ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത് സമ്പന്നതയോ ദാരിദ്ര്യമോ?; ഹദീസുകളുടെ വെളിച്ചത്തില്‍ ഒരു പഠനം

അബ്ദുല്ലത്വീഫ് കൊടുവള്ളി‌‌

രണ്ട് മനുഷ്യാവസ്ഥകളാണ് സമ്പന്നതയും ദാരിദ്ര്യവും. രണ്ടുമായും ബന്ധപ്പെട്ട് ഖുര്‍ആനിലും സുന്നത്തിലും ധാരാളം പരാമര്‍ശങ്ങള്‍ കാണാം. ഇതര വിഷയങ്ങള്‍ എന്ന പോലെ, ഈ വിഷയകമായും വന്ന ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും സംയോജിപ്പിച്ച് പഠിക്കാതിരുന്നാല്‍ ഇസ്‌ലാം ദാരിദ്ര്യത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ധരിച്ചുവശാകാന്‍ സാധ്യതയേറെയാണ്.

ഉദാഹരണമായി, സ്വഹീഹുല്‍ ബുഖാരിയില്‍ 'അര്‍രിഖാഖ്' (ഹൃദയനൈര്‍മല്യം) എന്ന അധ്യായത്തില്‍, 'ഫദ്‌ലുല്‍ ഫഖ്ര്‍' (ദാരിദ്ര്യത്തിന്റെ ശ്രേഷ്ഠത) എന്ന ഉപശീര്‍ഷകം ചേര്‍ത്തിരിക്കുന്നു. ഇത്, സമ്പന്നതയെ പുകഴ്ത്തുന്ന ഹദീസുകളെ റദ്ദ് ചെയ്ത് ദാരിദ്ര്യത്തെ മഹത്വവല്‍ക്കരിക്കുകയാണോ? ഈ ശീര്‍ഷകത്തിനു കീഴില്‍ ബുഖാരി ഉള്‍പ്പെടുത്തിയിരിക്കുന്ന ഹദീസുകളില്‍ തന്നെ ഇതിന്റെ മറുപടിയുണ്ട് എന്നതാണ് വസ്തുത. ഉപശീര്‍ഷകത്തിനു കീഴിലെ ഒന്നാം ഹദീസ് ഇങ്ങനെയാണ്: സഹ്‌ലുബ്‌നു സഅ്ദിസ്സാഇദീയില്‍നിന്ന് നിവേദനം: ഒരാള്‍ നബി(സ)യുടെ അരികിലൂടെ കടന്നുപോയി. അപ്പോള്‍ തന്റെ അടുത്തിരിക്കുകയായിരുന്ന ഒരാളോട് നബി(സ) ചോദിച്ചു: 'ഇതുവഴി കടന്നുപോയ ആളെപ്പറ്റി നിങ്ങള്‍ എന്തുപറയുന്നു?' അയാള്‍ പറഞ്ഞു: 'അയാള്‍ നാട്ടിലെ പൗരമുഖ്യനാണ്. അയാള്‍ വിവാഹാന്വേഷണം നടത്തിയാല്‍ വിവാഹം നടക്കും, ശിപാര്‍ശ പറഞ്ഞാല്‍ ശിപാര്‍ശ സ്വീകരിക്കപ്പെടും.' നബി(സ) മൗനം ഭജിച്ചിരുന്നു. കുറച്ചു കഴിഞ്ഞ് മറ്റൊരാള്‍ കടന്നുപോയി. അവിടുന്ന് ചോദിച്ചു: 'ഇദ്ദേഹത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്ത്?' അയാള്‍ പറഞ്ഞു: 'അയാള്‍ സാധുവായ ഒരു മുസ്‌ലിമാണ്. വിവാഹാന്വേഷണം നടത്തിയാല്‍ പെണ്ണുകിട്ടില്ല, ശിപാര്‍ശ പറഞ്ഞാല്‍ സ്വീകരിക്കപ്പെടില്ല. എന്തെങ്കിലും പറഞ്ഞാല്‍ ആളുകള്‍ കേള്‍ക്കില്ല.' ഇതുപറഞ്ഞപ്പോള്‍ അവിടുന്ന് പ്രതികരിച്ചു:
هذا خير من ملء الأرض مثل هذا
(ഇദ്ദേഹം ഭൂമിയുള്ള സര്‍വതിനേക്കാളും ഉത്തമനാണ്.)

നന്മയുടെ മാനദണ്ഡം ദാരിദ്ര്യമോ?
നബി(സ) പുകഴ്ത്തിപ്പറഞ്ഞ ഇദ്ദേഹത്തിന്റെ നന്മയുടെ മാനദണ്ഡം ദാരിദ്ര്യമാണോ? അല്ല. ആളുകളെ വിലയിരുത്തുന്നതില്‍ സ്വീകരിക്കപ്പെടുന്ന മാനദണ്ഡങ്ങളെ തിരുത്തുകയായിരുന്നു നബി. ദരിദ്രന്‍ സച്ചരിതനാണെങ്കില്‍ അയാള്‍ ശ്രേഷ്ഠനാണ്. സമ്പന്നന്‍ സച്ചരിതനാണെങ്കില്‍ അയാളും ശ്രേഷ്ഠന്‍ തന്നെ. ആളുകള്‍ക്കിടയിലെ ശ്രേഷ്ഠതാ താരതമ്യത്തിന് ഐശ്വര്യത്തെ മാത്രം മാനദണ്ഡമാക്കുന്നത് തെറ്റാണെന്ന് സ്ഥാപിക്കുകയായിരുന്നു നബി.

ഇതേ അധ്യായത്തിലെ രണ്ടാമത്തെ ഹദീസ് ഈ ആശയം ബലപ്പെടുത്തുന്നുണ്ട്. അഅ്മശ് അബൂവാഇലിനെ ഉദ്ധരിച്ച് പറയുന്നു: ഞങ്ങള്‍ ഒരിക്കല്‍ ഖബ്ബാബി(റ)നെ സന്ദര്‍ശിച്ചു. അപ്പോള്‍ ഖബ്ബാബ് പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നബിയോടൊപ്പം മദീനയിലേക്ക് പലായനം ചെയ്തു. അതിനു പ്രതിഫലം തരാമെന്ന് അല്ലാഹു ഏറ്റു. ഞങ്ങളില്‍ ചിലര്‍ ഭൗതിക ഫലം നേടാതെ മരിച്ചുപോയി. ഉഹുദില്‍ ശഹീദായ മുസ്വ്അബുബ്‌നു ഉമൈര്‍ ഉദാഹരണം. അദ്ദേഹത്തിന് വെള്ളയും കറുപ്പും വരകളുള്ള ഒരു കമ്പിളി വസ്ത്രം മാത്രമേ മിച്ചമുണ്ടായിരുന്നുള്ളൂ. ശഹീദായ അദ്ദേഹത്തെ കഫന്‍ ചെയ്യാനായി തലമറച്ചപ്പോള്‍ കാലുകള്‍ പുറത്തുകണ്ടു. കാലുകള്‍ മറച്ചപ്പോള്‍ തല പുറത്തുകണ്ടു. ഒടുവില്‍ ഞങ്ങള്‍ ഇദ്ഖിര്‍ പുല്ലെടുത്ത് കാലുകള്‍ മറയ്ക്കുകയായിരുന്നു. എന്നാല്‍, ഞങ്ങളില്‍ ചിലര്‍ക്ക് വിളവെടുക്കാവുന്ന മൂത്തു പഴുത്ത ഈത്തപ്പഴങ്ങളുണ്ടായിരുന്നു.'

മുഹാജിറുകളിലെ സമ്പന്നരും ദരിദ്രരും ഒരുപോലെ പാരത്രിക മോക്ഷം ആഗ്രഹിച്ചു എന്നു സാരം. ജാഹിലിയ്യാ കാലത്ത് അതിസമ്പന്നനായി ജീവിച്ച മുസ്വ്അബ് മരിക്കുമ്പോള്‍ പരമ ദരിദ്രനായിരുന്നുവെങ്കില്‍ മറ്റു ചിലര്‍ ഹിജ്‌റയിലൂടെയും തുടര്‍ന്ന് ജിഹാദിലൂടെയും സമ്പന്നരായവരായിരുന്നു. താഴെ ഹദീസ് ഇതിനെ ബലപ്പെടുത്തുന്നുണ്ട്. അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വില്‍നിന്ന് നിവേദനം: നബി(സ) ചോദിച്ചു:
هل تدرون أول من يدخل الجنة من خلق الله عز وجل؟ قالوا: الله ورسوله أعلم، قال: الفقراء المهاجرون الذين تُسد بهم الثغور، وتتقى بهم المكاره، ويموت أحدهم وحاجته في صدره لا يستطيع لها قضاء، فيقول الله عز وجل لمن يشاء من ملائكته: ائتوهم فحيوهم؛ فتقول الملائكة : ربنا نحن سكان سمائك وخيرتك من خلقك، أفتأمرنا أن نأتي هؤلاء فنسلم عليهم؟ قال: إنهم كانوا عبادًا يعبدونني، ولا يشركون بي شيئًا، وتسد بهم الثغور، وتتقى بهم المكاره، ويموت أحدهم وحاجته في صدره، لا يستطيع لها قضاء، قال: فتأتيهم الملائكة عند ذلك، فيدخلون عليهم من كل باب (سلامُ عليكم بما صبرتم فنعم عقبى الدار )(الرعد:24

