വഹ്‌യ്: വിജ്ഞാനത്തിന്റെ വിശിഷ്ട സ്രോതസ്സ്

ശമീര്‍ബാബു കൊടുവള്ളി‌‌
img

ഇസ്‌ലാമിന്റെ നോട്ടപ്പാടില്‍ വിജ്ഞാനത്തിന്റെ ഒന്നാമത്തെ സ്രോതസ്സ് വെളിപാടാണ്. ചില സവിശേഷതകളാണ് വിജ്ഞാനത്തിന്റെ പ്രഥമസ്രോതസ്സായി വെളിപാട് പരിഗണിക്കപ്പെടാന്‍ കാരണം. ദൈവികത, പ്രാമാണികത, കൃത്യത, വസ്തുതാ യാഥാര്‍ഥ്യം, സത്യനിഷ്ഠ, വിശ്വാസ്യത, സ്ഥിരത തുടങ്ങിയവയാണ് വെളിപാടിന്റെ സവിശേഷതകള്‍. വെളിപാടിതര വിജ്ഞാനസ്രോതസ്സുകള്‍ക്ക് ഈ സവിശേഷതകള്‍ ഒന്നിച്ചുണ്ടാവുകയില്ല. വെളിപാടിന്റെ ക്രോഡീകൃത രൂപങ്ങളാണ് വിശുദ്ധ വേദമായ ഖുര്‍ആനും തിരുചര്യയും. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളാണവ. 

വെളിപാടിന്റെ മുന്‍കാല ക്രോഡീകൃതരൂപങ്ങളായിരുന്നു വിശുദ്ധ വേദം പരാമര്‍ശിച്ച പഴയ നിയമം (തൗറാത്ത്), പുതിയ നിയമം (ഇഞ്ചീല്‍), സങ്കീര്‍ത്തനം (സബൂര്‍), ഇബ്‌റാഹീം നബിയുടെ ഏടുകള്‍ (സ്വുഹുഫു ഇബ്‌റാഹീം), ലുഖ്മാന്റെ തത്ത്വസംഹിത (ഹിക്മത്തുലുഖ്മാന്‍) തുടങ്ങിയവ. കൂടാതെ, വിശുദ്ധ വേദം പരാമര്‍ശിക്കാത്ത, നിലനില്‍ക്കുന്നതും അല്ലാത്തതുമായ മറ്റു വേദഗ്രന്ഥങ്ങളും വെളിപാടിന്റെ ക്രോഡീകൃത രൂപങ്ങളാവാം. സത്യസാക്ഷാല്‍ക്കാരത്തിന്റെ രൂപങ്ങളായാണ് വിശുദ്ധ ഖുര്‍ആന്‍ മുന്‍ വേദഗ്രന്ഥങ്ങളെ അടയാളപ്പെടുത്തുന്നത്. അതോടൊപ്പം അവയിലുണ്ടായ പൗരോഹിത്യ ഇടപെടലുകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. വിശുദ്ധ വേദത്തിന്റെയും തിരുചര്യയുടെയും ആധാരത്തില്‍ മുന്‍ വേദഗ്രന്ഥങ്ങളിലെ ദൈവികവും വൈയക്തികവും മാനവികവുമായ മൂല്യങ്ങളെ ഉള്‍ക്കൊള്ളണമെന്നാണ് ഇസ്‌ലാമിന്റെ നിലപാട്. വിശുദ്ധ വേദം പറയുന്നു: ''സത്യസന്ദേശവുമായി ഈ വേദം നിനക്ക് ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു''(ആലുഇംറാന്‍: 3). 
ഇന്ദ്രിയങ്ങള്‍ക്ക് പ്രാപ്യമല്ലാത്തതിനാല്‍ വെളിപാടിന്റെ സത്തയെയും അസ്തിത്വത്തെയും നിരാകരിക്കുന്നവരുണ്ട്. അല്‍പമൊന്ന് ആലോചിച്ചാല്‍ ഈ നിരാകരണം ബുദ്ധിപരമല്ലെന്ന് ബോധ്യമാവും. ഇന്ദ്രിയങ്ങള്‍ക്ക് അനുഭവവേദ്യമല്ലാത്തവയെ നിരാകരിക്കാന്‍ തുനിഞ്ഞാല്‍ ഭൗതികലോകത്തിലെ പലതിനെയും നിരാകരിക്കേണ്ടിവരും. വൈദ്യുതിതരംഗങ്ങള്‍ ഇന്ദ്രിയങ്ങള്‍ക്ക് ദൃശ്യമല്ല. എന്നാല്‍, വിവരവും വിവേകവുമുള്ള ഒരാളും വൈദ്യുതിയെ നിരാകരിക്കുന്നില്ല. പ്രകൃതിയില്‍ ധാരാളം ശബ്ദതരംഗങ്ങളുണ്ട്. അവയെ കാണാനോ കേള്‍ക്കാനോ രുചിക്കാനോ മണക്കാനോ സ്പര്‍ശിക്കാനോ സാധ്യമല്ല. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ മരിച്ചുപോയ വ്യക്തിയുടെ ശബ്ദത്തെപോലും പുനരാവിഷ്‌കരിക്കാനാവും. കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു വ്യക്തികള്‍ മൊബൈലില്‍ മുഖാമുഖം സംസാരിക്കുന്നുവെന്ന് സങ്കല്‍പിക്കുക. അരികിലുള്ളവര്‍ക്ക് സംസാരം നടക്കുന്നുവെന്നല്ലാതെ അവരുടെ ശബ്ദം ശ്രവിക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. എന്നു കരുതി അവര്‍ക്കിടയില്‍ നടക്കുന്ന ശബ്ദത്തിന്റെ സാന്നിധ്യത്തെ നിഷേധിക്കാന്‍ കഴിയില്ല. 

