ഉര്‍ദു ഭാഷയും കേരള മുസ്‌ലിംകളും; അന്വേഷണത്തിന് ഒരാമുഖം
ടി.കെ അബ്ദുല്ല
ലളിതമധുരമാണ് ഉര്‍ദു ഭാഷ. പഠിക്കാനും പറയാനും വളരെ എളുപ്പം. അറബിയോ പേര്‍ഷ്യനോ ഹിന്ദിയോ അറിയുന്നവര്‍ക്ക് കൂടുതല്‍ എളുപ്പം. ഉര്‍ദുവിനും ഹിന്ദിക്കും മധ്യേ, രണ്ടിന്റെയും ജനകീയ ഭാഷ, ഹിന്ദുസ്താനി. അറബി, പേര്‍ഷ്യന്‍ പദാവലികളുടെ ആധിക്യവും പേര്‍ഷ്യന്‍ ലിപിയും ഹിന്ദുസ്താനിയെ ഉര്‍ദുവാക്കുന്നു. സംസ്‌കൃതപദ ബഹുലമായ ഹിന്ദിയുടെ ലിപി ദേവനാഗിരിയാണ്. രാജ്യത്തെ മഹാ ഭൂരിപക്ഷത്തിന്റെ സംസാരഭാഷയാണ് ഹിന്ദുസ്താനി. അതുകൊണ്ടു തന്നെ ഹിന്ദിയല്ല, ഹിന്ദുസ്താനിയാണ് ദേശീയഭാഷ ആകേണ്ടിയിരുന്നത് എന്ന വാദത്തിന് പ്രസക്തിയുണ്ട്. അതായിരുന്നുവത്രെ, ഗാന്ധിജിയും നെഹ്‌റുവും ഉള്‍പ്പെടെ ഒരു വിഭാഗം ദേശീയ നേതാക്കളുടെ അഭിപ്രായം. എന്നാല്‍, ഹിന്ദിക്കനുകൂലമായ പട്ടേലിന്റെ നിലപാടിനാണ് മേല്‍ക്കൈ ലഭിച്ചത്. അല്ലാമാ ഇഖ്ബാലിന്റെ സാരേ ജഹാംസെ അഛാ, ഹിന്ദുസ്താന്‍ ഹമാരാ എന്ന പ്രശസ്ത ദേശഭക്തിഗീതത്തിന് ദേശീയഗാന പദവി ലഭിക്കാതെ പോയതും ഇതേ കാഴ്ചപ്പാടിന്റെ ഭാഗം തന്നെ.
മുസ്‌ലിംകളുടെ ഭാഷയാണ് ഉര്‍ദു എന്ന ധാരണ വ്യാപകമാണ്. മലയാളം ഹിന്ദുക്കളുടെ ഭാഷയാണെന്നതുപോലൊരു ധാരണ മാത്രമാണിതും. മുന്‍ഷി പ്രേംചന്ദ് മുതല്‍ ഗോപീനാഥ് നാരംഗ് വരെ അതിപ്രശസ്തരായ ഒട്ടേറെ അമുസ്‌ലിം എഴുത്തുകാരും സാഹിത്യകാരന്മാരും ഉര്‍ദുഭാഷയെ സമ്പന്നമാക്കിയിട്ടുള്ളവരാണ് (ഗോപിനാഥിന്റെ 'മാ ബഅ്ദ ജദീദീയ്യത്ത്' -ഉത്തരാധുനികത- എന്ന പുസ്തകം വായിക്കാനിടയായി. ഹൃദ്യമധുരമാണ് അദ്ദേഹത്തിന്റെ ഉര്‍ദു ശൈലി).
ഉര്‍ദു അഥവാ ഹിന്ദുസ്താനി മാതൃഭാഷയോ സംസാരഭാഷയോ അല്ലാത്ത, രാജ്യത്തെ ഒരേയൊരു സമ്പൂര്‍ണ സംസ്ഥാനം കേരളം മാത്രമാണ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളും ഇതില്‍ വരാം. ഗോവപോലെ മുസ്‌ലിംകള്‍ പേരിന് മാത്രമുള്ള പ്രദേശങ്ങളും ഗോത്ര മേഖലകളും ഇങ്ങനെയാവാം. കേരളത്തിലെ മുക്കാല്‍ കോടി മുസ്‌ലിം ജനതയില്‍ ഉര്‍ദു 'അന്യംനിന്ന'തിന്റെ ചരിത്ര വിശകലനം ഇവിടെ ഉദ്ദേശ്യമല്ല. ഒരു കാര്യം ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ വന്ന വഴികളിലൂടെയല്ല ഇസ്‌ലാമും മുസ്‌ലിംകളും കേരളത്തില്‍ വരുന്നത്. മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ഉത്തരേന്ത്യയിലെത്തിയ രാജാക്കന്മാരുടെയും സൂഫികളുടെയും ഭാഷ- പേര്‍ഷ്യന്‍, ടര്‍ക്കിഷ്, പുഷ്ത്തു മുതലായവ- ഇന്ത്യന്‍ ഭാഷയെ സ്വാധീനിച്ചതില്‍നിന്നാവണം ഉര്‍ദുവിന്റെ ഉല്‍പത്തിയും വികാസപരിണാമങ്ങളും(മറ്റു വ്യാഖ്യാനങ്ങളും ഇല്ലായ്കയില്ല). അചിരേണ ഇസ്‌ലാമിന്റെ വളര്‍ച്ചക്കൊപ്പം ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ മത-സംസ്‌കാര ഭാഷയായി ഉര്‍ദു വളര്‍ന്നു. അതേസമയം കേരളക്കരയില്‍ ഇസ്‌ലാം എത്തുന്നത് അറബികളിലൂടെയാണ്. മാലികുബ്‌നു ദീനാറും സംഘവും ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ കേരനാട്ടിലെത്തിയ ചരിത്രം പ്രസിദ്ധമാണല്ലോ. (ചേരമാന്‍ പെരുമാള്‍ മക്കത്തേക്ക് പോയ കഥ സംഭവത്തിന് ആത്മീയ പരിവേഷം നല്‍കുന്നു. യാത്രയിലോ മടക്കയാത്രയിലോ മരണം വരിച്ച പെരുമാളിന്റെ ഖബ്‌റിടം ഒമാനിലെ സലാലയിലുണ്ട്).
അറബിക്കടലിന്റെ അലമാലകള്‍ താണ്ടി പായക്കപ്പലില്‍ വെണ്‍കൊടിയേന്തി അറബികള്‍ കേരളത്തിന്റെ കടലോരങ്ങളിലിറങ്ങിയ ഐതിഹാസിക മുഹൂര്‍ത്തം വിദ്വാന്‍ ടി സി മമ്മിയുടെ കാവ്യഭാഷയില്‍:
പ്രാചിതന്‍ പൂങ്കവിള്‍ത്തടം
പൂര്‍വാധികം തുടുക്കവെ
പൂണ്ടഴകില്‍ മുഖത്തടം
പശ്ചിമ കേരളത്തടം
ഓമനത്തം തുളുമ്പിക്കൊ-
ണ്ടോര്‍മയില്‍ പൂവിതറുന്നു
വെണ്‍കൊടി പാറിപ്പാറിയ-
ക്കപ്പലണഞ്ഞൊരാ ദിനം
അന്നുതൊട്ടാണ് കേരളം
ഏകത്വത്തിന്‍ പരിമളം
ഏറ്റുരസിച്ചിതേയിളം
തെന്നല്‍ പരത്തി കോമളം
ഇളനീര്‍ കുംഭങ്ങളും കുരുത്തോല തോരണങ്ങളുമേന്തി കേരനാട് നവാഗതരെ എതിരേറ്റതും കവിഭാഷയില്‍:
കേരളമാം മഹിളയും
കല്‍പ്പക തേന്‍കുടങ്ങളെ
കാണിക്കവെച്ചകം കുളു-
ര്‍ത്താകെ തെളിഞ്ഞതിഥികള്‍
ഉര്‍ദു വന്ന വഴി
കേരളത്തില്‍ ഉര്‍ദുഭാഷ കടന്നുവന്നത് മുഖ്യമായും പന്ത്രണ്ട് വഴികളിലൂടെയാണെന്ന് വിലയിരുത്താം.
1. ഗുജറാത്തിലെ കച്ചി, മേമന്‍, സേട്ടുമാര്‍ കച്ചവടാവശ്യാര്‍ഥം കേരളത്തില്‍ വരികയായിരുന്നു. സേട്ടുമാര്‍ മുസ്‌ലിംകളും അല്ലാത്തവരുമുണ്ട്. കൊപ്ര, അടയ്ക്ക, കുരുമുളക് മുതല്‍ കേരള കാര്‍ഷികോല്‍പന്നങ്ങളുടെയും മലഞ്ചരക്കുകളുടെയും ഹോള്‍സെയില്‍ ബിസിനസുകാരാണ് മേമന്‍ സേട്ടുമാര്‍. അചിരേണ സേട്ടുമാര്‍ ഇവിടെ സ്ഥിരതാമസമാക്കി. നാട്ടുകാരുമായി ഇടപഴകിയതിലൂടെ ഉര്‍ദു- മലയാള ഭാഷകളുടെ കൈമാറ്റം സുഗമമായി. ഇസ്ഹാഖ് സത്താര്‍ സേട്ട്, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, സകരിയ്യ സേട്ട്, ബാബു സേട്ട് തുടങ്ങി അറിയപ്പെടുന്ന സേട്ടുമാരെല്ലാം ഉര്‍ദു പാരമ്പര്യമുള്ളവരാണ്. (സുലൈമാന്‍ സേട്ടിന്റെ ഉര്‍ദു പ്രസംഗങ്ങള്‍ പലപ്പോഴും ഞാന്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. അദ്ദേഹം പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ ഞാനുണ്ടെങ്കില്‍ തര്‍ജമക്ക് എന്നെയാണദ്ദേഹം ഇഷ്ടപ്പെടുക). സേട്ട് കുടുംബാംഗമായിരുന്നു കേരളത്തിലെ ജനപ്രിയ ഉര്‍ദു നോവലിസ്റ്റ് സുലൈഖാ ഹുസൈന്‍.
2. ഹൈദറാബാദ്, ദക്കാന്‍ മേഖലയില്‍നിന്ന് കേരളത്തില്‍ കുടിയേറിയ ദക്കനീ മുസ്‌ലിംകള്‍ വഴിയും ഉര്‍ദുവിന് കേരളത്തില്‍ വേരോട്ടമുണ്ടായി. കച്ചവടാവശ്യാര്‍ഥവും ഭരണബന്ധങ്ങളിലൂടെയും കേരളത്തില്‍ വന്ന അവരില്‍ പലരും ഇവിടെ സ്ഥിരതാമസമായി.
3. ഭട്ട്കല്‍ മുസ്‌ലിംകളുടെ കേരള സാന്നിധ്യം പരക്കെ അറിയാവുന്നതാണ്. സാധാരണക്കാര്‍ 'ബട്ടക്കോളികള്‍' എന്ന് വിളിക്കുന്ന ഇവരുടെ 'കുലത്തൊഴില്‍' തുണിക്കച്ചവടമാണ്. വന്‍നഗരങ്ങളിലും ഇടത്തരം പട്ടണങ്ങളിലും ഭട്ട്കലുകളുടെ സാന്നിധ്യം ഉറുദുഭാഷാ വികസനത്തിന് സഹായകമായി.
4. കേരളത്തിന് പുറത്തുള്ള ദീനീവിദ്യാലയങ്ങളാണ് ഉര്‍ദു സമ്പര്‍ക്കത്തിന് സഹായകമായ മറ്റൊരു ഘടകം. ദാറുല്‍ ഉലൂം ദയൂബന്ദ്, നദ്‌വത്തുല്‍ ഉലമാ ലഖ്‌നൗ, വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്, ദാറുസ്സലാം ഉമറാബാദ് മുതലായ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിന് പോകുന്ന കേരള വിദ്യാര്‍ഥികള്‍ ഉര്‍ദുഭാഷയും കൊണ്ടാണ് തിരിച്ചുവരുന്നത്. ഉര്‍ദുഭാഷാ വികസനത്തിന് ഇതും നല്ലൊരു മുതല്‍കക്കൂട്ടായിരുന്നു. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ ദല്‍ഹി എന്നീ സ്ഥാപനങ്ങളെയും ഇതിനോട് ചേര്‍ത്തുവെക്കാവുന്നതാണ്.
5. ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗീ ജമാഅത്ത് സംഘടനകളുടെ സാന്നിധ്യവും കേരളത്തിലെ ഉര്‍ദു ഭാഷാ വളര്‍ച്ചക്ക് വലിയ അളവില്‍ സഹായകമാവുന്നുണ്ട്. ഉത്തരേന്ത്യയില്‍ പിറവിയെടുത്ത ഇരു സംഘടനകളുടെയും 'മാതൃഭാഷ' ഉര്‍ദുവാണ്. ഉര്‍ദുവിലാണ് ഗ്രന്ഥങ്ങളും സാഹിത്യങ്ങളും. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂടിച്ചേരലുകളും ആശയവിനിമയവും ഭാഷാ വികസനത്തിന് സഹായകമായിത്തീരുന്നു. കൂടാതെ, നൂറുകണക്കായ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ കേരളത്തിലെ ദീനീ സ്ഥാപനങ്ങളില്‍ പഠിതാക്കളാണ്. സുന്നി സ്ഥാപനങ്ങളിലും ഉര്‍ദു ഭാഷക്ക് ഉയര്‍ന്ന പ്രോത്സാഹനം ലഭിക്കുന്നു. മറ്റു കേരള സംഘടനകളുടെ ഉത്തരേന്ത്യന്‍ ബന്ധങ്ങളും ഉര്‍ദുഭാഷയുടെ വളര്‍ച്ചക്ക് കാരണമാണ്.
6. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസി(ഐ.പി.എച്ച്)ന്റെ ഉര്‍ദു സേവനം സവിശേഷം എടുത്തു പറയേണ്ടതുണ്ട്. നൂറോളം ഉര്‍ദു പുസ്തകങ്ങളുടെ വിവര്‍ത്തനം ഇതിനകം ഐ.പി.എച്ച് പുറത്തിറക്കി. ഇത് ഐ.പി.എച്ച് പ്രസിദ്ധീകരണങ്ങളുടെ പത്തു ശതമാനത്തിലധികം വരും. മറ്റ് പ്രസിദ്ധീകരണാലയങ്ങളുടെ സേവനവും നന്ദിപൂര്‍വം ഓര്‍ക്കുന്നു.
7. മുംബൈ, കൊല്‍ക്കത്ത, ദല്‍ഹി മുതലായ മഹാനഗരങ്ങളില്‍ കച്ചവടത്തിനും തൊഴില്‍ തേടിയും പോയ പതിനായിരക്കണക്കായ സാധാരണക്കാര്‍ ഹിന്ദുസ്താനീ വര്‍ത്തമാന ഭാഷയുമായാണ് തിരിച്ചുവരാറുള്ളത്. പലര്‍ക്കും എഴുതാനറിയില്ലെങ്കിലും ഹിന്ദുസ്താനീ ഭാഷാസംസ്‌കാരവുമായി സാമാന്യജനത്തെ അടുപ്പിക്കാന്‍ ഇത് സഹായകമാവുന്നുണ്ട്.
