ശരീഅത്ത് ചര്‍ച്ചകളുടെ ചട്ടക്കൂടുകള്‍

ഹുദൈഫ റഹ്മാന്‍‌‌
img

       ശരീഅത്തിനെ പറ്റിയുള്ള ചര്‍ച്ചകള്‍ രണ്ട് തരത്തിലാണ് നടന്നത്. വീണാ ദാസ് കാട്ടിത്തരുംപോലെ സമുദായമാണോ ദേശരാഷ്ട്രങ്ങളാണോ പരമാധികാരി എന്നതാണ് ഒരു കൂട്ടം ചര്‍ച്ചയിലെ ആലോചന. എന്നാല്‍, ശരീഅത്ത് എന്നതുതന്നെ ഒരു പുതിയ ടോപിക് ആയി ഉയര്‍ന്നുവന്നപ്പോള്‍ സംഭവിച്ചത് അതിന് പുതിയ അര്‍ഥങ്ങളും മാനങ്ങളും കൈവരികയാണെന്നാണ് ഇബ്രാഹീം മൂസ വ്യക്തമാക്കുന്നത്. ഇതാണ് രണ്ടാമത്തെ കാര്യം. ഈ രണ്ടു പേരുടെയും വാദങ്ങളെ പശ്ചാത്തലമായി വെച്ചുകൊണ്ട് 80കളുടെ രണ്ടാം പകുതിയില്‍ നടന്ന മലയാള നാട്ടിലെ ശരീഅത്ത് ചര്‍ച്ചയുടെ ഒരു സാമ്പിള്‍ മാത്രം പരിശോധിക്കാനാണ് ഞാന്‍ നോക്കുന്നത്. ഈ രണ്ട് വശങ്ങളും മാത്രമാണോ ഉണ്ടായിരുന്നത് എന്നുനോക്കാനാണ് ഈ ചെറിയ കുറിപ്പില്‍ ഞാന്‍ ശ്രമിക്കുന്നത്. ടി.പി കുട്ടിയമ്മു എന്ന ചീഫ് എഞ്ചിനീയര്‍ എഴുതിയ ശരീഅത്ത് സംരക്ഷണം എന്ന പുസ്തകത്തെയാണ് ഈ ചര്‍ച്ചക്കുള്ള വേദിയായി സ്വീകരിക്കുന്നത്. ആദ്യത്തെ കൗതുകം ഒരു ചീഫ് എഞ്ചിനീയര്‍ മതകാര്യങ്ങളില്‍ ഇടപെടുന്നു എന്നത് തന്നെയാണ്. തന്റെ ഈ പുസ്തകത്തിന്റെ കര്‍ത്താവ് എന്ന സ്ഥാനത്ത് റിട്ടയേഡ് ചീഫ് എഞ്ചിനീയര്‍ എന്നാണ് നല്‍കിയിരിക്കുന്നത്. ഈ പുസ്തകത്തിലെ ആശയത്തിലേക്ക് കടക്കുന്നതിനു മുമ്പ് മേല്‍ പറഞ്ഞ രണ്ടുപേരുടെയും ചര്‍ച്ചകളെ പൊതുവില്‍ പരിചയപ്പെടുത്താം.
