തുര്‍ക്കി പഴമയിലേക്ക് ഒഴുകുകയാണ്
ആതിഷ് തയ്‌സീര്‍
തുര്‍ക്കി നഗരങ്ങള്‍ ജീന്‍സുകളില്‍ തന്നെയായിരുന്നു. അത്താതുര്‍ക്കിന്റെത് തന്നെയാണ് നഗരങ്ങളെന്ന് അതിന്റെ ചലനങ്ങള്‍ തെളിയിക്കുന്നുണ്ട്. കമാലിസ്റ്റുകളില്‍നിന്ന് ഇസ്‌ലാമിസ്റ്റുകളിലേക്ക് തുര്‍ക്കി മാറുന്നത് ഗ്രാമങ്ങളിലൂടെയാണ്. അവിടെ തൊപ്പിയും പര്‍ദയും നീളന്‍കുപ്പായവും താടിയും ധാരളമുണ്ടായിരുന്നു. ഇസ്‌ലാമിനെ വ്യവസ്ഥയായി മനസ്സിലാക്കുന്നവരും ആചരങ്ങളിലും വേഷവിധാനങ്ങളിലും അതനുസരിച്ച ഒരു മാറ്റം (ഇത് വളരെ പ്രതീക്ഷിതമായതാണ്) അവര്‍ ചിട്ടപ്പെടുത്തുന്നു. തുര്‍ക്കിയിലെ അങ്കാറയും ഇസ്തംബൂളും നിശാക്ലബ്ബുകളുടെയും പാശ്ചാത്യ രീതികളുടെയും യൂറോപ്പിനെ ഓര്‍മിപ്പിക്കുന്നു. ഗ്രാമങ്ങള്‍ സിറിയയിലെയും പാകിസ്താനിലെയും ഗ്രാമങ്ങളെപ്പോലെയാണ്. പാകിസ്താന് തുര്‍ക്കിയുമായി പല സമാനതകളുമുണ്ട്. 1947-ല്‍ പാകിസ്താന്‍ ഒരു ബഹുമുഖ സമുദായത്തില്‍നിന്നും വേര്‍പെട്ടപ്പോള്‍ അതു തുര്‍ക്കിയെ പോലെ ഒരു ശുദ്ധ മുസ്‌ലിം രാജ്യമായിത്തീര്‍ന്നു. നിര്‍ണയിക്കപ്പെട്ട അതിര്‍ത്തിക്കുള്ളിലെ ഒരു മുസ്‌ലിം രാജ്യം. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒരു സെക്യുലര്‍ രാജ്യമെന്ന ഉദ്ദേശ്യത്തില്‍ നിന്നകന്ന് പാകിസ്താന്‍ അതിന്റെ ഇസ്‌ലാമിക പാരമ്പര്യത്തിലേക്കും പഴമയിലേക്കും നീങ്ങുകയും ഉറുദു ഇസ്‌ലാമിക ഭാഷ
യായി അംഗീകരിക്കുകയും ചെയ്തപ്പോള്‍ തുര്‍ക്കി അതിന്റെ പഴമയില്‍നിന്നും അറബിയില്‍നിന്നും വേര്‍പെട്ട് സെക്യുലര്‍ രാജ്യമാവുകയായിരുന്നു. ഒന്നു പഴമയിലേക്ക് മടങ്ങിപ്പോവുകയും അതിന്റേതായ തീവ്രസ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ തുര്‍ക്കി പാരമ്പര്യത്തിലേക്ക് കുടിയേറുമ്പോഴും തീവ്രസ്വഭാവങ്ങളോ രൂപങ്ങളോ സ്വീകരിക്കുന്നില്ല. എന്റെ തുര്‍ക്കിയാത്രയില്‍ ധാരാളം യുവാക്കളുമായി എനിക്ക് സന്ധിക്കാന്‍ സാധിച്ചു. മതാഭിമുഖ്യമുള്ള ചിഹ്നങ്ങളൊന്നും അവരുടെ ശരീരത്തില്‍ കാണാന്‍ സാധിച്ചില്ല. പക്ഷേ, അവരുടെ സംസാരങ്ങളില്‍ ഇസ്‌ലാമിനെക്കുറിച്ചും തുര്‍ക്കിയുടെ പരിഷ്‌കാരങ്ങളെക്കുറിച്ചും ഉള്‍തെളിച്ചമുള്ള കാഴ്ചകളുണ്ടായിരുന്നു. പാകിസ്താന്‍ അവരുടെ പാരമ്പര്യത്തിലേക്കുള്ള മാറ്റത്തില്‍ ഇസ്‌ലാമിക വേഷവിധാനങ്ങളോടും തീവ്രാഭിമുഖ്യം പുലര്‍ത്തിയിരുന്നു.
