مِصْرَ، مِصْرًا പ്രയോഗ ഭേദങ്ങള്‍

ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി‌‌

ഖുര്‍ആനിക പ്രയോഗമനുസരിച്ച് വിഭക്തി പ്രത്യയങ്ങള്‍ക്ക് വഴങ്ങാത്ത (ممنوع من الصرف)  مصرَ എന്ന പദവും, വിഭക്തി പ്രത്യയങ്ങള്‍ക്ക് വഴങ്ങുന്നمِصْرًا   എന്ന പദവും തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടു പദങ്ങളും ഒരേ ആശയമാണ് സൂചിപ്പിക്കുന്നത് എന്ന് ചിലരൊക്കെ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഖുര്‍ആനില്‍ പര്യായ പദങ്ങളില്ലാത്തതിനാല്‍, ആ വാദം നിലനില്‍ക്കുന്നതല്ല.

ഖുര്‍ആനില്‍ മേല്‍ രണ്ടു പദങ്ങളും വന്നത് പരിശോധിച്ചുനോക്കാം:
വിഭക്തി പ്രത്യയങ്ങള്‍ക്ക് വഴങ്ങാത്തمِصْرَ  എന്ന പദം ഖുര്‍ആനില്‍ നാലു തവണ വന്നിട്ടുണ്ട്.

1. ഈജിപ്തിലെ രാജാവ് യൂസുഫിനെ വിലയ്ക്കു വാങ്ങിയതിനു ശേഷമുള്ള സംഭവം വിവരിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു:
وَقَالَ الَّذِي اشْتَرَاهُ مِن مِّصْرَ لِامْرَأَتِهِ
'മിസ്വ്‌റി'(ഈജിപ്തി)ല്‍നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആള്‍ തന്റെ ഭാര്യയോട് പറഞ്ഞു.'1

2. യൂസുഫ് നബി ഈജിപ്തിലെ രാജാവായ ശേഷം, തന്നെ വന്നു കണ്ട മാതാപിതാക്കളോടും സഹോദരന്മാരോടുമായി പറയുന്നു:
فَلَمَّا دَخَلُوا عَلَىٰ يُوسُفَ آوَىٰ إِلَيْهِ أَبَوَيْهِ وَقَالَ ادْخُلُوا مِصْرَ إِن شَاءَ اللَّهُ آمِنِينَ 
'അനന്തരം അവര്‍ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം (യൂസുഫ്) തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചുകൊള്ളുക.'2
3. ഫറോവയും മൂസാ നബിയും തമ്മില്‍ സംഘര്‍ഷം മൂര്‍ഛിച്ചപ്പോള്‍, ഫറോവ തന്റെ ജനതയെ മൂസാ നബിക്കെതിരില്‍ ഇളക്കിവിടുകയും ഈജിപ്തിന്റെ അധികാരി എന്ന നിലയില്‍ തന്റെ സ്ഥാനമാനങ്ങള്‍ എടുത്തു പറയുകയും ചെയ്തു:
وَنَادَىٰ فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرََ وَهَٰذِهِ الْأَنْهَارُ تَجْرِي مِن تَحْتِيۖ أَفَلَا تُبْصِرُونَ
''ഫിര്‍ഔന്‍ തന്റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്റെ ജനങ്ങളേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ. ഈ നദികള്‍ ഒഴുകുന്നതാകട്ടെ, എന്റെ കീഴിലൂടെയാണ്. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ?''3
4. മായാജാലക്കാര്‍ മൂസാ നബിയില്‍ വിശ്വസിക്കുകയും അതിന്റെ പേരില്‍ ഫറോവ അവരെ ഭീഷണിപ്പെടുത്തുകയും, മൂസാ നബിയുടെ അനുയായികളെ ഫറോവ കൂടുതലായി പീഡിപ്പിക്കുകയും ചെയ്തപ്പോള്‍ മൂസാ നബി അവരോട് ഈജിപ്തില്‍ ഏതാനും വീടുകള്‍ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു:
وَأَوْحَيْنَا إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّآ لِقَوْمِكُمَا بِمِصْرَ بُيُوتًا وَاجْعَلُوا بُيُوتَكُمْ قِبْلَةً
''മൂസാക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ഇപ്രകാരം സന്ദേശം നല്‍കി: നിങ്ങള്‍ രണ്ടു പേരും നിങ്ങളുടെ ആളുകള്‍ക്കു വേണ്ടി ഈജിപ്തില്‍ (പ്രത്യേകം) വീടുകള്‍ സൗകര്യപ്പെടുത്തുകയും നിങ്ങളുടെ വീടുകള്‍ നിങ്ങള്‍ ഖിബ്‌ലയാക്കുകയും ചെയ്യുക.''4
മുകളിലെ നാലു സ്ഥലങ്ങളിലും 'മിസ്വ്‌റ്' എന്നതിന്റെ വിവക്ഷ കൈറോ തലസ്ഥാനവും നൈല്‍ നദി ഒഴുകുന്നതുമായ ഈജിപ്താണ്. യൂസുഫ് നബിയുടെ സംഭവം നടന്നത് ഈജിപ്തിലാണ്. മൂസാ നബിയും ഫറോവയും തമ്മില്‍ സംഘര്‍ഷമുണ്ടായതും അതേ ഈജിപ്തില്‍തന്നെ. ചുരുക്കത്തില്‍, വിഭക്തി പ്രത്യയങ്ങള്‍ക്ക് വഴങ്ങാത്ത مصر എന്ന പദം ഖുര്‍ആനില്‍ നാലു തവണയാണ് വന്നത്. നാലിടങ്ങളിലും അത് ഉദ്ദിഷ്ട നാമ(معرفة)മാണ്. പ്രസിദ്ധമായ ഒരു രാജ്യത്തിനാണ് مصر എന്ന് പ്രയോഗിച്ചിരിക്കുന്നത്.

