സ്വഭാവ സംസ്‌കരണം സാധ്യമാക്കാന്‍ ചില ശിക്ഷണ സാധനകള്‍ - 2
ഡോ. മാജിദ് ഇര്‍സാന്‍ കൈലാനി
തര്‍ബിയത്ത്
ശിക്ഷണത്തിന് അനുയോജ്യമായ അവസരം കണ്ടെത്തല്‍
മിക്ക ശര്‍ഈ വിധികളും ചില പ്രത്യേക സാഹചര്യത്തില്‍ അവതരിച്ചതും ആവിഷ്‌കൃതമായതുമാണല്ലോ. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരും ഈ സവിശേഷത പരിഗണിക്കുന്നുണ്ട്. അനുയോജ്യമായ അവസരങ്ങളെ അല്ലാഹുവും നബി(സ)യും വൈജ്ഞാനികമായും ഉപദേശനിര്‍ദേശങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുകയുണ്ടായി.
നിരന്തര ശ്രദ്ധയും ശുശ്രൂഷയും
മനുഷ്യപ്രകൃതികള്‍ വിത്തുകള്‍ പോലെയാണ്. ശരിയായ രീതിയില്‍ പരിപാലിച്ച് വളര്‍ത്തിയില്ലെങ്കില്‍ അവ്യവസ്ഥാപിതമായി വളരാനിടയാവും. കാടുപിടിച്ചുപോവും. ഫലവൃക്ഷങ്ങളും മുള്‍ച്ചെടികളും ഇടകലര്‍ന്നു വളരാനിടയാവും. കൂടുതല്‍ ഉപകാരമുള്ളവക്ക് പകരം കുറച്ചുമാത്രം വേണ്ടവ കൂടുതല്‍ തഴച്ചുവളരും. അതേസമയം സന്ദര്‍ഭോചിതമായ ശ്രദ്ധയും ശുശ്രൂഷയും വഴി ആവശ്യമുള്ളവ ആവശ്യമായ അളവില്‍ വളര്‍ത്തിയെടുക്കാനാവും. ഉദാഹരണമായി, മുള്‍ച്ചെടികളെ തോട്ടത്തിന് സംരക്ഷണ കവചമായി ഉപയോഗിക്കാം. ഫലം കായ്ക്കാത്ത മരങ്ങളെ ഉഷ്ണ- ശീതക്കാറ്റുകളെ തടുക്കാനുള്ള മറയായി നിര്‍ത്താം. വൃക്ഷങ്ങളെ ഉപദ്രവകാരികളായ മരങ്ങളില്‍നിന്ന് അകലെയായി വളര്‍ത്താം. പാഴ്‌ച്ചെടികളെ കിളച്ചുമാറ്റാം. തോട്ടത്തില്‍ അടിമുടി മാറ്റം വരുത്താതെത്തന്നെ ഇതൊക്കെയാവാമെന്നതുപോലെ, മനുഷ്യരിലെ സ്വഭാവങ്ങളെയും ഈ വിധം പാകത്തില്‍ സംസ്‌കരിച്ച് അതതിടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. ഇസ്‌ലാമിക ശിക്ഷാ രീതിശാസ്ത്രം മനുഷ്യരുടെ മൊത്തം സ്വഭാവപരമായ പ്രകൃതികളെ നിര്‍വീര്യമാക്കുംവിധം ഇടപെടുന്നില്ല. മറിച്ച്, അവയെ ചൂഷണം ചെയ്യുകയും വഴിതിരിച്ചുവിടുകയും സംസ്‌കരിക്കുകയുമാണ് ചെയ്യുന്നത്. കൂടുതല്‍ വളര്‍ന്നാല്‍ ദോഷകരമായി മാറാവുന്ന തരം പ്രകൃതികളെ ഒരു പരിധിയില്‍ നിയന്ത്രിച്ച് നിര്‍ത്തുന്ന രീതിയാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. ഇത് വ്യക്തിയുടെ വളര്‍ച്ചയുടെ ഘട്ടം മുതല്‍ക്കേ തുടങ്ങിയിരിക്കണം.
