താരീഖുല്‍ ഇസ്ലാം
ഡോ. എ.എ ഹലീം
ഇസ്ലാമിക ലോകത്തിന്റെ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്ന വിഖ്യാത ഗ്രന്ഥമാണ് 'താരീഖുല്‍ ഇസ്ലാം.' ഇമാം ദഹബി എന്ന പേരില്‍ വിശ്രുതനായ മുഹമ്മദുബ്നു അഹ്മദുബ്നി ഉസ്മാനുബ്നി ഖായ്മാസ് ശംസുദ്ദീന്‍ അബൂ അബ്ദില്ലാഹിദ്ദഹബി (ഹി. 673/1274 ക്രി. 748/1348) ആണ് ഗ്രന്ഥകര്‍ത്താവ്. 'താരീഖുല്‍ ഇസ്ലാമി വ വഫയാതുല്‍ മശാഹീരി വല്‍ അഅ്ലാം' എന്നാണ് ഗ്രന്ഥത്തിന്റെ പൂര്‍ണനാമം. ഹിജ്റഃ എട്ടാം നൂറ്റാണ്ടിലെ പ്രഗത്ഭനായ ഹദീസ് പണ്ഡിതനും ചരിത്രകാരനുമായ ഇമാം ദഹബിയുടെ ഏറ്റവും പ്രശസ്തമായ രണ്ടു ബൃഹദ് കൃതികളില്‍ ഒന്നാമത്തേതാണ് താരീഖുല്‍ ഇസ്ലാമി വ വഫയാതുല്‍ മശാഹീരി വല്‍ അഅ്ലാം. 'ഇസ്ലാമിക ചരിത്രവും പ്രശസ്തരുടെ വിയോഗവും' എന്നാണ് ഗ്രന്ഥനാമത്തിന്റെ അര്‍ഥം. ഇസ്ലാമിക ലോകത്തെ പ്രശസ്തരായ വ്യക്തികളുടെ വിയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിച്ച് ചിട്ടപ്പെടുത്തിയതാണ് ഈ ഗ്രന്ഥം. മുസ്ലിം ലോകത്തെ പ്രമുഖരുടെ പൊതു ജീവചരിത്രം വിവരിക്കുന്ന 'സിയറു അഅ്ലാമിന്നുബലാഅ്' ആണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതി.
മുഹമ്മദ് നബി (സ) മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ വര്‍ഷം (ഹി. ഒന്ന്) മുതല്‍ ഏഴാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള ഇസ്ലാമിക ലോകത്തിന്റെ ഏഴു നൂറ്റാണ്ടു കാലത്തെ സമഗ്ര ചരിത്രമാണ് 'താരീഖുല്‍ ഇസ്ലാമി'ല്‍ ഇമാം ദഹബി സംക്ഷിപ്തമായി വിവരിക്കുന്നത്. ഇബ്നുകസീര്‍ 'അല്‍ബിദായതു വന്നിഹായഃ'യിലും നുവൈരി 'നിഹായതുല്‍ അറബി ഫീ ഫുനൂനില്‍ അദബി'ലും ചെയ്തതുപോലെ ഇസ്ലാമിക ചരിത്രത്തിനു പുറമെ മാനവചരിത്രത്തിന്റെ ഭാഗങ്ങളും 'താരീഖുല്‍ ഇസ്ലാമി'ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയില്‍ ഏതെങ്കിലും ഭാഗം വിട്ടുകളയുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല.
മാനവരാശിയുടെ സുദീര്‍ഘമായ പ്രയാണത്തിലെ ഏറ്റവും ഉജ്ജ്വലമായ ഘട്ടത്തിന്റെ ചരിത്രമാണ് ഇമാം ദഹബി 'താരീഖുല്‍ ഇസ്ലാമി'ല്‍ ക്രോഡീകരിച്ചിരിക്കുന്നത്.
