ഖുര്ആന് വ്യാഖ്യാനം തിരുത്തപ്പെടേണ്ട ധാരണകള്
കെ. ഇല്യാസ് മൗലവി
ഖുര്ആന് ആര്ക്കും എങ്ങനെയും വ്യാഖ്യാനിക്കാം എന്ന ലിബറല് വാദങ്ങളുടെ പശ്ചാത്തലത്തില് ഖുര്ആന് വ്യാഖ്യാനത്തിന് നൂറ്റാണ്ടുകളായി ഇസ്ലാമിക പണ്ഡിത സമൂഹം സ്വീകരിച്ചുപോന്ന നിദാന ശാസ്ത്രത്തിന്റെ വെളിച്ചത്തില് ഒരു പഠനം.
ലോകാവസാനം വരെയുള്ള സര്വ ജനങ്ങള്ക്കും മാര്ഗദര്ശനമായി അല്ലാഹു പരിശുദ്ധ ഖുര്ആന് അവതരിപ്പിച്ചപ്പോള് രണ്ട് കാര്യങ്ങള് പ്രേത്യകം പരിഗണിച്ചതായി കാണാം.
ഒന്ന്: ഖുര്ആന് അവതരിപ്പിക്കാന് ഒരു പ്രവാചകനെ തെരഞ്ഞെടുത്തു
അത് ജനങ്ങള്ക്കെല്ലാവര്ക്കും വേണ്ടിയാണെങ്കിലും അവരില്നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത ഒരു മനുഷ്യന് അവതരിപ്പിച്ചു എന്നതാണ് ശ്രദ്ധേയമായ ഒരു വശം. അഥവാ ഒരു നബിക്കാണ് അല്ലാഹു ഖുര്ആന് ഇറക്കിയത് എന്നര്ഥം. ഇത് യാദൃഛികമല്ല, മറിച്ച് സോദ്ദേശ്യപരമാണ്. ഖുര്ആന് കൈയില്കിട്ടുന്ന ഓരോരുത്തരും തനിക്ക് തോന്നുന്ന വിധത്തില് മനസ്സിലാക്കിയാല് മതി എന്നല്ല അല്ലാഹു തീരുമാനിച്ചത് പ്രത്യുത, ഒരു പരിശീലകനായ ഗുരുവിനെ നിശ്ചയിക്കുകയും ആ ഗുരുവിന്റെ കൈവശം ഒരു കര്മപദ്ധതി കൊടുക്കുകയും അത് അല്ലാഹുവിന്റെ നിര്ദേശമനുസരിച്ച് ജനങ്ങള്ക്ക് വിശദീകരിച്ചുകൊടുക്കാന് അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. അക്കാര്യം അല്ലാഹുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണമായി അല്ലാഹു പറയുന്നത് കാണുക:
وَأَنزلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نزلَ إِلَيْهِمْ ......
(നിനക്ക് നാം ഈ വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിട്ടുള്ളത്, ജനസമക്ഷം അവര്ക്കായി അവതീര്ണമായ പാഠങ്ങളെ നീ അവര്ക്ക് വിശദീകരിച്ചുകൊടുക്കാനാണ്).1
وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ
(അവര്ക്ക് താങ്കള് വിശദീകരിച്ചുനല്കാനായല്ലാതെ നിനക്ക് നാം ഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല).2
മുഹമ്മദ് നബി മാത്രമല്ല, എല്ലാ നബിമാരും അതത് സമൂഹങ്ങളില് ഇതു തന്നെയാണ് നിര്വഹിച്ചുപോന്നത്.
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْۖ
(യാതൊരു ദൈവദൂതനെയും തന്റെ ജനതക്ക് (കാര്യങ്ങള്) വിശദീകരിച്ചുകൊടുക്കുന്നതിനു വേണ്ടി, അവരുടെ ഭാഷയില് (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല).3
ഖുര്ആനിന്റെ അവതരണലക്ഷ്യം പൂര്ത്തിയാവാന് നബി(സ)യുടെ വിശദീകരണം അനിവാര്യമാക്കിവെക്കുകയും, അവിടുന്ന് അതിന്റെ അടിസ്ഥാനങ്ങള് വ്യാഖ്യാനിക്കണമെന്നുവെക്കുകവഴി നബിയുടെ ആവശ്യകത സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ് അല്ലാഹു.
ഖുര്ആന് അവതരിപ്പിച്ച അല്ലാഹുവിന്റെ വാക്കനുസരിച്ചുതന്നെ നബിയുടെ വ്യാഖ്യാനവും വിശദീകരണവുമില്ലാതെ ഖുര്ആന് തനിയെ മാര്ഗദര്ശനത്തിന് മതിയായതല്ല. അതിനാല്, ഖുര്ആന് അംഗീകരിക്കുന്നവര്, പ്രവാചക വിശദീകരണം കൂടാതെ, ഖുര്ആന് മാത്രം മതി എന്ന് എത്ര ഉച്ചത്തില് പറഞ്ഞാലും ശരി, അതിന് നിലനില്പില്ല. ദുര്ബലമായ ഒരു വാദം അഭിഭാഷകന്റെ ആവേശത്തിമിര്പ്പുകൊണ്ടു മാത്രം കോടതി അംഗീകരിക്കുകയില്ലല്ലോ. ഒരു പുതിയ ഗ്രന്ഥം അവതരിക്കേണ്ടതിന്റെ ആവശ്യകത ഖുര്ആനിന്റെ വെളിച്ചത്തില്തന്നെ സ്ഥിരപ്പെടുത്തുകയാണ് ഇതുവഴി ഉണ്ടാകുന്നത്. ഇതാണ് ഹദീസ്നിഷേധികളുടെ വാദം, ഇതിലൂടെ ദീനിന്റെ അടിത്തറതന്നെ പൊളിച്ചുകളയുകയാണ് വാസ്തവത്തില് ഇവര് ചെയ്യുന്നത്.
രണ്ട്: ഒന്നിച്ചിറക്കാതെ ഘട്ടം ഘട്ടമായി അവതരിപ്പിച്ചു
പല യുക്തികളും ഇതില് അന്തര്ഭവിച്ചതായി മനസ്സിലാക്കാം. കേവല പാരായണത്തിനോ ബറകത്തെടുക്കാനോ അല്ല, മറിച്ച് ദൈവിക മാര്ഗത്തില് വ്യക്തികളെയും അങ്ങനെയുള്ള വ്യക്തികളാല് സംസ്കാരസമ്പന്നമായ ഒരുത്തമ സമൂഹത്തെയും നിര്മിക്കുക എന്നതാണ് ഖുര്ആന് അവതരിപ്പിച്ചതിന്റെ ലക്ഷ്യം.
ഈ ലക്ഷ്യം ആളുകള് ഉള്ക്കൊള്ളണമെങ്കിലും അത് പ്രായോഗത്തില് കൊണ്ടുവരാന് സാധ്യമാണ് എന്ന് അവര്ക്ക് ബോധ്യപ്പെടണമെങ്കിലും അവര്ക്കത് നേര്ക്കു നേരെ കാണാനും അനുഭവിക്കാനും കഴിയണം. ഇത് നടക്കണമെങ്കില് ഒരു മനുഷ്യന് അത് തന്റെ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കണം. അതാണ് മുഹമ്മദ് നബിയുടെ ജീവിതത്തിലൂടെ സാക്ഷാല്കൃതമായത്.
ജീവിതമെന്നത് ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ ദിവസങ്ങളോ കൊണ്ട് തീരുന്നതല്ല, അത് വര്ഷങ്ങളോളം നീളുന്ന പ്രക്രിയയാണ്. അതുകൊണ്ടു തന്നെ അത്രയും നീണ്ട കാലഘട്ടങ്ങളിലെല്ലാം ദൈവിക നിയമങ്ങളും വിധിവിലക്കുകളും ഘട്ടംഘട്ടമായി മാത്രമേ ഒരു വ്യക്തിക്ക് സ്വജീവിതത്തിലൂടെ കാണിച്ചുകൊടുക്കാനും മറ്റുള്ളവര്ക്ക് പകര്ത്താനും സാധ്യമാവുകയുള്ളൂ. ഖുര്ആന് സിദ്ധാന്തങ്ങളുടെയും തത്വങ്ങളുടെയും മാത്രം ഗ്രന്ഥമല്ല എന്ന് നേരത്തേ സൂചിപ്പിച്ചല്ലോ.
ചുരുക്കത്തില്, ഗുരുവിനെ മാറ്റിനിര്ത്തിക്കൊണ്ട് സിലബസ്സ് മാത്രം ലഭിച്ച് പാസ്സാവുന്ന ഒന്നിന്റെ പേരല്ല ഇസ്ലാം എന്നര്ഥം.
അതിനാല് ഖുര്ആനിന്റെ ശരിയായ വിവക്ഷ മനസ്സിലാവണമെങ്കില് മുഹമ്മദ് നബിയുടെ ജീവിതചര്യ കൂടാതെ ഒരു നിലക്കും സാധ്യമല്ല എന്നര്ഥം.