ഉദാഹരണമായി, വ്യക്തി ജീവിക്കുന്ന സാമൂഹിക പശ്ചാത്തലം അത്യാഗ്രഹം വളര്‍ത്തുന്നതാണെങ്കില്‍ സ്വാഭാവികമായും അയാളില്‍ അത്യാഗ്രഹം വളര്‍ന്നിരിക്കും. അതേസമയം, അത്യാഗ്രഹം നിയന്ത്രിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ അയാളില്‍ അത് കുറയാനോ ഇല്ലാതെയാവാനോ ഉള്ള സാധ്യതകള്‍ വര്‍ധിക്കും.
ചില സാമൂഹിക സാഹചര്യങ്ങള്‍ വ്യക്തികളില്‍ അനിയന്ത്രിതമായ ഭീതി ജനിപ്പിക്കുന്നതായിരിക്കും. ആശങ്കകള്‍ ഭാവനയില്‍ കണ്ട് അയാള്‍ പേടിത്തൊണ്ടനായി മാറുക പോലും ചെയ്യാം. പല വഴികളിലൂടെ അയാളെ ധീരനാക്കി മാറ്റാന്‍ കഴിഞ്ഞേക്കും. നന്നെ ചുരുങ്ങിയത് വലിയ അളവില്‍ ഭീതി കുറച്ചുകൊണ്ടുവരാനെങ്കിലും കഴിയും.
മനോഭാവങ്ങളുടെ ദിശാമാറ്റം
നശ്വരമായ കാമനകള്‍ക്കുപകരം ശാശ്വതമായ സുഖാനുഭവങ്ങളിലേക്ക് നയിക്കുന്ന വിധമാവണം ശിക്ഷണം നടക്കേണ്ടത്. ഉദാഹരണമായി, ഐഹിക ജീവിതത്തിന്റെ ബാഹ്യമോടിയില്‍ ലയിച്ചുപോയ ആളുടെ ഹൃദയത്തില്‍ പരലോകത്ത് ലഭിക്കാനിരിക്കുന്ന അതുല്യവും അനന്തവും നിത്യവുമായ സുഖാനന്ദങ്ങളെ കുറിച്ച് ദൃഢബോധ്യം വളര്‍ത്തിയെടുക്കണം. തുടര്‍ന്ന് അത് ലഭ്യമാകാനാവശ്യമായ കര്‍മങ്ങളിലേക്ക് അയാളെ വഴിതിരിച്ചുവിടണം, എല്ലാ കൊതികളെയും പരലോകോന്മുഖമാക്കി നിര്‍ത്തണം. അങ്ങനെ ഭാഗികമായിത്തുടങ്ങി പൂര്‍ണമായും അതില്‍ ആത്യന്തിക സംതൃപ്തി കണ്ടെത്തുന്ന നിലവാരത്തിലേക്കുയര്‍ത്തണം. അങ്ങനെ, പരലോകത്തെ മുന്‍നിര്‍ത്തി ആത്മനിയന്ത്രണം പാലിക്കാന്‍ അയാള്‍ ശീലിച്ചുകൊള്ളും. ഇവിടെ അത്യാഗ്രഹം എന്ന വികാരത്തെ നിര്‍വീര്യമാക്കുകയല്ല കൂടുതല്‍ ഗുണകരമായതിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ഖുര്‍ആന്‍ പറയുന്നത് കാണുക:
وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ﴿٤٠﴾ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ﴿٤١﴾
(ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും, മനസ്സിനെ തന്നിഷ്ടത്തില്‍നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ അവന് സ്വര്‍ഗം തന്നെയാണ് സങ്കേതം - ആന്നാസിആത്ത്: 40,41). താല്‍ക്കാലിക നേട്ടത്തിനു പകരം ശാശ്വതമായ നേട്ടം ലഭ്യമാവുമെന്നു സാരം.
മനുഷ്യരുമായി ബന്ധപ്പെട്ട എല്ലാ സ്വഭാവങ്ങളെയും ഈ വിധം കൈകാര്യം ചെയ്യാവുന്നതാണ്.
താല്‍ക്കാലികമായ താല്‍പര്യങ്ങള്‍ക്കു പകരം ശാശ്വതമായ നന്മകളിലേക്ക് താല്‍പര്യമുണര്‍ത്തുക.
