എ.കെ.പി: ഉര്‍ദുഗാന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍
സൈഫുദ്ദീന്‍ കുഞ്ഞു
21-ാം നൂറ്റാണ്ടിലെ തുര്‍ക്കി രാഷ്ട്രീയ ചരിത്രത്തില്‍ അവിസ്മരണീയമായ വഴിത്തിരിവാണ് 2001 ആഗസ്റ്റ് 12-ല്‍ രൂപീകരിക്കപ്പെട്ട അദാലെത് കാല്‍കിന്‍മ പാര്‍ട്ടി സി(AKP ഇംഗ്ലീഷില്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി JDP). സെക്യുലര്‍ തുര്‍ക്കിയെ 13 വര്‍ഷമായി ഭരിക്കുന്ന എ.കെ.പി അസാധാരണമായ സമകാലികാനുഭവമാണ്. 2011 ജൂണ്‍ 12-ലെ ഗംഭീര വിജയത്തോടെ എ.കെ.പി മൂന്നാം തവണയാണ് തുര്‍ക്കിയുടെ സാരഥ്യമേറ്റെടുക്കുന്നത്. പകുതിയോളം വരുന്ന തുര്‍ക്കി ജനതയുടെ പിന്തുണ ഉറപ്പുവരുത്തുന്നതായിരുന്നു ആ വിജയം. സെക്യുലരിസവും ഇസ്‌ലാമും എന്നും വിപരീതപക്ഷത്തുള്ള ഒരു രാഷ്ട്രത്തില്‍ ഇസ്‌ലാമികധാരയിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തുടരെയുള്ള വിജയമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കമാലിസ്റ്റുകള്‍ എക്കാലവും തുര്‍ക്കിക്ക് മതേതരഛായ അടിച്ചേല്‍പിക്കാനും സാമൂഹിക തലത്തില്‍ ഇസ്‌ലാമിന്റെ സാന്നിധ്യം നിഷേധിക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ എ.കെ.പിയുടെ ഈ വിജയ നൈരന്തര്യം തുര്‍ക്കി ജനതയില്‍ വര്‍ധിച്ചു വരുന്ന സ്വാതന്ത്ര്യ ബോധത്തിന്റെയും, കമാലിസ്റ്റ് സെക്യുലരിസം തുര്‍ക്കി സംസ്‌കാരത്തോടും പാരമ്പര്യത്തോടും സ്വീകരിച്ചുപോന്ന നിഷേധാത്മക നിലപാടിനോടുള്ള നിരന്തര പ്രതികരണത്തിന്റെയും ലക്ഷണമാണ്. എ.കെ.പിയുടെ ഈ വിജയങ്ങള്‍ തുര്‍ക്കി സാമൂഹിക സാംസ്‌കാരിക ഘടനയുടെ പുനര്‍വായനക്ക് പ്രചോദനമാകുന്നുണ്ട്.
'അക് പാര്‍ട്ടി' എന്നാണ് എ.കെ.പിയുടെ ചുരുക്കെഴുത്ത്. 'അക്(ak) എന്നാല്‍ പ്രകാശം, ശുദ്ധം, ധവളം, വൃത്തിയായത് എന്നൊക്കെയാണ് തുര്‍ക്കി ഭാഷയില്‍ അര്‍ഥങ്ങള്‍. എ.കെ.പിക്ക് 'പ്രകാശത്തിന്റെ പാര്‍ട്ടി' എന്നര്‍ഥമുണ്ട്. പ്രകാശിതമായ ബള്‍ബാണ് പാര്‍ട്ടിഛിഹ്നം. 2002 നവംബര്‍ 2ലെ എ.കെ.പിയുടെ വിജയത്തെ തുര്‍ക്കിയിലെ രാഷ്ട്രീയ ഭൂകമ്പമായാണ് വിലയിരുത്തപ്പെടുന്നത്. എ.കെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ 550 പാര്‍ലമെന്റ് സീറ്റുകളില്‍ 363 സീറ്റുകള്‍ സ്വന്തമാക്കി. ഇലക്ഷനു ശേഷം സെക്യുലര്‍ വൃന്ദങ്ങള്‍ കമാലിസ്റ്റ് ആധുനികവല്‍ക്കരണത്തിനും റിപ്പബ്ലിക്കന്‍ ക്ഷേമത്തിനും ഭീഷണിയും വെല്ലുവിളിയുമായാണ് എ.കെ.പിയുടെ വിജയത്തെ കണ്ടത്. എന്നാല്‍ തുര്‍ക്കി രാഷ്ട്രീയ ഗതിയെ സസൂക്ഷ്മം വിലയിരുത്തിയ പലരും കഴിഞ്ഞ ഏതാനും ദശകങ്ങളിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ പ്രതിസന്ധികള്‍ നേരിടുന്ന തുര്‍ക്കിയുടെ പുനര്‍ക്രമീകരണം എന്ന നിലയിലാണ് എ.കെ.പിയുടെ വിജയത്തെ വിലയിരുത്തിയത്. തുര്‍ക്കി ജനതയുടെ സിംഹഭാഗവും ചഞ്ചലമായ മുന്നണി ഭരണകൂടങ്ങളുടെ അന്ത്യമായി തന്നെ ഈ വിജയത്തെ സ്വാഗതം ചെയ്തു. മുന്‍ മുന്നണി ഭരണകൂടങ്ങളോടുള്ള പ്രതിഷേധം എ.കെ.പിയുടെ ഈ വിജയത്തില്‍ കാണാന്‍ സാധിക്കുന്നതാണ്.
2002-ലെ പാര്‍ലമെന്റ് ഇലക്ഷന്‍ തുര്‍ക്കി രാഷ്ട്രീയത്തില്‍ പുതിയ കാലഘട്ടത്തിനാണ് തുടക്കം കുറിച്ചത്. എ.കെ.പിക്ക് പുറമെ മുഖ്യപ്രതിപക്ഷമായ ജുംഹൂരിയത്ത് ഹല്‍ക്ക് പാര്‍ട്ടിസി(CHP)ക്കു മാത്രമേ പാര്‍ലമെന്റ് പ്രവേശത്തിനാവശ്യമായ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞുള്ളൂ. (178 സീറ്റുകളോടെ 19.39%) മുന്‍മുന്നണി ഗവണ്‍മെന്റുകളിലെ മിക്ക പ്രമുഖ പാര്‍ട്ടികള്‍ക്കും പരാജയം രുചിക്കേണ്ടിവന്നു. 1999-ലെ ഇലക്ഷക്ഷനില്‍ 22.2% ലഭിച്ച DSPക്ക് 1.22% മാത്രമേ നേടാനായുള്ളൂ. മിസത് യില്‍മാസിന്റെ അനാവത്വന്‍ പാര്‍ട്ടി(ANAP)ക്ക് 5.3% കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എം.എച്ച്.പിയും സമാനമായ പരാജയം രുചിച്ചു. മുന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ പാര്‍ട്ടിയായിരുന്നിട്ടുപോലും തന്‍സു സില്ലറുടെ DYP പാര്‍ലമെന്റില്‍ പ്രവേശിക്കാനാവശ്യമായ 10% പോലും നേടാനായില്ല (വെറും 9.54%). രാഷ്ട്രത്തിലെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലെ 40%ലധികം വരുന്ന കുര്‍ദിഷ് ജനതയില്‍ വന്‍ സ്വാധീനമുള്ള ഡെമോക്രാറ്റിക് ഹല്‍ക് പാര്‍ട്ടിസി(DEHAP)ക്ക് 6.22% മാത്രമേ നേടാനായുള്ളൂ).