8. ഹൈദറലിയുടെയും ടിപ്പുവിന്റെയും കാല്‍നൂറ്റാണ്ട് കാലത്തെ ഭരണസ്വാധീന ഫലമായി കേരളത്തിന്റെ നീതിന്യായ, ഭരണ, ജനസമ്പര്‍ക്ക മേഖലകളില്‍ ഉര്‍ദു, പേര്‍ഷ്യന്‍ പദാവലികളുടെ പ്രയോഗം വളരെ പ്രകടമാണ്. അദാലത്ത്, മുന്‍സിഫ്, വക്കീല്‍, യാദാസ്ത്, ദര്‍ഘാസ്, ശിരസ്തദാര്‍, തഹസില്‍ദാര്‍, മഹ്‌സര്‍, വക്കാലത്ത്, മുക്ത്യാര്‍, ആമീന്‍, സിപായി, താക്കീത്, കച്ചേരി, ഹാജര്‍, ഹജൂര്‍, താലൂക്ക്, ജില്ല, സര്‍ക്കാര്‍, ഹല്‍ഖ, ബാക്കി തുടങ്ങി നൂറുകണക്കായ വാക്കുകള്‍ ഓര്‍ത്തെടുക്കാവുന്നതേയുള്ളൂ. ഹൈദറും ടിപ്പുവും പോയി നൂറ്റാണ്ടുകള്‍ക്കു ശേഷവും ഉര്‍ദു-പേര്‍ഷ്യന്‍-അറബി ഭാഷാസ്വാധീനം നിലനില്‍ക്കുന്നു.
9. ഹിന്ദുസ്താനി സിനിമകളും പാട്ടുകളും: എന്റെ ചെറുപ്പകാലത്ത് സിനിമക്ക് ഇന്നുള്ള വളര്‍ച്ചയും ജനകീയതയും ലഭിച്ചിരുന്നില്ല. എങ്കിലും ഹിന്ദുസ്താനി സിനിമകളും പാട്ടുകളും അന്നും പ്രചാരത്തിലുണ്ടായിരുന്നു. മുഹമ്മദ് റഫിയുടെയും തലത്ത് മഹ്‌മൂദിന്റെയുമൊക്കെ പേരും പാട്ടുകളും മലയാളികളുടെ ചുണ്ടുകളില്‍ ജീവിച്ചു. ജമ്മു-കാശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് വി. ഖാലിദ് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ഥികളോട് പ്രസംഗിക്കവെ ഉര്‍ദു പഠിക്കാന്‍ ഹിന്ദുസ്താനി സിനിമകള്‍ കാണണമെന്ന് ഉപദേശിച്ചതായി കേട്ടിട്ടുണ്ട്. അര്‍ഥമറിയാത്ത മലയാളിക്കും ഹിന്ദുസ്താനീ പാട്ടുകളോട് കമ്പമാണ്.
10. ഏറെ പ്രാധാന്യമുള്ള ഒന്നാണ്, പോയ നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ ചേന്ദമംഗല്ലൂര്‍ കെ.ടി.സി ബീരാന്റെ പത്രാധിപത്യത്തില്‍ ഒരു ഉര്‍ദു പാക്ഷികം വെളിച്ചം കണ്ട സംഭവം. പേര് മലബാരീ ആവാസ്. പ്രഥമ ലക്കം പ്രസിദ്ധീകരിച്ചത് 1992 ഡിസംബര്‍ അഞ്ചിന്. ഇരുപതോളം ലക്കങ്ങള്‍ പുറത്തിറങ്ങിയെന്നാണ് ഓര്‍മ. ഇതെഴുതുമ്പോള്‍ ആദ്യലക്കമാണ് മുന്നിലുള്ളത്. 20 ലക്കം പിന്നിട്ട് പത്രം നിന്നുപോയതല്ല, അത്രയും ലക്കങ്ങള്‍ പുറത്തിറങ്ങിയതാണ് അത്ഭുതം. പ്രത്യേകിച്ചൊരു മൂലധന പിന്‍ബലമോ പാര്‍ട്ടി പിന്തുണയോ ഇല്ലാതെ ഒരു ഉര്‍ദു പത്രം ഉര്‍ദു അറിയാത്തവരുടെ നാട്ടില്‍ ഒരു വര്‍ഷത്തോളം പിടിച്ചുനിന്നു എന്നത് ചരിത്രസംഭവമെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഉര്‍ദുഭാഷാപ്രേമികള്‍ക്ക് ഇതും ഒരു പ്രചോദനമായി.
11. പോര്‍ച്ചുഗീസ് ആക്രമണങ്ങളെ നേരിടാന്‍ സാമൂതിരി രാജാവ് ബീജാപ്പൂര്‍ സുല്‍ത്താന്റെ സൈനികസഹായം തേടിയ ചരിത്രസംഭവം ഉര്‍ദുഭാഷാ സമ്പര്‍ക്കത്തിന് കാരണമായത് കെ.പി ശംസുദ്ദീന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉര്‍ദുഭാഷ സംസാരിക്കുന്ന ദഖ്‌നീ സൈനികര്‍ ഇവിടെ സ്ഥിര താമസമാക്കിയതും നാട്ടുകാരുമായി ഇടപഴകി, ഭാഷാ വികസനത്തിന് വഴിതെളിച്ചതും സ്വാഭാവികം. ഉര്‍ദു ഭാഷാ പഠനാര്‍ഥം സ്ഥാപിതമായ, നിലവിലുള്ളതോ കാലം ചെയ്തുപോയതോ ആയ ദശക്കണക്കിന് സ്ഥാപനങ്ങളുടെയും കമ്മിറ്റികളുടെയും പേരുവിവരങ്ങളും അദ്ദേഹം അടയാളപ്പെടുത്തുന്നു(ഹകീമുല്‍ ഉമ്മത്ത് മാസിക, ശ്രീനഗര്‍ 2018 ആഗസ്റ്റ്).
12. മുപ്പത് ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലൊട്ടുക്കും തൊഴിലിടങ്ങളില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു എന്നത് അഭൂതപൂര്‍വമായ സംഭവമാണ്. കെട്ടിടനിര്‍മാണം മുതല്‍ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും നാനാവിധ തൊഴിലിടങ്ങളില്‍ അവര്‍ നിറഞ്ഞുനില്‍ക്കുന്നു. നാട്ടുകാര്‍ക്ക് ഇവരുമായി ഇടപെടണമെങ്കില്‍ 'കണ്ടം തുണ്ടം' ഉര്‍ദുവോ ഹിന്ദുസ്താനിയോ അറിയാതെ നിര്‍വാഹമില്ല എന്നതാണ് സ്ഥിതി. ഇതരസംസ്ഥാന തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും ഹിന്ദുസ്താനി സംസാരിക്കുന്നവരാണ്. കേരളത്തിന്റെ ഭാഷാ സംസ്‌കാരത്തെ വലിയ അളവില്‍ ഇവരുടെ സാന്നിധ്യം സ്വാധീനിക്കുന്നുണ്ട്.
തലശ്ശേരിയുടെ ഉര്‍ദുപാരമ്പര്യം
കേളികേട്ട കേയീവംശത്തിന്റെ ആസ്ഥാനമാണ് തലശ്ശേരി. ഇന്ത്യക്കകത്തും പുറത്തും അറിയപ്പെട്ട പ്രമുഖ വാണിജ്യ- കയറ്റിറക്ക് കേന്ദ്രമായിരുന്നു ഈ ഉത്തരകേരള ദേശം. തലശ്ശേരിയുടെ ഉര്‍ദു പാരമ്പര്യവും അതിന്റെ മത-സാംസ്‌കാരിക ഈടുവെപ്പുകളും വിശദപഠനം അര്‍ഹിക്കുന്നു. ചുരുക്കി വിവരിക്കാനേ പരിമിതി അനുവദിക്കുന്നുള്ളൂ.
* കേയീവംശത്തിന്റെ സ്ഥാപകന്‍ മൂസക്കാക്കയുടെ പായക്കപ്പലുകള്‍ മലഞ്ചരക്കുമായി കറാച്ചിയിലും കച്ചിലും ബോംബെയിലും 1750 മുതല്‍ യാത്ര തുടങ്ങിയതോടെയാണ് ഉര്‍ദു സംസാരിക്കുന്നവര്‍ തലശ്ശേരിയുമായി ബന്ധപ്പെടാന്‍ ഇടയാവുന്നത്. അവരില്‍ പ്രധാനികളായിരുന്നു കച്ചി, മേമന്‍, സേട്ടുമാര്‍. കച്ചവടാവശ്യാര്‍ഥം തലശ്ശേരിയില്‍ സ്ഥിരതാമസമാക്കിയ അവര്‍ക്ക് ചരക്കു സൂക്ഷിപ്പിനും കയറ്റിറക്കുമതിക്കുമായി ഗോഡൗണുകളും പാണ്ടികശാലകളും ഉണ്ടായിരുന്നു. തലശ്ശേരിയിലെ പ്രശസ്തമായ ആലിഹാജി പള്ളി പണിതത് ഒരു കച്ച് മേമന്‍ സേട്ടുവാണ്.
* ഒന്നര നൂറ്റാണ്ട് മുമ്പ് ഭട്കലില്‍നിന്ന് തുണിക്കച്ചവടത്തിനായി വന്ന മൗലാനാ സാഹിബ് ആയിരുന്നു തലശ്ശേരിക്കാര്‍ക്ക് ഉര്‍ദുഭാഷ എഴുതാനും വായിക്കാനും പഠിപ്പിച്ചത്. ദിവസവും നാലു മണിക്കൂര്‍ കച്ചവടം ചെയ്ത്, ബാക്കി സമയം ഉര്‍ദുവും ഇസ്‌ലാമികപാഠങ്ങളും പഠിപ്പിക്കുമായിരുന്നു മൗലാനാ സാഹിബ്. അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ ഇപ്പോഴും തലശ്ശേരിയില്‍ തുണിക്കച്ചവടം നടത്തുന്നുണ്ട് (1960-കളില്‍ മൗലാനയുടെ മകന്‍ മുഹമ്മദ് സാഹിബില്‍നിന്ന് തലശ്ശേരിയിലെ കുട്ടുസാഹിബ്, സി. ടി ബഷീര്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ അറിഞ്ഞ വിവരം). കൂടാതെ, ദക്കനീ മുസ്‌ലിംകളും തലശ്ശേരിയില്‍ താമസമാക്കിയിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് ആയിരത്തൊന്ന് രാവുകള്‍ അടക്കം ചില അറബ്-പേര്‍ഷ്യന്‍ രചനകള്‍ പരിഭാഷപ്പെടുത്തി തലശ്ശേരിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (വിശദ വിവരം സി.എന്‍ അഹ്‌മദ് മൗലവിയുടെ 'മഹത്തായ മാപ്പിള സാഹിത്യ'ത്തില്‍ വായിക്കാം).
* തലശ്ശേരി ബ്രണ്ണന്‍ കോളജ്, സെന്റ് ജോസ്ഫ് ഹൈസ്‌കൂള്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ബ്രിട്ടീഷ് ഭരണകാലത്തു തന്നെ ഉര്‍ദു പാഠ്യവിഷയമായിരുന്നു. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി തലശ്ശേരിക്കാരോട് ബ്രിട്ടീഷ് ഭരണം കാണിച്ച ഈ 'ഔദാര്യ'ത്തിന്റെ കാരണം തേടിയെത്തിയത് ഒരു ഐതിഹ്യത്തിലേക്കാണ്. കപ്പലപകടത്തില്‍പെട്ട് ഒരു ബ്രിട്ടീഷ് സായിപ്പ് തലശ്ശേരിക്കടുത്ത ധര്‍മടത്ത് ജീവനും കൊണ്ട് കരക്കണിഞ്ഞുവത്രെ. വിവരമറിഞ്ഞെത്തിയ തലശ്ശേരിയിലെ പ്രമുഖര്‍ അത്യാഹിതത്തില്‍പെട്ട സായിപ്പിന് എല്ലാ ഒത്താശകളും ശുശ്രൂഷകളും ചെയ്തുകൊടുത്തു. ചികിത്സയും സാന്ത്വനവും ഒരുക്കി. ഇതിനോടുള്ള ഉപകാരസ്മരണ ആയിട്ടാണത്രെ മുസ്‌ലിംകളുടെ സാംസ്‌കാരിക ഭാഷയായ ഉര്‍ദുപഠനത്തിന് സ്‌കൂളുകളിലും കോളേജുകളിലും സൗകര്യം ഏര്‍പ്പെടുത്തിയത്. ഈ 'ഔദാര്യം' വെള്ളക്കാരന്റെ ഭരണതന്ത്രമായി കാണുന്ന ദോഷൈകദൃക്കുകളും ഇല്ലാതെയില്ല.
* മേല്‍പറഞ്ഞ സ്ഥാപനങ്ങളിലെല്ലാം ഉര്‍ദു അധ്യാപനത്തിന് ലഭിച്ചത് ഏറ്റവും പ്രാപ്തരായ ഉര്‍ദു, പേര്‍ഷ്യന്‍, അറബി ഭാഷാപണ്ഡിതന്മാരെയായിരുന്നു. അബൂബക്കര്‍ മുന്‍ഷി ഫാസില്‍, ഹനീഫ് സാഹിബ്, അശ്ക്കര്‍ മുന്‍ഷി, മൂസാ നാസിഹ്, ഇസ്ഹാഖ് മുഹമ്മദ് ഫഖീര്‍ മുതല്‍പേരെ പ്രത്യേകം പരിചയപ്പെടേണ്ടതുണ്ട്. (ഉമര്‍ സീതി, അലി സീതി, ഉസ്മാന്‍ സീതി, യൂസുഫ് പഴയങ്ങാടി മുതല്‍പേരും തലശ്ശേരി സ്ഥാപനങ്ങളില്‍ ഉര്‍ദു അധ്യാപകരായിരുന്നു.)
ഹനീഫ് സാഹിബ്. വിദ്യാഭ്യാസം മദ്രാസ് ബ്രണ്ണന്‍ കോളജ്. കേരള ജമാഅത്തെ ഇസ്‌ലാമി പ്രഥമ മെമ്പര്‍മാരില്‍ ഒരാള്‍. എനിക്ക് നേരില്‍ പരിചയമുണ്ട്.
തലശ്ശേരി കെ.സി സലീമിന്റെ പിതാവാണ് മൂസാ നാസിഹ്. ഞാന്‍ വീട്ടില്‍ പോയി പലവട്ടം കണ്ടിട്ടുണ്ട്. അപ്പോഴൊന്നും നാസിഹ് സാഹിബ് ആഴമുള്ള ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷാവിദഗ്ധനാണെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹമത് വെളിപ്പെടുത്തിയതുമില്ല. ഈ ലേഖനം തയാറാക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂസാ നാസിഹിനെ ശരിക്കും ഞാന്‍ തിരിച്ചറിയുന്നത്. ഉര്‍ദുവെ കുറിച്ചോ ഇഖ്ബാലിനെ കുറിച്ചോ അദ്ദേഹവുമായി അര്‍ഥവത്തായ ചര്‍ച്ച നടത്താന്‍ കഴിയാത്തതില്‍ ഇപ്പോള്‍ അതിയായ ഖേദം തോന്നുന്നു. നാസിഹ് ഉര്‍ദു കവിയുമായിരുന്നു.