സമുദായവും സ്റ്റേറ്റും തമ്മിലുള്ള വടംവലിയായാണ് ദാസ് ഇരുപതാം നൂറ്റാണ്ടിലെ സംഭവങ്ങളെ കാണുന്നത്. പ്രത്യേകിച്ചും ഷാബാനു കേസിനെ. രൂപ് കന്‍വാറിന്റെ സതിയെയും തന്റെ ചര്‍ച്ചയില്‍ കൊണ്ടുവരുന്നുണ്ട്. ''ഈ രണ്ട് കേസിലും സ്റ്റേറ്റ് ഇടപെടുകയും നിയമനിര്‍മാണം നടത്തുകയും ചെയ്തു.'' (പു. 449) തുടര്‍ന്ന് എഴുതുന്നത് ''സെക്കുലറും പുരോഗമനവാദികളുമായ ആള്‍ക്കാരുടെ കാഴ്ചപ്പാടില്‍ സുപ്രീംകോടതി വിധിയെ എതിര്‍ത്തവര്‍ മൗലികവാദികളും വര്‍ഗീയവാദികളുമാണ്. ഇന്ത്യന്‍ സമൂഹത്തിനു തന്നെ ഭീഷണിയാണ് ഇവരുടെ ഉയര്‍ന്നുവരവ് എന്നും സെക്കുലറിസ്റ്റുകള്‍ വാദിച്ചു. എന്നാല്‍, ഈ പ്രശ്‌നം ഉയര്‍ത്തിയ സങ്കീര്‍ണമായ വശങ്ങളെ ലളിതമായി അവതരിപ്പിക്കുക മാത്രമാണ് ഇതിലൂടെ നടന്നത്.'' (പു. 449) സെക്കുലറിസ്റ്റുകളും വര്‍ഗീയവാദികളും തമ്മിലുള്ള തര്‍ക്കമായി ഇതിനെ അവതരിപ്പിക്കുന്നതിനെ വീണാ ദാസ് എതിര്‍ക്കുന്നു. 1985-86 കാലത്ത് ഇതിനെ കൂടുതലായും അവതരിപ്പിച്ചത് വര്‍ഗീയവാദികളും പുരോഗമനകാരികളും തമ്മിലുള്ള തര്‍ക്കമായാണ് എന്നാണ് വീണാ ദാസ് സൂചിപ്പിക്കുന്നത്. ''കാരണം ആ സമയത്ത് ഈ പ്രശ്‌നങ്ങളുടെ സങ്കീര്‍ണതകളെ മുഴുവനായും മനസ്സിലാക്കാന്‍ സാധ്യമായിരുന്നില്ല. അതിനാല്‍ തന്നെ, സെക്കുലറിസ്റ്റുകളും സാമുദായികവാദികളും തമ്മിലുള്ള ഏറ്റുമുട്ടലായിട്ടാണ് ഈ പ്രശ്‌നത്തെ ഈ വര്‍ഷങ്ങളില്‍ അവതരിപ്പിച്ചത്. ഈ നിഴല്‍ യുദ്ധത്തില്‍നിന്ന് ഇപ്പോള്‍ നമുക്ക് മാറി കാര്യങ്ങളുടെ സങ്കീര്‍ണതയെ കാണാനാകും.'' (പു. 451) 1999ല്‍ ആദ്യ പതിപ്പ് ഇറക്കിയ പുസ്തകത്തിലാണ് വീണാ ദാസ് തന്റെ ലേഖനം അവതരിപ്പിക്കുന്നത്. എന്നാല്‍, കുട്ടിയമ്മു 1986 ഒക്‌ടോബറില്‍ ഇറക്കിയ പുസ്തകത്തില്‍ തന്നെ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആമുഖത്തിലെ അറിയിപ്പനുസരിച്ച് ശരീഅത്ത് വിവാദം നടന്ന വര്‍ഷം തന്നെ വിവിധ പത്രമാധ്യമങ്ങളിലായി എഴുതിയവയാണ്. ''പ്രസ്താവനകള്‍, ലേഖനങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രകടനങ്ങള്‍ മുതലായവ അന്തരീക്ഷത്തെ കലക്കി മറിച്ചു. മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി ഇടറാതെയും പതറാതെയും ഇതിനെയെല്ലാം ചെറുത്തുകൊണ്ടിരുന്നു. പ്രസ്താവനകളും പത്രലേഖനങ്ങളും പുസ്തകങ്ങള്‍ തന്നെയും ഇവര്‍ ഇറക്കുകയുണ്ടായി. ഇതിനെയെല്ലാം തരംതിരിച്ച് അപഗ്രഥിച്ച് കല്ലും നെല്ലും വേര്‍തിരിച്ചു കാട്ടുന്ന കുറെ ലേഖനങ്ങള്‍ ചന്ദ്രിക ദിനപത്രത്തിലും വാരികയിലും ഈ ലേഖകന്‍ എഴുതുകയുണ്ടായി. അവയുടെ സമാഹാരമാണ് ഈ ഗ്രന്ഥം.'' ശരീഅത്ത് വിവാദം നടന്ന് പതിമൂന്നോളം വര്‍ഷം കഴിഞ്ഞാണ് വീണാദാസ് ഈ പ്രശ്‌നത്തെ അപഗ്രഥിക്കുന്നത്. അതിനുള്ള കാരണം, അപ്പോഴാണ് ഈ വിഷയത്തെ വ്യക്തമായി മനസ്സിലാക്കാനുള്ള കാലതാമസം കിട്ടിയുള്ളൂ എന്നതാണ്. എന്തായാലും കുട്ടിയമ്മുവിന്റെ പുസ്തകത്തെ നമുക്ക് ശ്രദ്ധിക്കേണ്ടി വരുന്നത് ഇക്കാരണത്താല്‍ കൂടിയാണ്. മലയാളി മുസ്‌ലിം സമുദായത്തിനകത്ത് ആ വര്‍ഷങ്ങളില്‍ തന്നെ ഏത് തരത്തില്‍ ഈ പ്രശ്‌നത്തെ കണ്ടു എന്നതിനുള്ള മികച്ച രേഖയാണ് ഈ കൃതി.
