സ്വഹാബത്തും ഏകവ്യക്തി റിപ്പോര്‍ട്ടും

എന്‍.കെ അബ്ദുല്‍ ഖാദിര്‍ മൗലവി‌‌
img

'ഏകവ്യക്തി നിവേദന'ത്തിന്റെ സ്വീകാര്യത - 2
 

നബി(സ)യുമായി നാട്ടിലും പുറത്തും നിത്യസമ്പര്‍ക്കം പുലര്‍ത്തുന്ന കാര്യത്തില്‍ ഹ. ഉമറിന്റെ നിലപാട് പ്രസിദ്ധമാണല്ലോ. ഇസ്‌ലാമില്‍ അദ്ദേഹത്തിന്റെ മഹോന്നത പദവിയും ആര്‍ക്കും അജ്ഞാതമല്ല. തന്റെ മക്കാ ജീവിതത്തില്‍ മുഹാജിറുകളുമായും മദീനാ ജീവിതത്തില്‍ മുഹാജിറുകള്‍ക്ക് പുറമെ അന്‍സാരികളുമായും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ആ മഹാത്മാവ്, വിജ്ഞാനതുറയിലും അഭിപ്രായ സുഭദ്രതയിലും കൂടിയാലോചനാ രംഗത്തും ഏവരുടെയും മുന്‍പന്തിയില്‍ സ്ഥലം പിടിച്ചിരുന്നു. ഇത്രയും മഹാനായ ഉമര്‍, ഖലീഫയായിരിക്കെ, തന്റെ മുമ്പില്‍ ഒറ്റ വ്യക്തികള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ സ്വാഗതം ചെയ്തിരുന്നു. ക്രിമിനല്‍ നടപടികളിലും, സാമ്പത്തിക ഇടപാടുകൡലും മറ്റും മറ്റും തന്റെ ഉത്തരവുകള്‍ ജനങ്ങള്‍ പ്രയോഗവല്‍ക്കരിക്കുമെന്നറിഞ്ഞുകൊണ്ടായിരുന്നു പ്രസ്തുത റിപ്പോര്‍ട്ടുകളനുസരിച്ച് അദ്ദേഹം വിധി പ്രഖ്യാപിച്ചിരുന്നത് എന്ന കാര്യം പ്രത്യേകം ഓര്‍മിക്കേണ്ടതാണ്.
കൊല്ലപ്പെട്ട ആളുടെ നഷ്ടപരിഹാരം പിതാവ് വഴിക്കുള്ള അയാളുടെ ബന്ധുക്കള്‍ക്കാണെന്നും ഭാര്യക്കതില്‍ അനന്തരാവകാശമില്ലെന്നും ഹ. ഉമര്‍ വിധി കല്‍പിച്ചു പോന്നു. ഇങ്ങനെയിരിക്കെ 'അശ്‌യമുദ്ദബാബി'യുടെ (أشيم الضبابي) ഭാര്യക്ക് തന്റെ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ നഷ്ടപരിഹാര സംഖ്യയില്‍നിന്ന് ഓഹരി നല്‍കുവാന്‍ നബി(സ) എഴുത്തുമൂലം തന്നെ അറിയിച്ച സംഭവം 'ദഹ്ഹാക്കുബ്‌നു സുഫ് യാന്‍ (ضحاك بن سفيان)  ഹ. ഉമറിനെ അറിയിച്ചു. താമസംവിനാ അദ്ദേഹം ഈ ഏകവ്യക്തിയുടെ റിപ്പോര്‍ട്ട് സ്വീകരിച്ചു.

ഗര്‍ഭസ്ഥ ശിശു വധിക്കപ്പെട്ടാല്‍ അതിന്റെ നഷ്ടപരിഹാരത്തെക്കുറിച്ച് നബി(സ)യില്‍നിന്ന് വല്ല അറിവും ലഭിച്ചവര്‍ ഉണ്ടോ എന്ന് തന്റെ സദസ്സിലുണ്ടായിരുന്നവരോട് ഹ. ഉമര്‍(റ) അന്വേഷിച്ചു. തദവസരം, നബി(സ) അതിന് പ്രതിവിധിയായി ഒരു അടിമയെ മോചിപ്പിക്കുവാന്‍ വിധി പ്രസ്താവിച്ച സംഭവം ഹംലുബ്‌നു മാലിക്ക് അദ്ദേഹത്തെ അറിയിച്ചു. ഹ. ഉമര്‍ ഈ റിപ്പോര്‍ട്ട് സ്വാഗതം ചെയ്തു.
വിശ്വസ്തരാണെന്ന് ബോധ്യമുള്ള ആളുകള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആര്‍ക്കും സ്വീകാര്യമാണ്- എന്ന് ഇത്തരം സംഭവങ്ങള്‍ വിളിച്ചോതുന്നു. ഇത് അസ്വീകാര്യമായിരുന്നുവെങ്കില്‍ ഉമര്‍(റ) നജ്ദുകാരനായ ദഹ്ഹാക്കിനോടും തിഹാമക്കാരനായ ഹംലിനോടും ഇപ്രകാരം പറയേണ്ടതായിരുന്നുു. 'നിങ്ങള്‍ ഇരുവരും നബിയെ അല്‍പകാലമെ കണ്ടിട്ടുള്ളൂ; വളരെ കുറച്ചു കാലം മാത്രമെ അദ്ദേഹവുമായി നിങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുമുള്ളൂ. അതേ സമയം ഞാനും എന്റെ കൂട്ടാളികളായ മുഹാജിറുകളും അന്‍സാരികളും നബിയുമായി സദാ സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. എന്നിരിക്കെ ഞങ്ങള്‍ക്കാര്‍ക്കും ലഭിക്കാത്ത ഈ വാര്‍ത്ത നിങ്ങള്‍ക്ക് മാത്രം ലഭിച്ചതെങ്ങനെ? സര്‍വോപരി നിങ്ങള്‍ ഒറ്റ വ്യക്തികളാണ്. തെറ്റും ശരിയും നിങ്ങള്‍ക്ക് സംഭവിക്കാം.' എന്നാല്‍ ഇത്തരം ന്യായവാദങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഹ. ഉമര്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞില്ല; മറിച്ച്, സ്വാഗതം ചെയ്യുകയാണുണ്ടായത്. അങ്ങനെ, ഭാര്യക്ക് ഭര്‍ത്താവിന്റെ നഷ്ടപരിഹാര സംഖ്യയില്‍നിന്ന് ഓഹരിയില്ലെന്നും ഗര്‍ഭസ്ഥ ശിശു ജീവനുള്ളതാണെങ്കില്‍ നൂറു ഒട്ടകം നഷ്ടപരിഹാരം നല്‍കണമെന്നും ജീവനില്ലാത്തതാണെങ്കില്‍ യാതൊന്നും കൊടുക്കേണ്ടതില്ലെന്നും ഉള്ള തന്റെ മുന്‍ അഭിപ്രായങ്ങളില്‍നിന്ന് ഈ ഏക വ്യക്തികളില്‍നിന്ന് ഈ ഏക വ്യക്തികളുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചുകൊണ്ട് ഹ. ഉമര്‍ പിന്‍വാങ്ങി.

