നൂര്‍സിയുടെ അന്നൂര്‍ പ്രസ്ഥാനം: പില്‍ക്കാല പരിണതികള്‍
മുസ്ത്വഫ ത്വഹാന്‍
നൂര്‍സിയുടെ ജീവിതവും അദ്ദേഹത്തിന്റെ 'റസാഇലുന്നൂര്‍' പരമ്പരയും അതേ പേരിലുള്ള പ്രസ്ഥാനവും അവലോകനം ചെയ്യുമ്പോള്‍ താഴെ പറയുന്ന വസ്തുതകള്‍ കണ്ടെത്താനാകും.
1. സഈദ് നൂര്‍സി 1907-ല്‍ സ്ഥാപിച്ച മുഹമ്മദന്‍ യൂനിയന്‍(ഇത്തിഹാദെ മുഹമ്മദി ജംഇയ്യത്ത്) സംഭവങ്ങള്‍ ഇസ്‌ലാമില്‍നിന്ന് തെന്നിമാറിപ്പോകുന്നത് തടയുന്നതില്‍ പ്രസക്തമായ സ്വാധീനമൊന്നും ചെലുത്താന്‍ സാധിക്കുകയുണ്ടായില്ല.1
കമ്മിറ്റി ഓഫ് യൂനിയന്‍ ആന്റ് പ്രോഗ്രസി (അന്‍ജുമന്‍ ഇത്തിഹാദ് വതറഖി)ന്റെ മുദ്രാവാക്യങ്ങള്‍ -സ്വാതന്ത്ര്യം, ഐക്യം, പുരോഗതി- തന്നെയായിരുന്നു അവരും മുഴക്കിയിരുന്നത്. പ്രത്യക്ഷമായും പരോക്ഷമായും മസോണിക് ചായ്‌വ് പുലര്‍ത്തുന്നതായിരുന്നു പ്രസ്തുത മുദ്രാവാക്യങ്ങള്‍. ഒരു പ്രതികരണത്തിലപ്പുറം ഒന്നുമായിരുന്നില്ല മുഹമ്മദന്‍ യൂനിയന്‍. അപാരമായ ജ്ഞാനവും വമ്പിച്ച ഊര്‍ജവും ജനങ്ങള്‍ക്കിടയില്‍ ഉന്നതസ്ഥാനവുമുണ്ടായിരുന്ന സഈദ് നൂര്‍സിക്ക് ഇസ്‌ലാമിക ഖിലാഫത്തും നിലവിലുള്ള മുസ്‌ലിം സമൂഹത്തിന്റെ പരിഷ്‌കരണവും ലക്ഷ്യം വെക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമായി അതിനെ വിളംബരം ചെയ്യാന്‍ സാധിക്കുമായിരുന്നു.
ഇക്കാലത്ത് മറ്റുള്ളവരെ പോലെതന്നെ മുസ്‌ലിംകളുടെ ഖലീഫയോടും ഓട്ടോമന്‍ ഭരണകൂടത്തിന്റെ നയങ്ങളോടും നൂര്‍സിക്ക് രോഷമുണ്ടായിട്ടുണ്ടാവാം. എന്നാല്‍ വൈദേശികമായ മുദ്രാവാക്യങ്ങളിലൂടെ, അവ എത്രമാത്രം വിശിഷ്ടമാണെങ്കിലും ഇസ്‌ലാമിക രാഷ്ട്രത്തെ തള്ളിയിടുന്നതിന്റെ ഗൗരവം അദ്ദേഹം ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. 1909 മാര്‍ച്ച് 31ലെ സംഭവവികാസങ്ങളെ2 തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട നൂര്‍സി കോടതിയെ അഭിമുഖീകരിച്ചപ്പോള്‍ ഈ നിലപാടില്‍ കഠിനമായി ദുഃഖിച്ചതായി നമുക്ക് കാണാം. 'ഏകാധിപത്യകാലത്ത് ഭരണകൂടം ബുദ്ധിയോടായിരുന്നു എതിരിട്ടിരുന്നത്. ഇപ്പോള്‍ ജീവിതത്തെ തന്നെ കടന്നാക്രമിക്കുകയായിരുന്നു.' കോടതിയില്‍ അദ്ദേഹം പറഞ്ഞു.
