ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം

അഡ്വ. എം.എം. അലിയാര്‍‌‌
img

       യൂറോപ്യന്‍ അധിനിവേശത്തിന് മുമ്പ് ഇന്ത്യയുടെ ഭരണ കര്‍ത്താക്കളായിരുന്ന മുസ്‌ലിം ചക്രവര്‍ത്തിമാര്‍ ഇന്ത്യയില്‍ മുസ്‌ലിം നിയമത്തില്‍ അധിഷ്ഠിതമായ ഒരു നിയമ വ്യവസ്ഥയും നീതിന്യായ സംവിധാനവും നടപ്പാക്കിയിരുന്നു. ദല്‍ഹി സുല്‍ത്താന്മാരുടെ ഭരണത്തിന്‍ കീഴിലും തുടര്‍ന്ന് മുഗള്‍ സുല്‍ത്താന്മാരുടെ ഭരണത്തിന്‍ കീഴിലും സുശക്തവും വ്യവസ്ഥാപിതവുമായ നീതിന്യായ സംവിധാനങ്ങളാണ് ഇന്ത്യയില്‍ നടപ്പാക്കിയിരുന്നത്. എന്നാല്‍ മുസ്‌ലിം ഭരണകാലത്തെ നീതിന്യായ സംവിധാനത്തിലെ ഏറ്റവും വലിയ പോരായ്മ മുസ്‌ലിം നിയമങ്ങള്‍ മുസ്‌ലിം പ്രജകള്‍ക്ക് മാത്രം ബാധകമാക്കിക്കൊണ്ട് ഹിന്ദുക്കള്‍ക്ക് അവരുടെ പുരാതന ശാസ്ത്രിക് നിയമങ്ങള്‍ അനുവദിച്ചു കൊടുത്തിരുന്നു എന്നതാണ്. മുഗള്‍ ഭരണകാലത്തെ പോലീസ് ചുമതലകള്‍ നിര്‍വചിക്കുന്ന 'അയ്‌നി അക്ബരി'യില്‍ 'ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മാഹുതി നടത്തുന്നതിന് വിധവകളെ നിര്‍ബന്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക' തുടങ്ങിയ വ്യവസ്ഥകള്‍ കാണുന്നതില്‍നിന്നും ഹിന്ദുക്കളുടെ ആചാരങ്ങള്‍ അംഗീകരിച്ച് നിലനിര്‍ത്തുന്നതില്‍ മുസ്‌ലിം സുല്‍ത്താന്മാര്‍ കാണിച്ചിരുന്ന താല്‍പര്യം മനസ്സിലാക്കാം.
ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യകാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലും 'ഇംഗ്ലീഷ് കോമണ്‍ ലോ' നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഇംഗ്ലീഷ് നിയമം നടപ്പാക്കുന്നതിലെ അപ്രായോഗികത മനസ്സിലാക്കി അവര്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 1781ലെ ചാര്‍ട്ടര്‍ നിയമത്തില്‍ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ ഹിന്ദുക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഹിന്ദു നിയമപ്രകാരവും മുഹമ്മദന്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മുഹമ്മദന്‍ നിയമ പ്രകാരവും കക്ഷികളില്‍ ഒരാള്‍ മുഹമ്മദനും മറ്റെയാള്‍ ഹിന്ദുവും ആണെങ്കില്‍ പ്രതിയുടെ നിയമ പ്രകാരവും കേസ് തീര്‍പ്പാക്കാന്‍ കോടതികള്‍ക്ക് അധികാരം നല്‍കിയതായി കാണാം.1 (1800കള്‍ക്കു മുമ്പുള്ള വ്യവഹാരങ്ങളില്‍ ഹിന്ദു എന്നതിന് പകരം ജന്‍തു Gentoos (ജന്‍ത) എന്ന വാക്കാണ് ഉപയോഗിച്ച് കാണുന്നത്. ഇന്ത്യക്ക് 'ഹിന്ദ്' എന്നും ഇവിടുത്തുകാരെ 'ഹിന്ദു' എന്നും വിളിച്ചത് അറബികളും മുസ്‌ലിംകളുമാണ് എന്നാല്‍ മുന്‍കാലങ്ങളില്‍ അവര്‍ പരസ്പരം ജന്‍ത(ജന്‍തു) എന്ന് അറിയപ്പെട്ടിരുന്നതായാണ് കാണുന്നത്. പിന്നീട് ബ്രിട്ടീഷുകാര്‍ ജന്‍തു എന്നതിന് പകരം ഹിന്ദു എന്നും മുസ്‌ലിം എന്നതിന് പകരം മുഹമ്മദന്‍ എന്നും വ്യാപകമായി വ്യവഹരിക്കുകയായിരുന്നു).