നശിപ്പിക്കപ്പെട്ട കൈവിരലുകള്‍ക്ക് നഷ്ടപരിഹാരമായി ഒട്ടകങ്ങളെ നല്‍കുവാന്‍ ഉമര്‍ വിധി കല്‍പിച്ചിരുന്നത് നഷ്ടപ്പെട്ട വിരലിന്റെ പ്രാധാന്യമനുസരിച്ചായിരുന്നു- തള്ളവിരലിന് പതിനഞ്ച്, ചൂണ്ട് വിരലിനും നടുവിരലിനും പത്ത് വീതം, ചെറുവിരലിന് ആറ്, തൊട്ടടുത്ത വിരലിന് ഒമ്പത്. ഈ പ്രശ്‌നത്തില്‍ നബി(സ)യുടെ വിധി അറിയാതെ പോയപ്പോള്‍ സമര്‍ഥനായ ഒരു ഗവേഷകന്റെ തന്റേടം അദ്ദേഹം പ്രയോഗിച്ചതായിരുന്നു. ഉമറിന്റെ മരണാനന്തരം നബി(സ) എഴുതിയ ഒരു കത്തിന്റെ കോപ്പി ഇബ്‌നുഹസം എന്ന സ്വഹാബിയുടെ പക്കല്‍ കാണപ്പെട്ടു. പ്രസ്തുത കത്തില്‍ എല്ലാ വിരലുകള്‍ക്കും നഷ്ടപരിഹാരമായി പത്തുവീതം ഒട്ടകങ്ങളാണ് നല്‍കേണ്ടത് എന്ന് കണ്ടപ്പോള്‍ ഹ. ഉമറിന്റെ വിധി ജനങ്ങള്‍ കൈയൊഴിച്ചു. ഇതേ കത്ത് ഹ. ഉമര്‍(റ) അറിഞ്ഞിരുന്നുവെങ്കില്‍ ഗവേഷണപരമായി താന്‍ സ്വീകരിച്ച വിധി അദ്ദേഹം കൈയൊഴിയുമായിരുന്നുവെന്ന് സ്പഷ്ടം- നബി(സ)യില്‍നിന്ന് തന്റെ തീരുമാനങ്ങള്‍ക്കെതിരായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചപ്പോള്‍ പല രംഗത്തും അദ്ദേഹം ചെയ്തതുപോലെ.

സാന്ദര്‍ഭികമായി ഒരു കാര്യം ഉണര്‍ത്തട്ടെ: നബി (സ)യുടെ സഖാക്കളില്‍ ഹ. ഉമറിനെപ്പോലുള്ള സമുന്നതരായ വ്യക്തികളുടെ തീരുമാനങ്ങള്‍ തന്നെ നബി(സ)യുടെ തീരുമാനത്തിന് വിപരീതമാവുമ്പോള്‍ സഹബാത്തിന്റെ നിലപാടെന്തായിരുന്നുവെന്ന് ഇപ്പോള്‍ സ്പഷ്ടമായല്ലോ.

മേലുദ്ധരിച്ച സംഭവം വിവരിച്ച ശേഷം ഇമാം ശാഫിഈ (റ) പ്രസ്താവിക്കുന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.

