സഈദ് നൂര്‍സി: ചെറുത്തുനില്‍പ്പിന്റെ ഭിന്നമുഖങ്ങള്‍
കലീം
സൈനികവും ബൗദ്ധികവുമായ മേല്‍ക്കോയ്മ ലഭിച്ചതോടെ പാശ്ചാത്യ നാഗരികത നടത്തിയ അധിനിവേശത്തിന്റെ ദുരിതങ്ങളില്‍നിന്ന് പരിപൂര്‍ണമായും കൊളോണിയല്‍ ജനവിഭാഗങ്ങള്‍ മുക്തരായിട്ടില്ല. ഒരിക്കല്‍ നാഗരികതയുടെ തന്നെ ഹൃദയം എന്നു പറയാവുന്ന പ്രദേശങ്ങളിലൂടെ നടന്ന രഥയാത്രയുടെ വ്യത്യസ്ത ദൃശ്യങ്ങളാണ് മുഗള്‍ സാമ്രാജ്യത്തിന്റെ അവസാന നാളുകളില്‍ ദല്‍ഹിയിലും മാഞ്ചുഭരണം എരിഞ്ഞു തീരുമ്പോള്‍ ബെയ്ജിംഗിലും കണ്ടത്. ബഹദൂര്‍ഷാ സഫറിന്റെ കുഞ്ഞുങ്ങളുടെ തല താലത്തില്‍ വെച്ച് സമര്‍പ്പിക്കുന്നതിലുള്ള പ്രതീകാത്മകത തന്നെയാണ് 1860ല്‍ ബെയ്ജിംഗിലെ വിലക്കപ്പെട്ട നഗരത്തിലെ ചില്ലുകൊട്ടാരം ബ്രിട്ടീഷ് ഭടന്മാര്‍ അടിച്ചു തകര്‍ക്കുന്നതിലും കാണുന്നത്. ഒരുകാലത്ത് ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗ്രീസ് ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഇസ്തംബൂള്‍ തന്നെ പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കും ഈ ഖാദുകമായ സൈനിക നീക്കങ്ങള്‍ക്കുമിടയിലുള്ള സാദൃശ്യം ഒരു യാദൃഛികതയായി കാണാന്‍ പറ്റില്ല. ഭരണകര്‍ത്താക്കളും ഭരണീയരും തമ്മിലുള്ള ആശയ വിനിമയം അവസാനിക്കുകയും സാമ്രാട്ടുകള്‍ സ്വന്തം കോട്ടകൊത്തളങ്ങള്‍ സംരക്ഷിക്കുന്നതിനു മുന്‍ഗണന നല്‍കുകയും ചെയ്യുമ്പോള്‍ പുതുതായി ഊര്‍ജം സംഭരിക്കുന്ന പരദേശി നാഗരികതകള്‍ കടന്നുകയറ്റം നടത്തുമെന്നാണ് ചരിത്രനിയമം.
ബദീഉസ്സമാന്‍ എന്നു പില്‍ക്കാലത്ത് അനുയായികള്‍ ആദരിച്ചുവിളിച്ച സഈദ് നൂര്‍സി(1876-1960)യെക്കുറിച്ച പഠനങ്ങള്‍ വീണ്ടും വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ പാശ്ചാത്യലോകവും മുസ്‌ലിംകളും തമ്മിലുള്ള വേഴ്ചയുടെ ദുരന്തങ്ങള്‍ തന്നെയാണ് വീണ്ടും നമ്മുടെ സ്മൃതിപഥത്തിലെത്തുന്നത്. അവ തടയുന്നതില്‍ നൂര്‍സിയെപ്പോലുള്ള ചരിത്രപുരുഷന്മാര്‍ നടത്തിയ ശ്രമങ്ങള്‍ ഇന്ന് നിറം മങ്ങിയതോതിലാണെങ്കിലും ഉസ്മാനി ലോകത്ത് സ്വാധീനം ചെലുത്തുന്നു. പരിണാമവാദിയായ ചാള്‍സ് ഡാര്‍വിന്‍ പരിണാമവൃക്ഷത്തില്‍ പാശ്ചാത്യര്‍ക്ക് തൊട്ടുതാഴെയായിരുന്നു തുര്‍ക്കികള്‍ക്ക് സ്ഥാനം