ധീരതയുടെ തീജ്വാല
വി.എ മുഹമ്മദ് അഷ്‌റഫ്
അബ്രഹാമിക പാരമ്പര്യങ്ങളില്‍ ഹാജറയുടെ പ്രതിനിധാനവും മതാന്തര സൗഹൃദത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള പ്രസക്തിയും അന്വേഷിക്കുന്നു.
രണ്ട് ബില്യനിലധികം വരുന്ന ക്രിസ്ത്യാനികളും ഒന്നര ബില്യന്‍ മുസ്‌ലിംകളും പതിനഞ്ച് മില്യന്‍ വരുന്ന ജൂതരും1 മതനേതാവായി അംഗീകരിക്കുന്ന പ്രതിഭാസമാണ് അബ്രഹാം.
ക്രിസ്തുവിന് ഏതാണ്ട് 2166 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസപ്പെട്ടോമിയയിലെ ഊര്‍ എന്ന നഗരത്തില്‍ (ഇന്നത്തെ ബഗ്ദാദിന്റെ 200 മൈല്‍ തെക്ക്-കിഴക്ക് ഭാഗത്ത്) അബ്രഹാം ജനിച്ചു.
മൂന്ന് അബ്രഹാമിക മതങ്ങളും (ജൂത-ക്രൈസ്തവ-ഇസ്‌ലാം) അബ്രഹാമുമായി ദൈവം കരാറുണ്ടാക്കിയതായി പറയുന്നു. ഏകദൈവവിശ്വാസവും അതില്‍നിന്നുത്ഭൂതമാവുന്ന സല്‍ക്കര്‍മങ്ങളും പ്രതിഫലദിനത്തെ മുന്‍നിര്‍ത്തിയുള്ള ജീവിത പാന്ഥാവുമാണ് അബ്രഹാമിക സരണിയുടെ സാരാംശം. ദൈവാര്‍പ്പണത്തിന്റെ ആള്‍ രൂപമായിരുന്നു അബ്രഹാം. ബൈബിള്‍ പറയുന്നു:
''അബ്രഹാം, അവിടുന്ന് വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു.'' (ഉല്‍പത്തി 22:1) ഇതേ ആശയം ഖുര്‍ആനിലും കാണാം:
'അദ്ദേഹത്തിന്റെ(ഇബ്രാഹിമിന്റെ) നാഥന്‍ അദ്ദേഹത്തോട് 'നീ മുസ്‌ലിമാവുക' എന്നാജ്ഞാപിച്ചപ്പോള്‍ ഉടനെ അദ്ദേഹം ബോധിപ്പിച്ചു, 'ഞാന്‍ പ്രപഞ്ച നാഥനു മുസ്‌ലിം ആയിരിക്കുന്നു.'' (ഖുര്‍ആന്‍ 2:131)
അബ്രഹാമിക കഥനങ്ങളെ 3 മതങ്ങളും ഉള്‍ക്കൊള്ളുന്നതില്‍ സാമ്യതകളെയെന്നപോലെ അല്‍പം വ്യത്യസ്തതകളുമുണ്ട്. ഈ കഥനങ്ങള്‍ 3 മതങ്ങളുടെയും കേന്ദ്രപ്രമേയങ്ങളായതുകൊണ്ട് ഇവയുടെ ശരിയാംവിധമുള്ള പുനര്‍വായന മതതാരതമ്യപഠനത്തിന് മാത്രമല്ല, പരസ്പരമുള്ള ഉള്‍ക്കൊള്ളലിനും പ്രയോജനീഭവിച്ചേക്കാം.
മൂന്ന് ബാലായ്മകള്‍
ആചാരപരമായ ജൂതരിലെ ആണുങ്ങളുടെ പ്രാര്‍ഥനകളില്‍ തന്നെ ഒരു സ്ത്രീയായും വിജാതീയനായും അടിമയായും സൃഷ്ടിക്കാതിരുന്നതിലുള്ള നന്ദിപ്രകടനം ഉള്ളതായി തല്‍മൂദില്‍ കാണാം (മെനാഹോട്ട് 43 ബി കാണുക). ഈ മൂന്ന് വിഭാഗവും ജൂതരോട് ഒപ്പമുള്ളവരായി പൊതുവെ അവര്‍ കരുതിയിരുന്നില്ല.2 മനുഷ്യാസ്തിത്വത്തെ ദേശീയ, സാമൂഹിക, ലിംഗ പദവികളുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഇന്നും മുഖ്യധാരാ ജൂതപരിഗണന. ഈ മൂന്ന് 'ദുര്‍ബലാവസ്ഥകളെയും' ദൈവശാസ്ത്രപരമായി ന്യായീകരിക്കുന്നവിധം വേദകഥനങ്ങളെ വളച്ചൊടിക്കുന്ന പ്രവണത ധിഷണാശാലികള്‍ തെളിയിച്ചിട്ടുള്ളതാണ്. ഹാഗറില്‍(ഹാജറ) ഈ മൂന്ന് ബാലായ്മകളും ഉള്ളതുകൊണ്ടാവണം, അവള്‍ ക്രമാതീതമായി ഇകഴ്ത്തപ്പെട്ടത്.
ആഫ്രിക്കന്‍ നീഗ്രോകളും താഴ്ന്നക്കിടയിലുള്ള മനുഷ്യരാണെന്നും അവരെ ഉയര്‍ന്ന യൂറോപ്യന്‍ വെള്ളക്കാരുടെ അടിമകളാകാന്‍ ദൈവം തന്നെ നിശ്ചയിച്ചതാണെന്നും വാദിക്കപ്പെട്ടിരുന്നത് 18-ാം നൂറ്റാണ്ടിലാണെന്നോര്‍ക്കുക. അടിമത്ത വ്യവസ്ഥ നീഗ്രോവംശത്തെ മെച്ചപ്പെടുത്തിയെന്ന് 19-ാം നൂറ്റാണ്ടുവരെ വാദിക്കപ്പെട്ടിരുന്നു.3
വിജാതീയരോടുള്ള വെറുപ്പും വിദ്വേഷവും സയണിസ്റ്റ് യുദ്ധാത്മകതയുടെ മുഖ്യപ്രമേയമായി ഇന്നും നമുക്ക് കാണാം.
