ആത്മസംസ്‌കരണം

മുഹമ്മദ് ശമീം‌‌
img

       മനുഷ്യസ്വത്വത്തെപ്പറ്റി, അതിന്റെ ധാര്‍മികമായ പൂര്‍ണതയുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ പങ്കുവെക്കാന്‍ ശ്രമിക്കുകയാണ്. സ്വത്വ സംസ്‌കരണമാണ് ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്ന വിഷയം. റമദാന്‍ മാസത്തിലെ മുഖ്യചിന്താവിഷയവും കൂടിയാണല്ലോ അത്.
മനുഷ്യന്റെ സത്തയില്‍ രണ്ടു ഭാഗങ്ങളുണ്ട്. രൂപവും ബോധവും എന്ന് നമുക്കവയെ വിളിക്കാം.
മണ്ണില്‍ നിന്നു രൂപപ്പെട്ട മനുഷ്യന്‍ എന്ന വേദാശയത്തില്‍ നിന്നു തന്നെ തുടങ്ങാം. അത് വിവരിക്കുന്നിടത്ത് നിങ്ങള്‍ക്ക് ഈശ്വരന്‍ കാതും കണ്ണും ബോധവും തന്നു എന്നു പറയുന്നുണ്ട് (അസ്സജദഃ). കാതും കണ്ണും എന്നു പറയുന്നത് ബാഹ്യേന്ദ്രിയങ്ങളെയാണ്. പ്രയോഗം കണ്ണും കാതും എന്നാണെങ്കിലും മനുഷ്യന്റെ ശാരീരികമായ സംവേദനേന്ദ്രിയങ്ങളെല്ലാം ഇതില്‍ വരുന്നുണ്ട്. അഞ്ചെണ്ണമാണവ എന്നാണല്ലോ പൊതുവേ നാം മനസ്സിലാക്കിപ്പോരുന്നത്. കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് (ചക്ഷുസ്സ്, ശ്രോത്രം, ഘ്രാണം, രസന, ത്വക്ക്)എന്നിവയാണവ. ഇവ യഥാക്രമം വര്‍ണരൂപാദികള്‍, ശബ്ദം, ഗന്ധം, രസം, സ്പര്‍ശം എന്നീ തന്മാത്രകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കര്‍മേന്ദ്രിയങ്ങളുമാണ് മനുഷ്യനുള്ളതെന്ന് സാംഖ്യദര്‍ശനത്തിന്റെ ആചാര്യനായ കപിലന്‍ സിദ്ധാന്തിച്ചുട്ടുണ്ടല്ലോ. മേല്‍പ്പറഞ്ഞ പഞ്ചേന്ദ്രിയങ്ങളാണ് ജ്ഞാനേന്ദ്രിയങ്ങള്‍. കൈ, കാല്‍, നാക്ക്, ഗുദം, ഉപസ്ഥം (ലിംഗം) എന്നിവ കര്‍മേന്ദ്രിയങ്ങള്‍. രസം എന്ന സംവേദനം അറിയാനും സംസാരിക്കുക എന്ന കര്‍മം ചെയ്യാനും ഉപയോഗിക്കുന്നതിനാലാണ് നാക്ക് രണ്ടിലും പെടുന്നത്. ഈ ഇന്ദ്രിയങ്ങള്‍ക്കു പുറമേ, മനസ്സ് എന്ന ആറാമിന്ദ്രിയത്തെക്കൂടി ഭാരതീയ ദാര്‍ശനികനായ കപിലന്‍ എണ്ണുന്നുണ്ട്. ഇതാകട്ടെ, ശാരീരികമല്ല. അതിനാല്‍ത്തന്നെ അഭൗതികമാണ്. ഇതിനെയാണ് നാമിവിടെ ബോധം എന്നു വിളിക്കുന്നത്. നിങ്ങള്‍ക്ക് ഈശ്വരന്‍ കാതും കണ്ണും ബോധവും തന്നു എന്ന വാക്യം ഉദ്ധരിച്ചിട്ടുണ്ടല്ലോ.