വഹ്‌യെന്നാണ് വെളിപാടിന്റെ അറബിഭാഷാ പ്രയോഗം. ഇന്‍സ്പിരേഷന്‍ എന്ന് ആംഗലേയ ഭാഷയില്‍ പറയുന്നു. സവിശേഷവും ദ്രുതവും ഗോപ്യവുമായ സൂക്ഷ്മബോധനമെന്നാണ് അതിന്റെ അര്‍ഥം. ഭാഷാപരമായി അഞ്ച് അര്‍ഥങ്ങളില്‍ വിശുദ്ധ വേദം ഈ പദം ഉപയോഗിച്ചിട്ടുണ്ട്:

ഒന്ന്, മനുഷ്യന്റെ പ്രകൃതിപരമായ ബോധം. മൂസാ നബിയുടെ മാതാവിന് ദൈവം നല്‍കിയ ബോധം അത്തരത്തിലൊന്നാണ്: 
وَأَوْحَيْنَا إِلَى أُمِّ مُوسَى أَنْ أَرْضِعِيهِ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِى الْيَمِّ وَلاَ تَخَافِى وَلاَ تَحْزَنِى إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ
''മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവനെ മുലയൂട്ടുക. അഥവാ അവന്റെ കാര്യത്തില്‍ നിനക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ അവനെ നീ പുഴയിലിടുക. പേടിക്കുകയോ ദുഃഖിക്കുകയോ വേണ്ട. തീര്‍ച്ചയായും നാമവനെ നിന്റെയടുത്ത് തിരിച്ചെത്തിക്കും. അവനെ ദൈവദൂതന്മാരിലൊരുവനാക്കുകയും ചെയ്യും''(അല്‍ഖസ്വസ്വ്: 7).
രണ്ട്, മനുഷ്യേതര ജീവികളുടെ നൈസര്‍ഗികബോധം. തേനീച്ചക്ക് അല്ലാഹു നല്‍കിയ ബോധം ഉദാഹരണമാണ്:
وَأَوْحَى رَبُّكَ إِلَى النَّحْلِ أَنِ تَّخِذِى مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَ مِمَّا يَعْرِشُونَ
''നിന്റെ നാഥന്‍ തേനീച്ചക്ക് ബോധനം നല്‍കി: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന പന്തലുകളിലും നീ കൂടുണ്ടാക്കുക''(അന്നഹ്ല്‍: 68).
മൂന്ന്, ആംഗ്യത്തിലൂടെയോ മറ്റോ നല്‍കുന്ന ദ്രുതഗതിയിലുള്ള സൂചന. അതിനുദാഹരണമാണ് വിശുദ്ധ വേദം ഉദ്ധരിക്കുന്ന സകരിയ്യാ നബിയുടെ ആംഗ്യസൂചന: 
فَخَرَجَ عَلَى قَوْمِهِ مِنَ الْمَحْرَابِ فَأَوْحَى إِلَيْهِمْ أَن سَبِّحُوا بُكْرَةً وَعَشِيًّا
''അങ്ങനെ അദ്ദേഹം പ്രാര്‍ഥനാമണ്ഡപത്തില്‍നിന്നിറങ്ങി തന്റെ ജനത്തിന്റെ അടുത്തേക്കു പോയി. എന്നിട്ട് അദ്ദേഹം ആംഗ്യത്തിലൂടെ നിര്‍ദേശിച്ചു: നിങ്ങള്‍ രാവിലെയും വൈകുന്നേരവും ദൈവത്തിന്റെ വിശുദ്ധി വാഴ്ത്തുക''(മര്‍യം: 11).
നാല്, പിശാചിന്റെ ദുര്‍ബോധനം:
وَإِنَّ الشَّيَطِينَ لَيُوحُونَ إِلَى أَوْلِيَائِهِمْ لِيُجَادِلُوكُم
''നിങ്ങളോട് തര്‍ക്കിക്കാനായി പിശാചുക്കള്‍ തങ്ങളുടെ കൂട്ടാളികള്‍ക്ക് ചില ദുര്‍ബോധനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും''(അല്‍അന്‍ആം: 121).
അഞ്ച്, ദൈവം മാലാഖമാര്‍ക്ക് നല്‍കുന്ന കല്‍പന:
إِذْ يُوحِى رَبُّكَ إِلَى الْمَلَائِكَةِ أَنِّى مَعَكُمْ فَثَبِّتُوا الَّذِينَ ءَامَنُوا
''നിന്റെ നാഥന്‍ മാലാഖമാര്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭം. ഞാന്‍ നിങ്ങളോടോപ്പമുണ്ട്. അതിനാല്‍ വിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക''(അല്‍അന്‍ഫാല്‍: 12).
സാങ്കേതികമായി വെളിപാടിന്റെ നിര്‍വചനം ഇപ്രകാരമാണ്: 'ദ്രുതവും ഗോപ്യവുമായ മാധ്യമം സ്വീകരിച്ച് തന്റെ അടിമകളില്‍ സവിശേഷമായി തെരഞ്ഞെടുക്കുന്നവര്‍ക്ക് (ദൂതന്മാര്‍ക്ക്) താന്‍ ഉദേശിക്കുന്ന സന്മാര്‍ഗം അല്ലാഹു അറിയിച്ചുകൊടുക്കല്‍' (മബാഹിസുന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍, മന്നാഉല്‍ ഖത്വാന്‍, മക്തബത്തു വഹ്ബഃ കൈറോ).  
അല്ലാഹുവില്‍നിന്നാണ് വെളിപാടിന്റെ അവതരണം. അല്ലാഹുവില്‍ അനാദിയും അനന്തവുമായി നിലകൊള്ളുന്ന ആശയങ്ങളാണ് മാനവതയുടെ സന്മാര്‍ഗം മുന്‍നിര്‍ത്തി വെളിപാടായി അവതരിക്കുന്നത്. മനുഷ്യസംസ്‌കാരത്തിന്റെ പുരോയാനത്തിനനുസൃതമായി ഓരോകാലത്തും വ്യത്യസ്തമായ അനുപാതത്തിലാണ് വെളിപാട് പ്രവാചകന്മാര്‍ക്ക് അവതരിക്കുന്നത്. മനുഷ്യധിഷണക്ക് ഗ്രഹിക്കാവുന്നതിന്റെ മൂര്‍ത്തരൂപമാണ് മുഹമ്മദ് നബി(സ)ക്ക് അവതീര്‍ണമായ വെളിപാട്. ജീവിതപരിണാമത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ പ്രകൃതത്തിലും സ്വഭാവത്തിലും വെളിപാട് വ്യത്യസ്തത പുലര്‍ത്തുന്നുവെങ്കിലും ജീവിതത്തിന്റെ സാര്‍വജനീനമായ സ്വത്തായാണ് വിശുദ്ധ വേദം അതിനെ പരിഗണിക്കുന്നതെന്ന് അല്ലാമാ ഇഖ്ബാല്‍ പറയുന്നു. വെളിപാട് അവതരണത്തിന്റെ രൂപം യുക്തിപരമായി വിവരിക്കുക സാധ്യമല്ല. അവതരണത്തിന് ഇന്‍സാല്‍, തന്‍സീല്‍ എന്നീ പദങ്ങള്‍ ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നു. ഒന്നിച്ചവതരിക്കുന്നതിന് ഇന്‍സാലെന്നും ഘട്ടംഘട്ടമായി അവതരിക്കുന്നതിന് തന്‍സീലെന്നും പറയുന്നു. ഒന്നിച്ചും ഘട്ടംഘട്ടമായും വെളിപാടിറങ്ങിയിട്ടുണ്ട്. 

