സാമ്പത്തിക പ്രതിസന്ധിയും നമ്മുടെ ഉത്തരവാദിത്തങ്ങളും

സയ്യിദ് സആദത്തുല്ല ഹുസൈനി‌‌
img

നമ്മുടെ രാജ്യം ഒരു വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റ് അവസാനം മൊത്തം ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി) വളര്‍ച്ചയെക്കുറിച്ച കണക്കുകള്‍ പുറത്തുവന്നപ്പോള്‍ രാജ്യമൊന്നടങ്കം ഞെട്ടിത്തരിച്ചുപോയി. അഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ്ഘടനയായി മാറുമെന്ന ദൃഢനിശ്ചയവുമായി മുന്നോട്ടു പോകുന്ന നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ടത്രെ. ഒരു സംഘം വിദഗ്ധര്‍ പറയുന്നത് ഈ അഞ്ച് ശതമാനം തന്നെ സംശയാസ്പദമാണെന്നാണ്. വളര്‍ച്ചാ കണക്കുകളെക്കുറിച്ച പ്രചാരണം ഗംഭീരമായി നടക്കുന്നുണ്ടെങ്കിലും അത് യഥാര്‍ഥത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണെന്നാണ് അവരുടെ പക്ഷം. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് രണ്ടു ശതമാനത്തിലേക്ക് താണിരിക്കുന്നു. നിര്‍മാണ (മാനുഫാക്ചറിംഗ്) മേഖലയില്‍ അത് ഏകദേശം പൂജ്യത്തോടടുത്തിരിക്കുന്നു - കേവലം 0.6 ശതമാനം മാത്രം. തൊഴിലില്ലായ്മ ആറ് ശതമാനം കടന്നിരിക്കുന്നു. നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ എട്ടു ശതമാനത്തോളമാണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മാ നിരക്കാണിത്. വാഹനനിര്‍മാണ മേഖല അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട നിലയിലെത്തി നില്‍ക്കുന്നു. വാഹന വില്‍പ്പന നാല്‍പ്പത് ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ്, അശോക് ലൈലാന്‍ഡ് പോലുള്ള വലിയ വാഹന നിര്‍മാണകമ്പനികള്‍ തങ്ങളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. നിര്‍മാണ മേഖലയില്‍ വാഹന നിര്‍മാണ വ്യവസായമാണ് ജി.ഡി.പിയുടെ 49 ശതമാനവും സംഭാവന നല്‍കുന്നത് എന്നോര്‍ക്കുക. മൂന്നരക്കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖല കൂടിയാണിത്. വാഹന വ്യവസായ മേഖലയില്‍ മാത്രം പന്ത്രണ്ടോ പതിമൂന്നോ ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. ബിസ്‌കറ്റ്, സോപ്പ് പോലുള്ള സാധനങ്ങളുടെ വില്‍പ്പനയില്‍ അമ്പരപ്പിക്കുന്ന ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ബ്രിട്ടാനിക്ക, ഡാബര്‍ പോലുള്ള കമ്പനികള്‍ വരെ വലിയ സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വരുന്നതു മൂലം ഉല്‍പാദനം കുറക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. രാജ്യത്ത് മൊത്തം, നിര്‍മാണം കഴിഞ്ഞ ഏകദേശം പതിമൂന്ന് ലക്ഷം വീടുകളോ അപ്പാര്‍ട്ട്‌മെന്റുകളോ വാങ്ങാനാളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. കെട്ടിട നിര്‍മാണ മേഖലയെ മാത്രം ആശ്രയിച്ച് ഇരുനൂറ്റി അമ്പതിലധികം മറ്റു വ്യവസായങ്ങളും (സ്റ്റീല്‍, സിമന്റ് മുതല്‍ പെയിന്റ്, ഫര്‍ണീച്ചര്‍ വരെ) ഉണ്ടെന്ന് ഓര്‍ക്കുക. ഇവയൊക്കെയും ഗുരുതരമായ പ്രതിസന്ധി നേരിടുന്നു.

ഇതല്‍പ്പം വിവരങ്ങള്‍ മാത്രം. സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ നഷ്ടവും എത്രമാത്രം ആശങ്കാജനകമാണെന്ന് മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ മതിയാകും. നഗരങ്ങളിലെ തൊഴില്‍ നഷ്ടം എല്ലാ വീടുകളും അറിയാന്‍ തുടങ്ങിയിരിക്കുന്നു. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ ഇതിനേക്കാള്‍ രൂക്ഷമാണ്. വളരെ തിരക്കുണ്ടായിരുന്ന ബസാറുകളും ഷോപ്പിംഗ് മാളുകളും നിശ്ശബ്ദമാവുകയാണ്. ഭൂമിവില്‍പന പാടേ നിലച്ചിരിക്കുന്നു എന്നു പറയാം. സ്വര്‍ണവിലയാകട്ടെ ആകാശം മുട്ടെ കുതിച്ചുയരുന്നു. അങ്ങനെ സ്വര്‍ണവില്‍പനയും പ്രതിസന്ധിയിലായിരിക്കുന്നു.

രാജ്യത്തെ കോടിക്കണക്കിന് ദരിദ്രനാരായണന്മാരുടെ കാര്യം പിന്നെ പറയാനുമില്ലല്ലോ. പ്രതിസന്ധി നാള്‍ക്കുനാള്‍ രൂക്ഷമാകുന്നതിന്റെ അടയാളങ്ങളാണ് കാണാനുള്ളത്. നമ്മുടെ രാജ്യത്ത് ചെറുപ്പക്കാരുടെ അനുപാതം വളരെ കൂടുതലാണ്. ഓരോ വര്‍ഷവും ഏകദേശം രണ്ട് കോടി യുവാക്കള്‍ ജോലി തേടി തൊഴില്‍ കമ്പോളത്തില്‍ എത്തുന്നുണ്ട്. മൊത്തം ആസ്‌ത്രേലിയന്‍ ജനസംഖ്യക്ക് തുല്യമായ എണ്ണമാണിത്. അങ്ങനെയൊരു രാജ്യത്ത് സാമ്പത്തിക രംഗം കുത്തുപാളയെടുക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ. ജനസംഖ്യാ വിദഗ്ധര്‍ ഇതിനെ 'ജനസംഖ്യാ ദുരന്തം' (Demographic disaster) എന്നാണ് വിളിക്കുന്നത്. ഇത്രയധികം വരുന്ന യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാതിരിക്കുകയും അവര്‍ നിരാശയുടെ പിടിയിലകപ്പെടുകയും ചെയ്താല്‍ അതുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമായിരിക്കും. വര്‍ഗീയതയും വംശീയതയും ആഭ്യന്തര കലാപവും മറ്റു അതിക്രമങ്ങളും കത്തിപ്പടരാന്‍ ഈ തൊഴിലില്ലായ്മ കാരണമാക്കിയേക്കും. അതിനാല്‍ ഈ ഗുരുതര പ്രതിസന്ധി കാര്യഗൗരവത്തോടെ പഠിക്കപ്പെടേണ്ടതുണ്ട്.

വിദഗ്ധര്‍ എന്തു പറയുന്നു?
ഈയൊരവസ്ഥക്ക് കാരണമെന്ത്? സാമ്പത്തിക വിദഗ്ധര്‍ രണ്ടു ചേരികളായി വേര്‍തിരിഞ്ഞാണ് അതിന് ഉത്തരം നല്‍കുക. അതിലൊരു വിഭാഗം ഗവണ്‍മെന്റിന്റെ പക്ഷം ചേര്‍ന്നു നില്‍ക്കുന്നവരാണ്. വലിയ പ്രതിസന്ധിയുണ്ട് എന്നൊന്നും പറഞ്ഞാല്‍ അവര്‍ അംഗീകരിച്ചു തരില്ല. ശരിയാണ്, വളര്‍ച്ചാ നിരക്ക് കുറഞ്ഞിട്ടുണ്ട്. പക്ഷേ  അതൊരു 'ചാക്രിക മന്ദഗതി' (cyclical slowdown) മാത്രമാണ്. ഒരു മുതലാളിത്ത സമ്പദ്ഘടനയില്‍ വളര്‍ച്ച ത്വരിതഗതിയിലാകുന്നതും മന്ദഗതിയിലാകുന്നതും ഒരു സാധാരണ പ്രതിഭാസമാണ്. ഈ വിഭാഗത്തില്‍പെടുന്ന സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്, അത്തരത്തിലുള്ള ഒരു വളര്‍ച്ചാ മന്ദഗതി മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്. ചാക്രിക സ്വഭാവമുള്ള ഈ പ്രക്രിയയുടെ അടുത്ത ഘട്ടത്തില്‍ വളര്‍ച്ചാ നിരക്ക് ത്വരിതഗതിയിലാവുകയും ചെയ്യും. അവരില്‍തന്നെ ചിലര്‍ ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായും കാണുന്നുണ്ട്. അവരുടെ വീക്ഷണത്തില്‍, അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി, ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം, അതിന്റെ ഫലമായി ചൈനീസ് സമ്പദ് ഘടനക്കുണ്ടായ തിരിച്ചടി, ചൈനയില്‍ കടങ്ങള്‍ കണ്ടമാനം പെരുകിയത്, ജര്‍മനിയിലെ സാമ്പത്തിക മാന്ദ്യം, ബ്രെക്‌സിറ്റ്.... ഇതു പോലുള്ള ഒട്ടുവളരെ ഘടകങ്ങള്‍ നമ്മുടെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിച്ചു, അതാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്നാണ്. ഇതൊക്കെയും സര്‍ക്കാര്‍ ഭാഷ്യങ്ങള്‍ കൂടിയാണ്. സകല കാരണങ്ങളും വൈദേശികമാണെന്നര്‍ഥം.

