ജനകീയ സമരങ്ങളും വനിതാപങ്കാളിത്തവും
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇതഃപര്യന്തം കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ഉണര്‍വിന്റെയും പ്രതിരോധത്തിന്റെയും തളരാത്ത സമരപ്രക്ഷോഭങ്ങളുടെയും നടുക്കടലിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. ഭരണപരാജയം മറച്ചുവെക്കാനും ജനങ്ങളെ വിഭജിച്ചു ഭരിക്കാനും മോദി ഭരണകൂടം നടത്തിയ നീക്കങ്ങളാണ് ഇക്കണ്ട പ്രക്ഷോഭങ്ങള്‍ക്കൊക്കെയും കാരണം. രാജ്യത്തെ മതനിരപേക്ഷ കക്ഷികളൊന്നടങ്കം കേന്ദ്ര ഗവണ്‍മെന്റിന്റെ പൗരത്വ ഭേദഗതിനിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയുടെ പേരിലുള്ള കുതന്ത്രങ്ങളെ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു.
പ്രക്ഷോഭമേഖലകളില്‍ സാമാന്യേന പ്രത്യക്ഷമാകാത്ത പല ധാരകളും ഈ സമര പരമ്പരകളില്‍ ശക്തമായും ഫലപ്രദമായും ഇടപെട്ടു എന്നത് ഇപ്പോഴത്തെ സമരത്തിന് തിളക്കം വര്‍ധിപ്പിക്കുന്നു. പൊതുവെ യാഥാസ്ഥികമെന്ന് കരുതപ്പെടുന്ന ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ധിത പങ്കാളിത്തമുണ്ടായി എന്നതോടൊപ്പം പലേടങ്ങളിലും ചോദ്യം ചെയ്യപ്പെടാനാവാത്തവിധം വനിതകള്‍ സമരനേതൃത്വത്തില്‍ അവരോധിതരായി എന്നത് സവിശേഷം എടുത്തുപറയണം.
സ്ത്രീകളുടെ അവകാശങ്ങള്‍ എത്രവരെയാണെന്ന് സമൂഹവും കോടതിയും സര്‍ക്കാറുകളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍, സ്ത്രീകള്‍ തങ്ങളെ സ്വയം സ്ഥാനത്ത് നിര്‍ത്തിയത് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് നാട്ടില്‍ നടക്കുന്ന ചര്‍ച്ചകളെ അപ്രസക്തമാക്കിയാണ്. പല പാരമ്പര്യ ധാരണകളെയും സ്ത്രീകളെ വീടുകളില്‍ കുടിയിരുത്തുന്ന മനോഭാവങ്ങളെയും അഗണ്യമാക്കി തങ്ങളുടേതായ ചരിത്രം ഇതിനകം തന്നെ മുസ്‌ലിം സ്ത്രീകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതര മതസ്ഥരും മതേതരരുമായ ജനവിഭാഗങ്ങള്‍ക്കൊപ്പം സഹകരിച്ചുള്ള മുസ്‌ലിം വനിതകളുടെ സമരപരമ്പരകള്‍ നമുക്ക് നല്‍കുന്ന പാഠങ്ങള്‍ ബഹുമുഖ മാനങ്ങളുള്ളവയാണ്. ഇപ്പോഴത്തെ സമരങ്ങള്‍ വിജയിച്ചാലും ഇല്ലെങ്കിലും അതിലൂടെ സാധ്യമായ സര്‍ഗാത്മകത അഭിനവ ഭാരതത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമായി എഴുതപ്പെടുകതന്നെ ചെയ്യും.