ബോധത്തിന്റെ മൂന്ന് തലങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് വിശുദ്ധ ഖുര്‍ആനില്‍. ബുദ്ധി(അഖ്ല്‍ എന്ന് ഖുര്‍ആന്റെ ഭാഷയില്‍), മനസ്സ് (ഖല്‍ബ്), ആത്മാവ്(റൂഹ്) എന്നിവയാണവ. ഇങ്ങനെ ചിന്തിക്കുമ്പോള്‍ മനുഷ്യസ്വത്വത്തിന്റെ (നഫ്‌സ്) നാല് തത്ത്വങ്ങളെയാണ് നമ്മളിവിടെ പരാമര്‍ശിച്ചത്. ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളുമടങ്ങുന്ന ശരീരമാണ് ഒന്ന്. അതിനോട് ചേര്‍ന്നു നില്‍ക്കുന്ന ബോധഘടകം ബുദ്ധി. അതിന്റെ മുകളില്‍ മനസ്സ്. ഏറ്റവുമുന്നതിയില്‍ ആത്മാവ്. പദാര്‍ത്ഥപരവും ആശയപരവുമായ ഈ തത്ത്വങ്ങള്‍ പ്രേരണ, ആസൂത്രണം, പ്രവൃത്തി, അനുഭവം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെ നമുക്കിപ്രകാരം സംഗ്രഹിക്കാം.

പ്രേരണ, ആസൂത്രണം, പ്രയോഗം, അനുഭവം
പ്രേരണകളുടെയും ചിന്തകളുടെയും ലോകമാണ് മനസ്സ്. ഒപ്പം മൊത്തം ജീവിതത്തിന് സന്തുലിതത്വം നല്‍കുന്നതും മനസ്സാണ്. മനോദൗര്‍ബല്യം ബാധിച്ചവര്‍ക്ക് സമനില നഷ്ടപ്പെടും. വൈകാരികമായ സമ്മര്‍ദങ്ങളുടെയും കൂടി ലോകമാണത്. രണ്ടു തരം പ്രേരണകള്‍ മനുഷ്യനില്‍ പ്രവേശിക്കുകയും വളരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവന്റെ നൈസര്‍ഗികനന്മയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രേരണകളാണ് ഒന്ന്. രണ്ടാമത്തേത് ആ നന്മയില്‍ നിന്നവനെ തെറ്റിച്ചു കളയാന്‍ ശ്രമിക്കുന്നതും. ഈശ്വരീയമാണ് ഒന്നാമത്തെതിന്റെ സ്രോതസ്സ്. ഇതിനെ റബ്ബാനിയഃ എന്നു വിളിക്കാം. രണ്ടാമത്തെതിന്റെ ഉറവിടമാകട്ടെ, ചെകുത്താനുമാകുന്നു. അതിനാല്‍ത്തന്നെ ഇതിന് ശൈത്വാനിയഃ എന്നും പേരു പറയാം. റബ്ബാനിയ്യയില്‍ നിന്നുണ്ടാകുന്ന പ്രേരണകളെയും ബോധനങ്ങളെയും ഇമാം ഗസ്സാലി ഇല്‍ഹാം (ദൈവിക ബോധനം) എന്നു വിളിക്കുന്നുണ്ട്. നേരെ തിരിച്ച് ശൈത്വാനിയ്യയില്‍ നിന്നുണ്ടാകുന്നതിന് വസ്‌വാസ് (സാത്താനിക ദുര്‍ബോധനം) എന്നും അദ്ദേഹം പേരു നല്‍കിയിട്ടുണ്ട്. ഈ പദങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. മനുഷ്യന് ദൈവം നന്മതിന്മകളെക്കുറിച്ച തിരിച്ചറിവും വിവേചനബോധവും നല്‍കി എന്ന് പറയുന്നേടത്ത് ഖുര്‍ആന്‍ (സൂറഃ അശ്ശംസ്) ഇല്‍ഹാം എന്ന പദത്തിന്റെ രൂപഭേദമാണ് പ്രയോഗിച്ചത്. നേരെ തിരിച്ച്, ആദമിന് ചെകുത്താന്റെ പ്രലോഭനമുണ്ടായതായി പറയുമ്പോള്‍ അവിടെ വസ്‌വാസിന്റെ രൂപഭേദവും പ്രയോഗിച്ചിരിക്കുന്നു. ഇപ്രകാരം ഇല്‍ഹാമിന്റെയും വസ്‌വാസിന്റെയും ലോകമാണ് മനുഷ്യന്റെ മനസ്സ്. നല്ലത് എന്ന് തിരിച്ചറിയാന്‍ പ്രയാസമില്ലാത്തതും മനുഷ്യനെ ഉന്നതിയിലേക്കു നയിക്കുന്നതുമായ മാനസിക ചലനങ്ങളെയാണ് ഇല്‍ഹാം എന്നു പറയുന്നതെങ്കില്‍, വസ്‌വാസ് എന്നു പ്രയോഗിക്കുന്നത് മനുഷ്യനെ തരം താഴ്ത്തുന്ന, അവന്റെ അന്തസ്സു കെടുത്തുന്ന ചലനങ്ങളെ സൂചിപ്പിക്കുന്നതിനാണ്.
