തമിഴ് മാപ്പിള സാഹിത്യം പഴമയും പഠനവും

വി.കെ രമേഷ്‌‌
img

       ദക്ഷിണേന്ത്യയിലേക്കുള്ള അറബികളുടെ ആഗമനത്തിന് നൂറ്റാണ്ടുകാലത്തെ പഴക്കമവകാശപ്പെടാനുണ്ട്. മുഹമ്മദ് നബിയുടെ കാലഘട്ടത്തിനു മുമ്പുതന്നെ അവര്‍ പ്രസ്തുത മേഖലകളിലെല്ലാം വ്യാപരിച്ചിരുന്നു. പ്രധാനമായും അറേബ്യ, യമന്‍, പേര്‍ഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നായിരുന്നു അവരുടെ കുടിയേറ്റം. തമിഴകത്തിന്റെ കിഴക്കന്‍ പ്രവിശ്യകളിലായിരുന്നു അറബികള്‍ താവളമുറപ്പിച്ചിരുന്നത്. ചെറിയ മക്കയെന്നു പുകള്‍പെറ്റ കായല്‍പട്ടണം, മുസ്‌ലിം തീര്‍ഥാടന കേന്ദ്രമായ നാഗൂര്‍, തേങ്ങാപട്ടണം, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി തുടങ്ങി പ്രാചീന കാലത്തുതന്നെ തുറമുഖ പട്ടണമായി വികസിച്ചിരുന്ന പ്രദേശങ്ങളില്‍ മികച്ച വര്‍ത്തകസംഘമായി പരിണമിക്കാന്‍ അവര്‍ക്കു സാധിച്ചു. പാണ്ഡ്യദേശത്ത് രാജസദസ്സില്‍ വരെ മുസ്‌ലിംകള്‍ക്കു സ്ഥാനം ലഭിച്ചിരുന്നതായി മാര്‍ക്കോപോളോ രേഖപ്പെടുത്തിയിട്ടുണ്ട്. കാലാന്തരത്തില്‍ ഉത്തരേന്ത്യയില്‍നിന്നും ഒരുവിഭാഗം ദക്ഷിണേന്ത്യയിലേക്കു കുടിയേറി. അതോടൊപ്പം, പ്രാചീന ജൈന,ബുദ്ധ മതവിശ്വാസികളിലൊരുവിഭാഗം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതോടെ തമിഴകത്ത് മുസ്‌ലിംകളുടെ അംഗസംഖ്യ വര്‍ധിച്ചു. മിശ്രസംസ്‌കാരത്തിന്റെ വക്താക്കളായിരുന്ന ഇവര്‍ ലബ്ബ, മരയ്ക്കാര്‍, റാവുത്തര്‍, ജോനകര്‍, തുലുക്കര്‍ എന്നിങ്ങനെ വിവിധ പേരുകളിലാണറിയപ്പെട്ടത്.
വ്യാപാരം പ്രബലമായതോടെ തമിഴില്‍ അറബി പദങ്ങളും കടന്നുകൂടി. പല തമിഴ് പദങ്ങളും അറബികള്‍ക്കു മനസ്സിലാകുമായിരുന്നു. ഭാഷാപരമായ തടസ്സങ്ങളില്ലാതെ കച്ചവടം നടത്തിയിരുന്നുവെങ്കിലും അവര്‍ക്കിടയില്‍ കത്തിടപാടുകള്‍ ഇല്ലായിരുന്നു. ഇതു പരിഹരിക്കാനെന്നോണം തമിഴ് അക്ഷരമാലക്കനുസരിച്ച് അറബിലിപി രൂപപ്പെടുത്തി. ഈ മിശ്രഭാഷ അറബിത്തമിഴ് അഥവാ തുലുക്കത്തമിഴ് എന്ന പേരിലറിയപ്പെട്ടു.
പണ്ഡിതമതമനുസരിച്ച് ഏഴാം നൂറ്റാണ്ടിനു മുമ്പുതന്നെ അറബിത്തമിഴ് ലിപി നിലവിലുണ്ടായിരുന്നു. അറബിയിലെ ഇരുപത്തെട്ടക്ഷരങ്ങളുടെ മുകളിലും താഴെയും എട്ട് സിംബലുകള്‍ ചേര്‍ത്ത് രൂപപ്പെടുത്തിയതാണ് അറബിത്തമിഴ്. മുപ്പത്തിയാറ് അക്ഷരങ്ങളുണ്ടായിരുന്ന ഈ മിശ്രലിപിയില്‍ ഇരുനൂറ്റി നാല്‍പത്തിയേഴ് അക്ഷരങ്ങളുള്ള തമിഴ് ഭാഷ ലഘുവായി എഴുതാനും വായിക്കാനും സാധിച്ചിരുന്നു. തമിഴിന്റെ അതേ വ്യാകരണ ശൈലിയിലാണ് ഈ ഭാഷയും പിന്തുടരുന്നത്. തമിഴകത്തുനിന്ന് ഉല്‍ഭവിച്ച് ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങലിലേക്ക് ഈ മിശ്രഭാഷ വ്യാപരിച്ചു. തമിഴ് മാപ്പിളമാരുടെ ഗ്രന്ഥഭാഷയായിരുന്ന അറബിത്തമിഴിലാണ് പ്രാചീന സാഹിത്യത്തിലെ മൗലികമായ കൃതികളിലേറെയും പിറവികൊണ്ടത്.

I
ഇസ്‌ലാമിക ദര്‍ശനത്തോടനുബന്ധിച്ച് സൂഫിസവും തമിഴകത്ത് വേരുറയ്ക്കാന്‍ തുടങ്ങി. വിശ്വാസികള്‍ പ്രവാചകന്മാരുടെയും ആത്മീയ പുരുഷന്മാരുടെയും കറാമത്തുകളെ പുരസ്‌കരിച്ച് കീര്‍ത്തനങ്ങള്‍ രചിക്കുകയും ദക്ഷിണേന്ത്യയിലുടനീളം പ്രചരിപ്പിക്കുകയും ചെയ്തു. അപ്രകാരം സാത്വികരും ആത്മീയവാദികളുമായ ഒരു കവിവൃന്ദം രൂപപ്പെട്ടുവരികയും അവര്‍ പുലവര്‍ എന്നപേരില്‍ അറിയപ്പെടുകയും ചെയ്തു. അവരില്‍നിന്നാണ് തമിഴകത്തെ ആദ്യസാഹിത്യ പ്രസ്ഥാനമായ മാലപ്പാട്ടുകള്‍ പിറവികൊള്ളുന്നത്.
അറബിത്തമിഴില്‍ വിരചിതമായ മാലപ്പാട്ടുകളേറെയും പതിനാലാം നൂറ്റാണ്ടിനോടനുബന്ധിച്ചാണ് രൂപമെടുക്കുന്നത്. ഇവയില്‍, പ്രഥമ ഗണനീയമായ കൃതി പള്‍സത്ത് മാലൈ ആണ്. അജ്ഞാത കര്‍ത്തൃകമായ ഈ കൃതിക്ക് കേവലം എട്ട് ഈരടികള്‍ മാത്രമേ ഉള്ളൂ. അല്ലാഹുവിനെയും ആത്മീയ പുരുഷന്മാരെയും സ്തുതിക്കുന്നതാണ് ഈ ലഘുകാവ്യം. അനന്തരം പുറത്തുവന്ന മിഹ്‌റാജ് മാലൈയില്‍ അല്ലാഹുവിനെ സന്ദര്‍ശിക്കാന്‍ തിരുനബി ബുറാക് എന്ന ഒട്ടകത്തിലേറി ആകാശയാത്ര നടത്തുന്നതാണ് പ്രമേയവല്‍ക്കരിച്ചിരിക്കുന്നത്. എ.ഡി 1590ല്‍ ആലിപുലവര്‍ രചിച്ച ഈ മാല കാലവും കര്‍ത്താവും കൃത്യമായി നിര്‍ണയിക്കാന്‍ സാധിച്ച ആദ്യ അറബിത്തമിഴ് കൃതികൂടിയാണ്. ഇബ്രാഹീം നബിയുടെ ജീവിതത്തെ പുരസ്‌കരിച്ച് അബ്ദുല്‍ഖാദിര്‍ നൈനാര്‍ ലബ്ബ രചിച്ച തിരുമണിമാലൈയും മുഹമ്മദ് ഇബ്രാഹീം സാഹിബിന്റെ കാസിം മാലൈയുമാണ് മറ്റു രണ്ടു കൃതികള്‍. മുത്തുമൊഴിമാലൈ, തിരുമണിമാലൈ തുടങ്ങി അനേകം മാലപ്പാട്ടുകള്‍ പില്‍ക്കാലത്ത് പിറവിയെടുക്കുകയുണ്ടായി.