'അല്ലാഹുവിന്റെ സൃഷ്ടികളില്‍ ആരായിരിക്കും സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുക എന്ന് നിങ്ങള്‍ക്കറിയാമോ?' സ്വഹാബികള്‍ പറഞ്ഞു: 'അല്ലാഹുവിനും അവന്റെ ദൂതനുമാണ് ഏറ്റവും നന്നായറിയുക.' നബി(സ): ''ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിരുകള്‍ ഭദ്രമാക്കുന്നതും. അനിഷ്ടകരമായ കാര്യങ്ങളില്‍നിന്ന് രക്ഷയായി വര്‍ത്തിക്കുന്നതും പലായകരായ ദരിദ്രരാണ്. അവരില്‍ ചിലര്‍ മരിക്കുന്നത് നിറവേറ്റാന്‍ കഴിയാത്ത തന്റെ ആഗ്രഹം മനസ്സില്‍ അടക്കിവെച്ചുകൊണ്ടാണ്. ആയതിനാല്‍, അല്ലാഹു താനുദ്ദേശിക്കുന്ന മലക്കുകളോട് ഇങ്ങനെ പറയും:
'നിങ്ങള്‍ അവരെ സമീപിക്കുക, സ്വാഗതം ചെയ്യുക.' അപ്പോള്‍ മലക്കുകള്‍ പറയും: 'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ നിന്റെ ആകാശത്തിലെ നിവാസികളാണ്, നിന്റെ സൃഷ്ടികളിലെ സവിശേഷരാണ്. അങ്ങനെയുള്ള ഞങ്ങള്‍ അവരെ സമീപിച്ച് സലാം പറയണമെന്നാണോ നീ ഞങ്ങളോട് കല്‍പിക്കുന്നത്?' അല്ലാഹു പറഞ്ഞു: 'എന്നില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതെ എന്നെ ഇബാദത്ത് ചെയ്തവരായിരുന്നു അവര്‍. അവരിലൂടെ അതിരുകളിലെ പഴുതുകള്‍ അടയ്ക്കപ്പെടുകയും അനിഷ്ടകാര്യങ്ങളില്‍നിന്ന് രക്ഷലഭിക്കുകയും ചെയ്തു. അവരില്‍ ഒരാള്‍ മരിക്കുന്നത്, നിറവേറ്റാന്‍ കഴിയാത്ത തന്റെ ആവശ്യം മനസ്സില്‍ ഒതുക്കിവെച്ചുകൊണ്ടാണ്.' അങ്ങനെ മലക്കുകള്‍ അവരെ സമീപിക്കുന്നു. സ്വര്‍ഗത്തിന്റെ എല്ലാ വാതിലുകളിലൂടെയും പ്രവേശിച്ചുകൊണ്ട് നിങ്ങള്‍ ക്ഷമിച്ചതിനാല്‍ നിങ്ങള്‍ക്ക് സമാധാനം, അവസാന ഗേഹം എത്ര നല്ലത്' (റഅ്ദ്: 24).1
ഈ ഹദീസില്‍ സ്വഹാബികളുടെ ദാരിദ്ര്യമല്ല അവരുടെ സ്വര്‍ഗപ്രവേശനത്തിന് മാനദണ്ഡമായി പരിഗണിച്ചത്. പ്രത്യുത, അവരുടെ വിശ്വാസവും ക്ഷമയും അര്‍പ്പണബോധവുമാണ്.
إنما يُوفّى الصابرون أجرهم بغير حساب )(الزمر:10)
'ക്ഷമാലുക്കള്‍ക്ക് അവരുടെ പ്രതിഫലം വിചാരണ കൂടാതെ നല്‍കപ്പെടുക തന്നെ ചെയ്യും' (സുമര്‍ 10). ഇതുതന്നെയാണ് സമ്പന്നതയുടെയും കാര്യം. ദരിദ്രന്‍ ക്ഷമിച്ചതുപോലെ, സമ്പന്നന്‍ ക്ഷമാപൂര്‍വം അല്ലാഹുവിന് നന്ദി ചെയ്താല്‍ അതും അല്ലാഹു സ്വീകരിക്കും. ദാരിദ്ര്യത്തിനും സമ്പന്നതക്കും അതീതമായി ഭക്തിയാണ് സര്‍വഥാ പ്രധാനമെന്ന് സാരം.
താഴെ ഹദീസില്‍നിന്ന് ഈ ആശയം കൂടുതല്‍ വ്യക്തമാവും; ഒരിക്കല്‍ അബൂദര്‍റിനോട് നബി(സ) ചോദിച്ചു: 
يا أبا ذر، أترى كثرة المال هو الغنى؟” قلت: نعم يا رسول الله، قال: “فترى قلة المال هو الفقر؟ “قلت: نعم يا رسول الله، قال: “إنما الغنى غنى القلب، والفقر فقر القلب” ثم سألني عن رجل من قريش، قال: “هل تعرف فلانًا؟ “ قلت نعم يا رسول الله، قال: “فكيف تراه، أو تُراه؟” قلت: إذا سأل أُعطي، وإذا حضر أُدخل، قال: ثم سألني عن رجل من أهل الصفة، فقال: “هل تعرف فلانًا؟” قلت: لا والله يا رسول الله، فما زال يُجلّيه وينعته حتى عرفته، فقلت: قد عرفته يا رسول الله، قال: “فكيف تراه، أو تُراه؟” قلت : هو رجل مسكين من أهل الصفة، فقال: “هو خير من طلاع الأرض من الآخر”. قلت: يا رسول الله، أفلا يعطى من بعض ما يُعطى الآخر؟ قال: “إذا أُعطي خيرًا فهو أهله، وإذا صُرف عنه فقد أعطي حسنة “..
'അബൂദര്‍റ്! ധാരാളം സമ്പത്തുാവുക എന്നതാണ് ഐശ്വര്യം എന്നാണോ നിങ്ങള്‍ മനസ്സിലാക്കുന്നത്.' അബൂദര്‍റ്: 'അല്ലാഹുവിന്റെ ദൂതരേ, അതെ!' നബി: 'സമ്പത്തിന്റെ കമ്മിയാണ് ദാരിദ്ര്യം എന്നാണോ നിങ്ങള്‍ മനസ്സിലാക്കുന്നത്?' അബൂദര്‍റ്: 'അല്ലാഹുവിന്റെ ദൂതരേ, അതെ' നബി: 'ഐശ്വര്യമെന്നാല്‍ ഹൃദയത്തിന്റെ ഐശ്വര്യമാണ്, ദാരിദ്ര്യമെന്നാല്‍ ഹൃദയത്തിന്റെ ദാരിദ്ര്യവും.' അനന്തരം നബി(സ) എന്നോട് ഖുറൈശ് ഗോത്രത്തിലെ ഒരാളെ പറ്റി, നിങ്ങള്‍ അയാളെ അറിയുമോ എന്ന് ചോദിച്ചു: ഞാന്‍ 'അല്ലാഹുവിന്റെ ദൂതരേ, അറിയും!' നബി: 'അയാളെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?' ഞാന്‍: 'അയാള്‍ ചോദിച്ചാല്‍ അയാള്‍ക്ക് കിട്ടും. ഒരു സദസ്സിലേക്ക് വന്നാല്‍ പ്രവേശനാനുമതി ലഭിക്കും.' ശേഷം അവിടുന്ന് അഹ്‌ലുസ്സ്വുഫ്ഫയിലെ ഒരാളെ പറ്റി ചോദിച്ചു. ഞാന്‍: 'അയാള്‍ അഹ്‌ലുസ്സുഫ്ഫയിലെ ഒരു സാധുവാണ്.' നബി: 'അയാള്‍ മറ്റേ ആളേക്കാള്‍ ഉത്തമനാണ്.' ഞാന്‍: 'അല്ലാഹുവിന്റെ ദൂതരേ! മറ്റേ ആള്‍ക്ക് നല്‍കപ്പെടുന്നതില്‍നിന്ന് ഒരല്‍പം ഇയാള്‍ക്ക് നല്‍കപ്പെടില്ലേ?' നബി: 'അയാള്‍ക്ക് നല്ലത് കിട്ടിയാല്‍ അയാള്‍ അതിന് അര്‍ഹനായതുകൊണ്ടാണ്. അത് അയാള്‍ക്ക് ലഭിച്ചില്ലെങ്കിലും അതയാള്‍ക്ക് നന്മയായി ഭവിക്കും.'
നബി(സ) വിശദീകരിച്ച ഹൃദയൈശ്വര്യവും ദാരിദ്ര്യവും അവയുടെ തുടര്‍ന്നുണ്ടാവുന്ന നിലപാടുകളുമാണ് ദരിദ്രരെയും ധനികരെയും ഉന്നതരോ നീചരോ ആക്കുന്നത്. ദരിദ്രരെ മഹത്വവല്‍ക്കരിച്ച് നബി പ്രസ്താവിച്ചിട്ടുണ്ടെങ്കില്‍ അതിനു നിദാനമായ മാനദണ്ഡങ്ങള്‍ മറ്റു ഹദീസുകളെക്കൂടി വെളിച്ചത്തില്‍ കണ്ടെത്താം. അതേപ്രകാരം, ധനികരെ ആക്ഷേപിച്ചുകൊണ്ട് കാണുന്ന ഹദീസുകള്‍ക്ക് അനുബന്ധമായി നന്ദികേടോ ദുരഹങ്കാരമോ പാവങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചതോ സമ്പാദിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും പേരിലുള്ള കടുത്ത വിചാരണയോ പരാമര്‍ശിച്ചിരിക്കും.
ഇമാം ബുഖാരി ദാരിദ്ര്യത്തിന്റെ ശ്രേഷ്ഠതാ വിഷയകമായി ഉദ്ധരിച്ച മൂന്നാമത്തെ ഹദീസ് ഈ വീക്ഷണത്തോടെയാണ് മനസ്സിലാക്കേണ്ടത്. അംറുബ്‌നു ഹുസൈ്വനില്‍നിന്ന് നിവേദനം:
اطلعت على أهل الجنة فرأيت أكثر أهلها الفقراء، واطلعت في النار فرأيت أكثر أهلها النساء 
'വാനാരോഹണ യാത്രയില്‍ ഞാന്‍ സ്വര്‍ഗവാസികളെ എത്തിനോക്കി. അവരില്‍ അധികവും ദരിദ്രരായിരുന്നു. നരകത്തിലേക്കും ഞാന്‍ എത്തിനോക്കി. അവരിലധികവും സ്ത്രീകളായിരുന്നു.' സംഭവിക്കാനിരിക്കുന്ന ഒരു കാര്യത്തിന്റെ സ്ഥിരീകരണമാണ് മേല്‍ നബിവചനം. സ്വര്‍ഗ പ്രവേശനത്തിന്റെയോ നരകപ്രവേശനത്തിന്റെയോ കാരണം വിശദീകരിക്കുകയല്ല. സമ്പത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും ദാരിദ്ര്യത്താല്‍ പരീക്ഷിക്കപ്പെടുന്നവരെ ക്ഷമിക്കാന്‍ ഉപദേശിക്കുകയും സല്‍ക്കര്‍മങ്ങളില്‍ സോത്സാഹം മുന്നേറാന്‍ പ്രോത്സാഹിപ്പിക്കുകയും കുടുംബബന്ധങ്ങള്‍ വിച്ഛേദിക്കാതിരിക്കാന്‍ ഉദ്‌ബോധിപ്പിക്കുകയുമാണ് മേല്‍ നബിവചനം.