ഇന്ത്യയില്‍ എഴുതപ്പെട്ട വ്യക്തമായ നിയമസംഹിതകള്‍ ഉണ്ടായിരിക്കെ വെറും നാട്ടുനടപ്പുകളില്‍(custom) അധിഷ്ഠിതമായ ഇംഗ്ലീഷ് സാമാന്യ നിയമം (English common law) ഇന്ത്യയില്‍ നടപ്പാക്കുക തികച്ചും അപ്രായോഗികമായിരുന്നു. 1828 വരെയും ഇംഗ്ലണ്ടില്‍ ഒരു പോലീസ് സംവിധാനം പോലും ഉണ്ടായിരുന്നില്ല എന്ന നിയമ ചരിത്രത്തോട് ഇന്ത്യയില്‍ 1200കള്‍ മുതല്‍ മുസ്‌ലിം ഭരണത്തിന്‍ കീഴില്‍ സുശക്തമായ പോലീസ് സംവിധാനവും ക്രിമിനല്‍ കോടതികളും നിലവിലുണ്ടായിരുന്നു എന്ന ചരിത്രം കൂട്ടി വായിക്കേണ്ടതാണ്.
മുസ്‌ലിംകള്‍ക്കിടയില്‍ അവരുടെ നിയമപ്രകാരം തീര്‍പ്പ് കല്‍പിക്കുന്നതിന് മുസ്‌ലിം നിയമങ്ങള്‍ പഠിക്കുകയല്ലാതെ ബ്രിട്ടീഷുകാര്‍ക്ക് മറ്റ് നിവൃത്തിയുണ്ടായിരുന്നില്ല. ഇസ്‌ലാമിക നിയമ ഗ്രന്ഥങ്ങള്‍ എല്ലാം അറബി ഭാഷയിലായിരുന്നതിനാല്‍ അവ പഠിക്കാന്‍ നിര്‍വാഹമില്ലാതെ വന്നതാണ് ബ്രിട്ടീഷ് നിയമജ്ഞര്‍ ആദ്യകാലത്ത് നേരിട്ട പ്രധാന പ്രതിസന്ധി. മുസ്‌ലിംകള്‍ക്കിടയില്‍ ഏറ്റവും ആധികാരികമായി അംഗീകരിക്കപ്പെട്ടിരുന്ന നിയമ ഗ്രന്ഥമായ 'അല്‍ഹിദായ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിനായി 1774ല്‍ ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിംഗ് പ്രഭു പ്രത്യേക താല്‍പര്യമെടുത്ത് ചാള്‍സ് ഹാമില്‍ട്ടണ്‍ എന്ന ഒരു പ്രശസ്ത നിയമജ്ഞനുകീഴില്‍ ഒരു കാര്യാലയം തന്നെ രൂപീകരിക്കുകയുണ്ടായി. ഹാമില്‍ട്ടന്റെയും സഹപ്രര്‍ത്തകരുടെയും നാലു വര്‍ഷക്കാലത്തെ ശ്രമഫലമായാണ് 'അല്‍ഹിദായ' ആദ്യം അറബിയില്‍നിന്ന് പേര്‍ഷ്യന്‍ ഭാഷയിലേക്കും തുടര്‍ന്ന് പേര്‍ഷ്യന്‍ ഭാഷയില്‍നിന്ന് ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്ത് നാല് ബൃഹത് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ് നിയമജ്ഞര്‍ 'അല്‍ ഹിദായ' എന്ന ഗ്രന്ഥത്തെ നിയമ ഗ്രന്ഥങ്ങളിലെ അത്ഭുതം(miracle) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
1858ലെ വിളംബരത്തോടെ ഇന്ത്യയുടെ ഭരണം പൂര്‍ണമായും ബ്രിട്ടന്‍ ഏറ്റെടുത്ത ശേഷം മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാകുന്ന പൊതുവായ നിയമ സംഹിതകള്‍ ക്രോഡീകരിച്ച് ഘട്ടം ഘട്ടമായി നടപ്പാക്കി എന്നതാണ് 19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് നിയമജ്ഞര്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് നല്‍കിയ പ്രധാന സംഭാവന. 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമം 1872ലെ ഇന്ത്യന്‍ തെളിവ് നിയമം, 1872ലെ ഇന്ത്യന്‍ കരാര്‍ നിയമം, 1882ലെ വസ്തു കൈമാറ്റ നിയമം (Transfer of property Act) എന്നിവ ഉദാഹരണങ്ങളാണ്.