സ്പഷ്ടമായ രൂപത്തിലായിരുന്നു അല്ലാഹു വെളിപാട് പ്രവാചകന് അവതരിപ്പിച്ചു കൊടുത്തിരുന്നത്. തുടര്‍ന്ന് പ്രവാചകന്‍ അതിനെ മാനവതക്ക് പഠിപ്പിച്ചുകൊടുക്കുന്നു. പ്രവാചകസ്വത്വത്തില്‍ അറബി ഭാഷയിലായിരുന്നു വെളിപാടുകള്‍ അവതീര്‍ണമായിരുന്നത്. ഖുര്‍ആന്‍ പറയുന്നു:
عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ - بِلِسَانٍ عَرَبِيٍّ مُّبِينٍ 
''നീ താക്കീത് നല്‍കുന്നവരിലുള്‍പ്പെടാന്‍ തെളിഞ്ഞ അറബി ഭാഷയില്‍ നിന്റെ സ്വത്വത്തിലാണ് അതിനെ ഇറക്കിത്തന്നത്'' (അശ്ശുഅറാഅ്: 194, 195). മുഹമ്മദ് അസദ് വെളിപാടിന്റെ ആരംഭത്തെ കാല്‍പനികമായി ചിത്രീകരിക്കുന്നത് ഇപ്രകാരമാണ്: 'പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകള്‍ക്കിടയിലെ വരണ്ട മലയിടുക്കിലൂടെ, മരുഭൂസൂര്യന്‍ ചുട്ടുകരിച്ച ആ നഗ്നമായ താഴ്‌വാരത്തിലൂടെ ആ വിളി വന്നു: ദേഹവും ദേഹിയും ഉള്‍ക്കൊള്ളുന്ന ജീവിതത്തെ ഒന്നായി ആശ്ലേഷിക്കുന്ന ഒരുത്തരം'. 

വെളിപാടാണ് വിജ്ഞാനത്തിന്റെ വിശിഷ്ടസ്രോതസ്സെന്ന്  പൂര്‍വസൂരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. യുക്തിയുടെ പിഴവില്‍നിന്ന് രക്ഷിക്കുന്ന വഴികാട്ടി മനുഷ്യന് ആവശ്യമാണെന്നും അവലംബനീയമായ വഴികാട്ടി വെളിപാടാണെന്നും അബൂമന്‍സൂര്‍ അല്‍മാതുരീദി അഭിപ്രായപ്പെടുന്നു. ഖുര്‍ആനും തിരുചര്യയും വെളിപാടിന്റെ ആധാരത്തിലുള്ള വിജ്ഞാനമാണെന്നും വിശുദ്ധ വേദത്തെ യുക്തിഭദ്രമായി വ്യാഖ്യാനിക്കണമെന്നും ഇബ്‌നുറുശ്ദ് നിരീക്ഷിക്കുന്നു. വചനശാസ്ത്രത്തിന്റെ അടിസ്ഥാനം യുക്തിയും കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനം വെളിപാടുമാണെന്ന് ഇബ്‌നുതൈമിയ്യ അഭിപ്രായപ്പെടുന്നു. പ്രവാചകന്മാര്‍ക്ക് ലഭിച്ച വെളിപാട് മാത്രമാണ് ദൈവത്തെ അറിയാനുള്ള മാര്‍ഗമെന്ന് ഇബ്‌നുഹസ്മ് പറയുന്നു.

നിയതമായ നിര്‍വചനപ്രകാരമുള്ള വെളിപാട് പ്രവാചകന്മാര്‍ക്കു മാത്രമേ ലഭിക്കുകയുള്ളൂ. വെളിപാടിന്റെ അവതരണത്തിന് മൂന്ന് രീതികളാണ് അല്ലാഹു സ്വീകരിച്ചിരിക്കുന്നത്: ഒന്ന്, ജ്ഞാനോദയം. ഉണര്‍ച്ചയിലും ഉറക്കത്തിലും ജ്ഞാനോദയമുണ്ടാവാം. സ്വത്വത്തില്‍ ഒരു ആശയം രൂപപ്പെടല്‍, ഉള്‍വിളി എന്നീ രൂപങ്ങളിലാണ് ജ്ഞാനോദയം ഉണര്‍ച്ചയില്‍ സംഭവിക്കുന്നത്. സ്വപ്‌നദര്‍ശനമാണ് ഉറക്കത്തില്‍ സംഭവിക്കുന്ന ജ്ഞാനോദയത്തിന്റെ രൂപം.  മുഹമ്മദ് നബി(സ)ക്ക് ഉണര്‍ച്ചയിലും ഉറക്കത്തിലും ജ്ഞാനോദയമുണ്ടായിട്ടുണ്ട്. പ്രവാചകനുണ്ടായ ഒരു സ്വപ്‌നദര്‍ശനത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നു: ''അല്ലാഹു തന്റെ ദൂതന് സത്യനിഷ്ഠമായ സ്വപ്‌നം കാണിക്കുകയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങള്‍ നിര്‍ഭയരായി തലമുണ്ഡനം ചെയ്തും മുടിവെട്ടിയും ഒട്ടും ഭയക്കാതെ മസ്ജിദുല്‍ഹറാമില്‍ പ്രവേശിക്കുകതന്നെ ചെയ്യും, തീര്‍ച്ച. നിങ്ങളറിയാത്തത് അവനറിഞ്ഞു. അതിനാല്‍ ഇതുകൂടാതെ തൊട്ടുടനെ അവന്‍ നിങ്ങള്‍ക്ക് മഹത്തായ വിജയം നല്‍കി''(അല്‍ഫത്ഹ്: 27). തിരുചര്യ പറയുന്നു: ''പ്രവാചകന് വെളിപാടുകളുടെ ആരംഭം ഉറക്കത്തിലെ സത്യസ്വപ്‌നങ്ങളായിരുന്നു. അദ്ദേഹം ദര്‍ശിക്കുന്ന സ്വപ്‌നങ്ങള്‍ പ്രഭാതോദയംപോലെ പുലരുമായിരുന്നു''(ബുഖാരി, മുസ്‌ലിം). ഖുദ്‌സിയായ വചനങ്ങളധികവും ജ്ഞാനോദയത്തിലൂടെ പ്രവാചകന് വെളിപ്പെട്ടതാണ്.

പ്രവാചകന്മാരായ ഇബ്‌റാഹീമിനും യൂസുഫിനും സ്വപ്‌നദര്‍ശനരൂപത്തില്‍ ജ്ഞാനോദയമുണ്ടായിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു:
فَلَمَّا بَلَغَ مَعَهُ السَّعْىَ قَالَ يَبُنَيَّ إِنِّى أَرَى فِى الْمَنَامِ أَنِّى أَذْبَحُكَ فَانْظُرْ مَاذَا تَرَى قَالَ يَأَبَتِ افْعَلْ مَا تُؤْمَرُ سَتَجِدُنِى إِن شَاءَ اللهُ مِنَ الصَّبِرِينَ
''ആ കുട്ടി എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്‌നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ: നിന്റെ അഭിപ്രായമെന്താണ്?' അവന്‍ പറഞ്ഞു: എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. ദൈവം ഉദ്ദേശിക്കുന്നുവെങ്കില്‍ ക്ഷമാശീലരില്‍ അങ്ങേക്കെന്നെ കാണാം''(അസ്സ്വാഫാത്ത്: 102). 
إِذْ قَالَ يُوسُفُ لِأَبِيهِ يَأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِى سَجِدِينَ
''യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു''(യൂസുഫ്: 4).
وَرَفَعَ أَبَوَيْهِ عَلَى الْعَرْشِ وَخَرُّولَهُ سُجَّدًا وَقَالَ يَأَبَتِ هَذَا تَأْوِيلُ رُءْيَى مِن قَبْلُ قدْ جَعَلَهَا رَبِّى حَقًّا
''അദ്ദേഹം തന്റെ മാതാപിതാക്കളെ സിംഹാസനത്തില്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമമര്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, ഞാന്‍ ദര്‍ശിച്ച സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമാണിത്. എന്റെ നാഥന്‍ അത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു''(യൂസുഫ്: 100).
രണ്ട്, അശരീരി. വക്താവിനെ കാണാതെ വാക്കുകള്‍ ശ്രവിക്കുന്ന വെളിപാടാണിത്. ത്വൂര്‍ പര്‍വതത്തിന്റെ ചെരുവില്‍ വെച്ച് പ്രവാചകന്‍ മൂസാ(അ)ക്ക് അനുഭവപ്പെട്ടത് അല്ലാഹുവില്‍നിന്നുള്ള അശരീരിയായിരുന്നു. ഒരു വൃക്ഷത്തില്‍നിന്ന് അദ്ദേഹം ശബ്ദം ശ്രവിച്ചു. എന്നാല്‍, അല്ലാഹു അദൃശ്യനായിരുന്നു. ഖുര്‍ആന്‍ പറയുന്നു: 
فَلَمَّا أَتَاهَا نُودِيَ مِن شَاطِئِ الْوَادِ الْأَيْمَنِ فِي الْبُقْعَةِ الْمُبَارَكَةِ مِنَ الشَّجَرَةِ أَن يَا مُوسَىٰ إِنِّي أَنَا اللَّهُ رَبُّ الْعَالَمِينَ 
''അങ്ങനെ അദ്ദേഹം അതിനടുത്തെത്തി. അപ്പോള്‍ അനുഗൃഹീതമായ ആ പ്രദേശത്തെ താഴ്‌വരയുടെ വലതുവശത്തെ വൃക്ഷത്തില്‍നിന്ന് ഒരശരീരിയുണ്ടായി, മൂസാ, സംശയം വേണ്ട; ഞാനാണ് ദൈവം. സര്‍വലോക സംരക്ഷകന്‍'' (അല്‍ഖസ്വസ്വ്: 30). മിഅ്‌റാജ്‌വേളയില്‍ മുഹമ്മദ് നബി(സ)ക്ക് അശരീരി ഉണ്ടായിട്ടുണ്ട്. പ്രസ്തുതസന്ദര്‍ഭത്തില്‍ അല്ലാഹുവും ദൂതനും തമ്മില്‍ സംവാദം നടന്നിട്ടുണ്ടെന്ന് തിരുചര്യയില്‍നിന്ന് ഗ്രഹിക്കാം. മിഅ്‌റാജ്‌വേളയിലെ അശരീരി രൂപത്തിലുള്ള വെളിപാടിലൂടെയാണ് നിര്‍ബന്ധനമസ്‌കാരം അനുശാസിക്കപ്പെട്ടത്. 

മൂന്ന്, ദൂതനെ നിയോഗിക്കല്‍. അല്ലാഹു ജിബ്‌രീല്‍ മാലാഖയെ അയച്ചുകൊണ്ട് പ്രവാചകന്മാര്‍ക്ക് വെളിപാട് അവതരിപ്പിക്കുന്ന രീതിയാണിത്. മാലാഖമാരില്‍ ജിബ്‌രീലിന് സവിശേഷമായ സ്ഥാനമാണുള്ളത്. വെളിപാടിന്റെ വാഹകനാണ് ജിബ്‌രീല്‍. ദൈവനിര്‍ദേശപ്രകാരം ജിബ്‌രീല്‍ വെളിപാട് പ്രവാചകന് അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് (റൂഹുല്‍ ഖുദ്‌സ്),

വിശ്വസ്താത്മാവ്(അര്‍റൂഹുല്‍ അമീന്‍) എന്നിവയാണ് ജിബ്‌രീലിന്റെ വിശേഷണങ്ങള്‍. സ്വത്വത്തിന്റെ ചൈതന്യമായ വെളിപാടിനെ വഹിക്കുന്നതിനാല്‍ ജിബ്‌രീല്‍ ആത്മാവ്(റൂഹ്) എന്ന സ്വതന്ത്രനാമം കൊണ്ടും വിളിക്കപ്പെടുന്നു. ജിബ്‌രീല്‍ വഴിയുള്ള വെളിപാടിനെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു:
وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ - نَزَلَ بِهِ الرُّوحُ الْأَمِينُ 
''തീര്‍ച്ചയായും ഇത് പ്രപഞ്ചനാഥനില്‍നിന്ന് അവതരിച്ചുകിട്ടിയതാണ്. വിശ്വസ്തനായ ആത്മാവാണ് അതുമായി ഇറങ്ങിയത്''(അശ്ശുഅറാഅ്: 192.193). ജിബ്‌രീല്‍ മുഖേനയുള്ള വെളിപാട് രണ്ടു രീതികളിലാണ് പ്രവാചകനുണ്ടായിരുന്നത്: ഒന്ന്, മണിനാദ രൂപം (സ്വല്‍സലത്തുല്‍ ജറസ്). ഇരുമ്പുകൊണ്ടുള്ള ഉപകരണങ്ങള്‍ ഇളക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിനാണ് 'സ്വല്‍സലത്തുല്‍ജറസ്' എന്ന് പറയുക. മാലാഖയുടെ ആഗമനം ഇരുമ്പുകൊണ്ടുള്ള ഉപകരണങ്ങള്‍ ഇളക്കുമ്പോഴുണ്ടാകുന്ന നേര്‍ത്ത ശബ്ദമായിട്ടാണ് ആദ്യം അനുഭവപ്പെടുക. പിന്നെ അതിന് ശക്തി കൂടിക്കൂടി വരും. അപ്പോള്‍ ഉണര്‍വിന്റെ വികാരങ്ങളെ അത് ഉദ്ദീപിപ്പിക്കും. വെളിപാട് സ്വീകരിക്കാന്‍ പ്രവാചകന്റെ സ്വത്വം സന്നദ്ധമാവും. പ്രവാചകന് ഏറെ പ്രയാസകരമായിരുന്നു മണിനാദ രൂപത്തിലുള്ള വെളിപാട്. രണ്ട്, മനുഷ്യരൂപം. മാലാഖ പ്രവാചകനു മുമ്പില്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് വെളിപാട് കൈമാറുന്ന രീതിയാണിത്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനുമായി സന്ധിക്കുമ്പോഴുണ്ടാവുന്ന എല്ലാ വികാരങ്ങളും പ്രവാചകനും മാലാഖയും തമ്മില്‍ തദവസരത്തിലുണ്ടാവും. മണിനാദ രൂപത്തിലുള്ള വെളിപാടിനെ അപേക്ഷിച്ച് പ്രയാസം കുറഞ്ഞ വെളിപാടുരീതിയാണിത്. മാലാഖ പ്രത്യക്ഷപ്പെടുന്ന ഇരു രീതികളെക്കുറിച്ചും പ്രവാചകന്‍ പറയുന്നു: ''ചിലപ്പോള്‍ മണിനാദം പോലെയാണ് വെളിപാടുണ്ടാവുക. എനിക്ക് താങ്ങാന്‍ ഏറ്റവും പ്രയാസമുള്ളത് അതാണ്. ഞാനത് ഹൃദിസ്ഥമാക്കും. ചിലപ്പോള്‍ മാലാഖ മനുഷ്യരൂപത്തില്‍ വരികയും എന്നോട് സംസാരിക്കുകയും ചെയ്യും. ഞാനത് ഹൃദിസ്ഥമാക്കും''(ബുഖാരി: 2). മണിനാദ രൂപത്തില്‍ മാലാഖ പ്രത്യക്ഷപ്പെടുമ്പോള്‍ പ്രവാചകനുണ്ടാവുന്ന അവസ്ഥയെപ്പറ്റി ആഇശ(റ) പറയുന്നു: 'കൊടുംതണുപ്പുള്ള ഒരു ദിവസം വെളിപാടുണ്ടായപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. വെളിപാട് അവസാനിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു'(ബുഖാരി).  

