തന്‍സീമാത്ത്: നവതുര്‍ക്കിയിലേക്കുള്ള വഴിത്തിരിവ്

സാദിഖ് പെരുമ്പടപ്പ്‌‌‌
img

സാമൂഹിക രാഷട്രീയ അസ്ഥിരതയുടെ കാലത്ത് തുര്‍ക്കിയിലെ ഇസ്‌ലാമിക ഖിലാഫത്ത് ലോക വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ നാം വിസ്മരിച്ചുകൂടാ. തുര്‍ക്കികളുടെ പോരാട്ടവീര്യവും ബൗദ്ധിക കഴിവുകളും ഇസ്‌ലാമിന് വേണ്ടി അവര്‍ സമര്‍പ്പിക്കുകയായിരുന്നു. പുരോഗതിക്ക് വേണ്ടിയുള്ള ഉസ്മാനിയ ഖിലാഫത്തിന്റെ പല ചുവടുകളും പിഴക്കാതെ പോയത് അവരുടെ ഇസ്‌ലാമിക മാര്‍ഗത്തിലുള്ള കഴിവുകളെയും നിശ്ചയദാര്‍ഢ്യത്തെയും ഊട്ടിയുറപ്പിക്കുന്നു. മത-മതേതര സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥകള്‍ വിജയത്തിന്റെ ഉന്നതിയില്‍ എത്തുമ്പോള്‍ അതിന്റെ അടിസ്ഥാന ആശയങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് മൂലം വിള്ളലുകള്‍ സംഭവിക്കുക എന്നത് ഒരു പ്രകൃതി നിയമമാണ്. ലോകം ഭരിക്കുന്നതില്‍ കഴിവുതെളിയിച്ച ഉസ്മാനി ഖിലാഫത്തിലും വിള്ളലുകള്‍ സംഭവിച്ചു.
18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ ഉസ്മാനിയ ഖിലാഫത്ത് ലോകത്ത് പകരം വെക്കാന്‍ ഇല്ലാത്ത രാഷ്ട്രീയ-സാമ്പത്തിക പുരോഗതിയുള്ള വന്‍ ശക്തിയായിരുന്നു. പ്രശസ്ത ബ്രിട്ടീഷ് അമേരിക്കന്‍ ചരിത്രകാരനും ഓറിയന്റലിസ്റ്റുമായ ബെര്‍ണാര്‍ഡ് ലൂയിസ് (Bernard Leuis) ഉസ്മാനികളെ വിശേഷിപ്പിച്ചത് 'യൂറോപ്പിന്റെ ഭീതി' (Terror of Europe) എന്നാണ്. 18-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ രാജ്യത്തിന്റെ സംരക്ഷണത്തിനും പ്രജകളുടെ അവകാശങ്ങള്‍ക്കും പകരം ഖലീഫമാര്‍ സുഖലോലുപവും ആര്‍ഭാടവുമായ ജീവിതം നയിച്ചപ്പോള്‍ ഇസ്‌ലാമിക സംസ്‌കാരം കുഴിച്ചുമൂടപ്പെട്ടു. ഭരണാധികാരികളെ ഉദ്ബുദ്ധരാക്കേണ്ട ഇസ്‌ലാമിക പണ്ഡിതന്മാര്‍ അവരുടെ എല്ലാ താല്‍പര്യങ്ങളും സംരക്ഷിക്കുന്ന രീതിയിലുള്ള ഫത്‌വകള്‍ പുറപ്പെടുവിച്ചു. ഈ കാലഘട്ടത്തിലാണ് യൂറോപ്പും ജൂത- ക്രൈസ്തവ ലോബികളും സല്‍ത്തനത്തില്‍ പിടിമുറുക്കുന്നത്. ഖിലാഫത്തിന്റെ തകര്‍ച്ച നൂറ്റാണ്ടുകളോളം സ്വപ്നം കണ്ടിരുന്ന ഇവര്‍ക്ക് അത് സാക്ഷാത്കരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല. സല്‍ത്തനത്തിന്റെ വളര്‍ച്ചക്ക് കാരണമായ പല വ്യവസ്ഥകളും കടമെടുത്ത് ഫ്രാന്‍സടക്കമുള്ള സ്വതന്ത്രരാഷ്ട്രങ്ങളെ ഒരുമിച്ച് നിര്‍ത്തിയ ജൂത-ക്രൈസ്തവ യൂറോപ്യന്‍ ലോബികളും മറുവശത്ത് റഷ്യയും ഉസ്മാനി സല്‍ത്തനത്തിനെ തകര്‍ക്കുന്നതില്‍ ചുക്കാന്‍ പിടിച്ചു.