വളരെ ദുര്‍ബലവും അടിസ്ഥാനരഹിതവുമാണ് ഈ വാദങ്ങള്‍. ഇപ്പോഴുള്ള പ്രതിസന്ധി ചാക്രികം (cyclical) അല്ല, ഘടനാപരം (structural) ആണ്. അതായത്, ഗവണ്‍മെന്റിന്റെ നയങ്ങളാണ് ഈ സാമ്പത്തിക ദുരന്തം വരുത്തിവെച്ചത്. ആഗോള പ്രതിസന്ധിയുണ്ടായിട്ടും മിക്ക മൂന്നാം ലോക രാജ്യങ്ങളുടെയും വളര്‍ച്ചാ നിരക്കിനെ അത് പ്രതികൂലമായി ബാധിച്ചിട്ടില്ല എന്ന് കാണാന്‍ കഴിയും. നമ്മുടെ അയല്‍പക്ക രാജ്യമായ ബംഗ്ലാദേശിന്റെ കാര്യമെടുക്കാം. അവരുടെ സമ്പദ്ഘടന നല്ല വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ബംഗ്ലാദേശിനെ കാര്യമായി ബാധിച്ചിരുന്നുവെന്ന് ഓര്‍ക്കണം. അന്ന് നമ്മുടെ നാട് ആ ആഘാതത്തില്‍നിന്ന് സുരക്ഷിതമായി നിലകൊള്ളുകയായിരുന്നു. ഉല്‍പാദന മാന്ദ്യമല്ല ഈ പ്രതിസന്ധിയുടെ കാരണമെന്ന് വളരെ വ്യക്തമാണ്. അതിലൊന്നും കുറവ് വന്നിട്ടില്ലെന്ന് കണക്കുകള്‍ നമ്മോട് പറയും. ഉല്‍പ്പന്നങ്ങളുടെ ആവശ്യം/ചോദന (demand) കുറഞ്ഞു എന്നതാണ് പ്രശ്‌നത്തിന്റെ അടിവേര്. അതിനാല്‍ ആഗോള പ്രതിസന്ധിയെ പഴിചാരി രക്ഷപ്പെടാന്‍ ഒരു പഴുതുമില്ല.

പ്രതിസന്ധിയെക്കുറിച്ച രണ്ടാമത്തെ വീക്ഷണം, പ്രതിപക്ഷത്തുള്ള സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടു വെക്കുന്നതാണ്. മുന്‍പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ് പ്രകടിപ്പിച്ച അഭിപ്രായമാണ് അതില്‍ ശ്രദ്ധേയം. ജി.എസ്.ടി, നോട്ട് നിരോധം പോലുള്ള മുന്നും പിന്നും നോക്കാതെയുള്ള ബി.ജെ.പി ഗവണ്‍മെന്റിന്റെ എടുത്തുചാട്ടങ്ങള്‍ മാത്രമാണ് ഈ പ്രതിസന്ധിക്ക് കാരണം എന്നാണ് അദ്ദേഹം പറയുന്നത്. അതില്‍ അഞ്ച് കാര്യങ്ങള്‍ അദ്ദേഹം അക്കമിട്ട് വിശകലനം ചെയ്യുന്നുണ്ട്. അദ്ദേഹം നിരത്തുന്ന ചില ന്യായങ്ങള്‍ വളരെ പ്രസക്തമാണെങ്കിലും, പ്രതിസന്ധിയുടെ മുഴുവന്‍ ഉത്തരവാദിത്തവും നിലവിലുള്ള ഗവണ്‍മെന്റിന്റെ തലയില്‍ കെട്ടിവെക്കുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനയായി മാത്രമേ കാണാന്‍ കഴിയൂ. നോട്ട് നിരോധം നമ്മുടെ സമ്പദ്ഘടനയെ മാരകമായി പരിക്കേല്‍പ്പിച്ചു എന്ന കാര്യത്തില്‍ ഒരാള്‍ക്കുമില്ല സംശയം. വേണ്ടത്ര ആലോചനയോ മുന്നൊരുക്കമോ ഇല്ലാതെ ജി.എസ്.ടി നടപ്പാക്കിയതും മുഴുവന്‍ സമ്പദ്ഘടനയെയും തളര്‍ത്തി. ഇതെല്ലാം സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുക മാത്രമാണ് ചെയ്തത്. യഥാര്‍ഥത്തില്‍ പ്രശ്‌നത്തിന്റെ അടിവേര് കിടക്കുന്നത്, വൈദേശിക ശക്തികളുടെ സമ്മര്‍ദത്താല്‍ നമ്മുടെ നാട് നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുതലാളിത്ത നയങ്ങളിലാണ്. മുന്‍ ഗവണ്‍മെന്റിന്റെ നയവും ഇതു തന്നെയായിരുന്നല്ലോ. ഇപ്പോഴത്തെ ഗവണ്‍മെന്റ് വൈദേശിക യജമാനന്മാരുടെ തൃപ്തിക്കൊത്ത് പൂര്‍വോപരി ആവേശത്തോടെ, പ്രതിബദ്ധതയോടെ അത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്നുമാത്രം. ഈ മുതലാളിത്ത നയങ്ങളെയാണ് നാം വിശകലനം ചെയ്യാന്‍ പോകുന്നത്. ഇസ്‌ലാമികാധ്യാപനങ്ങള്‍ എങ്ങനെ പ്രതിസന്ധിക്ക് പരിഹാരമാവുമെന്നും ഇസ്‌ലാമിന്റെ വക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍വഹിക്കാനുള്ള റോള്‍ എന്താണെന്നും ഒപ്പം വിശദീകരിക്കുന്നു.

കാരണം ഒന്ന്: പാവങ്ങളെ ദ്രോഹിക്കുന്ന സാമ്പത്തിക നയങ്ങള്‍
ഏതാനും വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നയങ്ങള്‍ സാധാരണക്കാര്‍ക്കു വേണ്ടിയുള്ളതല്ല; ഒരു പറ്റം സമ്പന്നരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. ഇന്നും നമ്മുടെ രാജ്യത്തെ പകുതിയിലധികം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചുകഴിയുന്നവരാണ്. കൃഷിയെ നിരന്തരം അവഗണിക്കുന്ന കുറ്റകരമായ അനാസ്ഥയാണ് ഭരണകൂട നയങ്ങളില്‍ കാണാനാവുന്നത്. കൃഷികൊണ്ട് മുതലാളിമാര്‍ക്ക് പെട്ടെന്ന് നേട്ടം കൊയ്യാനാവില്ലല്ലോ. ജനങ്ങളുടെ മറ്റൊരു പ്രധാന ഉപജീവനമാര്‍ഗം ചെറുകിട കച്ചവട (retail) മാണ്. വിദേശ മൂലധനവും വന്‍ കോര്‍പറേറ്റുകളും ഓണ്‍ലൈന്‍ കച്ചവടവുമായി ബന്ധപ്പെട്ട പുതിയ നയങ്ങളും ചെറുകിട വ്യാപാര മേഖലയിലെ തൊഴില്‍ സാധ്യതകളെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. മാനുഫാക്ചറിംഗ് സെക്ടറാണ് സാധാരണക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന മറ്റൊരു പ്രധാന മേഖല. അവിടെയും കോര്‍പറേറ്റുകള്‍ പിടിമുറുക്കുന്നു. സര്‍വീസ്-ഇന്‍ഫ്രാസ്ട്രക്ചറര്‍ മേഖലകളിലാണ് ഭരണകൂടങ്ങള്‍ ശ്രദ്ധയൂന്നുന്നത്. അതിസമ്പന്നര്‍ ഈ മേഖലകളിലെ ഗവണ്‍മെന്റ് കോണ്‍ട്രാക്ടുകള്‍ എളുപ്പം നേടിയെടുക്കുന്നു. ഇവയൊന്നും സാധാരണക്കാര്‍ക്ക് ഏറെയൊന്നും തൊഴില്‍ നല്‍കുന്നില്ല. ജി.ഡി.പി വര്‍ധിക്കുന്നുണ്ടാവാം; പക്ഷേ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല.
ഇന്ത്യയെപ്പോലുള്ള ഒരു ദരിദ്രരാജ്യത്ത് അനൗപചാരിക സമ്പദ്ഘടന (informal economy) വലിയ പങ്ക് നിര്‍വഹിക്കാനുണ്ട്. സമ്പദ്ഘടനയുടെ വലിയൊരു ഭാഗം ആ മേഖലയിലാണ്. വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ആ മേഖല തന്നെ. അനൗപചാരിക സമ്പദ്ഘടനയുടെ പ്രത്യേകത, ആഗോള സമ്പദ്ഘടനയിലുണ്ടാകുന്ന തകിടംമറിച്ചിലുകളും മാന്ദ്യവുമൊന്നും അതിനെ ബാധിക്കുകയില്ല എന്നതാണ്. പക്ഷേ, മൂലധന ശക്തികള്‍ക്കു വേണ്ടി ഭരണകൂടം ആ മേഖലയെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി ഒരു വശത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമാവുകയാണ്. മറുവശത്ത്, നമ്മുടെ മൊത്തം സമ്പദ്ഘടനയും ആഗോള മൂലധനശക്തികളുടെ പിടിയിലമര്‍ന്നിരിക്കുന്നു. ആഗോള കമ്പോളത്തിലെ കേറ്റിറക്കങ്ങള്‍ നമ്മുടെ സമ്പദ്ഘടനയെ പെട്ടെന്ന് ബാധിക്കുകയും ചെയ്യുന്നു.

ഇത്തരം പോളിസികളുടെ ഫലമായി നമ്മുടെ നാട്ടില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകുന്നുണ്ടെങ്കിലും, ധനിക-ദരിദ്ര അന്തരം വളരെക്കൂടിയിരിക്കുന്നു. 2019 വര്‍ഷാദ്യം പുറത്തു വന്ന ഓക്‌സ്ഫാം റിപ്പോര്‍ട്ടനുസരിച്ച് ഒരു ശതമാനം വരുന്ന സമ്പന്നര്‍ രാജ്യത്തെ നാലില്‍ മൂന്ന് സമ്പത്തും (73 ശതമാനം) കൈയടക്കിവെച്ചിരിക്കുന്നു. അതിന് മുമ്പുള്ള വര്‍ഷം ഈ ധനിക വിഭാഗത്തിന്റെ വിഹിതം 58 ശതമാനം ആയിരുന്നു. അതായത് ഈ ധനിക വര്‍ഗത്തിന് ഒറ്റ വര്‍ഷം കൊണ്ട് വര്‍ധിച്ചത് 21 ലക്ഷം കോടി രൂപയാണ്. രാഷ്ട്ര സമ്പത്തില്‍ അവരുടെ വിഹിതം പതിനഞ്ച് ശതമാനം കൂടി എന്നര്‍ഥം. അതേസമയം ജനസംഖ്യയില്‍ പകുതി വരുന്ന രാജ്യത്തെ ദരിദ്രര്‍(അവര്‍ 67 കോടി വരും)ക്ക് രാഷ്ട്രസമ്പത്തിലുള്ള വിഹിതം രണ്ട് ശതമാനം മാത്രം. ധനിക-ദരിദ്ര അന്തരം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടെ നാട്. ആ അന്തരം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സമ്പത്ത് അസാധാരണമായി വര്‍ധിച്ചിട്ടും ദാരിദ്ര്യത്തിന്റെ തോത് കുറക്കാനോ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ കഴിയാതെ പോകുന്നത്.

പൊതുജനത്തിന് തൊഴിലില്ലാതെയായാല്‍ അവരുടെ വാങ്ങല്‍ ശേഷി കുറയും. അതുകൊണ്ടാണ് ചോദന (demand) പറ്റേ കുറഞ്ഞുപോയത്. പണമെല്ലാം കുറച്ച് മുതലാളിമാരുടെ കൈവശമായി കഴിഞ്ഞാല്‍ സാധാരണക്കാരന് വണ്ടി വാങ്ങാനോ വീടു വെക്കാനോ കഴിയില്ല. എന്നല്ല ബിസ്‌ക്കറ്റും സോപ്പും പോലും വാങ്ങാന്‍ കഴിയാതെ വരും. അതുകൊണ്ടാണ് ബസാറുകള്‍ തണുത്തുറഞ്ഞ് നിശ്ചലമായിപ്പോയത്; മാന്ദ്യത്തിന്റെ കാര്‍മേഘങ്ങള്‍ അവയെ വന്നു മൂടിയതും. ഇതാണ് നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പൊതുജനത്തിന് എന്തെങ്കിലും വാങ്ങാനുള്ള ശേഷി ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ വിറ്റുപോവണമെങ്കില്‍ പണക്കാരുടെ കൈകളില്‍ കുമിഞ്ഞു കിടക്കുന്ന ധനം സാധാരണക്കാരുടെ കൈകളിലെത്തണം. ഡോ. മന്‍മോഹന്‍ സിംഗ് മുന്നോട്ടു വെച്ച പരിഹാര നിര്‍ദേശങ്ങളിലൊന്ന് പാവപ്പെട്ടവന്റെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുക എന്നതാണ്. അതിന് കാര്‍ഷിക രംഗത്തും ഗ്രാമീണ മേഖലകളിലും കൂടുതല്‍ പണമെത്തുകയും അവിടങ്ങളില്‍ ധാരാളമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വേണം.

ഇസ്‌ലാം പറയുന്നത് വികസനം വേണമെന്നു തന്നെയാണ്; പക്ഷേ, ചില ഉപാധികളോടെ മാത്രം. കമ്യൂണിസം സമത്വത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍, ക്യാപിറ്റലിസം സ്വാതന്ത്ര്യത്തിന്റെയും വളര്‍ച്ചയുടെയും മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ ഇസ്‌ലാം ഉയര്‍ത്തുന്നത് നീതിയുടെ മുദ്രാവാക്യമാണ്. നീതിയില്‍ സമത്വവും വളര്‍ച്ചയും സ്വാതന്ത്ര്യവുമെല്ലാം ഉള്ളടങ്ങിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ സമത്വവും വളര്‍ച്ചയും സ്വാതന്ത്ര്യവും നിരുപാധികമല്ല; നീതിയുടെ തേട്ടങ്ങള്‍ക്കൊത്താവണം അവ സംഭവിക്കുന്നത്. മുതലാളിത്ത സമ്പദ്ഘടന, സാമ്പത്തിക വളര്‍ച്ചയെ വണ്ടിയുടെ മുമ്പിലും മനുഷ്യനെ അതിന്റെ പിറകിലുമാണ് കെട്ടുക. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ മര്‍മസ്ഥാനത്തുള്ളത് മനുഷ്യനാണ്. മൂലധനവും സാമ്പത്തിക വളര്‍ച്ചയുമൊക്കെ മനുഷ്യനു വേണ്ടിയാണ്. അതായത്, വളര്‍ച്ചയെയും വികസനത്തെയും കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് മാനുഷികതക്കും അതിന്റെ താല്‍പര്യങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കണം.

ഖുര്‍ആന്‍ പറയുന്നു: ''വിവിധ നാടുകളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്തതൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത്. ദൈവദൂതന്‍ നിങ്ങള്‍ക്കു നല്‍കുന്നതെന്തോ അതു നിങ്ങള്‍ സ്വീകരിക്കുക. വിലക്കുന്നതെന്തോ അതില്‍നിന്ന് വിട്ടകലുകയും ചെയ്യുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെ; തീര്‍ച്ച'' (അല്‍ ഹശ്ര്‍ 7).
അതായത് ധനം പണക്കാര്‍ക്കിടയില്‍ മാത്രം കറങ്ങാതെ ധനികരില്‍നിന്ന് പാവങ്ങളിലേക്ക് വിനിമയം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാവണമെന്നത് സാമ്പത്തിക നയത്തിന്റെ ഒരു മുഖ്യ ലക്ഷ്യമാവണം. ഇതിനു വേണ്ടിയാണ് ഇസ്‌ലാമിക ശരീഅത്ത് പലിശ നിരോധിച്ചതും സകാത്ത് നിര്‍ബന്ധമാക്കിയതും. നികുതിഘടന, ധനവിനിയോഗം, പൊതുസുരക്ഷാ സംവിധാനങ്ങള്‍, വികസനനയങ്ങള്‍ ഇവയിലെല്ലാം ഗവണ്‍മെന്റ് ശ്രദ്ധിക്കേണ്ടത് പണക്കാരില്‍നിന്ന് പണം ദരിദ്രരിലേക്കാണ് നീങ്ങുന്നത് എന്ന് ഉറപ്പു വരുത്താനാണ്. ധനവും ഉല്‍പാദനോപാധികളും സാധ്യമാവുന്ന അളവില്‍ നീതിപൂര്‍വം വിതരണം ചെയ്യപ്പെടുന്നു എന്നും ഉറപ്പാക്കണം. സോഷ്യലിസ്റ്റുകള്‍ പറയുന്ന പ്രകൃതിക്ക് നിരക്കാത്ത സ്ഥിതിസമത്വവാദം ഇസ്‌ലാമിനില്ല. അതേസമയം ധനകാര്യ നയങ്ങളില്‍ അസമത്വങ്ങള്‍ കുറക്കാനുള്ള സാധ്യമാവുന്ന എല്ലാം ഉള്‍പ്പെടുത്തിയിരിക്കണമെന്നും അതിന് നിര്‍ബന്ധമുണ്ട്.