ബുദ്ധിയെ ആസൂത്രണത്തിന്റെയും യുക്തിയുടെയും ലോകമെന്നു വിളിക്കാം. മനസ്സ് സ്വീകരിക്കുന്നതും പ്രസരിപ്പിക്കുന്നതുമായ പ്രേരണകളെ പ്രയോഗവല്‍ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുന്നതവിടെയാണ്. ഒപ്പം തന്നെ പ്രേരണകളെ വിലയിരുത്തുന്നതും ബുദ്ധിയാകുന്നു. അറിവിന്റെയും ഓര്‍മയുടെയും ലോകം കൂടിയാണല്ലോ ബുദ്ധി. നമ്മുടെ നിലപാടുകളുടെയും പ്രവൃത്തികളുടെയും അനന്തരഫലങ്ങളെയും പിന്നിട്ട വഴികളെയും അത് ഓര്‍ക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.
പ്രേരണയും ആസൂത്രണവും കഴിഞ്ഞാല്‍പ്പിന്നെയുള്ളത് നിര്‍വ്വഹണത്തിന്റെ, അഥവാ ലൗകികകര്‍മങ്ങളുടെ മേഖലയാണ്. കര്‍മമാണ് ശരീരത്തിന്റെ ധര്‍മം. ബുദ്ധിയുടെ നിയന്ത്രണത്തിലായിരിക്കും സാമാന്യേന ശരീരത്തിന്റെ വ്യാപാരങ്ങള്‍. ചിന്തയും യുക്തിയും മാത്രം ഒരാളുടെയും അസ്തിത്വത്തിന് പൂര്‍ണത നല്‍കുന്നില്ല. വിവേചനശേഷിയുടെ പ്രകാശനം കര്‍മമാണ്.
ഇതിനെല്ലാം മുകളില്‍ അനുഭവത്തിന്റെ ഒരു മണ്ഡലമുണ്ട്. അതിനെയാണ് ഈ ലേഖനത്തില്‍ നമ്മള്‍ ആത്മാവ് എന്നു വിളിക്കുന്നത്. നല്ലതും തിയ്യതുമായ നമ്മുടെ സകല കര്‍മങ്ങളുടെയും ഫലങ്ങള്‍ നമുക്കു തന്നെ അനുഭവിക്കാന്‍ സാധിക്കും. അനുഭവത്തിന് ലൗകികവും പാരത്രികവുമായ രണ്ട് തലങ്ങളുണ്ട്. കര്‍മങ്ങള്‍ക്ക് ഫലമുണ്ടാവുക തന്നെ ചെയ്യും എന്നത് പൊതുവില്‍ എല്ലാ ആചാര്യന്മാരും വേദഗ്രന്ഥങ്ങളും ഉറപ്പിച്ചു പറയുന്ന കാര്യമാണ്. ചിലപ്പോള്‍ അത് ഐഹികം തന്നെയാവാം, ചിലപ്പോള്‍ പാരത്രികവും. ഫലങ്ങള്‍ക്ക് ഭൗതികവും മാനസികവുമായ സ്വഭാവങ്ങളുണ്ട്. ഏതു രൂപത്തിലാണെങ്കിലും അതിന്റെ അനുഭവമുണ്ടാകുന്നത് ഇപ്പറഞ്ഞ ഇന്ദ്രിയങ്ങളുടെയെല്ലാം ഇന്ദ്രിയമായ ആത്മാവിനു തന്നെയാകുന്നു.