നല്‍കിയിരുന്നത്. ഇംഗ്ലീഷുകാര്‍ അവരുടെ തണുത്തുറഞ്ഞ ദ്വീപുകളില്‍നിന്ന് പുറത്തേക്ക് വന്ന കാലമായിരുന്നു അത്. സാംസ്‌കാരികാധിവേശത്തെ നേരിടാന്‍ അവരുടെ ശീലങ്ങള്‍ തന്നെ പകര്‍ന്നെടുക്കുക എന്നത് കോളനികളില്‍ കണ്ട ഒരു പ്രതിഭാസമാണ്. ഉസ്മാനിയാ സാമ്രാജ്യം അതിന്റെ അതിര്‍ത്തി ദേശങ്ങളില്‍ വന്ന സമ്മര്‍ദം നേരിട്ടുകൊണ്ടിരിക്കുകയും കിഴക്കന്‍ യൂറോപ്യന്‍ പ്രവിശ്യകള്‍ ഓരോന്നായി നഷ്ടപ്പെടുകയും ചെയ്യുന്ന കാലത്ത് പരിഷ്‌കരണ ദൗത്യവുമായി രംഗത്തു വന്ന യുവതുര്‍ക്കി പ്രസ്ഥാനം ജ്ഞാനശാസ്ത്രപരമായി തുര്‍ക്കിയുടെ പരസമ്പത്തില്‍നിന്ന് അകലെയായിരുന്നു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ നിഷ്‌ക്രിയത്വത്തിനു കാരണമായി അവര്‍ കണ്ടത് പൗരോഹിത്യം മാത്രമല്ല ഇസ്‌ലാമിനെ തന്നെയാണ്. ''നമ്മുടെ ജീവിതത്തെ വിഷമയമാക്കുന്ന ശവം'' എന്നാണ് ധിക്കാരം തലക്കു പിടിച്ച ഒരു ഘട്ടത്തില്‍ മുസ്ത്വഫാ കമാല്‍ ഇസ്‌ലാമിനെ ഇകഴ്ത്തിയത്. ഉദ്ധരിക്കാന്‍ പോലും പറ്റാത്തതാണ് പ്രവാചകനെക്കുറിച്ച് കമാല്‍ അന്നു പറഞ്ഞ വാക്യങ്ങള്‍. അതേയവസരം അതേ മുസ്ത്വഫാ കമാല്‍ തന്നെ അങ്കാറയില്‍ ഒരു പാന്‍ഇസ്‌ലാമിസ്റ്റ് സമ്മേളനം വിളിച്ചുകൂട്ടാന്‍ ലിബിയയിലെ സാമ്രാജ്യത്വവിരുദ്ധ പോരാളിയായ അഹ്മദ് അല്‍ ശരീഫ് അസങ്കസിയുടെ പിന്തുണതേടിയെന്നതും ശ്രദ്ധേയമാണ്.
അസ്ഥിരമായ ആധുനികത
അടിച്ചേല്‍പിച്ചിരുന്ന ആധുനികതയും വ്യവസായവല്‍ക്കരണവും അന്തിമ വിശകലനത്തില്‍ അസ്ഥിരമാണെന്നതത്വം ഇന്നൊരു സുസ്ഥാപിത യാഥാര്‍ഥ്യമാണ്. എന്നാല്‍ സഈദ് നൂര്‍സിയുടെ കാലത്ത് അതായിരുന്നു നിയമം. അതിനെ എതിര്‍ക്കുന്നവരൊക്കെ മതയാഥാസ്ഥിതികരായി ചാപ്പകുത്തപ്പെടുകയും ചെയ്തു. അനാത്തോലിയന്‍ ഗ്രാമങ്ങളിലാണ് ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ഊര്‍ജസ്രോതസ്സ്. മുസ്ത്വഫാ കമാല്‍ അനാത്തോലിയയിലാണ്. ഗ്രീക്ക്-ബ്രിട്ടീഷ് സൈനികനീക്കത്തെ നിര്‍ണായകമായി തുടരുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ബലവും- അനത്തോലിയ തന്നെയായിരുന്നു. (എന്നാല്‍ പ്രായം ഏതാണ്ട് മുപ്പതുകളിലെത്തിയപ്പോഴാണ് ഗ്രീസിലെ സലോണിക്കയില്‍ ജനിച്ച കമാല്‍ അനത്തോലിയയിലെത്തുന്നത്.)