അറേബ്യന്‍ അര്‍ധദ്വീപില്‍ ഇസ്ലാമിന്റെ ഉദയമുണ്ടായി ഒരു നൂറ്റാണ്ടിനുള്ളില്തന്നെ, ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ ഭേദിച്ച് കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ദിക്കുകളില്‍ അതിന്റെ സന്ദേശം പ്രചരിച്ചു. ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍, പുതുതായി രൂപംകൊണ്ട നാഗരികതയുടെയും സംസ്കാരത്തിന്റെയും സ്വാധീനവലയത്തിലായി. ഇപ്രകാരം ജീവിതത്തിന്റെ നാനാതുറകളില്‍ സമഗ്രമായ മാറ്റത്തിന് കളമൊരുക്കിയ പ്രസ്തുത സംസ്കാരത്തിന്റെ നായകരും വിധാതാക്കളുമായ 40,000-ത്തോളം വ്യക്തികളുടെ ജീവചരിത്രമാണ് ഗ്രന്ഥകാരന് സമാഹരിച്ചിരിക്കുന്നത്. അവരില്‍ ഇസ്ലാമിന്റെ ആദ്യകാലം മുതലുള്ള ഖലീഫമാര്‍, സുല്ത്വാന്മാര്, മന്ത്രിമാര്‍, പണ്ഡിതന്മാര്, മുഹദ്ദിസുകള്‍, കര്‍മശാസ്ത്രജ്ഞര്‍, ഖുര്‍ആന്‍ പണ്ഡിതര്‍, കവികള്‍, വൈയാകരണന്മാര്, പരിത്യാഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഓരോ വിഭാഗത്തെയും ഘട്ടം തിരിച്ചും അവരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ സംക്ഷിപ്തമായി ഉള്‍പ്പെടുത്തിയുമാണ് വിവരണം. 'താരീഖുല്‍ ഇസ്ലാമി'നെ മറ്റ് ചരിത്ര കൃതികളില്‍നിന്ന് വ്യതിരിക്തമാക്കുന്ന പ്രധാന ഘടകവും ഉള്ളടക്കത്തിലെ ഈ സമഗ്രതയാണ്.
ചരിത്രവും ജീവചരിത്രവും ഒരുമിച്ച് രേഖപ്പെടുത്തപ്പെട്ട പ്രധാന കൃതികളിലൊന്നായി 'താരീഖുല്‍ ഇസ്ലാം' പരിഗണിക്കപ്പെടുന്നു. ഹിജ്റഃ കലണ്ടര്‍ പ്രകാരം 10 വര്‍ഷം ചേര്‍ന്ന 70 തട്ടു(ത്വബഖഃ)കളായി മൊത്തം 700 വര്‍ഷത്തെ വിഭജിക്കുകയാണ് ചെയ്തിരിക്കുന്നത്. ഹിജ്റ വര്‍ഷാരംഭം മുതല്‍ 40-ാം വര്‍ഷം വരെ, 41 മുതല്‍ 300 വരെ, 301 മുതല്‍ 700 വരെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി മറ്റൊരു വിഭജനവും നടത്തുന്നുണ്ട്. ഒന്നാം ഘട്ടത്തില്‍ ആദ്യ നാലുതട്ടുകളിലെ പ്രഗത്ഭരുടെ വിയോഗ വൃത്താന്തങ്ങളും മറ്റു ചരിത്ര സംഭവങ്ങളും ഇടകലര്‍ത്തിയാണ് വിവരിച്ചിട്ടുള്ളത്. ഹി. 41 മുതല്‍ 300 വരെയുള്ള ചരിത്രം ജീവചരിത്ര വിവരണങ്ങളെന്ന നിലയില്‍ തട്ടുകള്ക്കനുസൃതമായി ക്രോഡീകരിച്ചിരിക്കുന്നു. ഹി. 301 മുതല്‍ 700 വരെയുള്ള ചരിത്രം ക്രോഡീകരിച്ചിരിക്കുന്നത് അക്ഷരമാലാ ക്രമത്തില്‍ ഓരോ വര്‍ഷത്തെയും പ്രമുഖരുടെ വിയോഗവുമായി ബന്ധപ്പെടുത്തിയാണ്. ചരിത്രപുരുഷന്മാരുടെ പ്രചുരമായ പേരാണ് അവലംബമാക്കിയിട്ടുള്ളത്.
ഇസ്ലാമിക ലോകത്തിന്റെ ഏഴു നൂറ്റാണ്ടു കാലത്തെ ചരിത്രം വിവരിക്കുന്ന ഈ കൃതി പല അപൂര്‍വ വിവരങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. ആദ്യകാല സൈനിക മുന്നേറ്റങ്ങളുടെ ചരിത്രത്തിനു പുറമെ വിവിധ കാലഘട്ടങ്ങളില്‍ അധികാരം വാണ ഭരണകൂടങ്ങള്‍, രാജവംശങ്ങള്‍, ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണനിര്‍വഹണ സംവിധാനങ്ങള്‍, സാമ്പത്തിക സ്ഥിതി, ധനാഗമ മാര്‍ഗങ്ങള്‍ തുടങ്ങി ഇന്ന് ലഭ്യമല്ലാത്ത അനേകം ആധാരഗ്രന്ഥങ്ങളില്നിന്ന് എടുത്ത വിവരങ്ങളാല്‍ സമ്പന്നമാണ് 'താരീഖുല്‍ ഇസ്ലാം.' പ്രസ്തുത ഗ്രന്ഥങ്ങളുടെ പേരുവിവരങ്ങള്‍ ആമുഖാധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തദാവശ്യാര്‍ഥം ആദ്യകാല ഇസ്ലാമിക ചരിത്രകൃതികള്‍ മുതല്‍ തന്റെ കാലഘട്ടത്തില്‍ രചിക്കപ്പെട്ടവ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം പഠനവിധേയമാക്കുന്നു. ബൈഹഖിയുടെ ദലാഇലുന്നുബുവ്വഃ; ഇബ്നുഇസ്ഹാഖിന്റെ സീറത്തുന്നബി, ഇബ്നു ആഇദിന്റെ മഗാസി, ഇബ്നു സഅ്ദിന്റെ അത്ത്വബഖാതുല്‍ കുബ്റാ, യഅ്ഖൂബി, വാഖിദി, ബുഖാരി, ദിമശ്ഖി, ത്വബരി, ഇബ്നുല്‍ അസീര്‍, ഇബ്നു ബശ്കുവാല്‍ മുതലായവരുടെ ചരിത്ര ഗ്രന്ഥങ്ങള്‍ ഇമാം ദഹബി അവലംബമാക്കിയവയില് പെടുന്നു.