ചുരുക്കത്തില്‍, ദരിദ്രന്‍ ദരിദ്രനായതിന്റെ പേരില്‍ മാത്രം സ്വര്‍ഗത്തിലും ധനികന്‍ സമ്പന്നനായതിന്റെ പേരില്‍ മാത്രം നരകത്തിലും എത്തുകയില്ല. മനോഭാവങ്ങളും നിലപാടുകളുമാണ് മാനദണ്ഡങ്ങളായി പരിഗണിക്കപ്പെടുന്നത്. ദരിദ്രന്‍ നരകത്തിലെത്താം, സമ്പന്നന്‍ സ്വര്‍ഗത്തിലുമെത്താം.
അധ്യായത്തിന്റെ അവസാനത്തിലെ ഹദീസുകള്‍, ലോകര്‍ക്കാകമാനം മാതൃകയായ നബി(സ)യുടെ ജീവിതവുമായി ബന്ധപ്പെട്ടവയാണ്. പലപ്പോഴും ധാരാളം സമ്പത്ത് കുമിഞ്ഞുകൂടിയിരുന്ന നബി സമ്പന്നര്‍ക്ക് മാതൃകയാണ്. കൈവരുന്ന സമ്പത്തത്രയും വൈകാതെത്തന്നെ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടിരുന്നു.
പാവങ്ങള്‍ക്കും അവിടുത്തെ ജീവിതത്തില്‍ മികച്ച മാതൃകയുണ്ട്. പട്ടിണിയാവുമ്പോള്‍ ക്ഷമിക്കേണ്ടതെങ്ങനെ? തൃപ്തിയടയുന്നതെങ്ങനെ? എന്നെല്ലാം പഠിക്കാം. അവിടുന്ന് സുഖലോലുപ ജീവിതം തെരഞ്ഞെടുത്തില്ല. അതേസമയം, അല്ലാഹു അനുവദനീയമാക്കിയ നല്ല വിഭവങ്ങള്‍ ഏതൊക്കെയെന്ന് വിശദീകരിക്കുകയും ചെയ്തു.
അധ്യായത്തിലെ മറ്റൊരു ഹദീസ് ഇങ്ങനെ: അനസില്‍നിന്ന് നിവേദനം:
لم يأكل النبي صلى الله عليه وسلم على “خوان” حتى مات، وما أكل خبزًا مُرققًا حتى مات
'നബി(സ) മരിക്കുന്നതുവരെ തീന്മേശയില്‍വെച്ച് ഭക്ഷണം കഴിച്ചിട്ടില്ല. പരത്തിയ പത്തിരി കഴിച്ചിട്ടുമില്ല.' അധ്യായത്തിലെ ഏറ്റവും ഒടുവിലെ ഹദീസ് ഇങ്ങനെ:
لقد توفي النبي صلى الله عليه وسلم وما في رَفّي من شيء يأكله ذو كبد، إلا شَطْرُ شعير في رفّ لي، فأكلت منه حتى طال عَليّ فكلتُه فَفَنِيَ”
'നബി(സ) മരണമടഞ്ഞപ്പോള്‍, എന്റെ തട്ടില്‍ കരളുള്ള ഒരാള്‍ക്കും തിന്നാന്‍ പറ്റുന്ന ഒന്നും ഉണ്ടായിരുന്നില്ല, ഏതാനും യവമല്ലാതെ. ഞാന്‍ അതില്‍നിന്ന് ഭക്ഷിച്ചു. നാളുകളോളം അത് മിച്ചമുണ്ടായിരുന്നു. ഞാന്‍ മറ്റുള്ളവര്‍ക്ക് അത് അളന്നുകൊടുത്തു. അങ്ങനെ അത് തീര്‍ന്നുപോയി.' നബിയുടെ ദൈവിക ദാസ്യത്തിന്റെ പാരമ്യവും ആര്‍ഭാടരാഹിത്യവുമാണ് നാം ഇതിലൂടെ പഠിച്ചറിയുന്നത്. ഇടക്കിടെ പട്ടിണിയിലായ നബി അല്ലാഹുവിനോട് എങ്ങനെ പ്രാര്‍ഥിക്കണമെന്നതിനും, ഇടക്ക് വിശപ്പ് ശമിപ്പിച്ചിരുന്ന നബി അല്ലാഹുവിനെ എങ്ങനെ സ്തുതിക്കണമെന്നതിനും നന്ദി ചെയ്യണമെന്നതിനും നമുക്ക് മാതൃകയാണ്.