എ.കെ.പിയെ ഹകന്‍യാവുസ് സൂചിപ്പിച്ചിരുന്നപോലെ 2002 നവംബറിലെ തെരഞ്ഞെടുപ്പിനുമുമ്പ് മിക്ക പാശ്ചാത്യ മാധ്യമങ്ങളും വിമര്‍ശകരും ഫണ്ടമെന്റലിസ്റ്റ് പാര്‍ട്ടിയെന്നാണ് വിശേഷിപ്പിച്ചത്. ഇലക്ഷനുശേഷം അതേ മാധ്യമങ്ങള്‍ 'ഇസ്‌ലാമിസ്റ്റ്' അല്ലെങ്കില്‍ ഇസ്‌ലാമിക് പാര്‍ട്ടി' എന്ന് വിശേഷിപ്പിച്ചു. യൂറോപ്യന്‍യൂനിയന്റെ കോപന്‍ ഹേഗന്‍ മാനദണ്ഡങ്ങള്‍ തുര്‍ക്കി സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ 'ഇസ്‌ലാമിക വേരുകളുള്ള പാര്‍ട്ടി' എന്ന് എഴുതി. രണ്ട് വര്‍ഷത്തിനുശേഷം അതിപ്രധാനമായ പല പരിഷ്‌കരണങ്ങളും നടപ്പിലാക്കാന്‍ തുടങ്ങിയപ്പോള്‍ 'നവോത്ഥാനബോധമുള്ള ഇസ്‌ലാമിസ്റ്റുപാര്‍ട്ടി' എന്നായി. എന്നാല്‍ വ്യഭിചാരത്തെക്കുറിച്ച നിയമനിര്‍മാണചര്‍ച്ചക്ക് എ.കെ.പി തുടക്കം കുറിച്ചപ്പോള്‍ യൂറോപ്യന്‍ മീഡിയ ഒരിക്കല്‍കൂടി 'ഇസ്‌ലാമിസ്റ്റ്', ഇസ്‌ലാമിക് എന്നീ ഉപമകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. 2007-ലെ വിജയത്തോടെ 'ദ ഇകണോമിസ്റ്റ്' ഫുദൂ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി എന്നു വിശേഷിപ്പിച്ചു. മറ്റു ചിലര്‍ 'ഇസ്‌ലാമിസ്റ്റു പാരമ്പര്യമേറുന്നവരെ'ന്നും 'വിജയകരമായ ഇസ്‌ലാമിക ഭാവം' എന്നും വിശേഷിപ്പിച്ചു. എ.കെ.പി നിലവിലുള്ള രാഷ്ട്രീയ ഘടനയോടും തുര്‍ക്കിയിലെ സെക്യുലര്‍ അടിസ്ഥാനങ്ങളോടും മിലിട്ടറി, ബ്യൂറോക്രസി എന്നിവരോടും വളരെ തന്ത്രപ്രധാനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഫ്രഞ്ച് സെക്യുലരിസത്തിന്റെ പതിവു ചേരുവകളെ തുര്‍ക്കി സെക്യുലരിസത്തില്‍നിന്ന് അടര്‍ത്തിമാറ്റി സ്വന്തമായ നിര്‍വചനം നല്‍കാന്‍ ശ്രമിക്കുമ്പോഴും സമചിത്തതയോടെയാണ് എ.കെ.പി നിലവിലെ രാഷ്ട്രീയ സാഹചര്യം കൈകാര്യം ചെയ്യുന്നത്.
എ.കെ.പിയുടെ ജനകീയതക്കും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും പിന്നിലുള്ള ഏറ്റവും പ്രധാന ഘടകം പാര്‍ട്ടി സ്ഥാപകനേതാവും പ്രധാനമന്ത്രിയുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ്. തെരഞ്ഞെടുപ്പിനുശേഷം നടന്ന ഒരു അഭിപ്രായ സര്‍വെയില്‍ എ.കെ.പിയുടെ സമ്മതിദായകരില്‍ 47% വും ഉര്‍ദുഗാനാണ് വിജയത്തിന്റെ കാരണമെന്ന് അഭിപ്രായപ്പെട്ടു. ഉര്‍ദുഗാന്റെ വ്യക്തിപ്രഭാവം ഒരളവോളം എ.കെ.പിയുടെ വിജയത്തിന് കാരണമായിട്ടുണ്ടെന്നുള്ളത് നിസ്തര്‍ക്കമാണ്. വിവാദപശ്ചാത്തലമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നകന്ന് ചുരുങ്ങിയ കാലംകൊണ്ട് 50% ജനങ്ങളുടെ പിന്തുണയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കെട്ടിപ്പടുത്തതില്‍ ഉര്‍ദുഗാന് നിര്‍ണായക സ്ഥാനമാണുള്ളത്. 1997-ല്‍ സിര്‍ത്തില്‍ നടന്ന ഒരു പൊതു പ്രസംഗത്തില്‍ നമ്മുടെ മസ്ജിദുകള്‍ നമ്മുടെ ബാരക്കുകളാണ്; ഖുബ്ബകള്‍ നമ്മുടെ ഹെല്‍മറ്റുകളും, മിനാരങ്ങള്‍ നമ്മുടെ ബയണറ്റുകളും; വിശ്വാസികള്‍ നമ്മുടെ പടയാളികളും' എന്ന കവിതാശകലം ചൊല്ലിയതിന്റെ പേരില്‍ ഉര്‍ദുഗാന് 7 മാസത്തേക്ക് ജയില്‍വാസവും രാഷ്ട്രീയത്തില്‍നിന്ന് ആജീവനാന്ത വിലക്കും ദേശീയ സുരക്ഷാ കോടതി(NSC) വിധിക്കുകയുണ്ടായി. ഇസ്തംബൂള്‍ മേയറായിരുന്ന ഉര്‍ദുഗാന് ഇക്കാരണത്താല്‍ പാര്‍ലമെന്റ് പ്രവേശം നിഷേധിക്കപ്പെട്ടു. ഉര്‍ദുഗാന്റെ അടുത്ത സുഹൃത്തായ അബ്ദുല്ലാ ഗുല്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയായിത്തീര്‍ന്നു. അധികാരത്തിലേറിയ ഉടനെ തന്നെ എ.കെ.പി നിയമഭേദഗതി വരുത്തുകയും ഉര്‍ദുഗാന്റെ രാഷ്ട്രീയ വിലക്ക് എടുത്തുമാറ്റുകയും ചെയ്തു. ചില സന്നിഗ്ധാവസ്ഥകളാല്‍ സിര്‍ത്തിലെ ഇലക്ഷന്‍ മാറ്റിവെച്ചത് ഉര്‍ദുഗാന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സിര്‍ത്തിലെ എം.പിയാകാനും സാഹചര്യമൊരുക്കി. 2003-ല്‍ അബ്ദുല്ലാ ഗുലിനു പകരം പ്രധാനമന്ത്രിയായി. മുന്‍ മുന്നണി ഭരണകൂടങ്ങള്‍ തുര്‍ക്കിയില്‍ സൃഷ്ടിച്ച രാഷ്ട്രീയാസ്ഥിരതയും രാഷ്ട്രം നേരിട്ട പ്രതിസന്ധികളില്‍ ധീരമായ തീരുമാനങ്ങളെടുക്കുന്നതിലുണ്ടായ പരാജയവും എ.കെ.പിയുടെ വിജയത്തിന് കൂടുതല്‍ വഴിതെളിച്ചു. 2000-ല്‍ കനത്ത കടബാധ്യത, തുര്‍ക്കി കറന്‍സി ലിറയുടെ മൂല്യമിടിവ്, വിലപ്പെരുപ്പം എന്നീ സാമ്പത്തിക പ്രതിസന്ധികളെ മുന്‍ സര്‍ക്കാറുകള്‍ക്ക് മറികടക്കാന്‍ സാധിക്കാതിരുന്നതും എ.കെ.പിയുടെ വിജയത്തിന് കാരണമായി. അഞ്ച് വര്‍ഷക്കാലത്തെ ഭരണശേഷം 2007-ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ നില കൂടുതല്‍ മെച്ചപ്പെടുത്താന്‍ എ.കെ.പിക്ക് സാധിച്ചു. 47% ത്തോടെ 340 സീറ്റുകളുമായി പാര്‍ട്ടി വീണ്ടും അധികാരത്തിലേറി. 2002-ലെ ഇലക്ഷനില്‍ ലഭിച്ചതിനേക്കാള്‍ 13% കൂടുതല്‍ വോട്ട് നേടാന്‍ എ.കെ.പിക്ക് കഴിഞ്ഞു. 2011 ജൂണ്‍ 12-ലെ ഇലക്ഷനില്‍ 49.1%ത്തില്‍ 326 സീറ്റുകളോടെ പാര്‍ട്ടിക്ക് മൂന്നാംഘട്ടവും അധികാരമുറപ്പിക്കാന്‍ സാധിച്ചു. 2007-ലെ 16 മില്യന്‍ വോട്ടില്‍നിന്നും 21 മില്യന്‍ വോട്ടാക്കി ഉയര്‍ത്താന്‍ എ.കെ.പിക്ക് സാധിച്ചു. എ.കെ.പിയുടെ സവിശേഷമായ ചരിത്രപശ്ചാത്തലത്തില്‍, പുറത്തുവന്ന പല ഇലക്ഷന്‍ നിരൂപണങ്ങളും 'സെക്യുലരിസം വെഴ്‌സസ് ഇസ്‌ലാമിസം' എന്നതില്‍ കേന്ദ്രീകരിച്ചായിരുന്നു ചിലര്‍ എ.കെ.പിയെ മുസ്‌ലിം ലോകത്തിന് റോള്‍മോഡലായി അവതരിപ്പിച്ചു. എ.കെ.പിയുടെ ഈ വിജയത്തെ 'ഇസ്‌ലാമിസം വെഴ്‌സസ് സെക്യുലരിസം' എന്ന പതിവു രാഷ്ട്രീയ നിരൂപണത്തില്‍ ഒതുക്കാന്‍ കഴിയുന്നതല്ല. തുര്‍ക്കി ജനതയുടെ സാമൂഹിക-സാമ്പത്തിക രംഗത്ത് വിശിഷ്യാ, ദരിദ്ര വിഭാഗങ്ങളില്‍ എ.കെ.പിയുടെ പരിഷ്‌കാരങ്ങള്‍ സൃഷ്ടിച്ച മാറ്റം, പാര്‍ട്ടിയുടെ ശക്തമായ സംഘടനാ ശൃംഖല, സൂഷ്മതയോടെയുള്ള രാഷ്ട്രസമീപനം, ദേശ-വിദേശ പോളിസികളില്‍ സ്വീകരിച്ച കൃത്യത, ജനോപകാരപ്രദമായ പരിഷ്‌കാരങ്ങളും വികസനവും തുടങ്ങിയവ എ.കെ.പിയെ വീണ്ടും തെരഞ്ഞെടുക്കാന്‍ തുര്‍ക്കി ജനതയെ നിര്‍ബന്ധിതരാക്കുകയാണുണ്ടായത്. 2007-ല്‍ അബ്ദുല്ല ഗുലിന്റെ രാഷ്ട്രപതിസ്ഥാനാര്‍ഥിത്വം സെക്യുലര്‍ ക്യാമ്പില്‍ വിസ്‌ഫോടനമാണ് സൃഷ്ടിച്ചത്. എ.കെ.പി രാഷ്ട്രപതിസ്ഥാനത്തേക്ക് ഗുലിനെ നാമനിര്‍ദേശം ചെയ്തതോടെ തുര്‍ക്കിയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു. ഉന്നതാധികാര കോടതി പ്രശ്‌നത്തില്‍ ഇടപെടുകയും എ.കെ.പിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. മറ്റ് പാര്‍ട്ടികള്‍ക്ക് വിധിയെ അംഗീകരിക്കേണ്ടി വന്നു. അബ്ദുല്ലാ ഗുല്‍ പ്രസിഡന്റായി സ്ഥാനമേറ്റു. വലതുപക്ഷ പാര്‍ട്ടികളുടെ സാന്നിധ്യം മുഴുവന്‍ അപ്രത്യക്ഷമാക്കുന്ന തരത്തിലാണ് എ.കെ.പിയുടെ എല്ലാ ഇലക്ഷന്‍ വിജയങ്ങളും. ഇസ്‌ലാമിസം എന്ന സംജ്ഞ സൃഷ്ടിക്കുന്ന ആശയകുടുസ്സിനെക്കാള്‍ പ്രവിശാലമാണ് എ.കെ.പിയുടെ വ്യവഹാര തലം.