അനാത്തോലിയയുടെ സ്വത്വം ഇസ്‌ലാമാണ്. അറബികളില്‍നിന്നു വ്യത്യസ്തമായി മരുഭൂമിയുടെ കാര്‍ക്കശ്യമില്ലാത്ത ഒരു നാഗരിക വ്യക്തിത്വം വളര്‍ത്തിയെടുക്കുന്നതില്‍ ബൈസന്റൈന്‍ ശേഷിപ്പുകള്‍ ഉസ്മാനി തുര്‍ക്കികള്‍ക്ക് വലിയ സഹായമായിട്ടുണ്ടാവും. പിഴവുകളും വ്യതിചലനങ്ങളും വ്യക്തിപരമായ കിറുക്കുകളും ഏറെ കാണുമെങ്കിലും തുര്‍ക്കിയില്‍ സൂഫിസം ഇസ്‌ലാമിക സിദ്ധാന്തങ്ങളില്‍ കടന്നുകയറുന്ന ഏകകേന്ദ്ര വ്യാഖ്യാനാധികാരങ്ങളെ തിരസ്‌കരിച്ചിടുന്നത്. ഉസ്മാനി ഇസ്‌ലാമിന്റെ രൂപീകരണത്തില്‍ സൂഫിചിന്തകള്‍ സ്വാധീനം ചെലുത്തിയതായി പല പണ്ഡിതന്മാരും ചൂണ്ടിക്കാണിക്കുന്നു.
സൂഫി പശ്ചാത്തലം
സഈദ് നൂര്‍സിയുടെ ജീവിതത്തിന്റെ ആദ്യഘട്ടം നഖ്ശബന്ദി സൂഫിസത്തിലാണ് ആശ്വാസം കണ്ടെത്തുന്നത്. അതേയവസരം സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളാല്‍ അകന്നു നില്‍ക്കുന്ന നഖ്ശബന്ദി ശാഖയോടായിരുന്നില്ല നൂര്‍സിക്ക് ആഭിമുഖ്യമെന്നു നൂര്‍സി പണ്ഡിതനായ ഡഗ്ലസ് എച്ച്. ഗാരിസണ്‍ സൂചിപ്പിക്കുന്നു. ശൈഖ് മൗലാനാ ഖാലിദി(1767-1827)യുടെ കാഴ്ചപ്പാടിനോടായിരുന്നു അദ്ദേഹത്തിനു യോജിപ്പ്. ഇന്ത്യയിലെ അഹ്മദ് അല്‍ സര്‍ഹിന്ദിയുടെ രചനകള്‍ ഖാലിദിയെ സ്വാധീനിച്ചിരുന്നു. പാശ്ചാത്യ സാമ്രാജ്യത്വത്തിനും ഭൗതികവാദത്തിനുമെതിരായി മുസ്‌ലിംകളെ സംഘടിപ്പിക്കുന്നതിനെക്കുറിച്ചാണ് ഖാലിദി സംസാരിച്ചിരുന്നത്. സഈദ് നൂര്‍സിയെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ നടുത്തളത്തില്‍ സ്ഥാപിക്കുന്നതിന്റെ കാരണമതാണ്.