ഖുര്ആന് വ്യഖ്യാനത്തിന്റെ രീതിശാസ്ത്രം അറിയാതിരുന്നാലുള്ള കുഴപ്പം ഉദാഹരണങ്ങളിലൂടെ
ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാനും വിധികള് നിര്ധാരണം ചെയ്യാനും പാകത്തില് വളരെ ലളിതമാണ് ഖുര്ആന് എന്ന് ചിലര് ധരിച്ചുവശായിട്ടുണ്ട്. പരിഭാഷകളുടെ ആധിക്യവും, അവയുടെ വമ്പിച്ച പ്രചാരവുമെല്ലാം ഈ വാദത്തിന് ശക്തി പകരുകയും ചെയ്തിട്ടുണ്ട്. അവിടെയും നില്ക്കാതെ കേവലം അര്ഥം അറിഞ്ഞതുകൊണ്ട് ഖുര്ആനില്നിന്ന് നേര്ക്കുനേരെ വിധികള് കണ്ടെത്താനും അത് വെച്ച് ഫത്വകള് പറയാനും വരെ ചിലര് തുടങ്ങിക്കഴിഞ്ഞു. യഥാര്ഥത്തില് ഇങ്ങനെ തന്നെയാണോ ഖുര്ആനിനെ സമീപിക്കേണ്ടത്?
ഖുര്ആന് മനസ്സിലാക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി പിടിപാടില്ലാത്തതുകൊണ്ടാണ് അവര്ക്കങ്ങനെ തോന്നുന്നത്. ഈ ജല്പനത്തിന്റെ ബാലിശത എളുപ്പം ബോധ്യമാകാന് ഉപകരിക്കുന്ന ചില ഉദാഹരണങ്ങള് ചൂണ്ടിക്കാട്ടാം.
നിഷിദ്ധമാക്കപ്പെട്ട പദാര്ഥങ്ങളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു:
حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ
(ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില് അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്കുത്തിച്ചത്തത്, വന്യമൃഗം കടിച്ചു തിന്നിട്ടത്- ചാവും മുമ്പെ നിങ്ങള് അറുത്തത് ഒഴികെ.....).4
ഇവിടെ ചത്ത ജീവികളെ ഭക്ഷിക്കല് ഹറാമാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. ഒന്നിനെയും ഒഴിച്ചുനിര്ത്തിയിട്ടില്ല. ഈ സൂക്തമനുസരിച്ച് അറുത്ത ജീവികളെ മാത്രമേ ഭക്ഷിക്കാന് പാടുള്ളൂ, അറുക്കാതെ ജീവന് പോയവയെ ഭക്ഷിക്കുന്നത് ഹറാമാണ്. എന്നാല് മത്സ്യത്തെ ആരെങ്കിലും അറുക്കാറുണ്ടോ, ജീവന് പോയ മത്സ്യത്തെയല്ലാതെ ആരെങ്കിലും ആഹരിക്കാറുണ്ടോ? ആരെങ്കിലും ജീവനുള്ള മത്സ്യം വാങ്ങിച്ച് അറുക്കാറുണ്ടോ?
ഇല്ലെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്നാല് മത്സ്യമാണെങ്കില് അറുക്കേണ്ടതില്ല, അവ ചത്താലും ഭക്ഷിക്കല് അനുവദനീയമാണ് എന്ന് ഖുര്ആനില് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നല്ല ശവം ഹറാമാക്കപ്പെട്ടിരിക്കുന്നു എന്ന് ഒന്നിലധികം സ്ഥലങ്ങളില് വ്യക്തമാക്കിയ അല്ലാഹു ഒരിടത്തും മത്സ്യത്തെയോ മറ്റേതെങ്കിലും ജീവികളേയോ ഒഴിച്ചുനിര്ത്തിയിട്ടുമില്ല. പിന്നെന്തുകൊണ്ടാണ് അറുക്കാതെ ജീവന് പോയ മത്സ്യം യാതൊരു മനഃപ്രയാസവും കൂടാതെ എല്ലാവരും ഭക്ഷിക്കുന്നത്? അത് മറ്റൊന്നുകൊണ്ടുമല്ല, നബി (സ) അക്കാര്യം പഠിപ്പിച്ചതുകൊണ്ട് മാത്രമാണ്. അവിടുന്ന് പറഞ്ഞു:
عَنْ عَبْدِ اللهِ بْنِ عُمَرَ، أَنَّ رَسُولَ اللهِ صَلَّى الله عَليْهِ وسَلَّمَ قَالَ: «أُحِلَّتْ لَنَا مَيْتَتَانِ: الْحُوتُ، وَالْجَرَادُ».
അബ്ദുല്ലാഹിബ്നു ഉമറില്നിന്ന് നിവേദനം, അല്ലാഹുവിന്റെ ദൂതന് പറഞ്ഞു: 'രണ്ടു ശവങ്ങള് നമുക്ക് ഹലാലാക്കപ്പെട്ടിരിക്കുന്നു. മത്സ്യവും വെട്ടുകിളിയും.'
عَنْ جَابِرِ بْنِ عَبْدِ اللهِ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ فِي الْبَحْرِ:« هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ ».
ജാബിര് (റ) നിവേദനം ചെയ്യുന്നു: സമുദ്രത്തെപ്പറ്റി നബി (സ) പറഞ്ഞു: അതിലെ ജലം ശുദ്ധീകരണക്ഷമവും, അതിലെ ജീവികള് അറുക്കാതെ തന്നെ ഹലാലും ആകുന്നു.
ചുരുക്കത്തില്, ഏതൊരു വിധിയും ആദ്യം ഖുര്ആനില് നോക്കുകയും അതില് കണ്ടിട്ടില്ലെങ്കില് മാത്രം സുന്നത്തില് നോക്കുകയും ചെയ്യുക എന്നതല്ല, പ്രത്യുത സുന്നത്തിന്റെ വെളിച്ചത്തില് ഖുര്ആന് മനസ്സിലാക്കുക എന്നതാണ് ഖുര്ആന് ഗ്രഹിക്കുന്നതിന്റെയും വിധികള് മനസ്സിലാക്കുന്നതിന്റെയും ശരിയായ രീതി എന്നര്ഥം. ഈ ഉദാഹരണത്തില്നിന്നുതന്നെ അക്കാര്യം വ്യക്തമായി ബോധ്യപ്പെടുന്നതാണ്. ഖുര്ആന് കഴിഞ്ഞേ സുന്നത്തിന് പരിഗണനയുള്ളൂ എന്നവാദത്തിന്റെ ബാലിശതയും ഇതില്നിന്ന് വ്യക്തമാവുന്നു.
ആദ്യം ഖുര്ആന്, പിന്നെ ഹദീസ്?
ഏതെങ്കിലും ഒരു വിഷയത്തിന്റെ വിധി അന്വേഷിക്കുമ്പോള് ആദ്യം ഖുര്ആനില് നോക്കണം എന്നത് മറ്റൊരു തെറ്റായ ധാരണയാണ്. ഒന്നാം പ്രമാണം ഖുര്ആനാണ് എന്ന അടിസ്ഥാനത്തിലാണ് ഈ ധാരണ സ്ഥിരപ്രതിഷ്ഠ നേടിയത്. ഇവ്വിഷയകമായി ദുര്ബലമായ ഒരു ഹദീസും ഉദ്ധരിക്കപ്പെടുന്നുണ്ട്:
عَنْ أُنَاسٍ مِنْ أَهْلِ حِمْصَ مِنْ أَصْحَابِ مُعَاذِ بْنِ جَبَلٍ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَمَّا أَرَادَ أَنْ يَبْعَثَ مُعَاذًا إِلَى الْيَمَنِ قَالَ « كَيْفَ تَقْضِى إِذَا عَرَضَ لَكَ قَضَاءٌ ». قَالَ أَقْضِى بِكِتَابِ اللَّهِ. قَالَ « فَإِنْ لَمْ تَجِدْ فِى كِتَابِ اللَّهِ ». قَالَ فَبِسُنَّةِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ. قَالَ « فَإِنْ لَمْ تَجِدْ فِى سُنَّةِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَلاَ فِى كِتَابِ اللَّهِ ». قَالَ أَجْتَهِدُ رَأْيِى وَلاَ آلُو. فَضَرَبَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ صَدْرَهُ وَقَالَ « الْحَمْدُ لِلَّهِ الَّذِى وَفَّقَ رَسُولَ رَسُولِ اللَّهِ لِمَا يُرْضِى رَسُولَ اللَّهِ ».
ഹിംസ്വിലെ, മുആദുബ്നു ജബലിന്റെ ശിഷ്യന്മാരില് ചിലര് ഉദ്ധരിക്കുന്നു: നബി(സ) മുആദിനെ യമനിലേക്ക് ദൗത്യവുമായി അയച്ചപ്പോള് അദ്ദേഹത്തോട് ചോദിച്ചു: 'വിധി പറയേണ്ട ഒരു വിഷയം വന്നാല് നിങ്ങള് എങ്ങനെ വിധിക്കും?' അദ്ദേഹം പറഞ്ഞു: 'ഞാന് അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധിക്കും.' നബി(സ): 'അല്ലാഹുവിന്റെ ഗ്രന്ഥത്തില് കണ്ടില്ലെങ്കിലോ?' അദ്ദേഹം: 'അല്ലാഹുവിന്റെ ദൂതരുടെ ചര്യ നോക്കും' നബി(സ): 'അല്ലാഹുവിന്റെ ഗ്രന്ഥത്തിലും ദൂതന്റെ ചര്യയിലും കണ്ടില്ലെങ്കിലോ?' അദ്ദേഹം: 'ഞാന് ഇജ്തിഹാദ് ചെയ്ത് കണ്ടെത്താന് ശ്രമിക്കും.' അപ്പോള് നബി(സ) മുആദിന്റെ നെഞ്ച് തടവിക്കൊണ്ട് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതന്റെ ദൂതന്ന് അല്ലാഹുവിന്റെ ദൂതനെ തൃപ്തിപ്പെടുത്തുന്നതിന് തൗഫീഖ് നല്കിയ അല്ലാഹുവിന് സര്വ സ്തുതിയും.'