നബി(സ)യില്‍നിന്ന് ലഭിക്കുന്ന ഹദീസുകളേതും സ്വയം പര്യാപ്തങ്ങളത്രെ. അതോടൊപ്പം തെളിവിന്ന് മറ്റൊന്നിന്റെ ആവശ്യം അശേഷം അവശേഷിക്കുന്നില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നബി(സ)യുടെ ഹദീസിനോട് യോജിച്ചാല്‍ അത് ഹദീസിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ഒരിക്കലും പര്യാപ്തമല്ലെന്നപോലെ. അതിനോട് വിയോജിച്ചാല്‍ അതിന്ന് ഏതെങ്കിലും തരത്തില്‍ ദൗര്‍ബല്യം സൃഷ്ടിക്കാനും യോഗ്യമല്ല. മുഴുവന്‍ ജനതക്കും വേണ്ടത് നബിയുടെ ഹദീസ് മാത്രമാണ്. നബിയുടെ ഹദീസ് അനുകരിക്കപ്പെടേണ്ടതാണ്. അത് മറ്റൊന്നിനെ അനുകരിക്കേണ്ടതല്ല. നബിയുടെ സഖാക്കളുടെ ഏതെങ്കിലും തീരുമാനങ്ങള്‍ നബിയുടെ തീരുമാനത്തിനെതിരാണെങ്കില്‍ നബിയുടെ തീരുമാനത്തിലേക്ക് മടങ്ങുകയും അതിന്ന് വിപരീതമായതെല്ലാം കൈയൊഴിയുകയും ചെയ്യേണ്ടത് മുസ്‌ലിംകളുടെ ഒഴിച്ചു കൂടാനാവാത്ത ബാധ്യതയത്രെ. വിജ്ഞാന വിശാലത കൊണ്ടും നബി(സ)യുമായി ആദ്യം മുതല്‍ക്കേയുള്ള സമ്പര്‍ക്കം കൊണ്ടും അനുഗൃഹീതനായ ഹസ്രത്ത് ഉമറിനെപ്പോലുള്ളവര്‍ക്ക് പോലും ചിലപ്പോള്‍ നബിയുടെ ഹദീസുകളില്‍ ചിലത് അറിയാതെ പോകുകയും അതേ അവസരത്തില്‍ അവരുടെ താഴെക്കിടയിലുള്ള മറ്റുചിലര്‍ അറിയുകയും ചെയ്തിരുന്നുവെന്ന വസ്തുത ഇത്തരം സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
(കിതാബു ഇഖ്തിലാഫില്‍ ഹദീസ്, ശാഫി, പേ: 479).
وفى هذا دليل على ما قلت من أن الخبر عن رسول الله يستغنى بنفسه ولا يحتاج إلى غيره ولا يزيده غيره إن وافقه قوة ولا يوهنه إن خالفه غيره وأن بالناس كلهم الحاجة إليه والخبر عنه فإنه متبوع لا تابع وأن حكم بعض أصحاب رسول الله إن كان يخالفه فعلى الناس أن يصيروا إلى الخبر عن رسول الله وأن يتركوا ما يخالفه ودليل على أنه يعزب على المتقدم الصحبة الواسع العلم الشئ يعلمه غيره
(كتاب اختلاف الحديث ص: 479 الشافعي)

ഹസ്രത്ത് ഉമര്‍(റ) ഒരവസരം ഏകവ്യക്തിയുടെ റിപ്പോര്‍ട്ട് കൊണ്ട് സംതൃപ്തനാകാതെ മറ്റാരുടെയെങ്കിലും പിന്തുണയുണ്ടോ എന്നന്വേഷിച്ചുവല്ലോ. ഈ സംഭവം ഏക വ്യക്തിയുടെ റിപ്പോര്‍ട്ട് അസ്വീകാര്യമാണെന്നല്ലേ തെളിയിക്കുന്നത്? ഇമാം ശാഫിഈ തന്നെ ഇതിന്നു മറുപടി പറയട്ടെ: ഏകവ്യക്തിയുടെ റിപ്പോര്‍ട്ട് ഹ. ഉമറിന്റെ മുമ്പില്‍ ഒരിക്കല്‍ സ്വീകാര്യവും മറ്റൊരിക്കല്‍ അസ്വീകാര്യവുമായി എന്നല്ല ഇതിന്നര്‍ഥം. മറിച്ച് സംഗതി കൂടുതല്‍ വ്യക്തമാകുവാന്‍ വേണ്ടി മാത്രം ഒരവസരം ഈ നയം അദ്ദേഹം അവലംബിച്ചു എന്നേയുള്ളൂ. ജഡ്ജി ചിലപ്പോള്‍ രണ്ട് സാക്ഷികളെ വിചാരണ ചെയ്തശേഷം വേറെ സാക്ഷികളുണ്ടോ എന്ന് വീണ്ടും ചോദിക്കാറുണ്ടല്ലോ? ഉണ്ടെങ്കില്‍ അവരുടെ സാക്ഷ്യവും കൂടി പരിഗണിക്കും. ഇല്ലെങ്കില്‍ രണ്ട് സാക്ഷികള്‍ കൊണ്ട് തന്നെ കൃതാര്‍ഥനാവുകയും ചെയ്യും. ഇതേനയം മാത്രമാണ് ഹ. ഉമറും (റ) അവലംബിച്ചത്. അല്ലെങ്കില്‍ ഹ. ഉമറി(റ)ന്റെ മുമ്പില്‍ അറിയപ്പെട്ട വ്യക്തിയായിരുന്നില്ല ആ റിപ്പോര്‍ട്ടര്‍ എന്നാണ് ഇമാം ശാഫിയുടെ രണ്ടാമത്തെ മറുപടി. നീതിബോധം, സത്യസന്ധത തുടങ്ങിയ മറ്റു ഉപാധികളെക്കുറിച്ച് അറിയപ്പെടാത്തവരുടെ റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുമ്പിലും അസ്വീകാര്യമാണല്ലോ. (അവലംബം ഇമാം ശാഫിയുടെ കിതാബ് ഇഖ്തിലാഫുല്‍ ഹദീസും റിസാലത്തും).