അതോടൊപ്പം ആധുനിക ഇസ്‌ലാമിക ചിന്തകളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ വ്യപ്തി വര്‍ധിപ്പിച്ചു. ജമാലുദ്ദീന്‍ അഫ്ഗാനിയായിരുന്നു നൂര്‍സിയെ സ്വാധീനിച്ച മറ്റൊരു ചരിത്രപുരുഷന്‍. വ്യക്തിപ്രഭാവം കൊണ്ടും പ്രവര്‍ത്തനചടുലതകൊണ്ടും മുസ്‌ലിം ഭാവനയെ ഇത്രയേറെ ദീപ്തമാക്കിയ മറ്റു ചരിത്രപുരുഷന്മാരെ കാണുക വിരളമാണ്. അഫ്ഗാനി ചിന്തകളുടെ ശക്തമായ ബഹിസ്ഫുരണം തന്നെയാണ് നൂര്‍സിയുടെ താഴെ കൊടുത്ത ഖണ്ഡിക:
ഒമ്പതാം നൂറ്റാണ്ട് തൊട്ട് 13-ാം നൂറ്റാണ്ടുവരെ മുസ്‌ലിംകള്‍ക്കിടയില്‍ കണ്ട ശാസ്ത്ര ഗവേഷണ താല്‍പര്യവും വളര്‍ച്ചയും പ്രപഞ്ചത്തെ ദൈവത്തിന്റെ കരവിരുതെന്ന നിലയില്‍ പഠിക്കാന്‍ ഖുര്‍ആന്‍ നടത്തുന്ന ആഹ്വാനത്തിന്റെ ഫലമാണ്. മധ്യയുഗങ്ങളുടെ അവസാന കാലത്ത് അന്വേഷണ കൗതുകം നിര്‍വീര്യമാവുന്നതോടെ സമൂഹം ജീര്‍ണിച്ച് തുടങ്ങുന്നു. മുസ്‌ലിംകളില്‍നിന്ന് കടമെടുത്ത ശാസ്ത്രീയ ചിന്തകള്‍ പാശ്ചാത്യര്‍ വികസിപ്പിച്ചു; ഇപ്പോള്‍ അവരില്‍നിന്ന് ശാസ്ത്രം പഠിക്കുമ്പോള്‍ നാം നമ്മുടെ പാരമ്പര്യം തിരിച്ചുപിടിക്കുകയും ഖുര്‍ആനിക നിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കുകയുമാണ്.1
എന്നാല്‍ അഫ്ഗാനിയെ എല്ലാ അര്‍ഥത്തിലും നൂര്‍സി പിന്തുടര്‍ന്നുവെന്നു പറഞ്ഞുകൂട. വേരുകളില്ലാത്ത ഒരു ബുദ്ധിജീവിയായിരുന്നു അഫ്ഗാനി. ഇറാനില്‍ ജനിച്ച അസദാബാദിയെ നാം അഫ്ഗാനി എന്നു വിളിക്കുന്നതില്‍ തന്നെ അതുകാണാം. ഇന്റര്‍നാഷലിസ്റ്റ് എന്നു പറയാവുന്ന വിപ്ലവകാരി. നൂര്‍സിയാവട്ടെ തുര്‍ക്കി രാഷ്ട്രീയ പാരമ്പര്യത്തെ തീര്‍ത്തും അവഗണിച്ചതായി കാണുന്നില്ല. തുര്‍ക്കി ദേശീയതയെ പറ്റെ തിരസ്‌കരിക്കാന്‍ തയാറാവാത്ത അദ്ദേഹം അതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചിന്തിച്ചത്.
ചരിത്രപരമായ കാരണങ്ങളാല്‍ ബഹുമത-ബഹുഭാഷാ സമൃദ്ധമായിരുന്നു ഉസ്മാനിയാ സാമ്രാജ്യം. മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന ആദ്യത്തെ നിയമങ്ങള്‍ യൂറോപ്പില്‍ ഉസ്മാനി ചക്രവര്‍ത്തിമാരാണ് ആവിഷ്‌കരിച്ചത്. തുര്‍ക്കിയിലെ ഇസ്‌ലാമികര്‍ ഈ മഹല്‍ പാരമ്പര്യം തുടരുന്നതായി കാണാം. ഇക്കാലമത്രയും കുര്‍ദുകളും മറ്റു ഭാഷാ-മതന്യൂനപക്ഷങ്ങളും ഇസ്‌ലാമിക കക്ഷികളെയാണ് പിന്തുണച്ചുകൊണ്ടിരിക്കുന്നത്.
സഈദ് നൂര്‍സി കുര്‍ദുവംശജനായതു കൊണ്ടല്ല കുര്‍ദുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്.
സംഘര്‍ഷം തടുത്ത വഴി
പ്രാതിനിധ്യ സ്വഭാവമുള്ള ഭരണകൂടം സ്ഥാപിക്കുമ്പോള്‍ അത്തരം ഉപദേശീയതകള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷത്തിനു പരിഹാരമാവുമെന്ന് അദ്ദേഹം കരുതി. ഒന്നാംലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് യുദ്ധത്തിന്റെ മഹാസങ്കടങ്ങള്‍ അറിഞ്ഞ നൂര്‍സി സംഘര്‍ഷ സാധ്യതകള്‍ തടയുന്നതില്‍ കാണിച്ച ആഭിമുഖ്യം അത്ര അസാധാരണമല്ല. ഈ ഇസ്‌ലാമിക ശൂറാ സമ്പ്രദായം ദുര്‍ബലമാവുന്നതാണ് സംഘര്‍ഷങ്ങള്‍ ഉടലെടുക്കാനുള്ള പ്രധാനകാരണം. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അമവികള്‍ രാജാധിപത്യം സ്ഥാപിച്ചതോടെ അതിന്റെ തകര്‍ച്ചയാരംഭിക്കുന്നു. പൂര്‍ണമായ അര്‍ഥത്തില്‍ ഇസ്‌ലാമിക ശൂറ തിരിച്ചുവന്നില്ല.