2. കമാല്‍ പാഷ വിപ്ലവനീക്കത്തിനിടയില്‍ ഇസ്തംബൂളിലെ കേന്ദ്ര ഭരണകൂടത്തില്‍നിന്ന് അനാത്തോലിയയെ വേര്‍പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ആദരവ് ഏറ്റുവാങ്ങാന്‍ ബദീഉസ്സമാന്‍ സഈദ് നൂര്‍സി അങ്കാറയിലെത്തി. രാജ്യത്തെ വിഘടിപ്പിക്കുകയും കേന്ദ്ര ഭരണകൂടത്തിന്നെതിരെ പോരിന്നിറങ്ങുകയും ചെയ്ത ഒരു നേതാവിന്റെ, സദാചാരഭ്രംശത്തില്‍ കുപ്രസിദ്ധനായ ഒരാളുടെ സംശയാസ്പദമായ ക്ഷണം നൂര്‍സിയെപ്പോലുള്ള ഒരു വിശിഷ്ട വ്യക്തി സ്വീകരിക്കുക എന്നത് തീര്‍ത്തും വിചിത്രമായ ഒരു സംഗതി തന്നെയായിരുന്നു. കമാല്‍ പാഷക്ക് തന്റെ കേന്ദ്രസ്ഥാനം ഭദ്രമാക്കാന്‍ ബദീഉസ്സമാനെപ്പോലുള്ളവര്‍ അത്യാവശ്യം തന്നെ. എന്നാല്‍ ഇത്തരമൊരു സന്ദര്‍ഭത്തില്‍ ബദീഉസ്സമാന് കമാല്‍പാഷയെപോലുള്ളവരുടെ ആവശ്യം എന്തായിരുന്നു? വിശിഷ്യാ അങ്കാറയിലെത്തിയത് മുതല്‍ക്കേ കമാല്‍പാഷയുടെ ശരീഅത്ത് വിരോധം പ്രകടമായി തുടങ്ങിയിരുന്നു. ആദരിക്കല്‍ ചടങ്ങ് ബഹിഷ്‌കരിച്ച നൂര്‍സി വന്നിടത്തേക്ക് തന്നെ മടങ്ങുകയും ചെയ്തു.
നൂര്‍സിയെ കമാല്‍പാഷ വഞ്ചിക്കുകയായിരുന്നുവെന്നും യാഥാര്‍ഥ്യം വെളിവായതോടെ നൂര്‍സി അയാളില്‍നിന് അകന്ന് മാറുകയാണുണ്ടായതെന്നും തന്നെ സങ്കല്‍പിക്കുക. എങ്കിലും വീണ്ടും ക്ഷണമുണ്ടായപ്പോള്‍ എങ്ങനെ നൂര്‍സി പിന്നെയും അത് സ്വീകരിച്ചു? 'അങ്ങയെപ്പോലുള്ള കഴിവുറ്റ പ്രതിഭകള്‍ ഞങ്ങള്‍ക്കത്യാവശ്യമാണെന്നും അങ്ങയുടെ അഭിപ്രായങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ക്ഷണിക്കുന്നതെന്നും' പാഷ പറഞ്ഞപ്പോള്‍ നൂര്‍സി അത് മുഖവിലക്കെടുത്തു. പാഷ അദ്ദേഹത്തെ കിഴക്കന്‍ അനാത്തോലിയയില്‍ മതോപദേശികളുടെ തലവനായി നിയമിച്ചു. ജാമിഅ അല്‍-ഹിക്മയുടെ പ്രസീഡിയം അംഗമാക്കി. താമസിക്കാന്‍ കൂറ്റന്‍ വില്ല നല്‍കി തന്റെ അടുപ്പക്കാരില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കമാലിസ്റ്റ് ഭരണകൂടത്തിന്റെ ഇരുട്ടില്‍ വെളിച്ചം പ്രസരിപ്പിക്കാമെന്നും ഭരണകൂടത്തെ ഇസ്‌ലാമിക സേവനത്തിലേക്ക് തിരിച്ചു വിടാമെന്നുമുള്ള പ്രതീക്ഷയിലാണ് തങ്ങളുടെ ഉസ്താദ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് നൂര്‍സി ശിഷ്യന്മാരുടെ വ്യാഖ്യാനം. എങ്കില്‍ എന്തുകൊണ്ട് ഈ പ്രതീക്ഷ ഇസ്തംബൂളിലെ മുസ്‌ലിംകളുടെ ഖലീഫയില്‍ നൂര്‍സിക്കുണ്ടായില്ല എന്ന വിചിത്രമായ സംഗതി അപ്പോഴും ഒരു ചോദ്യമായി അവശേഷിക്കുന്നു.