ദുന്‍യാവില്‍ സുഭിക്ഷതയുള്ളവര്‍ക്ക് പരലോകത്ത് കുറയുമോ?
അല്ലാഹു ദുന്‍യാവില്‍ അനുവദനീയമായ വിഭവങ്ങള്‍ നല്‍കുക എന്നതിന്റെ അര്‍ഥം അവര്‍ക്ക് അത് പരലോകത്ത് കുറയുമെന്നല്ല. സത്യവിശ്വാസികളുടെ പ്രാര്‍ഥനയായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്
ربنا آتنا في الدنيا حسنةً وفي الآخرة حسنةً وقنا عذاب النار 
'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് നീ ദുന്‍യാവില്‍ നന്മ നല്‍കേണമേ, പരലോകത്തും നന്മ നല്‍കേണമേ, ഞങ്ങളെ നീ നരകശിക്ഷയില്‍നിന്ന് രക്ഷിക്കേണമേ!' (ബഖറ 201) എന്നാണ്.
قل من حرم زينة الله التي أخرج لعباده والطيبات من الرزق قل هي للذين آمنوا في الحياة الدنيا خالصة 
'നബിയേ പറയുക. അല്ലാഹു അവന്റെ ദാസന്മാര്‍ക്കു വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാര പദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ക്കു മാത്രമുള്ളതുമാണ്' (അഅ്‌റാഫ് 32).
സ്വര്‍ഗപ്രവേശനത്തിന് ദാരിദ്ര്യം നിദാനമായി നബി പറഞ്ഞിട്ടില്ല. തന്നെയുമല്ല, സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും അവിടുന്ന് ഒരുപോലെ മാതൃകയായിരുന്നുവെന്ന് നാം നേരത്തേ കണ്ടു. അഹങ്കാര ജനകമായ സമ്പന്നതയും ധാര്‍മികത നഷ്ടപ്പെടുന്ന ദാരിദ്ര്യവും ഒരുപോലെ ഗര്‍ഹണീയമാണ്. നന്ദി കാണിക്കുന്ന ധനികന് തന്റെ നല്ല സമ്പത്തുകൊണ്ട് ദരിദ്രര്‍ക്ക് കഴിയാത്തത് പ്രവര്‍ത്തിക്കാന്‍ കഴിയും. 'സമ്പന്നര്‍ പ്രതിഫലങ്ങള്‍ കൊണ്ടുപോയി' എന്ന നബിവചനം ഇതിന്റെ സാധൂകരണമാണ്.
ബുഖാരിയുടെ അധ്യായ വിഭജനം ഈ വീക്ഷണത്തെ ബലപ്പെടുത്തുന്നുണ്ട്. 'ദഅ്‌വാത്ത്' (പ്രാര്‍ഥനകള്‍) എന്ന അധ്യാത്തില്‍ 'നമസ്‌കാരാനന്തര പ്രാര്‍ഥന' എന്ന ശീര്‍ഷകത്തില്‍ ബുഖാരി, അബൂഹുറൈറയില്‍നിന്ന് ഉദ്ധരിക്കുന്നു:
قالوا: يا رسول الله ذهب أهل الدثور بالدرجات والنعيم المقيم، قال: كيف ذاك، قال: صلوا كما صلينا، وجاهدوا كما جاهدنا، وأنفقوا من فضول أموالهم، وليست لنا أموال، قال: أفلا أخبركم بأمر تدركون من كان قبلكم، وتسبقون من جاء بعدكم، ولا يأتي أحد بمثل ما جئتم إلا من جاء بمثله؛ تسبحون في دبر كل صلاة عشرًا، وتحمدون عشرًا، وتكبرون عشرًا “
'അല്ലാഹുവിന്റെ ദൂതരേ! സമ്പന്നര്‍ സ്വര്‍ഗത്തിലെ പദവികളും ശാശ്വതമായ സുഖസൗകര്യങ്ങളും കൊണ്ടുപോയി.' നബി(സ): 'അതെങ്ങനെ?' അവര്‍: 'ഞങ്ങള്‍ നമസ്‌കരിച്ചതുപോലെ അവര്‍ നമസ്‌കരിച്ചു. ഞങ്ങള്‍ സമരം ചെയ്തതുപോലെ അവരും സമരം ചെയ്തു. അതോടൊപ്പം അവര്‍ തങ്ങളുടെ മിച്ചധനം വ്യയം ചെയ്തു. ഞങ്ങള്‍ക്കാണെങ്കില്‍ സമ്പത്തുമില്ല.' നബി(സ): 'നിങ്ങള്‍ക്കു മുമ്പുള്ളവരെ പ്രാപിക്കാനും, നിങ്ങള്‍ക്ക് ശേഷമുള്ളവരെ മുന്‍കടക്കാനും, നിങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്യുന്നവര്‍ക്കല്ലാതെ നേടിയെടുക്കാനാവാത്തതുമായ ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരട്ടെയോ? ഓരോ നമസ്‌കാരാനന്തരവും പത്തുവീതം തസ്ബീഹും തഹ്‌മീദും തക്ബീറും ചൊല്ലുക.'

മേല്‍ ഹദീസില്‍ സച്ചരിതരുടെ കൈവശമുള്ള സ്വത്തിന്റെ മഹദ്മൂല്യമാണ് എടുത്തു പറഞ്ഞിരിക്കുന്നത്. ദാരിദ്ര്യം മാത്രമല്ല നരകത്തില്‍നിന്ന് അകറ്റുന്നത്. ഐശ്വര്യം മാത്രമല്ല സ്വര്‍ഗത്തിലേക്ക് മുന്‍കടക്കാന്‍ സഹായിക്കുന്നതും. ദാരിദ്ര്യം കൊണ്ട് പരിക്ഷീണിതരായവര്‍ക്കും ഇത്തരം ദിക്‌റുകളിലൂടെ സമ്പന്നരെ മറികടക്കാന്‍ കഴിയും എന്നു സാരം. ദാരിദ്ര്യം കാരണം പണക്കാരെ പോലെ പ്രതിഫലം നേടാന്‍ കഴിയില്ലെന്ന ആപച്ഛങ്കയാണ് നബി(സ) ഇവിടെ ദൂരീകരിക്കുന്നത്. സമ്പന്നര്‍ തങ്ങളുടെ മേഖലകളിലൂടെ സ്വര്‍ഗം നേടാന്‍ ശ്രമിക്കുമ്പോള്‍ ദരിദ്രരും തങ്ങളുടേതായ തലങ്ങളില്‍ സാധ്യമായത് ചെയ്ത് അതിനു ശ്രമിക്കുകയാണ് വേണ്ടതെന്നര്‍ഥം. ദാരിദ്ര്യവും സമ്പന്നതയും മാത്രം മികവിന്റെ മാനദണ്ഡമേയല്ല. അവയുമായി ബന്ധപ്പെട്ട തുടര്‍ നിലപാടുകളാണ് ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. അതോടൊപ്പം അധ്വാനിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ക്കു നേടാം.

ബുഖാരിയിലെ അതേ അധ്യായത്തില്‍തന്നെ, 'നബി(സ) തന്റെ വേലക്കാരന് ദീര്‍ഘായുസ്സിനും ധാരാളം സമ്പത്തുണ്ടാകാനും നടത്തിയ പ്രാര്‍ഥന' എന്ന ശീര്‍ഷകം കാണാം. അനസില്‍നിന്ന് നിവേദനം: എന്റെ ഉമ്മ നബി(സ)യോട് ഇങ്ങനെ അപേക്ഷിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, താങ്കളുടെ സേവകന്‍ അനസിനു വേണ്ടി താങ്കള്‍ പ്രാര്‍ഥിച്ചാലും.' അപ്പോള്‍ അവിടുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: 
اللهم أكثر ماله وولده، وبارك له فيما أعطيته 
(അല്ലാഹുവേ, അദ്ദേഹത്തിന് നീ ധാരാളം സമ്പത്തും മക്കളും നല്‍കി അനുഗ്രഹിക്കേണമേ! അദ്ദേഹത്തിന് നീ കൊടുത്തതില്‍ ബറകത്ത് നല്‍കേണമേ!!).
നബിയുടെ പ്രാര്‍ഥന ഫലിച്ചു. അനസ് സമ്പന്നനായി. വര്‍ഷത്തില്‍ രണ്ടുതവണ കായ്ക്കുന്ന തോട്ടമുണ്ടായിരുന്ന അനസ് ധാരാളം മക്കളുടെ പിതാവുമായി. കഅ്ബയില്‍ ത്വവാഫ് ചെയ്യുമ്പോള്‍ അനസിന്റെ കൂടെ എഴുപത് മക്കളുമുണ്ടായിരുന്നു.
സമ്പന്നതയുടെയും ദാരിദ്ര്യത്തിന്റെയും കെടുതികളില്‍നിന്ന് നബി(സ) ഒരുപോലെ അല്ലാഹുവില്‍ ശരണം നേടിയിരുന്നു. രണ്ടും അഭിനന്ദനീയമോ ഗര്‍ഹണീയമോ ആകുന്നത് അവയുമായി ബന്ധപ്പെട്ട നിലപാടുകളെ ആശ്രയിച്ചാണ്. നബിപത്‌നി ആഇശ ഉദ്ധരിക്കുന്നു:
اللهم إني أعوذ بك من الكسل، والهرم، والمأثم، والمغرم؛ ومن فتنة القبر، وعذاب القبر، ومن فتنة النار وعذاب النار، ومن شر فتنة الغنى، وأعوذ بك من فتنة الفقر، وأعوذ بك من فتنة المسيح الدجال، اللهم اغسل عني خطاياي بماء الثلج والبرد، ونق قلبي من الخطايا كما نقيت الثوب الأبيض من الدنس، وباعد بيني وبين خطاياي كما باعدت بين المشرق والمغرب “
'അല്ലാഹുവേ, ഞാന്‍ തീര്‍ച്ചയായും നിന്നോട് അലസതയില്‍നിന്നും വാര്‍ധക്യത്തില്‍നിന്നും പാപത്തില്‍നിന്നും കടബാധ്യതയില്‍നിന്നും ഖബ്‌റിലെ ശിക്ഷയില്‍നിന്നും പരീക്ഷണത്തില്‍നിന്നും നരകശിക്ഷയില്‍നിന്നും പരീക്ഷണത്തില്‍നിന്നും സമ്പന്നതയുടെ പരീക്ഷണത്തില്‍നിന്നും ദാരിദ്ര്യത്തിന്റെ പരീക്ഷണത്തില്‍നിന്നും മസീഹുദ്ദജ്ജാലിന്റെ പരീക്ഷണത്തില്‍നിന്നും അഭയം തേടുന്നു. അല്ലാഹുവേ, നീ എന്റെ പാപങ്ങളെ മഞ്ഞ്‌കൊണ്ടും ഹിമം കൊണ്ടും കഴുകേണമേ, വെള്ളം വസ്ത്രത്തെ അഴുക്കില്‍നിന്ന് ശുദ്ധിയാക്കുന്നതുപോലെ നീ എന്റെ ഹൃദയത്തെ പാപങ്ങളില്‍നിന്ന് ശുദ്ധമാക്കേണമേ! എന്റെയും എന്റെ പാപങ്ങളുടെയും ഇടയില്‍ നീ കിഴക്കും പടിഞ്ഞാറും തമ്മില്‍ നീ അകറ്റിയതുപോലെ അകറ്റേണമേ!' ദാരിദ്ര്യവും സമ്പന്നതയും ഒരേപോലെ ശരണം തേടപ്പെടേണ്ടതാണ് എന്നത്രെ നബി ഇവിടെ പഠിപ്പിക്കുന്നത്.