مصرًا ഏതെങ്കിലും പട്ടണത്തില്‍
അല്ലാഹു ഇസ്‌റായേല്‍ സന്തതികളെ ഫറോവയില്‍നിന്ന് രക്ഷിച്ച് 'സൈനാഇ'ല്‍ താമസിപ്പിച്ചു. മേഘക്കുടകള്‍ കൊണ്ട് മന്നും സല്‍വായും ഭക്ഷണമായി നല്‍കി. അത്യന്തം ആസ്വാദ്യകരമായിട്ടും അവര്‍ക്ക് അത് മടുത്തു. ചീരയും വെള്ളരിയും ഗോതമ്പും പയറും ഉള്ളിയും മതിയെന്ന് പറഞ്ഞു. അല്ലാഹു പറയുന്നു:
وَإِذْ قُلْتُمْ يَا مُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍ وَاحِدٍ فَادْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنبِتُ الْأَرْضُ مِن بَقْلِهَا وَقِثَّائِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَاۖ قَالَ أَتَسْتَبْدِلُونَ الَّذِي هُوَ أَدْنَىٰ بِالَّذِي هُوَ خَيْرٌۚ اهْبِطُوا مِصْرًا فَإِنَّ لَكُم مَّا سَأَلْتُمْۗ وَضُرِبَتْ عَلَيْهِمُ الذِّلَّةُ وَالْمَسْكَنَةُ وَبَاءُوا بِغَضَبٍ مِّنَ اللَّهِۗ
''ഓ മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചു കഴിയാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്, പയറ്, ഉള്ളി മുതലായവ ഞങ്ങള്‍ക്കു ഉല്‍പാദിപ്പിച്ചുതരാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക. എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കുക. മൂസാ പറഞ്ഞു: 'കൂടുതല്‍ ഉത്തമമായത് വിട്ട് തികച്ചും താണ തരത്തിലുള്ളതാണോ നിങ്ങള്‍ പകരം ആവശ്യപ്പെടുന്നത്? എന്നാല്‍ നിങ്ങളേതെങ്കിലും പട്ടണത്തില്‍ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ കിട്ടും.' (ഇത്തരം ദുര്‍വാശികള്‍ കാരണമായി) അവരുടെ മേല്‍ നിന്ദ്യവും പതിത്വവും അടിച്ചേല്‍പ്പിക്കപ്പെടുകയും അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമാവുകയും ചെയ്തു.''5

ഈ സൂക്തത്തിലെ വിഭക്തി പ്രത്യയങ്ങള്‍ക്ക് വഴങ്ങുന്ന مِصْرًا എന്ന പദം നിശ്ചിതമായ ഏതെങ്കിലും പട്ടണത്തെ ഉദ്ദേശിച്ചല്ല പ്രയോഗിച്ചിരിക്കുന്നത്. ഏതു പട്ടണത്തെ ഉദ്ദേശിച്ചും അങ്ങനെ പ്രയോഗിക്കാം.

ഭാഷയില്‍ مصر എന്ന പദത്തിന്റെ അര്‍ഥം രാജ്യം, നഗരം, പട്ടണം എന്നെല്ലാമാണ്. ഇമാം റാഗിബുല്‍ അസ്വ്ഫഹാനി എഴുതുന്നു:
 എന്നത് അതിരുകളുള്ള ഏതു രാജ്യത്തിനും പ്രയോഗിക്കും.6

മൂസാ നബി ഇസ്‌റായേല്‍ സന്തതികളോട് പറയുന്ന اهْبِطُوا مِصْرًا فَإِنَّ لَكُم مَّا سَأَلْتُمْۗ
 എന്നതിലെ مصرًا എന്നതിന്റെ വിവക്ഷ, മരുഭൂമിയില്‍ ലഭ്യമല്ലാത്ത പച്ചക്കറികള്‍ ഏതെങ്കിലും പട്ടണത്തില്‍, അഥവാ ഏതെങ്കിലും നാട്ടില്‍ ചെന്ന് തേടിയെടുക്കുക എന്നത്രെ. مِصْرًا എന്നതിലെ തന്‍വീന്‍ (എഴുതപ്പെടാത്ത നൂന്‍ ഉച്ചരിക്കല്‍) സാമാന്യ നാമ(നകിറഃ)ത്തിലെ തന്‍വീനാണ്. ഉദ്ദിഷ്ട നാമ(معرفة)ത്തില്‍നിന്ന് വേറിട്ടു മനസ്സിലാക്കാനായാണ് സാമാന്യനാമ(نكرة)ത്തില്‍ തന്‍വീന്‍ ചേരുന്നത്. ചുരുക്കത്തില്‍, ഖുര്‍ആനിലെ مِصْرًا എന്ന പദം ഏതെങ്കിലും പ്രത്യേക രാജ്യത്തെയോ പട്ടണത്തെയോ ഉദ്ദേശിച്ചല്ല, ഏതു നാടും പട്ടണവും ഉദ്ദേശ്യമാവാം. അതില്‍ തന്‍വീന്‍ വരുമ്പോള്‍ അത് സാമാന്യമാണെന്ന് സൂചിപ്പിക്കുന്നു. 

കുറിപ്പുകള്‍
1.    യൂസുഫ് : 21
2.    യൂസുഫ് : 99
3.    സുഖ്‌റുഫ് : 51
4.    യൂനുസ് : 87
5.    ബഖറ : 61
6.  المفردات في غريب القرآن : ص : 469

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top