ഖുര്‍ആനിലെ പദകൗതുകങ്ങള്‍: الفتية الفتيان
ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി
'ഫതന്‍' എന്ന ഏകവചനത്തിന്റെ ബഹുവചന രൂപമാണ് 'അല്‍ ഫിത്‌യത്തു', 'അല്‍ഫിത്ത്‌യാന്‍' എന്നിവ. പക്ഷേ രണ്ടു ബഹുവചനങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്.
'അല്‍ഫിത്‌യത്തു' എന്നാല്‍
സത്യവിശ്വാസികളായ യുവാക്കള്‍
ഖുര്‍ആനില്‍ സൂറത്തുല്‍ കഹ്ഫില്‍ 'ഫിത്ത്‌യത്ത്' എന്ന പദം രണ്ടിടങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നു. സത്യനിഷേധികളായ സ്വജനതയെ ബഹിഷ്‌കരിച്ച് ഗുഹയില്‍ അഭയം തേടിയ സത്യവിശ്വാസികളായ യുവാക്കളാണ് അവിടെ വിവക്ഷ.
إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً
(ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം. അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ പക്കല്‍നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നല്‍കേണമേ....! - കഹ്ഫ്: 10).
نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ ۚ إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى
(അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്മാര്‍ഗബോധം വര്‍ധിപ്പിച്ചുനല്‍കുകയും ചെയ്തു - കഹ്ഫ്: 13).
'ഫതാ' എന്ന ഏകവചനം കഹ്ഫ് അധ്യായത്തില്‍, സത്യവിശ്വാസിയായ യുവാവായ 'യൂശഉ ബ്‌നു നൂനി'നെയാണ് വിവക്ഷിച്ചിരിക്കുന്നത്.
وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ
(മൂസാ തന്റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു): രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്നു കഴിയുകയോ ചെയ്യുന്നതുവരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്നുകൊണ്ടേയിരിക്കും - കഹ്ഫ്: 60).
الفتيان
'ഫിത്‌യാന്‍' എന്ന പദം ഖുര്‍ആനില്‍ ഒരു തവണ മാത്രമേ വന്നിട്ടുള്ളൂ. സൂറ യൂസുഫില്‍ 62-ാം സൂക്തം. യൂസുഫ് നബിയുടെ സേവകരാണ് അവിടെ ഫിത്‌യാന്‍ എന്നതിന്റെ വിവക്ഷ.
وَقَالَ لِفِتْيَانِهِ اجْعَلُوا بِضَاعَتَهُمْ فِي رِحَالِهِمْ لَعَلَّهُمْ يَعْرِفُونَهَا إِذَا انقَلَبُوا إِلَىٰ أَهْلِهِمْ لَعَلَّهُمْ يَرْجِعُونَ
'അദ്ദേഹം (യൂസുഫ്) തന്റെ ഭൃത്യന്മാരോട് പറഞ്ഞു: നിങ്ങള്‍ അവര്‍ കൊണ്ടുവന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ വെക്കുക. അവര്‍ അവരുടെ കുടുംബത്തില്‍ തിരിച്ചെത്തുമ്പോള്‍ അവരത് മനസ്സിലാക്കിക്കൊള്ളും. അവര്‍ ഒരുവേള മടങ്ങിവന്നേക്കാം - യൂസുഫ്: 62).
ദാസ്യം, അടിമത്തം യൗവനം അര്‍ഥങ്ങളുള്ള 'ഫുതുവ്വ'യില്‍നിന്നാണ്. 'ഫിത്‌യാന്‍' എന്നത് വികസിച്ചത്. യൂസുഫ് ഈജിപ്തിലെ രാജാവിന്റെ ദാസനാണ്. അഥവാ, രാജ്ഞിയുടെ ദാസനാണ്.
وَقَالَ نِسْوَةٌ فِي الْمَدِينَةِ امْرَأَتُ الْعَزِيزِ تُرَاوِدُ فَتَاهَا عَن نَّفْسِهِ ۖ قَدْ شَغَفَهَا حُبًّا ۖ
(നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭുവിന്റെ ഭാര്യ തന്റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു - യൂസുഫ്: 30).
ജയിലില്‍ യൂസുഫിനോടൊപ്പം രാജാവിന്റെ രണ്ടു സേവകര്‍ പ്രവേശിച്ചു:
وَدَخَلَ مَعَهُ السِّجْنَ فَتَيَانِ ۖ
(അവനോടൊപ്പം -യൂസുഫിനൊപ്പം- രണ്ടു യുവാക്കളും ജയിലില്‍ പ്രവേശിച്ചു - യൂസുഫ് 36).