ചെറുതും നിസ്സാരവുമായ കാര്യങ്ങളില്‍നിന്ന് മഹത്തായ ലക്ഷ്യങ്ങളിലേക്ക് മനുഷ്യപ്രകൃതിയെ തിരിച്ചുവിടുക. അല്ലാഹുവിങ്കല്‍ ശാശ്വതമായ സൗഭാഗ്യവും യഥാര്‍ഥമായ മഹത്വവും മറ്റുള്ളവര്‍ക്കിടയില്‍ പൂര്‍ണതയും ഔന്നത്യവും പ്രദാനം ചെയ്യുന്ന തരത്തില്‍ ഇടപെടുക. ഇതിനായി ആഗ്രഹം ജനിപ്പിക്കുക, പ്രിയമുണ്ടാക്കുക, സുന്ദരവും മോഹനവുമായി അവതരിപ്പിക്കുക മുതലായ രീതികള്‍ സ്വീകരിക്കാം. താഴെപടിയില്‍നിന്ന് മുകളിലേക്ക് പോരുംതോറുമുള്ള ഹൃദ്യത അനുഭവവേദ്യമാകുംവിധമുള്ള പ്രായോഗിക കര്‍മരീതികള്‍ സ്വീകരിക്കാം. ചിലയാളുകള്‍ അതീവ ക്ലേശകരമായ പ്രവര്‍ത്തനങ്ങളില്‍ സായൂജ്യം കണ്ടെത്തുന്നവരായിരിക്കും. അവരെ അതിനനുവദിക്കണം.
സമുന്നതമായ ലക്ഷ്യത്തിനുവേണ്ടി അധമ താല്‍പര്യങ്ങളെ ബലികഴിക്കാനുള്ള ആഹ്വാനമാണ് താഴെ സൂക്തം:
وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِّنْهُمْ زَهْرَةَ الْحَيَاةِ الدُّنْيَا لِنَفْتِنَهُمْ فِيهِۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ
(നബിയേ! താങ്കള്‍ (മനുഷ്യരിലെ) പലവിഭാഗങ്ങള്‍ക്ക് നാം ഐഹിക ജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികള്‍ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നു. നിന്റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും - ത്വാഹാ: 131).
ഐഹിക ജീവിതത്തില്‍ മനുഷ്യന്‍ ആസ്വദിക്കുന്നതെല്ലാം യഥാര്‍ഥത്തില്‍ പൂക്കളെ പോലെയാണ്. പൂക്കള്‍ നമ്മെ വല്ലാതെ പ്രലോഭിപ്പിക്കും. പക്ഷേ, അവ അല്‍പായുസ്സുകളാണ്. വേഗത്തില്‍ വാടിപ്പോവും. തന്നെയുമല്ല ഭൗതിക വിഭവങ്ങള്‍ മനുഷ്യനെ പരീക്ഷിക്കാനുള്ളവയാണ്, ആദരിക്കാനുള്ളവയല്ല.
ബുദ്ധിമാന്‍ യഥാര്‍ഥവും ശാശ്വതവുമായ സുഖങ്ങളെയാണ് അന്വേഷിക്കുക. ഐഹികവിഭവങ്ങളുടെ ക്ഷണികത എടുത്തുകാട്ടിയ ശേഷമുള്ള 'നിന്റെ രക്ഷിതാവിന്റെ വിഭവമാണ് ഉത്തമവും ഏറെ ശാശ്വതവും' എന്ന ഭാഗം അധമ ഭാവത്തില്‍നിന്ന് ഉന്നത ലോകത്തേക്ക് ഉല്‍ക്കര്‍ഷേഛയോടെ മുന്നേറാനുള്ള ആഹ്വാനമാണ്.