വെളിപാട് അവതരണത്തിന്റെ മൂന്നു രീതികളായ ജ്ഞാനോദയം, അശരീരി, ദൂതനെ നിയോഗിക്കല്‍ എന്നിവയെ ഖുര്‍ആന്‍ ഒറ്റസൂക്തത്തില്‍ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്:
وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِن وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ ۚ إِنَّهُ عَلِيٌّ حَكِيمٌ -
''അല്ലാഹു ഒരു മനുഷ്യനോടും നേര്‍ക്കുനേരെ സംസാരിക്കാറില്ല. അതുണ്ടാവുന്നത് ഒന്നുകില്‍ ദിവ്യബോധനത്തിലൂ(ജ്ഞാനോദയം)ടെയാണ്. അല്ലെങ്കില്‍ മറയ്ക്കു പിന്നില്‍(അശരീരി)നിന്ന്. അതുമല്ലെങ്കില്‍ ഒരു ദൂതനെ അയച്ചു(അയക്കല്‍)കൊണ്ട്. അങ്ങനെ അല്ലാഹുവിന്റെ അനുമതിയോടെ അവനിഛിക്കുന്നത് ദൂതനിലൂടെ ബോധനം നല്‍കുന്നു. നിശ്ചയം, അല്ലാഹു അത്യുന്നതനും യുക്തിജ്ഞനുമാണ്''(അശ്ശൂറാ: 51).
ത്രിമാനമായ രീതികളില്‍ അവതീര്‍ണമായ വെളിപാടുകള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. രണ്ട് രൂപങ്ങളില്‍ വേറെവേറെയായാണ് വെളിപാട് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. വെളിപാട് ക്രോഡീകരണത്തിന്റെ ഒന്നാം രൂപമാണ് ഖുര്‍ആന്‍. അല്ലാഹു ജിബ്‌രീല്‍ മുഖേന പ്രവാചകന് അവതരിപ്പിച്ചുകൊടുത്ത വെളിപാടാണിത്. അതായത് വെളിപാട് അവതരണരീതികളില്‍ മൂന്നാമത്തെ രീതിയില്‍ അവതീര്‍ണമായതാണ് ഖുര്‍ആന്‍. തനി ദൈവികാശയങ്ങളും ദൈവികവചനങ്ങളുമാണ് വിശുദ്ധ വേദം. വെളിപാട് ക്രോഡീകരണത്തിന്റെ രണ്ടാം രൂപം തിരുചര്യ(സുന്നത്ത്) യാണ്. രണ്ടാംരൂപമായ ക്രോഡീകരണത്തെ സംബന്ധിച്ച തിരിച്ചറിവില്ലായ്മ തിരുചര്യയുടെ നിഷേധത്തിന് കാരണമായിട്ടുണ്ട്. ജ്ഞാനോദയം, അശരീരി, അയക്കല്‍ തുടങ്ങി മൂന്ന് അവതരണരീതികളിലൂടെയുമുള്ള വെളിപാടുകള്‍ തിരുചര്യ ഉള്‍ക്കൊള്ളുന്നുണ്ട്. വിശുദ്ധ വേദവുമായി തിരുചര്യക്ക് ഒരു വ്യത്യാസം മാത്രമേയുള്ളൂ; ദൈവികമായ ആശയവും ദൈവികമായ വചനവുമാണ് വിശുദ്ധ വേദമെങ്കില്‍, ദൈവികമായ ആശയവും പ്രവാചകന്റെ  ഭാഷയുമാണ് തിരുചര്യ. 