ഫ്രഞ്ച് വിപ്ലവാനന്തരം യൂറോപ്പിലെ ജനാധിപത്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ സല്‍ത്തനത്തിലെ പൗരന്മാര്‍ ഉസ്മാനി ഖിലാഫത്തിലും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി സല്‍ത്തനത്തിനെ പൊറുതിമുട്ടിച്ചു. ഇത് പലപ്പോഴും രാജ്യത്ത് ആഭ്യന്തര വൈദേശിക കുഴപ്പങ്ങള്‍ക്ക് കാരണമായി. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഉസ്മാനിയ ഖിലാഫത്തിന് സല്‍ത്തനത്തിന്റെ സാമൂഹിക-രാഷ്ട്രീയ സ്ഥിരതക്ക് വേണ്ടി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമായി നടപ്പിലാക്കേണ്ടി വന്നു.
പണ്ഡിതനും വിജ്ഞാനസ്‌നേഹിയും സല്‍ത്തനത്തിന്റെ വളര്‍ച്ചക്ക് നിര്‍ണായകമായ പല തീരുമാനങ്ങളും നടപ്പിലാക്കിയ ഭരണാധികാരിയുമായ അഹ്മദ് മൂന്നാമന്റെയും ടിപ്പുസുല്‍ത്താന്റെ സമകാലീനനായിരുന്ന സലീം മൂന്നാമന്റെയും ശേഷം സുല്‍ത്താനായ മഹ്മൂദ് രണ്ടാമന്റെയും കാലത്ത് സല്‍ത്തനത്തിന്റെ സ്ഥിരതക്കും വളര്‍ച്ചക്കും ഹേതുവായ സാമൂഹിക -രാഷ്ട്രീയ പരിവര്‍ത്തനങ്ങളില്‍നിന്നു ഉരുത്തിരിഞ്ഞ് വന്നതാണ് 'തന്‍സീമാത്ത്'(Reorganisation). മഹ്മൂദ് രണ്ടാമന്‍ തന്റെ അവസാന കാലത്ത് തന്‍സീമാത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുവെങ്കിലും 1839-ല്‍ അദ്ദേഹം മരണമടഞ്ഞു. തുടര്‍ന്ന് 16 വയസ് മാത്രം പ്രായമുള്ള പുത്രന്‍ സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഖാന്‍ അധികാരത്തിലേറി. അതേ വര്‍ഷം നവംബര്‍ 3-ന് 'ഖത്തീ ശരീഫ് കുല്‍ഖാന' എന്ന ഉത്തരവ് പ്രകാരം സല്‍ത്തനത്തിലെ വിദേശകാര്യ മന്ത്രിയായിരുന്ന മുസ്ത്വഫ റാഷിദ് പാഷ തയാറാക്കിയ Gulhane Hath (The Edict of the Rose Chamber) എന്ന പേരിലുള്ള നിയമാവലി സല്‍ത്തനത്തിലെ വിവിധ പ്രതിനിധികള്‍, ഗ്രീക്ക്-അര്‍മേനിയന്‍ ചര്‍ച്ച് മേധാവികള്‍, ജൂതന്മാരുടെ റബ്ബിമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടപ്പിലാക്കി. ഇതാണ് 'തന്‍സീമാത്ത്' എന്നറിയപ്പെടുന്നത്. 1839 മുതല്‍ 1876 വരെ 'തന്‍സീമാത്ത്' നടപ്പിലാക്കിയ 37 വര്‍ഷകാലത്തിനിടക്ക് ഉസ്മാനിയ സല്‍ത്തനത്തില്‍ വലിയൊരു അളവോളം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിച്ചു. ഈ മാറ്റങ്ങളാണ് പിന്നീട് ഖിലാഫത്തിന്റെ തകര്‍ച്ചക്കും യുവതുര്‍ക്കികളുടെ ഉയിര്‍ത്തെഴുന്നേല്‍പിനും കാരണമായത്.