ഇത്തരം നയനിലപാടുകള്‍ നടപ്പാക്കിയ ശേഷവും അവശേഷിക്കുന്ന ദാരിദ്ര്യത്തിനും സമാനപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ദൈവമാര്‍ഗത്തില്‍ വ്യക്തികള്‍ നടത്തുന്ന സ്വദഖ പോലുള്ള ധനവ്യയങ്ങള്‍. സകാത്ത് എന്ന സംഘടിത സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം ദരിദ്രരുടെ കൈവശവും പണമെത്തുന്നുവെന്നും അവരും ചെലവഴിക്കാന്‍ ശേഷി നേടുന്നുവെന്നും ഉറപ്പു വരുത്തലാണ്. 

റമദാനിലും പെരുന്നാള്‍ സന്ദര്‍ഭങ്ങളിലുമൊക്കെ പാവപ്പെട്ടവര്‍ വസ്ത്രങ്ങളും മറ്റും വാങ്ങുന്നത് പണം അവരുടെ കൈകളില്‍ എത്തിയതുകൊണ്ടാണല്ലോ. സകാത്തും ദൈവമാര്‍ഗത്തിലെ മറ്റു ചെലവഴിക്കലുകളും എല്ലാവരെയും വാങ്ങാന്‍ ശേഷിയുള്ളവരായി നിലനിര്‍ത്തുന്നു. ഇങ്ങനെ മാത്രമേ സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാനാവൂ. അല്ലാഹു അവതരിപ്പിച്ച സകാത്ത് സംവിധാനത്തിന്, അസമത്വങ്ങള്‍ കുറക്കാനും സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരുടെ വാങ്ങല്‍ ശേഷി നിലനിര്‍ത്താനുമുള്ള അത്ഭുതകരമായ ആന്തരിക കരുത്തുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് (2013-ല്‍) തോമസ് പിക്കറ്റി (Thomas piketty) എന്നൊരാള്‍, ലോകസാമ്പത്തിക ഘടനയുടെ കുഴമറിച്ചിലിനെക്കുറിച്ച് capital in the twenty first century (മൂലധനം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍) എന്ന പേരില്‍ ഒരു പുസ്തകമെഴുതിയിരുന്നു. ലോകത്ത് വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ അന്വേഷണം. അദ്ദേഹം പറയുന്നത്, മൂലധനത്തിന്മേലുള്ള വരുമാനത്തിന്റെ തോത് (rate of return on capital) രാജ്യത്തെ വളര്‍ച്ചാ നിരക്കിന്റെ തോതി(rate of growth)നേക്കാള്‍ കൂടുമ്പോള്‍ ധനം ഒന്നോ രണ്ടോ ശതമാനം മാത്രം വരുന്ന പണക്കാരുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെട്ടുപോകും എന്നാണ്. ഇതിന് പരിഹാരമായി അദ്ദേഹം നിര്‍ദേശിക്കുന്നതാകട്ടെ സകാത്ത് സംവിധാനം തന്നെ! അദ്ദേഹം പറയുന്നത് വരുമാനത്തിന് മാത്രമല്ല ആസ്തികള്‍(assets)ക്കും നികുതി ചുമത്തണമെന്നാണ്. എങ്കിലേ മൂലധനത്തിന്മേലുള്ള വരുമാനത്തോട് സമാസമം വരുന്ന രീതിയില്‍ വളര്‍ച്ചാ തോതും ഉയരുകയുള്ളൂ. സകാത്ത് സംവിധാനത്തിലൂടെ സാധ്യമാവുന്നതും അതാണ്. ആസ്തികള്‍ക്ക് ഏര്‍പ്പെടുത്തേണ്ട നികുതിയുടെ തോതിനെ സംബന്ധിച്ച് പിക്കറ്റി മുന്നോട്ടുവെക്കുന്ന നിര്‍ദേശം സകാത്ത് നിരക്കിനോട് അടുത്തു നില്‍ക്കുന്നതാണ്. പിക്കറ്റി രണ്ട് ശതമാനം ചുമത്താന്‍ പറയുമ്പോള്‍ സകാത്ത് സംവിധാനത്തിലത് രണ്ടര ശതമാനമാണ്.

രണ്ടാമത്തെ കാരണം: പലിശാധിഷ്ഠിത സമ്പദ്ഘടന
സാമ്പത്തിക പ്രതിസന്ധിയുടെ രണ്ടാമത്തെ കാരണം പലിശാധിഷ്ഠിത കടങ്ങളാണ്. മാന്ദ്യവും വളര്‍ച്ചാ മുരടിപ്പും പലിശാധിഷ്ഠിത സമ്പദ്ഘടനയുടെ അനിവാര്യ ദുരന്തമാണ്. പലിശാധിഷ്ഠിത മുതലാളിത്ത സമ്പദ്ഘടനക്ക് പലിശയില്‍നിന്നും അത് അടിച്ചേല്‍പ്പിക്കുന്ന നിരക്കുകളില്‍നിന്നും കുതറിച്ചാടാനാവില്ല. പലിശക്ക് ചുറ്റുമാവും ആ സമ്പദ്ഘടന കറങ്ങുക. വരവിനേക്കാള്‍ കവിഞ്ഞ ഉപഭോഗ(consumption)ത്തിനാണ് പലിശ വഴിവെക്കുക. ചെലവഴിക്കാന്‍ കൈയില്‍ പൈസയില്ലെങ്കില്‍ പലിശക്ക് കടം മേടിച്ചാല്‍ മതിയാവുമല്ലോ. ബാങ്കുകളിലേക്ക് പണം വന്നുകൊണ്ടിരിക്കുമ്പോള്‍ അത് കടമായി നല്‍കാനാണ് ബാങ്കുകള്‍ താല്‍പ്പര്യപ്പെടുക. പലിശ നിരക്ക് കുറച്ച് ലഘു ഉപാധികളോടെയാവും ബാങ്കുകള്‍ ലോണുകള്‍ അനുവദിക്കുക. ജനം കടമെടുത്ത് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തുടങ്ങും. ഇങ്ങനെ അസ്വാഭാവികമായ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യം(demand) വര്‍ധിക്കുന്നു. ഈ ആവശ്യം നിവര്‍ത്തിക്കാനായി ബാങ്കുകളില്‍നിന്ന് ലോണെടുത്ത് കമ്പനികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു. അങ്ങനെ വളര്‍ച്ച ദൃശ്യമാകുന്നു. ഈ വളര്‍ച്ച ഒരു ഘട്ടമെത്തുമ്പോള്‍ നില്‍ക്കും. പിന്നെയാണ് പലിശയുടെ മുഖം തെളിഞ്ഞു തുടങ്ങുക.