മനസ്സ് സ്വീകരിക്കുന്ന പ്രേരണയുടെ സ്വഭാവമനുസരിച്ചാണ് ചിന്തയിലും പ്രവര്‍ത്തനത്തിലുമെല്ലാം നന്മയും തിന്മയും പ്രകടമാവുക. മുകളില്‍ ഇല്‍ഹാം എന്നും വസ്‌വാസ് എന്നും രണ്ടു തരം ബോധനങ്ങളെ, പ്രേരണകളെ പരാമര്‍ശിച്ചതോര്‍ക്കുക. ഈ രണ്ടു തരം പ്രേരണകളും മനസ്സിലേക്കു പ്രവഹിക്കുന്നുണ്ട്. ആരോഗ്യമുള്ള മനസ്സ് പക്ഷേ, അതില്‍ നല്ലതിനെ മാത്രം പുറത്തേക്കു വിടുന്നു. അങ്ങനെ ബുദ്ധി നല്ല കാര്യങ്ങളാസൂത്രണം ചെയ്യുന്നു. ശരീരം നന്മ പ്രവര്‍ത്തിക്കുന്നു. ആത്മാവ് ആനന്ദമനുഭവിക്കുന്നു. മനസ്സിന് ഹൃദയം എന്നു കൂടി മിക്ക ഭാഷകളിലും പറയാറുണ്ട്. ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ള ഖല്‍ബ് എന്ന വാക്കിനും ഹൃദയം എന്നര്‍ത്ഥമുണ്ട്. ഒരര്‍ത്ഥത്തില്‍ ഹൃദയം എന്ന ശരീരാവയവവും മനസ്സും തമ്മില്‍ സാമ്യമുണ്ട്. ശരീരത്തില്‍ തലച്ചോര്‍ ഉന്നതസ്ഥാനത്തും ഹൃദയം മധ്യഭാഗത്തുമായിരിക്കുന്നതു പോലെ സ്വത്വത്തിലെ അഭൗതികതത്ത്വങ്ങളില്‍ ആത്മാവ് ഉച്ചസ്ഥാനത്തും മനസ്സ് മധ്യത്തിലുമാകുന്നു. ശുദ്ധവും അശുദ്ധവുമായ രക്തത്തെ സ്വീകരിച്ച് ശുദ്ധീകരിച്ച് ശുദ്ധരക്തത്തെ മാത്രം പുറത്തേക്കു വിടുക എന്നതാകുന്നു ഹൃദയത്തിന്റെ ധര്‍മം. അതിനാല്‍ത്തന്നെ, ഹൃദയത്തെ ബാധിക്കുന്ന അനാരോഗ്യാവസ്ഥ ശരീരത്തെ മുഴുവനായും ബാധിക്കും. മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞിട്ടുണ്ട്, ശരീരത്തിലെയൊരവയവം. അതു നന്നായാല്‍ ശരീരമാകെ നന്നായി. അതു ദുഷിച്ചാലോ, മുഴുവന്‍ ശരീരവും ചീത്തയാകും. അതത്രേ ഹൃദയം.
ഇതുപോലെ, ബോധമണ്ഡലത്തില്‍ നല്ലതും ചീത്തയുമായ പ്രേരണകളെ സ്വീകരിക്കുന്ന സ്ഥലമാകുന്നു മനസ്സ്. പ്രവേശിക്കുന്ന എല്ലാ ചിന്തകളെയും പ്രേരണകളെയും ശരിയായ പ്രക്രിയയ്ക്ക് വിധേയമാക്കി ഉത്തമചിന്തകളെ മാത്രം പുറത്തേക്കു വിടുകയെന്നതാണ് നല്ല മനസ്സിന്റെ ദൗത്യം. സ്വാഭാവികമായും മനസ്സ് ചീത്തയായാല്‍ ബുദ്ധിയും ശരീരവും ആത്മാവും ചീത്തയാകും.