പ്രമുഖ സൂഫിവര്യനായ അബ്ദുല്‍ഖാദിര്‍ ജീലാനിയെ പുരസ്‌കരിച്ചും തമിഴകത്ത് മാലപ്പാട്ടുകള്‍ രൂപം കൊണ്ടിട്ടുണ്ട്. ഹൈദ്രോസ് നൈനാര്‍ പുലവര്‍ രചിച്ച നവമണിമാലൈ ഇതിനൊരു മികച്ച ദൃഷ്ടാന്തമാണ്. സൂഫിവര്യന്മാരെ പുകഴ്ത്തുന്ന കേശാദിപാദമാലൈ ശ്രദ്ധേയമായ രചനയാണ്. അറബിത്തമിഴ് പണ്ഡിതനും കായല്‍പട്ടണം സ്വദേശിയുമായിരുന്ന ശാം ശിഹാബുദ്ദീന്‍ വലിയുല്ലയുടെ പെരിയ ഹമീദുമാണിക്യമാലൈയില്‍ ആയിരം ഹദീസുകളെ 1191 പദ്യങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. നമസ്‌കാരം ഒഴിച്ചവരെ വിമര്‍ശിക്കുന്ന അദബുമാലൈയില്‍ കാഫിര്‍, ഹദീദ്, അമല്‍ എന്നീ മൂന്ന് അറബ് പദങ്ങള്‍ കൂടുതലായി ആവര്‍ത്തിക്കുന്നുണ്ട്. ശുദ്ധമായ തമിഴ് ഭാഷയോടാണ് ഈ കൃതിക്ക് ആഭിമുഖ്യമുള്ളത്. അരുമൈകരുണമാലൈ, നബിമാലൈ, പുകഴ്പ്പ്മാലൈ, ആടിക്കളമാലൈ, ശരീഅത്തുമാലൈ തുടങ്ങി മാലപ്പാട്ടുകളാല്‍ സമ്പന്നമാണ് തമിഴ് മാപ്പിള സാഹിത്യം.
ആത്മീയബോധത്തെ പരിപോഷിപ്പിക്കുന്നതില്‍ പുരാണങ്ങളും നാമകളും മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. ഉമര്‍ പുലവരുടെ സീറ പുരാണമാണ് അവയില്‍ ഏറ്റവും ശ്രദ്ധേയം. ഇതേപേരില്‍ പില്‍ക്കാലത്ത് മറ്റു ചില കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്. മുഹമ്മദ് നബിയെ പുരസ്‌കരിക്കുന്ന സീറ പുരാണത്തില്‍ ഹൈന്ദവ സംസ്‌കാരത്തില്‍നിന്നും കടം കൊണ്ട ശൈലികളും പദങ്ങളും ധാരാളമായി കാണാം. അപൂര്‍ണമായ സീറ പുരാണം ലബ്ബ നൈനാര്‍ മരക്കാരുടെ നിര്‍ദേശപ്രകാരം ചിന്നസീറ എന്ന പേരില്‍ മൂന്നു കവികള്‍ ചേര്‍ന്ന് പൂര്‍ത്തീകരിച്ചു. സിലോണില്‍നിന്നും തമിഴകത്തെത്തിയ ബദറുദ്ദീന്‍ പുലവരാണ് മുഹ്‌യിദ്ദീന്‍ പുരാണം രചിച്ചത്. രണ്ടു ഭാഗങ്ങളായി നിബന്ധിച്ച ബൃഹത്തായ കാവ്യമാണ് മുഹ്‌യിദ്ദീന്‍ പുരാണം. ഗുലാം യാദിര്‍ നാവലാരുടെ നാഗൂര്‍പുരാണം തമിഴകത്തെ പ്രസിദ്ധനായ ഒരു സൂഫിവര്യന്റെ ജീവിതത്തെ പുരസ്‌കരിക്കുന്നതാണ്. ജ്ഞാനസാഹിത്യഗണത്തില്‍ ഉള്‍പ്പെടുന്ന വേദപുരാണത്തില്‍ ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅ്‌രിഫത്ത് എന്നിവയെ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. കായല്‍പട്ടണം വലിയ നൂഹു ലബ്ബൈ ആലിം ആണ് രണ്ടായിരം പദ്യങ്ങളുള്ള ഈ മഹത്തായ കാവ്യം രചിച്ചത്. തിരുകരണ പുരാണത്തില്‍ ഷാഹുല്‍ ഹമീദിന്റെ ജീവിതവും കറാമത്തുകളുമാണ് പ്രമേയവല്‍ക്കരിച്ചിരിക്കുന്നത്. മിഅ്‌റാജ്‌നാമ, തൊഴുകൈനാമ, ഇബ്‌ലീസുനാമ എന്നിവയെല്ലാം തമിഴകത്തെ മൂല്യവത്തായ സംഭാവനകളാണ്.
നബിചരിതങ്ങളെ പാട്ടായ് കെട്ടുക എന്നത് മാപ്പിള സാഹിത്യത്തിന്റെ അടിസ്ഥാനപരമായ സവിശേഷതകളിലൊന്നാണ്. ഇബ്രാഹീം പുലവരുടെ മുഹമ്മദ് കാര്‍ന്ന ചരിതം ആ ഗണത്തിലുള്‍പ്പെടുന്നു. നൈനാര്‍ മുഹമ്മദ് പുലവരുടെ മീരാന്‍ സാഹിബ് ആണ്ടവര്‍ ചരിത്ര സ്വര്‍ഗം തമിഴകത്ത് ഏറെ ഖ്യാതിനേടാനായ ഒരു കൃതിയാണ്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രമുഖ സൂഫിവര്യനായ സുല്‍ത്താന്‍ ഷാഹുല്‍ ഹമീദിന്റെ ജീവചരിത്രമാണിതില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഫക്കീര്‍ മുഹ്‌യിദ്ദീന്റെ മുഹമ്മദിന്‍ വാഴ്‌കൈ സ്വര്‍ഗം, വിഹാദത്ത് ഉന്‍നബി എന്നിവ മുഹമ്മദ് നബിയെ പ്രകീര്‍ത്തിക്കുന്നു. അക്ബറിന്റെ ചരിത്രം സംക്ഷിപ്തമായി അവതരിപ്പിക്കുന്ന അക്ബര്‍ നൂര്‍, നബിമാരുടെ ചരിത്രം പ്രമേയമാക്കിയ റൗസത്തുല്‍ അസ്ഫിയ ഫീ കസസുല്‍ അന്‍ബിയ, മുസല്‍മാന്‍കാരണം, സീറത്തുല്‍ ഫാറൂഖ് എന്നിവയും ഔലിയാക്കളുടെ ജീവചരിത്രത്തെ പുരസ്‌കരിക്കുന്ന കസസുല്‍ ഔലിയാ, റസൂല്‍ കരീമിനെ(സ) വാഴ്ത്തുന്ന സുബ്ഹാന മൗലിദ് എന്നിവയും ചരിത്രഗണത്തോട് ചേര്‍ത്തുവെക്കാവുന്നവയാണ്. പദ്യഗദ്യ ശാഖകളിലുടനീളം ഇത്തരം ചരിത്രഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
പോര്‍ച്ചുഗീസ് അധിനിവേശം ദക്ഷിണേന്ത്യയിലുണ്ടാക്കിയ ചലനങ്ങളാണ് തമിഴകത്തും യുദ്ധകാവ്യങ്ങളായ പടപ്പാട്ടുകളുടെ പിറവിക്കിടയാക്കിയത്. മതബോധനത്തിലും വാണിജ്യത്തിലും ഒരുപോലെ കുത്തകനേടാനാഗ്രഹിച്ച പോര്‍ച്ചുഗീസുകാര്‍ക്ക് ഇസ്‌ലാം ഒരു തടസ്സമായിത്തീര്‍ന്നു. അവര്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ടു. തങ്ങള്‍ വംശീയമായി ഉന്മൂലനം ചെയ്യപ്പെടുന്നുവെന്നുമനസ്സിലാക്കിയ മുസ്‌ലിംകള്‍ സംഘടിക്കുകയും അധിനിവേശത്തെ ചെറുത്തുനില്‍ക്കുകയും ചെയ്തു. നീതിക്കും ധര്‍മത്തിനും വേണ്ടി പ്രവാചകന്‍ നടത്തിയ യുദ്ധങ്ങളാണ് അതിനവര്‍ക്ക് പ്രചോദനമായി വര്‍ത്തിച്ചത്. അപ്രകാരം, ഇസ്‌ലാമിക ദാര്‍ശനിക ഗ്രന്ഥങ്ങളില്‍നിന്നും ഇതിവൃത്തം സ്വീകരിച്ച് തമിഴകത്തും പടൈപ്പോരുകള്‍ പിറവികൊണ്ടു.