കണ്‍സര്‍വേറ്റീവ് ഡിമോക്രസിയും എ.കെ.പിയും
'കണ്‍സര്‍വേറ്റിവ് ഡെമോക്രസിയാണ് എ.കെ.പിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം. സവിശേഷമായ കാരണത്താല്‍ എ.കെ.പി നജ്മുദ്ദീന്‍ അര്‍ബകാന്റെ നാഷ്‌നല്‍ ഔട്ട്‌ലുക്ക് മൂവ്‌മെന്റുമായുള്ള നൈരന്തര്യം നിഷേധിക്കുന്നു. അര്‍ബകാന്റെ ജനാധിപത്യവിവക്ഷയെക്കാള്‍ കൂടുതല്‍ ബഹുസ്വരവും സുതാര്യവുമാണ് 'കണ്‍സര്‍വേറ്റീവ് ഡിമോക്രസി'യുടേത്. 2004 ജനുവരി 10-11 തീയതികളില്‍ ഇസ്തംബൂളില്‍ എ.കെ.പി ഈ വിഷയത്തില്‍ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തവരിലേറെയും 'കണ്‍സര്‍വേറ്റീവ് ഡെമോക്രസി' ഒരു പുതിയ കണ്ടുപിടുത്തമായി വിമര്‍ശിച്ചു. എന്നാല്‍ ഹകന്‍ യാവുസ് നിരീക്ഷിച്ചപോലെ 'കണ്‍സര്‍വേറ്റിവ്, സോഷ്യല്‍, നാഷനലിസ്റ്റ്, സോഷ്യലിസ്റ്റ്, ലിബറല്‍, റാഡിക്കല്‍ ഡെമോക്രസി തുടങ്ങിയ സംജ്ഞകള്‍ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രായോഗികതലത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. പ്രാദേശിക സംസ്‌കാരത്തില്‍ രൂഢമൂലമായ കണ്‍സര്‍വേറ്റിവിസം, ജനാധിപത്യവ്യവസ്ഥയോട് ഭാഗഭാക്കാകുന്നു എന്നതിനാല്‍ കണ്‍സര്‍വേറ്രിവ് ഡെമോക്രസിയും ഇതുപോലെ ചര്‍ച്ചചെയ്യപ്പെടാവുന്നതാണ്. ഉര്‍ദുഗാന്റെ അഭിപ്രായത്തില്‍ 'എ.കെ.പിയുടെ കണ്‍സര്‍വേറ്റീവ് ഡെമോക്രസി 'societal centre' ന്റെ പ്രതിനിധിയാണ്. സ്റ്റേറ്റും സമൂഹവും കേന്ദ്രവും പ്രാന്തപ്രദേശങ്ങളും തമ്മില്‍ കണ്ണിചേര്‍ക്കാനുള്ള നയചാരുതയാണത്. എ.കെ.പിയുടെ കണ്‍സര്‍വേറ്റിവിസം മുന്നേറ്റത്തിനും വികസനത്തിനും വേണ്ടി വാദിക്കുന്നതാണ്. ക്രമപ്രവൃദ്ധമായ സാമൂഹികമാറ്റമാണ് എ.കെ.പി കണ്‍സര്‍വേറ്റിവ് ഡെമോക്രസിയിലൂടെ ലക്ഷ്യംവെക്കുന്നത്. ഉര്‍ദുഗാന്റെ ഉപദേഷ്ടാവായ ഹകീം അക്‌ദോഗാന്‍ദ എ.കെ.പി ആന്റ് കണ്‍സര്‍വേറ്റീവ് ഡെമോക്രസി എന്ന ഡോക്യുമെന്റില്‍ പാര്‍ട്ടിയുടെ അടിസ്ഥാനാശയങ്ങളെ വിശദീകരിക്കുന്നുണ്ട്. ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ ഉര്‍ദുഗാന്‍, മുന്‍ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളെ ഉദ്ദേശിച്ചുകൊണ്ട് 'രാഷ്ട്രീയത്തെ, റാഡിക്കലൈസ്' ചെയ്യുന്ന രാഷ്ട്രീയപ്രതിനിധാനങ്ങളെ എതിര്‍ക്കുന്നു.
കണ്‍സര്‍വേറ്റിവ് ഡെമോക്രസി സ്വീകരിച്ചു എന്നതിനാല്‍ എ.കെ.പിയെ പോസ്റ്റ് ഇസ്‌ലാമിസ്റ്റ് മൂവ്‌മെന്റായാണ് ഇഹ്‌സാന്‍ ഭാഗി വിലയിരുത്തുന്നത്. ഭാഗിയുടെ നിരീക്ഷണത്തില്‍ എ.കെ.പി സാമൂഹിക തലത്തില്‍ ഇസ്‌ലാമിക ബന്ധം നിലനിര്‍ത്തുകയും പൊളിറ്റിക്കല്‍ പ്രോഗ്രാം എന്ന നിലയില്‍ ഇസ്‌ലാമിക സംജ്ഞയോട് അകന്നു നില്‍ക്കുകയും ചെയ്യുന്നു. കണ്‍സര്‍വേറ്റീവ്-നാഷനലിസ്റ്റ് ഇസ്‌ലാമിക്-ഡെമോക്രാറ്റിക് ഉള്ളടക്കങ്ങളുള്ള ഒരു ജനകീയ രാഷ്ട്രീയ പ്രസ്ഥാനമായാണ് ഇഹ്‌സാന്‍ ഭാഗി എ.കെ.പിയെ വിലയിരുത്തുന്നത്. ഒരേസമയം തുര്‍ക്കി ദേശീയതയും ഇസ്‌ലാമിക സ്വത്വവം സംരക്ഷിക്കുകയും ജനാധിപത്യ പരിരക്ഷക്ക് വാദിക്കുകയും ചെയ്യുന്ന എ.കെ.പി ആധുനിക മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. പ്രാദേശിക-സാര്‍വലൗകിക മൂല്യങ്ങള്‍, പാരമ്പര്യം, ആധുനികത, ധാര്‍മിക-യുക്തി എന്നിവ സമഞ്ജസമായി സമ്മേളിക്കുന്ന ഒരു രാഷ്ട്രീയ ഭാവമാണത്. ഉര്‍ദുഗാന്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളോടാണ് എ.കെ.പിയെ താരതമ്യം ചെയ്യുന്നത്. മതബോധം കാത്തുസൂക്ഷിക്കുന്നതോടൊപ്പം രാഷ്ട്രീയ തലത്തില്‍ പ്രായോഗികമായി ഇടപെടാന്‍ എ.കെ.പിയുടെ കണ്‍സര്‍വേറ്റിവ് ഡെമോക്രസി അവസരം നല്‍കുന്നു. മുസ്‌ലിം സ്വത്വവും നിലവിലെ അധികാര ഘടനയില്‍ അധീശത്വമുള്ള ജനാധിപത്യബോധവും ഒരു പോലെ നിലനിര്‍ത്താന്‍ 'കണ്‍സര്‍വേറ്റീവ് ഡെമോക്രസി' എന്ന ആശയത്തിനാകുന്നു. അതിനാല്‍ 'മുസ്‌ലിം ഡെമോക്രാറ്റ്' എന്ന പദപ്രയോഗത്തില്‍ നിന്ന് വ്യക്തമായ അകലം പാലിക്കുന്നു. എല്ലാ ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്കിടയിലും എ.കെ.പി ജനാധിപത്യം, മനുഷ്യാവകാശം, നിയമാധികാരം, ബഹുസ്വരത, സഹിഷ്ണുത തുടങ്ങിയവ ഊന്നിപ്പറയുന്നു. എ.കെ.പിയുടെ ഭരണഘടനാ റിപ്പബ്ലിക്കിനെ രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായാണ് കാണുന്നത്. രാഷ്ട്രതാല്‍പര്യമാണ് ഏറ്റവും മൂര്‍ത്തമായ ശക്തിയെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. വ്യത്യസ്ത വിശ്വാസങ്ങള്‍, ആശയങ്ങള്‍, വംശം, ഭാഷ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം, സംഘടനാവകാശം, ജീവിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങള്‍ പാര്‍ട്ടി ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എ.കെ.പി വൈവിധ്യത്തെ ജനതയെ കൂട്ടിയിണക്കുന്ന സാംസ്‌കാരിക സമ്പന്നതായാണ് കണക്കാക്കുന്നത്. രാഷ്ട്രീയാധികാരം സുതാര്യമായി വ്യവഹരിക്കപ്പെടുമ്പോള്‍ മാത്രമേ ദേശീയത സര്‍വാധികാരിയാവുകയുള്ളൂ. വ്യക്തിയുടെ വിശ്വാസപ്രകാരം ജീവിക്കാനുള്ള അവകാശം ജന്മാവകാശമാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസാശയങ്ങളെ അനകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാന്‍ സ്റ്റേറ്റിന് സാധ്യമല്ല. സാമ്പത്തികമേഖലയില്‍ സ്റ്റേറ്റിന്റെ നിരീക്ഷണാധികാരമുള്ള ഫ്രീ-മാര്‍ക്കറ്റ് വ്യവസ്ഥയാണ് എ.കെ.പി ലക്ഷ്യം വെക്കുന്നത്.