മധ്യ ഇസ്തംബൂളിലെ ഇസ്തിഖ്‌ലാല്‍ തെരുവും ബുഡാപെസ്റ്റും സോഫിയയും പല വര്‍ഗങ്ങളുടെ മിശ്രിതമായ മനുഷ്യരെയാണ് കാണിച്ചു തരുന്നത്. നീണ്ട മധ്യേഷ്യന്‍ മുഖമുള്ള ഉയരം കൂടിയവര്‍, ലളിതമായ യൂറോപ്യന്‍ കണ്ണുകളുള്ളവര്‍, മെഡിറ്ററേനിയന്‍ ഒലീവു നിറമുള്ളവര്‍, ഇടുങ്ങിയ മധ്യഭാഗമുള്ളവര്‍, അങ്ങനെ കാഴ്ചയില്‍ തന്നെ ഭിന്നതയുള്ളവര്‍. അവരുടെ വേഷങ്ങളും തുര്‍ക്കിത്തൊപ്പിയും, സ്‌കാര്‍ഫും, ജീന്‍സും, ക്രോപ്പ്‌ചെയ്ത മുടിയും ചായം തേച്ച മുഖങ്ങളും കൂടിക്കലര്‍ന്നതായിരുന്നു. നഗരങ്ങളിലെ കാഴ്ചകളിലും ഈ വൈവിധ്യം നിലനിന്നു. യൂറോപ്യന്‍ രീതിയിലുള്ള കമാനങ്ങള്‍, പുതിയ ഫാഷനിലുള്ള സ്റ്റോറുകള്‍, കല്ലില്‍ പണിത ബഹുനില കെട്ടിടങ്ങള്‍ ഇവ ഉടനീളം കണ്ടു. തെരുവുകളുടെ ഒരറ്റത്ത് കിഴക്കന്‍ രീതിയിലുള്ള മാര്‍ക്കറ്റില്‍ മത്സ്യവും പച്ചക്കറികളും വില്‍ക്കുന്നതു കാണാം. ബാറുകള്‍, കഫേകള്‍, പുസ്തകക്കടകള്‍, മസ്ജിദുകള്‍, നൈറ്റ് ക്ലബ്ബുകള്‍, നീരാവിക്കുളി ശാലകള്‍, ആരോഗ്യക്ലബ്ബുകള്‍, പാര്‍ട്ടികളുടെ കാര്യാലയങ്ങള്‍, എംബസികള്‍ എല്ലാമുണ്ട്. തെരുവിന്റെ ഭാഗങ്ങളില്‍നിന്ന് സംഗീതം സദാസമയവും ഒഴുകിക്കൊണ്ടിരുന്നു. ബുഡാപെസ്റ്റില്‍ പുനര്‍നിര്‍മിക്കപ്പെട്ട ഓടുപാകിയതുമായ പള്ളികള്‍ ഉണ്ട്. സോഫിയയില്‍ നൂറോളം പള്ളികള്‍ പുനര്‍നിര്‍മിക്കപ്പെട്ടിരിക്കുന്നു. അത്താതുര്‍ക്ക് എഴുപതോളം പള്ളികള്‍ തകര്‍ത്ത ഈ നഗരത്തില്‍ വീണ്ടും പള്ളികള്‍ വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ ഫാതിഹ് കര്‍സാംബ എന്ന നഗരം അത്താതുര്‍ക്കിന്റെ തീവ്രപരിഷ്‌കാരങ്ങളില്‍ നിന്നു കുതറിമാറിയ പ്രദേശമാണ്. തുര്‍ക്കിയുടെ അകത്തുള്ള മറ്റൊരു രാജ്യംപോലെയാണ് ഫാതിഹ് കര്‍സാംബ. ഇസ്‌ലാമിക നഗരങ്ങളുടെ പ്രൗഢിയും ജീവിത താളങ്ങളും അവിടെയുണ്ട്. ധാരാളം സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചവരും പുരുഷന്മാര്‍ നീളന്‍കുപ്പായമണിഞ്ഞവരുമായിരുന്നു. ഒരു അറബ് നഗരത്തെയാണ് അതോര്‍മിപ്പിച്ചത്. മതപാഠശാലകള്‍ സജീവമായ പ്രദേശമാണ്. അങ്കാറയിലും ഇസ്തംബൂളിലുമുള്ളവര്‍ക്ക് ഇസ്‌ലാമിന്റെ ശരിയായ പാഠങ്ങള്‍ അറിയില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. തുര്‍ക്കിയിലെ ഗ്രാമങ്ങള്‍ പള്ളികളുമായി ബന്ധിപ്പിക്കപ്പെട്ടതാണ്. തുര്‍ക്കിയിലെ ഗ്രാമപ്രദേശങ്ങളിലെ ജീവിതം, പൊതുവ്യവഹാരങ്ങള്‍ എന്നിവയില്‍ മതത്തിന്റെ താളമുണ്ട്. അവരുടെ സംഗീതം, കച്ചവടം, കൃഷി എന്നിവയിലെല്ലാം മതത്തിന്റെ ഒരു നേര് നിലനനിന്നിരുന്നു. ധാരാളം ടര്‍ക്കിഷ് സിനിമകള്‍ ഇത് പ്രമേയമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. പാകിസ്താനിലെ ഗ്രാമങ്ങളിലെ അമിതമായ മതാധികാരം, ഗോത്രാധിപത്യം, ഇറാനിലെ സെന്‍സിറ്റീവായ മുന്‍കൂട്ടി തയാറാക്കപ്പെട്ട ഗ്രാമങ്ങള്‍ എന്നിവയില്‍നിന്ന് വ്യത്യസ്തമായി മതാഭിമുഖ്യം പുലര്‍ത്തുമ്പോഴും ജൈവികമായ ഒരു താളക്രമം തുര്‍ക്കി ഗ്രാമങ്ങള്‍ നിലനിര്‍ത്തുന്നു.
മതേതരത്വം യൂറോപ്പില്‍ പരമാധികാരത്തിനെതിരെയുള്ള ആവിഷ്‌കാരമായിരുന്നു. എന്നാല്‍ തുര്‍ക്കി ഇന്ന് ഭീകരവാദമെന്നു പറയുമ്പോള്‍ എത്രമാത്രം നടുങ്ങുന്നുവോ അതിനേക്കാള്‍ അമ്പരപ്പായിരുന്നു മതേതരത്വം ഈ രാഷ്ട്രത്തിന് സമ്മാനിച്ചത്. തുര്‍ക്കിയുടെ വൈവിധ്യവും പാരമ്പര്യവും മതേതരമെന്ന പേരില്‍ അത്താതുര്‍ക്ക് ക്രൂരമായ ഹിംസക്ക് വിധേയമാക്കി. മതേതരത്വത്തിലൂടെ ആവിഷ്‌കാര ലോകത്തേക്ക് ഉയര്‍ന്ന യൂറോപ്പ് അത്താതുര്‍ക്കിന്റെ സമഗ്രാധിപത്യത്തെ പുകഴ്ത്തുന്ന വൈരുധ്യമായിരുന്നു കഴിഞ്ഞ കാലയളവില്‍ ഉണ്ടായിരുന്നത്. പള്ളികളില്‍നിന്ന് ബാങ്കൊലികളും നൈറ്റ് ക്ലബ്ബുകളില്‍നിന്ന് പാശ്ചാത്യ സംഗീതവും ഒരുപോലെ ഇസ്തംബൂളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നു. മതാഭിമുഖ്യമുള്ള ഭരണകൂടത്തിന് അത്താതുര്‍ക്കിന്റെ പകുതി പരിശ്രമങ്ങള്‍പോലും നടത്താതെ തുര്‍ക്കിയെ ഫാതിഹിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ സാധിക്കുന്നു. ജനങ്ങള്‍ മതത്തെ ഒരു വിഘാതമല്ല തുറന്ന സാധ്യതയായി വിലയിരുത്തുന്നു. ജീന്‍സ് ധരിച്ചവരും മുടി ക്രോപ് ചെയ്തവരുമായ യുവാക്കള്‍പോലും മതവിജ്ഞാനത്തില്‍ എന്നെ അത്ഭുതപ്പെടുത്തി. പാശ്ചാത്യരുടെ പ്രത്യയശാസ്ത്രങ്ങളെങ്ങനെയാണ് ഉപസംസ്‌കാരങ്ങളെ തുര്‍ക്കിയില്‍ ഇല്ലായ്മചെയ്തതെന്നും ഇസ്‌ലാം അവയെ ജൈവികമായി നിലനിര്‍ത്തിയതെന്നും ആധികാരികമായി അവര്‍ സമര്‍ഥിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തീവ്രമതാഭിമുഖ്യമുള്ള സൗദി യുവാക്കള്‍ക്ക് മതത്തിന്റെ ആഴത്തിലുള്ള മാനങ്ങളെക്കുറിച്ച് ഒന്നുമറിയില്ല. ആധുനികതയുടെ ചിഹ്നങ്ങളും മതത്തിന്റെ സ്വഭാവവുമുള്ള തുര്‍ക്കിയിലെ പുതിയ തലമുറ ലോകരാജ്യങ്ങളോട് ഫലസ്ത്വീനിനെക്കുറിച്ചും സംസാരിക്കുന്നു. സൗമ്യമായ ഒരു പെരുമാറ്റമാണ് ലോകരാജ്യങ്ങളോട് തുര്‍ക്കി സ്വീകരിക്കുന്നത്.
