പരീക്ഷിക്കപ്പെടുന്ന പണ്ഡിതന്മാര്‍

‌‌

ചിന്തനീയമായ ഒരു ഖുര്‍ആന്‍ വചനത്തില്‍ ഇങ്ങനെ കാണാം:
الَّذِينَ يُبَلِّغُونَ رِسَالَاتِ اللَّهِ وَيَخْشَوْنَهُ وَلَا يَخْشَوْنَ أَحَدًا إِلَّا اللَّهَ ۗ وَكَفَىٰ بِاللَّهِ حَسِيبًا
''അല്ലാഹുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അവനെ ഭയപ്പെടുകയും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ (അവരോടുള്ള അല്ലാഹുവിന്റെ നടപടിയാണിത്). വിചാരണക്കായി അല്ലാഹു തന്നെ എത്രയും മതിയായവനല്ലോ'' (അഹ്‌സാബ് 39).

അല്ലാഹുവിന്റെ സന്ദേശമെത്തിക്കുന്നവര്‍ അല്ലാഹുവിനെയല്ലാതെ മറ്റാരെയും പേടിക്കുന്നവരല്ല എന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കാനുള്ള കാരണം, അങ്ങനെയുള്ളവരെ പലരും പേടിപ്പിച്ചുകൊണ്ടേയിരിക്കും എന്നതാണ്. 

أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ
'അല്ലാഹുവിന്റെ ദാസന് അവന്‍തന്നെ മതിയായവനല്ലയോ? ഈ ജനം അവനെക്കൂടാതുള്ളവരാല്‍ നിന്നെ ഭയപ്പെടുത്തുന്നു' (അസ്സുമര്‍ 36) എന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.

പ്രവാചകന്മാരുടെ അനന്തരഗാമികളായ പണ്ഡിതന്മാരുടെ ദൗത്യം അല്ലാഹുവിന്റെ സന്ദേശങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ പ്രവാചകന്മാര്‍ എതിര്‍ക്കപ്പെട്ടതുപോലെ പണ്ഡിതന്മാരും എതിര്‍ക്കപ്പെടുക സ്വാഭാവികം. സ്വേഛാധിപതികളും അക്രമികളുമായ അധികാരികളാണ് അവരെ ഏറ്റവും എതിര്‍ക്കുക എന്നതും ചരിത്രം. കാരണം, സത്യത്തെ കൂടുതല്‍ ഭയപ്പെടുന്നവരാണവര്‍.

അല്ലാഹുവിന്റെ സത്യങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രഹരമേല്‍പ്പിക്കുക തങ്ങള്‍ക്കാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ട്, ചരിത്രത്തിലുടനീളം പണ്ഡിതന്മാര്‍ അധികാരികളാല്‍ പീഡിപ്പിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നതില്‍ പണ്ടും ഇന്നും മുസ്‌ലിം നാമധാരികളാണ് ഏറ്റവും മുന്നിലെന്നതും അവര്‍ പീഡിപ്പിക്കുന്നവര്‍ മുസ്‌ലിം പണ്ഡിതന്മാരാണെന്നതും വിരോധാഭാസമായി തോന്നാം.

ഇമാം അബൂഹനീഫഃ, ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യഃ മുതല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഇമാം ഹസനുല്‍ ബന്ന, ശഹീദ് സയ്യിദ് ഖുത്വ്ബ്, ഇമാം അബുല്‍അഅ്‌ലാ മൗദൂദി വരെയുള്ളവര്‍  അങ്ങനെ പരീക്ഷിക്കപ്പെട്ടവരാണ്. ഇപ്പോള്‍ മുസ്‌ലിംരാജ്യങ്ങളില്‍ പലതിലും പ്രഗത്ഭരായ പല പണ്ഡിതന്മാരും ജയിലറകളിലാണുള്ളത്. അവരില്‍ ചിലര്‍ വധശിക്ഷ കാത്തുകഴിയുന്നു, മറ്റുചിലര്‍ക്ക് ജീവപര്യന്തം തടവ് വിധിക്കപ്പെട്ടിരിക്കുന്നു, വേറെ ചിലരെ ജയിലിലിട്ട് ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. 