നബി(സ)യുടെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍ ഏക വ്യക്തിയുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചതിന് ഇനിയും ധാരാളം ഉദാഹരണങ്ങള്‍ നിരത്തിവെക്കാനുണ്ട്. സ്ഥല ദൈര്‍ഘ്യം ഭയന്ന് വിട്ടുകളയുകയാണ്. നിഷ്പക്ഷ മതികള്‍ക്ക് ഇതുതന്നെ മതിയല്ലോ.
ചുരുക്കത്തില്‍ ഏക വ്യക്തികളുടെ റിപ്പോര്‍ട്ട് സ്വീകാര്യമാണെന്ന്, സംശയാതീതമായി ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ താത്വികമായി മാത്രമല്ല പ്രായോഗികമായും അതംഗീകരിച്ചതിന് അനിഷേധ്യമായ ധാരാളം തെളിവുകളും നാം കണ്ടു. ഇതിന്നു പുറമെ നബി(സ), അദ്ദേഹത്തിന്റെ സഖാക്കള്‍, താബിഉകള്‍, താബിഉത്താബിഉകള്‍, മാത്രമല്ല; അന്നുമുതല്‍ ഇന്നുവരെയുള്ള മുഴുവന്‍ പണ്ഡിതലോകവും സ്വീകരിച്ച നയം ഏക വ്യക്തിയുടെ റിപ്പോര്‍ട്ട് സ്വാഗതം ചെയ്യലും തദനുസാരം പ്രവര്‍ത്തിക്കലുമായിരുന്നു- നിസ്തര്‍ക്കം, അന്നെന്നപോലെ ഇന്നും തഥൈവ.
മുസ്‌ലിംകളുടേതായ ഈ നേരായ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവരെ സംബന്ധിച്ച് മഹാനായ ഇമാം ശാഫിഈയുടെ വിലയിരുത്തല്‍, അല്‍പമെങ്കിലും ഈമാനുള്ള ഏവരെയും ഗൗരവപൂര്‍വം ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. ഇമാം ശാഫിഈ(റ) പറയുന്നു:
'ഈ മാര്‍ഗം ആരെങ്കിലും തിരസ്‌കരിച്ചാല്‍ അവന്‍ നമ്മുടെ മുമ്പില്‍ സ്വഹാബത്തിന്റെയും ഇന്നേവരെയുള്ള മുഴുവന്‍ പണ്ഡിത ലോകത്തിന്റെയും മാര്‍ഗങ്ങള്‍ തള്ളിക്കളയുകയും അനന്തരം അജ്ഞതയുടെയും അന്ധതയുടെയും മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തവനത്രെ. ഈ മാര്‍ഗം കൈയൊവിച്ചവരെക്കുറിച്ച് തനി 'ജാഹിലു'കള്‍ എന്ന് വിധി കല്‍പിക്കുന്നതില്‍ പണ്ഡിതലോകം മുഴുവനും ഏകോപിച്ചതായിട്ടാണ് നമ്മുടെ അനുഭവം.
فمن فارق هذا المذهب كان عندنا مفارقا سبيل أصحاب رسول الله وأهل العلم بعدهم إلى اليوم وكان من أهل الجهالة وقالوا معا: لا نرى إلا إجماع أهل العلم في البلدان على تجهيل من خالف هذا السبيل
(الام كتاب اختلاف الحديث)


റിപ്പോര്‍ട്ടും സാക്ഷ്യവും

ഇവ രണ്ടും ഒന്നല്ല; രണ്ടാണ്. എന്നാല്‍ ചിലപ്പോള്‍ രണ്ടും ഒന്നിക്കുമെങ്കില്‍ മറ്റു ചിലപ്പോള്‍ അവ പരസ്പരം വേര്‍പെടുകയും ചെയ്യും. തര്‍ക്കശാസ്ത്ര ഭാഷയില്‍ ഇവ രണ്ടിനുമിടയിലുള്ള വ്യത്യാസം (نسبة): ഒന്ന് മറ്റേതിനെക്കാള്‍ വ്യാപകവും മറ്റെത് നേരെ മറിച്ചുമാണെന്നതാണ് – (اعم واخص مطلقا) ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് 'മുസ് ലിം' (റ) തന്റെ 'സഹീഹി'ന്റെ മുഖവുരയില്‍ ഇപ്രകാരം പറയുന്നു:
والخبر وإن فارق معناه معنى الشهادة في بعض الوجوه، فقد يجتمعان في أعظم معانيهما. إذ كان خبر الفاسق غير مقبول عند أهل العلم. كما أن شهادته مردودة عند جميعهم (مقدمة صحيح مسلم ص : 61-62)

'റിപ്പോര്‍ട്ടും സാക്ഷ്യവും ചിലപ്പോള്‍ പരസ്പരം വേര്‍പ്പെടുന്നുണ്ടെങ്കിലും മിക്ക ആശയങ്ങളിലും അവ രണ്ടും യോജിക്കുന്നുണ്ട്. ദുര്‍മാര്‍ഗി(ഫാസിഖ്) യുടെ സാക്ഷ്യം തിരസ്‌കരിക്കപ്പെട്ടതാണെന്ന പോലെ അയാളുടെ റിപ്പോര്‍ട്ടും മുഴുവന്‍ പണ്ഡിതന്മാരുടെയും അടുക്കല്‍ അസ്വീകാര്യമാണ്.

