അല്ലാഹുവിലുള്ള വിശ്വാസം പ്രമാണ വായന

ഡോ. മുഹമ്മദ് നഈം യാസീന്‍‌‌
img

അല്ലാഹു പറയുന്നു:

آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللّهِ وَمَلآئِكَتِهِ وَكُتُبِهِ وَرُسُلِهِ لاَ نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ
'തന്റെ രക്ഷിതാവിങ്കല്‍നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില്‍ ആര്‍ക്കും ഇടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല (എന്നതാണ് അവരുടെ നിലപാട്)' (ബഖറ: 285).

يَا أَيُّهَا الَّذِينَ آمَنُواْ آمِنُواْ بِاللّهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَى رَسُولِهِ وَالْكِتَابِ الَّذِيَ أَنزَلَ مِن قَبْلُ وَمَن يَكْفُرْ بِاللّهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ فَقَدْ ضَلَّ ضَلاَلاً بَعِيدًا
'സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്‍ മുമ്പ് അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവരും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു' (നിസാഅ്: 136).

لَّيْسَ الْبِرَّ أَن تُوَلُّواْ وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـكِنَّ الْبِرَّ مَنْ آمَنَ بِاللّهِ وَالْيَوْمِ الآخِرِ وَالْمَلآئِكَةِ وَالْكِتَابِ وَالنَّبِيِّينَ
'നിങ്ങളുടെ മുഖങ്ങളെ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും........ ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍ ' (ബഖറ: 177).

ഒരു ഗ്രാമീണ അറബിയുടെ രൂപത്തില്‍ നബി(സ)യുടെ  മുമ്പാകെ പ്രത്യക്ഷപ്പെട്ട ജിബ്‌രീല്‍ ഈമാന്‍ കാര്യങ്ങള്‍ പഠിപ്പിച്ചത് ഇങ്ങനെയാണ്:

أَنْ تُؤْمِنَ بِاللَّهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ
'അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും നന്മയായും തിന്മയായും സംഭവിക്കുന്ന ദൈവിക വിധിയിലും വിശ്വസിക്കുക എന്നതത്രെ ഈമാന്‍.'1
മുകളില്‍ പറഞ്ഞ ആറു കാര്യങ്ങളാണ് ഈ മാനിന്റെ അടിസ്ഥാന ആധാരങ്ങള്‍. ലോകത്ത് വന്ന ദൂതന്മാരുടെയും വേദഗ്രന്ഥങ്ങളുടെയും സാരവും സത്തയും അവയാണ്. ആറു കാര്യങ്ങളും ഖുര്‍ആനും സുന്നത്തും വിവരിച്ച പ്രകാരം ഒരുപോലെ ഒന്നിച്ച് വിശ്വസിക്കുമ്പോള്‍ മാത്രമേ ഒരാള്‍ യഥാര്‍ഥ വിശ്വാസി ആവുന്നുള്ളൂ. ഇവയില്‍ ഏതെങ്കിലും ഒന്ന് നിഷേധിച്ചവന്‍ ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് പുറത്താണ്.

അല്ലാഹുവിലുള്ള വിശ്വാസം
അല്ലാഹുവില്‍ വിശ്വസിക്കുക എന്നതിന്റെ വിവക്ഷ, അല്ലാഹുവാണ് എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവും നാഥനും ഉടമസ്ഥനും എന്ന് ദൃഢമായും ഹൃദയംഗമമായും വിശ്വസിക്കുകയും അവന്‍ മാത്രമാണ് നമസ്‌കാരം, നോമ്പ്, പ്രാര്‍ഥന, ഭയം, വിനയം,  വിധേയത്വം മുതലായ എല്ലാ ഇബാദത്തുകള്‍ക്കും അര്‍ഹനെന്ന് അംഗീകരിക്കുകയുമാണ്. അതോടൊപ്പം അല്ലാഹു എല്ലാതരം ന്യൂനതകളില്‍ നിന്നും മുക്തന്‍ ആണെന്നും എല്ലാ പൂര്‍ണതകളും സ്വയമേവ തന്നെ ഉള്ളവന്‍ ആണെന്നും സമ്മതിക്കുക കൂടി വേണം.
ഇതനുസരിച്ച് അല്ലാഹുവിലുള്ള വിശ്വാസത്തിന് മൂന്ന് തലങ്ങളുണ്ട്:
1. الربوبيّة    2. الألوهيّة      3. الأسماء والصّفات
മേല്‍ മൂന്ന് തലങ്ങളിലും ഏകത്വം അംഗീകരിക്കണം. അതായത്, അല്ലാഹുവിനെ റബ്ബായും ഇലാഹായും അംഗീകരിക്കുകയും എല്ലാ പൂര്‍ണതയും സവിശേഷതകളും മഹത്തായ നാമവിശേഷണങ്ങളും അല്ലാഹുവിന് മാത്രമാണെന്ന് സമ്മതിച്ചിരിക്കുകയും വേണം. ചുരുക്കത്തില്‍, അല്ലാഹുവാണ് എല്ലാ വസ്തുക്കളുടെയും റബ്ബ് എന്നും അവനല്ലാതെ മറ്റൊരു റബ്ബില്ലെന്നും അവന്‍ എല്ലാറ്റിന്റെയും ഇലാഹാണെന്നും മറ്റൊരു ഇലാഹ് ഇല്ലേ ഇല്ലെന്നും   ഗുണവിശേഷണങ്ങളിലും നാമങ്ങളിലും അവന്‍ മാത്രമാണ് സമ്പൂര്‍ണനെന്നും വിശ്വസിക്കുമ്പോഴാണ് ഒരാള്‍ അല്ലാഹുവില്‍ വിശ്വസിച്ചവന്‍ എന്ന അംഗീകാരത്തിന് അര്‍ഹനാകുന്നത്.

മുകളില്‍ പറഞ്ഞ തൗഹീദിന്റെ മൂന്നു ഇനങ്ങളും അല്ലാഹുവിലുള്ള വിശ്വാസം എന്ന ആശയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.2

തൗഹീദുര്‍റുബൂബിയ്യഃ
അല്ലാഹുവാണ് എല്ലാ വസ്തുക്കളുടെയും നാഥനും രക്ഷിതാവും എന്നും അവനല്ലാതെ ആ അര്‍ഥത്തില്‍ മറ്റൊരാളും ഇല്ലെന്നും ദൃഢമായി വിശ്വസിക്കുക എന്നാണ് തൗഹീദുര്‍റുബൂബിയ്യഃ എന്നതിന്റെ വിവക്ഷ.
റബ്ബ് എന്നാല്‍ ഉടമസ്ഥനും നിയന്ത്രകനും. സൃഷ്ടികളുടെ മേല്‍  അല്ലാഹുവിന്റെ റുബൂബിയത്ത് എന്നാല്‍ സൃഷ്ടികളെ സൃഷ്ടിച്ചതും ഉടമപ്പെടുത്തിയതും അവരുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും അല്ലാഹു ആണെന്ന് സാരം. റുബൂബിയ്യത്തിലെ ഏകത്വം എന്നാല്‍ അല്ലാഹു മാത്രമാണ് സൃഷ്ടികളുടെ സ്രഷ്ടാവും ഉടമസ്ഥനും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും ഉപകാരവും ഉപദ്രവവും ചെയ്യുന്നവനും ഏതു ഘട്ടത്തിലും പ്രാര്‍ഥനകള്‍ക്ക് ഉത്തരം ചെയ്യുന്നവനും തരുന്നവനും തരാതിരിക്കുന്നവനും എല്ലാം നിയന്ത്രണത്തില്‍ ഒതുക്കിയവനും എന്ന് സാരം

أَلاَ لَهُ الْخَلْقُ وَالأَمْرُ تَبَارَكَ اللّهُ رَبُّ الْعَالَمِينَ

'അറിയുക, സൃഷ്ടിയും ശാസനയും അവന് മാത്രമാകുന്നു. ലോകരക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു' (അഅ്‌റാഫ്: 54). അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസവും ഈ തൗഹീദിന്റെ ഭാഗമാണ്. അതായത് എല്ലാം അല്ലാഹുവിന്റെ അറിവോടെയും ഉദ്ദേശ്യത്തോടെയും കഴിവോടെയുമാണ് സംഭവിക്കുന്നത് എന്ന വിശ്വാസം.

മറ്റൊരു വിധം പറഞ്ഞാല്‍ സൃഷ്ടിപ്പ്, നിയന്ത്രണം, ഭേദഗതി, ലളിതമാക്കല്‍, വര്‍ധന, കുറവ്, ജീവിപ്പിക്കല്‍, മരിപ്പിക്കല്‍ മുതലായ എല്ലാ പ്രവൃത്തികളും ഏകനായ അല്ലാഹു മാത്രമാണ് നിര്‍വഹിക്കുന്നത്. അതില്‍ മറ്റാര്‍ക്കും പങ്കില്ല.