അബ്രഹാം ദൈവത്തിന്റെ സ്‌നേഹിതന്‍
ബൈബിളില്‍ അബ്രഹാം ദൈവിക ജനതയുടെ പൂര്‍വിക പിതാവായി സങ്കല്‍പിക്കുന്നു:
''ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും.'' (ഉല്‍പത്തി 12: 2-3)
അബ്രഹാമിനെ വിശ്വാസികളുടെ പിതാവായി പുതിയ നിയമം പ്രഖ്യാപിക്കുന്നു (റോമര്‍ 4:11) അദ്ദേഹത്തിന്റെ ദൈവവിശ്വാസവും ത്യാഗവും പില്‍ക്കാല വിശുദ്ധരുടെ മാതൃകയായി വിശദീകരിച്ചിരിക്കുന്നു. (ഹെബ്രായര്‍ 11: 8-22)
എന്നാല്‍ ബൈബിളിലെ അബ്രഹാമിന്റെ ചില ചെയ്തികള്‍ നൈതികമായി ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഉദാഹരണത്തിന് സാറ, ഹാഗറിനെ അന്യായമായി പീഢിപ്പിച്ചതും പുറത്താക്കാനാവശ്യപ്പെട്ടതും അബ്രഹാമിന് വൈഷമ്യമുണ്ടാക്കിയെങ്കിലും അദ്ദേഹം സാറയെ പിന്തുണച്ചതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു (ഉല്‍പത്തി 21:11). മാത്രമല്ല, ഹാഗറിനെപ്പറ്റി ''നിന്റെ ഭൃത്യ നിന്റെ കൈകളില്‍; അവളെ നിനക്കുചിതമാം കൈകാര്യം ചെയ്യുക'' എന്ന് അബ്രഹാം പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട് (ഉല്‍പത്തി 16:6).
അബ്രഹാമും സാറയും ഹാഗറിനെ ഒരു വ്യക്തിയായല്ല, വ്യക്തിത്വമില്ലാത്ത ഒരടിമയായും തങ്ങളുടെ പദ്ധതികളുടെ ശത്രുവായും കരുതുംവിധം പെരുമാറി.4 ഹാഗറിനെക്കുറിച്ച് അബ്രഹാമിന് യാതൊരു പരിഗണനയുമില്ലായിരുന്നുവെന്ന് തോന്നും.5 ഒരാധുനിക ചിന്തകന്‍ എഴുതി: 'സാറ, ഹാഗറിന്റെ പേരില്‍ തന്റെ ഇച്ഛകള്‍ അടിച്ചേല്‍പിച്ചുകൊണ്ട് അവരെ ഇരയാക്കുകയായിരുന്നു.'6
മനുഷ്യവംശത്തിന്റെ നേതാവായി അബ്രഹാമിനെ ഖുര്‍ആന്‍ ചിത്രീകരിക്കുന്നു (2: 124). അബ്രഹാമിനെപ്പറ്റി 69 തവണ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. തന്റെ പാരമ്പര്യത്തില്‍ വരുന്ന 3 മതങ്ങളെയും സൗഹാര്‍ദ്ദപ്പെടുത്താന്‍ ഉതകുന്ന ബിന്ദുവായി ഖുര്‍ആന്‍ അബ്രഹാമിനെ സങ്കല്‍പിക്കുന്നതായി കാണാം. ഏവരും അബ്രഹാമില്‍ ഒന്നിക്കണം (2: 135, 3: 95, 6: 161, 16: 121). ദൈവത്തിന്റെ വരിഷ്ടദാസനും ഇരുലോകങ്ങളിലും അനുഗ്രഹീതനുമാണ് ഇബ്രാഹിം (ഖുര്‍ആന്‍ 6: 75-82, 21: 51-70).
ഏകദൈവദര്‍ശനത്തിനായി സ്വന്തം പിതാവിനെപ്പോലും ധിക്കരിച്ചവനാണ് ഇബ്രാഹിം (6:74, 9:114, 19:4247). ഖുര്‍ആന്റെ ആശയങ്ങള്‍ തന്നെയാണ് അബ്രഹാമിന്റെയും മോശയുടെയും വേദങ്ങളിലുള്ളത് (ഖുര്‍ആന്‍ 87: 18-19). അബ്രഹാമിന്റെ ദൈവം എന്ന സങ്കല്‍പം പോലും ഖുര്‍ആനികമാണ് (2: 233, 2:136, 2:140, 3:84, 4:163). ഇരുലോകത്തും അനുഗ്രഹീതനും (29:27), ദൈവത്തിന്റെ വരിഷ്ട സുഹൃത്തുമാണ് (4:125) ഇബ്രാഹിം. അബ്രഹാമിക മാതൃകയില്‍ ഏവര്‍ക്കും ഒന്നിക്കാവുന്നതേയുള്ളൂ. (16:123, 2:130-132).
ഇബ്രാഹിം 'ഹനീഫ്' ആയിരുന്നു (3:65, 3:67). ദൈവികമല്ലാത്ത എല്ലാ മാര്‍ഗങ്ങളില്‍നിന്നും വിട്ട് നില്‍ക്കുന്നവനും ദൈവികാര്‍പ്പണത്തിനായി ജീവിതം സമര്‍പ്പിച്ചവനുമാണ് ഹനീഫ്.7
ഹജ്ജിന്റെ ആഹ്വാനം മുഴക്കിയതും ഇബ്രാഹിം നബി തന്നെ (ഖുര്‍ആന്‍ 22: 26-27).
