ക്ക് വിരുദ്ധമല്ല.
ഫിലിപ്പൈന്‍സിലെയും സോവിയറ്റ് യൂനിയനിലെയും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ മറ്റെല്ലാവര്‍ക്കും ഒരുപോലെ ബാധകമായ മതേതര കുടുംബ നിയമങ്ങളാണ് അനുഷ്ഠിക്കുന്നത്. 1949ലെ റിപ്പബ്ലിക് ആക്ട് നമ്പര്‍ 394 പ്രകാരം ഫിലിപ്പൈന്‍ മുസ്‌ലിംകള്‍ക്ക് ഒരു ഒഴിവുകാലം ലഭിക്കുകയുണ്ടായി. ഇതനുസരിച്ച് ഇരുപതു കൊല്ലക്കാലത്തേക്ക് അവിടത്തെ 'ശാഫി' കുടുംബനിയമം നിലനിര്‍ത്താന്‍ ഏര്‍പ്പാടും ഉണ്ടായി. സോവിയറ്റ് യൂനിയനില്‍ പെട്ട ആറു മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളില്‍ ഇസ്‌ലാം നിയമം, 1917ലെ ബോള്‍ഷെവിക് വിപ്ലവത്തെ തുടര്‍ന്നുള്ള ദശവര്‍ഷത്തില്‍ ക്രമേണ ഉപേക്ഷിക്കപ്പെട്ടു.

സി. ഇസ്‌ലാമിക കുടുംബനിയമം പരിഷ്‌കരിച്ച രാജ്യങ്ങള്‍
മുകളില്‍ കൊടുത്ത മൂന്നാം വകുപ്പില്‍പെടുന്ന രാജ്യങ്ങള്‍ പഴയ ഇസ്‌ലാമിക കുടുംബനിയമത്തില്‍ അടുത്ത കാലത്ത് പരിഷ്‌കാരങ്ങള്‍ വരുത്തിയവയാണ്. ഇവയില്‍ മൗലികമോ വ്യവസ്ഥാപകമോ രണ്ടും കൂടിയതോ ആയ നിയമങ്ങള്‍ ഉള്‍പ്പെടുന്നു.
ഈ രാജ്യങ്ങളില്‍ വരുത്തിയിട്ടുള്ള മൗലികനിയമപരിഷ്‌കാരത്തെ പ്രാദേശികമായ മുസ്‌ലിം നിയമശാഖകളുടെ പരിഷ്‌കാരമെന്നാണ് വിവരിക്കേണ്ടത്. എന്തെന്നാല്‍, മുസ്‌ലിം നിയമത്തെ സാകല്യേന പരിഷ്‌കരിക്കുകയല്ല അവിടെ ചെയ്തിട്ടുള്ളത്. ഇതിന് സ്വീകരിച്ചിട്ടുള്ള സാധാരണ മാര്‍ഗം ഒരു പ്രത്യേക ദേശത്തില്‍ പ്രാചരത്തിലില്ലാത്ത മറ്റു മുസ്‌ലിംനിയമങ്ങളെ സ്വീകരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുകയാണ്. ഇതര മുസ്‌ലിം നിയമ ശാഖകളിലെ തത്ത്വങ്ങളും നിയമജ്ഞാഭിപ്രായങ്ങളും നോക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഈ രാജ്യങ്ങളില്‍ പുതുതായുണ്ടാക്കിയ കുടുംബനിയമം ഇസ്‌ലാമിന്റെ ചട്ടക്കൂട്ടിനുള്ളില്‍ത്തന്നെയുള്ള ഏതെങ്കിലും ഒന്നോ അധികമോ നിയമാഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരിക്കും. ചിലപ്പോള്‍ രണ്ടോ അധികമോ അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും പതിവുണ്ട്.