തമിഴ് മാപ്പിള സാഹിത്യത്തിലെ പടപ്പാട്ടുകളേറെയും പതിനേഴാം ശതകത്തോടെയാണ് രൂപമെടുക്കുന്നത്. ഇവയില്‍ പ്രഥമഗണനീയമായ സ്ഥാനമലങ്കരിക്കുന്ന ഒരു പ്രാചീന കാവ്യമാണ് സഖൂം പടൈപ്പോര്‍. കിത്താബുല്‍ മഹാസി എന്ന അറബി ഗ്രന്ഥത്തെ ഉപജീവിച്ച് മധുര വരിശൈ മുഹ്‌യിദ്ദീന്‍ പുലവരാണ് ഈ ബൃഹത്തായ കാവ്യം രചിച്ചത്. ഒരു സാങ്കല്‍പിക യുദ്ധകാവ്യമായ ഇതില്‍ അല്ലാഹുവിന്റെ നിര്‍ദേശമനുസരിച്ച് മുഹമ്മദ് നബി ഇറാഖിലെ സഖൂം രാജാവിനെതിരെ പടനയിക്കുകയും പരാജിതനായ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ശൈഖുനാ പുലവരുടെ ബുദുഹുശ്ശാം പടപ്പാട്ടാണ് ശ്രദ്ധേയമായ മറ്റൊരു കൃതി. പുലവര്‍ നായകം എന്ന പേരില്‍ പുകഴ്‌പെറ്റ അദ്ദേഹം 61 അധ്യായങ്ങളിലായി രചിച്ച ബൃഹത്തായ ഈ യുദ്ധ കാവ്യത്തില്‍ 6786 പദ്യങ്ങളുണ്ട്. ഖലീഫാ ഉമര്‍ ഫാറൂഖിന്റെ കാലത്തെ പടയോട്ടമാണിതിലെ ഇതിവൃത്തം. മുഹമ്മദീയ കാണ്ഡം, സിദ്ദീഖിയ കാണ്ഡം, ഫാറൂഖിയ കാണ്ഡം എന്നിങ്ങനെ മൂന്നുഭാഗങ്ങള്‍ ഈ പടപ്പാട്ടിനുണ്ട്. സ്ത്രീയെ ആദ്യനായികയാക്കി രചിച്ച തമിഴ് പടപ്പാട്ടാണ് സയ്യിദത്ത് പടൈപ്പോര്‍. തേങ്ങാപട്ടണം സ്വദേശിയായ കുഞ്ഞുമൂസാ പുലവരാണിതിന്റെ കര്‍ത്താവ്. ഇരവുസുല്‍കൂന്‍ പടപ്പാട്ടിലും സ്ത്രീകളുടെ ധീരകൃത്യങ്ങള്‍ വര്‍ണിച്ചെഴുതിയിട്ടുണ്ട്. അസനലിപുലവരാല്‍ രചിക്കപ്പെട്ട അബുപടപ്പാട്ട് അഥവാ അയ്ത്ത് പടൈപ്പോര്‍ അഞ്ചു യുദ്ധകാവ്യങ്ങളുടെ സമാഹാരമാണ്. ഇബൂനിയാന്‍, ഉച്ചി, ദാഹി, വട്ടോച്ചി ഇന്ദിരായന്‍ എന്നിവയാണവ. അലി(റ)യാണ് ഈ അഞ്ചുകാവ്യങ്ങളിലെയും കേന്ദ്ര കഥാപാത്രം. അമീറോ സൈന്യാധിപനും. ഇസ്‌ലാമിന്റെ ശത്രുക്കളായ അറബുഭരണാധികാരികളെ എതിര്‍ത്ത് യുദ്ധത്തില്‍ പരാജയപ്പെടുത്തിയ കഥയാണിതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മാലിക് മുല്‍ക്കില്‍ പടൈപ്പോരില്‍ ഹസ്രത്ത് അലി(റ)യും മാലിഖും തമ്മിലുള്ള യുദ്ധം വര്‍ണിച്ചിരിക്കുന്നു. അജ്ഞാത കര്‍ത്തൃകമായ കാസിം പടൈപ്പോരില്‍ നബിയുടെ പേരമകനായ കാസിം കര്‍ബലയില്‍ ശത്രുക്കളോടെതിരിട്ട് യസീദിന്റെ സൈന്യത്താല്‍ വീരമൃത്യുവരിച്ചതിന്റെ ചരിത്രം വിവരിച്ചിരിക്കുന്നു. ഹുനൈന്‍ പടൈയോര്‍, ഇബ്‌നുയ്ത്താന്‍ പടൈപ്പോര്‍, ഉച്ചിപടൈപ്പോര്‍, ഇന്തരിയാന്‍ പടൈപ്പോര്‍ തുടങ്ങിയവയെല്ലാം തമിഴ് മാപ്പിളസാഹിത്യത്തിലെ അമൂല്യമായ ഈടുവെയ്പ്പുകളാണ്.
ഒരു സമാന്തര ശാഖയായി വികസിച്ചുവന്ന അറബിത്തമിഴ് സ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നേടിയിരുന്നെങ്കിലും പ്രസ്തുത ഭാഷയില്‍ കവനങ്ങള്‍ നടത്തിയിരുന്നവര്‍ തുലോം കുറവായിരുന്നു. തെങ്കാശി സ്വദേശിനിയായ ബൈത്തുല്‍ ബീവി കവയിത്രികളില്‍ പ്രമുഖസ്ഥാനമലങ്കരിക്കുന്നു. യാനബിമാലൈ, യാകുത്തുബുമാലൈ, മാപ്പിളബെയ്ത്ത്, ഖലാസി ബൈയ്ത്ത് എന്നിവയെല്ലാം അവരുടെ മികച്ച രചനകളില്‍ ഉള്‍പ്പെടുന്നു. മുഹമ്മദ് നബിയുടെ പത്‌നിമാരെയും പെണ്‍മക്കളെയും പ്രകീര്‍ത്തിച്ചുകൊണ്ടാണ് തമിഴ്മാപ്പിളസാഹിത്യത്തില്‍ സ്ത്രീപക്ഷരചനകളേറെയും പിറവിയെടുത്തത്. ഇവയിലേറെയും, പുരുഷ രചനകളായിരുന്നു. ഫാത്തിമബീവിയുടെ ഗുണഗണങ്ങളെക്കുറിച്ച് മുഹമ്മദ് മസ്താന്‍ പുലവര്‍ രചിച്ച 'ഫാത്തിമ അമ്മ അവര്‍കള്‍ പേരില്‍ പാടിയ വെണ്‍പ' ജനകീയത നേടാനായ ഒരു കാവ്യമാണ്. ഖദീജയും നബിയും തമ്മിലുള്ള വിവാഹവും മാതൃകാപരമായ ദാമ്പത്യവും നാഗൂര്‍ മുഹമ്മദ് പുലവര്‍ തന്റെ ഖദീജാനായകി തിരുമണവാഴ്ത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. മുഹമ്മദ് ഹുസൈന്‍ പുലവരുടെ പെണ്‍പുത്തിമാലൈ സ്ത്രീകള്‍ ചെയ്യേണ്ട കര്‍മങ്ങളും മാതൃകാ ജീവിതം നയിക്കുന്നതിനുള്ള ഉപദേശങ്ങളും സംഗ്രഹിച്ച കൃതിയാണ്.