ഇപ്രകാരം മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കുമായി നിയമങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ അവ മുസ്‌ലിം നിയമങ്ങള്‍ അടിസ്ഥാനമാക്കിയോ അല്ലെങ്കില്‍ മുസ്‌ലിം നിയമങ്ങള്‍ക്ക് വിരുദ്ധമാകാത്ത വിധത്തിലോ ആണ് ക്രോഡീകരിച്ചത് എന്നതിനാല്‍ ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍നിന്നും എതിര്‍പ്പുകള്‍ ഉണ്ടായില്ല.
ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ശിക്ഷയുടെ കാര്യത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ കൂടിയും ഇസ്‌ലാമില്‍ കുറ്റകരമായ ഏതാണ്ട് എല്ലാ കുറ്റങ്ങളും ഉള്‍പ്പെടുത്തി എന്നതും കുറ്റം സംബന്ധിച്ച മുസ്‌ലിം നിയമത്തിലെ അടിസ്ഥാന തത്വങ്ങള്‍ അതേപടി ക്രോഡീകരിച്ച് നിയമമാക്കി എന്നതും ഉദാഹരണമാണ്. ഇന്ത്യന്‍ തെളിവ് നിയമം മുസ്‌ലിം തെളിവ് നിയമങ്ങളുടെ പരിഷ്‌കരിച്ച ക്രോഡീകൃത രൂപം മാത്രമാണ്. ഇന്ത്യന്‍ കരാര്‍ നിയമം മുസ്‌ലിം കരാര്‍ നിയമത്തിലെ അടിസ്ഥാന തത്വമായ 'ഇജാബ്', 'ഖബൂല്‍' എന്നിവയുടെ ഇംഗ്ലീഷ് രൂപമായ offer, acceptance എന്നിവ തന്നെ അടിസ്ഥാനമാക്കിയുള്ളതും മുസ്‌ലിം കരാര്‍ നിയമത്തോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നതുമാണ്. വസ്തു കൈമാറ്റ നിയമത്തിലെ (Transfer of property Act) മുസ്‌ലിം നിയമത്തിന് വിരുദ്ധമായ ഇഷ്ടദാനം സംബന്ധിച്ച അധ്യായത്തിലെ വ്യവസ്ഥകളാകട്ടെ മുസ്‌ലിംകള്‍ക്ക് ബാധകമായിരിക്കില്ലെന്ന് ആ നിയമത്തിലെ 129ാം വകുപ്പില്‍ പ്രത്യേകം വ്യവസ്ഥ ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിയമ ക്രോഡീകരണത്തിന്റെ അവസാനഘട്ടം എന്ന നിലയില്‍ വിവാഹം, അനന്തിരാവകാശം ഉള്‍പ്പെടെയുള്ള വ്യക്തി നിയമങ്ങള്‍ ഏകീകരിക്കാനും ക്രോഡീകരിക്കാനും ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമം നടത്തി അതിലേക്ക് ഒരു റോയല്‍ കമ്മീഷനെ നിയമിച്ചെങ്കിലും ഇക്കാര്യത്തില്‍ എടുക്കുന്ന നടപടികള്‍ മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും മതകാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതാകയാല്‍ അതില്‍നിന്ന് പിന്‍മാറി മുസ്‌ലിംകള്‍ അവരുടെ 'ശരീഅ' നിയമം അനുസരിച്ചും ഹിന്ദുക്കള്‍ അവരുടെ 'ധര്‍മശാസ്ത്ര' പ്രകാരവും എന്ന് നിര്‍ദേശിച്ച് റിപ്പോര്‍ട്ട് കൊടുക്കുകയാണുണ്ടായത്.2