അബൂബക്കര്‍ മുന്‍ഷിയെ കുറിച്ച് വിസ്തരിച്ച് അറിയുന്ന ആരെയും കണ്ടെത്താനായില്ല. ഒ. ആബുവിന്റെ ഇഖ്ബാല്‍ വിവര്‍ത്തനത്തിന് പ്രൗഢമായ ആമുഖമെഴുതിയത് മുന്‍ഷിയാണ്.
ഇസ്ഹാഖ് ഫഖീറാണ് ഉര്‍ദു പഠനത്തിനു വേണ്ടി ഇസ്‌ലാഹുല്ലിസാന്‍ സംഘം പുനഃസ്ഥാപിച്ചത്. നാറജീലിസ്താന്റെ സ്ഥാപകകാംഗമായിരുന്നു.
'റീ കണ്‍സ്ട്രക്ഷന്‍ ഓഫ് റിലീജിയസ് തോട്ട് ഇന്‍ ഇസ്‌ലാം' (മതചിന്തകളുടെ പുനഃസംവിധാനം ഇസ്‌ലാമില്‍) എന്ന ഇഖ്ബാല്‍ കൃതിയുടെ വിവര്‍ത്തകന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന എ.എന്‍.പി ഉമ്മര്‍ കുട്ടി സാഹിബും തലശ്ശേരിയുമായി ബന്ധപ്പെട്ട് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ഇവര്‍ക്കെല്ലാം നേതാവും മാര്‍ഗദര്‍ശിയുമായി ഹാജി ഇസ്ഹാഖ് സത്താര്‍ സേട്ടുവും ഉണ്ടായിരുന്നു. വിഭജനാനന്തരം സേട്ട് കറാച്ചിയിലേക്ക് പോയി.
ഇഖ്ബാല്‍ കവിതകളുടെ പ്രണേതാവും വിവര്‍ത്തകനുമായ മാപ്പിള കവി ഒ. ആബുവും തലശ്ശേരിക്കാരന്‍ തന്നെ. ആബുവിനെ നേരിട്ടറിയാം. അദ്ദേഹത്തിന്റെ ഓഫീസ് എന്ന ഒറ്റമുറിപ്പീടിക മുകളില്‍ ഞാന്‍ പോയിട്ടുണ്ട്. കാലത്ത് 'ഓഫീസി'ല്‍ വന്നാല്‍ സന്ധ്യ മയങ്ങിയേ വീടണയൂ. പകലന്തിയോളം എഴുത്തും ചിന്തയും വായനയും. ആബുവെ പോലുള്ളവര്‍ മറവിയുടെ മാറാലയില്‍ തള്ളപ്പെടേണ്ടവരല്ല.
മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഉര്‍ദുഭാഷയുടെ കേരള തലസ്ഥാനമെന്ന് തലശ്ശേരിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.
നാറജീലിസ്താന്‍: ഈ ഉര്‍ദു മാസ്മരികതയുടെ മായാവലയത്തില്‍ തലശ്ശേരിയില്‍നിന്ന് ഒരു ഉര്‍ദു മാസികയുടെ പ്രസാധനം ആരും പ്രതീക്ഷിച്ചുപോകും. അതുതന്നെ സംഭവിച്ചു. അതാണ് മുന്‍ചൊന്ന നാറജീലിസ്താന്‍. 1938-ലാണ് ആരംഭം. സ്ഥാപകന്‍ ജാനി സാഹിബ് എന്ന അബ്ദുല്‍കരീം അഖ്തര്‍. പ്രഥമ പത്രാധിപര്‍ സയ്യിദ് ഹാറൂണ്‍. മൂസാ നാസിഹിന്റെ വീട്ടില്‍ നാറജീലിസ്താന്റെ കോപ്പി ഞാന്‍ കണ്ടിരുന്നു. നിലവാരമുള്ള മാസിക, വളരെ പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും അഞ്ചു ലക്കമേ പുറത്തിറങ്ങിയുള്ളൂ. തലശ്ശേരി എത്ര ഉര്‍ദുമയമാണെങ്കിലും കേരളം തലശ്ശേരി മാത്രമല്ലല്ലോ. കേരളത്തില്‍ ഒരു ഉര്‍ദുപത്രം നടത്തിക്കൊണ്ടുപോകുക, പ്രത്യേകിച്ച് അന്നത്തെ കാലത്ത് ഒട്ടും പ്രായോഗികമായിരുന്നില്ല. സംഭവിച്ചത് സഡന്‍ ഡെത്തല്ല, സ്വാഭാവിക മരണം എന്ന് കണ്ടാല്‍ മതി. ഒരിക്കല്‍കൂടി നാറജീലിസ്താന്‍ പുനഃപ്രസിദ്ധീകരിച്ചുവെങ്കിലും വീണ്ടും മുടങ്ങിപ്പോയെന്നും കേട്ടുകേള്‍വിയുണ്ട്.
തലശ്ശേരി ഒരു ഉര്‍ദുഭാഷാകേന്ദ്രം മാത്രമായിരുന്നില്ല. അക്കാലത്തെ മലബാര്‍ മുസ്‌ലിം മത-സാംസ്‌കാരികകേന്ദ്രവും തലശ്ശേരിയായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ലെന്ന് തോന്നുന്നു. മുസ്‌ലിം ലീഗിന്റെ മുഖപത്രം ചന്ദ്രിക ആഴ്ചപ്പതിപ്പായി ആരംഭിച്ചത് തലശ്ശേരിയിലായിരുന്നു. ഉപ്പി സാഹിബ്, പോക്കര്‍ സാഹിബ്, സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബ്, ടി.പി കുട്ട്യാമു സാഹിബ് മുതലായ നേതാക്കളെല്ലാം തലശ്ശേരിക്കാരായിരുന്നു. സീതി സാഹിബും ഇവരോടൊപ്പം ഉണ്ടാകുമായിരുന്നു. മൊയ്തുപ്പാലത്തിന്റെ പേരില്‍ അറിയപ്പെടുന്ന ടി.എം മൊയ്തു സാഹിബും തലശ്ശേരിക്കാരന്‍ തന്നെ. കശ്മീര്‍ ചീഫ് ജസ്റ്റിസ് ആയി ഉര്‍ദുവില്‍ സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ഖാലിദിന്റെ നാമം ഇവിടെ സവിശേഷം ഓര്‍ക്കേണ്ടതുണ്ട്. ഉര്‍ദുവെ അതിയായി സ്‌നേഹിച്ച അദ്ദേഹത്തിന്റെ സംഭാവനകള്‍ കൊണ്ടും തലശ്ശേരി ധന്യമായി. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ നാലാമത് സമ്മേളനം തലശ്ശേരിയിലാണ് നടന്നത്. ലോകപ്രശസ്തനായ ഖുര്‍ആന്‍ ഇംഗ്ലീഷ് വിവര്‍ത്തകന്‍ നവമുസ്‌ലിം മുഹമ്മദ് മാര്‍മഡ്യൂക്ക് പിക്താളായിരുന്നു അധ്യക്ഷന്‍. കെ.എം മൗലവിയും ഇ.കെ മൗലവിയും മറ്റ് ഉല്‍പ്പതിഷ്ണു നേതാക്കളുമായിരുന്നു മുസ്‌ലിം ഐക്യസംഘത്തിന്റെ സ്ഥാപകര്‍. ജമാഅത്ത് പണ്ഡിത നേതാവ് വി.കെ ഇസ്സുദ്ദീന്‍ മൗലവിയും തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നതായി കെ മൊയ്തുമൗലവിയുടെ ഓര്‍മക്കുറിപ്പില്‍ പറയുന്നു.
മാഹിപ്പുഴ, ധര്‍മടം പുഴ, അഞ്ചരക്കണ്ടിപ്പുഴ എന്നീ മൂന്ന് നദികളും അറബിക്കടലും അതിരിടുന്ന ഭൂപ്രദേശമാണ് തലശ്ശേരി. പൂര്‍വപ്രതാപം പേറുന്ന കോട്ടയത്തങ്ങാടിയും തലശ്ശേരിയുടെ ഭാഗം തന്നെ. കണ്ണൂര്‍ ജില്ലയില്‍ പെടുന്ന ഈ (മുന്‍) വാണിജ്യ-സാംസ്‌കാരിക കേന്ദ്രത്തിന്റെ വിശദ ചരിത്രരേഖ പുറത്ത് വരേണ്ട കാലം വൈകി. എ.എന്‍.പി ഉമ്മര്‍ കുട്ടിയുടെ പിന്മുറക്കാര്‍ അത് നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു*.
ഇതെഴുതുന്നയാള്‍ക്കും തലശ്ശേരിയുമായി ഒരു പെരുന്നാള്‍ പ്രഭാഷണ കാലത്തിന്റെ കുളിരോര്‍മ പങ്കുവെക്കാനുണ്ട്. എല്ലാ നോമ്പ് പെരുന്നാളിലും തലശ്ശേരി സ്റ്റേഡിയം പള്ളി ഗ്രൗണ്ടിലെ സായാഹ്ന പ്രഭാഷണം എന്റേതായിരുന്നു. ടി.പി കുട്ട്യാമു സാഹിബായിരുന്നു പരിപാടിയുടെ സാരഥി. പരിപാടിക്ക് ആദ്യമായി ആയഞ്ചേരിയില്‍ എന്നെ ക്ഷണിക്കാന്‍ വന്നത് വി.കെ കുട്ടു സാഹിബാണന്ന് ഓര്‍ക്കുന്നു. നീണ്ടകാലം ഇത് തുടര്‍ന്നു. അന്നൊക്കെ എന്റെ പ്രഭാഷണങ്ങള്‍ക്ക് ഇഖ്ബാല്‍ കവിതകളുടെ അകമ്പടി മാറ്റുകൂട്ടുമായിരുന്നു. കടലോരത്ത് പായക്കപ്പലിന്റെ ഓര്‍മയില്‍ അതിന് തിളക്കം കൂടുമായിരുന്നു.
അറക്കല്‍ രാജകുടുംബം
കണ്ണൂരിലെ പൗരാണിക അറക്കല്‍ രാജകുടുംബത്തിന് ഹൈദറാബാദ് നൈസാം രാജകുടുംബവുമായി ആഴമുള്ള ബന്ധങ്ങളുണ്ടായിരുന്നു. മറുവശത്ത് ടിപ്പുസുല്‍ത്താനുമായും അറക്കല്‍ കുടുംബത്തിന് ഊഷ്മള ബന്ധമായിരുന്നു. ഈ രണ്ട് വശങ്ങളിലും അറക്കല്‍ രാജകുടുംബം ഉര്‍ദുഭാഷാ-സംസ്‌കാരത്തിന്റെയും സംഗീതത്തിന്റെയും ഖവാലിയുടെയും വിളനിലമായി മാറുകയായിരുന്നു. മദ്‌റസകളില്‍ ഉര്‍ദുപഠനത്തിന് നൈസാമിന്റെ വക ധനസഹായവും ലഭിച്ചിരുന്നതായി പറയപ്പെടുന്നു. തലശ്ശേരിയുള്‍പ്പെടെ പരിസരങ്ങളില്‍ ഉര്‍ദുഭാഷാ പഠനത്തിന് ഇതും നിമിത്തമായി (കെ.പി ശംസുദ്ദീന്റെ ലേഖനത്തില്‍നിന്ന്, ഹകീമുല്‍ ഉമ്മഃ 2018 ജൂണ്‍).
ഉര്‍ദുവിന്റെ ഉപ്പില്‍ കേരളത്തിന്റെ ഉപ്പള
ഉത്തരകേരളത്തില്‍ കാസര്‍കോട് ജില്ലയിലെ കുമ്പളക്ക് അപ്പുറം മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തില്‍ അറബിക്കടലിന്റെ കരയോരത്ത് ദേശീയപാതയില്‍ ഉപ്പളയെന്ന ജനസാന്ദ്രമായ പ്രദേശം. ജനസംഖ്യയില്‍ പാതിയും മുസ്‌ലിംകള്‍. ഉര്‍ദു മാതൃഭാഷയായ ഹനഫി ദഖ്‌നീകള്‍. ഇങ്ങനെയൊരു 'ഉര്‍ദുസ്താന്‍' മലായാളനാട്ടില്‍ ഉണ്ടെന്നുകേട്ടാല്‍ ഏത് മലയാളിയും അതിശയിച്ചുപോകും. ഇവരുടെ മതപരവും സാംസ്‌കാരികവും ഭരണപരവും വിദ്യാഭ്യാസപരവുമായ എല്ലാ ഇടപാടുകളും ഉര്‍ദുവില്‍തന്നെ. പള്ളിമഹല്ലും മദ്‌റസയും മാത്രമല്ല, സ്‌കൂള്‍ ഭാഷയും ഉര്‍ദു. പ്രൈവറ്റ് സ്‌കൂള്‍ സര്‍ക്കാറിന് വിട്ടുകൊടുത്തപ്പോള്‍ ഉര്‍ദു രണ്ടാം ഭാഷയില്‍ ഒതുങ്ങി. കേരളത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഇത് ശരിയാണെങ്കിലും ഭാഷാന്യൂനപക്ഷത്തിന്റെ അവകാശത്തില്‍ കൈകടത്തലായി ഹനഫീ മുസ്‌ലിംകള്‍ക്ക് തോന്നാം. രാഷ്ട്രീയ നേതാക്കളുടെ ഉത്തരകേരള പദയാത്രകള്‍ ആരംഭിക്കാറുള്ളത് മഞ്ചേശ്വരത്തുനിന്നാണെങ്കിലും കേരള പാഠപുസ്തകങ്ങളില്‍ ഉപ്പളയുടെ ഉപ്പും മുളകും പതിഞ്ഞു കാണാറില്ല എന്ന് ഉപ്പളക്കാര്‍ക്ക് പരിഭവമുണ്ടാകാം. ഈ ഭാഷാസംഘര്‍ഷത്തിനിടയിലും ഉപ്പളനാട് കേരനാടിനൊപ്പം ശാന്തമായി മുന്നോട്ടു പോകുന്നു (വിശദാംശം എം.എ റഹ്‌മാന്റെ 'ഉപ്പളയുടെ ഭാഷയെ ആരാണ് മാറ്റുന്നത്' എന്ന ലേഖനത്തില്‍- മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2009 ഏപ്രില്‍ 19-25).