ഈ ഇനം തൗഹീദിനെപ്പറ്റി പറയാത്ത ഒരു അധ്യായം പോലും ഖുര്‍ആനില്‍ ഇല്ലെന്നു പറയാം.  ഇനി വിശദീകരിക്കാനുള്ള തൗഹീദുല്‍ ഉലൂഹിയ്യത്തിന്റെ അടിസ്ഥാനമാണ് തൗഹീദുര്‍റുബൂബിയ്യഃ - കാരണം ആരാണോ സ്രഷ്ടാവും ഉടമസ്ഥനും നിയന്ത്രകനും അവന്‍ മാത്രമാണ് ഇബാദത്തിനും വണക്കത്തിനും വിധേയത്വത്തിനും അര്‍ഹന്‍. അവന്‍ മാത്രമാണ് സ്തുതിക്കും നന്ദിക്കും സ്മരണക്കും പ്രാര്‍ഥനക്കും പ്രതീക്ഷ അര്‍പ്പിക്കാനും ഭയപ്പെടാനും മറ്റും അര്‍ഹന്‍. ആരാണോ സൃഷ്ടിക്കുന്നതും ശാസിക്കുന്നതും അവന്‍ മാത്രമാണ് ഇബാദത്തിന് അര്‍ഹന്‍.4

സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമായ അല്ലാഹു മാത്രമാണ് മഹത്വത്തിന്റെയും സൗന്ദര്യത്തിന്റെയും പൂര്‍ണതയുടെയും സമസ്ത വിശേഷണങ്ങള്‍ക്കും യഥാര്‍ഥത്തില്‍ അര്‍ഹന്‍. ജീവിപ്പിക്കുകയോ മരിപ്പിക്കുകയോ  കേള്‍ക്കുകയോ കാണുകയോ സംസാരിക്കുകയോ വാക്കര്‍മങ്ങളില്‍ യുക്തിജ്ഞത ഇല്ലാതിരിക്കുകയോ ചെയ്യുന്നയാളില്‍ റുബൂബിയ്യത്ത് ആരോപിക്കുന്നത് ഒട്ടുമേ ന്യായീകരണം അര്‍ഹിക്കുന്നില്ല.
അതുകൊണ്ടുതന്നെ തൗഹീദുര്‍റുബൂബിയ്യത്ത് അല്ലാഹുവിനുള്ള സ്തുതി, ഇബാദത്ത്, അവനുള്ള വിധേയത്വം, അനുസരണം, സദ്ഗുണ നാമങ്ങള്‍ എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഇടത്താണ് ഖുര്‍ആനില്‍ വന്നതെന്ന് കാണാം. ഉദാഹരണം, അസ്മാഉല്‍ ഹുസ്‌ന പരാമര്‍ശിക്കുന്നേടത്ത്:
الْحَمْدُ للّهِ رَبِّ الْعَالَمِينَ
 - 'സര്‍വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു' (ഫാത്തിഹ: 2).
فَلِلَّهِ الْحَمْدُ رَبِّ السَّمَاوَاتِ وَرَبِّ الْأَرْضِ رَبِّ الْعَالَمِينَ
 -'ആയതിനാല്‍, സര്‍വസ്തുതിയും ലോകരക്ഷിതാവായ, ആകാശങ്ങളുടെയും ഭൂമിയുടെയും നാഥനായ അല്ലാഹുവിനാകുന്നു' (ജാസിയ: 36). അല്ലാഹുവോടുള്ള നിഷ്‌കളങ്കമായ ആഭിമുഖ്യം വിവരിക്കുന്നിടത്ത്:
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ
'നബിയേ താങ്കള്‍ പറയുക. എന്റെ നമസ്‌കാരവും എന്റെ ബലികര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും സര്‍വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു.'

قُلْ إِنَّ هُدَى اللّهِ هُوَ الْهُدَىَ وَأُمِرْنَا لِنُسْلِمَ لِرَبِّ الْعَالَمِينَ
'നബിയേ, താങ്കള്‍ പറയുക. തീര്‍ച്ചയായും അല്ലാഹുവിന്റെ സന്മാര്‍ഗം ആണ് സന്മാര്‍ഗം. സര്‍വലോക രക്ഷിതാവായ നാഥനെ കീഴ്‌പ്പെടാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു' (അന്‍ആം: 71).

قُلْ أَغَيْرَ اللّهِ أَتَّخِذُ وَلِيًّا فَاطِرِ السَّمَاوَاتِ وَالأَرْضِ وَهُوَ يُطْعِمُ وَلاَ يُطْعَمُ قُلْ إِنِّيَ أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ وَلاَ تَكُونَنَّ مِنَ الْمُشْرِكَينَ
'നബിയേ, താങ്കള്‍ പറയുക. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവിനെയല്ലാതെ രക്ഷാധികാരിയെ സ്വീകരിക്കുകയോ? അവന്‍ ആഹാരം തരുന്നു, അവന് ആരും ആഹാരം നല്‍കുന്നില്ല. താങ്കള്‍ പറയുക: തീര്‍ച്ചയായും ഞാന്‍ (അല്ലാഹുവിന്) അനുസരണയുള്ള ഒന്നാമന്‍ ആവണമെന്നും ബഹുദൈവ വിശ്വാസികളില്‍ പെടരുതെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു' (അന്‍ആം: 14).
മുകളിലെ സൂക്തങ്ങളെല്ലാം അല്ലാഹുവിനു സ്വന്തമായ സദ്ഗുണ നാമങ്ങളെയും അവന്‍ നിര്‍വഹിച്ചു പോരുന്ന പ്രവര്‍ത്തനങ്ങളെയും നല്‍കിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെയും മുന്‍നിര്‍ത്തി അവന്റെ ഏകത്വം വിളംബരം ചെയ്യുന്നവയാണ്.
തൗഹീദ് എടുത്ത് പറഞ്ഞുകൊണ്ടാണ് പ്രാര്‍ഥനയും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്:

أَلاَ لَهُ الْخَلْقُ وَالأَمْرُ تَبَارَكَ اللّهُ رَبُّ الْعَالَمِينَ .  ادْعُواْ رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لاَ يُحِبُّ الْمُعْتَدِينَ
'അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവനു തന്നെയാണ്. ലോക രക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണനായിരിക്കുന്നു. താഴ്മയോടുകൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധിവിട്ടു പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല' (അഅ്‌റാഫ്: 54,55).
ഇബാദത്ത് പരാമര്‍ശിക്കുമ്പോഴും റുബൂബിയ്യത്തുമായി ബന്ധപ്പെടുത്തിയാണ് ഖുര്‍ആന്റെ പ്രയോഗം:
وَمَا لِي لاَ أَعْبُدُ الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ
'ഏതൊരുവന്‍ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നുവോ അവനെ ഞാന്‍ ഇബാദത്ത് ചെയ്യാതിരിക്കാന്‍ എനിക്കെന്തു ന്യായം?' (യാസീന്‍ 22)
يَا أَيُّهَا النَّاسُ اعْبُدُواْ رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ . الَّذِي جَعَلَ لَكُمُ الأَرْضَ فِرَاشاً وَالسَّمَاء بِنَاء وَأَنزَلَ مِنَ السَّمَاء مَاء فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقاً لَّكُمْ فَلاَ تَجْعَلُواْ لِلّهِ أَندَاداً وَأَنتُمْ تَعْلَمُونَ


'ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ഇബാദത്ത് ചെയ്യുവിന്‍. നിങ്ങള്‍ ഭക്തിയുള്ളവരായേക്കാം. നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പ്പുരയുമാക്കി തരികയും ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അതു മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചുതരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്' (ബഖറ: 21,22).
ചുരുക്കത്തില്‍, ആകാശഭൂമികളുടെയും അവയില്‍ ഉള്ളവരുടെയും നാഥനായ അല്ലാഹുവിനെയാണ് മനുഷ്യര്‍ തങ്ങളുടെ നാഥനായും രക്ഷാധികാരിയായും പ്രാര്‍ഥനക്കര്‍ഹനായും അഭിമുഖമായും കാണേണ്ടത്.

അല്ലാഹുവിന്റെ സദ്ഗുണ നാമങ്ങളായും സമുന്നതമായ വിശേഷണങ്ങളായും റുബൂബിയ്യത്തിനെ സംയോജിപ്പിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ആയത്തുല്‍ കുര്‍സി (ബഖറ: 255) അമരനും നിയന്താവും സര്‍വജ്ഞനും സംരക്ഷകനും ഉന്നതനും മഹാനുമായ അല്ലാഹുവിന്റെ റൂബൂബിയ്യത്തിനെ ഉദ്‌ഘോഷിക്കുന്നതാണ്. ഖാഫ് 16, മുല്‍ക്ക് 14 സൂക്തങ്ങള്‍ മറ്റു ചില ഉദാഹരണങ്ങളാണ്.