1908-ല്‍ തുര്‍ക്കിയില്‍ രണ്ടാം ഭരണഘടനാ വിപ്ലവം നടക്കുമ്പോള്‍ പ്രജകള്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം നല്‍കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ രാജ്യത്തുണ്ടാവുമെന്ന് നൂര്‍സി കരുതിയിരുന്നു. മറ്റു പല ആനുകാലിക ഇസ്‌ലാമിക ചിന്തകരെയും പോലെ ഒരു മുസ്‌ലിം ഭരണകൂടത്തിന്റെ ആധാരം ഖുര്‍ആനും പ്രവാചക ചര്യയുമായിരിക്കണമെന്ന് നൂര്‍സി നിരീക്ഷിച്ചു. 1909-ല്‍ യുവതുര്‍ക്കി ഭരണകൂടം നൂര്‍സിയെ ജയിലിലടക്കാനുള്ള പ്രധാനകാരണം അദ്ദേഹത്തിന്റെ ഈ ചിന്തകള്‍ യുവതലമുറയില്‍ ചെലുത്തിയ സ്വാധീനമാണ്. വിചാരണ വേളയില്‍ നിലപാട് വിശദീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഭരണത്തിലവസാനിക്കുന്ന ഏതു വ്യവസ്ഥയും അതിന്നൊരു ലിഖിത ഭരണഘടനയുണ്ടെങ്കില്‍ പോലും എതിര്‍ക്കപ്പെടുന്നതാണെന്ന് നൂര്‍സി വ്യക്തമാക്കി. ഏകകക്ഷി വ്യവസ്ഥ ശരീഅത്തിനെതിരായതുകൊണ്ട് അതിന്നെതിരെ സമരം ചെയ്ത തന്നെ പിന്തിരിപ്പന്‍ എന്നു വിളിച്ചാല്‍ താനത് സ്വീകരിക്കാമെന്നും ലോകവും മനുഷ്യരും ജിന്നും അതിനു സാക്ഷിയായിരിക്കുമെന്നും പറഞ്ഞാണ് നൂര്‍സി ചരിത്രപ്രസിദ്ധമായ തന്റെ സത്യവാങ്മൂലം അവസാനിപ്പിച്ചത്. ആ വാഗ്‌വിലാസത്തിന്റെ മുമ്പില്‍ സ്തംഭിച്ചുപോയ കോടതി നൂര്‍സിയെ വെറുതെവിടുകയായിരുന്നു.
ഇജ്തിഹാദിന്റെ പ്രാധാന്യം
യുവതുര്‍ക്കികള്‍ പടിഞ്ഞാറിന്റെ ട്രോജന്‍ കുതിരയായിരുന്നു എന്നു കരുതിയ ഇസ്‌ലാമികരുടെ ഭയപ്പാടുകള്‍ പിന്നീട് മുസ്ത്വഫ കമാല്‍ സാക്ഷാല്‍ക്കരിക്കുന്നതാണ് നാം കാണുന്നത്. ആധുനിക വല്‍ക്കരണത്തിന്റെ നിമയസാധുത ഇസ്‌ലാമില്‍ നിന്നാണ് വരേണ്ടതെന്നാണ് നൂര്‍സി വാദിച്ചത്. ശാസ്ത്രവും ഇസ്‌ലാമും ഒരിക്കലും സംഘര്‍ഷത്തിലായിരുന്നില്ല. ശാസ്ത്രത്തിന്റെ യൂറോപ്യന്‍ ജ്ഞാനശാസ്ത്രവും ഇസ്‌ലാമും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ശാസ്ത്രം മൂല്യനിഷ്പക്ഷമാണെന്ന ധാരണയില്‍നിന്നാണ് ഇസ്‌ലാം ശാസ്ത്രത്തെ തിരസ്‌കരിക്കുന്നു എന്ന അപവാദമുടലെടുക്കുന്നത്. മധ്യകാലങ്ങളില്‍നിന്നു പുറത്തുവരാന്‍ വിസമ്മതിക്കുന്ന മതപണ്ഡിതന്മാര്‍ അത്തരം വീഴ്ച, സങ്കല്‍പങ്ങള്‍ക്ക് ന്യായം