കക്കോവില്‍ ഒരു ഉപ്പള
തലക്കെട്ട് അല്‍പം അതിശയോക്തിപരമാണ്. എങ്കിലും ഒരാശയം മനസ്സില്‍ പതിയാന്‍ ഉതകും. കോഴിക്കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന മലപ്പുറം ജില്ലയിലെ ഉള്‍നാടന്‍ പ്രദേശമാണ് കക്കോവ്. ഫാറൂഖ് കോളജില്‍നിന്ന് ഏതാനും കിലോമീറ്റര്‍ ദൂരമേയുള്ളൂ. ബഹുമുഖ പ്രതിഭയായ പ്രശസ്ത മതപണ്ഡിതന്‍ എ.പി അഹമ്മദ് കുട്ടി മൗലവി മുന്നൂര്‍ (1920-88) കക്കോവ് ജുമുഅത്ത് പള്ളിയില്‍ മൂന്ന് പതിറ്റാണ്ട് കാലം ദര്‍സ് നടത്തിയിരുന്നു. പള്ളിദര്‍സ് പഠനത്തിന് ശേഷം വാഴക്കാട് ദാറുല്‍ ഉലൂമിലും ഹൈദറാബാദ് ജാമിഅ നിസാമിയയിലുമാണ് മൗലവി പഠനം പൂര്‍ത്തീകരിച്ചത്. കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, പറവണ്ണ കെ.പി.എ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുര്‍റഹ്‌മാന്‍ മൗലവി, അബുസ്സ്വലാഹ് മൗലവി, ശൈഖ് മുഹമ്മദ് മൗലവി, കെ.സി അബ്ദുല്ല മൗലവി എന്നിവര്‍ ഗുരുനാഥന്മാരാണ്. ബഹുഭാഷാ പണ്ഡിതനായ അഹ്‌മദ്കുട്ടി മൗലവി ഉര്‍ദവില്‍ അദീബെ ഫാസില്‍ പാസായി. കക്കോവ് പള്ളിയില്‍ അദ്ദേഹം സ്ഥാപിച്ച ബൃഹത്തായ ഖുതുബ്ഖാനയില്‍ നൂറുകണക്കില്‍ ഉര്‍ദു ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. മുഫ്തി മൗലാനാ ശഫീഇന്റെ മആരിഫുല്‍ ഖുര്‍ആന്‍, അബ്ദുല്‍ മാജിദ് ദര്‍യാബാദിയുടെ തഫ്‌സീറുല്‍ മാജിദി, മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ ഉര്‍ദു ഖുര്‍ആന്‍ തഫ്‌സീറുകളും അതിന്റെ ഭാഗമായിരുന്നു. സയ്യിദ് സുലൈമാന്‍ നദ്‌വി ഉള്‍പ്പെടെയുള്ള പ്രമുഖ ഉത്തരേന്ത്യന്‍ പണ്ഡിതന്മാര്‍ പത്രാധിപരായ ഉര്‍ദു പത്രമാസികകളും ലൈബ്രറിയില്‍ ലഭ്യമായിരുന്നു. ഉര്‍ദുഭാഷയോടുള്ള അപാര താല്‍പര്യവും അനുരാഗവും കാരണമായി പള്ളിയിലെ ദര്‍സ്ഭാഷയും സംസാരഭാഷയും ഉര്‍ദുവായിരുന്നു. ഉര്‍ദുഭാഷാ പഠനത്തിന് മൗലവി 'ഉര്‍ദുസബാന്‍' എന്ന രണ്ട് ഭാഗങ്ങളുള്ള പാഠപുസ്തകവും തയാറാക്കി. 30 വര്‍ഷക്കാലം പള്ളിദര്‍സിലും പരിസരങ്ങളിലും ഉര്‍ദു ഭാഷ മാത്രം സംസാരിക്കുന്ന ഒരു ഉള്‍നാട്ടില്‍ ഉര്‍ദു ഭാഷയുടേതായ ഒരു സാംസ്‌കാരിക സാഹചര്യം രൂപംകൊള്ളുമെന്ന് വിശിഷ്യാ പറയേണ്ടതില്ല. ഇങ്ങനെയൊരു പൈതൃകവും പാരമ്പര്യവുമാണ് കക്കോവിനെ ഉപ്പളയാക്കുന്നത്. ഇപ്പോള്‍ സ്ഥിതിഗതിയെല്ലാം മാറിയെങ്കിലും പഴമയുടെ പാരമ്പര്യത്തിന് അതിന്റേതായ പ്രൗഢിയുണ്ട് (അവലംബം: അബ്ദുര്‍ഹ്‌മാന്‍ മങ്ങാടിന്റെ കുറിപ്പ്).
ഉര്‍ദു: രചനകളും വിവര്‍ത്തനങ്ങളും
വക്കം കുടുംബം
കേരളമുസ്‌ലിം നവോത്ഥാനപാതയില്‍ പണ്ഡിത ശ്രേഷ്ഠന്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നാമം തങ്കലിപിയില്‍ രേഖപ്പെട്ടുകിടക്കുന്നു. അത്രക്ക് മഹത്തരമാണ് മൗലവിയും കുടുംബാംഗങ്ങളും ശിഷ്യഗണങ്ങളും ചെയ്ത സേവനസംഭാവനകള്‍. മൗലവി ഒരു വ്യക്തിയല്ല, പ്രസ്ഥാനം തന്നെയായിരുന്നു. പോയ നൂറ്റാണ്ടിന്റെ ധൈഷണികവും മത- സാംസ്‌കാരികവുമായ ചരിത്രവഴികളില്‍ തിളക്കമാര്‍ന്ന പാദമുദ്രകള്‍ പതിച്ചുകൊണ്ടാണ് ആ യാത്രാസംഘം വിടപറഞ്ഞത്. സ്വദേശാഭിമാനി, ദീപിക, മുസ്‌ലിം തുടങ്ങിയ പത്രമാസികകള്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്നു. കൂടാതെ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅ എന്ന ഉര്‍ദു പുസ്തകം വിവര്‍ത്തനം ചെയ്തതും മൗലവിയാണ്. ഉത്തരേന്ത്യയിലെപ്രശസ്ത ഉര്‍ദു പത്രങ്ങളില്‍ മൗലവി ലേഖനകള്‍ എഴുതാറുണ്ടായിരുന്നു.
ദല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ, അറബിക് ബിരുദധാരിയായ വക്കം അബ്ദുസ്സലാം (1902-1934) ഉര്‍ദുഭാഷാ വിദഗ്ധനായിരുന്നു. അല്ലാമാ ശിബ്‌ലി നുഅ്മാനിയുടെ പ്രശസ്ത ഗ്രന്ഥം അല്‍ ഫാറൂഖ് ഉര്‍ദുവില്‍നിന്ന് വിവര്‍ത്തനം ചെയ്തത് ഇദ്ദേഹമാണ്. കുട്ടിക്കാലത്ത് അല്‍ഫാറൂഖ് വായിച്ച് കണ്ണ് നനഞ്ഞ ഞാന്‍ ഉര്‍ദു പഠിച്ചശേഷം വാങ്ങിയ ആദ്യഗ്രന്ഥങ്ങളിലൊന്ന് ശിബ്‌ലിയുടെ അല്‍ഫാറൂഖ് മൂലകൃതിയാണ്. ഹസ്രത്ത് ഉമറിനെ കുറിച്ച് ഒരുപാട് എഴുതപ്പെട്ടെങ്കിലും ശിബ്‌ലിയുടെ അല്‍ഫാറൂഖിന് തുല്യം അത് മാത്രം (കെ. സി കോമുക്കുട്ടി മൗലവിയും അല്‍ഫാറൂഖ് വിവര്‍ത്തനം ചെയ്തിട്ടുണ്ട്).
വക്കം അബ്ദുല്‍ഖാദര്‍(1912-1976). വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മൂന്നാമത്തെ മകന്‍. ചിന്തകനും എഴുത്തുകാരനുമായ അബ്ദുല്‍ ഖാദര്‍ ഇഖ്ബാല്‍ കവിതയുടെ ഗരിമയിലും സൗന്ദര്യത്തിലും അഭിരമിച്ചു. മയങ്ങിഉറങ്ങിയ സമുദായമനസ്സിനെ ഉദ്ദീപിപ്പിക്കാനുള്ള ഇഖ്ബാല്‍ കവിതയുടെ കഴിവില്‍ അബ്ദുല്‍ഖാദര്‍ ആവേശഭരിതനായി. ശിക്‌വ ജവാബെ ശിക്‌വ(ആവലാതിയും മറുപടിയും)യും അസ്‌റാറെ ഖുദി(ആത്മരഹസ്യങ്ങള്‍)യും ഭാഷാന്തരം ചെയ്ത അബ്ദുല്‍ഖാദര്‍ ഇഖ്ബാലിന്റെ ജീവിതവും എഴുതിയിട്ടുണ്ട്. ഇസ്‌ലാമിലെ ചിന്താപ്രസ്ഥാനങ്ങള്‍ പോലുള്ള ദാര്‍ശനിക പഠനങ്ങളും ശ്രദ്ധേയമാണ് (വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, മകന് സ്വന്തം പേര് നല്‍കിയതിനെ കുറിച്ച ഐതിഹ്യം രസകരമാണ്. ഭാര്യ ഗര്‍ഭിണിയായിരിക്കെ, ഒരു യതിവര്യന്‍ വീട്ടില്‍ വന്നുവത്രെ. പിറക്കാന്‍ പോകുന്ന മകന് അബ്ദുല്‍ഖാദര്‍ എന്ന് തന്നെ പേരിടണമെന്നായിരുന്നു സൂഫിവര്യന്റെ ഉപദേശം. മറ്റൊരു കഥയാണ് കൂടുതല്‍ രസകരം. മുസ്‌ലിം പെണ്ണുങ്ങള്‍ ഭര്‍ത്താക്കന്മാരുടെ പേര് പറയാത്ത കാലമായിരുന്നു അത്. മൗലവിക്ക് ഒരു യുക്തി തോന്നി; മകന് തന്റെ പേരിട്ടാല്‍ ആ വഴിക്കെങ്കിലും ഭാര്യ തന്റെ പേരുച്ചരിക്കേണ്ടിവരുമല്ലോ. കഥയില്‍ ചോദ്യമില്ല).
വക്കം മൈതീന്‍ (1899-1967). വക്കം മൗലവിയുടെ സഹോദരീപുത്രന്‍. വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ, തെരഞ്ഞെടുത്ത നബിവചനങ്ങളുടെ സമാഹാരം(ഇസ്‌ലാംമത തത്വപ്രദീപം), 'ലിമാദാ തഅഖറല്‍ മുസ്‌ലിമൂന്‍' എന്ന ശക്കീബ് അര്‍സലാന്റെ അറബി ഗ്രന്ഥത്തിന്റെ വിവര്‍ത്തനം (മുസ്‌ലിംകള്‍ എന്തുകൊണ്ട് പിന്നാക്കമായി) മുതലായവ വക്കം മൈതീന്റെ മുഖ്യ കൃതികളാണ്. മൈതീന്‍ സാഹിബിന്റെ ഖുര്‍ആന്‍ അമ്മ ജുസ്അ് വിവര്‍ത്തനം ചെറുപ്രായത്തില്‍ വായിക്കാനിടയായി. നല്ല വായനാനുഭവമായിരുന്നു (മൈതീന്റെ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ മാര്‍ക്കറ്റില്‍ ലഭ്യമാണ്).
മൗലാനാ റാശിദുല്‍ ഖൈരിയുടെ പടവാളും പനിനീര്‍പൂവും എന്ന ഉര്‍ദു ചരിത്രാഖ്യായിക മൊഴിമാറ്റം ചെയ്തത് വക്കം മൗലവിയുടെ ശിഷ്യന്‍ ടി.പി മുഹമ്മദ് ഇടവയാണ്.
ഉര്‍ദു, പേര്‍ഷ്യന്‍, അറബി കൃതികളുടെ വിവര്‍ത്തനങ്ങളും തദനുസാരമായ പ്രവര്‍ത്തനങ്ങളും ചേര്‍ന്ന് വക്കം പ്രസ്ഥാനത്തില്‍ അഭിമാനിക്കുന്നതിനൊപ്പം ആ പൈതൃകത്തിന്റെ പിന്തുടര്‍ച്ചാനഷ്ടത്തില്‍ അതിയായ ഖേദവും തോന്നുന്നു.
ഇശാഅത്ത് പത്രം
1930-കളില്‍ കോട്ടയത്ത് നിന്നും പിന്നെ ആലപ്പുഴ നിന്നും പി.എം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച മലയാളപത്രം. യൂറോപ്പിലും മറ്റും ഇസ്‌ലാമില്‍ ആകൃഷ്ടരായ പ്രമുഖ വ്യക്തിത്വങ്ങളെ ഇശാഅത്ത് മലയാളികള്‍ക്ക് പരിചയപ്പെടുത്തി. 1937-ല്‍ സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദിയുടെ മുസല്‍മാന്‍ ഔര്‍ മൗജൂദ സിയാസീ കശ്മകശ് എന്ന പ്രശസ്ത രാഷ്ട്രീയ വിശകലന ഗ്രന്ഥം (ഉര്‍ദു) 'മുസ്‌ലിംകളും നിലവിലുള്ള രാഷ്ട്രീയ വടംവലികളും' എന്ന ശീര്‍ഷകത്തില്‍ ഖണ്ഡശ ഇശാഅത്ത് മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി. മുഹമ്മദ് ഫസലുല്ലയായിരുന്നു വിവര്‍ത്തകന്‍. ജമാഅത്തെ ഇസ്‌ലാമി നിലവില്‍ വരുന്നതിന് മുമ്പ് കേരളീയര്‍ക്ക് സയ്യിദ് മൗദൂദിയെ പരിചയപ്പെടുത്തിയ കൃതികളിലൊന്നാണിത്.
ടി. ഉബൈദ് (1908-1972)
ഉബൈദ് മാഷ്, കെ.എം അഹ്‌മദ,് മുഹമ്മദ് താഈ മൗലവി, അബ്ദുല്ലാ ശര്‍ഖി, എ.കെ മുഹമ്മദ് ശറൂല്‍ മുതല്‍പേര്‍, പിന്നെ ആലിയാ അറബിക് കോളജ്. ഇങ്ങനെയൊരു ഉര്‍ദു സംസ്‌കൃതി, ആ വൃത്തത്തിന് മധ്യേ മോതിരത്തിലെ കല്ലുപോലെ, മാലയിലെ പതക്കം പോലെ തിളങ്ങുന്നു, ടി ഉബൈദ്. ഉബൈദ് മാഷിന്റെ തിളക്കം പക്ഷെ, കാസര്‍കോട്ടോ കേരളത്തിലോ ഒതുങ്ങിനില്‍ക്കുന്നില്ല. കന്നട സാഹിത്യത്തെയും അത് പ്രശോഭിതമാക്കുന്നു. അനുഗൃഹീത മലയാള, കന്നട കവികോകിലം എന്നതിനപ്പുറം മാപ്പിള കലാ സാഹിതിയുടെ ഉദ്ധാരകനെന്ന സവിശേഷതയാണ് ഉബൈദ് മാഷെ ചരിത്രപുരുഷനാക്കുന്നത്. ഇരുട്ടിന്റെ ഇടനാഴികളില്‍ മറവിയുടെ മാറാല പിടിച്ചുകിടന്ന മനോഹരമായ മാപ്പിളപ്പാട്ടും മാപ്പിളകലകളും പൊടിത്തട്ടിയെടുത്ത് മലയാള കലാവേദികളെ ത്രസിപ്പിച്ച ഉബൈദിന്റെ സാഹിത്യ, സംസ്‌കാരിക ജീവിതത്തിന് മരണമില്ല. അതിനപ്പുറം അദ്ദേഹത്തിന്റെ അന്വേഷണതൃഷ്ണ ഇഖ്ബാല്‍ കവിതയുടെ ആകാശത്തോളം ഉയര്‍ന്നുപറന്നു. ഇഖ്ബാല്‍ കവിതയുടെ അന്തസ്സത്ത മലയാളത്തില്‍ പകര്‍ത്തുക എന്നത് വലിയൊരു സാഹസികതയാണ്, വിശേഷിച്ചും കാവ്യശൈലിയില്‍. ആ സാഹസത്തിന് ധൈര്യപ്പെട്ട അല്‍പം ചിലര്‍ക്കൊപ്പമാണ് ഉബൈദ് നടന്നുനീങ്ങിയത്. ഇഖ്ബാലിന്റെ 'ആവലാതിയും മറുപടി'യും ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ട് ശീലുകളില്‍ ഉബൈദ് കൈരളിക്ക് സമര്‍പ്പിച്ചു. എന്നാല്‍ ഉബൈദ് മാഷുമായുള്ള എന്റെ വ്യക്തിബന്ധം ഇഖ്ബാല്‍ കവിതാ വഴികളിലല്ല. എന്നോട് അദ്ദേഹത്തിന് പിതൃതുല്യമായ വാത്സല്യമായിരുന്നു. എന്നെ ക്ഷണിക്കുന്നതിലും പ്രഭാഷണത്തെ പ്രശംസിക്കുന്നതിലും അദ്ദേഹം ഒരു പിശുക്കും കാണിച്ചില്ല. വാപ്പയോടുള്ള ബഹുമാനാദരവും ഇതിന് കാരണമാകാം. എന്റെ പിതാവ് ആയഞ്ചേരി തറക്കണ്ടി അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ കാസര്‍കോഡും പടന്നയ്ക്കടുത്ത തുരുത്തിയിലും ദര്‍സ് നടത്തിയിരുന്നു. വാപ്പ നാട്ടിലുള്ളപ്പോള്‍ കാസര്‍കോട്ടെ പ്രമുഖര്‍ വീട്ടില്‍ വന്ന് താമസിക്കുക പതിവായിരുന്നു.
