ശൈഖ് മുഹമ്മദലി അസ്സ്വാബൂനി ഖുര്‍ആന്റെ പൊരുളറിഞ്ഞ പണ്ഡിത പ്രതിഭ
പി.കെ ജമാല്‍
വ്യക്തിമുദ്ര
സ്വഫ്വത്തുത്തഫാസീര്‍ - ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളുടെ സത്ത്- എന്ന മഹദ് ഗ്രന്ഥത്തിന്റെ രചനയിലൂടെ പ്രശസ്തനായ ശൈഖ് മുഹമ്മദലി സ്വാബൂനി 2021 മാര്‍ച്ച് 19-ന് ഈ ലോകത്തോട് വിടപറഞ്ഞു. റാബിത്വത്തുല്‍ ഉലമാഇസ്സൂരിയ്യീന് (സിറിയന്‍ സ്കോളേര്‍സ് ലീഗ്) പ്രസിഡന്റായിരുന്ന സ്വാബൂനിയുടെ അന്ത്യം അവസാന നാളുകള്‍ കഴിച്ചുകൂട്ടിയ തുര്‍ക്കിയിലെ 'യലോവ' പ്രവിശ്യയിലായിരുന്നു. മരിക്കുമ്പോള്‍ 91 വയസ്സ്. ഇരുപതും ഇരുപത്തൊന്നും നൂറ്റാണ്ടുകളില്‍ ജീവിച്ച ലോകപ്രസിദ്ധരായ പണ്ഡിതന്മാരുടെ നിരയില്‍ സ്ഥാനമുറപ്പിച്ച സ്വാബൂനിയുടെ വിശിഷ്ട സംഭാവനയായി ഗണിക്കപ്പെടുന്നത് ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ സ്വഫ്വത്തുത്തഫാസീറാണ്. ഖുര്‍ആന്‍-ഹദീസ് വിജ്ഞാനീയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഈ മഹാരഥന് ഈ യുഗത്തിലെ പ്രാമാണികനായ പണ്ഡിതനാണ്. ഇസ്ലാമിനുള്ള സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി മുസ്ലിം ലോകത്തെ സമുന്നത വ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ട സ്വാബൂനിക്ക് 2007-ല്‍ ദുബൈ ഇന്റര്‍നാഷ്നല്‍ ഖുര്‍ആന്‍ അവാര്‍ഡ് സമ്മാനിച്ചു.
ലോകത്ത് പ്രചുരപ്രചാരം നേടിയ ഖുര്‍ആന്‍ തഫ്സീറുകളില്‍, സ്വാബൂനി രചിച്ച സ്വഫ്വത്തുത്തഫാസീറിനെ വേറിട്ടു നിര്‍ത്തുന്ന ചില സവിശേഷതകളുണ്ട്. അറബി ഭാഷയില്‍ സാമാന്യ ജ്ഞാനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പഠനത്തിന് സാധാരണ അവലംബിക്കാറുള്ള ഖുര്‍ആന്‍ വ്യാഖ്യാന കൃതിയാണ് സ്വഫ്വത്തുതഫാസീര്. ഓരോ സൂക്തത്തിനും പൗരാണികരും ആധുനികരുമായ പ്രമുഖ വ്യാഖ്യാതാക്കള്‍ നല്കിയ വിവരണങ്ങളുടെ സാരാംശം എടുത്തു ചേര്‍ത്തിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ ലളിതവും ഹൃദ്യവുമായ ശൈലിയിലാണ് അവതരണം. ആയത്തുകളുടെ അവതരണ പശ്ചാത്തലം, അലങ്കാരശാസ്ത്ര സൂചനകള്‍, ഭാഷാപരമായ പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളും സംക്ഷിപ്തമായി വിശദീകരിച്ചിരിക്കും. സ്വാബൂനി തഫ്സീറിന് സ്വീകരിച്ച ശൈലി ശ്രദ്ധാര്‍ഹമാണ്.
- ഓരോ അധ്യായത്തിന്റെയും മുന്നോടിയായി സൂറത്ത് ഉള്‍ക്കൊള്ളുന്ന ആശയ സംക്ഷിപ്തം, അധ്യായത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍
- സൂക്തങ്ങളുടെ പൂര്‍വാപര ബന്ധത്തിന്റെ വിശദീകരണം
- പദാപഗ്രഥനം, നിഷ്പത്തി, വിശകലനം
- സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം
- സൂക്ത വ്യാഖ്യാനം
- ഖുര്‍ആനിലെ സാഹിത്യ സങ്കേതങ്ങളെക്കുറിച്ച സൂചന, വ്യംഗ്യാര്‍ഥം, വാച്യാര്‍ഥം, അലങ്കാര പ്രയോഗങ്ങള്‍, സ്ഥൂലം, സൂക്ഷ്മം, സംക്ഷിപ്തം തുടങ്ങി ആവിഷ്കാര ശൈലിയിലെ വൈവിധ്യങ്ങളെ കുറിച്ച വിവരണം.
