ഡോ. മുഹമ്മദ് മുര്‍സി ജ്ഞാനധനന്‍, സംസ്‌കാരസമ്പന്നന്‍

ഡോ. ഇസ്വാം ഹിജ്ജി (സ്‌പേസ് സയന്റിസ്റ്റ്)‌‌

ഡോക്ടര്‍ മുഹമ്മദ് മുര്‍സി എന്ന വിജ്ഞാനധനനെയും മഹാമനുഷ്യനെയും കുറിച്ച് ഞാന്‍ എഴുതുന്ന വരികള്‍ തികഞ്ഞ സത്യം മാത്രമാണ്; ഒരു അനുശോചന സന്ദേശമോ വിലാപകാവ്യമോ അല്ല. ഒരു വിമര്‍ശകന്റെയും വിമര്‍ശനം ഞാന്‍ ഭയപ്പെടുന്നില്ല. ഏതൊരു മനുഷ്യന്റെ പ്രതിഛായ അജ്ഞത വികൃതമാക്കിയോ, ഏതൊരു വ്യക്തിയുടെ കുടുംബത്തെ അക്രമികള്‍ തടവറയിലാക്കിയോ, താന്‍ ജീവിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പടിഞ്ഞാറിന്റെ വാര്‍ത്താമാധ്യമങ്ങള്‍ ഏതൊരാളെ കൈയൊഴിഞ്ഞുവോ, തന്റെ പ്രസിഡന്‍ഷ്യല്‍ കാലയളവില്‍ ആദ്യമായി താന്‍ പിന്തുണച്ച അക്കാദമിക സമൂഹം ഏതൊരു വ്യക്തിയെ സഹായിക്കാതെ മാറിനിന്നുവോ ആ വ്യക്തിയോട് നീതി ചെയ്യാന്‍ ഞാന്‍ ഈ വരികള്‍ കുറിച്ചേ തീരൂ.

നിര്‍ണായകമായ നിമിഷങ്ങളില്‍ സത്യത്തെ സഹായിക്കാതെ നിസ്സംഗത പുലര്‍ത്തുന്നത് വിജ്ഞാനത്തോടും ഗവേഷണത്തോടുമുള്ള തങ്ങളുടെ അദമ്യമായ ആഭിമുഖ്യത്തിന്റെയും പ്രതിപത്തിയുടെയും അടയാളമായി കാണുന്ന ചില പണ്ഡിത പുംഗവന്മാരുണ്ട്. അജ്ഞതയോട് പടവെട്ടാത്ത, മര്‍ദിതരോട് നീതി പുലര്‍ത്താത്ത, സത്യത്തെ സഹായിക്കാത്ത, സമൂഹത്തെ ഉല്‍ക്കര്‍ഷയിലേക്ക് നയിക്കാത്ത വിജ്ഞാനം എന്തൊരു വിജ്ഞാനമാണ്? 2013 ജൂലൈ മൂന്നിന് ശേഷം തടവറയുടെ ഇരുമ്പഴികള്‍ക്ക് പിറകില്‍ ജയില്‍ പുള്ളിയായി കഴിഞ്ഞ ആ മനുഷ്യന്റെ മഹിത മൂല്യത്തിന് മാറ്റ് കൂട്ടാന്‍ ഞാന്‍ ഈ കുറിക്കുന്ന വരികളിലെ സത്യത്തിന് ഒരുപക്ഷേ ഒരു പങ്കും വഹിക്കാന്‍ ഇല്ലായിരിക്കാം. പക്ഷേ ഒന്നുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഉപദേശക വൃന്ദത്തില്‍ ജോലി ചെയ്ത വ്യക്തിയാണ് ഞാന്‍. മാനവികവും ധൈഷണികവുമായ മേഖലകളില്‍ വിജ്ഞാനവും അധ്യാപനവും ചെലുത്തുന്ന സ്വാധീനവും സദ്ഫലങ്ങളും പ്രതിബിംബിപ്പിക്കുന്ന മഹത്തായ പാഠമാണ് ഈ സത്യം നല്‍കുന്നതെന്ന ഉത്തമബോധ്യം എനിക്കുണ്ട്. ഒരേ വഴിയില്‍ പ്രവേശിച്ചവരാണ് ഞങ്ങളെങ്കിലും ഇരുവരും ഒരു ചര്‍ച്ചയിലും ഏര്‍പ്പെട്ടിരുന്നില്ല. ഞങ്ങളിരുവരും ലോസ് ആഞ്ചലസിലാണ് താമസിച്ചത്. പുരാതനമായ കാലിഫോര്‍ണിയ സതേണ്‍ യൂനിവേഴ്‌സിറ്റിയിലാണ് ഡോക്ടര്‍ മുര്‍സി പഠിച്ചത്. ഞാനിപ്പോള്‍ ജോലി ചെയ്യുന്നത് അവിടെയാണ്. 2003 മുതല്‍ക്കേ ഞാന്‍ ജോലി ചെയ്യുന്ന 'നാസ'യില്‍ (നാഷ്‌നല്‍ എയ്‌റോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍) പല പ്രോജക്ടുകളില്‍ അദ്ദേഹം പങ്ക് വഹിച്ചിട്ടുണ്ട്. ഒടുവില്‍ ഞങ്ങള്‍ ഇരുവരും ഏതാണ്ട് അതേ കാലയളവ് ഈജിപ്തിലെ പ്രസിഡന്‍ഷ്യല്‍ പാലസിലും പ്രവര്‍ത്തിച്ചു. അദ്ദേഹം ഈജിപ്തിന്റെ പ്രസിഡന്റായി. ഞാന്‍ പിന്നെ അതേ പ്രസിഡന്‍ഷ്യല്‍ പാലസില്‍ ശാസ്ത്ര ഉപദേഷ്ടാവായി; മുര്‍സി സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം.