ആഖ്യാനരീതിയില്‍ വ്യതിരിക്തത പുലര്‍ത്തുന്ന ചിലകൃതികളും തമിഴകത്ത് പിന്നീട് രൂപംകൊണ്ടു. തമിഴ് നാടകീയ ശൈലിയില്‍ രചിക്കപ്പെട്ട ഒരു പ്രാചീനകൃതിയാണ് തിരുമക്കാപ്പുപള്ള്. അല്ലാഹു, തിരുനബി, മുഹ്‌യിദ്ദീന്‍ ശൈഖ് എന്നിവരുടെ ചരിത്രത്തോടൊപ്പം മക്കയുടെ സാംസ്‌കാരിക സവിശേഷതകളും ഇതില്‍ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. സുലൈമാന്‍ നബിയുടെ ജീവചരിത്രമാണ് രാജനായകം. സയ്യിദ് ഇബ്രാഹീം ശഹീദിന്റെ ജീവിതകഥയാണ് തീന്‍വിളക്കത്തിന്റെ പ്രമേയം. അറേബ്യയില്‍നിന്നും തമിഴകത്തെത്തി ഇസ്‌ലാം പ്രചരിപ്പിച്ചവരില്‍ പ്രധാനിയായിരുന്ന അദ്ദേഹം പാണ്ഡ്യ രാജാവിനോടേറ്റുമുട്ടി വീരമൃത്യു വരിച്ചതായി പറയപ്പെടുന്നു. പുകഴ് അലങ്കാര ചിന്ത്, തിരുമുഹമ്മദ് നബിശതകം, നബിനായകം, ഇന്നിസൈ, തിരുപ്പുകഴ്, തീന്‍മണിമുഴക്കം, നേര്‍വഴിവിളക്കം തുടങ്ങി അസംഖ്യം കൃതികള്‍ ആഖ്യാനത്തില്‍ വേറിട്ടുനില്‍ക്കുന്നു. അബ്ദുല്‍ ഖാദറിന്റെ സയ്യിദ് ഖിസ്സ, അബ്ദുല്‍ വഹാബിന്റെ അയ്യൂബ് നബിയുടെ ഖിസ്സ എന്നിവ തമിഴകത്തെ ഖിസ്സപ്പാട്ടുകളിലുള്‍പ്പെടുന്നു. ദീന്‍വിളക്ക് കുമ്മി(സുല്‍ത്താന്‍ മുഹമ്മദ് സാഹിബ്) ജ്ഞാന അകണ്ടലിവുകുമ്മി(അബ്ദുല്‍ ആലിം ഖാദിരി), റസൂലുല്ലാകുമ്മി(ഖാജാ മുഹ്‌യിദ്ദീന്‍ സാഹിബ്), സിങ്കാര കുമ്മി, പുകഴ്ച്ചികുമ്മി എന്നിവയെല്ലാം ഹൈന്ദവരുടെ കുമ്മിപ്പാട്ടിനെ അനുകരിച്ച് രചിച്ചവയാണ്. താരാട്ടുപാട്ടിന്റെ രൂപത്തില്‍ രചിക്കപ്പെട്ട ചില കൃതികളും തമിഴ് മാപ്പിള സാഹിത്യത്തിലുണ്ട്. നബിയോടുള്ള അകമഴിഞ്ഞ ഭക്തിയും പുത്രതുല്യമായ വാത്സല്യവും അവയില്‍ പ്രകടമാണ്. സയ്യിദ് അണ്ണയ്യാപുലവരുടെ നബിപിള്ളൈ തമിഴ്, അബ്ദുല്ലാ സാഹിബിന്റെ കര്‍പ്പമാല, പഞ്ചരത്‌നത്താരാട്ട് എന്നിവയെല്ലാം ആ ഗണത്തില്‍ ഉള്‍പ്പെടുന്നു. ഖാദിര്‍ മുഹ്‌യിദ്ദീന്‍ റാവുത്തറുടെ കപ്പല്‍പ്പാട്ട് വ്യതിരിക്തമായ ഒരു കൃതിയാണ്. ഭിന്നരീതിയില്‍ വിരചിതമായ ഒരു ഭക്തികാവ്യമാണ് പലവര്‍ണചിന്ത്. വൈദ്യശാസ്ത്രത്തെ അവലംബിച്ച് കാവ്യരൂപത്തില്‍ പുറത്തുവന്ന കൃതിയാണ് യാക്കൂബിന്റെ സിദ്ധപാടല്‍. പേര്‍ഷ്യന്‍-ഉറുദു പദങ്ങളോടുള്ള ആധര്‍മ്യം അദ്ദേഹത്തിന്റെ കൃതികളുടെ പൊതുസ്വഭാവമാണ്. ലബ്ബമാര്‍കള്‍ എന്ന സാമുദായികനാമം തമിഴ് മാപ്പിളസാഹിത്യത്തില്‍ ആദ്യമായി പ്രയോഗിച്ചതും രാമത്തേവര്‍ എന്നു പേരായ യാക്കൂബ് ആയിരുന്നു.
മാപ്പിള സാഹിത്യത്തില്‍ മഹത്തരമായ സ്ഥാനമാണ് മസ്അലകള്‍ക്കുള്ളത്. വിശുദ്ധ ഖുര്‍ആനെയും ഹദീസുകളെയും അധികരിച്ച് ചോദ്യോത്തര രൂപത്തില്‍ രചിക്കപ്പെട്ടവയാണ് മസ്അലകള്‍. ഈ ഗണത്തില്‍ ഏറ്റവും പുരാതനമായ കൃതി വണ്ണകളഞ്ചിയ പുലവര്‍ എന്നറിയപ്പെടുന്ന ശൈഖ് ഇസ്ഹാഖിന്റെ ആയിരം മസ്അലവെന്റും വഴങ്കും അതിശയ പുരാണമാണ്. അറബിത്തമിഴില്‍ രചിക്കപ്പെട്ട ഈ കാവ്യത്തിന്റെ രചനാകാലം എ.ഡി 1572(ഹിജ്‌റ 980) ആണ്. മതബോധത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ മസ്അല സാഹിത്യത്തിനായിട്ടുണ്ട്. സ്ത്രീകളുടെ മഹത്ത്വം ഉദ്‌ഘോഷിച്ച മറ്റൊരു കൃതിയാണ് വെള്ളാട്ടി മസ്അല. പീര്‍മുഹമ്മദിന്റെ തിരുനൈരിനീട്ടം ആയിരം മസ്അലയെ അനുകരിച്ച് രചിച്ചതാണ്. സ്ത്രീ പുരുഷന്മാര്‍ക്ക് ഒരുപോലെ ഇസ്‌ലാമിക മൂല്യങ്ങളും തത്ത്വങ്ങളും പകര്‍ന്നുകൊടുക്കുകയാണതിന്റെ രചനാലക്ഷ്യം. സമ്പത്ത്, ദാമ്പത്യവ്യവസ്ഥകള്‍, സ്വര്‍ഗനരകങ്ങള്‍, ലോകാവസാനം എന്നിവയെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. നൂറ് മസ്അലയാണ് ഈ വിഭാഗത്തിലുള്‍പ്പെടുന്ന മറ്റൊരു കൃതി.
വരമൊഴിയോടൊപ്പം വാമൊഴിപ്പാട്ടുകളായി ഒരുവിഭാഗം കൃതികള്‍ തമിഴ്മാപ്പിളമാര്‍ക്കിടയില്‍ പ്രചാരം സിദ്ധിച്ചിരുന്നു. ഇവയിലേറെയും കവനകഥാഗാനങ്ങളായിരുന്നു. നാടോടിശീലുകളെ അനുകരിച്ച് രചിക്കപ്പെട്ട ഇത്തരം ഗാനങ്ങള്‍ ഇസ്‌ലാമിലെ ആത്മീയ പുരുഷന്മാരുടെ വീരകൃത്യങ്ങളെ പാടിപ്പുകഴ്ത്തുന്നവയായിരുന്നു. സയ്യിദ് ഇമാം പുലവരുടെ പുകഴ് അലങ്കാര ചിന്ത് ഇതിനൊരു ഉദാഹരണമാണ്. കഥാഗാന രീതിയില്‍ രചിക്കപ്പെട്ട മരണവിളക്കത്തില്‍ അനിവാര്യതയോടൊപ്പം ജീവിതത്തിന്റെ നശ്വരതയും പ്രതിപാദിച്ചിരിക്കുന്നു. മുഹമ്മദ് ഇബ്രാഹീം സാഹിബിന്റെ രചന തമിഴകത്ത് ഏറെ ജനകീയത നേടിയിരുന്നു. ഹസ്സന്‍ മുഹ്‌യിദ്ദീന്‍ സാഹിബിന്റെ സീങ്കാര ചിന്തില്‍ മുഹര്‍റത്തിന്റെ പ്രാധാന്യമാണ് ഉദ്‌ഘോഷിച്ചിരിക്കുന്നത്. കല്യാണ വാഴ്ത്ത്, കല്യാണ കീര്‍ത്തനം എന്നിവ വിവാഹപ്പാട്ടുകളുടെ ഗണത്തിലുള്‍പ്പെടുന്നു. ലാളിത്യവും തനിമയും ഒത്തിണങ്ങിയ ഇത്തരം കവനകഥാഗാനങ്ങള്‍ മൗലികമായ കൃതികള്‍ക്കു സമാന്തരമായി വര്‍ത്തിച്ച് തമിഴകത്തെ മാപ്പിളപ്പാട്ടു പ്രസ്ഥാനത്തെ സമ്പുഷ്ടമാക്കിത്തീര്‍ത്തു.