അല്ലാഹുവാണ് സര്‍വലോക സ്രഷ്ടാവും നാഥനും എന്ന് അംഗീകരിക്കുന്ന ചിലര്‍ പക്ഷേ അല്ലാഹുവിനുള്ള ഇബാദത്തിലും അവന്റെ നാമങ്ങളിലും വിശേഷണങ്ങളിലും മറ്റുള്ളവരെ പങ്കു ചേര്‍ക്കുകയോ സൃഷ്ടികളുടെ വിശേഷണങ്ങളുമായി സാദൃശ്യപ്പെടുത്തുകയോ അന്യഥാ വ്യാഖ്യാനിക്കുകയോ ചെയ്യുന്നു. ഇത് അവര്‍ക്ക് പ്രയോജനം ചെയ്യില്ല. സത്യനിഷേധത്തിന്റെ വൃത്തത്തില്‍നിന്ന് അത് അവരെ സത്യവിശ്വാസത്തിന്റെ വൃത്തത്തിലേക്ക് കടത്തുകയില്ല. മക്കയിലെ ബഹുദൈവ വിശ്വാസികള്‍ സ്രഷ്ടാവായ അല്ലാഹു മാത്രമേ ഉള്ളൂ എന്ന് സമ്മതിച്ചവരായിരുന്നു എന്ന് ഖുര്‍ആന്‍ തന്നെ എടുത്തു പറഞ്ഞതാണല്ലോ.5

അല്ലാഹുവിന്റെ റൂബൂബിയ്യത്ത് അംഗീകരിച്ച അവര്‍ അവന്റെ ഉലൂഹിയ്യത്തിനെ നിഷേധിച്ച് അല്ലാഹു അല്ലാത്തവരെ ഇബാദത്ത് ചെയ്തു. ചില നാമങ്ങളും വിശേഷണങ്ങളും നിഷേധിച്ചു. അതിനാല്‍ തന്നെ അവരെ കുറിച്ച് അല്ലാഹു പറഞ്ഞത് ഇങ്ങനെയാണ്:
وَمَا يُؤْمِنُ أَكْثَرُهُمْ بِاللّهِ إِلاَّ وَهُم مُّشْرِكُونَ

'അവരിലധികവും അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവരായല്ലാതെ വിശ്വസിക്കുന്നില്ല' (യൂസുഫ് 106) മുജാഹിദ് പറയുന്നു:

'അല്ലാഹുവാണ് ഞങ്ങളെ സൃഷ്ടിച്ചതും ആഹാരം തരുന്നതും മരിപ്പിക്കുന്നതും എന്ന് പറഞ്ഞ് അവര്‍ അവന്റെ കൂടെ അവന്‍ അല്ലാത്തവരെയും ഇബാദത്ത് ചെയ്തു'.6 ആകാശഭൂമികളെ സൃഷ്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ 'അല്ലാഹു' എന്നവര്‍ പറയും. അതോടൊപ്പം അവര്‍ അല്ലാഹുവില്‍ മറ്റുള്ളവരെ പങ്കുചേര്‍ത്തു.7
 وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّهُ 


'ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ അവര്‍ ഉറപ്പിച്ചു പറയും, അല്ലാഹു എന്ന്' (അസ്സുഖ്‌റുഫ്: 87).

قُلْ مَن يَرْزُقُكُم مِّنَ السَّمَاء وَالأَرْضِ أَمَّن يَمْلِكُ السَّمْعَ والأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيَّتَ مِنَ الْحَيِّ وَمَن يُدَبِّرُ الأَمْرَ فَسَيَقُولُونَ اللّهُ فَقُلْ أَفَلاَ تَتَّقُونَ
'പറയുക: ആകാശത്തുനിന്നും ഭൂമിയില്‍നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചയും അധീനപ്പെടുത്തിയവന്‍ ആരാണ്? ജീവനില്ലാത്തതില്‍നിന്ന് ജീവനുള്ളതും ജീവനുള്ളതില്‍നിന്ന് ജീവനില്ലാത്തതും  പുറപ്പെടുവിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?' (യൂനുസ്: 31).

അല്ലാഹുവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ് എന്ന്  അംഗീകരിക്കുന്ന എല്ലാവരും അല്ലാഹുവിന്റെ ദിവ്യത്വത്തിന്റെയും വിശേഷണങ്ങളുടെയും നാമങ്ങളുടെയും ഏകത്വത്തെ അംഗീകരിക്കുന്നവരായിരുന്നില്ല.8  അധിക മനുഷ്യരും സ്രഷ്ടാവിനെ നിഷേധിക്കുന്നവരോ സൃഷ്ടികള്‍ക്കുമേലുള്ള അവന്റെ റുബൂബിയ്യത്തിനെ നിരാകരിക്കുന്നവരോ അല്ല. അല്ലാഹു അല്ലാത്തവരെ ഇബാദത്ത് ചെയ്യുന്നു എന്നതാണ് കുഫ്‌റിനു കാരണമായി മാറുന്നത്.9

തൗഹീദുല്‍ ഉലൂഹിയ്യ
അല്ലാഹുവാണ് യഥാര്‍ഥ ദൈവമെന്നും അവന്‍ ഏകനാണെന്നും അവനല്ലാതെ മറ്റ് ദൈവങ്ങളില്ലെന്നും അവന് മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്നും ദൃഢമായി വിശ്വസിക്കുക എന്നത്രെ തൗഹീദുല്‍ ഉലൂഹിയ്യ എന്നതിന്റെ വിവക്ഷ. അതായത്, അല്ലാഹുവാണ് ഇലാഹ് അഥവാ യഥാര്‍ഥ ദൈവം.10 ഇലാഹ് എന്നാല്‍ ഇബാദത്തിന് അര്‍ഹന്‍. ഇബാദത്ത് എന്നാല്‍ വിധേയത്വം, വണക്കം, കീഴൊതുക്കം, ആരാധന എന്നെല്ലാമാണ് അര്‍ഥം.11 طريق معبد എന്നാല്‍ പാകപ്പെട്ട വഴി എന്നാണര്‍ഥം. പരമമായ സ്‌നേഹത്തോടെയുള്ള പൂര്‍ണ വിധേയത്വം എന്ന് ചില പണ്ഡിതന്മാര്‍ ഇബാദത്തിനെ നിര്‍വചിച്ചിരിക്കുന്നു.12

എല്ലാ ഇബാദത്തുകളം ബാഹ്യമായും ആന്തരികമായും നിഷ്‌കളങ്കമായിരിക്കുക, അതായത് അവയിലൊന്നുപോലും അല്ലാഹു അല്ലാത്തവര്‍ക്ക് ആവാതിരിക്കുക എന്നതാണ് തൗഹീദുല്‍ ഉലൂഹിയ്യത്തിന്റെ അടിസ്ഥാനം.

അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുന്ന സത്യവിശ്വാസിയുടെ സ്‌നേഹവും ഭയവും പ്രതീക്ഷയും പ്രാര്‍ഥനയും ഭരമേല്‍പ്പും അനുസരണവും   വിധേയത്വവും കീഴൊതുക്കവും  സകല ഇനം ഇബാദത്തുകളും അവനു മാത്രം ആയിരിക്കും.

ഈ തരത്തിലുള്ള ഏകദൈവ വിശ്വാസത്തില്‍ തൗഹീദിന്റെ എല്ലാ ഇനങ്ങളും തൗഹീദുര്‍റുബൂബിയ്യ, തൗഹീദുല്‍ ഉലൂഹിയ്യ, തൗഹീദു ല്ലാഹ് ഫില്‍ അസ്മാഇ വസ്വിഫാത്ത് - ഉള്‍പ്പെട്ടു. നേരെമറിച്ച് ഒരാള്‍ റബ്ബ് അല്ലാഹു ആണെന്ന് അംഗീകരിച്ചു എന്നതുകൊണ്ടുമാത്രം ഇലാഹ് -അല്ലാഹു  ആണെന്ന് അംഗീകരിച്ചു എന്നു വരില്ല, അല്ലാഹുവിനാണ് അയാള്‍ ഇബാദത്ത് ചെയ്യുന്നത് എന്ന് പറയാനാവില്ല.' അതുപോലെ നാമങ്ങളിലും വിശേഷണങ്ങളിലും ഉള്ള അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചു എന്നതുകൊണ്ട് തൗഹീദുര്‍റുബൂബിയ്യത്തും തൗഹീദുല്‍ ഉലൂഹിയ്യത്തും അംഗീകരിച്ചു എന്നു പറയാനാവില്ല.

എന്നാല്‍, സൃഷ്ടികള്‍ക്കു മേല്‍ അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലെ ഏകത്വം അംഗീകരിക്കുക വഴി ഇബാദത്തിന് അര്‍ഹന്‍ അവന്‍ മാത്രമാണെന്ന് അംഗീകരിക്കുകയും അവന്‍ അല്ലാത്തവരെ നിരാകരിക്കുകയും സമ്പൂര്‍ണ വിശേഷണങ്ങളും സവിശേഷ സദ്ഗുണ നാമങ്ങളും അല്ലാഹുവിനു മാത്രമാണെന്ന് വകവെച്ചുകൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസി എങ്ങനെയാണ് സൃഷ്ടിക്കുകയോ നിയന്ത്രിക്കുകയോ മറ്റോ ചെയ്തിട്ടില്ലാത്ത ഇല്ലാദൈവങ്ങള്‍ക്ക് ഇബാദത്ത് ചെയ്യുക?

ആയതിനാല്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശവാക്യം തൗഹീദുര്‍റുബൂബിയ്യ, തൗഹീദുല്‍ ഉലൂഹിയ്യ, തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്ത്  എന്നീ മൂന്ന് ഇനങ്ങളെയും സമഗ്രമായി ഉള്‍ക്കൊള്ളുന്നതാണ്.

ഇസ്‌ലാമിന്റെ പ്രഥമവും അന്തിമവും ബാഹ്യവും ആന്തരികവും എല്ലാമെല്ലാമായ മൗലിക സത്ത തൗഹീദാണ്. തൗഹീദില്‍ ഊന്നിയ ഇബാദത്തിനാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്.
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ

'എനിക്കുമാത്രം ഇബാദത്ത് ചെയ്യാനായല്ലാതെ ഞാന്‍ മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചിട്ടില്ല' (അദ്ദാരിയാത്ത്: 56).