മുസ്‌ലിമായിരിക്കുക, നീതിമാനായിരിക്കുക എന്നീ രണ്ടുപാധികള്‍ സാക്ഷിയിലെന്നപോലെ റിപ്പോര്‍ട്ടിലും തെളിഞ്ഞു കാണേണ്ടതാണ്. സാക്ഷിയില്‍ ഈ രണ്ട് ഉപാധികള്‍ നിര്‍ബന്ധമാണെന്ന് 'സത്യവിശ്വാസികളായ നിങ്ങളില്‍പെട്ട രണ്ട് നീതിമാന്മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുക' (وأشهدوا ذوى عدل منكم) എന്ന വി. ഖുര്‍ആനിന്റെ കല്‍പന മുഖേന തെളിഞ്ഞുവല്ലോ. അപ്രകാരം റിപ്പോര്‍ട്ടിലും ഈ രണ്ടുപാധികള്‍ അവശ്യം ആവശ്യമാണെന്ന്, സത്യനിഷേധിയുടെ റിപ്പോര്‍ട്ട് അസ്വീകാര്യമാണെന്ന് പഠിപ്പിക്കുന്ന മുമ്പുദ്ധരിച്ച ആയത്ത്  (إن جاءكم فاسق بنبأ)കൊണ്ട് സ്ഥാപിതമായിക്കഴിഞ്ഞു.
സാക്ഷിയെക്കുറിച്ച് പ്രതിപാദിച്ച വി. ഖുര്‍ആന്‍ വാക്യം, രണ്ട് സാക്ഷികള്‍ എന്ന് വ്യക്തമാക്കിയപ്പോള്‍ സാക്ഷി ഒന്ന് പോരാ എന്ന് സ്പഷ്ടമാണ്. അതേസമയം നീതിബോധമുള്ള ഒരേ ഒരു സത്യവിശ്വാസിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമാണെന്ന് മേല്‍ പ്രസ്താവിച്ച ആയത്ത് ) (إن جاءكم فاسق بنبأ) കൊണ്ട് തെളിഞ്ഞു കഴിഞ്ഞു. ആകയാല്‍ സാക്ഷികള്‍ രണ്ട് വേണം; റിപ്പോര്‍ട്ടര്‍ ഒന്ന് മതിയെന്ന് ചുരുക്കം. ഇതേ ബിന്ദുവില്‍വെച്ച് റിപ്പോര്‍ട്ടും സാക്ഷ്യവും പരസ്പരം വേര്‍പ്പെടുന്നു. രണ്ടും ഒന്നിച്ച രംഗവും നാം കണ്ടു. ഈ അനിഷേധ്യപരമാര്‍ഥം ശര്‍ഹു മുസ്‌ലിം വ്യക്തമായി പ്രസ്താവിക്കുന്നതു നോക്കൂ.....
.......... إعْلَم أنَّ الخَبَرَ وَالشَهَادَةَ يَشْتَركَانِ فى أوْصَافٍ ويفتر قَان فى أوْصَافٍ فَيَشْتَرِكَانِ فِى إشْتِراطِ الاسْلَامِ وَالعَقْلِ وَالبُلُوغِ وَالعَدالَةِ وَالمُرُوئةِ وَضَبْطِ الخَبَرِ وَالمَشْهُودِ بِهِ عِنْدَ التّحَمّل وَالاَدَاءِ وَيَفْتَرِقَانِ فِى الحُرِّيَّةِ وَالدّكُورِيَّة وَالعَدَدِ ............ فَيُقْبَلُ خَبَرُ العَبْدِ وَالمَرْأَةِ وَالوَاحِدِ .......... وَلَا تُقْبَلُ شَهَادَتَهُمْ إلاَّ فِى المَرْءَةِ فِى بَعْضِ المَوَاضِعِ مَعَ غَيْرِهَا (شرح مسلم للنووى الجزء الاول 61)

'നിവേദനവും സാക്ഷ്യവും ചില കാര്യങ്ങളില്‍ ഒന്നിക്കുകയും മറ്റു ചിലതില്‍ പരസ്പരം ഭിന്നിക്കുകയും ചെയ്യുന്നുണ്ടെന്ന വസ്തുത മനസ്സിലാക്കിയിരിക്കണം. ഇസ്‌ലാം, ബുദ്ധി, പ്രായപൂര്‍ത്തി, നീതിബോധം, പൗരുഷം, ഹദീസും സാക്ഷ്യത്തിന് വിധേയമായ സംഗതിയും ഏറ്റുവാങ്ങുമ്പോഴും കൈമാറുമ്പോഴും പാലിക്കേണ്ട വ്യവസ്ഥ എന്നീ ഉപാധികളില്‍ നിവേദനവും സാക്ഷ്യവും ഒന്നിക്കുന്നു. സ്വതന്ത്രനാവുക, പുരുഷനാകുക, ഒന്നില്‍ കൂടുതല്‍ എണ്ണമുണ്ടാവുക.... എന്നിവയില്‍ രണ്ടും ഭിന്നിക്കുകയും ചെയ്യുന്നു. അതിനാല്‍ അടിമയുടെയും സ്ത്രീയുടെയും ഏക വ്യക്തിയുടെയും.... റിപ്പോര്‍ട്ടുകള്‍ സ്വീകാര്യവും ഇവരുടെ സാക്ഷ്യങ്ങള്‍ അസ്വീകാര്യവുമാണ്. സ്ത്രീയോടൊപ്പം പുരുഷന്മാരുണ്ടാകുമ്പോള്‍ അവളുടെ സാക്ഷ്യം ചില സന്ദര്‍ഭങ്ങളില്‍ സ്വീകാര്യമത്രെ.'
റിപ്പോര്‍ട്ടും സാക്ഷ്യവും തമ്മിലുള്ള വ്യത്യാസം നാം മുമ്പ് പ്രസ്താവിച്ചത്  തന്നെയാണെന്ന് (أعم وأخص مطلقا)ഇമാം മുസ്‌ലിമിന്റെയും ഇമാം നവവിയുടെയും ഈ രണ്ട് ഉദ്ധരണികളില്‍നിന്ന് വളരെ സ്പഷ്ടമായല്ലോ. അതായത് ജന്തു(حيوان) , മനുഷ്യന്‍(إنسان)  എന്നീ രണ്ട് നാമങ്ങള്‍ തമ്മിലുള്ള വ്യത്യാസം കണക്കെ, റിപ്പോര്‍ട്ട് (رواية) വ്യാപകവും (أعم) സാക്ഷ്യം  (الشهادة)നേരെ മറിച്ചും (اخص) ആണെന്നു സാരം. 

(فكلّ شاهد راوٍ ولا عكس، كما أنّ كل إنسانٍ حيوانٌ ولا عكس)
സാക്ഷ്യത്തിന്റെ കവാടം റിപ്പോര്‍ട്ടിന്റെതിനേക്കാള്‍ ഇടുങ്ങിയതാണ്. എന്ന മുമ്പുദ്ധരിച്ച ഇമാം റാസിയുടെ വാക്യം ഈ യാഥാര്‍ഥ്യം വിളിച്ചോതുന്നു.
സാക്ഷ്യവും റിപ്പോര്‍ട്ടും തമ്മില്‍ വേറെയും വ്യത്യാസമുണ്ട്. സാക്ഷികള്‍, മിക്കപ്പോഴും കോടതിയെയും വിചാരണയെയും അഭിമുഖീകരിക്കേണ്ടിവരും- (وباب الشهادة أضيق من باب الخير)ചുരുങ്ങിയ പക്ഷം നാട്ടിലെ മധ്യസ്ഥന്മാരെയെങ്കിലും. ഇത്തരം ഘട്ടങ്ങളില്‍ തനിക്ക് പിന്തുണ നല്‍കാന്‍ മറ്റൊരുത്തന്‍ കൂടെയുണ്ടാകുന്നത് സ്വാഭാവികമായും സാക്ഷിയുടെ മനഃസ്സമാധാനത്തിന് ആവശ്യമാണ്. ചില ഗുരുതരമായ പ്രശ്‌നങ്ങളില്‍ രണ്ടാമനും മൂന്നാമനും നാലാമനും ആവശ്യമായിവരും. ഈ അവസ്ഥ റിപ്പോര്‍ട്ടര്‍ക്കില്ലെന്നത് വ്യക്തമാണ്.

മുസ്‌ലിം ലോകം ഒന്നടങ്കം അംഗീകരിച്ച പ്രാമാണികരായ പണ്ഡിതന്മാര്‍ക്ക് ഏക വ്യക്തിയുടെ റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ നാം പറഞ്ഞു കഴിഞ്ഞു. ഈ മഹാത്മാക്കളോട് താരതമ്യപ്പെടുത്തുമ്പോള്‍ സൂര്യനു മുമ്പിലെ എണ്ണവിളക്കിന്റെ സ്ഥാനം പോലുമില്ലാത്ത ചിലര്‍ ഇതിന്ന് വിരുദ്ധമായി ഇന്ന് എഴുതിക്കൂട്ടുന്ന ചപ്പുചവറുകളെ മുസ്‌ലിം ലോകം  ചവറ്റു കൊട്ടയില്‍ തള്ളുന്നുണ്ടെങ്കില്‍ അത്ഭുതപ്പെടാനൊന്നുമില്ല! ലോകം അംഗീകരിച്ച ഇമാമുകളെ പരിഹാസപൂര്‍വം 'ഖോജാക്കന്മാര്‍' എന്ന് മുദ്രകുത്തി, അവരുടെ അഭിപ്രായങ്ങളെ കേവലം 'മൗലൂദു'കളാക്കി, തങ്ങളുടെ ജല്‍പനങ്ങളെ 'ഫുര്‍ഖാനുല്‍ അളീമി'ന്റെ സ്ഥാനത്തേക്കുയര്‍ത്താന്‍ തത്രപ്പാട് കാണിക്കുന്ന ഇക്കൂട്ടര്‍ എല്ലാവരുടെയും സഹതാപമര്‍ഹിക്കുന്നു.

ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും 'ഏക വ്യക്തി റിപ്പോര്‍ട്ട്' സ്വീകാര്യമാണെന്ന് വ്യക്തമായി തെളിഞ്ഞുകഴിഞ്ഞിട്ടും ഹദീസ് വിരോധികള്‍ പഴയ പല്ലവി ആവര്‍ത്തിക്കുന്നുവെങ്കില്‍, തങ്ങളുടെ വാദത്തിന്നു തെളിവായി ഖുര്‍ആനില്‍നിന്ന് ഒരായത്തെങ്കിലും അവര്‍ ഉദ്ധരിക്കട്ടെ. വിഷയവുമായി വിദൂര ബന്ധം പോലുമില്ലാത്ത ഖുര്‍ആന്‍ വാക്യങ്ങള്‍ പൊക്കിപ്പിടിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് കൃതാര്‍ഥരാവുകയല്ല വേണ്ടത്.

ഏകവ്യക്തി റിപ്പോര്‍ട്ടുകള്‍ പ്രയോഗവല്‍ക്കരിച്ചതിന്നു വി. ഖുര്‍ആനില്‍നിന്ന് നാം ഉദ്ധരിച്ച ഉദാഹരണങ്ങള്‍ പോലെ, ഏക വ്യക്തിയുടെ റിപ്പോര്‍ട്ടായത് കൊണ്ട് മാത്രം തിരസ്‌കരിക്കപ്പെട്ടതിന്നു ഒരു ഉദാഹരണമെങ്കിലും ഖുര്‍ആനില്‍നിന്ന് അവര്‍ സമര്‍പ്പിക്കട്ടെ.