ഞങ്ങളിരുവരും ഒന്നിച്ചുള്ള പ്രയാണത്തിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആ അനുപമ വ്യക്തിത്വത്തെക്കുറിച്ച് യാഥാര്‍ഥ്യനിഷ്ഠമായ ഒരു കാഴ്ചപ്പാട് നല്‍കാന്‍ ആ ഘടകങ്ങള്‍ എന്നെ പ്രാപ്തനാക്കിയിട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്റെ നിരീക്ഷണങ്ങളോട് നിങ്ങള്‍ക്ക് യോജിക്കാം, വിയോജിക്കാം. ഈജിപ്തിന്റെ ക്ഷേമപൂര്‍ണമായ ഭാവിയിലേക്ക് കുതിച്ചുചാട്ടം നടത്താന്‍ യോഗ്യമായ ദീപ്ത വ്യക്തിത്വമായിരുന്നു മുഹമ്മദ് മുര്‍സി. അദ്ദേഹം നേടിയ വിദ്യാഭ്യാസവും വിശാല മനസ്‌കതയും വിട്ടുവീഴ്ചയും സംബന്ധിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടു മുന്‍നിര്‍ത്തി അത് ഞാന്‍ വിശദീകരിക്കാം.

ഈജിപ്തിലെ ആദ്യത്തെ പ്രസിഡന്റല്ല ഡോ. മുഹമ്മദ് മുര്‍സി. പക്ഷേ അദ്ദേഹമായിരുന്നു തന്റെ സര്‍വ മുന്‍ഗാമികളേക്കാളും വിജ്ഞാനത്തിലും വിദ്യാഭ്യാസത്തിലും ഏറ്റവും മുന്നിട്ടുനിന്ന വിശിഷ്ട വ്യക്തി എന്നതാണ് പ്രധാനം. തന്റെ തൊഴില്‍ ജീവിതത്തില്‍ ഈ വൈശിഷ്ട്യം നിറഞ്ഞുനിന്നു. അക്കങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ അതിസൂക്ഷ്മത പുലര്‍ത്തിയ, ചുവടുവെപ്പുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച, സംസാരത്തില്‍ സ്ഫുടതയും വ്യക്തതയുമുള്ള, ചര്‍ച്ചകളില്‍ അഭിപ്രായ സുബദ്ധതയും പ്രത്യുല്‍പന്നമതിത്വവും പ്രദര്‍ശിപ്പിച്ച, പെരുമാറ്റത്തില്‍ വിനയമുള്ള, വീഴ്ചകള്‍ സമ്മതിക്കുന്ന, സര്‍വ മുന്‍ഗാമികളേക്കാളും പരിചയസമ്പന്നരോട് ഉപദേശം തേടുന്ന വ്യക്തിയായിരുന്നു മുഹമ്മദ് മുര്‍സിയെന്ന് നിങ്ങള്‍ക്ക് കാണാം.