3. ശൈഖ് സഈദ് കുര്‍ദിയുടെ വിപ്ലവത്തോട് നൂര്‍സി സ്വീകരിച്ച നിലപാടാണ് മറ്റൊന്ന്. കമാല്‍ പാഷയുടെ വിമത നീക്കത്തെയും വിഘടന പ്രവര്‍ത്തനത്തെയും എതിര്‍ത്ത് കൊണ്ട് ശൈഖ് കുര്‍ദി ഖലീഫയോടൊപ്പം നിലയുറപ്പിച്ചപ്പോള്‍ സഈദ് നൂര്‍സി അത് തിരസ്‌കരിക്കുകയാണുണ്ടായത്. ഒരു മുസ്‌ലിം എങ്ങനെ മുസ്‌ലിമിനോട് യുദ്ധം ചെയ്യുമെന്നും കമാല്‍ പാഷയുടേത് മുസ്‌ലിം സേനയാണെന്നുമുള്ള നിലപാടായിരുന്നു നൂര്‍സിയുടേത്.
4. 1921 മുതല്‍ ആരംഭിക്കുന്ന ജീവിതത്തിന്റെ രണ്ടാം ഘട്ടത്തില്‍ 'പിശാചില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും ഞാന്‍ ദൈവത്തില്‍ ശരണം തേടുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ നൂര്‍സി തീരുമാനിച്ചത് അക്കാലത്തെ രാഷ്ട്രീയ നിലപാടുകളുടെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതില്‍ അദ്ദേഹത്തിന് സംഭവിച്ച പരാജയത്തിന്റെ ഫലമാണെന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ എല്ലാ രാഷ്ട്രീയ നിലപാടുകളും, ഖേദകരമെന്ന് പറയട്ടെ, തെറ്റായ ദിശയിലേക്കായിരുന്നു. അതൊക്കെയും പ്രതികരണ സ്വഭാവത്തോടു കൂടിയതായിരുന്നു. നിലപാടുകളുടെ കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താനാകില്ല. ചിലപ്പോള്‍ അത് ശരിയാകും ചിലപ്പോള്‍ തെറ്റും. ആര്‍ക്കും ഇഷ്ടപ്പടി ദിശകള്‍ നിര്‍ണയിക്കാം. എന്നാല്‍, നേതാവിന്റെ കാര്യം അങ്ങനെയല്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വിശ്വസിക്കുന്ന തത്വങ്ങളോട് മൊത്തമായും വിശദാംശത്തിലും പ്രതിജ്ഞാബദ്ധനായിരിക്കണം നേതാവ്. ഇസ്‌ലാമിക രാഷ്ട്രീയം അതില്‍ പെട്ടതാണ്. ജമാല്‍ അബ്ദുന്നാസിര്‍ ഇഖ്‌വാനെ ആഭ്യന്തരമായി തകര്‍ക്കാന്‍ തുനിഞ്ഞപ്പോള്‍ സര്‍ക്കാരിനെ പിന്തുണക്കുകയാണെങ്കില്‍ എല്ലാ ഇഖ്‌വാന്‍കാരെയും ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ താന്‍ തായാറാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. വിഷയം ഇഖ്‌വാന്‍ തലവന്‍ ഹസനുല്‍ ഹുദൈബിയുടെ മുന്നില്‍ വന്നപ്പോള്‍ മറ്റുള്ളവര്‍ക്ക് അനുവദനീയമായ ഇളവ് നേതാവിന് അനുവദനീയമാകില്ലെന്നും നേതാവ് ഇല്ലാതായാല്‍ പിന്നെ പ്രസ്ഥാനം അവശേഷിക്കുകയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സഈദ് നൂര്‍സി അവസാനം ഉയര്‍ത്തിയ പുതിയ മുദ്രാവാക്യം പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ അനുയായികളില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. അതുകൊണ്ടാണ് രാഷ്ട്രീയം എന്ന വാക്ക് തന്നെ അവരില്‍ പലര്‍ക്കും അലര്‍ജിയായത്. അങ്ങനെ രാഷ്ട്രീയക്കാരുടെ ചതിക്കുഴികളില്‍ വീഴുമാര്‍ രാഷ്ട്രീയ ബോധം അവരില്‍ വളരെ ദുര്‍ബലമായി മാറി.