തുര്‍ക്കിയിലാണ് ആദ്യമായി ഇസ്‌ലാം കുടുംബനിയമത്തില്‍ ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ വരുത്തിയത്. 1917ലെ കുടുംബാവകാശങ്ങളെ സംബന്ധിച്ച ഒട്ടോമന്‍ നിയമം ഇത്തരം ഒരു പരിഷ്‌കാരമായിരുന്നു; ഇപ്പോള്‍ ലബനാനിലെ മുസ്‌ലിംകള്‍ക്ക് ഈ നിയമം ബാധകമാക്കിയിരിക്കുന്നു. 1920നും 1940നും ഇടക്ക് ഈജിപ്ത് പല തവണയായി നിയമനിര്‍മാണം കൊണ്ട് പരിഷ്‌കാരങ്ങള്‍ വരുത്തി. ഇതിന്റെ മാര്‍ഗം മുമ്പു പറഞ്ഞതായിരുന്നു. അവിടത്തെ മുസ്‌ലിംകള്‍ അനുസരിച്ചിരുന്ന 'ഹനഫി'-'ശാഫി' കുടുംബനിയമങ്ങളെ പരിഷ്‌കരിക്കുകയാണ് ചെയ്തത്. ഇത്തരം പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയ മറ്റു രാജ്യങ്ങളാണ്: സുഡാന്‍, ജോര്‍ദാന്‍, സിറിയ, ടുണീഷ്യ, മൊറോക്കോ, അള്‍ജീരിയ, ഇറാഖ്, ഇറാന്‍, പാകിസ്താന്‍. ഈ രാജ്യങ്ങളെല്ലാം ഇസ്‌ലാം സ്റ്റേറ്റുകളാണെന്നത് ശ്രദ്ധേയമാണ്.
മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഒരു നാട്ടില്‍ മുസ്‌ലിം കുടുംബനിയമത്തിലെ ഒരു ഭാഗം-അതായത് കോടതി മുഖാന്തരം വിവാഹമോചനം നേടാനുള്ള സ്ത്രീയുടെ അവകാശം- നിയമനിര്‍മാണം വഴി പരിഷ്‌കരിച്ചത് ഇന്ത്യയില്‍ മാത്രമാണ്.
എങ്കിലും, ഇസ്രായേലിലും സൈപ്രസിലുമുള്ള മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ആചരിക്കുന്നത് പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ വരുത്തിയ ഇസ്‌ലാം കുടുംബനിയമസംഹിതകളാണ്; ഇവ മറ്റു രാജ്യങ്ങളില്‍നിന്ന് സ്വീകരിച്ചവയത്രെ. 1917ലെ ഒട്ടോമന്‍ കുടുംബനിയമം(തുര്‍ക്കിയില്‍ പാസാക്കിയത്) ലബനാനിലെ മുസ്‌ലിംകള്‍ സ്വീകരിച്ചിട്ടുള്ളത് മുകളില്‍ പറഞ്ഞുവല്ലോ. ഈ നിയമസംഹിത തന്നെയാണ് ഇസ്രായേലിലെ മുസ്‌ലിം ന്യൂനപക്ഷം അംഗീകരിച്ചിട്ടുള്ളത്. സൈപ്രസില്‍ വിവാഹത്തെയും വിവാഹമോചനത്തെയും പറ്റിയുള്ള മുസ്‌ലിം നിയമം 1951ല്‍ ക്രോഡീകരിക്കപ്പെട്ടു. ഇതേ വിഷയത്തെപ്പറ്റി 1926ല്‍ നിര്‍മിച്ച തുര്‍ക്കി സിവില്‍കോഡ് ആയിരുന്നു ഇതിന്റെ മാതൃക.