മതസമുദായങ്ങള്‍ക്കതീതനായ വിനീതനായ ഒരു ദൈവദാസനും ഏകദൈവദാര്‍ശനികനുമായിരുന്നു ഇബ്രാഹിം (3:67). ഖുര്‍ആനിക ഇബ്രാഹിം കലര്‍പ്പറ്റ ഏകദൈവവിശ്വാസിയും വിശുദ്ധനും തന്റെ അഭിമാനം പണയപ്പെടുത്താത്തവനും യുക്തിജ്ഞനും ഭക്തനും ആണ്. തന്നിഷ്ടക്കാരിയായ ഭാര്യയുടെ അസൂയ പ്രോക്തമായ ചെയ്തികള്‍ക്ക് മറ്റൊരുവളെ ഇരയാക്കാന്‍ കൂട്ടുനില്‍ക്കുന്നില്ല.
സാറ: വൈരുധ്യങ്ങളുടെ കലവറ?
ഒരു സഹഭാര്യക്ക് അനുമതി നല്‍കിയവളാണ് ബൈബിളിലെ സാറ: ''സാറ തന്റെ ദാസിയായ ഈജിപ്തുകാരി ഹാഗാറിനെ തന്റെ ഭര്‍ത്താവിന് ഭാര്യയായി നല്‍കി.'' (ഉല്‍പത്തി 16:4). എന്നാല്‍ ഒരുകൊച്ചുകുട്ടിയായ ഇസ്മയില്‍ കളിയാക്കിയെന്ന പേരില്‍, ഹാഗറിനെയും പുത്രനെയും പുറത്താക്കിയ ക്രൂരത സാറയില്‍ ആരോപിതമായിരിക്കുന്നു (ഉല്‍പത്തി 21: 8-9). സാറയുടെ ഈ ധിക്കാരത്തിന് ദൈവത്തിന്റെ അനുവാദമുള്ളതായും ബൈബിളില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു(ഉല്‍പത്തി 21: 10). സഹഭാര്യയെ അടിമസ്ത്രീയായി ചിത്രീകരിച്ച സാറയുടെ വാക്കുകള്‍ അവരുടെ വ്യക്തിത്വത്തിനു മേല്‍ കരിമുദ്ര ചാര്‍ത്തുന്നു (ഉല്‍പത്തി 21:10, 16: 5-6).
സാറയുടെ ചെയ്തി ഉന്നതകുലജാതയായ വെള്ളക്കാരിയുടേതായിരുന്നുവെന്ന് ബൈബിള്‍ വ്യാഖ്യാതാവ് സാന്റേഴ്‌സ് കുറ്റപ്പെടുത്തുന്നു.8 മാതൃസഹജമായ അസൂയ ഇസ്മാഈലിനോട് സാറക്കുണ്ടായിരുന്നതായി ജൂതപണ്ഡിതന്‍ അഭിപ്രായപ്പെട്ടു.9 സാറയുടെ സമീപനം സ്വാര്‍ഥപരവും ക്രൂരവും എന്ന് നാം തിരിച്ചറിയേണ്ടതുണ്ടെന്ന് ബൈബിള്‍ പണ്ഡിത എല്‍സ നിരീക്ഷിക്കുന്നു.10
സാറ-ഹാഗര്‍ എന്നിവര്‍ തമ്മിലുണ്ടായതായി പറയപ്പെടുന്ന വടംവലികളില്‍ ഇസ്‌ലാം പങ്കുചേരുന്നില്ല; ആ അര്‍ഥത്തില്‍ പോരാട്ടം നടന്നതായി കരുതുന്നുമില്ല. ഇരുവരെയും ബഹുമാന്യരായ മാതാക്കളും മഹത്തുക്കളുമായി ഇസ്‌ലാമിക പാരമ്പര്യം പരിഗണിക്കുന്നു. ഖുര്‍ആന്‍ സാറയെയും ഹാജറയെയും കുടുംബക്കാര്‍ എന്ന് പ്രത്യേകമായി വിളിക്കുന്നുണ്ട് (14:37, 11:17).
ഇബ്രാഹിമിന്റെ വിശിഷ്ടാതിഥികള്‍ക്ക്(മലക്കുകള്‍ക്ക്) വിഭവസമൃദ്ധമായ ഭക്ഷണം പാകം ചെയ്തവളും ജ്ഞാനിയായ പുത്രന്റെ(ഇസ്ഹാഖ്) ജനനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവളുമാണ് ഖുര്‍ആനിക സാറ (51: 25-30, 11: 71-72). സാറയുടെ ഖുര്‍ആനിക പ്രതിബിംബത്തെ അപഗ്രഥിച്ചുകൊണ്ട് മതതാരതമ്യ വിദഗ്ധയും ഫെമിനിസ്റ്റുമായിരുന്ന ബാര്‍ബറ സ്റ്റൊവാസര്‍ ഇങ്ങനെ കുറിച്ചു:
'അവര്‍ ഹാജറയുടെ പുറത്താക്കലിന് കാരണക്കാരിയായി ഒന്നും ഇസ്‌ലാമിക പാരമ്പര്യങ്ങളിലില്ല. ഹാജറയും സാറയും തമ്മിലുള്ള വഷളായ ബന്ധത്തെ പരാമര്‍ശിക്കാതെ, ഹാജറ അനുഭവിച്ച വേദനകളാണ് ഇസ്‌ലാമിക വ്യാഖ്യാനങ്ങളില്‍ പ്രതിബിംബിക്കുന്നത്.'11 അബ്രഹാമിക പാരമ്പര്യത്തില്‍ വരുന്ന പ്രവാചക പുംഗവന്മാരുടെ മാതാവായി പ്രതിഷ്ഠിച്ച് ഇസ്‌ലാമിക സാഹിത്യം സാറക്ക് ഉന്നതസ്ഥാനം നല്‍കിയിരിക്കുന്നു.12
ഇസ്ഹാഖിനെപ്പറ്റി 17 വട്ടം പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ ഇസ്മയിലിനെ 12 വട്ടം അനുസ്മരിക്കുന്നു.