സങ്കീര്‍ണമായ ഈ പ്രശ്‌നം ''സമുദായവും സ്റ്റേറ്റും തമ്മിലുള്ളതാണെന്നാണ് ദാസ്'' (ശയശറ) കരുതുന്നത്. കുട്ടിയമ്മുവും ഇതുപോലെ തന്നെ സമുദായവും ഭരണകൂടവും തമ്മിലുള്ള ഏടാകൂടത്തിലാണ് ഈ പ്രശ്‌നത്തെ അവതരിപ്പിക്കുന്നത്. ''മതം ദൈവവും വ്യക്തിയും തമ്മിലുള്ള ഒരു സ്വകാര്യ ബന്ധമാണെന്നും അത് ലൗകിക കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും അമുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഇതോ 'ഈശ്വരന് ഈശ്വരന്റേത്, സീസര്‍ക്ക് സീസര്‍ക്കുള്ളത്' എന്ന പ്രമാണമോ മുസല്‍മാന് സ്വീകാര്യമല്ല. ജീവിതത്തിന്റെ സകല വശങ്ങളെയും സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ് ഇസ്‌ലാം.'' (പു. 14) തുടര്‍ന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് നിയമത്തിന്റെ പശ്ചാത്തലവും അവര്‍ കൊണ്ടുവന്ന ശരീഅത്ത് നിയമത്തെയും പറ്റി സംസാരിക്കുന്നു. എന്നാല്‍ അതില്‍ മാത്രം ഒതുങ്ങാതെ ശരീഅത്ത് കോടതികള്‍ സ്ഥാപിക്കുന്നതിനെ പറ്റി കുട്ടിയമ്മു സൂചിപ്പിക്കുന്നു. കോടതി എന്ന വാക്ക് അദ്ദേഹം ഉപയോഗിക്കുന്നില്ല. പഞ്ചായത്ത് എന്ന വാക്കാണ് പകരമായി സ്വീകരിക്കുന്നത്. ഇതില്‍നിന്നുതന്നെ ഈ ബദല്‍ മാതൃകയുടെ അനൗപചാരികത വ്യക്തമാകും. ''നിയമങ്ങള്‍ കൊണ്ടു മാത്രം നീതി ലഭ്യമാകുവാന്‍ പലപ്പോഴും സാധിച്ചെന്നു വരില്ല. പഞ്ചായത്തുകള്‍ മുഖേനയുള്ള അനുരഞ്ജന നടപടികളും സാമൂഹ്യ സമ്മര്‍ദവുമായിരിക്കും കൂടുതല്‍ ഫലപ്രദം. അതിന് ശരീഅത്ത് പഞ്ചായത്തുകള്‍ ഉണ്ടാകുന്നത് നന്ന്. അത്തരം പഞ്ചായത്തുകള്‍ക്ക് നിയമബലം ലഭിക്കുമെങ്കില്‍ നന്ന്. ഇങ്ങനെ മുസ്‌ലിംകള്‍ ആഗ്രഹിക്കുന്ന നിയമനിര്‍മാണത്തിന് ഇന്ത്യന്‍ നിയമനിര്‍മാണസഭ സഹായിക്കുമോ? അതല്ല ഏകീകൃത സിവില്‍കോഡിന്റെ പേരില്‍ ഇതിനെല്ലാം തടസ്സമായി നില്‍ക്കുമോ? ഇതാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ മുമ്പിലുള്ള സുപ്രധാനമായ ചോദ്യം.'' (പു. 