- ഗുണപാഠങ്ങള്‍, സാരാംശങ്ങള്‍
- വ്യാഖ്യാനങ്ങളിലെ പാഠഭേദങ്ങള്‍
ഇങ്ങനെ ഖുര്‍ആന്റെ ഉള്ളറകളിലേക്കിറങ്ങിച്ചെല്ലുന്നതോടൊപ്പം പൗരാണിക വ്യാഖ്യാനങ്ങളുടെ പൊരുളും പഠിതാവിന് അവധാര്യമാക്കുന്ന തഫ്സീര്‍-സ്വഫ്വത്തുത്തഫാസിര് ബൈറൂത്തില്‍ 1980-ലാണ് മൂന്ന് വാള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടത്.
1930 ജനുവരിയില്‍ സിറിയയിലെ ഹലബി (അലപ്പോ)ലാണ് ജനനം. പിതാവായ ശൈഖ് ജമീലുസ്സ്വാബൂനിയാണ് പ്രഥമ ഗുരു. ഭാഷയും മതവിജ്ഞാനങ്ങളും നേടിയത് മുഹമ്മദ് സഈദുല്‍ ഇദ്ലബി, മുഹമ്മദ് റാഗിബ് അത്തബ്ബാഖ് എന്നീ പുകള്‍പെറ്റ ശൈഖുമാരില്നിന്നാണ്. തഫ്സീര്‍, ഹദീസ്, ഫിഖ്ഹ്, പ്രകൃതിശാസ്ത്രം എന്നിവയില്‍ പ്രാവീണ്യം നേടിയ സ്വാബൂനിയെ സിറിയന്‍ ഔഖാഫ് മന്ത്രാലയം ഈജിപ്തിലെ അല്‍ അസ്ഹറിലേക്ക് ഉപരിപഠനത്തിനയച്ചു. 1952-ല്‍ കുല്ലിയ്യത്തുശ്ശരീഅയില്നിന്ന് ബിരുദം നേടിയ സ്വാബൂനി, ശര്‍ഈ നീതിന്യായത്തില്‍ വ്യുല്പത്തി നേടി സിറിയയിലേക്ക് തിരിച്ചുപോയി ഹലബിലെ വിദ്യാകേന്ദ്രത്തില്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ പ്രഫസറായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് സുഊദി അറേബ്യയില്‍ കുല്ലിയ്യത്തുശ്ശരീഅയിലും മക്കയില്‍ കുല്ലിയ്യതുത്തര്ബിയയിലും സേവനമനുഷ്ഠിച്ചു. മൂന്ന് ദശകത്തോളം അധ്യാപക വൃത്തിയില്‍ ഏര്‍പ്പെട്ടു.
ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റി റിസര്‍ച്ച് സ്കോളറായി നിശ്ചയിക്കപ്പെട്ട സ്വാബൂനി റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയില്‍ അഡൈ്വസറായി തുടര്‍ന്ന് സേവനമനുഷ്ഠിച്ചു. 'ഹൈഅത്തുല്‍ ഇഅ്ജാസില്‍ ഇല്‍മി ഫില്‍ ഖുര്‍ആനി വസ്സുന്ന'യിലായിരുന്നു നിയമനം. മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ ദിനേന ക്ലാസുകള്‍ എടുത്തിരുന്ന ശൈഖ് വിശേഷ സന്ദര്‍ഭങ്ങളില്‍ ഫത്വകളും നല്കിക്കൊണ്ടിരുന്നു. ജിദ്ദയിലെ പള്ളിയില്‍ എട്ടു വര്‍ഷത്തോളം പ്രതിവാര ഖുര്‍ആന്‍ ക്ലാസ് നടത്തി. തഫ്സീറിന്റെ 600 ടെലിവിഷന്‍ എപ്പിസോഡുകള്‍ ഖുര്‍ആന്റെ സമ്പൂര്‍ണ വ്യാഖ്യാനമാണ്. രണ്ടു വര്‍ഷം നീണ്ട പ്രയാണമായിരുന്നു അത്.