പിതാവ് അബ്രഹാമിന് 86 വയസ്സുള്ളപ്പോള്‍ പിറന്ന ആദ്യജാതന്‍ തന്നെയായി ബൈബിള്‍ ഇസ്മയിലിനെ ചിത്രീകരിക്കുമ്പോള്‍ (ഉല്‍പത്തി 16:16), 14 വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്നവനാണ് ഇസ്ഹാഖ് (ഉല്‍പത്തി 21:5). എന്നിട്ടും 'ഏകജാതനായ പുത്രന്‍' എന്ന് ഇസ്ഹാഖിനെ വിളിച്ചത് (ഉല്‍പത്തി 22:2) ബൈബിള്‍ പണ്ഡിതരില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്.
പരദേശിയായ ഹാജര്‍
അലഞ്ഞുതിരിഞ്ഞവള്‍, പരദേശി, പരിത്യക്ത, ബഹിഷ്‌കൃത എന്നൊക്കെയാണ് ഹാഗറിന്റെ അര്‍ഥം.13 ബൈബിളിലെ തന്നെ ഏറ്റവും മഹനീയമായ വ്യക്തിത്വങ്ങളിലൊന്നായി ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്‍ ട്രെവര്‍ ഡെന്നീസ് വിലയിരുത്തുന്നു.14
ദൈവത്തിന് സ്വന്തം നിലയില്‍ ആദ്യം പേര് നല്‍കിയ വ്യക്തിയായി ബൈബിള്‍ തന്നെ ഹാഗറിനെ പരിചയപ്പെടുത്തുന്നുണ്ട്.15 കറുത്ത ആഫ്രിക്കന്‍ അടിമ വംശജര്‍ക്ക് ആത്മവിശ്വാസം നല്‍കുംവിധം അതിജീവന കല പ്രദര്‍ശിപ്പിച്ചവളായി ബൈബിള്‍ വിജ്ഞാനീയന്‍ ഡി ലോറസ് വിലയിരുത്തുന്നു.16
ഹാഗറിനെയും കുട്ടിയെയും പുറത്താക്കാനുള്ള സാറയുടെ കല്‍പന അബ്രഹാമിനെ വേദനിപ്പിച്ചുവെങ്കിലും ദൈവിക അരുളപ്പാട് അതിനനുകൂലമായത് നൈതിക പ്രശ്‌നങ്ങളുയര്‍ത്തുന്നതായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട് (ഉല്‍പത്തി 21: 11-12). സാറയുടെ മര്‍ദനത്തില്‍ സഹികെട്ട് ഓടിപ്പോകാന്‍ നിര്‍ബന്ധിതയായ ഹാഗറിനോട് തിരികെ ചെല്ലാനുള്ള മാലാഖയുടെ കല്‍പനയെ (ഉല്‍പത്തി 16: 6-8), വേദപുസ്തകത്തിലെ ഏറ്റവും ഇരുണ്ട മുഹൂര്‍ത്തങ്ങളിലൊന്നായി ഡെന്നീസ് ട്രെവര്‍ നിരീക്ഷിക്കുന്നു.17
ആദ്യമായി പുത്രസൗഭാഗ്യത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ച സ്ത്രീയും ഹാഗര്‍ തന്നെ.18 ഹാഗറുമായി മാലാഖ 3 വട്ടം സംസാരിക്കുന്നതായി ബൈബിള്‍ രേഖപ്പെടുത്തുന്നു. ഓടിപ്പോയ ഹാഗറിനോട് സാറയുടെ അടുത്തേക്ക് തിരികെ ചെല്ലാനുള്ള കല്‍പന (ഉല്‍പത്തി 16:9), പിന്നീട് സന്തതി പരമ്പരകളെ സമൃദ്ധമാക്കുമെന്ന വാഗ്ദാനം (ഉല്‍പത്തി 16:10), പരദേശിയായ ഹാഗറിന്റെ ദാഹജലത്തിനായുള്ള അര്‍ഥനക്കുത്തരം (ഉല്‍പത്തി 21: 17-18) എന്നിവയാണവ.
എന്നാല്‍ ഹാഗറിന്റെ അടിമാവസ്ഥ (അബ്രഹാമുമായുള്ള വിവാഹശേഷം പോലും) ദൈവം അംഗീകരിക്കുന്നതായുള്ള പ്രസ്താവം (ഉല്‍പത്തി 21:13) സ്‌തോഭജനകമാണ്. ഹാഗറിന്റെ മാലാഖ 'നിന്റെ അടിമ സ്ത്രീ' എന്ന് അഭിസംബോധന ചെയ്തപ്പോള്‍ സാറയുടെ ഭാഷയില്‍ സംസാരിക്കുകയായിരുന്നുവോ? (ഉല്‍പത്തി 21:10). അബ്രഹാമിനോടും ഈ വിധം ഹാഗറിനെ അടിമ സ്ത്രീയായി പരാമര്‍ശിച്ചതും ഗൗരവതരമായ നൈതിക പ്രശ്‌നങ്ങളുളവാക്കുന്നതായി ബൈബിള്‍ വിജ്ഞാനീയര്‍ കണ്ടെത്തുന്നു.19
അതുപോലെ തന്നെ അമ്പരപ്പിക്കുന്നതാണ് അബ്രഹാമിന്റെ ഭാര്യയെ അടിമസ്ത്രീയായി പരിഗണിച്ചുള്ള വിശുദ്ധ പൗലോസിന്റെ വാക്കുകളും (ഗലാത്യര്‍ 4:30). ഹാഗറേയും ഇസ്മാഈയിലിനെയും വില്ലന്മാരായി മാറ്റുന്ന വരികളാണ് വിശുദ്ധ പൗലോസ് നടത്തുന്നത് (ഗലാത്യര്‍ 4: 21-30). ഹാഗര്‍ അബ്രഹാമിന്റെ ഭാര്യതന്നെയെന്ന വസ്തുത (ഉല്‍പത്തി 16:3) ഇവിടെ വിസ്മൃതമാകുന്നു.
ഹാഗറിനോടുള്ള വെറുപ്പ് വര്‍ധിച്ച് റബ്ബിനിക വ്യാഖ്യാനം ഈജിപ്തുകാരിയായ ഹാഗറില്‍ സ്വഭാവദൂഷ്യം വരെ ആരോപിക്കുന്നുണ്ട്.20 അടിമയും വിജാതീയയും സ്ത്രീയുമായ അവസ്ഥ പിന്നീട് വംശീയതക്കും ഇടനല്‍കി എന്നതാണ് ഇതില്‍നിന്ന് മനസ്സിലാക്കാനാവുന്നത്.