16-17) ഒരേ സമയം സ്റ്റേറ്റിനെ വിമര്‍ശിക്കുകയും അതേസമയം തന്നെ അതിന്റെ നിയമനിര്‍മാണത്തെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇവിടെ കാണുന്നത്. മേല്‍പറഞ്ഞ പാരഗ്രാഫില്‍ തന്നെ കുട്ടിയമ്മു ഈ വൈരുധ്യത്തില്‍ അകപ്പെടുന്നുണ്ട്. ഈ പാരഗ്രാഫ് തുടങ്ങുന്നത് നിയമങ്ങള്‍ കൊണ്ടുമാത്രം നീതി നടപ്പാക്കാന്‍ സാധ്യമല്ല എന്ന് സൂചിപ്പിച്ചാണ്. അതിനാലാണ്, നാട്ടുകൂട്ടത്തെ ഓര്‍മിപ്പിക്കുന്ന മധ്യസ്ഥ പഞ്ചായത്തുകളെ ഉണ്ടാക്കേണ്ടതിനായി വാദിക്കുന്നത്. എന്നാല്‍ ഈ പാരഗ്രാഫ് അവസാനത്തിലേക്കെത്തുമ്പോള്‍ ഇത്തരം അനൗപചാരിക സെറ്റപ്പുകള്‍ക്ക് ഇന്ത്യന്‍ നിയമനിര്‍മാണ സഭകള്‍ ഔദാര്യവും കാരുണ്യവും കാണിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യയിലെ മുസ്‌ലിം ഏതു വൈരുധ്യത്തിലാണ് അകപ്പെട്ടിരിക്കുന്നത് എന്ന് വളരെ മികച്ച രീതിയില്‍തന്നെ കാട്ടിത്തരുന്നു. ഒന്നുകൂടി മാറ്റിപ്പറഞ്ഞാല്‍ വൈരുധ്യങ്ങളിലൂടെ മാത്രമേ തന്റെ സങ്കീര്‍ണമായ ഐഡന്റിറ്റി പ്രശ്‌നങ്ങളെ ഇന്ത്യന്‍ മുസ്‌ലിമിന് അവതരിപ്പിക്കാനാകൂ. ഈ അവസ്ഥയുടെ മറ്റൊരു വശത്തെ പറ്റി വീണാ ദാസ് സൂചിപ്പിക്കുന്നുണ്ട്. ''എല്ലാ വിധി തീര്‍പ്പുകളുടെയും ഉടമസ്ഥനായി നില്‍ക്കുന്ന സ്റ്റേറ്റിനെ വെല്ലുവിളിക്കുക എന്നും സ്വകാര്യ ജീവിതത്തില്‍ പരമാധികാരം സമുദായത്തിനാണ് എന്ന് വിളിച്ചു പറയലും കൂടിയാണിത് എന്ന് ഒരര്‍ഥത്തില്‍ വ്യാഖ്യാനിക്കാവുന്നതാണ്. സ്റ്റേറ്റ് ഉണ്ടാക്കിയ പുതിയ നിയമത്തെ (മുസ്‌ലിം വിധവാ സംരക്ഷണ ബില്‍) അംഗീകരിക്കുന്നതിലൂടെ സമുദായത്തിലെ മൗലികവാദികള്‍ സ്റ്റേറ്റിന്റെ പരമാധികാരത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത് എന്നു പറയാം. ഈ പുതിയ ബില്ലിന് പിന്തുണ നല്‍കുന്നതിലൂടെ ശരീഅത്ത് വ്യാഖ്യാനിക്കാന്‍ കോടതികള്‍ക്കും നിയമനിര്‍മാണം നടത്താന്‍ സ്റ്റേറ്റിനും അധികാരമുണ്ടെന്ന് വൈരുധ്യത്തോടെ തന്നെ സാമുദായിക വിഭാഗങ്ങള്‍ സമ്മതിക്കുകയാണെന്ന് കാണാം. എന്നാല്‍ അതേസമയം തന്നെ സ്റ്റേറ്റിന് ഇക്കാര്യങ്ങളില്‍ ഡയറക്ഷന്‍ നല്‍കാനുള്ള തങ്ങളുടെ ബാധ്യതയെ ഇവര്‍ തെളിച്ചുകാട്ടുകയും ചെയ്യുന്നു.'' (പു. 456) തീര്‍ച്ചയായും ദാസ് കാട്ടിതരുന്ന പോലെത്തന്നെയാണ് കുട്ടിയമ്മു തന്റെ കൃതിയില്‍ ഉടനീളം ഇന്ത്യാ ഗവണ്‍മെന്റിന്റെ നിയമ ഇടപെടലുകളെ കാണുന്നത്. എന്നാല്‍, ഇങ്ങനെയുള്ള ഒരു വശം മാത്രമല്ല കുട്ടിയമ്മുവിന്റെ ശരീഅത്ത് ചര്‍ച്ചയില്‍ കാണുന്നത്.