അനുഗൃഹീത തൂലിക
സ്വഫ്വത്തുത്തഫാസീറിനു പുറമെ 57 ഗ്രന്ഥങ്ങള്‍ രചിച്ചു. 'മുഖ്തസ്വര്‍ തഫ്സീര്‍ ഇബ്നികസീര്‍', 'മുഖ്തസ്വറു തഫ്സീറിത്ത്വബരി, 'അത്തിബ്യാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍', 'റവാഇഉല്‍ ബയാനി ഫീ തഫ്സീറി ആയാത്തില്‍ അഹ്കാം', 'ഖബസുന് മിന് നൂറില്‍ ഖുര്‍ആന്‍' എന്നിവ സ്വാബൂനിയുടെ ഖുര്‍ആന്‍ വിജ്ഞാന മേഖലയിലെ അതിപ്രശസ്ത ഗ്രന്ഥങ്ങളാണ്. സ്വഫ്വത്തുത്തഫാസീറിനെക്കുറിച്ച് ശൈഖ് മുഹമ്മദുല്‍ ഗസ്സാലി രേഖപ്പെടുത്തി: ''ഖുര്‍ആനിക വിജ്ഞാനീയം ആവശ്യപ്പെടുന്ന ചില സവിശേഷതകളുണ്ട്. അനര്‍ഗളം പ്രവഹിക്കുന്ന ആശയധാരയെ ലളിതമനോഹരമായി അവതരിപ്പിക്കുന്ന ചാരുത ആ തൂലികക്ക് അനിവാര്യമാണ്. തത്വശാസ്ത്ര തര്‍ക്കങ്ങളില്‍നിന്നും ചര്‍ച്ചകളില്‍നിന്നും സാങ്കേതിക പദങ്ങളുടെ സങ്കീര്‍ണതകളില്‍നിന്നും മുക്തമാവണം രചന. ദൈവിക വചനങ്ങളെ വ്യക്തവും സ്പഷ്ടവുമായി അനാവരണം ചെയ്യുകയെന്നതാവണം മുഖ്യവിചാരം. കൃത്രിമത്വമോ വക്രതയോ ഇല്ലാതെ ബഹുജന ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുന്ന അനുഭൂതി സൃഷ്ടിക്കാന്‍ വ്യാഖ്യാതാവിന്റെ തൂലികക്ക് സാധിക്കണം. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതില്‍ സ്വാബൂനിയുടെ തൂലിക വിജയിച്ചിരിക്കുന്നു. മഹത്തായ ദൈവിക ഗ്രന്ഥത്തിന്റെ പൊരുള്‍ അനായാസം ഗ്രഹിക്കാന്‍ അതുമൂലം ജനങ്ങള്‍ക്ക് സാധിച്ചു. ഇമാമുമാരുടെയും പൂര്‍വസൂരികളായ പണ്ഡിത ഗുരുവര്യരുടെയും വചനങ്ങള്‍ ആറ്റിക്കുറുക്കി അവതരിപ്പിച്ച സ്വാബൂനി തന്റെ വ്യാഖ്യാന ഗ്രന്ഥത്തെ ശാസ്ത്ര-സാഹിത്യ വിജ്ഞാനങ്ങളാല്‍ സമ്പന്നവും സമ്പുഷ്ടവുമാക്കി. ശൈഖ് മുഹമ്മദലി അസ്സ്വാബൂനി തന്റെ കൃതിയില്‍ ആധുനികരും പൂര്‍വികരുമായ പണ്ഡിതന്മാരുടെ ഗവേഷണ ഫലങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് നാം പ്രത്യേകം നിരീക്ഷിച്ചിട്ടുണ്ട്. ആധുനികവും പ്രാചീനവുമായ, നിവേദനാത്മകവും ഗവേഷണാത്മകവുമായ വ്യാഖ്യാനങ്ങളെ അടുത്തു പരിചയിക്കാനും ആവശ്യമായത് എടുക്കാനും ഉള്‍ക്കൊള്ളാനും പഠിതാവിന് ഇതു മൂലം കഴിയും.''
'ഈ യുഗത്തിലെ മഹാപണ്ഡിതനായ ശൈഖ് സ്വാബൂനി ജീവിതത്തില്‍ നൂറ്റാണ്ടു തികക്കാനിരിക്കെയാണ് അല്ലാഹു സംപ്രീതനായി അദ്ദേഹത്തെ തിരിച്ചുവിൡച്ചത്. ദൈവികഗ്രന്ഥമായ ഖുര്‍ആനിന് അദ്ദേഹം ചെയ്ത മഹത്തായ സേവനത്തിന്റെ ആകത്തുകയാണ് സ്വഫ്വത്തുത്തഫാസീര്‍' - ഇന്റര്‍നാഷ്നല്‍ യൂനിയന്‍ ഫോര്‍ മുസ്ലിം സ്കോളേര്‍സ് (അല്‍ ഇത്തിഹാദുല്‍ ആലമി ലിഉലമാഇല്‍ മുസ്ലിമീന്) പ്രസിഡന്റ് ശൈഖ് അഹ്മദുര്റയ്സൂനി അഭിപ്രായപ്പെട്ടു.