മൃഗതൃഷ്ണ
അതേസമയം, മനസ്സിനെയും ജീവിതത്തെയും ശുദ്ധീകരിക്കാനുള്ള വഴി ജീവിതാസ്വാദനത്തിന്റെ നിരാകരണമല്ല. തൃഷ്ണകളാണ് ദുഃഖത്തിന്റെ ഹേതു എന്നു കണ്ടെത്തുകയും തൃഷ്ണാനിരോധത്തിന്റെ സത്യം പഠിപ്പിക്കുകയും ചെയ്ത ശ്രീബുദ്ധന്‍ തന്നെയും മനുഷ്യന്റെ ആശാസ്യമായ അഭിനിവേശങ്ങളെ അതില്‍പ്പെടുത്തിയിട്ടില്ല. സ്വാര്‍ത്ഥവും അധാര്‍മികവുമാകയാല്‍ അനാശാസ്യമായ തൃഷ്ണ എന്നാണ് ബുദ്ധന്‍ അതിനെ വിശദീകരിക്കുന്നത്. മനുഷ്യന്റെ അഭിനിവേശങ്ങളെ ഗസ്സാലി രണ്ടാക്കി തരംതിരിക്കുന്നുണ്ട്. ശഹ്‌വഃ, ഗദബ് എന്നാണ് ഗസ്സാലിയുടെ ഭാഷയില്‍ അതിനെ പറയുക. നമുക്കതിനെ കാമം, ക്രോധം എന്ന് തര്‍ജമ ചെയ്യാം. എല്ലാ ആഗ്രഹങ്ങളെയും കാമം എന്നും എല്ലാ വികാരങ്ങളെയും ക്രോധമെന്നും വിശദീകരിക്കാം. മൃഗതൃഷ്ണകള്‍ എന്നു പറയാം നമുക്കിവയെ. സ്വാഭാവികവും നൈസര്‍ഗികവുമായ അഭിനിവേശങ്ങള്‍ എന്ന അര്‍ത്ഥത്തില്‍. ഇവയെ പക്ഷേ, അപലപനീയമായ വികാരങ്ങളായല്ല, മനുഷ്യന്റെ അപാരമായ ശേഷിയും സാധ്യതയുമായാണ് ഗസ്സാലി വിലയിരുത്തുന്നത്. അദ്ദേഹമിവയെ ഖുവ്വതുശ്ശഹ്‌വാനിയഃ (കാമത്തിന്റെ ശേഷി), ഖുവ്വതുല്‍ ഗദബിയഃ (ക്രോധത്തിന്റെ ശേഷി) എന്നിങ്ങനെയാണ് വിളിക്കുന്നത്.
ഈ മൃഗതൃഷ്ണകളുടെ അഭാവത്തില്‍ ജീവിതത്തിന് സൗന്ദര്യമില്ല. ഒരര്‍ത്ഥത്തില്‍ ജീവിതം തന്നെയില്ല. മനുഷ്യന്റെ എല്ലാ അഭിനിവേശങ്ങളെയും നിന്ദ്യമായി വിലയിരുത്തുന്ന വിരക്തിയുടെ മതത്തിനും അതു തന്നെയാണ് മതം എന്ന വിലയിരുത്തലിനും മറുപടിയാണ് ഗസ്സാലിയുടെ വിശകലനം. അതേസമയം, വ്യക്തിയുടെ മനസ്സ് സ്വീകരിക്കുന്ന പ്രേരണ മുകളില്‍ സൂചിപ്പിച്ച സ്വഭാവത്തില്‍ ദൈവികബോധനമാണോ ദുര്‍ബോധനമാണോ എന്നതിനെ ആശ്രയിച്ചിരിക്കും തൃഷ്ണകളുടെ പ്രകാശനത്തിലെ ധര്‍മാധര്‍മങ്ങള്‍. സദ്‌പ്രേരണകളെയാണ് മനസ്സ് സ്വീകരിക്കുന്നതെങ്കില്‍ ഇപ്പറഞ്ഞ കാമ ക്രോധ ശേഷികള്‍ ബുദ്ധിയുടെ (അഖ്ല്‍) നിയന്ത്രണത്തില്‍ വരും. ഒരു മനുഷ്യന് ധാര്‍മികതയുടെ പരിധികളെ ലംഘിക്കാതെ ജീവിതാനന്ദം നുകരാനാവും. എന്നാല്‍, ദുഷ്‌പ്രേരണകളില്‍ അഭിരമിക്കുന്നതാണ് ഒരാളുടെ മനസ്സെങ്കില്‍ നേരെ തിരിച്ച് ബുദ്ധി തൃഷ്ണയുടെ നിയന്ത്രണത്തില്‍ വരും. അതോടെ, ഒരാളുടെ ജീവിതം അന്തസ്സിന്റെയും ധര്‍മബോധത്തിന്റെയും പരിധി കടക്കുകയും അധാര്‍മികവൃത്തികള്‍ അവനെ നാശത്തിലേക്കു തള്ളിയിടുകയും ചെയ്യും.