നല്‍കുന്നു. ഇമാം ഗസ്സാലിയുടെ അധ്യാപനങ്ങളെ നൂര്‍സി എതിര്‍ക്കുന്നതിന്റെ പ്രധാനപ്രേരണ ഗസ്സാലി ഫലത്തില്‍ ഇജ്തിഹാദിന്റെ വാതില്‍ കൊട്ടിയടച്ചതാണ്. സമയം വ്യാഖ്യാനങ്ങള്‍ക്ക് ഭൂമികയൊരുക്കുന്നു എന്നാണ് നൂര്‍സി പറഞ്ഞത്. ഗസ്സാലിയുടെ കാലമല്ല ഈ യുഗം. പുതിയ കണ്ടുപിടുത്തങ്ങളും നിരീക്ഷണങ്ങളും പുതിയ വ്യാഖ്യാനങ്ങള്‍ക്കും പാരസ്പര്യങ്ങള്‍ക്കും വഴി കടന്നു. പൗരാണിക ഗ്രന്ഥങ്ങള്‍ മനപ്പാഠമാക്കിയ ഒരുവനുമാത്രമേ ഇജ്തിഹാദ് പാടുള്ളൂ എന്നുവെക്കുന്നതും ശരിയല്ല. ശരീഅയുടെ ചൈതന്യമറിയുന്ന അതിന്റെ ഭാഷയും യുക്തിയും വിവേകവും തര്‍ക്കവുമറിയുന്ന ഏതൊരുവനും വ്യാഖ്യാനമെഴുതാം.2
നൂര്‍സി രണ്ടാമന്‍
മുസ്ത്വഫ കമാല്‍, കമാല്‍ അത്താതുര്‍ക്കായ ശേഷം സഈദ് നൂര്‍സി സ്വീകരിച്ച നിലപാടുകളെ പറ്റി ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതിന്നിടെ 17 തവണയെങ്കിലും നൂര്‍സിയെ വധിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. കമാലിസ്റ്റ് ഏകാധിപത്യം ഉസ്മാനീ ഭരണത്തിന്റെ ക്രമപ്രവൃദ്ധമായ പരിണാമത്തെ തടസ്സപ്പെടുത്തുകയും സൈനികരും ചാരസംഘടനകളും ചേര്‍ന്ന അധോവ്യവസ്ഥ തുര്‍ക്കിയെ ബലമായി ഇസ്‌ലാമിക സ്വത്വത്തില്‍ നിന്നു വേര്‍പ്പെടുത്താനുള്ള പദ്ധതി ആലോചിക്കുകയും ചെയ്തപ്പോള്‍ സഈദ് നൂര്‍സിയിലുണ്ടായ മാറ്റം ദുരൂഹമാണ്. ഡീപ് സ്റ്റോറിന്റെ കുതന്ത്രങ്ങളെ നേര്‍ക്കുനേരെ അഭിമുഖീകരിക്കുന്നതില്‍ അഭിപ്രായവ്യത്യാസമാവാമെന്നു ചിലര്‍ കരുതും വിധം നൂര്‍സി പാശ്ചാത്യ അധിനിവേശത്തില്‍നിന്നു ഇസ്‌ലാമിനെ രക്ഷിക്കാന്‍ വിദ്യാഭ്യാസത്തിന്റെയും ഇസ്‌ലാമിക അവബോധം ശക്തിപ്പെടുത്തുന്നതിന്റെയും വ്യത്യസ്തമായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. വിമര്‍ശകരെ സംബന്ധിച്ചേടത്തോളം പഴയ നഖ്ശബന്ദി ത്വരീഖയിലേക്കുള്ള തിരിച്ചുപോക്ക്. 1924-ല്‍ കുര്‍ദുകള്‍ക്കിടയില്‍ ഒരു സൂഫി ആചാര്യന്റെ നേതൃത്വത്തിലുണ്ടായ പ്രക്ഷോഭം മുസ്ത്വഫാ കമാല്‍ ബലമായി അടിച്ചമര്‍ത്തുകയായിരുന്നു. നൂര്‍സി കുര്‍ദുവംശജനായതിനാല്‍ അദ്ദേഹത്തെ അനത്തോലിയയിലെ ബര്‍ള ഗ്രാമത്തിലേക്ക് നാടുകടത്താനുള്ള ന്യായവുമായി ആ പ്രക്ഷോഭം.