വെളിപാട് ക്രോഡീകരണത്തിന്റെ ഇരു രൂപങ്ങളും ചേര്‍ന്നതാണ് ഇസ്‌ലാം. അഥവാ ഇസ്‌ലാമിന്റെ വിജ്ഞാനശാസ്ത്ര സ്രോതസുകളാണ് ഖുര്‍ആനും തിരുചര്യയും. ഇവ രണ്ടുമില്ലാത്ത ഇസ്‌ലാമികവിജ്ഞാനം അപൂര്‍ണമാണ്. ഒന്ന് മറ്റൊന്നിനെ പൂരിപ്പിക്കുന്നു. അവ ചേരുംപടി ചേരുമ്പോഴാണ് വെളിപാടിന്റെ ക്രോഡീകൃത രൂപങ്ങള്‍ പൂര്‍ണമാവുന്നത്. ഖുര്‍ആനിലെ പാഠങ്ങള്‍ ദാര്‍ശനികവും സൈദ്ധാന്തികവുമായ മാനങ്ങളുള്ള തത്ത്വങ്ങളാണ്. അവയുടെ പ്രായോഗികമായ രൂപങ്ങളാണ് തിരുചര്യ. പൊതു കല്‍പനകളും പൊതു നിര്‍ദേശങ്ങളുമാണ് ഖുര്‍ആന്‍ നല്‍കുന്നത്. അവയുടെ വിശദരൂപം സംസാരം കൊണ്ടും കര്‍മം കൊണ്ടും മൗനം കൊണ്ടും അടയാളപ്പെടുത്തുന്നു പ്രവാചകന്‍. പ്രവാചകന് തോന്നിയതു പോലെയല്ല,  വിശുദ്ധ വേദത്തിന് അനുപൂരകമാകുംവിധത്തില്‍ അല്ലാഹുവില്‍നിന്നുള്ള വെളിപാടിന്റെ ആധാരത്തിലായിരുന്നു പ്രസ്തുത അടയാളപ്പെടുത്തല്‍.

വെളിപാട് ക്രോഡീകരണത്തിന്റെ ഇരു രൂപങ്ങളുടെയും പ്രാമാണികതയെ സംബന്ധിച്ച് ഖുര്‍ആനും തിരുചര്യയും ഒരുപോലെ പ്രതിപാദിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു:
وَأَنزَلَ اللَّهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ
''ദൈവം നിനക്ക് വേദപുസ്തകവും(കിതാബ്)  യുക്തിജ്ഞാനവും(ഹിക്മത്ത്) ഇറക്കിത്തന്നു'' (അന്നിസാഅ്: 113). തിരുചര്യ പറയുന്നു: ''ഞാന്‍ നിങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ പൈതൃകമായി നല്‍കിയിരിക്കുന്നു. അവ മുറുകെപ്പിടിക്കുവോളം നിങ്ങള്‍ വഴിപിഴക്കുകയില്ല. ദൈവഗ്രന്ഥവും എന്റെ ചര്യയുമാണത്''(ബുഖാരി). സൂക്തത്തില്‍ പ്രയോഗിച്ച ഹിക്മത്ത് തിരുചര്യയാണെന്ന് ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. അബുല്‍ അഅ്‌ലാ മൗദൂദി ഹിക്മത്തിനെ സംബന്ധിച്ച് 'സുന്നത്തിന്റെ പ്രാമാണികത' എന്ന കൃതിയില്‍ പറയുന്നു: 'പ്രവാചകന് ഗ്രന്ഥത്തിനു പകരം ഹിക്മത്ത് കൂടി നല്‍കപ്പെട്ടിരുന്നുവെന്നാണിത് വ്യക്തമാക്കുന്നത്. അത് അവിടുന്ന് ജനങ്ങളെ പഠിപ്പിച്ചിട്ടുമുണ്ട്. ഖുര്‍ആനികപദ്ധതി നടപ്പിലാക്കാനും നേതൃത്വബാധ്യതകള്‍ നിറവേറ്റാനും പ്രവാചകന്‍ അവലംബിച്ച ഈ ഹിക്മത്ത് തന്റെ വ്യക്തിപരമായ തീരുമാനശേഷി (പ്രൈവറ്റ് ജഡ്ജ്‌മെന്റ്) ആയിരുന്നില്ല. അല്ലാഹുതന്നെ പ്രവാചകന് ഇറക്കിക്കൊടുത്ത ഒന്നായിരുന്നു അത്. പ്രവാചകന്‍ അത് സ്വന്തമായി ഉപയോഗപ്പെടുത്തിയതോടൊപ്പം മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു.'
ഖുര്‍ആനിന്റെ ആധികാരിക വക്താവ് പ്രവാചകനാണ്. പ്രസ്തുത ചുമതല അല്ലാഹുതന്നെയാണ് പ്രവാചകന് ഏല്‍പിച്ചിരിക്കുന്നത്. അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:

بِالْبَيِّنَاتِ وَالزُّبُرِ ۗ وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ 
''വ്യക്തമായ പ്രമാണങ്ങളും വേദപുസ്തകങ്ങളുമായാണ് (നാമവരെ നിയോഗിച്ചത്). ഇപ്പോള്‍ നിനക്കും നാം വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്ക് അവതീര്‍ണമായത് നീ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍. അങ്ങനെ അവര്‍ ചിന്തിച്ചു മനസ്സിലാക്കട്ടെ''(അന്നഹ്ല്‍: 44). 