ഡെവലപ്‌മെന്റ് ആന്റ് ഡെമോക്രസി പ്രോഗ്രാം എന്നാണ് എ.കെ.പിയുടെ കര്‍മപരിപാടി അറിയപ്പെടുന്നത്. സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്ന് ഈ പ്രോഗ്രാം അടിവരയിടുന്നു. സുരക്ഷയും സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണ്. അവകാശവും സ്വാതന്ത്ര്യവും മാനിക്കുകയെന്നത് സാമൂഹിക സമാധാനത്തിന്റെയും സുസ്ഥിരതയുടെയും അടിസ്ഥാന ഘടകമാണ്. ലോകമനുഷ്യാവകാശ പ്രഖ്യാപനം, യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് എന്നിവയിലൂന്നിയ തരത്തില്‍ തുര്‍ക്കിയില്‍ മനുഷ്യാവകാശത്തിന്റെ നിലവാരമുയര്‍ത്തുമെന്ന് എ.കെ.പി വാഗ്ദാനം ചെയ്യുന്നു. സഹിഷ്ണുത, ആശയസംവാദം, ന്യൂനപക്ഷാവകാശ സംരക്ഷണം എന്നിവ ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. വിഭിന്ന രാഷ്ട്രീയ വ്യവഹാരങ്ങള്‍ ഒരു സുസ്ഥിര ജനാധിപത്യ വ്യവസ്ഥയിലെ അവിഭാജ്യ ഘടകമാണ്. ഭൂരിപക്ഷത്തിന്റെ താല്‍പര്യം ഒരിക്കലും അനിയന്ത്രിതമാകരുതെന്ന് എ.കെ.പി വിശ്വസിക്കുന്നു. ന്യൂനപക്ഷാവകാശങ്ങളുടെ ഭരണഘടനാപരമായ സംരക്ഷണം ജനാധിപത്യത്തിന്റെ ബഹുസ്വരതയെ ബലവത്താക്കുമെന്ന് എ.കെ.പി വിലയിരുത്തുന്നു.
പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍
എ.കെ.പി ഗവണ്‍മെന്റ് തുടക്കത്തിലേ രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. രാഷ്ട്രത്തിന്റെ ജനാധിപത്യവല്‍ക്കരണവും യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിനായുള്ള പരിശ്രമങ്ങളും തുര്‍ക്കിയില്‍ ജനാധിപത്യ പരിഷ്‌കരണങ്ങള്‍ക്ക് സഹായകമായി. 1980-ലെ പട്ടാള അട്ടിമറി, 1982ലെ ഭരണഘടനാ പരിഷ്‌കാരങ്ങള്‍ എന്നിവയാല്‍ നഷ്ടപ്പെട്ട മനുഷ്യാവകാശം, സ്വാതന്ത്ര്യം എന്നിവയുടെ തിരിച്ചുവരവായാണ് ഈ പരിഷ്‌കരണങ്ങള്‍ വിലയിരുത്തപ്പെട്ടത്. 2002-ല്‍ എല്ലാതരം റാഡിക്കല്‍ വിവേചനങ്ങളുടെയും ഉന്മൂലനം എന്ന 1965-ലെ യു.എന്‍ കണ്‍വന്‍ഷന്റെ തീരുമാനം സ്വീകരിച്ചു. 2003-ല്‍ ജനകീയ രാഷ്ട്രീയാവകാശം ഊന്നിപ്പറയുന്ന യു.എന്‍ അന്താരാഷ്ട്ര നിയമം നടപ്പിലാക്കി. 2008-10 കാലയളവില്‍ പ്രധാനപ്പെട്ട പല പരിഷ്‌കാരങ്ങളും നിലവില്‍ വന്നു. സ്റ്റേറ്റിനെതിരെ പ്രതിഷേധിക്കുന്നതുപോലും ക്രിമിനല്‍ കുറ്റമായി കരുതിയിരുന്ന ആന്റി ടെററിസം പ്രൊവിഷന്‍, വധശിക്ഷ എന്നിവ നീക്കം ചെയ്തു. അവഗണിക്കപ്പെട്ടിരുന്ന റിട്ടയറല്‍ റെക്ട് സ്ഥാപിച്ചു. തുര്‍ക്കി ഭാഷക്ക് അപ്രമാദിത്വം കല്‍പിച്ചിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 26 ഭേദഗതി ചെയ്തു. 2008 ജൂണിലെ ബ്രോഡ്കാസ്റ്റിംഗുമായി ബന്ധപ്പെട്ട ഭേദഗതി പ്രകാരം എല്ലാ ഭാഷകളിലും റേഡിയോ, ടി.വി സംപ്രേഷണാധികാരം ലഭിച്ചു. 2009-ല്‍ അറബി-അര്‍മീനിയന്‍ ഭാഷകളില്‍ റേഡിയോ, ടി.വി സംപ്രേഷണാധികാരം ലഭിച്ചു. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഭേദഗതിയില്‍ അമുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കപ്പെട്ടു. കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (PKK)യിലെ 34 പ്രവര്‍ത്തകരെ ഉര്‍ദുഗാന്‍ തന്നെ രാഷ്ട്രീയ സംവാദത്തിനായി വിളിക്കുകയും കുര്‍ദുകളുമായുള്ള സഹകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുര്‍ക്കി രാഷ്ട്രഭാവന എന്നതിനു കൂടുതല്‍ ഊന്നല്‍ നല്‍കി കുര്‍ദ് വിഘടനവാദം ഉപേക്ഷിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 2003-ല്‍ മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമഭേദഗതി വരുത്തി. 'മോസ്‌ക്' എന്നതിനു പകരം ആരാധനാലയം എന്നാക്കി മാറ്റി. ഈ നിയമം എല്ലാ മതങ്ങള്‍ക്കും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി. 2004-ല്‍ കഴിഞ്ഞ 42 വര്‍ഷമായി അമുസ്‌ലിംകളെ നിരീക്ഷിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ് സബ് കമ്മിറ്റി ഉപേക്ഷിച്ചു. അതിലുപരി, ഉര്‍ദുഗാന്‍ തുര്‍ക്കിയിലെ പ്രധാന സിനഗോഗുകളും ചര്‍ച്ചുകളും സന്ദര്‍ശിച്ചു. ഈ നീക്കത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്തു. അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് പാര്‍ത്രിയാര്‍ക്ക് മിസ്രോബ് രണ്ടാമന്‍ 2007-ലെ ഇലക്ഷനില്‍ എ.കെ.പിക്ക് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചു. തുര്‍ക്കിയിലെ ന്യൂനപക്ഷങ്ങള്‍ റിപ്പബ്ലിക്കിന്റെ സ്ഥാപനം മുതല്‍ക്കേ തിക്തമായ അവഗണന നേരിട്ടിരുന്നു. നിയമപരമായ സംരക്ഷണം, വിദ്യാഭ്യാസം, പരിശീലനം, വസ്തുവകകളുടെ കൈവശാധികാരം എന്നിവയുടെ അഭാവം ന്യൂനപക്ഷങ്ങളെ വല്ലാതെ വീര്‍പ്പുമുട്ടിച്ചിരുന്നു. എ.കെ.പിയുടെ പരിഷ്‌കരണങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസമായി ഭവിച്ചു.