ഇമാം ബുഖാരി തന്റെ സ്വഹീഹില്‍, 'സമ്പന്നതയുടെ ഫിത്‌നയില്‍നിന്ന് ശരണം, ദാരിദ്ര്യത്തിന്റെ ഫിത്‌നയില്‍നിന്ന് ശരണം' എന്നിങ്ങനെ രണ്ട് ഉപശീര്‍ഷകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഒന്നാമത്തേതിനു കീഴില്‍ ഈ ഹദീസ് കാണാം. ഹിശാം തന്റെ പിതാവില്‍നിന്നും പിതാവ് തന്റെ മാതൃസഹോദരനില്‍നിന്നും ഉദ്ധരിക്കുന്നു. നബി(സ) ശരണം തേടാറുണ്ടായിരുന്ന കാര്യങ്ങളില്‍ സമ്പന്നതയും ദാരിദ്ര്യവുമുണ്ടായിരുന്നു.
وأعوذ بك من فتنة الغنى، وأعوذ بك من فتنة الفقر
'ഞാന്‍ നിന്നോട് സമ്പന്നതയുടെ ഫിത്‌നയില്‍നിന്നും ദാരിദ്ര്യത്തിന്റെ ഫിത്‌നയില്‍നിന്നും ശരണം തേടുന്നു.'
രണ്ടാമത്തേതിനു കീഴില്‍ ഇങ്ങനെ കാണാം:
وشر فتنة الغنى، وشر فتنة الفقر”.
'ഐശ്വര്യമെന്ന ഫിത്‌നയുടെ നാശത്തില്‍നിന്നും ദാരിദ്ര്യമെന്ന ഫിത്‌നയുടെ നാശത്തില്‍നിന്നും ശരണം തേടുന്നു.'
ബുഖാരിയിലെ ഒരു ഉപാധ്യായത്തിന്റെ ശീര്‍ഷകം അതീവ ശ്രദ്ധേയമാണ്:
باب الدعاء بكثرة المال مع البركة
'ബറകത്തോടുകൂടിയ ധാരാളം സമ്പത്തുണ്ടാവാനുള്ള പ്രാര്‍ഥനയെക്കുറിച്ച ഉപാധ്യായം' മുകളില്‍ നാം വായിച്ച അനസിനുവേണ്ടിയുള്ള പ്രാര്‍ഥന ഇതിലാണുള്ളത്.
സമ്പത്ത് ധാരാളമുണ്ടെന്നതിന്റെ പേരില്‍ വഞ്ചിതരാവരുതെന്ന പാഠമുള്‍ക്കൊള്ളുന്ന  مثل الدنيا فى اللآخرةഎന്ന ഉപാധ്യായവും അതില്‍ ചേര്‍ത്ത ഹദീദ് 20 സൂക്തവും ഉദാഹരണം.
ما يُحذر من زهرة الدنيا والتنافس فيها
 (ദുന്‍യാവിന്റെ മോടിയില്‍നിന്നും അതിലെ പരസ്പര മത്സരത്തില്‍നിന്നും കരുതല്‍) എന്ന ഉപാധ്യായത്തിലെ ഒരു ഹദീസ് ഇങ്ങനെയാണ്. അബൂസഈദില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു:
إن أكثر ما أخاف عليكم ما يُخرج الله لكم من بركات الأرض، قيل: وما بركات الأرض؟ قال: زهرة الدنيا 
'തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ഭൂമിയില്‍നിന്ന് അല്ലാഹു നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചുതരുന്ന അനുഗ്രഹങ്ങളാണ്.' ആരോ ചോദിച്ചു: 'ഭൂമിയുടെ ബറകത്തുകള്‍ എന്നാല്‍ എന്താണ്?' അവിടുന്ന് പ്രതികരിച്ചു: 'ദുന്‍യാവിന്റെ മോടി.' മറ്റൊരാള്‍ ചോദിച്ചു: 'നന്മതിന്മക്ക് കാരണമാകുമോ?' അവിടുന്ന് മൗനം ഭജിച്ചു. വഹ്‌യ് അവതരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. കുറച്ചു കഴിഞ്ഞ് അവിടുന്ന് നെറ്റിത്തടം തടവിയിട്ട് ചോദിച്ചു: 'ചോദ്യകര്‍ത്താവ് എവിടെ?' അവിടുന്ന് വിശദീകരിച്ചു:
لا يأتي الخير إلا بالخير، إن هذا المال خضرةٌ حلوة، وإن كل ما أنبت الربيع يقتل حبطا، أو يُلم إلا آكلة الخضرة أكلت حتى إذا امتدت خاصرتاها استقبلت الشمس فاجترت وثلطت وبالت، ثم عادت فأكلت، وإن هذا المال حلوة من أخذه بحقه، ووضعه في حقه، فنعم المعونةُ هو، ومن أخذه بغير حقه، كان كالذي يأكل ولا يشبع”.
'നന്മ നന്മ മാത്രമേ കൊണ്ടുവരികയുള്ളൂ. സമ്പത്ത് ഹരിതാഭവും മധുരതരവുമാണ്. നിശ്ചയം, വസന്തകാല മുളകളില്‍ കൊല്ലുന്നവയും മരണത്തോട് അടുപ്പിക്കുകയുമുണ്ട്. മിതമായി തിന്നുന്ന ചില നാല്‍ക്കാലികളൊഴികെ. ഇടുപ്പ് വികസിക്കുവോളം അത് ഭക്ഷിക്കുന്നു. സൂര്യന്റെ മുമ്പില്‍ വെയില്‍ കൊള്ളുകയും കാഷ്ഠിക്കുകയും മൂത്രിക്കുകയും വിശാലമായി മേയുകയും ചെയ്യുന്നു. തീര്‍ച്ചയായും സമ്പത്ത് മധുരമുള്ള ഒരു പച്ചപ്പാണ്. അപ്പോള്‍ അഗതിക്കും അനാഥന്നും വഴിയാത്രക്കാരന്നും അതില്‍നിന്ന് നല്‍കുന്ന മുസ്‌ലിമായ ഉടമസ്ഥന്‍ എത്ര നല്ല ആളാണ്! അനര്‍ഹമായി അത് നേടുന്നവന്‍, തിന്നിട്ടും മതിയാകാത്തവനെപ്പോലെയാണ്. അന്ത്യനാളില്‍ അത് അവന്നെതിരില്‍ സാക്ഷിപറയും.'

ബുഖാരിയിലെ തന്നെ മറ്റൊരു ഇങ്ങനെയുമുണ്ട്.
وإن هذا المال حلوة من أخذه بحقه ووضعه في حقه فنعم المعونة هو ومن أخذه بغير حقه فمثله كان كالذي يأكل ولا يشبع
'ഈ സമ്പത്തെന്നത് മധുരതരമാണ്. ആരെങ്കിലും അതിനെ ന്യായമായ തോതില്‍ എടുക്കുകയും ന്യായമനുസരിച്ച് അത് വെക്കുകയു-ചെലവഴിക്കുകയു-മാണെങ്കില്‍ അത് അയാള്‍ക്ക് എത്ര നല്ല സഹായമായിരിക്കും! ആരെങ്കിലും അത് അന്യായമായി എടുക്കുകയാണെങ്കില്‍ ഭക്ഷണം കഴിച്ചിട്ടും വിശപ്പു മാറാത്തവനെ പോലെയായിരിക്കും.' ഈ നബിവചനത്തില്‍ യാതൊരു കരുതലും ജാഗ്രതയുമില്ലാതെ സമ്പത്ത് വാരിക്കൂട്ടുന്ന ഒന്നാം വിഭാഗത്തെയാണ് നബി വിമര്‍ശിക്കുന്നത്. ഭൂമിയില്‍നിന്ന് ലഭിക്കുന്ന ബറകത്തുകളെ അവിടുന്ന് നന്മ എന്ന് വിശേഷിപ്പിക്കുന്നു. 'നന്മ തിന്മകൊണ്ടുവരുമോ' എന്നതിന്റെ വിവക്ഷ അല്ലാഹു തന്ന അനുഗ്രഹം മനുഷ്യന്റെ പ്രവര്‍ത്തനത്താല്‍ ശിക്ഷയായി മാറുമോ എന്നത്രെ. രണ്ടാമത്തെ വിഭാഗം മിതമായി തിന്നുന്ന നാല്‍കികളെ പോലെയാണ്. അവ ചാവാതെ രക്ഷപ്പെടുത്തുന്നതുപോലെ, ഹലാലും ഹറാമും പരിഗണിച്ച് ആവശ്യത്തിനുമാത്രം സമ്പാദിക്കുന്നവര്‍ക്ക് ഖേദിക്കേണ്ടിവരില്ല. സമ്പാദിക്കുന്നവ ഇത്തരമാളുകള്‍ പല മാര്‍ഗങ്ങളിലായി വിനിയോഗിക്കുന്നു; തിന്നവ കാഷ്ഠമായും മൂത്രമായും ഭൂമിയില്‍ തിരിച്ചുനല്‍കുന്ന കന്നുകാലിയെപ്പോലെ. മൂന്നാമത്തെ വിഭാഗം തനിക്കവകാശപ്പെടാത്തത് മാത്രം സ്വായത്തമാക്കുന്നവരാണ്. അവകാശപ്പെടാത്തത് സ്വന്തമാക്കുന്നവര്‍ എത്ര തിന്നാലും വിശപ്പുമാറാത്തവനെ പോലെയാണ്.