ക്രോഡീകരിക്കപ്പെടാത്ത നിയമങ്ങളുടെ കാര്യത്തില്‍ നാട്ടുനടപ്പ് (custom) എന്താണോ അതനുസരിച്ച് വിധി നല്‍കുക എന്ന ഇംഗ്ലീഷ് പൊതുനിയമം (English common law) നടപ്പാക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണത്തിലെ അവസാന കാലഘട്ടത്തിലെ കോടതികളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് 1930കളില്‍ ഒരു കോടതി വിധി ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായത്.
ഹൈന്ദവ ആചാരങ്ങള്‍ ഭാഗികമായി പിന്തുടര്‍ന്ന് വന്നിരുന്ന ഇന്ത്യയിലെ ചില മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഹിന്ദുക്കളിലേതു പോലെ സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ അവകാശം കൊടുത്തിരുന്നില്ല. അപ്രകാരം അനന്തരാവകാശം നിഷേധിക്കപ്പെട്ട ഒരു മുസ്‌ലിം സ്ത്രീ തന്റെ പിതാവിന്റെ സ്വത്ത് മുഴുവന്‍ സഹോദരന്‍ കൈവശപ്പെടുത്തിയെന്നും മുസ്‌ലിം നിയമപ്രകാരം തനിക്ക് ലഭിക്കേണ്ട അനന്തരാവകാശം സഹോദരന്‍ തട്ടിയെടുത്തത് സഹോദരനില്‍നിന്ന് വാങ്ങി തരണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഇന്ത്യന്‍ കോടതിയെ സമീപിച്ചപ്പോള്‍ കക്ഷികള്‍ക്കിടയില്‍ നിലവിലുള്ള ആചാര പ്രകാരം സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ അനന്തരാവകാശമില്ലെന്നും വിധി നല്‍കാന്‍ നിവൃത്തിയില്ലെന്നും കോടതി വിധിച്ചു. ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് നല്‍കിയ സ്വത്തവകാശം നിഷേധിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ കോടതി വിധി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും മുസ്‌ലിംകളുടെ പ്രതിഷേധത്തിന് ഇടയാക്കി.3 ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടെയുള്ള മുസ്‌ലിം പണ്ഡിതര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും അവരുടെയെല്ലാം ക്രിയാത്മകമായ നീക്കങ്ങളുടെ ഭാഗമായി 1937ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുസ്‌ലിം വ്യക്തി നിയമ (ശരീഅത്ത്) ആപ്ലിക്കേഷന്‍ ആക്ട് പാസ്സാക്കുകയും ചെയ്തു.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ശരീഅഃ നിയമം എത്രമാത്രം ബാധകമാണ് എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് ചുരുക്കത്തില്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് എന്നറിയപ്പെടുന്ന Muslim Personal Law (Shariat) Application Act 1937.