ഒരു നൂരി ബുദ്ധിജീവിയുമായി(യൂനിവേഴ്‌സിറ്റി പ്രൊഫസറായിരുന്നു അദ്ദേഹം) നടന്ന സംഭാഷണം ഒരിക്കലും എനിക്ക് മറക്കാനാവില്ല. എന്തുകൊണ്ടാണ് ഇസ്‌ലാമിക പാര്‍ട്ടിയായ മില്ലി സലാമത്തിനെ3 തഴഞ്ഞ് സെക്യുലറായ ജസ്റ്റിസ് പാര്‍ട്ടിക്ക് നിങ്ങള്‍ വോട്ടു ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: അര്‍ബകാന്‍ വിശുദ്ധ വ്യക്തിത്വമാണ്. അങ്ങനെയുള്ളവര്‍ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കണം. മുസ്‌ലിം പ്രബോധകര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അഭികാമ്യമല്ല. അത് പിശാചിന്റെ മലിന വൃത്തിയാണ്. 'പിശാചില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും ദൈവത്തില്‍ ഞാന്‍ ശരണം തേടുന്നുവെന്ന' നൂര്‍സിയുടെ പ്രഖ്യാപനമാണ് ഈ വിചിത്രമായ മറുപടിയുടെ പ്രഭവകേന്ദ്രം.
1946-ല്‍ അദ്‌നാന്‍ മെന്ദരീസ് സ്ഥാപിച്ച ഡിമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണക്കാന്‍ ശിഷ്യന്മാരോട് ആവശ്യപ്പെട്ടത് നൂര്‍സി തന്റെ ഈ അബദ്ധം മനസ്സിലാക്കിയതിന്റെ ഫലമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 'രണ്ടു തിന്മകളില്‍ കൂടുതല്‍ ഗൗരവം കുറഞ്ഞതായതിനാല്‍ ഡിമോക്രാറ്റിക് പാര്‍ട്ടിയെ ഞങ്ങള്‍ പിന്തുണക്കുന്നു'വെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇസ്മത് ഇനോനുവിന്റെ റിപ്പബ്ലിക് പാര്‍ട്ടിയായിരുന്നു മറ്റേ പാര്‍ട്ടി. ഇസ്‌ലാമിന്റെ ബദ്ധവിരോധിയായിരുന്നു ഇനോനു.
5. താന്‍ ജീവിച്ച കഠിനകാലത്തിന്റെ ഫലമായി, അറിയപ്പെടുന്ന അര്‍ഥത്തിലുള്ള ഒരു ഇസ്‌ലാമിക പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നൂര്‍സിക്ക് സാധിച്ചിരുന്നില്ല. മഹാനായ ഈ മുജാഹിദിന്റെ ജീവിതം വിശിഷ്ടമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ഖുര്‍ആനുമായുള്ള നിരന്തര സമ്പര്‍ക്കത്തിന്റെ ഫലമായുണ്ടായ അദ്ദേഹത്തിന്റെ അമൂല്യ പഠനങ്ങളും തുര്‍ക്കിയുടെ നാനാഭാഗങ്ങളിലുമെത്തിച്ചേര്‍ന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളും എടുത്ത് പറയേണ്ടതാണ്. ഇതൊക്കെയായിട്ടും തന്റെ ശിഷ്യന്മാരെ ഭരണസാരഥ്യത്തിലെത്തിക്കാന്‍ പടിപടിയായ ഒരു കര്‍മപദ്ധതി അദ്ദേഹം ആവിഷ്‌കരിക്കുകയുണ്ടായില്ല.