എട്ടരവര്‍ഷമുള്ള ഈ 'പ്രവാസ' ജീവിത കാലത്താണ് പുതിയ നൂര്‍സി ജനിക്കുന്നത്. ഒരേയവസരം ഖുര്‍ആന്‍ വ്യാഖ്യാനവും തത്ത്വചിന്തയും ആധുനികതയെക്കുറിച്ച വ്യാഖ്യാനവും തത്ത്വചിന്തയും ആധുനികതയെക്കുറിച്ച അപഗ്രഥനവുമടങ്ങിയ റിസാലെ നൂര്‍ പില്‍ക്കാലത്ത് ഒരു കള്‍ട്ടിന്റെ രൂപം പ്രാപിച്ച നൂര്‍സി പ്രസ്ഥാനത്തിന്റെ അടിത്തറയായി മാറി. ഭരണകൂടവുമായി നേര്‍ക്കുനേരെ പോരാടുന്നതിനു പകരം വഴിമാറി ഒഴുകുന്ന നദിയെപോലെ നൂര്‍സി ചിന്ത മുസ്‌ലിം അവബോധത്തെ ശക്തിപ്പെടുന്നതിനു മറ്റു മാര്‍ഗങ്ങള്‍ തേടി പാശ്ചാത്യ ഭൗതികവാദത്തെയും അനുഭവ സിദ്ധമായ അറിവിനുമാത്രം പരിഗണന നല്‍കുന്ന പോസിറ്റീവിസത്തെയും എതിര്‍ക്കുന്നത് നൂര്‍സി തുടര്‍ന്നു. വ്യക്തിയാണ് സാമൂഹ്യ പരിവര്‍ത്തനമുണ്ടാക്കുന്നതെന്ന നിലപാടിലേക്കുള്ള തിരിച്ചുപോക്ക് ആ ചിന്തകളില്‍ കാണാമായിരുന്നു. ഇഖ്‌വാന്‍ പോലുള്ള സംഘടിത പ്രസ്ഥാനങ്ങളെ പില്‍ക്കാലത്ത് നൂര്‍സികളും സൂഫി ആചാര്യനായ ഫത്ഹുല്ലാ ഗുലനും എതിര്‍ക്കുന്നതിന് ഈ 'വ്യതിചലനം' കാരണമായിട്ടുണ്ട്. എന്നാല്‍ വ്യക്തിതലത്തിലുള്ള നവീകരണം അടിസ്ഥാനപരമായി അന്വേഷണത്തിന്റെയും മനനത്തിന്റെയും പ്രതിഫലനമാണെന്ന് നൂര്‍സി പറഞ്ഞിരുന്നു. 'തഖ്‌ലീദി ഈമാനു'(പാരമ്പര്യ വിശ്വാസം) പകരം തഹ്ഖീഖി ഈമാന്‍(അന്വേഷണാത്മക വിശ്വാസം) വിശുദ്ധ നിയമങ്ങള്‍ വരെ കാലത്തിനനുസരിച്ച് മാറുന്നതിനെക്കുറിച്ച് ഒരിടത്ത് റിസിലെങ്കര്‍ പറയുന്നു. ഖുര്‍ആന്‍ സൂക്തങ്ങളുടെ വിവിധ അര്‍ഥതലങ്ങള്‍ കണ്ടുപിടിക്കുമ്പോഴാണത് സംഭവിക്കുന്നത്. പരിമിതിയില്ലാത്ത വ്യാഖ്യാന സാധ്യതയാണതിലുള്ളത്. നൂര്‍സിയെക്കുറിച്ച് പഠിച്ച റോബേട്ട് ഡി ലീ അങ്ങനെ നൂര്‍സി മതേതര വാദികളെ അവരുടെ കളി നിയമങ്ങളുപയോഗിച്ചു തോല്‍പിച്ചുവെന്നു പറയുന്നു.3
കമാലിസ്റ്റ് സമഗ്രാധിപത്യത്തിനു കീഴില്‍ ജീവിക്കുമ്പോള്‍ സ്വന്തമായൊരു സാമൂഹ്യമേഖല വികസിപ്പിക്കുന്നതിനു തുര്‍ക്കികളെ പില്‍ക്കാലത്തുള്ള നൂര്‍സി ചിന്തകള്‍ സഹായിച്ചിട്ടുണ്ട്. മില്ലി ഗോറുസ് തൊട്ട് എ.കെ പാര്‍ട്ടിവരെയുള്ള ഇസ്‌ലാമിക സംഘടനകളുടെ ആവിര്‍ഭാവത്തിനും വളര്‍ച്ചക്കും വളക്കൂറുള്ള മണ്ണൊരുക്കിയത് നൂര്‍സിയുടെ പ്രവര്‍ത്തനങ്ങളായിരിക്കും. ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയെ അധികാരത്തിലേക്ക് നയിച്ചതും ക്രമേണയായി തുര്‍ക്കി മുഴുവന്‍ വ്യാപിച്ച പ്രത്യക്ഷത്തില്‍ അരാഷ്ട്രീയമായ നൂര്‍സി പ്രസ്ഥാനങ്ങളാണെന്നും പ റയാം.
അതേയവസരം നൂര്‍സിയോടു കൂറു കാണിച്ച അനുയായികള്‍ റിസാലെ നൂര്‍ പോലുള്ള ചംക്രമണസ്വഭാവമുള്ള ആഹ്വാനങ്ങളാല്‍ തങ്ങള്‍ക്ക് പറ്റിയത് സ്വീകരിക്കുകയായിരുന്നു എന്ന നിരീക്ഷണം അത്ര അപ്രസക്തമല്ലതാനും. ഉര്‍ദുഗാന്റെ പാര്‍ട്ടി മതേതരവല്‍ക്കരിക്കപ്പെടുകയാണെന്നും അതല്ല മതേതരവാദികള്‍ മതവല്‍ക്കരിക്കപ്പെടുകയാണെന്നുമുള്ള രണ്ടു വാദങ്ങള്‍ തുര്‍ക്കിയിലും പുറത്തും ഉയര്‍ന്നുവരുന്നുണ്ട്. പടിഞ്ഞാറുനിന്നുള്ള സാംസ്‌കാരികാധിനിവേശത്തിന്നെതിരെ ശക്തമായി പ്രതികരിച്ച പാരമ്പര്യമുള്ളവര്‍ ഒരു ക്രിസ്ത്യന്‍ ക്ലബ്ബെന്ന് ഫ്രഞ്ചുകാര്‍ സ്വകാര്യം പറയുന്ന യൂറോപ്യന്‍ യൂണിയനില്‍ കൊടുത്ത അപേക്ഷ പുതുക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. പാശ്ചാത്യ ശാസ്ത്രവാദത്തിന്റെ ശത്രുവായ ഫത്ഹുല്ലാ ഗുലന്റെ സ്ഥിര താമസം കോണിയയിലല്ല കാലിഫോര്‍ണിയയിലാണ്. ഈ വൈരുധ്യങ്ങള്‍ക്കൊക്കെ സാധൂകരണം റിസാലെ നൂറില്‍ കണ്ടെന്നുവരും. അത് മഹല്‍ പുരുഷന്മാരുടെ വിധി.
കുറിപ്പുകള്‍
1. ഇസ്‌ലാം ആന്റ് മോഡേണിറ്റി(1982) എന്ന കൃതിയില്‍ പാക് പണ്ഡിതനായ ഫസ്‌ലുര്‍റഹ്മാന്‍ ഉദ്ധരിച്ചത്. പുറം 51. ഷിക്കാഗോ യൂണിവേഴ്‌സിറ്റി പ്രസ്.
2. ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ രചനകള്‍ സമാഹരിച്ച ദ റീസണിംഗ്‌സ്(2008) തുര്‍ഗ ബുക്‌സ് സോമര്‍സെറ്റ്, ന്യൂജേഴ്‌സി.
3. റോബേട്ട് ഡീ ലീ: റിലീജന്‍ ആന്റ് പൊളിറ്റിക്‌സ് ഇന്‍ ദ മിഡില്‍ ഈസ്റ്റ് (2010) വെസ്റ്റ് വ്യൂ പ്രസ്, ബോള്‍ഡന്‍ പുറം: 182