പല ചരിത്രകാരന്മാരും 'തന്‍സീമാത്തി'നെ ഉസ്മാനിയ സല്‍ത്തനത്തിന്റെ പുനരുദ്ധാരണത്തിന് കാരണമായ വലിയൊരു മാറ്റമായിട്ടാണ് വിശേഷിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ 'തന്‍സീമാത്ത്' ഉസ്മാനി സല്‍ത്തനത്തിന് മതേതര സ്വഭാവം നല്‍കി. അത് പിന്നീട് ഇസ്‌ലാമിന് ഉപകാരപ്പെട്ടെങ്കിലും മറുവശത്ത് 600 വര്‍ഷത്തോളം സല്‍ത്തനത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളെ നിയന്ത്രിച്ചിരുന്ന 'ശരീഅത്തി'നെ നിരാകരിക്കുകയും പിന്‍തള്ളുകയും ചെയ്തു.
പാശ്ചാത്യ വ്യവസ്ഥകളെ മാതൃകയാക്കി 'തന്‍സീമാത്ത്' പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ സല്‍ത്തനത്തിലെ മുസ്‌ലിം സ്വത്വത്തിന് കാര്യമായ മങ്ങലേറ്റു.
'തന്‍സീമാത്ത്' നിയമപ്രകാരം സല്‍ത്തനത്തില്‍ അടിമത്തം നിര്‍ത്തലാക്കി. മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിലുള്ള വേര്‍തിരിവ് ഒഴിവാക്കി എല്ലാവര്‍ക്കും ഒരേ പൗരാവകാശം നല്‍കി. ഇതൊക്കെ നല്ല കാര്യങ്ങളായിരുന്നു. എന്നാല്‍ നിയമനിര്‍മാണ സഭയിലും സല്‍ത്തനത്തിന്റെ ഉന്നത തസ്തികകളിലും എത്തിപ്പെടാന്‍ കഴിഞ്ഞു ക്രിസ്ത്യന്‍ ജൂത-ലോബികളുടെ നിയമനിര്‍മാണ സഭയിലെ ഇടപെടല്‍ മൂലം സല്‍ത്തനത്തിന്റെ ഭദ്രതക്ക് മങ്ങലേറ്റു.
1854-ല്‍ ഇംഗ്ലീഷുകാര്‍ തുര്‍ക്കിയുടെ സഖ്യകക്ഷിയായി റഷ്യക്കെതിരെ നടന്ന ക്രീമിയ യുദ്ധത്തിന് ശേഷം 1856 ഫെബ്രുവരി 18-ന് നടപ്പിലാക്കിയ Hatti-Humayun (Imperial Rescript) എന്ന തന്‍സീമാത്ത് പരിഷ്‌കരണത്തിന്റെ ഫലമായി വിവാഹം, വിവാഹമോചനം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളില്‍ ശരീഅത്ത് ഒതുക്കപ്പെടുകയും സാമൂഹിക രാഷ്ട്രീയ മേഖലയില്‍ ഫ്രാന്‍സിന്റെ നിയമ വ്യവസ്ഥക്ക് സമാനമായ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുകയും ചെയ്തു. ശരീഅത്ത് നിയമപ്രകാരം കുറ്റകരമായി കണ്ടിരുന്ന സ്വവര്‍ഗരതി കുറ്റവിമുക്തമാക്കപ്പെട്ടു. വ്യഭിചാരത്തിനുള്ള കല്ലെറിയല്‍ നിര്‍ത്തലാക്കി. മതപരിത്യാഗിയുടെ വധശിക്ഷ എടുത്തുകളഞ്ഞു. അമുസ്‌ലിംകള്‍ സല്‍ത്തനത്തിന് കൊടുക്കേണ്ട 'ജിസ്‌യ' നിര്‍ത്തലാക്കുകയും മുസ്‌ലിംകള്‍ അടക്കമുള്ള രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നിശ്ചിത നികുതി ചുമത്തുകയും ചെയ്തു. സൈനിക സേവനത്തിന്റെ കാലപരിധി 5 വര്‍ഷമായി വെട്ടിച്ചുരുക്കുകയും പ്രത്യേക നികുതിയടക്കുന്ന ക്രിസ്ത്യാനികളെ സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. 'യെനിച്ചെരി' എന്നറിയപ്പെടുന്ന കരസേനയുടെ നിയമവ്യവസ്ഥകള്‍ യൂറോപ്യന്‍ മാതൃകയിലാക്കി. വ്യാപാര-വ്യവസായ മേഖലകളില്‍ പാലിച്ചുപോന്നിരുന്ന ശരീഅത്ത് വ്യവസ്ഥ എടുത്തുകളയുകയും പകരം യൂറോപ്യന്‍ രീതി നടപ്പിലാക്കുകയും ചെയ്തു.