എസ്.എം സര്‍വര്‍ (1916-1994)
കേരളത്തിലെ ഉര്‍ദു- ഇഖ്ബാല്‍ ചര്‍ച്ചയില്‍ ആദ്യം വരേണ്ടുന്ന നാമധേയനാണ് സയ്യിദ് മുഹമ്മദ് സര്‍വര്‍. തലശ്ശേരി ബ്രണ്ണന്‍ കോളജ്, സെന്റ് ജോസ്ഫ്‌സ് ഹൈസ്‌കൂള്‍, മലപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ ഉര്‍ദു അധ്യാപകനായിരുന്ന സര്‍വര്‍ തൃശൂര്‍ സ്വദേശിയാണ്. ബാംഗ്ലൂര്‍ കന്റോണ്‍മെന്റിലെ മുഹമ്മദലി ഹാളില്‍ ആദ്യ ഉര്‍ദു കവിത അവതരിപ്പിച്ചതോടെയാണ് സര്‍വര്‍ എന്ന തൂലികാനാമം സ്വീകരിച്ചത്. ഇതിനു മുമ്പ് പരിചയപ്പെടുത്തിയവരെല്ലാം ഉര്‍ദുവില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തവരാണെങ്കില്‍ മലയാളിയായ ഉര്‍ദു കവിയെന്നതാണ് എസ്.എം സര്‍വറെ വേറിട്ടുനിര്‍ത്തുന്നത്. അര്‍മഗാനെ കേരളയും നവായെ സര്‍വറുമാണ് മുഖ്യകൃതികള്‍. ഒരു മലയാളി എഴുതിയ ഏക സമ്പൂര്‍ണ ഉര്‍ദു കാവ്യകൃതിയായി വിലയിരുത്തപ്പെടുന്ന അര്‍മഗാനെ കേരളയില്‍ 49 കവിതകളാണുള്ളത്.
സയ്യിദ് മൗദൂദിയുടെ മുത്തഹിദ ഖൗമിയത്ത് എന്ന ഉര്‍ദു കൃതിയുടെ മലയാള വിവര്‍ത്തനം എന്റെ ചെറുപ്പകാലത്ത് വേളം ശാന്തിനഗറിലെ സുഹൃത്ത് ഇ.ജെ മമ്മുവിന്റെ വശം കാണാനിടയായി. എസ്.എം സര്‍വറായിരുന്നു വിവര്‍ത്തകന്‍ എന്നോര്‍ക്കുന്നു. ഇന്ത്യാവിഭജനത്തിനുമുമ്പ് കോണ്‍ഗ്രസിന്റെ ഏകസംസ്‌കാരവാദത്തെ നിശിതമായി നിരൂപണം ചെയ്ത ഈ ഗ്രന്ഥത്തെയും ഗ്രന്ഥകാരനെയും മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് മര്‍ഹൂം കെ.എം മൗലവി അല്‍മുര്‍ശിദില്‍ എഴുതിയിട്ടുണ്ട്. പുസ്തകവും മൗദൂദിയുടെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയും എല്ലാവരും വായിക്കണമെന്ന അഭ്യര്‍ഥനയും മൗലവി നടത്തുന്നുണ്ട്. വിവര്‍ത്തിത കൃതിയുടെ കോപ്പി കണ്ടെത്താന്‍ കഴിഞ്ഞില്ല, ശ്രമം തുടരുന്നു. (മൗദൂദി സാഹിബിന്റെ പര്‍ദയെന്ന പ്രശസ്ത കൃതി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് സുന്നി വിഭാഗമാണ്).
ഒ. ആബു
അധികം അറിയപ്പെടാത്ത അതികായനാണ് തലശ്ശേരിയിലെ ഒ. ആബു. ടി. ഉബൈദിനും പുന്നയൂര്‍കുളം ബാപ്പുവിനുമൊപ്പം മാപ്പിളപ്പാട്ടിലെ ത്രിമൂര്‍ത്തികളിലാണ് ആബു എണ്ണപ്പെടുന്നത്. നാല്‍പ്പത്തഞ്ചോളം ഗദ്യ, പദ്യ കൃതികള്‍ ആബുവിന്റേതായുണ്ടെന്നറിയുമ്പോള്‍ നാം അതിശയിച്ചുപോകും. അച്ചടിക്കാത്തത് വേറെയും ഉണ്ടത്രെ. ഒന്നിന്റെയും കോപ്പി കിട്ടാനില്ലെന്നതാണ് കൗതുകകരം. കഠിന ശ്രമത്തിനു ശേഷമാണ് ആമിന ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച ഖിസ്‌റെ രാഹ് എന്ന ഇഖ്ബാല്‍ കവിതയുടെ ആബു വിവര്‍ത്തനം കണ്ടെത്തിയത്. 'ജീവിതരഹസ്യം' എന്നാണ് ആബു നല്‍കിയ മൊഴിമാറ്റം. തലശ്ശേരിയില്‍ ഞാന്‍ ആബുവിനെ കാണാന്‍ പോയപ്പോള്‍ ശൈഖ് ജീലാനിയുടെ 'ഫുതൂഹുല്‍ ഗൈബ്'വിവര്‍ത്തനത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. 'ഫുതൂഹുല്‍ ഗൈബി'ന് 'ഗുപ്തമായതിന്റെ പ്രകാശനം' എന്ന ആബുവിന്റെ മൊഴിമാറ്റം എനിക്ക് നന്നേ ഇഷ്ടമായി. ആ പേരിലാണോ അച്ചടിച്ചത് എന്നറിയില്ല. ഉര്‍ദു കവി അല്‍താഫ് ഹുസൈന്‍ ഹാലിയുടെ മുസദ്ദസെ ഹാലിയും ഒ. ആബു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഡോ. എം.എസ് അബ്ദുല്‍ ഖാദര്‍
ഉര്‍ദു-പേര്‍ഷ്യന്‍ പണ്ഡിതനായ ചങ്ങനാശ്ശേരിയിലെ ഡോ. എം.എസ് അബ്ദുല്‍ ഖാദര്‍ ഇഖ്ബാലിന്റെ പതിനേഴ് കവിതകളുടെ സമാഹാരം 'നിദര്‍ശനങ്ങള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (പ്രസാധനം: ഇലാഹിയ ഇസ്‌ലാമിക് സെന്റര്‍, ചങ്ങനാശ്ശേരി). ഇല്ക്ട്രിക് എഞ്ചിനീയറിങ് വിദഗ്ധനായ ഡോക്ടര്‍ ഇസ്‌ലാമിക വിഷയങ്ങളിലും അതീവ തല്‍പരനാണ്. നേരില്‍ പരിചയമില്ല. ഇഖ്ബാല്‍ കവിതകളുടെ ചൈതന്യം പകര്‍ത്തുന്നതില്‍ അബ്ദുല്‍ ഖാദര്‍ സാഹിബ് ഏറക്കുറെ വിജയിച്ചിരിക്കുന്നു എന്ന് പറയാന്‍ സന്തോഷമുണ്ട്. ഗ്രന്ഥകര്‍ത്താവിന്റെ മറ്റു ഇസ്‌ലാമിക കൃതികള്‍: വിശുദ്ധ നബിയുടെ സ്വഭാവ മാഹാത്മ്യം, അനന്തരാവകാശം, ഹനഫീഗൈഡ്, മുഹമ്മദ് ദി പ്രോഫറ്റ് (കുട്ടികള്‍ക്ക്).
ഇ. മൊയ്തു മൗലവി, കെ.സി കോമുക്കുട്ടി മൗലവി
സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായ ഇ. മൊയ്തുമൗലവി മൗലാനാ ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഫാതിഹ വ്യാഖ്യാനം (ഏതാനും ഭാഗം) തര്‍ജമ ചെയ്തിട്ടുണ്ട്. ഖുര്‍ആനിലെ കഥകള്‍ക്കു പുറമെ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിവര്‍ത്തകനുമാണ്. ചരിത്രപണ്ഡിതനും കോണ്‍ഗ്രസ്സുകാരനുമായ കെ.സി കോമുക്കുട്ടി മൗലവി അല്‍ഫാറൂഖിന് പുറമെ അസ്‌ലം ജയരാജ്പൂരിയുടെ താരീഖുല്‍ ഉമ്മത്തും (അഞ്ച് വാള്യം) ഭാഷാന്തരം ചെയ്തിട്ടുണ്ട്.
വി. അബ്ദുല്‍ ഖയ്യൂം കണ്ണൂര്‍
ചരിത്രപണ്ഡിതനും പുരാവസ്തു ഗവേഷകനുമായ സയ്യിദ് ശംസുല്ലാ ഖാദിരിയുടെ 'പ്രാചീന മലബാര്‍' ഉര്‍ദുവില്‍നിന്ന് മൊഴിമാറ്റം ചെയ്തത് കണ്ണൂരിലെ വി അബ്ദുല്‍ ഖയ്യൂം സാഹിബാണ്. എഴുത്തുകാരനും ഉര്‍ദുപണ്ഡിതനുമായ അബ്ദുല്‍ ഖയ്യൂം ചന്ദ്രിക എഡിറ്റോറിയല്‍ സ്റ്റാഫ് അംഗമായിരുന്നു. തുര്‍ക്കി വിപ്ലവം, അബലയുടെ പ്രതികാരം എന്നീ നോവലുകളുടെ വിവര്‍ത്തകനുമാണ്. അഹ്‌മദിയ്യാ വിശ്വാസി ആയിരുന്നു.
ഇഖ്ബാലിനെ മൊഴിമാറ്റം ചെയ്യുമ്പോള്‍
ഉര്‍ദുവില്‍നിന്നുള്ള മലയാളവിവര്‍ത്തന പ്രക്രിയയില്‍ ഏറ്റവും കടുത്ത വെല്ലുവിളി ഇഖ്ബാല്‍ കവിത തന്നെയാണ്. ഈ സാഹസത്തിന് മുതിര്‍ന്ന ധീരാത്മാക്കള്‍ തരണം ചെയ്ത വൈതരണികളിലൂടെ കടന്നുപോകുന്നത് പ്രയോജനകരമാകാം. വിവര്‍ത്തകരും അവതാരകരും രേഖപ്പെടുത്തിയ സ്വന്തം അനുഭവ ബോധ്യങ്ങളുടെ കുറിമാനങ്ങളില്‍നിന്ന്:
വക്കം അബ്ദുല്‍ ഖാദര്‍: 'ആത്മനിവേദനങ്ങള്‍' രണ്ടാം പതിപ്പിന്റെ ആമുഖക്കുറിപ്പ് പ്രസക്ത ഭാഗങ്ങള്‍: ''ഇഖ്ബാലിന്റെ ശിക്‌വ, ജവാബെ ശിക്‌വ എന്നീ ഉര്‍ദുകാവ്യങ്ങള്‍ ഞാന്‍ തര്‍ജമ ചെയ്ത് ആത്മനിവേദനങ്ങള്‍ എന്ന പേരില്‍ പ്രസാധനം ചെയ്തിട്ട് ഇപ്പോള്‍ പത്ത് കൊല്ലം കഴിഞ്ഞു. ആ തര്‍ജമയിലെ പത്ത് വരികള്‍ മാത്രമെ മാറ്റം കൂടാതെ ഈ പതിപ്പില്‍ ചേര്‍ത്തിട്ടുള്ളൂ.''
''....... ആദ്യത്തെ കൃതികൊണ്ട് ഞാന്‍ ചെയ്തുപോയിട്ടുള്ള തെറ്റുകളെയും കുറ്റങ്ങളെയും ചൂണ്ടിക്കാണിക്കുവാന്‍ ഈ പത്തുകൊല്ലത്തിനുള്ളില്‍ ഒരു വ്യക്തിപോലും ഒരുമ്പെട്ടില്ലെന്നുള്ള വസ്തുത എനിക്ക് കൂടുതല്‍ ദയനീയമായി തോന്നി. സാഹിത്യകലാപരമായ അഭിരുചിയും ഉര്‍ദു, പേര്‍ഷ്യന്‍ മലയാളം ഭാഷകളില്‍ വ്യുല്‍പത്തിയും ഇഖ്ബാല്‍ കവിതകളുമായുള്ള പരിചയവും സാമുദായികോത്ഥാനത്തോടുള്ള അഭിവാഞ്ഛയും വിജ്ഞാനപരമായ സംതൃഷ്ണയും ഒത്തിണങ്ങിയ ഒരു വ്യക്തിയുടെയെങ്കിലും സഹായ സഹകരണങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്‍ എന്റെ ആദ്യത്തെ തര്‍ജമ ഇത്രത്തോളം അലങ്കോലപ്പെട്ടുപോകയില്ലായിരുന്നു.''
മലയാള വിവര്‍ത്തനത്തിന് അനുവാദം നല്‍കിക്കൊണ്ട് അല്ലാമാ ഇഖ്ബാല്‍ രോഗശയ്യയില്‍ അബ്ദുല്‍ ഖാദറിന് അയച്ച മറുപടിക്കത്തിലും ഈ ആശങ്ക പങ്ക് വെക്കുന്നുണ്ട്. കവിതയുടെ അന്തസ്സത്ത മൊഴിമാറ്റത്തില്‍ ചോര്‍ന്നുപോകുമോ എന്ന ഉത്കണ്ഠ അദ്ദേഹത്തിനുണ്ടായിരുന്നു. കത്ത് ഇങ്ങനെ:
'' എന്റെ എല്ലാ കൃതികളുടെയും തര്‍ജമ മലയാളത്തില്‍ പ്രസിദ്ധം ചെയ്തുകൊള്ളുന്നതിന് എന്റെ പുത്രന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുമതി നല്‍കുന്നു. എന്നാല്‍ മൂലകൃതികളുടെ സ്പിരിറ്റിനെ തര്‍ജമയില്‍ പകര്‍ത്തിക്കാണിക്കുന്നതില്‍ നിങ്ങള്‍ എത്രമാത്രം വിജയിക്കുമെന്ന് ഞാന്‍ അറിയുന്നില്ല. നിങ്ങള്‍ക്ക് എല്ലാ വിജയവും ആശംസിക്കുന്നു'' (1122 മേടം 24).