പ്രസിഡന്‍ഷ്യല്‍ പാലസില്‍ എത്തിയ ഉടനെയെടുത്ത ആദ്യത്തെ തീരുമാനം അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കാനും യൂനിവേഴ്‌സിറ്റികളുടെ ബജറ്റ് തുക കൂട്ടാനുമായിരുന്നു. ശാസ്ത്ര ഗവേഷണങ്ങള്‍ പരിപോഷിപ്പിക്കാന്‍ പ്രത്യേക സമിതിക്ക് രൂപംനല്‍കി. വിദേശത്ത് ഉള്ള ശാസ്ത്രജ്ഞന്മാരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും സഹായം തേടാന്‍ പ്രത്യേക ചട്ടം ആവിഷ്‌കരിച്ചു. 'താനൊരു പൂര്‍ണ മനുഷ്യനല്ല' എന്നാണ് മുര്‍സി തന്നെക്കുറിച്ച് എപ്പോഴും പറയാറുണ്ടായിരുന്നത്. പക്ഷേ, വളരാനും കൂടുതല്‍ മെച്ചപ്പെടാനുമുള്ള കഴിവ് മുമ്പ് ഈ പദവി വഹിച്ച മുന്‍ഗാമികളേക്കാള്‍ നന്നായി മുര്‍സി സ്വായത്തമാക്കിയിരുന്നു എന്നതാണ് വാസ്തവം. അമേരിക്കയില്‍ ചെലവഴിച്ച സുദീര്‍ഘ കാലയളവില്‍ സവിശേഷവും വ്യതിരിക്തവും വൈവിധ്യപൂര്‍ണവുമായ വൈജ്ഞാനിക പരിസരങ്ങളില്‍ ജീവിക്കുകയും കരുത്തുറ്റ വിദ്യാഭ്യാസം കരസ്ഥമാക്കാന്‍ സാധിക്കുകയും ചെയ്തു എന്നതിനാലാണ് പ്രശംസനീയമായ ഈ സിദ്ധി അദ്ദേഹത്തിന് കൈവന്നത്. പുരാതന പ്രസിദ്ധമായ കാലിഫോര്‍ണിയ സതേണ്‍ യൂനിവേഴ്‌സിറ്റിയിലെ കേളികേട്ട എഞ്ചിനീയറിംഗ് കോളേജിലാണ് മുര്‍സി പഠിച്ചത്. സ്‌പേസ് ശാസ്ത്രരംഗത്ത് സുപ്രധാന നേട്ടങ്ങള്‍ സംഭാവന ചെയ്യാന്‍ തനിക്ക് സാധിച്ച മെറ്റലര്‍ജിയിലായിരുന്നു അദ്ദേഹത്തിന്റെ സ്‌പെഷ്യലൈസേഷന്‍.