ആറ് വകുപ്പുകള്‍ മാത്രമുള്ള ഈ നിയമത്തിലെ പ്രധാന വകുപ്പെന്ന് പറയാവുന്ന രണ്ടാം വകുപ്പ് താഴെ പറയും പ്രകാരമാണ്
''വ്യത്യസ്തമായ എന്തെല്ലാം കീഴ്‌വഴക്കങ്ങള്‍ ഉണ്ടെന്നിരിക്കിലും (കൃഷിഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഒഴികെ) അനന്തരാവകാശം, വ്യക്തിഗത അനന്തര സ്വത്ത്, ഇഷ്ടദാനം, കരാറും മറ്റ് വ്യക്തി നിയമ വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ പ്രത്യേക സ്വത്തവകാശം, വിവാഹം-തലാഖ്, ഈലാഅ്, ളിഹാര്‍, ലിആന്‍, ഖുല്‍അ്, മുബാറഅത്ത് ഉള്‍പ്പെടെയുള്ള വിവാഹമോചനങ്ങള്‍, ജീവനാംശം, മഹ്ര്‍, രക്ഷാകര്‍തൃത്വം, ഇഷ്ടദാനം ട്രസ്റ്റും ട്രസ്റ്റ് സ്വത്തുക്കളും, ധര്‍മ സ്ഥാപനങ്ങളും മതപരമായ ധര്‍മദാനങ്ങളും ഒഴികെയുള്ള വഖ്ഫ് എന്നീ വിഷയങ്ങളിലെല്ലാം കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ തീര്‍പ്പ് കല്‍പിക്കേണ്ട നിയമം മുസ്‌ലിം വ്യക്തി നിയമം (ശരീഅത്ത്) ആയിരിക്കും.''
ഈ നിയമപ്രകാരം മേല്‍വിവരിച്ച വിഷയങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ ആചാരങ്ങള്‍ക്കപ്പുറം ശരീഅ നിയമം ഉറപ്പാക്കപ്പെട്ടു. പിന്നീട് സ്വതന്ത്ര ഇന്ത്യ 1956ലെ Miscelanious Personal Laws Extention Act പ്രകാരം ഈ നിയമം ജമ്മുകശ്മീരിലും ചില കേന്ദ്രഭരണ പ്രദേശങ്ങളിലും ഒഴികെ ഇന്ത്യയിലെ മുഴുവന്‍ പ്രദേശങ്ങള്‍ക്കും ബാധകമാക്കി.
ചുരുക്കിപ്പറഞ്ഞാല്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, മഹ്ര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ പ്രത്യേക സ്വത്തവകാശം, ഇഷ്ടദാനം, രക്ഷാകര്‍തൃത്വം, ജീവനാംശം, ട്രസ്റ്റ്, വഖ്ഫ് എന്നീ വിഷയങ്ങളില്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്ത് നിയമമാണ് ബാധകം. കോടതികള്‍ ശരീഅത്ത് നിയമം അനുസരിച്ച് വിധി നല്‍കണം.