യൂറോപ്പും റഷ്യയും സല്‍ത്തനത്തിന് ഒരു വെല്ലുവിളി ആയപ്പോള്‍, രാജ്യസുരക്ഷക്ക് വേണ്ടി സല്‍ത്തനത്തിലെ സൈനിക ഘടനയില്‍ തുടര്‍ന്ന് പോന്നിരുന്ന നിയമങ്ങള്‍ പരിഷ്‌കരിച്ചു. സല്‍ത്തനത്തില്‍നിന്നു യൂറോപ്പിലേക്ക് അവിടത്തെ പരിഷ്‌കരണങ്ങള്‍ പഠിക്കാന്‍ ദൂതന്മാരെ അയച്ചിരുന്നു. ഫ്രാന്‍സിലേക്ക് അയക്കപ്പെട്ട മുഹമ്മദ് ശലബിയാണ് അവരില്‍ പ്രധാനി. ഇദ്ദേഹം യൂറോപ്യന്‍ മാതൃകകളെ നിഷ്പക്ഷമായി വിലയിരുത്തി പുസ്തകങ്ങള്‍ രചിച്ചു. ഇത് സല്‍ത്തനത്തിന്റെ സൈന്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇടയാക്കി. സുല്‍ത്താന്‍ മഹ്മൂദ് ഉസ്മാനി സൈന്യത്തിന് കാര്യമായ പരിഷ്‌കരണങ്ങള്‍ വരുത്തിയവരിലൊരാളാണ്.
'യെനിച്ചെരി' സൈന്യത്തിന്റെ എതിര്‍പ്പുകള്‍ തുടര്‍ച്ചയായി ഉണ്ടായത് സുല്‍ത്താന്‍ സലീം മൂന്നാമന്റെ കാലത്താണ്. സൈന്യത്തിന് യൂറോപ്യന്‍ യൂനിഫോം അടക്കമുള്ള പരിഷ്‌കരങ്ങള്‍ വരുത്തിയത് എതിര്‍പ്പിന് ഇടയാക്കി. അദ്ദേഹത്തിന്റെ കാലത്തെ ശൈഖുല്‍ ഇസ്‌ലാമായിരുന്ന അസ്അദ് അഫന്ദി പരിഷ്‌കരണങ്ങളെ അനുകൂലിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം 1807-ല്‍ ശൈഖുല്‍ ഇസ്‌ലാമായ അതാഉല്ല അഫന്ദി 'യെനിച്ചെരി'കളെ അനുകൂലിച്ച് പരിഷ്‌കരണ വിരുദ്ധ ഫത്‌വകള്‍ പുറപ്പെടുവിച്ചു. മതവിജ്ഞാനങ്ങളില്‍ അവഗാഹമില്ലാതിരുന്ന പണ്ഡിതന്മാര്‍ പുതിയ പരിഷ്‌കരണങ്ങളെ എതിര്‍ക്കുന്നത് പതിവാക്കി.