സമരവേദിയിലെ വനിതാ സാന്നിധ്യം ഇസ്‌ലാമികമായി പരിശോധിക്കുമ്പോള്‍, വിശ്വാസികളായ പുരുഷന്മാരും വിശ്വാസിനികളായ സ്ത്രീകളും പരസ്പരം സഹകരിച്ചാണ് നന്മയുടെ സംസ്ഥാപനത്തിനും തിന്മയുടെ വിപാടനത്തിനുമായി രംഗത്തിറങ്ങേണ്ടതെന്ന് ഖുര്‍ആനികമായി നമുക്ക് മനസ്സിലാക്കാന്‍ കഴിയും. സത്യനിഷേധികളെയും കപടവിശ്വാസികളെയും മുന്‍നിര്‍ത്തി സത്യവിശ്വാസികള്‍ക്ക് നല്‍കുന്ന നിര്‍ദേശം ഇതിന് അടിവരയിടുന്നുണ്ട്:
''കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാവരും ഒരേ തരക്കാരാകുന്നു- അവര്‍ ദുരാചാരം കല്‍പിക്കുകയും, സദാചാരത്തില്‍നിന്ന് വിലക്കുകയും, തങ്ങളുടെ കൈകള്‍ -ദാനം ചെയ്യാതെ- പിന്‍വലിക്കുകയും ചെയ്യുന്നു'' (തൗബ: 67).
''സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും നമസ്‌കാരം മുറപോലെ അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു'' (തൗബ 71).
''സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു. നിങ്ങളും ഈവിധം (സഹകരിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍) നാട്ടില്‍ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്'' (അന്‍ഫാല്‍: 73).
പുരുഷ-സ്ത്രീ വ്യത്യാസമില്ലാതെ എല്ലാവരും പൊതു പ്രവര്‍ത്തന രംഗത്ത് സഹകരിച്ചുതന്നെ പ്രവര്‍ത്തിക്കണമെന്നാണ് മേല്‍ മൂന്ന് സൂക്തങ്ങളുടെയും നേരാശയം- നബിയുടെ സ്വഹാബത്തിന്റെയും ഉത്തമ നൂറ്റാണ്ടുകളിലെയും ഇസ്‌ലാമിക ചരിത്രം ഈ വസ്തുതക്ക് അടിവരയിടുന്നുണ്ട്.
മാതാവ്, കുടുംബിനി മുതലായ സ്വത്വങ്ങള്‍ക്കൊപ്പം പ്രബോധക, ഇസ്‌ലാമിക പ്രവര്‍ത്തക, സമരപോരാളി, വൈജ്ഞാനിക പൈതൃകം ഭാവി തലമുറകള്‍ക്ക് കൈമാറിയവള്‍ എന്നീ നിലകളിലും വനിതകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ തങ്ങളുടേതായ മുദ്രകള്‍ ചാര്‍ത്തിയിട്ടുണ്ട്.
നബിയുടെ അറുപത്തിമൂന്ന് വര്‍ഷക്കാലത്തെ ജീവിതം, വിശിഷ്യാ പ്രവാചകത്വാനന്തര ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ചരിത്രം നമുക്ക് ലഭ്യമായത് പുരുഷന്മാരില്‍നിന്നു മാത്രമല്ല, വനിതാ സ്വഹാബികളില്‍നിന്നു കൂടിയാണ്. അതില്‍ ഭൂരിഭാഗവും നബിയുമായും അക്കാലത്തെ വിശാലമായ തരാതരം ജീവിതാവസ്ഥകളുമായും ക്രിയാത്മകമായി ഇടപഴകി വനിതകള്‍ തന്നെ സ്വന്തമായി കൈമാറിയവയാണ്. അല്ലാതെ, തങ്ങളുടെ പിതാക്കളില്‍നിന്നോ ഭര്‍ത്താക്കന്മാരില്‍നിന്നോ മറ്റോ കേട്ടു മനസ്സിലാക്കി ഉദ്ധരിച്ചവയല്ല. ഏതു വേദിയിലും സക്രിയമായി ഇടപഴകാന്‍ അവര്‍ക്കവസരമുണ്ടായിരുന്നു, അതവര്‍ ഉപയോഗപ്പെടുത്തിയിരുന്നു എന്നു സാരം.