മുകളില്‍ പറഞ്ഞതില്‍നിന്ന് ഇങ്ങനെ സംഗ്രഹിക്കാം:
സത്യവിശ്വാസത്തിലും സല്‍ക്കര്‍മത്തിലും അധിഷ്ഠിതമായ യുവത്വത്തിന്റെ ഉടമകളെ കഹ്ഫ് അധ്യായത്തില്‍ 'ഫിത്‌യഃ' എന്നു വിശേഷിപ്പിച്ചു. അടിമത്തത്തിലും ദാസ്യത്തിലും അധിഷ്ഠിതമായ യൗവനത്തെ 'ഫിത്‌യാന്‍' എന്നും വിശേഷിപ്പിച്ചു.
الأَمْن - اَلْأَمَنَة
الأمن _ الأمنة എന്നീ രണ്ടു പദങ്ങളും ഒരു അര്‍ഥത്തിലാണ് ചിലര്‍ പരിഗണിച്ചു വരുന്നത്. ഇത് സൂക്ഷ്മമല്ല. ഖുര്‍ആനില്‍ രണ്ടു പദങ്ങളും വ്യത്യസ്ത അര്‍ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.
الأمن (ഭയകാരണം നീങ്ങുന്നതോടെ ഉണ്ടാവുന്ന മനഃസമാധാനം)
الأمنഎന്ന പദം ഖുര്‍ആനില്‍ അഞ്ചു തവണ ഉപയോഗിച്ചിരിക്കുന്നു.
فَأَيُّ الْفَرِيقَيْنِ أَحَقُّ بِالْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ ﴿٨١﴾ الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾
(അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍; (പറയൂ) നിങ്ങള്‍ക്കറിയാമെങ്കില്‍. വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം (ശിര്‍ക്ക്) കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നിര്‍ഭയത്വം പ്രാപിച്ചവര്‍ - അന്‍ആം 81,82).
ഇബ്‌റാഹീം നബിയെ അദ്ദേഹത്തിന്റെ ജനത ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തപ്പോള്‍, താനോ നിങ്ങളോ ആരാണ് ഭയപ്പെടാനും നിര്‍ഭയരായിരിക്കാനും യഥാര്‍ഥത്തില്‍ അര്‍ഹരെന്ന് ചോദിക്കുന്നതാണ് ഒരു രംഗം (രണ്ടു വിഭാഗങ്ങളില്‍ ആരാണ് നിര്‍ഭയത്വത്തിന് ഏറ്റവും അര്‍ഹര്‍?). ചോദ്യത്തിന്റെ ഖണ്ഡിതമായ ഉത്തരം ഇബ്‌റാഹീം നബി തന്നെ പറയുന്നു: (സത്യവിശ്വാസം സ്വീകരിക്കുകയും തങ്ങളുടെ വിശ്വാസത്തെ അക്രമവുമായി
കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവര്‍, അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്).
സത്യവിശ്വാസികള്‍ക്ക് ഭയക്കേണ്ടതായ ഒരു കാരണവും സാഹചര്യവുമില്ല. എല്ലാ അര്‍ഥത്തിലുള്ള നിര്‍ഭയത്വവും അതിന്റേതായ ജീവിതാനന്ദവും അവര്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നര്‍ഥം.
സത്യവിശ്വാസികള്‍ക്ക് ചെയ്ത അനുഗ്രഹമായി അല്ലാഹു എടുത്തു പറയുന്നതു കാണുക:
وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا ۚ
(നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെത്തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് തൃപ്തിപ്പെട്ടു കൊടുക്കുന്ന അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിനു ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന് - നൂര്‍ 55).
മേല്‍ സൂക്തത്തില്‍ സത്യവിശ്വാസികള്‍ക്ക് ഭയാവസ്ഥക്കു പകരം നിര്‍ഭയാവസ്ഥ പ്രദാനം ചെയ്യുമെന്ന് സന്തോഷവാര്‍ത്ത നല്‍കിയിരിക്കുന്നു. അതായത്, ഭയാനന്തരം അവര്‍ക്ക് നിര്‍ഭയത്വം ലഭിച്ചിരിക്കും. അതുവഴി ഭയം സ്വാഭാവികമായും നീങ്ങിപ്പോവും.
الأمنة: (ഭയകാരണം ഉള്ളതോടൊപ്പം ലഭ്യമാവുന്ന മനഃസമാധാനം).
أمنة എന്ന പദം ഖുര്‍ആനില്‍ രണ്ടുതവണ ഉപയോഗിച്ചിരിക്കുന്നു. ഒരേ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നേടത്താണ് രണ്ടും പ്രയോഗിച്ചിരിക്കുന്നത്.
സത്യനിഷേധികള്‍ക്ക് നേരെ നടത്തുന്ന പോരാട്ടങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അല്ലാഹു നല്‍കുന്ന സ്ഥൈര്യവും, അവര്‍ക്കു പിന്തുണയായി മലക്കുകളെ നിയോഗിക്കുന്നതും മഴവര്‍ഷിക്കുന്നതും മയക്കം പോലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നതും പോലുള്ളവയാണ് 'അമനത്ത്' എന്നതിന്റെ വിവക്ഷ.
ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് സ്ഥൈര്യം നല്‍കിയതു സംബന്ധിച്ച് അല്ലാഹു പറയുന്നു:
إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّنَ السَّمَاءِ مَاءً لِّيُطَهِّرَكُم بِهِ وَيُذْهِبَ عَنكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ الْأَقْدَامَ
(അല്ലാഹു തന്നില്‍നിന്നുള്ള നിര്‍ഭയത്വം നല്‍കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്‍ഷിപ്പിച്ചു തരികയും ചെയ്ത സന്ദര്‍ഭം. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്‍നിന്ന് പൈശാചികമായ മ്ലേഛത നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ഉറപ്പിച്ചുനിര്‍ത്താനും - അന്‍ഫാല്‍ 11).
ഉഹുദ് യുദ്ധ പശ്ചാത്തലത്തില്‍ ഖുര്‍ആന്‍ പറയുന്നു:
ثُمَّ أَنزَلَ عَلَيْكُم مِّن بَعْدِ الْغَمِّ أَمَنَةً نُّعَاسًا يَغْشَىٰ طَائِفَةً مِّنكُمْ ۖ
(പിന്നെ, ആ ദുഃഖത്തിനുശേഷം അല്ലാഹു നിങ്ങള്‍ക്ക് എല്ലാം മറന്ന് മയങ്ങിയുറങ്ങാവുന്ന ശാന്തി നല്‍കി. നിങ്ങളിലൊരു വിഭാഗം ആ മയക്കത്തിന്റെ ശാന്തത അനുഭവിച്ചു - ആലുഇംറാന്‍ 154).
ബദ്‌റിലും ഉഹുദിലും പോരാളികളായ സത്യവിശ്വാസികള്‍ക്ക് അവരുടെ ഭയം നീങ്ങത്തക്കവിധവും ദുഃഖം ഇല്ലാതാക്കുംവിധവും അല്ലാഹു മയക്കം നല്‍കി എന്നതാണ് ഇവിടെ വിവക്ഷ.
ഭയചകിതര്‍ക്ക് എത്ര ശ്രമിച്ചാലും ഉറങ്ങാന്‍ കഴിയില്ല. മനോവിഷമമുള്ളവരും തഥൈവ. എന്നാല്‍ ബദ്‌റില്‍ ശത്രുക്കളെക്കുറിച്ച് ഭയന്നിരുന്ന സത്യവിശ്വാസികളില്‍നിന്ന് ഭയത്തിന്റെ എല്ലാ കണികകളും ഇല്ലാതാവാന്‍ അവരെ മയക്കുകയുണ്ടായി. ഉഹുദില്‍ മനോദുഃഖത്തിലായിരുന്ന സ്വഹാബികളെയും ഇതേവിധം മയക്കുകയുണ്ടായി.
എന്നാല്‍ അതുകൊണ്ടെല്ലാം ബദ്‌റിലും ഉഹുദിലും ഭയത്തിന്റെ കാരണങ്ങള്‍ ഇല്ലാതായോ? ഇല്ല. ഭയകാരണങ്ങളും സാഹചര്യങ്ങളും അപ്പോഴും നിലവിലുണ്ടായിരുന്നു. കാരണം, ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു.
أمنة എന്നത്, പോരാളിയുടെ മനസ്സില്‍ സംജാതമാകുന്ന നിര്‍ഭയത്വവും മനശ്ശാന്തിയുമാണ്. അത് ആന്തരികവും മാനസികവുമായ അഭൗതികാനുഭവമാണ്. അയാളുടെ ചുറ്റും ഭയത്തിന്റെയും അപകടത്തിന്റെയും കാരണങ്ങള്‍ അപ്പോഴും പൊതിഞ്ഞു നില്‍പുണ്ടാവും.
ചുരുക്കത്തില്‍, 'അംന്', 'അമനത്ത്' തമ്മിലെ അന്തരം ഇത്രയുമാണ്:
തന്റെ ചുറ്റില്‍നിന്നും ഭയത്തിന്റെയും അപകടത്തിന്റെയും കാരണങ്ങള്‍ നീങ്ങി, സത്യവിശ്വാസിക്ക് അനുഭവവേദ്യമാകുന്ന നിര്‍ഭയത്വവും ശാന്തിയുമാണ് 'അംന്' എന്നതിന്റെ വിവക്ഷ.
'അമനത്ത്' എന്നാല്‍ തന്റെ ചുറ്റിലും ഭയത്തിന്റെയും അപകടത്തിന്റെയും സാഹചര്യങ്ങള്‍ നിലവിലുള്ളപ്പോഴും സത്യവിശ്വാസിക്ക് അനുഭവവേദ്യമാകുന്ന നിര്‍ഭയത്വമാണ്. യുദ്ധസാഹചര്യത്തില്‍ മാത്രമേ 'അമനത്ത്' എന്ന പദം ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളൂ.