തുര്‍ക്കി പൈതൃകത്തിലേക്ക് തിരിച്ചു നടക്കുന്നു
എം.കെ. നൗഷാദ്
തുര്‍ക്ക് റിപ്പബ്ലിക്കിനു മുന്‍പ്
'ദി കണ്‍ക്വറര്‍' (conquer) എന്നപേരിലറിയപ്പെടുന്ന ഫാതിഹ് സുല്‍ത്താനിലൂടെ ക്രി. 1453ല്‍ ബൈസന്റൈന്‍ സാമ്രാജ്യം ചരിത്രത്തില്‍ നിന്നും പടിയിറക്കപ്പെട്ടപ്പോള്‍ തുര്‍ക്കിക്ക് പുതിയൊരു മുഖം കൈവരികയുണ്ടായി. ആയിരത്തോളം വര്‍ഷങ്ങള്‍ റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഇസ്തംബൂള്‍ (constantinople) ഫാതിഹ് സുല്‍ത്താനിലൂടെ ഇസ്‌ലാമിന്റെ മാധുര്യം അനുഭവിച്ചു.
ചെറുപ്പം മുതല്‍ തന്നെ ഇസ്തംബൂള്‍ കീഴടക്കുന്നതിന്റെ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലായിരുന്നു കൊച്ചു ഫാതിഹിന്റെ ശ്രദ്ധ. അര്‍ധരാത്രിയിലും കിടപ്പ് മുറിയിലെ അണയാത്ത പ്രകാശം അതിന്റെ പ്രതീകമായിരുന്നു. ഒരു കാലത്ത് ലോകം വാണിരുന്ന ബൈസന്റൈന്‍ സാമ്രാജ്യത്തെ മുട്ട്കുത്തിക്കുമ്പോള്‍ ഫാതിഹിന്റെ പ്രായം വെറും ഇരുപത്തൊന്ന് വയസ്സ് മാത്രം.(ക്രി. 1431-1453).
നീണ്ട ആറ് നൂറ്റാണ്ട് കാലത്തെ ഭരണത്തിന് ശേഷം അവസാന ഒട്ടോമന്‍ ഭരണാധികരി സുല്‍ത്താന്‍ വഹീദുദ്ദീനെ 'ദൊല്‍മാ ബഹ്‌ചെ പാലസി'ന്റെ (Dolma Bahche Palace) പടിഞ്ഞാറെ കവാടത്തിലൂടെ ഇറ്റലിയിലേക്ക് നാട് കടത്തുമ്പോള്‍ മുസ്തഫ കമാല്‍ എന്ന സ്വേഛാധിപതി ഒരു സമൂഹത്തിന്റെ സ്വപനങ്ങളെകൂടിയാണ് നാട് കടത്തിയത്. യഥാര്‍ഥത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അന്ത്യം മുസ്‌ലിം തുര്‍ക്കിയുടെയും അന്ത്യമായിരുന്നു.
ഓട്ടോമന്‍ കാലഘട്ടം 'വികസനത്തിന്റെ യുഗം' എന്നാണ് ലോകചരിത്രത്തില്‍ അറിയപ്പെടുന്നത്. ആറ് നൂറ്റാണ്ട് കാലം നീണ്ടു നിന്ന ഭരണം സാമ്പത്തികമായും സൈനികമായും വളരെ പരിഷ്‌കൃതവും വികസിതവുമായിരുന്നു. വടക്ക് ക്രീമിയ മുതല്‍ തെക്ക് യെമന്‍, സുഡാന്‍ വരെയും, കിഴക്ക് ഇറാന്‍, കാസ്പിയന്‍ കടല്‍ മുതല്‍ വടക്ക് പടിഞ്ഞാറ് വിയന്ന വരെയും, തെക്ക് പടിഞ്ഞാറ് സ്‌പെയിന്‍ വരെയും നീണ്ട് കിടന്നിരുന്ന വിശാലമായ സാമ്രാജ്യമായിരുന്നു ഓട്ടോമന്‍ സാമ്രാജ്യം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് പാശ്ചാത്യ രീതിയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് 'യുവ തുര്‍ക്ക്' എന്ന പേരിലരിയപ്പെടുന്ന ഒരുപറ്റം ബുദ്ധിജീവികള്‍ തങ്ങള്‍ ഭേദഗതി ചെയ്ത ഭരണഘടന അംഗീകരിക്കാന്‍ സുല്‍ത്താനെ നിര്‍ബന്ധിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഓട്ടോമന്‍ സാമ്രാജ്യം ഒരു ഭരണഘടന രാഷ്ട്ര(Constitutional State) മായി മാറ്റപ്പെടുകയുണ്ടായി. എന്നാല്‍ 1877 ല്‍ സുല്‍ത്താനായി വന്ന അബ്ദുല്‍ ഹമീദ് ഇത് നീക്കം ചെയ്യുകയും പഴയ രീതിയിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
1877-1879 ലുണ്ടായ ഓട്ടോമന്‍- റഷ്യന്‍ യുദ്ധവും, 1911-1912 ലെ ഇറ്റലിയുമായുണ്ടായ ട്രിപ്പോളി യുദ്ധവും, 1912-1913 ലെ ബാല്‍ക്കന്‍ യുദ്ധവും, 1914-1918 ലെ ഒന്നം ലോകമഹായുദ്ധവും യഥാര്‍ഥത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തെ തളര്‍ത്തുകയാണുണ്ടായത്.
ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ആര്‍ക്കിടെക്ചര്‍, കല്ലിലും മരത്തിലുമായ കരവിരുതുകള്‍, ടൈല്‍ നിര്‍മാണത്തിലെ കലാവൈഭവം, ആഭരണ നിര്‍മാണം, മിനാരങ്ങളിലെ ഛായാചിത്ര നിര്‍മാണം, കാലിഗ്രാഫി, ബുക്ക് ബൈന്റിംഗ് തുടങ്ങിയവ ഇന്നും ലോക പ്രശസ്തങ്ങളാണ്. ഇസ്താംബുളിന്റെ ചിത്രങ്ങളില്‍ ഇന്നും നമുക്ക് കാണാന്‍ കഴിയുക ഇത്തരം കലാ വിസ്മയങ്ങളാണ്.
1905 ജനുവരി 11 നാണ് മുസ്തഫ കമാല്‍ ക്യാപ്റ്റനായി ഓട്ടോമന്‍ ആര്‍മിയില്‍ ചേരുന്നത്. തുടര്‍ന്ന് 1919 മെയ് 19ന് തുര്‍ക്കി യുടെ ഒമ്പതാം ആര്‍മി കമാണ്ടറായി. ഇതോടെ തുര്‍ക്കിഷ് പ്രതിരോധ പ്രസ്ഥാനം 'കംപ്ലീറ്റ് വാര്‍ ഓഫ് ഇന്റിപെന്റന്റ്' എന്നതലത്തിലേക്ക് മാറി. ഒന്നാം ലോകമഹായുദ്ധത്തില്‍ തന്റെ സൈനീക വൈദഗ്ധ്യം ഭാവി പ്രവര്‍ത്തനനങ്ങള്‍ക്ക് മുതല്‍ കൂട്ടാക്കുവാന്‍ മുസ്തഫ കമാലിന് സാധിച്ചു. പിന്നീടദ്ദേഹം കമാണ്ടര്‍ ആവുകയാണുണ്ടായത്. രാഷ്ട്രീയശക്തികൊണ്ട് അധിനിവേശശക്തികള്‍ക്ക് മുന്നില്‍ പിടിച്ചുനില്ക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ മുസ്തഫ കമാല്‍ ഇസ്താംബുളില്‍ നിന്നു തന്റെ സൈന്യവുമായി അനതൊലിയയിലേക്ക് നീങ്ങി. അവിടെവച്ച് സൈന്യത്തിന്റെ എല്ലാ ഘടകങ്ങളെയും ഒരുമിച്ചുകൂട്ടുകയും അധിനിവേശത്തിനുമേല്‍ വിജയം കൈവരിക്കുകയും ചെയ്തു. അധിനിവേശശക്തികളില്‍ നിന്നു തുര്‍ക്കിയെ മോചിപ്പിച്ചതിനാല്‍ മുസ്തഫ കമാല്‍ തുര്‍ക്കിയുടെ നായകനായി. ഇതിന്ന് ശേഷം 1920-ല്‍ തുര്‍ക്കിയെ പൂര്‍ണ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയും രാജ്യത്തിന്റെ എല്ലാ ബാധ്യതകളും സംരക്ഷണവും ഭരണനിര്‍വഹണവും 'ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലിയെ' ചുമതലപ്പെടുത്തുകയും ചെയ്തു. 1919-ല്‍ ഇസ്മീര്‍ (izmir) കൈവശംവെച്ചിരുന്ന ഗ്രീക്ക് സേനയും, സകരിയ്യ (sakariya) കൈവശം വെച്ചിരുന്ന ഫ്രാന്‍സിനെയും പരാജയപ്പെടുത്തിയതിലൂടെ മുസ്തഫ കമാല്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചു.
വൈദേശിക ശക്തികളുടെ 'അനതൊലിയ' അധിനിവേശത്തിനെതിരെ 'യുനിയന്‍ ഓഫ് റെസിസ്റ്റന്റ് ഗ്രൂപ്പ്' (union of resistant group) ആയികൊണ്ട് 'സിവാസ് കോണ്‍ഗ്രസ്' തുര്‍ക്കിയിലെ ആദ്യത്തെ പാര്‍ട്ടിയായ 'ജുംഹൂരിയെത് ഹാള്‍ക്ക് പാര്‍ട്ടി' (CHP)-Republican Peoples Patry) രൂപീകരിക്കുകയുണ്ടായി. തുടര്‍ന്ന് 1924-ല്‍ പ്രശസ്ത ജനറല്‍മാരായ കാസിം കരബെകിര്‍ (bekir), അലി ഫുആദ് ജെബെസോയ് തുടങ്ങിയവര്‍ 'പ്രോഗ്രസ്സിവ് റിപബ്ലിക്കന്‍ പാര്‍ട്ടി' യും, 1930-ല്‍ ഫത്ഹി ഒക്യോത് 'ലിബറല്‍ റിപബ്ലിക് പാര്‍ട്ടി'യും രൂപീകരിച്ചെങ്കിലും ഏക പാര്‍ട്ടി സമ്പ്രദായം നിലവില്‍ വന്നതിന്റെ ഭാഗമായി മാസങ്ങള്‍ക്കകം ഇവ നിരോധിക്കപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മള്‍ട്ടി പാര്‍ട്ടി സിസ്റ്റം കൊണ്ടുവന്നെങ്കിലും തുര്‍ക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. തുടര്‍ന്ന് 1960,1971,1980 കാലയളവുകളില്‍ സൈനിക അട്ടിമറികള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു.
പ്രവാചകന്‍ ഒരിക്കല്‍ ചോദിക്കുകയുണ്ടായി 'ഒരു ഭാഗം കടലും ഒരു ഭാഗം കരയുമായ ഒരു പ്രദേശത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?' സഹായികള്‍ പറഞ്ഞു: 'ദൈവത്തിനും പ്രവാചകനും അറിയാം' പ്രവാചകന്‍ പറഞ്ഞു: 'എഴുപതിനായിരം ബനീ ഇസ്രായേല്യര്‍ ആ പ്രദേശം ആക്രമിക്കാതെ അന്ത്യനാള്‍ വന്നടുക്കുകയില്ല. അവരവിടെ പ്രവേശിക്കുമ്പോള്‍ ആയുധ പ്രയോഗമോ അസ്ത്രവര്‍ഷമോ നടത്തുകയില്ല' (സഹീഹു മുസ്‌ലിം 41/6979). പ്രവാചകന്റെ ഈ പ്രവചനം ഒരു ഭാവി സംഭവത്തിലേക്കുള്ള സൂചനയാവാം. ഡേവിഡ് മൂസ പിട്‌കൊക്ക് (David Musa Pidcock) നെ പോലുള്ള എഴുത്തുകാര്‍ മുസ്തഫ കമാലിന്റെയും കൂട്ടാളികളുടെയും ഇസ്തംബുള്‍ പിടിച്ചടക്കലിനെ കുറിച്ചാണ് പ്രവാചകന്റെ സൂചനയെന്ന് വിശദീകരിക്കുന്നുണ്ട്.
യഥാര്‍ഥത്തില്‍ മുസ്തഫ കമാല്‍ ഒരു സാധാരണ കമാണ്ടര്‍ മാത്രമായിരുന്നില്ല, വളരെ കൗശലക്കാരനും കൂര്‍മബുദ്ധിയുമായ 'സ്റ്റേറ്റ്മാനും' കൂടിയായിരുന്നു. പ്രസിഡന്റ് ആവുന്നതുവരെ തുര്‍ക്കി യെ എങ്ങനെയാണ് താന്‍ വികസിപ്പിക്കുന്നതെന്ന് ഒരിക്കല്‍പോലും വെളിവാക്കുകയുണ്ടായില്ല. അതിന് ശേഷം വളരെ വ്യവസ്ഥാപിതമായാണ് തന്റെ പ്ലാനുകളോരോന്നും നടപ്പാക്കിയത്. ഇതാണ് പിന്നീട് 'കമാലിസം' അല്ലങ്കില്‍ 'കമാലിസ്റ്റ് ഐഡിയോളജി' എന്ന പേരിലറിയപ്പെട്ടത്.
തുടക്കത്തില്‍ മുസ്തഫ കമാല്‍ ഇസ്‌ലാമിന്റെ മൂല്യങ്ങളെ പരസ്യമായി ചോദ്യം ചെയ്യാന്‍ തുടങ്ങി. ശേഷം പടിപടിയായി ആധുനീകരണത്തിന്റെ പേരില്‍ പല 'മൗലിക മാറ്റങ്ങളും' വരുത്തി പരിഷ്‌കാര പരിവേഷം നല്‍കി. ഇത്തരം പരിഷ്‌കാരങ്ങളില്‍ എഴുപതിനായിരത്തോളം പള്ളികള്‍ പൊളിക്കുകയും പുതിയ പള്ളികള്‍ നിര്‍മിക്കുന്നത് തടയുകയും നിര്‍ത്തലാക്കുകയും ചെയ്തു. ഈ അവസരങ്ങളില്‍ മുഫ്തികളെയും ഇമാമുമാരെയും നിയമിച്ചിരുന്നത് ഗവണ്‍മെന്റായിരുന്നു. മതസ്ഥാപനങ്ങള്‍ നിയന്ത്രിച്ചിരുന്നതും ഏറ്റെടുത്തിരുന്നതും 'മിനിസ്ട്രി ഓഫ് നാഷണല്‍ എജുക്കേഷന്‍' ആയിരുന്നു. പള്ളികളും മറ്റു മത സ്ഥാപനങ്ങളും കമാലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള കേന്ദ്രങ്ങളായി മാറി.
1938-ല്‍ മരിക്കുന്നതിന് മുമ്പുതന്നെ തന്റെ ആശയങ്ങള്‍ പിന്തുടരാനായി ഒരു പറ്റം ആളുകളെ മുസ്തഫ കമാല്‍ സജ്ജമാക്കിയിരുന്നു. ഉയര്‍ന്ന സ്ഥാനങ്ങളില്‍ തന്റെ ആശയ വാഹകരായവരെ നിയമിച്ച് മാറ്റം സാധ്യമാവാത്ത വിധം രാജ്യത്തിന്റെ ഭരണനിര്‍വഹണം മുസ്തഫ കമാല്‍ ക്രമീകരിച്ചു. കാരണം ജനങ്ങളുടെ മനസ്സിലെ ഉറച്ച ഇസ്‌ലാമിക ബോധത്തെ കുറിച്ചയാള്‍ക്ക് നല്ല ധാരണയുണ്ടായിരുന്നു.
മുസ്തഫ കമാല്‍ പാഷയെ കുറിച്ച് ആംസ്‌ട്രോങ്ങ് പറയുന്നത് നോക്കുക 'അസാന്മാര്‍ഗികളായ അറബികളുടെ ഇസ്‌ലാം മതവിശ്വാസങ്ങളിപ്പോള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് കണക്കാക്കാം. ഒരുപക്ഷെ മരുഭൂമിയിലെ ആട്ടിടയന്മാരായ അറബ് ഗോത്രങ്ങള്‍ക്കാവുമത് യോജ്യം. അല്ലാതെ വളര്‍ന്നു വരുന്ന ഒരു ആധുനിക രാഷ്ട്രത്തിനുള്ളതല്ല. മതത്തെ ആവശ്യപ്പെടുന്ന നായകന്‍ ഭീരുവാണ്. ഒരു നായകന്‍ ഭീരുവാകാന്‍ പാടില്ലാത്തത് പോലെ ഇവിടെ ഭീരുവില്ല.'1
സത്യത്തില്‍ ഇസ്‌ലാമിനെ ഭയത്തോടെയും ശത്രുതയോടെയും നോക്കിക്കാണുന്നവര്‍ക്ക് മുസ്തഫ കമാല്‍ നായകനായിരുന്നു. തുര്‍ക്കികളില്‍ വലിയ ഒരു വിഭാഗം ഇന്നും തങ്ങളുടെ 'രാഷ്ട്ര പിതാവിനെ' തള്ളിപ്പറയാന്‍ മടിക്കുന്നവരാണ്. ഒരിക്കല്‍ ഒരു തണുത്ത സായാഹ്നത്തില്‍ ഇസ്തംബുളിലെ മില്ലി പാര്‍കിലിരുന്ന എന്റെയടുത്തേക്ക് ഏകദേശം 75 വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധന്‍ വന്നു. രണ്ട് മണിക്കൂര്‍ നേരത്തെ സംസാരത്തിനൊടുവില്‍ ഞാന്‍ പറഞ്ഞു:
'എനിക്ക് അത്താ തുര്‍ക്കിനെ ഇഷ്ടമില്ല.'
'അതെന്തേ?'
'അതാ തുര്‍ക്ക് ഒരുപാട് സാധാരണ മനുഷ്യരെയും പണ്ഡിതന്മാരെയും അകാരണമായി കൊന്നൊടുക്കിയിട്ടുണ്ട്'
(നൗഷാദ് എന്ന് വിളിക്കാന്‍ പ്രയാസമായതിനാല്‍ അലി എന്നാണ് എന്നെ വിളിച്ചിരുന്നത്.)
അലി 'അത്താ തുര്‍ക്ക് ഏറ്റവും നല്ല മുസല്‍മാന്‍ ആയിരുന്നു. പിടിച്ചു പറിക്കാരും തന്തോന്നികളും കള്ളന്മാരുമായ പണ്ഡിതന്മാരെയാണ് അതാ തുര്‍ക്ക് കൊന്നൊടുക്കിയത്. ഇതൊരു നല്ല കാര്യമല്ലേ? നിന്നെ പഠിപ്പിച്ചയാള്‍ ഒരു കള്ളനാണ്.'
'ഞാന്‍ പുസ്തകത്തില്‍ വായിച്ചതാണ്'
'എങ്കില്‍ ആ പുസ്തകം എഴുതിയവന്‍ കള്ളനാണ്.'
'എനിക്കെന്തായാലും അയാളെ ഇഷ്ടമല്ല.'
'അലി, നീ ഇത് വരെയും എന്റെ കൂട്ടുകാരനായിരുന്നു... എന്നാലിപ്പോള്‍ നീയെന്റെ കൂട്ടുകരനല്ലാതായി' !!!
പിരിയുന്നതിന്ന് മുന്‍പ് അയാളുടെ കീശയിലെ വെളുത്ത പേന നീട്ടികൊണ്ട് അയാള്‍ പറഞ്ഞു 'അലി ഇത് നിനക്കുള്ളതാണ്, എന്നാലും നീ അത്താ തുര്‍ക്കിനെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നമ്മള്‍ കൂട്ടുകരാവില്ല.'
തന്റെ ഏതൊരു ചെയ്തിയും സുന്ദരമായി ന്യായീകരിക്കുവാന്‍ എല്ലാ വിധ മീഡിയയും മുസ്തഫ കമാല്‍ ഉപയോഗിച്ചിരുന്നു.
'കൈയിലൊരു തസ്ബീഹ് മാലയുമായി നിന്നിരുന്ന ആ വൃദ്ധനായ മനുഷ്യനോട് ഞാന്‍ ചോദിച്ചു 'നിങ്ങള്‍ എന്താണ് ചൊല്ലുന്നത്?'
'സുബ്ഹാനല്ലാഹ്, അല്ലാഹു അക്ബര്‍'
'എന്തിനാണത് ചൊല്ലുന്നത്?'
'സ്‌ട്രെസ് കുറയും'
സത്യമാവാം കാരണം പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ 'ദൈവസ്മരണ കൊണ്ട് മനസ്സുകള്‍ക്ക് ശാന്തി ലഭിക്കും' (†Ä¸²dG ¿€»£J öG ™c˜H ÕG) ഇത്രത്തോളം ഇസ്‌ലാമില്‍ നിന്നും തുര്‍ക്കികളെ അകറ്റുന്നതില്‍ ഒരു പരിധിവരെ മുസ്തഫ കമാല്‍ വിജയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ അഭിമാനമായിരുന്ന ഓട്ടോമന്‍ സാമ്രാജ്യത്തെയും അത് ഉള്‍കൊള്ളുന്ന പ്രത്യയശാസ്ത്രത്തെയും അവരുടെ മനസില്‍നിന്നു പറിച്ചെറിയുക അത്ര എളുപ്പമല്ലെന്ന് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ അത്താ തുര്‍ക്കിനെ സ്‌നേഹിക്കാന്‍ ഇന്നും തുര്‍ക്കിയിലെ ജനങ്ങള്‍ നിര്‍ബന്ധിതരാണ്. ഇതിന് നിയമപരമായ സംരക്ഷണവുമുണ്ട്. തന്റെ ചിത്രങ്ങളും വചനങ്ങളും ഓഫീസുകളില്‍ നിര്‍ബന്ധമായും പ്രതിഷ്ഠിക്കേണ്ട നിയമം അദ്ദേഹം തന്നെ കൊണ്ട് വന്നതാണ്.
അത്താതുര്‍ക്കിന്റെ കാലം
കാലങ്ങളായി നിലനിന്ന് പോന്ന പലതും ഒരു സായംസന്ധ്യയില്‍ മുസ്തഫ കമാല്‍ അത്താ തുര്‍ക്ക് മാറ്റി മറിക്കുകയുണ്ടായി. തുര്‍ക്കിയുടെ പ്രസിഡന്റ് ആയി സ്വയം അവരോധിച്ചത് മുതല്‍ മനസ്സില്‍ അടക്കി നടന്ന ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള രോഷം പുറത്തേക്ക് പ്രവഹിക്കുകയായിരുന്നു.
തുര്‍ക്കിയുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നുമെന്ന് പ്രഖ്യാപിച്ച മുസ്തഫ കമാല്‍ പാഷ അന്ധമായ ആധുനികതയുടെയും മതേതരത്വത്തിന്റെയും പാശ്ചാത്യവല്‍ക്കരണത്തിന്റെയും ബലിയാടാവുകയായിരുന്നു.
ആദ്യമായി ഇസ്തംബൂളിലേക്ക് മാര്‍ച്ച് നടത്തുമ്പോള്‍ താന്‍ ഉസ്മാനിയ്യ ഖിലാഫത്തിനെയും ഖലീഫയെയും പിന്താങ്ങുന്നുവെന്ന് പറഞ്ഞ മുസ്തഫ കമാല്‍ യഥാര്‍ഥത്തില്‍ ഇസ്തംബൂളിലെ മുസ്‌ലിംകളെ വഞ്ചിക്കുകയായിരുന്നു. അത് കൊണ്ടാണ് ഒരു തുള്ളി രക്തം പോലും നിലത്ത് വീഴാതെ ഇസ്തംബൂള്‍ കീഴടക്കാന്‍ മുസ്തഫ കമാലിന് സാധിച്ചത്.
1924 മാര്‍ച്ച് 3നു തുര്‍ക്കി അസംബ്ലിയില്‍ ഖിലാഫത്തിനെ തുടച്ചുനീക്കാനും തീര്‍ത്തും സെക്യുലരായ ഒരു രാഷ്ട്രം നിര്‍മിക്കാനും ഒരു ബില്‍ പാസ്സാക്കുകയുണ്ടായി. ശേഷം അത്താ തുര്‍ക്ക് പറഞ്ഞു. 'വികലമായ മതത്തിന്റെ അടിസ്ഥാനത്തിലുണ്ടായിരുന്ന ഭ്രാന്തന്‍ ഘടനയായിരുന്നു ഓട്ടോമന്‍ സാമ്രാജ്യത്തിന്റേത്. ഖലീഫ തീര്‍ച്ചയായും ആട്ടിയോടിക്കപ്പെടേണ്ടവനാണ്. പുരോഹിത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തീര്‍ച്ചയായും സെക്യുലര്‍ സ്‌കൂളുകള്‍ക്ക് വഴിമാറിക്കൊടുക്കേണ്ടതുമാണ്.'
അങ്ങനെ 1924 മാര്‍ച്ച് 3ന് തുര്‍ക്കി യിലെ വിദ്യാഭ്യാസം സെക്യുലര്‍വല്‍കരിച്ച്, 1925 നവംബര്‍ 25 ന് 'തൊപ്പി' നിരോധ നിയമം കൊണ്ടുവന്നു. ഇതേ മാസം 30 ന് ശവകുടീരങ്ങളും അത് നടത്തിക്കൊണ്ട്‌പോയിരുന്ന ഓഫീസുകളും ദര്‍വീശ് (സൂഫി ഡാന്‍സ്) കേന്ദ്രങ്ങളും അടച്ചുപൂട്ടി. 1926 ഫെബ്രുവരി 17 ന് പുതിയ വിവാഹ നിയമം (Marriage act) കൊണ്ട് വന്നു. 1928 മെയ് 20 ന് പുതിയ അന്താരാഷ്ട്ര അക്കങ്ങള്‍ (Number) അവതരിപ്പിച്ചു. 1928 നവംബര്‍ 1 ന് പുതിയ ലാറ്റിന്‍ അക്ഷരമാല കൊണ്ടുവന്നു. 1934 നവംബര്‍ 26ന് 'എഫന്തി', 'ബെയ്', 'പാഷ' തുടങ്ങിയ ടൈറ്റിലുകള്‍ (വിളിപ്പേരുകള്‍) നിരോധിച്ചു. ഇതേ വര്‍ഷം തന്നെ തുര്‍ക്കി തലപ്പാവും ഫെസ് തൊപ്പിയും നിരോധിച്ചു.
പ്രതിയോഗികളെ വളരെ ക്രൂരമായാണ് മുസ്തഫ കമാല്‍ കൈകാര്യം ചെയ്തത്. 1926-ല്‍, തന്നെ എതിര്‍ത്ത കുര്‍ദ് ഗോത്രങ്ങളോട് വളരെ നീചമായാണ് മുസ്തഫ കമാല്‍ പ്രതികരിച്ചത്. ഗ്രാമങ്ങള്‍ അഗ്‌നിക്കിരയാക്കി. ഭക്ഷണപദാര്‍ഥ ങ്ങള്‍ നശിപ്പിക്കുകയും മൃഗങ്ങളെ കൊന്നൊടുക്കുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗത്തിനിരയാക്കി. 46 ഓളം കുര്‍ദ് നേതാക്കളെ തൂക്കിലേറ്റുകയും ചെയ്തു...
യൂറോപ്പിലും അമേരിക്കയിലും നിലനിന്നിരുന്ന 'കുടുംബ നിയമം' തുര്‍ക്കിയിലും നടപ്പിലാക്കി. ഇതിന്റെ തുടക്കമെന്നോണമാണ് 'അത്താ തുര്‍ക്ക്' (തുര്‍ക്കിയുടെ പിതാവ്) എന്ന വിശേഷണം മുസ്തഫ കമാല്‍ സ്വയം തെരഞ്ഞെടുത്തത്. അമിതമായ മദ്യപാനം കാരണമായി കരളിന് സിറോസിസ് പിടിപെട്ടാണ് മുസ്തഫ കമാല്‍ മരണപ്പെടുന്നത്.
1932 മുതല്‍ 1950 വരെയുള്ള നീണ്ട പതിനെട്ട് കൊല്ലക്കാലം ലോകത്ത് മറ്റൊരിടത്തും കാണാന്‍ പറ്റാത്ത രൂപത്തില്‍ 'തുര്‍ക്കി ഭാഷയില്‍' ബാങ്ക് വിളിക്കാന്‍ തുര്‍ക്കിഷ് ജനത നിര്‍ബന്ധിതരായി. പള്ളിയില്‍ നിന്നു വിളിച്ച് പറയുന്നത് ജനങ്ങള്‍ക്ക് മനസ്സിലാവാന്‍ വേണ്ടിയാണ് ഈ മാറ്റെമെന്ന് കമാല്‍ ഇതിനെ വിശദീകരിക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ ഇസ്‌ലാമിനോടുള്ള കടുത്ത വിരോധമായിരുന്നു ഇതിനു പിന്നില്‍. 'അല്ലാഹു' എന്ന പദം തന്നെ തുര്‍ക്കി യില്‍ കേള്‍ക്കരുതെന്ന് മുസ്തഫ കമാലിന് നിര്‍ബന്ധമുണ്ടായിരുന്നു. ബാങ്കിലെ 'അല്ലാഹു അക്ബര്‍' എന്ന പദത്തിന് പകരം 'തന്റി ഉളുതുര്‍' ( ദൈവം ഉന്നതന്‍) എന്നാണ് പ്രത്യേകം എഴുതി തയ്യാറാക്കിയ ബാങ്കിന്റെ വചനങ്ങളില്‍ മുസ്തഫ കമാല്‍ എഴുതിചേര്‍ത്തത്.
ഇതിന്ന് ശേഷം 'സലാത്ത്'- സലാമു'കള്‍ തുര്‍ക്കി ഭാഷയിലേക്ക് മൊഴിമാറ്റുന്നതായി അറിയിച്ച് മുഫ്തികള്‍ സര്‍ക്കുലര്‍ അയച്ചു. ഖുര്‍ആന്‍ തുര്‍ക്കി ഭാഷയില്‍ ഓതാന്‍ നിര്‍ബന്ധിച്ചു. ആരെങ്കിലും തന്റെ നിയമങ്ങള്‍ക്ക് എതിര് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കെതിരില്‍ ക്രിമിനല്‍ കുറ്റം ചുമത്തുകയും തൂക്കിലേറ്റുക വരെ ചെയ്യുമെന്ന് പത്രങ്ങളില്‍ അത്താ തുര്‍ക്ക് വിളംബരം ചെയ്യുകയുണ്ടായി. തുര്‍ക്കി ബാങ്ക് നിലവില്‍ വന്നതിന് ശേഷം അറബിയില്‍ ബാങ്ക് കൊടുത്ത ഒരോ 'ബുര്‍സ'കാരെയും പരിസര പ്രദേശക്കാരെയും തുടക്കത്തില്‍ തന്നെ മറ്റുള്ളവര്‍ക്കൊരു പാഠമെന്നോണം മുസ്തഫ കമാല്‍ പിടികൂടി.
1933 മാര്‍ച്ച് 6 ന് തുര്‍ക്കിയിലേക്ക് മൊഴിമാറ്റപ്പെട്ട മൂന്ന് ഖുര്‍ആന്‍ അധ്യായങ്ങള്‍ പിന്തുടരാന്‍ ആജ്ഞാപിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എതിര്‍ത്ത വരെയെല്ലാം ജയിലിലടക്കുകയും ഭാരിച്ച പിഴ ചുമത്തുകയും ചെയ്തു.
പ്രബോധകനായ 'അന്‍വര്‍ ബെയ്താന്‍' പറയുന്നു, 'ഒരിക്കല്‍ ബുര്‍സക്കടുത്ത് ഒരാള്‍ പള്ളിയുടെ മിനാരത്തില്‍ കയറി അറബിയില്‍ ബാങ്ക് വിളിച്ചു. ബാങ്ക് കഴിഞ്ഞപ്പോഴേക്കും പിടികൂടാനായി ആളുകള്‍ പള്ളിയിലേക്ക് ഓടിക്കേറി. എന്നാല്‍ ബാങ്കുവിളിച്ച ആ 'വിപ്ലവകാരി' ഓടി രക്ഷപ്പെട്ടിരുന്നു. 1931 ന് ശേഷം ദീനി ജീവിതം ഏറ്റവും മോശമായ അവസ്ഥയിലെക്ക് മാറി. ആദ്യമായി അദന, അങ്കാറ, ബലിക് ശെഹിര്‍, ചെഷ്‌മെ, കൊനിയ, എതലെമിത്, കൈസെരി, കുശതെഷ്, ട്രാബ്‌സോന്‍, വാന്‍, ഇസ്മീര്‍, ഇസ്മിത്, മനിസ, റിസേ, യോസ്ഗറ്റ്, സോന്‍ബുള്‍ദക് എന്നീ പ്രദേശങ്ങളിലായിരുന്നു തുര്‍ക്കി യിലുള്ള ബാങ്ക് പ്രയോഗത്തില്‍ വരുത്തിയത്. 1937 മെയ് 15 ഓടെ മയ്യിത്ത് സംസ്‌കരണതിന്നായി കൂട്ടം കൂട്ടമായി പള്ളിയിലേക്ക് പോവുന്നത് തടയുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങി. അതോടൊപ്പം തന്നെ ഖുര്‍ആ നും മറ്റു മത ഗ്രന്ഥങ്ങളും തുര്‍ക്കി ഭാഷയില്‍ വന്ന് തുടങ്ങി.
1453-ല്‍ ഫാതിഹ് സുല്‍ത്താന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയനാള്‍ (ചൊവ്വാഴ്ച) അയാ സോഫിയയില്‍ ഒരു മിമ്പര്‍ നിര്‍മിക്കാനാവശ്യപ്പെടുകയുണ്ടായി. ഇത് പ്രകാരം അടുത്ത വെള്ളിയാഴ്ച തന്റെ പട്ടാളത്തിന്റെ സാനിധ്യത്തില്‍ ജുമുഅ നമസ്‌കാരത്തിന് അദ്ദേഹം നേതൃത്വം നല്കി. എന്നാല്‍ മുസ്തഫ കമാല്‍ അധികാരത്തില്‍ വന്ന 1934ല്‍ അയാ സോഫിയ മ്യൂസിയം ആക്കാനുള്ള ശ്രമം തുടങ്ങി. ഇതിന്റെ തുടര്‍ച്ചയായി അവിടെ തുടര്‍ന്ന് വന്നിരുന്ന മദ്‌റസ, കോളേജുകള്‍ അടച്ചുപൂട്ടി. ലൈലത്തുല്‍ ഖദ്ര്‍ രാത്രികളില്‍ അയാ സോഫിയയില്‍ ജനം നിറഞ്ഞു കവിയുമായിരുന്നു. അയാ സോഫിയയില്‍ രണ്ട് റക്അത്ത് നമസ്‌കാരിച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്നുവരെ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. 1934-ല്‍ മുസ്തഫ കമാല്‍ പുനരുദ്ധാരണ കാരണങ്ങള്‍ പറഞ്ഞു അയാ സോഫിയ അടച്ചിട്ടു. 1931 മുതലേ അയാ സോഫിയയുടെ 'മാറ്റം' തുടങ്ങിവെച്ചിരുന്നു. പള്ളിയാക്കുന്നതിന് മുന്‍പ് ഉണ്ടായിരുന്ന മൊസൈക്കുകളിലെ ചിത്രങ്ങള്‍ (കന്യാമറിയതിന്റെയും യേശുവിന്റെയും) തുറന്നു കൊടുത്തു. ഇതോടൊപ്പം തന്നെ ക്രിസ്ത്യാനികള്‍ക്കും പ്രാര്‍ഥിക്കാന്‍ ചര്‍ച്ചായും തുറന്നുകൊടുത്തു.
അത്താ തുര്‍ക്കിന്റെ നിയമങ്ങള്‍ക്കനുസൃതമായി നടത്തിക്കൊണ്ടുപോകാത്ത പള്ളികള്‍ പൂട്ടുമെന്ന് വന്നു. ഇപ്രകാരം പൂട്ടിയ പള്ളികളുടെ എണ്ണം 8590 വരെയായിരുന്നു. ഇതിനു ശേഷം പൂട്ടപ്പെട്ട പല പള്ളികളും വില്‍പ്പനക്കായി വെച്ചു. ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ജമാഅത്ത് നടക്കാത്ത പള്ളികളും ചരിത്രപരമായി പ്രാധാന്യമില്ലാത്ത പള്ളികളും അടച്ചുപൂട്ടി വില്‍ക്കുകയോ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യുമെന്ന് മുസ്തഫ കമാല്‍ അതാ തുര്‍ക്ക് പത്രങ്ങളിലൂടെ അറിയിച്ചു. ബാങ്ക് മാറ്റത്തിലൂടെ ആളുകളെ പള്ളിയില്‍ നിന്നുമകറ്റി പിന്നീട് ആളില്ലെന്ന കാരണം പറഞ്ഞ് അടച്ചുപൂട്ടാനുള്ള തന്ത്രമായിരുന്നു യഥാര്‍ഥത്തിലിത്. അവസാനം തുര്‍ക്കി ഗ്രാമങ്ങളില്‍ മതത്തെ യഥാര്‍ഥ രീതിയില്‍ മനസ്സിലാക്കിയ ആളുകളെ കണ്ട് കിട്ടാത്ത ഒരവസ്ഥയുണ്ടായി. 1940 കാലഘട്ടത്തില്‍ ആറു ഗ്രാമങ്ങള്‍ക്ക് ഒരു ഇമാം എന്ന നിലയിലേക്ക് എത്തിയിരുന്നു കാര്യങ്ങള്‍.
അത്താ തുര്‍ക്കിന്റെ ഇസ്‌ലാം വിരുദ്ധത പല രൂപങ്ങളില്‍ പ്രകടമായിരുന്നു. 'നമ്മുടെ പ്രചോദനം (inspiration) ആകാശത്ത് നിന്നോ മറഞ്ഞ ലോകത്ത് നിന്നോ ഉള്ളതല്ല. മറിച്ച് നമ്മള്‍ നമ്മുടെ ജീവിതത്തില്‍ നിന്നു നേരിട്ടാര്‍ജിച്ചതാണ്.' ജുംഹൂരിയ്യത്ത് പത്രത്തില്‍ അദ്ദേഹമെഴുതി. 'തന്റെ നവീകരണ പ്രവര്‍ത്തനങ്ങളും തത്ത്വങ്ങളും മറഞ്ഞ ലോകത്ത് നിന്നും ഇറങ്ങിയ പുസ്തകത്തെ ഒരു നിലക്കും പിന്തുടരുന്നതല്ല'
1928-ല്‍ ദിവസങ്ങള്‍ നീണ്ടുനിന്ന 'ബാങ്ക്' ചര്‍ച്ചയുടെ ഉത്പന്നമായി 'ഇലാഹിയ്യത് ഫാക്കല്‍റ്റി ഇന്നോവേറ്ററിന്റെ' നേതൃത്വത്തില്‍' റീഫോം ആന്‍ഡ് മോഡേനൈസേഷന്‍ ഇന്‍ ഇസ്‌ലാം' എന്ന പേരിലൊരു കമ്മിറ്റി രൂപീകരിച്ചു. (പിന്നീട് 1932-ല്‍ ഈ കമ്മിറ്റിയെയും നിരോധിച്ചു). ഈ കമ്മിറ്റിയുടെ തീരുമാനങ്ങളിപ്രകരമായിരുന്നു. ഒന്ന്, ഇരിപ്പിടങ്ങളും ക്ലോക്ക് റൂമുകളും പള്ളിയിലാവശ്യമാണ്. ജനങ്ങള്‍ക്കവിടെ വൃത്തിയുള്ള ചെരിപ്പുധരിച്ചു കയറിചെല്ലാവുന്നതണ്. രണ്ട്, എല്ലാ പ്രവര്‍ത്തനങ്ങളും ഖുതുബകളും തുര്‍ക്കി ഭാഷയിലായിരിക്കണം. പള്ളിയില്‍ നല്ല പരിശീലനം ലഭിച്ച സംഗീതജ്ഞരുടേയും സംഗീത ഉപകരണങ്ങളുടെയും ആവശ്യകതയുണ്ട്. ഇവ ഉടനെ തുറക്കപ്പെടും. മൂന്ന്, അച്ചടിച്ച ഖുതുബയുടെ പരമ്പര തത്ത്വ ചിന്തകന്മാരായ ധര്‍മോപദേശകന്മാരില്‍ നിന്നു മത പണ്ഡിതന്മാര്‍ക്ക് ലഭിക്കുന്നതാണ്.2 (Bernard Lewis, The Rise of Modern Turkey.S.409-411)
1932-ല്‍ ഇസ്തംബൂളിലെ ഏറ്റവും പ്രശസ്തമായ 'ഫാതിഹ് സുല്‍ത്താന്‍ അഹമ്മദ് മസ്ജിദില്‍' അസര്‍നമസ്‌കാരം മുതല്‍ ബാങ്ക് തുര്‍ക്കിയില്‍ ആയിരിക്കുമെന്ന് 'ജുംഹൂരിയ്യത്ത്' പത്രത്തില്‍ അറിയിപ്പ് വന്നു. ഇത് കാണാനായി ആണും പെണ്ണുമായി ആയിരങ്ങള്‍ പള്ളി പരിസരങ്ങളില്‍ തടിച്ച് കൂടി. ഈ വാര്‍ത്ത പിറ്റേ ദിവസത്തെ പത്രത്തില്‍ വന്നത് ഇപ്രകാരമായിരുന്നു 'ആദ്യ തുര്‍ക്കി ബാങ്ക് വിളിക്കപ്പെട്ടിരിക്കുന്നു. തുര്‍ക്കി ഭാഷയില്‍ സുന്ദരമായി ബാങ്ക് വിളിക്കാന്‍ കഴിയുന്നതാണ്; അത് പോലെ തന്നെ ഫലപ്രദവും'
പതിനെട്ടു കൊല്ലം രാജ്യത്തെ ഒരൊറ്റ മിനാരത്തിലും 'അല്ലാഹു അക്ബര്‍' എന്ന് വിളംബരം ചെയ്യാനാരും ധൈര്യപ്പെട്ടില്ല, ധൈര്യപ്പെട്ടവരെയെല്ലാം മുസ്തഫാ കമാല്‍ തൂക്കിലേറ്റുകയോ തുറങ്കിലടക്കുകയോ ചെയ്തു.
284 ഓളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന പല ഇലാഹിയ്യത് ഫാക്കല്‍റ്റികളും പത്തും ഇരുപതും കുട്ടികളുമായി 1932-ല്‍ അടച്ചുപൂട്ടുകയുണ്ടായി. പല പള്ളികളും ചര്‍ച്ചുകളാക്കി മാറ്റി.
പള്ളികളില്‍ മാത്രമായിരുന്നില്ല മുസ്തഫ കമാലിന്റെ 'വിപ്ലവങ്ങള്‍', മയ്യിത്ത് സംസ്‌കരണ വേളകളിലും 'അല്ലാഹു' പോലുള്ള അറബി പദങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. 'ഫവ്‌സി ചക്മകിന്റെ' മയ്യിത്ത് സംസ്‌കരണ വേളയില്‍ ചില യുവാക്കള്‍ അല്ലാഹു അക്ബര്‍ എന്നുച്ചരിച്ചത് 1950 മാര്‍ച്ച് 14 ന് 'വകിത്' പത്രത്തില്‍ ( Time News Paper) വന്നത് ഇപ്രകാരമായിരുന്നു 'മോശം, യുവാക്കള്‍ ഇപ്പോഴും 'തക്ബീര്‍' തുടരുന്നു എന്ന തലക്കെട്ടിന് കീഴെ 'ചില സംഘങ്ങള്‍ 'അത്താ തുര്‍ക്കിന്റെ' വിപ്ലവങ്ങളെ അനാദരിക്കും വിധം അറബി തക്ബീര്‍ കൊണ്ട് വന്നിരിക്കുന്നു.'
ആധുനീകരണത്തിലും പാശ്ചാത്യവല്‍ക്കരണത്തിലും മാത്രം ശ്രദ്ധിച്ച മുസ്തഫ കമാല്‍ ഇസ്‌ലാമിന്റെ ഉന്മൂലനത്തിലായിരുന്നു തന്റെ ഊര്‍ജമത്രയും ചിലവഴിച്ചിരുന്നത്. രാജ്യത്ത് സാമ്പത്തിക സ്ഥിരതയും, സുരക്ഷയും, ജനാധിപത്യവുമുണ്ടായിരുന്നില്ല.
തുര്‍ക്കിയില്‍ നിലനിന്നിരുന്ന അക്ഷരമാല മാറ്റമായിരുന്നു അത്താ തുര്‍ക്കിന്റെ മറ്റൊരു 'വിപ്ലവം.' വിദ്യാസമ്പന്നരായ ഒരുപാടുപേര്‍ ഒരു രാത്രികൊണ്ട് നിരക്ഷരരായി. നാനൂറ് വര്‍ഷം മുമ്പ് ഷേക്‌സ്പിയര്‍ എഴുതിയ കൃതികള്‍ ഇംഗ്ലീഷുകാര്‍ അനായാസം വായിച്ചുമനസ്സിലാക്കുന്നു. എന്നാല്‍ എണ്‍പത് വര്‍ഷം മുമ്പ് മാത്രം തുര്‍ക്ക് ദേശീയ കവി ആകിഫ് എസ്രോയിയെഴുതിയ 'മില്ലി മാര്‍ഷ്' ( National March) തുര്‍ക്കികള്‍ക്ക് വായിക്കാനാവത്തതിന്റെ കാരണവും ഈ 'വിപ്ലവ'മായിരുന്നു. ആയിരം വര്‍ഷങ്ങളിലെ പണ്ഡിതന്മാര്‍ ഒരു രാത്രി കൊണ്ട് 'ജാഹിലുകളായി' മാറി. പല ലൈബ്രറികളിലായി ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ വെറും പാഴ്കടലാസുകളായി മാറി. 'സുലൈമാനിയെ ലൈബ്രറി'യിലെ എണ്‍പത് ലക്ഷത്തോളം പുസ്തകങ്ങള്‍, 'ബയാസിത് ലൈബ്രറിയിലെ പന്ത്രണ്ട് ലക്ഷം പുസ്തകങ്ങളും മറ്റു ലൈബ്രറികളിലെ ഒരു കോടിയോളം വരുന്ന പുസ്തകങ്ങളും കമാലിസ്റ്റ് വിപ്ലവം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു
700 വര്‍ഷ നാഗരികതയുടെ സംസ്‌കാരത്തെയും ഭാഷയെയും അര്‍മേനിയനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. പുതിയ ഭാഷ നിര്‍മിക്കുന്നതിനായി 'ആഗോപ് ദില്‍അച്ചറിനെ' (യഥാര്‍ഥ പേര് Agop martayan) മുസ്തഫ കമാല്‍ അങ്കാറയിലേക്ക് ക്ഷണിച്ചു. ഇരുപത്തിരണ്ടു ഭാഷകളില്‍ വിദഗ്ധനായ ആഗോപ് ലാറ്റിന്‍ അക്ഷരമാലയില്‍ 'യെനി തുര്‍ക്കിഷ്' (New Turkish) നിര്‍മിച്ചു. പിന്നീട് മുസ്തഫ കമാലാണ് അദ്ദേഹത്തിന് തുറന്ന ഭാഷ എന്നര്‍ഥം വരുന്ന 'ദില്‍ അചര്‍' എന്ന സ്ഥാനപ്പേരുനല്‍കിയത്.
പല നേതാക്കളും കൊലചെയ്യപ്പെട്ടു. 'തൊപ്പി നിയമത്തിന്റെ'(ശഫ്ക കാനൂന്‍) പേരില്‍ മുഹമ്മദ് ആതിഫിനെ തൂക്കിലേറ്റി. എര്‍ബില്ലി മുഹമ്മദ് അസദിനെ വിഷം കൊടുത്തു കൊന്നു, ദീനിന് വേണ്ടി നിലനിന്നു എന്ന കാരണത്താല്‍ അലി ശുകൂറിനെയും കൊന്നു, മുസ്തഫ കമാലിനെ എതിര്‍ത്ത ഏക കാരണത്താല്‍ രിസാ നൂരിന്റെയും കഥകഴിച്ചു, മെഹമെത് ആകിഫിനെ ഈജിപ്തിലേക്ക് നാട് കടത്തി, സയ്യിദ് നൂര്‍സിയെ ജയിലിലടക്കുകയും പിന്നീട് നാട് കടത്തുകയും ചെയ്തു.
തുര്‍ക്കി റിപ്പബ്ലിക് ആവുന്നതിന് മുന്‍പ് സുന്നി, അലവി, തുര്‍ക്ക്, കുര്‍ദ്, ലാസ്, ഇസ്‌ലാമിസ്റ്റ്, കമ്യൂണിസ്റ്റ്, നാഷനലിസ്റ്റ് തുടങ്ങി എല്ലാ വിഭാഗങ്ങളും ഐക്യത്തോടെ ജീവിച്ചുപോന്നിരുന്നു. എന്നാല്‍ ഉസ്മാനിയാ ഖിലാഫത്തിന്റെ തകര്‍ച്ചയോടെ എല്ലാവരും പരസ്പരം അക്രമവും ശകാരവും തുടങ്ങി.
അക്ഷരമാല മാറ്റത്തിന്ന് മുസ്തഫ കമാല്‍ നല്‍കിയ കാരണങ്ങള്‍ ഇപ്രകരമായിരുന്നു, ഒന്ന്, 'ഇസ്‌ലാം ഹര്‍ഫുകള്‍' പഠിക്കാന്‍ പ്രയാസമേറിയവയാണ്. രണ്ട്, 'ഇസ്‌ലാം ഹര്‍ഫ്' വികസനത്തെ തടയുന്നവയാണ്.
പ്രശസ്ത ഒകുല്‍തോലജിസ്റ്റ് (Occultologist) ടെക്‌സ് മാര്‍സ് തന്റെ പുസ്തകത്തില്‍ മാസോനിക് അടയാളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്. കാള്‍ മാക്‌സ്, സ്റ്റാലിന്‍, ട്രോട്‌സ്‌കി എന്നിവരെ പോലെതന്നെ മുസ്തഫ അത്താ തുര്‍ക്കും sign of second master of veil (An important secret rank of freemasonry) ന്റെ മാസോനിക് സിഗ്‌നല്‍ ഉപയോഗിച്ചിരുന്നതായി അദ്ദേഹം പറയുന്നുണ്ട്. വസ്ത്രത്തിനകത്ത് നെഞ്ചിന് മുകളിലായി പ്രത്യേക രീതിയില്‍ കൈ വെച്ചിരുന്നതായി അദ്ദേഹത്തിന്റെ ചിത്രങ്ങളിലും വ്യക്തമായി കാണാവുന്നതുമാണ്.
ഹിജ്‌റാ കലണ്ടറിന് പകരം പാശ്ചാത്യ കലണ്ടര്‍ ആയ ഗ്രിഗേറിയന്‍ കലണ്ടര്‍ സ്വീകരിച്ചതായിരുന്നു മുസ്തഫ കമാലിന്റെ മറ്റൊരു പരിഷ്‌കരണം..
1926-ല്‍ പുതിയ സിവില്‍, കോമേര്‍ഷ്യല്‍, പീനല്‍ കോഡ് നിലവില്‍ വന്നു.
ഭാഹുഭാര്യാത്വം നിരോധിച്ചു. സിവില്‍ മാര്യേജ് നിയമം കൊണ്ടുവന്നു. ഇസ്‌ലാമികമായ വിവാഹ സമ്പ്രദായം എടുത്തുകളഞ്ഞു. മില്ലെത്ത് സമ്പ്രദായം അവസാനിപ്പിച്ചു. ഒഫീഷ്യല്‍ മതമായി ഇസലാം എന്നിടത്ത് 'സെക്കുലര്‍' എന്നാക്കി. വെള്ളിയാഴ്ചക്ക് പകരം ഞായറാഴ്ച പൊതു അവധിയാക്കി.
ചുരുക്കത്തില്‍ അത്താ തുര്‍ക്കിന്റെ കണ്ണില്‍ ആധുനീകരണം എന്നാല്‍ അന്ധമായ പടിഞ്ഞാറുവല്‍ക്കരണമായിരുന്നു. തൊപ്പി, ഭാഷ, ബാങ്ക്, കലണ്ടര്‍, വിവാഹം, വസ്ത്രധാരണം തുടങ്ങിയ എല്ലാ നിയമ മാറ്റത്തിലൂടെയും മുസ്‌ലിംകളെ ഇസ്‌ലാമില്‍ നിന്നും ഇസ്‌ലാമിക ചിഹ്നങ്ങളില്‍ നിന്നുമകറ്റിനിര്‍ത്തലായിരുന്നു ഉദേശ്യം.
തല മറച്ച സ്ത്രീകള്‍ക്ക് ഒരിടത്തും സ്വീകാര്യത കിട്ടിയിരുന്നില്ല. എന്തിനേറെ തല മറക്കുകയും നിസ്‌കരികുകയും ചെയ്യുന്ന മാതാക്കളുടെ മക്കള്‍ക്ക് പോലിസിലും പട്ടാളത്തിലും വരെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു.
എന്നാല്‍ സാമ്പത്തിക രംഗം തകര്‍ന്നു. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും അന്തരം വര്‍ധിച്ചു. തുര്‍ക്കി ലീറയുടെ മൂല്യം തകര്‍ന്നു. പ്രധിസന്ധി തരണം ചെയ്യാനായി ഐ.എം.എഫില്‍ നിന്നു ലക്ഷകണക്കിന്ന് ഡോളര്‍ കടമെടുത്തു. അത് വരെയും സന്തോഷത്തോടെ കഴിഞ്ഞിരുന്ന തുര്‍ക്കികള്‍ മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ കലഹിച്ചു തുടങ്ങി. പല യഹൂദ നേതാക്കളും കൊലചെയ്യപ്പെടുകയും അതിനുത്തരവാദികളായി മുസ്‌ലിംകള്‍ പിടിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം മുസ്‌ലിംകള്‍ക്കെതിരെ വെറുപ്പുണ്ടാക്കാനുള്ള ഭരണവര്‍ഗത്തിന്റെ തന്ത്രങ്ങളായിരുന്നു.
2002 ലെ പുതിയ ഭരണകര്‍ത്താക്കളിലൂടെ തുര്‍ക്കി ഉയിര്‍ത്തെഴുന്നേറ്റു. ടൂറിസവും കച്ചവടവും പുരോഗതി നേടി. അന്നുവരെ ആശുപത്രികളിലും മറ്റും നീണ്ട നിര കാണാമായിരുന്നു. പലരും ചികിത്സകിട്ടാതെ മടങ്ങിപ്പോവുന്ന അവസ്ഥയായിരുന്നു. എന്നാല്‍ എ.കെ.പിയുടെ വരവോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാമായി. പ്രഗത്ഭരായ പുതിയ ഡോക്ടര്‍മാരെ നിയമിച്ചും നൂതനമായ പല മാറ്റങ്ങള്‍ കൊണ്ടുവന്നും ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചൂ.
രാജ്യത്തിന്റെ ആയുധവും സമ്പത്തും കൊള്ളയടിക്കുന്നവരായിരുന്ന സൈന്യം. എതിര്‍ത്തവരെ പല മാര്‍ഗങ്ങളിലൂടെ തുറുങ്കിലടക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തിരുന്നു. സൈന്യത്തിനകത്തുള്ളവരെ പോലും ഇപ്രകാരം കൊലചെയ്തിരുന്നു. ഇതിനൊരു പരിഹാരമെന്നോണം എ.കെ.പി 'എര്‍ഗാനെകോണ്‍ വെ ബല്‍യോസ്' (Erganakon ve balyos) എന്ന പേരില്‍ 'ലോ കോര്‍ട്ട്' സ്ഥാപിക്കുകയും അങ്ങനെ ഉത്തരവിറങ്ങുകയും ചെയ്തു. ഇതുവഴി പല പ്രമുഖരും തുറുങ്കിലടക്കപ്പെട്ടു.
മാറ്റത്തിലേക്ക്
1980കള്‍ തുര്‍ക്കിയുടെ ചരിത്രത്തില്‍ മാറ്റങ്ങളുടെ വര്‍ഷങ്ങളല്ലായിരുന്നു. തുര്‍ക്കി ഭരണഘടനയില്‍ തുര്‍ക്കി സേന അവിടത്തെ 'Guardian of the Regime' (രാഷ്ട്രത്തിന്റെ കാവലാള്‍) ആയാണ് കണക്കാക്കിയിരുന്നത്. 1980-ല്‍ കെനാന്‍ ഏവ്രെന്‍ (kernan evren) മൂന്നാം പട്ടാള അട്ടിമറിയിലൂടെ തുര്‍ക്കിയുടെ ഭരണം കൈക്കലാക്കി. ഇത് വഴി നിലവില്‍ മാറി വരുന്ന ഇസ്‌ലാമിക ചിന്തകള്‍ക്ക് വിരാമമിടലയിരുന്നു ലക്ഷ്യം. ഇമാം ഹതീപ്(ഇമാം-ഖത്വീബ്) കോഴ്‌സുകളെല്ലാം അടച്ചുപൂട്ടി.
1983-ല്‍ തുര്‍ഗുത് ഒസാല്‍ 'അന വതന്‍' (Motherland Patry) പാര്‍ട്ടി യുണ്ടാക്കുകയും 1983, 1987 ഇലക്ഷനില്‍ പ്രധാനമന്ത്രി ആവുകയും, 1989-1993 കാലയളവില്‍ പ്രസിഡന്റ് ആവുകയും ചെയ്തു. അത് വരെ തുര്‍ക്കിയില്‍ നിലനിന്ന് പോന്നിരുന്ന സമ്പ്രദായങ്ങളില്‍ നിന്ന് പല വ്യതിചലനങ്ങള്‍ക്കും തുടക്കം കുറിച്ച അദ്ദേഹം ഇമാം, ഹതീപ് കോഴ്‌സുകള്‍ പുനരാരംഭിച്ചു. പള്ളികളില്‍ ഖുര്‍ആന്‍ പഠനശാലകളാരംഭിച്ചു.
1960ന്റെ തുടര്‍ച്ചയെന്നോണം Turkish Armed Force (türk silahli kuvvet-TSK) പട്ടാള അട്ടിമറി ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഉര്‍ദുഗാന്‍ ഭരണത്തില്‍ വന്ന 2002ന് ശേഷവും ഇത്തരം ശ്രമങ്ങള്‍ നടക്കുകയുണ്ടായി.
ഇസ്‌ലാം വിമുക്ത തുര്‍ക്കിയെ സ്വപ്നം കണ്ട കമാലിസ്റ്റുകള്‍ക്ക് പക്ഷെ അല്‍പ്പായുസ് മാത്രമേ ഉണ്ടായിരുന്നുളൂ. എണ്‍പത് വര്‍ഷം തുര്‍ക്കി ഭരിച്ച അവര്‍ ഒരര്‍ഥത്തില്‍ തുര്‍ക്കിയുടെ മുഖം തന്നെ മാറ്റുന്നതില്‍ വിജയിക്കുകയുണ്ടായി.
കഴിഞ്ഞ 2012 സെപ്റ്റംബര്‍ 30ന് എ.കെ പാര്‍ട്ടിയുടെ നാലാമത് സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ഉര്‍ദുഗാന്റെ രണ്ടര മണിക്കൂര്‍ നീണ്ട പ്രസംഗം ലോക മുസ്‌ലിം സമൂഹത്തിന് പുതിയ പ്രതീക്ഷകളായിരുന്നു. 'പട്ടാള അട്ടിമറികളുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും മറ്റു ലോക മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് അനുകരിക്കാന്‍ പറ്റുന്ന രൂപത്തില്‍ ഒരു മോഡലായി തുര്‍ക്കിയിന്ന് മാറിയിരിക്കുന്നു'വെന്നുംഅദ്ദേഹം പറഞ്ഞു.
തുര്‍ക്കി സെക്കുലര്‍ വല്‍ക്കരിക്കപ്പെട്ടുവെങ്കിലും 1980 കളില്‍ രൂപപ്പെട്ടുവന്ന മാറ്റത്തിന്റെ അലയൊലികളില്‍ പുതിയതലമുറ മാറിചിന്തിച്ചു തുടങ്ങി. പ്രാദേശിക തലത്തില്‍ മതപരമായി ഉത്തേജിപ്പിക്കപ്പെട്ട നേതാക്കള്‍ നിലനില്‍ക്കുന്ന സെക്കുലര്‍ രാഷ്ട്രീയത്തെ പ്രധിരോധിക്കാന്‍ തുടങ്ങി. ഇതേ തുടര്‍ന്നാണ് 1983-ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി രൂപം കൊള്ളുന്നത്. (Rafah Patry) ശേഷം 1995-ല്‍ അര്‍ബകാന്റെ ഈ പാര്‍ട്ടി പാര്‍ലമെന്ററി ഇലക്ഷനിലൂടെ അധികാരത്തില്‍ വന്ന ആദ്യ ഇസ്‌ലാമിക് പാര്‍ട്ടിയായി. വസ്ത്രധാരണത്തില്‍ വന്ന മാറ്റവും ഇസ്‌ലാമിക് ബാങ്കുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വളര്‍ച്ചയും സൂഫി ക്രമത്തിന് ലഭിച്ച പിന്തുണയും ഇതില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ 1998-ല്‍ രാജ്യത്തിന്റെ സെക്കുലര്‍ ക്രമത്തെ അസ്വാസ്ഥ്യപ്പെടുത്തുന്നു എന്ന കാരണം പറഞ്ഞ് പാര്‍ട്ടിയെ നിരോധിച്ചു.
തുടര്‍ന്ന് പാര്‍ട്ടിയിലെ അധിക അംഗങ്ങളും പുതിയ ഇസ്‌ലാമിക് പാര്‍ട്ടി യായ വിര്‍ച്യു പാര്‍ട്ടിയില്‍(Faziliyet Party-ഫസീലഃ പാര്‍ട്ടി) ചേര്‍ന്നു. എന്നാല്‍ 2011 ജൂണ്‍മാസം ഈ പാര്‍ട്ടിയും നിരോധിക്കപ്പെട്ടു.
2001 ഓഗസ്റ്റ് മാസം ഇസ്തംബൂള്‍ മേയറായിരുന്ന (1994-1998 ) എര്‍ദൊഗാനും അബ്ദുള്ള ഗുലും ചേര്‍ന്ന് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. ഇസ്‌ലാമിക ഐഡന്റിറ്റിക്കുപരിയായി ജനാധിപത്യവല്‍ക്കരണത്തില്‍ ശ്രദ്ധ പതിപ്പിച്ച പാര്‍ട്ടി ഇസ്‌ലാം എന്ന പദം ഉപയോഗിക്കുന്നതിലപ്പുറം ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് ചെയ്തത്. രൂപീകരിച്ച തൊട്ടടുത്ത വര്‍ഷത്തില്‍ തന്നെ അധികാരത്തില്‍ വന്ന പാര്‍ട്ടി 2010ല്‍ രാജ്യത്തെ സൈനിക മേധാവിത്തം കുറക്കുന്നതിനായി ഭരണഘടനയില്‍ മാറ്റംവരുത്തുകയും നാഷണല്‍ റെഫറണ്ടത്തിലൂടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ഇത് വഴി ജുഡീഷറിയുടെ ശക്തി കുറച്ചു കൊണ്ടുവരാനും പാര്‍ട്ടി ക്ക് സാധിച്ചു. ജഡ്ജിയെ നിയമിക്കുന്നതില്‍ ലെജിസ്ലേച്ചറിന്റെ ശക്തി വര്‍ധിപ്പിക്കുകയും ചെയ്തു.
തുടക്കം മുതലേ തുര്‍ക്കി റിപ്പബ്ലിക്കില്‍ പട്ടാളത്തിന് വലിയ പങ്ക് ലഭിച്ചിരുന്നു. ഭരണഘടനയുടെ കാവലാളായാണ് കമാലിസ്റ്റുകള്‍ സൈന്യത്തെ കണക്കാക്കിയിരുന്നത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു 1960 കളിലും 1980കളിലുമായി നടന്ന സൈനിക അട്ടിമറികള്‍. 1960-1961 കാലഘട്ടത്തിലെ അട്ടിമറിയില്‍ 'കമ്മിറ്റി ഓഫ് നാഷണല്‍ യുണിറ്റി'ലൂടെയാണ് ഗവണ്‍മെന്റ് താഴെ ഇറക്കപ്പെട്ടത്. തുടക്കത്തില്‍ അല്‍പ്പം സംഘട്ടനങ്ങള്‍ ഉണ്ടാക്കിയെങ്കിലും പിന്നീട് ഗവണ്‍മെന്റിനെ ജനം അംഗീകരിക്കുന്നതാണ് കണ്ടത്. ഈ കാലഘട്ടത്തില്‍ രാജ്യം ഉയര്‍ന്ന മൂല്യത്തകര്‍ച്ചയിലേക്കും ഭീമമായ സാമ്പത്തിക നഷ്ടത്തിലേക്കും കൂപ്പുകുത്തി.
എ.കെ.പി (Adalet ve Kalkinma Partisi-അക് പാര്‍ട്ടിസി)
എ.കെ പാര്‍ട്ടി എന്നറിയപ്പെടുന്ന ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി തുര്‍ക്കിയിലെ ഒരു പ്രധാന രാഷ്ട്രീയ കക്ഷിയാണ്. 1994 മുതല്‍ 1998 വരെ ഇസ്തംബൂള്‍ മേയറായിരുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് എ.കെ. പാര്‍ട്ടിയുടെ ചെയര്‍മാനും സ്ഥാപക നേതാവും. റിസേയിലെ (rize) കോസ്റ്റ് ഗാര്‍ഡിന്റെ മകനായി ജനിച്ച ഉര്‍ദുഗാന്‍ തന്റെ പതിമൂന്നാം വയസ്സില്‍ കുടുംബത്തോടൊപ്പം ഇസ്തംബൂളിലേക്ക് ചേക്കേറി. കൗമാരക്കാരനായിരിക്കെ പോക്കറ്റ് മണിക്കായി 'സിമിത്തും' (sesame buns) നാരങ്ങ വെള്ളവും (lemonade) വില്പന നടത്തിയിരുന്ന അദ്ദേഹം മര്‍മാര (marmara) യൂണിവേഴ്‌സിറ്റിയില്‍ നിന്നു എകണോമിക്‌സ് ആന്റ് കൊമേഴ്‌സ്യല്‍ സയന്‍സില്‍ ബിരുധദാരിയാണ്. അതേസമയം നല്ലൊരു ഫുട്‌ബോളര്‍ കൂടിയായിരുന്നു. 1980ലെ സൈനിക അട്ടിമറിക്ക് ശേഷം നജ്മുദ്ദീന്‍ അര്‍ബ കാന്റെ 'വെല്‍ഫെയര്‍ പാര്‍ട്ടി'യില്‍ ചേര്‍ന്ന ഉര്‍ദുഗാന്‍ 'ആന്റി കമ്മ്യൂണിസ്റ്റ് ആക്ഷന്‍ ഗ്രൂപ്പില്‍ (Anti-Communist Action Group) അംഗമായി നാഷണല്‍ തുര്‍ക്കിഷ് സ്റ്റുഡന്റ് യൂനിയനിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് രംഗ പ്രവേശം ചെയ്തു. തുടര്‍ന്ന് 1984ല്‍ ബെയോഗ്'ലു (Beyoglu) ഡിസ്ട്രിക്റ്റിന്റെ ചെയര്‍മാനും 1985-ല്‍ ഇസ്തംബൂള്‍ സിറ്റി ബ്രാഞ്ചിന്റെ ചെയര്‍മാനുമായി. 1991-ല്‍ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒരു പൊതു പ്രഭാഷണത്തിനിടെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിച്ച പാന്‍ തുര്‍കിഷ് ആക്ടിവിസ്റ്റായ സിയാ ഗോകല്‍പിന്റെ (Ziya Gökalp) 'പള്ളികള്‍ ഞങ്ങളുടെ സൈനിക ക്യാമ്പുകളും മിനാരങ്ങള്‍ ഞങ്ങളുടെ കവചങ്ങളുമാണ്. വിശ്വാസമാണ് ഞങ്ങളുടെ സൈന്യം....' എന്നുതുടങ്ങുന്ന കവിത ചൊല്ലിയതിന്റെ പേരില്‍ 1999, മാര്‍ച്ച് 24നു ജയിലിലടക്കപ്പെട്ടു. തുര്‍ക്കിഷ് പീനല്‍ കോഡ് article 312/2 പ്രകാരമുള്ള ശിക്ഷയാണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടത്.
2001 ആഗസ്ത് 14നു രൂപീകൃതമായ എ.കെ.പി പരമ്പരാഗതമായ ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടിയാണെന്നിരിക്കെതന്നെ തുറന്ന കമ്പോളവ്യവസ്ഥയേയും തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രവേശനത്തെയും അനുകൂലിക്കുന്നു. 2007ല്‍ തുര്‍ക്കിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 46.6% വോട്ടും 341 സീറ്റുകളും നേടി എ.കെ. പാര്‍ട്ടി അധികാരത്തിലെത്തുകയുണ്ടായി. റജബ് തയ്യിബ് ഉര്‍ദുഗാന്‍ ഇപ്പോള്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയും എ.കെ. പാര്‍ട്ടിയുടെ മറ്റൊരു പ്രധാനപ്പെട്ട നേതാവായ അബ്ദുല്ല ഗുല്‍ തുര്‍ക്കിയുടെ പ്രസിഡന്റും ആണ്.
ജനങ്ങളുടെ കൂടെ നടന്ന ഗവണ്‍മെന്റും ജനങ്ങളുടെ അവശ്യങ്ങളറിഞ്ഞു പ്രവര്‍ത്തിക്കുകയും അവരിലൊരാളായി തന്നെ ജീവിക്കുകുകയും ചെയ്യുന്ന പ്രധാനമന്ത്രിയും പ്രസിഡന്റുമാണ് തുര്‍ക്കിയുടെ വിജയം. ഇത് തന്നെയാണ് നീണ്ട പത്തുവര്‍ഷം ഉര്‍ദുഗാനെയും പാര്‍ട്ടിയെയും ആവര്‍ത്തിച്ചു ഭരണത്തില്‍ നിലനിര്‍ത്തിയതും. ഗ്രാമങ്ങള്‍ തൊട്ട് എല്ലാ തലങ്ങളിലുമുള്ള സാധാരണ ജനങ്ങള്‍ക്കും ദരിദ്രനും പണക്കാരനും ഒരുപോലെ പ്രിയങ്കരനാണ് ഉര്‍ദുഗാന്‍. തങ്ങളില്‍ നിന്നുള്ള ഒരാളായി ജനങ്ങള്‍ കാണുന്ന അദ്ദേഹത്തിലെ ആത്മാര്‍ഥതയും അടുപ്പവുമാണ് മറ്റുള്ളവരില്‍ നിന്നു അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്. ചെറിയ കുട്ടികളെ ലാളിക്കുന്നതും വൃദ്ധരായ ആളുകളുടെ കൂടെയിരുന്നും അവരുടെ വേദനകളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നതിനദ്ദേഹം സമയം കണ്ടെത്താറുണ്ട്. അത് കൊണ്ട് തന്നെ സാധാരണ ജനങ്ങള്‍ക്ക് ഏറെ പരിചിതന്‍ കൂടിയാണദ്ദേഹം.
തുര്‍ക്കിയെ എങ്ങനെ മാറ്റി എന്നതിന് ഒരുപാട് ഉത്തരങ്ങള്‍ ഉണ്ടാവാം. എന്നാല്‍ തങ്ങളുടെ നേതാവിലുള്ള ജനങ്ങളുടെ വിശ്വസമാണ് ഒന്നാമതായി പറയാന്‍ സാധിക്കുക. ഒരു നേതാവിന് തന്റെ ജനങ്ങളില്‍ നിന്നും കിട്ടാവുന്നതില്‍ ഏറ്റവും വിലപ്പെട്ടതും ഇത് തന്നെ. പ്രശ്‌നങ്ങളോടുളള അദ്ദേഹത്തിന്റെ സമീപനവും അനീതിക്കെതിരെയുള്ള സത്യസന്ധമായ നിലപാടുകളും ഒരു നേതാവ് എന്ന നിലക്ക് ഉറുദുഗാന്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കികൊടുത്തിട്ടുണ്ട്. ചെറിയ പാര്‍ട്ടികളെ ഒരുമിച്ചു നിര്‍ത്തുന്നതിലും ദീര്‍ഘ ദൃഷ്ടിയോടെ കാര്യങ്ങളെ നോക്കിക്കാണുന്നതിലും അദ്ദേഹത്തിന്റെ കഴിവും പ്രയത്‌നവും ശ്ലാഘനീയമാണ്. തങ്ങളില്‍ നിന്നു കൈവിട്ടുപോയ ഒരു മഹത്തായ സാമ്രാജ്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് അദ്ദേഹത്തിന്റെ മറ്റൊരു ലക്ഷ്യം. 600 വര്‍ഷം ലോകത്തിന് നീതിയുടെയും സത്യത്തിന്റെയും മാതൃകയായിരുന്ന ഓട്ടോമന്‍ സാമ്രാജ്യം പോലെ ജനങ്ങളില്‍ വിശ്വാസമുള്ള ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു രാജ്യത്തിന്റെ സ്ഥാപനമാണ് അദ്ദേഹം സ്വപ്നം കാണുന്നത്. ആശയപരമായും ഘടനാപരമായും ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മറ്റു പാര്‍ട്ടി കളെന്നിരിക്കെ തന്നെ അവയുടെയെല്ലാം ഏകോപനവും സഹകരണവും സാധ്യമാക്കിയത് അദ്ദേഹത്തിന്റെ സമീപനത്തിലെ പക്വതയും ഒരു രാഷ്ട്ര നേതാവിനുണ്ടായിരിക്കേണ്ട തന്ത്രവുമാണ്.
അച്ചടക്കമാണ് സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിന് സഹായകമായ (fiscal descipline) ഒരു ഘടകം. വര്‍ത്തമാന കാലത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ അന്‍പത് വര്‍ഷ ലക്ഷ്യങ്ങളോട് ഒരു സമവായത്തിനും തയാറാവാതെ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ രാജ്യത്തെ സംരക്ഷിക്കുന്നതിനായുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കൊരു അടിത്തറ പാകുക വഴി രാജ്യത്ത് സുസ്ഥിതി കൊണ്ടുവരുന്നതില്‍ ഭരണകൂടം വിജയിച്ചു. 2011-ലെ സമ്മേളനത്തില്‍ ഉര്‍ദുഗാന്‍ പ്രഖ്യാപിച്ച 2023 ഉം 2071 ലക്ഷ്യങ്ങളിലേക്ക് വഴിനടക്കുമ്പോഴും ചലനാത്മമായ യുവതയുടെ മേല്‍ ദൃഷ്ടി പതിപ്പിക്കാനദ്ദേഹം ശ്രദ്ധിച്ചു. വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന ഭീകരാക്രമണവും ജനതയുടെ ശാപമായി മേല്‍നോട്ടത്തിലിരുന്ന പട്ടാളവും ദുഷിച്ച സമ്പന്നരും നാടിനെ നശിപ്പിച്ച അഴിമതിക്കുമെതിരെയായിരുന്നു ഉറുദുഗാന്റെ പോരാട്ടമത്രയും. രാജ്യത്തിന് പുറത്ത് നിന്നുള്ള ആക്രമണങ്ങളെക്കളെത്രയോ ഭീകരമായിരുന്നു അകത്ത് നിന്നുള്ള ആക്രമണങ്ങള്‍.
കാലങ്ങളായി തുടര്‍ന്ന് വരുന്ന സംവിധാനത്തില്‍ നിന്നു തുര്‍ക്കിയെ മാറ്റിയെടുക്കുക അത്ര എളുപ്പമായിരുന്നില്ല. അതിനായി ജനങ്ങളുടെ ചിന്തയിലും രീതിയിലും സമൂലമായ മാറ്റം ആവശ്യമാണ്. പട്ടണങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ ഈ മാറ്റത്തിന്റെ വേഗം കുറവാണ്. അതിനായി ഗ്രാമങ്ങള്‍ക്ക്് പ്രത്യേകമായി പോളിസികള്‍ നിര്‍മിക്കുകയും പ്രായോഗിക തലത്തില്‍ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ഗ്രാമങ്ങളെക്കാളും മെട്രോ പോളിറ്റന്‍ സിറ്റികളില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നതിനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ 'അര്‍ബസന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍' എന്നാണ് പറയുന്നത്.
ജനസേവനം ദൈവാരാധനയാണെന്ന് വിശ്വസിക്കുന്നു എ.കെ.പി. ജന വിരുദ്ധവും ശക്തവും വ്യവസ്ഥാപിതവുമായ ഒരു സംവിധാനത്തെ ജനകീയ വിപ്ലവത്തിലൂടെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വളരെ വേഗത്തിലുള്ള ഈ മാറ്റത്തിന് കൈമുതലായുളളത് സ്വന്തം ജനങ്ങളാണ്. അത്താ തുര്‍ക്ക് ചെയ്തത് പോലുള്ള ഒരു നിര്‍ബന്ധിത മാറ്റമല്ല മറിച്ച് എല്ലാ മതങ്ങള്‍ക്കും തരക്കാര്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങളും അംഗീകാരങ്ങളും മുസ്‌ലിം വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുന്നതില്‍ ഒരു പരിധിവരെ ഉര്‍ദുഗാന്‍ വിജയിക്കുകയുണ്ടായി.
എ.കെ.പി യെ 'അക് പാര്‍ട്ടി' എന്നാണ് തുര്‍ക്കികള്‍ വിളിക്കുന്നത്. അക് എന്ന് പറഞ്ഞാല്‍ 'വെളുത്തത് അല്ലങ്കില്‍ തെളിഞ്ഞത്' എന്നാണര്‍ഥം.
2002-ല്‍ 34.4 ശതമാനം വോട്ടുവാങ്ങി പാര്‍ലമെന്റില്‍ കയറിയ എ.കെ പാര്‍ട്ടി പിന്നീട് രണ്ടുപ്രവശ്യം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2007 ജൂലൈ 22നു നടന്ന ഇലക്ഷനില്‍ 46.6 ശതമാനം നേടി മുന്നിട്ടുനിന്ന പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 550 സീറ്റും 340 ഡപ്പ്യൂട്ടീസും നേടുകയുണ്ടായി. 1950ന് ശേഷം ഏറ്റവും ഉയര്‍ന്ന ശതമാനമാണിത്. തുടര്‍ന്ന് 2007 ഓഗസ്റ്റ് 28ന് ശക്തമായ പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും ശേഷം അബ്ദുല്ല ഗുല്‍ തുര്‍ക്കിയുടെ പതിനൊന്നാം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. കമാലിസ്റ്റ് തുര്‍ക്കി യില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് 'ചാന്‍കിയ പാലസ്'(പാര്‍ലമെന്റ്) സാക്ഷ്യം വഹിച്ചത്. അബ്ദുല്ല ഗുല്‍ പ്രസിഡന്റായി അവരോധിച്ച അന്ന് തുര്‍ക്കിയുടെ ചരിത്രത്തില്‍ ആദ്യമായൊരു സ്ത്രീ തലമറച്ച് 'ചാന്‍കിയ പാലസി'ലെത്തി. തുര്‍ക്കിയുടെ ആദ്യ വനിതയായ അബ്ദുല്ല ഗുലിന്റെ ഭാര്യ ഖൈറുന്നിസയായിരുന്നു അത്.
2007 സെപ്തംബര്‍ 14ന് നീണ്ട ഇരുപത്തഞ്ച് കൊല്ലം മുമ്പ് സൈനിക നേതാക്കള്‍ നിര്‍മിച്ച ഭരണഘടന മാറ്റി പുതിയ ഭരണഘടന നിര്‍മിച്ചു. തുടര്‍ന്ന് 2008 ജനുവരി 14ന് സ്‌പെയിനിലേക്കുള്ള യാത്രാമദ്ധ്യേ മൂന്നോളം ചോദ്യങ്ങളിലൂടെ തലമറക്കല്‍ (Head Scarf) ഒരു രാഷ്ടീയപ്രതീകമായി ഉപയോഗിക്കുന്നത് അപരാധമല്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ആ ചോദ്യങ്ങള്‍ ഇപ്രകാരമായിരുന്നു, ഒന്ന്. ടര്‍ബനന്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ ചിഹ്നമാണോ? രണ്ട്. അതൊരു രാഷ്ട്രീയ ചിഹ്നമായാല്‍ തന്നെ നിരോധിക്കാന്‍ അതൊരു കാരണമാണോ? മൂന്ന്. ഒരു ചിഹ്നത്തെ നിരോധിക്കല്‍ സാധ്യമാണോ?
ഉര്‍ദുഗാന്റെ ഈ പ്രസ്താവനക്കെതിരെ 2008 ജനുവരി 17ന് സുപ്രീംകോടതി ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുര്‍റഹ്മാന്‍ ചിന്‍കയ ശക്തമായി മുന്നോട്ടു വന്നു. 'ശിരോവസ്ത്രം അനുവദനീയമാകുന്നതോടെ തുര്‍ക്കിയുടെ സെക്കുലര്‍ സ്വഭാവമാണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്വാതന്ത്ര്യമെന്നപേരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രത്യേക വസ്ത്രം ധരിക്കുന്നതിലൂടെ സമൂഹത്തില്‍ ചില വിഭാഗക്കാരെ അവരുടെ ചിഹ്നങ്ങളും സാമൂഹിക വേര്‍തിരിവും സംഘട്ടനവും കൊണ്ടുവരാനനുവദിക്കുന്നതിന് തുല്യമായിരിക്കും.' ഇതിന് ശേഷം ഫെബ്രുവരിയില്‍ തുര്‍ക്കിയിലെ വ്യാപാരവ്യവസായ സംഘടനയും (T.U.S.I.A.D) ഈ നിരോധന പ്രഖ്യാപനത്തിനെതിരെ ശക്തമായി രംഗത്തുവന്നു.
2008 മാര്‍ച്ച് 14ന് 'അബ്ദുര്‍റഹ്മാന്‍ യാല്‍ചിന്‍കയ' കോണ്‍സ്റ്റിറ്റിയൂഷനല്‍ കോര്‍ട്ടില്‍ എ.കെ പാര്‍ട്ടി സെക്യുലരിസത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധയൂന്നുന്നതെന്ന കാരണം പറഞ്ഞ് പാര്‍ട്ടിയെയും ഉര്‍ദുഗാന്‍, ഗുല്‍ അടക്കമുള്ള പാര്‍ട്ടിയുടെ എഴുപതോളം നേതാക്കന്മാരെയും രാഷ്ട്രീയത്തില്‍ നിന്നും വിലക്കാനായി അഭ്യര്‍ഥിച്ചു. ഇതേ തുടര്‍ന്ന് എ.കെ.പി കൊണ്ടുവന്ന ഭരണഘടന പുനഃപരിശോധിക്കുകയും ജൂണ്‍ ഒന്ന് മൂന്ന് തീയതികളില്‍ എ.കെ.പി യുടെ പ്രോസിക്യൂട്ടര്‍ കോടതിക്ക് മുമ്പാകെ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കുകയും ജൂലൈ 16നു പാര്‍ട്ടിക്കെതിരെ നിരോധമില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു.
കഴിഞ്ഞ സെപ്തംബര്‍ 30ന് തങ്ങളുടെ നാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ 2013 ഏപ്രില്‍ മാസത്തോടു കൂടി International Monetary fundല്‍ തുര്‍ക്കിക്കുള്ള കടം പൂജ്യമയിരിക്കുമെന്നും അതിന് മുമ്പേ എല്ലാം അടച്ചുതീര്‍ക്കുമെന്നും ഉറുദുഗാന്‍ പ്രഖ്യാപിക്കുകയുണ്ടായി. 2002-ല്‍ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ IMFല്‍ തുര്‍ക്കിയുടെ കടം 23.5 ബില്ല്യന്‍ ഡോളര്‍ ആയിരുന്നു. ഇപ്പോഴത് 1.3 ബില്ല്യന്‍ ഡോളറായി ചുരുങ്ങി. മാത്രമല്ല 5 ബില്ല്യന്‍ ഡോളര്‍ കടമായി നല്‍കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. 2002-ല്‍ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ തുര്‍ക്കിയുടെ public Net Debt Stock 61.5 ശതമാനം ആയിരുന്നു. ഇപ്പോഴിത് 22 ശതമാനം മാത്രമാണ്. രാജ്യത്തിന്റെ GDP 230 ബില്ല്യന്‍ ഡോളറില്‍ നിന്നും 2011-ല്‍ 774ല്‍ എത്തിയിരിക്കുന്നു. തുര്‍ക്കിയുടെ Average Annual Growth Rate 1993-2002 കാലയളവില്‍ 3 ശതമാനത്തില്‍ നിന്നും 2003-2011 ല്‍ 5.3 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു.
തുര്‍ക്കിയുടെ കയറ്റുമതി 2002 ലെ 36 ബില്ല്യന്‍ ഡോളറില്‍ നിന്ന് 135 ബില്ല്യന്‍ റെക്കോഡിലെത്തിച്ചത് എ.കെ.പിയാണെന്നും കരിങ്കടലില്‍ നിന്ന് മര്‍മാറാ കടലുവരെ വെള്ളത്തിനടിയിലൂടെയുള്ള പുതിയ പാതയുടെ നിര്‍മാണം തുടങ്ങി കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.
'എ.കെ.പി 2023 Political Vision' എന്ന പേരില്‍ സമ്മേളനത്തില്‍ വിതരണം ചെയ്ത ബുക്ക് ലെറ്റില്‍ 2023 ഓട് കൂടി social securtiy deficit to GDP ഒരു ശതമാനത്തിലേക്ക് എത്തിക്കുമെന്നും ഉര്‍ദുഗാന്‍ പ്രഖ്യാപിക്കുന്നുണ്ട്.
അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി Macroeconomic തലത്തില്‍ നിലവിലെ രാജ്യത്തിന്റെ 8 ശതമാനം തൊഴിലില്ലായ്മ 5 ശതമാനമായി കുറക്കാന്‍ കഴിയുമെന്ന ഗവണ്‍മെന്റിന്റെ ലക്ഷ്യങ്ങള്‍ പ്രസ്താവിച്ചു ഉര്‍ദുഗാന്‍ പറഞ്ഞു.
വെറും പത്ത് വര്‍ഷം കൊണ്ട് 'യൂറോപ്പിന്റെ രോഗിയെന്ന്' മുദ്ര കുത്തിയിരുന്ന തുര്‍ക്കിയിന്ന് ലോകരാജ്യങ്ങള്‍ക്കൊരു മാതൃകയായി വളരുകയണ്. ഇന്ന് യൂറോപ്പില്‍ വളര്‍ച്ചാ നിരക്കില്‍ രണ്ടാം സ്ഥാനത്താണ് തുര്‍ക്കി. യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം മുഖ്യ അജണ്ടയായി എടുക്കാറുള്ള പാര്‍ട്ടി ഇപ്രാവശ്യത്തെ കോണ്‍ഗ്രസില്‍ ആ വിഷയത്തിന് അത്രകണ്ട് പ്രാധാന്യം നല്‍കിയില്ല. യൂറോപ്യന്‍ യുനിയനില്‍ അംഗത്വം കിട്ടാതെ തന്നെ തങ്ങള്‍ക്ക് വികസനം സാധ്യമാണെന്ന് തെളിയിച്ച സാഹചര്യത്തിലാണ് ഗവണ്‍മെന്റിന്റെ പുതിയ തീരുമാനമെന്നു മനസ്സിലാകുന്നു.
തുര്‍ക്കി രണ്ട് കാര്യങ്ങള്‍ക്കാണ് പ്രധാനമായും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ചര്‍ച്ചയിലേക്ക് വന്നത്. ഒന്ന് 2005ലെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ചര്‍ച്ച, രണ്ടാമതതായി ഇസ്‌ലാമിന്റെ പുനരുത്ഥാനം. കണക്കുകള്‍ പ്രകാരം തൊണ്ണൂറ്റൊമ്പത് ശതമാനം തുര്‍ക്കികളും മുസ്‌ലിംകളാണ്. എന്നാല്‍ അനുഷ്ഠാന പ്രതിബദ്ധതയുള്ള മുസ്‌ലിംകള്‍ ഇരുപതുശതമാനത്തിലും താഴെയാണ്.
'സ്‌കൂള്‍ റീഫോം ആക്ടിലൂടെ' എ.കെ.പി. വിദ്യാഭ്യാസത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. നിലവില്‍ തുടര്‍ന്ന് വരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമൂലമായ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി 4:4:4 വിദ്യാഭാസ സമ്പ്രദായം നടപ്പാക്കിയത് എ.കെ.പിയുടെ ഭരണ കാലത്താണ്. ഇതിലൂടെ നിര്‍ബന്ധിത വിദ്യാഭ്യാസം 12 വര്‍ഷമാക്കുകയാണ് ഗവണ്‍മെന്റ് ചെയ്തത്. പുതുതായി ഇമാം ഹതീബ് കോഴ്‌സുകള്‍ തുടങ്ങി. എന്നാല്‍ ഇതിനെതിരെയെല്ലാം സെക്കുലര്‍ തുര്‍ക്കിയില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങളുണ്ടായി. ഇത് ഇസ്‌ലാമിക അജണ്ട അടിച്ചേല്‍പിക്കുന്നതിന്റെ ഭാഗമാണെന്നാരോപിച്ചു. എന്നാല്‍ ഇതിലൂടെ മൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന മതാധിഷ്ഠിതമായ ഒരു യുവസമൂഹത്തെ ഉയര്‍ത്തി കൊണ്ടുവരലാണ് തന്റെ ഉദ്ദേശ്യമെന്ന് ഉര്‍ദുഗാന്‍ തുറന്നു പ്രഖ്യാപിക്കുകയുണ്ടായി. ഇന്ന് തുര്‍ക്കി ജനസംഖ്യയുടെ അമ്പത് ശതമാനം വരെ വരുന്നത് ഇരുപത്തെട്ടു വയസ്സിനു താഴെയുള്ള യുവാക്കളാണ്. ഇവരാണ് രാജ്യത്തിന്റെ സമ്പത്തും ഗവണ്‍മെന്റിന്റെ പ്രതീക്ഷയും.
മുസ്തഫ കമാലിന്റെ നടപടികളെ തുടര്‍ന്ന് മുമ്പുകാലത്ത് മാതാപിതാക്കള്‍ തങ്ങളുടെ സന്താനങ്ങളെ മത വിദ്യാഭ്യാസത്തില്‍നിന്ന് നിരുല്‍സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി. നൂറുകണക്കിന് ഖുര്‍ആന്‍ ദര്‍സുകളിന്ന് തുര്‍ക്കിയിലുണ്ട്.
തുര്‍ക്കി പാരമ്പര്യത്തിലേക്കും വികസനത്തിലേക്കുമുള്ള പ്രയാണം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.
കുറിപ്പുകള്‍
1. Musthafa Kamal An Intimate study of a Dictator (1939) - H.C Armstrong.
2. Bernard Lewis, The rise of Modern Turkey -409-411