II
പദ്യശാഖക്കു സമാനമായി കൊണ്ടുതന്നെ ഗദ്യസാഹിത്യവും തമിഴകത്തു വളര്‍ച്ച പ്രാപിച്ചിരുന്നു. മതപരവും മതനിരപേക്ഷവുമായ ഒട്ടേറെ അവാന്തരവിഭാഗങ്ങളെക്കൊണ്ട് സമ്പന്നമാണ് തമിഴ് മാപ്പിളഗദ്യം. വിശുദ്ധ ഖുര്‍ആന്റെ വിവര്‍ത്തനവുമായി ബന്ധപ്പെട്ട ആദ്യ പരിശ്രമങ്ങളാരംഭിക്കുന്നത് എ.ഡി 1874 കളോടെയാണ്. ശ്രീലങ്കയിലെ പെരുവിളൈസ്വദേശി മുസ്ത്വഫ ആലിം ഹാജ്യാര്‍ 'ഫത്ഹുല്‍ റഹ്മാന്‍ ഫീ തര്‍ജമത്ത് തഫ്‌സീര്‍ അല്‍ഖുര്‍ആന്‍' എന്ന പേരില്‍ ആദ്യമായി ഒരു വ്യാഖ്യാനം എഴുതി. മൂവായിരം പേജുകളുണ്ടായിരുന്ന ഈ ഗ്രന്ഥത്തിന്റെ അഞ്ച് അധ്യായങ്ങള്‍ ബോംബെയില്‍നിന്നും അച്ചടിച്ചു. ബാക്കി കൈയെഴുത്തു പ്രതികളായി നിലകൊള്ളുന്നു. അറബിത്തമിഴില്‍ പിന്നീട് പല വിവര്‍ത്തനങ്ങളും പുറത്തുവന്നു. കായല്‍പട്ടണം ഹബീബ് മുഹമ്മദ് ആലം ഹിജ്‌റ 1296ല്‍(എ.ഡി 1878) ബുത്തുഹാത്തുര്‍റഹ്മാനിയ്യാ ഫീനഫ്‌സിരി കലവിര്‍റബ്ബാനിയ എന്നൊരു വ്യാഖ്യാനം രചിച്ചു. കൊളംബോയില്‍നിന്നും സുലൈമാന്‍ ഇബ്‌നു മുഹമ്മദ് അല്‍ സൈലാനി സൂറത്തുകള്‍ വിവര്‍ത്തനം ചെയ്തു. 1911ല്‍ ഹാജി ജീലാനി ഫക്കീര്‍ ബിന്‍ മുന്ന മുഹമ്മദ് ഖുര്‍ആന്റെ അവസാന ഭാഗങ്ങള്‍ തമിഴിലാക്കി. പിന്നീട് പല കാലഘട്ടങ്ങളിലായി അറബിത്തമിഴില്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പുറത്തുവന്നു. എന്നാല്‍, 1929ലാണ് തമിഴില്‍ സമ്പൂര്‍ണ ഖുര്‍ആന്‍ വിവര്‍ത്തനം പൂര്‍ത്തിയാക്കുന്നത്. എ.കെ അബ്ദുല്‍ ഹമീദ് ബാഫഖി 'തര്‍ജുമത്തുല്‍ ഖുര്‍ആന്‍' എന്ന പേരില്‍ പുറത്തിറക്കിയ ഈ വിവര്‍ത്തനം മദിരാശിയില്‍നിന്നും അബ്ദുസ്സമദ് രണ്ടു ബൃഹത്തായ വാല്യങ്ങളിലായി ഗ്രന്ഥരൂപത്തില്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. മുഹമ്മദലി ആംഗലേയ ഭാഷയില്‍ തയാറാക്കിയ ഖുര്‍ആന്‍ 6 വാല്യങ്ങളിലായി 1962-71 കാലയളവില്‍ തമിഴില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഹസ്രത്ത് കെ.എ. നിസാമുദ്ദീന്‍, മൗലവി പി. ജൈനുലാബ്ദീന്‍ എന്നിവര്‍ ഈ മേഖലയ്ക്കു സംഭാവന ചെയ്ത മറ്റു ചിലരാണ്.
ഹദീസുകളും ഇതിനോടനുബന്ധിച്ച് രചിക്കുകയുണ്ടായി. പേട്ട അമൂര്‍ അബ്ദുല്‍ഖാദിറാണിതിന്റെ പ്രാരംഭകന്‍. 1904-ല്‍ പ്രവാചകന്റെ നാനൂറ് മൊഴിമുത്തുകള്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അവതരിപ്പിക്കുകയുണ്ടായി. ജൗഹറുല്‍ ഹദീസ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ഖാദിന്റെ സംഭാവനയാണ്. 1915-20 കാലഘട്ടങ്ങളിലായാണ് ഇവയിലേറെയും പുറത്തുവന്നത്. നബിമാരുടെയും സ്വഹാബികളുടേയും ജീവചരിത്രങ്ങളും തമിഴകത്തുണ്ട്. ഇവയെല്ലാം മതഗ്രന്ഥശാഖയിലെ മഹത്തായ ഈടുവെയ്പ്പുകളാണ്.
തമിഴ് മാപ്പിളസാഹിത്യത്തെ സമ്പന്നമാക്കിയതില്‍ നോവലുകള്‍ക്കും കഥകള്‍ക്കുമുള്ള പങ്കിനെയും വിസ്മരിക്കാവതല്ല. അല്ലാമാ സെയ്തുമുഹമ്മദ് ലബ്ബ ആലിം അവര്‍കളാണ് അറബിത്തമിഴിലൂടെ ഒരു സ്വതന്ത്ര നോവല്‍ സാഹിത്യ പ്രസ്ഥാനത്തിനു തുടക്കമിടുന്നത്. മദീനത്തു അഗാസ് എന്ന പ്രസ്തുത നോവല്‍ എ.ഡി 1858ലാണ് പുറത്തിറങ്ങുന്നത്. തമിഴകത്തെ ആദ്യനോവല്‍ അറബിത്തമിഴിലാണ് പിറവികൊണ്ടതെന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയില്‍നിന്നും പിന്നീടിതിന്റെ തമിഴ് പതിപ്പ് പുറത്തിറങ്ങി. വിഖ്യാതമായ 'മആനി' എന്ന കര്‍മശാസ്ത്ര കൃതിയും സെയ്തു മുഹമ്മദ് ലബ്ബ ആലിം അവര്‍കളുടെ സംഭാവനയാണ്. ദക്ഷിണേന്ത്യയിലുടനീളം സ്വാധീനം ചെലുത്തിയ കൃതിയാണ് മആനി.
തമിഴിലിലെ പ്രാചീന നോവലായ 'അസന്‍ ബേ ചരിത്രം' സിദ്ദി ലബ്ബൈ ആലിം അവര്‍കളുടെ സംഭാവനയാണ്. വിശ്വസാഹിത്യത്തിലെ അനശ്വരമായ കെട്ടുകഥകള്‍ മൊഴിമാറ്റം നിര്‍വഹിച്ച് തമിഴകത്ത് പ്രചാരം നേടിയിരുന്നു. മധ്യകാല പേര്‍ഷ്യന്‍ സാഹിത്യത്തിലെ അനശ്വരമായ കൃതിയാണ് ചാര്‍ദര്‍വേശ്. അമീര്‍ ഖുസ്രുവിനാല്‍ വിരചിതമായ ഈ ഗ്രന്ഥത്തില്‍ രണ്ട് ശ്രദ്ധേയ വിവര്‍ത്തനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉര്‍ദുവില്‍നിന്നും അബ്ദുല്‍ഖാദിര്‍ സാഹിബ് സാധുജ്ഞാനികള്‍ ചരിത്രം (1877) എന്ന പേരില്‍ മൊഴിമാറ്റം നിര്‍വഹിച്ചു. പേര്‍ഷ്യനില്‍നിന്ന് ചാര്‍ദര്‍വേശ് കഥൈ എന്ന പേരില്‍ പി.വി ഇബ്രാഹീം സാഹിബ് അതേവര്‍ഷം മറ്റൊരു വിവര്‍ത്തനവും നിര്‍വഹിച്ചു. അമീര്‍ഹംസ, തുതിനാമ, വിവേകവിളക്കം, വിവേകസാഗരം എന്നിങ്ങനെ ഒട്ടേറെ കൃതികള്‍ തമിഴ് നോവല്‍ സാഹിത്യത്തെ സമ്പന്നമാക്കി.
നായ്‌നാ മുഹമ്മദിന്റെ അബൂനവാസ് വികടലജ്ജിയം ബഗ്ദാദിലെ കവിയായിരുന്ന അബൂനവാസിന്റെ കൃതികളെ പുരസ്‌കരിച്ച ഗദ്യാഖ്യാനമാണ്. അറേബ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഹകീം താ യുടെ ത്യാഗവും കഥയായി പുറത്തിറങ്ങിയിട്ടുണ്ട്. മുഹമ്മദ് അബ്ദുല്ല ലബ്ബ അറബിയില്‍നിന്നും ആശയം സ്വീകരിച്ചെഴുതിയ കഥയാണ് ഖദീജാവുക്കും കള്ളനുക്കും നടന്ന കിസ്സ. നീതിവിനോദ കഥൈയാണ് മറ്റൊരു സംഭാവന. മുഹമ്മദ് നിസാമുദ്ദീന്റെ മഹാവികടവിനോദ കലജ്ജിയം ഹാസ്യ കഥകളുടെ സമാഹാരമാണ്. വിഖ്യാതമായ ആയിരത്തൊന്നുരാവുകളും തമിഴിലേക്ക് മൊഴിമാറ്റം നിര്‍വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാഹിത്യത്തിലെ കഥാരത്‌നങ്ങളായ പഞ്ചതന്ത്രം, വിക്രമാദിത്യകഥകള്‍ എന്നിവയെ യഥാക്രമം മുഹമ്മദ് ഇബ്രാഹീമും അബ്ദുല്ല ബിന്‍ അബ്ദുല്‍ ഖാദിറും ചേര്‍ന്ന് പരിഭാഷപ്പെടുത്തി.
അറബി, പേര്‍ഷ്യന്‍, സംസ്‌കൃതം തുടങ്ങി വിശ്വ ഭാഷകളില്‍നിന്നും ചില വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും തമിഴിലേക്ക് വിവര്‍ത്തനം നിര്‍വഹിക്കപ്പെട്ടു. യൂനാനി വൈദ്യതത്ത്വവിരുത്തബോധിനി, നയനരോഗ വിവാരണ ബോധിനി, വിഷനിവാരണി, കുടുംബസംരക്ഷിണി, അഗസ്ത്യാര്‍ പുരാണം, വൈദ്യസൂത്രം, വൈദ്യശതകം എന്നിവയെല്ലാം വൈദ്യശാസ്ത്രത്തെ പുരസ്‌കരിച്ച് വിവിധ കാലഘട്ടത്തില്‍ പുറത്തിറങ്ങിയവയാണ്. ഗദ്യപദ്യശാഖകളിലുടനീളം ഇവക്ക് സ്ഥാനമുണ്ടായിരുന്നു.