തുര്‍ക്കിയിലെ ഇടത്തരം സമൂഹങ്ങളും അവരുടെ നഗരങ്ങളും വേരുകളില്‍, കച്ചവടസ്ഥാപനങ്ങളുടെ തലക്കെട്ടുകളില്‍ അറബിപ്പേരുകള്‍ ഉപയോഗിച്ചുവരുന്നു. പുസ്തകക്കടകള്‍, ഹോട്ടലുകള്‍, വാഹനങ്ങള്‍ എന്നിവക്ക് ദഅ്‌വ, സ്വലാത്, റഹ്മത് തുടങ്ങിയ പേരുകളും ഖുര്‍ആന്‍ വചനങ്ങളും പതിച്ചിരിക്കുന്നു. മിക്ക ഗ്രാമ മദ്‌റസകളിലും സ്‌കൂളുകളിലും പര്‍ദ ധരിച്ച സ്ത്രീകള്‍ അധ്യാപനം നടത്തുന്നു. കുട്ടികള്‍ അവരുടെ യൂനിഫോമുകളില്‍ തൊപ്പിയോ ശിരോവസ്ത്രമോ കൂടുതലായി തെരഞ്ഞെടുക്കുന്നു. അത്താതുര്‍ക്കിനെ സ്‌കൂളുകളില്‍നിന്ന് പുറത്താക്കുകയും മുഹമ്മദ് ഫാതിഹിനെ സ്ഥാപിക്കുകയും ചെയ്യുന്ന ഒരു പ്രതീകാത്മകത ഇതില്‍ അനുഭവിക്കുന്നു. പാകിസ്താനിലെയോ സിറിയയിലോ ഗ്രാമങ്ങളിലും നഗരങ്ങളിലും മാറ്റത്തിന്റെ ഈ അനുഭവങ്ങള്‍ വളരെ പരിമിതമാണ്. നിയമത്തിന്റെ ഫില്‍റ്ററിംഗിലൂടെയല്ല വിവേചിച്ചെടുക്കാന്‍ കഴിയുന്ന ഒരു അവസ്ഥയിലൂടെ ക്രമാനുഗതമായ ഒരു മാറ്റമാണ് മാര്‍ക്കറ്റിലും തെരുവിലും വാഹനങ്ങളിലുമെല്ലാം തുര്‍ക്കി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത്താതുര്‍ക്കിലേക്ക് തിരിച്ചു നടക്കാന്‍ സാധിക്കാത്തവിധം മുഹമ്മദ് ഫാതിഹിലേക്ക് തുര്‍ക്കി ഒരുപാട് ഒഴുകികഴിഞ്ഞു. ഉറുദുഗാന്റെ സമര്‍ഥമായ നയനിലപാടുകള്‍ കൂടി ഇതിന് ഒരു പരിധിവരെ വേഗം കൂട്ടിയിട്ടുണ്ട്.
വിവ: ശിഹാബ് പൂക്കോട്ടൂര്‍
(ബ്രിട്ടീഷ് എഴുത്തുകരന്‍, ഇന്ത്യയില്‍ കുറച്ചുകാലം ജീവിച്ചു. 1980-ല്‍ ജനിച്ചു. ടൈം മാഗസിനില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. Stranger to History: A Son's journey Through Islamic Lands, The Temple Goers എന്നിവ പ്രധാന കൃതികള്‍) 2010 ല്‍ തുര്‍ക്കി സന്ദര്‍ശിച്ച് എഴുതിയ ഡയറിക്കുറിപ്പില്‍നിന്നെടുത്ത ഭാഗമാണിത്.