ഹാഗറിനെ നഗറ്റീവായി പരാമര്‍ശിക്കുന്ന ഒന്നും ബൈബിളിലില്ലെങ്കിലും അവരോടുള്ള വംശീയ വിദ്വേഷത്തോടെയുള്ള സമീപനരീതി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നത് കാണാം. ഹാഗര്‍ പ്രക്ഷോഭകാരിയും അഹങ്കാരിയുമാണെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ വാദിച്ചപ്പോള്‍ സ്വിന്‍ഗ്ലി (പ്രൊട്ടസ്റ്റന്റ് പ്രസ്ഥാന നേതാവ്) അവരെ കൃതഘ്‌നയെന്ന് വിശേഷിപ്പിച്ചു.21
അതേസമയം ഇസ്‌ലാമിക പാരമ്പര്യങ്ങളിലും ചില ജൂത മിഥ്‌റാഷുകളിലും ഹാഗറിനെ രാജപുത്രിയായി ചിത്രീകരിക്കുന്നുണ്ട്.22 ചില റബ്ബിനിക് രേഖകളില്‍ ഹാഗര്‍ ഫറോവയുടെ പുത്രിയാണ്.23 അബ്രഹാമിന് ഈജിപ്തില്‍നിന്ന് സമ്മാനമായി ലഭിച്ചവളാകാനുമിടയുണ്ട് ഹാഗര്‍.
ദാഹജലത്തിനായി കേണുന്ന ഹാഗറിന്, 'ദൈവം വിളികേട്ടു' എന്നര്‍ഥമുള്ള ഇസ്മാഈലിനായി, ജലസ്രോതസ്സ് തന്നെ അനുഗ്രഹവര്‍ഷമായി ചൊരിഞ്ഞ സംഭവം (ഉല്‍പത്തി 21:17-19) ദൈവിക പന്ഥാവിലുള്ള ഇരുവരുടെയും ചലനത്തെയാണ് ധ്വനിപ്പിക്കുന്നത്.
എന്നാല്‍ ഹാഗറിനെതിരെ നടന്ന നീതിനിഷേധങ്ങളെ മൊത്തത്തില്‍ 'ഭീകരതയുടെ പാഠം' എന്ന നിലക്ക് വിവക്ഷിക്കേണ്ടി വരുമെന്ന് ഫില്ലിസ് ട്രിബിള്‍ വാദിക്കുന്നു.24
'ഹാജറ'യുടെ അര്‍ഥം അറബിയില്‍ 'ഹിജ്‌റ' ചെയ്തവള്‍ എന്നാണ്; അതായത് ഒരിടത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് ജീവിതം പറിച്ചു നടപ്പെട്ടവള്‍ എന്ന്. പേരുകൊണ്ടല്ലെങ്കിലും വ്യക്തമായ ധ്വനികളോടെ ഖുര്‍ആന്‍ ഹാജറയെ പരാമര്‍ശിക്കുന്നുണ്ട്. അബ്രഹാമിനോടൊത്ത് ചേര്‍ന്ന് ഏകദൈവാരാധനക്കായി ജീവിതം സമര്‍പ്പിച്ചവളായി ഖുര്‍ആന്‍ ഹാജറയെ ചിത്രീകരിക്കുന്നു.25 സമസ്തവും ദൈവത്തിലര്‍പ്പിച്ച് ശാരീരിക-മനോ വൈഷമ്യങ്ങളെ ഹാജറ നേരിട്ടു.
സമൂഹത്തിലെ പാവങ്ങളെയും ബഹിഷ്‌കൃതരെയും മാന്യതയോടെ നോക്കിക്കാണണമെന്ന സന്ദേശവും ഇസ്‌ലാമിലെ ഹാജറ നല്‍കുന്നുണ്ട്. ഈജിപ്ത്യന്‍ അടിമയായ ഒരു പെണ്ണിന് ദൈവത്തിന്റെ അരുളപ്പാടുണ്ടായി.26 വിശുദ്ധ മാതാമഹി, ദൈവദൂതന്റെ പത്‌നി എന്നീ നിലകളില്‍ വിശുദ്ധമാക്കപ്പെട്ട ചരിത്രമാണ് ഇസ്‌ലാമിലെ ഹാജറയുടെത്.27
സ്‌ത്രൈണ നേതൃ ഗുണങ്ങളുടെയും മാതൃത്വത്തിന്റെയും പ്രതീകമായി ഖുര്‍ആന്‍ വ്യാഖ്യാതാവ് ആഇശ അബ്ദുര്‍റഹ്മാന്‍ ഹാജറയെ വിലയിരുത്തുന്നതും ശ്രദ്ധേയമാണ്.28
ഖുര്‍ആനികമായി(14:37) ഹാജറയെയും പുത്രന്‍ ഇസ്മാഈലിനെയും ഇബ്രാഹിം നബി ഉപേക്ഷിക്കുകയായിരുന്നില്ല; അത് പുതിയ താവളത്തിലേക്കുള്ള പുനരധിവാസം മാത്രമായിരുന്നു.29 ജീവിതത്തിന്റെ കടുത്ത പരീക്ഷണങ്ങളെ വിജയകരമായി തരണം ചെയ്യുകയായിരുന്നു ഇസ്‌ലാമിക ഹാജറ. (ഖുര്‍ആന്‍ 4:95, 4:97-100, 16:41 കാണുക).