കാമ ക്രോധ ശേഷികളുടെ വിനിയോഗത്തിലെ ധാര്‍മികതയെയും നിസ്വാര്‍ത്ഥതയെയും പഠിപ്പിക്കുന്ന ചില ഉദാഹരണങ്ങളുണ്ട്. ഒരിക്കലൊരു യുദ്ധത്തില്‍ എതിരാളിയെ കീഴ്‌പ്പെടുത്തിയ അലി അയാളുടെ കഴുത്തിനു നേരെ വാളുയര്‍ത്തി. ആ സമയത്ത് എതിരാളി അദ്ദേഹത്തിന്റെ മുഖത്തേക്കൊന്നാഞ്ഞു തുപ്പി. തന്റെ മരണം ഉറപ്പായ സന്ദര്‍ഭത്തില്‍ അവസാനമായി അലിയോടുള്ള രോഷം പ്രകടിപ്പിച്ചതായിരുന്നു അയാള്‍. എന്തായാലും ഇരട്ടി ആവേശത്തോടെ അലി തന്നെ വധിക്കുമെന്നയാള്‍ക്കുറപ്പായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതല്ല സംഭിച്ചത്. ഉയര്‍ത്തിയ വാള്‍ താഴ്ത്തി അലി മുഖം തുടച്ചു. അയാളോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. അദ്ഭുതത്തോടെ അയാള്‍ അലിയുടെ ഈ പ്രവൃത്തിയുടെ പൊരുള്‍ അന്വേഷിച്ചു. എതിരാളിയെ കീഴ്‌പ്പെടുത്തി വധിക്കാന്‍ വാളുയര്‍ത്തിയ പോരാളിയെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ പോന്ന പെരുമാറ്റം തന്നില്‍ നിന്നുണ്ടായപ്പോള്‍ തന്നെ വിട്ടയക്കുകയാണോ ചെയ്യുന്നത്, എന്തായിരിക്കാം അതിന്റെ കാരണം എന്നായിരുന്നു അയാളുടെ ചോദ്യം.
അലി വിശദീകരിച്ചു, സഹോദരാ. എനിക്ക് നിന്നോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. നമ്മുടേത് രണ്ട് നിലപാടുകള്‍ തമ്മിലുള്ള, രണ്ട് ദര്‍ശനങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. ദൈവത്തോടും ദൈവികനീതിയോടും നീ പുലര്‍ത്തുന്ന ശത്രുതയാണ് നിന്നെ എന്റെ എതിരാളിയാക്കിയത്. അതിനാല്‍ത്തന്നെ, നിന്നെ വധിക്കുവാനുള്ള എന്റെ ശ്രമത്തില്‍ സ്വാര്‍ത്ഥമായ യാതൊരു താല്‍പര്യവുമില്ല. എന്നാല്‍, നീ എന്റെ മുഖത്തേക്കു തുപ്പിയ സമയത്ത്, എനിക്ക് നിന്നോട് വ്യക്തിപരമായി ക്രോധമുണ്ടായി. തികച്ചും സ്വാര്‍ത്ഥമായ ഒരു സ്വഭാവത്തില്‍ത്തന്നെ. ആ സമയത്ത് നിന്നെ വധിച്ചാല്‍ സ്വാര്‍ത്ഥവികാരങ്ങളുടെ പേരില്‍ ജീവഹത്യ നടത്തിയവനായിത്തീരും ഞാന്‍. എന്റെ ആ പ്രവൃത്തി കൊടും പാപമായിത്തീരും. അല്ലാഹു ആദരിച്ച ജീവനെ വൈയക്തികവികാരങ്ങളുടെ പേരില്‍ ഹനിച്ചതിന് ഞാന്‍ അല്ലാഹുവിനോടെന്തു സമാധാനം പറയും?