അത് മനസ്സിലാക്കാന്‍ നമുക്ക് ഇബ്രാഹീം മൂസയുടെ വാദങ്ങളെ കൂടി പരിചയപ്പെടേണ്ടി വരും. കൊളോണിയല്‍ ഇടപെടലുകളെ കുറിച്ച് ദീര്‍ഘമായി വിശദീകരിച്ചതിന് ശേഷം തന്നെ മൂസ സൂചിപ്പിക്കുന്നത് ഇവ മാത്രമല്ല ശരീഅത്ത് ചര്‍ച്ചകളെ നിര്‍ണയിക്കുന്ന ഘടകമെന്നാണ്. ''ഇതിനൊക്കെ പുറമെ, തിയോളജിക്കലായ വശം കൂടിയുണ്ട് മുസ്‌ലിം നിയമങ്ങള്‍ക്ക്.'' (പു. 160) ഇതുകൊണ്ടാണ് വീണാ ദാസിന്റെ നിരീക്ഷണങ്ങള്‍ മികച്ചതായിരിക്കുമ്പോള്‍ തന്നെ നമുക്ക് മൂസയുടെ വാദങ്ങളെ കൂടി കണക്കിലെടുക്കേണ്ടി വരുന്നത്.

ദൈവശാസ്ത്രപരമായ വശം
''ദൈവികമായ അടിസ്ഥാനത്തെ മുന്‍നിര്‍ത്തിയാണ് മൂല്യങ്ങളും ചിട്ടകളും ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ എന്താണ് ധാര്‍മികമായ സത്യങ്ങള്‍ എന്നത് രൂപപ്പെടുന്നത് ഒരു വശത്ത് ദൈവികമായ നിര്‍ദേശങ്ങളും മറുവശത്ത് മാനുഷികമായ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലൂടെയാണ്.'' (ശയശറ) ഇക്കാരണത്താല്‍ മുസ്‌ലിംകള്‍ക്കകത്തു തന്നെയുള്ള വിവിധ വിഭാഗങ്ങളുടെ നൂറ്റാണ്ടുകളായുള്ള തര്‍ക്കത്തിലൂടെയാണ് ഈ മുസ്‌ലിം നിയമങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത് എന്നാണ് മൂസ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ മുസ്‌ലിംകളുടെ ഈ തിയോളജിക്കലായ ചര്‍ച്ചകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചര്‍ച്ചയുടെ ചരിത്രം കൂടി കണക്കിലെടുക്കണമെന്നാണ് മൂസ കരുതുന്നത്. മൂസ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ഒരു നിഗമനമുണ്ട്, അത് നമ്മുടെ ചര്‍ച്ചയിലും പ്രസക്തമാണ്. ഒരു ധാര്‍മിക കാഴ്ചപ്പാടായാണ് കൊളോണിയല്‍, പോസ്റ്റ് കൊളോണിയല്‍ കാലഘട്ടങ്ങളില്‍ ശരീഅത്ത് എന്നത് നിലനിന്നത്. ഇസ്‌ലാമിക ഭരണം ഇല്ലാത്തതിനാല്‍ ഇന്ത്യ പോലുള്ള സമൂഹങ്ങളില്‍ ശരീഅത്തിന് ധാര്‍മികതയുടെ ഒരു നിറം വരുന്നു എന്നാണ് മൂസ വ്യക്തമാക്കുന്നത്.