തുര്‍ക്കിയിലെ ശീഈ ന്യൂനപക്ഷമായ അലവി വിഭാഗത്തിന് പ്രവര്‍ത്തനാവകാശം നല്‍കി ആദ്യ അലവി ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുകയും അവരുടെ ആരാധനാലയത്തെ മസ്ജിദായി അംഗീകരിക്കുകയും ചെയ്തു. മസ്ജിദുകള്‍ക്ക് ലഭിക്കുന്ന എല്ലാ സാമ്പത്തിക നേട്ടങ്ങളും അലവി മസ്ജിദുകള്‍ക്കും നല്‍കി. അനത്തോലിയ, അങ്കാറ, ഇസ്മീര്‍, ഇസ്തംബൂള്‍ എന്നിവിടവങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് കോടതികള്‍ അലവി വിദ്യാര്‍ഥികള്‍ക്ക്, മത-എത്തിക് കോഴ്‌സുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിയമ ഭേദഗതി ചെയ്തു.
ലോകമെങ്ങും, വിശിഷ്യാ യൂറോപ്പില്‍ സാമ്പത്തിക രംഗം തകര്‍ന്നുകൊണ്ടിരുന്നപ്പോള്‍ തുര്‍ക്കിയുടെ സാമ്പത്തിക മേഖല പുതിയൊരുണര്‍വിന് സാക്ഷ്യം വഹിക്കുകയായിരുന്നു. ജി.ഡി.പി മൂന്നിരട്ടിയായി വര്‍ധിച്ചു. മുന്‍കാലങ്ങളില്‍ ശക്തമായിരുന്ന നാണയപ്പെരുപ്പത്തെ ചെറിയൊരു ശതമാനത്തിലേക്ക് താഴ്ത്താന്‍ സാധിച്ചു. തൊഴിലില്ലായ്മ 10 ശതമാനത്തിലേക്ക് കുറക്കാന്‍ സാധിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ഹൗസിംഗ് എന്നീ മേഖലകളില്‍ കൂടുതല്‍ പുരോഗതി കൈവന്നു.
സായുധസേനയുടെ മുഷ്‌ക് ക്ഷയിപ്പിക്കാന്‍ സാധിച്ചു എന്നതാണ് എ.കെ.പിയുടെ ഏറ്റവും വലിയ നേട്ടം. രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അനുവാദമില്ലെങ്കിലും കമാലിസ്റ്റ് പൈതൃകത്തിന്റെയും റിപ്പബ്ലിക്കിന്റെയും സംരക്ഷകരായാണ് ആര്‍മി സ്വയം വിലയിരുത്തിയിരുന്നത്. തുര്‍ക്കി രാഷ്ട്രീയ ചരിത്രത്തില്‍ നാലുതവണയാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ പട്ടാളം അട്ടിമറിച്ചത്. 2010 സെപ്റ്റംബറിലെ ഭരണഘടനാ ഭേദഗതിയില്‍ മിലിട്ടറിക്കുമേല്‍ ജനകീയാധികാരം, അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജനറലുകളെ വിചാരണ ചെയ്യല്‍, പാര്‍ട്ടി നിരോധം നീക്കം ചെയ്യല്‍ എന്നിവ എഴുതിച്ചേര്‍ത്തു. യൂറോപ്യന്‍ പാര്‍ലമെന്റ് ഈ പരിഷ്‌കാരങ്ങളെ 'ധീരവും വിപ്ലവകര'മെന്നും യൂറോപ്യന്‍ യൂനിയന്റെ നിലവാരത്തോട് കിടപിടിക്കാനുള്ള 'ശക്തമായ ലക്ഷ്യബോധ'മെന്നും രാഷ്ട്രീയ ഇഛയെന്നും പ്രാധാന്യപൂര്‍വം നിരീക്ഷിച്ചു.
സ്ത്രീകളുടെ ശിരോവസ്ത്രം തുര്‍ക്കിയിലെ സാമൂഹികയിടങ്ങളില്‍ ഇസ്‌ലാമിന്റെ ഏറ്റവും മൂര്‍ത്തമായ ചിഹ്നമായാണ് സെക്യുലര്‍ വൃന്ദം കാണുന്നത്. 1984-ല്‍ സ്റ്റേറ്റും പിന്നീട് 1997-ല്‍ ഭരണഘടനാ ഭേദഗതിയും സ്‌കൂള്‍-യൂനിവേഴ്‌സിറ്റികളിലും പൊതു സ്ഥാപനങ്ങളിലും ഹെഡ്‌സ്‌കാര്‍ഫ് നിരോധിച്ചു. 2002-ല്‍ അധികാരത്തില്‍വന്ന ഉര്‍ദുഗാന്‍ നിരോധത്തെ മറികടക്കാന്‍ രണ്ട് നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ വെച്ചെങ്കിലും സെക്യുലര്‍ വിഭാഗത്തിന്റെ ശക്തമായ പ്രതിരോധം കാരണം വിജയം കണ്ടില്ല. എ.കെ.പിയുടെ ഇസ്‌ലാമിക ധാരയിലുള്ള എല്ലാ സംഘടനകളും നിരോധത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമായും തൊഴില്‍-വിദ്യാഭ്യാസ മേഖലകളിലെ സമത്വത്തിന്റെ ലംഘനമായുമാണ് കണ്ടത്. ശിരോവസ്ത്രം ഇന്നൊരു ഫാഷനായി മാറിയിരിക്കുകയാണ് തുര്‍ക്കിയില്‍. തുര്‍ക്കി ഫാഷന്‍ വ്യവസായത്തില്‍ 'തസെത്തുര്‍' എന്ന ഹെഡ്‌സ്‌കാര്‍ഫിന് വന്‍മാര്‍ക്കറ്റാണ് ഉള്ളത്. 2007-ല്‍ എ.കെ.പി യൂനിവേഴ്‌സിറ്റികളിലെ ഹെഡ്‌സ്‌കാര്‍ഫ് നിരോധം നീക്കാന്‍ ബില്‍ പാസാക്കി. ഇതിനെ സെക്യുലരിസത്തോടുള്ള യുദ്ധമായി കണക്കാക്കി ഭരണഘടനാ കോടതി എ.കെ.പിയെ നിരോധിക്കാന്‍ ധൃഷ്ടമാവുകയുണ്ടായി. 2008 ജൂലൈ 30-ല്‍ വോട്ടിംഗിനിടുകയും സെക്യുലര്‍ വൃന്ദം ഒരു വോട്ടിനു പരാജയപ്പെടുകയും ചെയ്തു. (6 പേര്‍ എ.കെ.പിക്ക് അനുകൂലമായി വോട്ടുചെയ്തു.)
2011 ജൂണിലെ പാര്‍ലമെന്റ് ഇലക്ഷനില്‍ പുതിയ ഭരണഘടനാ നിര്‍മാണമായിരുന്നു എ.കെ.പിയുടെ വാഗ്ദാനം. എന്നാല്‍ ഭരണഘടനാ നിര്‍മാണത്തിനാവശ്യമായ 330 സീറ്റുകള്‍ എ.കെ.പിക്ക് നേടാനായില്ല, 326 സീറ്റുകള്‍ മാത്രമേ എ.കെ.പിക്ക് നേടാനായുള്ളൂ. എങ്കിലും എം.എച്ച്.പിയുമായി ചേര്‍ന്ന് പുതിയ ഭരണഘടനയുടെ കരടുരൂപം. പാര്‍ലമെന്റില്‍ വെച്ചു. എന്നാല്‍ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ എ.കെ.പിയും എം.എച്ച്.പിയും പുതിയ ഭരണഘടനക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കയാണിപ്പോള്‍. തുര്‍ക്കിയെ ഒരു പ്രസിഡന്‍സിയാക്കുക എന്നതാണ് എ.കെ.പി ലക്ഷ്യംവെക്കുന്ന അതിപ്രധാനമായ മറ്റൊരു പരിഷ്‌കാരം അതിനായി 2012 നവംബര്‍ ആറിന് പാര്‍ലമെന്റില്‍ നിര്‍ദേശം വെച്ചു. പാര്‍ട്ടി നിയമമനുസരിച്ച് 2015-ല്‍ പ്രധാനമന്ത്രിപദം അവസാനിക്കുന്ന ഉര്‍ദുഗാന്റെ നീക്കമാണ് ഇതിന്റെ പിന്നിലെന്നാണ് വിമര്‍ശകവാദം. 2013 ഫെബ്രുവരി 12-ന് എ.കെ.പി സംഘടിപ്പിച്ച വര്‍ക്‌ഷോപ്പില്‍ നാലാംഘട്ട ജുഡീഷ്യല്‍ പരിഷ്‌കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. 10 നിയമങ്ങളുടെ ഭേദഗതിയാണ് പ്രധാനമായും ചര്‍ച്ചചെയ്യപ്പെട്ടത്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശവും ഇതില്‍ പെട്ടതാണ്. ടെററിസ്റ്റ് പശ്ചാത്തലമുള്ള ഏതെങ്കിലുമൊരു സംഘടനയെക്കുറിച്ച് അനുകൂലമായി എഴുതുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്തതിന്റെ പേരില്‍ മാത്രം ക്രിമിനല്‍കുറ്റമായി ഗണിച്ചിരുന്ന പീനല്‍കോഡ് 301-ാം നിയമം ഭേദഗതി ചെയ്യാനാണ് എ.കെ.പി ശ്രമിക്കുന്നത്.