وَهَذَا الحديثُ لَا يُثْبِتُهُ أَئِمَّةُ الْحَدِيثِ مِنَ السَّلَفِ، وَوَافَقَهُمْ عَلَى قَوْلهِمْ فِي رَدِّهِ مُحقِّقُو المُحدِّثينَ ممَّنْ جاءَ بعدَهُم، فَمِمَّنْ ضَعَّفَهُ وَرَدَّهُ: الْبُخارِيُّ، وَالتِّرمِذِيُّ، وَالدَّارَقُطْنِيُّ، وَابْنُ حَزْمٍ، وَابْنُ طَاهِرٍ الْمَقْدِسِيُّ، وابنُ الْجَوزِيُّ، وَالذَّهَبِيُّ، وَأَبُوالْفَضْلِ الْعِراقِيُّ، وَابْنُ حَجَرٍ الْعَسْقَلَانِيُّ، وَغَيرُهُمْ مِنْ أَئِمَّةِ الْمُحَدِّثينَ وَنُقَّادِهِمْ، وَعلَّةُ الْحَدِيثِ تُعُودُ إلَى الْاخْتِلَافِ فِيهِ وَصْلاً وَإِرْسَالا، وَجَهَالَةِ بَعْضِ رُوَاتهِ فِي مَوْضِعَيْنِ، وَوَاحِدَةٌ مِنْ تِلْكَ الْعِللِ تَسْقُطُ بِحَدِيثٍ فِي الْفَضَائِلِ، فَكَيْفَ بِحَدِيثٍ فِي الْأُصُولِ؟!.
ബുഖാരി, തിര്മിദി, ദാറഖുത്വ്നി, ഇബ്നു ഹസ്മ്, ഇബ്നു ത്വാഹിറുല് മഖ്ദിസി, ഇബ്നുല് ജൗസി, ദഹബി, അബുല് ഫദ്ല് അല് ഇറാഖി, ഇബ്നു ഹജരില് അസ്ഖലാനി മുതലായ പണ്ഡിതന്മാരും നിരൂപകരും ഈ ഹദീസ് ദുര്ബലമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇത് മുര്സലാണോ അല്ലയോ എന്നതില് അഭിപ്രായ വ്യത്യാസമുണ്ട്. നിവേദകരില് ചിലര് അജ്ഞാതരുമാണ്. ഇവയില് ഏതെങ്കിലും ഒന്നുണ്ടെങ്കില്തന്നെ ശ്രേഷ്ഠതകള് സംബന്ധിച്ച ഹദീസ് അസാധുവാകും. ഇസ്ലാമിന്റെ അടിസ്ഥാനങ്ങള് കൈകാര്യം ചെയ്യുന്ന ഹദീസിന്റെ കാര്യം പിന്നെ പറയാനുണ്ടോ?
അറിയപ്പെട്ട ഇമാമുമാര് ഒന്നടങ്കം ഈ ഹദീസ് ദുര്ബലമാണെന്ന് വിധിയെഴുതിയിട്ടുണ്ട്.
وَهَذَا الْحَدِيث أَوْرَدَهُ الْجَوْزَقَانِيّ فِي الْمَوْضُوعَات وَقَالَ هَذَا حَدِيث بَاطِل رَوَاهُ جَمَاعَة عَنْ شُعْبَة. وَقَدْ تَصَفَّحْت عَنْ هَذَا الْحَدِيث فِي الْمَسَانِيد الْكِبَار وَالصِّغَار وَسَأَلْت مَنْ لَقِيته مِنْ أَهْل الْعِلْم بِالنَّقْلِ عَنْهُ فَلَمْ أَجِد لَهُ طَرِيقًا غَيْر هَذَا. وَالْحَارِث بْن عَمْرو هَذَا مَجْهُول، وَأَصْحَاب مُعَاذ مِنْ أَهْل حِمْص لَا يُعْرَفُونَ، وَمِثْل هَذَا الْإِسْنَاد لَا يُعْتَمَد عَلَيْهِ فِي أَصْل مِنْ أُصُول الشَّرِيعَة. فَإِنْ قِيلَ: إِنَّ الْفُقَهَاء قَاطِبَة أَوْرَدُوهُ فِي كُتُبهمْ وَاعْتَمَدُوا عَلَيْهِ.
قِيلَ: هَذَا طَرِيقه وَالْخَلَف قَلَّدَ فِيهِ السَّلَف، فَإِنْ أَظْهَرُوا طَرِيقًا غَيْر هَذَا مِمَّا يَثْبُت عِنْد أَهْل النَّقْل رَجَعْنَا إِلَى قَوْلهمْ وَهَذَا مِمَّا لَا يُمْكِنهُمْ الْبَتَّة اِنْتَهَى. وَالْحَدِيث أَخْرَجَهُ التِّرْمِذِيّ وَقَالَ لَا نَعْرِفهُ إِلَّا مِنْ هَذَا الْوَجْه وَلَيْسَ إِسْنَاده عِنْدِي بِمُتَّصِلٍ.
وَقَالَ الْحَافِظ جَمَال الدِّين الْمِزِّيّ الْحَارِث بْن عَمْرو لَا يُعْرَف إِلَّا بِهَذَا الْحَدِيث. قَالَ الْبُخَارِيّ لَا يَصِحّ حَدِيثه وَلَا يُعْرَف. وَقَالَ الذَّهَبِيّ فِي الْمِيزَان: تَفَرَّدَ بِهِ أَبُو عَوْن مُحَمَّد بْن عَبْد اللَّه الثَّقَفِيّ عَنْ الْحَارِث ، وَمَا رَوَى عَنْ الْحَارِث غَيْر أَبِي عَوْن فَهُوَ مَجْهُولٌ......... قَالَ الْمُنْذِرِيُّ: وَأَخْرَجَهُ التِّرْمِذِيّ وَقَالَ هَذَا حَدِيث لَا نَعْرِفهُ إِلَّا مِنْ هَذَا الْوَجْه وَلَيْسَ إِسْنَادُهُ عِنْدِي بِمُتَّصِلٍ. وَقَالَ الْبُخَارِيّ فِي التَّارِيخِ الْكَبِير: الْحَارِث بْن عَمْرو بْن أَخِي الْمُغِيرَةِ بْن شُعْبَةَ الثَّقَفِيّ عَنْ أَصْحَاب مُعَاذ عَنْ مُعَاذ رَوَى عَنْهُ أَبُو عَوْن وَلَا يَصِحّ وَلَا يُعْرَف إِلَّا بِهَذَا مُرْسَل.
وَالْحَدِيثُ فِيهِ ثَلَاثُ عِلَلٍ: أَوَّلاً: أَنَّ فِيهِ إِرْسَالاً؛ لِأَنّ أَصْحَابَ مُعَاذٍ هُمُ الَّذِينَ يَحْكُونَ الْقِصَّة، ثَانِياً: أَنَّهُمْ مُبْهَمُونَ، ثَالِثاً: أَنَّ الْحَارِثَ بْنِ عَمْرِو الَّذِي يَرْوِي عَنْ هَؤُلَاءِ هُو أَيْضاً مَجْهُولٌ. فَفِيه هَذِهِ الْعِلَلِ. وَلِهَذَا ضَعَّفَهُ الشَّيْخُ الْأَلْبَانِيّ، وَقَالَ:
إِنَّ حَدِيثَ مُعَاذٍ هَذَا يَضَع لِلْحَاكِم مَنْهَجًا فِي الْحُكْمِ عَلَى ثَلَاثِ مَرَاحِلَ، لَا يَجُوزُ أَنْ يَبْحَثَ عَنْ الْحُكْمِ فِي الرَّأْيِ إلَّا بَعْدَ أَنْ لَا يَجِدُهُ فِي السَّنَةِ، وَلَا فِي السَّنَةِ إلَّا بَعْدَ أَنْ لَا يَجِدُهُ فِي الْقُرْآنِ. وَهُوَ بِالنِّسْبَةِ لِلرَّأْي مَنْهَجٌ صَحِيحٌ لَدَى كَافَّةِ الْعُلَمَاءِ، وَكَذَلِكَ قَالُوا: إذَا وَرَدَ الْأَثَرُ بَطَل النَّظَر. وَلَكِنَّهُ بِالنِّسْبَةِ لِلسُّنَّةِ لَيْسَ صَحِيحًا لِأَنَّ السُّنَّةَ حَاكَمَةٌ عَلَى كِتَابِ اللَّهِ، وَمُبَيَّنِةٌ لَهُ، فَيَجِبُ أَنْ يُبْحَثَ عَنِ الْحَكَمِ فِي السَّنَةِ، وَلَوْ ظَنَّ وُجُودَهُ فِي الْكِتَابِ لِمَا ذَكَرْنَا فَلَيْسَتِ السُّنَّةُ مَعَ الْقُرْآنِ كَالرَّأْي مَع السُّنَّةِ، كَلَّا ثُمّ كَلَّا، بَلْ يَجِبُ اعْتِبَارُ الْكِتَابِ وَالسُّنَّةِ مَصْدَرًا وَاحِدًا لَا فَصْلَ بَيْنَهُمَا أَبَدًا، كَمَا أَشَارَ إلَى ذَلِكَ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « إلَّا أَنِّي أَتَيْتُ الْقُرْآن وَمِثْلُهُ مَعَهُ ». يَعْنِي السُّنَّةَ وَقَوْلُهُ : « لَن يَتَفَرَّقَا حَتَّى يردا عَلَيَّ الْحَوْضَ ». فَالتَّصْنِيف الْمَذْكُورُ بَيْنَهُمَا غَيْرُ صَحِيحٍ، لِأَنَّهُ يَقْتَضِي التَّفْرِيقَ بَيْنَهُمَا وَهَذَا بَاطِلٌ لِمَا سَبَقَ بَيَانُهُ.