ഡിമാന്റ് കൂടുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ അധികമായി വേണ്ടിവരും. ഉല്‍പ്പാദനം കൂട്ടാന്‍ കടവും ധാരാളം ആവശ്യമായി വരും. ജനം ധാരാളമായി ചെലവഴിച്ച് തുടങ്ങുമ്പോള്‍ അവര്‍ മിച്ചം വെക്കുന്നത് കുറയും. മിച്ചം വെക്കുന്നത് കുറഞ്ഞാല്‍ ബാങ്കുകളുടെ മൂലധനത്തിലും കുറവ് വരും. മൂലധനം അല്ലെങ്കില്‍ സേവിംഗ്‌സ് കുറയുകയും കടത്തിന് ആവശ്യക്കാര്‍ കൂടുതലുണ്ടാവുകയും ചെയ്യുമ്പോള്‍ പലിശ നിരക്ക് കൂടാന്‍ തുടങ്ങുന്നു. പലിശ നിരക്ക് കൂടുന്നതോടെ പ്രതിപ്രവര്‍ത്തനം ആരംഭിക്കുകയായി. പലിശയും ഒപ്പം ഉല്‍പന്നങ്ങളുടെ വിലയും വര്‍ധിക്കുമ്പോള്‍ ആളുകള്‍ കടമെടുക്കുന്നതും ചെലവഴിക്കുന്നതും തടസ്സപ്പെടും. നിരാശയും ഉത്കണ്ഠയും വര്‍ധിക്കും. ജനം പണം ചെലവഴിക്കാതെ സൂക്ഷിച്ചു വെക്കാന്‍ തുടങ്ങും. അങ്ങനെ ഉല്‍പ്പന്നങ്ങളുടെ ചോദന (demand) കുറയുന്നു. കമ്പനികള്‍ക്ക് ഉല്‍പ്പാദനം കുറക്കേണ്ടിവരുന്നു. തൊഴിലവസരങ്ങളും കുറയുന്നു. ഇതിനെ നമ്മള്‍ മാന്ദ്യം(recession) എന്ന് വിളിക്കുന്നു. വളര്‍ച്ച, പിന്നെ തളര്‍ച്ച ഇവ രണ്ടും ഒന്നിന് പിറകെ ഒന്ന് എന്ന നിലയില്‍ വരുന്ന ഈ ദൂഷിത വലയം പലിശയുടെ ഡൈനമിക്‌സില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന ഒന്നാണ്. പ്രഗത്ഭ സാമ്പത്തിക വിദഗ്ധനും നൊബേല്‍ സമ്മാന ജേതാവുമായ മില്‍ട്ടന്‍ ഫ്രായ്ഡ്മാന്റെ ആ പ്രശസ്ത വചനം ഇസ്‌ലാമിക സാമ്പത്തിക വൃത്തങ്ങളില്‍ വളരെ പ്രചുരപ്രചാരമാണ്. അദ്ദേഹം പറഞ്ഞു: ''അമേരിക്കന്‍ സമ്പദ്ഘടന തെറ്റായ വഴിയില്‍ നീങ്ങാന്‍ കാരണമെന്താണ്? മനസ്സിലേക്ക് വരുന്ന പെട്ടെന്നുള്ള ഉത്തരം, പലിശനിരക്കിനെ സംബന്ധിച്ച തെറ്റായ നയം എന്നാണ്.''
ധാരാളം ലാഭം നല്‍കിക്കൊണ്ടിരിക്കുന്ന വ്യവസായങ്ങള്‍ എല്ലാ സന്ദര്‍ഭങ്ങളിലും അങ്ങനെയാവണമെന്നില്ല. പ്രത്യേകിച്ചും സാമ്പത്തികമാന്ദ്യത്തിന്റെ ഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന ലാഭം, നല്‍കേണ്ട പലിശ നിരക്കിനേക്കാള്‍ കുറവാണെങ്കില്‍ കച്ചവടക്കാരനും വ്യവസായിയുമൊന്നും റിസ്‌ക് എടുക്കാന്‍ നില്‍ക്കില്ല. മൂലധനമിറക്കാന്‍ അവര്‍ തയാറാവില്ല. ഫലം, തൊഴിലില്ലായ്മയും വിലക്കയറ്റവും സാമ്പത്തികമായ നിശ്ചലാവസ്ഥയും. ഇതിനെ ടstagflation എന്നാണ് വിളിക്കുക. ഇതും പലിശരഹിത സമ്പദ്ഘടനയില്‍ അനിവാര്യമായും സംഭവിക്കുന്ന ഒന്നാണ്.

നമ്മളിപ്പോള്‍ പറഞ്ഞ സാമ്പത്തിക പ്രതിഭാസം കഴിഞ്ഞ പത്തു പന്ത്രണ്ട് വര്‍ഷമായി നാം നമ്മുടെ നാട്ടില്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തികരംഗം പച്ചപിടിക്കുമ്പോള്‍ ബാങ്കുകള്‍ വലിയ അളവില്‍ കടങ്ങള്‍ ലഭ്യമാക്കാനുള്ള അവസരങ്ങള്‍ തുറക്കുന്നു. പരമ്പരാഗത ബാങ്കുകള്‍ക്ക് പുറത്തുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ വഴിയും (shadow banking) കടങ്ങള്‍ ലഭ്യമാക്കിത്തുടങ്ങുന്നു. തങ്ങള്‍ക്കുള്ള ശേഷിയേക്കാള്‍ കൂടുതലായി ബാങ്കുകള്‍ കടം കൊടുത്തിട്ടുണ്ടാവും. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഹൗസിംഗ് ലോണുകള്‍ എട്ടു ലക്ഷം കോടിയില്‍നിന്ന് 21 ലക്ഷം കോടിയായാണ് വര്‍ധിച്ചത്. ഇപ്പോള്‍ ജി.ഡി.പിയുടെ പതിനൊന്ന് ശതമാനം ഈ ഭവനവായ്പകളാണത്രെ. ഇന്ത്യയെപ്പോലുള്ള ഒരു ദരിദ്ര രാഷ്ട്രത്തില്‍ ഇത് അസാധാരണ പ്രതിഭാസമാണ്. ഹൗസിംഗ് ലോണുകള്‍ വര്‍ധിച്ചുകൊണ്ടിരുന്നാല്‍ ആ സമ്പദ്ഘടന ഏറെ വൈകാതെ മാന്ദ്യത്തിനടിപ്പെടുമെന്നത് സര്‍വാംഗീകൃതമാണ്.