ഒ. ആബു: 'ജീവിതരഹസ്യം' ഒന്നാം പതിപ്പിന്റെ മുഖവുരയില്‍നിന്ന്: ''ഖിസ്‌റെ രാഹ് വായിച്ചപ്പോള്‍ അത് വിവര്‍ത്തനം ചെയ്യണമെന്ന് എനിക്ക് തോന്നി. എന്നാല്‍ വിവര്‍ത്തനം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ജനാബ് പി.സി അഹ്‌മദ് ഹനീഫിന്റെ സഹായത്തോട് കൂടിയല്ലാതെ ഉര്‍ദുവും പാര്‍സിയും മിശ്രമാക്കിക്കൊണ്ടുള്ള പല പ്രയോഗങ്ങളും ഉരുക്കിവാര്‍ക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. വിവര്‍ത്തന കാര്യത്തില്‍ എന്നെ സഹായിച്ച മാന്യസുഹൃത്തിന് നന്ദി'' (1-9-1946).
എം. അബൂബക്കര്‍ മുന്‍ഷി ഫാസില്‍: ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷാവിദഗ്ധനും ഇഖ്ബാല്‍ കവിതാ പണ്ഡിതനുമായ അബൂബക്കര്‍ മുന്‍ഷി, ഒ ആബുവിന്റെ 'ജീവിതരഹസ്യ'ത്തിനെഴുതിയ മുഖവുരയില്‍നിന്ന്: ''ശ്രവണമധുരമായ പേര്‍ഷ്യന്‍ ഭാഷയും ശയ്യാഗുണം തികഞ്ഞ ഉര്‍ദു ഭാഷയും രണ്ടു ഭാഷകളിലെ പ്രാചീന, അര്‍വാചീനങ്ങളായ ശൈലികളും നല്ല സ്വാധീനമുള്ള ഒരാള്‍ക്ക് മാത്രമേ അദ്ദേഹത്തിന്റെ (ഇഖ്ബാലിന്റെ) ഉര്‍ദു- പേര്‍ഷ്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ പഠിച്ചറിയുന്നതിന് സാധിക്കുകയുള്ളൂ. സര്‍വോപരി മാനവസമുദായത്തിന്റെ നിമ്‌നോന്നതചരിത്രം പ്രത്യേകമായും അയാള്‍ അറിഞ്ഞിരിക്കണം. ഈ സംഗതികളുടെ അഭാവം കൊണ്ടാണ് ആ പുണ്യാത്മാവിന്റെ സൂക്തീതല്ലജങ്ങള്‍ മലയാളികള്‍ക്ക് ആസ്വദിപ്പാന്‍ സൗകര്യപ്പെടാത്തത്. അദ്ദേഹത്തിന്റെ അസ്‌റാറെ ഖുദീ, ഷിക്‌വാ എന്നീ സുപ്രസിദ്ധ പേര്‍ഷ്യന്‍, ഉര്‍ദു ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ള ഒരാള്‍ ആത്മരഹസ്യങ്ങളും ആത്മനിവേദനവും വായിക്കുമ്പോള്‍ മൂലകൃതികളുടെ പ്രൗഢഗാംഭീര്യം അവയില്‍ കാണുന്നില്ലെങ്കില്‍ അതിന്റെ കാരണം അവ തര്‍ജമകളുടെ തര്‍ജിമകളായതാണ്......
''.....ഇഖ്ബാലിന്റെ കവിത, തത്ത്വചിന്ത, വേദാന്തജ്ഞാനം, അന്തര്‍ദേശീയ വീക്ഷണം, മിസ്റ്റിസിസം, കര്‍മസന്ദേശം എന്നിവയെ സംബന്ധിച്ച ഒരു ചെറുവിവരണംപോലും സമുദ്രത്തെ ചഷകത്തില്‍ അടക്കുന്നതിന് തുല്യമാണ്. നവംനവങ്ങളായ ഉല്ലേഖങ്ങള്‍, സുമധുരസുന്ദരമായ പദവിന്യാസത്തില്‍നിന്ന് ലബ്ധമാകുന്ന ശ്രുതിസൗഖ്യരസം, അതീവഗഹനങ്ങളായ തത്ത്വചിന്താ ശകലങ്ങള്‍, സന്ദര്‍ഭോചിതമായ ഉപമകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ കവിതകള്‍ക്കുള്ള പ്രധാന ഗുണങ്ങള്‍. വിപ്ലവജനകങ്ങളും വികാരോദ്ദീപകങ്ങളും വിസ്ഫുരങ്ങളുമായ തത്ത്വാദര്‍ശാശയങ്ങളെ ഉജ്ജ്വലവും പ്രൗഢവുമായ കവനഭാഷയില്‍ ആവിഷ്‌കരിക്കുവാന്‍ അനുഗ്രഹം ആര്‍ജിച്ചിട്ടുള്ള ഒരു കവിശ്രേഷ്ഠനാണദ്ദേഹം. ഉര്‍ദുപദ്യസാഹിത്യത്തിന് അനാവിലമായ ഒരു നവസരണിയെ അദ്ദേഹം സൃഷ്ടിക്കുകയുണ്ടായി. ശബ്ദസുഖം, അര്‍ഥപുഷ്ടി, രസപൂര്‍ത്തി എന്നിവ തികഞ്ഞവയാണ് അദ്ദേഹത്തിന്റെ കവനങ്ങള്‍. സമുദായത്തിന്റെ അധഃപതന ഹേതു എന്താണെന്നും അതിന്റെ അഭിവൃദ്ധിക്ക് നിദാനമായ പദ്ധതി ഏതാണെന്നും ഉള്ള അഗാധചിന്തയുടെ ഫലമായുണ്ടായ ദിവ്യാനുഭവം പ്രൗഢവും ഉജ്ജ്വലവും എന്നാല്‍ ശിലാഹൃദയത്തെപോലും അലിയിക്കാന്‍ പര്യാപ്തവുമായ രീതിയില്‍ പ്രദിപാദിക്കപ്പെട്ടവയത്രെ അദ്ദേഹത്തിന്റെ കവിതകള്‍....
''.... അദ്ദേഹത്തിന്റെ കവിതകളില്‍ ജാവീദ്‌നാമയാണ് മിസ്റ്റിക് കവിതകള്‍ക്ക് മകുടോദാഹരണമായി നിലകൊള്ളുന്നത്. വളരെക്കാലം യൂറോപ്പില്‍ ഒരു ദൈവികഗ്രന്ഥമെന്നോണം ബഹുമാനിക്കപ്പെട്ടിരുന്ന ഡാന്റെയുടെ ഡിവൈന്‍ കോമഡി എന്ന ഗ്രന്ഥം ഇഖ്ബാലിന്റെ ജാവീദ് നാമയുടെ മുമ്പില്‍ സൂര്യന്റെ മുമ്പില്‍ കൊളുത്തിവെച്ച ചെറുദീപം മാത്രമാണെന്നാണ് മാഡ്രിഡ് യൂനിവേഴ്‌സിറ്റിയിലെ ചരിത്രപ്രഫസറായ ആസന്‍ പ്രസ്താവിക്കുന്നത്. മൗലാനാ റൂമി(റ)യെ മാര്‍ഗദര്‍ശകനായി സ്വീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആദ്ധ്യാത്മികയാത്രയാണ് അതിലെ ഉള്ളടക്കം''(10-8- 1946).
ഡോ. എം.എസ് അബ്ദുല്‍ ഖാദര്‍: ഉര്‍ദു-പേര്‍ഷ്യന്‍ ഭാഷാപടുവായ ഡോ. എം.എസ് അബ്ദുല്‍ ഖാദര്‍ പദ്യശൈലിയില്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത് ഇഖ്ബാലിന്റെ തെരഞ്ഞെടുത്ത പതിനേഴ് കവിതകളാണെന്ന് സൂചിപ്പിച്ചുവല്ലോ. പുസ്തകത്തിന്റെ പ്രൗഢമായ ആമുഖത്തില്‍ ഇഖ്ബാല്‍ കവിതകളിലെ മിസ്റ്റിക്-ദാര്‍ശനിക വശങ്ങളിലാണ് അദ്ദേഹം ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇസ്‌ലാമിന്റെ ലളിതനിര്‍മലമായ ആദര്‍ശ വിശ്വാസങ്ങളെ സങ്കീര്‍ണതകളുടെ നൂലാമാലകളില്‍ കുഴക്കിയത് പില്‍ക്കാലത്ത് കടന്നുവന്ന ഇന്തോ-യവന ദര്‍ശനങ്ങളുടെ സങ്കലനമാണെന്ന ചരിത്രവസ്തുത നിഷേധിക്കാവതല്ല. ആത്മശുദ്ധിയെ പ്രകാശനം ചെയ്യുന്ന സൂഫിസത്തില്‍ വഹ്ദത്തുല്‍ വുജൂദും (അദ്വൈതം) അനല്‍ ഹഖുമൊക്കെ കടന്നുചെന്നത് ഈ വഴികളിലൂടെയാണ്. തീവ്ര സൂഫീപക്ഷം ഇതൊന്നും മനസ്സിലാക്കുന്നവരല്ലെങ്കിലും ഇതാണ് വസ്തുത. ഈ മിസ്റ്റിക് കെട്ടിക്കുടുക്കുകളില്‍നിന്ന് ഇഖ്ബാലിനെ ഒഴിവാക്കിക്കൊണ്ട് ഗ്രന്ഥകാരന്‍ എഴുതുന്നു: ''ഇഖ്ബാലിന്റെ ദര്‍ശനത്തിന് സര്‍ഹിന്ദിയുടെ വ്യാഖ്യാനത്തോടും അനുഭൂതിയോടുമാണ് ആഭിമുഖ്യം. ഇതാകട്ടെ, ഖുര്‍ആനില്‍ അധിഷ്ഠിതവും ആകുന്നു. മനുഷ്യന്റെ വ്യക്തിത്വം ഇല്ലാതാകുന്നില്ല. അവന് അതിനെ വളര്‍ത്താം. മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ കവിതാസാഗരം പോലെതന്നെ ഇഖ്ബാലിന്റെ കവിതാസഞ്ചയവും സിദ്ധാന്തവല്‍ക്കരണത്തിന് വഴങ്ങുന്നവയല്ല എന്ന് കൂടി ഇവിടെ പ്രസ്താവിക്കാതെ നിവൃത്തിയില്ല. അദ്ധ്യാത്മികാനുഭൂതികള്‍ വ്യക്തിഗതമാണ്, സമൂഹത്തിന്റെയല്ല എന്നുള്ളതാണ് ഇതിന് കാരണം.'' മൊഴിമാറ്റത്തിലെ തിക്താനുഭവങ്ങളെ കുറിച്ച് വിവര്‍ത്തകന്റെ വിലയിരുത്തല്‍ ഇങ്ങനെ: ''ഓരോ ഭാഷയും ഒരു സംസ്‌കാരമാണ്. ഒന്നിലെ പദസമുച്ചയത്തില്‍ പ്രകടിതമായ വിചാരവും വികാരവും നൂറ്റാണ്ടിലെ വളര്‍ച്ചയിലൂടെ നേടിയ സംഭൃതാര്‍ഥങ്ങളുടെ ധ്വനിയും മറ്റൊന്നിലേക്ക് ആവാഹിക്കാന്‍ സാധിച്ചെന്നു വരികയില്ല. ഒന്നിലെ സങ്കേതങ്ങളും കവിതാത്മകമായ ബിംബങ്ങളും മറ്റൊന്നില്‍ അപരിചിതങ്ങളും ഒരുപക്ഷേ, വിരൂപങ്ങളുമായി ഭവിച്ചേക്കാം. ഈ പുസ്തകത്തിലെ വിവര്‍ത്തനങ്ങള്‍ ഒരു സാധാരണ സഹൃദയന്റെ ചേതോവിജൃംഭണങ്ങള്‍ ആണെന്ന് ധരിക്കുക.''
കവിതാശൈലി തെരഞ്ഞെടുത്തതിന്റെ ന്യായം ഇങ്ങനെ: ''ഉദാത്തമായ ഭാവങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുവാന്‍ ഛന്ദോബദ്ധത ഒരളവോളം സഹായിക്കും എന്ന് വിശ്വസിച്ചതു കൊണ്ടാണ് പദ്യാവിഷ്‌കാരത്തിന് മുതിര്‍ന്നത്. എന്നാല്‍ ലാളിത്യം കൊണ്ടും സംഗീതാത്മകതകൊണ്ടും അര്‍ഥവ്യാപ്തികൊണ്ടും ഇഖ്ബാല്‍ രചിക്കുന്ന സായൂജ്യ പ്രപഞ്ചത്തിന്റെ അടുത്തെങ്ങുമെത്താന്‍ ഈ പരിഭാഷക്ക് കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കിക്കൊള്ളട്ടെ.''
ഇഖ്ബാല്‍ കവിതാവിവര്‍ത്തകരുടെയും അവതാരകരുടെയും അനുഭവക്കുറിപ്പുകളിലൂടെ വായിച്ചു വരുമ്പോള്‍ അവരെപ്പോലെ നമുക്കും ബോധ്യമാകുന്ന ഒരു മൗലിക വസ്തുതയുണ്ട്; കടലാഴത്തെ കൈക്കുമ്പിളിലെടുക്കുന്നതുപോലെയോ ആകാശവിശാലതയെ ശീലക്കുടയിലൊതുക്കുന്നതുപോലെയോ ഉള്ള സാഹസികതയാണത്. അവ്വിധമൊരു അനശ്വര കാവ്യകല്‍പന കൈരളിയുടെ കരതലത്തിലൊതുക്കാനുള്ള ഏത് ശ്രമവും പരിമിതികളുള്ളതാണ്. ഈ തപസ്യയില്‍ ആര് എന്ത് നേടി എന്ന ചോദ്യംപോലെ ലളിതമല്ല, മറുപടി. വിശുദ്ധ ഖുര്‍ആന്റെ നൂറുകൂട്ടം വിവര്‍ത്തനങ്ങളില്‍ ഏതാണേറ്റം മികച്ചതെന്ന ചോദ്യം പോലെയാണത്. മനുഷ്യവചനത്തെ ദിവ്യവചനത്തോട് ഉപമിക്കാവതല്ലെങ്കിലും വിവര്‍ത്തനപ്രക്രിയയിലുള്ള പ്രയാസം മാത്രമേ ഇവിടെ ഉദ്ദേശ്യമുള്ളൂ. എല്ലാം പറഞ്ഞുകഴിയുമ്പോള്‍ ഓര്‍മ വരുന്നത് ഒരറബി പ്രേമകവിതയാണ്:
'വ കുല്ലുന്‍ യദ്ദഈ വസ്വ്‌ലന്‍ ബി ലൈലാ
വ ലൈലാ ലാ തുഖിര്‍റു ലഹും ബി ദാക്കാ
അറബി കാവ്യകല്‍പനയിലെ നിത്യഹരിത നായികയല്ലോ ലൈല
ലൈല ഒന്നേയൊന്നാണെങ്കിലും മജ്‌നുമാര്‍ പലരാണ്. ഓരോരുത്തരും ലൈലയെ പ്രാപിച്ചതായി ഭാവിക്കുന്നു. ലൈലയോ, ആരുടെ വാദവും സമ്മതിക്കുന്നില്ല. ഇതിനിടയില്‍ ഇതാ ഒരു അറാക്കെന്ന കൊള്ളി. എന്തൊരതിശയം, ലൈലയുടെ ദന്തനിരകളാകുന്ന മുത്തുമണികള്‍ ആ പാഴ്മരക്കമ്പ് ചുംബിച്ചിരിക്കുന്നു! ഈ അനശ്വരസായൂജ്യം എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിന് അറാക്കെന്ന കൊള്ളിയുടെ മറുപടിയുണ്ട്. സൂഫികവിതാസാഹിതിയിലെ ഒരന്വശര ദിവ്യപ്രേമഗീതമാണത്. ഇഖ്ബാല്‍ കവിതയെന്ന ലൈലയെ പ്രാപിക്കുന്നതില്‍ പ്രേമവിവശര്‍ എത്രേടം എത്തി എന്നതിനേക്കാള്‍ ഏറെ മഹത്തരമാണ് ആ സഞ്ചാരവഴികളിലൂടെയുള്ള തീര്‍ഥയാത്രകള്‍ എന്നേ പറയേണ്ടതുള്ളൂ. എല്ലാവരും അര്‍ഹിക്കുന്നത് അഭിനന്ദനങ്ങള്‍.