അതുകൊണ്ട് തന്നെയാവണം ഹാജറയെ അനുസ്മരിച്ചുകൊണ്ട് തന്നെ മുസ്‌ലിംകള്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത്. സഫാ-മര്‍വാ കുന്നുകള്‍ക്കിടയിലൂടെ ഹാജറ നടത്തിയ 7 വട്ടമുള്ള പരക്കം പായല്‍ 'സഅ്‌യ്' എന്ന പേരിലുള്ള ഹജ്ജിലെ ചടങ്ങായി അനുകരിക്കപ്പെടുന്നു. ഇസ്‌ലാമിക മനസ്സാക്ഷിയുടെ സ്തംഭങ്ങളിലൊന്നായി ഹാജറ ഉയര്‍ത്തപ്പെടുകയാണിവിടെ.30
സംസമില്‍നിന്നുള്ള (ഹാജറയുടെ അര്‍ഥനയാല്‍ ഉല്‍ഭൂതമായ ജലസ്രോതസ്സ്) ജലം പാനം ചെയ്തുകൊണ്ട് ഹാജറയുടെ കഥന കഥ മുസ്‌ലിംകള്‍ നെഞ്ചിലേറ്റുകയാണ്. കഅ്ബാലയത്തിന് 21 മീറ്റര്‍ മാത്രം അകലത്തായി സ്ഥിതിചെയ്യുകയാണ് സംസം കിണര്‍.
വിശ്വാസം, സ്‌നേഹം, ക്ഷമ, സ്വഭാവ വിശുദ്ധി, നിശ്ചയദാര്‍ഢ്യം എന്നിവ അസാധാരണമാംവിധം പ്രകടമാക്കിയ വനിതാരത്‌നമായുള്ള ഹാജറയെക്കുറിച്ച, ഇസ്‌ലാമിക ചിന്തക രിഫ്അത്ത് ഹസ്സന്റെ വിലയിരുത്തല്‍ സൂക്ഷ്മമാണ്.31
വംശീയ വ്യാഖ്യാനങ്ങളുടെ നിരാകരണം
ചില മനുഷ്യ ജീവിതങ്ങള്‍ മറ്റുള്ളവയേക്കാള്‍ വിലപ്പെട്ടതും കൂടുതല്‍ സംരക്ഷണം അര്‍ഹിക്കുന്നവയുമാണെന്ന വംശീയ നിലപാട് പലപ്പോഴും പലസമൂഹങ്ങളിലും വികസിച്ചു വന്നത് കാണാം.32 2001 സെപ്റ്റംബര്‍ 11ന് ശേഷം നടന്ന യു.എസ് അധിനിവേശങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിക്കൊണ്ട് ജൂഢിത്ത് ബട്‌ലര്‍ ചോദിക്കുന്നു:
'' ആരാണ് നമ്മെ മനുഷ്യരായി അംഗീകരിക്കുന്നത്... അവഗണന വഴിനടക്കുന്ന ഭീകരകൃത്യം പരിഗണിക്കപ്പെടുന്നുപോലുമില്ല. 2 ലക്ഷത്തോളം കുട്ടികള്‍ ഗള്‍ഫ് യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഈ കുരുന്നുകള്‍ പേരുകളില്ലായിരുന്നോ?''33
ഫലസ്ത്വീനിലെ ഇസ്രയേലിതര കൂട്ടക്കുരുതി നടത്താനുള്ള കല്‍പനകളെയും അവര്‍ക്കെതിരെ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെയും (ആവര്‍ത്തനം 7:2, 20:10-17) വംശീയ പ്രോക്തമാണെന്ന് തിരിച്ചറിയാനാവും.
ഇസ്മാഈലിനെയും ഹാഗറിനെയും അവജ്ഞയോടെ നോക്കിക്കാണുന്നതിന് പിന്നിലും വംശീയത ഒളിച്ചിരിക്കുന്നു. ആദ്യം ഹാഗറിനെ അബ്രാഹമിന്റെ പത്‌നിയായി അംഗീകരിച്ചുകൊണ്ട് പിന്നീട് വെപ്പാട്ടിയായി ഇകഴ്ത്തി ബഹിഷ്‌കരിക്കുകയായിരുന്നു ഹിബ്രു പാരമ്പര്യം.
വിശുദ്ധ പൗലോസ് ഗലേഷ്യര്‍ക്ക് എഴുതിയ കത്തിലും ഇസ്മാഈലും ഇസ്ഹാഖും തമ്മില്‍ ശത്രുതയുണ്ടെന്ന പരോക്ഷധ്വനി കാണാം.34
അടിമസ്ത്രീയില്‍ ജനിക്കുന്ന മകന്‍ മാംസ സന്തതിയും അങ്ങനെയല്ലാത്തവന്‍ ആത്മാവിന്റെ സന്തതിയുമെന്നവാദം വര്‍ഗവേര്‍തിരിവിന്റെ അടിത്തറയിലും അബ്രഹാമിക നൈതിക വിരുദ്ധതയിലും നിന്നുള്ളതാണ്. എന്നാല്‍ ഗലാഷ്യര്‍ക്കുള്ള വിശുദ്ധ പൗലോസിന്റെ കത്ത് (ഗലാത്യര്‍ 4:21-31) ജൂതവല്‍ക്കരണത്തിനെതിരിലുള്ള ഉപമാലങ്കാരം മാത്രമായി വ്യാഖ്യാനിക്കാനും പഴുതുണ്ട്. ഏത് നിലക്കും പ്രസ്തുത വേദഭാഗങ്ങള്‍ പില്‍ക്കാലത്ത് ദുരുപയോഗിതമായി എന്നത് ചരിത്രം.
ക്രൈസ്തവ സയണിസ്റ്റ് ഹാന്‍ ലിന്റ്‌സേ, ഇസ്മയേലിന്റെ ജനിതകഘടന തന്നെ ഇസ്ഹാഖ്-യാക്കോബ് സന്തതികളോട് ഏറ്റുമുട്ടുന്നതിലേത്തിക്കുമത്രെ!35 ഇസ്രായേലിനോടുള്ള മുസ്‌ലിം വെറുപ്പ് ഇസ്മയേലില്‍നിന്നാരംഭിക്കുന്നുവെന്നും ലിന്റ്‌സേ തുടരുന്നു.36
ബൈബിളില്‍ ക്രോഡീകരിക്കപ്പെട്ട അബ്രാഹമിക നൈതികതയെ ലംഘിച്ചുകൊണ്ടുള്ള വെറുപ്പിന്റെ ക്രൈസ്തവ സയണിസ്റ്റ് പ്രത്യയ ശാസ്ത്രവല്‍ക്കരണമാണിത്.