കുലീന പാരമ്പര്യം
മുര്‍സിക്ക് ഔന്നത്യം കൈവരിക്കാന്‍ എങ്ങനെ കഴിയാതിരിക്കും? ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ലോകപ്രസിദ്ധ ശാസ്ത്രജ്ഞന്‍ ആംസ്‌ട്രോങ് പ്രസ്തുത കോളേജിലെ വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നുവല്ലോ. നാസയുടെ ആദ്യത്തെ ആഫ്രിക്കന്‍ വംശജനായ പ്രസിഡന്റ് ചാള്‍സ് ബോഡിന്‍ ഇതേ കോളേജില്‍ പഠിച്ച് ബിരുദമെടുത്ത വ്യക്തിയായിരുന്നുവല്ലോ. നിരവധി ലോകനേതാക്കളും ചിന്തകന്മാരും മുര്‍സി പഠിച്ച പ്രസ്തുത എഞ്ചിനീയറിംഗ് കോളേജിന്റെ സന്തതികളായിരുന്നു പ്രശസ്തമായ 'മെസ്സേജ്' സിനിമയുടെ സംവിധായകന്‍ മുസ്ത്വഫാ അഖ്ഖാദ്, ജപ്പാന്‍ പ്രധാനമന്ത്രി തുടങ്ങിയവരും ഈ സ്ഥാപനത്തില്‍ പഠിച്ച് പുറത്തിറങ്ങിയവരാണ്. നവീന ചിന്തകളും നേതൃപാടവവും കൈമുതലാക്കിയ വ്യക്തിത്വങ്ങളെ കടഞ്ഞെടുത്ത് പരിശീലിപ്പിച്ച് ലോകത്തിന് നല്‍കിയ കുലീന പാരമ്പര്യമാണ് കാലിഫോര്‍ണിയ സതേണ്‍ യൂനിവേഴ്‌സിറ്റിക്കുള്ളത്. മുര്‍സി ആ വിശിഷ്ട സ്ഥാപനം ലോകത്തിന് നല്‍കിയ മഹാ വ്യക്തിത്വമാണ്. വംശീയവും മതപരവുമായ തലങ്ങളില്‍ വിശാല ചിന്തകളും സഹിഷ്ണുതയും സഹവര്‍ത്തിത്വ മനോഭാവവും വിട്ടുവീഴ്ചയില്ലാതെ കാത്തുസൂക്ഷിച്ച പാരമ്പര്യമാണ് ആ സ്ഥാപനത്തിനുള്ളത്.

അതിനാല്‍തന്നെ അക്കാദമിക രംഗത്ത് മികച്ച സേവന രംഗങ്ങള്‍ ആ സ്ഥാപനത്തില്‍നിന്ന് ബിരുദമെടുത്ത് പുറത്തിറങ്ങിയവര്‍ക്ക് തുറന്നുകിട്ടുക സ്വാഭാവികമായിരുന്നു. ലോസ് ആഞ്ചലസിന്റെ വടക്കു പടിഞ്ഞാറുള്ള നോര്‍തിര്‍ഡ്ജ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ അസി. പ്രഫസറായി ഡോ. മുര്‍സി നിയമിതനായത് അങ്ങനെയാണ്. 1982-ല്‍ ഡോക്ടറേറ്റ് കിട്ടിയ ഉടനെയായിരുന്നു ഈ നിയമനം. അമേരിക്കയില്‍വെച്ച് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചിട്ടും 1986-ല്‍ ഈജിപ്തിലേക്ക് തിരിച്ചുവരാനാണ് ഡോ. മുര്‍സി തീരുമാനിച്ചത്. സകാസിക് യൂനിവേഴ്‌സിറ്റി ഫാക്കല്‍റ്റി അംഗമായി സേവനം ചെയ്ത് അമേരിക്കയില്‍ പഠിച്ചത് ഈജിപ്തില്‍ പറിച്ചുനടുകയായിരുന്നു ആ തീരുമാനത്തിനു പിന്നിലെ ലക്ഷ്യം. തന്റെ ജീവിതദൗത്യം പൂര്‍ണവിജയം നേടുക പിറന്ന നാടായ ഈജിപ്തിലാണെന്ന് മുര്‍സി വിശ്വസിച്ചു.*