'കാലഘട്ടത്തിലെ മഹാപണ്ഡിത പ്രതിഭയായിരുന്നു ശൈഖ് സ്വാബൂനി. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ സ്വഫ്വത്തുത്തഫാസീര്‍ ആണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പഴമയെയും പുതുമയെയും ഉള്‍ക്കൊള്ളുന്ന പ്രതിഭാവിലാസത്തിന്റെ രേഖയും അടയാളവുമാണ് അദ്ദേഹത്തിന്റെ എല്ലാ കൃതികളും. ഇസ്ലാമിക ചിന്താശാസ്ത്രത്തിന് മൗലികതയുടെ തിളക്കം നല്കാന് അദ്ദേഹത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്' - ഡോ. യൂസുഫുല്‍ ഖറദാവി സ്വാബൂനിയുടെ സേവനങ്ങളെ വിലയിരുത്തി പറഞ്ഞ വാക്കുകളാണിത്.
നുസൈരി-സ്വേഛാധിപത്യ ഭരണകൂടത്തിനെതിരെ സിറിയന്‍ ജനത നടത്തുന്ന വിമോചന സമരങ്ങളെ അതിശക്തമായി പിന്താങ്ങിയ ശൈഖ് സ്വാബൂനിയുടെ രാഷ്ട്രീയ നിലപാടുകള്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ ചൊടിപ്പിച്ചതില്‍ അത്ഭുതമില്ല. 2011-ല്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ഇസ്ലാംവിരുദ്ധ ശക്തികളുടെ പിന്‍ബലത്തോടെ ശ്രമിച്ച ബശ്ശാറുല്‍ അസദിനെതിരില് ചെറുത്തുനില്പിന് നേതൃത്വം നല്‍കാനും സ്വാബൂനി മടിച്ചില്ല. സിറിയന്‍ ജനതയുടെ ചോരചിന്തുന്ന കിരാത വൃത്തി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട സ്വാബൂനി, ബശ്ശാറുല്‍ അസദിനെ 'മുസൈലിമത്തുല്‍ കദ്ദാബ്' എന്നാണ് വിശേഷിപ്പിച്ചത്. മതത്തിന്റെ പേരില്‍ കൊലയാളിയെ കെട്ടഴിച്ചുവിടുന്ന നിലപാടില്‍നിന്ന് ബൂത്വിയെ പോലെയുള്ള പണ്ഡിതന്മാര് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസദിനെ സൂചിപ്പിച്ച് ഒരു ടെലിവിഷന്‍ പരിപാടിയില്‍ സ്വാബൂനി തുറന്നടിച്ചു: ''തന്റെ ജനതയെ അടിച്ചമര്‍ത്തുകയും സ്വേഛാധിപതി ചമയുകയും ദൈവിക ദീനില്‍നിന്ന് വ്യതിചലിക്കുകയും ചെയ്യുന്ന ഭരണാധികാരി പാപിയും അധര്‍മിയുമാണ്. അയാളെ ചെറുക്കല്‍ നിര്‍ബന്ധമാണ്.'' അസദ് ഭരണകൂടത്തെ പിന്തുണക്കുകയും ഭരണകൂടത്തിനെതിരില്‍ പടപ്പുറപ്പാട് അനഭിലഷണീയവും കുറ്റകരവുമാണെന്ന് പ്രസ്താവിക്കുകയും ചെയ്ത ശൈഖ് മുഹമ്മദ് സഈദ് റമദാന് അല്‍ബൂത്വിയുടെ നിലപാടുകളെ തുറന്നെതിര്‍ക്കാന്‍ സ്വാബൂനി മുന്നിലുണ്ടായിരുന്നു.
അല്മവാരീസു ഫിശ്ശരീഅത്തില്‍ ഇസ്ലാമിയ്യ മിന് കുനൂസിസ്സുന്ന:, റവാഇഉല്‍ ബയാനി ഫീതഫ്സീറി ആയാത്തില്‍ അഹ്കാം, മൗസൂഅത്തുല് ഫിഖ്ഹിശ്ശര്‍ഇയ്യില്‍ മുയസ്സര്‍, അഖീദത്തു അഹ്ലിസ്സുന്ന: ഫീ മീസാനിശ്ശര്‍ഇ, അന്നുബുവ്വത്തു വല്‍ അന്‍ബിയാഅ്, അല്‍ ഹദ്യുന്നബവിയ്യുസ്സ്വഹീഹ് തുടങ്ങി അമ്പത്തേഴ് കൃതികള്‍ സ്വാബൂനിയുടേതായുണ്ട്.