സിലോണില്‍നിന്നാണ് അറബിയിലെ ആദ്യവ്യാകരണ ഗ്രന്ഥം ഒരു തമിഴ് മുസ്‌ലിം പ്രസിദ്ധപ്പെടുത്തുന്നത്. മുഹമ്മദ് ഖാസിം ഇബ്‌നു സിദ്ദീഖ് ലബ്ബ രചിച്ച ഈ പ്രാചീന ഗ്രന്ഥത്തിന് 112 പേജുകള്‍ ഉണ്ടായിരുന്നു. മൗലവി ഖാദര്‍ അഹമ്മദ് അറബി വ്യാകരണത്തെക്കുറിച്ച് ഗൂഡല്ലൂരില്‍നിന്നും 'തൗഫത്ത് ഉല്‍ തുലാബ്' എന്ന പേരില്‍ 1910ല്‍ ഒരു ഗ്രന്ഥം പുറത്തിറക്കി. മദിരാശിയില്‍നിന്നും അറബിത്തമിഴില്‍ അബ്ദുല്‍ നഹാബ് സാഹിബ് ഒരു കൃതി അച്ചടിച്ചു. ഷാഹുല്‍ ഹമീദ് ലബ്ബയാണ് വ്യാകരണ ഗ്രന്ഥം രചിച്ച മറ്റൊരു പ്രമുഖന്‍. സമാനമായി നിഘണ്ടുക്കളും തമിഴകത്ത് രൂപംകൊണ്ടു. അറബിത്തമിഴില്‍ നിഘണ്ടുവിനായുള്ള ആദ്യപരിശ്രമം തുടങ്ങുന്നത് 1905ലാണ്. ഹകീം മുഹമ്മദ് അബ്ദുല്ലാ സാഹിബാണിതിന്റെ പ്രാരംഭകന്‍. പിന്നീട് മുഹമ്മദ് ഇബ്രാഹീം ഇബ്‌നു ഹസ്സന്‍ ലബ്ബ 1918ല്‍ 425 പേജുള്ള 'അല്‍ തുഹ്ഫ്-അല്‍സമാദി-യാഹ്ഫീ തര്‍ജമത്തുല്‍ അയാര്‍ അല്‍ അബിയാഹ്' എന്ന പേരില്‍ ബൃഹത്തായ ഒരു നിഘണ്ടു പുറത്തിറക്കി. ഇതിനെ അനുകരിച്ച് മൗലാനാ സയ്യിദ് യാസീന്‍ സിലോണില്‍നിന്നും ഒരു നിഘണ്ടു നിര്‍മിച്ചുവെങ്കിലും അപൂര്‍ണവും അവ്യവസ്ഥിതവുമാകയാല്‍ വേണ്ടത്ര ശ്രദ്ധ നേടാനായില്ല. തുലുക്കത്തമിഴ് മോണിപേര്‍പ്പ് തമിഴ് മുസ്‌ലിംകള്‍ സംഭാവന ചെയ്ത ആദ്യ ഹിന്ദി-തമിഴ് നിഘണ്ടുവായിരുന്നു.
തമിഴ് മാപ്പിള സംസ്‌കാരത്തില്‍ വിപ്ലവാത്മകമായ ചലനങ്ങള്‍ക്കു തുടക്കമിട്ടത് പത്രമാസികകളായിരുന്നു. പ്രാചീനകാലം മുതല്‍ക്കേ അറബിത്തമിഴിലൂടെ ഒട്ടേറെ മാസികകളും പത്രങ്ങളും പുറത്തിറങ്ങിയിരുന്നു. സിദ്ദി ലബ്ബ ആലിം 1882ല്‍ മുസ്‌ലിം നേഷന്‍ എന്ന പേരില്‍ ഒരു പത്രം അറബിത്തമിഴിലാരംഭിച്ചു. ഈ പത്രം 1889 വരെ പ്രചാരത്തിലിരുന്നു. ഇതേ കാലഘട്ടത്തില്‍ത്തന്നെ വിദ്യാവിശാരണി എന്ന മാസികയും പ്രസിദ്ധീകരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ പ്രചാരം നേടിയ ഒരു പഴയ വാരികയായിരുന്നു കശ്ബുറാന്‍ ഫീ ഖല്‍ബില്‍ ജാല്‍. മദിരാശിയില്‍നിന്ന് പുറത്തിറങ്ങിയ ഒരു വാര്‍ത്താ വിനോദ വാരികയായിരുന്നു അജാശിഫുല്‍ അക്ബര്‍. ജ്ഞാനദീപം, സിലോണ്‍ മുഹമ്മദന്‍ എന്നീ ദൈ്വവാരികകളും ഈ ഗണത്തിലുള്‍പ്പെടുന്നു.
1920-40 കാലഘട്ടങ്ങള്‍ക്കിടയില്‍ പത്രമാസികകളുടെ ഒരു കുതിച്ചുചാട്ടം തന്നെ തമിഴകത്തുണ്ടായി. താജുല്‍ ഇസ്‌ലാം, തത്ത്വ ഇസ്‌ലാം, സിറാജ്, മുസ്‌ലിം മുരശ്ശ്, ദീനുല്‍ ഇസ്‌ലാം, ഉരിമൈകുറള്‍, പിറ, മുന്നേറ്റം, ജൗഹറുല്‍ ഇസ്‌ലാം, മുസല്‍മാന്‍ എന്നിവയെല്ലാം അതിനുദാഹരണങ്ങളാണ്. സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം എന്നിവക്കായി നിലകൊണ്ട പത്രമായിരുന്നു മുസ്‌ലിം മുരശ്ശ്. തമിഴ് മാപ്പിളമാര്‍ക്കിടയിലെ ജാതിവ്യവസ്ഥിതിയെ വിടുതലൈ എതിര്‍ത്തു. പിറ, മറുമലര്‍ച്ചി എന്നിവ മുസ്‌ലിംലീഗിന്റെ വളര്‍ച്ചയെയും യുവാക്കളുടെ ഉന്നമനത്തെയും ലക്ഷ്യമിട്ടു. ഒപ്പം ഭരണരംഗത്തും നിര്‍ണായക സ്വാധീനം ചെലുത്തി.
തമിഴ് മുസ്‌ലിം നവോത്ഥാന നായകരില്‍ മുഖ്യസ്ഥാനമാണ് ദാവൂദ് ഷാക്കുള്ളത്. തഞ്ചാവൂരില്‍ ഒരു മുസ്‌ലിം സംഘടന രൂപീകരിച്ച അദ്ദേഹമാണ് തത്ത്വ ഇസ്‌ലാം എന്ന പത്രത്തിന്റെ സ്ഥാപകന്‍. യഥാര്‍ഥ ഇസ്‌ലാമിക പ്രചാരണം ലക്ഷ്യമിട്ട അദ്ദേഹം പരമ്പരാഗത മുസ്‌ലിം പണ്ഡിതരെ നിശിതമായി വിമര്‍ശിച്ചു. ഖുര്‍ആന്‍ സമ്പൂര്‍ണമായി തമിഴിലേക്ക് മൊഴിമാറ്റം നിര്‍വഹിക്കുകയും ഹദീസുകള്‍ക്ക് സ്വതന്ത്ര വ്യാഖ്യാനമെഴുതുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്ത അദ്ദേഹം ഖബ്‌റാരാധന, കാതുകുത്ത്, പേരിടല്‍, പര്‍ദ സമ്പ്രദായം എന്നിവയെ എതിര്‍ത്തു. ക്രൈസ്തവര്‍ ഇസ്‌ലാമിനെതിരെ വെച്ചുപുലര്‍ത്തിയിരുന്ന ആക്ഷേപങ്ങളെ പത്രമാസികകള്‍ ചെറുത്തുതോല്‍പ്പിച്ചു. അല്‍കലാം ഇതില്‍ മുഖ്യ പങ്കുവഹിച്ച പത്രമായിരുന്നു. ഹിഫ്‌സത്തുല്‍ ഇസ്‌ലാം അഹമ്മദിയാക്കളെ വിമര്‍ശിച്ചു. സെയ്ഫുല്‍ ഇസ്‌ലാം മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയും സകാത്തിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇസ്‌ലാമിലെ യാഥാസ്ഥിതികരെ വിമര്‍ശിച്ച ഒരാധുനിക തമിഴ് മാസികയായിരുന്നു അല്‍ഇസ്‌ലാം. അതേസമയം, ഉലമാക്കളുടെ ചില പ്രസിദ്ധീകരണങ്ങള്‍ ദാവൂദ് ഷാ ഉള്‍പ്പെടെയുള്ള ഉല്‍പതിഷ്ണുക്കളെ ചെറുത്തുനിന്നിരുന്നുവെന്നതും വാസ്തവമാണ്. അതോടൊപ്പം, സ്വാതന്ത്ര്യാനന്തരം തമിഴകത്തുണ്ടായ രാഷ്ട്രീയ ഗതിവിഗതികളെയും തമിഴ് പ്രസിദ്ധീകരണങ്ങള്‍ സ്വാധീനിച്ചിരുന്നു. ഡി.കെ, ഡി.എം.കെ തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ തമിഴ് മാപ്പിളമാര്‍ക്കെതിരെ പുലര്‍ത്തിയിരുന്ന വിഭാഗീയതകളെയും പാര്‍ശ്വവത്കരണത്തെയും ഇല്ലാതാക്കിയതും അവകാശ സംരക്ഷണത്തിനുള്ള പോരാട്ടത്തില്‍ മുഖ്യമായ പങ്കുവഹിച്ചതും പത്രമാസികകളായിരുന്നു.