ഇത് നല്ല വസ്ത്രം ധരിക്കുക, മദ്യപാനം ഉപേക്ഷിക്കുക, പലിശ രഹിതമായി ജീവിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ ഊന്നുന്നു. ഇസ്‌ലാമികമായ ഭരണം സ്ഥാപിക്കുക എന്നതിനേക്കാള്‍ ഇസ്‌ലാമികമായ സമൂഹത്തെ സ്ഥാപിക്കുക എന്നതിലേക്കായി മാറുന്നു ഈ പുതിയ ഊന്നലില്‍ ശരീഅത്ത്. ശരീഅത്ത് സംരക്ഷണം എന്ന കൃതിയില്‍ സ്വഭാവ സംസ്‌കരണം എന്ന അധ്യായം പ്രാധാന്യത്തോടെ വരുന്നത് ഇതിനാലാണ്. കുട്ടിയമ്മു എഴുതുന്നു. ''സ്വഭാവസംസ്‌ക്കരണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം കല്‍പിക്കുന്നു. ഒരു മനുഷ്യന് തന്നോടു തന്നെയും മാതാപിതാക്കന്മാരും മക്കളും തമ്മിലും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും അടുത്ത ബന്ധക്കാര്‍ തമ്മിലും അയല്‍പക്കക്കാര്‍ ജാതിവ്യത്യാസമന്യെയും സഹപ്രവര്‍ത്തകര്‍ തമ്മിലും വ്യാപാര ഇടപാടുകാര്‍ തമ്മിലും മറ്റുമുള്ള ബാധ്യതകള്‍ വിശദമായി ശരീഅത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.'' (പു. 11) ഇവിടെ ആദ്യ വാചകത്തില്‍ തന്നെ കാണുന്ന മനുഷ്യന്‍ എന്ന വാക്ക് അബദ്ധത്തില്‍ വന്നതല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അത് ഊട്ടിയുറപ്പിക്കുന്നതാണ് തുടര്‍ന്നുവരുന്ന വാചകത്തിലെ ജാതിമതവ്യത്യാസമന്യേ എന്ന വിശേഷണം. കുട്ടിയമ്മു ശരീഅത്ത് എന്നതിനെ മതവിഭാഗങ്ങള്‍ക്കും അനുയോജ്യമായ സാര്‍വലൗകികമായ ഒരു ധാര്‍മിക സംഹിതയായിട്ടാണ് ഈ കൃതിയില്‍ ഉടനീളം ഉയര്‍ത്തിപ്പിടിക്കുന്നത്. ''പ്രമുഖ കമ്യൂണിസ്റ്റ് ചിന്തകനായ ചാത്തുണ്ണി മാസ്റ്റര്‍ പറഞ്ഞത് മറ്റു നിയമങ്ങളേക്കാളും നന്മ നിറഞ്ഞതാണ് ശരീഅത്ത് എന്നാണ്. അതിന്റെ ഗുണം ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്കും ലഭിക്കണം.'' (പു. 38) എന്നും ''വാസ്തവത്തില്‍ മുസ്‌ലിം വ്യക്തിനിയമത്തിലെ മെച്ചപ്പെട്ട വ്യവസ്ഥകളിലേക്ക് ആകൃഷ്ടരായിരിക്കുകയാണ് അവര്‍'' (പു. 19) എന്നും കുട്ടിയമ്മു എഴുതുന്നു. ഇങ്ങനെ ശരീഅത്തിനെ ഇസ്‌ലാമികമായ പതിവ് ചട്ടക്കൂടില്‍ നിന്നും മോചിപ്പിച്ച് ഏവര്‍ക്കും അനുകരിക്കാവുന്ന നല്ല സമൂഹമായി മാറാന്‍ ഉപകരിക്കുന്ന ഒന്നായാണ് കുട്ടിയമ്മു അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത് കുട്ടിയമ്മുവിലോ കേരളത്തിലോ മാത്രം കാണുന്ന വേറിട്ട ഒന്നല്ല. ഇതിന് ആഗോളമായി തന്നെ ഇസ്‌ലാമിക സമുദായത്തിലെ ചര്‍ച്ചകളുമായി ചാര്‍ച്ചയുണ്ട്. ഖുല്‍അ് പോലുള്ളവയെ ഇസ്‌ലാമിക ഫെമിനിസ്റ്റുകള്‍ ഇത്തരത്തില്‍ പുതിയ വായനക്ക് വിധേയമാക്കുന്നതിനെ പറ്റി മൂസ സൂചിപ്പിക്കുന്നുണ്ട്. ''ഖുല്‍ഇന് തികച്ചും ഒരു പുതിയ ന്യായമാണ് പുതിയ കാലത്ത് കിട്ടിയത്. സ്ത്രീകള്‍ക്കും വിവാഹമോചനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന നിലയിലേക്ക് ഇതിന് വ്യാഖ്യാനവും ഊന്നലും വന്നു.'' (പു. 169) പഴയ ഊന്നലില്‍നിന്ന് വ്യത്യസ്തമായി പുതിയ കാലത്ത് ശരീഅത്തിന് കിട്ടുന്നത് ധാര്‍മികമായ മാനങ്ങളാണെന്നും മൂസ വ്യക്തമാക്കുന്നുണ്ട്. ''ശരീഅത്ത് വളരെ സിമ്പോളിക് ആയ ഒരു ഭൂപ്രദേശമാണ്. ഇപ്പോള്‍ മുസ്‌ലിംകള്‍ പഴയരീതിയിലുള്ള മുസ്‌ലിം ടെറിട്ടോറിയല്‍ അധികാരത്തിനെയല്ല കീഴ്‌പെടേണ്ടത്. ശരീഅത്ത് എന്ന ധാര്‍മികമായ അധികാര പരിധിയെയാണ്.'' (പു. 175) അതായത് പഴയമാതിരിയുള്ള ഖിലാഫത്തിന്റെ തകര്‍ച്ച നടന്ന സ്ഥിതിക്ക് ഇനി അങ്ങനെ ഒരു അധികാരകേന്ദ്രം ആയി ഉള്ള ഏക ഘടകം ശരീഅത്താണ്. അതിന് സിമ്പോളിക് വാല്യു മാത്രമേയുള്ളൂ. കാരണം, പലപ്പോഴും ആധുനിക നാഷന്‍ സ്റ്റേറ്റ് അവകാശങ്ങളെയും നിയമങ്ങളെയും ഉണ്ടാക്കുന്നതിന്റെയും അത് നടപ്പിലാക്കുന്നതിന്റെയും കുത്തക ഏറ്റെടുത്തു കഴിഞ്ഞതായി മുസ്‌ലിംകള്‍ മനസ്സിലാക്കി.