ഖുര്‍ആനോടൊപ്പം തിരുചര്യയെന്ന വെളിപാടുകൂടി ഉണ്ടായിരുന്നുവെന്ന് ധാരാളം ഉദാഹരണങ്ങളിലൂടെ തെളിയിക്കാനാവും. മൂന്ന് ഉദാഹരണങ്ങള്‍ മാത്രം ഉദ്ധരിക്കാം: ഒന്ന്, നമസ്‌കാരം. നമസ്‌കാരം നിലനിര്‍ത്തണമെന്ന പൊതുകല്‍പന മാത്രമേ വിശുദ്ധ വേദത്തിലുള്ളൂ. നമസ്‌കാരത്തിന്റെ ലക്ഷ്യം, ഉദ്ദേശ്യം, വിവക്ഷ, പള്ളിനിര്‍മാണം, അഞ്ചു നേരത്തെ നമസ്‌കാരം, ബാങ്ക്, സംഘടിത നമസ്‌കാരത്തിന്റെ രൂപം, നമസ്‌കാരസമയം, നമസ്‌കാരക്രമം, റക്അത്തുകള്‍, അവയുടെ രൂപം, എണ്ണം, ജുമുഅ നമസ്‌കാരം, പെരുന്നാള്‍ നമസ്‌കാരം, അവയുടെ രൂപങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ വ്യക്തമാക്കിത്തരുന്നത് തിരുചര്യയാണ്. നമസ്‌കാരത്തിന്റെ പൊതുകല്‍പന വെളിപാടിലൂടെ വിനിമയം ചെയ്യപ്പെട്ടതുപോലെ തന്നെയാണ് അതിന്റെ വിശദാംശങ്ങളും വിനിമയം ചെയ്യപ്പെട്ടത്. രണ്ട്, ഖിബ്‌ലമാറ്റം. മുസ്‌ലിംകളുടെ ആദ്യഖിബ്‌ല മസ്ജിദുല്‍ അഖ്‌സ്വായായിരുന്നു. ദൈവനിര്‍ദേശപ്രകാരം പ്രവാചകനാണ് മസ്ജിദുല്‍ അഖ്‌സ്വായെ ഖിബ്‌ലയായി നിശ്ചയിച്ചത്. പതിനാലുവര്‍ഷം പ്രവാചകനും അനുചരന്മാരും അതിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുകയുണ്ടായി. പിന്നീടാണ് മസ്ജിദുല്‍ ഹറാമിനെ ഖിബ്‌ലയാക്കാനുള്ള കല്‍പനയുണ്ടാവുന്നത്. ഖിബ്‌ലമാറ്റത്തിന്റെ കല്‍പനമാത്രം ഖുര്‍ആനില്‍ കാണാം. എന്നാല്‍, മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് തിരിഞ്ഞു നമസ്‌കരിക്കാനുള്ള കല്‍പന  കാണാനാവില്ല. ഇരുകല്‍പനകളും പ്രവാചകന്‍ പ്രയോഗവല്‍ക്കരിച്ചത് വെളിപാടിന്റെ അടിസ്ഥാനത്തിലായിരുന്നു. മൂന്ന്, മക്കാപ്രവേശം. മക്കയില്‍ പ്രവേശിച്ച് കഅ്ബാപ്രദക്ഷിണം നടത്താനുള്ള പ്രവാചകന്റെയും അനുചരന്മാരുടെയും ഉദ്യമം പ്രസിദ്ധമാണ്. മക്കയിലെ അവിശ്വാസികള്‍ ഹുദൈബിയയില്‍ വെച്ച് തടഞ്ഞതിനാല്‍ ഉദ്യമം ആദ്യം വിജയിച്ചില്ല. പിന്നീട് നടന്ന ഹുദൈബിയാ സന്ധിയെ തുടര്‍ന്നാണ് പ്രവാചകന്റെയും അനുചരന്മാരുടെയും ഉദ്യമം സാക്ഷാല്‍ക്കരിക്കുന്നത്. ഈ ഉദ്യമത്തിന് പ്രവാചകന്‍ തുനിഞ്ഞത് സ്വപ്‌നദര്‍ശനമെന്ന വെളിപാടിലൂടെയായിരുന്നു. തിരുചര്യ സ്വയം ആധികാരികമാണെന്നാണ് പ്രസ്തുത ഉദ്യമം തെളിയിക്കുന്നത്. ഉദ്യമത്തിന്റെ സാക്ഷാല്‍ക്കാരത്തിനു ശേഷം അതിന്റെ സംഭവവിവരണമാണ് ഖുര്‍ആന്‍ നല്‍കുന്നത്: 
لَّقَدْ صَدَقَ اللَّهُ رَسُولَهُ الرُّؤْيَا بِالْحَقِّ ۖ لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِن شَاءَ اللَّهُ آمِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا 
''പ്രവാചകന്റെ സ്വപ്‌നദര്‍ശനം ദൈവം യാഥാര്‍ഥ്യമാക്കി. ദൈവം ഉദേശിച്ചാല്‍ നിങ്ങള്‍ തലമുടി വടിച്ചുകളഞ്ഞും വെട്ടിക്കുറച്ചും നിര്‍ഭയരും സുരക്ഷിതരുമായിക്കൊണ്ട് മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുകതന്നെ ചെയ്യും. നിങ്ങള്‍ അറിയാത്തത് ദൈവം അറിഞ്ഞിരുന്നു. അതിനാല്‍ അതിനുമുമ്പായി നിങ്ങള്‍ക്കവന്‍ ഒരു ആസന്നവിജയം പ്രദാനം ചെയ്തു''(അല്‍ഫത്ഹ്: 27).

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top