ബുഖാരിയിലെ ما يتقى من فتنة المال -സമ്പത്തിന്റെ പരീക്ഷണത്തില്‍നിന്ന് ഭയക്കേണ്ടത്- എന്ന ഉപാധ്യായത്തില്‍ നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ മക്കളും പരീക്ഷണം മാത്രമാണ് (അന്‍ഫാല്‍ 28) എന്ന സൂക്തം ഉദ്ധരിച്ച ശേഷം സമ്പത്ത് ഒരിക്കലും മനുഷ്യനെ അടിമയാക്കിക്കൂടാ എന്ന ആശയമുള്ള ഹദീസുകളാണ് ചേര്‍ത്തിരിക്കുന്നത്.
تعس عبد الدينار والدرهم والقطيفة والخميصة، إن أُعطي رضي، وإن لم يُعط لم يرض “.
'കറുത്ത വരയുള്ള വസ്ത്രത്തിന്റെയും വില്ലൂസ് പട്ടകൊണ്ടുള്ള വസ്ത്രത്തിന്റെയും ദീനാറിന്റെയും ദിര്‍ഹമിന്റെയും അടിമ നശിച്ചതുതന്നെ. അയാള്‍ക്ക് വല്ലതും കിട്ടിയാല്‍ തൃപ്തിപ്പെടും, കിട്ടിയില്ലെങ്കില്‍ തൃപ്തിപ്പെടില്ല' മറ്റൊരു ഹദീസ് ഇങ്ങനെയാണ്:
لو كان لابن آدم واديان من مال لابتغى ثالثًا، ولا يملأ جوف ابن آدم إلا التراب، ويتوب الله على من تاب
'മനുഷ്യപുത്രന് സ്വര്‍ണത്തിന്റെ രണ്ടു താഴ്‌വരകള്‍ ഉണ്ടായാലും അവന്‍ മൂന്നാമതൊന്ന് ആഗ്രഹിക്കും. മനുഷ്യന്റെ പുത്രന്റെ വയറ് മണ്ണുകൊണ്ടേ നിറയുകയുള്ളൂ. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നു.'
ഉമറിന്റെ നിലപാടാണ് ഈ വിഷയത്തില്‍ നമുക്ക് സംഗതം. അദ്ദേഹം ഇങ്ങനെയായിരുന്നു പ്രാര്‍ഥിച്ചിരുന്നത്:
اللهم إنا لا نستطيع إلا أن نفرح بما زينته لنا، اللهم إني أسألك أن أنفقه في حقه
'അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് അലങ്കാരമാക്കിത്തന്നവയിലൂടെ സന്തോഷിക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. അല്ലാഹുവേ, അവയെ അവയുടെ അവകാശ വഴിയില്‍ വിനിയോഗിക്കാന്‍ തൗഫീഖ് നല്‍കണേമേയെന്ന് ഞാന്‍ നിന്നോട് യാചിക്കുന്നു.'
ഹൂദ് 15,16 സൂക്തം ഉദ്ധരിച്ച ശേഷം المكثرون هم المقلون (കൂടുതലുള്ളവരായിരിക്കും കുറച്ചുള്ളവര്‍) എന്ന ഉപാധ്യായത്തില്‍ താഴെ നബിവചനം ചേര്‍ത്തിരിക്കുന്നു: അബൂദര്‍റ് നിവേദനം ചെയ്യുന്നു: ഒരു ദിവസം രാത്രി ഞാന്‍ പുറത്തിറങ്ങി നടന്നു. അപ്പോഴതാ നബി തിരുമേനി ഒറ്റക്ക് നടന്നുപോകുന്നു. കൂടെ ആരുമില്ല. അപ്പോള്‍ എനിക്ക് തോന്നി, കൂടെ മറ്റാരെങ്കിലും ഉണ്ടാവുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരിക്കില്ലെന്ന് എനിക്ക് തോന്നി. ഞാന്‍ നിലാവെളിച്ചത്തില്‍ അങ്ങനെ നടന്നു. അവിടുന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെ കണ്ടു ചോദിച്ചു: 'ഇതാരാ?' ഞാന്‍: 'അബൂദര്‍റ്, അബൂദര്‍റ്.' 'വരൂ!' അദ്ദേഹം എന്നെ വിളിച്ചു. ഞാന്‍ കുറച്ചു നേരം അവിടുത്തോടൊപ്പം നടന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു:
إن المكثرين هم المقلون يوم القيامة إلا من أعطاه الله خيرًا فنفح فيه يمينه وشماله، وبين يديه، ووراءه، وعمل فيه خيرًا… “.
'ദുന്‍യാവില്‍ കൂടുതല്‍ സമ്പത്തുള്ളവരായിരിക്കും അന്ത്യനാളില്‍ പ്രതിഫലം കുറഞ്ഞവര്‍; അല്ലാഹു നന്മ നല്‍കുകയും എന്നിട്ടത് തന്റെ വലതുഭാഗത്തും ഇടതുവശത്തും തന്റെ മുമ്പിലും പിന്നിലും ഉദാരമായി ചെലവഴിക്കുകയും അതുവഴി നന്മ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ.' ഇതേ ആശയമുള്ള മറ്റൊരു ഹദീസും ബുഖാരിയില്‍ കാണാം: നബിയോടൊപ്പം നടന്ന് ഉഹുദിനടുത്തെത്തിയപ്പോള്‍ നബി(സ) അബൂദര്‍റിനോട് പറഞ്ഞു:
ما يسرني أن عندي مثل أحد هذا ذهبًا، تمضي عليّ ثالثة وعندي منه دينارُ، إلا شيئًا أرصده لدين، إلا أن أقول به في عباد الله هكذا وهكذا عن يمينه وعن شماله ومن خلفه، ثم مشى، فقال: إن الأكثرين هم الأقلون يوم القيامة، إلا من قال هكذا وهكذا وهكذا عن يمينه وعن شماله، ومن خلفه، وقليل ما هم… 
'എന്റെ കൈവശം ഉഹുദോളം സ്വര്‍ണമുണ്ടെങ്കില്‍, മൂന്നു ദിവസം കഴിയുമ്പോഴേക്ക് അതില്‍നിന്ന് എന്റെ അടുത്ത് ഒരു ദീനാര്‍ മിച്ചമുണ്ടെങ്കില്‍ ഞാന്‍ അത് കടം വീട്ടാനായി മാറ്റിവെച്ചിരിക്കും. അല്ലാഹുവിന്റെ അടിമകള്‍ക്ക് ഇങ്ങനെയിങ്ങനെ നല്‍കാനായി ഞാന്‍ പറഞ്ഞിരിക്കും.' അദ്ദേഹം വലത്തോട്ടും ഇടത്തോട്ടും പിന്നിലേക്കും കൈകൊണ്ട് കാണിച്ചു. എന്നിട്ടദ്ദേഹം നടന്നുകൊണ്ടു പറഞ്ഞു: 'കൂടുതല്‍ സമ്പത്തുള്ളവര്‍ക്കാണ് അന്ത്യനാളില്‍ കുറച്ച് പ്രതിഫലമുണ്ടാവുക. ഇങ്ങനെയിങ്ങനെ പറഞ്ഞവര്‍ക്കൊഴികെ വലത്തും ഇടത്തും പിന്നിലും ചെലവഴിച്ചവര്‍ക്കൊഴികെ. പക്ഷേ അവര്‍ വളരെ കുറവായിരിക്കും.' സകാത്തും സ്വദഖയും ഇതര ബാധ്യതകളും ന്യായമായ മറ്റാവശ്യങ്ങളും നിര്‍വഹിക്കാനായി സ്വരൂപിക്കപ്പെടുന്ന സമ്പത്ത് ഒരിക്കലും ആക്ഷേപ്യമല്ലെന്നു മാത്രമല്ല, അഭിനന്ദനീയം കൂടിയാണ് എന്നു വിവക്ഷ.