പുതിയ ശീലങ്ങളിലൂടെ മറികടക്കുന്ന രീതി
പണ്ടേ ശീലിച്ചുപോന്ന രീതികള്‍ക്കു പകരം പുതിയവ സ്വീകരിച്ച് വളര്‍ത്തിയെടുക്കുക. ഒന്നിനുപിറകെ മറ്റൊന്നായി ആവര്‍ത്തിക്കുന്നവയെ സ്വാംശീകരിക്കാന്‍ മനുഷ്യനില്‍ സഹജമായ കഴിവുണ്ട്. ഇത് ക്രമേണ ശീലമായി വരും. സ്വയാര്‍ജിത സ്വാഭാവിക ഗുണങ്ങളായി അവ മാറും. പതുക്കെ പതുക്കെ മുന്‍ സ്വഭാവശീലങ്ങളോട് സമരം ചെയ്ത് അവയുടെ സ്ഥാനം കൈയേറും- പഴയ സ്വഭാവശീലങ്ങള്‍ അടിയറവു പറയേണ്ടി വരും. അതിഥിയെ ആദരിക്കുകയും ആതിഥ്യ സല്‍ക്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജീവിക്കുന്നയാള്‍, എത്ര പിശുക്കനാണെങ്കിലും, ആതിഥ്യ സല്‍ക്കാരത്തില്‍ സംതൃപ്തി കണ്ടെത്തിത്തുടങ്ങും
ആന്തരിക സ്വത്വത്തിന്റെ ഉത്തേജനം
മനുഷ്യനിലെ വികാരങ്ങളെ ചലിപ്പിക്കുന്നതും ഉദ്ദേശ്യങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതും ആന്തരികവും ബാഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അയാളെ സന്നദ്ധമാക്കുന്നതും അവന്റെ സ്വത്വബോധമാണ്. ഇത് ആവര്‍ത്തിക്കുന്നതിനനുസരിച്ച് ആന്തരിക മാനസിക ഭാവങ്ങളും ബാഹ്യമായ ശാരീരിക പ്രവര്‍ത്തനങ്ങളും രൂപം കൊള്ളുന്നു. അവ ആര്‍ജിത ഗുണങ്ങളായി അയാളില്‍ പ്രകാശിതമാവുന്നു.
സ്വത്വബോധത്തിന്റെ ഉത്തേജനത്തിന് പല മാര്‍ഗങ്ങളുണ്ട്:
1. അല്ലാഹുവിലും അന്ത്യദിനത്തിലും വിധിയിലുമുള്ള വിശ്വാസം.
മുസ്‌ലിമിന്റെ മൗലിക സ്വത്വം അവന്റെ ആദര്‍ശമാണ്. മറ്റു സ്വത്വങ്ങളെല്ലാം അതിനു കീഴെ മാത്രമേ വരൂ. മനുഷ്യാസ്തിത്വത്തിന്റെ ആഴങ്ങളില്‍ ഈമാനികാടിത്തറ സ്ഥാപിതമായാല്‍ അത് അവന്റെ ചിന്തയെയും ഹൃദയത്തെയും വികാരങ്ങളെയും ഇഛയെയും സ്വാധീനിക്കും. അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളുമായി അയാള്‍ തന്റെ ഇഛയെ ബന്ധിപ്പിക്കും. മനക്കരുത്തുള്ള ഇഛ സ്വഭാവങ്ങളെ അടിമുടി സ്വാധീനിക്കും.