നൂര്‍സിയുടെ ജീവിതകാലത്ത് ജയിലില്‍നിന്ന് അദ്ദേഹം എഴുതുന്ന ലഘുലേഖകള്‍ കട്ടുകടത്തി പകര്‍ത്തി വിതരണം ചെയ്യുന്നതില്‍ പരിമിതമായിരുന്നു ശിഷ്യന്മാരുടെ പ്രവര്‍ത്തനം. അദ്ദേഹം നിര്യാതനായതോടെ ശൂന്യതയിലായി അവര്‍. ശിഥിലമായ അവര്‍ നൂര്‍സിയോട് അടുപ്പമുണ്ടായിരുന്ന പല ശൈഖ്മാരുടെ കീഴില്‍ വ്യത്യസ്ത സംഘങ്ങളായി പിരിഞ്ഞു. സെക്യുലരിസ്റ്റുകള്‍ക്ക് ഏറ്റവും വഷളായ രൂപത്തില്‍ ചൂഷണം ചെയ്യാന്‍ സാധിക്കുമാര്‍ വ്യത്യസ്ത രാഷ്ട്രീയച്ചായ്‌വുകളുള്ള ഭിന്ന ഗ്രൂപ്പുകളായിത്തീര്‍ന്നു അവര്‍.4
തന്റെ പ്രസ്ഥാനത്തിന് ഭദ്രമായ ഒരു സംഘടിത രൂപമുണ്ടാക്കാന്‍ ശൈഖ് നൂര്‍സിക്ക് സാധിക്കുകയുണ്ടായില്ല. അദ്ദേഹത്തിന് ശേഷം, സാഹചര്യങ്ങള്‍ മാറിയിട്ടും അനുയായികളും ഈ ദിശയില്‍ ഒന്നും ചെയ്യുകയുണ്ടായില്ല.
ഈ സംഘാടക ന്യൂനത നൂരി സംഘത്തെ സ്ഥാപക നേതാവിന്റെ ഗ്രഹത്തിന് ചുറ്റും കറങ്ങുന്നവരാക്കി മാറ്റി. കാലം മുന്നോട്ടു പോയശേഷവും അദ്ദേഹത്തിന്റെ അധ്യാപനങ്ങളില്‍ തന്നെ ഉറഞ്ഞുപോയി അവര്‍.
ജീവിതകാലത്ത് തന്നെ നൂര്‍സി ഈ യാഥാര്‍ഥ്യം മുന്‍കൂട്ടി കണ്ടിരുന്നു. ശിഷ്യന്മാരെ അദ്ദേഹം ഉല്‍ബോധിപ്പിക്കുകയുണ്ടായി: ശാശ്വത സത്യം ഒരാളുടെ ചുമലില്‍ തന്നെ സ്ഥിരപ്രതിഷ്ഠിതമായി നില്‍ക്കുകയില്ല. സത്യത്തോട് കാണിക്കുന്ന വലിയൊരു അനീതിയായിരിക്കും അത്. ഖുര്‍ആനിലേക്കും എല്ലാ കാലത്തും മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അതിന്റെ അമാനുഷ വിസ്മയത്തിലേക്കും വഴി കാട്ടുന്ന ഒരാള്‍ മാത്രമാണു ഞാന്‍ എന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഈ ദൗത്യം ഏറ്റെടുക്കേണ്ട ഒരു നേതാവായി എന്നെ വാഴിക്കുന്നത് ഭീമാബദ്ധമാണ്. നശ്വരമായ എന്റെ വ്യക്തിത്വവുമായി 'അന്നൂര്‍ സന്ദേശ'ത്തെ നിങ്ങള്‍ കൂട്ടിക്കെട്ടരുത്. ഏവര്‍ക്കും പ്രാപ്യമായ അതിന്റെ മൗലിക ഉറവിടവുമായിട്ടായിരിക്കണം നിങ്ങള്‍ അതിനെ ബന്ധിപ്പിക്കേണ്ടത്.'5
6. ശിഷ്യന്മാര്‍ക്കുള്ള ഔസ്യത്തില്‍ അദ്ദേഹം എഴുതി: സിറിയയിലെ മഹാപണ്ഡിതന്മാര്‍ക്ക് നിങ്ങളെന്റെ സലാമും അഭിവാദ്യങ്ങളും അറിയിക്കുക. അവരുടെ പ്രസ്ഥാനത്തിന്റെയും പ്രബോധനത്തിന്റെയും ഇവിടത്തെ എളിയൊരു ശാഖയായി 'അന്നൂര്‍ സന്ദേശ'ത്തെ പരിഗണിക്കാന്‍ അവരോട് നിങ്ങള്‍ അഭ്യര്‍ഥിക്കുക. അവരുടെ പിന്തുണയും സഹായവും ശ്രദ്ധയും ഇതിന് ലഭിക്കുമാറാകട്ടെ.'