മുകളില്‍ പറഞ്ഞ മിക്ക രാജ്യങ്ങളിലും മൗലികനിയമത്തെ ഭാഗികമായി ഭേദഗതി ചെയ്തുകൊണ്ടാണ് പരിഷ്‌കാരം സാധിച്ചിട്ടുള്ളത്. നേരെമറിച്ച്, കുടുംബനിയമത്തിന്റെ പല ഭാഗങ്ങളും (ഉദാ: ഭര്‍ത്താവ് നടത്തുന്ന വിവാഹമോചനം) പരിഷ്‌കരിച്ചിട്ടുള്ളത് ചില നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്. മൗലികതത്ത്വങ്ങള്‍ നിലനിര്‍ത്തിയിരിക്കുന്നു. കോടതികള്‍, അര്‍ധകോടതിസ്ഥാപനങ്ങള്‍, ഭരണനിര്‍വഹണ വകുപ്പുകള്‍ എന്നിവക്ക് കുടുംബകാര്യങ്ങളില്‍ പ്രവേശിക്കാന്‍ വേണ്ട അധികാരം നല്‍കിക്കൊണ്ടാണ് ഇത് സാധിച്ചിട്ടുള്ളത്. ഉദാഹരണമായി, പാകിസ്താനില്‍ പുതുതായി വരുത്തിയ പരിഷ്‌കാരങ്ങളെല്ലാം ഇങ്ങനെ നിയന്ത്രണ സ്വഭാവമുള്ളവയാണ്.
തെക്കും കിഴക്കും ഏഷ്യകളില്‍ ഉള്ള അഞ്ചു രാജ്യങ്ങളില്‍ മുസ്‌ലിം കുടുംബനിയമം മൗലികമായി പരിഷ്‌കരിക്കപ്പെട്ടിട്ടില്ലെങ്കിലും അത് തീരെ ക്രോഡീകരിക്കപ്പെടാതെ വിട്ടിട്ടില്ല. ഈ രാജ്യങ്ങളിലെ മൂന്നെണ്ണത്തില്‍ ബ്രൂണെ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ മുസ്‌ലിംകളാണ് ഭൂരിപക്ഷം; മറ്റു രണ്ടു രാജ്യങ്ങളില്‍, അതായത് സിംഗപ്പൂരിലും സിലോണിലും അവര്‍ ന്യൂനപക്ഷമാണ്. ഈ രാജ്യത്തിലെല്ലാം മുസ്‌ലിം കുടുംബനിയമപാലനത്തിന് വിസ്തരിച്ച നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇവ പ്രാദേശികമായി നിലവിലുള്ള കുടുംബനിയമത്തിന്റെ മൗലികതത്ത്വങ്ങളെ പൊതുവില്‍ ബാധിക്കുന്നില്ല. എന്നാല്‍ ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയ ഏര്‍പ്പാടുകള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയുന്നതിനുവേണ്ടി പല നിയന്ത്രണങ്ങളും ആ നിയമങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മൗലികവും നിയന്ത്രണാത്മകവും ആയ രണ്ടുതരം നിയമപരിഷ്‌കാരങ്ങളുടെയും പ്രവര്‍ത്തനമണ്ഡലം ഓരോ രാജ്യത്തും വിഭിന്നമാണ്. ലെബനാന്‍, ജോര്‍ദാന്‍, അല്‍ജീരിയ, ഇറാന്‍, മലേഷ്യ, ബ്രൂണെ, ഇന്തോനേഷ്യ, സിലോണ്‍ എന്നീ രാജ്യങ്ങളില്‍ വിവാഹവും വിവാഹമോചനവും അവയെ സംബന്ധിച്ച വിഷയങ്ങളും മാത്രമാണ് പരിഷ്‌കാര വിധേയമാക്കിയിട്ടുള്ളത്. ഒസ്യത്തുവഴിക്കും അല്ലാതെയും ഉള്ള പിന്തുടര്‍ച്ചയെ സംബന്ധിച്ച ഇസ്‌ലാമിക പാരമ്പര്യനിയമങ്ങള്‍ ഒന്നുംതന്നെ ഈ രാജ്യങ്ങളില്‍ മാറ്റിയിട്ടില്ല. നേരെമറിച്ച്, ഈജിപ്തില്‍ ദായത്തെയും ഒസ്യത്തിനെയും സംബന്ധിച്ച രണ്ടു പ്രത്യേക നിയമങ്ങള്‍ തന്നെ ഉണ്ട്. ഈ നിയമങ്ങളിലെ ചില വകുപ്പുകള്‍ അല്‍പാല്‍പം ഭേദഗതിയോടുകൂടി സുഡാനിലും സിറിയയിലും നടപ്പില്‍വരുത്തിയിരിക്കുന്നു. ഒസ്യത്തുനിയമങ്ങള്‍ സംബന്ധിച്ച ചില ഭാഗങ്ങള്‍ ഇറാഖിലും പരിഷ്‌കരിച്ചിട്ടുണ്ട്. ടുണീഷ്യയിലും മൊറോക്കോയിലും ദായത്തെയും ഒസ്യത്തിനെയും സംബന്ധിച്ച 'മാലികി' തത്ത്വങ്ങള്‍ ഏതാണ്ട് മുഴുവന്‍ തന്നെ ക്രോഡീകരിച്ചിരിക്കുന്നു; അതോടൊപ്പം ആ ശാഖയില്‍ ഇല്ലാത്ത ചില തത്ത്വങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഒരേ ഒരു പരിഷ്‌കാരമേ വരുത്തിയിട്ടുള്ളൂ; കോടതിവഴി മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം നേടാനുള്ള അവകാശത്തെ സംബന്ധിച്ചുള്ളതാണിത്. പാകിസ്താനില്‍ വരുത്തിയ പരിഷ്‌കാരങ്ങളില്‍ 1961ല്‍ നടപ്പാക്കിയ ഒരു വകുപ്പു മാത്രം ഒസ്യത്തു കൂടാത്ത പിന്തുടര്‍ച്ചയെ സംബന്ധിച്ചുള്ളതാണ്. വിവാഹത്തെയും വിവാഹമോചനത്തെയും സംബന്ധിച്ചുള്ളതാണ് ബാക്കിയുള്ളവ. 1961-ല്‍ സിംഗപ്പൂരില്‍ നടപ്പാക്കിയ ഒരു ഓര്‍ഡിനന്‍സ് മുസ്‌ലിംകളുടെ വിവാഹം, വിവാഹമോചനം എന്നിവക്കു പുറമെ പിന്തുടര്‍ച്ചയെ സംബന്ധിച്ച ചില കാര്യങ്ങള്‍ കൂടി സ്പര്‍ശിക്കുന്നുണ്ട്.
മുകളില്‍ പ്രസ്താവിച്ച ഏതാണ്ട് 20 രാജ്യങ്ങളില്‍ വരുത്തിയിട്ടുള്ള മുസ്‌ലിം കുടുംബനിയമപരിഷ്‌കാരത്തിന്റെ പ്രത്യാഘാതം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുണ്ടായിരുന്നു. ലിബിയയില്‍ ക്രോഡീകൃതമായ ഒരു മുസ്‌ലിം കുടുംബനിയമത്തിന്റെ കരടുരേഖ ഗവണ്‍മെന്റിന്റെ ആലോചനയില്‍ ഇരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ 1937ല്‍ പാസാക്കിയ മുസ്‌ലിം വ്യക്തിനിയമ (ശരീഅത്ത്) പ്രയോഗ ആക്ടിന് (Muslim Personal Law (Shariat) Application Act, 1937) കീഴില്‍ പെട്ട തദ്ദേശ മുസ്‌ലിംകളെ സ്പര്‍ശിക്കുന്ന ഭാഗങ്ങള്‍ നവീകരിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നതിനെപ്പറ്റി ദീര്‍ഘകാലമായി വാദപ്രതിവാദം നടന്നുവരുന്നു.

കുറിപ്പുകള്‍

1. ഇസ്‌ലാമിക നിയമത്തിന്റെ ശാഖകളെയും പ്രഭവസ്ഥാനങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍.
2. ''ദി ഫണ്ടമെന്റല്‍ ലോ ഓഫ് ദി ഹെജസ്'' 1926, വകുപ്പ് 5-6.