മനുഷ്യമനസ്സില്‍ ഇസ്‌ലാമിക വിശ്വാസം രൂഢമൂലമാവുന്നതോടെ, അല്ലാഹുവിനല്ലാതെ പരമാധികാരമില്ല എന്ന യാഥാര്‍ഥ്യം അടിയുറക്കുന്നു. അല്ലാഹു നന്മയല്ലാതെ കല്‍പിക്കുകയില്ലെന്നും തിന്മയല്ലാതെ നിരോധിക്കുകയില്ലെന്നും ബോധ്യപ്പെടുന്നു. ദൈവിക നീതിയനുസരിച്ച് നന്മക്ക് നന്മ പ്രതിഫലമായും തിന്മക്ക് തിന്മ ശിക്ഷയായും ലഭിക്കുമെന്ന് മനസ്സിലാക്കുന്നു. സൃഷ്ടികളുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ വിധികള്‍ ആത്യന്തികമായി അവര്‍ക്ക് നല്ലതിനായിരിക്കുമെന്നും ആയതിനാല്‍ സത്യവിശ്വാസി ജീവിതത്തിലൂടെ അവയെ ക്ഷമാപൂര്‍വം ഏറ്റുവാങ്ങുകയാണ് വേണ്ടതെന്നും മനസ്സാ ഉള്‍ക്കൊള്ളുന്നു. ഈ പരിഗണനകളാലെല്ലാം അല്ലാഹുവിലും പരലോകത്തിലും വിധിയിലുമുള്ള വിശ്വാസം സത്യവിശ്വാസിയെ ക്രിയാത്മകമായ ജീവിതത്തിലേക്ക് തള്ളിക്കൊണ്ടേയിരിക്കും- അന്ധകാരങ്ങളില്‍ മറഞ്ഞിരിക്കുമ്പോഴും പ്രകാശ പ്രളയങ്ങള്‍ക്കു നടുവിലാണെങ്കിലും അവന്റെയുള്ളില്‍ ഒരു കാവല്‍ക്കാരനുണ്ടായിരിക്കും. മനസ്സാക്ഷിയുടെ കാവല്‍ക്കാരന്‍. അവന്റെ ആദര്‍ശം എല്ലാ ശക്തികള്‍ക്കും മേലെയായിരിക്കും. ബുദ്ധിയുടെ കടിഞ്ഞാണിനെ ദൈവിക തെളിവുകള്‍ കൊണ്ടും, ഹൃദയത്തിന്റെ മൂര്‍ധാവിനെ അല്ലാഹുവോടുള്ള സ്‌നേഹവികാരം കൊണ്ടും, മനസ്സിന്റെ കടിഞ്ഞാണിനെ അല്ലാഹുവിന്റെ ശിക്ഷ, അവന്റെ പ്രതിഫലത്തെക്കുറിച്ച് പ്രതീക്ഷ എന്നിവയാലും അയാള്‍ നിയന്ത്രിക്കും.
ചിന്തയും വിവേകവും ഗുണകാംക്ഷയും തികഞ്ഞവനെന്ന് നമുക്ക് ബോധ്യമുള്ളവരെ മറ്റു തെളിവുകളൊന്നും അന്വേഷിക്കാതെ നാം പലതും ചുമതലപ്പെടുത്തുന്നു. ചില തെറ്റുകളൊക്കെ അയാളില്‍നിന്ന് സംഭവിക്കാമെന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ സാധാരണ ഗതിയില്‍ അയാളില്‍നിന്ന് തെറ്റുകളേക്കാള്‍ ശരികളാണ് സംഭവിക്കുക എന്നതിനാലാണ് നാം അങ്ങനെ ചെയ്യുന്നത്. എങ്കില്‍പിന്നെ പാപങ്ങള്‍ ചെയ്യാത്തവനും മനുഷ്യരോട് ദയാലുവുമായ അല്ലാഹുവില്‍ നമുക്ക് എന്തുകൊണ്ട് വിശ്വാസമര്‍പ്പിച്ചുകൂടാ?
2. ചിന്താപരമായി തൃപ്തിപ്പെടുത്തുന്ന രീതി
വിദ്യാഭ്യാസത്തിലൂടെ നേരിട്ടും അല്ലാതെയും സംവാദത്തിലൂടെ ചിന്താപരമായും തൃപ്തിപ്പെടുത്തുന്ന രീതിയാണ് മറ്റൊന്ന്. സ്വഭാവ ഗുണങ്ങളെപ്പറ്റിയുള്ള അറിവ് ശരിയായ അറിവാകണമെങ്കില്‍ അവയുടെ ഉടനെയും പിന്നെയുമുള്ള നേട്ടങ്ങളെപ്പറ്റി കൃത്യമായ അവബോധം അഥവാ ചിന്തയുണ്ടാവണം. അതു സാധ്യമായാല്‍ അവയെ സ്വാംശീകരിക്കാന്‍ പരപ്രേരണ ഇല്ലാതെ മനസ്സുകള്‍ വെമ്പല്‍ കൊള്ളും.