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആഗോള സ്വഭാവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗാഢബോധമാണ് ഇത് തെളിയിക്കുന്നത്. നൂര്‍സി മനസ്സിലാക്കിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഐക്യം എന്ന ആശയമാണ് അദ്ദേഹത്തിന്റെ മരണാനന്തരം ശിഷ്യന്മാര്‍ക്ക് മനസ്സിലാകാതെ പോയത്. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് മാത്രമല്ല തുര്‍ക്കിയിലെ തങ്ങളുടെ സഹോദര പ്രസ്ഥാനങ്ങളോട് പോലും ഈ മനോഭാവം അവര്‍ക്കുണ്ടായില്ല. ശത്രുക്കളേക്കാളേറെയാണ് സലാമ പാര്‍ട്ടിയുടെ അനുയായികള്‍ക്ക് അവരില്‍നിന്ന് നേരിടേണ്ടി വന്ന ദുരിതങ്ങളും എതിര്‍പ്പുകളും.
7. സഈദ് നൂര്‍സിയുടെ ചിന്തകള്‍ അക്കാലത്തെ വികസിത ചിന്തയായിരുന്നു. ആധുനിക ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളും ഈടുറ്റ ഇസ്‌ലാമിക ചിന്തകള്‍ ആവിഷ്‌കരിക്കുകയുണ്ടായി. ഇസ്‌ലാമിക ചിന്ത എല്ലാ മുസ്‌ലിംകള്‍ക്കും അവകാശപ്പെട്ടതാണ്; എല്ലാ പ്രബോധകര്‍ക്കും പ്രയോജനപ്പെടുത്താനുള്ളതാണ്. എന്നാല്‍ ഇതര ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ചിന്താധാരയെ പ്രതിയോഗിയായി കണ്ട് അതിനോട് അങ്കം വെട്ടാനാണ് നൂരി സഹോദരങ്ങള്‍ ഉദ്യുക്തരായത്. അവരുടെ മാനസിക ജീര്‍ണതയല്ല അതിന്റെ കാരണം; കാലഘട്ടത്തിന്റെ പ്രകൃതവും പ്രസ്ഥാനത്തിന്റെ ആഗോളമാനവും ഗ്രഹിക്കുന്നതിലുള്ള വീഴ്ചയാണ്.
9. അവസാനമായി, അന്നൂര്‍ പ്രസ്ഥാന സഹോദരങ്ങള്‍ സമൂഹത്തില്‍നിന്ന് വിട്ടുനിന്ന് കൊണ്ട് ശിക്ഷണത്തില്‍ സ്വീകരിച്ച രീതിയും തങ്ങളാണു ശരി മറ്റുള്ളവരൊക്കെ അബദ്ധം എന്ന താന്‍പോരിമാ ഭാവവും അവരുടെ പ്രസ്ഥാനത്തിന്റെ ക്രിയാത്മകത ചോര്‍ത്തിക്കളയുകയും അവരെ സ്വാധീന മേഖലകളില്‍നിന്ന് അകറ്റിക്കളയുകയും ചെയ്തു. ഇതര നാടുകളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് അന്നൂര്‍ പ്രസ്ഥാനത്തിലെ യുവാക്കളില്‍ ഭൂരിഭാഗവും അഭ്യസ്തവിദ്യരുമല്ല. എന്നാല്‍ അവരില്‍ വലിയൊരു വിഭാഗം സംശുദ്ധരും ഭക്തവിശ്വാസികളുമാണെന്ന് സമ്മതിക്കേണ്ടതുണ്ട്. ഉല്‍ബുദ്ധമായ നേതൃത്വത്തിന്റെയും അന്യൂനമായ സംഘടിത സ്വഭാവത്തിന്റെയും അഭാവമാണ് അവരുടെ മുഖ്യപ്രശ്‌നം.