ആത്മീയവും ഭൗതികവുമായ ധന്യതയുടെ സംയോജനമാണ് നബിവചനങ്ങള്‍ നല്‍കുന്നതെന്ന് ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം.

എന്നെ മിസ്‌കീനായി ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യേണമേ എന്നതിന്റെ വിവക്ഷ
ഇബ്‌നുമാജയും ത്വബറാനിയും അബൂസഈദില്‍ ഖുദ്‌രി വഴി നബിയില്‍നിന്ന് ഉദ്ധരിച്ച താഴെ ഹദീസിന്റെ വിവക്ഷ തെറ്റായി മനസ്സിലാക്കുന്നതിനാല്‍ ഇസ്‌ലാം ദാരിദ്ര്യമാണ് സത്യവിശ്വാസികള്‍ക്ക് ഗുണകരമായി കാണുന്നതെന്ന് ചിലര്‍ ധരിച്ചുവശായിരിക്കുന്നു. ഹദീസിങ്ങനെ:
اللَّهُمَّ أَحْيِنِي مِسْكِينًا ، وَأَمِتْنِي مِسْكِينًا ، وَاحْشُرْنِي فِي زُمْرَةِ الْمَسَاكِينِ
'അല്ലാഹുവേ, നീ എന്നെ മിസ്‌കീനായി ജീവിപ്പിക്കേണമേ, നീ എന്നെ മിസ്‌കീനായി മരിപ്പിക്കേണമേ, മിസ്‌കീനുകളുടെ ഗണത്തില്‍ നീ എന്നെ സമ്മേളിപ്പിക്കേണമേ!.' ഈ പ്രാര്‍ഥനയിലെ 'മിസ്‌കീന്‍' എന്നതിനെ 'സാമ്പത്തികമായി ദരിദ്രന്‍' എന്ന് മനസ്സിലാക്കുന്നതാണ് കുഴപ്പം. ദാരിദ്ര്യമാകുന്ന പരീക്ഷണത്തില്‍നിന്ന് അഭയം തേടിയ നബി അല്ലാഹുവിനോട് ദാരിദ്ര്യം യാചിച്ചു വാങ്ങി മനസ്സിലാക്കാന്‍ കഴിയുമോ?
إن الله يحب العبد الغنيّ التقيّ الحفيّ
'തീര്‍ച്ചയായും അല്ലാഹു സമ്പന്നനും ഭക്തനും ദയാലുവുമായ ദാസനെ ഇഷ്ടപ്പെടുന്നു' എന്ന് നബി(സ) സഅ്ദിനോട് പറയുകയുണ്ടായി.

ഹി. 41-നും 50-നും ഇടയിലായി മരിച്ച് ധാരാളം ഒട്ടകങ്ങളാല്‍ സമ്പന്നനായ ഖൈസുബ്‌നു ആസ്വിലിനെ പുകഴ്ത്തി നബി പറഞ്ഞത് هذا سيد أهل الوبر (ധാരാളം ഒട്ടകങ്ങളുള്ളവരുടെ നേതാവ്) എന്നായിരുന്നു (താരീഖുല്‍ ഇസ്‌ലാം, ദഹബി 2/434)
അദ്ദേഹത്തെ ഉപദേശിച്ചുകൊണ്ട് നബി പറഞ്ഞത്,  
وأصلحوا عيشكم فانه منبهه للكرم وإيّاكم ومسالة النّاس
 'നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നല്ല സമ്പത്ത് സംഭരിച്ച് ധന്യമാക്കുക, അത് നിങ്ങള്‍ക്ക് ഔദാര്യത്തിന് പ്രചോദകമാവും. നിങ്ങള്‍ ആളുകളോട് യോജിക്കുന്നതിനെ സൂക്ഷിക്കണം' എന്നായിരുന്നു. സമ്പത്തിന്റെ പ്രാധാന്യം എടുത്തു പറയുന്ന മറ്റൊരു സംഭവം കാണുക.
ഒരിക്കല്‍ അംറുബ്‌നു ആസ്വിനെ വിളിച്ചുവരുത്തിയിട്ട് നബി(സ) പറഞ്ഞു:
يا عمرو، إني اريد أن أبعثك على جيش فيغنك الله  وأرغب لك رغبة من المال صالحة
'അംറ്, ഞാന്‍ താങ്കളെ ഒരു സൈന്യത്തെ നായകനായി അയക്കാന്‍ ഉദ്ദേശിക്കുന്നു. അതുവഴി അല്ലാഹു താങ്കള്‍ക്ക് യുദ്ധമുതലുകള്‍ നല്‍കും. നിങ്ങള്‍ക്ക് നല്ല സമ്പത്തുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' പ്രതികരണമെന്നോണം അംറ് പറഞ്ഞു: 'ഞാന്‍ സമ്പത്ത് മോഹിച്ചല്ല ഇസ്‌ലാം സ്വീകരിച്ചത്. ഞാന്‍ ഇസ്‌ലാം മോഹിച്ചു മാത്രമാണ് മുസ്‌ലിമായത്. അതുവഴി അല്ലാഹുവിന്റെ ദൂതര്‍ക്കൊപ്പം കഴിയാന്‍ ഞാന്‍ ആഗ്രഹിച്ചു.' അപ്പോള്‍ നബി(സ)യുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
يا عمرو، نعم المال الصّالح للمرء الصّالح
'അംറ്! നല്ല മനുഷ്യന് നല്ല സമ്പത്ത് എത്ര നല്ലതാണ്' (അഹ്‌മദ്, ബുഖാരി, അബൂ അവാന, ഇബ്‌നു ഹിബ്ബാന്‍, ഹാകിം. അല്‍ബാനി സ്വഹീഹാക്കിയത്).
അബൂബക്‌റിന്റെ സ്വത്ത് എനിക്ക് ഉപകാരപ്പെട്ടപോലെ മറ്റൊരു സ്വത്തും എനിക്ക് ഉപകാരപ്പെട്ടിട്ടില്ല
ما نفعني مال قط ما نفعني مال أبي بكر
 -- എന്ന നബിയുടെ പ്രശംസ സമ്പന്നര്‍ വഹിക്കുന്ന പങ്കിനെ മഹത്വവല്‍ക്കരിക്കുന്നതാണ്.
സ്വന്തത്തിനു മാത്രമല്ല, തന്റെ ആശ്രിതര്‍ക്കു കൂടി സമ്പാദിച്ചുവെക്കാന്‍ നബി(സ) ഉപദേശിച്ചിട്ടുണ്ട്:    
إنك أن تذر ورثتك أغنياء خيرلك من أن تذرهم يتكفّفون الناس
  (നീ നിന്റെ അനന്തരാവകാശികളെ ധനികരായി വിട്ടേച്ചുപോകുന്നതാണ്, അവര്‍ ജനങ്ങളോട് കൈകാട്ടി യാചിക്കുന്ന നിലയില്‍ അവരെ വിട്ടേച്ചുപോകുന്നതിനേക്കാല്‍ നല്ലത് -ബുഖാരി, മുസ്‌ലിം).

മസ്ജിദുല്‍ ഹറാമില്‍ ആളുകള്‍ ഇരിക്കുന്നത് കണ്ട പ്രമുഖ പണ്ഡിതന്‍ ചോദിച്ചു: 'നിങ്ങള്‍ എന്താണ് ഇങ്ങനെ ഇരിക്കുന്നത്?' അവര്‍: 'ഞങ്ങള്‍ എന്തു ചെയ്യാനാണ്?' സുഫ്‌യാന്‍: 'നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യം നേടുക. നിങ്ങള്‍ മുസ്‌ലിംകളുടെ ആശ്രിതരാവരുത്.' അഹ്‌മദുബ്‌നു ഹമ്പല്‍ പറയുന്നു: സ്വഹാബികളോ താബിഉകളോ അല്ലാഹുവില്‍ ഭരമേല്‍പിച്ചു മാത്രം ജീവിച്ചവരായിരുന്നില്ല. അവര്‍ ജോലി തേടുകയും ജോലി ചെയ്യുകയും കരുതലോടെ ജീവിക്കുകയും ചെയ്തു. അബ്ദുര്‍റഹ് മാനുബ്‌നു ഔഫിന്റെ 'സമ്പത്ത് എത്ര നല്ലത്, ഞാന്‍ അതുവഴി എന്റെ അഭിമാനത്തെ സംരക്ഷിക്കുന്നു, അതുവഴി ഞാന്‍ എന്റെ രക്ഷിതാവിലേക്ക് സാമീപ്യം നേടുന്നു'-
يا حبّذا المال أصون به عرضي وأتقرّب به إلى ربّي
- എന്ന പ്രസ്താവന നമുക്ക് പ്രചോദനമാകേണ്ടതാണ്.
കൂടാതെ,
اللهم إني أعوذ بك من الكفر والفقر 
  (അല്ലാഹുവേ, തീര്‍ച്ചയായും ഞാന്‍ നിന്നോട് സത്യനിഷേധത്തില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും അഭയം തേടുന്നു) എന്ന പ്രാര്‍ഥനയില്‍ ദാരിദ്ര്യത്തെയും സത്യനിഷേധത്തെയും ചേര്‍ത്തു പറഞ്ഞതും നാം പരിഗണിക്കണം.
ووجدك عائلاً فأغنى
(താങ്കളെ അവന്‍ -അല്ലാഹു- ദരിദ്രനായി കണ്ടു. അങ്ങനെ അവന്‍ ഐശ്വര്യം നല്‍കി) എന്ന സൂക്തം നബിക്ക് ദാരിദ്ര്യമുക്തമായ ജീവിതം പ്രദാനം ചെയ്തു എന്ന് എടുത്തു പറയുന്നതും ശ്രദ്ധിക്കണം.