വളര്‍ച്ച മുരടിച്ചുകഴിഞ്ഞാല്‍ അത് ബാങ്കിംഗ് മേഖലയില്‍ വലിയ അങ്കലാപ്പുണ്ടാക്കുകയായി. ഇന്ന് നമ്മുടെ ബാങ്കുകള്‍ ഏറ്റവും മോശമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.  കിട്ടാക്കടങ്ങള്‍ (bad debts) കൂടിക്കൂടി വന്നു പതിനൊന്ന് ലക്ഷം കോടിയുടെ അടുത്തെത്തിക്കഴിഞ്ഞു. ശേഷിയുണ്ടായിട്ടും തിരിച്ചടക്കാത്ത കടങ്ങള്‍(non-performing assests), ഇത് കാരണം കുത്തുപാളയെടുത്ത ഗ്രീസ്, ഇറ്റലി പോലുള്ള രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് നമ്മെ അടുപ്പിച്ചിരിക്കുകയാണ് (യൂറോപ്യന്‍ യൂനിയനെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ അതിലെ സമ്പന്ന രാഷ്ട്രങ്ങള്‍ ഈ രണ്ട് രാഷ്ട്രങ്ങളെയും പണം കൊടുത്ത് രക്ഷിച്ചെടുക്കുക(bailout)േയായിരുന്നു). ഇതിന്റെയൊക്കെ ഫലമായി ബാങ്കുകള്‍ക്ക് കടംകൊടുക്കാനുള്ള ശേഷി കുറഞ്ഞിരിക്കുന്നു. പലിശാധിഷ്ഠിത സമ്പദ്ഘടനയാകട്ടെ പലിശയില്ലാതെ ചലിക്കുകയുമില്ല. കമ്പനികള്‍ക്ക് ലോണ്‍ കിട്ടാതായാല്‍ അവ പ്രൊഡക്ഷന്‍ നിര്‍ത്തിവെക്കും. ഉപഭോക്തൃ കടങ്ങള്‍ ലഭ്യമായിരുന്ന ഉപഭോക്താവിന് അത് കിട്ടില്ലെന്ന് വരുന്നതോടെ അയാളുടെ വാങ്ങല്‍ ശേഷിയും അവതാളത്തിലാവുന്നു. ഇതും സാമ്പത്തിക സ്തംഭനാവസ്ഥക്ക് ഒരു പ്രധാന കാരണമാണ്. ഇത് മറികടക്കാന്‍ അമ്പതിനായിരം കോടി രൂപയാണ് ഗവണ്‍മെന്റ് ബാങ്കിംഗ് മേഖലയിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ബാങ്കുകള്‍ ലയിപ്പിച്ചും ഖജനാവില്‍നിന്ന് ഫണ്ടുകള്‍ ലഭ്യമാക്കിയും പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നു. റിസര്‍വ് ബാങ്കിന്റെ സൂക്ഷിപ്പു ധനത്തില്‍നിന്ന് രണ്ട് ലക്ഷം കോടിയും സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു.
സമ്പദ്ഘടനക്ക് ഇത്തരം മാരക പ്രഹരങ്ങള്‍ ഏല്‍പ്പിക്കുമെന്നത് കൊണ്ടുതന്നെയാണ് ഇസ്‌ലാം പലിശയെ കര്‍ശനമായി വിലക്കിയിട്ടുള്ളത്. ഖുര്‍ആനില്‍ എത്ര തെളിഞ്ഞ ഭാഷയിലാണ് ആ വിലക്ക് എന്നു നോക്കൂ: ''സത്യവിശ്വാസികളേ, നിങ്ങള്‍ പലിശ ഇരട്ടിക്കിരട്ടിയായി തിന്നരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ വിജയികളായേക്കും'' (3:130).
പലിശ വന്നുചേരുന്നതോടെ പണത്തിന്റെ സര്‍വ ഐശ്വര്യങ്ങളും നഷ്ടമായിപ്പോകുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ധനം പ്രത്യക്ഷത്തില്‍ വര്‍ധിക്കുന്നുണ്ടാവാം; പക്ഷേ യഥാര്‍ഥത്തില്‍ അവ ചുരുങ്ങിച്ചുരുങ്ങിപ്പോവുകയാണ്. ''അല്ലാഹു പലിശയെ മായ്ച്ചു കളയുന്നു; ദാനധര്‍മങ്ങളെ വളര്‍ത്തുകയും ചെയ്യുന്നു'' (2:276). അതായത്, പലിശക്ക് ഐശ്വര്യം(ബറകത്ത്) ഇല്ല; അതുള്ളത് ദാനധര്‍മങ്ങള്‍ക്കാണ് എന്നര്‍ഥം. പലിശയെ എടുത്തുമാറ്റുന്നതിലൂടെ ബദലായി ജന്മം കൊള്ളുന്നത് മൂലധനം കൊടുക്കുന്നവനും വാങ്ങുന്നവനും ലാഭനഷ്ടങ്ങളില്‍ ഒരുപോലെ ഉത്തരവാദിത്തവും പങ്കാളിത്തവും (equity based) ഉള്ള ഒരു ഘടനയായിരിക്കും. മൂലധനമിറക്കുന്നവനും അത് വാങ്ങുന്ന വ്യാപാരിയും റിസ്‌ക് ഒരുപോലെ ഏറ്റെടുക്കണം. കച്ചവടം മെച്ചപ്പെട്ടാല്‍ ഇരുകൂട്ടര്‍ക്കും അതിന്റെ പ്രയോജനമുണ്ട്; നഷ്ടം വന്നാല്‍ മൂലധനമിറക്കിയവനും ആ നഷ്ടത്തില്‍ പങ്കു ചേരേണ്ടിവരും. ഈ വ്യവസ്ഥക്ക് ഒരുപാട് പ്രയോജനങ്ങളുണ്ട്. പലിശരഹിത സമ്പദ്ഘടനകളില്‍ കാണുന്ന അസ്ഥിരത(instability)യോ, വളര്‍ച്ചാ മുരടിപ്പ് ദൂഷിത വലയമോ ഇവിടെ ഉണ്ടാകാനുള്ള സാധ്യതയില്ല. കാരണം വിവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ (മൂലധന സമാഹരണം, ഉല്‍പ്പാദനം, അവയുടെ വിതരണം, സേവിംഗ്‌സ് പോലുള്ളവ) പരസ്പര രജ്ഞിപ്പോടെയും മാര്‍ക്കറ്റിന്റെ ആവശ്യങ്ങള്‍ക്കൊത്ത് തുലനം (equilibrium) കാത്തുസൂക്ഷിച്ചുകൊണ്ടുമായിരിക്കും അപ്പോള്‍ നടക്കുക. വളര്‍ച്ച, പിന്നീട് മാന്ദ്യം എന്ന ചാക്രികത ഇല്ലാത്തതിനാല്‍ പെട്ടെന്ന് തൊഴിലുകള്‍ കൂടുക, പെട്ടെന്ന് തൊഴിലുകള്‍ ഇല്ലാതാവുക എന്ന പ്രതിഭാസം ഉണ്ടാവുകയില്ല. ഈ സന്തുലനം വിലയിലുണ്ടാകും. ഒരു വസ്തുവിനും ക്രമാതീതമായി വില ഉയരുകയില്ല. മൂലധനമെടുക്കുന്ന കച്ചവടക്കാരന്‍ പലിശയല്ല തിരിച്ചടക്കുന്നത്; തനിക്ക് ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതമാണ്. അങ്ങനെ പലിശനിരക്ക് എടുത്തു കളഞ്ഞ് കച്ചവടത്തിന് കളമൊരുക്കുന്നു. മൂലധനദായകനും ആ കച്ചവടത്തില്‍ പങ്കാളിയാണ്. ഇനി ഏതെങ്കിലും ഘട്ടത്തില്‍ കച്ചവടത്തില്‍ ലാഭം കുറഞ്ഞുപോയാല്‍ തന്നെ അപ്പോഴും കച്ചവടം നടന്നുകൊണ്ടിരിക്കും. മൂലധനത്തിന്റെ വരവ് നിന്നുപോവുകയില്ല. ഇത്തരമൊരു സമ്പദ്ഘടനയില്‍ നേരത്തേപ്പറഞ്ഞ stagflation സാധ്യത വളരെ കുറവാണ്.
രാജ്യത്തെ കോടിക്കണക്കിന് നിക്ഷേപകരെ നാം ഈ കച്ചവടത്തില്‍ പങ്കാളികളാക്കിയാല്‍, കച്ചവടം ചെയ്യുന്നവര്‍ക്ക് ലാഭം കൂടുന്നതിനനുസരിച്ച് ഈ നിക്ഷേപകര്‍ക്കും ലാഭം കൂടിക്കൊണ്ടിരിക്കും. ഏതാനും കോടിപതികളായ നിക്ഷേപകര്‍ ചുരുക്കം ചില ബിസിനസുകാര്‍ക്ക് മൂലധനം നല്‍കുന്ന രീതിയല്ല ഇവിടെ. അതിനാല്‍തന്നെ മുതലാളിത്ത ഘടനയില്‍ കാണുന്ന സാമ്പത്തിക അസമത്വങ്ങള്‍ അവിടെ കാണാനാവില്ല. രാജ്യനിവാസികളില്‍ വലിയൊരു വിഭാഗമാണ് ഈ പങ്കാളിത്ത ബിസിനസില്‍ പണമിറക്കുക. അവരുടെ പണമാണല്ലോ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍തന്നെ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യം(demand) വര്‍ധിച്ചുകൊണ്ടിരിക്കും. സര്‍വമേഖലകളിലും വളര്‍ച്ച പ്രകടമാകും. അതുകൊണ്ടാണ് സമ്പത്ത് കുന്നുകൂടാതിരിക്കാനും സാമ്പത്തികാതിക്രമങ്ങള്‍ തടയാനുമുള്ള ഒരു പ്രധാന വഴി പലിശനിരോധമാണ് എന്നു പറയുന്നത്. മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ, ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്, പങ്കാളിത്ത വ്യവസ്ഥ (equity finance)യില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നവരുടെ സമ്പത്തും കച്ചവടവുമൊക്കെയായിരിക്കും ഇത്തരം ഘട്ടങ്ങളില്‍ ഏറ്റവും സുരക്ഷിതം എന്നാണ്. അവിടെ മാന്ദ്യമുണ്ടാകാനുള്ള സാധ്യതയും കുറവാണ്. ബാങ്ക് പലിശയും മറ്റുമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലകപ്പെടുകയും ചെയ്യും.

മൂന്നാമത്തെ കാരണം: അഴിമതി
അഴിമതി, മൂലധന ശക്തികളുമായുള്ള രാഷ്ട്രീയക്കാരുടെ അവിഹിത ബന്ധങ്ങള്‍ (crony capitalism), രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അവസരവാദങ്ങള്‍. ഇതും സാമ്പത്തിക തകര്‍ച്ചക്ക് വലിയൊരു കാരണമാണ്. വ്യവസായികളും മറ്റു മൂലധന ശക്തികളും തങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി തെറ്റായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഭരണകൂടത്തിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നു. അതിന് വിധേയപ്പെട്ട് ഭരണകൂടങ്ങള്‍ പോളിസികള്‍ ചുട്ടെടുക്കുകയും സര്‍ക്കാര്‍ ബാങ്കുകളില്‍നിന്ന് ഭാരിച്ച തുക അവര്‍ക്ക് കടമായി അനുവദിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകദേശം അമ്പതിനായിരം കോടിയെങ്കിലും ചെലവഴിച്ചിട്ടുണ്ടാകുമെന്നാണ് അനുമാനം. ഇത് അതിനു മുമ്പുള്ള തെരഞ്ഞെടുപ്പു ചെലവിനേക്കാള്‍ രണ്ടിരട്ടി കൂടുതലാണ്. ഇതില്‍ അമ്പത് മുതല്‍ 70 ശതമാനം വരെ ചെലവഴിച്ചത് ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയാണ്, അവരാണ് വീണ്ടും അധികാരത്തില്‍ വന്നതും. മുന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തെരഞ്ഞെടുപ്പിനു മൂന്ന് വര്‍ഷം മുമ്പ് അനുവാദം നല്‍കിയ ഇലക്ട്രല്‍ ബോണ്ട് എന്ന സ്‌കീം വഴിയാണ് പണം രാഷ്ട്രീയ പാര്‍ട്ടികളില്‍ എത്തിച്ചേര്‍ന്നത്. ഈ സ്‌കീം പ്രകാരം മൂലധന ശക്തികള്‍ക്ക് തങ്ങളുടെ പേര് വെളിപ്പെടുത്താതെ, ബിനാമിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കാനാവും. ഇത് ശുദ്ധ 'ക്രോണി കാപിറ്റലിസം' (രാഷ്ട്രീയക്കാരും മൂലധനശക്തികളും തമ്മിലുള്ള അവിഹിത ബന്ധം) ആണെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്.വൈ ഖുറൈശി തുറന്നടിച്ചിരുന്നു.