വര്‍ത്തമാന കേരളത്തിന്റെ ഉര്‍ദു വര്‍ത്തമാനം
കെ.പി ശംസുദ്ദീന്‍, തിരൂര്‍ക്കാട്
കേരളത്തിലെ ഉര്‍ദുഭാഷാചരിത്രത്തിന്റെ അതോറിറ്റിയെന്ന് കെ.പി ശംസുദ്ദീനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കേരളത്തിന്റെ ഉര്‍ദു അംബാസഡര്‍ എന്ന വിശേഷണവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഹൈസ്‌കൂള്‍ അധ്യാപകനായ ശംസുദ്ദീന്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നിട്ടും അതൊന്നും വകവെക്കാതെ കര്‍ണാടക മുതല്‍ കശ്മീര്‍ വരെ ഉര്‍ദുവിന്റെ സന്ദേശവുമായി ചുറ്റിക്കറങ്ങുന്നു. ഉര്‍ദുവുമായി ബന്ധപ്പെട്ട സിംപോസിയങ്ങളിലും സെമിനാറുകളിലും സജീവസാന്നിധ്യമാണ് ശംസുദ്ദീന്‍. ഉര്‍ദുസഞ്ചാരപഥങ്ങളില്‍ പുതിയ അധ്യായങ്ങളെഴുതിച്ചേര്‍ത്തുകൊണ്ട് മുന്നോട്ടു പോകുന്ന ശംസുദ്ദീന് എല്ലാ ആശംസകളും നേരുന്നു. ഉത്തരേന്ത്യയിലെ പത്രമാസികകളില്‍ പ്രബന്ധങ്ങളെഴുതുന്നതിന് പുറമെ ഉര്‍ദുഗൈഡ് (ത്രൈമാസികം) പത്രാധിപരുമാണ്.
അബ്ദുസ്സമദ് സമദാനി
എം.പി അബ്ദുസ്സമദ് സമദാനിക്ക് ഏറ്റവും അനുയോജ്യമായ വിശേഷണം കേരളത്തിലെ ഇഖ്ബാല്‍ കവിതകളുടെ ജനകീയമുഖം എന്നതാണ്. ആകാരചാതുര്യവും ആലാപനമാധുര്യവും ചേര്‍ന്ന് മൃദുസമുദായ ശീലുകളില്‍ സമദാനി ഇഖ്ബാലിനെ പാടിപ്പറയുമ്പോള്‍ സദസ്സും മനസ്സും ഒരുപോലെ ആഹ്ലാദഭരിതമാകുന്നു. ഇഖ്ബാല്‍ എന്ന മഹാപ്രതിഭയെ മുസ്‌ലിം ജനസാമാന്യത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്നതില്‍ സമദാനിക്ക് പകരക്കാരനില്ലെന്നത് പരമാര്‍ഥം. സമദാനിയുടെ തൂലികാവിലാസവും ഇഖ്ബാലിനെ പ്രഘോഷിക്കുന്നു. സുഹൃത്തിന് അഭിവാദ്യങ്ങള്‍.
സമദാനിയുടെ ഉര്‍ദു പാണ്ഡിത്യം പൈതൃക സ്വത്താണെന്ന രഹസ്യം അധികമാര്‍ക്കും അറിയില്ലെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ വന്ദ്യപിതാവ് ഉന്നത മതപണ്ഡിതന്‍ അബ്ദുല്‍ ഹമീദ് ഹൈദരി ഉര്‍ദു പാണ്ഡിത്യത്തിലും അദ്വിതീയനായിരുന്നു. മതാധ്യാപനത്തിലെന്ന പോലെ ഉര്‍ദു ഭാഷാധ്യാപനത്തിലും പ്രശസ്തനായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ ഉര്‍ദുവിലേക്ക് മൊഴിമാറ്റം ചെയ്യുന്ന മഹായജ്ഞത്തിനിടെയാണ് അന്ത്യം സംഭവിച്ചത്. ഒരു കേരളീയ മതപണ്ഡിതന്‍ ഉര്‍ദു ഭാഷയിലേക്ക് വിശുദ്ധ ഖുര്‍ആന്‍ മൊഴിമാറ്റം ചെയ്യാന്‍ മുന്നിട്ടിറങ്ങിയതിന് മറ്റൊരു ഉദാഹരണം കണ്ടെത്താന്‍ പ്രയാസം.
പി.പി അബ്ദുര്‍റഹ്‌മാന്‍
മിര്‍സാ ഗുലാം അഹ്‌മദ് ഖാദിയാനിയുടെ നുബൂവ്വത്ത് വാദത്തെ കുറിച്ച് ഉര്‍ദുഭാഷയില്‍ ഖാദിയാനിയത്ത് എന്ന ഗ്രന്ഥം രചിച്ചത് കൊടിയത്തൂരിലെ പി.പി അബ്ദുര്‍റഹ്‌മാനാണ്. ഒരു മലയാളി ഉര്‍ദുവില്‍ രചിച്ച ഗ്രന്ഥം ഉര്‍ദുവൃത്തങ്ങളില്‍ ഗൗരവമായ ശ്രദ്ധയും സ്വീകാര്യതയും നേടുക ഒട്ടും സാധാരണമല്ല. ഈ ഗ്രന്ഥം അത് സാധിച്ചിരിക്കുന്നു. (റിട്ട.)ഉര്‍ദു അധ്യാപകനായ പി.പി അബ്ദുര്‍റഹ്‌മാന്‍ (എം.എ) സുഹൃത്തുക്കളെയും വിദ്യാര്‍ഥികളെയും ഉര്‍ദു പഠിപ്പിക്കുന്നതില്‍ അതീവതല്‍പരനുമാണ്. എസ്.ഐ.ഒ മുഖപത്രമായിരുന്ന യുവസരണിയില്‍ ഉര്‍ദു പഠന കോഴ്‌സ് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. പി.പിയുടെ തൂലികയില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു.
അബ്ദുര്‍റഹ്‌മാന്‍ ആവാസ് ഓമശ്ശേരി, അബ്ദുര്‍റഹ്‌മാന്‍ കുനിയില്‍
രണ്ടു പേരും ഉര്‍ദുകവികള്‍. ആവാസ് ഓഖിയെ പറ്റിയും കുനിയില്‍ സൂനാമിയെ കുറിച്ചും കവിത എഴുതിയിട്ടുണ്ട്. പാട്ടിലും തല്‍പരനായിരുന്ന ആവാസ് നേരത്തേ യാത്രയായി. ആ യുവ തൂലികയില്‍നിന്ന് സഹൃദയര്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. ആദ്യകൃതി: രജതഗീതങ്ങള്‍.
ഡോ. എന്‍. മുഹ്‌യിദ്ദീന്‍ കുട്ടി, കോഡൂര്‍
എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് സ്‌കോളര്‍ ഡോ. എന്‍. മുഹ്‌യിദ്ദീന്‍ കുട്ടി അക്കാദമിക തലത്തില്‍ ഉര്‍ദുവിന് വലിയ സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തിത്വമാണ്. ഉര്‍ദു ഭാഷാപഠന ഗവേഷണങ്ങളിലും അധ്യാപക പരിശീലനത്തിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. തന്റെ ജന്മഗേഹമായ കോഡൂര്‍ ഗ്രാമത്തിന് ഉര്‍ദുനഗര്‍ എന്ന പേര് നല്‍കിയതും പ്രസ്താവ്യമാണ്.
അഹ്‌മദ് മൂന്നാംകൈ
എന്റെ അയല്‍പ്രദേശത്തുകാരനും സുഹൃത്തുമായ അഹ്‌മദ് മൂന്നാംകൈ ഇഖ്ബാല്‍ കവിതയിലും ദര്‍ശനത്തിലും അതീവതല്‍പരനാണ്. ഫിലോസഫിയില്‍ ബിരുദാനന്തരബിരുദമുള്ള അഹ്‌മദിന്റെ ഇഖ്ബാല്‍ പ്രേമം അതിന്റെ സ്വാഭാവികത കൊണ്ട് തന്നെ ശ്രദ്ധേയമായിരിക്കുന്നു; ശ്ലാഘനീയവും. പരിദേവനവും പ്രതിവചനവും (ശിക്‌വാ- ജവാബെ ശിക്‌വാ), ഇഖ്ബാല്‍: ഹൃദയത്തിലേക്കൊരു തീര്‍ഥാടനം, അനുഭൂതിയുടെ ആത്മസത്ത - ഇഖ്ബാല്‍ കൃതികളുടെ സര്‍ഗാനുഭൂതികള്‍, മരുഭൂമിയിലെ പൂവരശ് എന്നിവ അച്ചടിച്ച കൃതികള്‍. ഇംഗ്ലീഷ് വിവര്‍ത്തനത്തെ ആശ്രയിച്ചുള്ള ഇഖ്ബാല്‍ കവിതയുടെ മൊഴിമാറ്റത്തിന്റെ പ്രയാസവും പരിമിതികളും ഗ്രന്ഥകാരന്‍ തന്നെ എടുത്തു പറയുന്നുണ്ട്. പരിദേവനവും പ്രതിവചനവും എന്ന കൃതിയുടെ ആമുഖത്തില്‍ നിന്ന്:
''ഈ കൃതിയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തെയാണ് മൊഴിമാറ്റം നിര്‍വഹിക്കാനായി ഞാന്‍ ഏറെയും അവലംബിച്ചത്. ഇംഗ്ലീഷ് വിവര്‍ത്തനങ്ങളില്‍ മൂലകൃതിയോട് യോജിക്കാത്ത ഏറെ ഭാഗങ്ങളുണ്ട്. അവയെ അപ്പടി പകര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. വിവര്‍ത്തനം ഏറെ ശ്രമകരമായൊരു കൃത്യമാണ്. പ്രത്യേകിച്ച് ഇഖ്ബാലിന്റെ കാര്യത്തില്‍. ഏറെ അവധാനതയോടെ നിര്‍വഹിച്ചില്ലെങ്കില്‍ വൃഥാസ്ഥൂലതയായിരിക്കും ഫലം. ഇവിടെ ഇഖ്ബാലിന്റെ ആശയങ്ങളുടെ ചൈതന്യം നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. .....പോരായ്മകള്‍ മാപ്പാക്കുമല്ലോ.'' ഓരോ പേജിലും പേര്‍ഷ്യന്‍ ലിപിയില്‍ മൂലകവിത ചേര്‍ത്തത് ഒത്തുവായനക്ക് ഏറെ സഹായകമാണ്. വന്ദേമാതരം: ഹിന്ദുത്വം, ദേശീയത, വന്ദേമാതരവും ഇന്ത്യന്‍ ദേശീയതയും എന്നിവ ഗ്രന്ഥകാരന്റെ മറ്റു കൃതികളാണ്.
വെള്ളിമാടുകുന്ന് ടീം
ഇതവസാനിപ്പിക്കുന്നതിനു മുമ്പ് വെള്ളിമാടുകുന്ന് ടീമിനെയും അവരുടെ ഉര്‍ദുബന്ധത്തെയും ഓര്‍ക്കാതിരിക്കുന്നത് നന്ദികേടാവും. മാധ്യമം- മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്‌മാന്‍, ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ കബീര്‍, അസി.ഡയറക്ടര്‍ കെ.ടി ഹുസൈന്‍, ഇസ്‌ലാമിക വിജ്ഞാനകോശം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. എ.എ ഹലീം, പ്രബോധനം എഡിറ്റര്‍ ടി.കെ ഉബൈദ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അശ്‌റഫ് കീഴുപറമ്പ്, സബ് എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട് എന്നീ സുഹൃത്തുക്കളെ സ്‌നേഹപൂര്‍വം അനുസ്മരിക്കുന്നു. അവരുടെ സേവന സംഭാവനകള്‍ക്ക് ഇതര ഭാഷകള്‍ക്കൊപ്പം ഉര്‍ദുവും ശക്തമായ ഒരു സോഴ്‌സ് ആണെന്ന വസ്തുത സവിശേഷം എടുത്തുപറയേണ്ടതുണ്ട്. മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തദബ്ബുറെ ഖുര്‍ആന്റെ വിവര്‍ത്തകന്‍ സുഹൃത്ത് കെ.ടി അബ്ദുര്‍റഹ്‌മാന്‍ നദ്‌വിയെയും കൂട്ടത്തില്‍ അനുസ്മരിക്കുന്നു.
വിദ്യാഭ്യാസ മേഖലയില്‍
സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് കേരളത്തില്‍ വിരലിലെണ്ണാവുന്ന ഏതാനും സ്‌കൂളുകളിലും കോളേജുകളിലും മാത്രമേ സര്‍ക്കാര്‍ തലത്തില്‍ ഉര്‍ദുപഠനം ഉണ്ടായിരുന്നുള്ളൂ. വിവിധ ഉര്‍ദു സംഘടനകളുടെ സമ്മര്‍ദഫലമായും മുസ്‌ലിം ലീഗിന്റെ ഭരണ, രാഷ്ട്രീയ സ്വാധീനത്താലും സ്‌കൂള്‍-കോളേജ് തലങ്ങളില്‍ അറബിക്കും സംസ്‌കൃതത്തിനുമൊപ്പം ഉര്‍ദു ഭാഷാപഠനം ഔദ്യോഗികാംഗീകാരം നേടിയത് 1972 മുതലാണ്. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായതും സഹായകമായി. കേരളത്തിന്റെ സെക്യുലര്‍ സാഹചര്യവും രാഷ്ട്രീയ പാര്‍ട്ടികളുടെ വിശാലവീക്ഷണവും ഒത്തുവന്നില്ലെങ്കില്‍ സംസ്‌കൃതത്തിനൊപ്പം അറബിക്കും ഉര്‍ദുവിനും തുല്യപദവി ലഭിക്കുമായിരുന്നില്ലെന്നത് വസ്തുതയാണ്.