പണ്ഡിതന്മാര്‍ക്ക്, അവര്‍ പ്രതിനിധീകരിക്കുന്ന ദൈവികസത്യത്തിന്റെ ശക്തിമൂലം, ജനങ്ങള്‍ക്കുമേലുള്ള സ്വാധീനം അധികാരികളുടെ ഉറക്കം കെടുത്തുന്നുണ്ട്. തങ്ങളുടെ സ്വേഛാധികാരങ്ങളെ ചോദ്യം ചെയ്യാനുള്ള പൗരന്മാരുടെ ആര്‍ജവത്തിന് പണ്ഡിതന്മാര്‍ തീ കൊടുക്കുമെന്ന് നന്നായി അറിയുന്നതുകൊണ്ട് ആ ശബ്ദങ്ങളെ എന്തു വിലകൊടുത്തും തച്ചൊതുക്കാന്‍ ഭരണാധികാരികള്‍ ധൃഷ്ടരാകും. അതോടെ എല്ലാ പണ്ഡിതന്മാരുടെയും നാവടക്കുകയും തങ്ങള്‍ക്ക് കുഴലൂതുന്നവരായി നിര്‍ത്തുകയുമാണ് അജണ്ട.

എന്നാല്‍ ഇമാം ഇബ്‌നു ഹമ്പലിനെയും ഇബ്‌നു തൈമിയ്യയെയും പോലെത്തന്നെ കുറേയധികം പണ്ഡിതന്മാര്‍ പുതിയ കാലത്തും അത്തരം ഭീഷണികള്‍ക്ക് വഴങ്ങാതെ ഉറച്ചുനില്‍ക്കുകയും, കൊട്ടാരങ്ങള്‍ക്കു പകരം ജയിലുകളെയും ജീവിതത്തിനു പകരം മരണത്തെയും തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.

ما يفعل أعدائي بي، جنتي وبستاني في صدري، حبسي خلوة، ونفيي سياحة،وقتلي شهادة
'എന്റെ ശത്രക്കള്‍ക്ക് എന്നെ എന്തു ചെയ്യാന്‍ കഴിയും? എന്റെ സ്വര്‍ഗവും എന്റെ പൂന്തോപ്പും എന്റെ ഹൃദയത്തിലാണ്. എന്നെ തടവിലിട്ടാല്‍ അതെനിക്ക് അല്ലാഹുവുമായി ഏകാന്തതയില്‍ കഴിയാനുള്ള അവസരമാണ്. എന്നെ നാടുകടത്തിയാല്‍ അതെനിക്ക് വിനോദയാത്രയാണ്. എന്നെ വധിച്ചാലോ രക്തസാക്ഷ്യവും' എന്ന് ജയിലറകളില്‍ കഴിഞ്ഞ ഇമാം ഇബ്‌നു തൈമിയ്യഃ പറഞ്ഞതുപോലെ, വധശിക്ഷ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, 'ഞാന്‍ അതാണ് കാത്തിരിക്കുന്നതെ'ന്ന് സയ്യിദ് ഖുത്വ്ബ് പറഞ്ഞതുപോലെ പറയുന്നവരാണ് ഇന്നും പരീക്ഷിക്കപ്പെടുന്ന പണ്ഡിതന്മാരില്‍ അധികവും. 
ധീരമായി പോരാടി രക്തസാക്ഷികളാവുകയോ ജയിലില്‍ പീഡിപ്പിക്കപ്പെടുകയോ ചെയ്ത പണ്ഡിതന്മാരാണ് ലോകത്ത് വമ്പിച്ച മാറ്റങ്ങള്‍ സൃഷ്ടിച്ചത്. അവര്‍ തങ്ങളുടെ മരണശേഷം ലോകത്തുണ്ടാക്കിയ അനുരണനങ്ങള്‍ എത്ര ഗംഭീരമായിരുന്നുവെന്ന് ചരിത്രം വായിക്കുന്നവര്‍ക്കറിയാം. സത്യത്തെ, വ്യക്തികളെകൊന്നുകൊണ്ട് കൊലചെയ്തുകളയാം എന്ന് വ്യാമോഹിക്കുന്ന  സ്വേഛാധിപതികളായ മുസ്‌ലിം കൊലയാളികള്‍, ആ അര്‍ഥത്തില്‍ ഇസ്‌ലാമിന് ചെയ്യുന്ന സേവനം വിലപ്പെട്ടതാണെന്ന് പറയാതെ വയ്യ.