ആചാരങ്ങളും കീഴ്‌വഴക്കങ്ങളും തള്ളിക്കളഞ്ഞു കൊണ്ട് മേല്‍ വിവരിച്ച വിഷയങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ ശരീഅത്ത് ബാധകമാക്കുകയാണ് ഈ നിയമം ചെയ്തത്, അതുകൊണ്ടുതന്നെ ഈ നിയമം മറ്റ് പൊതു നിയമങ്ങളെ മറികടക്കുന്നില്ല. ആചാരങ്ങളും കീഴ്‌വഴക്കങ്ങളും മാത്രമേ തള്ളിക്കളയുന്നുള്ളൂ. മേല്‍ വിവരിച്ച വിഷയങ്ങളിലും പൊതു നിയമങ്ങളിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ശരീഅ നിയമത്തിന് എതിരായാല്‍ ആ നിയമം മുസ്‌ലിംകള്‍ക്കും ബാധകമാണ്. ഉദാഹരണത്തിന് ശരീഅ നിയമപ്രകാരം വിവാഹത്തില്‍ ഏര്‍പ്പെടുന്നതിനുള്ള ചുരുങ്ങിയ പ്രായം പ്രത്യുല്‍പാദന ശേഷി കൈവരിക്കുകയോ 15 വയസ്സ് പൂര്‍ത്തിയാവുകയോ ആണ് എന്നാല്‍ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഇത് പെണ്‍കുട്ടികള്‍ക്ക് 18 വയസ്സും ആണ്‍കുട്ടികള്‍ക്ക് 21 വയസ്സുമാണ്. ഇത് പൊതുനിയമം (General Law) ആയതിനാല്‍ മുസ്‌ലിംകള്‍ക്കും ബാധകമാണ്. മറ്റൊരു ഉദാഹരണം ശരീഅ നിയമപ്രകാരം ഇസ്‌ലാം മതം ഉപേക്ഷിച്ചു പോകുന്ന വ്യക്തിക്ക് മുസ്‌ലിമില്‍നിന്ന് അനന്തരാവകാശം ലഭിക്കില്ല. എന്നാല്‍ Caste Disabilities Removal Act പ്രകാരം ഒരാള്‍ മറ്റൊരു മതം സ്വീകരിക്കുന്നത് അയാളുടെ അനന്തരാവകാശത്തെ ബാധിക്കില്ല. ഈ നിയമം പൊതുനിയമം ആകയാല്‍ മുസ്‌ലിംകള്‍ക്കും ബാധകമാണ്. ഇക്കാര്യത്തിലെ ശരീഅത്തിലെ തടസ്സം ഇന്ത്യയില്‍ ബാധകമല്ല.
ശരീഅത്ത് ബാധകമാക്കുന്ന മേല്‍പറഞ്ഞ നിയമത്തില്‍ എണ്ണിപറഞ്ഞിട്ടില്ലെങ്കില്‍ കൂടിയും നിയമനിര്‍മാണം വഴി പ്രത്യേകം നിയമമാക്കിയിട്ടില്ലാത്ത വ്യക്തി നിയമത്തിന്റെ പരിധിയില്‍ വരുന്ന മറ്റ് പല വിഷയങ്ങളിലും മുസ്‌ലിംകള്‍ക്കിടയില്‍ ശരീഅ നിയമങ്ങളാണ് ബാധകമാവുക. ഉദാഹരണത്തിന് സ്ഥാവര സ്വത്ത് കൈമാറ്റം തടയുന്ന 'ഷുഫഅ' (Pre-emption) എന്ന അവകാശം, അനന്തരാവകാശിക്ക് വേണ്ടി വസിയ്യത്ത് ഇല്ല മുസ്‌ലിം നിയമം, വസിയ്യത്ത് 1/3ല്‍ കവിയരുത് എന്ന നിയമം എന്നിവയെല്ലാം മുസ്‌ലിംകള്‍ക്കിടയില്‍ ശരീഅത്ത് വഴി ബാധകമായ നിയമമാണ്. സുപ്രീംകോടതി വിധികള്‍ പൊതുവിലും ഇവ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
ശരീഅ നിയമങ്ങള്‍ വ്യക്തവും എഴുതപ്പെട്ടതും ആണെങ്കിലും അവ ക്രോഡീകരിക്കപ്പെട്ടവയല്ല. നിയമവിധികള്‍ പല ആധികാരിക ഗ്രന്ഥങ്ങളില്‍ നിന്നായി കണ്ടെടുത്തും വ്യാഖ്യാനിച്ചും ഇന്ത്യന്‍ കോടതികള്‍ വിധിതീര്‍പ്പ് നല്‍കുകയാണ് ചെയ്ത് വരുന്നത്.

1.	Pollock and Mulla, Indian Contract Act, (1972) P.2
2. Mujahidul Islam Qasmi, The Issue of Muslim Personal Law, All India Muslim Personal Law Board (200) P. 12
3. Ibid P.13

© Bodhanam Quarterly. All Rights Reserved

Back to Top