പരദേശികളോടും വിജാതീയരോടുമുള്ള കരുണാര്‍ദ്രമായ പെരുമാറ്റത്തെയാണ് അബ്രഹാമിക നൈതികത ആവശ്യപ്പെടുന്നത്. (പുറപ്പാട് 22:21-24, ആവര്‍ത്തനം 10:17-20). പക്ഷപാതിത്തമില്ലാത്തവനും നന്മചെയ്യുന്നവരെ ഇഷ്ടപ്പെടുന്നവനുമാണ് ദൈവം (അപ്പോസ്തല പ്രവൃത്തികള്‍ 10: 34-35). സ്വന്തം രാജ്യത്തെ അപരിചിതരോട്(അന്യരോട്) നീതിപൂര്‍വം വര്‍ത്തിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്നിങ്ങെയുള്ള ആശയങ്ങള്‍ 36 ഇടങ്ങളിലാണ് ആവര്‍ത്തിക്കുന്നത്.37
ഇസ്മയേലി പരമ്പരക്ക് ഇസ്ഹാഖില്‍നിന്ന് വ്യത്യസ്തമായ ദിവ്യ അനുഗ്രഹങ്ങളുള്ളതായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നില്ല. (35:18, 37:99-113). എല്ലാ പ്രവാചകന്മാരിലും മുസ്‌ലിംകള്‍ വിശ്വസിക്കണം (ഖുര്‍ആന്‍ 2:136). തനിക്ക് മുമ്പവതരിച്ച വേദഗ്രന്ഥങ്ങളെയും വെളിപാടുകളെയും സത്യപ്പെടുത്തുകയാണ് മുഹമ്മദീയ പ്രവാചകത്വം (3:50). തങ്ങള്‍ മാത്രം സ്വര്‍ഗാവകാശികള്‍ എന്ന ഏതെങ്കിലും പ്രത്യേക സാമുദായിക വിഭാഗത്തിന്റെ അവകാശവാദം നിരര്‍ഥകമാണ്. (2:62, 2:111-113, 2: 95, 5:18, 2:281). സല്‍ക്കര്‍മങ്ങള്‍ മനുഷ്യവിമോചനത്തിനനിവാര്യമാണ് (3:92). കഅ്ബ മുഴുവന്‍ മനുഷ്യകത്തിനും വേണ്ടി സമര്‍പ്പിതമാണ് (2:125, 3:96-97, 5:97).
അറഫ മൈതാനിയില്‍ വെച്ചാണ് ആദം മനുഷ്യകുലത്തിന്റെ മാതാവായ ഹവ്വയെ കണ്ടെത്തുന്നത്. ഹാജറയുടെ വിലാപം നൂറ്റാണ്ടുകള്‍ക്ക് ശേഷവും ഹജ്ജില്‍ പുനരാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഹവ്വ, ഹാജറ എന്നീ വനിതകളെ അനുസ്മരിക്കുന്ന ചടങ്ങിന് ശേഷം ഇസ്‌ലാമിന്റെ പേരില്‍ സ്ത്രീയുടെ പദവിയെ നശിപ്പിക്കാന്‍ മുസ്‌ലിംകളില്‍ കാണുന്ന പ്രവണതയില്‍ വൈരുധ്യമുണ്ട്.
സമ്പത്തിനെക്കുറിച്ച തെറ്റായ മനോഭാവം മാറ്റണമെന്ന യേശുവിന്റെ ആഹ്വാനം ഏറെ പ്രസക്തമാണ്(മത്തായി 19:21). വിധവകളെയും അനാഥകളെയും അപരിചിതരെയും സംരക്ഷിക്കേണ്ടതുണ്ട് (പുറപ്പാട് 22:21-24, ആവര്‍ത്തനം 10:18).
വിഖ്യാത ഫലസ്ത്വീനിയന്‍ ജൂതദാര്‍ശനികന്‍ ഹെല്ലെല്‍ പറഞ്ഞു: 'നീ ഇഷ്ടപ്പെടാത്തത് നിന്റെ അയല്‍ക്കാരനോടനുവര്‍ത്തിക്കാതിരിക്കുക; ഇതില്‍ സകലവേദസത്യങ്ങളുമുണ്ട്. ബാക്കിയുള്ളവ ഈ തത്വത്തിന്റെ വിശദീകരണങ്ങള്‍ മാത്രമാണ്.38
ഇസ്ഹാഖും ഇസ്മയിലും തമ്മില്‍ കിടമാത്സര്യം നിലനിന്നിട്ടില്ല. (ഇസ്‌ലാമികമായി ഹാഗറും സാറയും തമ്മില്‍പ്പോലും മത്സരമില്ലായിരുന്നു). ഭൂമിയില്‍ നീതിയും കാരുണ്യവും ധര്‍മവും പുലരാന്‍ ദൈവം ഇഛിക്കുന്നു (ജറമിയ 9:23)
ഫലസ്ത്വീനിയന്‍ ക്രൈസ്തവരും ഇന്ന് ഇസ്മയേലിന്റെ ഭാഗമാണ്; വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ശാപത്തില്‍നിന്ന് സ്‌നേഹത്തിന്റെയും ആശ്ലേഷത്തിന്റെയും ഉന്നതിയിലേക്ക് ഇന്നത്തെ ഇസ്മയേലും ഇസ്ഹാഖും ഉയരണം. ഇസ്മയേലിന്റെ സംരക്ഷണത്തെക്കുറിച്ച് അബ്രഹാമികമായ ഉല്‍ക്കണ്ഠ. (ഉല്‍പത്തി 17:18) ഇന്നത്തെ ഇസ്ഹാഖ് പങ്ക് വെക്കണം.