കൊലമരങ്ങളെ കാത്തുകഴിയുന്ന മഹാന്മാരായ ഈ  പണ്ഡിതസൂരികളുടെ ആവേശോജ്ജ്വലമായ ചിത്രങ്ങള്‍ക്കപ്പുറത്ത് മറ്റുചില 'പണ്ഡിതന്മാരു'ണ്ട്; കൊട്ടാരംവക പണ്ഡിതന്മാര്‍. അധികാരികള്‍ കുമ്പിടാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്നവര്‍. അവര്‍ എറിഞ്ഞുകൊടുക്കുന്ന എച്ചിലുകള്‍ക്ക് കടിപിടി കൂടുന്നവര്‍. അവര്‍ എല്ലായിടത്തുമുണ്ട്. മുസ്‌ലിം രാജ്യങ്ങളില്‍ സ്വന്തം സുഖസൗകര്യങ്ങള്‍ക്കുവേണ്ടി അധികാരികള്‍ക്ക് ഓശാന പാടുന്നവര്‍. നമ്മുടെ നാട്ടില്‍ ഭരണത്തിലെത്തുന്ന ഏത് ഫാഷിസ്റ്റിനെയും പ്രീണിപ്പിക്കാന്‍, ദീനിനെ വില്‍ക്കാന്‍ വേഷംകെട്ടി നടക്കുന്നവര്‍. അവരാണ് 'ആകാശത്തിനു താഴെയുള്ള ഏറ്റവും നികൃഷ്ട ജീവികളെ'ന്ന് നബി(സ)യാല്‍ വിശേഷിപ്പിക്കപ്പെട്ട പണ്ഡിതന്മാര്‍.
ഏതായാലും, എല്ലാ പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കുമിടയിലും അല്ലാഹുവിന്റെ ദീനിനു വേണ്ടി ധീരമായി നിലകൊള്ളുന്ന പണ്ഡിതന്മാര്‍ സമുദായത്തിലെപ്പോഴുമുണ്ട് എന്നത് നമുക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അത് ഇസ്‌ലാമിനുാക്കുന്ന മൈലേജും കുറച്ചല്ല. ദീനിന്റെ ഭാവി സുരക്ഷിതമാണെന്ന് സന്തോഷവാര്‍ത്ത നല്‍കുന്ന നിലപാടുകളാണവരുടേത്. അത്തരം ആര്‍ജവമുള്ള പണ്ഡിതന്മാരുടെ കൂടെ നില്‍ക്കാന്‍ സമുദായം ധൈര്യം കാണിക്കേണ്ടതുണ്ട്. ഏതായാലും, മാറുന്ന കാലത്ത് അധികാരത്തിന്റെയും പണത്തിന്റെയും പിന്നാലെ പോകുന്നവര്‍ക്കും അരുതായ്മകള്‍ക്ക് കുടപിടിക്കുന്നവര്‍ക്കും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും സ്ഥാനം എന്ന കാര്യത്തില്‍ സംശയമില്ല.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top