ഈ ഹദീസ് വ്യാജ ഹദീസുകളിലാണ് ജൗസഖാനി ഉള്പ്പെടുത്തിയിരിക്കുന്നത്. ഒരു സംഘം ശുഅ്ബയില്നിന്ന് ഉദ്ധരിച്ച ഇത് അസാധുവാണ്. ചെറുതും വലുതമായ മുസ്നദുകളില് താന് പരിശോധിച്ചെന്നും പല പണ്ഡിതന്മാരോടും ഉദ്ധരിക്കാമോ എന്നു ചോദിച്ചുവെങ്കിലും ഇതൊഴികെ മറ്റൊരു പരമ്പരയിലും ഇത് കണ്ടിട്ടില്ല. പരമ്പരയിലെ ഹാരിസുബ്നു അംറ് അജ്ഞാതനാണ്. ഹിംസ്വിലെ മുആദിന്റെ ശിഷ്യന്മാര് ആരാണെന്നറിയില്ല. ഇത്തരം പരമ്പരകള് ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനമായി പരിഗണിക്കാവതല്ല. പണ്ഡിതന്മാര് തങ്ങളുടെ ഗ്രന്ഥങ്ങളില് അവലംബിക്കുകയും ഉദ്ധരിക്കുകയും ചെയ്തുവെങ്കിലും. ഹദീസ് ഉദ്ധരിച്ച തിര്മിദി ഹദീസിന്റെ പരമ്പരക്ക് പ്രശ്നമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് ജമാലുദ്ദീന് മിസ്സി, ഹാരിസുബ്നു അംറ് ഈ ഹദീസിലൂടെ മാത്രമേ അറിയപ്പെടുന്നുള്ളൂ എന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഇമാം ബുഖാരി ഇദ്ദേഹത്തിന്റെ ഹദീസ് സ്വഹീഹല്ല എന്നും അദ്ദേഹം അറിയപ്പെടുന്നയാളല്ലെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇമാം ദഹബി 'മീസാനി'ല് എഴുതുന്നു: ഹാരിസില്നിന്ന് ഇത് അബൂ ഔന് മാത്രമേ ഉദ്ധരിച്ചിട്ടുള്ളൂ. അദ്ദേഹമാകട്ടെ, അജ്ഞാതനുമാണ്. ഇമാം മുന്ദിരി നേരത്തേ തിര്മിദി പറഞ്ഞ കാര്യം എടുത്തുദ്ധരിച്ചിരിക്കുന്നു. ബുഖാരി 'താരീഖുല് കബീറി'ല് എഴുതുന്നു: മുഗീറത്തുബ്നു ശുഅ്ബസ്സഖഫിയുടെ സഹോദരനായ ഹാരിസുബ്നു അംറ് മുആദിന്റെ ശിഷ്യന്മാരില്നിന്ന് ഉദ്ധരിച്ച ഇത് സ്വഹീഹല്ല (ഔനുല് മഅ്ബൂദ് 3119).
ഈ ഹദീസില് മൂന്നു തകരാറുകള് ഉണ്ട്: 1. അത് മുര്സലാണ്. കാരണം, മുആദിന്റെ ശിഷ്യന്മാരാണ് സംഭവം ഉദ്ധരിക്കുന്നത്. രണ്ട്: അവര് ആരാണെന്ന് വ്യക്തമല്ല. മൂന്ന്: ഇവരില്നിന്ന് ഉദ്ധരിക്കുന്ന ഹാരിസുബ്നു അംറും അജ്ഞാതനാണ്. ഈ കാരണങ്ങളാല് ഹദീസ് ദുര്ബലമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ശൈഖ് അല്ബാനി എഴുതുന്നു:
മുആദില്നിന്ന് ഉദ്ധരിക്കപ്പെടുന്ന ഈ ഹദീസ് ഒരു ജഡ്ജിയെ മൂന്നു തലത്തില് സ്വാധീനിക്കും.
മുആദിന്റെ ഈ ഹദീസ് വിധികര്ത്താവിന് വിധി കല്പ്പിക്കാനുള്ള രീതി മൂന്ന് പടികളുള്ളതായി നിശ്ചയിച്ചിരിക്കുന്നു. അതുപ്രകാരം സുന്നത്തില് കണ്ടിട്ടില്ലെങ്കിലേ ഇജ്തിഹാദിലൂടെ വിധി അന്വേഷിക്കാവൂ, അതുപോലെ ഖുര്ആനില് കണ്ടില്ലെങ്കിലേ സുന്നത്തില് വിധി അന്വേഷിക്കാവൂ. സ്വന്തം ഇജ്തിഹാദിനെ സംബന്ധിച്ചേടത്തോളം എല്ലാ പണ്ഡിതന്മാരുടെ അടുക്കലും ഇത് ശരിയായ രീതിയാണ്. അതുകൊണ്ടാണ് രേഖ സ്ഥിരപ്പെട്ടാല് അന്വേഷണം അവസാനിച്ചു എന്ന് അവര് പറഞ്ഞത്. എന്നാല് സുന്നത്തിനെ സംബന്ധിച്ചേടത്തോളം ഇപ്പറഞ്ഞത് ഒരിക്കലും ശരിയല്ല. കാരണം സുന്നത്ത് വെച്ചാണ് ഖുര്ആന് മനസ്സിലാക്കേണ്ടത്, ഖുര്ആന്റെ യഥാര്ഥ അര്ഥം വ്യക്തമാക്കുന്നതും സുന്നത്ത് തന്നെ. അതിനാല് സുന്നത്തില് വിധി അന്വേഷിക്കേണ്ടത് നിര്ബന്ധമാണ്. ഖുര്ആനില് അതുണ്ടെന്ന് ധരിച്ചാലും ശരി. കാരണം നേരത്തേ നാം പറഞ്ഞതുപോലെ, സ്വന്തം അഭിപ്രായവും സുന്നത്തും പോലെയുള്ള ബന്ധമല്ല, ഒരിക്കലും സുന്നത്തും ഖുര്ആനും തമ്മിലുള്ള ബന്ധം. അതിനാല് ഖുര്ആനിനെയും സുന്നത്തിനെയും ഒറ്റ പ്രമാണമായി വേണം പരിഗണിക്കാന്. അവ രണ്ടിനുമിടയില് വ്യത്യാസമില്ല. 'അറിയുവിന്, എനിക്ക് ഖുര്ആന് നല്കപ്പെട്ടു, ഒപ്പം അതുപോലുള്ളതും നല്കപ്പെട്ടു', 'പരലോകത്ത് ഹൗദുല് കൗസറിനടുത്ത് എത്തുന്നതു വരെ അവ രണ്ടും വേര്പിരിയുകയില്ല തന്നെ' തുടങ്ങിയ പ്രവാചക വചനങ്ങള് അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ആ നിലക്ക് മുആദിന്റെ ഹദീസില് പറഞ്ഞതനുസരിച്ചുള്ള തരംതിരിക്കലിലൂടെ ഈ വേര്തിരിവ് ഉണ്ടായിത്തീരുന്നു. അതാകട്ടെ മുന്ചൊന്ന കാരണങ്ങളാല് ഒരര്ഥത്തിലും സ്വീകാര്യമല്ല താനും (ഇസ്ലാമില് സുന്നത്തിന്റെ സ്ഥാനം: 31).
യഥാര്ഥത്തില് ഒന്നാം പ്രമാണം ഖുര്ആര്തന്നെ എന്ന കാര്യത്തില് സംശയമില്ല, അതേസമയം ഏതെങ്കിലും ഒരു വിഷയത്തിന്റെ വിധി അന്വേഷിക്കുമ്പോള് ആദ്യം ഖുര്ആനില് നോക്കണം, അന്വേഷിച്ച വിഷയം അതില് കണ്ടില്ലെങ്കില് മാത്രമേ സുന്നത്തില് അന്വേഷിക്കേണ്ടതുള്ളൂ എന്ന ധാരണ ഒട്ടും ശരിയല്ല. ഇത് ബോധ്യപ്പെടാന് അല്പം വിശദീകരണം അവശ്യമാണ്. ഖുര്ആന് അതിന്റെ ഉസ്വൂലനുസരിച്ച് പഠിച്ചവരെ സംബന്ധിച്ചേടത്തോളം ഇപ്പറഞ്ഞത് മനസ്സിലാക്കാന് വലിയ പ്രയാസമില്ലെങ്കിലും, അറബി ഭാഷ പോലും ശരിക്കും പഠിക്കാതെയും കേവലം പരിഭാഷയെ ആശ്രയിച്ച് പ്രശ്നങ്ങള്ക്ക് പരിഹാരവും വിധിയും കണ്ടെത്തുന്നവരെ സംബന്ധിച്ചേടത്തോളം ഇത് ഉള്ക്കൊള്ളാന് അത്രയെളുപ്പം കഴിഞ്ഞുകൊള്ളണമെന്നില്ല.