1869-ല്‍ സുല്‍ത്താന്‍ അബ്ദുല്‍ അസീസ് പ്രഖ്യാപിച്ച വിദ്യാഭ്യാസ ആക്ട് സല്‍ത്തനത്തിന്റെ സാമൂഹിക ബൗദ്ധിക മണ്ഡലങ്ങളില്‍ കാര്യമായി മാറ്റം സൃഷ്ടിച്ചു. സല്‍ത്തനത്തിലെ വിദ്യാലയങ്ങളെ നിയന്ത്രിച്ചിരുന്ന ഇസ്‌ലാമിക പണ്ഡിതന്മാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മതേതര വിദ്യാഭ്യാസരീതി നടപ്പിലാക്കി. ഈ പ്രവണത സല്‍ത്തനത്തിന്റെ പുതിയ തലമുറകളില്‍ ഇസ്‌ലാമിനെകുറിച്ച് അവജ്ഞയുണ്ടാക്കാന്‍ കാരണമായി. ഇസ്‌ലാമികവും അനിസ്‌ലാമികവുമായ വേര്‍തിരിവ് വിദ്യാഭ്യാസ കാഴ്ചപ്പാടില്‍ ഉണ്ടാക്കി മുസ്‌ലിം സമൂഹത്തെ ഷണ്ഡീകരിച്ചു. 'വിദ്യാഭ്യാസത്തെ ഇങ്ങനെ രണ്ടായി ഭാഗിച്ചപ്പോള്‍, ഭൗതിക കലാലയങ്ങളില്‍ പഠിച്ച ആധുനിക വിദ്യാഭ്യാസം നേടിയ തലമുറക്ക് ഇസ്‌ലാമിനെകുറിച്ച് തിരിച്ചറിവ് നേടാനായില്ല. മതവിദ്യാലയങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടിയവരാകട്ടെ കേവലം മുല്ലമാരായിത്തീരുകയും ചെയ്തു.' ഇത് മതപണ്ഡിതന്മാരെ സമൂഹത്തില്‍നിന്ന് അകറ്റുകയും മത മൗലിക വാദികളും യാഥാസ്ഥികരുമായി ചിത്രീകരിക്കുകയും ചെയ്തു.
പാശ്ചാത്യ സംസ്‌കാരങ്ങളുടെ നല്ല വശങ്ങളെ ഉള്‍ക്കൊണ്ട് ഇസ്‌ലാമിക- പാശ്ചാത്യാധ്യാപനങ്ങള്‍ക്കിടയില്‍ പണ്ഡിതന്മാര്‍ സന്തുലിതത്വം പാലിച്ചിരുന്നു. എന്നാല്‍ 'തന്‍സീമാത്ത്' കാലഘട്ടത്തിലെ തലമുറകള്‍ പാശ്ചാത്യ രീതിയില്‍ ആകൃഷ്ടരാവുകയും മതത്തിനോടും ഉസ്മാനികളുടെ പൈതൃകത്തിനോടും വെറുപ്പും വിദ്വേഷവും വെച്ചുപുലര്‍ത്തുകയും ചെയ്തു. 'സിയാഗോഗ് അല്‍പിനെയും ഹൂദി അസ്അദിയെയും പോലുള്ള സെക്യുലര്‍ ദേശീയ ബുദ്ധിജീവികളെയും യുവ തുര്‍ക്കി ആക്ടിവിസ്റ്റുകളെയും സൃഷ്ടിച്ചത് ഈയൊരു സാംസ്‌കാരിക പശ്ചാത്തലമാണ്. സിയാഗോഗ് അല്‍പ് തുര്‍ക്കി ദേശീയരുടെ അടിസ്ഥാനം' എന്ന തന്റെ ഗ്രന്ഥത്തില്‍ മതത്തെ വിശ്വാസത്തിലും ആരാധനാ കര്‍മങ്ങളിലും ഒതുക്കി നിര്‍ത്തിക്കൊണ്ട് രാഷ്ട്രീയം മതമുക്തമാണെന്ന ആശയം മുന്നോട്ടുവെച്ചു. കലയിലും സാഹിത്യത്തിലുമെല്ലാം ഈ ചിന്താഗതി സ്വാധീനം ചെലുത്തുകയും ചെയ്തു. തുര്‍ക്കിയിലെ ഒരു വിഭാഗത്തെ ബാധിച്ച ഈ പാശ്ചാത്യ സ്വാധീനത്തിനെതിരെ തുര്‍ക്കിയിലെ ഇസ്‌ലാം സ്‌നേഹികളില്‍നിന്ന് പ്രതികരണമുണ്ടാവുക എന്നതും സ്വാഭാവികമായിരുന്നു. നാമിഖ് കമാല്‍, സഈദ് ഹലീം  പാഷ, ഇസ്മാഈല്‍ ഹഖ്‌ലി, മുഹമ്മദ് താഹിര്‍ ബിര്‍സാലി, മുഹമ്മദ് ആകിഫ് തുടങ്ങിയവരാണ് ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന്‌കൊണ്ട് പാശ്ചാത്യ ചിന്താഗതിക്കെതിരെ ധൈഷണിക പ്രതിരോധനിര സൃഷ്ടിച്ചവരില്‍ പ്രധാനികള്‍.