ദുര്‍ഗുണങ്ങളെ സംബന്ധിച്ച അറിവ് എന്നാല്‍ അവ മൂലം ഉണ്ടാവുന്ന ദോഷങ്ങളെക്കുറിച്ച ബോധ്യമെന്നാണല്ലോ അര്‍ഥം. ഇതിന്റെ ആദ്യപടിയായി അവയെ വെറുത്തു തുടങ്ങുന്നു. അടുത്ത ഘട്ടത്തില്‍ അവയില്‍നിന്ന് അകന്നുനില്‍ക്കാനുള്ള സത്യസന്ധമായ താല്‍പര്യമുണരുന്നു. മൂന്നാമതായി, അവക്ക് വിരുദ്ധമായ നല്ല ശീലങ്ങള്‍ സ്വായത്തമാക്കിത്തുടങ്ങുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ദുര്‍ഗുണങ്ങള്‍ വെടിയുന്നതും സദ്ഗുണങ്ങള്‍ ആര്‍ജിക്കുന്നതും കാര്യകാരണങ്ങളുടെയും ബൗദ്ധികമായ തൃപ്തിയുടെയും അടിസ്ഥാനത്തിലായിരിക്കണം. ഈ ബോധ്യം പലരിലും പല നിലവാരത്തിലായിരിക്കും. ഓരോരുത്തരുടെ നിലവാരത്തിനനുസരിച്ച് ബോധ്യപ്പെടുത്താന്‍ ആവശ്യമായ മാര്‍ഗം സ്വീകരിക്കണം. അല്ലാഹുവും നബി(സ)യും ജനങ്ങളെ ചിന്താപരമായി ബോധ്യപ്പെടുത്തുന്ന രീതിയാണ് ഖുര്‍ആനിലും സുന്നത്തിലും സ്വീകരിച്ചിട്ടുള്ളത്.
3. കൊതിപ്പിക്കുക, പേടിപ്പെടുത്തുക.
പല തരത്തിലുള്ള പ്രോത്സാഹനം, കൊതിപ്പിക്കല്‍, പേടിപ്പെടുത്തല്‍, അനിവാര്യ ഘട്ടങ്ങളിലെ ശിക്ഷ എന്നിവയെല്ലാം ഇസ്‌ലാം സ്വീകരിച്ച രീതികളാണ്.
إِنَّ هَٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا ﴿٩﴾ وَأَنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ﴿١٠﴾
(തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായതിലേക്ക് വഴികാണിക്കുകയും സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം വേദനാജനകമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു - അല്‍ ഇസ്‌റാഅ് 9,10). ഇത്തരം ധാരാളം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. നബിവചനങ്ങളിലും യഥേഷ്ടം കാണാം.
4. പ്രായോഗികമായ അനുഭവങ്ങളിലൂടെ ശിക്ഷണം
സദ്ഗുണങ്ങളുടെ മാധുര്യവും ദുര്‍ഗുണങ്ങളുടെ കയ്പും പ്രായോഗികാനുഭവങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത് വലിയ ഫലം ചെയ്യും.
ഉദാഹരണമായി, വല്ലതും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആള്‍ക്ക് കൊടുക്കാന്‍ അവസരമുണ്ടാക്കി ദായകന് ദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക. പിശുക്കന്‍ പിശുക്ക് നേരില്‍ കാണാന്‍ അവസരമുണ്ടാകുന്നതിലൂടെ പിശുക്കിനെതിരെ ബോധവല്‍ക്കരണം സാധ്യമാക്കുക. അക്രമത്തിന് നേരില്‍ സാക്ഷിയാവാന്‍ അവസരമുണ്ടാക്കുന്നത് അക്രമത്തെ വെറുക്കാനും നീതിക്ക് സാക്ഷിയാവുന്നത് നീതിബോധമുണ്ടാകാനും ഉപകാരപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ. എല്ലാ സദ്ഗുണങ്ങളെയും ദുര്‍ഗുണങ്ങളെയും ഈ വിധം അനുഭവജ്ഞാനത്തിലൂടെ വളര്‍ത്താനും തളര്‍ത്താനും കഴിയും. (അവസാനിച്ചു)
1.ابن حجر فى المطالب العالية 244/4