മേല്‍സൂചിപ്പിച്ച ചെറു ചര്‍ച്ചയില്‍നിന്ന് വ്യക്തമാകുന്ന കാര്യം ഇതാണ്. ഭരണകൂടവും സമുദായവും തമ്മിലുള്ള വടംവലിയായി വീണാ ദാസിനെ പോലുള്ളവര്‍ വ്യക്തിനിയമത്തെ ചുറ്റിയുള്ള ചര്‍ച്ചകളെ കാണുന്നു. ഇത് വ്യക്തിനിയമചര്‍ച്ചയിലെ പ്രധാനപ്പെട്ട വാദമാണ്. രണ്ടാമത്തെ വാദം മൂസയെപോലുള്ളവര്‍ അവതരിപ്പിക്കുന്നതാണ്. അത് ഇസ്‌ലാമിന്റെ തിയോളജിക്കലായ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മാത്രമേ ഇത്തരം വ്യക്തിനിയമത്തിന്റെ തര്‍ക്കങ്ങളെ കാണാനാകൂ എന്നതാണ്. എന്നാല്‍, ഇതിനോടൊപ്പം മൂസ പറയുന്ന കാര്യമാണ് കുട്ടിയമ്മുവിനെ മുന്‍നിര്‍ത്തിയുള്ള നമ്മുടെ ശരീഅത്ത് ചര്‍ച്ചയില്‍ ഏറെ പ്രസക്തം. അത് ശരീഅത്തിന് കൈവരുന്ന മതേതരമായ വശമാണ്. എന്നുവെച്ചാല്‍, മത ഇതരമായ എന്ന് പിരിച്ചു തന്നെ മനസ്സിലാക്കേണ്ട വശം. ഏതൊരു ആധുനിക സമൂഹത്തിനും അനുയോജ്യമാണ് ശരീഅത്ത് എന്നാണ് കുട്ടിയമ്മു വ്യക്തമാക്കുന്നത്. അത് മുസ്‌ലിംകള്‍ക്ക് മാത്രമല്ല. അതാണ് കുട്ടിയമ്മു ഇങ്ങനെ എഴുതുന്നത്. ''അതിന്റെ ഗുണം ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്കും ലഭിക്കണം... പുരോഗമന ചിന്താഗതിയുള്ളവര്‍ക്ക് ഇസ്‌ലാമിനോട് മതിപ്പില്ലാതിരിക്കുകയില്ല... മര്‍ദ്ദിതരുടെ വിമോചകനാണ് മുഹമ്മദ്(സ) എന്നും സത്യത്തിന്റെ മതമാണ് ഇസ്‌ലാമെന്നും ഗാന്ധിജി പറഞ്ഞത് ശ്രദ്ധേയമാണ്.'' (പു. 38) ഏതായാലും, ശരീഅത്ത് ചര്‍ച്ചയുടെ പ്രധാനപ്പെട്ട രണ്ട് വശങ്ങളില്‍ വീണാ ദാസിന്റെ നിലപാടിനോട് ചേര്‍ന്നു നില്‍ക്കുന്നതായി പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും കുട്ടിയമ്മുവിന്റെ നിലപാടുകള്‍ മൂസ വരച്ചുകാണിച്ച സ്വഭാവത്തിലാണ് പെടുന്നത്. ധാര്‍മികമായ ഏവര്‍ക്കും സ്വീകാര്യമായ സമുദായത്തിനുള്ള ചിട്ടവട്ടങ്ങള്‍ ആയാണ് കുട്ടിയമ്മു ശരീഅത്തിനെ മനസ്സിലാക്കിയതും അവതരിപ്പിച്ചതും. ഒരര്‍ഥത്തില്‍ സെക്കുലര്‍ ആയ വായനയും വ്യാഖ്യാനവുമാണിതില്‍ കാണുക. നാം മുന്നോട്ട് എന്ന് പേരിട്ട അവസാന അധ്യായത്തില്‍ ഇദ്ദേഹം എഴുതുന്നുണ്ട്. ''മൂന്നാമത് സ്വഭാവ സംസ്‌കരണമാകുന്നു. ഇസ്‌ലാമില്‍ ഇത് സര്‍വപ്രധാനമാണ്. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും ഇത് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കുടുംബജീവിതവും സാമ്പത്തിക സംവിധാനവുമെല്ലാം ഇതിന് ഊന്നല്‍ നല്‍കുന്നുണ്ട്. ഒരു നല്ല മുസ്‌ലിം വളരെ നല്ല മനുഷ്യനായിരിക്കും. അവന്‍ നാട്ടിന് മുതല്‍ക്കൂട്ടായിരിക്കും. അതുകൊണ്ടാണ് ശരീഅത്ത് വളരെ അത്യാവശ്യമാണെന്ന് പറയുന്നത്.'' (പു. 117) ''സ്വഭാവ മൂല്യങ്ങളുടെ നിരാകരണമാണ് ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും പ്രാധാന്യമേറിയ പ്രശ്‌നം'' എന്നും കുട്ടിയമ്മു കരുതുന്നു.

© Bodhanam Quarterly. All Rights Reserved

Back to Top