അതിനാല് ഇത് ബോധ്യപ്പെടാനുതകുന്ന ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം. ഒരുപിതാവ് വന്നുകൊണ്ട് സമ്പന്നനായ തന്റെ മകന് തനിക്ക് വസ്വിയ്യത്ത് ചെയ്യാന് കൂട്ടാക്കുന്നില്ല എന്നും, അനന്തരാവകാശിയായതിനാല് അങ്ങനെ ചെയ്യാന് വകുപ്പില്ലാ എന്നു പറഞ്ഞ് അവന് ധിക്കാരം കാണിക്കുന്നു എന്നും പരാതിപ്പെട്ട് മകന്റെ ഈ നിലപാടിന്റെ ഇസ്ലാമിക വിധി അന്വേഷിച്ചുവന്നെന്നിരിക്കട്ടെ. നേരത്തേ നാമുദ്ധരിച്ച മുആദിന്റെ ഹദീസ്പ്രകാരം ഈ വിഷയകമായി ആദ്യം പരിശോധിക്കേണ്ടത് ഖുര്ആനിലാണല്ലോ. അങ്ങനെ ഖുര്ആന് പരിശോധിച്ചാല് ആ പ്രശ്നത്തിന്റെ പരിഹാരം വളരെ വ്യക്തമായ രൂപത്തില്തന്നെ പരിശോധിക്കുന്നവര്ക്ക് കാണാം. അതിതാണ്:
كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِنْ تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالْأَقْرَبِينَ بِالْمَعْرُوفِ حَقًّا عَلَى الْمُتَّقِينَ. فَمَنْ بَدَّلَهُ بَعْدَمَا سَمِعَهُ فَإِنَّمَا إِثْمُهُ عَلَى الَّذِينَ يُبَدِّلُونَهُ إِنَّ اللَّهَ سَمِيعٌ عَلِيمٌ }- الْبَقَرَةُ: 180-181.
(നിങ്ങളിലാരെങ്കിലും മരണാസന്നരായാല് അവര്ക്കു ശേഷിപ്പുസ്വത്തുണ്ടെങ്കില് മാതാപിതാക്കള്ക്കും അടുത്ത ബന്ധുക്കള്ക്കും ന്യായമായ നിലയില് ഒസ്യത്ത് ചെയ്യാന് നിങ്ങള് ബാധ്യസ്ഥരാണ്. സൂക്ഷ്മതയുള്ളവര്ക്കിത് ഒഴിച്ചുകൂടാനാവാത്ത കടമയത്രെ. ഒസ്യത്ത് കേട്ടശേഷം ആരെങ്കിലും അത് മാറ്റിമറിച്ചാല് കുറ്റം മാറ്റിമറിക്കുന്നവര്ക്കാണ്. നിസ്സംശയം, അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാകുന്നു -അല്ബഖറ: 180-181).
ഈ സൂക്തപ്രകാരം മാതാപിതാക്കള്ക്കും ബന്ധുക്കള്ക്കും വസ്വിയ്യത്ത് ചെയ്യല് നിര്ബന്ധമാണല്ലോ. മാത്രമല്ല, നോമ്പ് നിര്ബന്ധമാക്കിക്കൊണ്ട് അല്ലാഹു പറഞ്ഞ അതേ വാക്കിലും ശൈലിയിലും كُتِبَ عليكم-- എന്നുതന്നെയാണ് ഇവിടെയും പറഞ്ഞിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അങ്ങനെ ഖുര്ആന് വെച്ച് പരിഹാരവും കണ്ടെത്തി, മകനോട് ഉടനെ പിതാവ് പറഞ്ഞതനുസരിക്കാനും വസിയ്യത്ത് എഴുതിവെക്കാനും നിര്ദേശം നല്കിയെന്നും വിചാരിക്കുക. എന്തായിരിക്കും ഫലം?
ഖുര്ആന് പ്രകാരം തന്നെയാണ് ആ വിധി എന്നതില് ആര്ക്കും സംശയിക്കാന് വകുപ്പില്ല. എന്നാല് ഈവിധി ഇസ്ലാമികദൃഷ്ട്യാ പരമാബദ്ധവും കുറ്റകരവുമാണ് എന്നതാണ് വസ്തുത.
മുഫസ്സിറുകള് എന്തു പറയുന്നു?
ഇനി ഈ സൂക്തത്തിന്റെ വിശദീകരണത്തില് മുഫസ്സിറുകള് എന്തു പറയുന്നു എന്നുകാണുക:
അനന്തരാവകാശ സ്വത്ത് ഓഹരി ചെയ്യാന് പ്രത്യേക നിയമം അവതരിപ്പിക്കുന്നതിനുമുമ്പ് നല്കപ്പെട്ട വിധിയാണിത്. മരണാനന്തരം കുടുംബങ്ങള്ക്കിടയില് കുഴപ്പമില്ലാതിരിക്കാനും ആരുടെയും അവകാശം അപഹരിക്കപ്പെടാതിരിക്കാനും വേണ്ടി അവകാശികള്ക്കുള്ള ഓഹരികള് വസ്വിയ്യത്ത് മുഖേന നിശ്ചയിക്കാന് ഓരോ വ്യക്തിയോടും ആദ്യഘട്ടത്തില് ആവശ്യപ്പെടുകയുണ്ടായി. പിന്നീട് അനന്തരസ്വത്ത് ദാനത്തിന് അല്ലാഹുതന്നെ ഒരു വ്യവസ്ഥ നിശ്ചയിച്ചപ്പോള് വസ്വിയ്യത്തിന്റെയും അനന്തരാവകാശത്തിന്റെയും നിയമങ്ങള് വിശദീകരിച്ചുകൊണ്ട് നബി(സ) തിരുമേനി താഴെ വിവരിക്കുന്ന രണ്ട് വ്യവസ്ഥകള് പഠിപ്പിച്ചു:
ഒന്ന്, അനന്തരാവകാശമനുസരിച്ച് ഓഹരി ലഭിക്കുന്നവര്ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യാവതല്ല. അതായത്, ഖുര്ആനില് ഓഹരി നിശ്ചയിക്കപ്പെട്ട ബന്ധുക്കളുടെ ഓഹരികള് വസ്വിയ്യത്ത് മുഖേന, കുറക്കാനോ കൂട്ടാനോ പാടില്ല. ഒരു അവകാശിയെ വസ്വിയ്യത്ത് മുഖേന അവന്റെ അവകാശത്തില്നിന്ന് തടയാനും പാടില്ല. ഏതെങ്കിലും ഒരു അനന്തരാവകാശിക്ക് അവന്റെ നിയമാനുസൃതമായ ഓഹരിക്ക് പുറമെ മറ്റു വല്ലതും വസ്വിയ്യത്ത് മൂലം കൊടുക്കാവതുമല്ല.
രണ്ട്, വസ്വിയ്യത്ത് ആകെ സ്വത്തിന്റെ മൂന്നിലൊന്നുവരെ മാത്രമേ അനുവദനീയമാവുകയുള്ളൂ.
തിരുമേനിയുടെ ഈ വിശദീകരണങ്ങളുടെ വെളിച്ചത്തില് പ്രകൃത വാക്യത്തിന്റെ വിവക്ഷ ഇങ്ങനെയായിത്തീരുന്നു:
സ്വത്തിന്റെ മൂന്നില് രണ്ടു ഭാഗമെങ്കിലും മരണാനന്തരം അവകാശികളില് വ്യവസ്ഥാനുസരണം വീതിക്കേണ്ടതാണ്. കവിഞ്ഞാല് മൂന്നിലൊരു ഭാഗം തന്റെ കുടുംബത്തിലോ ഗോത്രത്തിലോ സഹായത്തിനര്ഹരായ, അനന്തരാവകാശപ്രകാരം ഓഹരി ലഭിക്കാത്ത, ബന്ധുക്കളുടെ സഹായത്തിനോ സ്വഗോത്രത്തിനു പുറമെയുളള അഗതികളുടെ രക്ഷക്കോ പൊതുജനോപകാരത്തിനോ വേണ്ടി 'വസ്വിയ്യത്ത്' ചെയ്യേണ്ടതാണ് (തഫ്ഹീമുല് ഖുര്ആന്: അല്ബഖറ: 180-ന്റെ വ്യാഖ്യാനം).
ചുരുക്കത്തില്, അനന്തരാവകാശത്തിന്റെ സൂക്തങ്ങള് അവതരിച്ചതോടുകൂടി വസ്വിയ്യത്തിന്റെ നിര്ബന്ധം കാലഹരണപ്പെട്ടു (മന്സൂഖായി) പോയിട്ടുണ്ട് എന്നര്ഥം. ഇതിനുള്ള പ്രധാന തെളിവുകള് താഴെ കാണുന്നതുപോലെയുള്ള ഹദീസുകളിലാണ് വന്നിട്ടുള്ളത്:
عَنْ شُرَحْبِيلَ بْنِ مُسْلِمٍ قَالَ سَمِعْتُ أَبَا أُمَامَةَ قَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: « إِنَّ اللَّهَ عَزَّ وَجَلَّ قَدْ أَعْطَى كُلَّ ذِى حَقٍّ حَقَّهُ فَلاَ وَصِيَّةَ لِوَارِثٍ وَلاَ تُنْفِقُ الْمَرْأَةُ شَيْئًا مِنْ بَيْتِهَا إِلاَّ بِإِذْنِ زَوْجِهَا ».