പടിഞ്ഞാറന്‍ ദേശീയ-മതേതര സാംസ്‌കാരിക ചിന്തകളില്‍നിന്ന് സല്‍ത്തനത്തിനെ സംരക്ഷിക്കാന്‍ ജൂത-ക്രൈസ്തവ ലോബികള്‍ക്കെതിരെ പാന്‍ ഇസ്‌ലാമിസം എന്ന സങ്കല്‍പത്തിലൂടെ ഇസ്‌ലാമിന്റെ പേരില്‍ ഐക്യപ്പെടണമെന്ന് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ആഹ്വാനം ചെയ്തു. സല്‍ത്തനത്തിന് പുറത്ത് നിന്ന് മുസ്‌ലിം പണ്ഡിതന്മാരെയും മുസ്‌ലിം നേതാക്കളെയും ഇദ്ദേഹം ഇസ്തംബൂളിലേക്ക് വിളിച്ചുവരുത്തി. 'മലബാറില്‍നിന്നും ബ്രിട്ടീഷ് സമ്മര്‍ദം കാരണം നാടുവിട്ട് ഇസ്തംബൂളിലെത്തിയ സയ്യിദ് ഫദ്‌ലുല്ലായും ഇക്കൂട്ടത്തില്‍ പെടുന്നു.
കാലങ്ങളായി തുടര്‍ന്നു പോന്നിരുന്ന രാജഭരണം തന്നെയായിരുന്നു സല്‍ത്തനത്തിലും ഉണ്ടായിരുന്നത്. ഇസ്‌ലാമിക പണ്ഡിതന്മാരു(ശൈഖുല്‍ ഇസ്‌ലാം)മായി കൂടിയാലോചിച്ച് ശരീഅത്ത് അനുശാസിക്കുന്ന രീതിയിലായിരുന്നു നിയമം നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഭരണാധികാരികള്‍ സുഖലോലുപരും ഭരണകാര്യങ്ങളില്‍ ശ്രദ്ധയില്ലാത്തവരുമായപ്പോള്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ പിന്‍തള്ളപ്പെട്ടു. ഇത് മൂലം രാജ്യത്ത് ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായിരുന്നു 'തന്‍സീമാത്ത് നിയമപ്രകാരം പല യൂറോപ്യന്‍ രീതിയിലുള്ള തീരുമാനങ്ങളും എടുക്കേണ്ടി വന്നത്. മതപണ്ഡിതന്മാര്‍ നേരായ രീതിയില്‍ കാര്യങ്ങളെ നയിക്കാത്തവരും മതവിജ്ഞാനത്തില്‍ അവഗാഹമില്ലാത്തവരുമായതും സല്‍ത്തനത്തിനെ കൂടുതല്‍ വഷളാക്കി. ഇതാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുര്‍ക്കിയില്‍ ആഭ്യന്തര-വൈദേശിക കുഴപ്പങ്ങള്‍ മൂര്‍ഛിക്കുകയും യുവതുര്‍ക്കികള്‍ ശക്തിപ്രാപിക്കുകയും നൂറ്റാണ്ടുകളോളം ഭരിച്ചിരുന്ന ഇസ്‌ലാമിക ഖിലാഫത്ത് നിലംപതിക്കുകയും ചെയ്യാന്‍ കാരണം.

Bibliography
1.    Ottoman Reform and European imperialism. 1839-1907 by Joel Benin
2.    The Thansimat: Secular Reform in the Ottoman Empire by Isbtiyag Hussain, Faitn Matters.
3.    The Thansimath and the problem of political authority in the ottoman empire 1839-1876 by Kevin goodwin, Tohde island college Article series.
4.    The oxford encyclopedia of the islamic world by John L exposito
5.    ഇസ്‌ലാമിക വിജ്ഞാനകോശം - ഐ.പി.എച്ച്
6.    ഇസ്‌ലാമിക സമൂഹം ചരിത്ര സംഗ്രഹം - സര്‍വത് സൗലത് - ഐ.പി.എച്ച്
7.    History of Modern Turkey by Stanford J Shaw Cambridge University Press 1976.


Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top