ഹിജ്റ വര്‍ഷാരംഭം മുതല്‍ തന്റെ കാലം വരെയുള്ള ഇസ്ലാമിക ചിന്താധാരകളുടെ ക്രമാനുഗതമായ വളര്‍ച്ചയും വികാസവും ഇമാം ദഹബി ഇതില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ പ്രചാരണാര്‍ഥം വിവിധ നാടുകളില്‍ രൂപംകൊണ്ട സ്ഥാപനങ്ങള്‍, ഇതര വൈജ്ഞാനിക കേന്ദ്രങ്ങള്‍, ഉന്നത പാഠശാലകള്‍, അവിടങ്ങളില്‍ വൈജ്ഞാനിക സേവനത്തില്‍ നിരതരായിരുന്ന പണ്ഡിതന്മാര്, ഗുരുനാഥന്മാര്, അവരുടെ അധ്യാപന/ബോധന രീതികള്‍, സംവേദന മാര്‍ഗങ്ങള്‍, സംവാദ ശൈലികള്‍, പണ്ഡിതന്മാരുടെ വൈജ്ഞാനിക യാത്രകള്‍, രചനാ സംരംഭങ്ങള്‍, വിവിധ വിജ്ഞാനശാഖകളില്‍ പ്രാവീണ്യം നേടിയവരും സവിശേഷ പഠനം നടത്തിയവരുമായ ഗവേഷകര്‍, ഇസ്ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപംകൊണ്ട കര്‍മശാസ്ത്ര മദ്ഹബുകളുടെ ആവിര്‍ഭാവ ചരിത്രവും പശ്ചാത്തലവും, ദീനീ വിജ്ഞാന പ്രചാരണത്തില്‍ പ്രധാന പങ്ക് വഹിച്ച പ്രമുഖ കലാലയങ്ങള്‍ തുടങ്ങിയവ വിശദാംശങ്ങളോടെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിക സംസ്കാരത്തിന്റെയും നാഗരികതയുടെയും പ്രഭാവം ലോകത്ത് വ്യാപിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച എല്ലാ വിഭാഗത്തിലെയും പണ്ഡിതന്മാര് പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ചരിത്രരചനയില്‍ ഇമാം ദഹബി അവലംബിച്ച രീതി പില്‍ക്കാലക്കാരായ നിരവധി ചരിത്രകാരന്മാര് പിന്തുടര്ന്നിട്ടുണ്ട്. ഈജിപ്ഷ്യന്‍ ചരിത്രകാരനും 'അജാഇബുല്‍ ആസാര്‍ ഫിതറാജിമി വല്‍ അഖ്ബാര്‍' എന്ന കൃതിയുടെ കര്‍ത്താവുമായ അബ്ദുര്‍റഹ്മാനില്‍ ജബര്‍തി അവരില്‍ പ്രമുഖനാണ്. അനേകം വാല്യങ്ങളുള്ള 'താരീഖുല്‍ ഇസ്ലാം' നിരവധി തവണ അച്ചടിക്കപ്പെട്ടിട്ടുണ്ട്. ഡോ. അബ്ദുസ്സലാം തദ്മുരി സംശോധന ചെയ്ത് 50 വാല്യങ്ങളില്‍ പുറത്തിറക്കിയ പതിപ്പാണ് അവയില്‍ പ്രധാനം.
റഫറന്‍സ്:
ദഹബി- താരീഖുല്‍ ഇസ്ലാം വ വഫയാതുല്‍ മശാഹീരി വല്‍ അഅ്ലാം; ദഹബി- സിയറു അഅ്ലാമിന്നുബലാഅ്, അഹ്മദ് അത്വിയ്യതുല്ലാ- അല്‍ ഖാമൂസുല്‍ ഇസ്ലാമി; ar.wikipedia.org.