ഔദ്യോഗിക കണക്കുപ്രകാരം 1516 സ്‌കൂളുകളില്‍ ഉര്‍ദു പഠിപ്പിച്ചുവരുന്നു. ലക്ഷത്തിനടുത്ത് വിദ്യാര്‍ഥികളും 1500-ഓളം അധ്യാപകരുമാണുള്ളത്. 40 ശതമാനത്തോളം അമുസ്‌ലിം അധ്യാപകരാണ്. പതിനൊന്ന് കോളേജുകളിലായി 600 വിദ്യാര്‍ഥികളും ഉര്‍ദു പഠിതാക്കളാണ്. കേരളത്തിനകത്തും പുറത്തുമുള്ള യൂനിവേഴ്‌സിറ്റികളില്‍ എം.ഫില്‍, ഡോക്ടറേറ്റ് ബിരുദം നേടുന്ന ഉര്‍ദു വിദ്യാര്‍ഥികളില്‍ മലയാളി സാന്നിധ്യവും വര്‍ധിച്ചുവരുന്നു(ഇതെഴുതുമ്പോഴത്തെ ഏകദേശ കണക്ക്).
സമാപനം
ഈ പ്രബന്ധം വായിച്ചു കഴിയുമ്പോള്‍, കേരളമാകെ ഉര്‍ദുമയമാണെന്ന ഒരു ധാരണ വരുമെങ്കില്‍ ശരിയല്ല. മൂന്നരക്കോടി ജനങ്ങളില്‍ മൂന്നര ലക്ഷം പേര്‍പോലും ഉര്‍ദു എഴുതാനും വായിക്കാനും അറിയുന്നവരല്ല എന്നതാണ് വസ്തുത. അതേസമയം പ്രതീക്ഷകളും സാധ്യതകളുമാണ് മുന്നില്‍. സ്വന്തം തട്ടകമായ ഉത്തരേന്ത്യയില്‍ രാഷ്ട്രഭാഷയായ ഹിന്ദിയുടെ തള്ളിക്കയറ്റത്തില്‍ ഉര്‍ദുഭാഷ അന്യംനിന്നു പോകുമ്പോള്‍ ആ ലളിത മധുരഭാഷയെ നാല് കൈയും നീട്ടി സ്വാഗതം ചെയ്യാന്‍ കേരളനാടിന് കരുത്തുണ്ട്. മുസ്‌ലിംകള്‍ക്കാവട്ടെ, അതൊരു സാംസ്‌കാരിക ദൗത്യവുമാണ്. ദീനീസ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനുണ്ട്.
ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ദാറുല്‍ ഹുദാ ചെമ്മാട്, ജാമിഅ നൂരിയ പട്ടിക്കാട്, മര്‍കസ് കാരന്തൂര്‍, ജാമിഅ നദ്‌വിയ എടവണ്ണ, ജാമിഅ മന്നാനിയ വര്‍ക്കല, ജാമിഅ ഹസനിയ കായംകുളം, മഅ്ദിന്‍ അക്കാദമി, വാഫി-വഫിയ്യ കോളേജുകള്‍, യതീംഖാനകള്‍ തുടങ്ങി കേരളത്തിലെ നൂറുകണക്കില്‍ വലുതും ചെറുതുമായ ദീനീസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവിടങ്ങളിലെ ഉര്‍ദുഭാഷാ പഠനകാര്യങ്ങള്‍ ക്രോഡീകരിച്ച് രേഖപ്പെടുത്താന്‍ കഴിയാതെ വന്നത് ഈ പ്രബന്ധത്തിന്റെ പരിമിതിയാണ് (എങ്കില്‍ ഇതൊരു ഗ്രന്ഥമായേനെ!). അതെല്ലാം മനസ്സില്‍ വെച്ചാണ് പ്രബന്ധത്തിന് 'അന്വേഷണത്തിന് ഒരാമുഖം' എന്ന് തലക്കെട്ട് നല്‍കിയത്. വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിച്ചും വീഴ്ചകള്‍ പരിഹരിച്ചും ആധികാരികമായ ഒരു സമ്പൂര്‍ണ രേഖ രചിക്കാന്‍ എനിക്ക് ശേഷം മറ്റൊരാള്‍ വരുമെന്ന പ്രതീക്ഷയോടെ.
ദറാമദ് റോസ്ഗാറെ യേം ഫഖീറേം
ദിഗര്‍ ദാനായറാസ്- ആയദ് -ക-നായദ്
(അല്ലാമാ ഇഖ്ബാല്‍)
കുറിപ്പ്: ഈ പ്രബന്ധ രചനക്ക് അനിവാര്യമായ കുറിപ്പുകളും രേഖകളും അപൂര്‍വ ഗ്രന്ഥങ്ങളും എത്തിച്ചു തന്ന് എന്നെ സഹായിച്ച ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അവര്‍ക്കെല്ലാം നനന്ദിയും കടപ്പാടും അറിയിക്കാന്‍ വാക്കുകളില്ല. അല്ലാഹു അവരെയെല്ലാം തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. ചില ചേരുവകള്‍ എടുത്തു പറയാതെ നിര്‍വാഹമില്ല. ജനാബുമാര്‍ അബ്ദുര്‍റഹ്‌മാന്‍ മങ്ങാട്, കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്, വി.കെ കുട്ടു സാഹിബ് ഉളിയില്‍, സി.ടി ബഷീര്‍ കണ്ണൂര്‍, പി.പി അബ്ദുര്‍റഹ്‌മാന്‍ കണ്ണൂര്‍, ഹിറാ സെന്റര്‍ ലൈബ്രേറിയന്‍ ശമീര്‍ കൊടുവള്ളി എന്നീ സുഹൃത്തുക്കളെ പ്രത്യേകം ഓര്‍ക്കുന്നു.
അനുബന്ധം
ഇഖ്ബാല്‍ മലയാള സാഹിത്യനഭസ്സില്‍
ഇഖ്ബാല്‍ കൃതികള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ മലയാളത്തില്‍ വന്നു തുടങ്ങിയിരുന്നു. മലയാളത്തില്‍ ഒട്ടേറെ പ്രതിഭകള്‍ക്ക് ഇഖ്ബാല്‍ വെള്ളവും വെളിച്ചവും നല്‍കി. വൈക്കം മുഹമ്മദ് ബഷീറില്‍ ഈ സ്വാധീനത്തിന്റെ മിന്നലാട്ടങ്ങള്‍ കാണാം. ഇഖ്ബാലിനെ കുറിച്ച് മനോഹരമായൊരു ലേഖനം ബഷീറിന്റെ സമ്പൂര്‍ണ കൃതികളിലുണ്ട്. ശിക്‌വ- ജവാബെ ശിക്‌വയിലെ ചില വരികളും സാരെ ജഹാംസെ അഛാ എന്ന വിശ്വപ്രസിദ്ധ ദേശഭക്തിഗാനവും ബഷീര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ജി. ശങ്കരക്കുറുപ്പ്, ഗുരു നിത്യചൈതന്യയതി തുടങ്ങിയവര്‍ ഇഖ്ബാല്‍ സാഹിത്യം മലയാളത്തിന് പരിചയപ്പെടുത്തി. ജാവീദ്‌നാമ എഴുതിയ ഇഖ്ബാല്‍ തന്റെ നെഞ്ചകമാകെ പ്രേമപീയൂഷം നിറക്കുന്നുവെന്ന് നിത്യചൈതന്യയതി പറഞ്ഞിട്ടുണ്ട്.
മലയാളത്തിലെ കവിവരേണ്യരില്‍ ഇഖ്ബാല്‍ കവിതകളുടെ സ്വാധീനം കാണാം. ജി ശങ്കരക്കുറുപ്പില്‍ ഈ സ്വാധീനം ഏറെ പ്രകടമാണ്. ചങ്ങമ്പുഴയും കുമാരനാശാനും ഇഖ്ബാല്‍ കവിതകളില്‍നിന്ന് ആശയം കടംകൊണ്ടു. ജി.യുടെ 'അന്വേഷണം', 'വന്ദനം', 'തഥാഗതത', 'പ്രേമപിപാസ' എന്നീ കവിതകള്‍ക്കും ആശാന്റെ 'വീണപൂവി'നും ഇഖ്ബാല്‍ കവിതകളുമായി അഭേദ്യമായ പാരസ്പര്യമുണ്ട്. ജി. ശങ്കരക്കുറിപ്പ് ഇഖ്ബാലിന്റെ ചില കവിതകള്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇഖ്ബാലിനെ പോലെ ഉമര്‍ ഖയ്യാമും അദ്ദേഹത്തെ സ്വാധീനിച്ചു. പ്രകൃതി ചഷകത്തില്‍ പ്രതിബിംബിക്കുന്ന ദൈവികമുഖം കണ്ണുനിറയെ കണ്ട് പതഞ്ഞു തുളുമ്പുന്ന പരമാനന്ദ ചൈതന്യം മതിമറക്കുന്നതുവരെ നുകര്‍ന്നു നുകര്‍ന്ന് വിധിയെയും മൃതിയെയും വകവെക്കാതെ അനുഭവസമൃദ്ധമായ ജീവിതം നയിച്ചിരുന്ന ഭാവനാശാലിയായ ദാര്‍ശനികനായി ഉമര്‍ ഖയ്യാമിനെ ജി വിശേഷിപ്പിക്കുന്നു.
ഇതേ അര്‍ഥത്തില്‍തന്നെ ഇഖ്ബാലിനെയും ജി ഹൃദയത്തിലേറ്റുവാങ്ങി. ഇഖ്ബാലിനെ പോലെ ജി.യുമൊരു മിസ്റ്റിക് കവിയാണ്. മലയാളത്തില്‍ ജി.യെ പോലെ മിസ്റ്റിക് ഭാവന നെഞ്ചേറ്റിയവര്‍ അപൂര്‍വം. ഇഖ്ബാലിന് സമാനമായ മിസ്റ്റിക് ഭാവന ജി.യുടെ കവിതകളിലും ഉണ്ട്. ബിംബസ്വീകരണത്തില്‍ പോലും ഇരുവരും ഒരേ ബിന്ദുവില്‍ മേളിക്കുന്നു. 'ഇന്നിന്റെ ലോകം എന്നെ കേള്‍ക്കേണ്ട, നാളെയുടെ കവിശബ്ദമാണ് ഞാന്‍' എന്ന് ഇഖ്ബാല്‍ കുറിച്ചിട്ടത് ജി.യും ഏറ്റുചൊല്ലുന്നു.
ജി.യുടെ കവിതകള്‍ക്ക് നിറചാരുത നല്‍കുന്ന സ്‌നേഹമുഗ്ധസങ്കല്‍പം ഇഖ്ബാലിന്റെ സ്വാധീനത്തില്‍നിന്നാണെന്ന് കരുതാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. സ്‌നേഹത്തിന്റെ നിറച്ചാര്‍ത്തായി ഇഖ്ബാല്‍ കുറിച്ചിട്ട ഒട്ടേറെ വരികള്‍ ജി.യുടെ കാവ്യങ്ങളിലുണ്ട്. ഇഖ്ബാലിന്റെ 'പയാമെ മശ്‌രിഖ്' (കിഴക്കിന്റെ സന്ദേശം) എന്ന കാവ്യസമാഹാരത്തിലെ ഏകാന്തത എന്ന കവിതക്കും ജി.യുടെ അന്വേഷണം എന്ന കവിതക്കും വരികള്‍ക്കിടയിലും അര്‍ഥത്തിലും സമാനതകളുണ്ട്. കടല്‍തീരത്ത് ചെന്ന് അശാന്തമായ അലകളോടും പര്‍വതത്തോടും സ്‌നേഹത്തെ കുറിച്ച് പേര്‍ത്തും പേര്‍ത്തും ചോദ്യമുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇഖ്ബാലിന്റെ നിരന്തരമായ അന്വേഷണവും ജി.യുടെ സൂര്യകാന്തിയിലെ അന്വേഷണവും ഏകമാവുന്നു.
'കിഴക്കിന്റെ സന്ദേശ'മെന്ന കാവ്യസമാഹാരത്തിലെ പൂവിന്‍ നറുമണം എന്ന കവിതയുമായി ആശാന്റെ വീണപൂവ് സമാനത പുലര്‍ത്തുന്നു. ഒരു ചില്ലയില്‍നിന്ന് കിളിര്‍ത്ത് സൗരഭം പടര്‍ത്തി പൊടുന്നനെ ഒരുനാള്‍ ഭൂമിയിലേക്ക് കൊഴിഞ്ഞുവീണ പൂവിനെ കുറിച്ചാണ് ഇഖ്ബാലിന്റെ ഈ കവിത. ഇന്ത്യയിലെ വിവിധ നാടുകള്‍ സന്ദര്‍ശിച്ച ആശാന് ഇഖ്ബാലിന്റെ കവിതകളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചിരിക്കാമെന്ന് പ്രഫസര്‍ എം.എന്‍ വിജയന്‍ എഴുതിയിട്ടുണ്ട്. മലയാളത്തിലെ ഇഖ്ബാല്‍ കൃതികളെല്ലാം ഇംഗ്ലീഷില്‍നിന്ന് വിവര്‍ത്തനം ചെയ്തതാണ്. എന്നാല്‍ ഇതിനൊരു പിന്തുടര്‍ച്ച ഉണ്ടായില്ല. ഇംഗ്ലീഷില്‍നിന്നും വിവര്‍ത്തനം ചെയ്താല്‍ ശരിയാകില്ലെന്നൊരു പ്രചാരണം ക്രമേണ വന്നുചേര്‍ന്നു. അതുകൊണ്ട് മലയാളത്തില്‍ ഇഖ്ബാല്‍ വേണ്ടത്ര വായിക്കപ്പെടാതെ പോയി.
(അഹ്‌മദ് മൂന്നാംകൈയുടെ 'അനുഭൂതിയുടെ ആത്മസത്ത'യില്‍നിന്ന് സംഗ്രഹം)
കുറിപ്പ്
* ഇതെഴുതിക്കഴിഞ്ഞ ശേഷമാണ് പ്രതീക്ഷിച്ച പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടതായി അറിയാന്‍ കഴിഞ്ഞത്.' ഗതകാല തലശ്ശേരി' എന്ന ശീര്‍ഷകത്തില്‍ പ്രഫ. എ പി സുബൈര്‍ എഴുതിയ പുസ്തകം പ്രകാശിതമാകുന്നത് 2019 മാര്‍ച്ചിലാണ്. കേരളത്തിന്റെയും തലശ്ശേരിയുടെയും ഉര്‍ദു പാരമ്പര്യത്തെ കുറിച്ച് ഞാന്‍ കണ്ടെത്തിയ വിവരങ്ങളും പുസ്തകത്തിലെ സൂചനകളും പരസ്പരപൂരകമായി കാണുന്നതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ട്. പുസ്തകം എത്തിച്ചുതന്ന സുഹൃത്ത് കെ.സി സലീമിന് നന്ദിയും കടപ്പാടും.