തമിഴകത്ത് അച്ചടിമാധ്യമങ്ങളെ വളര്‍ത്തുന്നതില്‍ അബ്രാഹ്മണരെപ്പോലെ മുസ്‌ലിംകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1920കള്‍ക്കുശേഷം തമിഴകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന പത്രമാസികകളും വാരികകളും തമിഴ് മുസ്‌ലിം സമൂഹത്തിന്റെ അടിത്തറയെ ബലപ്പെടുത്തുന്നവയായിരുന്നു. അവ ഇസ്‌ലാമിനെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്തു. അച്ചടിശാലകള്‍ സ്ഥാപിക്കുന്നതിനു മുമ്പ് വിഭാഗീയതകളുണ്ടായിരുന്ന സമുദായത്തിനിടയില്‍ അനന്തരം ഏകീകൃതമായ സ്വഭാവം കൈവരുകയും മതസാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഒരു സ്വത്വാവബോധം പ്രകടമാവുകയും ചെയ്തു.
ആധുനിക കാലത്ത് ഒരു പഠനഗവേഷണ മേഖലയായി വളര്‍ന്നുവരാന്‍ തമിഴ്മാപ്പിള സര്‍ഗവ്യവഹാരങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. ലോക തമിഴ് സാഹിത്യ സമ്മേളനം 1973ല്‍ തിരുച്ചിറപ്പള്ളിയിലാണരങ്ങേറിയത്. മദ്രാസ് സര്‍വകലാശാല തമിഴ് മാപ്പിള സാഹിത്യത്തിന്റെ പഠനാര്‍ഥം ഒരു വകുപ്പുതന്നെ സ്ഥാപിക്കുകയുണ്ടായി. തമിഴില്‍ പിറവികൊണ്ട പലകൃതികളും പില്‍ക്കാലത്ത് ഭാരതീയവും വൈദിശികവുമായ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തതോടെ മാപ്പിളസാഹിത്യത്തിന്റെ വ്യാപ്തി ഒന്നുകൂടി വിപുലമായി. അറബിത്തമിഴില്‍ രചിക്കപ്പെട്ട സാഹിത്യകൃതികളെ ആദ്യമായി സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയത് ഡോ. എം. മുഹമ്മദ് ഉവൈസ്, ഡോ. പി.എം അജ്മല്‍ഖാന്‍ എന്നിവരാണ്. മധുരകാമരാജ് സര്‍വകലാശാല ഇസ്‌ലാമിക തമിഴ് സാഹിത്യ ചരിത്രം നാലുവാല്യങ്ങളായി പുറത്തിറക്കി. സയ്യിദ് ഹസ്സന്‍മൗലാന, എ.എം.എ അസീസ്, എ.എം നഹിയാ, എം.എ.എം ശുക്‌രി മുതലായ പണ്ഡിതന്മാര്‍ തമിഴ് മാപ്പിള സാഹിത്യത്തെ അക്കാദമിക് രംഗത്ത് പ്രതിഷ്ഠിച്ചവരില്‍ പ്രമുഖരാണ്.

III
ഒരു സമാന്തര ശാഖയെന്നോണം കേരളദേശത്ത് പ്രചാരം സിദ്ധിക്കുകയും നൂറ്റാണ്ടുകാലത്തോളം കേരള മുസ്‌ലിംകളുടെ ഗ്രന്ഥഭാഷയായി കീര്‍ത്തിനേടുകയും ചെയ്ത അറബി-മലയാളത്തെയും തമിഴ് മാപ്പിള സാഹിത്യകൃതികള്‍ സ്പഷ്ടമായി സ്വാധീനിച്ചിട്ടുണ്ട്. ഇവയെ പദതലം, സൈദ്ധാന്തികം, ആശയതലം എന്നിങ്ങനെ തരംതരിക്കാം. തമിഴകത്തെ പുലവരും അവരിലൂടെ കേരള ദേശത്ത് വ്യാപരിച്ച സീറ(ജീവചരിത്രം)കളുമാണ് മാപ്പിളമലയാളത്തില്‍ തമിഴിന്റെ സ്വാധീനം ഊട്ടിയുറപ്പിച്ചത്. തത്സമമായും തദ്ഭവമായും ഒട്ടേറെ പദങ്ങള്‍ തമിഴില്‍നിന്നും മാപ്പിള സാഹിത്യം കടംകൊണ്ടിട്ടുണ്ട്. പോര്, ഉടയവന്‍, കിള, പിരിശം, കണ്ടിപ്പ, അരുള്‍, ഇരവ്, പടപ്പ്, ഉദവി തുടങ്ങി അസംഖ്യം പദങ്ങളെ ഇതിനുദാഹരണമായെടുക്കാം. ചെന്തമിഴ് സാഹിത്യത്തില്‍ പ്രചാരം നേടിയ പല പദങ്ങളും മാപ്പിള സാഹിത്യത്തിലുണ്ട്.
പാട്ടു പ്രസ്ഥാനം മണിപ്രവാളത്തെ ഉള്‍ക്കൊണ്ടുവളര്‍ന്ന കാലത്തു തന്നെയാണ് മാപ്പിളസാഹിത്യകൃതികളും പിറവിയെടുക്കുന്നത്. തിരുപ്പ്, വിരുത്തം, ചിന്ത്, വെണ്‍പ എന്നിവയിലെല്ലാം തമിഴിന്റെ സ്വാധീനമുണ്ട്. മാപ്പിളപ്പാട്ടുകളിലെ വൃത്തവ്യവസ്ഥയായ ഇശല്‍ തമിഴിലെ ഇയല്‍ എന്നതില്‍നിന്നും രൂപപ്പെട്ടതാണ്. ദ്രാവിഡ ദേശത്ത് നിലനിന്നിരുന്ന പ്രാദേശിക നാടോടി വഴക്കങ്ങളില്‍നിന്നാണ് മാപ്പിളപ്പാട്ടുകളിലെ ശൈലികളും താളക്രമങ്ങളും പിറവികൊണ്ടത്.
മലനാട്ടുതമിഴിലെ പാട്ടുപ്രസ്ഥാനത്തിന് ലീലാതിലകകാരന്‍ നിര്‍ദേശിക്കുന്ന ലക്ഷണങ്ങള്‍ മാപ്പിളസാഹിത്യകൃതികളും പിന്‍പറ്റിയിരിക്കുന്നു. പ്രാസവ്യവസ്ഥയില്‍ ഇത്തരമൊരാധര്‍മ്യം കാണാം. അറബി-മലയാളത്തിലെ ആദ്യകൃതിയായ മുഹ്‌യിദ്ദീന്‍ മാലയില്‍ ഇതരഭാഷാ പദങ്ങളോടൊപ്പം തമിഴുപദങ്ങളും കൂടിക്കലര്‍ന്നിട്ടുണ്ട്. കാവ്യസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചില തമിഴുപദങ്ങളും ഇസ്‌ലാമിലെ സാങ്കേതിക ശബ്ദങ്ങള്‍ക്കുവേണ്ടി അല്‍പം അറബി പദങ്ങളും കൂട്ടിക്കലര്‍ത്തിയാണിതിന്റെ രചന. മുഹ്‌യിദ്ദീന്‍ മാലക്കു ശേഷം പിറവിയെടുത്ത കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മാലയിലും തമിഴിന്റെ ആധിക്യമുണ്ട്. അറബി-മലയാളത്തില്‍ രചിച്ച തമിഴുകാവ്യമെന്നുവരെ ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. വൊരായിരത്ത് ഒരുനൂറ്റ് അമ്പതാമൊണ്ടാവതില്‍ ചേര്‍ത്ത മാലൈ എന്ന രചനാകാല സൂചന മുതല്‍....