ഇബ്‌നുതൈമിയ്യ എഴുതുന്നു: 'ഏകദൈവ വിശ്വാസികളെയും ബഹുദൈവ വിശ്വാസികളെയും വേര്‍തിരിക്കുന്നത് തൗഹീദാണ്. ദുന്‍യാവിലും പരലോകത്തും പ്രതിഫലവും രക്ഷയും നിര്‍ണയിക്കുന്നതും അതുതന്നെ. തൗഹീദ് അംഗീകരിച്ച് അനുഷ്ഠിക്കാത്തവന്‍ ബഹുദൈവ വിശ്വാസികളുടെ ഗണത്തിലാണ്.'13
അല്ലാഹു ദൂതന്മാരെ നിയോഗിച്ചതും ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും ഇതിനുവേണ്ടിയാണ്. ഇത് അടിസ്ഥാന ദൗത്യം അല്ലാതിരുന്ന ഒരു നബിയും ലോകത്ത് വന്നിട്ടില്ല.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولاً أَنِ اعْبُدُواْ اللّهَ وَاجْتَنِبُواْ الطَّاغُوتَ
'അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, അല്ലാഹു വേതര ശക്തികളെ വെടിയുക എന്ന് ആഹ്വാനം നല്‍കുന്നതിനാണ് എല്ലാ സമുദായങ്ങളിലും നാം ദൂതന്മാരെ നിയോഗിച്ചിരിക്കുന്നത്' (നഹ്ല്‍ 36).
وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ
'ഞാനല്ലാതെ ദൈവമായി ആരുമില്ല, അതിനാല്‍ എനിക്ക് ഇബാദത്ത് ചെയ്യുക എന്ന സന്ദേശം ദിവ്യബോധനം ആയി നല്‍കാതെ താങ്കള്‍ക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല' (അമ്പിയാഅ് 25). നൂഹ്, ഹൂദ്, സ്വാലിഹ്, ശുഐബ് എന്നീ നബിമാരെല്ലാം, 'നിങ്ങള്‍ അല്ലാഹുവിനെ ഇബാദത്ത് ചെയ്യുക, അവനല്ലാതെ നിങ്ങള്‍ക്ക് മറ്റൊരു ദൈവമില്ല' എന്ന് അതത് സമൂഹങ്ങളോട് പ്രഖ്യാപിച്ചിരുന്നു (മുഅ് മിനൂന്‍ 23, ഹൂദ് 61, അഅ്‌റാഫ് 65). ഇബ്‌റാഹീം നബി തന്റെ ജനതയോട് പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നതും അതു തന്നെ:
إِنِّي وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًاۖ وَمَا أَنَا مِنَ الْمُشْرِكِينَ
'ഞാന്‍ ഋജുമാനസനായി, ആകാശഭൂമികളെ സൃഷ്ടിച്ചവന്റെ നേരെ എന്റെ മുഖം തിരിച്ചുവെച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല.'
 ഇസ്‌ലാമിന്റെ മൗലിക സത്ത തൗഹീദ് ആയതിനാല്‍ അതില്‍ ഊന്നിയ രണ്ട് സാക്ഷ്യങ്ങള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളായി നിശ്ചയിച്ചിരിക്കുന്നു.
بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ
അഞ്ച് അടിസ്ഥാനങ്ങളിലാണ് ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ദൈവമില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക.....14
ഇങ്ങനെ സാക്ഷ്യം വഹിക്കുന്ന മുസ്ലിം താഴെ പറയുന്ന നാല് കാര്യങ്ങള്‍ ജീവിതത്തിലൂടെ സാക്ഷാത്കരിക്കണം:
1. നിഷ്‌കളങ്കമായ  സ്‌നേഹം അല്ലാഹുവിന് മാത്രമായിരിക്കണം. അല്ലാഹുവിനു തുല്യം മറ്റാരെയും സ്‌നേഹിക്കരുത്. അങ്ങനെയായാല്‍ അത് ശിര്‍ക്കായി മാറും.

وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّهِۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّهِۗ

'മനുഷ്യരില്‍ അല്ലാഹുവിനെ കൂടാതെ അവന് സമന്മാരെ സ്വീകരിക്കുന്നവരുണ്ട്. അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോലെ അവര്‍ അവരെ സ്‌നേഹിക്കുന്നു. സത്യവിശ്വാസികളാവട്ടെ അല്ലാഹുവിനെ അത്യധികം സ്‌നേഹിക്കുന്നവരാണ്' (ബഖറ 165). അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോലെ, അവന് സമനായി മറ്റൊരാളെ സ്‌നേഹിക്കുന്നത് മഹാപാപമാണ്.15

സ്വന്തത്തോടും മാതാപിതാക്കളോടും ദേശത്തോടും സമ്പത്തുക്കളോടും മറ്റും സ്‌നേഹം ഉണ്ടാവുക എന്നത് മനുഷ്യസാധാരണമായ വൈകാരിക അനുഭവമാണ്. അല്ലാഹുവിന് സമ്പൂര്‍ണമായി സമര്‍പ്പിക്കുക എന്നാല്‍ ഈ വൈകാരിക ഭാവത്തെ കുഴിച്ചുമൂടുക എന്നല്ല, പ്രത്യുത ഭൗതികലോകത്തെ എന്തിനോടുമുള്ള സ്‌നേഹം അല്ലാഹുവിനോടുള്ള സ്‌നേഹത്തിനു വിധേയവും അതിന് എതിരാകാതിരിക്കുകയുമാണ്. അല്ലാഹുവിന്റെയും അല്ലാഹുവേതരരുടെയും താല്‍പ്പര്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ അല്ലാഹുവിന് മുന്‍ഗണന നല്‍കണമെന്ന് അര്‍ഥം. തൗബ ഇരുപത്തിനാലാം സൂക്തം അല്ലാഹുവിനേക്കാള്‍ മറ്റുള്ളവര്‍ക്ക് പരിഗണന നല്‍കുന്നതിനെ ശക്തമായി നിരാകരിക്കുന്നതാണ്.
2. അല്ലാഹുവിനു മാത്രം കഴിയുന്ന വിഷയങ്ങളില്‍ അവനില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചും തവക്കുല്‍ ചെയ്തും പ്രാര്‍ഥിക്കുകയാണ് വേണ്ടത്.

وَلَا تَدْعُ مِن دُونِ اللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ الظَّالِمِينَ

'നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവയെ നീ വിളിച്ച് പ്രാര്‍ഥിക്കരുത്. അങ്ങനെ ചെയ്താല്‍ നീ അക്രമികളില്‍ പെട്ടവനായിരിക്കും' (യുനുസ് 106).
وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
 'നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക' (മാഇദ: 21).

إِنَّ الَّذِينَ آمَنُوا وَالَّذِينَ هَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ أُولَٰئِكَ يَرْجُونَ رَحْمَتَ اللَّهِۚ
'തീര്‍ച്ചയായും സത്യവിശ്വാസം കൈക്കൊള്ളുകയും പലായനം ചെയ്യുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുകയും ചെയ്തവര്‍ അല്ലാഹുവിന്റെ കാരുണ്യത്തെ ആഗ്രഹിക്കുന്നു' (ബഖറ 218).
3. ആത്യന്തികമായ ഭയം അല്ലാഹുവിനോട് മാത്രം ആയിരിക്കണം. ഏതെങ്കിലും സൃഷ്ടികള്‍ക്ക് സ്വേഛയാലും സ്വശക്തിയാലും ഉപദ്രവം ചെയ്യാന്‍ കഴിയും എന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കായി മാറും.
فَإِيَّايَ فَارْهَبُونِ
 -'അതിനാല്‍ നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക' (നഹ്ല്‍ 51).

وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِۚ وَهُوَ الْغَفُورُ الرَّحِيمُ
'അല്ലാഹു താങ്കള്‍ക്ക് എന്തെങ്കിലും ദുരിതങ്ങള്‍ വരുത്തിയാല്‍ അവനല്ലാതെ അത് നീക്കിക്കളയുന്നവനായില്ല. അവന്‍ നിനക്ക് വല്ല നന്മയും ഉദ്ദേശിച്ചാല്‍ അവന്റെ ഔദാര്യം തടയാന്‍ മറ്റാരുമില്ല. അത് അവന്റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു. അവന്‍ കൂടുതലായി പൊറുക്കുന്നവനും കരുണാനിധിയുമാണ്. (യൂനുസ് 107).
4. നമസ്‌കാരം, റുകൂഅ്, സുജൂദ്, നോമ്പ്, ബലി, ത്വവാഫ് പോലുള്ള ശാരീരികവും, ദിക്‌റ്, പ്രാര്‍ഥന പോലുള്ള വാചികവുമായ എല്ലാതരം ഇബാദത്തുകളും അല്ലാഹുവിന് മാത്രമായിരിക്കണം.
ഇവയില്‍ ഏതെങ്കിലും അല്ലാഹു അല്ലാത്തവര്‍ക്ക് സമര്‍പ്പിക്കുന്നത് ശിര്‍ക്കാണ്.

إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُۚ وَمَن يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا

‘തീര്‍ച്ചയായും അല്ലാഹു തന്നില്‍ പങ്കുചേര്‍ക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അത് ഒഴികെയുള്ളവ അവനുദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവില്‍ പങ്കു ചേര്‍ത്താല്‍ അവന്‍ വിദൂരമായ വഴികേടില്‍ ആയതു തന്നെ’ (നിസാഅ് 116).

തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്ത്
അല്ലാഹു പൂര്‍ണതയുടെ എല്ലാ ഗുണങ്ങളാലും വിശേഷിതനാണെന്നും ന്യൂനതയുടെ എല്ലാ പോരായ്മകളില്‍നിന്നും വിശുദ്ധനാണെന്നും ദൃഢമായി വിശ്വസിക്കുക എന്നത്രെ ‘നാമങ്ങളിലും വിശേഷണങ്ങളിലും ഉള്ള ഏകത്വം’ എന്നതിന്റെ വിവക്ഷ. പ്രപഞ്ചത്തിലെ സകല വസ്തുക്കളില്‍നിന്നും ഈ കാര്യത്തില്‍ അല്ലാഹു വ്യത്യസ്തനാണ്. ഖുര്‍ആനിലും സുന്നത്തിലും അല്ലാഹുവിന്റേതായി വന്നിട്ടുള്ള നാമങ്ങളും വിശേഷണങ്ങളും പദങ്ങളിലോ അര്‍ഥങ്ങളിലോ മാറ്റം വരുത്താതെയും അവയില്‍ ചിലതോ മുഴുവനുമോ നിഷേധിക്കാതെയും സൃഷ്ടികളുടെ വിശേഷണങ്ങളുമായി സാദൃശ്യപ്പെടുത്താതെയും അവക്ക് നിശ്ചിതമായ രൂപഭാവങ്ങള്‍ നല്‍കാതെയും നാം വിശ്വസിക്കേണ്ടതാണ്.
ഇതനുസരിച്ച് തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്തിന് മൂന്ന് അടിത്തറകള്‍ ഉണ്ട്. അത് അംഗീകരിക്കാത്തവര്‍ അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും തൗഹീദ് താല്‍പര്യം പൂര്‍ത്തീകരിച്ചവരാവില്ല.16

(ഒന്ന്) അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ സൃഷ്ടികളുടേതില്‍നിന്ന് ഭിന്നം
لَيْسَ كَمِثْلِهِ شَيْءٌۖ
 'അല്ലാഹുവിനെ പോലെ ഒന്നുമില്ല' (അശ്ശൂറാ 11) എന്ന ഖുര്‍ആന്‍ സൂക്തം മേല്‍ ശീര്‍ഷകത്തിന്റെ സത്തയാണ്. ഈ സൂക്തം വിശദീകരിച്ചുകൊണ്ട് ഖുര്‍ത്വുബി എഴുതുന്നു: 'അല്ലാഹുവിന്റെ മഹത്വമോ ഗാംഭീര്യമോ അധികാര സാകല്യമോ സദ്ഗുണ നാമങ്ങളോ വിശേഷണങ്ങളോ സൃഷ്ടികളുമായി ഒരുതരത്തിലും സാമ്യതയുള്ളതല്ല. സൃഷ്ടികളുടെതിന് അല്ലാഹുവിന്റേതുമായും സാമ്യത ഇല്ല. സ്രഷ്ടാവിനും സൃഷ്ടികള്‍ക്കും ശര്‍ഇല്‍ പറയുന്ന നാമവിശേഷണങ്ങള്‍ക്ക് പദങ്ങളില്‍ മാത്രമേ യോജിപ്പുള്ളൂ. യഥാര്‍ഥ ആശയപ്രകാരം ഇല്ല. അനാദി (അല്‍ ഖദീം) ആയ അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ സൃഷ്ടികളുടേതില്‍നിന്ന് ഭിന്നമാണ്.'17 ഇമാം വാസിത്വി എഴുതുന്നു: 'അല്ലാഹുവിന്റെ സത്ത പോലെ മറ്റൊരു സത്തയില്ല. അവന്റെ നാമം പോലെ മറ്റൊരു പേരില്ല, അവന്റെ പ്രവൃത്തി പോലെ മറ്റൊരു പ്രവൃത്തിയില്ല, അവന്റെ വിശേഷണം പോലെ മറ്റൊരു വിശേഷണമില്ല. എല്ലാറ്റിനും പദപരമായ ബന്ധമേയുള്ളൂ (ആശയം ഒന്നല്ല). അനാദിയായ അല്ലാഹുവിന്റെ സത്തക്ക് പുതിയ ഒരു വിശേഷണം ചേരില്ല: പുതിയതായി ഉണ്ടായ ഒരു സത്തക്ക് പഴയ വിശേഷണം ചേരാത്തതു പോലെ. ഇതെല്ലാം അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വീക്ഷണമാണ്.'18

ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ സയ്യിദ് ഖുത്വ്ബ് എഴുതുന്നു: 'ഇപ്പറഞ്ഞത് മനുഷ്യപ്രകൃതിക്ക് പ്രഥമ ശ്രവണത്തില്‍തന്നെ ബോധ്യമാകുന്നതാണ്. വസ്തുക്കളുടെ സ്രഷ്ടാവും സൃഷ്ടികളുടെ സ്രഷ്ടാവും ഒരു പോലെയാവുകയില്ല.'19
ഈ അടിസ്ഥാനതത്ത്വം അനുസരിച്ച്  തന്നെക്കുറിച്ച് അല്ലാഹുവോ നബി(സ)യോ വിശേഷിപ്പിച്ച എല്ലാ വിശേഷണങ്ങള്‍ക്കും വിരുദ്ധമായ കാര്യങ്ങളില്‍നിന്ന് അല്ലാഹു സംശുദ്ധനായിത്തീരുന്നു. പങ്കാളി, ഭാര്യ, സമന്‍, സഹായി, അല്ലാഹുവിന്റെ അനുമതിയില്ലാതെ ശിപാര്‍ശകള്‍ ഉണ്ടാവുക, ഉറക്കം, ക്ഷീണം, മരണം, അജ്ഞത, ആക്രമണം, അശ്രദ്ധ, മറവി, മയക്കം മുതലായവയില്‍നിന്നെല്ലാം  അല്ലാഹു പരിശുദ്ധനാണ്.

(രണ്ട്) ഖുര്‍ആനിലും സുന്നത്തിലും വന്നവയില്‍ പരിമിതപ്പെടണം
 ഖുര്‍ആനിലും സ്ഥാപിതമായ സുന്നത്തിലും വന്ന നാമങ്ങളിലും ഗുണവിശേഷണങ്ങളിലും മാത്രമായി ഈ തൗഹീദിനെ പരിമിതപ്പെടുത്തണം. അവക്കപ്പുറം ആരുടെയും അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ല. അല്ലാഹുവിനെ അല്ലാഹുവോ നബിയോ വിളിച്ച പേരുകളിലേ വിളിക്കാവൂ.
أَأَنتُمْ أَعْلَمُ أَمِ اللَّهُۗ
 'നിങ്ങളാണോ അല്ലാഹുവാണോ ഏറ്റവും നന്നായി അറിയുന്നവന്‍' (ബഖറ 140). തന്നെക്കുറിച്ച് നന്നായി അറിയുന്ന അല്ലാഹുവും അവനില്‍നിന്ന് വഹ്‌യ് ലഭിച്ചതനുസരിച്ച് മാത്രം സംസാരിക്കുന്ന നബിമാരും  പറയുന്നതിനനുസരിച്ചു മാത്രമേ അല്ലാഹുവിന്റെ ഗുണവിശേഷങ്ങളെക്കുറിച്ച് നമുക്ക് പറയാന്‍ പാടുള്ളൂ. ഇമാം അഹ്‌മദു ബ്‌നു ഹമ്പല്‍ പറയുന്നു:

لا يوصف الله إلا بما وصف به نفسه، أو وصفه به رسوله، لا يتجاوز القرآن والحديث
'അല്ലാഹുവിനെ അവന്‍ സ്വയമോ അവന്റെ ദൂതനോ വിശേഷിപ്പിച്ച രീതിയിലല്ലാതെ വിശേഷിപ്പിക്കാവതല്ല. ഖുര്‍ആന്റെയും സുന്നത്തിന്റെയും പരിധിവിട്ട് പോകാവതല്ല.'20
ബുഖാരിയുടെ ഗുരുവായ നുഐമുബ്‌നു ഹമ്മാദ് പറയുന്നു:

من شبه الله بخلقه كفر، ومن جحد ما وصف الله به نفسه أو وصفه به رسول له كفر وليس فيما وصف الله به نفسه أو وصفه به رسوله تشبيه ولا تمثيل

'അല്ലാഹുവിനെ അവന്റെ സൃഷ്ടികളുമായി സാദൃശ്യപ്പെടുത്തുന്നവന്‍ സത്യനിഷേധിയായി. തന്നെപ്പറ്റി അല്ലാഹുവോ തന്റെ നബിയോ വിവരിച്ചതിനെ നിഷേധിച്ചയാള്‍ സത്യനിഷേധിയായി. അല്ലാഹുവിനെ പറ്റി അവന്‍ സ്വയമോ അവന്റെ ദൂതനോ വിവരിച്ചതില്‍ സാദൃശ്യപ്പെടുത്തലോ ഉപമിക്കലോ ഇല്ല.'
തൗഹീദിന്റെ ഈ താല്‍പര്യമനുസരിച്ച് ഖുര്‍ആനിലും സുന്നത്തിലും വന്ന എല്ലാ സദ്ഗുണ നാമങ്ങളും വിശേഷണങ്ങളും അറബി ഭാഷയുടെ തെളിമയുള്ള അര്‍ഥ ആശയങ്ങള്‍ക്കനുസരിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്. അവയെ ബാഹ്യമായ അര്‍ഥങ്ങള്‍ക്കതീതമായി വ്യാഖ്യനിക്കാവതല്ല.