قَالَ الْإِمَامُ الشَّافِعِيُّ فِي الْأُمِّ: وَرَأَيْت مُتَظَاهِرًا عِنْدَ عَامَّةِ مَنْ لَقِيتُ مِنْ أَهْلِ الْعِلْمِ بِالْمَغَازِي، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ فِي خُطْبَتِهِ عَامَ الْفَتْحِ: « لاَ وَصِيَّةَ لِوَارِثٍ »وَلَم أَرَ بَيْنَ النَّاسِ فِي ذَلِكَ اخْتِلاَفًا. وَإِذَا قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لاَ « لاَ وَصِيَّةَ لِوَارِثٍ »فَحُكْمُ الْوَصِيَّةِ لِوَارِثٍ حُكْمُ مَا لَمْ يَكُنْ، فَمَتَى أَوْصَى رَجُلٌ لِوَارِثٍ وَقَفْنَا الْوَصِيَّةَ. فَإِنْ مَاتَ الْمُوصِي، وَالْمُوصَى لَه وَارِثٌ، فَلاَ وَصِيَّةَ لَه.
وَقَالَ الْحَافِظُ ابْنُ حَجَرٍ:
جَنَحَ الشَّافِعِيُّ فِي الْأُمِّ إِلَى أَنَّ هَذَا الْمَتْنَ مُتَوَاتِرٌ فَقَالَ: وَجَدْنَا أَهْلَ الْفُتْيَا وَمَنْ حَفِظْنَا عَنْهُمْ مِنْ أَهْلِ الْعِلْمِ بِالْمَغَازِي مِنْ قُرَيْشٍ وَغَيْرِهِمْ لَا يَخْتَلِفُونَ فِي أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ عَامَ الْفَتْحِ: « لَا وَصِيَّةَ لِوَارِثٍ ». وَيُؤْثِرُونَ عَمَّنْ حَفِظُوهُ عَنْهُ مِمَّنْ لَقُوهُ مِنْ أَهْلِ الْعِلْمِ فَكَانَ نَقْلَ كَافَّةٍ عَنْ كَافَّةٍ فَهُوَ أَقْوَى مِنْ نَقْلِ وَاحِدٍ.
ശുറഹ്ബീലുബ്നു മുസ്ലിമില്നിന്ന് നിവേദനം. നബി(സ) പ്രസ്താവിച്ചത് താന് കേട്ടതായി അബൂ ഉമാമ പറയുന്നത് ഞാന് കേട്ടു: 'അല്ലാഹു അവകാശമുള്ള എല്ലാവര്ക്കും അവരുടെ അവകാശം കൊടുത്തിരിക്കുന്നു. ആയതിനാല്, അനന്തരാവകാശിക്ക് ലഭിക്കാനായി വസ്വിയ്യത്ത് ചെയ്യാന് പാടില്ല. ഭാര്യ തന്റെ ഭര്ത്താവിന്റെ സമ്മതമില്ലാതെ ഒന്നും ചെലവഴിക്കാന് പാടില്ല.'
ഇമാം ശാഫിഈ 'അല് ഉമ്മി'ല് രേഖപ്പെടുത്തുന്നു:
യുദ്ധങ്ങളുമായി ബന്ധപ്പെട്ട വിവരമുള്ളവരായി ഞാന് കണ്ടുമുട്ടിയവരില്നിന്ന് പൊതുവായും പ്രകടമായും ഞാന് മനസ്സിലാക്കിയത് ഇത്രയുമാണ്: നബി(സ) മക്കാ വിജയവേളയില് നടത്തിയ പ്രസംഗത്തില് ഇങ്ങനെ പ്രസ്താവിച്ചു. 'അനന്തരാവകാശം ലഭിക്കുന്നവര്ക്ക് സ്വത്ത് വസ്വിയ്യത്ത് ചെയ്യാവതല്ല.' ഈ വിഷയത്തില് അവര്ക്കിടയില് അഭിപ്രായവ്യത്യാസമില്ല. നബി(സ) 'അരുത്' എന്നു പറഞ്ഞാല്, അനന്തരാവകാശിക്ക് വസ്വിയ്യത്ത് ചെയ്യാന് പാടില്ല. അനന്തരാവകാശിക്ക് വസ്വിയ്യത്ത് ചെയ്യാനുള്ള വിധി ഉണ്ടായിട്ടില്ലാത്ത വിധിയാണ്. ആരെങ്കിലും അനന്തരാവകാശിക്ക് വസ്വിയ്യത്ത് ചെയ്താല് ആ വസ്വിയ്യത്ത് നിര്ത്തിവെക്കണം. വസ്വിയ്യത്ത് ചെയ്തയാള് മരിക്കുകയും വസ്വിയ്യത്ത് ചെയ്യപ്പെട്ടയാള് അയാളുടെ അനന്തരാവകാശിയായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില് അനന്തരാവകാശിക്ക് വസ്വിയ്യത്ത് ചെയ്യാവതല്ല.'
ഇബ്നു ഹജര് പറയുന്നു: ഇമാം ശാഫിഈ തന്റെ 'കിതാബുല് ഉമ്മി'ല്, മേല് ഹദീസ് അനവധി പരമ്പരകളിലൂടെ (മുതവാതിര്) ഉദ്ധരിക്കപ്പെട്ടതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം പറയുന്നു: ഖുറൈശികളും അല്ലാത്തവരുമായ യുദ്ധവിജ്ഞരും നമ്മുടെ അധ്യാപകരും ഫത്വ നല്കുന്നവരുമായ ആളുകള് നബി(സ) മക്കാ വിജയവേളയില് 'അനന്തരാവകാശിക്ക് വസ്വിയ്യത്ത് ചെയ്യാന് പാടില്ല' എന്നു പ്രസ്താവിച്ചതായി ഉദ്ധരിച്ചിട്ടുണ്ട്. ഒരു സംഘത്തില്നിന്ന് മറ്റൊരു സംഘം എന്ന രീതിയിലാണ് ഇത് റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരാള് സ്വന്തം നിലയില് റിപ്പോര്ട്ട് ചെയ്യുന്നതിനേക്കാള് എത്രയോ ബലമുള്ളതാണ് ഈ റിപ്പോര്ട്ട്.
(1) നബി (സ) ഇപ്രകാരം പറഞ്ഞതായി അബൂഉമാമഃ (റ) ഉദ്ധരിച്ചിരിക്കുന്നു:
عَنْ شُرَحْبِيلَ بْنِ مُسْلِمٍ سَمِعْتُ أَبَا أُمَامَةَ سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ « إِنَّ اللَّهَ قَدْ أَعْطَى كُلَّ ذِى حَقٍّ حَقَّهُ فَلاَ وَصِيَّةَ لِوَارِثٍ ».
'നിശ്ചയമായും, എല്ലാ അനന്തരാവകാശികള്ക്കും അവരുടെ അവകാശം (ഓഹരി) കൊടുത്തുകഴിഞ്ഞിട്ടുണ്ട്. അതിനാല്, ഒരു അനന്തരാവകാശിക്കും വസ്വിയ്യത്തില്ല.' ()
(2)
عَنْ عَامِرِ بْنِ سَعْدٍ عَنْ أَبِيهِ قَالَ عَادَنِى رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِى حَجَّةِ الْوَدَاعِ مِنْ وَجَعٍ أَشْفَيْتُ مِنْهُ عَلَى الْمَوْتِ فَقُلْتُ يَا رَسُولَ اللَّهِ بَلَغَنِى مَا تَرَى مِنَ الْوَجَعِ وَأَنَا ذُو مَالٍ وَلاَ يَرِثُنِى إِلاَّ ابْنَةٌ لِى وَاحِدَةٌ أَفَأَتَصَدَّقُ بِثُلُثَىْ مَالِى قَالَ « لاَ ». قَالَ قُلْتُ أَفَأَتَصَدَّقُ بِشَطْرِهِ قَالَ « لاَ الثُّلُثُ وَالثُّلُثُ كَثِيرٌ إِنَّكَ أَنْ تَذَرَ وَرَثَتَكَ أَغْنِيَاءَ خَيْرٌ مِنْ أَنْ تَذَرَهُمْ عَالَةً يَتَكَفَّفُونَ النَّاسَ وَلَسْتَ تُنْفِقُ نَفَقَةً تَبْتَغِى بِهَا وَجْهَ اللَّهِ إِلاَّ أُجِرْتَ بِهَا حَتَّى اللُّقْمَةُ تَجْعَلُهَا فِى فِى امْرَأَتِكَ ». قَالَ قُلْتُ يَا رَسُولَ اللَّهِ أُخَلَّفُ بَعْدَ أَصْحَابِى قَالَ « إِنَّكَ لَنْ تُخَلَّفَ فَتَعْمَلَ عَمَلاً تَبْتَغِى بِهِ وَجْهَ اللَّهِ إِلاَّ ازْدَدْتَ بِهِ دَرَجَةً وَرِفْعَةً وَلَعَلَّكَ تُخَلَّفُ حَتَّى يُنْفَعَ بِكَ أَقْوَامٌ وَيُضَرَّ بِكَ آخَرُونَ اللَّهُمَّ أَمْضِ لأَصْحَابِى هِجْرَتَهُمْ وَلاَ تَرُدَّهُمْ عَلَى أَعْقَابِهِمْ لَكِنِ الْبَائِسُ سَعْدُ ابْنُ خَوْلَةَ ». قَالَ رَثَى لَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ أَنْ تُوُفِّىَ بِمَكَّةَ.