ചിലര്‍ ചോദിച്ചേക്കാം, മുര്‍സിയെ ശാസ്ത്രജ്ഞനെന്ന് വിശേഷിപ്പിക്കുന്നത് അതിശയോക്തിയല്ലേ? പക്ഷേ, യാഥാര്‍ഥ്യം മറിച്ചാണ്. വിജ്ഞാനത്തിന് രണ്ട് തലങ്ങളുണ്ട്. ഒന്നാമത്തേത് നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ ആന്തര രഹസ്യങ്ങള്‍ കണ്ടെത്തുകയാണ്. രണ്ടാമത്തേത് അജ്ഞതയോടുള്ള സമരവും. ഒന്നാമത്തെ തലത്തില്‍ മുര്‍സിയുടെ വളര്‍ച്ച നേരത്തേതന്നെ നിലച്ചിരുന്നു. രണ്ടാമത്തെ തലത്തിലാണ് അദ്ദേഹത്തിന്റെ സുപ്രധാന സാന്നിധ്യം. അറിവും യാഥാര്‍ഥ്യങ്ങളുമാവണം തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ അടിസ്ഥാനമെന്ന് ജീവിതത്തിലുടനീളം ശക്തമായി ആവശ്യപ്പെട്ടുപോന്ന വ്യക്തിയാണദ്ദേഹം. അതിനാലാണ് ഈജിപ്തിലെ അറിവുള്ള ശാസ്ത്രജ്ഞരുടെ ഗണത്തിലാണ് അദ്ദേഹമെന്ന് ഞാന്‍ ഗണിച്ചത്. അദ്ദേഹത്തെ ജ്ഞാനിയും ശാസ്ത്രജ്ഞനുമെന്ന് വിശേഷിപ്പിച്ചത് എന്നേക്കാള്‍ മഹാനും ഉന്നതസ്ഥാനീയനുമായിരുന്ന ഡോ. അഹ്‌മദ് സുവൈല്‍ ആണ്. അദ്ദേഹത്തിന്റെ വിശേഷണം തെറ്റായിരുന്നില്ല. അത് കേവലം ഭംഗിവാക്കുമായിരുന്നില്ല. ശാസ്ത്രത്തെക്കുറിച്ച തന്റെ വാക്കുകള്‍ ഈജിപ്തില്‍ മാത്രമല്ല, ലോകതലത്തില്‍തന്നെ കൃത്യമായി തൂക്കിക്കണക്കാക്കി പരിശോധിക്കപ്പെടുമെന്ന് ഉത്തമബോധ്യമുള്ള വ്യക്തിയായിരുന്നു ഡോ. അഹ്‌മദ് സുവൈല്‍.

സഹിഷ്ണുതയുടെ നിദര്‍ശനങ്ങള്‍
മുര്‍സിയുടെ ആശയ-ചിന്താതല ബന്ധങ്ങള്‍ ബഹുസ്വര സംസ്‌കാരങ്ങളോടും മതങ്ങളോടും സഹിഷ്ണുതാപൂര്‍വം ഇടപെടാന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് പലവട്ടം ആവര്‍ത്തിച്ചും നിരന്തരമായും പ്രചരിപ്പിക്കപ്പെട്ടുപോന്നിട്ടുണ്ട്. താടിവെച്ച അദ്ദേഹത്തിന്റെ ലളിത സ്വഭാവവും പെരുമാറ്റ രീതിയും കണ്ടായിരിക്കാം അത്തരം പ്രചാരണങ്ങള്‍.
ഒരു സംഭവം ഞാന്‍ ഓര്‍ക്കുകയാണ്: 2012 സെപ്റ്റംബറില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ മുര്‍സിയുടെ പ്രഥമ സന്ദര്‍ശനവേള. എല്ലാവര്‍ക്കും പ്രവേശനാനുവാദമുള്ള ഒരു ഓപണ്‍ ഓഡിറ്റോറിയത്തില്‍ മുര്‍സി ഈജിപ്ഷ്യന്‍ പൗരന്മാരെ അഭിസംബോധന ചെയ്യുകയാണ്.

ന്യൂയോര്‍ക്ക് സിറ്റിയുടെ ഹൃദയഭാഗത്തുള്ള ടൈം സ്‌ക്വയറിലെ ഒരു ഹോട്ടലിലാണ് ഓഡിറ്റോറിയം. 200-ഓളം ഈജിപ്ഷ്യന്‍ പൗരന്മാര്‍ പങ്കെടുത്ത ഈ സംഗമത്തില്‍ സംബന്ധിക്കാന്‍ ഞാനും പോയി. ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ ഓരോ ചോദ്യത്തിനും സൂക്ഷ്മമായും സത്യസന്ധമായും മുര്‍സി മറുപടി നല്‍കി.