അതേസമയം, ക്രോധത്തെ ഇല്ലായ്മ ചെയ്യാന്‍ വേദഗ്രന്ഥം കല്‍പിച്ചിട്ടില്ല. സമൂഹത്തെ വഴിതെറ്റിയ ഉന്മാദത്തിനടിപ്പെടുത്തിയ സാമിരിയോടും അതിന് വിധേയപ്പെട്ട സമൂഹത്തോടും ക്രോധത്തോടെ പ്രതികരിച്ച മൂസാ നബിയുടെ കഥ പറയുന്നുണ്ടല്ലോ ഖുര്‍ആനില്‍.
കാമത്തിന്റെ കാര്യത്തിലും സമാനമായ ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. ഉദാത്തമായ സ്ത്രീപുരുഷ പ്രണയത്തെയും രതിയെയും പുണ്യമായെണ്ണുന്ന ഖുര്‍ആനും പ്രവാചകനും അതിനടിപ്പെടുന്നതിനെയും അതിന്റെ പേരില്‍ മാര്‍ഗഭ്രംശത്തിലകപ്പെടുന്നതിനെയും സംബന്ധിച്ച ജാഗ്രതയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. നബിതിരുമേനി പറഞ്ഞ ഒരു കഥ ഹദീസ് ഗ്രന്ഥങ്ങളില്‍ വിഖ്യാതമായിട്ടുണ്ട്. മൂന്നു മനുഷ്യരുടെ ഏറ്റവും പ്രസ്താവ്യമായ പുണ്യപ്രവൃത്തിയെപ്പറ്റിയുള്ളതാണാ കഥ. അതില്‍ രണ്ടാമത്തെ മനുഷ്യന്‍ ദൈവഭയത്താല്‍ തന്റെ കാമചോദനയെ സ്വനിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. പ്രഭു വനിതകള്‍ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ച യൂസുഫിന്റെ കഥ ഖുര്‍ആനില്‍ പറയുന്നതും ഒരുദാഹരണമാണ്. ഞാനെന്റെ മനസ്സിനെ കുറ്റ വിമുക്തമാക്കുന്നില്ലെന്നും മനുഷ്യമനസ്സ് ദുഷ്‌പ്രേരണകള്‍ നല്‍കുന്ന ഒന്നു തന്നെയാണെന്നും സമ്മതിക്കുന്ന യൂസുഫ് പക്ഷേ, മനസ്സിന്റെ ആ പ്രലോഭനത്തെ അതിജയിക്കുകയാണല്ലോ ചെയ്യുന്നത്? തന്റെ കാമത്തെയും അതിന്റെ പ്രേരണയെയും ഉപേക്ഷിക്കുകയല്ല, മറിച്ച് അതിനെ തന്റെ ബുദ്ധിയുടെ വരുതിയിലാക്കുകയും അങ്ങനെ അതിനെ വിശുദ്ധമാക്കുകയുമാണദ്ദേഹം ചെയ്തത്.
എന്നുവെച്ചാല്‍, പ്രേരണകളുടെ സ്രോതസ്സ് തിരിച്ചറിയാനും നല്ലതിനെ തിയ്യതില്‍നിന്ന് വേര്‍തിരിക്കാനുമുള്ള ശേഷി മനസ്സിനുണ്ടാകുമ്പോള്‍ ജീവിതം ആനന്ദപൂര്‍ണമാവുകയും വ്യക്തി ഉത്തമനായിത്തീരുകയും ചെയ്യും. വ്യക്തി ഉത്തമനായിത്തീരുമ്പോള്‍ സമൂഹം ഭദ്രതയും ശരിയായ സാംസ്‌കാരിക നാഗരിക പുരോഗതിയുമാര്‍ജിക്കുകയും നന്മയില്‍ വികസിക്കുകയും ചെയ്യും. അങ്ങനെ, ലോകത്ത് സമാധാനമുണ്ടാവും. ആകയാല്‍, മനഃസംസ്‌കരണമത്രെ ലോകസമാധാനത്തിലേക്കുള്ള വഴി.

© Bodhanam Quarterly. All Rights Reserved

Back to Top