ഫലസ്ത്വീനില്‍ ഹാഗറും ഇസ്മയേലുമുണ്ട്. അവരുടെ മനുഷ്യത്വം അംഗീകരിക്കാന്‍ സയണിസ്റ്റുകള്‍ തയാറല്ല. ഇരുവരുടെയും പിതാവ് അബ്രഹാമാണെന്ന വസ്തുത ജൂത-ക്രൈസ്തവ സയണിസ്റ്റുകള്‍ മറന്നിരിക്കുന്നു. ഹാഗറിന്റെ, ഫലസ്ത്വീനിയന്‍ അമ്മയുടെ, ഗദ്ഗദം കേള്‍ക്കാനുള്ള കാതുകള്‍ അവര്‍ അടച്ചുവെച്ചിരിക്കുന്നു.
ഹാഗര്‍ ക്രൈസ്തവ-മുസ്‌ലിം-ജൂത-പാരമ്പര്യങ്ങളില്‍ പ്രതീക്ഷയുടെയും ദൈവിക സഹായത്തിന്റെയും പ്രതീകമാണ്. ഹാഗറുമായുള്ള സാറയുടെ ബന്ധവും അവരെ പുറത്താക്കിയതും സുവര്‍ണ നിയമത്തിന്റെ ലംഘനമാണ്. എലീവീസല്‍ എന്ന ജൂതപണ്ഡിത നിരീക്ഷിച്ചതുപോലെ 'സാറക്ക് ഹാഗറിനോടും ഇസ്മായേലിനോടും കാരുണ്യം പുലര്‍ത്താമായിരുന്നു. എങ്കില്‍ പില്‍ക്കാലത്തെ പല ദുരന്തങ്ങളും ഒഴിവാക്കപ്പെട്ടേനെ. ഫലസ്ത്വീനിയന്‍ പ്രശ്‌നം തന്നെ രണ്ട് സോദരരുടെ വഴിപിരിയലാണ്.40
ലോകം മുഴുക്കെ അനുഗ്രഹമാം വിധമുള്ള രാജ്യനിര്‍മാതാവായി മാറുമെന്ന് അബ്രഹാമിന് നല്‍കിയ വാഗ്ദാനത്തിലാണ് (ഉല്‍പത്തി 17:18) ജൂത-ക്രൈസ്തവ-ഇസ്‌ലാം മതവിശ്വാസികള്‍ ഒന്നിക്കേണ്ടത്.
കുറിപ്പുകള്‍
1. Tad Szulc, Abraham, Father of three Faiths, National Geographic, December 2001, p. 96
2. Thomas L. Constable, Dr. Constable's Bible Study Notes, Notes on Galations, Dallas: Dallas Theological Seminary, 2005 p. 38
3. Ashley Montagre, Man's Most Dangerous Myth: The Fallacy of Racism, New York: Columbia University Press; 1942, p. 52
4. Frymer Kensky, Reading the women of the bible, New York: Schocken Books, 2002, p. 228
5. Josephme Butler, The Lady of Shunem, London: H. Marshall, 1894, p. 77-78
6. Elie Wiesel, Ishmael and Hagar, in Joseph Edeltheit (Ed), The life of Covenant, Chicago: Spertus College of Judaica Press, 1986, p. 238
7. Parvez G A, Lughat-ul- Quran Vol- II, Lahore:, Idara Tule-e-Islam, 1960, p. 556-557
8. Sanders C.J, Black Women in Biblical Perspective in Living the intersection: Womanist and Afrocentrism in Theology, (Ed. C.J Sanders), Minneapolis: Fortress, 1995, p. 131-138
9. Ibn Ezra, Commentary on the Pentatench Genesis, New York: Menorah Press, 1988, p. 218
10. Elsa Tamez, The Women who Complicated the History of Salvation, in New Eyes For Reading (J.S Pobee etal), Geneva: WCC, 1986 p. 11
11. Barbara Stowasser, Women in the Quran, Tradition and Interpretation, New York: Oxford University Press; 1994, p. 43
12. Ibid
13 Ellen Frankel, The Five Books of Miriam: A Woman's Commentary on the Torah, Sanfrancisco, Calif: Harper, 1996, p. 18
14. Trevor Dennis, Sarah Laughed, Nashville: Abigdon, 1994, p. 176
15. Phyllis Trible, Texts of Terror, Philadelphia: Fortress, 1984, p. 9-35
16. Delores S. Williams, Sisters in the Wilderness, Maryknoll: Orbis, 1993, p. 15-33
17. Trevor Dennis, Op.C.t, p. 67
18. Phyllis Trible, Ominous Begnings for a Promise of Blessing, in P. Trible and L.M Russell (Eds), Hagar Sarah and there children, Jewish, Christian and Muslim perspectives, Louisville, KY: John knox, 2006, p. 40
19. Wisel E, Ishmael and Hagar, in The Life of Covenant: The Challenge of Contemporary Judaism (Ed. Edelheit J. A), Chicago: Spertus College of Judaica, 1986, p. 235
20. Ahmed S, The Cultural Politics of Emotion, Edinburgh: Edinburgh University Press, 2001, p. 44
21. John L. Thompson, Writings The Wrongs, Oxford: Oxford University Press, 2001, p. 69-99
22. Kensky Tikya Frymer, The Reading of the Woman in the Bible, New York: Schoken, 2002, p. 227
23. Bruce S. Feiler, Abraham: A Journey to the Heart of Three Faiths, New York: Harper Collins, 2004, P. 77
24. Phyllis Trible, Texts of Terror, Op. C.t, p.1
25. Barbara Freyer Stowasser, Op. C.t. p. 47
26. Hibba Abugideiri, in Yvonne Yabeck Haddad, J.L Esposito (Eds), Daughters of Abraham, Gaines ville: University of Florida, 2001, p. 85
27. Barbara Freyer Stowasser, Op, C.t, p. 43
28. .................
.......................
38. Ebrahim Moosa, Pilgrims at Heart, The New York Times, 10 January 2006.
39. Rabbi Milton Steinberg, Basic Judaism, Orlanto FL: Harcourt Inn, 1947, p. 12
40. Elie Weisel, Ishmael and Hagar, in the life of Covenant (Ed. J.A Edethest), Chicago: Spertus College of Judaic Press, 1986 p. 248-249