(മൂന്ന്) അല്ലാഹുവിന്റെ സത്തയെ കുറിച്ച് അന്വേഷിക്കാതിരിക്കുക
അല്ലഹുവിന്റെ സത്ത എങ്ങനെയാണെന്ന് അന്വേഷിക്കാതെ ഖുര്‍ആനിലും സുന്നത്തിലും പരാമര്‍ശിച്ചവിധം അവനെ വിശ്വസിക്കുകയാണ് വേണ്ടത്. അല്ലാഹുവിന്റെ വിശേഷണങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ സത്തയുടെ രൂപം എങ്ങനെയാണെന്ന് അറിയണം. വിശേഷിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ക്ക് അനുസരിച്ചാണ് വിശേഷണങ്ങള്‍ ഉണ്ടാവുക. അല്ലാഹുവിന്റെ സത്തയുടെ രൂപമോ മൗലിക തനിമയോ (كنه) നമുക്ക് മനസ്സിലാക്കാന്‍ ആവില്ല. സത്ത പോലെതന്നെ അവന്റെ വിശേഷണങ്ങളെക്കുറിച്ച് ചോദിക്കുന്നതും ശരിയല്ല.21

അതുകൊണ്ടാണ് അല്ലാഹു സിംഹാസനത്തില്‍ ഉപവിഷ്ഠനായി എന്നു പറഞ്ഞാല്‍ അതെങ്ങനെയാണെന്നാണ് മനസ്സിലാക്കേണ്ടത് എന്ന് ചോദിക്കുമ്പോള്‍,
الاستواء معلوم، والكيف مجهول، والإيمانُ به واجِب، والسؤالُ عنه بدعة
'ഉപവിഷ്ഠനാവുക എന്നത് എല്ലാവര്‍ക്കുമറിയാം. അതിന്റെ രീതി അജ്ഞാതമാണ്, അങ്ങനെ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്, അതേപറ്റി ചോദിക്കല്‍ ബിദ്അത്താണ്.'22 എന്നാണ് ഉത്തരം.

ഉദാഹരണമായി 'അല്ലാഹു സമീപ ആകാശങ്ങളിലേക്ക് ഇറങ്ങിവരുന്നു' എന്നൊരാള്‍ പറഞ്ഞാല്‍, 'എങ്ങനെയാണ് ആ ഇറക്കം' എന്നയാളോട് ചോദിക്കണം. 'ഇറക്കത്തിന്റെ രീതി എങ്ങനെയാണെന്ന് എനിക്ക് അറിയുകയില്ല' എന്നാണ് അയാളുടെ ഉത്തരമെങ്കില്‍, 'അവന്‍ എങ്ങനെയാണ് ഇറങ്ങിവരുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല, ഇറക്കത്തിന്റെ രൂപവിശേഷം അറിയണമെങ്കില്‍, വിശേഷിപ്പിക്കപ്പെടുന്ന ആളുടെ രൂപവിശേഷം നമുക്കറിയാന്‍ കഴിയണം എന്നു പറയണം. അതറിയാതെ ഇറക്കത്തിന്റെ രൂപം പറയുക സാധ്യമല്ല. ഇതുതന്നെയാണ് അല്ലാഹുവിന്റെ കാഴ്ച, കേള്‍വി, സംസാരം, ഉപവിഷ്ഠത, ഇറക്കം മുതലായവയെല്ലാം. അല്ലാഹുവിന്റെ സത്ത എങ്ങനെയാണെന്നറിയാതെ നാം എങ്ങനെയാണ് അവന്റെ ഈ വക കാര്യങ്ങളെപ്പറ്റി പറയുക. എല്ലാതരം പൂര്‍ണതകളുടെയും സ്ഥായീ സ്വത്വവും സത്തയുമാണ് അല്ലാഹു എന്നും അവനു തുല്യം മറ്റൊന്നില്ലെന്നും അംഗീകരിച്ചുകഴിഞ്ഞാല്‍ അവന്റെ കേള്‍വിയും കാഴ്ചയും സംസാരവും ഇറക്കവും ഉപവിഷ്ഠതയുമെല്ലാം അതോടെ സ്ഥാപിതമായിക്കഴിഞ്ഞു. സൃഷ്ടികളുടെ കേള്‍വിയും കാഴ്ചയും സംസാരവും ഇറക്കവും ഉപവിഷ്ഠതയും അല്ലാഹുവിന്റേതിനു സദൃശമല്ല.'23

അല്ലാഹുവുമായി ബന്ധപ്പെട്ട് സത്യവിശ്വാസികള്‍ ജാഗ്രതയോടെ കാണേണ്ടവ
1. التشبيه (സാദൃശ്യപ്പെടുത്തല്‍) അതായത്, സ്രഷ്ടാവായ അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളെ സൃഷ്ടികളുടെ ഗുണവിശേഷണങ്ങളുമായി സാദൃശ്യപ്പെടുത്തല്‍. ക്രൈസ്തവര്‍ ഈസാനബിയെയും യഹൂദികള്‍ ഉസൈറിനെയും ബഹുദൈവ വിശ്വാസികള്‍ തങ്ങളുടെ വിഗ്രഹങ്ങളെയും അല്ലാഹുവിനോട് സാദൃശ്യപ്പെടുത്തിയത് ഉദാഹരണം. ചില ഗ്രൂപ്പുകള്‍ അല്ലാഹുവിന്റെ മുഖത്തെ സൃഷ്ടികളുടെ മുഖവുമായും കൈകളെ മനുഷ്യരുടെ കൈകളുമായും കേള്‍വിയെ മനുഷ്യരുടെ കേള്‍വിയുമായും സാദൃശ്യപ്പെടുത്തിയിരിക്കുന്നു.24

2. التحريف സദ്ഗുണനാമങ്ങളെയും വിശേഷണങ്ങളെയും ഭേദഗതി ചെയ്യല്‍
അല്ലാഹുവിന്റെ സദ്ഗുണ നാമങ്ങളെയും വിശേഷണങ്ങളെയും കുറച്ചോ കൂട്ടിയോ, ഇഅ്‌റാബുകളില്‍ മാറ്റങ്ങള്‍ വരുത്തിയോ, അര്‍ഥങ്ങള്‍ അന്യഥാ നല്‍കിയോ വ്യാഖ്യാനിക്കുക, അറബി ഭാഷയില്‍ പ്രയോഗത്തിലില്ലാത്ത രീതിയില്‍ ഉപയോഗിക്കുക. ഉദാ: വജ്ഹ് (മുഖം) എന്നതിനെ സത്തയായും ഇസ്തിവാഅ് (ഉപവിഷ്ഠനാവുക) എന്നതിനെ 'ഇസ്തീലാഅ്' (അധികാരമേല്‍ക്കുക) എന്നിങ്ങനെ വ്യാഖ്യാനിക്കുക.25
3. التعطيل (നിര്‍വീര്യമാക്കുക) അല്ലാഹുവിന്റേതായി ഖുര്‍ആനിലും സുന്നത്തിലും വിവരിച്ച വിശേഷണങ്ങളെ നിരാകരിക്കുക. ഉദാ: അവന്റെ ഏതെങ്കിലും വിശേഷണത്തെയോ നാമത്തെയോ നിരാകരിച്ചുകൊണ്ട് അവന്റെ വിശുദ്ധമായ പൂര്‍ണതയെ നിര്‍വീര്യമാക്കുക, അല്ലാഹുവിനുള്ള ഇബാദത്തുകള്‍ ചെയ്യാതിരിക്കുക, സൃഷ്ടികള്‍ അനാദിയാണെന്നും അവ എക്കാലത്തും ഉണ്ടായിരുന്നുവെന്നും വാദിക്കുക, അവയെ സൃഷ്ടിച്ചത് അല്ലാഹുവാണെന്നു വിശ്വസിക്കാതിരിക്കുക.
4. التكييف . അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ക്ക് നിശ്ചിത രൂപം നല്‍കുക. അതിന്റെ മൗലികത്തനിമ ഇന്നതാണെന്നു സ്ഥാപിക്കുക.

മുകളില്‍ പറഞ്ഞ വിധത്തില്‍ സാദൃശ്യപ്പെടുത്തലോ, ഭേദഗതിയോ, നിര്‍വീര്യമാക്കലോ, രൂപം നല്‍കലോ ഇല്ലാതെ അല്ലാഹുവെ മനസ്സിലാക്കി വിശ്വസിക്കുക എന്നതാണ് സ്വഹാബികളുടെയും താബിഉകളുടെയും അവരെ തുടര്‍ന്നുവന്ന മുന്‍ഗാമികളുടെയും നിലപാട്. ശൗകാനി പറയുന്നു: 'അല്ലാഹുവിന്റെ വിശേഷണങ്ങളെ സ്ഥാപിക്കുന്ന തെളിവുകളെ ഭേദഗതി വരുത്താതെയും വ്യാഖ്യാനിക്കാതെയും മറ്റുള്ളവരുമായി സാദൃശ്യപ്പെടുത്താതെയും നിര്‍വീര്യമാക്കാതെയും അവയുടെ പ്രത്യക്ഷാര്‍ഥത്തില്‍ മനസ്സിലാക്കുകയാണ് സ്വഹാബികളുടെയും താബിഉകളുടെയും അവരുടെ ശേഷക്കാരായ മുന്‍ഗാമികളുടെയും രീതി. അല്ലാഹുവിന്റെ വിശേഷ ഗുണങ്ങളെക്കുറിച്ച് ആരെങ്കിലും വല്ലതും ചോദിച്ചാല്‍ അവര്‍ തെളിവ് ഓതിക്കൊടുക്കും. കണ്ടതും കേട്ടതും പറയില്ല. അല്ലാഹു പറഞ്ഞതിനപ്പുറം തങ്ങള്‍ക്കറിയില്ല. കൃത്രിമമായി ഞങ്ങളൊന്നും ചെയ്യില്ല. അറിയാത്തത് ഞങ്ങള്‍ പറയില്ല. അതിനപ്പുറം പോവാന്‍ അല്ലാഹു ഞങ്ങള്‍ക്ക് അനുവാദം തന്നിട്ടില്ല എന്നതായിരുന്നു അവരുടെ പ്രതികരണം. ബാഹ്യമായി മനസ്സിലാവുന്നതിനപ്പുറം കൂടുതല്‍ ചോദിച്ചാല്‍ അവര്‍ ചോദ്യകര്‍ത്താക്കളെ വിലക്കിയിരുന്നു. എത്തിച്ചേരാന്‍ കഴിയാത്ത മേഖലയിലേക്ക് കടന്നുകയറാനുള്ള ശ്രമം തടഞ്ഞിരുന്നു. പ്രഥമ ശ്രേഷ്ഠ നൂറ്റാണ്ടുകളില്‍ ഇവ്വിഷയകമായ ഇസ്‌ലാമിക സമൂഹത്തിന്റെ നിലപാട് ഏകമായിരുന്നു. സത്യവിശ്വാസം നിലനിര്‍ത്തുക, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, ജിഹാദ്, ധനവ്യയം, അറിവന്വേഷണം, ജനങ്ങളെ നന്മയിലേക്ക് വഴികാണിക്കുക, സ്വര്‍ഗപ്രാപ്തിക്കും നരകമുക്തിക്കും സഹായകമായ നിദാനങ്ങള്‍ പാലിക്കുക. നന്മ കല്‍പിക്കുക, തിന്മ തടയുക, അക്രമിയെ തടയുക മുതലായവ നിര്‍വഹിക്കുക എന്നതായിരുന്നു അവരുടെ രീതി. ഇതിനപ്പുറം അല്ലാഹു കല്‍പിച്ചിട്ടില്ലാത്ത ഒന്നിലും അവര്‍ വ്യാപരിച്ചിരുന്നില്ല. ആന്തരിക യാഥാര്‍ഥ്യങ്ങള്‍ തേടുക എന്നത് അവരുടെ രീതിയായിരുന്നില്ല. അതുകൊണ്ടെല്ലാം ഇസ്‌ലാം എല്ലാതരം ബിദ്അത്തുകളില്‍നിന്നും സുരക്ഷിതമായി നിലനിന്നുപോന്നു.'26