സദസ്സില്‍ പ്രൗഢയായ ഒരു കോപ്റ്റിക് ക്രിസ്ത്യന്‍ വനിതയുമുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ തെരുവുകളില്‍ കോപ്റ്റിക് ക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തെ കുറിച്ചും ജനക്കൂട്ട ആക്രമണത്തെ കുറിച്ചുമുള്ള പരാതികള്‍ അവര്‍ മുര്‍സിക്ക് മുന്നില്‍ നിരത്തി. സദസ്സില്‍ ചിലര്‍ അവരുടെ സംസാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. അവര്‍ അവരുടെ ആവലാതി പൂര്‍ണമായി അവതരിപ്പിച്ചുകഴിയുന്നതു വരെ നിശ്ശബ്ദരായിരിക്കാന്‍ മുര്‍സി സദസ്സിനോടാവശ്യപ്പെട്ടു. മുര്‍സി അവക്കെല്ലാം മറുപടി നല്‍കി. മുര്‍സിയുടെ മറുപടി അവരെ തൃപ്തിപ്പെടുത്തിയില്ല. സംഭവലോകത്ത് യാഥാര്‍ഥ്യവല്‍ക്കരിക്കപ്പെടാത്ത സഹിഷ്ണുതയെക്കുറിച്ച വാചാടോപങ്ങള്‍ മാത്രമായാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെ അവര്‍ കണ്ടത്. മുര്‍സിക്കെതിരെ ഒച്ചവെച്ച് വീണ്ടും അവര്‍ ബഹളം കൂട്ടി. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വന്ന് അവരോട് ശാന്തമായി ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു.

മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങവെ മുര്‍സി ആ വനിതയെ സമീപിച്ച് അവരുടെ ശിരസ്സില്‍ ചുംബിക്കുകയും തനിക്ക് മുമ്പെ പുറത്തിറങ്ങാന്‍ അവര്‍ക്ക് പോകാന്‍ വഴിയൊരുക്കിക്കൊടുക്കുകയും ചെയ്തു. ഈ വനിതക്ക് അനുചിതമായ വിധത്തില്‍ മറുപടി നല്‍കാന്‍ മുന്നോട്ടു വന്ന തന്നെ അനുഗമിച്ചവരില്‍ ഒരാളെ തടയുന്ന വേളയിലല്ലാതെ മുര്‍സിയുടെ മുഖത്ത് ഒരു കാര്‍ക്കശ്യവും ഞാന്‍ കാണുകയുണ്ടായില്ല. ഞാന്‍ അദ്ദേഹത്തില്‍നിന്നും മീറ്ററുകള്‍ അകലെയാണ് നിന്നിരുന്നത്. എന്നെ അവിടെ കണ്ട അമ്പരപ്പില്‍ മുഖത്ത് വിരിഞ്ഞ ഒരു നേരിയ പുഞ്ചിരിയോടെ ഞങ്ങളുടെ ദൃഷ്ടികള്‍ കൂട്ടിമുട്ടി. അദ്ദേഹം ഓഡിറ്റോറിയം വിട്ടു.

വിധി ഞങ്ങള്‍ക്കെന്താണ് അതിന്റെ ഗര്‍ഭത്തില്‍ ഒളിപ്പിച്ചുവെച്ചതെന്ന് ഞങ്ങള്‍ക്കിരുവര്‍ക്കും അറിയില്ലായിരുന്നു. അതേ, മുര്‍സി സഹിഷ്ണുവും വിശാലമനസ്‌കനും മറ്റു മതങ്ങളെ സത്യസന്ധമായി സ്‌നേഹിക്കുന്ന വ്യക്തിയുമായിരുന്നു. അതെങ്ങനെ ആവാതിരിക്കും? അമേരിക്കയിലെ പല നഗരങ്ങളിലും മറ്റ് മതക്കാരും വംശക്കാരുമായി ഇടകലര്‍ന്ന് ജീവിക്കുകയും പഠിക്കുകയും ചെയ്ത വ്യക്തിയാണല്ലോ അദ്ദേഹം! സതേണ്‍ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലാവട്ടെ അമേരിക്കയിലെ മറ്റു യൂനിവേഴ്‌സിറ്റികളെ അപേക്ഷിച്ച് ഭിന്ന മതക്കാരും ദേശക്കാരും വംശക്കാരുമായ വിദ്യാര്‍ഥികളും ഫാക്കല്‍റ്റി അംഗങ്ങളും വളരെ കൂടുതലായിരുന്നുതാനും.

അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ വംശീയതയുടെയോ വര്‍ഗീയതയുടെയോ മറ്റ് മതങ്ങളോടുള്ള ശത്രുതയുടെയോ നേരിയ അടയാളമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകവൃന്ദത്തില്‍ അദ്ദേഹം ഉള്‍പ്പെടുമായിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ എണ്‍പതുകളില്‍ അമേരിക്ക കണ്ട ഏറ്റവും അക്രമാസക്തവും കിരാതവുമായ വംശവെറിയുടെ സംഭവങ്ങള്‍ക്കു ശേഷം അത്തരം പ്രവണതകള്‍ക്കെതിരില്‍ കടുത്ത നിലപാട് സ്വീകരിച്ച യൂനിവേഴ്‌സിറ്റിയാണത്.

മറ്റു മതങ്ങളോടുള്ള മുര്‍സിയുടെ ആദരവ് ആത്മാര്‍ഥവും സത്യസന്ധവുമായിരുന്നു. അമേരിക്കയിലെ വിജയം കണ്ട പക്വമായ അനുഭവങ്ങളില്‍നിന്ന് ഉത്ഭൂതമായതാണത്. ഇന്ന് സഹിഷ്ണുതയെക്കുറിച്ച് വീരസ്യം പറയുന്ന ചിലരെപോലെ പാശ്ചാത്യരെ സുഖിപ്പിക്കാനുള്ള നിലപാടായിരുന്നില്ല മുര്‍സിയുടേത്. അത്തരക്കാര്‍ ഭിന്നാഭിപ്രായംപോലും പൊറുപ്പിക്കാത്തവരാണ്. എന്നിട്ടല്ലേ മതസഹിഷ്ണുത! ബഹുസ്വര സംസ്‌കാരങ്ങളുമായി സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞ ചരിത്രം ഇല്ലാത്തവരാണവര്‍.

നാം ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന അജ്ഞതയുടെയും അക്രമത്തിന്റെയും രാഷ്ട്രത്തില്‍നിന്ന് നാം സ്വപ്‌നം കാണുന്ന അറിവിന്റെയും നീതിയുടെയും ലോകത്തേക്ക് നമ്മെ കൊണ്ടുപോകാന്‍ ജനുവരി വിപ്ലവത്തിന് കഴിയുമെന്നായിരുന്നു ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നത്. ഡോ. മുര്‍സി തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന ധാര്‍മിക ബോധമുള്ള ഒരു രാഷ്ട്രസങ്കല്‍പത്തിലൂടെ പ്രയാണം ചെയ്തു മാത്രമേ സ്വപ്‌നം പൂവണിയൂ എന്ന സത്യം കാണാന്‍ എനിക്കായില്ല. ഉദാത്തവും ഉത്കൃഷ്ടവുമായ ചിന്തകളുടെയും സംസ്‌കാരത്തിന്റെയും പരിസരങ്ങളില്‍ വിദ്യയഭ്യസിച്ച വിജ്ഞാനധനന്‍ എന്ന നിലയില്‍ മുര്‍സിക്ക് അത് കഴിയുമായിരുന്നു.

ഈജിപ്തിലെ വ്യര്‍ഥവും വികൃതവുമായ രാഷ്ട്രീയ-വാര്‍ത്താമാധ്യമ സിനാരിയോകളില്‍നിന്ന് അകലം പാലിച്ച് ഡോ. മുര്‍സി ശാസ്ത്രത്തെയും വിജ്ഞാനത്തെയും പിന്തുണച്ച പ്രസിഡന്റായിരുന്നു. അജ്ഞതയോട് പടവെട്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. അദ്ദേഹത്തിന്റെ വിചാരണ തന്റെ സ്രഷ്ടാവിനു മുന്നില്‍ നമ്മേക്കാള്‍ ഏറെ ലളിതവും എളുപ്പവുമായിരിക്കും എന്നാണ് എന്റെ വിശ്വാസം. അല്ലാഹുവിന്റെ കാവലും കരുതലും കരുണയും അദ്ദേഹത്തിന് ലഭിക്കുമാറാവട്ടെ. 
(ജസീറ നെറ്റ്)

വിവ: പി.കെ ജമാല്‍

* വിദേശത്ത് ഉന്നതവിദ്യാഭ്യാസം നേടി ഉയര്‍ന്ന പദവികളില്‍ ഇരിക്കുന്നവരില്‍ അഞ്ച് ശതമാനം മാത്രമേ സ്വദേശത്തേക്ക് തിരിച്ചുവരികയുള്ളൂ. ഈ അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഉള്‍പ്പെടുന്നു അദ്ദേഹം.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top