സഅ്ദുബ്നു അബീവഖ്വാസ്വ് (റ) രോഗശയ്യയിലായിരുന്നപ്പോള്, തനിക്ക് കുറേ ധനമുണ്ടെന്നും, നേര് അവകാശിയായി ഒരു മകള് മാത്രമേ ഉള്ളൂവെന്നും പറഞ്ഞുകൊണ്ട് തന്റെ ധനത്തിന്റെ മൂന്നില് രണ്ടംശം വസ്വിയ്യത്തായി നല്കാമോ എന്ന് നബി(സ)യോട് ചോദിക്കുകയുണ്ടായി. അത് പാടില്ലെന്ന് നബി (സ) പറഞ്ഞു. എന്നാല് പകുതി ആകാമോ എന്ന് അദ്ദേഹം ചോദിച്ചു. അതും നബി (സ) അനുവദിച്ചില്ല. എന്നാല് മൂന്നില് ഒരംശം ആകാമോ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള് നബി (സ) ഇങ്ങനെ പറഞ്ഞു: 'എന്നാല് മൂന്നിലൊന്ന്. മൂന്നിലൊന്ന് തന്നെ ധാരാളമാണ്. തന്റെ അനന്തരാവകാശികളെ ജനങ്ങളോട് കൈകാട്ടുന്നവരായി വിട്ടുപോകുന്നതിനേക്കാള് തനിക്ക് ഉത്തമം, അവരെ ധനികരായി വിട്ടുപോകുന്നതാകുന്നു.' ഈ സംഭവം ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തിയിട്ടുള്ളതാണ്.
ഇമാം ഇബ്നുകസീര് പറയുന്നു:
വസ്വിയ്യത്തിന്റെ നിയമം ഒരു നിര്ബന്ധിത നിയമം തന്നെ ആയിരുന്നുവെന്നാണ് ചിലര് പറയുന്നത്. അതുതന്നെയാണ് ഖുര്ആന് വാചകങ്ങളില്നിന്ന് വ്യക്തമാകുന്നതും. അപ്പോള്, ഖുര്ആന് വ്യാഖ്യാതാക്കളില് അധികമാളുകളും ഫുഖഹാക്കളിലെ പ്രമുഖരും പറയുന്നതു പോലെ, ഇത്- വസ്വിയ്യത്തിന്റെ ഈ സൂക്തം- അനന്തരാവകാശത്തിന്റെ സൂക്തം അവതരിച്ചതോടെ 'മന്സൂഖാ'യി(കാലഹരണപ്പെട്ടതായി)രിക്കണമെന്ന് തീര്ച്ചപ്പെടുന്നു. കാരണം, അനന്തരാവകാശികളായി വരുന്ന മാതാപിതാക്കള്ക്കും അടുത്ത കുടുംബങ്ങള്ക്കും വസ്വിയ്യത്ത് ചെയ്യുന്നതിന്റെ നിര്ബന്ധം ദുര്ബലപ്പെട്ടുപോയിട്ടുണ്ട് എന്ന് 'ഇജ്മാഅ്' (പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായം) ഉള്ളതാകുന്നു. അത്രയുമല്ല, 'എല്ലാ അനന്തരാവകാശികള്ക്കും അവരുടെ അവകാശം അല്ലാഹു കൊടുത്തിട്ടുണ്ട്. ഇനി ഒരു അനന്തരാവകാശിക്കും വസ്വിയ്യത്തില്ല' എന്ന് മേലുദ്ധരിച്ച ഹദീസിലൂടെ അത് വിരോധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അപ്പോള്, അനന്തരാവകാശത്തിന്റെ സൂക്തം ഒരു സ്വതന്ത്ര നിയമം തന്നെയാകുന്നു. (അത് വസ്വിയ്യത്തിന്റെ വിശദീകരണമല്ല). അനന്തരാവകാശത്തിന്റെ ഓഹരിയും പങ്കുള്ളവര്ക്ക് അല്ലാഹു നിശ്ചയിച്ചുകൊടുത്ത ഒരു നിര്ബന്ധവിധിയുമാണത്. അതുമുഖേന വസ്വിയ്യത്തിന്റെ ഈ വിധി പാടേ നിര്ത്തല് ചെയ്യപ്പെട്ടിരിക്കുന്നു (ഇബ്നുകസീര്).
മേല് ചൂണ്ടിക്കാട്ടിയ എല്ലാ വസ്തുതകളും തെളിവുകളും പരിശോധിക്കുമ്പോള് വസ്വിയ്യത്തിനെ സംബന്ധിച്ച് ഇത്രയും കാര്യങ്ങള് നമുക്ക് മനസ്സിലാക്കാന് കഴിയുന്നതാണ്:
(1) അനന്തരാവകാശ നിയമപ്രകാരം സ്വത്തവകാശം ലഭിക്കുന്ന കുടുംബാംഗങ്ങള്ക്ക് പ്രത്യേകമായി വസ്വിയ്യത്ത് ചെയ്യാന് പാടില്ല.
(2) ആകെ സ്വത്തിന്റെ മൂന്നിലൊരംശത്തില് ഒതുങ്ങിനില്ക്കണം വസ്വിയ്യത്ത്. ഒരുകാരണത്താലും അതില് കവിയാന് പാടില്ല.
ആദ്യം തന്നെ ഖുര്ആനെടുത്ത് നിവര്ത്തി വിധി പറഞ്ഞാലുള്ള കുഴപ്പം ഈ ഉദാഹരണത്തിലൂടെ എളുപ്പം മനസ്സിലാക്കാവുന്നതാണ്. ഇതുപോലെ വേറെയും ധാരാളം ഉദാഹരണങ്ങളുണ്ട്.
പറഞ്ഞുവരുന്നത്, എന്തെങ്കിലും ഒരു പ്രശ്നത്തിന്റെ വിധി അന്വേഷിക്കേണ്ടത് ആദ്യംതന്നെ ഖുര്ആന് എടുത്തു നിവര്ത്തി നേര്ക്കുനേരെ വിധി കണ്ടെത്തുക എന്ന രീതിയിലാവരുത്, മറിച്ച് അതിന് അതിന്റേതായ വഴികളും രീതിശാസ്ത്രവും ഉണ്ട് എന്ന് മനസ്സിലാക്കിയാവണം എന്നാണ്. അതുപോലെ എങ്ങനെയാണ് തെളിവന്വേഷിക്കേണ്ടതെന്നും ആദ്യം ഏതാണ് പരിഗണിക്കേണ്ടതെന്നുമെല്ലാം അറിഞ്ഞിരിക്കണം. ഇതെല്ലാം ഇമാമുകള് വളരെ വ്യക്തമായി നേരത്തേതന്നെ വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണമായി, ഇമാം ഗസ്സാലി പറയുന്നത് കാണുക:
يَجِبُ عَلَى المُجْتَهِدِ فِي كُلِّ مَسْأَلَةٍ أَنْ يَرُدَّ نَظَرَهُ إِلَى النَّفْيِ الأَصْلِيِّ قَبْلَ وُرُودِ الشَّرَعِ، ثُمَّ يَبْحَثُ عَنِ الأَدِلَّةِ السَّمْعِيَّةِ المُغَيِّرَةِ، فَيَنْظُرُ أَوَّلَ شَيْءٍ فِي الإِجْمَاعِ، فَإِنْ وَجَدَ فِي المَسْأَلَةِ إِجْمَاعًا، تَرَكَ النَّظَرَ فِي الْكِتَابِ وَالسُّنَّةِ فَإِنَّهُمَا يَقْبَلَانِ النَّسْخَ، وَالإِجْمَاعُ لَا يَقْبَلُهُ. فَالإِجْمَاعُ عَلَى خِلَافِ مَا فِي الكِتَابِ وَالسُّنَّةِ دَلِيلٌ قَاطِعٌ عَلَى النَّسَخِ، إِذْ لَا تَجْتَمِعُ الأُمَّةُ عَلَى الخَطَأِ.
ثُمَّ يَنْظُرُ فِي الكِتَابِ وَالسُّنَّةِ المُتَوَاتِرَةِ، وَهُمَا عَلَى رُتْبَةٍ وَاحِدَةٍ لِأَنَّ كُلَّ وَاحِدٍ يُفِيدُ العِلْمَ القَاطِعَ، وَلَا يُتَصَوَّرُ التَّعَارُضُ فِي الْقَطْعِيَّاتِ السَّمْعِيَّةِ إِلَّا بِأَنْ يَكُونَ أَحَدُهُمَا نَاسِخًا، فَمَا وَجَدَ فِيهِ نَصُّ كِتَابٍ أَوْ سَنَةٍ مُتَوَاتِرَةِ أُخِذَ بِهِ، وَيَنْظُرُ بَعْدَ ذَلِكَ إِلَى عُمُومَاتِ الكِتَابِ وَظَوَاهِرِهِ، ثُمَّ يَنْظُرُ فِي مُخَصِّصَاتِ العُمُومِ مِنْ أَخْبَارٍ الآحَادِ وَمِنَ الأَقْيِسَةِ، فَإنْ عَارَضَ قِيَاسٌ عُمُومًا أَوْ خَبَرٌ وَاحِدٌ عُمُومًا، فَقَدْ ذَكَرْنَا مَا يَجِبُ تَقْدِيمُهُ مِنْهَا فَإِنْ لَمْ يَجِدْ لَفْظًا نَصًّا وَلَا ظَاهِرَا، نَظَرَ إِلَى قِيَاسِ النُّصُوصِ فَإِنْ تَعَارَضَ قِيَاسَاتٌ أَوْ خَبَرَانِ عُمُومَانِ طَلَبَ التَّرْجِيحَ، كَمَا سَنَذْكُرُهُ فَإِنْ تَسَاوَيًا عِنْدَهُ، تَوَقَّفَ عَلَى رَأْيٍ وَتَخَيَّرَ عَلَى رَأْيٍ آخَرَ ... الْمُسْتَصْفَى.