വിശേഷ ഗുണങ്ങളുടെ ഇനങ്ങള്‍
ഖുര്‍ആനിലും സുന്നത്തിലും വന്ന വിശേഷഗുണങ്ങള്‍ രണ്ടു തരമാണ്.27 صفات ذاتية (സത്താ ഗുണങ്ങള്‍), صفات فعل (കര്‍മ ഗുണങ്ങള്‍).

'സ്വിഫാത്ത് ദാത്തിയ്യ' എന്നാല്‍ അല്ലാഹുവിന്റെസത്തയില്‍ ലയിച്ചുചേര്‍ന്ന ഗുണങ്ങള്‍. സത്ത, ജ്ഞാനം, ജീവന്‍, കഴിവ്, കേള്‍വി, കാഴ്ച, മുഖം, സംസാരം, അനാദിത്വം, ആധിപത്യം, മഹത്വം, ഔന്നത്യം, ഐശ്വര്യം, കാരുണ്യം, യുക്തിജ്ഞത പോലുള്ള ഗുണങ്ങള്‍. ഈ ഇനത്തില്‍പെട്ട എല്ലാ ഗുണങ്ങളും അല്ലാഹുവിന്റെ സ്വത്വത്തില്‍ നിലീനമായവയാണ്.

അല്ലാഹുവിന്റെ ഇഛയും കഴിവുമായി ബന്ധപ്പെട്ടവയാണ് കര്‍മ ഗുണങ്ങള്‍ (صفات الفعل) സിംഹാസനത്തില്‍ ഉപവിഷ്ഠനാവുക, ഭൂമിയിലേക്ക് ഇറങ്ങി വരിക, അത്ഭുതം, ചിരി, തൃ
പ്തി, സ്‌നേഹം, വെറുപ്പ്, ദേഷ്യം, സന്തോഷം, തന്ത്രം, കുതന്ത്രം, ഈര്‍ഷ്യ തുടങ്ങിയവ ഈ ഇനത്തില്‍ പെടുന്നു.

മുകളില്‍ പറഞ്ഞ വിശേഷ ഗുണങ്ങളെല്ലാം അല്ലാഹുവിന്റെ പൂര്‍ണതയുമായി യോജിക്കുംവിധം അവന് സ്ഥാപിച്ചു നല്‍കുകയാണ് നാം വേണ്ടത്. ഇമാം ശാഫിഈ (റ) ഈ വിഷയകമായി പ്രസ്താവിച്ചിരുന്നത് ഇങ്ങനെയായിരുന്നു:

آمنت باالله وبما جاء عن الله على مراد الله وآمنت برسول الله وبما جاء عن رسول الله على مراد رسول الله
'ഞാന്‍ അല്ലാഹുവിലും അല്ലാഹുവില്‍നിന്ന് വന്നതിലും അല്ലാഹുവിന്റെ ഉദ്ദേശ്യാനുസൃതം വിശ്വസിച്ചു. അല്ലാഹുവിന്റെ ദൂതനിലും അല്ലാഹുവിന്റെ ദൂതനില്‍നിന്ന് വന്നതിലും അല്ലാഹുവിന്റെ ദൂതന്റെ ഉദ്ദേശ്യാനുസൃതം ഞാന്‍ വിശ്വസിച്ചു.'28

അല്ലാഹുവിന്റെ വിശേഷ നാമങ്ങള്‍
അല്ലാഹുവിന്റെ സവിശേഷ നാമങ്ങളായി ഖുര്‍ആനും സുന്നത്തും പഠിപ്പിച്ചവ അവന്റെ സവിശേഷതകളെയാണ് സൂചിപ്പിക്കുന്നത്. അല്‍അലീം (സര്‍വജ്ഞാനി), അല്‍ ഖദീര്‍ (സര്‍വശക്തന്‍), അസ്സമീഅ് (സര്‍വശ്രോതാവ്), അല്‍ ബസ്വീര്‍ (എല്ലാം കാണുന്നവന്‍) മുതലായവ യഥാക്രമം 'ഇല്‍മ് (ജ്ഞാനം), ഖുദ്‌റത്ത് (ശക്തി), സംഅ് (കേള്‍വി), ബസ്വറ് (കാഴ്ച) എന്നീ ക്രിയാധാതുക്കളില്‍നിന്ന് നിഷ്പന്നമായവയാണ്. മറ്റു നാമങ്ങളും തഥൈവ. അവയെല്ലാം ദ്യോതിപ്പിക്കുന്ന സമഗ്രനാമമാണ് 'അല്ലാഹു' എന്നത്. അല്ലാഹു എന്നതിന്റെ മൂലം 'അല്‍ ഇലാഹ്' (الإله) എന്നാണെന്നും തുടക്കത്തിലെ ഹംസ കളഞ്ഞ്, ഒന്നാമത്തെ 'ലാ'യെ രണ്ടാമത്തെ 'ലാ'യില്‍ ചേര്‍ത്ത് രണ്ടും ചേര്‍ത്ത് കട്ടിയുള്ള 'ല്ല' ആയി മാറിയെന്നുമാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ഇബ്‌നുല്‍ ഖയ്യിം, സീബവൈഹി, ത്വബരി മുതലായവര്‍ ഈ പക്ഷക്കാരാണ്. മറ്റു ചിലരുടെ വീക്ഷണത്തില്‍ അത് മറ്റൊന്നില്‍നിന്നും നിഷ്പന്നമായതല്ല, അതങ്ങനെത്തന്നെ ഒരു പദമാണെന്നാണ്. 'എല്ലാ സൃഷ്ടികള്‍ക്കും മേല്‍ ആരാധ്യതയും ദിവ്യത്വവും ഉള്ളവന്‍' എന്നാണ് ത്വബരി 'അല്ലാഹു' എന്ന പദത്തിന് അര്‍ഥം നല്‍കിയിരിക്കുന്നത്.29

മേല്‍ നാമങ്ങളെല്ലാം അല്ലാഹുവിന്റെ നാമങ്ങളോ വിശേഷണങ്ങളോ ആവുന്നതിന് തടസ്സമില്ല. 'അര്‍റഹ്‌മാന്‍' ഒരേസമയം അല്ലാഹുവിന്റെ നാമവും വിശേഷണവുമാണ്. അല്ലാഹുവിന്റെ എല്ലാ നാമങ്ങള്‍ക്കും അര്‍ഥങ്ങളുണ്ട്. അവയത്രയും സ്തുതിയിലൂന്നിയ വിശേഷണങ്ങളുമാണ്.30 അല്ലാഹുവിന്റെ നാമങ്ങളെ 'അല്‍ ഹുസ്‌നാ' എന്ന് വിശേഷിപ്പിക്കാന്‍ കാരണം ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായ നാമധേയത്തിന്റെ വിശേഷണമായതിനാലാണ്.

അല്ലാഹു തന്നെ സ്വയം വിളിച്ചിട്ടുള്ള എല്ലാ പേരുകളിലും അവയുടെ ആശയങ്ങളിലും അവയുടെ അനുബന്ധങ്ങളിലും സത്യവിശ്വാസികള്‍ വിശ്വസിക്കേണ്ടതുണ്ട്. ഉദാഹരണമായി, 'അര്‍റഹീം' എന്നത് അല്ലാഹുവിന്റെ നാമമാണെന്നും അവന്‍ കാരുണ്യവാനാണെന്നും അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കരുണ ചെയ്യുമെന്നും നാം വിശ്വസിക്കണം.