നാം പൊതുവെ ശീലിച്ചുപോന്നതനുസരിച്ച് വനിതകളുടെ രംഗങ്ങള്‍ വളരെ പരിമിതമാണ്. പാചകം, ലൈംഗിക പങ്കാളിത്തം, പ്രസവം, ഗൃഹപരിപാലനം മുതലായവയാണ് ഒരു ശരാശരി വനിതയുടെ കര്‍മമേഖല. ഇതിനപ്പുറമുള്ള തുറസ്സുകളൊക്കെ ഇപ്പോഴും നമ്മുടെ സമുദായത്തിലെ ഭൂരിപക്ഷ വനിതകള്‍ക്കും പുരുഷന്മാരാല്‍, വിശിഷ്യാ പുരോഹിതന്മാരാല്‍ വിലക്കപ്പെട്ടു തന്നെയാണിരിക്കുന്നത്. വനിതകളെ അവരുടെ സാകല്യത്തില്‍ കാണാന്‍ എന്തുകൊണ്ടോ ഇപ്പോഴും സമുദായത്തിലെ പലര്‍ക്കും കഴിയുന്നില്ല. ഒരിക്കല്‍ പ്രിയപത്‌നി ഖദീജ(റ)യെ കുറിച്ച് നബി(സ) നടത്തിയ അനുസ്മരണം, അവരുടെ ഭാര്യ, മാതാവ് എന്നീ മാനങ്ങള്‍ക്കപ്പുറമുള്ള തലങ്ങളെ അനാവരണം ചെയ്യുന്ന രീതിയിലായിരുന്നു.
'അവരേക്കാള്‍ നല്ലൊരു പകരം അല്ലാഹു എനിക്ക് നല്‍കിയിട്ടില്ല. ജനങ്ങള്‍ എന്നെ നിഷേധിച്ചപ്പോള്‍ അവര്‍ എന്നെ വിശ്വസിച്ചു, ജനങ്ങള്‍ എന്നെ കളവാക്കിയപ്പോള്‍ അവര്‍ എന്നെ സത്യപ്പെടുത്തി, ജനങ്ങള്‍ എനിക്ക് സമ്പത്ത് നിഷേധിച്ചപ്പോള്‍ അവര്‍ അവരുടെ സമ്പത്തുകൊണ്ട് എനിക്ക് ഒത്താശ ചെയ്തു. മറ്റു ഭാര്യമാരില്‍നിന്ന് അല്ലാഹു എനിക്ക് സന്താനങ്ങളെ വിലങ്ങിയപ്പോള്‍ അവരില്‍നിന്ന് എനിക്ക് സന്താനങ്ങളെ തന്നു.' മേല്‍ വാക്യത്തിലെ പ്രഥമ മൂന്നു കാര്യങ്ങളും ഭാര്യ എന്ന നിലയിലുള്ള അവരുടെ റോളിനെക്കുറിച്ചല്ല, പ്രത്യുത, ഇസ്‌ലാമിക പ്രവര്‍ത്തക എന്ന നിലയിലുള്ള അവരുടെ നിറസാന്നിധ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. മറ്റൊരു റിപ്പോര്‍ട്ടില്‍ അവിടുന്ന് അവരെ, 'അവര്‍ അതായിരുന്നു. അവര്‍ അതായിരുന്നു' എന്നാണ് പരിചയപ്പെടുത്തിയത്. അഥവാ, ഖദീജ ബഹുമുഖ സാന്നിധ്യമായിരുന്നു എന്ന്. ഇപ്പോഴും നമ്മിലെ ചിലര്‍ക്ക് ഖദീജയെ മക്കയില്‍ വിലസി നടക്കുന്ന സുന്ദരിപ്പെണ്ണായി കാണാനും അവതരിപ്പിക്കാനുമാണ് താല്‍പര്യം. നബിപുത്രി ഫാത്വിമയും തഥൈവ. 'ഫാത്വിമാബീ പത്തു പെറ്റാല്‍ ഒന്നു പെറ്റ മേനി' എന്ന് നാം അവരെ പാടിപ്പുകഴ്ത്തുമ്പോള്‍ ഫാത്വിമയുടെ സൗന്ദര്യം വര്‍ധിക്കുന്നുണ്ട്. പക്ഷേ അവരില്‍ നിറഞ്ഞുനിന്ന ജിഹാദീ വികാരം ചോര്‍ന്നു പോകുന്നുണ്ട്. വലീദുബ്‌നു ഉഖ്ബത്തുബ്‌നു അബീമുഐത്വ് എന്ന പരമ ദുഷ്ടന്‍ വലിച്ചിട്ട ഒട്ടകത്തിന്റെ ചീഞ്ഞുനാറിയ കനത്ത കുടല്‍മാല സുജൂദിലായിരുന്ന നബിയുടെ പിരടിയില്‍നിന്ന് എടുത്തുമാറ്റിയ ഫാത്വിമയെ അക്കാലത്തെ പോരാളിയായി കാണുന്നതിനു പകരം 'ഫാത്വിമബി പത്ത് പെറ്റാല്‍ ഒന്നു പെറ്റമേനി' എന്ന് സൗന്ദര്യധാമമായി വര്‍ണിച്ചു പടാനാണ് സമുദായത്തിന് താല്‍പര്യം.
'ശിഅ്ബു അബീത്വാലിബ്' എന്ന മലഞ്ചെരുവില്‍ ഉപരോധത്തിനു വിധേയമായി ഇതര കുടുംബാംഗങ്ങള്‍ക്കൊപ്പം മൂന്നു വര്‍ഷം കഴിയേണ്ട വന്ന വനിതകളും ഒന്നാം അബ്‌സീനിയന്‍ പലായനത്തില്‍ പങ്കാളികളായ അഞ്ചു സ്ത്രീകളും രണ്ടാം അബ്‌സീനിയന്‍ പലായനത്തില്‍ പങ്കാളികളായ പതിനെട്ടു വനിതകളും പുരുഷന്മാര്‍ക്കൊപ്പം പോരാട്ടത്തിന്റെ കനല്‍പാടുകള്‍ താണ്ടിയവരായിരുന്നു.
നബിയുടെ കാലത്ത് സമരാങ്കണങ്ങളില്‍ പലനിലകളില്‍ വീരചരിത്രം സൃഷ്ടിച്ച ആഇശ റുബയ്യിഅ് ബിന്‍തു മുഅവ്വിദ്, ഉമ്മുസുലൈം, അസ്മാഉ ബിന്‍തു യസീദ്, ഉമൈമ ബിന്‍തു ഖൈസ്, ഉമ്മു ഉമാറ അന്‍സ്വാരിയ്യഃ, നബിയുടെ മക്കളായ ഫാത്വിമ, സൈനബ്, ഉമ്മുകുല്‍സൂം, റുഖിയ്യഃ, പ്രഥമ വനിതാ രക്തസാക്ഷി സുമയ്യ, സുനൈറ റൂമിയ്യഃ തുടങ്ങി എത്രയോ വനിതകള്‍ ചരിത്രത്തില്‍ ഇടം നേടിയത് നല്ല കുടുംബിനികള്‍ എന്ന തലക്കെട്ടിനു കീഴിലല്ല, കാലഘട്ടം തേടിയ സമരത്തീച്ചൂളയിലേക്ക് തങ്ങളെ എടുത്തെറിഞ്ഞവര്‍ എന്ന നിലയിലാണ്. അല്ലെങ്കിലും ആബാലവൃദ്ധം ജനങ്ങളെ ഒരുപോലെ ബാധിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നിയമം ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും ബാധിക്കുന്നതാണെന്നിരിക്കെ വനിതകളെ തമസ്‌കരിക്കുന്നതും നിര്‍വീര്യമാക്കുന്നതും ആരെയാണ് സഹായിക്കുകയെന്ന് പറയേണ്ടതില്ല.