രാജ്യത്തെ ബാങ്കിംഗ് മേഖല ആകെ അവതാളത്തിലാവാന്‍ പ്രധാന കാരണം കിട്ടാക്കടങ്ങള്‍(bad debts) പെരുകിയതാണല്ലോ. ഈ കടബാധ്യതകളില്‍ നാലിലൊന്നും വരുത്തിവെച്ചത് പന്ത്രണ്ട് കമ്പനികളാണെന്ന് റിസര്‍വ് ബാങ്ക് പറയുന്നു (കമ്പനികളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല). ഈ ഭാരിച്ച കടങ്ങളുടെ തിരിച്ചടവ് മുടങ്ങിയാലും പിന്നെയും അത്തരം കമ്പനികള്‍ക്ക് തന്നെ വീണ്ടും കടം നല്‍കാന്‍ ബാങ്കുകള്‍ക്കു മേല്‍ സമ്മര്‍ദമേറുകയും ചെയ്യുന്നു. കഴിഞ്ഞ മാസം പഞ്ചാബ് & മഹാരാഷ്ട്ര കോപറേറ്റീവ് ബാങ്ക് വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോഴുണ്ടായ വെളിപ്പെടുത്തല്‍, ഈ ബാങ്ക് അതിന്റെ മൊത്തം ആസ്തിയുടെ എഴുപത്തിയെട്ട് ശതമാനം അതായത് ആറായിരത്തി അഞ്ഞൂറ് കോടി രൂപ കടം നല്‍കിയിരിക്കുന്നത് ഒരൊറ്റ നിര്‍മാണ കമ്പനിക്കാണ് എന്നതാണ്. കടം പെരുകിപ്പെരുകി ഇപ്പോള്‍ സാധാരണക്കാരുടെ ജീവിതസമ്പാദ്യമായ പതിനായിരം കോടിയിലധികം രൂപ അവിടെ കുടുങ്ങിക്കിടക്കുകയാണ്.
ബിസിനസുകാരുമായുള്ള രാഷ്ട്രീയക്കാരുടെ ഈ അവിഹിത സൗഹൃദം എല്ലാ രാജ്യങ്ങളിലും ഇന്ന് വലിയ ആശങ്ക സൃഷ്ടിക്കുന്ന പ്രശ്‌നമാണ്. ക്രോണി കാപിറ്റലിസത്തിനു കീഴില്‍, സ്വതന്ത്ര കമ്പോളങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയായിരിക്കില്ല മൂലധനശക്തികള്‍ ലാഭം വാരിക്കൂട്ടുന്നത്; മറിച്ച് രാഷ്ട്രീയക്കാരെക്കൊണ്ട് തങ്ങള്‍ക്കനുകൂലമായ വിധത്തില്‍ ജനവിരുദ്ധ നയങ്ങള്‍ പാസ്സാക്കിയെടുപ്പിച്ചുകൊണ്ടായിരിക്കും. ക്രോണി കാപിറ്റലിസം സൂചികയില്‍ ഇന്ത്യ വളരെ മോശപ്പെട്ട സ്ഥാനത്താണ് നിലകൊള്ളുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് ഈ അവിശുദ്ധ ബന്ധം ഒരു പ്രധാന കാരണമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. രഘുറാം രാജന്‍ ഇതിനെ middle income trap എന്നാണ് വിളിക്കുന്നത്. വളരുന്ന സമ്പദ്ഘടന ഇടക്കു വെച്ച് ഏതോ കെണിയില്‍ കുടുങ്ങി നിന്നുപോകുന്ന പ്രവണത. അതായത് സമ്പദ്ഘടന വളര്‍ന്ന് നിര്‍ദിഷ്ട വരുമാനത്തിന്റെ പകുതി ലഭിച്ചു തുടങ്ങുമ്പോഴേക്ക് ഏതാനും ചില വമ്പന്‍ മൂലധനശക്തികള്‍ രാഷ്ട്രീയക്കാരുടെ സഹായത്തോടെ മുഴുവന്‍ സാമ്പത്തിക മേഖലകളും കൈയടക്കുന്നു. വികസ്വര രാഷ്ട്രങ്ങള്‍ നേരിടുന്ന ഏറ്റവും മാരകമായ ഭീഷണിയാണിത്. ഇങ്ങനെ ചുരുക്കം ചില കമ്പനികളേ (oligarchy) പിന്നെ ബാക്കിയുണ്ടാവൂ. പുതിയ കമ്പനികള്‍ക്ക് വളര്‍ന്നുവരാന്‍ ഒരവസരവും ഉണ്ടാവുകയില്ല. ഇത് വളര്‍ച്ച മുരടിപ്പിച്ചുകളയും. നമ്മുടെ രാജ്യത്തും ഇതല്ലേ നാം കാണുന്നത്? ഏതാനും ചില വന്‍ കോര്‍പറേറ്റുകള്‍ മറ്റുള്ള മുഴുവന്‍ കച്ചവടക്കാരുടെയും ഉപജീവനമാര്‍ഗങ്ങള്‍ തകര്‍ത്തുകൊണ്ട് സമ്പദ്ഘടനയെ അടക്കിവാഴുന്നു. അവര്‍ നിര്‍ദേശിക്കുന്ന പ്രകാരം ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ജനക്ഷേമം ഇത്തരം രാഷ്ട്രീയക്കാരുടെ പരിഗണനാ വിഷയമേ ആയിരിക്കില്ല. തെരഞ്ഞെടുപ്പു ചെലവിലേക്ക് കൂടുതല്‍ നല്‍കിയവരാരോ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലായിരിക്കും പോളിസി രൂപവത്കരണം. രാഷ്ട്രീയ പകപോക്കലും ബ്ലാക്‌മെയ്‌ലിംഗും ടാക്‌സ് ടെററിസവുമൊക്കെ നമ്മുടെ സമ്പദ്ഘടനയെ ഉലക്കുന്നു. നോട്ട് നിരോധവും ജി.എസ്.ടിയുമൊക്കെ സാമ്പത്തിക തീരുമാനങ്ങള്‍ എന്നതിനേക്കാളുപരി രാഷ്ട്രീയ തീരുമാനങ്ങളുമാണ്.

സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം നീക്കങ്ങളുടെ ഉദാഹരണമാണ് കശ്മീര്‍ ഇന്നെത്തി നില്‍ക്കുന്ന സ്ഥിതിവിശേഷം. കശ്മീര്‍ ഏതാനും വര്‍ഷങ്ങളായി മികച്ച വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്. 2016-ല്‍ പതിനേഴ് ശതമാനത്തിലധികമായിരുന്നു വളര്‍ച്ചാ നിരക്ക്. രാഷ്ട്രീയ അസ്ഥിരത ഉണ്ടായിരുന്നെങ്കില്‍കൂടി കശ്മീരിലെ ആളോഹരി വരുമാനം ബിഹാര്‍, യു.പി സംസ്ഥാനങ്ങളേക്കാള്‍ കൂടുതലായിരുന്നു. ദാരിദ്ര്യനിരക്കും കുറവ്. മാനവിക വികസന സൂചികയില്‍ വികസിത സംസ്ഥാനങ്ങളായ ഗുജറാത്തിനേക്കാളും കര്‍ണാടകയേക്കാളും മുന്നില്‍. ഇന്ത്യാ ടുഡെ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വെയില്‍ (state of the states survey) ചില രംഗങ്ങളില്‍ ജമ്മു-കശ്മീര്‍ വളരെ മുമ്പിലായിരുന്നു. ആരോഗ്യ പരിരക്ഷയില്‍ ഈ സംസ്ഥാനമായിരുന്നു ഒന്നാം സ്ഥാനത്ത്. 2016-ല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തില്‍ ആറാം സ്ഥാനത്തും വിദ്യാഭ്യാസത്തില്‍ എട്ടാം സ്ഥാനത്തുമായിരുന്നു. വികസനത്തിനുള്ള നിരവധി സാധ്യതകള്‍ ഒത്തുവരികയും ചെയ്തിരുന്നു. അത് തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കും അതുവഴി സംസ്ഥാനത്തിനും രാജ്യത്തിനും ഏറെ പ്രയോജനം ലഭിക്കുമായിരുന്നു. ആപ്പിള്‍ വിളവെടുപ്പിന് പാകമാവുകയും ടൂറിസം സീസണ്‍ ആരംഭിക്കുകയും ഒക്‌ടോബര്‍ വരെ ഹോട്ടലുകള്‍ ബുക്ക് ചെയ്യപ്പെടുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ജമ്മു-കശ്മീരിനെ സംബന്ധിച്ച രാഷ്ട്രീയ തീരുമാനം വരുന്നത്. രാജ്യത്തെ ആപ്പിള്‍ ഉല്‍പാദനത്തിന്റെ മൂന്നില്‍ രണ്ടും ജമ്മു-കശ്മീരില്‍നിന്നായിരുന്നു. ആറായിരത്തി അഞ്ഞൂറ് കോടിയോളമാണ് ആപ്പിളില്‍നിന്നുള്ള വാര്‍ഷിക വരുമാനം. ഈ വരുമാനം രാഷ്ട്ര സമ്പദ്ഘടനക്ക് ഏറെ ആവശ്യമുള്ളപ്പോഴാണ് വിളവെടുപ്പിനെ തകിടം മറിക്കുന്ന രാഷ്ട്രീയ തീരുമാനം. പന്ത്രണ്ട് ലക്ഷം ടൂറിസ്റ്റുകള്‍ ഓരോ വര്‍ഷവും വന്നുപോകാറുണ്ടായിരുന്നു ജമ്മു-കശ്മീരില്‍. അവരൊന്നും ഇനിയങ്ങോട്ട് വരില്ല. കശ്മീരിന്റെ വരുമാനം നാല്‍പ്പത് ശതമാനവും സേവന മേഖലയിലായിരുന്നു. അത് മൊത്തം അവതാളത്തിലായി.
ഈ സംഭവം മറ്റൊരു സത്യവും വെളിച്ചത്ത് കൊുവരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് അവരുടെ സങ്കുചിത താല്‍പര്യങ്ങളാണ് വലുത്. ജനതാല്‍പര്യങ്ങള്‍ക്കല്ല അവര്‍ മുന്‍ഗണന കൊടുക്കുക. സമ്പദ്ഘടന എപ്പോഴും ഇത്തരം രാഷ്ട്രീയക്കളികളുടെ പിടിയിലുമായിരിക്കും. ദൈവഭയമില്ലാത്തവരും ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തവരുമാണ് ഭരണാധികാരികളെങ്കില്‍ യഥാര്‍ഥ നീതി ഒരിക്കലും സ്ഥാപിതമാവുകയില്ല എന്നതിനും ഇത്തരം സംഭവങ്ങള്‍ സാക്ഷിനില്‍ക്കുന്നു.

നമ്മുടെ ഉത്തരവാദിത്തങ്ങള്‍
ഈ കുഴഞ്ഞുമറിഞ്ഞ സ്ഥിതിവിശേഷം കാരുണ്യവും നീതിയും ഉറപ്പു വരുത്തുന്ന ഇസ്‌ലാമിന്റെ സാമ്പത്തിക അധ്യാപനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള സുവര്‍ണാവസരമാണ് ഒരുക്കിയിരിക്കുന്നത്. നാം ചില ആശയപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചില സാന്ദര്‍ഭിക പ്രശ്‌നങ്ങളിലും സ്വയം കുരുക്കിയിടുന്നതിനു പകരം, വളരെ ആത്മവിശ്വാസത്തോടെ വിശിഷ്ട സമൂഹം എന്ന നില കാത്തു സൂക്ഷിച്ചുകൊണ്ട് സാമ്പത്തിക പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനും പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കരുത്തു കാണിക്കേണ്ടതുണ്ട്. പ്രശ്‌നപരിഹാരത്തിന് കുറുക്കുവഴികളില്ല എന്നും സമൂഹത്തെ ബോധ്യപ്പെടുത്തണം.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നുണ്ടെങ്കില്‍ ഭരണകൂടം പാവങ്ങള്‍ക്കനുകൂലമായ വിധത്തില്‍ നയരൂപീകരണം നടത്തണം. തെരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് ഇത്ര പണമെത്തിക്കും എന്നൊക്കെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ആരുമൊന്നും മിണ്ടുന്നില്ല. ജനപക്ഷത്തുനിന്ന് പോളിസികള്‍ രൂപീകരിക്കപ്പെടുമ്പോഴാണ് ജനങ്ങള്‍ വാങ്ങല്‍ ശേഷി ആര്‍ജിക്കുക. അപ്പോള്‍ മാത്രമാണ് സമ്പദ്ഘടന ചലിച്ചുതുടങ്ങുക. തുടര്‍ന്നു വരുന്ന നവ കൊളോണിയല്‍ നയങ്ങള്‍ കൈയൊഴിയാന്‍ ഗവണ്‍മെന്റുകള്‍ തയ്യാറാവണം. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്നത് ഒരു ക്ഷേമരാഷ്ട്രമാണ്. അതിനൊത്ത പോളിസിയല്ല ഭരണകൂടങ്ങള്‍ പിന്തുടരുന്നതെങ്കില്‍ ഇത്തരം അവസ്ഥകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

പലിശ ഉച്ചാടനം ചെയ്യുക, സാമ്പത്തിക ചൂതാട്ടം അവസാനിപ്പിക്കുക തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളിലേക്കും ജനശ്രദ്ധ തിരിക്കണം. സകാത്ത് വ്യവസ്ഥ എങ്ങനെ ഈ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു എന്ന് സമര്‍ഥിക്കാനും സാധ്യമാവണം. ദൈവത്തിനു മുമ്പില്‍ മറുപടി പറയേണ്ടി വരുമെന്ന ദൃഢബോധ്യത്തിനല്ലാതെ മറ്റെന്തിനാണ് അഴിമതിയെ തുടച്ചുനീക്കാനാവുക എന്ന ചോദ്യമുയര്‍ത്താനും കഴിയണം.
ഇങ്ങനെ ആശയസമരം നടത്തുന്നതോടൊപ്പം സാധ്യമായ അളവില്‍ പ്രായോഗിക മാതൃകകളും സമര്‍പ്പിക്കാനാവണം. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലിശരഹിത മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍ നടത്തുന്നുണ്ട്.

ജനങ്ങള്‍ക്കിടയില്‍ അവ നല്ല സ്വീകാര്യത നേടുന്നതിന്റെ വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. ഈ സംരംഭങ്ങള്‍ക്ക് കര്‍ഷക ആത്മഹത്യകള്‍ക്ക് തടയിടാന്‍ കഴിയും. പലിശയുടെ അറ്റമില്ലാത്ത കൊടുങ്കാടുകളില്‍നിന്ന് ചെറുകിട കച്ചവടക്കാര്‍ക്ക് രക്ഷാമാര്‍ഗം തുറന്നുകൊടുക്കാനും കഴിയും. ചെറുകിട കച്ചവടക്കാര്‍ക്ക് അത് വലിയ ആത്മവിശ്വാസം നല്‍കും. പക്ഷേ മൈക്രോഫിനാന്‍സ് സംവിധാനങ്ങള്‍ വളരെ ചെറുതാണ്. രാജ്യത്തെ മൊത്തം സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കാന്‍ അവക്ക് കഴിയില്ല. എങ്കിലും അത്തരം സംരംഭങ്ങള്‍ മുഖേന പലിശരഹിത വ്യവസ്ഥയുടെ സദ്ഗുണങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കി കൊടുക്കാന്‍ സാധിക്കും. ചെറുകിട കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കുമൊക്കെ ഇവയുടെ സേവനങ്ങള്‍ എത്തിക്കാന്‍ പരമാവധി യത്‌നിക്കണം. ഈ രാഷ്ട്രത്തിന് ഇസ്‌ലാം നല്‍കുന്ന വലിയ സേവനങ്ങളിലൊന്നായിരിക്കും അത്. ഇസ്‌ലാമിന്റെ ഈ ബദല്‍ വ്യവസ്ഥയെക്കുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനായാല്‍ ഇസ്‌ലാമിന് അനുകൂലമായ വിധത്തില്‍ പൊതുജനാഭിപ്രായം രൂപപ്പെടുകയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സാമൂഹിക ചുറ്റുപാടുകള്‍ ഇല്ലാതാവുകയും ചെയ്യും. 

വിവ: അശ്‌റഫ് കീഴുപറമ്പ്‌

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top