ഹദീസ് ക്രോഡീകരണത്തെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍
ഹദീസിനെ സംബന്ധിച്ച് അവിശ്വാസം ജനിപ്പിക്കുവാന്‍ വേണ്ടി അതിന്റെ ശത്രുക്കള്‍ പാമരന്മാര്‍ക്കിടയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു കള്ളപ്രചരണമാണ്, ഹദീസ് രേഖപ്പെടുത്തിയത് ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാണെന്നും അതിനാല്‍ അതില്‍ അബദ്ധങ്ങള്‍ സംഭവിക്കാനും അതിന്റെ പരമ്പരകള്‍ അറ്റുപോകാനും ധാരാളം സാധ്യതകളുണ്ടെന്നും മറ്റുമുള്ള ജല്‍പനങ്ങള്‍. എന്നാല്‍ നബിയുടെ കാലത്തുതന്നെ ഹദീസുകള്‍ രേഖപ്പെടുത്തുന്ന മഹല്‍ കൃത്യത്തിനു അവിടുത്തെ സഹാബിമാര്‍ തുടക്കം കുറിച്ചിരുന്നു വെന്നതാണ് പരമാര്‍ഥം. ഹദീസുകളുടെ പ്രത്യേക സമാഹാരങ്ങള്‍ സൂക്ഷിച്ചിരുന്ന പലരേയും നമുക്ക് സഹാബിമാരുടെ കൂട്ടത്തില്‍ കാണാം. സ്വാദിഖത്ത്  എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഹദീസ് ശേഖരം അബ്ദുല്ലാഹിബ്‌നു അംറിബ്‌നു ആസ്വിന്റെ പക്കലുണ്ടായിരുന്നു. അതിനെപ്പറ്റി അദ്ദേഹം ഇപ്രകാരം പറയാറുമുണ്ടായിരുന്നു.
'ജീവിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് രണ്ട് കാര്യങ്ങള്‍ മാത്രമാണ്. സ്വാദിഖത്തും, വഹ്ത്വും ആണവ.  (الصادقة والوهط)നബിയില്‍ നിന്നു ഞാന്‍ രേഖപ്പെടുത്തിയ ഹദീസ് ശേഖരമാണ് സ്വാദിഖത്ത്.'1 
1. جامع بيان العلم وفضله وما ينبغى فى روايته وحمله لا بن عبد البر (جاص 72)
ഹസ്രത്ത് അലിയുടെ പക്കലും ഇത്തരം ഒരു ശേഖരം ഉണ്ടായിരുന്നതായി ബുഖാരി(റ) രേഖപ്പെടുത്തുന്നു.2 (باب كتابة العلم للبخارى)
ഹസ്രത് അനസ്ബ്‌നു മാലിക്(റ) എഴുതി വെച്ചിരുന്ന ഹദീസ് ശേഖരം ജനങ്ങള്‍ സമ്മേളിക്കുമ്പോള്‍ അദ്ദേഹം എടുത്ത് കാണിക്കാറുണ്ടായിരുന്നു.3 (تقييد العلم)
ഇതുപോലെ ഹസ്രത്ത് ഇബ്‌നു അബ്ബാസും ഹദീസ് എഴുതിവെച്ചിരുന്നതായി തുര്‍മുദിയും, (كتاب العلل) ഹസ്രത് അബ്ദുല്ലാഹിബ്‌നു മസ്ഊദ് രേഖപ്പെടുത്തിയിരുന്നതായി മേലുദ്ധരിച്ച جامع بيان العلم എന്ന ഗ്രന്ഥവും, ഹ. ജാബിറുബ്‌നു അബ്ദില്ല രേഖപ്പെടുത്തിയിരുന്നതായി സ്വഹീഹ് മുസ്‌ലിമും ഉദ്ധരിക്കുന്നുണ്ട്. ഇങ്ങനെ സഹാബിമാരില്‍ ഇനിയും മറ്റു പലരെയും കാണാം.
മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ഹദീസ് ഗ്രന്ഥങ്ങളിലെ മിക്ക ഹദീസുകളും ഉപര്യുക്ത ഏടുകള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളാണ്. ആകയാല്‍ നബി(സ)യുടെയും സ്വഹാബത്തിന്റെയും കാലത്ത് തന്നെ ബഹുഭൂരിഭാഗം ഹദീസുകളും രേഖപ്പെടുത്തപ്പെട്ടിരുന്നുവെന്ന സത്യം വിസ്മരിക്കാവതല്ല. പക്ഷെ, ഇന്നത്തെപ്പോലെ ക്രമീകരണവും വ്യവസ്ഥയും ഉണ്ടായിരുന്നില്ലെന്ന് മാത്രം. സത്യം ഇതായിരുന്നിട്ടും, രണ്ടും മൂന്നും നൂറ്റാണ്ടുകളിലാണ് ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടതെന്ന തെറ്റിദ്ധാരണ ബഹുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല വിദ്യാസമ്പന്നരിലും ഗ്രന്ഥകര്‍ത്താക്കളിലുമടക്കം പ്രചരിച്ചതിന് രണ്ട് കാരണങ്ങളുണ്ട്: (1) ഒന്നാം നൂറ്റാണ്ടില്‍ ശേഖരിക്കപ്പെട്ട ഹദീസുകള്‍ പില്‍കാലത്ത് വിരചിതമായ ഹദീസ് ഗ്രന്ഥങ്ങളില്‍ ലയിച്ചതിനാല്‍ ആ ശേഖരങ്ങളുടെ പ്രസക്തി കുറയുകയും കാലക്രമേണ അവ നഷ്ടപ്പെടുകയും ചെയ്തു. തല്‍ഫലമായി ഭൂരിഭാഗം ചരിത്രകാരന്മാരും പില്‍കാലത്ത് വിരിചതമായ ഗ്രന്ഥങ്ങളെക്കുറിച്ച് മാത്രമേ പരാമര്‍ശിച്ചുള്ളൂ. (2) ഹദീസ് പണ്ഡിതന്മാര്‍ പരാമര്‍ശിക്കുന്ന ഹദീസുകളുടെ എണ്ണം ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഈ ചെറുഗ്രന്ഥങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നുവെന്നു വിഭാവനം ചെയ്യാന്‍പോലും സാധിക്കാത്ത വിധം വലുതാണ്. മൂല ഹദീസുകള്‍ക്ക് ലഭിച്ച സാക്ഷ്യങ്ങളുടെയും സഹകരണത്തിന്റെയും (المتابعة والشواهد) ആധിക്യമാണ് ഇതിന് കാരണം. ഉദാഹരണമായി إنما الاعمال بالنيات എന്ന ഹദീസ് തന്നെ എഴുന്നൂറു മാര്‍ഗങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാക്ഷ്യങ്ങളും സഹകരണങ്ങളും ആവര്‍ത്തനവും ഒഴിവാക്കി പ്രബലമായവയെ صحيح മാത്രം പരിഗണിക്കുമ്പോള്‍ ഹദീസുകളുടെ എണ്ണം കുറവായിരിക്കും.
(അവലംബം: 
(رجال الفكر والدعوة، ابو الحسن علي النّدوى

ശ്രദ്ധേയമായൊരു കാര്യം

ഇല്‍മ് (علم) എന്ന ശബ്ദത്തിന് 'ദൃഢമായ അറിവ്' എന്ന അര്‍ഥം വി. ഖുര്‍ആനില്‍ അത് പ്രയോഗിക്കപ്പെട്ട എല്ലായിടത്തും നല്‍കുന്നത് പരമാബദ്ധമാണ്.
وآخرين من دونهم لا تعلمونهم الله يعلمهم