''ആദിതന്‍ അരുളിനാല്‍
പെരുമാള്‍ അണ്ഡയോളം കടന്ന്
അറ്ശിത് മുടിനീണ്ടെ-
മുഹമൂദ് നബിയെ കാണ്‍മത്ക്ക്
യെനില്‍ ആശക്കടല്‍ പൊങ്കും''
എന്ന മുഖവചനം വരെ ഇക്കാര്യം വ്യക്തമാക്കുന്നു. നൂല്‍മാലയിലെ ഇശലുകളെല്ലാം തമിഴ് ഗാന വഴക്കങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണ്. തമിഴ്പുലവന്മാര്‍ പ്രയോഗിച്ചിരുന്ന വൃത്തങ്ങളാണ് കവിയും സ്വീകരിച്ചിരിക്കുന്നത്. മാപ്പിള കവിസമ്രാട്ടായ മോയിന്‍കുട്ടി വൈദ്യരുടെ കൃതികളെയും തമിഴ് സാഹിത്യം സ്വാധീനിച്ചിട്ടുണ്ട്. ചെന്തമിഴു സാഹിത്യത്തില്‍നിന്ന് പാട്ടു പ്രസ്ഥാനം കടംകൊണ്ട് 'ചെയ്യുള്‍ വികാരങ്ങളെ' തന്റെ കൃതികളിലെല്ലാം കൃത്യമായി വൈദ്യര്‍ പരിപാലിച്ചിട്ടുണ്ട്.
ജനകീയതയില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്നവയാണ് മാപ്പിള സാഹിത്യത്തിലെ കല്യാണപ്പാട്ടുകള്‍. അവയോടനുബന്ധിച്ച് തമിഴ് പുലവന്മാര്‍ രചിച്ച പാട്ടുകളും പാടിവരാറുണ്ട്. മലയാളത്തിന് തമിഴിനോടെന്നപോലെ പുലവരുടെ കൃതികളുമായി മാപ്പിളപ്പാട്ടുകള്‍ക്കു ബന്ധമുണ്ട്. തമിഴ്പുലവന്മാരുടെ കൃതികള്‍ക്കനുസരിച്ച് പല മാപ്പിളകവികളും നാടോടിപ്പാട്ടുകള്‍ രചിച്ചിരുന്നു. പുലവരെ ഗുരുസ്ഥാനീയരായാണ് മാപ്പിളകവികള്‍ കണ്ടിരുന്നത്. ചേറ്റുവായ് പരീക്കുട്ടി തന്റെ കൃതികളില്‍ 'പുലവര്‍ വിരോധിച്ചാല്‍ നടക്കാപ്പാട്ട്' എന്നുവരെ തന്റെ വിധേയത്വം പ്രകടമാക്കിയിട്ടുണ്ട്.
ആശയസ്വീകാര്യതയിലും അറബി-മലയാളസാഹിത്യം തമിഴ് പുലവരോട് കടപ്പെട്ടിരിക്കുന്നു. തമിഴകത്ത് രൂപപ്പെട്ടുവന്ന സൂഫിസമാണ് മാലപ്പാട്ടുകളുടെ പിറവിക്കിടയാക്കിയത്. പില്‍ക്കാലത്ത് ദക്ഷിണണേന്ത്യയിലുടനീളം ഈ പ്രകീര്‍ത്തനങ്ങള്‍ വ്യാപരിച്ചു. അപ്രകാരം കേരളദേശത്തും അവ സ്വാധീനം ചെലുത്തി. അറബി-മലയാളത്തില്‍ മുഹ്‌യിദ്ദീന്‍ മാല രചിക്കപ്പെടുന്നതിനുമുമ്പേ പ്രസ്തുത വിഷയത്തെ പുരസ്‌കരിച്ച് തമിഴില്‍ മാലപ്പാട്ടുകള്‍ പിറവികൊണ്ടിരുന്നു. മാപ്പിളമലയാളത്തിലെ സ്തുതിഗീതങ്ങള്‍ക്കെല്ലാം തമിഴിനോട് അടുത്ത ബന്ധം കാണാം. യുദ്ധകാവ്യങ്ങളായ പടപ്പാട്ടുകളുടെയും അവസ്ഥ മറിച്ചല്ല. മധുര വരിശൈ മുഹ്‌യിദ്ദീന്‍ പുലവരുടെ സഖൂം പടൈപ്പോര്‍ എന്ന കൃതി ഉമര്‍ ആലിം ലബ്ബ അറബി-മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. പില്‍ക്കാല കവികള്‍ക്കു മാര്‍ഗദര്‍ശിയായ ഈ മഹത്തായ കാവ്യം 'തന്തസഖൂം' എന്ന പേരിലും അറിയപ്പെട്ടു. ശൈഖുനാ പുലവരുടെ ബുദൂഹുശ്ശാം പടപ്പാട്ടില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മാപ്പിളമലയാളത്തില്‍ ചേറ്റുവായ് പരീക്കുട്ടി ബുദൂഹുശ്ശാം രചിക്കുന്നത്. അയ്ത്ത് പടൈപ്പോര്‍, കാസിം പടൈപ്പോര്‍ എന്നിവക്കും ഇപ്രകാരം കേരളത്തില്‍ സ്വീകാര്യത ലഭിച്ചിരുന്നു.
കര്‍മശാസ്ത്ര കൃതികളും മസ്അലകളുമാണ് മറ്റൊരു വിഭാഗം. മആനി എന്ന കര്‍മശാസ്ത്ര കൃതിക്ക് ലഭിച്ച സ്വീകാര്യത കേരള മുസ്‌ലിംകളെ പ്രസ്തുത കൃതിയുടെ വിവര്‍ത്തനത്തിനു പ്രേരിപ്പിച്ചു. നൂറ് മസാല, വെട്ടാട്ടി മസാല, ആയിരം മസാല എന്നിങ്ങനെ ഒട്ടേറെ മസ്അലകള്‍ തമിഴില്‍നിന്നും മലയാളത്തിലേക്കു വന്നു. അറബി മലയാളത്തിലെ നൂറുല്‍ ഈമാന്‍, നൂറുല്‍ ഇസ്‌ലാം, കൈഫിയ്യത്തുസ്സലത്ത് തുടങ്ങിയ ചെറു ഗ്രന്ഥങ്ങളും ഇപ്രകാരം തമിഴകത്തെ മസ്അലകളെ ഉപജീവിച്ച് രചിക്കപ്പെട്ടവയാണ്. മതഗ്രന്ഥങ്ങള്‍ക്കുപുറമെ നോവല്‍, കഥകള്‍, വൈദ്യശാസ്ത്ര കൃതികള്‍, ജീവചരിത്രങ്ങള്‍ തുടങ്ങി ഗദ്യശാഖകളിലും പരസ്പരം ആദാനപ്രദാനങ്ങള്‍ നടന്നിട്ടുണ്ട്. കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും അറബി-മലയാള സാഹിത്യ കൃതികള്‍ക്കൊപ്പം അറബിത്തമിഴില്‍ വിരചിതമായ കൃതികള്‍ക്കും ഏറെ പ്രചാരം സിദ്ധിച്ചിരുന്നു. ദൈനംദിന പാരായണത്തില്‍ മാപ്പിളമലയാള കൃതികളോടൊപ്പം അറബിത്തമിഴു കൃതികളും പാരായണം ചെയ്തിരുന്നു. ഗുണങ്കടി മസ്താന്‍, ഉമര്‍ പുലവര്‍ തുടങ്ങി പല തമിഴ് പുലവരുടെയും കാവ്യങ്ങളെ കാസര്‍കോട് മൊഗ്രാല്‍ ദേശത്തെ മാപ്പിളകവികള്‍ പരിചയപ്പെട്ടിരുന്നു.
തമിഴകത്തെ മാപ്പിളസാഹിത്യത്തിന് ആഴവും വ്യാപ്തിയും ഏറെയാണ്. ഒരു സമാന്തരശാഖയെന്നോണം തമിഴകത്തു രൂപപ്പെട്ട മാപ്പിള സര്‍ഗവ്യവഹാരങ്ങള്‍ ഇതര സമാന്തര ശാഖകളെയെല്ലാം പരിപോഷിപ്പിക്കുന്നവയും മുഖ്യധാരയിലെ മൗലികമായ കൃതികളോട് കിടപിടിക്കുന്നവയുമായിരുന്നു. ദക്ഷിണഭാരതത്തിലുടനീളം തമിഴ് മാപ്പിള സാഹിത്യത്തിനുണ്ടായിരുന്ന സ്വാധീനം മതപരതയിലും സര്‍ഗപരതയിലും തനതായ വ്യക്തിത്വം രൂപപ്പെടുത്തിയെടുത്തതോടൊപ്പം സാമുദായികമായ ഐക്യത്തെ നിരന്തരം ഊട്ടിയുറപ്പിച്ചുപോരുകയും ചെയ്തു.

അവലംബം
1. J.B.P More, Muslim identity-print culture and Dravidian Factor in TamilNadu, Orient Longman Private Limited, New Delhi, 2004.
2. തോപ്പില്‍ മുഹമ്മദ് മീരാന്‍, അറബിത്തമിഴ്(ലേഖനം), അറബി-മലയാള സാഹിത്യപഠനങ്ങള്‍, ലീഡ് ബുക്‌സ്, കോഴിക്കോട് 2014.
3. കെ.കെ മുഹമ്മദ് അബ്ദുല്‍കരീം ആന്റ് സി.എന്‍ അഹമ്മദ് മൗലവി, മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം, ആസാദ് ബുക്‌സ്, കോഴിക്കോട് 1978.

© Bodhanam Quarterly. All Rights Reserved

Back to Top