എ.കെ.പി 2011 ഏപ്രില്‍ 16ന് നടന്ന പത്രസമ്മേളനത്തില്‍ 156 പേജ്‌വരുന്ന 'ടാര്‍ഗെറ്റ് 2023' എന്ന മാനിഫെസ്റ്റോ പ്രകാശനം ചെയ്തു. റിപ്പബ്ലിക്കിന്റെ 100 ാം വാര്‍ഷികമാചരിക്കുന്ന 2023 ലക്ഷ്യം വെച്ചാണ് ഈ ടാര്‍ഗറ്റ് ക്രമീകരിച്ചിരിക്കുന്നത്. തുര്‍ക്കി സാമ്പത്തിക ഘടനയാണ് എ.കെ.പി കൂടുതല്‍ ലക്ഷ്യം വെക്കുന്നത്. 2023-25 ജി.ഡി.പി രണ്ട് ട്രില്യന്‍ ഡോളറും മൂലധനത്തിന്റെ ജി.ഡി.പി 25,000 ഡോളറുമായി വര്‍ധിപ്പിക്കുമെന്നു ടാര്‍ഗെറ്റില്‍ എ.കെ.പി വാഗ്ദാനം ചെയ്യുന്നു. തുര്‍ക്കി ദമ്പതികള്‍ക്ക് പലിശരഹിത ലോണ്‍, സമ്പൂര്‍ണമായും തുര്‍ക്കി നിര്‍മിത എയര്‍ക്രാഫ്റ്റ്, ആയുധമേഖലയില്‍ അത്യാധുനിക ഉപകരണങ്ങള്‍, ടാങ്കുകള്‍, ഹെലികോപ്റ്റര്‍, യുദ്ധവിമാനം എന്നുതുടങ്ങി നിരവധി സ്വദേശീയ പ്രതിരോധ വ്യവസായം, ഇസ്തംബൂളില്‍ മൂന്നാം അന്താരാഷ്ട്ര വിമാനത്താവളം, ഇസ്തംബൂളില്‍ ഏഷ്യന്‍-യൂറോപ്യന്‍ തീരങ്ങളില്‍ പുതിയ രണ്ട് നഗരങ്ങള്‍, ദേശീയ-ബഹിരാകാശ പ്രോഗ്രാം തുടങ്ങി അനേകം പരിഷ്‌കാരങ്ങള്‍ ടാര്‍ഗറ്റ് 2023 ലെ ഉദാഹരണങ്ങളാണ്.
2003 മുതല്‍ ഉര്‍ദുഗാന്റെ മുഖ്യഉപദേഷ്ടാവായ അഹ്മദ് ദാവൂദ് ഒഗ്‌ലു 2009 മെയില്‍ വിദേശ കാര്യമന്ത്രിയായതുമുതല്‍ തുര്‍ക്കി ഫോറിന്‍ പോളിസിയില്‍ വന്‍മാറ്റമാണ് ദൃശ്യമായത്. അയല്‍ രാഷ്ട്രങ്ങളുമായി കൂടുതല്‍ സഹവര്‍ത്തിത്വം ലക്ഷ്യമിട്ടുകൊണ്ട് ബഹുവിതാനങ്ങളുള്ള ഒരു നയതന്ത്ര രേഖക്കാണ് ദാവൂദ് ഒഗ്‌ലു രൂപം നല്‍കിയത്. 2002ല്‍ പുറത്തിറക്കിയ അദ്ദേഹത്തിന്റെ Strategic Depth എന്ന ഗ്രന്ഥത്തില്‍ തുര്‍ക്കിയെ യൂറോപ്യന്‍, പശ്ചിമേഷ്യന്‍, ബാല്‍ക്കന്‍, കൊക്കേഷ്യന്‍, മധ്യേഷ്യന്‍, കാസ്പിയന്‍, മെഡിറ്ററേനിയന്‍, ബ്ലാക് സീ എന്നീ സ്വത്വങ്ങളുള്ള രാഷ്ട്രമായി അവതരിപ്പിച്ചു. Zero Problem with Neighboures എന്ന ആശയത്തിലൂടെ അയല്‍പക്കബന്ധം, കൂടുതല്‍ ഊഷ്മളമാക്കാന്‍ തുര്‍ക്കിക്കു കഴിഞ്ഞു. (2010 ലെ ഫ്രീഡം ഫ്‌ളോട്ടില സംഭവം ഇസ്രയേലുമായുള്ള ബന്ധം വിഷളാക്കി, കൂടാതെ അറബ് വസന്തത്തിന്റെ ബാക്കിപത്രമായ സിറിയയിലെ രക്തച്ചൊരിച്ചില്‍ ആ രാഷ്ട്രവുമായുള്ള ബന്ധം തകരാറിലാക്കി.)
2003-ലെ ഇറാഖ് അധിനിവേശത്തിന് അമേരിക്കക്ക് തുര്‍ക്കി മണ്ണില്‍ സ്ഥലമനുവദിക്കാതിരുന്നത് തുര്‍ക്കിയെ മുസ്‌ലിംലോകത്ത് ഹീറോയാക്കി. 2009-ല്‍ ദാവോസിലെ സാമ്പത്തിക ഫോറത്തില്‍ 'ഒരു മിനിട്ട്' പ്രഭാഷണവും വേദിവിട്ടുപോകലും ഉര്‍ദുഗാന് വന്‍ സ്വീകാര്യത ലഭിച്ചു. അറബ് വസന്തവേളയില്‍ ഈജിപ്തിലെത്തിയ ഉര്‍ദുഗാന് റോക്സ്റ്റാറിന്റെ സ്വാഗതമാണ് ലഭിച്ചത്. 2010-ലെ മര്‍മറ സംഭവത്തില്‍ ഇസ്രയേലിനോടു വിട്ടുവീഴ്ചയില്ലാത്ത തീരുമാനം കൈക്കൊണ്ട തുര്‍ക്കി അറബു തെരുവുകളില്‍ പുതിയ പ്രതീക്ഷക്ക് ഇടനല്‍കി. കോപന്‍ഹേഗന്‍ സമ്മേളനം, യൂറോപ്യന്‍ യൂനിയന്‍ അംഗത്വം, സൈപ്രസ് പ്രശ്‌നം എന്നിവയില്‍ എ.കെ.പിക്ക് സന്തുലിതവും ധീരവുമായ തീരുമാനങ്ങളെടുക്കാന്‍ സാധിച്ചു. തുര്‍ക്കിയുടെ പോളിസി ചരിത്രത്തോടും ഭൂമിശാസ്ത്രത്തോടും കടപ്പാടുള്ള യാഥാര്‍ഥ്യബോധമുള്ളതായിരിക്കണം എന്ന് എ.കെ.പിക്ക് വാശിയുണ്ട്. തുര്‍ക്കി സ്വന്തം അഖണ്ഡതയും മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരവും മാനിക്കണം. മറ്റ് രാഷ്ട്രങ്ങളും അതനുഭവിക്കാന്‍ അവകാശപ്പെട്ടവരാണ്. മേഖലയിലെ സുരക്ഷ, സാമ്പത്തിക വികാസത്തിന് മുതല്‍കൂട്ടാണ്. ഫലപ്രദമായ സംവാദമാണ് അയല്‍പക്കബന്ധം മികവുറ്റുതാക്കുന്നതെന്ന് എ.കെപി വിശ്വസിക്കുന്നു. തുര്‍ക്കിയുടെ ഈ പുതിയ നീക്കങ്ങളെ നവ ഒട്ടോമന്‍ സ്വപ്നമായി മനസ്സിലാക്കേണ്ടതില്ല. തുര്‍ക്കിയുടെ ചരിത്രസ്ഥാനം കണ്ടെത്തി രൂപപ്പെട്ട ഒരു നവ തുര്‍ക്കി നയതന്ത്രമാണിത്. യൂറോപ്യന്‍ സ്വപ്നത്തെ ഉപേക്ഷിക്കാതെ തന്നെ അവഗണിക്കപ്പെട്ടു കിടന്ന മുസ്‌ലിം ലോകത്തിന്റെ വീണ്ടെടുപ്പാണ് തുര്‍ക്കിയുടെ പോളിസിയിലൂടെ വ്യക്തമാകുന്നത്. മുന്‍ രാഷ്ട്രപതി തുര്‍ഗുത് ഒസാല്‍ ആണ് ഈ പുതിയ നയതന്ത്രത്തിന് തുടക്കം കുറിച്ചത്.