3. ഷാക്ട്, ''സമകാലിക സ്റ്റേറ്റുകളില്‍ ഇസ്‌ലാമിക നിയമം'' 8 എ.ജെ.സി.എല്‍ (1959) 147.
4. ഷാക്ട്, ''ഇന്‍ട്രഡക്ഷന്‍ ടു ഇസ്‌ലാമിക് ലോ'' (ഓക്‌സ്‌ഫോര്‍ഡ് 1964), 87.
5. ഷിഹര്‍, മുകല്ല എന്നീ ഖായ്ത സല്‍ത്തനത്തുകളില്‍ മാത്രം 1942-ല്‍ ഒരു ഡിക്രി പുറപ്പെടുവിക്കുകയുണ്ടായി. ഇതിലെ ചില റഗുലേഷനുകളില്‍ കുടുംബവിഷയങ്ങള്‍ അടങ്ങിയിരുന്നു. ഇവ ഇസ്‌ലാമിക നിയമത്തിലെ നാലു സുന്നി ശാഖകളില്‍നിന്നും എടുത്തവയായിരുന്നു. ഈ ഡിക്രിയുടെ ചുരുങ്ങിയ വിവരത്തിന് ആന്‍ഡേഴ്‌സന്‍, ''ഇസ്‌ലാമിക് ലോ ഇന്‍ ആഫ്‌റിക്ക'' (ലണ്ടന്‍, 1954) 16-17 കാണുക.
6. ബഹ്‌റൈനിലെ ശരീആകോടതികളില്‍ സുന്നിക്കും ഷിയക്കും വെവ്വേറെ ഭാഗങ്ങളുണ്ട്. സുന്നീ വിഭാഗത്തില്‍ ഉദ്യോഗം വഹിക്കുന്നത് മാലിക്കി-ശാഫി ഖാദികളാണ്. ഖുബൈന്‍ എഫ്.ഐ; ''ബഹ്‌റൈനിലെ സാമൂഹ്യവര്‍ഗങ്ങളും വലിമുറുക്കങ്ങളും'' 9, എം.ഇ.ജെ. (1955) 269-80 നോക്കുക.
7. ലീബെസ്‌നി, ''അറേബ്യയിലെ ഭരണവും നിയമപരമായ വളര്‍ച്ചയും'', 10 എം.ഇ.ജെ. (1956) 39, 41 നോക്കുക.
8. ''അഫ്ഗാനിസ്താന്‍ ഭരണഘടന'', 1964, വകുപ്പ് 2.
9. ഗാംബിയ, സോമാലിയ, ഗോണ്‍ഡ്‌കോസ്റ്റ്, മറ്റു ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയിലെ ഇസ്‌ലാമിക നിയമത്തെപ്പറ്റി -ആന്‍ഡേഴ്‌സന്‍, ''ഇസ്‌ലാമിക് ലോ ഇന്‍ ആഫ്രിക്ക'' (ലണ്ടന്‍, 1954).
10. ജെ. ഡബ്ല്യു. സലാക്കൂസ്, ''നൈജീരിയന്‍ ഫാമിലി ലോ'' 20-21 നോക്കുക.
11. എ. വിച്ചിയന്‍ചാറോയന്‍, എല്‍.സി. നേതിശാസ്ത്ര എന്നിവരുടെ ''തായ്‌ലണ്ടിലെ പഴയ കുടുംബനിയമത്തെ ആധുനീകരിച്ചതിന്റെ ചില പ്രധാന സ്വഭാവങ്ങള്‍'' (ലേഖനം), ''ഫാമിലി ലോ ആന്‍ഡ് കസ്റ്റമറി ലോ ഇന്‍ ഏഷ്യ'' (പ്രസാ. ബക്ക്‌സ ബാം ഡി. സി., 1968) വാള്യം 1, 720.