 എന്ന ആയത്ത് ഇതിന് തെളിവാണ്. علمت الشئ بمعنى عرفته وخبرته (വസ്തുവെ ഞാന്‍ പരീക്ഷിച്ചറിഞ്ഞു) ഇതേ അര്‍ഥത്തിലാണ് മേലുദ്ധരിച്ച ആയത്തെന്ന് സുപ്രസിദ്ധ അറബി നിഘണ്ടു 'ലിസാനുല്‍ അറബ്'  (لسان العرب)രേഖപ്പെടുത്തുന്നു. പോരെങ്കില്‍ (علم)'അലിമ'  എന്ന ക്രിയ 'ളന്ന' (ظن) എന്ന അര്‍ഥത്തിലും (വിചാരിച്ചു, ധരിച്ചു, അനുമാനിച്ചു) പ്രയോഗിക്കാറുണ്ടെന്ന വസ്തുത കുട്ടികള്‍ക്കു പോലും സുപരിചിതമല്ലെ?
علمت عبد الله عاقلا എന്ന് ഈ അര്‍ഥത്തിന് ഉദാഹരണമായി 'ലിസാനുല്‍ അറബ്' ഉദ്ധരിക്കുന്നു.

علم بالشىء شعربه يقال: ما علمت بخبر قدومه أى ما شعرت
(അവന്റെ ആഗമനത്തെക്കുറിച്ച് ഞാന്‍ ബോധവാനായില്ല) എന്നിത്യാദി പ്രയോഗങ്ങളും ഭാഷയിലുണ്ടെന്ന് ഇതേ നിഘണ്ടു രേഖപ്പെടുത്തുന്നു.
فكاتبوهم إن علمتم فيهم خيرا (النور) (ആ അടിമകളെക്കുറിച്ച് നിങ്ങള്‍ നന്മ പ്രതീക്ഷിക്കുന്നുവെങ്കില്‍ അവരുമായി മോചനത്തിന്റെ കരാര്‍പത്രം എഴുതുക) ഇവിടെ 'ഇല്‍മ്' എന്ന പദത്തിന് ശക്തമായ അനുമാനം, നിഗമനം എന്നേ അര്‍ഥമുള്ളൂ. ഈ യാഥാര്‍ഥ്യം തഫ്‌സീര്‍ 'റൂഹുല്‍ മആനി' വ്യക്തമാക്കുന്നത് കാണുക:
....... ثُمَّ المُرادُ مِنَ العِلْمِ الظَّنُّ القَوِيّ وَهُوَ مَدَارُ أكْثَرِ الأَحْكَامِ الشّرعِيّةِ (تفسير روح المعانى للالوسى جزء 18 ص : 155)

'ഇവിടെعلم   എന്ന ശബ്ദം കൊണ്ട് ശക്തമായ അനുമാനം എന്നേ്രത വിവക്ഷ. ബഹുഭൂരിഭാഗം ശര്‍ഈ നിയമങ്ങള്‍ക്കും അതാണല്ലോ അവലംബം.'
ഇതാണ് സത്യമെങ്കില്‍  علمഎന്ന ശബ്ദം വി. ഖുര്‍ആനില്‍ പ്രയോഗിച്ച മുഴുവന്‍ സ്ഥലങ്ങളിലും തങ്ങളുടെ അബദ്ധ ജഡിലമായ ഏതോ വാദം സ്ഥാപിക്കുവാന്‍ വേണ്ടി 'ദൃഡമായ അറിവ്' എന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് വ്യക്തമാണല്ലോ.
ഇതുപോലെ 'ളന്ന്' طنّ എന്ന ശബ്ദത്തിന് എല്ലായിടത്തും വിചാരം, ധാരണ, അനുമാനം എന്നീ അര്‍ഥ സങ്കല്‍പങ്ങളും ശരിയല്ല. താഴെ കാണിക്കുന്ന ആയത്തുകള്‍ അതിന് തെളിവത്രെ.
1) اِنّى ظننت اَنّى ملاق حسابية  (2) وظن أنّه الفراق
3) الذين يظنون أنهم ملاقو ربهم

ഇവയില്‍ ഒന്നാമത്തെ ആയത്തിനെ 'തഫ്‌സീര്‍ ഇബ്‌നു കസീര്‍'  (تفسير ابن كثير) വ്യാഖ്യാനിക്കുന്നതിപ്രകാരമാണ്.
أي كنت موقنا فى الدنيا أن هذا اليوم كائن لا محالة كما قال تعالى الذين يظنون أنهم ملاقو ربهم

'ഈ ദിവസം (അന്ത്യനാള്‍) നിസ്സംശയം ഉണ്ടാവുമെന്ന് ദുന്‍യാവില്‍വെച്ച് തന്നെ ദൃഡമായി വിശ്വസിക്കുന്നവനായിരുന്നു ഞാന്‍. സൂറ. ബഖറയില്‍ ദൃഢമായ അറിവ് എന്ന അര്‍ഥത്തില്‍ يظنون എന്ന് പ്രയോഗിച്ചത് പോലെയാണിത്.'
(തഫ്‌സീര്‍ മുഖ്തസ്വര്‍ ഇബ്‌നു കസീര്‍. വാ: 3 പേ: 544).

രണ്ടാള്‍വീതം ഹദീസിന്റെ പരമ്പരയുടെ ഓരോ കണ്ണികളിലും ഉണ്ടായാല്‍ 'ദൃഢമായ അറിവ്' (العلم اليقينى) ലഭിക്കുമെന്ന് ആരു പറഞ്ഞു? 'ഖബര്‍ മുതവാതിറി'  (خير ممتواتر) ന്നല്ലാതെ ഈ സവിശേഷത മറ്റ് ഹദീസുകള്‍ക്കുണ്ടെന്ന് ദുന്‍യാവില്‍ ആരും പറഞ്ഞ് കേട്ടിട്ടില്ല.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top