ആയതിനാല്‍ 'മിസ്‌കീനായി ജീവിപ്പിക്കേണമേ!' എന്നതിനെ, 'വിനയാന്വിതനായി ജീവിപ്പിക്കേണമേ!' എന്ന് വ്യാഖ്യാനിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്. ഇബ്‌നുല്‍ അസീര്‍ എഴുതുന്നു:

'വിനയവും ലാളിത്യവുമാണ് വിവക്ഷ. എന്നെ അഹങ്കാരികളിലും സ്വേഛാധിപതികളിലും പെടുത്തരുതേ എന്നു സാരം. അഹങ്കാരികളുടെ ജീവിതത്തില്‍നിന്ന് അകന്നുമാറിയായിരുന്നുവല്ലോ അവിടുത്തെ ജീവിതം.'
ദുന്‍യാവിലെ ദാരിദ്ര്യത്തെ ദൗര്‍ഭാഗ്യമായി എടുത്തു പറയുന്ന താഴെ നബിവചനവും സാമ്പത്തിക സുസ്ഥിതിയെ തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്:
وإن أشقى الأشقياء من اجتمع عليه فقر الدنيا وعذاب الآخرة
'ദൗര്‍ഭാഗ്യവാന്മാരില്‍ ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍ ദുന്‍യാവിലെ ദാരിദ്ര്യവും പാരത്രിക ശിക്ഷയും ഒരുപോലെ അനുഭവിക്കേണ്ടിവരുന്നവരാണ്' (ഹാകിം). അല്ലാഹുവിന് തൃപ്തിയുള്ള രണ്ടും - ധന്യതയും പാരത്രിക ശിക്ഷാമുക്തിയും - നേടിയെടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ലെന്നു സാരം.

സാധുക്കള്‍ക്ക് സാന്ത്വനം
ധന്യതയെ പ്രോത്സാഹിപ്പിക്കുകയും അത് നേടിയെടുക്കാന്‍ സഹായകമായ മാര്‍ഗങ്ങളെ സംബന്ധിച്ച് ഉപദേശ രൂപത്തെയും പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചും പ്രോത്സാഹിപ്പിച്ച നബി(സ) അതേസമയം, ദരിദ്രരെ സാന്ത്വനിപ്പിക്കാനായി ധാരാളം ആശ്വാസ വചനങ്ങള്‍ പറഞ്ഞതായി കാണാം:
(എ) ആഇദുബ്‌നു അംറില്‍നിന്ന് നിവേദനം: ഒരിക്കല്‍ അബൂസുഫ്‌യാന്‍ സല്‍മാനുല്‍ ഫാരിസി, സ്വുഹൈബ്, ബിലാല്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് അടുത്തുവന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ വാളുകള്‍ ഇതുവരെ അല്ലാഹുവിന്റെ ശത്രുവിന്റെ -അബൂസുഫ്‌യാന്റെ- കഴുത്തെടുത്തില്ല.' അപ്പോള്‍ അബൂബക്ര്‍ പറഞ്ഞു: 'ഖുറൈശികളിലെ നേതാവും പ്രമുഖനുമായ ഒരാളെ പറ്റിയാണോ നിങ്ങള്‍ ഇങ്ങനെ പറയുന്നത്.' അബൂസുഫ്‌യാന്‍ നബി(സ)യെ സമീപിച്ച് അഭയം നേടി. അവിടുന്ന് അഭയം നല്‍കി. അപ്പോള്‍ നബി(സ) അബൂബക്‌റിനോടായി പറഞ്ഞു:
يا أبا بكر، لعلك أغضبتهم، لئن كنت أغضبتهم لقد أغضبت ربّك
'അബൂബക്ര്‍! നിങ്ങള്‍ അവരെ ദേഷ്യം പിടിപ്പിച്ചു കാണും. നിങ്ങള്‍ അവരെ- ദരിദ്രരായ സല്‍മാനെയും ബിലാലിനെയും സ്വുഹൈബിനെയും- ദേഷ്യം പിടിപ്പിച്ചു കളഞ്ഞു' അബൂബക്ര്‍ മൂവരെയും സമീപിച്ച്, 'സഹോദരന്മാരേ, ഞാന്‍ നിങ്ങളെ ദേഷ്യപ്പെടുത്തിയോ?'
അവര്‍: 'ഇല്ല, സഹോദരാ, അല്ലാഹു താങ്കള്‍ക്ക് പൊറുത്തുതരട്ടെ!' (മുസ്‌ലിം).
(ബി) അബൂദര്‍റില്‍നിന്ന് നിവേദനം: നബി(സ) എന്നെ ഉപദേശിച്ചു:
أوصاني أن لا أنظر إلى من هو فوقي، وأنظر إلى من هو دوني، وأوصاني بحب المساكين، والدنوّ منهم
'എന്റെ മുകളിലുള്ളവരിലേക്ക് നോക്കാതിരിക്കാനും താഴെയുള്ളവരിലേക്ക് നോക്കാനും പാവങ്ങളെ സ്‌നേഹിക്കാനും അവരുമായി അടുത്തു നില്‍ക്കാനും..... നബി(സ) എന്നെ ഉപദേശിച്ചു' (ത്വബറാനി, ഇബ്‌നു ഹിബ്ബാന്‍).
(സി) മുസ്വ്അബുബ്‌നു സഅ്ദില്‍നിന്ന് നിവേദനം: പിതാവ് സഅ്ദിന് തനിക്ക് മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന ധാരണയുണ്ടായിരുന്നു. അത് തിരുത്തിക്കൊണ്ട് നബി(സ) പറഞ്ഞത്,
هل تنصرون وترزقون إلا بضعفائكم 
'നിങ്ങള്‍ സഹായിക്കപ്പെടുന്നതും നിങ്ങള്‍ക്ക് ആഹാരം ലഭിക്കുന്നതും നിങ്ങളിലെ ദുര്‍ബലര്‍ കാരണമായല്ലയോ?' (ബുഖാരി, നസാഈ) എന്നായിരുന്നു.

സമാപനം
മുകളിലുദ്ധരിച്ചതും അതുപോലുള്ളതുമായ ഹദീസുകള്‍ സമ്പന്നതയാലും ദാരിദ്ര്യത്താലും മനുഷ്യര്‍ പരീക്ഷിക്കപ്പെടുമെന്നാണ് മൊത്തത്തില്‍ പഠിപ്പിക്കുന്നത്. രണ്ടു രീതിയിലുമുള്ള പരീക്ഷണത്തില്‍ വിജയിക്കുക എന്നതാണ് പ്രധാനം.
-ദാരിദ്ര്യത്തെയും ദരിദ്രരെയും പുകഴ്ത്തിയുള്ള നബിവചനങ്ങള്‍ ദാരിദ്ര്യത്തിന്റെ പേരിലുള്ള പീഢകളുടെ വിഷയത്തില്‍ ക്ഷമിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്നവയും സമ്പന്നരും സാധുക്കളും തമ്മില്‍ രൂപപ്പെടുന്ന സാഹോദര്യത്തിലൂടെ സാമൂഹിക സുരക്ഷിതത്വം സാധ്യമാക്കുകയുമാണ്.

-ഐശ്വര്യത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നത്, അതിന്റെ പേരിലുണ്ടാകുന്ന പരിധിലംഘനങ്ങള്‍ ഒഴിവാക്കാനും പാരത്രിക വിചാരണയെക്കുറിച്ച ചിന്ത സജീവമാക്കാനുമാണ്.

മഹ്‌മൂദുബ്‌നു ലബീദ് (റ) നബി(സ)യില്‍നിന്ന് ഉദ്ധരിച്ച ഹദീസോടെ ഇതവസാനിപ്പിക്കാം:
اثنتان يكرههما ابن آدم: الموت، والموت خير من الفتنة، ويكره قلة المال، وقلة المال أقل للحساب
'രണ്ടു കാര്യങ്ങള്‍ മനുഷ്യപുത്രന്‍ വെറുക്കുന്നു: മരണം. മരണം കുഴപ്പത്തേക്കാള്‍ ഉത്തമമാകുന്നു. അവന്‍ സമ്പത്ത് കുറയുന്നത് വെറുക്കുന്നു. സമ്പത്ത് കുറയുന്നത് വിചാരണ കുറച്ചുതരും.'

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top