സ്വയം വിമര്‍ശമെന്ന നിലയില്‍ മാത്രം ഇവിടെ എടുത്തോതിയ നിഷേധാത്മക വശങ്ങള്‍ എന്തൊക്കെയായാലും തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പയനിയര്‍ എന്ന നിലയില്‍ അന്നൂര്‍ പ്രസ്ഥാനത്തിന്റെ സംഭാവനകള്‍ വിലമതിക്കത്തക്കതാണ്. ഇസ്‌ലാം തന്നെ നിയമദൃഷ്ട്യാ ഏറ്റവും കടുത്ത കുറ്റകൃത്യമായിരുന്ന കാലത്താണ് ഇസ്‌ലാമിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അന്നൂര്‍ സഹോദരങ്ങള്‍ മുന്നോട്ടു വന്നത്. അവരില്‍ പതിനായിരക്കണക്കില്‍ പ്രവര്‍ത്തകര്‍ ദൈവമാര്‍ഗത്തില്‍ ജയില്‍വാസമനുഷ്ഠിക്കുകയുണ്ടായി. പ്രതിബദ്ധരായ ആയിരക്കണക്കിലാളുകള്‍ ഇന്നും അവരുടെ അണികളിലുണ്ട്. എന്നെങ്കിലുമൊരുകാലത്ത് ഇസ്‌ലാം വിരുദ്ധ ഭരണകൂട ഭീകരതക്കെതിരെ ഒറ്റക്കെട്ടായി അവര്‍ മാറുമെന്ന ദൃഢപ്രതീക്ഷയിലാണ് ഞാന്‍. തങ്ങളുടെ അണികളില്‍നിന്ന് വ്യാജവാദികളെ അകറ്റുകയും സലാമ പാര്‍ട്ടിയിലെ സഹോദരങ്ങളുമായി അവര്‍ കൈകോര്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
[തുര്‍ക്കിയിലെ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനം - അല്‍ ഹര്‍കത്തുല്‍ ഇസ്‌ലാമിയ്യ അല്‍ ഹദീസ് (1984) എന്ന കൃതിയില്‍നിന്ന്]
വിവ: വി.എ കബീര്‍
കുറിപ്പുകള്‍
1. ലേഖകന്റെ പരാമര്‍ശം സൂക്ഷ്മമാണെന്ന് തോന്നുന്നില്ല. 1909-ല്‍ ഹാഫിള് ദര്‍വേശ് വഹ്ദതിയാണ് ഇത്തിഹാദ് സ്ഥാപിച്ചത്. 1908-ല്‍ യുവതുര്‍ക്കികളുടെ സമ്മര്‍ദഫലമായി സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് ശരീഅത്ത് അധിഷ്ഠിത ഭരണഘടന റദ്ദാക്കിയതിന്നെതിരെയുള്ള പ്രതികരണമായിരുന്നു അത്. സംഘടനയുടെ സംസ്ഥാപനത്തില്‍ നൂര്‍സിക്കും പങ്കുണ്ടാകാമെന്ന് മാത്രം.
വിവ.
2. കമ്മിറ്റി ഓഫ് യൂനിയന്‍ ആന്റ് പ്രോഗ്രസിനെതിരെ നടന്ന കലാപമാണ് ഉദ്ദേശ്യം.
വിവ.
3. പ്രഫ. അര്‍ബകാന്‍ രൂപീകരിച്ച ആദ്യപാര്‍ട്ടി
വിവ.
4. 'യെനീ ആസിയാ ജീലര്‍' എന്ന പേരിലറിയപ്പെടുന്ന ഗ്രൂപ്പ് ഇതില്‍ പെടുന്നു. അര്‍ബകാനെതിരെ രാഷ്ട്രീയ പാര്‍ട്ടികളെപ്പോലും നാണിപ്പിക്കുംവിധം അപവാദ പ്രചാരണം നടത്തിയ ഇവര്‍ മില്ലി സലാമത്തിന്റെ ബദ്ധശത്രുക്കളായിരുന്നു.
5. റസാഇലുന്നൂര്‍