12. സ്മിത്ത് ഡി. ഇ. ''റിലീജിയന്‍ ആന്‍ഡ് പൊളിറ്റിക്‌സ് ഇന്‍ ബര്‍മ'' (പ്രിന്‍സ്ടണ്‍, 1965) 278-79.
13. 1920-ല്‍ ഗ്രീസ് ഒപ്പിട്ട ''ട്രീറ്റി ഓഫ് സെവറീസ്'' വകു. 14. അതേവര്‍ഷം യൂഗോസ്‌ലാവിയ ഒപ്പിട്ട ''മൈനോറിറ്റീസ് ട്രീറ്റി'' വക. 10.
14. ഷാക്ട്, ''ഇന്‍ട്രൊഡക്ഷന്‍ ടു ഇസ്‌ലാമിക് ലോ'' (ഓക്‌സ്‌ഫോര്‍ഡ്, 1964) 93.
15. യൂഗോസ്‌ലാവിയയില്‍ ദ്വിദായത്വം നിഷേധ നിയമത്തിനു മുന്‍കാല പ്രാബല്യമില്ലാതെ എടുത്തു കളഞ്ഞിരിക്കുന്നു. ഫറാന്‍ ''മാട്രിമോണിയല്‍ ലോ ഇന്‍ ദി സുഡാന്‍'' (ലണ്ടന്‍, 1963), 12, ''യൂഗോസ്‌ലാവ് കുടുംബ നിയമം'' (നമ്പര്‍ X), 1965 അനുസരിച്ച് വിവാഹം സിവില്‍ അധികാരികളുടെ അടുത്ത് ആദ്യം രജിസ്റ്റര്‍ ചെയ്യണം. മതച്ചടങ്ങുകള്‍ വേണമെങ്കില്‍ പിന്നീടു നടത്താം (വകുപ്പ് 34) നോക്കുക.
16. അല്‍ബേനിയയില്‍ 65 ശതമാനത്തിലധികം മുസ്‌ലിംകളാണ്. ''യൂറോപ്യന്‍ ഇയര്‍ ബുക്ക്'' 1968, വാള്യം 1. 436 നോക്കുക. 1876-ലെ ''ഒട്ടോമന്‍ സിവില്‍ നിയമവും'' (മജലീയോ) ക്രോഡീകൃതമല്ലാത്ത 'ഹനഫി' കുടുംബനിയമവും ഇപ്പോള്‍ അല്‍ബേനിയ ആയിത്തീര്‍ന്ന പ്രദേശത്ത് 1928-വരെ പ്രചാരത്തിലിരുന്നു. 1928-ല്‍ നിയമവ്യവസ്ഥ ആകെ മതേതരമാക്കിത്തീര്‍ത്തു. ഷാക്ട്, 'ഇന്‍ട്രൊഡക്ഷന്‍ ടു ഇസ്‌ലാമിക് ലോ'' (ഓക്‌സ്‌ഫോര്‍ഡ്, 1964) 93 നോക്കുക.
17. പന്‍ജറേറാ, ''മുസ്‌ലിം വിവാഹമോചനത്തെപ്പറ്റി നിയമാംഗീകാരം സിദ്ധിച്ച ആചാരങ്ങളും സമ്പ്രദായങ്ങളും'' 8. എഫ്. ഇ.എല്‍. റിവ്യൂ (1960), 481.
18. എ.ജി പാക്ക്, ''ബോള്‍ഷെവിസം ഇന്‍ ടര്‍ക്കിസ്ഥാന്‍'' 1917-1927 (ന്യൂയോര്‍ക്ക്, 1957), 221-227 നോക്കുക.
19. പ്രസ്തുത സമ്പ്രദായത്തിലുള്ള നിയമനിര്‍മാണത്തെപ്പറ്റി ഉപോദ്ഘാതത്തിന്റെ അനുബന്ധത്തില്‍ വിവരിച്ചിട്ടുള്ളത് നോക്കുക.

© Bodhanam Quarterly. All Rights Reserved

Back to Top