അല്ലാഹുവിന്റേതായി ഖുര്‍ആനിലും ഹദീസിലും വന്ന എല്ലാ നാമങ്ങളെയും ഈ വിധം വിശദമായി വിശ്വസിക്കണം.31

99 നാമങ്ങള്‍
അല്ലാഹുവന്റേതായി പ്രാമാണികമായി വന്നിട്ടുള്ള നാമങ്ങള്‍ തൊണ്ണൂറ്റിയൊമ്പതാണ്. അബൂഹുറൈറ നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلاَّ وَاحِدًا، مَنْ أَحْصَاهَا دَخَلَ الْجَنَّةَ
'തീര്‍ച്ചയായും അല്ലാഹുവിന് തൊണ്ണൂറ്റിയൊമ്പത് പേരുകളുണ്ട്. നൂറില്‍ ഒന്ന് കുറവ്. അവ ആരെങ്കിലും എണ്ണിത്തിട്ടപ്പെടുത്തിയാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും.' 'തീര്‍ച്ചയായും അവന്‍ ഒറ്റയാണ്. അവന്‍ ഒറ്റയെ ഇഷ്ടപ്പെടുന്നു.'32 'തൊണ്ണൂറ്റി ഒമ്പത് നാമങ്ങള്‍' എന്ന നബി(സ)യുടെ പരാമര്‍ശം തൊണ്ണൂറ്റി ഒമ്പത് നാമങ്ങളില്‍ പരിമിതമല്ല എന്നത്രെ പണ്ഡിതമതം. പ്രസ്താവിത തൊണ്ണൂറ്റിയൊമ്പത് ആരെങ്കിലും എണ്ണിത്തിട്ടപ്പെടുത്തിയാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. തൊണ്ണൂറ്റിയൊമ്പതിനപ്പുറം വിശിഷ്ട നാമങ്ങളില്ല എന്ന് അതിനര്‍ഥമില്ല. അവ എണ്ണിത്തിട്ടപ്പെടുത്തുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന സുവാര്‍ത്ത നല്‍കുകയാണ് ഹദീസിന്റെ വിവക്ഷ, അല്ലാതെ നാമങ്ങളെ പരിമിതപ്പെടുത്തിയതല്ല.'33

താഴെ നബിവചനം അസ്മാഉല്‍ ഹുസ്‌നാ തൊണ്ണൂറ്റിയൊമ്പതില്‍ പരിമിതമല്ല എന്ന് സ്ഥാപിക്കുന്നുണ്ട്:

ما أصاب مسلما قطّ همّ ولا حزن فقال: اللهم إنّي عبدك وابن عبدك وابن أمتك. ناصيتى بيدك ماض فيّ حكمك عدل فيّ قضاؤك أسألك بكل اسم هو لك، سمّيت به نفسك أو أنزلته في كتابك أو علّمته أحدا من خلقك أو استأثرت به في علم الغيب عندك، أن تجعل القرآن ربيع قلبي وجلاء حزني وذهاب همّي وغمّي إلّا أذهب الله عنه همّه وأبدله مكان همّه فرحا قالوا: يارسول الله: الا نتعلّم هذه الكلمات قال: بلى ينبغي لمن سمعهن أن يتعلمهنّ
ദുഃഖമോ മനോവിഷമമോ ബാധിക്കുന്ന ഏതൊരു മുസ്‌ലിമും താഴെവിധം പ്രാര്‍ഥിച്ചാല്‍ അവന്റെ മനോദുഃഖത്തിനു പകരം അല്ലാഹു അവന് സന്തോഷം പ്രദാനം ചെയ്യും; അല്ലാഹുവേ, ഞാന്‍ തീര്‍ച്ചയായും നിന്റെ അടിമയാണ്, നിന്റെ ദാസിയുടെ മകനാണ്. എന്റെ മൂര്‍ധാവ് നിന്റെ കൈപിടിയിലാണ്. എന്നില്‍ നിന്റെ വിധി നടപ്പിലാകുന്നു, എന്നില്‍ നിന്റെ വിധി നീതിപൂര്‍വകമായിരിക്കും, നീ നിനക്ക് തന്നെ നല്‍കിയതോ, നീ നിന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതോ, നിന്റെ സൃഷ്ടികളില്‍ ആരെയെങ്കിലും നീ പഠിപ്പിച്ചതോ, നിന്റെ അടുത്തുള്ള അദൃശ്യ ജ്ഞാനത്തില്‍ നീ സ്വന്തമാക്കി വെച്ചതോ ആയ നിന്റെ എല്ലാ നാമങ്ങളെയും മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് ചോദിക്കുന്നു: നീ ഖുര്‍ആനെ എന്റെ ഹൃദയത്തിന്റെ വസന്തമാക്കണമേ, എന്റെ ദുഃഖത്തെ നീക്കുന്നതാക്കേണമേ, എന്റെ സങ്കടവും ദുഃഖവും 
പോക്കുന്നതാക്കേണമേ. (ഇങ്ങനെ പ്രാര്‍ഥിച്ചാല്‍) അല്ലാഹു അവന്റെ ദുഃഖം പോക്കിക്കളയുകയും അതിന്റെ സ്ഥാനത്ത് അവന്‍ സന്തോഷം പകരം നല്‍കാതിരിക്കുകയുമില്ല. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഈ വാക്കുകള്‍ ഞങ്ങള്‍ പഠിക്കട്ടെ! നബി(സ); അതേ, അത് കേട്ടവര്‍ അത് പഠിക്കേണ്ടതാണ്.'34
അല്ലാഹുവിന്റെ നാമങ്ങളെ എണ്ണിത്തിട്ടപ്പെടുത്തുക എന്നാല്‍, അവ അറിയുക, മനഃപാഠമാക്കുക, മനസ്സിലാക്കുക, വിശ്വസിക്കുക, അവ നല്ല രീതിയില്‍ പരിപാലിച്ചുകൊണ്ടിരിക്കുക, അല്ലാഹുവുമായുള്ള ഇടപഴക്കത്തിലും പ്രാര്‍ഥനയിലും അവയുടെ പരിധികള്‍ ശ്രദ്ധിക്കുക എന്നെല്ലാമാണ്. അതനുസരിച്ച് ഹദീസിന്റെ ആശയം, വിശുദ്ധ മാനസികാവസ്ഥയോടെ അസ്മാഉല്‍ ഹുസ്‌നായുടെ ആന്തരാശയം ഗ്രഹിച്ചും അവയില്‍നിന്ന് പാഠമുള്‍ക്കൊണ്ടും അവ മനഃപാഠമാക്കിയവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നാണ്.35

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

കുറിപ്പുകള്‍

1. صحيح مسلم بشرح النّووي ص 1 ص 157، البخارى مع فتح الباري ج 1 ص 96,97
2. شرح العقيدة الطّحاويّة ص 72، تيسير العزيز الحميد ص 17، الرّوضة النديّة ص 9.
3. شرح العقيدة الطحاويّة ص 76،77 تيسير العزيز الحميد ص 18،17
4. تفسير الطبري 5/395، شرح ملا عليّ القاري على الفقه الأكبر ص 9
5. شرح العقيدة الطحاويّة ص 79، فتح المجيد ص 17، تيسير العزيز الحميد ص 17، تطهير الإعتقاد ص 5
6. تفسير الطّبري ج 16 ص 287
7. تفسير بن كثير ج 2 ص 494، تفسير الطبري ج 16 ص 288-286
8. فتح المجيد ص 17، شرح ملّا عليّ القاري على الفقه الأكبر ص 9
9. إحياء علوم الدّين ج 1 ص 182، شرح العقيدة الطحاوية 78
10. 
11. أساس البلاغة للزمخشري، المصباح المنير. تطهير الإعتقاد ص 6
12. شرح قصيدة ابن القيّم ج 2 ص 259، إغاثة اللهفان ج 2 ص 128
13. رسالة الحسنة والسّيّئة ، ابن تيميّة (مجموعة رسائل ص 261
14. البخاري ومسلم
15. شرح قصيدة ابن القيّم خ 2 ص 268
16. منهج ودراسات لايات الأسماء والصّفات للشيخ محمّد الأمين الشنقيطي ص 3، 25
17. تفسير القرطبي ج 16 ص 8
18. في ظلال القرآن ج 7 ص 272
19. في ظلال القرآن ج 7 ص 272
20. الرّوضة النّديّة ص 23، شرح العقيدة الواسطيّة لمحمّد هراس خليل ص 21
21. منهج ودراسات الايات الأسماء والصّفات - محمّد الأمين الشنقيطي ص 25 الرّوضة النديّة ص 23،28
22. الروضة النّديّة ص 35
23. الرّوضة النّديّة ص 34
24. الأسئلة والأجوبة الأصوليّة، عبد العزيز المحمّد السّلمان ص 35، الروضة النديّة 35
25. الرّوضة النّديّة ص 35، الأسئلة والأجوبة ص 32,33
26. التحف في مذاهب السّلف الشوكاني ص 7
27. الأسئلة والأجوبة ص 48، الفقه الأكبر وشرحه للملاّ علي القاري ص 15
28. الأسئلة والأجوبة الأصوليّة ص 50
29. فتح المجيد ص 11، تفسير الطبري 20 ص 123
30. فتح المجيد ص 14 الأسئلة والأجوبة الأصوليّة ص 44
31. الأسئلة والأجوبة الأصوليّة ص 44
32. البخاري، الترمذي، النسائي، ابن ماجه
33. الأسماء والصّفات للبيهقي ص 6، فتح الباري ج 11 ص 183، تفسير القاسمي ج 7 ص 2911
34. أحمد، أبوعوانه، أبويعلى ، البزّار رجال أحمد رجال الصّحيح غير أبي سلمة الجهني وقد وثقه ابن حبّان
35. الأسماء والصّفات للبيهقي ص 6، الأسئلة والأجوبة ص 45، فتح الباري ج 13 ص 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top