നാഷണല്‍ ഔട്ട്‌ലുക്ക് മൂവ്‌മെന്റ്
തുര്‍ക്കി രാഷ്ട്രീയം എന്നും ഇസ്‌ലാമിനോട് അനുകൂലമായോ പ്രതികൂലമായോ ബന്ധം പുലര്‍ത്തിയിട്ടുണ്ട്. ഖിലാഫത്തിന്റെ ചരിത്രപാരമ്പര്യമുള്ള തുര്‍ക്കിയിലെ രാഷ്ട്രീയത്തില്‍ ഇസ്‌ലാമിന്റെ ഭാഗധേയം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. കമാലിസ്റ്റ് സെക്യുലരിസം 1924 മാര്‍ച്ച് മൂന്നിന് ഖിലാഫത്ത് അസാധുവാക്കിക്കൊണ്ട് പടുത്തുയര്‍ത്തിയ രാഷ്ട്രീയ ഘടന, സ്വന്തം സംസ്‌കാരത്തിനും പൈതൃകത്തിനുമെതിരായ പാശ്ചാത്യവല്‍ക്കണത്തിനു ശ്രമിച്ചപ്പോള്‍ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയടക്കം എല്ലാ ഇസ്‌ലാമിക പ്രതിനിധാനങ്ങളും ശക്തമായ പ്രതിരോധനിര തീര്‍ത്തിട്ടുണ്ട്. കമാലിസത്തിന്റെ അടിസ്ഥാന സ്തംഭങ്ങള്‍ മൂന്നാണ്. ഫ്രഞ്ചുവിപ്ലവത്തിന്റെ ചുവടുപിടിച്ച റാഡിക്കല്‍ സെക്യുലരിസം, ഫ്രാന്‍സിനെ തന്നെ റോള്‍ മോഡലാക്കി ബഹുസ്വരതയെ നിഷേധിക്കുന്ന തുര്‍ക്കി ദേശീയത, മുഴുവന്‍ ഉസ്മാനീ ചരിത്ര പാരമ്പര്യങ്ങളെയും തിരസ്‌കരിച്ചുകൊണ്ട് ആധുനിക പാശ്ചാത്യവല്‍കൃത തുര്‍ക്കി എന്ന സ്വപ്നം. കമാലിസ്റ്റ് സെക്യുലരിസത്തിന്റെ പരിഷ്‌കരണങ്ങള്‍ക്ക് തുര്‍ക്കി ഗ്രാമീണ ജനതയെ ആകര്‍ഷിക്കാന്‍ സാധിച്ചില്ല. അനത്തോലിയയിലും മറ്റും ഉള്‍നാടന്‍ പ്രവിശ്യകളിലെ ജനങ്ങള്‍ നവ അങ്കാറയുടെ സാംസ്‌കാരിക നിര്‍മിതിക്ക് വിധേയമായില്ല. കമാലിസ്റ്റ് അങ്കാറയും തുര്‍ക്കി പ്രാന്തപ്രദേശങ്ങളും തമ്മിലുള്ള സാംസ്‌കാരിക വിടവ് അധികരിച്ചു. റിച്ചാര്‍ഡ് ഥാപര്‍ സൂചിപ്പിച്ചതുപോലെ കമാലിസ്റ്റ് റിപ്പബ്ലിക്കന്‍ നാഷണലിസത്തിന് ഇസ്‌ലാമിന്റെ ബഹുമുഖഭാവത്തിന് ബദലാകാന്‍ സാധിച്ചില്ല. കമാലിസത്തിന് സാധിക്കാത്ത പലതും ഇസ്‌ലാമിന് തുര്‍ക്കി ജനതയുമായി പങ്ക് വെക്കാന്‍ കഴിഞ്ഞു എന്നതിനാല്‍ റാഡിക്കല്‍ സെക്യുലരിസത്തിന്റെ സാന്നിധ്യത്തില്‍ പോലും ഇസ്‌ലാമിന് അതിജീവനം സാധിച്ചു.
1950-കളില്‍ കമാലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പരാജയം ബഹുകക്ഷി ജനാധിപത്യപര ഇസ്‌ലാമിസ്റ്റുധാരയിലുള്ള രാഷ്ട്രീയ ഉണര്‍വിനു കാരണമായി. നാഷണല്‍ ഔട്ട്‌ലുക്ക് മൂവ്‌മെന്റ് (മില്ലി ഗോരുസ്, NOM) ഇസ്‌ലാമിക ചേരിയിലെ ഏറ്റവും പ്രശസ്തമായ പ്രസ്ഥാനമാണ്. നജ്മുദ്ദീന്‍ അര്‍ബകാനാണ് ഈ മൂവ്‌മെന്റിന്റെ അനിഷേധ്യനായ നേതാവ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ മൂവ്‌മെന്റില്‍നിന്നും ഉടലെടുത്തിട്ടുണ്ട്. നാഷണല്‍ ഓര്‍ഡര്‍ പാര്‍ട്ടി (Milli Nizam Partisi- MNP) 1970 ജനുവരി 28, നാഷണല്‍ സാല്‍വേഷന്‍ പാര്‍ട്ടി(Milli Selamet Partisi MSP1972 ഒക്‌ടോബര്‍ 11) വെല്‍ഫെയര്‍ പാര്‍ട്ടി(Reafah Party, RP 1981) വിര്‍ച്യൂ പാര്‍ട്ടി (Fazilet Party FP, 1998) പ്രോസ്‌പെരിറ്റി പാര്‍ട്ടി(സആദത്ത് പാര്‍ട്ടി SP 2001) എന്നിങ്ങനെ. സെക്യുലരിസത്തിന്റെ സംരക്ഷണത്തിന്റെ പേരില്‍ പട്ടാള അട്ടിമറി ഏറെ ഉണ്ടായെങ്കിലും അവയൊക്കെ നാഷണല്‍ ഔട്ട്‌ലുക്ക് മൂവ്‌മെന്റിന് അതിജയിക്കാന്‍ കഴിഞ്ഞത് ആ പ്രസ്ഥാനത്തിന്റെ ജനസ്വീകാര്യതയുടെ തെളിവാണ്. 1995-ലെ പൊതുതെരഞ്ഞെടുപ്പ് തുര്‍ക്കി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. 21.7% ഭൂരിപക്ഷത്തോടെ, 155 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി വെല്‍ഫെയര്‍ പാര്‍ട്ടി മാറി. സെക്യുലര്‍ വ്യൂഹങ്ങളില്‍ ശക്തമായ ആഘാതമാണ് ഇതേല്‍പിച്ചത്. ഭരണരൂപീകരണത്തിലെ സന്നിഗ്ധാവസ്ഥയും നീണ്ടകാലത്തെ രാഷ്ട്രീയ പ്രതിസന്ധിയും മിലിട്ടറി ഇടപെടലിനു കാരണമായേക്കും എന്ന അന്തരീക്ഷം നിലനിന്നു. മനമില്ലാമനസ്സോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് രൂപീകരണത്തിന് മിലിട്ടറി അനുമതി നല്‍കിയത്. പക്ഷേ, ആര്‍.പിയുടെ ഓരോ ചലനവും മിലിട്ടറി നിരീക്ഷിച്ചുകൊണ്ടിരുന്നു. 1997 ഫെബ്രുവരി 4ന് മിലിട്ടറി കാത്തിരുന്ന സന്ദര്‍ഭം വന്നുകിട്ടി. അങ്കാറക്കടുത്ത സിന്‍ചാനില്‍ ആര്‍.പി മേയറുടെ നേതൃത്വത്തില്‍ ഇസ്രയേലിന്റെ ഫലസ്ത്വീന്‍ അധിനിവേശത്തിനെതിരെ ഒരു റാലി സംഘടിപ്പിക്കപ്പെട്ടു. റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച ഇറാനിയന്‍ അംബാസഡര്‍ 'ഇസ്‌ലാമിക ശാസനകള്‍' തുര്‍ക്കി ജനത അനുസരിക്കണമെന്ന് പ്രസംഗിച്ചു. കൂടാതെ ഹമാസിനും ഹിസ്ബുല്ലയ്ക്കും ഈ റാലി പിന്തുണ പ്രഖ്യാപിച്ചു. ഉടനെ മിലിട്ടറി സിന്‍ചാനിലേക്ക് ടാങ്കുകള്‍ അയക്കുകയും മേയറെ അറസ്റ്റു ചെയ്യണമെന്ന് ഗവണ്‍മെന്റിനെ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജെവിക് ബിര്‍, 'സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനുള്ള വിജയകരമായ ശ്രമം' എന്നാണ് അതിനെ ന്യായീകരിച്ചത്. കുര്‍ദ് വിഘടനവാദത്തെക്കാളും മറ്റ് വിദേശ വെല്ലുവിളികളെക്കാളും ഭീകരമായ ഭീഷണിയാണ് ആര്‍.പിയെന്ന് മിലിട്ടറി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കിന്റെ സെക്യുലര്‍ ഛായ സംരക്ഷിക്കാന്‍ 18 നിര്‍ദേശകങ്ങള്‍ മിലിട്ടറി മുന്നോട്ടു വെക്കുകയും അവ നടപ്പിലാക്കാന്‍ ഗവണ്‍മെന്റിനോട് കല്‍പിക്കുകയും ചെയ്തു. പ്രസിഡന്റ് ദെമിറേല്‍, തുര്‍ക്കിയുടെ മതേതരഛായ സംരക്ഷിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ അനിവാര്യമാണെന്ന് പ്രസ്താവനയിറക്കി. എന്നും തുര്‍ക്കിയുടെ രാഷ്ട്രഘടനയോടു ഒട്ടിനില്‍ക്കുന്ന നൂര്‍സി കമ്യൂണിറ്റിയിലെ ഏറ്റവും ശക്തമായ ഫത്ഹുല്ലാ ഗുലന്‍ വിഭാഗവും ഈ അട്ടിമറിയെ പിന്തുണച്ചു. 1997 ഏപ്രിലില്‍ ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ബകാന്‍ ഗവണ്‍മെന്റ് രാഷ്ട്രത്തെ കുഴപ്പത്തിലേക്കാണ് നയിക്കുന്നതെന്നും ഉടനെത്തന്നെ രാജിവെക്കണമെന്നും ഫത്ഹുല്ലാ ഗുലന്‍ നിര്‍ദേശിച്ചു. 1997 ഫെബ്രുവരിയില്‍ നടന്ന ഈ അട്ടിമറി മൃദു അട്ടിമറി(Soft Coup) അല്ലെങ്കില്‍ 'ഉത്തരാധുനിക അട്ടിമറി' (Post Modern Coup) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജുഡീഷ്യറി, പ്രധാന വ്യവസായ സംഘങ്ങള്‍, മീഡിയാ യൂനിവേഴ്‌സിറ്റി സെക്ടര്‍ എന്നിവയെയെല്ലാം മിലിട്ടറി ഉപയോഗപ്പെടുത്തിയതിനാലാണിത്. ഭരണഘടന 694-ാം ആര്‍ട്ടിക്കിള്‍ പ്രകാരം അര്‍ബകാന്നും മുതിര്‍ന്ന 6 നേതാക്കള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് രാഷ്ട്രീയ നിരോധനമേര്‍പ്പെടുത്തി. ആര്‍.പിയുടെ ചുവടുപിടിച്ചു ഫസീലത് പാര്‍ട്ടി രൂപീകരിച്ചെങ്കിലും പതിവു സെക്യുലര്‍ വിരുദ്ധ സമീപനം കാണിച്ചു. 2001-ല്‍ ഭരണഘടനാ കോടതി അതിനെയും നിരോധിച്ചു.
1990-കളില്‍ യാഥാര്‍ഥ്യബോധമുള്ള മാറ്റങ്ങള്‍ പ്രസ്ഥാനത്തില്‍ ഉണ്ടാകുന്നതുവരെ NOM തുര്‍ക്കിയുടെയും മുഴുവന്‍ മുസ്‌ലിം ലോകത്തിന്റെയും ശത്രുവായാണ് പടിഞ്ഞാറിനെ കണ്ടത്. തുര്‍ക്കി-ഇസ്‌ലാമിക നാഗരികതയോടുള്ള വഞ്ചനയാണ് പാശ്ചാത്യവല്‍ക്കരണമെന്ന് അര്‍ബകാന്‍ വാദിച്ചു. പാശ്ചാത്യവല്‍ക്കരണത്തിലൂടെ സാമ്രാജ്യത്വ സയണിസ്റ്റു ചേരിയുടെ കോളനിയായി തുര്‍ക്കി മാറുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ആറു കാതലിക് രാഷ്ട്രങ്ങള്‍ ചേര്‍ന്നുണ്ടായ യൂറോപ്യന്‍ യൂനിയനില്‍ ചേര്‍ന്നാല്‍ തുര്‍കിയുടെ അഖണ്ഡത നഷ്ടപ്പെടുമെന്ന് അദ്ദേഹം വിലയിരുത്തി. എന്നാല്‍ സെക്യുലരിസ്റ്റുകള്‍ വിമര്‍ശിച്ചതുപോലെ പടിഞ്ഞാറ് എന്ന ആശയത്തോടായിരുന്നില്ല അര്‍ബകാന്റെ യുദ്ധം. രാഷ്ട്രീയ രംഗത്തെ തുര്‍ക്കിയുടെ അഖണ്ഡതക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. സയണിസ്റ്റു വിരുദ്ധത യൂറോപ്യന്‍ യൂനിയനോടുള്ള അദ്ദേഹത്തിന്റെ വിരോധത്തിന് ആക്കം കൂട്ടി. എന്നാല്‍ പടിഞ്ഞാറിന്റെ ശാസ്ത്രം, സാങ്കേതിക വിദ്യ എന്നുമാത്രമല്ല യൂറോപ്യന്‍ യൂനിയനുമായി സാമ്പത്തിക ബന്ധം പോലും നിലനിര്‍ത്താന്‍ അര്‍ബകാന്‍ ആഗ്രഹിച്ചിരുന്നു. 1997 ഫെബ്രുവരി 28ലെ പട്ടാള അട്ടിമറി ആര്‍.പിയുടെ രാഷ്ട്രീയ നിരീക്ഷണങ്ങളില്‍ മാറ്റം വരുത്തി. പല NOM നേതാക്കളും തുര്‍ക്കിയിലെ മനുഷ്യാവകാശ ലംഘനം, മിലിട്ടറി, എന്‍.എസ്.സി എന്നിവയുടെ അപ്രമാദിത്വം എന്നിവയെ യൂറോപ്യന്‍ യൂണിയന്‍ ചോദ്യം ചെയ്യണമെന്നു ആഗ്രഹിച്ചു. 1997 ഡിസംബറില്‍ ലക്‌സംബര്‍ഗ് കൗണ്‍സിലില്‍ യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിയെ പുറം തള്ളിയപ്പോള്‍, അര്‍ബകാന്‍ തുര്‍ക്കിയിലെ രാഷ്ട്രീയാസ്ഥിരതയെയാണ് വിമര്‍ശിച്ചത്. NOM പാര്‍ട്ടികള്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ ഒരു ഇസ്‌ലാമിക ലോകത്തെ സങ്കല്‍പിച്ചു. തുര്‍ക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, വന്‍ ജനശക്തി, ചരിത്രപാമ്പര്യം എന്നീ കാരണങ്ങളാല്‍ ലോക മുസ്‌ലിം നേതൃത്വത്തിന് തുര്‍ക്കിയാണ് യോജിച്ചതെന്ന് അവര്‍ വാദിച്ചു. ഇസ്‌ലാമിക് യു.എന്‍, ഇസ്‌ലാമിക് യുനസ്‌കോ, ഇസ്‌ലാമിക് നാറ്റോ, ദീനാറിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക് മാര്‍ക്കറ്റ് എന്നിവയെല്ലാം അവര്‍ വിഭാവന ചെയ്തു. തീഷ്ണമായ ഇസ്‌ലാമിക വികാരം രാഷ്ട്രീയ രംഗത്ത് കൂടുതല്‍ ഇടകലര്‍ത്തിയതിനെ തുടര്‍ന്നാണ് അവരില്‍ ഭിന്നിപ്പുണ്ടാക്കുന്ന മിതവാദ വീക്ഷണം പുലര്‍ത്തിയിരുന്ന ഉര്‍ദുഗാന്‍, അബ്ദുല്ലാഗുല്‍ എന്നിവരടങ്ങിയ യുവനേതാക്കന്മാര്‍ പാര്‍ട്ടിവിട്ടുപോവുകയും എ.കെ.പിയുടെ രൂപീകരണത്തിന് വഴിതെളിയുകയും ചെയ്തു.
രാഷ്ട്രത്തിന്റെ അഖണ്ഡത, വികസനം, സ്വാതന്ത്ര്യം എന്നിവക്ക് കൂടുതല്‍ മുന്‍ഗണന കൊടുത്തതിനാലാണ് തുര്‍ക്കിയിലെ പകുതിയലേറെ വരുന്ന ജനത എ.കെ.പിയില്‍ ഇന്നും വിശ്വാസമര്‍പ്പിക്കുന്നത്. പ്രവര്‍ത്തന മണ്ഡലത്തിലെ സൂക്ഷ്മവും കൃത്യവുമായ നയതന്ത്രമാണ് എ.കെ.പിയുടെ കൈമുതല്‍. ഇസ്‌ലാമിക പദസഞ്ചയങ്ങളിലെ വാചക കസര്‍ത്തുകളില്‍നിന്നു എ.കെ.പി എപ്പോഴും അകലം പാലിക്കുന്നു. ജീവിക്കുന്ന ഭൂമികയുടെ നാഡിമിടിപ്പ് അനുസരിച്ച് കരുനീക്കം നടത്തുന്നതില്‍ എ.കെ.പി വിജയിച്ചിട്ടുണ്ട്. ജനഹിതത്തിനു കൂടുതല്‍ അസവരം നല്‍കുകയും സാമൂഹിക നന്മ പ്രവര്‍ത്തന രീതിയുടെ അടിസ്ഥാനമായി സ്വീകരിക്കുകയും ചെയ്തു എന്നതാണ് എ.കെ.പി തുര്‍ക്കിയില്‍ കൈവരിച്ച സ്വാധീനത്തിന്റെ കാരണം.