'ഒരു മുജ്തഹിദിനെ സംബന്ധിച്ചേടത്തോളം, എല്ലാ പ്രശ്നത്തിലും ശര്ഈ വിധി വരുന്നതിന് മുമ്പുള്ള ഒരു വിധിയും ഇല്ല എന്ന അടിസ്ഥാന തത്ത്വത്തിലേക്ക് തന്റെ ദൃഷ്ടി പതിപ്പിക്കല് നിര്ബന്ധമാണ്. തുടര്ന്ന് അതിനെ മാറ്റുന്ന കേള്വിയിലൂടെ സ്ഥിരപ്പെട്ട തെളിവുകള് പരിശോധിക്കണം. ആ നിലക്ക്് ഏറ്റവും പ്രഥമമായി പരിശോധിക്കേണ്ടത് ഇജ്മാഅ് ആണ്, അങ്ങനെ വിഷയത്തില് ഇജ്മാഅ് ഉണ്ടെന്ന് കണ്ടാല് പിന്നെ ഖുര്ആനോ സുന്നത്തോ പരിശോധിക്കേണ്ടതില്ല, കാരണം അവ രണ്ടും നസ്ഖിന് സാധ്യതയുള്ളതാണ്, ഇജ്മാഇന് ഒരിക്കലും നസ്ഖിന് സാധ്യതയില്ല. ഖുര്ആനിനും സുന്നത്തിനും എതിരായ ഇജ്മാഅ് സ്ഥിരപ്പെട്ടാല് അതിനര്ഥം നസ്ഖ് സംഭവിച്ചു എന്നതിന്റെ ഖണ്ഡിതമായ തെളിവാണ്. എന്തുകൊണ്ടെന്നാല് അബദ്ധത്തിന്മേല് ഉമ്മത്ത് ഒരുമിച്ചുകൂടുകയില്ല. തുടര്ന്ന് അല്ലാഹുവിന്റെ കിതാബിലും മുതവാതിറായ സുന്നത്തിലും പരിശോധിക്കണം, അവ രണ്ടും ഒരേ പദവിയിലാണ്. കാരണം അവരണ്ടും ദൃഢജ്ഞാനം പ്രദാനം ചെയ്യുന്നതിനാല്' (അല് മുസ്തസ്വ്ഫാ).
അപ്പോള് പിന്നെ ഒന്നാം പ്രമാണം ഖുര്ആനാണ് എന്ന് പറയുന്നതിന്റെ സാംഗത്യം എന്താണ്? ഇങ്ങനെയൊരു ചോദ്യം സ്വാഭാവികമായും ഉയര്ന്നുവരാം. അതിന്റെ ഉത്തരം വളരെ ലളിതമാണ്.
ഒരു കാര്യം പ്രമാണമാകാന് ഖുര്ആനിലുണ്ട് എന്നു മാത്രം ഉറപ്പായാല് മതി, അതാകട്ടെ ഒരു മുസ്വ്ഹഫ് എടുത്ത് നിവര്ത്തി നോക്കുന്നതോടെ തീരും. അത് അല്ലാഹു പറഞ്ഞതാണ് എന്നതിന് അതില്പരം മറ്റൊരു ഗവേഷണവും ചര്ച്ചയും പിന്നെ ആവശ്യമില്ല.
എന്നാല് സുന്നത്തിന്റെ കാര്യം അങ്ങനെയല്ല. ആദ്യം അതിന് നബി(സ)യുമായി ബന്ധമുണ്ടോ, ഇല്ലേ എന്ന് സ്ഥിരപ്പെടണം. അതാകട്ടെ സാധാരണക്കാര്ക്കു പോയിട്ട് അഭ്യസ്ഥവിദ്യര്ക്കു പോലും സാധിച്ചുകൊള്ളണമെന്നില്ല. ഉലൂമുല് ഹദീസ് പഠിച്ച, ഹദീസുകളുടെ സ്വഭാവം തിരിച്ചറിയാന് മാത്രം അറിവും കഴിവും പരിചയവുമുള്ളവര്ക്ക് മാത്രമേ അക്കാര്യത്തില് ഖണ്ഡിതമായ ഒരഭിപ്രായം പറയാന് സാധിക്കൂ.
നമുക്ക് ലഭിച്ച മാര്ഗം അനുസരിച്ചും ഖുര്ആന് ഒന്നാം സ്ഥാനത്തു തന്നെയാണ്. ഖുര്ആന് ഖണ്ഡിതമായി സ്ഥിരപ്പെട്ടതാണ് (). സുന്നത്തില് ഖണ്ഡിതമായി സ്ഥിരപ്പെട്ടതും അല്ലാത്തവയും ഉണ്ട്.
ഖുര്ആനിന്റെ ആധികാരികതയില് സംശയിക്കാന് ഒരു വിശ്വാസിക്ക് പഴുതില്ല. ഖുര്ആന് ദൈവികവചനം ആണോ എന്ന് ഒരു സാധാരണക്കാരന് സംശയിക്കാം. എന്നാല് അത് ദൈവികവചനം ആണ് എന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല് പിന്നെ തനിക്ക് മുന്നിലുള്ള ഖുര്ആനിന്റെ വചനങ്ങളുടെ ആധികാരികതയില് സംശയിക്കാന് കഴിയില്ല. കാരണം അത് ഖണ്ഡിതമായും ചരിത്രപരമായും സ്ഥിരപ്പെട്ടതാണ്. ഖുര്ആന് അവതരണത്തിന്റെ തുടക്കം മുതല് ഇന്നു വരെ ഉള്ള വിശ്വാസിസമൂഹം പാരായണം ചെയ്യുന്നത് ഇതേ ഖുര്ആന് തന്നെയാണെന്ന് ചരിത്രപരമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ട് അതിനെ സംശയിക്കല് ചരിത്രത്തോടുള്ള നിഷേധമാണ്. ഖുര്ആനിന്റെ സംരക്ഷണത്തില് സംശയിച്ചയാള് കാഫിറാണ് എന്നതില് മുസ്ലിംലോകം ഏകോപിച്ചിട്ടുണ്ട് (ഇജ്മാഅ്).
ഇത്രയുമേറെ ആളുകള് കളവ് പറയുകയാണ് എന്ന് മനുഷ്യബുദ്ധിക്ക് സമ്മതിക്കാന് സാധ്യമല്ലാത്തവിധം എണ്ണക്കൂടുതലുള്ള നിവേദനങ്ങള്ക്കാണ് മുതവാതിര് എന്ന് പറയുന്നത്.
ഖുര്ആന് പൂര്ണമായും ദൈവികവചനങ്ങളാണ് -كلامُ الله . എന്നാല് ഹദീസില് പ്രവാചകവചനങ്ങളുണ്ട് سُنّةٌ قوليَّة . അവിടുത്തെ പ്രവര്ത്തനങ്ങള് അനുചരന്മാര് കാണുകയും എന്നിട്ട് പകര്ത്തുകയും ചെയ്തവയുണ്ട്. പ്രവാചകനെ സംബന്ധിച്ച് അവര് വിശേഷിപ്പിച്ചവയുണ്ട്. പ്രവാചകന്റെ പ്രകൃതിപരമായ രൂപഭാവങ്ങളെക്കുറിച്ച് വര്ണിച്ചവയുണ്ട്, പ്രവാചകചരിത്രമുണ്ട്, കൂടാതെ പ്രവാചകന്റെ സാന്നിധ്യത്തിലോ അറിവിലോ അനുചരന്മാര് വല്ലതും പറയുകയോ പ്രവര്ത്തിക്കുകയോ ചെയ്യുകയും എന്നിട്ട് അവിടുന്ന് അതിനെ പറ്റി മൗനം ദീക്ഷിക്കുകയും ചെയത കാര്യങ്ങള് ഉണ്ട്. ഇതല്ലാം ചേര്ന്നതാണ് സുന്നത്ത് അഥവാ നബിചര്യ എന്നു പറയുന്നത്. ചുരുക്കിപ്പറഞ്ഞാല് സുന്നത്ത് എന്നത് പ്രവാചകവചനത്തില് മാത്രം പരിമിതമല്ല എന്നര്ഥം.
കുറിപ്പുകള്
1. അന്നഹ്ല്: 44
2. അന്നഹ്ല്: 64
3. ഇബ്റാഹീം: 4
4. അല്മാഇദ: 3
5. - رَوَاهُ ابْنُ مَاجَةْ: 3218، وَقَالَ الأَلْبَانِيُّ: أَخْرَجَهُ الْبَيْهَقِيُّ وَغَيْرُهُ مَرْفُوعًا وَمَوْقُوفًا وَإِسْنَادُ الْمَوْقُوفِ صَحِيحٌ وَهُوَ فِي حُكْمِ الْمَرْفُوعِ لِأَنَّهُ لَا يُقَالُ مِنْ قِبَلِ الرَّأْيِ. - مَنْزِلَة السُّنَّة: 9.. وَرَوَاهُ أَحْمَدُ: 5723، وَقَالَ مُحَقِّقُوالْمُسْنَدِ:حَدِيثٌ حَسَنٌ.
6. - وَرَوَاهُ أَحْمَدُ: 15012، وَقَالَ الشَّيْخُ شُعَيْبٌ الْأَرْنَاؤُوطُ:حَدِيثٌ
7. - رَوَاهُ أَبُو دَاوُد: 3594.
8. -تَيْسِيرُ عِلْمِ أُصُولِ الْفِقْهِ.
9 - عَوْنِ الْمَعْبُودِ: 3119.
10. - مَنْزِلَةُ السُّنَّةِ فِي الْإِسْلَامِ: 31.
11. رواه أبوداود 2872 وصحّحه الألباني